“കാർ ഒന്ന് സൈഡിലേക്ക് ഒതുക്കിക്കേ..”
ശാലു പറഞ്ഞു..
“ന്തിന്…”
“എനിക്ക് മാഷിനേ ഉമ്മ
വെക്കണം..”
“ന്താന്ന്…”
ഇന്ദ്രൻ ഒന്ന് ഞെട്ടി..
“ഉമ്മ
വെക്കണം ന്ന്..”
അതും പറഞ്ഞു ശാലു ഇന്ദ്രന്റെ അടുത്തേക്ക് വരും മുൻപേ ദൂരെ നിന്നും ഒരാൾ അവരുടെ കാറിനു നേരെ കൈ വീശി കാണിച്ചു കൊണ്ടു റോഡിലൂടെ മുന്നോട്ട് നടന്നു വന്നു..
ഇന്ദ്രൻ കാർ വേഗത കുറച്ചു അയ്യാളുടെ തൊട്ടു മുന്നിൽ കൊണ്ടു നിർത്തി…
“ഏട്ടൻ..”
ശാലു പതിയെ പറഞ്ഞു..
“ഒരു ലിഫ്റ്റ് വേണല്ലോ..
തരുമോ..”
നന്ദൻ ചോദിക്കുന്നത് കേട്ട് ശാലു ഞെട്ടി..
“നീ ഇങ്ങോട്ട് ഇറങ്ങിക്കേ…”
ശാലു ഇരിക്കുന്ന സൈഡിലെ ഡോർ തുറന്നു കൊണ്ടു നന്ദൻ പറഞ്ഞു..
“ഏട്ടാ..”
ശാലു പതിയെ വിളിച്ചു..
“മ്മ് ഞാൻ കേട്ടു..
നീ ഇപ്പൊ തൽക്കാലം പുറത്തേക്ക് ഒന്ന് ഇറങ്ങിക്കേ..”
ചുണ്ടിലെ ബീഡിയിൽ നിന്നും ആഞ്ഞൊരു പുക അകത്തേക്ക് എടുത്തു കൊണ്ടു നന്ദൻ വിളിച്ചു..
ശാലു പുറത്തേക്ക് ഇറങ്ങി..
“മ്മ്.. മോള് പോയി പിറകിൽ കേറിക്കോ..
ഞാൻ മുന്നിൽ ഇരുന്നോളാം..”
നന്ദൻ പറഞ്ഞത് കേട്ട് ശാലു ഞെട്ടി..
“ന്താ സാറേ..
മ്മളെ കൂടി കൊണ്ടോവില്ലേ ഈ വണ്ടിയിൽ..”
തല ചെരിച്ചു ഇന്ദ്രനേ നോക്കി കൊണ്ടു നന്ദൻ ചോദിച്ചു..
“നീ കേറിയില്ലേ…
പോയി പിറകിൽ കയറടീ…”
ഒരു പ്രത്യേക രീതിയിൽ നന്ദൻ പറയുന്നത് കേട്ട് ശാലു വേഗം ഡോർ തുറന്നു അകത്തു കയറി..
“എന്നാ മ്മക്ക് വിട്ടാലോ സാറേ..”
നന്ദൻ ഇന്ദ്രനേ നോക്കി ചോദിച്ചു..
ഒന്നും മിണ്ടാതെ ഇന്ദ്രൻ കാർ മുന്നോട്ടെടുത്തു…
“സാറിന് ഒരു ട്രൻസ്‌ഫർ ഉണ്ട് ഇവിടന്നു..”
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം നന്ദൻ പറഞ്ഞത് കേട്ട്
ഇന്ദ്രൻ തല ചെരിച്ചു നന്ദനെ നോക്കി..
“അങ്ങനെ ഒരു ട്രാൻസ്ഫറിന്റെ കാര്യം ഡിപ്പാർട്മെന്റ് എന്നോട് പറഞ്ഞിട്ടില്ല ലോ നന്ദാ..”
