അച്ഛനുറങ്ങുന്ന കുഴിമാടത്തോനോട് ചേർന്ന് ഒരു കുഴികൂടി എടുത്തു. അവാസാനത്തെ പൂവും വെള്ളവും നൽകി ഒരു പിടി മണ്ണിനൊപ്പം അമ്മയേ മറ്റൊരു ലോകത്തേക്ക് യാത്രയാക്കുമ്പോൾ അവൻ കരഞ്ഞില്ല… മനസ്സും ശരീരവും മറ്റേതോ ലോകത്തെന്ന പോലെ നിന്നു ദേവൻ..
അവസാനിപിടി മണ്ണിനൊപ്പം ചേർന്ന കുഴിമാടത്തിനു മുകളിൽ അവൻ തന്നെ ആയിരുന്നു പനനീർചെടി നട്ടത്. ചെമ്പനീർപൂവായി വിടർന്നമ്മ ഇനിയും സന്തോഷം പകരുന്ന ദിനങ്ങളെണ്ണിക്കൊണ്ട് !!
————————————————————-
ഓരോ ദിവസം കഴിയുംതോറും അവനിൽ വല്ലാത്ത നിസ്സംഗതയായിരുന്നു . ഒന്നിനോടും താല്പര്യമില്ലാത്ത, പുറത്തേക്ക് പോലും ഒന്നിറങ്ങാതെ ആ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി അവൻ.
ഇടയ്ക്കിടെ കൂട്ടുകാരും മെമ്പറും മോഹനനുമെല്ലാം വന്ന് പോയിക്കൊണ്ടിരുന്നു.
മോഹനേട്ടൻ ഉണ്ടാക്കികൊണ്ടുവരാറുള്ള ഭക്ഷണം അതെ പടി ഇരിക്കും.
ചങ്കിൽ നിന്ന് ഒരു വറ്റിറങ്ങാത്തപ്പോലെ..
ഇപ്പഴും എവിടെയൊക്കെയോ അമ്മയുണ്ട്. അടുക്കളയിൽ, തൊടിയിൽ, അലക്ക്കല്ലിനരികിൽ…
എവിടെയൊക്കെയോ അമ്മയുടെ സാന്നിധ്യമുള്ളത്പോലെ….
” ദേവാ… നീ ഇങ്ങനെ ആയാൽ എങ്ങനാടാ… എന്തിനും ധൈര്യത്തോടെ മുന്നിൽ നിൽക്കുന്ന നീ ഇങ്ങനെ തളർന്നാൽ….
പോയവർ പോയി.. മോഹനേട്ടന് മനസ്സിലാക്കും നിന്റ വിഷമം. പക്ഷേ, എന്നും അതോർത്തുകൊണ്ട് ഇങ്ങനെ ഇരിക്കാനാണോ ?
ജീവിതത്തിൽ ഒത്തിരി വിഷമഘട്ടങ്ങൾ ഉണ്ടാകും.. അതിനെ ഒക്കെ തരണം ചെയ്യേണ്ടത് നമ്മളല്ലേടാ… ഇനി നീ ഇങ്ങനെ കരഞ്ഞുതളർന്ന് ഇരിക്കുകയല്ല വേണ്ടത്. നിന്റ അമ്മയുടെ ആഗ്രഹം പോലെ മാറണം. നീയൊക്കെ നന്നായിക്കാണാൻ മാത്രമാണ് അമ്മ ആഗ്രഹിച്ചത്. ഇനി അതിന് വേണ്ടി പരിശ്രമിക്കുക. അതാണ് നിനക്ക് നിന്റ അമ്മയ്ക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സന്തോഷം.
നിന്റ വളർച്ച കണ്ട് ആ അമ്മ സന്തോഷിക്കുമെടാ… “
ദേവന്റെ അരികിലിരുന്ന് ഒരു ആശ്വാസമെന്നോണം അവന്റെ തോളിൽ പിടിക്കുമ്പോൾ അവൻ അയാളെ നോക്കിക്കൊണ്ട് വേദനയോടെ പുഞ്ചിരിക്കാൻ ശ്രമിച്ചു.
” പറയാൻ എളുപ്പ സഖാവേ.. പക്ഷേ….. കഴിയുന്നില്ല… ഇന്നുവരെ ന്റെ അമ്മയ്ക്ക് ഒരു സന്തോഷം കൊടുക്കാൻ കഴിഞ്ഞിട്ടില്ല… എന്നെ ഓർത്ത് കരഞ്ഞിട്ടെ ഉളളൂ പാവം. ദേഷ്യം വന്ന് പലതും വിളിച്ചുപറയുമ്പോഴും ഉള്ളിൽ കരയുകയാവും. മറ്റുള്ളവർക്ക് വേണ്ടി എന്തിനും ഏതിനും മുന്നിട്ടിറങ്ങുമ്പോൾ ന്റെ അമ്മയെ മാത്രം ഞാൻ കണ്ടില്ല.
അവഗണനയല്ലാതെ മനസ്സിലുള്ള സ്നേഹം ശരിക്കൊന്ന് പുറത്ത് കാണിച്ചിട്ടില്ല ഞാൻ.
അമ്മ ഉണ്ടാക്കിതരുന്ന കഞ്ഞിക്ക് ഇടയ്ക്കിടെ കണക്ക് പറയുമ്പോൾ ദേഷ്യത്തോടെ വലിച്ചെറിഞ്ഞിട്ടുണ്ട് പലപ്പോഴും… പക്ഷേ, അതൊക്കെ എന്തിനായിരുന്നെന്ന് ഇപ്പഴാ സഖാവേ നിക്ക് മനസ്സിലാകുന്നത്. അവസാനം ന്റെ മാറ്റം വിശ്വസിക്കാൻ കഴിയാത്ത സന്തോഷിച്ചപ്പോൾ ആ സന്തോഷം ശരിക്കൊന്ന് അനുഭവിക്കാൻ കഴിയാതെ ന്റെ അമ്മ… എങ്ങനാ സഖാവേ ഞാൻ………… “
ദേവന്റെ കണ്ണുകൾ തുളുമ്പിയൊഴുകാൻ തുടങ്ങിയപ്പോൾ മോഹനൻ ഒരു നിമിഷം നിശബ്ദനായി ഇരുന്നു.
കരയട്ടെ… വിഷമം കരഞ്ഞുതീർക്കട്ടെ…..
ഏറെ നേരം അവരങ്ങനെ ഇരുന്നു. കരഞ്ഞുതളർന്ന കൺപോളകളിൽ ഇനിയും പെയ്യാൻ മഴക്കാറുകൾ വെമ്പിനിൽക്കുംപ്പോലെ…
അവനിലെ ഓജസ്സ് മുഴുവൻ ഇല്ലാതായപ്പോലെ.
പഴയ ദേവനിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു.
എല്ലാത്തിനോടുമുള്ള വിരക്തി അവന്റെ വാക്കുകളിൽ കാണാം.
” അപ്പൊ ഞാൻ ഇനി ഇരിക്കുന്നില്ല ദേവാ. ഇന്ന് ബ്രാഞ്ച്കമ്മിറ്റി ഉള്ളതാ. പിന്നെ ഇനിയും നീ ഈ ഇരിപ്പ് ഇരിക്കാതെ ഒന്ന് പുറത്തേക്കൊക്കെ ഒന്നിറങ്ങു. ഈ ചുറ്റുപാടിൽ മാത്രം ഒതുങ്ങിയാൽ നിന്റ മനസ്സ് കൈവിട്ട് പോകും.
ഒന്ന് മാത്രം ഓർക്കുക, നിന്റ അമ്മ ആഗ്രഹിച്ചതെന്തോ അതായിരിക്കണം ഇനി നിന്റ ലക്ഷ്യം. അത് മാത്രം. “
ആത്മവിശ്വാസം പകരുംപോലെ ദേവന്റെ തോളിൽ തട്ടി പുഞ്ചിരിച്ചുകൊണ്ട് മോഹനൻ പടികടന്നുപോകുമ്പോൾ ദേവന്റെ കണ്ണുകൾ കിണറ്റിൻകരയിലെ അളക്കുകല്ലിൽ ആയിരുന്നു.
അമ്മയുടെ സന്തോഷത്തിന്റെ അവസാനം കണ്ട ആ അലക്കുക്കല്ല് .
——————————————————-
” എടി ചാരൂ… ദേവേട്ടന്റ അമ്മ മരിച്ചത് അറിഞ്ഞില്ലേ നീ..”
രാവിലെ കോളേജിലേക്ക് പോകാൻ ബസ്സ് കാത്തു നിൽക്കുമ്പോൾ രോഹിണിയുടെ ചോദ്യം അവളെ തെല്ലൊന്ന് സങ്കടപ്പെടുത്തി.
” അറിഞ്ഞടി, പക്ഷേ, ഞാൻ ഒറ്റയ്ക്ക് എങ്ങനെ അത്രടം വരെ പോകും. മാത്രമല്ല, ന്റെ മനസ്സിലുള്ള ഇഷ്ട്ടം ദേവേട്ടന് അറിയില്ലല്ലോ.
നിക്ക് ദേവേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നൊക്ക ഉണ്ടായിരുന്നു, ഒരു ആശ്വാസമാകാൻ കഴിയുമായിരുന്നെങ്കിൽ… പക്ഷേ…. “
അവളിലെ വിഷമവും അവളുടെ മനസ്സിൽ ദേവനോടുള്ള ഇഷ്ട്ടത്തിന്റെ തുടിപ്പുമെല്ലാം രോഹിണിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ പിന്നേം ആ വിഷയത്തെ കുറിച്ച് സംസാരിച്ച് അവളുടെ വിഷമം കൂട്ടേണ്ടെന്ന് കരുതി മൗനം പാലിച്ചു.
ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കി വീർപ്പുമുട്ടലോടെ നിൽക്കുന്ന രോഹിണിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ചാരു.
അവളിലെ അസ്വസ്ഥതയും മുഖഭാവവുമെല്ലാം കണ്ടപ്പോൾ ന്തോ ഒരു പന്തികേട്.
അതിന്റ കാരണമെന്താണെന്ന് അറിയാനുള്ള ഉത്കണ്ഠ ചാരുവിലും ഉണ്ടായിരുന്നു.
അവളിൽ ന്തൊക്കെയോ സംശയത്തിന്റെ വിത്തുകൾ മുളപൊട്ടിതുടങ്ങുമ്പോൾ അതിനെ ശരിവെക്കുന്നപോലെ ആയിരുന്നു അവർക്കാരിൽ ഒരു ബൈക്ക് സഡൻ ബ്രേക്ക് ഇട്ട് നിർത്തിയത്.
” ആദി !”
ചാരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ രോഹിണിയുടെ മുഖത്തൊരു ചമ്മിയ ചിരി ഉണ്ടായിരുന്നു.
” രോഹി നീ…. “
ചാരുവിന് കയ്യും കാലും വിറയ്ക്കുന്നുണ്ടായിരുന്നു.
” എടി ചാരു . നീ പേടിക്കണ്ട. ഇന്ന് ഇവന്റെ പിറന്നാൾ ആണ്.. അതിന് ഇവന്റെ വീട്ടിൽ ചെറിയ ഒരു ആഘോഷം. പിന്നെ ഇവന്റെ അമ്മയെയും അച്ഛനെയും പെങ്ങളേയുമൊക്ക കാണാലോ. നീ വൈകീട്ട് തിരികെ ഇവിടെ എത്തുമ്പോൾ ഞാനും ഇവിടെ ഉണ്ടാകും. വീട്ടിലേക്ക് നമുക്ക് ഒരുമിച്ച് പോകാം.. മോളെ, ഇതൊക്കെ നിനക്ക് മാത്രേ അറിയൂ.. ആരോടും പറയല്ലേ… “
” എടി…… ഏയ്യ്…. ഇതൊന്നും ശരിയാവൂല.. ഇതിന് ഞാൻ കൂട്ടുനിൽക്കില്ല.. നിനക്കറിയോ കുറച്ചു ദിവസം മുന്നേ നീ സ്പെഷ്യൽക്‌ളാസ്സുണ്ടെന്നും പറഞ്ഞ് ഇവന്റെ കൂടെ പോയിട്ട് നിന്റ അച്ഛന്റെ മുന്നിൽ കിടന്ന് വിയർത്തത് എനിക്കെ അറിയൂ.. പാവം ആ മനുഷ്യൻ.. നിന്നെ കുറിച്ചുള്ള കുറെ സ്വപ്‌നങ്ങൾ മാത്രാ.. നിന്നോടുള്ള സ്നേഹവും കരുതലും കണ്ടപ്പോൾ… ആ അപ്പന് നിന്നെ ന്ത് വിശ്വാസമാണെന്ന് അറിയോടി? ആ അച്ഛനെ നീയിപ്പോൾ ചതിക്കുകയാ.. വേണ്ട മോളെ… ഈ കളി ശരിയാവില്ല…. പ്രേമിക്കുന്നത് തെറ്റല്ല, പക്ഷേ, ഈ പോക്ക്…. വേണ്ട.. അപകടമാണ് രോഹി… നമ്മളു ഓരോന്നും കേൾക്കുന്നതല്ലെടി ദിനംപ്രതി. ന്നിട്ടും നീ.. എനിക്ക് വയ്യ… ഈ കാര്യത്തിന് ഞാൻ കൂട്ടുനിൽക്കില്ല… നീ അവനോട് പോകാൻ പറ. സ്നേഹം കാണിക്കേണ്ടത് കണ്ടിടത്തേക്ക് വിളിച്ചുകൊണ്ടുപോയിട്ടല്ല. നിനക്കോ അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ല. “
അവൾ വേവലാതിയോടെ മുറുക്കെ പിടിച്ച കൈ തട്ടിമാറ്റാൻ ശ്രമിക്കുകയായിരുന്നു രോഹിണി.
