Skip to content

ദേവ നന്ദൻ – 5

deva nandhan novel

അമ്മയെ കെട്ടിപിടിച്ചു നിൽക്കുന്ന ശരണ്യ വാതിൽക്കൽ നിൽക്കുന്ന നന്ദനെ കണ്ടു പുഞ്ചിരിക്കാൻ ശ്രമിച്ചു.

  ” നന്ദാ,  സ്നേഹം നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന ഇന്ന് മുതൽ നീയും അറിയാൻ പോകുകയാണ്. നീ കരയും നന്ദാ.. നിന്നെ സ്നേഹിച്ചവർ നിന്നെ തള്ളി പറയും.

പറയിക്കും ഞാൻ.. “

 അവളുടെ ചിരി മാറ്റത്തിന്റെ ആകുമെന്ന പ്രതീക്ഷയിൽ വാതിക്കൽ നിൽക്കുന്ന നന്ദനും പുഞ്ചിരിക്കുമ്പോൾ അവന് അറിയില്ലായിരുന്നു അവളുടെ ചിരി ചതിയുടെ രസതന്ത്രം  മെനെഞ്ഞെടുത്തതാണെന്ന്.

         ***********************************

” കുറെ നേരം മുറിയിൽ ചടഞ്ഞിരുന്നു. എന്തൊക്കെയോ ആലോചിച്ചുകൂട്ടി. പലപ്പോഴും ശരണ്യ മനസ്സിലേക്ക് കേറിവരുമ്പോൾ  എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമായി.

 ” ടാ, വന്ന് കഞ്ഞി കുടിച്ചേച്ചും കിടക്ക് ” എന്ന് അമ്മ വാതിൽക്കൽ നിന്ന് പറയുമ്പോൾ ഒന്ന് മൂലികമാത്രം ചെയ്തു ദേവൻ.

    അവനെ ഒന്നുകൂടി നോക്കികൊണ്ട് അമ്മ ഉമ്മറത്തേക്ക് നടക്കുമ്പോൾ അമ്മയുടെ പോക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ടു.

” ഇതുവരെ നല്ല ഒരു ദിവസം അമ്മയ്ക്ക് വേണ്ടി കാത്തുവെച്ചിട്ടില്ല. തന്നെ ഓർത്ത് ആ മനസ്സ് എത്ര നീറുന്നുണ്ടെന്ന് നന്നായി അറിയാം… പക്ഷേ..

     തള്ളേ എന്ന് വിളിക്കുമ്പോൾ മനസ്സിൽ ഒരുപാട് സ്നേഹമാണ്..പലപ്പോഴും പുറത്ത് കാണിക്കാൻ മടിക്കുന്ന ആർക്കും മനസ്സിലാകാത്ത സ്നേഹം.  നേരം മനസ്സ് പല വഴി സഞ്ചരിച്ചു.  വീടിന്റെ സന്തോഷം കളഞ്ഞ് നാട്ടുകാരെ സന്തോഷിപ്പിക്കാൻ നടക്കുന്ന മൂഢൻ..

 ദേവൻ സ്വയം പഴിചാരികൊണ്ട് മുറിയിൽ തൂക്കിയിട്ടിരിക്കുന്ന അച്ഛന്റെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി.

  അച്ഛൻ ചിരിക്കുന്നുണ്ട്. 

 ” മോനെ,  ജീവിതം ഒരു പാമ്പുംകൊണിയും കളിയാണ്. എത്ര നന്നായി കളിച്ചാലും ഒരു പാമ്പ് നമ്മളെ കാത്തിരിപ്പുണ്ടാകും താഴേക്ക് വലിച്ചിടാൻ. ആ വലിച്ചിടലിനെ തരണം ചെയ്ത് മുന്നേറുന്നവനാണ് വിജയി. !

ജീവിതവും അങ്ങനെയാണ്. നമുക്ക് മുന്നിൽ ഒരുപാട് പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാകും. കുറുകിയ ഇടവഴികൾ ഉണ്ടാകും. അതെല്ലാം കല്ലും മുള്ളും പാമ്പും പഴുതാരയും നിറഞ്ഞതായിരിക്കും.  അവയൊക്കെ ബുദ്ധികൊണ്ടും ശക്തികൊണ്ടും തരണം ചെയ്യാൻ കഴിയണം. തോറ്റുപോകുമെന്ന് കരുതി പിന്തിരിഞ്ഞു നിൽക്കരുത്.  നേടാൻ മുന്നിൽ ഒട്ടേറെ ഉണ്ടെന്ന് ചിന്തിക്കണം. “

അച്ഛൻ പറയുംപ്പോലെ…. !