ഒരു കൈ കൊണ്ടു മീശ പതിയെ തടവി കൊണ്ടു ഇന്ദ്രൻ പറഞ്ഞത് കേട്ട് നന്ദൻ ചിരിച്ചു..
“ഹ ഹ..
സാറിന് ന്റെ പേരൊക്കെ അറിയാലേ..”
“പിന്നേ കെട്ടാൻ പോണ പെണ്ണിന്റെ ആങ്ങളയുടെ പേരറിയില്ല എന്നു പറയുന്നത് മോശമല്ലേ…”
മീശയിലേ പിടുത്തം വിടാതെ ഇന്ദ്രൻ പറഞ്ഞു..
നന്ദൻ തിരിഞ്ഞു ശാലുവിനെ നോക്കി…
ശാലു പെട്ടന്ന് മുഖം തിരിച്ചു കളഞ്ഞു..
“അല്ല ന്താ സാറിന്റെ ഉദ്ദേശം..
നാട് നന്നാക്കി..
പിന്നേ നാട്ടിലുള്ള പെൺകുട്ടികളെ സംരക്ഷിക്കുന്നു..
ദേ ഇപ്പൊ എന്റെ അനിയത്തിയെ എന്റെ അനുവാദമില്ലാതെ വിവാഹം കഴിക്കാനും പോകുന്നു..”
“അല്ലടീ കാന്താരി..
എന്റെ സമ്മതമില്ലാതെ നീ സാറിനു കഴുത്ത് നീട്ടി കൊടുക്കുമോ..”
നന്ദൻ തിരിഞ്ഞുഇരുന്നു കൊണ്ടു ശാലുവിനോട് ചോദിച്ചു..
“അത് പിന്നേ ഏട്ടാ…”
ശാലു ഇരുന്നു പരുങ്ങി..
“ബ ബ ബ..യല്ല..
മറുപടി വേണം എനിക്ക്..
ന്റെ സമ്മതമില്ലാതെ ന്റെ കാന്താരി ഈ സാറിന്റെ കൂടെ കൂടുമോ ന്നു..”
“ഏട്ടാ..
എനിക്ക് ഇഷ്ടാണ് മാഷിനേ..
മാഷിന് എന്നെയും..
ഏട്ടൻ എതിര് പറയില്ല എന്നു തന്നെയാണ് എന്റെ മനസു പറയുന്നത്…
ഏട്ടന്റെ കാന്താരിയേ ന്റെ ഏട്ടന് അത്രേം ഇഷ്ടല്ലേ..”
നന്ദന്റെ കയ്യിൽ പിടിച്ചു കൊണ്ടു ശാലു പറഞ്ഞു..
“കേട്ടോ സാറേ..
ഇതാണ് ന്റെ പെങ്ങള്..
ഉള്ളിലുള്ളത് ന്താണേലും അതിങ്ങനെ തുറന്നു പറയും..
പക്ഷേ..
സാറിനൊരു കാര്യമറിയോ..
ഈ വിവാഹം നടക്കില്ല ട്ടോ..”
നന്ദൻ പറഞ്ഞത് കേട്ട് ഇന്ദ്രനും ശാലുവും ഞെട്ടി..
ഇന്ദ്രൻ കാർ സൈഡിലേക്ക് ഒതുക്കി നിർത്തി..
“സാറ് ന്തിനാ വണ്ടി നിർത്തിയത്…
ഞാൻ പറഞ്ഞത് കേട്ടിട്ടാണോ..”
“മ്മ്..
ന്തേ നന്ദൻ അങ്ങനെ പറഞ്ഞത്..”
ഇന്ദ്രൻ നന്ദനെ നോക്കി ചോദിച്ചു…
“സാറിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു സാറേ..
അറിഞ്ഞു കൊണ്ടു ഞാനെന്തിനാ..
എന്റനിയത്തിയേ ഇങ്ങനെ ഒരു ദുരന്തത്തിലേക്ക് തള്ളി വിടുന്നത്..”
“നന്ദന് എന്നാണ് ചിത്രഗുപതന്റെ ജോലി കിട്ടിയത്..”
ചിരിച്ചു കൊണ്ടു ഇന്ദ്രൻ ചോദിച്ചു..
“എനിക്കല്ല സാറേ…
ഇവിടെ വേറെയും ഉണ്ട് ആളുകൾ..
അവരുടെ തീരുമാനമാണ് സാറിന്റെ മരണം..”
നന്ദൻ പറഞ്ഞത് കേട്ടു ശാലു ഞെട്ടി..
“ആർക്കാ ഏട്ടാ..
ഇത്രയും ദേഷ്യം..”
ശാലു നന്ദനെ നോക്കി ചോദിച്ചു..
“വേറെ ആർക്ക്..
ഹരിയേട്ടന് സോറി ഹരിക്ക് തന്നേ..”
നന്ദന്റെ മറുപടി കേട്ട് ഇരുവരും ഞെട്ടി..
“ഹരിയേട്ടനോ…
ഇന്ദ്രൻ വിശ്വസം വരാതെ നന്ദനെ നോക്കി..”
‘മ്മ്..
സാറ് ഫ്രീ ആണോ..
ങ്കിൽ ഞാൻ സാറിനെ ഒരു സ്ഥലം വരെ കൊണ്ടു പോകാം..
വേണേൽ നീയും പോരെ…
ശാലുവിനെ നോക്കി നന്ദൻ പറഞ്ഞു..”
“അത്യാവശ്യമാണോ..”
ഇന്ദ്രൻ ചോദിച്ചു..
“ആണോന്ന് ചോദിച്ചാൽ..
ചില സത്യങ്ങൾ അറിയിക്കാനുണ്ടായിരുന്നു..
ചിലപ്പോൾ പിന്നീടൊരിക്കൽ എനിക്കതു പറയാൻ കഴിഞ്ഞെന്നു വരില്ല..
അതിന് മുന്നേ ചിലപ്പോൾ ഞാൻ ഈ ഭൂമിയിൽ നിന്നും..”
നന്ദൻ പറഞ്ഞത് ശാലു പെട്ടന്ന് പൊട്ടി കരഞ്ഞു..
“ന്തേ ഏട്ടാ..
ന്താ ന്റെ ഏട്ടന്..
വരും വഴി ദാമുവേട്ടനും പറഞ്ഞു ഏട്ടനല്ല അന്ന് കുത്തിയത് ന്ന്..”
ശാലു പൊട്ടി കരഞ്ഞു കൊണ്ടു ചോദിച്ചു…
“എല്ലാം ഞാൻ പറയാം മോളേ…
ജയിലിൽ വെച്ചേ ഞാൻ അറിഞ്ഞിരുന്നു ഇവിടെ ഇങ്ങനെ ഒരു ഇൻസ്‌പെക്ടർ ചാർജ് എടുത്തു ന്ന്..
ലക്ഷ്യം മീനാക്ഷി ചേച്ചിയുടെ തിരോധാനമാണെന്നും..”
ഇന്ദ്രനേ നോക്കി നന്ദൻ പറയുമ്പോൾ..
ഇന്ദ്രന്റെ കണ്ണുകളിൽ ഒരു കനലെരിയുന്നത് നന്ദൻ കണ്ടു..
“സാറേ..
സാറിന്റെ ഈ അന്വേഷണം എവിടെയും എത്തില്ല..
അതിന് മുന്നേ സാറിനേ തീർക്കും സാറേ..
പക്ഷെ അതെന്റെ കൈകൊണ്ടവരുത് എന്നുള്ള ആഗ്രഹം കൊണ്ടു പറയുവാ..
സാറ് തിരിച്ചു പോണം..
ഒരു ട്രാൻസ്ഫർ..
അത് ഞാൻ ശരിയാക്കി തരാം..
അതിനുള്ള ബന്ധങ്ങൾ എനിക്കുണ്ട് സാറേ…”
നന്ദൻ പറഞ്ഞത് കേട്ട് ഇന്ദ്രൻ ചിരിച്ചു…
“നന്ദേട്ടാ…”
ഇന്ദ്രന്റെ ആ വിളി നന്ദനെ ഒന്നുലച്ചു..
“ഞാൻ ഇനി ഇങ്ങനേ വിളിക്കൂ..”
ഇന്ദ്രൻ പറയുന്നത് കേട്ട് നന്ദന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..
“ഇന്നത്തെ ഒരു രാത്രി ഇരുട്ടി വെളുക്കട്ടെ നന്ദേട്ടാ…
എന്നിട്ട് ഞാൻ വരാം..
ഏട്ടന്റെ കൂടെ..
ഏട്ടൻ പറയുന്നിടത്തേക്ക്..”
“ഹരി..
ഹരിയേ സൂക്ഷിക്കണം…
ഞാൻ അറിഞ്ഞിട്ടല്ല ഹരി ഒരാലോചനയുമായ് വന്നത്…
ഞാൻ പുറത്തിറങ്ങും മുൻപേ ഒരു പിടിവള്ളി തേടിയതാ അവൻ…
മോളേ മുന്നിൽ നിർത്തി കൊണ്ട് എന്നേ നേരിടാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു അവൻ..”
“മോൾക്ക് വന്ന നല്ല പല ആലോചനയും അവനാണ് മുടക്കിയത്..
ഞാൻ ഇത്രയും പെട്ടന്ന് ജയിലിൽ നിന്നുമിറങ്ങില്ലന്നവൻ കരുതി..”
“പക്ഷെ.. അവനു തെറ്റി…
രണ്ടു ദിവസമായി ഹരി നാട്ടിലില്ല എന്നാണ് ഞാൻ അറിഞ്ഞത്..
അതുകൊണ്ട് സാറ് സൂക്ഷിക്കണം..
ഇന്ന് നമ്മൾ കണ്ടു മുട്ടിയതും സംസാരിച്ചതും അവൻ അറിയും ചിലപ്പോൾ..
വണ്ടി ഇവിടെ ഒന്ന് നിർത്തിയേക്ക് സാറേ..
ഞാൻ ഇവിടെ ഇറങ്ങുവാ..
ഞാൻ വിളിക്കാം സാറിനെ..
നമ്പർ എന്റെ കയ്യിൽ ഉണ്ട്..”
“ന്തേ ഇവിടെ ഇറങ്ങുന്നേ..
വീട്ടിലേക്ക് വാ ഏട്ടാ..”
ശാലു വിളിച്ചു….
“ഞാൻ വരാം മോളേ..”
കാറിൽ നിന്നും പുറത്തിറങ്ങി കൊണ്ട് നന്ദൻ പറഞ്ഞു…
“രാത്രി വരണം ട്ടോ..”
ശാലു നന്ദന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
“മോള് വാ..
മുന്നിൽ വന്നിരിക്ക്..
നല്ല ചേർച്ചയുണ്ട് ട്ടോ രണ്ടും..”
ഡോർ തുറന്നു കൊടുത്തു കൊണ്ട് നന്ദൻ പറഞ്ഞു…
“ഏട്ടാ…
സൂക്ഷിക്കണം…ട്ടാ..
നന്ദനെ നോക്കി ഇന്ദ്രൻ പറഞ്ഞു..
“എന്നേ സൂക്ഷിക്കാൻ കൂടെ ചങ്ക് പോലെ രണ്ടുമൂന്നെണ്ണമുണ്ട്..
പക്ഷെ സാറിനെ ഓർക്കുമ്പോ ആണ് സാറേ ടെൻഷൻ..
എന്റെ അനിയത്തി കുട്ടിക്ക് ആഗ്രഹങ്ങൾ നൽകിയിട്ട്..
വഴിയിൽ പൊലിഞ്ഞു തീരരുത് ജീവിതം..
കാരണം..
ഈ നാട് വളരേ മോശമാണ്..
അതിനേക്കാൾ മോശമാണ് ഇവിടെ ഉള്ളവരും..
എത്ര നല്ലത് ചെയ്തു കൊടുത്താലും..
ചിലർ അവസരം കിട്ടുമ്പോൾ തിരിഞ്ഞു കൊത്തും…
എന്നേ കൊണ്ട് കഴിയും വിധം ഞാൻ നോക്കാം സാറിന്റെ ജീവൻ..
പക്ഷെ..
സാറിന്റെ കൂട്ടത്തിൽ തന്നുള്ളവർ ഒറ്റികഴിഞ്ഞാൽ..
ഒന്നും ചെയ്യാൻ കഴിയില്ല ട്ടോ..
അതോണ്ട് ശ്രദ്ധിക്കണം…”
“മോള് കേറിക്കോ..
ഏട്ടന് പറ്റിയാൽ രാത്രി വീട്ടിൽ വരാം..
ഇല്ലേ സാറിന്റെ കൂടെ നാളേ പോയി വന്നിട്ട് കാണാം..”
ശാലുവിന്റെ നെറ്റിൽ ചുണ്ടമർത്തി കൊണ്ട് നന്ദൻ പറഞ്ഞു..
“ശരിയേട്ടാ.. “
നന്ദനെ ചേർത്ത് പിടിച്ചു കൊണ്ട് ശാലു പറഞ്ഞു..
“പേടിയാവുന്നുവേട്ടാ..
വല്ലാതെ…”
സീറ്റിൽ ഇരുന്നു കൊണ്ട് നന്ദന്റെ കയ്യിൽ പിടിച്ചു കൊണ്ട് ശാലു പറഞ്ഞു..
“പേടിക്കേണ്ട.. ട്ടോ…
ഏട്ടനുണ്ട് കയ്യെത്തും ദൂരെ..
ഒന്ന് ഉറക്കെ വിളിച്ചാൽ മതി..
ഓടിയെത്താം ട്ടോ..
ചെല്ല്..”
ഇന്ദ്രനേ നോക്കി നന്ദൻ..
ഇന്ദ്രൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു…
കണ്ണിൽ നിന്നും മറയും വരെ നന്ദൻ അവരേ നോക്കി നിന്നു..
തൊട്ട് പിന്നാലേ ഒരു ഇന്നോവ നന്ദന്റെ അടുത്ത് കൊണ്ട് നിർത്തി…
“ന്തായി നന്ദേട്ടാ…
ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് ശബരി ചോദിച്ചു..”
“പാവമാണ് ഡാ..
ഒന്ന് ശ്രദ്ധിക്കണം അവനെ..
കാരണം ഒറ്റക്കാണ് അവൻ ഈ നാട്ടിൽ..
മ്മടെ കണ്ണു അവനു വേണ്ടി കൂടി ഒന്നു മാറ്റി വെക്കണം…”
“അത് പറയാനുണ്ടോ ഏട്ടാ..
ഞങ്ങളില്ലേ കൂടെ..
സാറിന് ഒരു പോറൽ പോലും വരില്ല..
ഇവിടന്ന് തിരിച്ചു പോകും വരെ..”
ചിമ്പു പറഞ്ഞത് കേട്ട് നന്ദൻ തലയാട്ടി..
“ന്തായി നിങ്ങൾ പോയ കാര്യം..”
നന്ദൻ ചോദിച്ചു…
“സത്യമാണ് കേട്ടത്..”
ശബരിയായിരുന്നു മറുപടി പറഞ്ഞത്..
“മ്മ് പോകാം..”
സീറ്റിൽ ഇരുന്നു കൊണ്ട്
നന്ദൻ പറഞ്ഞു..
പൊടി പടർത്തി കൊണ്ട് ഇന്നോവ വന്ന വഴിയേ തിരിച്ചു പാഞ്ഞു…
************************************
“പേടി തോന്നുന്നു മാഷേ ശരിക്കും..”
ശാലു പറയുന്നത് കേട്ട് ഇന്ദ്രൻ തല ചെരിച്ചു നോക്കി…
“ന്തിനാ പെണ്ണേ നിനക്ക് പേടി..
ഇപ്പൊ നല്ല ധൈര്യമല്ലേ വേണ്ടത്..
ഇടതും വലവും ഇപ്പൊ ആളില്ലേ ചേർത്ത് പിടിക്കാൻ..
പിന്നേ ന്തിനാ തനിക്ക് പേടി..”
സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ട് ഇന്ദ്രൻ ചോദിച്ചു..
“അറിയില്ല മാഷേ…
ജീവിതത്തിൽ ഇനിയുമെന്തെങ്കിലുമുണ്ടെന്നു തോന്നി തുടങ്ങിയത് മാഷിനേ കണ്ടതിനു ശേഷമാണ്..
ഒരുപാട് സന്തോഷം തോന്നേണ്ട നിമിഷമാണ് ഇപ്പൊ…
കാരണം ഒരെതിർപ്പ് പോലും കാണിക്കാതെ ഏട്ടൻ നമ്മളെ ചേർത്ത് പിടിച്ചു..
പക്ഷെ..
അത് നെഞ്ചോട് ചേർത്ത് പിടിക്കാൻ കഴിയുന്നില്ല ലോ മാഷേ എനിക്ക്..”
പാറി നടന്ന മുടിയിഴ വിരലുകൾ കൊണ്ട് മാടിയൊതുക്കി കൊണ്ട് ശാലു പറഞ്ഞു..
“ഡോ…
എന്നും ജീവിതമെന്നു പറയുന്നത് ഇങ്ങനാണ്..
ചിലതിനെ കൂടെ കൂട്ടുമ്പോൾ..
നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ..
മറ്റൊരു രീതിയിൽ മനസിനെ വേദനിപ്പിച്ചു കൊണ്ടിരിക്കും..
വിധിയുടെ ചില നേരമ്പോക്കുകൾ..
കൂടെ ഉണ്ടെങ്കിലും അകലേ ഒരു കൈകലത്തു നിർത്തേണ്ടി വരുന്ന ചില നിമിഷങ്ങൾ..
അത് തരുന്ന നോവ്..
അനുഭവിച്ചറിയുക തന്നേ വേണം ല്ലേ..
ഇപ്പൊ നമ്മൾ അനുഭവിച്ചറിയുന്നതു പോലെ..”
ശാലുവിനെ നോക്കി പറയുമ്പോൾ പുറത്ത് മഴ പതിയെ പൊടിയുന്നുണ്ടായിരുന്നു..
“മാഷേ…
ശരിക്കും ന്തിനായിരിക്കും ഹരിയേട്ടൻ നന്ദേട്ടനെ ചതിച്ചത്..
ന്തിനാ കള്ളം പറഞ്ഞന്നേ ആളുടെ ജീവിതത്തിലേക്ക് കൂട്ടാൻ ശ്രമിച്ചത്..
എല്ലാം കൂടി ഓർക്കുമ്പോൾ..
വല്ലാത്ത പേടി തോന്നുന്നു എനിക്ക്…
കാണുന്ന ആ ചിരിയുടെ മറവിൽ ഒരു പിശാചിന്റെ മുഖം ഉണ്ടായിരുന്നോ ആൾക്ക്..”
വാക്കുകൾക്ക് വല്ലാത്ത മൂർച്ചയുണ്ടായിരുന്നു..
ശാലുവിന്റെ..
“എല്ലാം പുറത്തു വരേണ്ട സമയമായി പെണ്ണേ…
കണ്ണിലെ കൃഷ്ണമണി പോലെ കൂടെയുണ്ടായിരുന്ന കൂട്ടുകാരനെ ചതിക്കാൻ മാത്രം ഹരിയേട്ടന് എങ്ങനെ കഴിഞ്ഞു എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം നന്ദേട്ടൻ തന്നേ പറയും നമ്മളോട്..
പിന്നെ…
നന്ദേട്ടൻ പറഞ്ഞത് പോലെ…
മീനക്ഷി ചേച്ചിയുടെ തിരോധനം..
അതും തെളിയാൻ സമയമായി എന്ന് തോന്നുന്നു എനിക്ക്..
അത് കഴിഞ്ഞാൽ പിന്നെ ഈ നാട്ടിൽ നിന്നും നമ്മൾ യാത്ര പറയും..
അതിനുള്ള കാത്തിരിപ്പിലാണ് ഈ ഇന്ദ്രജിത് മഹാദേവൻ എന്ന സബ് ഇൻസ്‌പെക്ടർ.. “
ഇന്ദ്രൻ പറയുമ്പോൾ ശബ്ദത്തിനു വല്ലാത്തൊരു കനമുണ്ടായിരുന്നു..
“വാക്കുകളുടെ ശക്തി…
അതിന് തരാൻ കഴിയുന്ന ആത്മവിശ്വാസം…
അത് എത്ര വലുതാണ് ന്ന് അറിയോ ഏട്ടാ..
ചില മൂളൽ കൊണ്ട് പോലും..
ഉള്ളറിയാൻ കഴിയുന്ന ബന്ധങ്ങളില്ലേ ജീവിതത്തിൽ..
ഒരു നോട്ടം കൊണ്ട് ഒരായിരം വാക്കുകൾ പറയുന്ന പോലെ..
അത് പോലെയാണ്..
ഉള്ളിൽ നിന്നും ചാട്ടുളി പോലെ നാം പോലുമറിയാതെ വരുന്ന ചില വാക്കുകൾ തരുന്ന ശക്തി..
അത്..
ശരിക്കും അറിയുന്നു മാഷേ ഞാനിപ്പോ..
ഒരു പോറല് പോലും ഏൽക്കാതെ..
ഈ ജീവിതകാലം മുഴുവൻ..
ഈ നെഞ്ചിൽ ഞാനുണ്ടാകും..
ഈ ശ്വാസം…
അത് തരുന്ന കരുതൽ..
അതെല്ലാം എനിക്കായ് മാത്രം വരുന്ന ദിനങ്ങൾ മാത്രമാണ് മാഷേ ഇപ്പൊ ഈ നെഞ്ച് നിറയെ…”
ഇന്ദ്രനേ നോക്കി പറയുമ്പോൾ കണ്ണുകളിൽ കരുതലിന്റെ സ്നേഹം അറിയുകയായിരുന്നു ഇന്ദ്രൻ..
“എന്റെ നന്ദേട്ടനും..
മാഷിനും ഒരാപത്തും വരില്ല ട്ടോ…
ഈ ഞാൻ ഇവിടെ ജീവനോടെ ഉള്ള കാലം വരേ..”
ഗിയർ ലിവറിൽ പിടിച്ചിരുന്ന ഇന്ദ്രന്റെ കയ്യിൽ ശാലു തന്റെ കൈത്തലം അമർത്തി..
കരുതലിന്റെ നേർത്ത സ്പർശം ഇന്ദ്രൻ അറിയുകയായിരുന്നു..
ആ നിമിഷങ്ങളിൽ..
പെട്ടന്ന് വളവ് തിരിഞ്ഞു..
ഒരു പിക്ക് അപ് വാൻ അവരുടെ കാറിന് നേരെ പാഞ്ഞടുത്തു..
ഇന്ദ്രൻ പെട്ടന്ന് കാർ സൈഡിലേക്ക് വെട്ടിച്ചു…
നിയന്ത്രണം വിട്ട് കാർ അടുത്തുള്ള മരത്തിൽ ഇടിച്ചു നിന്നു….
“അമ്മേ…”
ശാലുവിന്റെ കരച്ചിൽ ഇന്ദ്രന്റെ ചെവിയിലേക്ക് ആഴ്ന്നിറങ്ങി…
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission