Skip to content

ഹൃദയസഖി – 13

  • by
hridhayasakhi

ദിവസങ്ങൾ ശരവേഗത്തിൽ ഓടിക്കൊണ്ടിരുന്നു. ചെമ്പകശ്ശേരിയിൽ ആകെ തിരക്കും ബഹളവും തന്നെ ആയിരുന്നു. മീനാക്ഷിയുടെ അമ്മ വീട്ടിൽ നിന്നു ചില ബന്ധുക്കളൊക്കെ കല്യാണം പ്രമാണിച്ചു  എത്തിയിട്ടുണ്ടായിരുന്നു. നിശ്ചയവും വിവാഹവും തമ്മിൽ രണ്ടാഴ്ചത്തെ വ്യത്യാസം മാത്രമുള്ളതിനാൽ അവരിൽ പലരും തിരികെ പോകാതെ അവിടെ തന്നെ കഴിച്ചുകൂട്ടി. കൂടാതെ നാരായണിയമ്മയുടെ സഹോദരീ സഹോദരന്മാരും അവരുടെ മക്കളും ചെറുമക്കളുമൊക്കെയായി ചിലർ ദിവസേനെ വന്നും പോയുമിരുന്നു.

വന്നിരുന്നവർക്കെല്ലാം അറിയേണ്ടിയിരുന്നത് കൃഷ്ണവേണിയെക്കുറിച്ചായിരുന്നു. മീനാക്ഷിക്ക് ഒപ്പം കൃഷ്ണയുടെയും കല്യാണം നടത്തേണ്ടിയിരുന്നോ എന്നൊരു സംസാരം അവരിലെല്ലാം ഉടലെടുത്തു. ചിലർ അത് തുറന്നു ചോദിക്കയും ചെയ്തു.  മറ്റു ചിലർക്ക് അറിയേണ്ടിയിരുന്നത് അഭിമന്യുവിനെക്കുറിച്ചു ആയിരുന്നു. അടുക്കളയിലെ കുശുകുശുക്കലിന് ഇടയിൽ ചില പ്രായമായ സ്ത്രീകൾ പറയുന്നത് കൃഷ്ണയുടെയും കാതിലെത്തി.

“എങ്കിലും ആ പെണ്ണ് എന്ത് മന്ത്രം കാണിച്ചിട്ടാ അവനെ മയക്കിയെടുത്തത്? ” ഒരു സ്ത്രീ കൂടെയുള്ളവരോട് ചോദിച്ചു

“അതല്ലേ അറിയാൻ പാടില്ലാത്തത്.. തന്തയും തള്ളയും ഇല്ലാതെ വല്ലവരുടെയും വീട്ടിൽ അടുക്കളപ്പണിക്ക് വന്നു നിന്നതാ.. എന്നാലും പിടിച്ചപ്പോ അവളു പുളിങ്കൊമ്പ് നോക്കി തന്നെ പിടിച്ചു ”  മറ്റൊരു പ്രായമായ സ്ത്രീ മൂക്കത്തു വിരൽ വെച്ചു.

“അതാടി പെണ്ണുങ്ങളുടെ മിടുക്ക്.. ഒരു വക ഇല്ലാത്തത് ആണെങ്കിലും കേറിചെല്ലാൻ പോകുന്നത് നല്ലൊരു കുടുംബത്തിലേക്കല്ലേ.. “

“അതിനു യോഗം ഉണ്ടാവും..അല്ലാതെ എന്താ ഇപ്പോ പറയുക ”  അവർ ഒരു നിശ്വാസത്തോടെ പറഞ്ഞു.

“എങ്കിലും എന്ത് കണ്ടിട്ടാ ആ പയ്യൻ ഇവളെ ഇഷ്ട്ടപ്പെട്ടതെന്നാ എനിക്ക് മനസിലാകാത്തത്.. നല്ല ജോലിയും കുടുംബവും ഉള്ളവൻ എന്തിനാണാവോ ഇത്ര ഗതി ഇല്ലാത്തതിനെയൊക്കെ തിരഞ്ഞെടുത്തത്.. ഇവിടെ കുറച്ചു പേര് അവളെ മോളെ പോലെ കാണുന്നെന്നും കരുതി അവൾ ഈ കുടുംബത്തിലെ അംഗം ഒന്നും അല്ലല്ലോ.. ” സുഭദ്രയുടെ ബന്ധുക്കളായ  സ്ത്രീകൾ  വിടാൻ തയ്യാറല്ലായിരുന്നു

ഇതെല്ലാം കേട്ടുകൊണ്ടാണ് കൃഷ്ണ അടുക്കളയിലേക്ക് എത്തിയത്.  ആളുകൾ കൂടുതൽ ഉള്ളതുകൊണ്ട് ഭക്ഷണം തയ്യാറാക്കാൻ താനും കൂടാം എന്ന് കരുതിയാണ് അവൾ അവിടേക്ക് ചെന്നത്. എന്നാൽ അവിടെ കൂടിയിരുന്ന അവരുടെ സംസാരം കേട്ടപ്പോൾ വരേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നിപ്പോയി.