അവൻ ഒന്നുകൂടി അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി.

ആ മുഖത്ത്‌ നിറഞ്ഞ പുഞ്ചിരി ഉണ്ട്.

എന്നും ഒരു ധൈര്യമായിരുന്നു ആ വാക്കുകൾ.

ദേവൻ പതിയെ എഴുനേറ്റ് ഉമ്മറത്തേക്ക് നടക്കുമ്പോൾ ടീവീയ്ക്ക് മുന്നിൽ ഇരിക്കുകയായിരുന്നു അമ്മ.  മെല്ലെ അമ്മയ്ക്കരികിൽ ഇരുന്ന് ആ മടിയിലേക്ക് തല ചായ്ക്കുമ്പോൾ അവർ അത്ഭുതത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി.

   കുറെ കാലങ്ങൾക്ക് ശേഷമാണ് അങ്ങനെ ഒരു കാഴ്ച. 

 അവർ നിറഞ്ഞുവന്ന കണ്ണുകൾ തുടയ്ച്ചുക്കൊണ്ട് ദേവന്റെ മുടിയിലൂടെ കയ്യോടിച്ചു.

 കുറെ നാളുകൾക്ക് ശേഷം  അമ്മയുടെ സ്നേഹത്തിന്റ തലോടലിൽ ലയിച്ചു കിടക്കുമ്പോൾ അവന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.

   ” അമ്മേ….  ഞാൻ എങ്ങോട്ടേലും പോയാലോ? “

അവന്റെ ചോദ്യം കേട്ട് അവർ ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവന്റെ അവസ്ഥയെ ഉൾക്കൊളളാൻ കഴിഞ്ഞത് കൊണ്ടാകാം.  അതാണ് നല്ലതെന്നും ആ അമ്മയ്ക്കും തോന്നി.

 ” അതാണ് മോനെ നല്ലത്‌. ഇവിടെ നിന്ന് മാറി നിന്നാൽ തന്നെ ന്റെ കുട്ടീടെ പാതിവിഷമം കുറയും. ഇങ്ങനെ  നാട്ടുകാർക്ക് വേണ്ടി സംസാരിക്കും തള്ളാനുമൊക്ക നടന്നാൽ ആളുകൾ കയ്യടിക്കാൻ ഉണ്ടാകും. പക്ഷേ, നമുക്ക് നമ്മുടെ ജീവിതമാണ് നഷ്ടപ്പെടുന്നത്.

  ആളുകളെ ജയിക്കാൻ കാണിക്കുന്ന തന്റേടം ചോർന്നുപോകുന്ന ജീവിതത്തെ ചേർത്തുപിടിക്കാൻ കാണിക്കാത്തതുക്കൊണ്ടാണ്….

സാരമില്ല.. കഴിഞ്ഞതൊക്കെ കഴിഞ്ഞു.  ഇപ്പോൾ മോൻ എടുത്ത തീരുമാനം നല്ലതിനാ.. അമ്മയെ കുറിച്ചോർത്തു മോൻ വിഷമിക്കണ്ട. ഒക്കെ നല്ലതിനാണെന്ന് കരുതിയാൽ മതി “

അവർ വാത്സല്യത്തോടെ ദേവന്റെ നെറുകയിൽ ചുണ്ടുകൾ ചേർക്കുമ്പോൾ അവന്റെ നെറ്റിയെ പൊള്ളിച്ചുകൊണ്ട് രണ്ട് തുള്ളി കണ്ണുനീർ ഒഴുകി കവിളുകളേ തലോടുന്നുണ്ടായിരുന്നു.

