Skip to content

രുദ്രദേവം – 3

rudhradhevam novel

“മോളെ… നീ ഈ ദാവണി ഉടുത്താൽ മതി”

മാമ്പഴ നിറത്തിലുള്ള സിംപിൾ ബീഡ്‌ വർക്കുള്ള  ദാവണി ദേവുവിന്റെ കയ്യിൽ രാധ കൊടുത്തു

“ഇത് ഒന്നും വേണ്ടമ്മേ… ഞാൻ ചുരിദാർ ഇട്ടോളാം “

“ഞാൻ പറയുന്നത് കേട്ടാൽ മതി… ഇത് ഇട്ടോണ്ട് വന്നാൽ മതി… “

” ഓഹ്… ആയിക്കോട്ടെ.. “

കോക്രി കാണിച്ചു പോകുന്ന മോളെ നോക്കി ചിരിച്ചിട്ട് രാധ റെഡി ആകാൻ പോയി

അമ്മ നൽകിയ ധാവണിയും ഉടുത്തു, കുഞ്ഞു ജിമിക്കിയും, പുരികക്കൊടികൾക്ക് ഇടയിൽ ഒരു കുഞ്ഞി പൊട്ടു വച്ചു , മുടി മെടഞ്ഞു, കണ്ണുകളിൽ കണ്മഷി എഴുതി ദേവു തയ്യാറായി

പടികൾ ഇറങ്ങി വരുന്ന ദേവുനെ കണ്ടതും അച്ഛന്റെയും അമ്മയുടെയും മുഖം വിടർന്നു… ദേവുനെ ചേർത്തുപിടിച്ചു നെറുകയിൽ രാധ ചുംബിച്ചു…

ദേവുവിന്റെ മനസ്സിൽ അച്ചുവിനെ കാണാനുള്ള തിടുക്കമാണ്… തന്നെ കാണുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും എന്നൊക്കെയുള്ള ചിന്ത അവളുടെ മനസ്സിനെ അലട്ടി

അച്ഛന്റെയും അമ്മയുടെ ഒപ്പം പോകുമ്പോൾ തന്റെ നേർക്ക് നീളുന്ന നോട്ടങ്ങളെ അവൾ പാടെ അവഗണിച്ചു… ഓരോരുത്തരുടെയും നോട്ടങ്ങളിൽ വന്ന മാറ്റങ്ങൾ അവൾ മനസിലാക്കി… എപ്പോഴും പുഞ്ചിരിച്ചു സംസാരിക്കുന്ന മുഖങ്ങളിൽ നിന്ന് തന്നിലേക്ക് വരുന്നത് സഹതാപമാണ്, ചിലതിൽ പുച്ഛവും…

എല്ലാരേയും ഒരു പുഞ്ചിരിയാൽ തള്ളിക്കളയുമ്പോൾ അവളുടെ മനസ്സിൽ അച്ചു മാത്രം ഉണ്ടായിരുന്നുള്ളു…

അച്ചുവിന്റെ വീട് മുഴുവൻ ഹൽദിയുടെ ആഘോഷത്തിൽ ആയിരുന്നു…. എല്ലാം മഞ്ഞമയം… വാതിൽക്കൽ എത്തിയപ്പോൾ തന്നെ അംബികാമ്മ (അച്ചുവിന്റെ അമ്മ ) അവരുടെ അടുത്തേക്ക് വന്നു…

ദേവുവിനെ കണ്ടമാത്രയിൽ ആ കണ്ണുകൾ വിടർന്നു… ദേവുവിനെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുണ്ടുചേർത്തപ്പോൾ അവരുടെ കണ്ണിൽ നിന്നൊരിറ്റു ആനന്ദകണ്ണീർ വീണു….

“അയ്യേ… ഇതെന്താ അമ്മേ കണ്ണീരൊക്കെ” കണ്ണീർ തുടച്ചുകൊണ്ട് ദേവു ചോദിച്ചു

“നിന്നെ കണ്ടിട്ട് എത്ര നാൾ ആയെടാ… അച്ചു എന്തുമാത്രം വിഷമിച്ചെന്ന് അറിയോ “

” അച്ചു എവിടെ അമ്മേ? “

“അവൾ തയ്യാറാകുവാ… മുറിയിലുണ്ട് “

“ഞാൻ അങ്ങോട്ട് പോട്ടെ… നിങ്ങൾ സംസാരിക്ക്‌ “

മുറിയിലേക്ക് പോകുമ്പോൾ കാലുകൾക്കു വേഗത കൂടിയിരുന്നു… തന്നെ കാണുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും…. തന്നോട് ദേഷ്യപ്പെട്ടാലും, അതൊക്കെ അർഹിക്കുന്നുണ്ട് …

വാതിലിൽ മുട്ടിയതും അച്ചു വാതിൽ തുറന്നു… മുന്നിൽ നിൽക്കുന്ന ദേവുനെ കണ്ടതും അച്ചുവിന്റെ ശ്വാസം ഒരു നിമിഷത്തേക്ക് നിലച്ചു…. സ്വപ്നം ആണോ കാണുന്നതെന്ന് അറിയാൻ അവൾ കയ്യിൽ പിച്ചി…

“ആ…. ” വേദന കൊണ്ടു അച്ചു ഒച്ചവെച്ചു

“എന്താടി? ” അച്ചുവിന്റെ കയ്യിൽ പിടിച്ചു ദേവു ചോദിച്ചു

“എന്തായാലും നിനക്ക് എന്താ…? “

“അച്ചു… ഞാൻ… “

“വേണ്ട… ഒരു വിസ്താരണവും വേണ്ട… എനിക്ക് ഒന്നും കേൾക്കണ്ട… ദക്ഷയ്ക്ക് പോകാം ” വാതിലിനു നേർക്ക് ചൂണ്ടി പറഞ്ഞു

“അച്ചു… എന്റെ അവസ്ഥ ഒന്ന്….. “

“ഏത് അച്ചു… ഞാൻ അർച്ചനയാണ് അങ്ങനെ വിളിച്ചാൽ മതി… എനിക്ക് തയ്യാറാകണം… പുറത്തു പോകൂ “

“അച്ചു… നീ ദേഷ്യപ്പെട്ടോളൂ… ഞാൻ പുറത്തു പോകില്ല “

“എന്തിനാ ദേഷ്യപെടുന്നേ? അല്ലെങ്കിലും നീ എന്റെ ആരാ… ” അത് പറയുമ്പോൾ അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… ദേവു കാണാതെ ഇരിക്കാൻ അവൾ പുറം തിരിഞ്ഞു നിന്നു

“ഞാൻ ആരാണെന്നോ… ഞാൻ നിന്റെ എല്ലാം അല്ലേ… നീ എന്റെയും “

“ആണോ…. ആണോടി…? ” ദേവുവിന്റെ നേർക്ക് നിന്ന് അച്ചു ചോദിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞൊരുഴുകി

“പറയെടി… എന്തേ ഒന്നും പറയാത്തെ…? ” ഒന്നും മിണ്ടാതെ നിൽക്കുന്ന ദേവൂന്റെ തോളിൽ പിടിച്ചു കുലുക്കി

“എപ്പോഴും നിന്റെ ഒപ്പം ഉണ്ടായിരുന്നില്ലേ ഞാൻ… കൂട്ടുകാരിയും, സഹോദരിയും, എല്ലാമായിട്ട്…. എന്നിട്ട് നീ അവിടെ അനുഭവിച്ച വേദന എന്നോട് പറഞ്ഞോ… എന്തിനാ എല്ലാം ഉളളിൽ ഒളിപ്പിച്ചേ… അവിടെ സന്തുഷ്ടമാണെന്ന് അഭിനയിച്ചത് എന്തിനാ?

എല്ലാം അവസാനിപ്പിച്ചു വീട്ടിൽ എത്തിയപ്പോഴും ഞാൻ വന്നില്ലേ… നീ എന്നോട് സംസാരിച്ചോ… എപ്പോഴും മുറിയിൽ അടഞ്ഞിരുന്നു… എന്നെയും അവഗണിച്ചില്ലേ… എന്നിട്ട് എല്ലാമാണെന്നോ ” അച്ചു ഒഴുകി വന്ന കണ്ണീർ തുടച്ചുമാറ്റി

“അച്ചു…. നിങ്ങളെ ആരെയും വേദനിപ്പിക്കണ്ട എന്ന് കരുതിയിട്ടാ ഞാൻ “

“എന്നിട്ട് നീ ആരെയും വേദനിപ്പിച്ചില്ലേ ദേവു… നിന്നെ വേദനിപ്പിച്ച അവനു വേണ്ടി നീ നിന്നെ തന്നെ വേദനിപ്പിച്ചു… അച്ഛനും അമ്മയും… എന്നെ…. ഇങ്ങനെ എല്ലാരേയും വേദനിപ്പിച്ചില്ലേ “

” സോറി അച്ചു… ” അച്ചുവിനെ കെട്ടിപ്പിടിച്ചോണ്ട് പറഞ്ഞു

രണ്ടാളുടെയും പിണക്കവും പരിഭവവും കണ്ണീരിലൂടെ ഒഴുകി പോയി….

“അച്ചു…. നിന്നെ കെട്ടാൻ പോണത് ആരാടി? ” കരച്ചിൽ അടങ്ങിയപ്പോൾ ദേവു ചോദിച്ചു

“നിനക്ക് അറിയാവുന്ന ആൾ തന്നെ… കെട്ടാൻ വരുമ്പോൾ കണ്ടാൽ മതി “

“ഓഹോ… എന്നാലും ആരെന്ന് “

“പറയൂല മോളെ… നീ എന്നോട് പറയാതെ ഒരുപാട് കാര്യങ്ങൾ കൊണ്ടുനടന്നില്ലേ… അതിനുള്ള ശിക്ഷയാണ്… കെട്ടാൻ വരുമ്പോൾ കണ്ടാൽ മതി… “

“ആയിക്കോട്ടെ… എന്റെ അച്ചുവിന്റെ പുട്ടിയെല്ലാം കണ്ണീരിൽ ഒലിച്ചു പോയല്ലോ “

ഉടനെ ദേവുനെ തള്ളിമാറ്റി കണ്ണാടിയിലേക്ക് അച്ചു നോക്കി… തന്റെ രൂപം കണ്ടു ചിരിക്കണോ കരയണോയെന്ന് അറിയാതെ ദേവുനെ നോക്കിയതും അവൾ ഇരുന്നും കിടന്നുമൊക്കെ ചിരിക്കുന്നു…

അതുകണ്ടതും അച്ചു ഒറ്റച്ചവിട്ട്‍…. ദേവു താഴെ സേഫായി ലാൻഡ് ചെയ്തു… ഇനിയും ചിരിച്ചാൽ അവൾ പുറത്തെടുത്തു കളയുമെന്ന് അറിയാവുന്നതുകൊണ്ട് ദേവു ചിരി അടക്കിപ്പിടിച്ചു മൂടും തട്ടി എണീറ്റു നല്ല വെളുക്കനെ ചിരിച്ചു കാണിച്ചു

” മൂന്ന് മണിക്കൂർ കൊണ്ടു കഷ്ടപ്പെട്ട് ഇട്ടതാ.. പ്യാവം ഞാൻ “

“ഓഹ്… ഇനി അതിനു മോങ്ങണ്ട… പോയി മുഖം കഴുകിയിട്ടു വാ നമുക്ക് ഒന്നൂടെ ഇടാം “

പിന്നെ ഒരുക്കങ്ങൾ എല്ലാം പെട്ടെന്ന് കഴിഞ്ഞു രണ്ടാളും താഴേക്ക് പോയി… സംസാരിച്ചും ചിരിച്ചും വരുന്ന രണ്ടാളെ കണ്ടതും രണ്ടു അച്ഛനമ്മമാർക്കും സന്തോഷായി…

അച്ചുവിനെ ഹൽദിയ്ക്കായി ഒരുക്കിയ സ്ഥലത്തേക്ക് ഇരുത്തി… ആദ്യം മഞ്ഞൾ ഇട്ടത് ദേവു ആയിരുന്നു… കവിളിലും, ഇരുകൈകളിലും മഞ്ഞൾ തേച്ചു മധുരവും നൽകി ഹൽദി തുടങ്ങിവച്ചു..

ക്യാമറകണ്ണുകൾ അവിടെ നടക്കുന്നതൊക്കെ പകർത്താനുള്ള തിരക്കിൽ ആണ്… എല്ലാരും വന്നു അച്ചൂന് മഞ്ഞൾ ചാർത്തി….

                     

“നേരത്തെ വരാൻ പറഞ്ഞതാ നിന്നോട്… ഇപ്പോ അവിടെ തുടങ്ങിക്കാണും…” യാത്രക്കിടയിൽ മായ പരിഭവം പറഞ്ഞു

“അല്ല… എന്താ അവിടെ ഫങ്ക്ഷൻ… ഞങ്ങളോട് പറയ്… “

“നമ്മുടെ അകന്നബന്ധത്തിലെ അമ്മായിടെ മോളുടെ ഹൽദി ആണ്… നമ്മുടെ ബന്ധുക്കൾ കാണും അവിടെ… പരിചയപ്പെടുത്തി തരാം ഞാൻ “

“എനിക്ക് ആരെയും പരിചയപ്പെടേണ്ട… ആപത്തുകാലത്തും കൂടെ നിൽക്കുന്നവരാ ബന്ധുക്കൾ… അങ്ങനെ ഒപ്പം നിന്ന് സഹായിച്ച ആരെയും എനിക്ക് അറിയില്ല… അതുകൊണ്ട് ആ ബന്ധങ്ങൾ വേണ്ട “

“അതൊക്കെ കഴിഞ്ഞതല്ലേ മോനെ… ഇപ്പോ നമ്മൾ നല്ല സ്ഥിതിയിൽ ആണല്ലോ… പഴയതൊക്കെ മറന്നേക്കൂ… ആരോടും ദേഷ്യം വേണ്ട “

“അങ്ങനെ മറക്കാൻ പറ്റില്ല അമ്മേ… ഒരുപാട് മുറിവുകൾ ഉണ്ട് ഇപ്പോഴും ചോര കിനിയുന്ന “

മായ പിന്നെ ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരുന്നു… രുദ്രൻ ഡ്രൈവിംങ്ങിൽ ശ്രദ്ധ തിരിച്ചു… ആദി മൗനം പാലിച്ചു…

കുറച്ചു നേരത്തെ യാത്രക്ക് ഒടുവിൽ അവർ അവിടേക്ക് എത്തി ചേർന്നു… കാറിൽ നിന്നിറങ്ങിയ മായയെ കണ്ടു അംബികയും രാധയും കാറിനടുത്തേക്ക് നടന്നു

“എന്താ മായേ താമസിച്ചേ? മോൻ വന്നില്ലേ? ” രാധ മായയുടെ കയ്യിൽ പിടിച്ചു

“അവൻ വന്നു… ഇതാണ് രുദ്രൻ… ന്റെ മോൻ… ഇത് അവന്റെ കൂട്ടുകാരൻ ആദി”

രണ്ടാളെയും നോക്കി മായ പറഞ്ഞു

രണ്ടാൾക്കും പുഞ്ചിരി നൽകി മായയുമായി അവർ അകത്തേക്ക് നടന്നു… രുദ്രനും ആദിയും അവർക്ക് പിന്നാലെയും

മായ അച്ചുവിന് മഞ്ഞൾ ചാർത്തിയിട്ട് അവരോട് സംസാരിച്ചുകൊണ്ട് നിന്നു.. രുദ്രനും ആദിയും ഫോണിൽ കുത്തികൊണ്ടിരുന്നു…

“അളിയാ…. ഇവിടെ വായിനോക്കാൻ ആരുമില്ലല്ലോ…. എല്ലാം കുഞ്ഞിപ്പിള്ളേര് ആണല്ലോ ” ചുറ്റും നോക്കിയിട്ട് ആദി പറഞ്ഞു

“ഡാ… പന്നി നീ അല്ലേ ഇന്ന് പല്ലവിയോട് ഒലിപ്പിച്ചോണ്ട്‌ നിന്നത് എന്നിട്ട് തനി സ്വഭാവം പുറത്തെടുത്തല്ലോ.. ദിവ്യപ്രേമം പോലും “

“ഡാ അത് സീരിയസ് ആണ്…. ഇത് വെറും നയനസുഖം… “

“നയനമില്ലെങ്കിൽ ആ സുഖം കിട്ടോ മോനെ? “

“ഏഹ്… അതെന്താ അങ്ങനെ ചോദിച്ചേ… “

“നിന്റെ കണ്ണു ഞാൻ എടുത്താലോ എന്ന് ആലോചിക്കുവാ… “

“അയ്യോ വേണ്ട… ഞാൻ നന്നായി ” ആദി ഫോണിൽ നോക്കികൊണ്ടു ഇരുന്നു

രുദ്രൻ ചുറ്റും കണ്ണു പായിച്ചോണ്ടിരുന്നു… അപ്പോഴാണ് അവന്റെ കണ്ണിൽ ഒരു ദാവണിക്കാരി ഉടക്കിയത്…. ചിരിക്കുമ്പോൾ വിരിയുന്ന നുണകുഴിയിലേക്ക് അവൻ ഒരുമാത്ര നോക്കി ഇരുന്നു…

രുദ്രന്റെ ഒച്ചയൊന്നും കേൾകാത്തോണ്ടു ഫോണിൽ നിന്ന് തലയുയർത്തി നോക്കി… സ്റ്റേജിലേക്ക് നീളുന്ന നോട്ടം കണ്ടു ആദി അങ്ങോട്ടേക്ക് നോക്കി

(ഓഹോ… എന്റെ കണ്ണെടുക്കും എന്ന് പറഞ്ഞവനാണ് ഇപ്പോ പരിസരബോധമില്ലാതെ വായും തുറന്ന് ഇരിക്കുന്നത്… ശരിയാക്കി തരാം – ആദി ആത്മ )

“ആ കൊച്ചു കൊള്ളാല്ലേ…? “

“ഏത് കൊച്ചു… കോഴിത്തരം കാണിച്ചാൽ ചവിട്ടിക്കൂട്ടും “

“ഓഹ്… നമ്മൾ ഒന്നും കാണുന്നില്ലയെന്നാണ് വിചാരം നടക്കട്ടെ “

രുദ്രന്റെ കണ്ണുകൾ വീണ്ടും അവളെ തേടി പോയി… എവിടെയോ കണ്ടുമറന്ന മുഖം പോലെ… അവൻ ഓർമയിൽ മുഴുവൻ ആ മുഖം തേടി

                 

അച്ചുവിന്റെ ഒപ്പം നിൽക്കുമ്പോഴും ദേവുവിന് അവളുടെ ഹൽദി ഓർമ വന്നു… ഓർമ്മകൾക്ക് വിരാമമിട്ട് ചുണ്ടിൽ ഒരു പുഞ്ചിരി വച്ചു നിന്നു

“ഇത്… മാധവന്റെ മോൾ അല്ലേ… നല്ല ജീവിതം കിട്ടിയതാ… ആ ചെക്കനെ ഉപേക്ഷിച്ചു വീട്ടിൽ വന്നു നിൽകുവാ ” ദേവുവിനെ ചൂണ്ടി രണ്ടു സ്ത്രീകൾ അടക്കം പറഞ്ഞു

“ഒറ്റമോൾ എന്ന് പറഞ്ഞു കൊഞ്ചിച്ചതാ… കെട്ടിയോനെ കളഞ്ഞു വീട്ടിൽ വന്നു നിൽകുവല്ലേ “

“അല്ലേലും ചിലർക്ക് ഇതൊന്നും വിധിച്ചിട്ടുണ്ടാവില്ല “

അവർ രണ്ടുപേരും പരസ്പരം പറഞ്ഞു ചിരിച്ചോണ്ട് നിന്നു… നിറഞ്ഞകണ്ണുകളോടെയുള്ള ദേവുവിന്റെ നോട്ടം കണ്ടതും അവർ പറഞ്ഞത് അവൾ കേട്ടുവെന്ന് മനസിലാക്കി അവർ അവിടെന്ന് മാറി നടന്നു

പെയ്യാൻ വെമ്പി നിന്ന കണ്ണീരിനെ അടക്കി പിടിച്ചു ദേവു ചുറ്റും നോക്കി… തന്നെ നോക്കി ഇരിക്കുന്ന ആ കാപ്പികണ്ണുകളിൽ നോട്ടം പതിച്ചു… നോട്ടം പിൻവലിച്ചു അകത്തേക്ക് പോകുമ്പോൾ അവളുടെ മനസ്സിൽ ആ സ്ത്രീകൾ പറഞ്ഞ വാക്കുകൾ മുഴങ്ങി കേട്ടു…

തിരിച്ചു പോകാൻ സമയത്ത് ആ ദാവണിക്കാരിയെ രുദ്രൻ തിരഞ്ഞു ….. പക്ഷേ കണ്ടില്ല… അവസാനമായി നിറകണ്ണുകളോടെ ഓടി പോകുന്ന അവളുടെ രൂപം മനസിലേക്ക് വന്നു… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവൻ ചുറ്റും നോക്കി

“നീ ആരെയാ തിരയുന്നേ? “

“ആരെ തിരയാൻ… ” കലിപ്പിച്ചു പറഞ്ഞിട്ട് രുദ്രൻ കാറിൽ കയറി… പിന്നാലെ മായയും ആദിയും…. അവർ വീട്ടിലേക്ക് യാത്ര തിരിച്ചു

അച്ചു ദേവുവിനെ നോക്കി മുറിയിലിലെത്തി… മുട്ടിൽമേൽ തലവച്ചു ഇരിക്കുന്ന ദേവുനെ കണ്ടതും അച്ചു അവളുടെ അടുത്തേക്ക് ഓടി…

“എന്താ ദേവു പറ്റിയെ? ” ദേവുവിന്റെ മുഖം പിടിച്ചുയർത്തി

കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടതും അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു

“എന്താടാ ഉണ്ടായേ… എന്തിനാ ഇങ്ങനെ കരായണേ? “

അച്ചുവിനോട് എല്ലാം പറഞ്ഞു പൊട്ടികരഞ്ഞോണ്ട് ദേവു തോളിലേക്ക് ചാഞ്ഞു… അവളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു

“ഇതെന്തേ നീ അപ്പോൾ എന്നോട് പറഞ്ഞില്ല? ഞാൻ അവർക്ക് മറുപടി കൊടുക്കുമായിരുന്നല്ലോ “

“നിന്റെ ഹൽദി ഞാൻ കാരണം നശിക്കണ്ട എന്ന് കരുതി ” ദേവു കണ്ണീർ തുടച്ചു മാറ്റി പറഞ്ഞു

“നീ ഇന്ന് ഇവിടെ കിടക്ക്… ഞാൻ അമ്മയോട് പറയാം… “

“അത് വേണ്ട അച്ചു… ഞാൻ നാളെ രാവിലെ വരാം “

“നാളെ ഞാൻ ഇവിടുന്ന് പോകും കൊച്ചേ… ഒരു ദിവസം എന്റെ കൂടെ നിൽക്ക്… ” കണ്ണുനിറച്ചുള്ള അവളുടെ പറച്ചിൽ കേട്ട് ദേവു സമ്മതിച്ചു

അമ്മമാരോട് പറഞ്ഞിട്ട് രണ്ടാളും നിദ്രയെ പുൽകി

                 

രാവിലെ നേരത്തെ എണീറ്റു കുളിച്ചു രണ്ടാളും അമ്പലത്തിൽ പോയി തൊഴുതു വന്നു…

അപ്പോഴേക്കും ബ്യൂട്ടീഷ്യൻ വന്നു അച്ചുവിനെ ഒരുക്കാൻ…. ഒരുക്കൽ മഹാമഹം കഴിഞ്ഞു പുറത്തേക്ക് വന്ന അച്ചുവിനെ കണ്ടതും എല്ലാരുടെയും കണ്ണുകൾ വിടർന്നു…

ചില്ലി റെഡ് കളർ സാരിയും, ആഭരണങ്ങളും, മിതമായ മേക്കപ്പും , തല നിറയെ മുല്ലപ്പൂവും ചൂടിയ അച്ചു ഒരു അപ്സരസിനെ പോലെ തോന്നിച്ചു…

ദേവു അവളുടെ അടുത്തേക്ക് നടന്നു കവിളിൽ മുത്തം നൽകി… കണ്ണിൽ നിന്ന് കണ്മഷി എടുത്തു ആരുടേയും കണ്ണു തട്ടാതിരിക്കാൻ ചെവിക്ക് പിന്നിൽ തൊട്ടു.. ഫോട്ടോ എടുക്കൽ അതിന്റെ മുറപോലെ നടന്നു…. മുതിർന്നവരുടെ അനുഗ്രഹം വാങ്ങിയിട്ട് അവർ മണ്ഡപത്തിലേക്ക് യാത്ര തിരിച്ചു

                                 തുടരും

                            സ്വപ്ന മാധവ്

 

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!