Skip to content

ഹൃദയസഖി – 20

hridhayasakhi

“എന്താ പെട്ടന്ന് പനി വരാൻ ” കൃഷ്ണയുടെ അരികിലായി ഇരുന്ന് അഭി ചോദിച്ചു

” അറിയില്ല… ഇന്നലെ മുതൽ നല്ല തലവേദന ഉണ്ടായിരുന്നു. ” അവൾ ബെഡിൽ കിടന്നു കൊണ്ട് പറഞ്ഞു.

“പേടിപനി ആണോ “

മറുപടിയായി ഒന്ന് ചിരിച്ചു അവൾ അഭിയുടെ കണ്ണുകളിലേക്ക് നോക്കി കിടന്നു.

” തലവേദന കുറവുണ്ടോ ” അവൻ അവൾക്കരികിലേക്കു ചേർന്നിരുന്നു.

“കുറഞ്ഞു “

അഭി കൃഷ്ണയുടെ കൈകളിൽ തന്റെ കൈ ചേർത്ത് വെച്ചു.

വെയിൻ കിട്ടാത്തത് കൊണ്ട് ആദ്യം ഡ്രിപ് ഇട്ടിടത്തു ചെറുതായി നീര് വന്നിരുന്നു. അത് മാറ്റി വീണ്ടും ഡ്രിപ് ഇടാനായി സൂചി കുത്തി കയ്യിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു.  കൃഷ്ണയുടെ കൈകളിൽ അവൻ മൃദുവായി തലോടി.നേർത്ത ചിരിയോടെ  അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൃഷ്ണ കിടന്നു.  ഇരുവരുടെയും കണ്ണുകൾ തമ്മിൽ കോർത്തു.  അഭിമന്യു  തന്റെ മുഖം അവളിലേക്ക്‌ ചേർക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും ആരോ വിളിച്ചു

“അഭീ…. “

പരിചയമുള്ള ശബ്ദം ആയതുകൊണ്ട് ഇരുവരും തിരിഞ്ഞ് വാതിലിലേക്ക് നോക്കി.  ഹരി സംശയഭാവത്തോടെ തങ്ങളെ തന്നെ നോക്കി നിൽക്കുന്നു.

അഭി എഴുന്നേറ്റു അവന്റെ അടുത്തേക്ക് ചെന്നു.

“എന്താ ഇവിടെ..” അവൻ ആശങ്കയോടെ ചോദിച്ചു.

” രാവിലെ മുതൽ കൃഷ്ണക്ക് നല്ല പനി.. ഇവിടെ കൊണ്ടു വന്നപ്പോൾ അഡ്മിറ്റ് ചെയ്തു. “

ഹരി വേഗം കൃഷ്ണയുടെ അരികിലേക്കു  എത്തി. 

നെറ്റിയിൽ കൈവെച്ചു നോക്കി.

“നല്ല ചൂട് ഉണ്ടല്ലോ.. എത്രയാ ടെമ്പറേച്ചർ. “

“103 ഡിഗ്രി”

“ഓ മൈ ഗോഡ്.. അല്പം കൂടുതലാണല്ലോ.”

കൃഷ്ണയുടെ പൾസ് ചെക്ക് ചെയ്തുകൊണ്ട് അവൻ പറഞ്ഞു.

“ഹരിയേട്ടൻ  ലീവ് ആയിരുന്നില്ലേ ഒരാഴ്ച.” കൃഷ്ണ ചോദിച്ചു.

“ലീവിൽ ആയിരുന്നു. ഇന്ന് രാവിലെ സീനിയർ ഡോക്ടർ വിളിച്ചു പറഞ്ഞു ഒരു എമർജൻസി കേസ് അറ്റൻഡ് ചെയ്യാൻ ഉണ്ടെന്ന്. അതാ ഞാൻ വന്നത്. തിരികെ പോകും വഴി വെറുതെയൊന്ന് നോക്കിയപ്പോൾ ആണ് നിങ്ങളെ ശ്രദ്ധിച്ചത്”. ഹരി കൃഷ്ണയുടെ അരികിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു. അഭിയും അവർക്ക് അഭിമുഖമായി വന്നിരുന്നു.

“എന്തുപറ്റി പെട്ടെന്ന് പനി വരാൻ. “ഹരി അവളുടെ കൈകളെ തന്റെ കൈകൾക്കുള്ളിലാക്കി കൊണ്ട് ചോദിച്ചു.

“വെള്ളം മാറി കുളിച്ചു.. അതിന്റെ ആണെന്ന് തോന്നുന്നു.” അഭിയാണ് മറുപടി പറഞ്ഞത്. ആണോ എന്ന് ഹരി കണ്ണുകൾകൊണ്ട് കൃഷ്ണയോട് ചോദിച്ചു. അതെയെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

“രാവിലെ എന്തെങ്കിലും കഴിക്കാൻ കൊടുത്തിരുന്നോ “അവൻ അഭിയോട് ചോദിച്ചു.

“കൃഷ്ണ ഒരു ചായ കുടിച്ചു. വോമിറ്റിംഗ് ടെൻഡൻസി ഉണ്ടെന്ന് പറഞ്ഞ് ഒന്നും കഴിക്കാൻ  കൂട്ടാക്കാതെ കിടക്കുവാ.”

“അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. ഡ്രിപ്  തീരുമ്പോൾ എന്തെങ്കിലും നിർബന്ധിച്ച് കഴിപ്പിക്കണം. അവൻ അഭിയോട് പറഞ്ഞു.

“നന്നായി റസ്റ്റ് എടുക്കണം കേട്ടോ.”കൃഷ്ണയുടെ കവിളിൽ തട്ടി കൊണ്ട് അവൻ ചിരിച്ചു

ആരുടെയോ ഫോൺ വന്നതുകൊണ്ട് അഭിമന്യു പുറത്തേക്ക് ഇറങ്ങി .  ഹരിയും കൃഷ്ണയും പരസ്പരം ഓരോ വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ടിരുന്നു.  അവന്റെ മുഖത്ത്എന്തൊക്കെയോ വിഷാദങ്ങൾ തളംകെട്ടിനിൽക്കുന്നതുപോലെ. വിഷമം ആണോ സങ്കടം ആണോ അതോ തന്നെ കണ്ടതിലുള്ള സന്തോഷം ആണ് എന്ന് തിരിച്ചറിയാനാവാത്ത വിധം ഒരു പ്രത്യേക മനോഭാവത്തിൽ ആണ് ഹരി എന്ന് അവൾക്ക് തോന്നി.

എന്നാൽ കൃഷ്ണ വളരെയധികം സന്തോഷവതിയായാണ് ഹരിക്ക് തോന്നിയത്. പനിയുടെ ക്ഷീണം ഉണ്ട് എന്നതൊഴിച്ചാൽ അവൾ വളരെ പ്രസന്നവതിയായി കാണപ്പെട്ടു.

“ഞാനൊരു കാര്യം ചോദിക്കട്ടെ കൃഷ്ണേ “

അഭിമന്യു ഇടയ്ക്കൊന്നു പുറത്തേക്ക് പോയപ്പോൾ ഹരി അവളോട് ചോദിച്ചു.

“എന്താ ഹരിയേട്ടാ ” അവൾ ശാന്തമായി ചോദിച്ചു.

“നമ്മൾ അന്നൊരിക്കൽ എല്ലാരും കൂടി ഔട്ടിങ്ങിനു പോയില്ലേ.. പാർക്കിലും ബീച്ചിലുമൊക്കെ.. അന്ന് നമ്മൾ സംസാരിച്ചത് ഓർക്കുന്നുണ്ടോ “

അവൻ ഒന്ന് നിർത്തി കൃഷ്ണയെ നോക്കി.

“ഓർമയുണ്ട് ” ഹരി എവിടേക്കാണ് സംസാരിച്ചു വരുന്നതെന്ന് മനസിലാകാതെ അവൾ നിന്നു.

” അന്ന് നിനക്ക് എന്നോട് എന്തോ കാര്യം  പറയാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു.. എന്നാൽ ഞാൻ മീനാക്ഷിയുടെ വിഷയം  പറഞ്ഞതിന് ശേഷം അക്കാര്യം ചോദിക്കാൻ വിട്ടു പോയി.. നീ പിന്നീട് എന്നോട്  പറഞ്ഞതും ഇല്ല.. “

കൃഷ്ണയ്ക്ക് പെട്ടന്ന് ആ ദിവസം മനസിലേക്ക് ഓടിയെത്തി.

ഹരിയേട്ടനോട് തന്റെ ഉള്ളിലെ ഇഷ്ടം തുറന്നു പറയാൻ വേണ്ടി ഇരുന്നതാണ്.. എന്നാൽ  മീനു ചേച്ചിയുടെ ഹരിയേട്ടനോടുള്ള ഇഷ്ടം അറിഞ്ഞപ്പോൾ സ്വയം പിൻവാങ്ങിയതും.

” അന്ന്…. നീ എന്നോട് പറയാൻ വന്ന കാര്യം എന്തായിരുന്നു.? “

“എന്താ ഹരിയേട്ടാ ഇപ്പോൾ അത് ചോദിക്കുന്നത്. ” അവൾക്ക് പരിഭ്രമം ആയി.

“അറിയാൻ വേണ്ടി ചോദിച്ചെന്നെ ഉള്ളു..എനിക്ക്…നതിങ്… …. ലീവ് ഇറ്റ് ” അവൻ പെട്ടന്ന് വിഷയം മാറ്റാനെന്നോണം അഭിയുടെ വീട്ടിലെ വിശേഷങ്ങൾ അന്വേഷിച്ചു.

“എങ്ങനെയുണ്ട് അവിടുത്തെ ലൈഫ്.”

“നല്ലതാ ഹരിയേട്ടാ.. എല്ലാവർക്കും ഭയങ്കര സ്നേഹമാണ്. അച്ഛനും അമ്മയും ഏട്ടന്മാരും ചേട്ടത്തിമാരും ഒക്കെയായി.. നല്ലൊരു കുടുംബം ആണ്.. “

“നിനക്ക് അവിടെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ.. “

“ഒരു കുഴപ്പവുമില്ല.. ഒരുപാട് സ്നേഹത്തോടെ ആണ്  എല്ലാവരും ഇടപെടുന്നത്..  “

തന്നെ പെണ്ണുകാണാൻ വന്ന അന്നുമുതൽ കല്യാണം കഴിഞ്ഞു  തലേദിവസം നടന്നത്  വരെയുള്ള അവരുടെ സമീപനവും  രീതികളും ഒന്ന് വിടാതെ കൃഷ്ണ ഹരിയോട്  പറഞ്ഞു.

“ചുറ്റുപാടുകൾ ഒക്കെ എങ്ങനെയുണ്ട് അവിടെ “

” കുഴപ്പമില്ല എന്ന് തോന്നുന്നു.. രണ്ട് ദിവസം ആയതല്ലേ  ഉള്ളൂ.. എല്ലാം പരിചിതമായി വരുന്നതേ ഉള്ളു…”അവൾ മറുപടി നൽകി

“അഭിമന്യു ആൾ എങ്ങനെ.. ” കുറച്ചു നേരത്തിനു ശേഷം ഹരി ചോദിച്ചു.

കൃഷ്ണയുടെ മുഖം വിടർന്നു. അവൾ പെട്ടെന്ന് വാചാലയായി

“ഭയങ്കര സ്നേഹമാണ് എന്നോട്. ഒരുപാട് ഇഷ്ടം ഉണ്ട്.  ഒത്തിരി കെയർ ചെയ്യും.. ആദ്യം എനിക്ക് മിണ്ടാൻ ഒരു മടി ഉണ്ടായിരുന്നു. ഇപ്പൊ അതൊക്കെ  മാറി.. നമ്മൾ പുറമെ നിന്ന് കാണുന്നതുപോലെയല്ല ഹരിയേട്ടാ. പാവമാണ്. ഗൗരവത്തിന്റെ ഒരു മുഖം മൂടി അണിഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ.. ഉള്ളു നിറയെ സ്നേഹമാണ്. “

പെട്ടെന്നവൾ കടിഞ്ഞാൺ ഇട്ടത്പോലെ സംസാരം നിർത്തി. ഹരി പുഞ്ചിരിയോടെ അവൾ പറയുന്നത് കേട്ട് ഇരിക്കുകയാണ്. കൃഷ്ണയുടെ മുഖത്ത് നാണം മിന്നി മറയുന്നത് അവൻ ശ്രദ്ധിച്ചു.

ഹരി  കുസൃതിയോടെ ചിരിച്ചു.

അവളും ഒന്ന് മന്ദഹസിച്ചു.

“ദൈവം എനിക്ക് വളരെ വലിയൊരു നിധി തന്നതുപോലെ തോന്നുവാ ഹരിയേട്ടാ.. ഇത്രയും നാളും കിട്ടാതിരുന്ന എല്ലാ സൗഭാഗ്യങ്ങളും ഒരുമിച്ച് കിട്ടിയതുപോലെ..

അച്ഛൻ, അമ്മ,  ഏട്ടന്മാർ,  ഏട്ടത്തിമാർ.. എല്ലാവരും എന്റെ സ്വന്തം തന്നെയാണ്..”

അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.

ഹരി അവൾ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു..

ഇത്രനാളും ലഭിക്കാതിരുന്ന സ്നേഹവും കരുതലും വാത്സല്യവും സന്തോഷവുമെല്ലാം അവൾക്ക് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ അഭിമന്യുവിന്റെ വീട്ടിൽനിന്ന് കിട്ടുന്നുണ്ടെന്ന് അവന് മനസ്സിലായി. കൃഷ്ണ പറഞ്ഞതുപോലെ ഒരു നിധി  തന്നെയാണ് അവൾക്ക്  ലഭിച്ചിരിക്കുന്നത്.. അവളെ അംഗീകരിക്കുന്ന ചേർത്തു നിർത്തുന്ന ഒരു കുടുംബം.  അവന്റെ കണ്ണുകളും ചെറുതായി നിറഞ്ഞു.

സംസാരത്തിന് ഇടയിൽ ശ്രീജിത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ കൃഷ്ണ ഹരിയോട് പങ്കുവെച്ചിരുന്നു. അറിയാതെ നാവിൽ നിന്നു വീണുപോയതാണ്. പിന്നെ തുടർന്നുള്ള എല്ലാ കാര്യങ്ങളും ഹരി അവളെ നിർബന്ധിച്ചു ചോദിച്ചറിഞ്ഞു.

“ശ്രീജിത്ത്‌ അത്രക്ക് അപകടകാരി ആണല്ലേ ” എല്ലാം കേട്ടതിനു ശേഷം  അവൻ ആത്മഗതം പോലെ  പറഞ്ഞു.

കൃഷ്ണ കൈകൾ രണ്ടും പിണച്ചു കെട്ടി കട്ടിലിലേക്ക് ചാരി ഇരുന്നു. അവളുടെ മുഖം കുനിഞ്ഞിരുന്നു.

“ബട്ട്‌ യു ആർ സേഫ് നൗ “

“എങ്ങനെ ” കൃഷ്ണ മുഖമുയർത്തി

“അഭി ഉണ്ടല്ലോ നിന്റെ കൂടെ.. പേടിക്കേണ്ടതില്ല “

സങ്കടം കലർന്ന ചിരിയോടെ അവൻ കൃഷ്ണയെ നോക്കി.

“അഭിയേട്ടൻ ഉള്ളതാ ധൈര്യം ” അവൾ  പറഞ്ഞു

അൽപ നേരത്തിനു ശേഷം അഭിമന്യു  അകത്തേക്ക് കയറിവന്നു. കൂടെ ജാനകിയും പ്രതാപനും സ്വപ്നയും വീണയും ഉണ്ടായിരുന്നു.

ഹരി പെട്ടെന്ന് അവൾക്കരികിൽ നിന്നും എഴുന്നേറ്റ് അഭിമന്യുവിന്റെ അടുക്കലേക്ക് ചെന്ന് നിന്നു.

ജാനകിയും ഏട്ടത്തി മാരും കൃഷ്ണയുടെ സമീപത്ത് ചെന്നിരുന്നു. പ്രതാപൻ അവർക്ക് അരികിലായി നിൽപ്പുറപ്പിച്ചു.

“അഡ്മിറ്റ് ചെയ്യേണ്ടിവന്നു എന്ന് പറയുമ്പോൾ പനി അത്രയ്ക്ക് കൂടുതലാണോ. “അയാൾ അഭിമന്യുവിന്നോട് ചോദിച്ചു.

“ടെമ്പറേച്ചർ 103 ഡിഗ്രി ഉണ്ട്.. പിന്നെ ബിപി അൽപം കൂടുതലാണ്. അതുകൊണ്ട് അഡ്മിറ്റ് ചെയ്തു എന്നേയുള്ളൂ.” അവൻ പറഞ്ഞു.

“അഡ്മിറ്റ് ചെയ്തു എന്നൊക്കെ അറിഞ്ഞപ്പോൾ  ഞങ്ങൾ അങ്ങ് പേടിച്ചു പോയി.. കൃഷ്ണയുടെ മുടിയിഴകളെ മാടിയൊതുക്കി കൊണ്ട് ജാനകി പറഞ്ഞു.  

“പേടിക്കാനൊന്നുമില്ല അമ്മേ.. ഡ്രിപ് തീരുമ്പോൾ തന്നെ കൃഷ്ണ ഓക്കേ ആകും.. എങ്കിലും ഒരു ദിവസം കൂടി നിരീക്ഷിക്കുന്നു എന്നേയുള്ളൂ.” ഹരിയാണ്  മറുപടി പറഞ്ഞത്.

“മോൻ എങ്ങനെയാ വിവരം അറിഞ്ഞു  വന്നതാണോ.”അവർ ചോദിച്ചു.

“അല്ല. യാദൃശ്ചികമായി ഇവിടെ വെച്ച് കണ്ടതാണ്.” അവൻ  പറഞ്ഞു.

കുറച്ചുനേരം കൂടി എല്ലാവരോടും സംസാരിച്ചതിനുശേഷം. ഹരി തിരികെ പോയി.

ഡ്രിപ് മാറ്റിയതിനുശേഷം അഭി അവളെ നിർബന്ധിച്ച് കഞ്ഞി കുടിച്ചു.  ഇടയ്ക്ക് ഡോക്ടർ വന്ന് നോക്കിയപ്പോഴും അവളുടെ നിലയിൽ നല്ല പുരോഗതി ഉണ്ടായിരുന്നു. എങ്കിലും ഒരു രാത്രി

കൂടി ഇവിടെ കിടക്കട്ടെ എന്ന് ഡോക്ടർ പറഞ്ഞു.

“നീ വീട്ടിലേക്ക് പൊയ്ക്കോ.. കൃഷ്ണയുടെ കൂടെ ഞാൻ നിന്നോളാം.”ജാനകി പറഞ്ഞു.

“വയ്യാത്ത സമയത്ത് അമ്മയാണോ നിൽക്കുന്നത്. ” അവൻ തിരികെ ചോദിച്ചു.

” അല്ലെങ്കിൽ ഞങ്ങളാരെങ്കിലും നിന്നോളാം അഭി. “

സ്വപ്ന പറഞ്ഞു.

“അത് സാരമില്ല ഏട്ടത്തി.. ഞാനുണ്ടല്ലോ കൂടെ. നിങ്ങൾ എല്ലാവരും വീട്ടിലേക്ക് പൊയ്ക്കോ.”

അവൻ എല്ലാവരെയും നിർബന്ധിച്ച് തിരികെ വീട്ടിലേക്ക് അയച്ചു.

“അഭിയേട്ടനു  വീട്ടിലേക്ക് പോകാമായിരുന്നില്ലേ ” എല്ലാവരും പോയതിന് ശേഷം കൃഷ്ണ ചോദിച്ചു

“നിന്നെ ഇവിടെ വിട്ടിട്ടോ “

“രാവിലെ വന്നതല്ലേ. ഒന്ന് പോയി ഫ്രഷ് ആയി വരാമായിരുന്നു.”

“കുഴപ്പമില്ല..”അവൻ  അവൾക്കൊപ്പം ബെഡ് ലേക്ക് കയറിയിരുന്നു കൊണ്ട് പറഞ്ഞു.

 മുറിക്കുള്ളിൽ തന്നെ ഇരിക്കുന്നത് കൊണ്ട് കൃഷ്ണയ്ക്ക് എന്തോ ശ്വാസംമുട്ടൽ പോലെ തോന്നി. സന്ധ്യാ നേരത്ത് ഇടനാഴിയിലൂടെ അഭി  അവളെയും കൂട്ടി കുറച്ചു നേരം നടന്നു.അഭിയുടെ കൈകോർത്ത് പിടിച്ച് കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പോൾ തന്നെ അവൾക്കൊരു ഉണർവ് തോന്നി. വൈകിട്ട് ഡോക്ടർ പരിശോധിക്കാൻ  വന്നപ്പോഴാണ് അവർ തിരികെ റൂമിൽ എത്തിയത്.

രാത്രിയിലേക്കുള്ള ഭക്ഷണം കഴിച്ച് ഒന്നു വിശ്രമിക്കാനായി കിടന്നപ്പോഴാണ് രവീന്ദ്രനും സതീശനും അവളെ കാണാനായി വന്നത്. കുറച്ചുസമയം അവളോട്  സംസാരിച്ചതിന് ശേഷം അവരും തിരികെ പോയി.

പിറ്റേന്ന് രാവിലെ തന്നെ ഡിസ്ചാർജ് ആയി അവർ തിരികെ വീട്ടിലെത്തിയിരുന്നു.  വൈകുന്നേരം ആയതോടെ  ക്ഷീണമെല്ലാം മാറി കൃഷ്ണ ഉഷാറായി.

അഭിമന്യു കൂട്ടുകാരോടൊപ്പം പുറത്തേക്ക് പോയിരിക്കുകയാണ്.  ഫുട്ബോൾ കളിക്കാൻ ആണെന്ന് അമ്മ പറഞ്ഞു. 

“ഇവിടെ അടുത്തൊരു ഗ്രൗണ്ട് ഉണ്ട്. എന്നും വൈകിട്ട് അവനും കൂട്ടുകാരും കൂടി ഫുട്ബോൾ കളിക്കാനായി പോകും. നേരം ഇരുട്ടിയിട്ടേ വീട്ടിലെത്തുള്ളു. പഠിക്കുന്ന കാലം തൊട്ട് അതാ പതിവ്.  പിന്നെ ജോലി ആയതിൽ പിന്നെ ഇടയ്ക്കൊക്കെ അതിൽ മാറ്റം വന്നിട്ടുണ്ട് ” ജാനകി അവളോട് പറഞ്ഞുകൊണ്ടിരുന്നു.

” വേറെ എന്തൊക്കെയാ പതിവ് കാര്യങ്ങൾ ” അവൾ അന്വേഷിച്ചു

” പിന്നെ പതിവായുള്ളത് മോളുടെ പിറകെയുള്ള വരവ് ആയിരുന്നു..ഞങ്ങൾ ആ കാര്യം പറഞ്ഞു അവനെ മിക്കപ്പോഴും കളിയാക്കും, രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ  അച്ഛനും ഏട്ടന്മാരും അവനോട് ചോദിക്കും എന്തെങ്കിലും ഇമ്പ്രൂവ്മെന്റ് ഉണ്ടോന്ന്.. ഒരു മാറ്റവും ഇല്ലന്ന് പറഞ്ഞിട്ടും വീണ്ടും മോളുടെ പിന്നാലെ തന്നെയാകും വരവ് ” അവരൊന്നു ചിരിച്ചു.

” പിന്നെ നല്ല രീതിയിൽ രാഷ്ട്രീയപ്രവർത്തനം ഉണ്ട്.  ഇപ്പൊ അല്പം കുറച്ചു അതൊക്കെ.  എങ്കിലും ആരെങ്കിലും ഒക്കെ വന്നു വിളിച്ചാൽ നേരവും കാലവും നോക്കാതെ ഇറങ്ങിതിരിക്കും.

അച്ഛനെ പോലെയാ അവൻ അക്കാര്യത്തിൽ. “

സ്വഭാവത്തിൽ അച്ഛന്റെ തനിപ്പകർപ്പാണ് അഭിയെന്നു കൃഷ്ണയ്ക്ക് നേരത്തെ തന്നെ തോന്നിയിരുന്നു.  കുറച്ചു നേരം ജാനകിയോട് സംസാരിച്ചു ഇരുന്നതിന് ശേഷം അവൾ മുകളിലെ റൂമിലേക്ക് പോയി. ബാൽക്കണിയിൽ ഇറങ്ങി നിന്നു ദൂരേക്ക് നോക്കിയപ്പോൾ ഗ്രൗണ്ട് കാണാമായിരുന്നു.

ആരൊക്കെയോ ഫുട്ബോൾ കളിക്കുന്നുണ്ട്. അതിൽ അഭിമന്യുവിനെ അവളുടെ കണ്ണുകൾ തിരഞ്ഞു. ആളുകൾക്കിടയിൽ അവ്യക്തമായി അവനെ കണ്ടു.  അവനും തന്നെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്നവൾ ആശിച്ചു. കുറെ നേരം കൂടി ബാൽക്കണിയിൽ നിന്ന ശേഷം അവൾ അകത്തെക്കു കയറി.

മുറിയിൽ ആകമാനം കണ്ണോടിച്ചു.

അകത്തായി കാണുന്ന ചെറിയ മുറിയുടെ വാതിൽ തുറക്കാൻ അവൾ ശ്രമിച്ചു.  എന്നാലത് ലോക്കഡ് ആയിരുന്നു. ഇവിടെ വന്ന ആദ്യത്തെ ദിവസം മുതൽ ആ മുറിയൊന്നു കാണണം എന്നവൾ കരുതിയിരുന്നു.

മേശവലിപ്പിൽ നിന്നു താക്കോൽക്കൂട്ടം കണ്ടെത്തി അവൾ ഓരോന്നായി വാതിൽ തുറക്കാൻ ശ്രമിച്ചു. ഏതോ ഒരു താക്കോൽ കൊണ്ട് ആ മുറി തുറക്കപ്പെട്ടു. അവൾ അകത്തേക്ക് കയറി.

ഒരുപാട് പഴയ സാധനങ്ങളും ബുക്കുകളും ഒക്കെയാണ് അതിൽ. ഒരുപാട് ചിത്രങ്ങൾ വരച്ചു കൂടിയ ക്യാൻവാസ് വെറുതെ കൂട്ടിയിട്ടിരിക്കുന്നു. അവ ഓരോന്നായി കൃഷ്ണ എടുത്തു നോക്കി. എല്ലാം അഭി വരച്ചത് ആണെന്ന് അവൾ മനസിലാക്കി. അവനു വരയ്ക്കാനുള്ള കഴിവ് ഉണ്ട്  എന്നത് പുതിയൊരു അറിവ് ആയിരുന്നു.  ചില പെൺരൂപങ്ങൾ ക്യാൻവാസിൽ വരച്ചിട്ടുണ്ട്.  അവയ്‌ക്കൊക്കെയും തന്റെ മുഖസാദൃശ്യം ഉണ്ടെന്ന് തിരിച്ചറിയാൻ കൃഷ്ണയ്ക്ക്  ഒരുപാട് സമയമൊന്നും വേണ്ടിവന്നില്ല.

ചെറുപുഞ്ചിരിയോടെ അവൾ ഓരോന്നും സസൂക്ഷ്മം നിരീക്ഷിച്ചു. ചെറിയൊരു ലൈബ്രറി പോലെ ധാരാളം പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്.  പലതും വിശ്വവിഖ്യാത നോവലുകളും പല മഹാത്മാരുടെയും ആത്മകഥകളുമൊക്കെ ആണ്.

പൗലോ കൊയ്‌ലോയുടെ ‘ആൽക്കെമിസ്റ്റിൽ ‘ അവളുടെ കൈകൾ പതിഞ്ഞു.  വായിക്കാൻ ഏറെ ആഗ്രഹിച്ച ബുക്ക്‌ ആണ്.. ഒരു സ്വപ്നത്തിനു പിന്നാലെ യാത്രയാകുന്ന സാന്റിയാഗോ എന്ന ആട്ടിടയന്റെ കഥ. ഒരു കാര്യം ആത്മാർഥമായി ആഗ്രഹിച്ചാൽ അത് നേടിയെടുക്കുന്നതിനായി ഈ ലോകം മുഴുവൻ നമ്മോടൊപ്പം നിൽക്കുമെന്ന് വിളിച്ചു പറഞ്ഞ കഥ.. കൃഷ്ണ ആ ബുക്ക്‌ എടുത്ത് നോക്കിയതിനു ശേഷം പിന്നീട് വായിക്കാമെന്ന ചിന്തയിൽ  തിരികെ വെച്ചു.  വാതിൽ അടച്ചു പുറത്തിറങ്ങാൻ ശ്രമിക്കവെയാണ് അവളുടെ കണ്ണുകൾ മേശമേൽ ഉടക്കിയത്.

തന്റെ ബുക്കുകളും പേർസണൽ ഡയറിയും  അവിടെ ഇരിക്കുന്നു. ഹരിയേട്ടൻ കാണാതെയിരിക്കാൻ തന്റെ വീട്ടിലെത്തി നശിപ്പിക്കാൻ ശ്രമിച്ച അവയെല്ലാം അഭിയുടെ കൈകളിൽ എത്തിയിരിക്കുന്നു.നിന്ന നിൽപ്പിൽ അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നിച്ചു.  ഓടിച്ചെന്നു അവയോരോന്നുമെടുത്തു അവൾ പരിശോധിച്ചു. 

അത് തന്നെ… താൻ ആരും അറിയരുതെന്ന് കരുതി ഇല്ലാതാക്കാൻ നോക്കിയവ തന്നെ നോക്കി പല്ലിളിക്കുന്നു.  കൃഷ്ണയുടെ ദേഹം വിയർക്കാൻ തുടങ്ങി.

*******************

സന്ധ്യ കഴിഞ്ഞ നേരത്താണ് അഭിമന്യു തിരികെ എത്തിയത്.  അവൻ വന്നപ്പോൾ കൃഷ്ണ ബാൽക്കണിയിൽ നിൽക്കുകയാണ്.

“കൃഷ്ണ… അവിടെ നിന്നു കാറ്റ് കൊള്ളേണ്ട.. ഇങ്ങു അകത്തു പോര് ” അവൻ വിളിച്ചു പറഞ്ഞു.  അവളിൽ നിന്നു മറുപടിയൊന്നും വന്നില്ല.

അഭി കുളിച്ചു കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴും കൃഷ്ണ അതെ നിൽപ്പു തുടരുകയാണ്.  അവൻ മെല്ലെ അവളുടെ അരികിലേക്ക് ചെന്നു.

“പനി വീണ്ടും കൂട്ടാൻ ആണോ ഭാവം ” അവളുടെ തോളിൽ കൈ ചേർത്ത് ചോദിച്ചു.

കൃഷ്ണയുടെ മിണ്ടാതെയുള്ള നിൽപ്പ് കാരണം അവൻ അവളെ തന്റെ നേരെ പിടിച്ചു നിർത്തി.  കണ്ണുകൾ ചുമന്നു കലങ്ങിയിരിക്കുന്നു. എന്തെന്ന ഭാവത്തിൽ അഭി അവളെ നോക്കി.  തൊട്ടരികിലായി അവൾ കണ്ടെടുത്ത ബുക്കുകളും കിടക്കുന്നു.  നിറകണ്ണുകളോടെ തന്നെ നോക്കുന്ന കൃഷ്ണയെ അവൻ നോക്കി.

“അഭിയേട്ടാ… എനിക്ക്… ” അവൾ എന്തോ പറയാൻ വന്നതും അഭി അവളുടെ ചുണ്ടുകൾ കൈവിരലാൽ മറച്ചു. അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു 

“എനിക്കറിയാം എല്ലാം…നിന്റെ കൈപ്പടയിലൂടെ… നിന്റെ ചിന്തകളിലേക്കു, നിന്റെ മനസികാവസ്ഥയിലേക്ക്,  നിന്റെ വിഷമത്തിലും സങ്കടത്തിലും, നിന്റെ ഓരോ തിരിച്ചറിവിലേക്കും എല്ലാം ഞാൻ സഞ്ചരിച്ചു.

എനിക്ക് നിന്നെ മനസിലാകും.. എനിക്ക് മാത്രമേ മനസിലാകൂ ” അഭിമന്യു അവളുടെ  കാതിൽ പറഞ്ഞു.

(തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Hridhayasaki written by Tina Tnz

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഹൃദയസഖി – 20”

Leave a Reply

Don`t copy text!