“ആ വന്നല്ലോ കല്യാണപെണ്ണ്”

കൂട്ടത്തിലാരോ പറഞ്ഞു. കൃഷ്ണ പതിയെ അകത്തേക്ക് കയറി. അവരോടൊപ്പം ഇരുന്ന് പച്ചക്കറികൾ അരിഞ്ഞു കൊടുക്കാൻ തുടങ്ങി. കൃഷ്ണയെ കണ്ടതും പെൺകൂട്ടം ചർച്ച മുറുക്കി. ഇരയെ കയ്യിൽ കിട്ടിയ വേട്ടനായ്ക്കളെ പോലെ അവർ അവളെ വാക്കുകൾകൊണ്ട് ആക്രമിച്ചു.

മീനാക്ഷി യോടൊപ്പം ഇവിടെ ഉള്ളവർ മുൻകൈയ്യെടുത്ത് കൃഷ്ണ യുടെയും കല്യാണം നടത്തുന്നതിനുള്ള അനിഷ്ടം അവർ വാക്കുകൾകൊണ്ട് അവളെ അറിയിച്ചു.

തിരികെ ഒന്നും പറയാതെ അവൾ തന്റെ ജോലിയിൽ ഏർപ്പെട്ടു. കുറച്ചു സമയത്തിനു ശേഷം കാവ്യ വന്നു അവളെ മുറിയിലേക്ക് പറഞ്ഞു വിട്ടു. മുറിയിൽ എത്തിയിട്ടും അവളുടെ മനസ്സ് അടുക്കളയിൽ കേട്ട സംസാരങ്ങൾ ക്ക് പുറകെ ആയിരുന്നു.

അഭിമന്യുവിന്റെതു  വളരെ വലിയൊരു വീട് തന്നെയാണ്. തനിക്ക് കയറിച്ചെല്ലാൻ യോഗ്യത ഇല്ലാത്ത ഒരു വീട്. ഉയർന്ന ഉദ്യോഗവും സാമ്പത്തികസ്ഥിതിയും ഉള്ളവരാണ് അവിടെയുള്ളവർ. അവരുമായി ഒരിക്കലും ചേരാത്ത താൻ അവിടുത്തെ മരുമകൾആകാൻ പോകുന്നു…!

കൃഷ്ണയുടെ ഉള്ളിൽ അപകർഷതാബോധം തലപൊക്കി.

‘ പക്ഷേ തന്നെ അവിടെയുള്ളവരെല്ലാം സ്നേഹിക്കുന്നുണ്ട് മനസ്സിൽ അംഗീകരിക്കുന്നുണ്ട്.. അതൊരുപക്ഷേ സഹതാപത്തിന്  പുറത്താകുമോ?

എന്നെ അംഗീകരിക്കാൻ കഴിയാത്തവർ അവിടെയും ഉണ്ടാകില്ലേ.. അവിടേക്ക് ചെന്നു കഴിയുമ്പോഴും ആരുടെയെങ്കിലും പക്കൽ നിന്ന് കുത്തുവാക്കുകൾ കേൾക്കേണ്ടി വരില്ലേ….? ‘

ഇതുവരെയില്ലാത്ത ഒരു ഭയം അവൾക്കു തോന്നി. തനിക്ക് അർഹതയില്ലാത്തത് കൈ വരുന്നതുപോലെ. അറിയാതെ തന്നെ കൃഷ്ണയുടെ മിഴികൾ അവളുടെ കയ്യിൽ അഭിമന്യു അണിയിച്ച മോതിരത്തിലേക്ക് നീണ്ടു. മറുകൈയ്യാൽ അവള് തലോടി. ആ മോതിരത്തിന് തിളക്കം കൂടിയതുപോലെ തോന്നി.

അർഹതയുള്ളത് തന്നെയാണ് കൈ വരാൻ പോകുന്നതെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.!

*****************************************

രാത്രി വൈകിയും പഠിത്തത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു കൃഷ്ണ.  4ആം  സെമസ്റ്റർ എക്സാം എപ്പോൾ വേണമെങ്കിലും ആരംഭിക്കാൻ സാധ്യത ഉണ്ടായിരുന്നു. ഒരു മാസത്തിനു മുൻപ് നടക്കേണ്ടുന്ന പരീക്ഷയാണ്. ആദ്യവർഷ പരീക്ഷാഫലം വൈകിയത് കൊണ്ട് തന്നെ അടുത്ത സെമസ്റ്റർ എക്സാം വൈകി.

ഇനി കല്യാണം കഴിയുന്നതുവരെ താൻ തിരക്കിലായിരിക്കും എന്നും അതുവരെ പഠിത്തം കാര്യമായി നടക്കില്ലെന് അറിയാവുന്നതുകൊണ്ട് ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ വേഗം പഠിച്ചു തീർക്കാമെന്ന് അവൾ കരുതി. ഗാഢമായി പഠിത്തത്തിൽ ആഴ്ന്നിറങ്ങിയപ്പോഴാണ് ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ടത്.

ഹരിയേട്ടൻ സ്ഥിരമായി രാത്രി ഗുഡ് നൈറ്റ്‌ മെസ്സേജ് അയക്കാറുള്ളത് കൊണ്ട് അവനാണെന്നു കരുതി അവൾ പെട്ടന്ന് ഫോൺ എടുത്തു നോക്കിയില്ല.

അല്പനേരം കഴിഞ്ഞു ബുക്സ് എല്ലാം മടക്കിവെച്ചു ഫോൺ നോക്കിയപ്പോൾഹരിയേട്ടന്റെ പതിവ് മെസ്സേജ്  ഉണ്ട്.  അതിനു താഴെയായി പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും ഒരു മെസ്സേജ്.  അവളത് തുറന്നു നോക്കി.

“ഗുഡ് നൈറ്റ്‌ ഹാവ് ആ നൈസ് സ്ലീപ്‌  ബൈ : അഭിമന്യു “

കൃഷ്ണയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. അവൾ ആവർത്തിച്ചു ആ വരികൾ വീണ്ടും വായിച്ചു നോക്കി.

“ഗുഡ് നൈറ്റ്‌ “

അവൾ തിരികെ മറുപടി നൽകിയ ശേഷം അവന്റെ നമ്പർ സേവ് ചെയ്തു.  അഭിയുടെ  മെസ്സേജ്  വീണ്ടും വരുമെന്ന് കരുതിയെങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല.  കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം കൃഷ്ണ ഉറക്കത്തിലേക്ക് വഴുതി വീണു.

*********************

ഒരാഴ്ച വേഗം തന്നെ കടന്ന് പോയി. കല്യാണത്തിന് ഇനി ഒരാഴ്ച കൂടി മാത്രം.  കൃത്യമായി പറഞ്ഞാൽ 7 ദിവസങ്ങൾ.  8ആം ദിനം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന യാഥാർഥ്യം കൃഷ്ണയുടെ ഉള്ളിൽ എന്തെന്ന് നിർവചിക്കാൻ ആകാത്ത ഒരു തരം അവസ്ഥ സൃഷ്ടിച്ചു.

കഴിഞ്ഞ ഒരാഴ്ച കൊണ്ട് അവൾ അഭിയുമായി അല്പം അടുത്തിരുന്നു. എല്ലാ ദിവസങ്ങളിലും അഭി കൃഷ്ണയെ വിളിക്കാറുണ്ടായിരുന്നു.  എന്നാൽ എന്തെങ്കിലുമൊക്കെ പറഞ്ഞു അവൾ പെട്ടന്ന് തന്നെ സംഭാഷണം അവസാനിപ്പിക്കയും ചെയ്യും. അവനോട് സംസാരിക്കാൻ  ഭയം ആണോ മടി ആണോയെന്ന് അറിയില്ല.  പെട്ടന്നൊരു വെപ്രാളം തന്നിൽ ഉടലെടുക്കുന്നത്  അവൾ അറിയുന്നുണ്ടായിരുന്നു.

ഉച്ചകഴിഞ്ഞ നേരത്ത് ചെറിയ ഒരു മയക്കത്തിലായിരുന്നു കൃഷ്ണ. ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അവൾ എഴുന്നേറ്റത്. നോക്കിയപ്പോൾ ഹരിയാണ്.

ഈ നേരത്ത് പതിവില്ലാത്തതാണ് ഇങ്ങനെ ഒരു വിളി. എടുക്കണോ വേണ്ടയോ എന്ന് സംശയിച്ചു നിന്നതും കോൾ കട്ടായി. അവൾ തിരികെ വിളിച്ചതും ആദ്യ  റിങ്ങിൽ തന്നെ അവൻ അറ്റൻഡ് ചെയ്തു.

“ഹലോ ” ഹരിയുടെ ശബ്ദത്തിൽ നേരിയ വ്യത്യാസം ഉണ്ടായിരുന്നു

“എന്താ ഹരിയേട്ടാ വിളിച്ചത്”  അവൾ ചോദിച്ചു

” നീ യൂണിവേഴ്സിറ്റി സൈറ്റ് നോക്കിയിരുന്നോ”

” ഇല്ല…. എന്തേ”

“ഫോർത്ത് സെമസ്റ്റർ എക്സാം ഡേറ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്”

” അതെയോ ഞാനറിഞ്ഞില്ല.. എന്നാ തുടങ്ങുന്നത്? “

അവൾ ആശ്ചര്യപ്പെട്ടു.

“അടുത്ത ആഴ്ചയോടെ തുടങ്ങും. നീ ഒന്ന് ചെക്ക് ചെയ്യ്. ഞാൻ ഹോസ്പിറ്റലിലാ. വിവരമറിഞ്ഞപ്പോൾ വിളിച്ചതാ.” അവൻ പറഞ്ഞു

“മം..  ശരി.”

അവൾ കോൾ കട്ട് ചെയ്തു പെട്ടെന്ന് തന്നെ ലാപ്ടോപ് ഓൺ ചെയ്തു. യൂണിവേഴ്സിറ്റി സൈറ്റിൽ  ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് എക്സാം നോട്ടിഫിക്കേഷനിൽ  അവളുടെ കണ്ണുകൾ പതിഞ്ഞു.

‘ ഹരിയേട്ടൻ പറഞ്ഞത് ശരിയാണ്. എക്സാം ഡേറ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്.

പതിമൂന്നാം തീയതി ആരംഭിക്കും.’ കൈവിരലുകൾ കടിച്ചുകൊണ്ട് അവൾ അൽപനേരം ലാപ്ടോപ്പിന്റെ  സ്ക്രീനിലേക്ക് നോക്കിയിരുന്നു.

‘പതിനഞ്ചാം തീയതിയാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിന് പിറ്റേന്നും അതിനടുത്തുള്ള ദിവസങ്ങളിലായി ബാക്കിയുള്ള പരീക്ഷകളും നടത്തപ്പെടും.

എപ്പോൾ വേണമെങ്കിലും പരീക്ഷാ തീയതി വരും എന്ന് അറിയാമെങ്കിലും ഇത്ര പെട്ടെന്ന്.. അതും വിവാഹത്തിന്റെ അടുത്തടുത്ത ദിവസങ്ങളിൽ വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല.’

‘ഇനിയിപ്പോ എന്താ ചെയ്യുക. ഈ തിരക്കിനിടയിൽ പഠിത്തത്തെക്കുറിച്ച് ആലോചിക്കാനേ പറ്റില്ല. മാത്രവുമല്ല കല്യാണത്തലേ ദിവസങ്ങൾ ആയതുകൊണ്ടുതന്നെ പരീക്ഷ എഴുതിക്കാൻ കൊണ്ടുപോയി തിരികെ കൊണ്ടുവരാൻ ആർക്കും സമയം  ഉണ്ടാകുകയുമില്ല.’

കഴിഞ്ഞ തവണ പരീക്ഷയ്ക്ക് കൊണ്ടുപോകാനും തിരികെ എത്തിക്കാനും ഹരിയേട്ടൻ കൂടെയുണ്ടായിരുന്നു എന്ന് അവൾ ഓർത്തു. ഇത്തവണ അക്കാര്യം ആലോചിക്കുക കൂടി വേണ്ട. എന്ത് ചെയ്യും എന്നറിയാതെ അവൾ ആശങ്കയിലായി.

വൈകിട്ട് അമ്പലത്തിൽ പോയി തിരികെ വരുന്ന വഴിയിൽ  അവൾ കാര്യങ്ങൾ ദേവികയുമായി സംസാരിച്ചു. ദേവിക അത് രവീന്ദ്രനേയും സതീശനെയും അറിയിച്ചു. അവർ അത്താഴ സമയത്ത് അക്കാര്യം പൊതുവിൽ ചർച്ച ചെയ്തു.

കല്യാണത്തിനു ഒരു ദിവസം മുൻപ്  ആയതുകൊണ്ടുതന്നെ പരീക്ഷക്കായി കൊണ്ടുപോയി തിരികെ എത്തിക്കുക എന്നത് അവർക്കും കഴിയുന്ന കാര്യമല്ലെന്ന് കൃഷ്ണക്ക് മനസ്സിലായിരുന്നു. അവൾ തനിയെ പൊയ്ക്കോളാം എന്ന് തീരുമാനിച്ചെങ്കിലും ഒറ്റയ്ക്ക് അത്രയും ദൂരം വിടാൻ ആരും  ഒരുക്കമായിരുന്നില്ല

“ഇനിയിപ്പോ പഠിച്ചിട്ട് എന്തിനാ.. കല്യാണം കഴിഞ്ഞ് പോവുകയല്ലേ.. ഒരു പരീക്ഷയെഴുതിയില്ല എന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല”

ശോഭയാണ് പറഞ്ഞത്. മറ്റുള്ളവരും അതിന് അനുകൂലിക്കുന്നത് പോലെ മിണ്ടാതിരുന്നു.

സതീശന്റെ തറപ്പിച്ചു ഉള്ള നോട്ടത്തിൽ അവർ വായ അടക്കി.

“ഒരു പരീക്ഷ അല്ലേ മോളേ.. അത് സാരമില്ല ഒരുവർഷം കൂടി ഉണ്ടല്ലോ കോഴ്സ് തീരാൻ.. നമുക്കെതു  അടുത്ത തവണ എഴുതിയെടുക്കാം. “രവീന്ദ്രൻ പറഞ്ഞു

മറുത്തൊന്നും പറയാതെ അവൾ തലയാട്ടി.

‘ശരിയാണ് ഇംപ്രൂവ്മെന്റ് എക്സാമിനു  കൊടുത്താൽ അടുത്ത തവണ എഴുതി എടുക്കാവുന്നത് ഉള്ളൂ. അതിനായി ഇനി ആരെയും ബുദ്ധിമുട്ടിക്കേണ്ട. “അവൾ ചിന്തിച്ചു. ആ സംഭാഷണം അന്നവിടെ അവസാനിച്ചു.

രാത്രിയിൽ അഭിമന്യുവിന്റെ പതിവ് ഗുഡ്നൈറ്റ് മെസ്സേജ് വന്നു. അവൻ വിളിക്കും എന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. സാധാരണ വിളിക്കുമ്പോൾ എല്ലാം എന്തെങ്കിലും ഒഴിവ് കഴിവ് പറഞ്ഞ് എത്രയും പെട്ടെന്ന് കട്ടാക്കുകയാണ് തന്റെ പതിവ്. തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്ന് കരുതി ആകും അവൻ വിളിക്കാത്തത് എന്ന് കൃഷ്ണ ധരിച്ചു.

“my exams starts on monday “

ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി അവൾ അഭിയ്ക്ക് ഒരു മെസ്സേജ് അയച്ചു.

” 13th ??  ”  വളരെ പെട്ടന്ന് അഭിയുടെ മറുപടി വന്നു

“Yes..13 ” അവൾ തിരികെ അറിയിച്ചു.

അവൻ വീണ്ടും എന്തെങ്കിലും ചോദിക്കുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം

കുറെ നേരത്തിനു ശേഷവും മറുപടിയൊന്നും വരാതായപ്പോൾ അവൾ കണ്ണുകളടച്ചു  ഉറക്കത്തിലേക്ക് കടന്നു.

പിറ്റേന്ന് ഒരു ശനിയാഴ്ചയായിരുന്നു. വിവാഹത്തിന് വെറും മൂന്ന് ദിനങ്ങൾ മാത്രം ബാക്കി. പതിവില്ലാതെ അന്ന് ഹരി ചെമ്പകശ്ശേരിയിലെത്തി. വിവാഹ നിശ്ചയത്തിന് ശേഷം അവൻ അവിടേക്ക് വന്നിട്ടുണ്ടായിരുന്നില്ല. എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് വന്നതാവും എന്ന് കരുതി കൃഷ്ണ ശ്രദ്ധിക്കാനും പോയില്ല. മീനാക്ഷി വന്ന് പറഞ്ഞപ്പോഴാണ് അവൾ ചായയുമായി ഹരിക്ക് അരികിലേക്ക് ചെന്നത്.

” ഹോൾടിക്കറ്റ് വാങ്ങാൻ പോകുന്നില്ലേ.” കൃഷ്ണയെ കണ്ടതും അവൻ ചോദിച്ചു.

“വാങ്ങി.” അവൾ മറുപടി നൽകി.

” എപ്പോൾ വാങ്ങി. “അവൻ ആശ്ചര്യത്തോടെ ചോദിച്ചു

“അവൾ രാവിലെ സതീശന്റെ  കൂടെ കോളേജിൽ പോയി വാങ്ങി. “

നാരായണി  അമ്മയാണ് മറുപടി പറഞ്ഞത്.

ഹരി ഒന്ന് മൂളിയത് ഉള്ളൂ.

” ഹോൾടിക്കറ്റ് വാങ്ങാൻ നിന്നെ കൊണ്ടുപോകാൻ വന്നതാ ഞാൻ. എന്തായാലും വാങ്ങിയല്ലോ.. ഇനിയിപ്പോ തിങ്കളാഴ്ച എക്സാമിന് കൊണ്ടുപോകാൻ ഞാൻ വരാം”.ഹരി പറഞ്ഞു

പെട്ടെന്ന് അമ്മമ്മയുടെ മുഖം ചുളിയുന്നത് ഹരി ശ്രദ്ധിച്ചു.

“ഞാൻ പോകുന്നില്ല ഹരിയേട്ടാ..” കൃഷ്ണ പറഞ്ഞു

” പോകുന്നില്ലേ .. അതെന്താ”

” കല്യാണ തിരക്ക് ആയതുകൊണ്ട് ഞാനൊന്നും പഠിച്ചിട്ടില്ല.. “കൃഷ്ണ പറഞ്ഞു

“പഠിക്കാൻ ഇനിയും സമയമുണ്ടല്ലോ. ഞാൻ രാവിലെ ഇങ്ങു വരാം നീ റെഡിയായി നിന്നാൽ മതി. “അവൻ പറഞ്ഞു

” അതുവേണ്ട ഹരി.. ഒന്നാമതേ നിങ്ങളുടെ കല്യാണം ഉറച്ചിരിക്കുകയാണ്.. ആ സമയത്ത് ഒരു യാത്ര വേണ്ട. അത് ശരിയാവില്ല. ” നാരായണിയമ്മ പറഞ്ഞു

“അതിന് ഒരുപാട് ദൂരം ഒന്നുമില്ലല്ലോ.. അരമണിക്കൂർ യാത്ര. ഒന്നുമില്ലെങ്കിലും പരീക്ഷ എഴുതാൻ വേണ്ടിയല്ലേ.” ഹരി തർക്കിച്ചു

” പറയുന്നത് കേൾക്കു മോനെ.. നിന്നെയും മീനാക്ഷിയുടെ യും കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. ഈ സമയത്ത് നീ കൃഷ്ണവേണി യുമായി യാത്ര ചെയ്യുന്നത് ശരിയായ കാര്യമല്ല. അല്ലെങ്കിൽ അഭിമന്യുവിന്റെ അനുവാദത്തോടുകൂടി ആയിരിക്കണം അത്.”

“അഭിമന്യുവിന്റെ അനുവാദമോ. “ഹരിയുടെ മുഖം ചുമന്നു.

” അതെ. വിവാഹം കഴിഞ്ഞിട്ടില്ല എങ്കിലും കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവന്റെ ഭാര്യ ആകാൻ പോകുന്ന പെണ്ണാണ് കൃഷ്ണ. അതുകൊണ്ട് നിന്നോടൊപ്പം എന്നല്ല മറ്റേത് പുരുഷന്റെ കൂടെയും പോകുന്നതിനു മുൻപ് അവന്റെ അനുവാദം കൂടി വേണം.”

“അമ്മമ്മ എന്തൊക്കെയാ പറയുന്നത്..” ഹരിയുടെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു.

” ഈ കാര്യത്തിൽ ഇനി ഒരു തർക്കം വേണ്ട. അവൾ പരീക്ഷ എഴുതാൻ പോകുന്നില്ല.” അവർ പറഞ്ഞു

” അങ്ങനെ തീർത്തു പറയാതെ അമ്മേ.”

അവർക്കിടയിലേക്ക് കടന്നു വന്ന രവീന്ദ്രൻ പറഞ്ഞു.

” കൃഷ്ണ മോൾ പരീക്ഷ എഴുതും. “

” എങ്ങനെ.?? “

” അഭിമന്യു ഇന്നലെ രാത്രി തന്നെ എന്നെ വിളിച്ചിരുന്നു. കൃഷ്ണ തൽക്കാലം പരീക്ഷ എഴുതുന്നില്ല എന്ന കാര്യം ഞാൻ അറിയിച്ചു. അപ്പോൾ അവനാണ് പറഞ്ഞത് പരീക്ഷയ്ക്കായി മോളെയും കൂട്ടി അവൻ പോയി വരാം എന്ന്. മറ്റൊന്നും ആലോചിക്കേണ്ട കാര്യമില്ലല്ലോ ഞാൻ സമ്മതവും അറിയിച്ചു. “അയാൾ പറഞ്ഞു

“എന്നാലും കല്യാണസമയത്ത് യാത്ര ചെയ്യുന്നത് അത്ര നല്ലതല്ല “നാരായണി അമ്മ ഓർമ്മിപ്പിച്ചു.

“ഒരു കുഴപ്പവും ഇല്ലമ്മേ.. അധികം ദൂരം ഒന്നും ഇല്ലല്ലോ. മാത്രവുമല്ല., അഭിയുടെ കൂടെയല്ലേ അവൾ പോകുന്നത്. ഒരു കുഴപ്പവും കൂടാതെ അവൻ തിരികെ എത്തിക്കും.”

“എങ്കിൽ പിന്നെ അങ്ങനെ ആയിക്കോട്ടെ..” അവർ  പറഞ്ഞു.

” ഹരിയേട്ടൻ ചായ കുടിക്ക് ” മീനാക്ഷിഹരിയുടെ അരികിലേക്ക് എത്തി  പറഞ്ഞു.

” വേണ്ട ഞാൻ കുടിച്ചിട്ടാ  വന്നത്. “

അവൻ ചായകപ്പ് നീക്കിവെച്ചു.

കുറച്ച് തിരക്കുകൾ ഉണ്ടെന്നു പറഞ്ഞു അവൻ തിരികെ പോയി. ഹരി ഏട്ടനോട് ഒപ്പം പോകേണ്ട എന്ന് പറഞ്ഞത് ഇഷ്ടമായില്ല എന്ന് കൃഷ്ണയ്ക്ക് മനസ്സിലായി.അല്ലെങ്കിലും ഹരിയേട്ടൻ വരുമെന്ന് താനും കരുതിയത് അല്ലല്ലോ.

‘ പക്ഷേ പരീക്ഷയ്ക്ക് കൂട്ടികൊണ്ടുപോകാം എന്നുള്ളത് അഭിമന്യു തന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നത് കൃഷ്ണ ഓർത്തു.’

ശനിയും ഞായറും തിരക്കിട്ട് പഠിത്തത്തിൽ ആയിരുന്നു കൃഷ്ണ. എഴുതാൻ സാധിക്കില്ല എന്ന് കരുതിയ പരീക്ഷയാണ്. പക്ഷേ ഒരു അവസരം കൈവന്നിരിക്കുന്നു. ഒരു നിമിഷം പോലും വെറുതെ കളയാതെ അവൾ പഠിച്ചു കൊണ്ടിരുന്നു. തിങ്കളാഴ്ച  രാവിലെ തന്നെ അവൾ തയ്യാറായി നിന്നു.  ചെമ്പകശ്ശേരി യിലെ സ്ത്രീരത്നങ്ങൾ പലരും അവളെ അത്ഭുത ജീവിയെ പോലെ നോക്കി. 

കൃഷ്ണ അതൊന്നും ശ്രദ്ധിക്കാതെ പഠിച്ചു കൊണ്ടിരുന്നു.  കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഗേറ്റിനടുത്ത് ഒരു ബുള്ളറ്റ് വന്നുനിന്നു. തലയുയർത്തി നോക്കാതെ തന്നെ അത് അഭിമന്യു ആയിരിക്കുമെന്ന് അവൾക്ക് തോന്നി.

കൃഷ്ണയുടെ തോന്നൽ തെറ്റിയില്ല. ബൈക്കിൽ ഇരുന്നു അഭി അവളെ നോക്കി. മറ്റുള്ളവരോട്  യാത്ര പറഞ്ഞു  അവൾ  മെല്ലെ അഭിയ്ക്ക് അരികിലേക്ക് നടന്നെത്തി.

അവൾ അടുത്തെത്തിയതും അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി.  അവന്റെ  മുഖത്തു ഗൗരവം നിറഞ്ഞു നിന്നിരുന്നു. നിശ്ചയത്തിന് കണ്ടപ്പോഴുള്ള ഭാവം ആയിരുന്നില്ല അപ്പോൾ. കൃഷ്ണ അവനെ നോക്കി നിന്നു.

“കയറാൻ ഇനി പ്രത്യേകിച്ച് പറയണോ ” അവൻ ചോദിച്ചു. വേണ്ടന്ന് ചുമൽ കൂച്ചി അവൾ പിൻസീറ്റിലേക്ക് കയറി.

“വല്ലതും കഴിച്ചോ രാവിലെ ” ബൈക്ക് ഓടിക്കുന്നതിനിടയിൽ അവൻ ചോദിച്ചു.

കൃഷ്ണ ഒന്ന് മൂളി.

പിന്നീട് യാത്രയിലുടനീളം ഒന്നും തന്നെ സംസാരിച്ചില്ല. പരീക്ഷയ്ക്ക് ഏകദേശം മുക്കാൽ മണിക്കൂർ മുൻപ്  അവർ കോളേജിന് അടുത്തു എത്തി.  അകത്തേക്ക് കയറാതെ  അവൻ ബൈക്ക് അടുത്തുള്ള ഹോട്ടലിനു മുന്നിലായി നിർത്തി.

അവൾ ബൈക്കിൽ നിന്ന് ഇറങ്ങി. പിന്നാലെ അഭിയും.

“വാ  എന്തെങ്കിലും കഴിക്കാം ” അവൻ അകത്തേക്ക് നടന്നു.

“എനിക്കൊന്നും വേണ്ട.. ” അവൾ മെല്ലെ പറഞ്ഞു.

“എനിക്ക് വേണം.. വിശക്കുന്നു ” അവൻ ഒരു ടേബിളിനു അടുത്തേക്ക് ഇരുന്നു.  കൃഷ്ണയും എതിർവശത്തായി ഇരുന്നു.

അഭി ദോശയും കറിയും രണ്ടു പ്ലേറ്റ് വീതം ഓർഡർ ചെയ്തു.

“ഞാൻ… കഴിച്ചിരുന്നു.. ” അവൾ  പറഞ്ഞു

“അത് കള്ളം ആണെന്ന് മനസിലായി” അവൾ പറഞ്ഞു തീരുന്നതിനു മുൻപ് അഭി പറഞ്ഞു. കൃഷ്ണ കണ്ണുകൾ മിഴിച്ചു അവനെ നോക്കി.   അവൻ മെല്ലെ ചിരിച്ചു.

“ഒന്നും കഴിക്കാതെ എക്സാം എഴുതേണ്ട.. 3 മണിക്കൂർ ഇരിക്കാൻ ഉള്ളതല്ലേ.. കഴിക്ക് “

ഒരു പ്ലേറ്റ് അവൾക്ക് അരികിലേക്ക് നീക്കി വെച്ചുകൊണ്ട് അവൻ പറഞ്ഞു.

രാവിലെ കണ്ട ഗൗരവഭാവം എല്ലാം മാറിയത് പോലെ. അവളും തിരികെയൊന്ന് പുഞ്ചിരിച്ചു ഭക്ഷണം കഴിച്ചു.

അതിനു ശേഷം അവർ കോളേജിന് അകത്തേക്ക് കയറി.  ഓരോരുത്തരുടെയും ഹാൾ ടിക്കറ്റ് നമ്പറും ക്ലാസ്സ്‌ റൂമും നോട്ടീസ് ബോർഡിൽ എഴുതിയിട്ടുണ്ടായിരുന്നു. നോട്ടീസ് ബോർഡിന് ചുറ്റും കുട്ടികൾ തിരക്ക് കൂട്ടികൊണ്ട് നിന്നു.  ഇവർക്കിടയിലേക്ക് എങ്ങനെ കയറി ഹാൾ കണ്ടെത്തും എന്ന് ആലോചിച്ചു നിന്നതും കൃഷ്ണയുടെ കയ്യിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അഭി നോട്ടീസ് ബോർഡിൽ പോയി നോക്കി.

“തേർഡ് ഫ്ലോറിൽ ആണ് ഹാൾ. ” അവൻ തിരികെയെത്തി പറഞ്ഞു.

അവൻ മുകളിലേക്ക് സ്റ്റെപ് കയറി നടന്നു.  പിന്നാലെ കൃഷ്ണയും.  ഓരോ ക്ലാസ്സിന്റെ മുകളിലും ഉള്ള നമ്പർ നോക്കി അവൻ ഹാൾ കണ്ടെത്തി.  ഏറ്റവും പിറകിലായുള്ള ബെഞ്ചിൽ ആയിരുന്നു അവളുടെ ഇരിപ്പിടം.  കൃഷ്ണ അവിടേക്ക് പോയിരുന്നു. അവൾ ഹാൾ ടിക്കറ്റും പേനയും കാൽക്കുലേറ്ററുമെല്ലാം എടുത്ത് വെച്ച് തിരികെ നോക്കിയപ്പോൾ അഭിയെ കാണാൻ ഇല്ല. താഴേക്ക് പോയിക്കാണുമെന്ന് കരുതി. കഴിഞ്ഞ എക്സമിനു തനിക്ക് എല്ലാ കാര്യങ്ങളും ഇത്പോലെ ചെയ്തു തന്നത് ഹരിയേട്ടൻ ആയിരുന്നു എന്നവൾ ഓർത്തു.

കൃഷ്ണ  തന്റെ സീറ്റിലിരുന്നു. അടുത്തുള്ള കുട്ടികളെയെല്ലാം പരിചയപ്പെട്ടു.

ഇത്തിരി നേരം കഴിഞ്ഞതും  അഭിമന്യു കയ്യിൽ ഒരു കുപ്പി വെള്ളവുമായി വന്നു. 

ഇതു വാങ്ങാൻ വേണ്ടിയാണല്ലേ നേരത്തെ പോയത്.  അവൾ മനസ്സിൽ ചിന്തിച്ചു.

“ഞാൻ പുറത്തുണ്ടാകും. കണ്ടില്ലെങ്കിൽ കോൾ ചെയ്താൽ മതി ” അവൻ പറഞ്ഞു

കൃഷ്ണ തലയാട്ടി.

“നന്നായി എഴുത്.. all the best ” അവൻ കൈ കൊടുത്തുകൊണ്ട് പറഞ്ഞു. 

“താങ്ക്സ് ” അവൾ മെല്ലെ പറഞ്ഞു

കുപ്പി അവൾക്കരികിലായ് വെച്ചു അഭി പുറത്തേക്ക് പോയി.

——————————————

പരീക്ഷ കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ ഒരു തണൽ മരത്തിനു അടുത്തായി  അഭി നിൽക്കുന്നുണ്ടായിരുന്നു.  കൃഷ്ണയെ കണ്ടതും അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. അവൾ പിൻസീറ്റിലേക്ക് കയറി ഇരുന്നു.

കഴിക്കാൻ എന്തെങ്കിലും വേണമോ എന്ന് ചോദിച്ചെങ്കിലും വേണ്ടാന്ന് കൃഷ്ണ പറഞ്ഞു

രാവിലത്തേതിന് വിപരീതമായി അഭി അവളോട് ഓരോന്ന് സംസാരിക്കയും അവൾ മറുപടി നൽകുകയും ചെയ്തു. തന്റെ ഉള്ളിൽ അഭിയോടുള്ള ഭയം കുറഞ്ഞു വരുന്നത് കൃഷ്ണ അറിയുന്നുണ്ടായിരുന്നു.

അവൾ തന്നെ ഇഷ്ട്ടപെട്ടു തുടങ്ങുന്നു എന്ന് അഭിയും മനസിലാക്കി. കഴിഞ്ഞു പോയ വർഷങ്ങൾ അവനു ഓർമ വന്നു. കൃഷ്ണയുടെ മുന്നിൽ വരാതെ മറഞ്ഞു നിന്ന് അവളെ സ്നേഹിച്ചത്.. അവൾ പോകുന്നിടത്തെല്ലാം അവളറിയാതെ പിന്തുടർന്നത്.. അവൾക്കു ചുറ്റും ഒരു അദൃശ്യ സംരക്ഷണ കവചം തീർത്തത്…

പലപ്പോഴും തന്റെ സ്നേഹം തിരിച്ചറിയാതെ പോയ കൃഷ്ണയ്ക്ക് വേണ്ടി നിറഞ്ഞ കണ്ണുകൾ ആദ്യമായി സന്തോഷത്താൽ നിറയുന്നത് അഭിമന്യു അറിഞ്ഞു.

ഉച്ചയ്ക്ക് തന്നെ അഭി കൃഷ്ണയെ തിരികെ കൊണ്ടുചെന്നാക്കി. ഗേറ്റിനു അടുത്തായി ബൈക്ക് നിർത്തി അവൾ ഇറങ്ങി.

അഭിയോട് യാത്ര പറഞ്ഞു അകത്തേയ്ക്ക് കയറിയതും കണ്ടത് ഹരിയെ ആണ്.

കൃഷ്ണ ഒന്ന് പുഞ്ചിരിച്ചു. 

എന്നാൽ ഹരിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു. അഭിമന്യുവിനോട് ഒപ്പം പോയത് ഹരിയേട്ടന് ഇഷ്ടം ആയിട്ടില്ലന്നു അവൾക് തോന്നി.

“ഹരിയേട്ടാ ” അവൾ വിളിച്ചു.

ഹരി മിണ്ടിയില്ല .  അവൾ അവന്റെ  മുൻപിലേക്ക് നീങ്ങി നിന്നു.

“നിനക്ക് എന്നെ വേണ്ടാതെ ആയോ കൃഷ്ണേ ”  അവൻ എടുത്തടിച്ച പോലെ ചോദിച്ചു.  കൃഷ്ണ ഞെട്ടലോടെ അവനെ നോക്കി.

ഒരു കുഞ്ഞിനെപ്പോലെ പരിഭവം നിറഞ്ഞ കണ്ണുകളോടെ ഹരി നിൽക്കുന്നത് അവൾ കണ്ടു.

(തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Hridhayasaki written by Tina Tnz

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!