Skip to content

പ്രിയ സഖി – 9

priyasakhi

“അച്ചു വീട്ടിൽ പോയിട്ട് ഒരാഴ്ച്ച കഴിഞ്ഞല്ലോ,.. എന്തു പറ്റി?”

പ്രജിത്ത് ചോദിച്ചു.. കരയോടടുപ്പിച്ച് കെട്ടിയ തോണിയിൽ ഇരുന്നു ചൂണ്ടയിടുകയായിരുന്നു അവൻ..  കിഷോർ  പുഴയിലേക്ക് നോക്കി ആലോചനയിലാണ്..

“ഡാ…”  പ്രജിത്ത് ഒച്ചയെടുത്തപ്പോൾ അവൻ  ഞെട്ടി..

“എന്താ?”

“നീ  ഈ ലോകത്തൊന്നും അല്ലേ?”

“ഞാൻ വേറെന്തോ….. ങാ.. നീയെന്താ ചോദിച്ചേ?”

“അച്ചു എപ്പോഴാ വരിക?”

“അറിയില്ല… അവളുടെ അച്ഛന് തീരെ വയ്യ.. രാത്രി ഒരു സഹായത്തിന് ആരുമില്ലല്ലോ… കുറച്ചു ദിവസം അവിടെ നിൽക്കട്ടെ…”

“ജാനിയെ ആരാ  തിരിച്ചു കൊണ്ടുവന്നത്?”

“അച്ഛൻ..”

“നീ പോയില്ലേ?”

“ഇല്ല…”

“അതെന്താടാ..? കൃഷ്ണേട്ടൻ സുഖമില്ലാതെ കിടക്കുമ്പോൾ ഒന്ന് പോയി കാണണ്ടേ? മകളുടെ ഭർത്താവ് എന്ന് പറഞ്ഞാൽ  മകന്റെ സ്ഥാനത്താ..വേറെ ആരും അദ്ദേഹത്തിന് ഇല്ല…”

കിഷോർ ഒന്നും മിണ്ടിയില്ല…പ്രജിത്ത് തോണി ഉലയാതെ പതിയെ അവനെ അടുത്ത് വന്നിരുന്നു…

“കിച്ചൂ… സത്യം പറ… എന്തേലും പ്രശ്നമുണ്ടോ?”

“എന്തു പ്രശ്നം?”

“നിങ്ങൾ വഴക്കിട്ടോ?”

“അതൊന്നുമില്ല…”

“ശരി.. പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട.. അതൊരു പാവം കൊച്ചാ… നിന്റെ  പെട്ടെന്ന് ചൂടാവുന്ന സ്വഭാവം നിർത്തണം..”

“അതേടാ..ഞാൻ മാത്രമാ  തെറ്റുകാരൻ… ഒരുത്തിയെ പ്രാണനെപ്പോലെ സ്നേഹിച്ചു.. അവളെ സ്വന്തമാക്കാൻ വേണ്ടി ഗൾഫിൽ പോയി നരകിച്ചു… പക്ഷേ അവൾക്ക് വീട്ടുകാരെ വേദനിപ്പിക്കാൻ വയ്യ… നല്ലത് തന്നെ…. വിഷമത്തോടെ ആണെങ്കിലും ഞാനത് അംഗീകരിച്ച്  എന്റെ ജീവിതം ജീവിച്ചു തീർക്കുകയായിരുന്നു… എല്ലാവരും കൂടി വേറൊരുത്തിയെ കൈപിടിച്ചു തന്നു…. മനസ് കൊണ്ട് അംഗീകരിക്കാൻ ആദ്യമൊക്കെ ബുദ്ധിമുട്ട് ആയിരുന്നു.. പക്ഷേ ആ  മുഖം കണ്ടപ്പോൾ, ആ  സംസാരം കേട്ടപ്പോൾ,  എല്ലാം മറന്ന് അവളിലേക്ക് ഒതുങ്ങി.. അവളും ജാനിയും മാത്രമായി  എന്റെ ജീവിതം… അതിന് എനിക്ക് കിട്ടി…”

പ്രജിത്ത് അവനെ  ചേർത്തു പിടിച്ചു…

“കിച്ചൂ… എന്താടാ കാര്യം?.. എന്നോട് പറ… “

“അത് വിട് പ്രജീ…”

കയ്യിൽ ഒരു വലയുമായി  ഒരാൾ അങ്ങോട്ട് വന്നു..

