Skip to content

രുദ്രദേവം – 26

rudhradhevam novel

“മോൾ പോയി ഫ്രഷായിക്കോ… അനു സഹായിക്കും ഇതൊക്കെ മാറ്റാൻ ” അനുവിനെയും അവളുടെ ഒപ്പം രുദ്രന്റെ മുറിയിൽ പറഞ്ഞയച്ചു…

മുറിയിൽ എത്തിയതും ദേവു ചുറ്റും കണ്ണോടിച്ചു…. ബ്ലൂ ആൻഡ് വൈറ്റ് കോമ്പിനേഷൻ ഇന്റീരിയർ ആണ്…. ഡ്രസ്സിങ് റൂം, അതിന്റെ അടുത്ത് വാഷ്‌റൂം …. ഡബിൾ കോട്ട് ബെഡ് അതിനു മുകളിലായി രുദ്രന്റെ വലിയ ഒരു ഫോട്ടോ… ബെഡിനടുത്തു ഒരു കുഞ്ഞു ടേബിൾ അതിൽ നിറച്ചും പൂക്കൾ വച്ചൊരു വെസ്…

ബാൽക്കണിയിലേക്ക് പോകുന്ന ഡോർ, വലിയ കബോർഡ്, അതിന്റെ അടുത്ത് വൈറ്റ് കളർ ഡ്രസ്സിങ് ടേബിളും ചെയറും…. പിന്നെ അമ്മയുടെയും മോന്റെയും ഒരുപാട് ഫോട്ടോസ്….

ഒരു മായാലോകത്തിലെ പോലെ അവൾ ചുറ്റും നോക്കി… തന്റെ റൂം ഇതിന്റെ പകുതിയേ കാണു… ശരിക്കും ഇതൊരു കൊട്ടാരമാണ്…. ഇതിൽ താമസിക്കാൻ താൻ അർഹയാണോ… ഓരോ ചിന്തകൾ അവളുടെ മനസിലൂടെ പാഞ്ഞു…

“ഏട്ടത്തി…. ഇതൊക്കെ മാറ്റണ്ടേ? ” അനുവിന്റെ ചോദ്യം കേട്ടതും അവൾ പുഞ്ചിരിയോടെ തലയാട്ടി…

ഡ്രസ്സിങ് ടേബിളിൽ ഇരുന്നതും അനു ഓരോന്ന് സംസാരിച്ചു അവളെ സഹായിച്ചു.. ആഭരണങ്ങളും, പൂവും മാറ്റിയപ്പോൾ തന്നെ ദേവൂന് ആശ്വാസമായി…. സാരി ഉടുത്തു പരിചയമുള്ളത് കൊണ്ടു അതിൽ പിന്നിന്റെ എണ്ണം കുറവായിരുന്നു

“ഏട്ടത്തി.. ഇനി പോയി കുളിച്ചിട്ട് വായോ…. ഡ്രസ്സ്‌ കബോർഡിൽ വച്ചിട്ടുണ്ട്…. ഞാൻ താഴെ കാണും… വേഗം വായോ “

അവളുടെ ഏട്ടത്തി വിളി ദേവൂന് ഒരുപാട് ഇഷ്ടായി… അവളുടെ കവിളിൽ പുഞ്ചിരിയോടെ തലോടിയിട്ട് കബോർഡിൽ നിന്ന് സാരി എടുത്തു അവൾ കുളിക്കാൻ പോയി…. അനു താഴേക്കും

തലവഴി തണുത്ത വെള്ളം വീണതും ആ തണുപ്പ് അവളുടെ ശരീരത്തിലും അരിച്ചിറങ്ങി… അവളുടെ മനസ്സിലേക്ക് തന്നെ ചേർത്ത് പിടിച്ച രുദ്രന്റെ ചിത്രം ഓർമ വന്നു… അത് ഓർക്കേ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

കുളിച്ചു വേഷം മാറി തലയിൽ ടൗവലും ചുറ്റി റൂമിലേക്ക് വന്നതും രുദ്രനും ഡോർ തുറന്ന് അകത്തേക്ക് വന്നു…. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ രണ്ടാളും നിന്നു…

തിരിച്ചു പുറത്തു പോകണോ വേണ്ടയോയെന്ന സംശയത്തിൽ താളം ചവിട്ടി…..

“സോ.. സോറി…. താൻ ഡോർ ലോക്ക് ചെയ്‌യാത്തതു എന്താ… ഞാൻ എപ്പോഴെത്തെയും ഓർമ്മയിൽ… ” പൂർത്തിയാക്കാതെ അവളെ നോക്കി

“ഏഹ്… സാരമില്ല.. പെട്ടെന്ന് കണ്ടപ്പോൾ… ” പുഞ്ചിരിയോടെ അവൾ പറഞ്ഞതും അവൻ സമാധാനമായി…. വേഗം ടവൽ എടുത്തു കുളിക്കാൻ പോയി

അവനെ നോക്കി നിന്നതും അവളുടെ ചുണ്ടിൽ പുഞ്ചിരി തത്തികളിച്ചു.. തലയിലെ കേട്ട് മാറ്റി മുടിയും തോർത്തി അവൾ ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു അങ്ങോട്ടേക്ക് നടന്നു….

താഴെ നിന്നുള്ള മുല്ല വള്ളിപ്പടർപ്പ് ഒരുഭാഗത്തു ചുറ്റിപ്പിണഞ്ഞു കിടന്നു… ഇടയ്ക്ക് മുല്ലമൊട്ടുകളും ഉണ്ട്…. അടുത്തായി ഹാങ്ങിങ് ചെയർ ഇട്ടിട്ടുണ്ട്… അവൾ അതിൽ ഇരുന്നു പുറത്തേക്ക് നോക്കി ഇരുന്നു…. ചുറ്റുമുള്ള ചെടികളും വൃക്ഷങ്ങളും അവൾക്കു കുളിർമ നൽകി…

അകത്തിരുന്ന ഫോൺ റിംഗ് ചെയ്തതും അവൾ എണീറ്റു ഫോൺ എടുത്തു….

“ദേവു…. ഞാൻ എയർപോർട്ടിൽ എത്തിട്ടോ…. അവിടെ എത്തിയിട്ട് ഞാൻ മെസ്സേജ് അയക്കാം…. happy married life… വയ്ക്കുവാണേ… ” പറഞ്ഞു തീർന്നതും കാൾ കട്ട്‌ ആയി…

ദേവു ഫോൺ നെഞ്ചോട് ചേർത്ത് വിദൂരതയിൽ നോക്കി ഇരുന്നു….

അവളുടെ മനസ്സിൽ അപ്പോൾ കാർത്തിയും മയൂരിയും ആയിരുന്നു…. സ്നേഹിക്കപെടുന്നതിനു മുന്നേ വിരഹം അനുഭവിക്കുന്നവർ…. എങ്ങനെയെങ്കിലും കാർത്തിയെ കണ്ടു പിടിച്ചു അവൾക്ക് കൊടുക്കണം….

ഫോൺ വോൾപേപ്പറിൽ ചിരിച്ചോണ്ട് നിൽക്കുന്ന അച്ഛനെ അമ്മയെ കണ്ടതും അവരെ ഓർത്തു…. ഞാൻ പോയതിന്റെ വിഷമത്തിൽ എന്റെ പണ്ടത്തെ കുറുമ്പുകൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു ഇരിക്കുന്നായിരിക്കും….

വേഗം അവൾ അച്ഛന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു… രണ്ടു റിങ്ങിൽ തന്നെ ഫോൺ എടുത്തു

“എന്താ മോളെ…. അവിടെ വല്ല പ്രശ്നവും ഉണ്ടോ…. നിനക്ക് കുഴമൊന്നുമില്ലല്ലോ… ഞങ്ങൾ വരണോ? ” എടുത്തതും ചോദ്യങ്ങൾ അവളുടെ കാതിൽ എത്തി

“ന്റെ അച്ഛാ… ഇവിടെ ഒന്നുമില്ല…. എന്റെ അച്ഛന്റെ തീരുമാനം തെറ്റാകില്ലെന്നേ… ഇങ്ങനെ പേടിക്കല്ലേ…. എന്നെ പൊന്നു പോലെ നോക്കിക്കോളും ഇവിടെ ഉള്ളവർ “

“എന്തോ നീ പോയത് മുതൽ ആകെ ഒരു ശൂന്യത… “

“ഫോൺ സ്‌പീക്കറിൽ ഇട്ടേ… നിങ്ങൾ രണ്ടാളും എന്ത് ചെയ്യുവാ “

“ഞങ്ങൾ നിന്റെ കാര്യം പറയുവായിരുന്നു… നിന്നെ സ്കൂളിൽ കൊണ്ടു ആക്കിയതും.. നിന്റെയൊപ്പം കളിച്ചതുമെല്ലാം ” സന്തോഷത്തോടെയുള്ള അവരുടെ സംസാരം കേട്ടതും അവളുടെ മനസ്സിൽ ആശ്വാസത്തിന്റെ കിരണങ്ങൾ വീണു..

“മോൻ എവിടെ? “

“കുളിക്കുവാ അമ്മേ… “

കുഞ്ഞിലത്തെ കുറുമ്പുകളും , ഓരോ പണികൾ വാങ്ങി കൂട്ടിയതുമെല്ലാം അവിടെ ചർച്ചയായി… പിന്നിലെ കാൽപ്പെരുമാറ്റം കേട്ട് അവൾ അങ്ങോട്ടേക്ക് നോട്ടം പായിച്ചു.. മുണ്ടും കുർത്തയും ഇട്ടു പുഞ്ചിരിയുമായി വരുന്ന രുദ്രനെ കണ്ടതും അവൾ ഹാങ്ങിങ് ചെയറിൽ നിന്ന് എണീക്കാൻ ശ്രമിച്ചു… അവൻ അവളെ തന്നെ പിടിച്ചിരുത്തി….

അവരോട് സംസാരിക്കുമ്പോൾ ദേവൂന്റെ മുഖത്തെ സന്തോഷവും ചിരിയുമെല്ലാം അവൻ നോക്കി നിന്നു… അവന്റെ നോട്ടം നേരിടാനാവാതെ പിടച്ചിലോടെ അവൾ കണ്ണുകൾ ചലിപ്പിച്ചു… ഒളികണ്ണിട്ടു അവൾ നോക്കുന്നത് കണ്ടതും അവൻ പൊട്ടി ചിരിച്ചു…

ഫോൺ കട്ടാക്കാൻ പോയതും അവൻ പിടിച്ചു വാങ്ങി അവരോട് സംസാരിച്ചു… അത് കണ്ടതും അവളുടെ കണ്ണുകൾ ആനന്ദാശ്രു പൊഴിച്ചു… നിറഞ്ഞകണ്ണുകളെ രുദ്രൻ തുടച്ചു കൊടുത്തു… രണ്ടാളോടും സംസാരിച്ചിട്ട് ഫോൺ കട്ട്‌ ചെയ്തു അവളുടെയിൽ കൊടുത്തു

“ഇഷ്ടായോ റൂം? “

“മ്മ്… “

“താഴേക്കു പോകാം “

“മ്മ്… “

“നിനക്ക് വാതുറന്നു പറഞ്ഞാൽ എന്താ? ” അവന്റെ ഒച്ച കൂടി

“പോകാം… ” പറഞ്ഞിട്ട് വേഗം മുറിയിലേക്ക് നടന്നു… ടവൽ വിരിച്ചിട്ടിട്ട് മുടി ചീകി ഇട്ടു, പൊട്ടും കുത്തി അവൾ വേഗം ഇറങ്ങി… പിന്നിൽ നിന്ന് കയ്യിൽ പിടി വീണതും അവൾ നിശ്ചലമായി….അവളെ പിടിച്ചു കണ്ണാടിയ്ക്കു മുന്നിൽ നിർത്തി… അവൾ സംശയത്തോടെ നോക്കി

“ഒരു കാര്യം മറന്നു പോയി മോൾ ” അവന്റെ പറച്ചിൽ കേട്ടതും അവൾ കണ്ണാടിയിൽ ഒന്നുടെ നോക്കി

“എല്ലാം ഇട്ടല്ലോ “

അവൾക്കു നേരെ അവൻ കുങ്കുമചെപ്പ് നീട്ടി…. മറന്നത്തിനു സ്വയം തലയ്ക്കു ഒരു കൊട്ട് കൊടുത്തു ചെപ്പിനു നേരെ കൈ നീട്ടിയതും അവൻ തടഞ്ഞു…. എന്തായെന്ന് പുരികം ഉയർത്തി ചോദിച്ചു

വെറുതെ പുഞ്ചിരിച്ചിട്ട് അവൻ സിന്ദൂരമെടുത്തു സീമന്തരേഖയിൽ ചാർത്തി… നിറമനസ്സാലെ അവൾ അത് സ്വീകരിച്ചു…

രണ്ടാളും ഒരുമിച്ചു താഴേക്ക് നടന്നു…. അവരെ കണ്ടതും അവിടെയുള്ളവരുടെ മുഖം പുഞ്ചിരിയാൽ വിടർന്നു…. മായ അവളുടെ അടുത്തേക്ക് വന്നു എല്ലാരേയും പരിചയപെടുത്തി കൊടുത്തു… രുദ്രൻ ആദിയുടെ അടുത്തേക്ക് പോയി…

കുറച്ചു കഴിഞ്ഞതും അവിടെ വന്നവർ എല്ലാം പോയി… ആദിയും കുടുംബവും മാത്രമായി… മുതിർന്നവർ എന്തോ കാര്യമായ ചർച്ചയിൽ ആയത് കൊണ്ടു ദേവൂം അനുവും ആദി , രുദ്രന്റെയൊപ്പം ചേർന്നു

ആദി ഫോണിൽ താലികെട്ട് സമയത്ത് എടുത്ത ഫോട്ടോസ് കാണിച്ചു കൊടുത്തു… അവർ രണ്ടാളും അത് നോക്കി ഇരുന്നു… അനു ഫോണിൽ എന്തോ കാര്യമായി പണിയുന്ന തിരക്കിലായിരുന്നു…

“കാർത്തി ബാംഗ്ലൂർ ഉണ്ട്…. ” അത് കേട്ടതും ഫോട്ടോ നോക്കുന്നത് നിർത്തി അവന്റെ നേർക്ക് തിരിഞ്ഞു

“അവൾ എയർപോർട്ടിൽ എത്തിയെന്നു പറഞ്ഞിരുന്നു…. ഫ്ലൈറ്റിൽ കയറി കാണും… “

“അവൻ ആരോടും ഒന്നും പറയാതെ പോകേണ്ട ആവശ്യമെന്തായിരുന്നു… “

“അവന്റെ ഭാഗത്തു നിന്നു നോക്കിയാൽ അവൾ ചെയ്തതിനു പെട്ടെന്ന് ക്ഷമിക്കാൻ പറ്റില്ല… രണ്ടാളുടെയും വിധി ഇതാകും “

                     

അത്താഴം കഴിഞ്ഞു ആദിയും വീട്ടുകാരും പോയി….

“നാളെ വരാം ഏട്ടത്തി ” കൈവീശി യാത്ര പറഞ്ഞതും ദേവു തിരിച്ചു കൈ വീശി… കാർ ഗേറ്റ് കടന്നതും അവർ അകത്തു കയറി…. രുദ്രൻ വർക്ക്‌ ഉണ്ടെന്ന് പറഞ്ഞു മുകളിലേക്ക് പോയി… ദേവു മായയോടൊപ്പം സംസാരിച്ചു ഇരുന്നു….

“മോളെ അവൻ ഇച്ചിരി ദേഷ്യമുണ്ട്… നിന്നോട് അവൻ ദേഷ്യപെടില്ല… നിന്നെ അവനു ഒരുപാടിഷ്ടമാണ്… പുതിയ ജീവിതം തുടങ്ങുവാണ്…. സന്തോഷത്തോടെ പോയി വാ ” കയ്യിൽ ഒരു ജഗ്ഗു വെള്ളം നൽകി.. കവിളിൽ തലോടി അമ്മ അവളെ മുറിയിലേക്ക് പറഞ്ഞു വിട്ടു..

മുറിയിൽ എത്തിയതും ഓഫീസ് റൂമിൽ ഇരുന്നു ലാപ്പിൽ പണിയുന്ന രുദ്രനെ കണ്ടു… ടേബിളിൽ വെള്ളം വച്ചിട്ട് ഡ്രെസ്സും എടുത്തു ഫ്രഷ് ആകാൻ പോയി…

തിരിച്ചു വന്നപ്പോഴും അവൻ ഓഫീസിൽ ആയിരുന്നു… അവനെ ഒന്ന് നോക്കിയിട്ട് അവൾ കിടക്കയിൽ ഇരുന്നു

ഇനി ഇയാൾക്കു തന്റെ റൂമിലെ സാധനങ്ങൾ എടുക്കുന്നത് ഇഷ്ടല്ലായിരിക്കോ… റിസ്ക് എടുക്കണ്ട താഴെ കിടക്കാം… ബെഡ്ഷീറ്റ് എടുത്തു താഴെ വിരിച്ചു തലയണ എടുത്തതും രുദ്രൻ മുറിയിലേക്ക് വന്നു… അവളുടെ കോലം കണ്ടു വാ പൊളിച്ചു നിന്നു.. പാന്റും ടീഷർട്ടും ഇട്ടു മുടിയും നെറുകയിൽ കെട്ടിവച്ചേക്കുന്നവളെ അവൻ നോക്കി നിന്നു

(അയ്യോ…. ന്റെ ആദ്യരാത്രി ഇങ്ങനെയല്ല മുല്ലപ്പൂ ഇല്ല, സാരി ഇല്ല, അറ്റ്ലീസ്റ്റ് പാലെങ്കിലും…. ഓഹ് പച്ചവെള്ളം കൊണ്ടു വച്ചേക്കുന്നു …. അല്ല ഇവൾ ഇതൊക്കെ താഴെ ഇടുന്നത് എന്തിനാ… ശേ… ഞാൻ അത്തരക്കാരൻ നഹീം ദച്ചു – ആത്മ )

“താൻ എന്തിനാ താഴെ കിടക്ക വിരിക്കുന്നേ? ” അവന്റെ ചോദ്യം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു… അവൻ മുറിയിൽ എത്തിയത് അറിഞ്ഞില്ലായിരുന്നു കുട്ടി

“അത്… ഞാൻ…. തനിക്ക് ഇഷ്ടമായില്ലെങ്കിലോയെന്ന് കരുതി “

“ഞാൻ പറഞ്ഞോ… നീ എന്റെ ഭാര്യയാണ്.. അടിമയല്ല താഴെ കിടക്കാൻ…. ബെഡിൽ കിടക്കേടി “

“അത്… ഞാൻ താഴെ കിടന്നോളാം… ” അത് പറഞ്ഞു അവൾ കിടന്നു

“ദക്ഷ…. വെറുതെ ദേഷ്യം പിടിപ്പിക്കരുത്.. ഞാൻ തന്നെ ഒന്നും ചെയ്യില്ല… രണ്ടാൾക്കും സുഖമായി ഉറങ്ങാം ” അവൾ ഒന്നും മിണ്ടാതെ തലവഴി പുതപ്പ് മൂടി അങ്ങനെ കിടന്നു….

“നിനക്ക് പറഞ്ഞാൽ അനുസരിക്കാൻ വയ്യല്ലേ.. ” അത് പറഞ്ഞു അവളുടെ അടുത്തേക്ക് നടന്നു… കുറച്ചു കഴിഞ്ഞു അവന്റെ ശബ്ദം ഒന്നും കേൾക്കാത്തൊണ്ട് അവൾ പുതപ്പ് മാറ്റി നോക്കിയതും മുന്നിൽ നിൽക്കുന്നു രുദ്രൻ…

“അത്…. ഞാൻ ഉറങ്ങി ” തലവഴി മൂടികിടന്നവളെ രണ്ടു കൈയ്യാൽ എടുത്തു… പെട്ടെന്നുള്ള ആക്രമണം ആയതുകൊണ്ട് അവൾ പേടിച്ചു കിടന്നു..

അവൻ പതിയെ അവളെ കട്ടിലിന്റെ ഒരുവശത്തു കിടത്തി പുതപ്പ് മൂടി കൊടുത്തു… പേടിച്ചു മുറുക്കെ കണ്ണടച്ചു കിടക്കുന്നവളെ നോക്കിയിട്ട് അവൻ അപ്പുറം പോയി കിടന്നു… പിന്നെ തങ്ങൾക്കിടയിൽ തലയണരേഖ ഉണ്ടാക്കി…

തനിക്ക് പുറം തിരിഞ്ഞു കിടക്കുന്ന രുദ്രനെയും തലയണമതിലും കണ്ടതും ഒരു പുഞ്ചിരിയോടെ കിടന്നു….

“”ഒരുവൻ തള്ളിക്കളഞ്ഞപ്പോൾ മറ്റൊരുവൻ ചേർത്ത് പിടിക്കുന്നു…. ഇനിയും എന്തൊക്കെയാ വിധി എനിക്കായി കാത്തുവെച്ചെക്കുന്നത്… എന്റെ രുദ്ധേട്ടനുമായി താരതമ്യപ്പെടുത്താനുള്ള യോഗ്യത നിനക്ക് ഇല്ല “” ഓരോന്ന് ചിന്തിച്ചു എപ്പോഴോ നിദ്രയെ പുൽകി

രാവിലെ തന്റെ നേർക്ക് തലയിണയും ചേർത്തു പിടിച്ചു ഉറങ്ങുന്ന രുദ്രനെ കണ്ടതും അവൾ പുഞ്ചിരിയോടെ എണീറ്റു… നെറ്റിമേൽ പാറിവീണ മുടികളെ ഒതുക്കി പുതപ്പ് നന്നായി മൂടി കൊടുത്തു കുളിക്കാനായി പോയി…

കുളിച്ചു ചുരിദാറും ഇട്ടു, സിന്ദൂരവും പൊട്ടും കുത്തി അവൾ താഴേക്ക് ഇറങ്ങി… അടുക്കളയിൽ വേറൊരു സ്ത്രീയും ഉണ്ടായിരുന്നു… ദേവുനെ കണ്ടതും അവർ പുഞ്ചിരിച്ചു

“മോളെ ഇത് ദേവകി…. അടുക്കളയിലെ ജോലി ഇവൾ നോക്കിക്കോളും… മോൾ അവനെ ഉണർത്തു… അമ്പലത്തിൽ പോയിട്ട് വായോ… അടുത്തൊരു ശിവക്ഷേത്രമുണ്ട് “

തലകുലുക്കി സമ്മതിച്ചിട്ട് അവൾ മുകളിലേക്ക് പോയി…

അവനെ പതിയെ തട്ടി വിളിച്ചു… കണ്ണുതുറന്നു അവളെ നോക്കി അങ്ങനെ കിടന്നു അവൻ…. അത് കണ്ടപ്പോൾ അവൾക്കു വല്ലാതെ തോന്നി

“കുളിച്ചു തയ്യാറായി അമ്പലത്തിൽ പോകാൻ പറഞ്ഞു അമ്മ “

അത് കേട്ടതും അവൾക്കു പുഞ്ചിരി സമ്മാനിച്ചു അവൻ ഫ്രഷ് ആകാൻ പോയി.. അവൾ സാരിയും എടുത്തു ഡ്രസ്സിങ് റൂമിലും…

രണ്ടാളും റെഡിയായി താഴെ ഇറങ്ങിയപ്പോൾ മായമ്മ മുന്നിലിരുന്ന് പൂ കെട്ടുവായിരുന്നു…. ദേവുനെ കണ്ടതും കെട്ടിവച്ച മുല്ലപ്പൂവ് അവൾക്കു കൊടുത്തു… അവൾ വാങ്ങി തലയിൽ ചൂടി..

“ഇവിടെ ഉള്ളതാ… നിങ്ങളുടെ മുറിയിലെ ബാൽക്കണിയിൽ പടർന്നിട്ടുണ്ട്… മോൾ കണ്ടില്ലേ? “

“ആം… കണ്ടു… “

“എന്നാൽ നിങ്ങൾ പോയിട്ട് വാ “

കീയും എടുത്തു കാറിന്റെ അടുത്തേക്ക് രുദ്രൻ നടന്നു

“നീ ഇത് എങ്ങോട്ടാ കാറിൽ ഇവിടെന്ന് അടുത്താണ്… രണ്ടു വളവ് കഴിഞ്ഞാൽ അമ്പലമെത്തും “

അത് കേട്ട് ദേവുനെ നോക്കിയതും അവൾ തലയാട്ടി സമ്മതിച്ചു… ഒരു പുഞ്ചിരിയോടെ തന്റെ ദച്ചുവിനോപ്പം അവൻ നടന്നു…

വഴിയേ പോകുന്നവർ അവരെ നോക്കി പുഞ്ചിരിച്ചു… രുദ്രന് ആരെയും പരിചയമില്ലേലും എപ്പോഴോ കണ്ടിട്ടുള്ള മുഖങ്ങൾക്ക് പുഞ്ചിരി നൽകി…

അമ്പലത്തിൽ എത്തി പുഷ്പാഞ്ജലിയ്ക്ക് രസീത് എഴുതി രണ്ടാളും കയറി… തൊഴുകൈകളോടെ ഭഗവാന് മുന്നിൽ നിന്നപ്പോൾ അവളുടെ ഉള്ളു നിറയെ എന്നും ഈ താലിയും സിന്ദൂരവും ഉണ്ടാകണമെന്ന പ്രാർത്ഥന മാത്രമേ ഉണ്ടായുള്ളൂ…

നിറകണ്ണുകളോടെ ദൈവത്തിനു മുന്നിൽ നില്കുന്നവളെ കണ്ടപ്പോൾ അവന്റെയുള്ളിൽ നോവുണ്ടായി…

തൊഴുതു കഴിഞ്ഞു അവർ പ്രസാദവും വാങ്ങി പുറത്തിറങ്ങി…. നെറ്റിയിൽ ചന്ദനം ചാർത്തി അവനെ നോക്കിയതും പ്രസാദവും പിടിച്ചു മറ്റെങ്ങോ നോക്കി നിൽക്കുന്നു…. ഒരു നിമിഷം മടിച്ചു നിന്നിട്ട് അവൾ ചന്ദനം അവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു

നെറ്റിയിൽ തണുത്ത സ്പർശമേറ്റതും അവൻ സ്വപ്നത്തിലെന്ന പോലെ ഞെട്ടി ഉണർന്നു… അവളെ ഒരുനിമിഷം നോക്കി നിന്നു… പുഞ്ചിരിച്ചുകൊണ്ട് അവളുടെ കൈയ്യിൽ വിരൽ കോർത്തു അമ്പലകുളത്തിലേക്ക് നടന്നു…

പച്ചനിറത്തിലെ കുളത്തിലേക്ക് അവൾ പതിയെ ഇറങ്ങി… പടിയിൽ ഇറങ്ങി കാല് നനച്ചതും കുഞ്ഞു മീനുകൾ അവളെ ഇക്കിളിയാക്കി… അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും നോക്കി അവൻ പടിയിൽ ഇരുന്നു…. കുറച്ചു നേരം കഴിഞ്ഞതും അവൾ അവന്റെയടുത്തു വന്നു ഇരുന്നു

“നിനക്ക് എന്നെ പേടിയാണോ ദേവു? ” ആർദ്രമായ അവന്റെ ശബ്ദം കേട്ടതും അവൾ നോട്ടം മാറ്റി അവനെ നോക്കി…

“എന്തിനാ? “

“ഇന്നലെ എനിക്ക് അങ്ങനെ തോന്നി… “

“അത്… ഞാൻ… തന്നെ “

“ദേവു ഞാൻ നിന്റെ ഭർത്താവാ… താൻ എന്നുള്ളതു കേൾക്കുമ്പോൾ എന്തോ അകലം ഉള്ളത് പോലെ ” അവളെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ പറഞ്ഞതും അവൾ മിണ്ടാതെ അവനെ നോക്കിയിരുന്നു

“ഏട്ടാ…. എനിക്ക് കുഴപ്പമൊന്നുമില്ല… ഏട്ടന് തോന്നിയതാകും “

“ദച്ചു…. നീ എന്നെ മറന്നോ പെണ്ണേ? “

“ഞാൻ ആരെയും മറന്നിട്ടില്ല… നിങ്ങൾ അല്ലേ എന്നെ മറന്നിട്ട് പോയേ ” നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ കുളത്തിലേക്ക് നോട്ടം മാറ്റി

“ഞാൻ മറന്നതല്ല ദച്ചു… പെട്ടെന്ന് അച്ഛൻ മരിച്ചപ്പോൾ വിധിയുടെ മുന്നിൽ പകച്ചു പോയി ഞാൻ…. അപ്പോൾ അമ്മയെ ഓർമ്മ വന്നോളു…. ഇവിടെന്ന് പോകുന്നതിനു മുന്നേ നിന്നെ കാണണമെന്ന് കരുതിയതാ…. ടിസി വാങ്ങാൻ വന്നപ്പോൾ നിന്നെ കാണാൻ ശ്രമിച്ചതാ… പക്ഷേ കണ്ടില്ല…. “

“എന്നിട്ട് എന്നെ കാണാൻ ഒരിക്കൽ പോലും തോന്നിയില്ലല്ലോ “

“ഇവിടെന്ന് പോയതിനു ശേഷം ഒരുപാട് കഷ്ടപ്പെട്ടു ദച്ചു… എല്ലാം നേടിയെടുക്കാനുള്ള വാശി ആയിരുന്നു… എന്റെ അമ്മേ കഷ്ടപ്പെടുത്താതെ, അച്ഛൻ ഉണ്ടായിരുന്നപ്പോൾ എങ്ങനെ ജീവിച്ചോ അതുപോലെ അമ്മയെ എല്ലാ സൗകര്യങ്ങളും നൽകണമെന്നു ഉറപ്പിച്ചു… അതിനിടയിൽ നിന്നെ…. “

“മറന്നു ല്ലേ…? ” അവളുടെ വേദന നിറഞ്ഞ ശബ്‌ദം കേട്ടതും അവൻ നിശബ്ദമായി..

“ഒരു വാക്ക് എന്നോട് പറഞ്ഞൂടായിരുന്നോ.. ഞാൻ കാത്തിരിക്കില്ലേ…. നിങ്ങൾ എന്നെ പറ്റിച്ചിട്ട് പോയെന്ന് കൂട്ടുകാരിയുടെ വായിൽ നിന്ന് കേട്ടപ്പോൾ ചിന്നിച്ചിതറി പോയി ഞാൻ… ഒരിക്കലും അത് സത്യമാവില്ലെന്ന് വിശ്വസിച്ചു…. വിവാഹം ഉറപ്പിക്കുന്നത് വരെ ഞാൻ കാണുന്നവരിൽ നിങ്ങളെ തേടിയിരുന്നു…. ” ഒന്ന് ദീർഘനിശ്വാസം എടുത്തു അവൾ അവനെ നോക്കി… ആ കണ്ണുകൾ നിറഞ്ഞു കണ്ടതും അവൾ ഒന്നും മിണ്ടിയില്ല…

“സോറി ദച്ചു… ഞാൻ… നിന്നെ അന്ന് അച്ചുവിന്റെ വിവാഹത്തിന് കണ്ടതും എന്തൊയൊരു പരിചയമുള്ളതുപോലെ തോന്നി… നിന്റെ ‘ ദക്ഷ മാധവ് ‘ എന്നുള്ള പേര് കണ്ടതും നീ എന്റെ ദച്ചുവാണെന്ന് മനസിലായി.. ഞാൻ നിന്റെ രുദ്ധേട്ടൻ ആണെന്ന് പറയണമെന്ന് കരുതിയപ്പോൾ നിന്റെ പാസ്ററ് പറഞ്ഞു… പിന്നെ എങ്ങനെ പറയണമെന്ന് അറിയാത്തോണ്ടാ അമ്മയോട് പറഞ്ഞേ…. അത് ഇതുവരെ എത്തിച്ചു “

“നിങ്ങൾക് ഒരിക്കലും ചേർന്നൊരു പെണ്ണല്ല ഞാൻ… ഞാനൊരു രണ്ടാംകെട്ടുകാരി ആണ്…. തടയാൻ നോക്കിയതും അതിലും ശക്തമായി എന്നെ ചേർത്തു പിടിച്ചു “

“ഇനി ഇങ്ങനെ സംസാരം വേണ്ട… നിന്നെയല്ലാതെ വേറെ ആരെയാ ഞാൻ ചേർത്തു പിടിക്കേണ്ടത്… ന്റെ ദച്ചു എന്റെ മാത്രമാ…. ഞാൻ അന്ന് പോയതോണ്ടല്ലേ ദച്ചു നിനക്ക് വിഹാന്റെ മുന്നിൽ തല കുനിക്കേണ്ടി വന്നത്…. നിന്നെ കാൽകീഴിലിട്ട് ചവിട്ടി മെതിച്ചല്ലോ…. അതിനുള്ള മറുപടി ഞാൻ കൊടുക്കും ” അത് പറയുമ്പോൾ അവന്റെ കണ്ണുകൾ രക്തവർണമായി…. അവൾ പേടിയോടെ അവന്റെ തോളിൽ ചേർന്നു അവനെ സമാധാനിപ്പിച്ചു.. ഒരു പുഞ്ചിരിയോടെ അവൻ അവളെ മുറുക്കെ പിടിച്ചു

“ഇനിയും എന്നെ ഒറ്റയ്ക്കാക്കി പോകോ… “

അത് ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“ഇനി എന്റെ പെണ്ണിനെ വിട്ടു എവിടെ പോകാനാ…. എന്റെ അവസാനശ്വാസം വരെ നിന്റെയൊപ്പം ഉണ്ടാകും ” അവളുടെ നിറഞ്ഞ കണ്ണുകൾ അവൻ തുടച്ചു

“അല്ല…. നിനക്ക് എങ്ങനെ മനസിലായി എന്നെ? “

“ആദ്യം പേര് കേട്ടപ്പോഴേ തോന്നി…. പക്ഷേ നിങ്ങളുടെ ദേഷ്യം കണ്ടപ്പോൾ ആ പാവം ചെക്കനല്ല… ആള് മാറിയതായെന്നു തോന്നി… പിന്നെ എന്നെ അന്ന് കണ്ണൂർ വച്ചു ദച്ചുയെന്ന് വിളിച്ചപ്പോൾ ന്റെ രുദ്ധേട്ടൻ ആണെന്ന് മനസിലായി…. നിങ്ങൾ അല്ലാതെ വേറെ ആരും എന്നെ അങ്ങനെ വിളിക്കില്ല…. അതുകൊണ്ടാ ന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ പറഞ്ഞത്… അത് കേട്ടപ്പോഴുള്ള ഏട്ടന്റെ കണ്ണിലെ വേദന എനിക്കിപ്പോഴും ഓർമയുണ്ട്… ഇനിയും എന്തെങ്കിലും അറിയണോ? ” അവളുടെ കുസൃതി നിറഞ്ഞ ചോദ്യം കേട്ടതും അവൻ ഒന്നൂടെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു

“നമുക്ക് നഷ്ടമായ പ്രണയകാലം ആസ്വാദിക്കാം രുദ്ധേട്ടാ ” അത് കേട്ടതും അവൻ പുഞ്ചിരിയോടെ തലയാട്ടി

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ദേവു രുദ്രന്റെ പഴയ ദച്ചു ആവുകയായിരുന്നു… ഓരോന്ന് വാതോരാതെ സംസാരിച്ചു നടന്നു… അവളുടെ വിരലിൽ വിരൽ കോർത്തു അവളെ കേട്ടുകൊണ്ട് അവൻ നടന്നു

സന്തോഷത്തോടെ വീട്ടിലേക്ക് വരുന്ന ദേവുനെ രുദ്രനെ കണ്ടതും മായമ്മ പുഞ്ചിരിയോടെ നോക്കി….

“അമ്മയ്ക്ക് ന്റെ ദച്ചുനെ കാണണ്ടേ? “

അത് കേട്ടതും അവർ സംശയത്തോടെ അവനെ നോക്കി…. പണ്ട് അവന്റെ നാവിൽ നിന്ന് കേൾക്കുന്ന കുറുമ്പി…. രുദ്രന്റെ ദച്ചു..

“ഇതാണ് ആൾ ” ദേവുനെ മുന്നിൽ നിർത്തി അവൻ പറഞ്ഞതും അവർ വിശ്വാസം വരാതെ നോക്കി… പിന്നീട് അവളെ പോയി കെട്ടിപിടിച്ചു

“ഇവന്റെ നാവിൽ നിന്നു ഒരുപാട് കേട്ടിട്ടുണ്ട്… അവൻ സ്നേഹിച്ചവളെ തന്നെ കിട്ടിയല്ലോ…. ” പുഞ്ചിരിയോടെ ചുണ്ടുകൾ ദേവൂന്റെ നെറ്റിയിൽ ചേർത്തു

“ദേവകി…. ഭക്ഷണം എടുത്തു വയ്ക്ക് മക്കൾ എത്തി… ” അകത്തേക്ക് നോക്കി പറഞ്ഞതും ഭക്ഷണങ്ങൾ ഓരോന്നായി ടേബിളിൽ നിറഞ്ഞു

ഭക്ഷണം കഴിഞ്ഞതും റിസെപ്ഷന്റെ കാര്യങ്ങൾക്കായി രുദ്രൻ പുറത്തു പോയി… ഉച്ച കഴിഞ്ഞതും അവളെ ഒരുക്കാനുള്ള ബ്യൂട്ടിഷൻ എത്തി….

കുറേ കഴിഞ്ഞതും ഒരുക്കങ്ങൾ കഴിഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി…. രുദ്രന്റെ ശബ്‌ദം കേട്ട് അവൾ ചുറ്റും നോക്കി

“അവൻ മുകളിലാണ് മോളെ… ആദിയുമുണ്ട് ” അവളുടെ നോട്ടം കണ്ടു മായ പറഞ്ഞു… മറുപടിയായി ചമ്മിയ ചിരി ചിരിച്ചു അവൾ ലെഹങ്കയും പൊക്കി പിടിച്ചു നടന്നു…

“ഏട്ടത്തി…. ” അനു ഓടി വന്നു അവളെ കെട്ടിപിടിച്ചു….

“സുന്ദരിയായിട്ടുണ്ടല്ലോ… ” അവളുടെ ചോദ്യം കേട്ട് ദേവു പുഞ്ചിരിച്ചു… അവരുടെ അടുത്തേക്ക് പല്ലവിയും വന്നു

“നീയും ഉണ്ടായിരുന്നോ? “

“ഹ്മ്മ്… നേരത്തെ എത്തിയതാ… നീ അവിടെ അങ്കംവെട്ടി ജയിച്ചു വരട്ടേന്ന് കരുതി കാത്തിരുന്നതാ.. “

“ഓഹോ…. എന്നിട്ട് ഞാൻ ജയിച്ചില്ലേ? “

“പിന്നെ…. എന്റെ മോൾ ഇന്ന് ചുന്ദരിയായി..”

അപ്പോഴേക്കും മുകളിൽ നിന്ന് രുദ്രനും ആദിയും ഇറങ്ങി വന്നു…. പല്ലവിയുടെ നോട്ടം കണ്ടു തിരിഞ്ഞ് നോക്കിയതും രുദ്രനെ കണ്ടു…. അവരുടെ കണ്ണുകൾ ഇടഞ്ഞു…. ഷെർവാണിയിൽ സുന്ദരനായി വരുന്ന രുദ്രനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി

അതേ സമയം രുദ്രന്റെ കണ്ണുകൾ അവളെ നോക്കുന്ന തിരക്കിൽ ആയിരുന്നു… ആ പിങ്ക് കളർ ലെഹങ്കയിൽ അവൾ അപ്സരസിനെ പോലെ തോന്നി… അതിനു ചേർന്ന നെക്‌ലേസും കമ്മലും…. കരിമഷി എഴുതിയ കണ്ണുകളും.. നെറ്റിയിലെ സ്റ്റോൺ പൊട്ടും അവളുടെ ഭംഗി കൂട്ടിയതായി തോന്നി അവനു

“അതേ…. രണ്ടാളും ചോര ഊറ്റിക്കഴിഞ്ഞെങ്കിൽ നമുക്ക് ഇറങ്ങാം… ” ആദിയുടെ കളിയാക്കൽ കേട്ടതും അവർ നോട്ടം മാറ്റി…

എല്ലാരും കൂടെ ഹാളിലേക്ക് പോയി… അവിടെ അവർക്ക് വേണ്ടി അറേഞ്ച് ചെയ്ത സ്റ്റേജിൽ അവർ ഇരുന്നു… ചുറ്റും പൂക്കൾ കൊണ്ടു ഡെക്കറേറ്റ് ചെയ്തിരുന്നു… രുദ്രൻ അവളുടെ കൈയ്യിൽ ചേർത്ത് പിടിച്ചിരുന്നു…

മാധവനും രാധയും, അച്ചുവും കുടുംബവും ഉണ്ടായിരുന്നു…. സന്തോഷത്തോടെയുള്ള അവരുടെ സംസാരം കണ്ടതും അവരുടെ ഉള്ളിലെ ആശങ്കകൾ കെട്ടടഞ്ഞു…

ഒരുപാട് ബിസിനസ്‌ ഫ്രണ്ട്സ് വന്നു…. അവരെ എല്ലാം രുദ്രൻ അവൾക് പരിചയപ്പെടുത്തി കൊടുത്തു…

എല്ലാരേയും പരിചയപെട്ടു നിൽക്കെ സ്റ്റേജിലേക്ക് വരുന്ന രണ്ടുപേരെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു….

                             തുടരും

                         സ്വപ്ന മാധവ്

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!