“സുഖമാണോ എന്ന് ചോദിക്കുന്നില്ല..ആണെന്ന് കണ്ടാലറിയാം “
നേർത്ത പുഞ്ചിരിയോടെ ശ്രീകല പറഞ്ഞു. കിഷോർ ഒന്നും മിണ്ടിയില്ല… അർച്ചന അവളെ തന്നെ നോക്കി ഇരിക്കുകയാണ്… ശ്വേതചേച്ചി പറഞ്ഞതിനേക്കാൾ സുന്ദരിയാണ് ശ്രീകലയെന്ന് അവൾക്ക് തോന്നി… വിടർന്ന കണ്ണുകൾ… നീണ്ട മുടി… ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴി..
തിരുവനന്തപുരത്തുള്ള ശ്രീകലയുടെ വീട്ടിൽ അവർ എത്തിയിട്ട് പതിനഞ്ച് മിനിട്ടോളം ആയി…. ആദ്യം ഒന്നമ്പരന്നെങ്കിലും അവൾ രണ്ടുപേരെയും സ്വീകരിച്ചിരുത്തി…
“എനിക്ക് സുഖം തന്നെയാ… നിനക്കോ..?”..
കിഷോർ ചോദിച്ചു…
“സുഖം…”
“നിന്റെ ഹസ്ബൻഡ് ഇവിടില്ലേ?”
“ഇല്ല… ഹരിയേട്ടൻ ബാംഗ്ലൂർ വരെ പോയതാ.. രണ്ടു ദിവസം കഴിഞ്ഞു വരും..നിന്റെ ബിസിനസ് ഒക്കെ എങ്ങനെ പോകുന്നു…?”
“കുഴപ്പമില്ല..”
“അർച്ചന പഠിക്കുന്നുണ്ടോ?”
“അവൾ ഒരു ബ്യൂട്ടിപാർലർ തുടങ്ങിയിട്ടുണ്ട്.. എന്റെ കടയുടെ അടുത്ത് തന്നെയാ…മിനിഞ്ഞാന്ന് ആയിരുന്നു ഉദ്ഘാടനം…”
“കൊള്ളാലോ…”
“ചേച്ചി ജോലി ചെയ്യുന്നുണ്ടോ?” അർച്ചന ചോദിച്ചു..
“തത്കാലം ഇല്ല… പക്ഷേ ഒരു റെസ്റ്റോറന്റ് തുടങ്ങാനുള്ള പ്ലാൻ ഉണ്ട്…”
“അയ്യോ ഒരു മിനിട്ട്… അച്ഛനെ വിളിക്കാൻ മറന്നു പോയി..കുറേ മിസ്സ്ഡ് കാൾ ഉണ്ടായിരുന്നു..”
അർച്ചന ഫോണുമെടുത്ത് മുറ്റത്തേക്ക് നടന്നു.. അവൾ മനഃപൂർവം സംസാരിക്കാൻ അവസരം ഒരുക്കിയതാണെന്ന് കിഷോറിനു മനസിലായി… രണ്ടുപേർക്കുമിടയിൽ മൗനം കനത്തു… എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു…
“നീ എന്നെ കാണാൻ വരുമെന്ന് പ്രതീക്ഷിച്ചില്ല കിച്ചൂ… ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ നിന്നെ തേച്ചിട്ട് പോയവളല്ലേ ഞാൻ?”
കിഷോർ ഒന്ന് മന്ദഹസിച്ചു…
“അങ്ങനെ ചിന്തിച്ച ഒരു കാലമുണ്ടായിരുന്നു… ഒത്തിരി സ്നേഹം തന്നിട്ട് വീട്ടുകാരുടെ പേരും പറഞ്ഞ് നീ എന്നെ വിട്ട് പോയപ്പോൾ കുറച്ചു ദേഷ്യം തോന്നി എന്നത് സത്യമാ… പക്ഷേ അന്നെടുത്ത ആ തീരുമാനം ആണ് ശരിയെന്നു ഇപ്പൊ മനസിലായി… നമ്മൾ പിരിഞ്ഞത് കൊണ്ട് രണ്ടുപേർക്കും നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ..”
ശ്രീകല ഒന്നും മിണ്ടിയില്ല…
“ഞാൻ ഒന്ന് ചോദിച്ചോട്ടെ ശ്രീക്കുട്ടീ?”
“എന്താ?”
കിഷോർ അവളുടെ കണ്ണുകളിൽ നോക്കി..
“എപ്പോഴെങ്കിലും നീ എന്നെ മിസ്സ് ചെയ്തിട്ടുണ്ടോ?”
“ഉണ്ട്…. ഒരുപാട് തവണ…. പിന്നെ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു…. വെറുതെ എന്തിനാ ആ മനുഷ്യനെ സങ്കടപ്പെടുത്തുന്നത്…? പുള്ളിക്ക് എല്ലാം അറിയാം…പക്ഷേ ഒരിക്കൽ പോലും അതിനെ കുറിച്ച് പറഞ്ഞു എന്നെ കുത്തി നോവിച്ചിട്ടില്ല… അപ്പോൾ അങ്ങനെയൊരാളെ പരമാവധി സന്തോഷിപ്പിക്കേണ്ടത് എന്റെ കടമയല്ലേ…? എന്നുവച്ച് ഞാൻ നിന്നെ മറന്നിട്ടൊന്നുമില്ല കേട്ടോ… ടിവിയിൽ നിനക്കിഷ്ടപ്പെട്ട സിനിമ കാണുമ്പോൾ, നിന്റെ ഇഷ്ടഗാനം കേൾക്കുമ്പോൾ, നിനക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമ്പോഴൊക്കെ ആ പഴയകാലം ഓർമ്മ വരും… ഒരു ചെറിയ സന്തോഷം തോന്നും…. നഷ്ടബോധമൊന്നുമില്ല… നമുക്ക് കിട്ടിയ ജീവിതത്തിൽ നൂറുശതമാനം സന്തുഷ്ടരാണെങ്കിൽ ഒരാളും കിട്ടാതെ പോയ ജീവിതത്തേക്കുറിച്ച് ഓർത്തു ദുഃഖിക്കില്ല….”
കിഷോർ അവളെ ഇമചിമ്മാതെ നോക്കിയിരിക്കുകയാണ്… സംസാരത്തിൽ നല്ല പക്വത ഉണ്ട്… അവൾ പറയുന്നത് ശരിയാണെന്ന് അവനറിയാം.. അതുകൊണ്ടാണ് ഒരിക്കൽ തന്റെ പ്രാണനായവളെ വേറൊരുത്തന്റെ ഭാര്യയായി മുന്നിൽ കണ്ടിട്ടും ഒരു തരി പോലും വേദന അറിയാത്തത്.. കാരണം അവൾ ബാക്കി വച്ച ശൂന്യത ഇന്നില്ല… അവിടെ ഒരു പെൺകുട്ടി ഉണ്ട്.. അവളിൽ താൻ പൂർണ സംതൃപ്തനാണ്…
“എന്നാലും ഇത്രയും ദൂരം നീ എന്നെ കാണാൻ വന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്…”
“അച്ചു ആവശ്യപ്പെട്ട ഒരു കാര്യവും ഞാൻ പറ്റില്ല എന്ന് പറഞ്ഞിട്ടില്ല.. അവൾക്കായിരുന്നു നിർബന്ധം നിന്നെ കാണണമെന്ന്… അതിന്റെ റീസൺ ചോദിച്ചില്ല… ഉടനെ പുറപ്പെട്ടു…”
ആ വാക്കുകൾ പറഞ്ഞപ്പോൾ ഉള്ളിൽ എന്തോ ഒരു ആനന്ദം നിറയുന്നത് അവനറിഞ്ഞു..ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം മാത്രമാണ് ശ്രീകല അവരെ പോകാൻ അനുവദിച്ചത്… അവളോട് യാത്ര പറഞ്ഞു കിഷോർ കാറിൽ കയറി .. അർച്ചന പതിയെ അവളുടെ അടുത്ത് ചെന്ന് ഇരു കൈകളും കൂട്ടി പിടിച്ചു…
“താങ്ക്സ്..”
“എന്തിന്?”
“കിഷോറേട്ടനെ എനിക്ക് കിട്ടാൻ കാരണക്കാരി ചേച്ചി ആണല്ലോ… അതിന്.. ഇല്ലെങ്കിൽ എന്റെ ജീവിതം എന്തായിത്തീരുമെന്ന് ഓർക്കാൻ കൂടി വയ്യ….. ഇന്ന് അനുഭവിക്കുന്ന സന്തോഷത്തിനും സമാധാനത്തിനും ഞാൻ ചേച്ചിയോട് മരണം വരെ കടപ്പെട്ടിരിക്കും….”
ആ വാക്കുകളുടെ പൊരുളറിയാതെ മിഴിച്ചു നിൽക്കുന്ന ശ്രീകലയെ നോക്കി ഒന്ന് ഹൃദ്യമായി പുഞ്ചിരിച്ച ശേഷം അർച്ചന കാറിൽ കയറി…
“നീ ഇങ്ങനൊന്നുമല്ല വിചാരിച്ചത് അല്ലേ?”
ഡ്രൈവ് ചെയ്യുന്നതിനിടെ കിഷോർ ചോദിച്ചു…
“എങ്ങനെ?” അവൾക്ക് മനസിലായില്ല..