” എടി, എല്ലാവരെയും പോലെ ആദിയെ കാണല്ലേ നീ ! അവൻ പാവമാ… സത്യം…
അല്ലേലും നിനക്ക് കോംപ്ലക്സ് ആണ്. നിനക്ക് കിട്ടാതെ പോകുന്ന സ്നേഹം മറ്റൊരാള്ക്ക് കിട്ടുന്നത് കാണുമ്പോൾ ഉള്ള അസൂയ..
നിനക്ക് പറ്റുമെങ്കിൽ കൂടെ നിൽക്ക്. ഞാൻ എന്തായാലും പോകും. വൈകീട്ട് ഞാൻ ഇവിടെ തന്നെ ഉണ്ടാകും. അതല്ല, എന്നെ ഒറ്റികൊടുത്തു നല്ല പുള്ള ചമഞ്ഞു കയ്യിടി വാങ്ങാൻ ആണെങ്കിൽ ആയിക്കോ.. പക്ഷേ, ഒരു കാര്യം… എന്റെ അച്ഛനെങ്ങാനും നിന്റ നാവിൽ നിന്ന് ഇതറിഞ്ഞാൽ…. “
അവസാനവാക്കിന് ഒരു ഭീഷണിയുടെ ചുവയുണ്ടായിരുന്നു.
എന്ത് ചെയ്യണമെന്നോ, എങ്ങനെ രോഹിണിയെ അതിൽ നിന്നും പിന്തിരിപ്പിക്കണമെന്നോ അറിയാതെ നിൽക്കുന്ന ചാരുവിനെ രൂക്ഷമായൊന്ന് നോക്കികൊണ്ട് രോഹിണി ആധിയുടെ ബൈക്കിൽ കേറുമ്പോൾ ദയനീയമായൊന്ന് നോക്കി ചാരു.
പക്ഷേ, ആ നോട്ടത്തെ അവഗണിച്ചുകൊണ്ട് രോഹിണി ആദിയുടെ തോളിൽ തട്ടികൊണ്ട് പോകാമെന്ന് ആഗ്യം കാട്ടി.
ചാരുവിനെ മറികടന്ന് ആ ബൈക്ക് മുന്നോട്ട് പോകുമ്പോൾ അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു ന്തോ അപകടം സംഭവിക്കാൻ പോകുന്നു എന്ന്. !
———————————————————
എത്രയൊക്കെ ക്രൂരതയോടെ പെരുമാറിയിട്ടും നന്ദന്റെ ഭാഗത്തു നിന്ന് ഒരു പ്രകോപനവും ഇല്ലാത്തത് ശരണ്യയേ അത്ഭുതപ്പെടുത്തിയിരുന്നു.
അത് തന്നോടുള്ള ഇഷ്ട്ടം കൊണ്ടാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ന്തോ അംഗീകരിക്കാൻ കഴിയുന്നില്ല. ദേവന് പകരം മറ്റൊരു മുഖം മനസ്സിനോട് ചേർത്തുവെക്കാൻ കഴിയുന്നില്ല.
താല്പര്യമില്ലാത്തൊരു വിവാഹത്തിന് കഴുത്ത് നീട്ടുമ്പോൾ ഒരു വിജയിയുടെ മുഖമായിരുന്നോ നന്ദന്.. അതോ തനിക്ക് തോന്നിയതാണോ.
പ്രതികാരചിന്തയുടെ ഒരംശംപോലും നന്ദനിൽ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.
ആ നിസ്സഹായതയോട് ഇടയ്ക്കൊക്കെ ഒരു ഇഷ്ട്ടം തോന്നുന്നുണ്ടോ മനസ്സിന്. ഉണ്ട്.. പക്ഷേ,.”
ശരണ്യ റൂമിൽ വെച്ചിരിക്കുന്ന കല്യാണഫോട്ടോയിലേക്കൊന്നു നോക്കി.
അയാളുടെ മുഖത്തെ ചിരിയിൽ പ്രതികാരത്തിന്റെ ഒരു അണുവിട പോലും കാണാൻ കഴിയുന്നില്ലായിരുന്നു അവൾക്ക്.
ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും പിന്നേം എന്തിനാണ്…”
വേണ്ട, മനസ്സിന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ടു അവൾ.. കൂടുതൽ ചികയാൻ നിന്നാൽ മനസ്സ് അയാളെ ഇഷ്ടപ്പെട്ടുപോകും. പലപ്പോഴും നന്ദന്റെ ചിരിക്കു മുന്നിൽ മനസ്സ് പതറാറുണ്ട്. പക്ഷേ, ദേവേട്ടൻ…
അവൾ വേഗം എഴുനേറ്റ് മമുഖം കഴുകി അടുക്കളയിലേക്ക് നടന്നു.
അടക്കളപണിയിൽ മുഴുകി നിൽക്കുന്ന അമ്മയെ സഹായിക്കാനെന്നോണം ഓരോന്നും ചെയ്യുമ്പോൾ ഇടയ്ക്കൊന്ന് അമ്മയേ ഒളികണ്ണിട്ട് നോക്കി അവൾ.
“ന്താ അമ്മേ, നന്ദേട്ടൻ നേരത്തെ പെണ്ണ് കെട്ടാതിരുന്നത്? “
കൂളായ ചോദ്യം കേട്ട് അമ്മയൊന്നു ഞെട്ടിയെന്ന് മനസ്സിലായി ശരണ്യയ്ക്ക്.
മുഖത്തെ ചമ്മലിനോടൊപ്പം ചിരിക്കാൻ ശ്രമിക്കുമ്പോൾ കയ്യിലെ വെള്ളം സാരിത്തുമ്പിൽ തുടങ്ങിച്ചുകൊണ്ട് അമ്മ അവൾക്കരികിൽ വന്ന് നിന്നു.
” അത് പിന്നെ…. മോള്…. “
” അമ്മ പേടിക്കണ്ട.. ഞാൻ ന്ത് വിചാരിക്കുംന്ന് കരുതേം വേണ്ട. അതല്ല, ഞാൻ അറിയാൻ പറ്റാത്ത ന്തേലും ആണേൽ പറയണ്ടാട്ടോ. ഞാൻ വെറുതെ ചോദിച്ചെന്നെ ഉളളൂ.. “
അവൾ ഒന്നെറിഞ്ഞുകൊണ്ട് അമ്മയെ നോക്കുമ്പോൾ അമ്മ ആലോചനയിലെന്നോണം അവളുടെ മുടിയിലൂടെ ഒന്ന് തലോടി.
” അങ്ങനെ ഒന്നുമല്ല മോളെ… ഇക്കാലത്തു പ്രണയം എന്നത് എല്ലാവർക്കും ഉണ്ടാകുമല്ലോ.. അങ്ങനെ ഒരു പ്രണയമുണ്ടായിരുന്നു നന്ദനും. ഇവൻ ജോലിക്ക് ഇറങ്ങിയ സമയത്ത്, ആ കുട്ടി കോളേജിലോ മറ്റോ ആയിരുന്നു. ഇന്നത്തെ കാലത്തെപോലെ പിന്നാലെ നടന്നുള്ള മരംചുറ്റിപ്രേമം ഒന്നുമല്ലാട്ടോ… അവൻ അവളോട് സംസാരിക്കുമ്പോഴെല്ലാം അവൾ ഒഴിഞ്ഞുമാറും.. പക്ഷേ, അവളെ ന്തോ അവന് അത്രയ്ക്ക് ഇഷ്ട്ടായിരുന്നു.
ഒരിക്കൽ വീട്ടിലോട്ട് പെണ്ണ് ചോദിക്കാൻ വരട്ടെ എന്ന് ചോദിച്ച അവനോട് അവൾ മുഖത്തു നോക്കി പറഞ്ഞ് ” നിങ്ങളെ എനിക്കിഷ്ടമല്ല ” എന്ന്. പിന്നീട് ആ പെണ്ണിന്റ പിറകെ അവൻ പോയില്ല.. വേറൊരു പെണ്ണിനേയും പെണ്ണ് കാണാനോ മനസ്സിൽ പ്രതിഷ്ഠിക്കാനോ നിന്നിട്ടുമില്ല.
” നിനക്ക് വട്ടാണെടാ ” എന്നൊക്കെ പറഞ്ഞുനോക്കി അവനോട്. അല്ലെങ്കിൽ ഒരു പെണ്ണ് ഇഷ്ടമല്ലെന്ന് പറഞ്ഞുപോയിട്ട് പിന്നെ ഒരു പെണ്ണിനേം കാണാൻ പോകാതിരിക്കുന്നതൊക്കെ മണ്ടത്തരം അല്ലെ. അങ്ങനെ ഒരു പൊട്ടൻ.. അവന്റെ സ്നേഹം അങ്ങനാ… സ്നേഹിച്ചതിനെ വിട്ടുകളയില്ല അവൻ, ഇനി അഥവാ കൈപ്പിടിയിൽ നിന്ന് പോയാൽ ആ സ്ഥാനത്തേക്ക് മറ്റൊന്നിനെ സങ്കൽപ്പിക്കില്ല…. അങ്ങനെ ഒരു പ്രകൃതം…..
അന്നൊക്കെ അമ്മ പലപ്പോഴും ചോദിച്ചിട്ടുണ്ട്, ” ആ കുട്ടീടെ വീട് എവിടെ ആണ്, അമ്മ പോയി പെണ്ണ് ചോദിക്കാം ” എന്നൊക്കെ.. പക്ഷേ, അപ്പോഴൊക്ക അവൻ പറയും ” അവൾക്ക് താല്പര്യമില്ലെങ്കിൽ പിന്നെ ന്തിനാ അമ്മേ. അതുകൊണ്ട് അത് ആരാണെന്നോ എവിടെ ആണെന്നോ ഇനി അമ്മ പോലും അറിയണ്ട…” എന്ന്.
സത്യം… ഇതുവരെ അവൻ എന്നോട് പറഞ്ഞിട്ടില്ല ഇവന്റെ സ്നേഹത്തെ വേണ്ടെന്ന് പറഞ്ഞുപോയ ആ പെൺകുട്ടി ആരാണെന്ന്. പിന്നെ ഞാൻ ചോദിച്ചിട്ടും ഇല്ല.
പക്ഷേ, അങ്ങനെ ഒരു തീരുമാനമെടുത്തവൻ പിന്നെ മാറാൻ കാരണമെന്തെന്ന് അമ്മയ്ക്ക് പോലും അറിയില്ല… അതുകൊണ്ട് ആണല്ലോ നിന്നെ പോലൊരു മോളെ ഈ അമ്മയ്ക്ക് കിട്ടിയത്.
അമ്മ അവളുടെ കവിളിലൂടെ തലോടിക്കൊണ്ട് പുഞ്ചിരിക്കുമ്പോൾ അവൾ ആ കഥ കേട്ട് അനക്കമിറ്റിരിക്കുകയായിരുന്നു.
അമ്മയ്ക്ക് പോലും അറിയില്ലല്ലോ ആ പെണ്ണാണ് ഇപ്പോൾ മുന്നിൽ ഇരിക്കുന്നതെന്ന്. മകന്റെ ഭാര്യ അവളു തന്നെ ആണെന്ന്.
ശരിക്കും പറഞ്ഞാൽ ആ കഥ അവൾക്കൊരു ഷോക്ക് ആയിരുന്നു. നന്ദനെ കുറിച്ച് കൂടുതൽ അറിയുമ്പോൾ ഉണ്ടായ പരവേശം.
താൻ അന്ന് താല്പര്യമില്ല എന്ന് പറഞ്ഞിട്ടും വേറെ പെണ്ണിനെ പോലും ചിന്തിക്കാത്ത നന്ദൻ…. .
അവൾ അടുത്തിരുന്ന ജഗ്ഗ് അപ്പാടെ വായിലേക്ക് കമിഴ്ത്തി.
അവളുടെ പരവേശവും മുഖത്തെ വിളർച്ചയും കണ്ടപ്പോൾ പറഞ്ഞത് തെറ്റായിപ്പോയോ എന്ന ചിന്തയായിരുന്നു അമ്മയ്ക്ക്.
പക്ഷേ, അവളായിരുന്നു നന്ദൻ മനസ്സിൽ കൊണ്ടുനടന്ന ആ പഴയ പെണ്ണ് എന്ന് മാത്രം അമ്മയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.. അവൾ പറഞ്ഞതുമില്ല. !
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission