Skip to content

ഹൃദയസഖി – 19

  • by
hridhayasakhi

കൃഷ്ണ അക്ഷമയോടെ മറുപടിക്കായി കാത്തു.

” ഒന്നാമത്തെ കാര്യം നിന്റെ മുറച്ചെറുക്കൻ ശ്രീജിത്ത്… അവൻ നിന്നെ സംബന്ധിച്ചെടുത്തോളം ഒരു ശല്യം തന്നെയാണ്. എത്രയൊക്കെ ശ്രമിച്ചാലും നിന്നെ വിടാതെ പിന്തുടരുന്ന പിശാച്. “

കൃഷ്ണ ഒന്നും മനസ്സിലാകാതെ അഭിയെ  നോക്കി.

” യൂ നോ വൺ തിങ്ക്.. ഹി  ഈസ് എ ബോൺ ക്രിമിനൽ.. അവന്റെ ലക്ഷ്യം നീയാണ്.”

“എന്ത്.. !”

കൃഷ്ണ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. അഭി  അവളെ തന്റെ അരികിലായി പിടിച്ചിരുത്തി.

” കൃഷ്ണ ഞാൻ പറയുന്നത് നീ മുഴുവനായി കേൾക്കുക.. അന്ന് നിന്റെ അച്ഛമ്മയോട് ഞാൻ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ അവർ എന്നോട് പറഞ്ഞ കാര്യമാണ് ഇത്.. ശ്രീജിത്തിന് ഒരുപാട് പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്ന  കഥകളൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്.. പെണ്ണ് കേസിൽ അവൻ സ്ഥിരം അകത്താക്കുന്നതും  ആണ്.. അങ്ങനെയുള്ള അവനു  നിന്റെ മേൽനോട്ടം ഉണ്ടെന്ന് മനസ്സിലാക്കിയത് ആദ്യം നിന്റെ അച്ഛമ്മയാണ്.. അതുകൊണ്ടുതന്നെ നിന്നെ അവനിൽ നിന്ന് സംരക്ഷിക്കാൻ കഴിവുള്ള ഒരാളെ മാത്രമേ ഏൽപ്പിക്കുകയും ഉള്ളൂ എന്ന് അവർ എന്നോട് പറഞ്ഞു.”

“അന്ന് എനിക്ക് ജോലിയൊന്നുമില്ല.. അത്യാവശ്യംനല്ല രീതിയിൽ രാഷ്ട്രീയപ്രവർത്തനം ഉണ്ട്. ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാമെന്ന് വാക്ക് കൊടുത്തെങ്കിലും നിന്റെ അച്ഛമ്മയ്ക്ക് അത് പോരായിരുന്നു… നിനക്ക് സുരക്ഷിതത്വം തരാൻ ഞാൻ പ്രാപ്തനാണെന്നു തെളിയിക്കാൻ പറഞ്ഞു. അങ്ങനെ തെളിയിച്ചാൽ നിന്നെ എന്റെ കയ്യിലേൽപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന്.. “

അഭി ഒന്ന് നിർത്തി കൃഷ്ണയെ നോക്കി. ശേഷം വീണ്ടും തുടർന്നു.

” അങ്ങനെ തെളിയിച്ചാൽ മാത്രം പോരാ.. നിനക്ക് എന്നെ ഇഷ്ടമാകുന്ന കൂടി വേണമെന്ന് പറഞ്ഞു “

അവൻ ഒന്ന് ചിരിച്ചു.

” അങ്ങനെയാണ് സ്വന്തമായി ഒരു ജോലി വേണമെന്ന തീവ്ര മോഹം എന്റെ ഉള്ളിൽ ഉദിച്ചത്.. നിന്നെ സംരക്ഷിച്ചു കൊള്ളാം എന്നുള്ള പൂർണ്ണ ബോധ്യം എനിക്ക് ഉണ്ടെങ്കിലും.. നിന്റെ അച്ഛമ്മയെ ബോധിപ്പിക്കാൻ എന്റെ മുന്നിലുണ്ടായിരുന്ന ഓപ്ഷൻ ആണ് പോലീസിൽ ചേരുക എന്നുള്ളത്..

പിന്നീട് അതിനു വേണ്ടിയുള്ള ശ്രമം ആയിരുന്നു. ശരിക്കും പറഞ്ഞാൽ നല്ല എഫേർട്  എടുത്തു പഠിച്ചു നേടിയതാണ് പോലീസ് യൂണിഫോം.. അതിനിടയിൽ ഒരുതവണ എന്റെ അച്ഛനും അമ്മയും കൂടി നാരായണി അമ്മയെ വന്ന് കണ്ടിരുന്നു.അത് എന്റെ നിർബന്ധപ്രകാരമാണ്.. നിന്നെ മറ്റൊരാൾക്കും കൊടുക്കില്ല  എന്നുള്ള ഒരു വാക്ക് കിട്ടാൻ വേണ്ടി.  അവരോടും നിന്റെ അച്ഛമ്മ പറഞ്ഞ ഒരു കാര്യം നീ സമ്മതം എന്ന് പറയാതെ ഈ കല്യാണം നടക്കില്ല എന്നു  തന്നെയാണ്..”

“പക്ഷേ ഒരു ചെറിയ ഉറപ്പു കിട്ടി എനിക്ക് അതിന്റെതായ ഒരു ആത്മവിശ്വാസമുണ്ടായിരുന്നു.. ഇതൊന്നും നീ അറിഞ്ഞിട്ടില്ല.

ഞാൻ ജോലിക്കായി ശ്രമിക്കുന്ന സമയത്താണ് ശ്രീജിത്തിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നത്.. സത്യത്തിൽ ഞെട്ടിപ്പോയി അവന്റെ ഹിസ്റ്ററി അറിഞ്ഞപ്പോൾ.. അവൻ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ..

സത്യത്തിൽ അവൻ ഒരു മാനസിക രോഗിയാണ്!”

“മാനസികരോഗിയോ…” കൃഷ്ണയുടെ ശബ്ദത്തിൽ പതർച്ച ഉണ്ടായിരുന്നു..

” അതെ… ഒരുപാട് വൈകൃതങ്ങൾ ഉള്ള ഒരു മനുഷ്യനാണ് അവൻ. പെണ്ണെന്നാൽ അവന് ഭ്രാന്താണ്.. ആഗ്രഹിച്ച ഏതു പെണ്ണിനെയും ഏതുവിധേനയും സ്വന്തമാക്കിയിട്ടെ ഉള്ളൂ. അതിനായി എന്തുമാർഗ്ഗവും സ്വീകരിക്കും.”

കൃഷ്ണ  പേടിയോടെ അവന്റെ  വാക്കുകൾ കേട്ടിരുന്നു.

“നിനക്കറിയുമോ.. പലതവണ എന്റെ കയ്യിൽ നിന്ന് അവൻ വാങ്ങിയിട്ടുണ്ട്.. നിന്റെ പിന്നാലെ ഉള്ള വരവ് കാരണം… എന്നിട്ടും  അവൻ അത് നിർത്തിയിട്ടില്ല.. അവസരം കിട്ടുമ്പോഴെല്ലാം നിന്റെ അടുത്തേക്ക് വന്നു കൊണ്ടിരിക്കുകയായിരുന്നു.. അത് നിന്നെ ഉപദ്രവിക്കാൻ വേണ്ടി ആണെന്നുള്ളത് എനിക്കറിയാമായിരുന്നു.. അതുകൊണ്ടാണ് പലപ്പോഴും നീയറിയാതെ നിന്റെ പിന്നാലെ ഞാൻ ഉണ്ടായിരുന്നത്.. “

” ഞാൻ ചാർജ് എടുത്തതിന് പിന്നാലെ ആദ്യം ചെയ്ത കാര്യം ശ്രീജിത്തിന്റെ  പേരിലുള്ള കേസുകൾ കുത്തിപ്പൊക്കുക  ആയിരുന്നു.. ഓരോ കേസിലും ഞാൻ അവനെ അകത്താക്കും തോറും അവനെ രക്ഷപ്പെടുത്താൻ ആൾക്കാർ പുറത്തു ഉണ്ട് എന്നതാണ്  സത്യം.”

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അഭി വീണ്ടും തുടർന്നു.

“പക്ഷേ ഞാൻ മനസ്സിലാക്കിയ മറ്റൊരു സത്യമുണ്ട് കൃഷ്ണേ.. അവൻ മറ്റുള്ള പെണ്ണുങ്ങളെ കാണുന്നത് പോലെ.. അല്ലെങ്കിൽ അതിനേക്കാൾ മുകളിലാണ് നിന്നെ കാണുന്നത്.. നീ എന്നാൽ അവന് ലഹരിയാണ്..  ഏതുവിധേനയും അവൻ നേടാൻ ശ്രമിക്കും.. അതിനു സാധിച്ചില്ലെങ്കിൽ നിന്നെ ഇല്ലാതാക്കാൻ പോലും അവൻ മടിക്കില്ല “

” എന്തൊക്കെയ അഭിയേട്ടാ  പറയുന്നത്.. എനിക്ക്…എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. “കൃഷ്ണ വിയർത്തു.

“എന്നെ അയാൾ ഇല്ലാതാക്കുമോ.. ..!”

കൃഷ്ണ കൈവിരലുകൾ കടിച്ചു.

“ഇറ്റ് ഈസ്‌ ആ ഫാക്ട്…

അന്നൊരിക്കൽ അവനെ ലോക്കപ്പിൽ  വച്ച് ഞാൻ കൈകാര്യം ചെയ്തിരുന്നു . പിറ്റേന്ന് ചെല്ലുമ്പോൾ ഞാൻ കാണുന്ന കാഴ്ച സ്വന്തം കൈ മുറിച്ചു  ആ രക്തം കൊണ്ട് ഭിത്തിയിൽ നിന്റെ പേര് എഴുതിയിരിക്കുന്നത് ആണ്..

ഹി ഈസ് എ സൈക്കോ!

ഭയക്കണം അവനെ ഒരുപാട്.. “അഭിമന്യു പറഞ്ഞു

“ഇനി പേടിക്കേണ്ടതുണ്ടോ .. അയാൾ  ജയിലിൽ അല്ലെ . ഇനി ശല്യത്തിന് വരില്ലല്ലോ ” അവൾ ചോദിച്ചു

” പക്ഷേ അവനെ  രക്ഷിക്കാൻ ഒരുപാട് ആൾക്കാർ ഉണ്ട് പുറത്ത്.. അവർ ആരൊക്കെയാണെന്ന് കണ്ടെത്തണം.. ഇനി ഒരിക്കലും രക്ഷപ്പെട്ടു  നിന്നെ ശല്യം ചെയ്യാൻ വരാത്ത രീതിയിൽ അവനെ പൂട്ടണം..”  അഭി പറഞ്ഞു

തലകുമ്പിട്ട് അവൻ പറയുന്നത് എല്ലാം കേട്ട് ഇരിക്കുകയായിരുന്നു കൃഷ്ണ.. ഭയം അവളെ കീഴ്പ്പെടുത്തി. ശരീരം ആകമാനം വിറയ്ക്കുന്നുണ്ടായിരുന്നു.

“നമ്മൾ ചില വാർത്തകൾ  കേൾക്കാറില്ലേ.. സ്നേഹിച്ച പെണ്ണിന്റെ  മുഖത്ത് ആസിഡ് ഒഴിച്ചു,  പെട്രോൾ ഒഴിച്ച് കത്തിക്കുന്നു എന്നൊക്കെ.. അവരൊക്കെ ഓരോ മനോരോഗികൾ ആണ്.. താൻ ആഗ്രഹിച്ചത്  തനിക്ക് കിട്ടിയില്ലെങ്കിൽ മറ്റാർക്കും കിട്ടരുത് എന്നുള്ള ഒരുതരം ഭ്രാന്തമായ അവസ്ഥ .. ആ ഒരു കാറ്റഗറി ആണ് ശ്രീജിത്ത്.. അവൻ മനസ്സിൽ കൊതിച്ചത് അവന് കിട്ടിയില്ല…ആ പക അവന്റെയുള്ളിൽ ഉണ്ട്.  ഈ ഒരവസരത്തിൽ നിന്നെ ഇല്ലാതെയാക്കാൻ ആകും  അവൻ  ശ്രമിക്കുക … നിന്നെ സ്വന്തമാക്കിയ എന്നെയും ഇല്ലാതാക്കാൻ ശ്രമിക്കും… “കൃഷ്ണ പേടിയോടെ മുഖമുയർത്തി നോക്കി..

“നിന്നെ പേടിപ്പിക്കാൻ വേണ്ടി അല്ല ഞാൻ ഇതെല്ലാം പറഞ്ഞു തരുന്നത്.. നീ അറിഞ്ഞിരിക്കണം ഇതെല്ലാം.. ഹി ഈസ് എ ഡെയിഞ്ചറസ്  ഫെല്ലോ “

അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു അഭിമന്യു പറഞ്ഞു.

“ശ്രീജിത്ത്‌ നിനക്കൊരു തീരാശല്യം ആയേക്കുമെന്നു നിന്റെ അച്ഛമ്മ മുൻകൂട്ടി കണ്ടിരുന്നു.. നിനക്ക്  ഇടയ്ക്കെങ്കിലും തോന്നിയിട്ടില്ലേ.. അവർക്ക് നിന്നോട് സ്നേഹം ഇല്ലന്ന്.. “

അതെയെന്ന് അവൾ തലകുലുക്കി.

” സ്നേഹത്തേക്കാൾ കൂടുതൽ കരുതൽ നിന്നോട് ഉണ്ടായിരുന്നു.. ശ്രീജിത്തിന്റെ കയ്യിൽ അകപ്പെടാതെ നിന്നെ സേഫ് ആക്കണം എന്ന് ആത്മാർഥമായി അവർ ആഗ്രഹിച്ചിട്ടുണ്ട്. നിന്നെ പലപ്പോഴും തുടർന്ന് പഠിക്കാൻ വിടാൻ മടിച്ചത് നീ പഠിക്കാനായി പോകുമ്പോൾ ആപത്തു വരുമോയെന്ന പേടി കൊണ്ടാണ്. ചെമ്പകശ്ശേരിയിൽ നീ സുരക്ഷിതയാണ് എന്നാൽ പുറത്ത് ഇറങ്ങുമ്പോൾ അങ്ങനെ അല്ല. “

പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴും +2 കഴിഞ്ഞപ്പോഴും തന്നെ തുടർന്ന് പഠിപ്പിക്കുന്നതിൽ അച്ഛമ്മ ഉത്സാഹം കാട്ടാതെ ഇരുന്നത് അവൾക്ക് ഓർമ വന്നു. 10 കഴിഞ്ഞു 1 വർഷത്തോളം ചെമ്പകശ്ശേരിയിൽ തന്നെ ആയിരുന്നു. പിന്നീട് ഹരിയേട്ടൻ ഇടപെട്ടാണ് വീണ്ടും പഠിക്കാൻ അവസരം ഉണ്ടായത്.. +2 കഴിഞ്ഞപ്പോഴും അങ്ങനെ തന്നെ.

“നീ പോകുന്നിടത്തെല്ലാം എന്റെ സാമീപ്യം ഉണ്ടെന്ന് മനസ്സിലാക്കിയതും ഞാൻ നിനക്ക് സംരക്ഷകൻ ആകുമെന്നും ഉറപ്പായതോടെ നിന്നെ എന്റെ കൈകളിലേക്ക് ഏൽപ്പിക്കാൻ നാരായണി അമ്മ ഉള്ളാലെ ആഗ്രഹിച്ചിരുന്നു.. അതാണ്‌ അന്ന് ഞാൻ വന്നു വിവാഹാലോചന മുന്നോട്ട് വെച്ച ഉടനെ അവർ സമ്മതം അറിയിച്ചത്.. അല്ലാതെ നീ കരുതും പോലെ ഒത്തുകളിയോ നാടകമോ ഒന്നുമല്ല…. അവർ എന്നെ വിശ്വസിക്കുന്നു ഒരുപാട് !”

“ആ അമ്മയുടെ വിശ്വാസം നേടിയെടുക്കാൻ എനിക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടി  വേണ്ടി വന്നു..അത് പോലെ എന്റെ പ്രണയത്തെ സ്വന്തം ആക്കാനും… !”

അഭി ദൂരേക്ക് നോക്കി പറഞ്ഞു.

കൃഷ്ണ അവൻ പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സിരുത്തി ചിന്തിക്കുകയായിരുന്നു. താൻ പോകുന്നിടത്തെല്ലാം അഭിമന്യു ഉണ്ടല്ലോയെന് പല തവണ ആലോചിച്ച കാര്യമാണ്.  അതൊക്കെ തന്നെ ഇഷ്ടം ആയത് കൊണ്ട് വരുന്നതാകുമെന്നെ ഇത്രയും നാൾ കരുതിയുള്ളൂ. അത്കൊണ്ട് തന്നെയാണ് ഒരിക്കൽ പോലും അവനെ  ഗൗനിക്കാതെ,  ഒരു നോട്ടം കൊണ്ട് പോലും അവഗണിച്ചിരുന്നതും. പക്ഷേ അതിന്റെയൊക്കെ പിറകിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. തന്റെ മുന്നിൽ ശ്രീജിത്ത്‌ എത്തുമ്പോഴെല്ലാം പിന്നാലെ അഭിയും ഉണ്ടായിരുന്നു.. അപ്പോഴും അവന്റെ കയ്യിൽ നിന്ന് തന്നെ  രക്ഷപെടുത്തി മനഃപൂർവം  നായകപരിവേഷം അണിയാൻ ശ്രമിക്കുന്നു എന്നാണ് കരുതിയത്.. എന്നാൽ തന്റെ തോന്നലുകൾ എല്ലാം തെറ്റിയിരിക്കുന്നു.. അവയേക്കാൾ എത്രയോ മുകളിൽ ആയിരുന്നു  സത്യം. കുറ്റബോധത്തിന്റെ ചെറിയൊരു നീറ്റൽ അവളിൽ ഉണ്ടായി.കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു.

” നമുക്ക് തിരിക്കണ്ടേ.” കൃഷ്ണയുടെ കൈകൾ കവർന്നുകൊണ്ട് അഭി ചോദിച്ചു.

” പോകാം “അവൾ  പെട്ടന്ന് എഴുന്നേറ്റു. പിന്നാലെ അഭിയും. തിരികെയുള്ള യാത്രയിൽ വളരെ വേഗത്തിലാണ് അഭി  ബൈക്ക് ഓടിച്ചത്. വൈകിട്ട് റിസപ്ഷൻ അറേഞ്ച് ചെയ്തിട്ടുള്ളതുകൊണ്ട് വീട്ടിലെത്തിയിട്ട് അല്പം തിരക്കുകൾ ഉണ്ടായിരുന്നു.യാത്രയ്ക്കിടയിൽ  തന്റെ തോളിൽ വെച്ചിരുന്ന കൃഷ്ണയുടെ കൈകൾ മുറുകുന്നത് അഭി അറിയുന്നുണ്ടായിരുന്നു.

“എന്ത് പറ്റി. “ബൈക്ക് റോഡിന് അരിക ത്തേക്ക് സ്ലോ ചെയ്തു നിർത്തിക്കൊണ്ട് അവൻ ചോദിച്ചു.

” കുറച്ച് പതിയെ പോകുമോ. ഇത്രയും സ്പീഡ് വേണ്ട. “അവൾ പറഞ്ഞു

ഒന്ന് മൂളികൊണ്ട് അവൻ വീണ്ടും ബൈക്കെടുത്തു. എന്തൊക്കെയോ ഓർത്തു കൊണ്ടുള്ള ടെൻഷനിൽ സ്പീഡ് കൂടി പോയതാണ്. അവൻ പരമാവധി വേഗം കുറച്ച് ബൈക്ക് ഓടിക്കാൻ തുടങ്ങി. വീട്ടിൽ എത്തുന്നതു വരെയും കൃഷ്ണ അഭിയുടെ വയറിന്മേൽ തന്റെ കൈകൾ ചുറ്റിപ്പിടിച്ചിരുന്നു.

വീട്ടിലെത്തിയതും മുറ്റത്ത് റിസപ്ഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. മുറ്റത്തായി ചെറിയ ഒരു സ്റ്റേജ് ഒരുക്കിയിരുന്നു.  വരുന്നവർക്കെല്ലാം ഭക്ഷണം കൊടുക്കാനുള്ള ടേബിളും ചെയറും ഒക്കെ അറേഞ്ച് ചെയ്യുന്ന തിരക്കിലായിരുന്നു അനിരുദ്ധും പ്രതാപനും. കൃഷ്ണ അഭിയോടൊപ്പം അകത്തേക്ക് കയറി. അവളെ കണ്ടതും ഏട്ടത്തിമാർ  രണ്ടുപേരും അവളെ മുകളിലേക്ക് വിളിച്ചു കൊണ്ടുപോയി. റിസപ്ഷന് അണിയാനായി ഇരുവർക്കും ഡ്രസ്സ് എടുത്തു വെച്ചിട്ടുണ്ടായിരുന്നു. ചുവപ്പു നിറത്തിലുള്ള ഒരു ലഹങ്കയാണ് കൃഷ്ണ ക്കായി വാങ്ങിയിരുന്നത്. സ്വപ്നയും വീണയും അവളെ കാണിച്ചു.

” നിനക്ക് നന്നായി ഇണങ്ങുന്നുണ്ട് കൃഷ്ണേ ഈ നിറം ” സ്വപ്ന പറഞ്ഞു

അവൾക്ക് വേണ്ടി വാങ്ങിയിരുന്ന ഓർണമെൻസ് എല്ലാം അവളെ ഏൽപ്പിച്ചു.

” റിസപ്ഷന് വേണ്ടി തനിയെ ഒരുങ്ങുമോ അതോ ഞങ്ങൾ ഒരുക്കണോ ..” വീണ  അവളോട് ചോദിച്ചു.

“ഞാൻ ഒരുങ്ങിക്കോളാം ” കൃഷ്ണ  ആരോടെന്നില്ലാതെ പറഞ്ഞു.  അവൾ മറ്റേതോ ലോകത്തായിരുന്നു.. ഏട്ടത്തി മാർ രണ്ടുപേരും അവളുടെ താല്പര്യമില്ലായ്മ ശ്രദ്ധിക്കുകയും ചെയ്തു.

വൈകിട്ട് ഏഴുമണിയോടെ റിസപ്ഷൻ തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. ആറര കഴിഞ്ഞപ്പോൾ തന്നെ സ്വപ്നയും വീണയും ചേർന്ന് അവളെ ഒരുക്കി നിർത്തിയിരുന്നു. അഭിമന്യു വരുമ്പോൾ അവൾ ബാൽക്കണിയിൽ ചെന്ന് പുറത്തേക്ക് കാഴ്ചകൾ കണ്ടു നിൽക്കുകയായിരുന്നു . അവൻ വിളിച്ചപ്പോഴാണ് അകത്തേക്ക് വന്നത്.

“എന്തുപറ്റി നിനക്ക്. “അവളുടെ മ്ലാനമായ മുഖം കണ്ടിട്ട് അവൻ ചോദിച്ചു.

” എനിക്കെന്തോ പേടി തോന്നുന്നു.” കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവൾ പറഞ്ഞു

” ശ്രീജിത്തിന്റെ കാര്യമാണോ..” ഉടനടി അവൻ ചോദിച്ചു

” അതെ.”

അഭി അവളെ തന്റെ നേരെ തിരിച്ചു നിർത്തി. അവളുടെ മുഖം ഇരുകൈയാലും കോരിയെടുത്തു.

” നോക്ക് കൃഷ്ണ ഞാനൊരു കാര്യം പറയാം.. അഭിമന്യുവിന്റെ ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം ശ്രീജിത്ത് എന്നല്ല വേറെ ഒരാളും നിന്നെ ഉപദ്രവിക്കില്ല.. ഇത് കൃഷ്ണവേണിക്ക്…..എന്റെ ഭാര്യക്ക് ഞാൻ തരുന്ന വാക്കാണ്.”

കൃഷ്ണയ്ക്ക് ഉള്ളിൽ ഒരു ആശ്വാസം തോന്നി.. എന്നാൽ അതോടൊപ്പം ഭയവും അവളിൽ  ഉടലെടുത്തിരുന്നു

അഭിമന്യു അവളെ ചേർത്തു പിടിച്ചതും ഡോറിൽ ആരോ തട്ടി. നോക്കുമ്പോൾ ജാനകിയാണ്.

” തയ്യാറായില്ല മക്കളേ. എല്ലാവരും നിങ്ങളെ നോക്കി ഇരിക്കുവാ.”

” ദേ വരുന്നു അമ്മേ..”

അവൻ കൃഷ്ണയും കൂടി താഴേക്ക് ഇറങ്ങി ചെന്നു.

അഭിമന്യുവിന്റെ മേൽ ഉദ്യോഗസ്ഥന്മാരും സഹപ്രവർത്തകരും അവന്റെ കൂട്ടുകാരും അടുത്തുള്ള ചില പരിചയക്കാരും ഏട്ടന്മാരുടെ കൂടെ ജോലി ചെയ്യുന്നവരും ഒക്കെയായി കുറെയധികം പേർ വന്നിട്ടുണ്ടായിരുന്നു. എല്ലാവരോടും പുഞ്ചിരി നിറഞ്ഞ മുഖത്തോടെ കൂടി സംസാരിക്കാനും ഇടപഴകാനും കൃഷ്ണ പ്രത്യേകം ശ്രദ്ധിച്ചു. അവന്റെ കൂട്ടുകാരികളായ ശരണ്യയും കീർത്തിയും കൃഷ്ണയോടൊപ്പം നിന്ന് പലരെയും പരിചയപ്പെടുത്തികൊടുത്തു.അതിൽ  പലരും കൃഷ്ണയെ അറിയാമെന്നു പറഞ്ഞത് അവൾക്കൊരു അത്ഭുതം ആയിരുന്നു. അവന്റെ കൂടെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച ആൾക്കാർ ആണെന്ന് ശരണ്യ പറഞ്ഞു കൊടുത്തു.

“താൻ എവിടെ പോകുമ്പോഴും തന്നെയൊന്ന്  ശ്രെദ്ധിക്കാൻ വേണ്ടി നിയമിച്ച വിശ്വസ്തരിൽ ചിലരാണ് അവരും ഞങ്ങളുമൊക്കെ..എപ്പോഴും അവനു തന്നെ ശ്രെദ്ധിക്കാൻ പറ്റില്ലല്ലോ.. അത്കൊണ്ട് മിക്കപ്പോഴും ഞങ്ങളുടെയൊക്കെ ഒരു കണ്ണ് ഉണ്ടായിരുന്നു കൃഷ്ണയ്ക്ക് മേൽ…അത് CID പണിയൊന്നും അല്ല കേട്ടോ… തന്റെ സേഫ്റ്റിയ്ക്ക് വേണ്ടി മാത്രം.. ” കീർത്തി പറഞ്ഞു.

അവൾ എല്ലാം മൂളിക്കേട്ടു.

റിസപ്ഷൻ കഴിഞ്ഞപ്പോൾ പത്തുമണി ആയിരുന്നു.. കൃഷ്ണയ്ക്ക് വല്ലാത്ത തലവേദന അനുഭവപ്പെട്ടു. അവൾ ജാനകിയോട്  പറഞ്ഞതിനുശേഷം മുകളിലെ മുറിയിലേക്ക് ചെന്നു. തല വല്ലാതെ പൊട്ടുന്നത് പോലെ തോന്നി അവൾക്ക്. തണുത്ത വെള്ളത്തിൽ തല കഴുകി ഒന്ന് കുളിച്ചപ്പോൾ ചെറിയൊരു ആശ്വാസം തോന്നി. അഭിമന്യു അപ്പോഴും താഴെ വന്ന അവന്റെ ഗെസ്റ്റുകളെ യാത്രയാക്കുന്ന തിരക്കിലായിരുന്നു. കൃഷ്ണ അല്പം നേരം കൂടി കാത്തതിന് ശേഷം കട്ടിലിലേക്ക് കയറി കണ്ണുകളടച്ചു കിടന്നു. ചെറിയൊരു മയക്കത്തിലേക്ക് വഴുതിവീണു. നെറ്റിയിൽ ആരുടെയോ കരസ്പർശം അനുഭവപ്പെട്ട അപ്പോഴാണ് അവൾ കണ്ണു തുറന്നത്. നോക്കുമ്പോൾ അഭിമന്യു ആണ്.

“അമ്മ പറഞ്ഞു തലവേദന ആണെന്ന്.. എങ്ങനെയുണ്ട് കുറഞ്ഞോ.” അവൻ ചോദിച്ചു.

” കുറവുണ്ട്.”

” ബാം തേച്ചോ “

” വേണ്ട ഇപ്പോൾ കുറവുണ്ട്.. കുറച്ചു നേരം  ഉറങ്ങിയാൽ മതി…”അവൾ പറഞ്ഞു.

” എങ്കിൽ കിടന്നോ. ഞാനൊന്ന് താഴേക്ക് പോയിട്ട് വരാം. ” അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു.

” അഭിയേട്ടാ..” കൃഷ്ണ കിടന്നുകൊണ്ട് വിളിച്ചു.

” എന്താ. “അവൻ തിരികെ അവളുടെ അരികിലേക്ക് വന്നിരുന്നു.

” ഇവിടെ….ഇവിടെയിരിക്കുമോ കുറച്ച് നേരം..” അവൾ മടിച്ചു മടിച്ചു ചോദിച്ചു.

” ഇരിക്കാം..”അവൻ അവളുടെ അരികിലേക്ക് ചേർന്നിരുന്നു കൊണ്ട് പറഞ്ഞു. കൃഷ്ണ മെല്ലെ കണ്ണുകൾ അടച്ചു കിടന്നു.  അവൾ വളരെയധികം ഭയപ്പെടുന്നു എന്ന് അഭിമന്യുവിന് തോന്നി. ഉള്ളിലെ ഭയം മുഖത്ത് കാണാമായിരുന്നു. അവളുടെ തലയിൽ മൃദുവായി തലോടി കൊണ്ട് അവനും അരികിലായി  കിടന്നു.

രാവിലെ ഉറക്കമുണരുമ്പോൾ തന്നെയും  ചേർത്ത് പിടിച്ചു ഉറങ്ങുന്ന അഭിയെ ആണ് കൃഷ്ണ കണ്ടത്. തലയ്ക്കു വല്ലാത്ത ഭാരം പോലെ തോന്നിക്കുന്നു. എഴുന്നേൽക്കണം എന്ന് കരുതിയെങ്കിലും അതിനു പറ്റാത്ത പോലെ. വല്ലാത്ത ക്ഷീണവും മേലു വേദനയും..പനിയുടെ ആരംഭം ആണെന്ന് മനസിലായി.അവൾ അഭിയെ വിളിച്ചുണർത്തി.  അവൻ നെറ്റിയിൽ കൈ വെച്ച് നോക്കുമ്പോൾ പൊള്ളുന്ന പനിയുണ്ട്.

രാവിലെ തന്നെ അവൻ കൃഷ്ണയുമായി ഹോസ്പിറ്റലിൽ എത്തി. ആ നേരത്തു ഡ്യൂട്ടി ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളു. 

“Temparature കൂടുതലാണ്.. അഡ്മിറ്റ്‌ ആകേണ്ടി വരും ” അവർ അഭിയോട് പറഞ്ഞു.

കയ്യിൽ ഡ്രിപ് ഇട്ടു കൃഷ്ണയെ റൂമിലേക്ക് മാറ്റിയിരുന്നു. അവൻ വീട്ടിലേക്ക് വിളിച്ചു കൃഷ്ണയെ അഡ്മിറ്റ്‌ ആക്കിയ കാര്യം അറിയിച്ചു.  ജാനകിയും പ്രതാപനും ചേർന്ന് ചെമ്പകശ്ശേരിയിലും അക്കാര്യം അറിയിച്ചിരുന്നു.

റൂമിൽ കൃഷ്ണയുടെ അരികിലായി ഇരിക്കുകയായിരുന്നു അഭിമന്യു.  അപ്പോഴാണ് പ്രതീക്ഷിക്കാത്ത ഒരാൾ സന്ദർശനത്തിനായി അവിടേക്ക് എത്തിയത്

(തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Hridhayasaki written by Tina Tnz

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!