“പ്രജിത്തേ… വല്ലതും കിട്ടിയോ?” അയാൾ  ചോദിച്ചു.

“ഇല്ല ശശിയേട്ടാ…. ഞങ്ങൾ നിർത്തി…”

പ്രജിത്തും കിഷോറും തോണിയിൽ നിന്ന് ഇറങ്ങി… ശശി  തോണിയുടെ കെട്ടഴിച്ച ശേഷം അതിൽ കയറി…

“നീയിന്നു കടയിൽ പോയില്ലേ കിച്ചൂ?”

“ഇല്ല…ലീവാ…”

“ഞാൻ ഒന്ന് കറങ്ങിയിട്ടു വരാം  എന്തങ്കിലും തടയുമോന്ന് നോക്കട്ടെ..”

അയാൾ  തോണി  തുഴഞ്ഞു തുടങ്ങി..

“കിച്ചൂ… നീ ബൈക്ക് എടുക്ക്..”

“എങ്ങോട്ടാടാ?”

“അച്ചുവിനെ കാണാൻ…”

“ഞാൻ വരുന്നില്ല…”

“നീ വരും… ” പ്രജിത്തിന്റെ ശബ്ദം കനത്തു..

“ഒന്നാം ക്ലാസ് മുതൽ  ഞാനും നീയും കൂട്ടുകാരാ …. ഇന്നേവരെ ഒന്നും മറച്ചു വച്ചിട്ടില്ല… ഇപ്പോൾ എന്താണ് നിന്റെ മനസിലെന്ന് എനിക്ക് ചോദിക്കാൻ പറ്റില്ല, കാരണം  ഭാര്യയ്ക്കും ഭർത്താവിനും  ഇടയിലുള്ള പ്രശ്നങ്ങൾ ഫ്രണ്ട്സ് അറിയണമെന്ന് വാശിപിടിക്കുന്നത് തെറ്റാ.. ഇനി അഥവാ അറിഞ്ഞാലും അതിൽ ഇടപെടുന്നതിന് പരിധി ഉണ്ട്… അത് നിങ്ങൾ മാത്രം തീർക്കേണ്ടതാണ്… എന്തായാലും  നമുക്ക് അവിടെ വരെ ഒന്ന് പോയി അവളെയും കൃഷ്ണേട്ടനേയും ഒന്ന് കാണാം… ബാക്കിയൊക്കെ പിന്നെ…. നാളെ  ശ്വേത വരും…. എന്നിട്ട് ആലോചിക്കാം.. നീ  വണ്ടിയെടുക്ക്…”

അനുസരിക്കാതിരിക്കാൻ  കിഷോറിനു കഴിഞ്ഞില്ല… പോകുന്ന വഴി  ഒരു കടയ്ക്ക് മുന്നിൽ ബൈക്ക് നിർത്തിച്ച് പ്രജിത്ത് കുറച്ചു പലഹാരങ്ങളും  ഫ്രൂട്സും വാങ്ങി…

അർച്ചനയുടെ വീടിനു മുൻപിൽ ബൈക്ക് പാർക്ക് ചെയ്യുമ്പോഴേക്കും കൃഷ്ണൻ  ഇറങ്ങി വന്നു…

“വാ  മക്കളേ… കേറിയിരിക്ക്..”   അയാൾ സന്തോഷത്തോടെ  പറഞ്ഞു… കിഷോറും  പ്രജിത്തും വരാന്തയിലെ കസേരയിൽ ഇരുന്നു..

“ഇപ്പോൾ എങ്ങനെയുണ്ട്?”.. കിഷോർ ചോദിച്ചു..

“ഇച്ചിരി ക്ഷീണമുണ്ടെന്നൊഴിച്ചാൽ വേറെ പ്രശ്നമൊന്നുമില്ല.. ഇനി മറ്റന്നാൾ ഹോസ്പിറ്റലിൽ പോണം…”

“അച്ചു എവിടെ കൃഷ്ണേട്ടാ…?”  പ്രജിത്ത് ചോദിച്ചു..

“അവളൊന്ന് കടയിൽ പോയതാ…എന്നെ പുറത്തിറങ്ങാൻ സമ്മതിക്കില്ല…”

അവർ സംസാരിച്ചു കൊണ്ടിരിക്കവേ കയ്യിൽ പ്ലാസ്റ്റിക് കവറുമായി  അർച്ചന മുറ്റത്തേക്ക് കയറി വന്നു… കിഷോറിനെയും പ്രജിത്തിനെയും കണ്ടപ്പോൾ അവളൊന്ന് അമ്പരന്നു..

