Skip to content

ഹൃദയസഖി – 24

  • by
hridhayasakhi

“ഹണിമൂൺ ട്രിപ്പ്‌ എന്ന് പറഞ്ഞിട്ട് ഇതൊരു തീർത്ഥാടന യാത്ര ആകുമെന്ന് തോന്നുന്നല്ലോ അഭീ “

വൈകിട്ട് ചായ കുടിക്കുന്നതിനിടയിൽ അർജുൻ ചോദിച്ചു.പ്രതാപനും ജാനകിയും അവർക്കരികിലായി ഉണ്ടായിരുന്നു.

” എനിക്കും അങ്ങനെയാ തോന്നുന്നത് ” അരിരുദ്ധും അവരുടെ  സംഭാഷണത്തിൽ പങ്കുചേർന്നു.

” കേദാർനാഥിലേക്കാണ് യാത്രയെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ കൂടി വരാമായിരുന്നു.  പ്രതാപൻ അഭിപ്രായപ്പെട്ടു.

“അതെയതെ.. പുണ്യഭൂമി അല്ലേ അത്. ഒരിക്കലെങ്കിലും അവിടെ പോകാൻ കഴിയുന്നത് തന്നെ സുകൃതം”. ജാനകി പ്രതാപനോടായി പറഞ്ഞു.

” എങ്കിൽ നമുക്ക് എല്ലാവർക്കും കൂടി പോകാം.അങ്ങനെ പ്ലാൻ ചെയ്യട്ടെ? .” ചായ കുടിച്ചു കൊണ്ട് അഭി  ചോദിച്ചു .

“അതുവേണ്ട മോനെ .. തീരുമാനിച്ച സ്ഥിതിക്ക് നിങ്ങൾ തന്നെ പോയാൽ മതി. പിന്നെ മറ്റേ കുട്ടികൾ ഉണ്ടല്ലോ നിങ്ങളുടെ കൂടെ .. നിങ്ങൾ നാലുപേരും പോയിട്ട് വാ.” പ്രതാപൻ പറഞ്ഞു.

“നിങ്ങൾ എങ്ങനെയാ പോകുന്നത് ബൈ ട്രെയിൻ   ഓർ  ഫ്ലൈറ്റ്? ”  അർജുൻ അന്വേഷിച്ചു

“ഡെറാഡൂൺ വരെ ഫ്ലൈറ്റിൽ. അവിടെനിന്ന് ഋഷികേശ്. അവിടേക്ക് ബസോ  ടാക്സിയോ കിട്ടും. അത് കഴിഞ്ഞ് നേരെ ഗൗരികുണ്ഡ്‌ . അങ്ങനെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. “

“കേരളത്തിൽ നിന്നു പോകുമ്പോൾ ഡൽഹിയിൽ ചെന്ന് പോകുന്നതാണ് കൂടുതൽ സൗകര്യം ” ഏട്ടന്മാർ രണ്ടു പേരും ഒരുമിച്ചു പറഞ്ഞു.

” ഞാനും അക്കാര്യം ആലോചിച്ചു. ഫ്ലൈറ്റിന്റെ ടൈം നോക്കി അത് ഡിസൈഡ് ചെയ്യാം “

“ഗൗരീകുണ്ഡിൽ നിന്ന് ഒരുപാട് ഉണ്ടോ കേദാർനാഥിലേക്കു ” പ്രതാപൻ ചോദിച്ചു.

“മം.. അവിടെ നിന്നു അല്പം കഠിന യാത്രയാണെന്നാ പറഞ്ഞു കേട്ടിട്ടുള്ളത്. “

നോ ഐഡിയ.. ചെന്ന് അറിയാം ” അഭി പറഞ്ഞു.

” എന്തായാലും പോയി വാ..മനസ്സിനൊരു ഉണർവ് ഉണ്ടാകട്ടെ ”  പ്രതാപനും ജാനകിയും ഒരുപോലെ പറഞ്ഞു.

അഭിയും അത് തന്നെയാണ് ആഗ്രഹിച്ചത്.  കൃഷ്ണയുടെ മനസൊന്നു ഫ്രഷ് ആകണം. കേദാർനാഥ് എന്ന പേര് കേട്ടപ്പോൾ അവളുടെ കണ്ണിലുണ്ടായ തെളിച്ചം നേരിട്ട് കണ്ടറിഞ്ഞതാണ്. ഒരു നിമിഷം കൊണ്ട് അവൾ ഒരുപാട് കൊതിച്ചത് പോലെ.  ദൂരക്കൂടുതലും യാത്ര ബുദ്ധിമുട്ടും ഒക്കെ ഉണ്ടെന്നു അറിഞ്ഞിട്ടും അതിനു എതിർപ്പ് പറയാഞ്ഞത് അവൾ സന്തോഷമായി ഇരിക്കണം എന്ന് കരുതിയത് കൊണ്ടാണ്.  ഹരിയേയും മീനാക്ഷിയെയും കൂടെ ക്ഷണിച്ചതും ആ സന്തോഷം ഇരട്ടിയാക്കാൻ വേണ്ടിയാണ്.