         —————————————————–

രാത്രി കിരൺ കേറി വരുമ്പോൾ ഹാളിൽ തന്നെ ഉണ്ടായിരുന്നു അമ്മയും ശരണ്യയും. അവനെ കണ്ടതും സന്തോഷത്തോടെ രണ്ട് പേരും എഴുനെല്കുമ്പോൾ  അവന്റെ കണ്ണുകൾ ശരണ്യയുടെ മുഖത്തായിരുന്നു.  ജോലിക്ക് പോകുന്ന ദിവസം വരെ മുറിയിൽ ചടഞ്ഞുകൂടി ഇരുന്ന ഏട്ടത്തിയമ്മയുടെ മുഖത്തെ സന്തോഷവും പ്രസരിപ്പും അവൻ ആശ്ചര്യത്തോടെ നോക്കി.

      ” ആഹാ.. ഏട്ടത്തിയമ്മ ആളാകെ അങ്ങ് മാറിയല്ലോ.. ഞാൻ അന്ന് പോകുമ്പോൾ നനഞ്ഞ കോഴിയെ പോലെ ഇരുന്ന. ആളാ.. ഇപ്പോൾ എണ്ണയിലിട്ട കടുക് പോലെ ആള് ഉഷാറായല്ലോ.. അമ്മ മരുമകളെ കയ്യിലെടുത്തിട്ടുണ്ടാകും അല്ലെ !? “

അവന്റെ സന്തോഷം നിറഞ്ഞ ചോദ്യം കേട്ട് ശരണ്യയുടെ മുടിയിലൂടെ സ്നേഹത്തോടെ തലോടി അമ്മ.

” അല്ലേലും ന്റെ മോള് പാവാ.. നിങ്ങളാരും അവളെ അങ്ങനെ കളിയാക്കുകയൊന്നും വേണ്ട. ഇങ്ങനെ ഒരു മരുമോളെയാ ഞാൻ ആഗ്രഹിച്ചത്, ദൈവം ന്റെ  പ്രാർത്ഥന കേട്ടു. “

 ശരണ്യയുടെ നെറുകിലൂടെ തലോടി കവിളിൽ പിടിച്ചു കൊഞ്ചിക്കുമ്പോൾ അവൾ രണ്ട് പേരെയും നോക്കി ചിരിക്കാൻ ശ്രമിച്ചു.

  ആ ചിരിക്ക് മുന്നിൽ അവളിലെ നിഷ്ക്കളങ്കത ആകര്ഷിക്കപ്പെടുമ്പോൾ  പിന്നിൽ ഒളിഞ്ഞിരിക്കുന്ന അഗ്നിനാമ്പുകളെ മാത്രം മറ്റുള്ളവർ തിരിച്ചറിഞ്ഞില്ല.

  ” അല്ല,  ഒരാൾ ആഴ്ചയിൽ ഒരിക്കലാ വീട്ടിലേക്ക് വരുന്നത്. അപ്പൊ വന്ന കാലിലിങ്ങനെ നിർത്താതെ ഒരു ചായ ഇട്ടു തന്നൂടെ “

ശരണ്യയെ നോക്കി അവനത് പറയുമ്പോൾ അവളുടെ ഉള്ളിൽ അമർഷം നുരഞ്ഞുപൊന്തുന്നുണ്ടായിരുന്നു.

 പക്ഷേ, അത് പുറത്ത് കാണിക്കാതെ ചായ ഇടാൻ അവളായിരുന്നു ആദ്യം മുന്നിട്ട് നിന്നത്.

 ” ഇന്ന് അനിയന് ചായ ഈ ഏട്ടത്തിയമ്മയുടെ വക ” എന്നും പറഞ്ഞവൾ അടുക്കളയിലേക്ക് നടക്കുമ്പോൾ അമ്മ സന്തോഷത്തോടെ പറയുന്നുണ്ടായിരുന്നു

 ” എല്ലാം ജഗദീശ്വരന്റെ അനുഗ്രഹം. അല്ലെങ്കിൽ ഇത്രേം സ്നേഹമുള്ള ഒരു മകളെ ന്റെ മോന് കിട്ടോ.  ഇനി ഇവിടെ ഒരു കുഞ്ഞിക്കാല് കൂടി ഓടിനടക്കുന്നത് കണ്ടിട്ട് വേണം ഒന്ന് കണ്ണടയ്ക്കാൻ “

  അമ്മ പ്രാർത്ഥനപോലെ പറഞ്ഞ് കിരണിനെ നോക്കുമ്പോൾ അവൻ തമാശയെന്നോണം ചോദിക്കുന്നുണ്ടായിരുന്നു ” അപ്പൊ ന്റെ കുട്ടിയെ കാണാനൊന്നും അമ്മ നിൽക്കണില്ലേ ” എന്ന്.

” ഓഹ്… കല്യാണം കഴിക്കാൻ പ്രായമായ ഒരു ചെക്കൻ.. പോടാ.. ആദ്യം ഉള്ള ജോലിയിൽ ഒന്ന് പച്ചപിടിക്കാൻ നോക്ക് എന്നിട്ടാകാം കല്യാണം. അവന്റെ ഒരു പൂതി “

അമ്മ പതിയെ അവന്റെ കയ്യിൽ തട്ടി കളിയാക്കുമ്പോൾ ശരണ്യ കിരണിനുള്ള ചായയുമായി എത്തിയിരുന്നു.

  ഗ്ലാസ് എടുത്ത് ചുണ്ടോട് ചേർത്ത് ഒരു നിമിഷം കഴിഞ്ഞപ്പോൾ അവന്റെ മുഖം വിടർന്നു.

 ” ന്റെ ഏടത്തിയമ്മേ,  ചായ സൂപ്പർ.. കൈപ്പുണ്യം ന്നൊക്കെ പറഞ്ഞാൽ ഇതാണ്. എന്റെ ഏട്ടന്റെ ഭാഗ്യം “

അതും പറഞ്ഞവൻ ചായ ഊതിയൂതി കുടിച്ചുകൊണ്ട് റൂമിലേക്ക് നടക്കുമ്പോൾ അവൾ അമ്മയെ നോക്കി പുഞ്ചിരിച്ചു. അവരെ കയ്യിലെടുക്കാനുള്ള പുതിയ കുതന്ത്രങ്ങൾ മെനഞ്ഞുകൊണ്ട്. !

      ***********************************

  രാത്രി കഞ്ഞിയും കുടിച്ച് അമ്മയുടെ മടിയിൽ തല വെച്ച്  കിടക്കുമ്പോൾ ആണ് ദേവന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്. 

 ” ഏതാണപ്പാ ഈ സമയത്ത് ” എന്ന് കരുതി ഫോൺ എടുത്തുനോക്കുമ്പോൾ പരിചയമില്ലാത്തൊരു നമ്പർ.

   അമ്മയുടെ മടിയിൽ ആ കൈത്തലം ചേർത്ത് തലോടലേറ്റ് കിടക്കുമ്പോൾ കിട്ടുന്ന സുഖവും സന്തോഷവും പാതിയിൽ മുറിഞ്ഞ അമർഷത്തോടെ കാൾ അറ്റന്റ് ചെയ്യുമ്പോൾ അപ്പുറത്ത് മോഹനേട്ടമായിരുന്നു.

  ” ന്താ സഖാവേ ഈ രാത്രിക്ക് “

 ” ദേവാ…. നീയൊന്ന് നമ്മുടെ നിലക്കടവ് വരെ ഒന്ന് വാ. ചെറിയ പ്രശ്നമുണ്ട്. “

മോഹനേട്ടന്റെ വെപ്രാളവും പരവേശവും വാക്കുകളിൽ മനസിലാക്കാൻ കഴിഞ്ഞപ്പോൾ മറുത്തൊന്നും ചിന്തിക്കാതെ വേഗം എഴുനേറ്റ് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു.

 ” അമ്മ കിടന്നോ, ഞാനിപ്പം വരാം ” എന്നും പറഞ്ഞ് ധൃതിയിൽ അവൻ പുറത്തേക്ക് പോകുമ്പോൾ  മകന്റെ പോക്ക് കണ്ട് വേവലാതിയോടെ ഇരുട്ടിലേക്ക് നോക്കി നിന്നു അമ്മ.

      കവലയും കഴിഞ്ഞ് നിലക്കടവിലെത്തുമ്പോൾ അവിടെ ആരെയും കാണാനിലായിരുന്നു.

 ബുള്ളറ്റ് നിർത്തി ഇറങ്ങി നാലുപാടും നോക്കി ദേവൻ.  ഒരു നിഴലനക്കം പോലും കാണാൻ കഴിയാത്ത ആ ഇരുട്ടിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽകുമ്പോൾ ഫോൺ എടുത്ത് മോഹനേട്ടന്റെ നമ്പർ ഡയൽ ചെയ്തു.

 പക്ഷേ, സ്വിച്ച്ഓഫ്‌ എന്നായിരുന്നു മറുപടി.

അതുംകൂടിയായപ്പോൾ എന്തോ ഒരു അപകടം മണത്തു തുടങ്ങി ദേവന്. പെട്ടന്നായിരുന്നു ഇരുട്ടിൽ നിന്ന് രണ്ട് മൂന്നു പേർ ചെറിയ വെട്ടത്തിലേക്ക് ഇറങ്ങിവന്നത്.. കയ്യിൽ ആയുധങ്ങളുമായി നിൽക്കുന്ന അവരെ കണ്ടപ്പോൾ പണിയാൻ വന്നതാണെന്ന് ഉറപ്പിച്ചു ദേവൻ.

 പക്ഷേ, മോഹനേട്ടൻ….

അവൻ നാലുപാടും ഒന്ന് നോക്കി.

     അയാൾ ചതിക്കില്ലെന്ന് അറിയാം. ചിലപ്പോൾ അയാൾ ഇവരുടെ കയ്യിൽ പെട്ടിട്ടുണ്ടാകും.

    തന്നെ തീർക്കാൻ പാകത്തിൽ നിൽക്കുന്നവരെ   കണ്ണുകൾ കൊണ്ട് ഒന്ന് അളന്നു ദേവൻ. പിന്നെ കൈലി മടക്കിക്കുത്തി നിവർന്നു നിന്നു.

 ” ഇരുട്ടിന്റെ മറ പിടിച്ചു പണിയാൻ നിനക്കൊക്കെ തന്ത രണ്ടാണെന്ന് അറിയാം. എന്റെ ചോര കൊണ്ട് നാളെ നീയൊക്കെ ആഘോഷിക്കാമെന്ന് സ്വപ്നം കണ്ടിറങ്ങിയതാണെങ്കിൽ മക്കളെ നാളെ നിന്നെയൊക്കെ നിരത്തികിടത്തി ദർശനം വെക്കുമ്പോൾ പൂമാലയിട്ട് അന്ത്യോപചാരമർക്കാൻ ദേവനുണ്ടാനും.

   എന്റെ അമ്മയോട് ഞാൻ പറഞ്ഞിട്ട് വേഗം വരാമെന്ന്. പറഞ്ഞ സ്ഥിതിക്ക് പോയില്ലെങ്കിൽ എങ്ങനാ.. അതുകൊണ്ട് മക്കള് വന്ന പണി വേഗം തുടങ്ങിയാൽ എനിക്കെന്റെ പണി തീർത്തു വേഗം പോകാം “

  ദേവന്റെ വാക്കുകൾ കേട്ട് വന്നവർ അവന് നെരെ പാഞ്ഞടുക്കുമ്പോൾ ദേവൻ ഞൊടിയിടയിൽ ഒഴിഞ്ഞുമാറി ആദ്യം വന്നവന്റെ നെഞ്ചുംകൂട് നോക്കി കൈപ്പത്തി അമർത്തിയിരുന്നു. ഇരുട്ടിൽ ഒരു നിലവിളി മാത്രം മുഴങ്ങുമ്പോൾ നാലുപാടും ചിതറിയവർ അവന് നെരെ തലങ്ങും വിലങ്ങും വെട്ടാൻ തുടങ്ങി.

 പലരെയും  നിമിഷനേരം കൊണ്ട് നിലംതൊടീയ്ക്കുമ്പോൾ പ്രതീക്ഷിക്കാത്ത ഒരു വെട്ട് അവന്റെ വയറിൽ വരഞ്ഞുകൊണ്ട് ചീറിപാഞ്ഞു. ഒരു നിമിഷം പതറിയ ദേവന്റെ കണ്ണിലേക്കു വന്നവരിൽ ഒരുവൻ കയ്യിൽ കരുതിയ മണ്ണ് വാരിയിടുമ്പോൾ ദേവൻ ആകെ പരിഭ്രാന്തനായിരുന്നു.  കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ. മുന്നിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിയുന്നില്ല.

   നാലുപാടും കൈ വീശിയെങ്കിലും അതിൽ നിന്നും ഒഴിഞ്ഞുമാറിയവർ വാളുമായി അവന്റ അരികിലേക്ക് അടുക്കുമ്പോൾ പ്രതീക്ഷിക്കാതെ ഒരു കാർ അവർക്കരികിലേക്ക് വരുന്നുണ്ടായിരുന്നു.

  കാറിനു മുന്നിൽ മൂന്നാലുപേർ ഒരാൾക്ക് നെരെ ആയുധവുമായി അടുക്കുന്നത് കണ്ട ഡ്രൈവർ വേഗം ഹെഡ്‌ലൈറ് ഓഫ്‌ ചെയ്യാതെ വാഹനം നിർത്തി ഇറങ്ങുമ്പോൾ ദേവന് മുന്നിൽ എത്തിയിരുന്നു ഒരാൾ.

 ദേവന്റെ തല ലക്ഷ്യമാക്കി വാൾ മിന്നിപായുമ്പോൾ ഞൊടിയിടയിലായിരുന്നു കാറിൽ വന്ന ആൾ  വെട്ടാൻ ഓങ്ങിയവന്റ വാരി നോക്കി ചവിട്ടിയത്.  അവന്റെ ചവിട്ടേറ്റ് തെറിച്ചുവീണവൻ ആക്രോശിക്കുമ്പോൾ മറ്റുള്ളവർ ആ ഡ്രൈവർക്ക് നെരെ പാഞ്ഞടുത്തു.

  അവരെ എല്ലാം അടിച്ചൊതുക്കാൻ മിനുട്ടുകൾ മതിയായിരുന്നു അയാൾക്ക്. 

    അവന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ  കുറച്ചപ്പുറത്തു മാറ്റിയിട്ട വണ്ടിയിലേക്ക് വന്നവർ ഓടിക്കയറുമ്പോൾ അവരുടെ വാഹനത്തിന്റ വെട്ടത്തിൽ മരത്തിൽ കെട്ടിയിട്ട നിലയിൽ ഒരാൾ നിൽക്കുന്നത് കാറിൽ വന്ന ആൾ കണ്ടിരുന്നു.

വേഗം അയാൾക്കരികിലെത്തി വായിൽ തിരുകിയ തുണിയും കയ്യിലെ കെട്ടും അഴിച്ചു സ്വതന്ത്രനാക്കി അവർ രണ്ട് പേരും ദേവനരികിലെത്തി.

 കണ്ണിൽ വീണ മണ്ണ് തുടച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന ആളെ കണ്ണുകൾ വലിച്ച് തുറന്നു നോക്കി ദേവൻ. പിന്നെ അയാൾക്കൊപ്പം നിൽക്കുന്ന മോഹനേട്ടനെയും.

 ” ദേവാ,  ചതിച്ചതാടാ ” എന്നും പറഞ്ഞയാൾ ദേവനെ കെട്ടിപ്പിടിക്കുമ്പോൾ  ” സാരമില്ല സഖാവേ ” എന്നും പറഞ്ഞവൻ അയാളെ ചേർത്തുപിടിച്ചു.

അവരുടെ സ്നേഹപ്രകടനം കണ്ടു ചിരിയോടെ നിൽക്കുന്ന ആൾക്ക് നെരെ ദേവൻ  ” താങ്ക്സ് ” പറഞ്ഞ് കൈ നീട്ടി.

  സഖാവ് ആണല്ലേ എന്ന് ചോദിച്ചുകൊണ്ട് അയാളും കൈനീട്ടി , അത് കേട്ട ദേവനൊന്ന്  ചിരിച്ചു.

     ” ഞാൻ ദേവൻ…. “

അവൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ ആയാലുംഒന്ന് പുഞ്ചിരിച്ചു.

   ” ഞാൻ നന്ദൻ…. നന്ദകിഷോർ “

 രണ്ട് പേരും പരസ്പരം ചിരിച്ചു.  ഒരു പുതിയ തുടക്കത്തിലേക്കുള്ള സ്നഹനിലാവ് തെളിയുംപോലെ… !!

                   ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!