Skip to content

ഹൃദയസഖി – 5

  • by
hridhayasakhi

കൃഷ്ണയുടെ ഓർമ്മകൾ ചെന്നെത്തി നിന്നത് അവളുടെ എട്ടാം ക്ലാസ്സിലേക്ക് ആയിരുന്നു. ജൂൺ മാസത്തിലെ ഒരു പ്രവൃത്തി ദിവസം. കുട്ടികളെല്ലാം ക്ലാസ്സിൽ കയറി. ടീച്ചർ പഠിപ്പിച്ചു തുടങ്ങുന്നതേയുള്ളൂ.  ബെല്ലടിച്ചു ഏകദേശം 10 മിനിറ്റ് കഴിഞ്ഞതും സമരക്കാരായ കുറച്ചു കോളേജുകുട്ടികൾ ക്ലാസ്സിലേക്ക് കയറി വന്നു. എല്ലാവരോടും ക്ലാസിനു പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു.  ഹെഡ്മാസ്റ്ററുടെ അനുവാദം ഇല്ലാതെ പുറത്തു പോകാൻ പറ്റില്ലെന്ന അധ്യാപികയുടെ മറുപടിയിൽ കുട്ടികളെല്ലാം അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു.

“സ:അഭിമന്യു നിങ്ങളോട് സംസാരിക്കും. ” സമരത്തിന് വന്ന ഒരാൾ ഉറക്കെ പറഞ്ഞു.  കൂട്ടത്തിലെ നേതാവെന്ന് തോന്നിക്കുന്ന അഭിമന്യു സമരത്തിന്റെ കാരണത്തെക്കുറിച്ചു കുട്ടികളോട് സംസാരിച്ചു.അവന്റെ സംസാരത്തിനു ഇടയിൽ കുട്ടികൾ ബഹളം വെക്കുന്നത്  നിർത്താനായി  തന്റെ കൈ കൊണ്ട് ഡെസ്കിൽ ആഞ്ഞുതട്ടി. അതിന്റെ ശക്തിയിൽ പഴകിയ ഡെസ്കിലെ ആണി തെറിച്ചുചെന്നു കൊണ്ടത് മുൻവശത്തെ ബെഞ്ചിന്റെ അരികിലായി ഇരുന്ന കൃഷ്ണയുടെ നെറ്റിയിലും.

പകപ്പോടെ നോക്കിയ അഭിമന്യു കാണുന്നത് ചോര പൊടിയുന്ന നെറ്റിയിൽ കൈകൾ വെച്ചു തന്നെ നോക്കുന്ന കൃഷ്ണവേണിയെ ആണ്. ഉടനെ തന്നെ ടീച്ചറും മറ്റുകുട്ടികളും അവളെ പൊതിഞ്ഞു. സ്റ്റാഫ്‌ റൂമിലേക്ക് കൃഷ്ണയോടൊപ്പം അവനും ചെന്നു. ഫസ്റ്റ് എയ്ഡ് നൽകി അവളെ തിരികെ ക്ലാസ്സിലേക്ക് എത്തിക്കുന്നത് വരെ അവൻ നിരന്തരം ക്ഷമാപണം നടത്തിക്കൊണ്ടിരുന്നു.  അവിടെനിന്നു തിരികെ പോരുമ്പോഴും അവന്റെ മനസ്സിൽ തന്നെ നിറഞ്ഞ കണ്ണുകളാൽ നോക്കിയ കൃഷ്ണവേണിയുടെ മുഖം ആയിരുന്നു.

തുടർന്നുള്ള ദിവസങ്ങളിലും അവളെയൊന്ന് കാണാനും ക്ഷമ പറയാനുമായി അഭിമന്യു സ്കൂൾ പരിസരത്തു കറങ്ങി നടന്നു. ‘സാരമില്ല ചേട്ടൻ അറിയാതെ അല്ലെ ‘എന്ന അവളുടെ മറുപടിയിൽ അവനു ആശ്വാസം ലഭിച്ചു. എങ്കിലും ആ സംഭവം അവന്റെ മനസ്സിൽ വിങ്ങലായി നിലകൊണ്ടു.  അങ്ങനെ തന്റെ കൂട്ടുകാർ വഴിയാണ് അവളുടെ എല്ലാ വിവരങ്ങളും അഭി അറിഞ്ഞത്. പിന്നീട് കൃഷ്ണയെ കാണാനായി മാത്രം അവൻ സ്കൂളിൽ എത്താറുണ്ടായിരുന്നു.  സഹതാപത്തോടെയുള്ള നോട്ടം കാരണം പിന്നീട് അവൾ അവനോട് അധികം മിണ്ടാറില്ലായിരുന്നു. പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ പാസായത് അറിഞ്ഞപ്പോൾ  പ്രതിസന്ധികളെ തരണം ചെയ്തു വിജയിച്ച അവളോട്  അവനു ചെറിയൊരു ആരാധനയായി. എന്തൊക്കെയോ കാരണങ്ങൾകൊണ്ട് തുടർന്നു പഠിക്കാൻ വരാതെയിരുന്ന അവളെ മിസ്സ്‌ ചെയുന്ന പോലൊരു ഫീലിംഗ്. ഒരു വർഷത്തിന് ശേഷം വീണ്ടും +1 ൽ അഡ്മിഷൻ എടുത്ത് വന്നപ്പോഴേക്കും അഭിയിൽ കൃഷ്ണയോടുള്ള പ്രണയം പതിയെ മൊട്ടിട്ടിരുന്നു.

ഇഷ്ടമാണെന്നു തുറന്നു പറഞ്ഞ ദിവസം കൂർത്ത ഒരു നോട്ടമായിരുന്നു അവളിൽ നിന്നും ലഭിച്ചത്. അതിനു ശേഷം കണ്ടാലും അവൾ ഒന്ന് നോക്കുക കൂടി ചെയ്യാതെയായി. തന്നെ പാടെ അവഗണിച്ചു എന്നു തോന്നിയിട്ടും അവളുടെ പിന്നാലെതന്നെ അഭി ഉണ്ടായിരുന്നു. ഒരിക്കൽ വഴിയിൽ വെച്ചു കൃഷ്ണയെ കടന്നു പിടിച്ച ശ്രീജിത്തിന്,  അഭി കരണം പുകച്ചൊന്നു കൊടുത്തു. അന്നാണ് കൃഷ്ണ അവനെ അവസാനമായി കണ്ടത്.  പക്ഷെ അതിൽപിന്നെ അവളുടെ  നിഴലായി  അഭിമന്യു ഉണ്ടായിരുന്നു,  അവൾ പോലും അറിയാതെ.!

ബൈക്ക് നിർത്തിയപ്പോഴാണ് കൃഷ്ണയ്ക്ക് സ്ഥലകാലബോധം ഉണ്ടായത്. പെട്ടന്ന് അവൾ പിന്നിലെ സീറ്റിൽ നിന്നും ഇറങ്ങി.

ഇത്രയും നാളുകൾക്കു ശേഷമൊരു കണ്ടുമുട്ടൽ. എന്താ ഇപ്പൊ പറയുക എന്ന ശങ്ക അവൾക്കുണ്ടായി.

“വീണ്ടും പഠിക്കാൻ തീരുമാനിച്ചല്ലേ ”  അഭി ചോദിച്ചു

“മം “

“നന്നായി…. പഠിച്ചൊരു ഭാവി ഉണ്ടാകാൻ നോക്ക് “

അവൾ തലയാട്ടി.

“താങ്ക്സ് ” 

“എന്തിന്… ഇറ്റ്സ് മൈ ഡ്യൂട്ടി. താങ്ക്സ് ഒന്നും വേണ്ട,  പൊയ്ക്കോ “

അവളെ നോക്കാതെ തന്നെ അവൻ മറുപടി കൊടുത്തു.  ഗേറ്റ് കടന്നു അവൾ അകത്തേക്ക് കയറുന്നത് കണ്ടിട്ടാണ് അവൻ തിരികെ പോയത്.

തിരികെ പോകുംവഴി അവസാനമായി കൃഷ്ണയോട് സംസാരിച്ച ദിവസം അവനു ഓർമ വന്നു.

“ദയവു ചെയ്തു പിന്നാലെ നടന്നു മറ്റുള്ളവരെക്കൊണ്ട് പറയിക്കരുത് “

ശ്രീജിത്തിനെ തല്ലിയതിന്റെ അന്ന് നിറകണ്ണുകളോടെ അവൾ  പറഞ്ഞു.

എന്ത് പറയണം എന്നറിയാതെ അൽപനേരം അവളെനോക്കി നിന്നു.

“ഞാനായി നിനക്കൊരു ചീത്തപ്പേര് ഉണ്ടാകില്ല “

അവളുടെ നിസ്സഹായമായ നിൽപ്പ് കണ്ടിട്ടാണ് താൻ അങ്ങനെ പറഞ്ഞത്.

അത്രയും പറഞ്ഞു അന്ന് പിൻവാങ്ങിയത് ആണ്. പിന്നീടൊരിക്കലും അവളുടെ മുന്നിലേക്ക്‌ എത്തിയിട്ടില്ല. പക്ഷെ കാണാറുണ്ടായിരുന്നു. ദൂരെ നിന്നു,  അവളുടെ കണ്ണിൽപ്പെടാതെ എത്രയോ തവണ. 

അഭിയ്ക്ക് തന്റെ കൺകോണിൽ നനവ് അനുഭവപെട്ടു.മുഖത്തേക്ക് പതിച്ച മഴത്തുള്ളികൾക്കൊപ്പം  അവന്റെ കണ്ണിലെ നനവും കൂടിച്ചേർന്നു. !

ഇതേസമയം പകയെരിയുന്ന മനസോടെ ഇരിക്കയായിരുന്നു ശ്രീജിത്ത്‌.

“മതിയെടാ കുടിച്ചത്, എത്ര നേരമായി തുടങ്ങിയിട്ട് “

കള്ളുകുടിക്കുന്നതിന്റെയിടയിൽ അവന്റെ കൂട്ടുകാരൻ പറഞ്ഞു

“ഞാൻ ഇനിയും കുടിക്കും,  ഉള്ളിലെ തീ അണയുന്നില്ല.. അവൻ…. ആ അഭിമന്യു, എന്റെ ജീവിതത്തിൽ വിലങ്ങു തടിയായി നിക്കുവാ. “

“ഏത്.. SI അഭിമന്യുവോ “

“ആ പുന്നാരമോൻ തന്നെ.., വേണിയെ  എന്നൊക്കെ എന്റെ അടുത്ത് കിട്ടുന്നോ അന്നെല്ലാം അവനും ഇടയ്ക്ക് കേറി വരും. നാശം !”

“നീയൊന്ന് അടങ്ങ്. വെറുതെ പോലീസിന്റെ കയ്യിന്നു അടിവാങ്ങി കൂട്ടേണ്ട.  ആ പെണ്ണിനെ നീ വിട്ടേക്ക്  വേറെ ഒത്തിരിയെണ്ണത്തിനെ കിട്ടാനാണോ പാട് ” കൂട്ടുകാർ ഓരോരുത്തരും അവനെ പിന്മാറ്റാൻ ശ്രെമിച്ചുകൊണ്ടിരുന്നു. 

“അങ്ങനെ വെറുതെ കളയാൻ പറ്റില്ല.. കൃഷ്ണവേണി… അവളെ ഞാൻ ഒരുപാട് കൊതിച്ചുപോയതാ. അവളെ നേടിയിട്ടേ എനിക്ക് വിശ്രമമുള്ളൂ ” ശ്രീജിത്ത്‌ വീണ്ടും മദ്യം അകത്താക്കി.

“നോക്കിക്കോ അവനിട്ടു ഞാൻ പണിതിരിക്കും. ശ്രീജിത്താ പറയുന്നത് ” അവൻ ക്രൂരമായി ചിരിച്ചു.

*************************************

ആഴ്ചകളും മാസങ്ങളും വേഗത്തിൽ കടന്നുപോയികൊണ്ടിരുന്നു. കൃഷ്ണയ്ക്ക് ഫസ്റ്റ് ഇയർ എക്സാം ആരംഭിച്ചു.  ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ആയതുകൊണ്ട് അവൾക്ക് എക്സാം സെന്റർ അല്പം അകലെയാണ്  കിട്ടിയത്. എപ്പോഴും ബസ് സർവീസ് ഇല്ലാത്തതും ഊടുവഴികൾ നിറഞ്ഞതുമായ അവിടേക്ക് തനിയെ പോയി തിരികെ വരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തു രവീന്ദ്രൻ അവളോടൊപ്പം പോകാമെന്നു തീരുമാനിച്ചു.  എന്നാൽ അമ്മാവൻ ലീവ് എടുത്ത് പോകേണ്ടന്നു പറഞ്ഞു അവളെ എല്ലാ എക്സാമിനും കൊണ്ടുവിട്ടതും തിരികെ എത്തിച്ചതും ഹരി ആയിരുന്നു. രാവിലെ കൃഷ്ണയെ എക്സാമിന്‌ കൊണ്ടാക്കിയതിനു ശേഷം അവൻ ഹോസ്പിറ്റലിൽ പോകും. ഉച്ചയ്ക്ക് ചെന്നു അവളെയും കൂട്ടി തിരികെ കൊണ്ടാകും. എന്നിട്ട് വീണ്ടും അവൻ ഹോസ്പിറ്റലിൽ എത്തും.

‘ഇത്രയും ദൂരം കാറോടിച്ചു പോയി തിരികെ വരേണ്ട കാര്യമുണ്ടോയെന്നു ‘അച്ഛനും അമ്മയും അമ്മായിമാരുമൊക്കെ ചോദിച്ചു. “അവളെ പഠിപ്പിക്കാൻ മുൻകൈ എടുത്തത് ഞാനായത് കൊണ്ട് പരീക്ഷ എഴുതിക്കേണ്ടുന്ന ഉത്തരവാദിത്തം തനിക്കുണ്ടെന്ന “അവന്റെ ഉത്തരത്തിൽ പിന്നെയാരും ഒന്നും പറഞ്ഞില്ല.

അതിനിടയിൽ കൃഷ്ണ പല തവണ അഭിയെ കാണാൻ ഇടയായെങ്കിലും രണ്ടു പേരും തമ്മിലൊന്നും സംസാരിച്ചിരുന്നില്ല. അവൾ നോക്കിയാൽ തന്നെ അവൻ മുഖം തിരിക്കുകയാണ് ചെയ്യാറ്. എങ്കിലും താൻ പോകുന്നിടത്തെല്ലാം അവൻ ഉണ്ടല്ലോ എന്നവൾ ചിന്തിച്ചു.

ഫസ്റ്റ് ഇയർ പരീക്ഷയുടെ റിസൾട്ട്‌ വന്നതും കൃഷ്ണയ്ക്ക് ഫസ്റ്റ് ക്ലാസിനു മുകളിൽ  മാർക്ക് ഉണ്ടായിരുന്നു. അതിൽ  മറ്റുള്ളവരെക്കാൾ അധികം സന്തോഷിച്ചതും ഹരി ആയിരുന്നു . അവന്റെ  ആഹ്ലാദവും ആവേശവും കണ്ടപ്പോൾ തന്നോടുള്ള സമീപനം കണ്ടപ്പോൾ കൃഷ്ണയിൽ പഴയ സംശയം വീണ്ടും ഉടലെടുത്തു. അവന്റെയുള്ളിൽ തന്നോട് പ്രണയം ആണോയെന്ന് ഉറപ്പിക്കണം എന്നവൾ കരുതി.  തുറന്നു ചോദിക്കാനുള്ള അവസരത്തിനായി അവൾ കാത്തിരുന്നു.

ഹരി തന്നെ അതിനൊരു അവസരം റെഡി ആക്കി. ഒരു അവധിദിനത്തിൽ ചെറിയൊരു ഔട്ടിങ്  അവൻ പ്ലാൻ ചെയ്തിരുന്നു.  അടുത്തുള്ള ഒരു പാർക്കിൽ ഇത്തിരി നേരം, പിന്നെ ബീച്ച്,  അത് കഴിഞ്ഞു ചെറിയൊരു ഷോപ്പിംഗ് പിന്നെ പുറത്തുനിന്നു ഭക്ഷണം.  എല്ലാവരും അതിനു സമ്മതം അറിയിച്ചു. ഒരാൾ പോലും ഒഴിഞ്ഞു നിൽക്കാതെ എല്ലാവരും ഒത്തൊരുമിച്ചു ഔട്ടിങ്ങിനായി പുറപ്പെട്ടു.

പാർക്കിലെത്തി കുറെ നേരം എല്ലാവരും ചിലവഴിച്ചു. അതുകഴിഞ്ഞു അഞ്ചു മണിയോടെ ബീച്ചിലേക്ക് എത്തി. കടൽവെള്ളത്തിൽ കാലു നനയ്ക്കാനും തിരമാലയിൽ കളിക്കാനും എല്ലാവരും പ്രായഭേദമെന്യ ഉത്സാഹിച്ചു.  കൃഷ്ണ നോക്കിയപ്പോൾ എല്ലാവർക്കും പിറകിലായി അല്പം മാറി നിൽക്കുന്ന ഹരിയെ കണ്ടു.  അവളെ കണ്ടതും തന്റെ അരികിലേക്ക് വരാൻ ഹരി കണ്ണുകൊണ്ട് ആംഗ്യം കാട്ടി.  അവൾ ചെന്നതും ഹരി അവളുടെ കണ്ണുകളിലേക്കു നോക്കിനിന്നു.  അവനു തന്നോട് എന്തോ പറയാൻ ഉണ്ടെന്നു മുഖഭാവത്തിൽ നിന്നും വ്യക്തമായി.

” ഹരിയേട്ടന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ “

അവൾ മുഖവുരയില്ലാതെ ചോദിച്ചു.

“എങ്ങനെ മനസിലായി” അവൻ തിരികെ ചോദിച്ചു

“അങ്ങനെ തോന്നി.”

“മം… നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ “

“ഉണ്ട് “

“എങ്കിൽ പറയ്, ” അവൻ അവളുടെ മുഖത്തേക്ക് നോക്കിനിന്നു.

“ഹരിയേട്ടൻ പറയ്.. അത് കഴിഞ്ഞു ഞാൻ പറയാം ” തന്റെ ഉള്ളിൽ മുളച്ച മോഹത്തെക്കുറിച്ചു പറയാൻ ഇതാണ് പറ്റിയ സാഹചര്യം എന്നവൾ കരുതി.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ സംസാരിക്കാൻ തുടങ്ങി.

“നിനക്ക് അറിയാലോ എനിക്ക് 25 വയസ് ആകുന്നു.  ഒരു ആണിന് വിവാഹം ചെയ്യാനുള്ള പ്രായം ആയോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. പക്ഷെ അമ്മയും അച്ഛനും എനിക്ക് വേണ്ടി ഇപ്പോഴേ പെണ്ണിനെ കണ്ടുപിടിക്കാനുള്ള ശ്രെമത്തിലാ.. കുറെ ആലോചനകളൊക്കെ കൊണ്ടുവന്നു.. എന്നാൽ എനിക്ക് അതൊന്നും അംഗീകരിക്കാൻ കഴിഞ്ഞില്ല.. കാരണം.. എന്നെ  മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാൾ ഉണ്ട്.. “

കൃഷ്ണ ശ്വാസം അടക്കിപ്പിടിച്ചു അവന്റെ വാക്കുകൾ കേട്ടുനിന്നു.

“എനിക്ക് അറിയില്ലായിരുന്നു എന്നെ ഞാൻ അറിയാതെ ഇഷ്ട്ടപെടുന്ന ഒരാൾ ഉള്ള കാര്യം.. അതും നമ്മുടെ വീട്ടിൽ തന്നെ.. അത് അറിഞ്ഞതും എനിക്ക് ആദ്യം ഒരു ഷോക്ക് ആയിരുന്നു.. വിശ്വസിക്കാൻ പറ്റിയില്ല.. പക്ഷെ…അതൊരു സത്യം ആണ്.

ഹരി ഒന്ന് നിർത്തിയതിനു ശേഷം കൃഷ്ണയെ നോക്കി. അവളുടെ മുഖത്തു ആധി നിറയുന്നത് അവൻ കണ്ടു.

“നിനക്ക് ആ ആൾ ആരാണെന്ന് അറിയേണ്ടേ? ” ഹരി ചോദിച്ചു.

വേണമെന്ന അർത്ഥത്തിൽ അവൾ തല കുലുക്കി.

” മീനാക്ഷി !”

ഒരു വലിയ തിരമാല അവർക്കരികിലുള്ള പാറയിൽ ശക്തിയോടെ വന്നു പതിച്ചു.  കേട്ടത് വിശ്വാസം വരാതെ അവൾ ഹരിയെനോക്കി നിന്നു.

“മീനു ചേച്ചിയോ.. ” അവൾ എടുത്തു ചോദിച്ചു.

“മം.. അതെ… വർഷങ്ങളായി ഞാൻപോലും അറിയാതെ അവൾ എന്നെ സ്നേഹിക്കുന്നു.. ഈ അടുത്ത സമയത്താണ് ഞാനത് അറിഞ്ഞത്.” ഹരി കടലിലേക്ക് നോക്കി പറഞ്ഞു.

കൃഷ്ണയുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.

മീനുചേച്ചി ഹരിയേട്ടനെ ഇഷ്ട്ടപെടുന്നുവെന്നോ.. അതും വർഷങ്ങളായി ആരും അറിയാതെ മനസ്സിൽ കൊണ്ട് നടന്നുവോ.. താൻ ചെയ്തത് പോലെ.. ഒരേ സമയം താനും മീനുവേച്ചിയും ഹൃദയത്തിൽ കൊണ്ട് നടന്നത് ഒരാളെ ആയിരുന്നോ..

അവളുടെ തല പെരുക്കുന്നത് പോലെ തോന്നിച്ചു. 

“കൃഷ്ണേ ” ഹരി ആർദ്രമായി വിളിച്ചു.

“മീനാക്ഷിയോട് ഞാൻ മറുപടി പറഞ്ഞിട്ടില്ല.. അവൾ എന്നെ സ്നേഹിക്കുന്ന കാര്യം ഞാൻ അറിഞ്ഞതായിപോലും ഭാവിച്ചിട്ടില്ല.ഇപ്പൊ  ഞാൻ എന്തിനാ ഇക്കാര്യം നിന്നോട് പറയുന്നതെന്ന് അറിയോ..”

അവൾ ഇല്ലന്ന് തലയാട്ടി.

“കാരണം,  ഞാൻ നിന്നെ ഇഷ്ട്ടപെട്ടിരുന്നു  “

കൃഷ്ണ  കണ്ണുകൾ വിടർത്തി അവനെ നോക്കി.

“എന്റെയുള്ളിൽ നിന്നോട് അങ്ങനെയൊരു ഇഷ്ടം ഉണ്ടായിരുന്നു.. എപ്പോഴോ തോന്നിപോയതാണ്.. പക്ഷേ തുറന്നു പറയാൻ കഴിഞ്ഞിട്ടില്ല..പറയണം എന്നു പലകുറി ചിന്തിച്ചു.. എന്നാൽ പറ്റിയില്ല.. ഇനി അത് അറിയാതെ വയ്യ.. നിന്റെ മനസ് എനിക്ക് അറിയണം ഇന്ന്. “

” നിന്റെയുള്ളിൽ  എന്നോട് പ്രണയം ഉണ്ടോ “

ഹരി പ്രതീക്ഷയോടെ അവളെ നോക്കി

(തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Hridhayasaki written by Tina Tnz

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!