രാത്രി ബാൽക്കണിയിൽ നിൽക്കുകയായിരുന്നു  കൃഷ്ണ. ഒരുപാട് ആഗ്രഹിച്ച സ്ഥലത്തേക്ക് യാത്ര ആവുകയാണ്.  ഒരു കാലത്ത് കുറെ ആഗ്രഹിച്ചിട്ടുണ്ട് കേദാർനാഥിൽ പോകാൻ.  ഹരിയേട്ടൻ പറഞ്ഞു കേട്ട അറിവേ ഉള്ളു അതേക്കുറിച്ചു.  എങ്ങനെയാണെന്നോ എവിടെയാണെന്നു പോലും നന്നായി അറിയില്ല. ഹരിയേട്ടൻ പറഞ്ഞതനുസരിച്ച് മനസ്സിൽ ഓരോ  സങ്കല്പങ്ങൾ നെയ്തു കൂട്ടിയിട്ടുണ്ട് കേദാർനാഥിനെപ്പറ്റി. താൻ മനസ്സിൽ സങ്കൽപ്പിച്ചതിനുമപ്പുറം ആയിരിക്കുമോ അവിടെയുള്ള കാഴ്ചകൾ… കാഴ്ചകൾക്കപ്പുറം ആയി ഒരു പുണ്യ സ്ഥലം ആയാണ് ഇതിനെ കാണേണ്ടത്.  പറഞ്ഞു കേട്ടപ്പോൾ ജീവിതത്തിലൊരിക്കലെങ്കിലും അവിടെ പോകണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എന്നെങ്കിലുമൊരിക്കൽ അവിടെ കൊണ്ടുപോകാമെന്ന ഹരിയേട്ടന്റെ  വാക്കുകൾ ഒരു തമാശയായി കണ്ട്  ലാഘവത്തോടെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരിക്കലും നടക്കില്ലെന്ന് മനസ്സിൽ ഒരു ബോധ്യമുള്ളതുകൊണ്ട് ആയിരിക്കണം. അല്ലെങ്കിൽ തന്നെ ഒരു സ്വപ്നം കാണാൻപോലും ഭയപ്പെട്ടിരുന്ന പെൺകുട്ടി എങ്ങനെ മനസ്സിൽ കൊണ്ടു നടക്കും ഇത്തരം ആഗ്രഹങ്ങളോക്കെ. അവൾ സ്വയം പരിഹസിച്ചു.

കാലം കഴിയവേ അവയെല്ലാം മനസ്സിൽ നിന്ന് മാറിപ്പോയി. മനസ്സിന്റെ ഒരു കോണിലേക്ക് വലിച്ചെറിഞ്ഞ ആഗ്രഹങ്ങളുടെയും ഇഷ്ടങ്ങളുടെയും  കൂട്ടത്തിൽ കേദാർനാഥ് യാത്രയും പൊടിപിടിച്ചു കിടപ്പുണ്ടായിരുന്നു..

എന്നാൽ വർഷങ്ങൾക്കു മുൻപ് ഒരു വെറും വാക്കായി താൻ കരുതിയ കാര്യം ഹരിയേട്ടൻ  മറന്നിട്ടില്ല..  ഇന്ന് അഭിയേട്ടനോട് എന്നെയും കൂടി അവിടേക്ക് പോകാൻ പറഞ്ഞതും പഴയ കാര്യം  മനസ്സിൽ  ഉള്ളതുകൊണ്ടല്ലേ.. മനസു സന്തോഷം കൊണ്ട് നിറഞ്ഞു. അതോടൊപ്പം കണ്ണുകളും.

പിന്നിലൂടെ രണ്ട് കൈകൾ അവളുടെ വയറിനു ചുറ്റും പിടിച്ചപ്പോഴാണ്  ചിന്തകൾക്ക് വിരാമമിട്ടത്.

“അഭിയേട്ടൻ.. “

പെട്ടെന്ന് കണ്ണുകൾ തുടച്ച് മുഖത്തൊരു പുഞ്ചിരി വരുത്തി. അവന്റെ കൈകൾക്ക് മീതെ കൃഷ്ണ കൈകൾ  എടുത്തു വെച്ചു. കുറച്ചുനിമിഷങ്ങൾ ഇരുവരും അങ്ങനെതന്നെ നിന്നു. തണുത്ത കാറ്റ് മെല്ലെ അവരെ തഴുകി കടന്നുപോയി.

“അഭിയേട്ടന് ഒരു കാര്യം അറിയോ.. “

“എന്താ “

” പണ്ടുമുതലേ ഹരിയേട്ടൻ പറയുമായിരുന്നു കേദാർനാഥിൽ  പോകണം എന്നൊക്കെ… തറവാട്ടിൽ എല്ലാവരോടും പറയാറുണ്ടെങ്കിലും എന്നോടും  മീനു ചേച്ചിയോടും  പ്രത്യേകം പറയുമായിരുന്നു.. അത്രയ്ക്ക് ഇഷ്ടം ഉള്ള സ്ഥലമാ  അത്.. ഹരിയേട്ടൻ മിക്കപ്പോഴും പറഞ്ഞു കേട്ടു ഞങ്ങൾക്കും ആ സ്ഥലത്തോടൊരു പ്രത്യേക ഇഷ്ടമായി. എന്നെ എന്നെങ്കിലും  ഒരിക്കൽ കൊണ്ടുപോകാം എന്നൊക്കെ വാക്ക് പറഞ്ഞിട്ടുള്ളതായിരുന്നു .. “കൃഷ്ണ ചിരിച്ചു..