“കുറേ നേരമായോ വന്നിട്ട്?”

അവൾ രണ്ടുപേരോടുമായി ചോദിച്ചു..

“ഇപ്പോൾ വന്നതേയുള്ളൂ..” മറുപടി പറഞ്ഞത് പ്രജിത്താണ്..

“മോളെ.. നീ ഇവർക്ക് കുടിക്കാനെന്തെങ്കിലും എടുക്ക്..”

അവൾ തലയാട്ടികൊണ്ട് അകത്തേക്ക് കയറി ….കൃഷ്ണന്റെ നേരെ നോക്കാൻ  കിഷോറിന് ബുദ്ധിമുട്ട് തോന്നി.. ഇത്രയും ദിവസമായിട്ടും ഇങ്ങോട്ട് വന്നിട്ടില്ല… പ്രജിത്ത് പറഞ്ഞത് ശരിയാണ്… മകന്റെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്യേണ്ട ആളാണ് താൻ…. അർച്ചനയോടുള്ള ദേഷ്യത്തിന് ഇദ്ദേഹത്തെ അവഗണിച്ചത്  തെറ്റായിപ്പോയി…

“മോന് ഇപ്പോൾ കടയിൽ ജോലി കൂടുതലാ അല്ലേ?”

കൃഷ്ണന്റെ ചോദ്യമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്..

“മോള് പറഞ്ഞു  അവിടെ നല്ല തിരക്കാണ് അതാ  ഇങ്ങോട്ടു വരാഞ്ഞത് , ദിവസവും  അവളെ വിളിച്ച് എന്റെ കാര്യം അന്വേഷിക്കാറുണ്ട് എന്നൊക്കെ…”

കിഷോറിന്റെ തല കുനിഞ്ഞു… ഒരിക്കൽ പോലും അവളെ  വിളിച്ചിരുന്നില്ല…തന്നെ കുറിച്ച് മോശമായി അച്ഛൻ ചിന്തിക്കരുത് എന്ന് കരുതി അവൾ കള്ളം പറഞ്ഞതാണ്.. പ്രജിത്ത് എഴുന്നേറ്റ് അകത്തേക്ക് നടന്നു…അർച്ചന പ്ളേറ്റുകളിലേക്ക് പലഹാരങ്ങൾ  നിരത്തുകയാണ്… കയ്യിലെ  സഞ്ചി അവൻ അവൾക്  കൊടുത്തു…

“എന്തിനാ പ്രജിയേട്ടാ ഇതൊക്കെ..? അച്ഛന് ഇതൊന്നും കഴിച്ചൂടാ..”

അവനൊന്നും മിണ്ടാതെ അർച്ചനയെ  തന്നെ  നോക്കി നിന്നു.. അവൾ ഒരുപാട് ക്ഷീണിച്ചിട്ടുണ്ട്.. നിർജ്ജീവമായ കണ്ണുകൾ , വരണ്ട മുഖം…ഒരാഴ്ച കൊണ്ട് അവൾ വേറെ ആരോ ആയി മാറിയത് പോലെ..

“അച്ചൂ…”   അവൻ പതിയെ വിളിച്ചു…

“എന്തു പറ്റി മോളേ നിനക്ക്? എത്ര സന്തോഷമായിരുന്നതാ  നിങ്ങൾ രണ്ടും?.. “

“ഒന്നുമില്ല ഏട്ടാ..”

“കള്ളം പറയണ്ട,.. എന്തോ പ്രശ്നമുണ്ടെന്ന് എനിക്കറിയാം… എന്നോട് പറയാൻ പറ്റാത്തതാണെങ്കിൽ വേണ്ട … പക്ഷേ എല്ലാം എത്രയും പെട്ടെന്ന് ശരിയാക്കണം…മറ്റുള്ളവരെ കൂടി വിഷമിപ്പിക്കരുത്…”

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… പ്രജിത്ത് അരികിൽ വന്ന് അത് തുടച്ചു മാറ്റി..

“കിച്ചുവിന്റെ ഭാര്യയായി  ആ വീട്ടിൽ വന്നതിന്റെ അടുത്ത ദിവസമാ നീയെന്നെ ആദ്യമായി പ്രജിയേട്ടാ എന്ന് വിളിച്ചത്. ആ നിമിഷം മുതൽ  എന്റെ അനിയത്തി ആയിട്ടല്ലേ ഞാൻ നിന്നെ സ്നേഹിച്ചത്…?. എനിക്ക് നിന്റെ ജീവിതത്തിൽ ഇടപെടാം… തനിച്ചാണെന്ന് ചിന്തിക്കരുത് … ഇന്നല്ലെങ്കിൽ പിന്നെ എപ്പോഴെങ്കിലും, ഏതു പാതിരാത്രിക്കും,  സംസാരിക്കണം എന്ന് തോന്നുമ്പോൾ ഒന്ന് വിളിച്ചാൽ മതി,… ഏട്ടൻ ഓടിയെത്തും….. “

അർച്ചന കരച്ചിലടക്കി നിൽക്കുകയാണ്.. അവൻ പുറത്തിറങ്ങി…. ചായ കുടിച്ച് കുറച്ചു നേരം കൂടി സംസാരിച്ച  ശേഷം അവർ തിരിച്ചു പോകാനൊരുങ്ങി… കിഷോർ ബാത്‌റൂമിൽ പോകാനെന്ന വ്യാജേന അകത്തേക്ക് നടന്നു.. പിന്നാലെ പോകാൻ  പ്രജിത്ത് അർച്ചനയോട് കണ്ണു കാട്ടി… അവൾ അനുസരിച്ചു… മുറിയിൽ ചെന്ന് കിഷോർ വെറുതേ നിന്നു… അവൾ  കുറച്ചു മാറി  ചുമരിൽ ചാരി തല കുനിച്ചു.. കുറച്ചു നേരം മൗനം..

“നീയെപ്പോഴാ  അങ്ങോട്ടേക്ക്?”

ഒടുവിൽ അവൻ ചോദിച്ചു.. ഉത്തരം ഇല്ല..

“ദേഷ്യം എന്നോടല്ലേ? എന്റെ അച്ഛനുമമ്മയും ഒരു തെറ്റും ചെയ്തിട്ടില്ല… അവർ നിന്നെ സ്നേഹിച്ചിട്ടേയുള്ളൂ…ഒന്നുകിൽ എത്രയും പെട്ടെന്ന് നീ അങ്ങോട്ടേക്ക് വരിക.. അല്ലെങ്കിൽ…”

അവനൊന്ന് നിർത്തി.. എന്നിട്ട് അവളെ നോക്കി..അവരുടെ മിഴികൾ തമ്മിലിടഞ്ഞു..

“അല്ലെങ്കിൽ നമുക്ക് എല്ലാം അവസാനിപ്പിക്കാം…”

അർച്ചന ഒന്ന് നടുങ്ങി…

“വെറുമൊരു സൗന്ദര്യപ്പിണക്കം ആണെന്നാ ഞാനും കരുതിയത്.. പക്ഷേ അല്ല,.. നമ്മുടെ സ്വകാര്യനിമിഷങ്ങളിൽ  ശ്രീകലയുടെ കാര്യം നീ  വലിച്ചിട്ടത് മനപ്പൂർവം ആണെന്നുമറിയാം… നിനക്ക് വേറെന്തോ പ്രശ്നമുണ്ട്… അതെന്നോട് പറയാത്തതാണ്… ഭാര്യാഭർതൃ ബന്ധം എന്നത് ജീവിതാവസാനം  വരെ  തുടരേണ്ടതാ.. ഇങ്ങനെയാണെങ്കിൽ  നമ്മൾ  എന്നെങ്കിലും പിരിയും. അത് ഇപ്പോഴേ ആയാൽ  അത്രയും  വേദന കുറയുമല്ലോ.. എപ്പോഴത്തെയും പോലെ നഷ്ടങ്ങൾ  എനിക്കിരിക്കട്ടെ… പ്രണയിച്ച  പെണ്ണും, ഭാര്യയും  ഉപേക്ഷിച്ചു പോയ കഴിവ് കെട്ടവൻ എന്ന് നാട്ടുകാരും കുടുംബക്കാരും പറഞ്ഞു  നടന്നോട്ടെ… അതൊക്കെ കുറച്ചു നാൾ മാത്രമേ ഉണ്ടാകൂ… എന്നാലും വേറൊരുത്തിയെ മനസ്സിൽ സങ്കല്പിച്ച്  താലികെട്ടിയ പെണ്ണിന്റെ കൂടെ കിടപ്പറ പങ്കിടാൻ ഒരുങ്ങിയവൻ  എന്ന ബഹുമതിയുടെ അത്രയും വരില്ല..”

അവൻ  പുറത്തേക്ക് നടന്നു..

“തീരുമാനം എന്തായാലും അറിയിച്ചാൽ മതി.. നിന്നെ ഒഴിവാക്കിയിട്ട് വേറെ കെട്ടാനൊന്നും അല്ല…. ഇങ്ങനെ വേദന തിന്നാൻ വയ്യാത്തത് കൊണ്ട് മാത്രമാ..”

പുറത്ത് ബൈക്ക് സ്റ്റാർട്ടാവുന്നതും പിന്നെ ആ ശബ്ദം അകന്നു പോകുന്നതും അവളറിഞ്ഞു… ഓടിപ്പോയി അവന്റെ കാലിൽ വീണു കരയാൻ  മനസ്സ് തുടിച്ചെങ്കിലും അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല…. മനസ്സിലെ ഭാരമെല്ലാം ഇറക്കി വച്ച്  ഒന്നുറങ്ങാൻ അവൾ കൊതിച്ചു… അതെ… ഉറങ്ങണം… ഒരിക്കലും ഉണരാത്ത ഉറക്കം….

************

ബൈക്ക്  സിറ്റി പാലസ് ബാറിന്റെ പാർക്കിങ്ങിൽ ചെന്ന് നിന്നു…

“ഇതെന്താടാ  ഇവിടെ?”  പ്രജിത്ത് ചോദിച്ചു…

“ബാറിൽ  എല്ലാരും എന്തിനാ വരുന്നത്..?”

“നീയതിന് കുടി നിർത്തിയതല്ലേ?”

“എനിക്ക് ഇന്ന് കുടിക്കണം… വാ..”

“ഞാനില്ല..”

“അതെന്താ?.”

“വേണ്ടാത്തത് കൊണ്ട് തന്നെ…”

കിഷോർ ബൈക്ക് സ്റ്റാൻഡിൽ വച്ച് ഇറങ്ങി..എന്നിട്ട് കീ  പ്രജിത്തിന് നീട്ടി..

“നീ പൊയ്ക്കോ… ഞാൻ പിന്നെ വന്നോളാം..”

“കിഷോറേ… വേണ്ടെടാ… നമുക്ക് വീട്ടിൽ പോകാം… പറയുന്നത്  കേൾക്ക്..”

“ഇനി ഒരുത്തൻ പറയുന്നതും  ഞാൻ കേൾക്കില്ല..”

കിഷോറിന്റെ ശബ്ദം ഉയർന്നു..

“നിന്റെയും പിന്നെ തമിഴ്നാട്ടിൽ പോയി സുഖമായി ജീവിക്കുന്നില്ലേ ഒരുത്തി? അവളുടേയുമൊക്കെ വാക്ക് കേട്ടതിന്റെ ഫലമാ ഞാനിപ്പോ അനുഭവിക്കുന്നേ… എന്റെ ലൈഫ് തുലഞ്ഞപ്പോൾ  എല്ലാർക്കും സന്തോഷമായല്ലോ? എനിക്കൊരുത്തന്റെയും ഉപദേശം  വേണ്ട.. എന്റെ കാശിനാ കള്ളു കുടിക്കുന്നെ.. വേണമെങ്കിൽ നക്കിയിട്ട് പോ..ഇനി അതല്ല, എന്നെ നന്നാക്കാനാണ് ഉദ്ദേശമെങ്കിൽ ഇത്രേം വർഷത്തെ സൗഹൃദം ഞാനങ്ങു മറക്കും… ചിലപ്പോൾ നിന്നെ തല്ലിയെന്നും വരും.. ആ പാപം എന്നെകൊണ്ട് ചെയ്യിക്കരുത്… മനസിന്റെ താളം തെറ്റി നിൽകുവാ ഞാൻ…”

പ്രജിത്ത് ഒന്നും മിണ്ടാതെ  കീ  വാങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..എന്നിട്ട് അവനെ നോക്കി..

“കിച്ചൂ… നീ  വിളിക്കുമ്പോഴൊക്കെ കുട്ടിക്കാലം തൊട്ട് എങ്ങോട്ടാ, എന്തിനാ എന്നൊന്നും ചോദിക്കാതെ ഇറങ്ങി വന്നിട്ടുണ്ട്… അത് കുടിക്കാനായാലും  ആരോടെങ്കിലും ഉടക്കാനായാലും…. കാരണം  നീയെന്റെ ജീവനാ… പക്ഷേ ഇപ്പോൾ ഞാൻ കള്ളുകുടിക്കാൻ വരില്ല… നിന്റെ ഭാര്യ ആയതിനു ശേഷമാണ് പരിചയപ്പെട്ടതെങ്കിലും  കൂടെ പിറക്കാതെ പോയ അനിയത്തിയാ  എനിക്ക് അച്ചു… അവളുടെ കയ്യിൽ അടിച്ചു സത്യം ചെയ്തിരുന്നു ആഴ്ചയിൽ രണ്ടു പെഗ് മാത്രമേ കഴിക്കൂ എന്ന്…അതെനിക്ക് പാലിക്കണം… ബന്ധങ്ങളുടെ വില അതില്ലാത്തവനേ അറിയൂ….. ഞാൻ പോകുകയാ… നിന്നെയും കാത്ത് ഒരച്ഛനും അമ്മയും നിന്റേത് അല്ലെങ്കിൽ പോലും, നിന്നെ അച്ഛാ എന്ന് വിളിക്കുന്ന ഒരു കുഞ്ഞും കാത്തിരിപ്പുണ്ട്… അവരെയെങ്കിലും ഓർക്കണം… പ്രജിത്ത് കുടിച്ചിരുന്നത് സന്തോഷത്തിന് വേണ്ടിയാ… സങ്കടം വരുമ്പോ ആളുകൾ കുടിക്കുകയാണെങ്കിൽ ലോകത്തിലെ എല്ലാവീട്ടിലും ബാർ തുടങ്ങേണ്ടി വരും… നിന്നെ ഉപദേശിക്കാനുള്ള യോഗ്യതയൊന്നും  ഈ പാവം ഇലക്ട്രീഷ്യന് ഇല്ല…നിന്നോട് ദേഷ്യം തോന്നുകയുമില്ല…പോട്ടെ? ശ്രദ്ധിച്ചു വീട്ടിൽ പോകണം… വണ്ടി ഞാൻ അവിടെ എത്തിച്ചോളാം…”

ബൈക്ക് റോഡിലേക്ക് കുതിച്ചു… കുറച്ചു നേരം അവിടെ തന്നെ  നിന്ന ശേഷം  കിഷോർ ബാറിനുള്ളിലേക്ക് നടന്നു..

രാത്രി പതിനൊന്നു മണി കഴിഞ്ഞപ്പോഴാണ് അവൻ  വീട്ടിലെത്തിയത്.. അവന്റെ കടയിൽ ജോലിക്ക് നിൽക്കുന്ന പയ്യനാണ്  ബൈക്കിൽ കൊണ്ടു വിട്ടത്… ബാലൻ ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്…മുറ്റത്തെ പൈപ്പ് തുറന്ന് കാലും  മുഖവും കഴുകി അവൻ അകത്തേക്ക് നടക്കാൻ തുനിഞ്ഞു..

“നീയെന്താ വൈകിയത്?”.. അയാൾ ചോദിച്ചു..

“ഒരാളെ കാണാനുണ്ടായിരുന്നു..”  മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു..

“നിന്റെ ഫോണെവിടെ? “

അവൻ പോക്കറ്റിൽ തപ്പി ഫോണെടുത്തു നോക്കി.. സൈലന്റ് മോഡിലാണ്… പതിനഞ്ച് മിസ്സ്ഡ് കാൾസ്..

“കിച്ചൂ… നിന്റെ അമ്മ ഉറങ്ങിയിട്ടും ഞാൻ കാത്തിരുന്നത് എനിക്ക് കുറച്ചു സംസാരിക്കാൻ ഉള്ളത് കൊണ്ടാണ്… എന്താ ഇവിടെ നടക്കുന്നത്?”

“ഒന്നുമില്ല.. അച്ഛൻ പോയി കിടന്നോ… എനിക്ക് ഉറക്കം  വരുന്നു..”

ബാലൻ എഴുന്നേറ്റ് അവന്റെ അടുത്ത് വന്ന് മുഖം പിടിച്ചുയർത്തി..

“നീ  കുടിച്ചിട്ടുണ്ടോ?”

മൗനം….

“ശരി… ഇപ്പോൾ ഒന്നും സംസാരിച്ചിട്ട് കാര്യമില്ല…പക്ഷേ ഇതൊക്കെ ഓർത്ത് നീയൊരിക്കൽ  ദുഃഖിക്കും….”

അവൻ  പരിഹാസത്തോടെ ചിരിച്ചു..

“ശാപം… അല്ലേ? സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു…”

അവൻ മുകളിലേക്ക് പതിയെ കയറിപ്പോകുന്നത് വേദനയോടെ  ബാലൻ  നോക്കി നിന്നു….

**********

അടുത്ത ദിവസം അച്ഛനും അമ്മയും എഴുന്നേൽക്കുന്നതിന് മുൻപേ അവൻ  കടയിലേക്ക് പോയി…. കുറേ ദിവസത്തെ കണക്കുകളെല്ലാം നോക്കാനുണ്ടായിരുന്നു.. അതൊക്കെ കഴിഞ്ഞപ്പോൾ  ഉച്ചയായി… സ്റ്റാഫിൽ ഒരാളെ വിട്ട് ഒരു കുപ്പി ബ്രാണ്ടി വാങ്ങിപ്പിച്ചു.. എവിടെങ്കിലും പോയി സ്വസ്ഥമായി ഇരിക്കണം  എന്നുറപ്പിച്ച് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തപ്പോൾ  പോക്കറ്റിൽ നിന്ന് മൊബൈൽ ശബ്ദിച്ചു.. എടുത്ത് നോക്കിയപ്പോൾ ശ്വേതയാണ്..

“കിച്ചൂ… നീ എവിടാ?”

“കടയിൽ…”

“വീട്ടിലേക്ക് വാ.. നിന്റെയല്ല… എന്റെ…”

“നീ  നാട്ടിലെത്തിയോ?”

മറുപടി പറയാതെ ശ്വേത  ഫോൺ  വച്ചു… അവൻ ബൈക്ക് നാട്ടിലേക്ക് വിട്ടു… വഴിയിലൂടനീളം  ശ്രീകലയും  അർച്ചനയും  അവന്റെ മനസ്സിൽ മാറിമാറി  വന്നുകൊണ്ടിരിക്കുന്നു… ഒരാൾ പാതി വഴിയിൽ ഉപേക്ഷിച്ചു പോയി.. അടുത്തയാൾ  വന്നപ്പോൾ ഒത്തിരി പ്രതീക്ഷ ഉണ്ടായിരുന്നു.. പക്ഷേ അത് ഇങ്ങനെയുമായി… അവളില്ലാത്ത ഒരാഴ്ച്ച ദുരിതപൂർണ്ണമായിരുന്നു… മുറിയിൽ കയറാൻ തോന്നുന്നില്ല… ഉറങ്ങാൻ പറ്റാതെ വന്നപ്പോഴാണ്  മദ്യത്തെ ആശ്രയിച്ചത്….ഇനി മുന്നോട്ടുള്ള ജീവിതത്തിൽ അർച്ചന കൂടെയുണ്ടാകുമോ എന്നും അറിയില്ല… തനിച്ചാവാനായിരിക്കും  വിധി…. നിറഞ്ഞ കണ്ണുകൾ  തുടച്ചു കൊണ്ട് അവൻ ബൈക്കിന്റെ വേഗത കൂട്ടി…

ശ്വേതയുടെ വീട് അത്യാവശ്യം മിനുക്ക് പണികളൊക്കെ ചെയ്ത് താമസയോഗ്യമാക്കിയിരുന്നു… വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അവൻ അകത്തു കയറി…ശ്വേത അവിടെ വെറും നിലത്ത് ഇരിക്കുകയാണ്…

“എപ്പോഴാ എത്തിയത്?”

“എന്താ നിങ്ങളുടെ പ്രശ്നം?”  അവൾ മറു ചോദ്യം ചോദിച്ചു..

“അറിയില്ല…  ഒരാഴ്ചയായി  എന്താണ് നടക്കുന്നതെന്ന്  എനിക്കറിയില്ല..നീ  അവളോട്  ചോദിക്ക്..”

“ചോദിച്ചു… ഇന്ന് രാവിലെ അവളെ കണ്ട് സംസാരിച്ചിട്ടാ ഇങ്ങോട്ട് വന്നത്…”

“എന്നിട്ടെന്തു പറഞ്ഞു? ഭർത്താവ് പഴയ കാമുകിയെ മറന്നിട്ടില്ലെന്നോ? അതോ  വേറെ വല്ല കഥയുമാണോ?.. അവരവരുടെ ഭാഗം ന്യായീകരിക്കാൻ എല്ലാർക്കും കഴിയുമല്ലോ…”

അവൻ ചുമരിൽ കൈ ചുരുട്ടി ഇടിച്ചു..

