Skip to content

രുദ്രദേവം – 9

rudhradhevam novel

തിരിച്ചു ക്യാബിനിൽ എത്തിയപ്പോഴും ദേവൂന്റെ മനസ്സ് ശാന്തമായില്ല… വേറെ പണി രുദ്രൻ നൽകാത്തതുകൊണ്ട് ലീവ് എടുത്തു അവൾ വീട്ടിലേക്ക് പോയി…

പ്രസന്റേഷന് രുദ്രന്റെ ഒപ്പം മയൂരി പോയി… അവനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി അവൾ നന്നായി അവതരിപ്പിച്ചു… രുദ്രന്റെ ശരീരം ഇവിടെ ആണെങ്കിലും മനസ്സ് ദേവൂന്റെ കൂടെ ആയിരുന്നു..

വേറെ ഏങ്ങോ നോക്കി ചിന്തയിലാണ്ട രുദ്രനെ കണ്ടതും മയൂരിയ്ക്ക് അവൻ അവിടെ അല്ലയെന്നു മനസിലായി… പ്രസന്റേഷൻ കഴിഞ്ഞു എല്ലാരും അഭിനന്ദനങ്ങൾ

കൊണ്ടു മൂടിയപ്പോൾ അവളുടെ കണ്ണുകൾ രുദ്രനെ തേടി… അവൻ പെട്ടെന്ന് പുറത്തേക്കു പോയി… അവന്റെയടുത്ത് നിന്ന് ഒരു നല്ല വാക്ക് പ്രതീക്ഷവൾക്ക് അത് വീണ്ടും ദേഷ്യം കൂടാൻ കാരണമായി….. എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു അവൾ അവിടെന്ന് ക്യാബിനിൽ പോയി..

തിരികെ പോരുമ്പോൾ അവന്റെ കണ്ണുകൾ ദേവൂന്റെ ക്യാബിനിലേക്ക് നീണ്ടു… അവയെ ശാസിച്ചു നിർത്തി അവൻ നടന്നു… അവന്റെ മനസ്സിലേക്ക് രാവിലെ പേടിച്ചു നിന്ന ദേവൂന്റെ മുഖം ഓടി എത്തി…

ഇത്രയ്ക്ക് വേണ്ടായിരുന്നുവെന്ന് തോന്നുന്നു… അപ്പോഴത്തെ ദേഷ്യത്തിന് ഫയൽ എടുത്തു എറിഞ്ഞതാണ്… അവളുടെ നിറഞ്ഞ കണ്ണുകൾ അവനെ വേട്ടയാടി…

“സർ… എനിക്ക് കുറച്ചു ഡൌട്ട് ചോദിക്കാൻ ഉണ്ടായിരുന്നു.. ” അവന്റെ ഒപ്പം കുറച്ചു നേരം ചിലവിടാമെന്ന പ്രതീക്ഷയിൽ ക്യാബിനിലേക്ക് വന്ന മയൂരി ചോദിച്ചു

“എനിക്ക് നല്ല തലവേദന എടുക്കുന്നു… ആദിയോട് ചോദിക്ക് അവൻ പറഞ്ഞു തരും “

“തലവേദനയോ… ബാം വേണോ സർ? കോഫി പറയട്ടെ.. “

“അത് മാറിക്കോളും…. താൻ ജോലി നോക്കിക്കോ… ” താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞിട്ട് അവൻ ചെയറിൽ കണ്ണടച്ച് ചാഞ്ഞു കിടന്നു.. അവനെ ഒന്ന് നോക്കിയിട്ട് അവൾ പുറത്തേക്കു പോയി

“””ദക്ഷ ആണോ നിന്റെ തലവേദന… അവളെ ഞാൻ ഇവിടെന്ന് പുറത്താക്കും രുദ്രാ… പിന്നെ നീ ഈ മയൂരിടെ മാത്രമാ… ഞാനും നീയും മാത്രം… ഇന്ന് നീ രക്ഷപെട്ടു ദക്ഷ .. പക്ഷേ ഇനി അത് ഉണ്ടാകില്ല.. അവൾ മനസ്സിൽ മന്ത്രിച്ചു “”””

                         

ഉച്ചക്ക് ദേവു ഇല്ലാത്തോണ്ട് ആദി പല്ലവിയോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നു …

അവൾ ചോറുപൊതി തുറന്നതും അവന്റെ കണ്ണുകൾ വിടർന്നു … വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെ ഗന്ധവും, ചോറിനു ഓരത്തായി വച്ചിരിക്കുന്ന തേങ്ങ ചമ്മന്തിയും, മീൻ വറുത്തതും, മാങ്ങ അച്ചാറും, ബീറ്റ്റൂട്ട് ഉപ്പേരിയുമെല്ലാം കണ്ടതും അവന്റെ വായിൽ വെള്ളമൂറി…

ആദി അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.. അവന്റെ വരവ് കണ്ടതും പല്ലവി ഒന്ന് പകച്ചു… അവന്റെ മുഖം അടുത്തേക്ക് വന്നതും ആരേലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോയെന്ന് അവൾ കണ്ണുകൊണ്ടു ചുറ്റും പരതി…. അവന്റെ നിശ്വാസം കവിളിൽ തട്ടിയതും അവളുടെ കണ്ണുകൾ അടഞ്ഞു കൈകൾ ടോപ്പിൽ മുറുകി…

“എനിക്ക് കൂടെ ചോറ് തരോ…. നമുക്ക് പങ്കിട്ടു എടുക്കാം… എനിക്ക് വിശക്കുന്നു “

കാതോരം അവന്റെ വാക്കുകൾ കേട്ടതും അവൾ ചമ്മി കണ്ണുതുറന്നു നോക്കി… അവൻ ഇളിച്ചു കാണിച്ചതും അവനെ പുച്ഛിച്ചു അവൾ നീങ്ങി ഇരുന്നു

“ഇതാണോ നീ ചോയ്ക്കാൻ വന്നേ? ” അവന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി ചോദിച്ചു

“ഹ്മ്മ്… ഇത് കണ്ടപ്പോൾ ന്റെ വിശപ്പ് ഇത്തിരി കൂടെ കൂടി…. നീ എന്താ കരുതിയെ “കുറുമ്പോടെ അവൻ നോക്കി

“ഞാൻ…. ന്ത്‌ ആലോചിക്കാൻ ” ചമ്മൽ പുറത്തു കാട്ടാതെ ഇരുന്നു

എന്തോ ചോദിക്കാനായി കുറുമ്പോടെ വന്നവന്റെ ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ വായിലേക്ക് ഒരു ഉരുള ചോറു പല്ലവി വച്ചു കൊടുത്തു

ഒരു പുഞ്ചിരിയോടെ അവൻ കഴിച്ചു… തിരിച്ചു അവളെയും ഊട്ടി…

“രുദ്രൻ സർ എന്താ ഇങ്ങനെ… ദേവുനെ ഇങ്ങനെ വഴക്ക് പറയണ്ടായിരുന്നു… പാവം വിഷമം ആയിക്കാണും… ” അവന്റെ വായിലേക്ക് ചോറ് വച്ചു കൊടുത്തു

“അവനു അപ്പോഴുള്ള ദേഷ്യമേ ഉണ്ടാകുള്ളൂ… നീയും ഇതുപോലെ ഒരിക്കൽ കരഞ്ഞത് മറന്നോ… അന്ന് അവൻ സോറി പറഞ്ഞില്ലേ.. “

“ഇങ്ങളെ വായിനോക്കിയതോണ്ടാ ന്റെ കോൺസെൻട്രേഷൻ പോയി സർ പറഞ്ഞത് കേൾക്കാതെ തെറ്റ് ചെയ്‌തത്‌… “

“ഓ.. ഇനി എല്ലാം ന്റെ മേൽ ചുമത്തു… ” അവൻ കപടദേഷ്യത്തോടെ പറഞ്ഞു

ഓഹ്… പുച്ഛത്തോടെ അവൾ കഴിക്കുന്നതിൽ ശ്രദ്ധ തിരിച്ചു

“അവൻ പാവമാണ് പല്ലു… അവന്റെ സാഹചര്യങ്ങളാണ് അവനെ ഇങ്ങനെ മാറ്റിയേ…. ആരേലും ചൂടായാൽ തിരിച്ചു ഒന്നും പറയാതെ പുഞ്ചിരിയോടെ നിൽക്കുന്ന രുദ്രൻ ഉണ്ടായിരുന്നു… എല്ലാരോടും സ്നേഹം മാത്രമുള്ള രുദ്രൻ… എപ്പോഴോ ആ രുദ്രനെ നഷ്ടപ്പെട്ടു… എല്ലാരുടെയും മുന്നിൽ അവൻ ദേഷ്യമെന്ന മുഖമൂടി അണിഞ്ഞു… “

“സാറും ആദിയേട്ടനും എങ്ങനെയാണ് പരിചയം…? “

“”””ഞാനും അവനും ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്ന കളിക്കൂട്ടുകാർ… അയൽവാസികളും ആയിരുന്നു… ” ഓർമ്മകൾ അയവിറക്കി അവൻ പറഞ്ഞു തുടങ്ങി

കുഞ്ഞുകുട്ടികൾ കഥ കേൾക്കുന്ന ആകാംഷയോടെ പല്ലവി കേട്ടിരുന്നു… അത് കണ്ടതും പുഞ്ചിരിയാലെ ആദി തുടർന്നു..

“അവനും അങ്കിളും മായമ്മയുമടങ്ങുന്ന കുഞ്ഞു കുടുംബമാണ് രുദ്രന്റെ… അവനു സഹോദരങ്ങൾ ഇല്ലാത്തതുകൊണ്ട് ന്റെ പെങ്ങൾ അനുമോളെ വലിയ ഇഷ്ടാണ്… അവൾക്കും അവനെയാണ് കൂടുതൽ ഇഷ്ട്ടം… രുദ്രേട്ടാ എന്ന് വിളിച്ചോണ്ട് പിന്നാലെ നടക്കും… അവളുടെ എല്ലാ കുറുമ്പിനും അവൻ കൂട്ടുനിൽക്കുമായിരുന്നു … ഇടയ്ക്ക് അവരുടെ സ്നേഹം കൊണ്ടു കുശുമ്പ് തോന്നും… പക്ഷേ, അധികനേരം നിലനിൽക്കില്ല… അങ്ങനെ സന്തോഷമായ ജീവിതം ആയിരുന്നു ഞങ്ങളുടെ… ഒരു കുടുംബം പോലെ ജീവിച്ചു…

അങ്കിളിന്റെ ബിസിനസ്സിൽ എന്തൊക്കെയോ വീഴ്ച ഉണ്ടായി എന്ന് ഒരിക്കൽ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു… അന്ന് അതൊന്നും മനസിലാക്കേണ്ട പക്വത ഇല്ലായിരുന്നു… ഞങ്ങൾ മൂന്നാളും ഇതിലൊന്നും ശ്രദ്ധിക്കാതെ കളിച്ചു നടന്നു…

ഒരു ദിവസം സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ വീടിനു മുന്നിൽ ഒരു കൂട്ടം ആൾകാർ ഉണ്ടായിരുന്നു… അവർക്ക് മുന്നിൽ തലകുനിച്ചു നിൽക്കുന്ന അങ്കിളും… ഒരുപാട് വഴക്കിനൊടുവിൽ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു അവരെ പറഞ്ഞു വിട്ടു…

അങ്കിളിന്റെ കൂടെയുള്ള ആരോ വിശ്വാസവഞ്ചന കാണിച്ചെന്നും ….. ബിസിനസ്‌ തകർന്നു കടത്തിൽ ആണെന്നുമെല്ലാം അന്ന് അച്ഛൻ പറഞ്ഞു അറിഞ്ഞു…….

പിറ്റേന്ന് സ്കൂളിൽ പോയി വരുമ്പോൾ വീടിനു ചുറ്റും ആൾക്കാരെ കണ്ടപ്പോൾ ഇവർ ഇന്നും വന്നോ എന്ന് സംശയിച്ചു മുന്നോട്ട് പോയ ഞങ്ങൾ കണ്ടത് വെള്ളത്തുണി പുതപ്പിച്ച അങ്കിളിനെയാണ്…

അതിനു ഓരത്തായി ജീവച്ഛവമായി ഇരിക്കുന്ന മായമ്മേ കണ്ടതും രുദ്രൻ തളർന്നു…. ഓടി ആ മാറിൽ വീണു കരയുമ്പോഴും ആ അമ്മ അനങ്ങിയില്ല… ജീവൻ ഉണ്ടെന്നതിനു തെളിവായി കണ്ണീർ ഒഴുകിയിറങ്ങി…. അന്ന് എപ്പോഴും പുഞ്ചിരിയായി നടന്ന രുദ്രന്റെ പുഞ്ചിരി മാഞ്ഞു… “

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു ആദി തുടർന്നു

“കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു മുഴം കയറിൽ ജീവൻ അവസാനിപ്പിച്ചപ്പോൾ ആ അച്ഛൻ ഭാര്യയും മകനെയും ഓർത്തില്ല.. മരണാന്തര ചടങ്ങുകൾക്ക് എത്തിയ ബന്ധുക്കൾ അവരുടെ തലയിലാകും ഇവരുടെ ഉത്തരവാദിത്തം എന്ന് പേടിച്ചു വേഗം ഓടി…..

എല്ലാ സ്വത്തുക്കളും സമ്പാദ്യവും കടക്കാർക്ക് കൊടുത്തു രുദ്രനും മായമ്മയും അവിടെന്ന് പോയി…

ഞങ്ങളുടെ വീട്ടിൽ നിൽക്കാമെന്ന് നിർബന്ധിച്ചെങ്കിലും മായമ്മ പുഞ്ചിരിയോടെ നിരസിച്ചു…

ഇപ്പോഴും എനിക്ക് അതിശയമാണ് ന്റെ മായമ്മ എത്ര പെട്ടെന്നാ ദുർബലയിൽ നിന്നും ശക്തമായതെന്ന്…. സാഹചര്യങ്ങൾ അത് മനുഷ്യനെ ശക്തനും ദുർബലനും ആക്കും…. മായമ്മ രുദ്രനു വേണ്ടി മാറി…. അവനെയും കൊണ്ടു മായമ്മയുടെ നാട്ടിൽ പോയി… അനുവിന് തന്റെ ഏട്ടൻ പോകുന്നത് ഉൾകൊള്ളാൻ പറ്റിയിരുന്നില്ല… രാവന്തിയോളം കരഞ്ഞു തളർന്നു പാവം…. എന്നും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ പോയപ്പോൾ എന്നിലും അത് ശൂന്യത പടർത്തി

ആദ്യമൊക്കെ മായമ്മയുടെ സഹോദരൻ സഹായിച്ചെങ്കിലും…പിന്നീട് അത് ഇല്ലാതെയായി… അങ്ങനെ രുദ്രനെ നോക്കാൻ മായമ്മ ജോലിക്ക് പോയി തുടങ്ങി… പിന്നെ ഉറുമ്പ് നെൽമണി ശേഖരിക്കുന്നത് പോലെ ഓരോന്നു കൂട്ടി കൂട്ടി ഇന്ന് കാണുന്ന മൽഹാർ ഗ്രൂപ്പ്സ് വരെ എത്തിച്ചു…. അവർക്ക് നഷ്ടമായതൊക്കെ തിരിച്ചു പിടിച്ചു…

അവന്റെ പാവത്താൻ സ്വഭാവം മുതലാക്കി ബിസിനസ്സിൽ ചിലർ ചതിക്കാൻ ശ്രമിച്ചു…. അന്ന് മുതൽ അവൻ ദേഷ്യം അഭിനയിച്ചു…. അതുകൊണ്ട് തന്നെ ഇന്ന് എല്ലാം നന്നായി നോക്കി നടത്തുന്നു… എല്ലാർക്കും അവന്റെ രൗദ്രഭാവം പേടിയാണ്…നൽകിയ സ്വാതന്ത്ര്യം ചിലർ ദുരുപയോഗിച്ചു … അന്ന് മുതൽ അവൻ കർക്കശക്കാരനായി… പക്ഷേ മായമ്മയോട് അവൻ പഴയ രുദ്രൻ ആണ്…. “”””

കുറച്ചു നേരം രണ്ടാളും നിശബ്ദമായിരുന്നു…. അവൾ രുദ്രനെ പറ്റി ആലോചിച്ചു…. ഒരുപാട് വേദനകൾ ഉളളിൽ ഒതുക്കി നിൽക്കുന്ന രുദ്രനെ അവളുടെ ചിന്തകളിൽ നിറഞ്ഞു ..

“കൈ ഉണങ്ങി കൊച്ചേ… വാ ” ചിന്തിച്ചു ഇരിക്കുന്ന അവളുടെ തലയിൽ കൊട്ട് നൽകി ആദി എണീറ്റു…. അവനെ കൂർപ്പിച്ചു നോക്കി പിന്നാലെ അവളും നടന്നു..

“നേരത്തെ നീ എന്താ വിചാരിച്ചേ? ” കൈ കഴുകി കൊണ്ടിരിക്കുന്ന പല്ലവിയോട് ചേർന്നു നിന്നു ആദി

“എപ്പോ… ഒന്നുല്ലല്ലോ… ” ചുണ്ടിൽ മിന്നിയ ചിരി മറച്ചു അവൾ മറുപടി കൊടുത്തു

അത് കേട്ടതും ആദിയുടെ ചുണ്ട് അവളുടെ കവിളിൽ പതിഞ്ഞു… അവന്റെ ആ പ്രവർത്തിയിൽ അവൾ പകച്ചു നിന്നു.. ഒരുനിമിഷം കഴിഞ്ഞു സ്വബോധം വീണ്ടെടുത്ത് നോക്കിയപ്പോൾ കുസൃതിച്ചിരിയോടെ നിൽക്കുന്ന ആദിയെ കണ്ടു….

വീണ്ടും ചുണ്ട് കൊണ്ടു ഉമ്മ

കാണിക്കുന്നവനെ അടിക്കാൻ കൈ നീട്ടിയതും അവൻ പുറത്തേക്ക് ഓടി….

അങ്ങോട്ടേക്ക് വന്ന രുദ്രനെ ഇടിച്ചു ആദി നിന്നു…. അവനെ കണ്ടതും രണ്ടാളും പതുങ്ങി… വിളറി നിൽക്കുന്ന അവരെ കണ്ടതും രുദ്രൻ കൂടുതൽ ഒന്നും ചോദിക്കാതെ പുറത്തേക്കു നടന്നു… ആദി അവന്റെ പിന്നാലെ നടന്നു

“നിന്റെ പ്രസന്റേഷൻ കഴിഞ്ഞോ… എങ്ങനെ ഉണ്ടായിരുന്നു? “

“മയൂരി എല്ലാം പറഞ്ഞു… “

“ഹ്മ്മ്…. “

“ദേവു എവിടെ? പല്ലവിയോടൊപ്പം കണ്ടില്ല ” ചുറ്റും കണ്ണുപായിച്ചു രുദ്രൻ ചോദിച്ചു

“അവൾ വീട്ടിൽ പോയെടാ.. “

“ഏഹ്… അത് എന്തേ… ഞാൻ ചൂടായോണ്ട് ആണോ ” അവന്റെ മുഖം മ്ലാനമായി

“അവൾക് നീ വർക്ക്‌ ഒന്നും കൊടുത്തില്ലല്ലോ… സുഖമില്ലയെന്ന് പറഞ്ഞാ പോയേ “

അത് കേട്ടതും രുദ്രൻ എണീറ്റു നടന്നു..

“രുദ്രാ.. കഴിച്ചില്ലല്ലോ ഞാൻ കൂടെ ഇരിക്കാം “

“വേണ്ട.. വിശപ്പില്ല… “

അവന് പോകുന്നതും നോക്കി നിൽക്കുമ്പോഴാണ് രുദ്രനെ നോക്കി നിൽക്കുന്ന മയൂരിയെ ആദി ശ്രദ്ധിച്ചത്.. അവന്റെ ചിന്തയിൽ കഴിഞ്ഞ ദിവസങ്ങളിൽ അവളുടെ പെരുമാറ്റവും നോട്ടവും വന്നു..

“”ഇവളെ ഒന്ന് ശ്രദ്ധിക്കണം… ന്തോ പണി വരുന്നുണ്ട് ആദി… അവൻ മനസ്സിൽ പറഞ്ഞു “”

ദേവു പോയതുകൊണ്ട് രുദ്രൻ അവിടെ നിന്നില്ല… അവനും വീട്ടിലേക്ക് പോയി…

                        

വീട്ടിൽ എത്തിയ ദേവു തലവേദനയാണെന്ന് പറഞ്ഞു മുറിയിൽ കയറി വാതിൽ അടച്ചു… ആ വേഷത്തോടെ പോയി കട്ടിലിൽ കിടന്നു… കണ്ണടയ്ക്കുമ്പോൾ അവളുടെ ജീവിതത്തിൽ ഇതുവരെ നടന്ന സംഭവങ്ങൾ കടന്നു പോയി….

മറന്നെന്നു നടിച്ച എല്ലാ കാര്യങ്ങളും വീണ്ടും മികവോടെ മുന്നിൽ വരുന്നു ….

ഇതിൽ നിന്നൊക്കെ ഒളിച്ചോടാനാണ് ജോലിയ്ക്ക് പോയതു… പക്ഷേ ഇന്ന് ആ ജോലി കാരണം വീണ്ടും എല്ലാം മനസിലേക്ക് അനുവാദമില്ലാതെ കടന്നു വരുന്നു… അവൾക് സ്വയം പുച്ഛം തോന്നി…

ഓരോ ചിന്തകൾക്ക് ഒടുവിൽ എപ്പോഴോ നിദ്ര പുൽകി

                            

വീട്ടിൽ എത്തിയ രുദ്രൻ നേരെ അമ്മയുടെ മടിയിൽ കിടന്നു… എന്തെങ്കിലും വിഷമം വരുമ്പോൾ അവൻ മടിയിൽ കിടക്കോളു എന്ന് അറിയാവുന്നത് കൊണ്ടു മായ ഒന്നും ചോദിചില്ല.. അവന്റെ തലയിലൂടെ കൈകൾ പായിച്ചു കൊണ്ടിരിക്കുന്നു… അമ്മയുടെ കരസ്പർശനത്തിൽ അവൻ എപ്പോഴോ മയങ്ങി….

അടുത്ത ദിവസം രുദ്രൻ നല്ല ഉത്സാഹത്തോടെ തയ്യാറായി.. ഇന്നലെ ചൂടായതിനു അവളോട് മാപ്പ് പറയണം എന്നൊക്കെ ആലോചിച്ചു അവൻ ഓഫീസിലേക്ക് പുറപ്പെട്ടു

ഓഫീസിൽ എത്തിയതും ദേവുനെ അവന്റെ കണ്ണുകൾ തേടി… അവളെ കാണാത്തൊണ്ടു അവനെ നിരാശ മൂടി…

അപ്പോഴാണ് അവളുടെ ലീവിൽ ആണെന്നുള്ള മെയിൽ കിട്ടിയത്… അത് കണ്ടതും അവന്റെ സന്തോഷം അസ്തമിച്ചു

                        

ഒരു ദിവസത്തെ ലീവ് കഴിഞ്ഞു ദേവു ഓഫീസിലേക്ക് പോകാൻ തയ്യാറായി…

ചുരിദാർ ധരിച്ചു പടികൾ ഇറങ്ങി വരുന്ന ദേവൂന്റെ മുഖത്തെ സങ്കടം അച്ഛനും അമ്മയും മനസിലാക്കി.. അവൾക്കു വിഷമം ആകേണ്ടയെന്ന് കരുതി അവർ ഒന്നും ചോദിച്ചില്ല…

ഭക്ഷണം കഴിച്ചു രണ്ടാളോടും യാത്ര പറഞ്ഞു ഇറങ്ങി… അപ്പോഴേക്കും പോസ്റ്റുമാൻ വീട്ടിലേക്ക് വന്നു

“മിസ്സ്‌ ദക്ഷ മാധവ് ” അയാൾ എല്ലാരേയും നോക്കി ചോദിച്ചു

“ഞാനാ… എന്താ കാര്യം? “

“ഒരു രജിസ്റ്റെഡ് ലെറ്റർ ഉണ്ട്… ഇവിടെ സൈൻ ചെയ്യു ” രജിസ്റ്റർ അവൾക്കു നേരെ നീട്ടി

അവൾ സൈൻ ചെയ്തു ലെറ്റർ വാങ്ങി… ആകാംഷയോടെ ലെറ്റർ പൊട്ടിച്ചു…

അതിൽ എഴുതിയേക്കുന്നത് വായിച്ചതും അവളുടെ കണ്ണിൽ നിന്നൊരിറ്റു കണ്ണീർ ആ പേപ്പറിൽ വീണു..

                                          തുടരും

                                     സ്വപ്ന മാധവ്

 

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!