Skip to content

ഹൃദയസഖി – 23

  • by
hridhayasakhi

കൃഷ്ണയുടെ നെറുകയിലെ സിന്ദൂരത്തിലും കഴുത്തിൽ അണിഞ്ഞിരുന്ന താലിയിലേക്കും ശ്രീജിത്തിന്റെ കണ്ണുകൾ നീണ്ടു. അവൻ വളരെ വേഗത്തിൽ നടന്ന് കൃഷ്ണയുടെ അരികിലേക്ക് എത്തി.

” നിന്റെ… നിന്റെ കല്യാണം കഴിഞ്ഞല്ലേ..” അവളുടെ നേർക്ക് വിരൽ ചൂണ്ടി അവൻ ചോദിച്ചു.  അവന്റെ കൈവിരലുകൾ കൃഷ്ണയുടെ കയ്യിൽ പിടുത്തമിട്ടു. നീളമേറിയ നഖങ്ങൾ അവളുടെ കയ്യിൽ ആഴ്ന്നിറങ്ങി.  ആളുകൾ എല്ലാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി. അഭിമന്യു ഉടനടിയായി കൃഷ്ണയുടെ  അരികിലേക്ക് ഓടിയെത്തി. അവന്റെ  കൈ പിടിച്ച് ശക്തിയായി പുറകിലേക്ക് തള്ളി. അതോടൊപ്പം തന്നെ വന്നിരുന്ന പോലീസുകാർ ശ്രീജിത്തിനെ പുറകിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോകുകയും ചെയ്തു.

നിമിഷ നേരം കൊണ്ട് ഇവയെല്ലാം സംഭവിച്ചു. കൃഷ്ണയുടെ മുഖത്ത് ഭയം നിറഞ്ഞു  നിന്നു.

” മതി ഇവനെ തിരിച്ചുകൊണ്ടു പോകാൻ നോക്ക്.” അഭിമന്യു ഉറക്കെ പറഞ്ഞു.  അവന്റെ ശബ്ദം കനത്തു.

പോലീസുകാരോടൊപ്പം പിറകിലേക്ക് പോകുമ്പോഴും അവൻ കൃഷ്ണയെ തറപ്പിച്ചു  നോക്കി. അവൾ പേടിയോടെ അഭിമന്യുവിന്റെ പിന്നിലൊളിച്ചു. എന്നാൽ അഭി അവളെ പിന്നിൽ നിന്ന് പിടിച്ചു  തന്നോട്  ചേർത്തുനിർത്തി. പോലിസ് വാഹനത്തിൽ  കയറി പോകുന്നത് വരികയും ശ്രീജിത്തിന്റെ  നോട്ടം തങ്ങളിൽ തന്നെയാണെന്ന് കൃഷ്ണ ഭയത്തോടെ  മനസ്സിലാക്കി.

” നമുക്ക് തിരികെ പോകാം” വിറയാർന്ന ശബ്ദത്തോടെ കൃഷ്ണ പറഞ്ഞു

” പോകാം.. ആരോടെങ്കിലും ഒക്കെ പറയാനുണ്ടെങ്കിൽ പറഞ്ഞിട്ടു വാ. “

കൃഷ്ണയുടെ അച്ഛന്റെ ബന്ധുക്കളൊക്കെ അകത്ത് ഉണ്ടായിരുന്നു. അവരെ ഉദ്ദേശിച്ചാണ് അഭി പറഞ്ഞത്.

” ആരോടും പറയാൻ ഇല്ല.” അവൾ നിലത്തേക്ക് നോക്കി പറഞ്ഞു.

ഇരുവരും പതിയെ വീട്ടു മുറ്റത്തു നിന്ന് റോഡിലേക്ക് ഇറങ്ങി. 

” നിന്റെ വീട്ടിലേക്ക് പോണോ കൃഷ്ണെ.. ഇവിടെവരെ  വന്ന സ്ഥിതിക്ക്  ഒന്ന് കയറാം .. തൊട്ടടുത്തു  അല്ലേ.. “അഭിമന്യു ശാന്തമായി ചോദിച്ചു

” വേണ്ട. മറ്റൊരിക്കൽ വരാം”. അവളുടെ ശബ്ദം ദുർബലമായി. കൃഷ്ണയുടെ മനസ്സ്  മനസ്സിലാക്കിയത് കൊണ്ട് അവൻ  കൂടുതലൊന്നും സംസാരിക്കാതെ വീട്ടിലേക്ക് തിരിച്ചു. അഭിയുടെ വീട്ടിലെത്തി കൃഷ്ണയെ ഇറക്കിയതിനു ശേഷം അവൻ തിരികെ ഡ്യൂട്ടിക്ക് കയറി.