“സാധാരണ സിനിമയിലും കഥകളിലുമൊക്കെ വേറെയാണല്ലോ… നായകനു പ്രേമ നൈരാശ്യം… വെള്ളമടി, കുത്തഴിഞ്ഞ ജീവിതം… വീട്ടുകാർ നിർബന്ധിച്ചു പെണ്ണ് കെട്ടിക്കുന്നു.. ആദ്യമൊക്കെ ഭയങ്കര വെറുപ്പ്… വഴക്ക്.. പിന്നെ സ്നേഹം… അങ്ങനെ പോകുമ്പോ പഴയ കാമുകിയെ കണ്ടുമുട്ടുന്നു … അവൾ ഭർത്താവിന്റെ പീഡനങ്ങൾ അനുഭവിക്കുന്നത് അവർ കാണുന്നു…. ഇതാണല്ലോ ക്‌ളീഷേ…”
“ഓ പിന്നേ… ഞാൻ അങ്ങനൊന്നും ചിന്തിച്ചിട്ടില്ല…”
“സത്യം പറയെടീ…”
“കുറച്ചൊക്കെ…” അവൾ ചിരിയോടെ പറഞ്ഞു…
“എനിക്കറിയാല്ലോ…. നീയാരാടീ സില്ലൻട്രു കാതൽ സിനിമയിലെ ജ്യോതികയോ? ഭർത്താവിന് കാമുകിയോട് സംസാരിക്കാൻ അവസരം ഉണ്ടാക്കുന്നു… അവളുടെ അച്ഛൻ വിളിച്ചത്രേ… വീട്ടിൽ കള്ളൻ കേറിയാൽ നൂറിലേക്ക് മിസ്സ്ഡ് കാൾ അടിക്കുന്ന നിന്റച്ഛൻ ഇങ്ങോട്ട് വിളിക്കാനോ….”
“ദേ മനുഷ്യാ… എന്റച്ഛനെ പറഞ്ഞാലുണ്ടല്ലോ…”
അവൾ ദേഷ്യത്തോടെ വിരൽ ചൂണ്ടി..കിഷോർ ആ വിരൽ പിടിച്ചു മൃദുവായി കടിച്ചു…
“ഇനി പറ… എന്തിനാ അവളെ കാണണം എന്നാവശ്യപ്പെട്ടത്?”
“അതിന്റെ കാരണമൊന്നും എനിക്കും അറിയില്ല… അങ്ങനെ തോന്നി… ചിലപ്പോൾ കിഷോറേട്ടന്റെ മനസിലും ആഗ്രഹം ഉണ്ടെങ്കിലോ…? ആറു വർഷം ഒന്നിച്ച് ഉണ്ടായിരുന്ന ആളെ പെട്ടെന്ന് മറക്കാൻ പറ്റുമോ? ഒരിക്കലെങ്കിലും കാണണമെന്ന് കൊതിച്ചിട്ടുണ്ടാവില്ലേ…? പിന്നെ എനിക്കില്ലാത്ത എന്തെങ്കിലും പ്രത്യേകത അവർക്ക് ഉണ്ടോ എന്നും അറിയണമായിരുന്നു..”
“എന്നിട്ട് അറിഞ്ഞോ?”
“എവിടെ? . അവരുടെ പെരുമാറ്റത്തിലൊന്നും നിങ്ങളുടെ പഴയ ബന്ധത്തിന്റെ പൊടി പോലും കാണാനുണ്ടായിരുന്നില്ല…”
“നീയിതൊക്കെ എപ്പോ ശ്രദ്ധിച്ചു?”
“അത് ഞങ്ങൾ സ്ത്രീകൾക്ക് മാത്രമുള്ള കഴിവാണ്…”
“നമിച്ചു മോളേ…. ഇനി മേലിൽ ഇതുപോലത്തെ കൊനഷ്ട് ആഗ്രഹങ്ങളുമായി വന്നേക്കരുത്…”
“ഞാനൊരു കാര്യം ചോദിച്ചോട്ടെ?”
“എന്താ?”
“ആ ചേച്ചിയെ കണ്ടപ്പോഴും സംസാരിച്ചപ്പോഴും എന്ത് തോന്നി…?”
“നീ വിശ്വസിക്കുമോ എന്നറിയില്ല.. ഒത്തിരി സന്തോഷം തോന്നി… നമുക്ക് വേണ്ടപ്പെട്ട ഒരാൾ നല്ല രീതിയിൽ ജീവിക്കുന്നത് കാണുമ്പോ എന്താണോ തോന്നാറ്, അത് തന്നെ… അല്ലാതെ ഇവളെന്റെ ഭാര്യ ആകേണ്ടവളായിരുന്നതല്ലേ എന്നൊന്നും തോന്നിയിട്ടില്ല…. അവളുടെ മുന്നിൽ ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും മനസ്സ് നിറയെ നീ മാത്രമായിരുന്നു…”
അർച്ചന അവന്റെ കയ്യിലേക്ക് മുഖം ചേർത്തു….. ഇപ്പോൾ തന്റെ കണ്ണു നിറയുന്നത് സന്തോഷം കൊണ്ടാണെന്ന് അവൾക്ക് അറിയാമായിരുന്നു….
രാത്രി വളരെ വൈകിയാണ് അവർ വീട്ടിൽ തിരിച്ചെത്തിയത്…. എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരുന്നു… സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തു കയറി മുകളിലേക്ക് ചെന്നയുടൻ കിഷോർ കുളിക്കാൻ കയറി… അവൾ ഫോൺ ഗാലറി തുറന്ന് ഫോട്ടോസ് നോക്കിക്കൊണ്ട് കട്ടിലിൽ ഇരുന്നു…. കല്യാണത്തിന് എടുത്ത ഫോട്ടോ സൂം ചെയ്തു നോക്കിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്… വധൂവരന്മാരുടെ മുഖത്ത് ഇത്തിരി പോലും തെളിച്ചമില്ല… ആർക്കോ വേണ്ടി നിന്നുകൊടുക്കുന്നത് പോലെ….. ജീവിതം മാറിമറിയും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ല… മറിച്ച് പേടിയായിരുന്നു…. പക്ഷേ ഇന്ന് ലോകത്തിലെ ഏറ്റവും ഭാഗ്യവതി താൻ ആണെന്നൊരു തോന്നൽ….സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഈ കുടുംബത്തിനു എന്നും നല്ലത് വരുത്തണേ എന്ന് മാത്രമാണ് ഇപ്പോൾ പ്രാർത്ഥന…..”
“നീ കുളിക്കുന്നില്ലേ?”
ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി കിഷോർ ചോദിച്ചു…
“മേല് കഴുകണം…ഈ പാതിരാത്രിക്ക് തലകുളിച്ചാൽ ഞാൻ നാളെ എഴുന്നേൽക്കില്ല….”
“എന്നാൽ വേണ്ട… രാവിലെ പാർലറിലേക്ക് പോണം….നിനക്കിനി നിന്ന് തിരിയാൻ സമയം ഉണ്ടാകില്ല മോളേ… സൂപ്പർമാർക്കറ്റിലും നിന്റെയൊരു കണ്ണ് വേണമെന്ന് അച്ഛൻ പറയുന്നുണ്ടായിരുന്നു…”
കിഷോർ ടൗണിൽ തന്നെ മറ്റൊരു വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് ഷോപ്പ് തുടങ്ങിയിട്ടുണ്ട്… അതുകൊണ്ട് തന്നെ ഒഴിവ് സമയം തീരെ കുറവാണ്…
അർച്ചന മേല് കഴുകി വന്നപ്പോഴേക്കും അവൻ കയറിക്കിടന്നിരുന്നു…
“ഇത്രപെട്ടെന്ന് കുളിച്ചോ?.. ഇതാണല്ലേ കാക്കക്കുളി?”
“എന്നാൽ പിന്നെ ഞാൻ പുലരും വരെ കുളിച്ചോണ്ട് നിൽക്കാം…”
അവൾ മുഖം വീർപ്പിച്ച് കട്ടിൽ കിടന്നു… കിഷോർ അവളെ ചുറ്റിപ്പിടിച്ചു…
“എന്നെ തൊടണ്ട… “
അവൾ കൈ തട്ടി മാറ്റി…
“എന്നാൽ അതൊന്നുകാണണമല്ലോ…”
അവൻ രണ്ടുകൈകൊണ്ടും അവൾ പൊക്കിയെടുത്ത് തന്റെ ദേഹത്തേക്ക് ഇട്ടു… അവൾക്ക് എഴുന്നേൽക്കാൻ പറ്റിയില്ല… എപ്പഴും ചെയ്യുന്നത് പോലെ ഇക്കിളിയിടാനും കഴിഞ്ഞില്ല…കുറേ നേരം എഴുന്നേൽക്കാൻ ശ്രമിച്ച് തളർന്നപ്പോൾ അവൾ കിഷോറിന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു…
“എന്തേ, ക്ഷീണിച്ചോ?”
“പിന്നില്ലാതെ..”
“അതിന് ഞാനൊന്നും തുടങ്ങിയിട്ടില്ലല്ലോ..”
അവൻ അർച്ചനയെ ബെഡിലേക്ക് കിടത്തി.. മുഖത്തേക്ക് വീണ മുടിയിഴകൾ മാടിയൊതുക്കി….പിന്നെ അവളുടെ കഴുത്തിൽ ചുംബിച്ചു…പിന്നെ കവിളിൽ… അതിന് ശേഷം അധരങ്ങളിൽ….. അർച്ചന എതിർത്തില്ല…. അവളുടെ ശരീരം ഞെട്ടി വിറച്ചില്ല…. കാരണം ഭൂതകാലത്തിൽ മനസിനേറ്റ മുറിവ് പൂർണമായും അപ്രത്യക്ഷമായിരുന്നു…. ഇപ്പോൾ അവളിൽ അവശേഷിക്കുന്നത് തന്നെ മനസ്സിലാക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്ന പുരുഷനോടുള്ള പ്രണയം മാത്രമാണ്….അവൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു…… ദീർഘമായ ചുംബനത്തിൽ തുടങ്ങി അവർ എല്ലാ അർത്ഥത്തിലും ഒന്നായിത്തീർന്നു….യാതൊരു മടിയുമില്ലാതെ പൂർണ മനസോടെ അർച്ചന അവനു തന്നെ സമർപ്പിച്ചു…
തന്റെ നെഞ്ചിൽ തളർന്നുറങ്ങുന്ന അർച്ചനയുടെ പുറത്ത് പതിയെ തലോടിക്കൊണ്ടിരിക്കവേ, പണ്ട് ശ്രീകല പോയപ്പോൾ ജീവിതം അവസാനിച്ചു എന്ന് ചിന്തിച്ചത് ഓർത്ത് കിഷോറിനു ചിരിവന്നു… ഇപ്പോഴാണ് ശരിക്കും ജീവിച്ചു തുടങ്ങുന്നത്… അവൻ ഒരു കൈകൊണ്ട് ബ്ലാങ്കറ്റ് എടുത്ത് അവളെ ശ്രദ്ധാപൂർവം പുതപ്പിച്ചു…. പിന്നെ അഴിഞ്ഞുലഞ്ഞ അവളുടെ മുടിയിഴകളിൽ മുഖം പൂഴ്ത്തി കണ്ണുകൾ അടച്ചു….
*********
ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ ആറാം നാൾ രാത്രി…താലപ്പൊലി ഏന്തിയ പെൺകുട്ടികളുടെ അകമ്പടിയോടെ അലങ്കരിച്ച രഥത്തിൽ ദേവിയെ ആനയിച്ചു കൊണ്ടുവരുന്ന ചടങ്ങ് ആണ്… ഏറ്റവും മുന്നിൽ ഘോഷയാത്രയുടെ ഇരു വശങ്ങളിലുമായി മുത്തുക്കുട പിടിച്ച് ശ്വേതയും അർച്ചനയും…കിഷോറിനെ കണ്ടപ്പോൾ അവളൊന്ന് കണ്ണിറുക്കി പുഞ്ചിരിച്ചു…
“ഒന്ന് മതിയാക്കെടാ… അമ്പലത്തിന്റെ മുന്നിൽ വച്ചാണോ റൊമാൻസ്..?”
പ്രജിത്ത് അവനെ തോണ്ടി..
“ശ്ശെടാ… എന്റെ ഭാര്യയല്ലേ? പിന്നെന്താ പ്രശ്നം?”
“ഇനി ജീവിതത്തിൽ ഒരു പെണ്ണില്ല എന്നൊക്കെ ക്രോണിക് ബാച്ചിലറിലെ മമ്മൂക്കയെ പോലെ ഡയലോഗ് അടിച്ചവനാ… അതൊക്കെ ഓർക്കുന്നുണ്ടോ ആവോ ..”
“എപ്പോ… ഞാനോ.? ഞാനങ്ങനെ പറഞ്ഞിട്ടേയില്ല… നീ സ്വപ്നം കണ്ടതാവും “
“എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കല്ലേ.”
ബാലനും ജനനിയും കുപ്പിവളയും കല്ലു മാലയും കമ്മലുമൊക്കെ വാങ്ങുന്ന തിരക്കിലാണ്…കൗസല്യ കളിമൺ പാത്രങ്ങൾ വിൽക്കുന്ന ഒരു സ്ത്രീയുടെ അടുത്ത് നിന്നും മൺചട്ടികൾ എടുത്തു നോക്കുന്നുണ്ട്…
“അത് നിലത്ത് ഇട്ടു നോക്ക് കൗസൂ… പൊട്ടുന്നില്ലെങ്കിൽ വാങ്ങിക്കോ…”
പ്രജിത്ത് പറഞ്ഞു..
“ലോകാത്ഭുതം ആണല്ലോടാ.. സാധാരണ ഉത്സവത്തിന് നീ ആരോടെങ്കിലും തല്ലുണ്ടാക്കാറാണല്ലോ പതിവ്.. ഇത്തവണ എന്ത് പറ്റി..?”
“ഇവൻ പെണ്ണുകെട്ടി നന്നായില്ലേ? അതോണ്ട് ഞാനും ഒതുങ്ങി… “
അർച്ചനയും ശ്വേതയും അങ്ങോട്ട് വന്നു… അവരെ കണ്ടതും ജനനി ഓടി അടുത്ത് വന്നു…
“നോക്കിക്കേ… മുത്തച്ഛൻ വാങ്ങിത്തന്നതാ..”
കൈയിലെ വളയും മാലയുമെല്ലാം അഭിമാനത്തോടെ അവൾ എല്ലാരേയും കാണിച്ചു…
“ഇത് കുറെയുണ്ടല്ലോ? മാമന്റെ വക നാളെ വാങ്ങി തരാം കേട്ടോ?”
പ്രജിത്ത് അവളെ എടുത്തുയർത്തി…
“അപ്പൊ ഞങ്ങൾക്കോ..?” അർച്ചന ചോദിച്ചു..
“നിങ്ങൾക്കും തരാം..”
“എനിക്കൊന്നുമില്ലേ?” കൗസല്യ അടുത്തേക്ക് വന്നു..
“ആ ചട്ടിയുടെ കാശ് ഞാൻ കൊടുത്തോളാം.. ഗാനമേള തുടങ്ങാറായി.. വേഗം സ്റ്റേജിന്റെ മുന്നിലേക്ക് പോകാൻ നോക്ക്..”
“നീ വരുന്നില്ലേടാ?” കിഷോർ ചോദിച്ചു.
“നിങ്ങളെല്ലാവരും ജോഡി ആയിട്ട് പോയി എൻജോയ് ചെയ്യ്.. ഞാൻ ഒന്ന് കറങ്ങി നോക്കട്ടെ… ഈ നാട്ടിൽ തന്നെയുള്ള ഏതേലും പെണ്ണിനെ കിട്ടിയാലോ..”
“എന്നാൽ ഞാനും വരുന്നു… നിന്നെപ്പോലെ തന്നെ ഒറ്റത്തടി ആണല്ലോ ഞാൻ..”
ശ്വേത അവന്റെ കയ്യിൽ പിടിച്ചു ആൾക്കൂട്ടത്തിലൂടെ നടന്നു തുടങ്ങി.. കുറച്ചു നടന്നതിന് ശേഷം തിരക്കിൽ നിന്നു മാറി കലുങ്കിനു മുകളിൽ പ്രജിത്ത് കയറിയിരുന്നു.. അവളെയും വലിച്ചു കയറ്റി ഇരുത്തി…
“നീ മൂന്നാല് വർഷമായില്ലേടീ ഉത്സവം കൂടിയിട്ട് ..?”
“ഉം… ഇത്തവണ ശരിക്കും എൻജോയ് ചെയ്തു… ഇതൊക്കെ ഒരു ഭാഗ്യം തന്നെയാ..”
“ഇന്നലെ ഏതോ ഒരുത്തൻ നിന്നെ കാണാൻ വന്നെന്ന് കൗസു പറഞ്ഞല്ലോ? വല്ലതും നടക്കുമോ?”
“ദിവസവും ഓരോരുത്തൻ വരും.. ചിലർക്ക് എന്നെ ഇഷ്ടപ്പെടില്ല… ചിലരെ എനിക്കും..”
ഒരു പെൺകുഞ്ഞിന്റെ കൈ പിടിച്ച് മീൻ കച്ചവടക്കാരൻ ഷുക്കൂർ അവരുടെ അടുത്തെത്തി..
“ഇതെന്താ രണ്ടാളും ഇവിടിരിക്കുന്നെ?”
“ചുമ്മാ വായ്‌നോക്കാൻ… നീ പോകുവാണോ ഷുക്കൂറേ ..? ഗാനമേള കാണുന്നില്ലേ?”
“ഇല്ലെടാ.. മോൾക്ക് ഉറക്കം വരുന്നുണ്ട്.. “
“വൈഫിനെ കൂട്ടിയില്ലേ?” ശ്വേത ചോദിച്ചു..
“അവളും ഉമ്മയും അനിയത്തിയുമെല്ലാം നാളെ പകൽ വരും… സാധനങ്ങൾ ഒരുപാട് വാങ്ങാനുണ്ടല്ലോ…”
“പാത്തുവിന് ഉപ്പ ഒന്നും വാങ്ങി തന്നില്ലേ?”
കുട്ടി തന്റെ കയ്യിലെ ബലൂണുകൾ പൊക്കിപ്പിടിച്ചു..
“ഇത് കുറേ ഉണ്ടല്ലോ? ഒന്ന് മാമന് തരാമോ?”
അവൾ മടിയൊന്നും കൂടാതെ ഒരു ബലൂൺ അവന് നൽകി..
“നാണമുണ്ടോടാ കൊച്ചിന്റെ കയ്യിൽ നിന്നും വാങ്ങാൻ?” … ശ്വേത ശാസിച്ചു..
“അതിനെന്താ.. ഇവള് നമ്മുടെ സ്വന്തം കുഞ്ഞല്ലേ..”
“പ്രജീ.. നാളെ ഉണ്ടാവില്ലേ?”
“പിന്നില്ലാതെ? കൊടിയിറക്കം കഴിഞ്ഞ് എല്ലാരും പോയിട്ടേ ഞാൻ തിരിച്ചു പോകൂ..”
ഷുക്കൂർ കുട്ടിയേയും കൊണ്ട് യാത്ര പറഞ്ഞു നടന്നകന്നു..സ്റ്റേജിൽ നിന്നും ഗാനമേള തുടങ്ങാൻ പോകുകയാണെന്ന് അനൗൺസ് ചെയ്യുന്നുണ്ട്..
“പണ്ടൊക്കെ എന്ത് രസമായിരുന്നു.. ഞാൻ, കിച്ചു, ഷുക്കൂർ, ഉണ്ണി, ഹിഷാം.. പിന്നെ പെണ്ണായിട്ട് നീയും..ഏഴു ദിവസവും ഈ ബഹളങ്ങൾക്കിടയിലൂടെ ഓടിച്ചാടി നടന്നതും, കരിമ്പിൻ ജ്യൂസും മുളക് ബജിയും പങ്കിട്ടു കഴിച്ചതുമെല്ലാം ഇപ്പോഴും മനസിലുണ്ട്… ഏഴാം ദിവസം കൊടിയിറക്കം കഴിഞ്ഞാൽ പിന്നെ ഈ പരിസരത്തേക്ക് നോക്കുമ്പോ വല്ലാത്ത സങ്കടമാ… ഇനി ഒരു വർഷം കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ ഒരു പിടച്ചിൽ…. അത് ഇപ്പഴുമുണ്ട് കേട്ടോ.. എല്ലാവരും മാറിയെങ്കിലും ഞാൻ ഇന്നും ആ കുട്ടി തന്നെയാ..”
“പ്രജീ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ? വഴക്കു പറയരുത്… കളിയാക്കരുത്..”
“എന്താടീ?..”
“നിനക്ക് എന്നെ കെട്ടാമോ?”
അവൾ ചോദിച്ചതും പ്രജിത്തിന്റെ കയ്യിലെ ബലൂൺ പൊട്ടിയതും ഒരുമിച്ചായിരുന്നു… രണ്ടുപേരും ഞെട്ടിപ്പോയി.. അവൻ അവളെയും കയ്യിലിരുന്ന ബലൂണിന്റെ കഷണത്തെയും മാറിമാറി നോക്കി..
“പുല്ല്…. നിന്റെ തമാശ ബലൂണിനു പോലും ഇഷ്ടപ്പെട്ടില്ല.. അതാ ആത്മഹത്യ ചെയ്തത്..”
“പോടാ.. ഞാൻ കാര്യമായി ചോദിച്ചതാ.. താല്പര്യം ഇല്ലെങ്കിൽ മറന്നു കള..”
കുറച്ചു നേരം പ്രജിത്ത് ഒന്നും മിണ്ടിയില്ല..ഒരു ഭക്തിഗാനത്തോടെ ഗാനമേള തുടങ്ങിക്കഴിഞ്ഞിരുന്നു…
“ഇപ്പൊ ഇങ്ങനെ തോന്നാൻ കാരണമെന്താ? കളിക്കൂട്ടുകാരൻ പെണ്ണുകിട്ടാതെ ടെൻഷൻ അടിച്ചു നടക്കുന്നത് കാണുമ്പോൾ ഉള്ള സഹതാപം കൊണ്ടാണോ?”
“എനിക്ക് വട്ടല്ലേ, അങ്ങനെ ജീവിതം ത്യാഗം ചെയ്യാൻ? പണ്ട് ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നു.. പക്ഷേ തുറന്നു പറയാൻ മടിയും പേടിയും…. കാരണം കുഞ്ഞുന്നാളു തൊട്ട് എന്നെ ഏറ്റവും കൂടുതൽ കളിയാക്കി കരയിച്ചത് നീയാ… അതോണ്ട് മനസ്സിൽ അടക്കി വച്ചു.. പിന്നെ ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ ആഗ്രഹങ്ങളൊക്കെ മുരടിച്ചു പോയി… എന്റെ കാഴ്ചപ്പാടിൽ ഏറ്റവും യോജിച്ച ആള് നീ തന്നെയാ… എന്റെ പ്ലസും മൈനസും എല്ലാം നിനക്ക് നന്നായി അറിയാം… നിന്നെ പറ്റി എനിക്കും…”
“ആ ഇഷ്ടം ഇപ്പോൾ ഉണ്ടോ?”
“അതൊന്നുമില്ല..പക്ഷേ ഉണ്ടായിക്കൂടാ എന്നില്ല… നീ എടുത്ത് ചാടി തീരുമാനിക്കണ്ട.. ആലോചിച്ചിട്ട് മതി…”
“ആലോചിക്കാനൊന്നുമില്ല..പച്ചത്തെറി വിളിക്കാൻ തോന്നുകയാ..”
“എന്തിന്?”
“കുറച്ചു നാൾ മുൻപ് പറഞ്ഞൂടായിരുന്നോ? വെറുതേ ലോകം മുഴുവൻ പെണ്ണുകാണാൻ പോയി കയ്യിലെ കാശ് കളഞ്ഞു… എല്ലായിടത്തു നിന്നും ചായയും മിക്സ്ചറും തിന്ന് വയറും കേടാക്കി.. “
“എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ…”
“ഒലക്ക….. നീ കാര്യമായിട്ടാണോ? അതോ കളിയാക്കുന്നതോ? “
“നിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് വിൽ യു മാരീ മീ എന്ന് ചോദിക്കാനൊന്നും വയ്യ…വർഷങ്ങളായി കൂടെ ഉള്ളവനായത് കൊണ്ടാ ഒരു ചമ്മലുമില്ലാതെ നേരിട്ട് കാര്യം പറഞ്ഞത്.. വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക്…”
“അതിൽ കുഴപ്പമൊന്നുമില്ല.. പക്ഷേ ഇത്രേം കാലം കൂട്ടുകാരായി നടന്നിട്ട് പെട്ടെന്ന് നിന്നെ ഭാര്യയായി കാണുക എന്നൊക്കെ പറഞ്ഞാൽ…”
“ശരി എന്നാൽ വേണ്ട..”
“അയ്യോ.. അങ്ങനെ പറയരുത്… എന്തായാലും നമുക്ക് ഇതങ്ങു ഉറപ്പിക്കാം.. അച്ഛൻ സമ്മതിക്കും… കിച്ചു കളിയാക്കും പക്ഷേ അവനും അച്ചുവും ഒരുപാട് സന്തോഷിക്കും… ബാലേട്ടനും കൗസുവും വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുമോ എന്നാ പേടി…”
“ഞാൻ അവരോടാ ആദ്യം ഇക്കാര്യം സംസാരിച്ചത്… നിന്നോട് നേരിട്ട് പറയാൻ ഉപദേശിച്ചതും അവരാ..”
പ്രജിത്ത് വായും പൊളിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ചിരി വന്നു..
“പക്ഷെ എനിക്ക് ഒന്നുരണ്ട് കണ്ടീഷൻ ഉണ്ട്.. അതിന് നീ ഓക്കേ ആണേൽ നാളെ നിന്റെ അച്ഛനോട് കൗസ്തുഭത്തിലേക്ക് വരാൻ പറ..”
“എന്താ?”
“ഇനി മേലാൽ കള്ളു കുടിക്കരുത്.”
“പെണ്ണേ… എന്റെ വായിലിരിക്കുന്നത് കേൾക്കും.. അച്ചു സത്യം ചെയ്യിപ്പിച്ചതിന് ശേഷം ഞായറാഴ്ച രണ്ടു പെഗ്… അതിൽ കൂടുതൽ തൊടാറില്ല..”
“ഇനി അതും വേണ്ട.. വല്ലപ്പോഴും ഓരോ കുപ്പി ബിയർ .. വീട്ടിൽ എന്റെ മുന്നിൽ വച്ച്..”
“ശരി.. ബുദ്ധിമുട്ട് ആണ്. എന്നാലും ശ്രമിക്കാം.. ഇനി അടുത്തത് പറ.”
“മേലാൽ അണ്ടർവെയർ ഇടാതെ പുറത്തിറങ്ങരുത്..”
“അത് നിന്നോട് ആര് പറഞ്ഞു?”
“കിച്ചു…”
“അവനുള്ളത് ഞാൻ കൊടുത്തോളാം… ഇപ്പോ ഇടാറുണ്ടെടീ…സത്യം..”
അവൻ തലയിൽ കൈ വച്ചു പറഞ്ഞു… ശ്വേത പൊട്ടിച്ചിരിച്ചു… അതുവഴി പോകുന്നവർ നോക്കുന്നതൊന്നും അവൾ കാര്യമാക്കിയില്ല..
“മതി പിശാശെ . ആൾക്കാർ ശ്രദ്ധിക്കുന്നു..” അവൻ ശകാരിച്ചു..
“എടീ നിന്റെ അമ്മയും ചേച്ചിയും സമ്മതിക്കുമോ?”
“ജീവിതത്തിന്റെ നല്ലൊരു ഭാഗം അവർക്ക് വേണ്ടി കളഞ്ഞില്ലേ? ഇനി ആരുടേയും സമ്മതം ആവശ്യമില്ല…”
“എന്നാൽ പിന്നെ ഒന്നും നോക്കാനില്ല.. ഈ കുരിശ് മരണം വരെ ചുമക്കാൻ ഞാൻ തയ്യാറാണ്…”
“കുരിശ് നിന്റെ അച്ഛൻ കുഞ്ഞിരാമൻ..”
“സ്വന്തം അമ്മായിയപ്പനെ പറയുന്നോടീ..” പ്രജിത്ത് അവളുടെ ചെവിയിൽ പിടിച്ചു വലിച്ചു… പോക്കറ്റിൽ കിടന്ന അവന്റെ ഫോൺ അടിച്ചു… കിഷോറാണ്..
“തീരുമാനം ആയോ പ്രജീ?”
“ഉവ്വ്… എല്ലാരും അറിഞ്ഞോണ്ടാ അല്ലേ?”
“സത്യമായും ഈ രക്തത്തിൽ എനിക്ക് പങ്കില്ല.. നിന്റെ പുന്നാര അനിയത്തിക്ക് അറിയാമായിരുന്നു..”
“അവൾക്ക് വച്ചിട്ടുണ്ടെന്ന് പറഞ്ഞേക്ക്..”
“പ്രമേയം പാസായെങ്കിൽ രണ്ടാളും ഇങ്ങോട്ടു വാ… ചൂട് ഓംലെറ്റും കട്ടൻകാപ്പിയും കഴിക്കാം… ഗാനമേള പാതിയായി..”
ഫോൺ പോക്കറ്റിൽ ഇട്ട് അവൻ കലുങ്കിൽ നിന്ന് താഴെയിറങ്ങി… കൂടെ ശ്വേതയും… ഇരു സൈഡിലും ട്യൂബ് ലൈറ്റുകൾ പ്രകാശം ചൊരിയുന്ന മൺ പാതയിലൂടെ അമ്പലത്തിനു നേരെ നടക്കുമ്പോൾ അവരുടെ മനസിലും സന്തോഷത്തിന്റെ വെളിച്ചം നിറഞ്ഞിരുന്നു.. ഒരുപാട് കഷ്ടതകൾക്കൊടുവിൽ സ്നേഹിക്കാൻ മാത്രമറിയുന്ന കുറച്ചു മനുഷ്യരുടെ പുതിയൊരു ജീവിതം ആരംഭിക്കുകയാണ്…
(അവസാനിച്ചു )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
കർണൻ സൂര്യപുത്രൻ Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Katha valare nannayittund. Orupaad ishtaayi🥰 iniyum orupaad ezhuthan sathikkatte.. aasamsakal😍👍