“അറിയാം.”

“എങ്ങനെ അറിയാം..” കൃഷ്ണ തിരിഞ്ഞ് അവനു  അഭിമുഖമായി നിന്നു.

” നിനക്ക് പോകാൻ ഇഷ്ടമുള്ള സ്ഥലം ആണെന്ന് അറിയാം.. അതുകൊണ്ടാണ്  ഞാൻ അവരെക്കൂടി ക്ഷണിച്ചത്. ” കൃഷ്ണയുടെ കണ്ണുകൾ വിടർന്നു.

” നീ കുഴിച്ചുമൂടാൻ ശ്രമിച്ച ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ എന്റെ കണ്മുന്നിൽ ഉണ്ടെന്നത് മറക്കേണ്ട  “അഭി ചെറു ചിരിയോടെ അവളുടെ കവിളിൽ തലോടി.

“ഹരിയും ഒരുപാട് ആഗ്രഹിച്ച യാത്രയാണ് ഇതെന്ന് നീ പറയാതെ തന്നെ എനിക്കറിയാം അതുകൊണ്ടാണ് അവർ ഈ സജ്ജെഷൻ വെച്ചതും മറ്റൊന്നും ഓർക്കാതെ ഞാൻ യെസ് പറഞ്ഞത്. മാത്രവുമല്ല അവർ  രണ്ടുപേരും കൂടി ഉണ്ടായാൽ  വളരെ നന്നാകും എന്ന്  തോന്നുന്നു..” അഭി അവളെ  ചേർത്ത് പിടിച്ചു.

“എന്റെ എല്ലാ ഇഷ്ടങ്ങളും നടത്തി  തരുമോ” നിലാവിനെയും നക്ഷത്രങ്ങളെയും നോക്കികൊണ്ട് അവൾ  മെല്ലെ ചോദിച്ചു

” എന്നെകൊണ്ട് കഴിയുന്നിടത്തോളം ” അഭി  അവളുടെ കൈകളെ കോർത്തു പിടിച്ചു.

ശീതക്കാറ്റ് വീണ്ടും വന്നു അവരെ  പൊതിഞ്ഞു. ഇരുവരും നിലാവിന്റെ സൗന്ദര്യം ആസ്വദിച്ചു ആ നിൽപ്പ് തുടർന്നു. വീണ്ടും തണുപ്പേറിയ ഒരു രാത്രി കൂടി കടന്നു പോയി.  ചൂട് പകർന്നു അഭിമന്യു അവൾക്കരികിൽ തന്നെ ഉണ്ടായിരുന്നു.

ഒരാഴ്ച  കൂടി കഴിഞ്ഞാണ് യാത്ര തീരുമാനിച്ചിരുന്നത്. അത്യാവശ്യം ചില ഷോപ്പിംഗുകൾക്കും മറ്റുമായി  അഭിയും കൃഷ്ണയും ഒരു ദിവസം കണ്ടെത്തി.

” എവിടേക്കാ അഭീ ” താഴേക്ക് റെഡി ആയി ഇറങ്ങി വന്നതും പ്രതാപൻ ചോദിച്ചു.  തൊട്ടരികിലായി അമ്മയും ഏട്ടത്തിമാരും ഉണ്ടായിരുന്നു.

“കുറച്ചു ഷോപ്പിംഗ് ഉണ്ട് അച്ഛാ. ” അവൻ മറുപടി പറഞ്ഞു പുറത്തേക്കിറങ്ങി.

ജാനകിയും അവരോടൊപ്പം പുറത്തേക്ക് വന്നു.

കാർ എടുക്കാൻ തുടങ്ങിയതും അഭിമന്യുവിനൊരു കോൾ വന്നു.  കൃഷ്ണ ജാനകിയുടെ അടുത്തായി നിൽക്കുകയായിരുന്നു. അവൻ അല്പം ദൂരേക്ക് മാറി നിന്നു സംസാരിച്ചു.

കുറച്ചു സമയത്തിന് ശേഷം അവൻ തിരികെ അവർക്കരികിലേക്ക് എത്തി.

“ഹരിയാണ്  വിളിച്ചത്.. മീനാക്ഷിയുടെ അച്ഛനു പെട്ടന്ന് സുഖമില്ലാതെയായി.”

“അച്ഛന് എന്താ പറ്റിയത് ” കൃഷ്ണ  പേടിയോടെ ചോദിച്ചു

“നതിങ് സീരിയസ്.. പുലർച്ചെ ഒരു നെഞ്ച് വേദന വന്നു അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ബിപി അല്പം കൂടിയതിന്റെയാ. പേടിക്കാനൊന്നുമില്ലന്നാ ഹരി പറഞ്ഞത് “

“ഇപ്പോ ഹോസ്പിറ്റലിൽ ആണോ അഭീ ” ജാനകി ചോദിച്ചു. 

” അല്ല. ചെമ്പകശ്ശേരിയിൽ ഉണ്ട് “

“ദേ.. ഒന്നിങ്ങോട്ട് വന്നേ.. ” ജാനകി വാതിൽക്കൽ നിന്ന് പ്രതാപനെ വിളിച്ചു.  അയാളോടൊപ്പം സ്വപ്നയും വീണയും  പുറത്തേക്ക് വന്നു. അഭി കാര്യങ്ങളൊക്കെ എല്ലാവരെയും ധരിപ്പിച്ചു.

“ഞങ്ങൾ അവിടെ വരെയൊന്ന് പോയി വരാം ”  അഭി കൃഷ്ണയെയും കൂട്ടി അവിടേയ്ക്ക്  തിരിച്ചു.

അച്ഛന്  പെട്ടന്നൊരു വയ്യായ്ക വന്നതിൽ കൃഷ്ണ  അസ്വസ്ഥയായിരുന്നു. അങ്ങനെ പറയത്തക്ക രോഗങ്ങളോ മറ്റോ ഉള്ള ആളല്ല രവീന്ദ്രൻ.  സതീശനും അതേപോലെ തന്നെ. ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളാണ് ഇരുവരും. ചെമ്പകശ്ശേരിയിൽ എല്ലാവരും അക്കാര്യത്തിൽ ഒരേപോലെയാണ്.പ്രായം എൺപത്തിനോടടുക്കുന്ന അച്ഛമ്മ പോലും ഇത്രയും ആരോഗ്യവതിയായി ചുറുചുറുക്കോടെ നടക്കുന്നതിന്റെ രഹസ്യം ചിട്ടയായ ജീവിതരീതികളും നാടൻ ഭക്ഷണവുമൊക്കെ തന്നെയാണ്.  അത്കൊണ്ട് തന്നെ പെട്ടന്നൊരു അസുഖം വന്നതിന്റെ കാരണമെന്തെന്ന് അവൾ തലപുകഞ്ഞു ചിന്തിച്ചു.

” നമ്മൾ എത്രയൊക്കെ കെയർ ചെയ്താലും ഒരു സ്റ്റേജിൽ രോഗം നമ്മളെ കടന്നു പിടിക്കും. ” അവളുടെ  മനസിലെ സംശയം ചോദിച്ചതും  അഭിമന്യു മറുപടി നൽകി.

കൃഷ്ണ തല ചരിച്ചു അവനെ നോക്കി. 

” ഡോണ്ട് വറി.. ഇത് ബി പി യിൽ വന്ന ഒരു വേരിയേഷൻ മാത്രമാണെന്ന ഹരി പറഞ്ഞത്..ഇപ്പൊ പേടിക്കത്തക്ക ഒന്നുമില്ല. അവളുടെ ആശങ്ക നിറഞ്ഞ മുഖം ശ്രദ്ധിച്ചുകൊണ്ട് അവൻ കൂട്ടിച്ചേർത്തു.

അവർ എത്തുമ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു.   ജോലി സ്ഥലത്ത് നിന്നും യദുവും കാവ്യയും രാവിലെ തന്നെ എത്തി.

ഹരിയും മീനാക്ഷിയും തലേന്ന് തന്നെ ചെമ്പകശ്ശേരിയിൽ ഉണ്ടായിരുന്നു.രാധാകൃഷ്ണനും പാർവ്വതിയുമുൾപ്പെടെ എല്ലാവരും എത്തിച്ചേർന്നിരുന്നു. 

അകത്തെ മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്നു രവീന്ദ്രൻ.  കൃഷ്ണ അഭിയോടൊപ്പം കയറി അയാളെ കണ്ടു.  തൊട്ടടുത്തായി മീനാക്ഷി ഉണ്ടായിരുന്നു.  പഴയതു പോലെ തന്നെ വളരെ പ്രസന്നതയും ഉന്മേഷവും അയാളുടെ മുഖത്തു തെളിഞ്ഞു നിന്നു. യാതൊരു വിധ ക്ഷീണമൊ തളർച്ചയോ ഒന്നും ഉണ്ടായിരുന്നില്ല.

“അച്ഛന് ഒരു കുഴപ്പവുമില്ല മോളെ ” അവളുടെ നിറഞ്ഞു നിന്ന മിഴികളെ നോക്കി രവീന്ദ്രൻ പറഞ്ഞു.

” നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു അല്ലെ ” ഹരിയോടായി അഭി ചോദിച്ചു.

” ഉണ്ടായിരുന്നു.. ബട്ട്‌ പേടിക്കാനൊന്നുമില്ല.  ചെറിയൊരു തലകറക്കം ഉണ്ടായി കൂടെ നെഞ്ച് വേദനയും.  ബിപി കുറച്ചു ഹൈ ആയിരുന്നു. ടാബ്ലറ്റ് കൊടുത്ത ഉടനെ നോർമൽ ആകുകയും ചെയ്തു. ” ഹരി പറഞ്ഞു

അൽപനേരം ഇരുവരും രവീന്ദ്രനോട് സംസാരിച്ചിരുന്നു.

അതിനു ശേഷം  നാരായണീയമ്മയെ കാണാനായി അഭിമന്യുവും കൃഷ്ണയും മുകളിലെ മുറിയിലേക്ക് ചെന്നിരുന്നു. കൂടെ ഹരിയും മീനാക്ഷിയും . കൃഷ്ണയെ കണ്ടതും അവരുടെ മുഖത്ത് ഒരു തെളിച്ചം ഉണ്ടായി.  ഇരുവരെയും അടുത്തേക്ക് വിളിച്ച് സംസാരിച്ചു.

ഒരിക്കൽ പോലും തന്നോട് പ്രകടിപ്പിച്ചിട്ടില്ലാത്ത  സ്നേഹവും കരുതലും ഇന്ന് വാരിക്കോരി നൽകാൻ അച്ഛമ്മ ശ്രമിക്കുന്നതു കൃഷ്ണയ്ക്ക്  ഒരു തരത്തിൽ അത്ഭുതം തന്നെയായിരുന്നു. അച്ഛമ്മയോട് ഇത്രയും അടുത്തുനിന്ന് താൻ സംസാരിച്ചിട്ട് പോലുമില്ലല്ലോ എന്ന് അവൾ ഓർത്തു. ഉള്ളിൽ തന്നോട് സ്നേഹമുണ്ടെന്ന് അറിയാമായിരുന്നു.പക്ഷെ അതിന്റെ ആഴവും വ്യാപ്തിയും മനസിലാക്കാൻ ഇത്രയും കാലമെടുത്തു.  അഭിമന്യുവിന്റെതു പോലെ താൻ  തിരിച്ചറിയാൻ വൈകിപ്പോയ ഒരു സ്നേഹം.

തന്നോട് വെറുപ്പ് കാണിച്ചത് പോലും ഇവിടുള്ള മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ആണെന്ന് അഭി ഒരു ദിവസം പറഞ്ഞത് അവൾ ചെറു ചിരിയോടെ ഓർത്തു .

ഹരിയെയും മീനാക്ഷിയെയും കൂടി നാരായണിയമ്മ അടുത്തേക്ക് വിളിച്ചു.

നാലുപേരും അവർക്ക് അടുത്തായി ഇരുന്നു.

“സതീശൻ പറഞ്ഞിരുന്നു നിങ്ങൾ യാത്ര പോകുന്ന കാര്യം ഒക്കെ.. എന്റെ അഭിപ്രായത്തിൽ  ഉടനെ അവിടേക്ക് പോകാതിരിക്കുന്നതാണ് നല്ലത്.”

“അതെന്താ ” ഹരി ചോദിച്ചു

“മക്കളെ കേദാർനാഥ് എന്ന് പറയുന്നത് ഒരു പുണ്യഭൂമിയാണ്. പുരാണ പുരുഷന്മാരുടെ കാൽ പതിഞ്ഞ ഇടം. പ്രവചനാതീതമായ കാലാവസ്ഥയും കഠിന  പാതകളും പാണ്ടി കൈലാസനാഥനെ  ദർശിക്കാൻ പോകുന്ന ഒരുപാട് ആൾക്കാരുണ്ട്. അല്ലാതെ വെറും കാഴ്ചകൾ കാണാനായി പോകുന്നവരും ഉണ്ടായിരിക്കാം. എന്നാൽ കൂടുതൽ പേരും ഒരു നിയോഗം പോലെയാണ് അവിടേക്ക് എത്തിച്ചേരുന്നത്… പഴയകാലത്തെ ആൾക്കാരൊക്കെ പറഞ്ഞു കേൾക്കാം നമ്മൾ എത്രയൊക്കെ പോകാൻ ആഗ്രഹിച്ചാലും ഒരുപക്ഷേ അവിടേക്കെത്തിപറ്റാൻ  കഴിയില്ല. എന്നാൽ  ചിലർക്ക് ഉള്ളിൽ ഒരു വിളി ഉണ്ടാകും. ആ വിളി ഉണ്ടായി കഴിഞ്ഞാൽ പിന്നെ എന്തൊക്കെ പ്രതിബന്ധങ്ങൾ വന്നാലും അവയെല്ലാം തരണം ചെയ്തു ആ പുണ്യഭൂമിയിൽ എത്തുക തന്നെ ചെയ്യും…”

നാലുപേരും നാരായണിയുടെ വാക്കുകൾക്ക് കാതോർത്ത് ഇരിക്കുകയാണ്.

“ഞാൻ പറഞ്ഞു വന്നതിന്റെ പൊരുൾ.. നിങ്ങൾ പോകാൻ എല്ലാം തയ്യാറായിരുന്ന നിമിഷം യാതൊരു കുഴപ്പവുമില്ലാതെയിരുന്ന രവീന്ദ്രന് ചെറിയൊരു ശാരീരികാസ്വാസ്ഥ്യം ഉണ്ടായി.. അതൊരു നിമിത്തമാണ്.. നിങ്ങൾക്ക് ആ സന്നിധിയിലേക്ക് ചെല്ലാൻ സമയം ആയിട്ടില്ല എന്ന് ഉള്ള ഒരു സൂചനയാണത് നൽകുന്നത്.”

അഭിമന്യുവും ഹരിയും പരസ്പരം നോക്കി

“ചിലർ പാപമോചനത്തിനായി,  ചിലർ തികഞ്ഞ ഭക്തിയോടു  കൂടി,  മറ്റു ചിലർ ആഗ്രഹ സഫലീകരണത്തിനായും ഭൂമിയിലുള്ള എല്ലാ കർമ്മങ്ങളും തീർത്തു ശിഷ്ടകാലം അവിടെ ചെലവഴിക്കാനായും എത്തുന്നു..”