വന്നപാടെ അവൾ മുകളിലെ മുറിയിലേക്ക് പോയി. കുറച്ചുനേരം കണ്ണുകൾ അടച്ചു കിടന്നു. മിഴി നിറഞ്ഞൊഴുകുന്നുണ്ട്.  കയ്യിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു നോക്കിയപ്പോഴാണ് കൈത്തണ്ടയിലെ തൊലി അൽപം പോയിരിക്കുന്നത് ശ്രദ്ധിച്ചത്. ശ്രീജിത്ത് നഖം കുത്തി  ഇറക്കിയതാണ്. എന്നാൽ  കയ്യിലേക്കാൾ കൂടുതൽ നീറ്റൽ  മനസ്സിനായിരുന്നു.

ഉച്ചയ്ക്ക് വെയിലാറിയശേഷം ഏട്ടത്തി മാരോടൊപ്പം അവൾ പച്ചക്കറിത്തോട്ടത്തിലേക്ക് ഇറങ്ങി. സംസാരത്തിനിടയിൽ രാവിലെ നടന്ന കാര്യങ്ങളൊക്കെ അവരോട് പങ്കുവെച്ചു.

” അയാൾക്ക് എന്ത് ധൈര്യം ഉണ്ടായിട്ടാ  അത്രയും ആൾക്കാരുടെയും പോലീസിntയും മുൻപിൽ വെച്ച് നിന്റെ കയ്യിൽ കയറിപ്പിടിച്ചത്. “പാവലിന് വെള്ളം നനയ്‌ക്കുന്നതിനിടയിൽ സ്വപ്ന ചോദിച്ചു.

” എനിക്കറിയില്ല സ്വപ്നചേച്ചി.. ഞാൻ ശരിക്കും ഭയന്നു പോയി.”

“അഭി  അവിടെ ഉണ്ടായിട്ടും ഒന്നും പ്രതികരിച്ചില്ലേ ” വീണയുടെ മുഖത്ത് അത്ഭുതം നിറഞ്ഞിരുന്നു.

” അഭിയേട്ടൻ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് തന്നെ മറ്റു പോലീസുകാർ അയാളെ പിടിച്ചു വലിച്ചു കൊണ്ടുപോയി.”

“അത് നന്നായി. അല്ലെങ്കിൽ അഭി അവനെ ശരിക്കൊന്നു കുടഞ്ഞേനെ.” വീണ പറഞ്ഞു.

” അത് ശരിയാ. നിങ്ങളുടെ കല്യാണത്തിന് മുൻപ് തന്നെ ശ്രീജിത്ത് നിന്നെ ശല്യം ചെയ്യുന്നത് കാണുമ്പോൾ അഭിക്ക്  ഉള്ളം കാൽ മുതൽ പെരുത്ത് കയറുമായിരുന്നു. ഇപ്പോ അവന്റെ ഭാര്യ ആയ സ്ഥിതിക്ക് നിന്റെ കയ്യിൽ പിടിച്ച ശ്രീജിത്തിനെ അവൻ  വെറുതെ വിടുമോ.. “സ്വപ്നയും പറഞ്ഞു

” അഭിയേട്ടൻ ഒന്നും ചെയ്തില്ല.. കൈ തട്ടി മാറ്റിയതേയുള്ളൂ.  പക്ഷേ അയാളെ കൊല്ലാനുള്ള ദേഷ്യം കണ്ണിൽ ഉണ്ടായിരുന്നു..” കൃഷ്ണ പറഞ്ഞു.

“എങ്കിൽ അയാൾക്കുള്ള സമ്മാനം കൊടുത്തിട്ടെ അഭി ഇന്ന് തിരിച്ചു വരുള്ളൂ ” സ്വപ്ന ചിരിച്ചു.

“എന്തൊക്കെ പറഞ്ഞാലും ആ ശ്രീജിത്ത് വല്ലാത്തൊരു ജന്മം തന്നെ. അഭി അവന്റെ കാര്യങ്ങളൊക്കെ പറഞ്ഞു കേട്ടപ്പോൾ ഞങ്ങളെല്ലാം മൂക്കത്ത് വിരൽ വച്ചു ഇരുന്നു പോയി. ” വീണയും അവളുടെ അടുത്തേക്ക് ഇരുന്നു.

” ഇവിടെ എല്ലാവരോടും ഇക്കാര്യമൊക്കെ പറയുമായിരുന്നു അല്ലെ? ” കൃഷ്ണ ചോദിച്ചു

” പിന്നില്ലാതെ. മിക്കപ്പോഴും അത്താഴ സമയത്ത് ആണ് ഞങ്ങൾ എല്ലാവരും കൂടി കൃഷ്ണയുടെ കാര്യം സംസാരിക്കുക. അന്ന് അഭി ശ്രീജിത്തിന്റെ ഓരോ വൈകൃതങ്ങളെ കുറിച്ചൊക്കെ പറഞ്ഞു കേട്ടപ്പോൾ അച്ഛനും ഏട്ടന്മാരും പറഞ്ഞതാ ഒട്ടും വൈകാതെ കൃഷ്ണയെ ഇങ്ങോട്ട്  കൂട്ടിക്കൊണ്ടുവരാൻ.”

അപ്പോഴേക്കും ജാനകിയും അങ്ങോട്ടേക്ക് കടന്നുവന്നു.

നടന്ന കാര്യങ്ങൾ ഒക്കെ ജാനകിയോട് സ്വപ്നയും  വീണയും പറഞ്ഞു.

” ഇവനെ പോലുള്ളവരൊക്കെ ജയിലിൽ കിടന്നാൽ എന്താ.. രക്ഷിച്ചു കൊണ്ടു വരാൻ ആൾക്കാരുണ്ടല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം തോന്നുന്നത്.” ജാനകി അഭിപ്രായപ്പെട്ടു.

കൃഷ്ണ നിർവികാരമായി ഒന്ന് മൂളി.

അമ്മയുടെയും ഏട്ടത്തിമാരുടെയും സംസാരം കേട്ടു കൊണ്ട് അവർക്ക് നടുവിലായിരുന്നു.

വൈകിട്ട് അഭി ഡ്യൂട്ടി കഴിഞ്ഞത്തിയപ്പോഴും  കൃഷ്ണയുടെ മുഖത്ത് തെളിച്ചം ഉണ്ടായിരുന്നില്ല. അത്താഴം കഴിഞ്ഞ നേരത്ത്  മറ്റുള്ളവർ കേൾക്കാതെ പ്രതാപനും ഏട്ടന്മാരും അഭിയോട് അക്കാര്യം ചർച്ച ചെയ്തു.

” ഇവനെയൊക്കെ ജയിലിലിട്ട് തീറ്റി പോറ്റേണ്ട കാര്യമുണ്ടോ അഭി ” അർജുൻ   ചോദിച്ചു.

” പിന്നെ എന്ത് ചെയ്യണമെന്നാ പറയുന്നത്.”

“വിഭ്രാന്തി കാണിക്കുന്ന സ്ഥിതിയ്ക്ക് അവനെ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നതല്ലേ നല്ലത് “

” മാനസിക വിഭ്രാന്തി ഉണ്ടെന്നുള്ളത്  സത്യം തന്നെ..പക്ഷെ കൂടുതലും അവന്റെ അഭിനയമാണ്.”

“അതെന്താ  നിനക്ക് അങ്ങനെ തോന്നാൻ.” പ്രതാപൻ ചോദിച്ചു

” എനിക്ക് അങ്ങനെ തോന്നി.. അവനെ ഇപ്പോൾ മെന്റൽ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്താൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൻ അവിടുന്ന്  ഇറങ്ങും. മാത്രവുമല്ല  പുറത്തിറങ്ങി കഴിഞ്ഞാൽ അവൻ കൃഷ്ണയെ  ഉപദ്രവിക്കില്ല എന്ന് എന്താ ഉറപ്പ്.. അവൻ അവളെ  എന്തുവേണമെങ്കിലും ചെയ്യാം. മാനസിക രോഗം ഉണ്ടെന്ന പരിഗണനയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും.”

അഭി  പറഞ്ഞപ്പോഴാണ് അതും ശരിയാണല്ലോ എന്ന് അർജുനു തോന്നിയത്.

” എനിക്ക് ചേട്ടനോട് കുറച്ച് കാര്യങ്ങൾ ഡീറ്റെയിൽ ആയി ചോദിക്കാനുണ്ട്.”

” എന്താടാ എന്തെങ്കിലും നിയമത്തിന്റെ പഴുതുകൾ ആണോ..” അർജുൻ ചോദിച്ചു.

” പഴുതുകൾ അടയ്ക്കാൻ വേണ്ടിയാണ്..”മറ്റെന്തോ ആലോചിച്ചിട്ട് അഭി  പറഞ്ഞു.

“ഒരു മെന്റൽ ഹോസ്പിറ്റലിലേക്കും പറഞ്ഞു  വിടാതെ അവനെ നിയമം കൊണ്ട് തന്നെ പൂട്ടണം. രക്ഷപെടാൻ ഒരു ലൂപ്പ് ഹോളും  കിട്ടരുത് “. അനിരുദ്ധ് അഭിപ്രായപ്പെട്ടു.

എന്നാൽ കൃഷ്ണയുടെ ജീവിതത്തിലേക്ക് ഒരിക്കലും വരാത്ത രീതിയിലുള്ള യാത്രയപ്പ് ശ്രീജിത്തിന്  നൽകണമെന്നാണ് അഭി മനസ്സിൽ കരുതിയത്. എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്ന് അവന്റെ മുഖഭാവം വിളിച്ചോതി.

മുറിയിൽ എത്തിയപ്പോഴേയ്ക്കും കൃഷ്ണ കിടന്നിരുന്നു. അവൾ ഉറങ്ങിയിട്ടില്ല എന്ന് അവന് മനസ്സിലായി.

” ഇന്ന് നേരത്തെ ഉറങ്ങുകയാണോ.”

അവളുടെ വയറ്റിൽ  ചുറ്റിപ്പിടിച്ച് സ്നേഹത്തോടെ ചേർത്തുകൊണ്ട് അഭി  ചോദിച്ചു.

കൃഷ്ണ തിരിഞ്ഞ് അവനു  അഭിമുഖമായി കിടന്നു. അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു കിടക്കുന്നത് അഭി ശ്രദ്ധിച്ചു. കൃഷ്ണ പെട്ടന്ന് അവനെ മുറുകെ പുണർന്നു നെഞ്ചിൽ തല വെച്ച് കിടന്നു.

” ശ്രീജിത്തിനെ ഓർത്താണോ ഈ പേടി.”

അൽപ നേരത്തിനു ശേഷം അഭിമന്യു ചോദിച്ചു.

“ഉം.. “

“അതോർത്ത് പേടിക്കേണ്ട അവന്റെ കാര്യം ഞാൻ നോക്കിക്കോളാം “

” രാവിലെ ഞാൻ ശരിക്കും പേടിച്ചു. അയാൾ എന്റെ കയ്യിൽ പിടിച്ചപ്പോൾ.. അഭിയേട്ടൻ അപ്പോൾ ഇല്ലായിരുന്നെങ്കിൽ… എനിക്കറിയില്ല. “അവൾ അവന്റെ  നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

” ഒരുപക്ഷേ ഞാൻ ഇല്ലായിരുന്നെങ്കിലോ ” അവൻ മറുചോദ്യം ചോദിച്ചു

” ഇല്ലായിരുന്നെങ്കിൽ… അറിയില്ല.”

” ഞാനില്ലെങ്കിലും അവനെ എതിർക്കണമായിരുന്നു.. അല്ലാതെ  പേടിച്ച് നിൽക്കരുത്.” അവൻ പറഞ്ഞു

” എനിക്ക് എന്ത് ചെയ്യാൻ കഴിയും അഭിയേട്ടാ. അയാളോട് ബലപ്രയോഗം നടത്താൻ കഴിയുമോ എനിക്ക്. “അവൾ  ചോദിച്ചു

“അങ്ങനെയല്ല ഞാൻ പറഞ്ഞത്.. എങ്കിലും അവനെ എതിർക്കണമായിരുന്നു.. അല്ലാതെ പേടിച്ചു നിൽക്കാൻ ആണെങ്കിൽ  എത്രനാൾ കഴിയും നിനക്ക് .ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഇനിയും ജീവിതത്തിൽ വന്നേക്കാം. അപ്പോൾ എല്ലാം നീ ഇങ്ങനെ പേടിച്ച് ഓടിയാൽ എന്താകും അവസ്ഥ “

കൃഷ്ണ  ഒന്നും മിണ്ടാതെ കിടന്നു.

” നിനക്കറിയുമോ… നിസ്സാരമായി കീഴടങ്ങും എന്ന് കരുതുന്ന ഇര, കണ്ണിൽ ഭയത്തിന്റെയൊരു   ലാഞ്ചന പോലുമില്ലാതെ നോക്കി നിന്നാൽ  പ്രതിയോഗി എത്ര ബലവാൻ ആണെങ്കിൽ പോലും ഇരയെ  ആക്രമിക്കാൻ ഒന്ന് മടിക്കും.. അതുപോലെ വേണം നമ്മൾ ഓരോരുത്തരും.. ചില സമയത്ത് നമ്മൾ നിസ്സഹായരായേക്കാം.. സഹായിക്കാൻ ആരുമില്ലാതെ അപകടത്തിൽ ആകാം പക്ഷേ ആ ഭയം നമ്മുടെ കണ്ണിൽ പ്രകടം ആകരുത് “

കൃഷ്ണയെല്ലാം മൂളികേട്ടു കിടന്നു.

” നിന്റെ ഉള്ളിലെ ഭയവും നിസ്സഹായാവസ്ഥയും ഒക്കെ പലപ്പോഴും കണ്ണുകളിൽ പ്രതിഫലിക്കുന്നുണ്ട് അതൊക്കെ  മാറേണ്ടിയിരിക്കുന്നു.. കുറച്ചുകൂടി മാറണം കൃഷ്ണേ നീ “

അവൻ  വളരെ ശാന്തമായി പറഞ്ഞു.

” അഭിയേട്ടൻ ഉള്ളപ്പോൾ എനിക്ക് പേടിയില്ല.” അവൾ അഭിയെ ഒന്നുകൂടി മുറുകെ പുണർന്നു

” നീ കുറച്ചുകൂടി ബോൾഡ് ആക്കണം. ഏതു സാഹചര്യത്തെയും നേരിടാൻ ഉള്ള മനോധൈര്യം ആർജിച്ചെടുക്കണം.. ശ്രീജിത്ത് എന്നല്ല മറ്റാരും നിന്നെ ഒരു നോട്ടം കൊണ്ട് പോലും ഉപദ്രവിക്കാൻ വരരുത്. ഒരുപക്ഷേ ഞാൻ നാളെ ജീവനോടെ ഇല്ലെങ്കിൽ പോലും “

കൃഷ്ണ പെട്ടെന്ന് അഭിയുടെ നെഞ്ചിൽ നിന്ന് മുഖമുയർത്തി.

” എന്താ അഭിയേട്ടാ ഇങ്ങനെയൊക്കെ പറയുന്നത്. “

” ഞാൻ പറഞ്ഞെന്നേയുള്ളൂ മനുഷ്യന്റെ കാര്യം അല്ലേ.”

കൃഷ്ണ  പെട്ടെന്ന് അവന്റെ വായ പൊത്തി പിടിച്ചു.

” അങ്ങനെയൊന്നും പറയണ്ട.. “അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു.

” ഞാനൊരു ഫ്ലോയിൽ അങ്ങ് പറഞ്ഞുപോയി എന്നേയുള്ളൂ.”അഭി ചിരിച്ചു.

” നിനക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി വേണം മോളെ. അഭിമന്യുവിന്റെ ഭാര്യ എന്നതിൽ ഒതുങ്ങി പോകരുത്. ഒരു ബേസ് ഉണ്ടാകണം നിനക്ക്. നിന്റെ ഡയറിയിൽ എഴുതിയിരുന്നതൊക്കെ ഞാൻ വായിച്ചതാണ്.. നേടിയെടുക്കാൻ പറ്റില്ല എന്ന് കരുതി മനസ്സിൽ ഉപേക്ഷിച്ച കുറെ സ്വപ്നങ്ങൾ.. അതൊക്കെ നേടിയെടുക്കണം..

 നിന്നെ തള്ളി പറഞ്ഞവരുടെയും ആക്ഷേപിച്ചവരുടെയും മുന്നിൽ അന്തസ്സോടെ നിൽക്കാനും അവരൊക്കെ നാളെ നിന്നെ അംഗീകരിക്കാനും ആ സ്വപ്നങ്ങൾ നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്.”

അഭി പറഞ്ഞതിലും കാര്യമുണ്ടെന്ന് കൃഷ്ണയ്ക്ക് തോന്നി. ആരോടും വെളിപ്പെടുത്താത്ത ചില സ്വപ്‌നങ്ങൾ ഉണ്ട് മനസ്സിൽ.  ഉള്ളിലെ അപകർഷതാബോധവും ആത്മവിശ്വാസം ഇല്ലായ്മയും കൊണ്ട് ഒരിക്കലും നേടിയെടുക്കാൻ പറ്റില്ലാന്നു കരുതിയവ.

“നിന്റെ സ്വപ്‌നങ്ങൾ അച്ചീവ് ചെയ്യണം.. അതിന് സപ്പോർട്ട് ആയി ഞാൻ കൂടെയുണ്ട്.. ഈ കുടുംബം മുഴുവൻ നിന്റെ കൂടെയുണ്ട്.” അവളുടെ മുടിയിഴകളെ തഴുകി കൊണ്ട് അഭി  പറഞ്ഞു.

കൃഷ്ണയുടെ കണ്ണിലെ നനവ് തന്റെ നെഞ്ചിൽ അഭിയ്ക്ക് അനുഭവപ്പെട്ടു.

” നമുക്കൊരു യാത്ര പോയാലോ.. ” കൃഷ്ണ മൗനമായി കരയുകയാണെന്ന് മനസ്സിലാക്കിയതും അഭി അവളെ നെഞ്ചിൽ നിന്നടർത്തി മാറ്റി ചോദിച്ചു.

“എവിഡേയ്ക്ക് “

“കുറച്ചു ദൂരെ എവിടെയെങ്കിലും.. ഞാൻ ലീവ് എടുക്കാം. നമുക്ക് ഫാമിലി ആയിട്ട് ഒന്ന് പോയി വരാം. ഇപ്പോഴത്തെ ഈ മൂഡ് ഒക്കെ അങ്ങ് മാറും.. ഒരുപാട് കാഴ്ചകൾ കാണാൻ പറ്റുന്ന വളരെ ശാന്തമായ ഒരിടത്തേക്ക്  പോകാം.” അവൻ കട്ടിലിൽ ഒരു തലയിണ വെച്ചു പിന്നിലേക്ക് ചാരിയിരുന്നു.

” പോകാം. “അവളും താൽപര്യം പ്രകടിപ്പിച്ചു.

” അതിനു മുൻപ് നമുക്ക്  ചെമ്പകശ്ശേരി വരെ ഒന്ന് പോണം. കുറെ നാളായില്ലേ മാറ്റിവയ്ക്കാൻ തുടങ്ങിയിട്ട്.”

” എങ്കിൽ നാളെ പോയാലോ.. “അവൾ ഉത്സാഹത്തോടെ ചോദിച്ചു.

” മം..  പോകാം ” അവളുടെ മുഖത്തെ  സന്തോഷം കണ്ടപ്പോൾ അഭിയും സമ്മതിച്ചു.

യാത്ര പോകുന്ന കാര്യം വീട്ടിൽ അറിയിച്ചപ്പോൾ അഭിയും കൃഷ്ണയും തനിയെ പോകട്ടെ എന്നായിരുന്നു പ്രതാപൻ പറഞ്ഞത്. കല്യാണം കഴിഞ്ഞ് ഇത്രയും നാളായെങ്കിലും അവർ മാത്രമായി ഒരു യാത്ര പോയിട്ടില്ലായിരുന്നു. അല്പം വൈകിയാണെങ്കിലും ഒരു ഹണിമൂൺ യാത്ര പോലെ  ആയിക്കോട്ടെ എന്ന് ഏട്ടന്മാരും പറഞ്ഞു. അങ്ങനെ കൃഷ്ണയും അഭിയും  മാത്രമായി യാത്ര പോകാൻ തീരുമാനിച്ചു.

പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞ് അഭിമന്യു അൽപം നേരത്തെ വന്നു. അവൻ കൃഷ്ണയേയും കൂട്ടി ചെമ്പകശ്ശേരിലേക്ക് തിരിച്ചു.  കാർ ഗേറ്റ് കടന്ന് ചെന്നപ്പോഴേ സുഭദ്രയും ശോഭയും  ദേവികയും മുറ്റത്ത് നൽകുന്നത് കണ്ടു. ഡ്രൈവിംഗ് സീറ്റിൽ നിന്നും കൃഷ്ണ ഇറങ്ങുന്നത് കണ്ടു അവരുടെയൊക്കെ  മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു. ദേവിക ഓടിവന്ന് അവളോട് സംസാരിച്ചു. കൃഷ്ണയും അഭിയും ദേവികയോട്  സംസാരിച്ചതിനുശേഷം സുഭദ്രയോടും ശോഭയോടും  വിശേഷങ്ങൾ ചോദിച്ചു.

“നിങ്ങൾക്കു ഇപ്പോഴാണോ മക്കളെ ഇവിടേക്ക് വരാൻ നേരം കിട്ടിയത്  “

അകത്തേക്ക് കയറിയതും രവീന്ദ്രനും സതീശനും അവരോട് പരിഭവിച്ചു.

” കുറച്ചു തിരക്കിൽ ആയിരുന്നു. ഇപ്പോഴാ ലീവ് കിട്ടിയത് .  അതാണ്‌ ഇവിടേക്കുള്ള വരവ് ഇത്രയും നീണ്ടു പോയത് ” അഭിമന്യു പറഞ്ഞു.

ഇരുവരും സോഫയിലേക്ക് ഇരുന്നു. ദേവിക ചെന്നു രണ്ടു പേർക്കും കുടിക്കാൻ ചായയുമായി വന്നു.തന്റെ ഇതുവരെയുള്ള ജീവിതത്തിലെ ഒരു പ്രധാന ഇടമായിരുന്നു ഈ തറവാട്.  ഇത്രയും നാൾ താമസിച്ച വീട്ടിൽ വിരുന്നുകാരിയായി വന്നിരിക്കുന്നതിൽ കൃഷ്ണയ്ക്ക് അതിശയം തോന്നി.

അവരുടെ വരവ് അറിഞ്ഞു  നാരായണിയമ്മയും താഴേക്ക് ഇറങ്ങി വന്നിരുന്നു. അഭിയും കൃഷ്ണയും അച്ഛമ്മയുടെ അനുഗ്രഹം വാങ്ങി. നിറഞ്ഞ സ്നേഹത്തോടെയാണ് നാരായണിയമ്മ അവരോട് സംസാരിച്ചത്. ജീവിതത്തിൽ ആദ്യമായുള്ള അനുഭവം ആയതുകൊണ്ടാകും കൃഷ്ണയുടെ കണ്ണുകൾ ഈറനണിഞ്ഞു. ചുരുങ്ങിയ സമയം മാത്രം അവിടെ ചിലവഴിച്ചു വീണ്ടും വരാമെന്ന് വാക്ക് പറഞ്ഞു ഇരുവരും അവിടെ നിന്നു ഇറങ്ങി.

“നമുക്ക് ഹരിയുടെ വീട്ടിൽ കൂടിയൊന്നു കയറാം ” തിരികെ പോകുന്നതിനിടയിൽ അഭിമന്യു പറഞ്ഞു.

“വേണ്ട… അങ്ങോട്ടേക്ക് ചെല്ലുന്നത് ഹരിയേട്ടന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടം ആയെന്ന് വരില്ല ” കൃഷ്ണ പറഞ്ഞു.

“നമ്മൾ അവരെ കാണാൻ അല്ല പോകുന്നത്.. ഹരിയേയും മീനാക്ഷിയെയും കാണാൻ ആണ് ” അവൻ ഗൗരവത്തിൽ പറഞ്ഞു.

” പോണോ.. ” കൃഷ്ണ സംശയിച്ചു നിന്നു.

അവളുടെ കയ്യിൽ നിന്നു കീ വാങ്ങി അഭി ഹരിയുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു.

അവർ അവിടേക്ക് ചെന്നപ്പോൾ സന്ധ്യ കഴിഞ്ഞ നേരം ആയിരുന്നു.  വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ മീനാക്ഷി വന്നു നോക്കി.

“കൃഷ്ണ…. ” അവൾ ഉറക്കെ വിളിച്ചു. സന്തോഷത്തോടെ മീനാക്ഷി ഓടിവന്നു അവളെ കെട്ടിപിടിച്ചു.

“നീ വരുമെന്ന് ഞാൻ തീരെ കരുതിയില്ല. ” അവൾ കൃഷ്ണയുടെ മുഖം കൈകളിലെടുത്തു പറഞ്ഞു. മീനാക്ഷിയുടെ മുഖത്തു സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു. അഭിയേയും കൃഷ്ണയെയും അവൾ അകത്തേക്ക് ക്ഷണിച്ചിരുത്തി.  രാധാകൃഷ്ണനും പാർവതിയും പുറത്തേക്ക് ഇറങ്ങി വന്നു. അഭിമന്യു എഴുന്നേറ്റു ചെന്നു രാധാകൃഷ്ണന് ഷേക്ക്‌ ഹാൻഡ് നൽകി.  മോശമായി എന്തെങ്കിലും അവർ പറയുമോ എന്നതായിരുന്നു കൃഷ്ണയുടെ പേടി.  എന്നാൽ അവളെ ഞെട്ടിച്ചുകൊണ്ട് വളരെ മാന്യമായി ഇരുവരും സംസാരിച്ചു. അഭി അവരെക്കൊണ്ട് അങ്ങനെ സംസാരിപ്പിച്ചു എന്നാണ് കൃഷ്ണയ്ക്ക് തോന്നിയത്.

അവർ തമ്മിൽ സംസാരിച്ചു ഇരുന്നപ്പോഴാണ് ഹരി ഹോസ്പിറ്റലിൽ നിന്നു തിരികെ എത്തിയത്. കൃഷ്ണയെ കണ്ടതും അവൻ ഒരു നിമിഷം നിശ്ചലനായി നിന്നു.

അടുത്ത നിമിഷം തന്നെ അവൻ അവളുടെ അരികിലേക്ക് നടന്നെത്തി

“വാട്ട്‌ എ പ്ലെസന്റ് സർപ്രൈസ്… ഞെട്ടിച്ചു കളഞ്ഞല്ലോ നീ ” അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു ഹരി പറഞ്ഞു.

” പെട്ടന്ന് തീരുമാനിച്ചതാ ഹരിയേട്ടാ.. എല്ലാവരെയും ഒന്ന് കാണാണം എന്ന് കുറെയായി കരുതുന്നു. ” കൃഷ്ണ ചിരിച്ചു.

” ഒരുപാട് നേരമായോ വന്നിട്ട് ” അവൻ അഭിയ്ക്ക് കൈ കൊടുത്തുകൊണ്ട് ചോദിച്ചു.

“കുറച്ചു നേരം ആയതേ ഉള്ളു ” അവൻ മറുപടി നൽകി.  അവർ തമ്മിൽ സംസാരിക്കട്ടെ എന്ന് കരുതി രാധാകൃഷ്ണനും പാർവതിയും മാറിക്കൊടുത്തു.  നാല് പേരും സംസാരിച്ചുകൊണ്ട് ഹോളിൽ ഇരുന്നു.

ഹരിയേ അന്ന് കണ്ടതിനേക്കാൾ കൂടുതൽ സന്തോഷവാനായി കൃഷ്ണയ്ക്ക് തോന്നി.  അന്ന് കണ്ടപ്പോൾ ഒരു വിഷാദം ആയിരുന്നു അവനു.  ഇന്ന് അതൊക്കെ മാറി കുസൃതി നിറഞ്ഞ പഴയ ഹരി ആയത് പോലെ.

“ഞങ്ങൾ ഒരു യാത്ര പോകാൻ ഇങ്ങനെ പ്ലാൻ ചെയ്തിരിക്കുകയാ ” സംസാരത്തിനിടയിൽ അഭി പറഞ്ഞു.

“എവിടേയ്ക്ക് ” ഹരി ചോദിച്ചു

“സ്ഥലം ഇത് വരെ തീരുമാനം ആയില്ല.. കുറച്ചു ദൂരേക്ക് പോകമെന്നാ മനസ്സിൽ ” കൃഷ്ണ പറഞ്ഞു.

“എവിടേയ്ക്ക് പോണം എന്നതിൽ കൺഫ്യൂഷൻ “

“എങ്കിൽ ഞാനൊരു സ്ഥലം പറയാം ” ഹരി പറഞ്ഞു

എവിടെയാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ മീനാക്ഷിയും കൃഷ്ണയും അവനെ നോക്കി.

“കേദാർനാഥ് !”

കൃഷ്ണയുടെ മനസിലേക്ക് ഒരു തണുപ്പ് അനുഭവപ്പെട്ടു. 

കേദാർനാഥ്… എന്നെങ്കിലും ഒരിക്കൽ അവിടെ പോകണമെന്ന് പണ്ട് താനും ഹരിയേട്ടനും മീനു ചേച്ചിയുമായി പറഞ്ഞത് അവൾക്ക് ഓർമ വന്നു. ഏതോ ബുക്കിൽ വായിച്ചറിഞ്ഞ സ്ഥലത്തെപറ്റി വാ തോരാതെ തന്നോട് ഹരിയേട്ടൻ പറഞ്ഞിട്ടുള്ളതാണ്.  അത് കേട്ടിട്ട് അന്ന് അവിടെ പോണമെന്നു വെറുതെ മനസിൽ ഒരുപാട് ആഗ്രഹിച്ചതും. അവൾ മീനു ചേച്ചിയെ വെറുതെയൊന്ന് പാളി നോക്കി. മുഖത്തു തന്നെ പോലെ തന്നെ അത്ഭുതം നിറഞ്ഞിരിക്കുന്നു.മീനുവും  പഴയ കാര്യങ്ങൾ ഓർക്കുകയാണെന്ന് അവൾക്ക് തോന്നി.

“ഞാൻ കേട്ടിട്ടുണ്ട്.. കേദാർനാഥിനെ പറ്റി.. ഉത്തരാഖണ്ഡിൽ അല്ലെ അത് ” അഭിമന്യു ചോദിച്ചു

” അതെ.. സൂപ്പർ പ്ലേസ് ആണ്.. ലൈഫിൽ ഒരിക്കലെങ്കിലും അവിടെ പോയിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാ.. നിങ്ങൾക്ക് അവിടേയ്ക്ക് ആയിക്കൂടെ ഈ യാത്ര ” ഹരി ചോദിച്ചു.

” എന്ത് പറയുന്നു കൃഷ്ണേ.. ” അവൻ ചോദിച്ചു

“എനിക്ക് സമ്മതമാ ” അവൾ പറഞ്ഞു

“ഹരി.. എങ്കിൽ പിന്നെ നിങ്ങൾ രണ്ടാളും  കൂടി വാ ഞങ്ങളുടെ കൂടെ.. നമുക്ക് ഒരുമിച്ചു പോയാലോ..നല്ലൊരു ട്രിപ്പ്‌ ആകും ഇത് ” അഭിമന്യു പ്രതീക്ഷയോടെ ഹരിയെ നോക്കി.

അവൻ മീനാക്ഷിയെ നോക്കി. അവളുടെ മുഖവും സമ്മതമാണെന്ന് വിളിച്ചു പറഞ്ഞു.

“ഷുവർ.. നമുക്ക് പോകാം ” ഹരി അഭിയ്ക്ക് കൈ നൽകികൊണ്ട് പറഞ്ഞു

മനസും ശരീരവും നിർമ്മലമാക്കുന്ന കേദാർനാഥിലെ  അസുലഭയാത്രയ്ക്കായി അഭിമന്യുവും കൃഷ്ണയും ഹരിയും മീനാക്ഷിയും തയ്യാറെടുത്തു.

ചില സത്യങ്ങൾ വെളിപ്പെടാനുള്ള യാത്ര

(തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Hridhayasaki written by Tina Tnz

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!