” നിങ്ങൾക്ക് ഇതിലൊക്കെ വിശ്വാസം ഉണ്ടോയെന്നു എനിക്കറിയില്ല. ഞാൻ പറഞ്ഞു വരുന്നത് എന്തോ ഒരു കർമ്മം നിങ്ങളിലൂടെ നടക്കേണ്ടത് അത്യാവശ്യമാണ് അതിനുശേഷം നിങ്ങൾ കൈലാസനാഥനെ ദർശിക്കണം എന്നതാണ് നിയോഗം എന്ന് തോന്നുന്നു. “

അച്ഛമ്മ പറഞ്ഞതിൽ എന്തൊക്കെയോ കാര്യങ്ങൾ ഉള്ളതായി അവർക്കും  തോന്നി.

രവീന്ദ്രന് സുഖമില്ലാന്നു  അറിഞ്ഞതിൽ പിന്നെ മീനാക്ഷിയും കൃഷ്ണയും മനസ്സുകൊണ്ട് യാത്രയ്ക്ക് തയ്യാറല്ലായിരുന്നു. പരസ്പരം ആരും ഒന്നും പറഞ്ഞില്ലെങ്കിലും ഉടനടി ഒരു യാത്ര വേണ്ടെന്ന് നാലു പേരുടെയും മനസ്സിൽ തോന്നി. കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം യാത്ര മറ്റൊരിക്കൽ ആകാമെന്ന് ഹരിയും അഭിയും കൂടി തീരുമാനമായി.

കഴിഞ്ഞ തവണ ചെമ്പകശ്ശേരിയിൽ  വന്നിട്ടു പെട്ടെന്ന് തന്നെ പോയതിൽ നാരായണി അമ്മയ്ക്ക് പരിഭവം ഉണ്ടായിരുന്നു.  അതുകൊണ്ടുതന്നെ ഇന്ന് വൈകുന്നേരം ഇരുവരും തിരികെ പോയാൽ മതിയെന്ന്  അവർ സ്നേഹം കലർന്ന ആജ്ഞ നൽകി. അഭിയും  കൃഷ്ണയും അത് അനുസരിക്കുകയും  ചെയ്തു.

രവീന്ദ്രന് പറയത്തക്ക കുഴപ്പം ഒന്നുമില്ലാത്തതു കൊണ്ട് കുറച്ചു നേരത്തിനു ശേഷം രാധാകൃഷ്ണനും പാർവതിയും തിരികെ  പോയി.  ഉച്ചതിരിഞ്ഞതോടെ യദുവും  കാവ്യയും ജോലിസ്ഥലത്തേക്ക് തിരിച്ചു.

അഭി  വന്നു നോക്കുമ്പോൾ ഹരിയും മീനാക്ഷിയും കൃഷ്ണയോട്  സംസാരിക്കുകയാണ്. ഒരുതരം നിസംഗത ഭാവത്തോടെ അവൾ ഇരുവർക്കും നടുവിൽ ഇരിപ്പുണ്ട്. അവനും അവളുടെ അരികിലേക്ക് വന്നിരുന്നു.

കൃഷ്ണയോട് ഓരോന്ന് സംസാരിക്കുന്നതിനിടയിൽ  ശ്രീജിത്തിന്റെ കാര്യവും അവൾ പറഞ്ഞു.  എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഹരിയുടെയും മീനാക്ഷിയുടെയും മുഖത്തു ഭീതി നിറഞ്ഞു നിന്നു.

” അതാണല്ലേ ഉടനെയൊരു   യാത്ര പോലും പ്ലാൻ ചെയ്തത്. ”   ഹരി അഭിയെ നോക്കി. 

“മം.. അതെ “

“ശ്രീജിത്ത്‌ ജയിലിൽ ആയ സ്ഥിതിക്ക് ഇനി കൃഷ്ണയ്ക്ക് പേടിക്കേണ്ട കാര്യമുണ്ടോ ” ഒരിക്കൽ താൻ അഭിയേട്ടനോട് ചോദിച്ച ചോദ്യം മീനു ചേച്ചി ആവർത്തിക്കുന്നത് കൃഷ്ണ ശ്രദ്ധിച്ചു.

” ഒരിക്കലുമില്ല.. പക്ഷെ അവൻ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടായാലോ? ” അഭിയോരു മറുചോദ്യം ചോദിച്ചു.

” അവനെ സംബന്ധിച്ചടുത്തോളം പുറത്തിറങ്ങാൻ വലിയ ബുദ്ധിമുട്ടില്ല. കാരണം പല പകൽമാന്യന്മാരുടെയും  അനാശാസ്യബന്ധങ്ങൾക്ക് കുട പിടിച്ചിട്ടുള്ളവൻ ആണ് ശ്രീജിത്ത്‌.  പരസ്യമായി ഇല്ലെങ്കിലും അവനു വേണ്ടി ഫിനാൻഷ്യലി ഹെല്പ് ചെയ്യാനും അവനെ പുറത്തിറക്കാനും ധാരാളം ആൾക്കാർ ഉണ്ട്.”

“അത്രക്ക് സപ്പോർട്ട് ഉണ്ടോ അവനെ പോലെയുള്ളവർക്ക്…” ഹരി  സംശയത്തോടെ ചോദിച്ചു

” അവരുടെ കാര്യസാധ്യത്തിനായി ശ്രീജിത്തിനെ ഉപയോഗിക്കുന്നു എന്നെ ഉള്ളു.  അല്ലാതെ അവനെ സംരക്ഷിക്കാനൊന്നും ഈ പറഞ്ഞ ആൾക്കാർ ഉണ്ടാകില്ല. പിന്നെ ഇവർക്കൊക്കെ അവനെ ചെറിയൊരു പേടിയും കാണും.  അവരുടെ മാന്യതയുടെ മുഖംമൂടി വലിച്ചു കീറാൻ ശ്രീജിത്തിന് പറ്റുമല്ലോ.. അത്കൊണ്ടാകും മിക്കവരും പണം ആവശ്യപ്പെടുമ്പോൾ കൊടുക്കുന്നതും ഓരോ കേസിൽ നിന്നു രെക്ഷിക്കുന്നതും മറ്റും.. അല്ലെങ്കിൽ ഇവനെ എന്നേ കറിവേപ്പില പോലെ എടുത്തു കളഞ്ഞേനെ “

കൈകൾ രണ്ടും മാറോട് കെട്ടി അഭി പറഞ്ഞു.

” കഴിഞ്ഞ ദിവസം കൃഷ്ണയെ കണ്ടതും അവനുണ്ടായ ഭാവമാറ്റം…അതിൽതന്നെ ഞാൻ ഉറപ്പിച്ചു അവൻ എത്രയും വേഗം പുറത്തിറങ്ങാൻ നോക്കുമെന്ന്. “

“സൊ ഹി ഈസ്‌ ഡെയിഞ്ചറെസ് ” ഹരി കണ്ണുകൾ കൂർപ്പിച്ചു.

“അറ്റ് എക്സ്ട്രീം ലെവൽ ” അഭി കൂട്ടിച്ചേർത്തു.

മീനാക്ഷി ഭയത്തോടെ കൃഷ്ണയെ നോക്കി.  എന്നാൽ അവളുടെ കണ്ണിൽ ഭയം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ അഭി പറഞ്ഞ കാര്യങ്ങൾ അവളുടെ മനസിന്‌ ശക്തി പകരുന്നത് ആയിരുന്നു. 

“പേടിച്ചു എത്ര നാൾ ഓടിയൊളിക്കാൻ പറ്റും. ” കൃഷ്ണ സ്വയം മനസിനോട് ചോദിച്ചു.

കണ്ണുകളടച്ചു ദീർഘമായി നിശ്വസിച്ചു അവൾ മുഖത്തൊരു പുഞ്ചിരി വരുത്തി.

‘എന്ത് വന്നാലും ധൈര്യമായി നേരിടുക തന്നെ’ അവൾ  മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു.

എന്നാൽ കൃഷ്ണയുടെ ജീവിതത്തിൽ പിശാചിനെപ്പോലെ പിന്തുടരുന്ന അവനെ നിയമത്തിന്റെ ബലത്തോടെ മറ്റാരും അറിയാതെ യാത്രയയക്കണമെന്ന്  അഭിമന്യു എന്നേ മനസ്സിൽ കണക്കുകൂട്ടിയിരുന്നു.

ഹരിയ്ക്ക് ഉള്ളിൽ വലിയൊരു ഭാരം അനുഭവപ്പെട്ടു. അന്ന് ഹോസ്പിറ്റലിൽ വെച്ച് കൃഷ്ണ പറഞ്ഞു ചിലതൊക്കെ അറിഞ്ഞത് മുതൽ ഉള്ളിലൊരു ആധി ആയിരുന്നു. പക്ഷെ അവളെ പൊതിഞ്ഞു പിടിച്ചു സംരക്ഷിക്കാൻ അഭിയുണ്ടല്ലോ എന്നൊരു ആശ്വാസം തോന്നി.തുടർന്നുള്ള ജീവിതത്തിലും ശ്രീജിത്ത്‌ അവൾക്കൊരു തീരാശല്യം ആണെന്നതിൽ തർക്കമില്ല. അഭിമന്യു നിഴലായി കൂടെയുള്ളപ്പോൾ അവളെയോർത്തു പേടിക്കേണ്ട കാര്യവുമില്ല.. എങ്കിലും ഒരു ഭയം..കൃഷ്ണയ്ക്ക് ആപത്ത്‌ വരാൻ പോകുന്നുവെന്ന് മനസ് പറയുന്നത് പോലെ. ചിലതൊക്കെ ഹരിയും മനസ്സിൽ കണക്കുകൂട്ടി ഉറപ്പിച്ചു.

നാലുപേർക്കുമിടയിൽ മൗനം ഘനീഭവിച്ചു നിന്നു.

“കൃഷ്ണ… ഇവിടെ വരെ വന്ന സ്ഥിതിക്ക് ആ കാവും കുളവുമൊക്കെയൊന്ന് കണ്ടിട്ട് വന്നാലോ ” എല്ലാവരുടെയും മുഖം മ്ലാനമായത് ശ്രദ്ധിച്ചുകൊണ്ട്   വിഷയം മാറ്റാനെന്നോണം അഭി ചോദിച്ചു.

ഹരി കണ്ണുകൾ വിടർത്തി കൃഷ്ണയെ നോക്കി.  അവളൊന്നു പുഞ്ചിരിച്ചു.

” അതിനെന്താ പോകാമല്ലോ ” മീനാക്ഷിയാണ് മറുപടി പറഞ്ഞത്.

“ഹരിയേട്ടന്റെയും കൃഷ്ണയുടെയും ഫേവറൈറ്റ് സ്ഥലമാ അത്..വാ കണ്ടിട്ട് വരാം” അവൾ ഉത്സാഹത്തോടെ പറഞ്ഞു.

“എങ്കിൽ പോയിട്ട് വരാം ” അഭി എഴുന്നേറ്റു. പിന്നാലെ മീനാക്ഷിയും .  ഒന്ന് മടിച്ചതിനു ശേഷം ഹരിയും കൃഷ്ണയും അവരോടൊപ്പം എഴുന്നേറ്റു. പിന്നാമ്പുറത്തു കൂടിയുള്ള ഊടുവഴിയിലൂടെ അവർ നടന്നു. ഹരിയും കൃഷ്ണയും മുൻപിലും   അവരെ അനുഗമിച്ചു അഭിയും മീനുവും പിന്നാലെയും.

വൃക്ഷ നിബിഡമായ  കാവിലേക്ക് അവർ എത്തി.  ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകൾ തന്നെയാണ് കാവുകൾ എന്നതിൽ സംശയമില്ലന്നു അഭിമന്യുവിന് തോന്നി.  കൃഷ്ണ പറഞ്ഞു കേട്ടപ്പോൾ ഇത്രയും വിചാരിച്ചില്ല. കണ്ണിനു കുളിർമ തരുന്ന പച്ചപ്പ്‌. ശരിയായ സംരക്ഷണം കിട്ടാതെ പോയതിന്റെ പോരായ്മകൾ കാണാനുമുണ്ട്.  മീനാക്ഷിയും അതെ അഭിപ്രായം തന്നെ അഭിയോട് പറഞ്ഞു.   വേണ്ട വിധത്തിലുള്ള സംരക്ഷണം കിട്ടാതെ പോയതുകൊണ്ടാണ്  ഇന്നതു നാശത്തിന്റെ പടിവക്കിലെത്തി  നിൽക്കുന്നത്.

തന്റെ കല്യാണത്തിന് മുൻപാണ് ഹരിയേട്ടനുമായി അവസാനം ഇവിടെ വന്നത്.  അന്ന് പൊട്ടിയ പടവുകളിൽ ഇരുന്നു സംസാരിച്ച കാര്യങ്ങൾ ഇന്നലെയെന്ന പോലെ കൃഷ്ണയ്ക്ക് ഓർമ വന്നു.. ഹരിയും അക്കാര്യം തന്നെയാണ് ഓർത്തത്.  അതിന് ശേഷം ഒരിക്കൽ പോലും അവനാ ഇടത്തേക്ക് വന്നിട്ടുണ്ടായിരുന്നില്ല . തന്റെ വീട്ടിൽ നിന്നു നോക്കിയാൽ കാണാവുന്നതാണ് ഈ കാവും പരിസരവും.  ഇടയ്ക്ക് കൃഷ്ണയെ വല്ലാതെ മിസ്സ്‌ ചെയ്യുമ്പോ വീടിന്റെ ബാൽക്കണിയിൽ നിന്നു കാവിലേക്കു നോക്കും. അവളുമായി ഒരുമിച്ചു വന്നിരുന്ന ഓർമ്മകൾ വന്നു പൊതിയും. ഉടനടി തന്നെ ദൃഷ്ടി പിൻവലിക്കുകയും ചെയ്യും.

കൃഷ്ണയും കഴിഞ്ഞ നാളുകളിൽ അങ്ങനെയായിരുന്നു. ഹരിയെപ്പറ്റി ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ഇടം ഈ പ്രദേശമാണ്. ചെറിയൊരു നീറ്റലോടെ അല്ലാതെ ഇവിടം ഓർക്കാനും  കഴിയില്ല.

കുളത്തിന്റെ പടവുകളിലേക്കു അവർ മെല്ലെ ഇറങ്ങി.  അഭിയും കൃഷ്ണയും ഇരുന്നു.  തൊട്ടടുത്തായി ഹരിയും മീനാക്ഷിയും.  തങ്ങളുടെ ഇരുവരുടെയും പേരെഴുതിയ ചുവരിന്റെ പ്രതിബിംബം കുളത്തിൽ തെളിഞ്ഞു നിന്നു.

ഒരു കാലത്ത്‌ ഹരിക്കും കൃഷ്ണയ്ക്കും അല്ലാതെ മറ്റാർക്കും അവകാശം ഇല്ലന്ന്  സ്ഥാപിച്ചെടുത്ത ഇടമാണ്.  ഇന്ന് അതെ സ്ഥലത്തു ഇരുവരും അവരുടെ യഥാർത്ഥ അവകാശികളോടൊപ്പം  വന്നിരിക്കുന്നു.  

ഒരു പക്ഷെ കാലം കാത്തുവെച്ചിരുന്ന മുഹൂർത്തം ആയിരിക്കാം അത്. 

(തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Hridhayasaki written by Tina Tnz

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!