“നീയും കൂടി ചേർന്നാ അവളെ എന്റെ തലയിൽ കെട്ടിവച്ചത്.. ഇപ്പോ സന്തോഷമായോ..? എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിട്ടും അവൾ  എന്തൊക്കെയോ മറച്ചു പിടിക്കുന്നു… എനിക്കിപ്പോ നല്ല സംശയം ഉണ്ട്… അവളുടെ മനസ്സിൽ മറക്കാൻ പറ്റാത്ത ആരോ  ഉള്ളത് പോലെ…. അവനെ ഓർമ്മ വന്നത് കൊണ്ടാവും ഞാൻ  തൊട്ടപ്പോ അവൾ  ശ്രീകലയുടെ പേര് പറഞ്ഞു പ്രശ്നമുണ്ടാക്കിയത്…”

“കിച്ചൂ.. കാര്യമറിയാതെ  സംസാരിക്കരുത്..”

ശ്വേത  ദേഷ്യത്തോടെ പറഞ്ഞു…

“ഓ.. നീയും അവളുടെ സൈഡ് ആണ് അല്ലേ…? ഒരുത്തന് അനിയത്തി.. നിനക്ക് കൂട്ടുകാരി.. അപ്പൊ ഞാനാരാടീ നിങ്ങളുടെ? ഒന്നും മറച്ചു വയ്ക്കാതെയാ  ഞാൻ അവളെ കെട്ടിയത്.. പക്ഷേ വേറെ വല്ല ബന്ധവും ഉണ്ടെങ്കിൽ പിന്നെ അവളെന്തിനാ  ഇതിന് സമ്മതിച്ചത്..? ഇപ്പോഴും വൈകിയിട്ടില്ല…  ആരുടെ കൂടെ വേണമെങ്കിലും പോകാം.. ഞാൻ തടയില്ല “.

ശ്വേത പിടഞ്ഞെഴുന്നേറ്റു… അവന്റെ അടുത്ത് ചെന്ന് കൈ  വീശി കവിളിൽ  ആഞ്ഞടിച്ചു… കിഷോർ അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല… അവിശ്വസനീയതയോടെ അവൻ അവളെ  നോക്കി..

“അനാവശ്യം പറയുന്നോടാ  പട്ടീ..”

ശ്വേതയുടെ കണ്ണുകളിൽ കനലെരിഞ്ഞു…

“രാവിലെ അവളുടെ വീട്ടിൽ ചെന്നപ്പോൾ ഇതിലും മനോഹരമായ കാഴ്ച ആയിരുന്നു.. അച്ഛൻ ഇല്ലാത്ത സമയം നോക്കി അവൾ  ഫാനിൽ കെട്ടിത്തൂങ്ങാൻ ഒരുങ്ങുമ്പോഴാ ഞാനവിടെ എത്തിയത്… ഒരഞ്ചു മിനിട്ട് താമസിച്ചിരുന്നെങ്കിൽ ആ പെണ്ണ് ഇപ്പോൾ ജീവനോടെ ഉണ്ടാകില്ല..”

കിഷോർ   ഒന്ന് ഞെട്ടി…

“അതേടാ… അവൾ നിന്നോട് പലതും മറച്ചു വച്ചു… ചതിക്കാൻ വേണ്ടിയല്ല…. എന്തു ചെയ്യണമെന്നറിയാതെ  വലയുകയായിരുന്നു  പാവം .. നിന്നോടു പറയാനുള്ള ധൈര്യം അവൾക്കില്ല… പേടി.. നീ  വെറുക്കുമോ, അവളെ ഉപേക്ഷിക്കുമോ എന്നൊക്കെയുള്ള പേടി… തന്റേത് അല്ലാത്ത തെറ്റിന് ആ കുട്ടി വർഷങ്ങളായി അനുഭവിക്കുന്ന മാനസിക സംഘർഷം എന്താണെന്ന് നിനക്ക് ഊഹിക്കാൻ പോലും പറ്റില്ല… അടുത്ത് പിടിച്ചിരുത്തി സ്നേഹത്തോടെ കാര്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ അവൾ  മനസ് തുറന്നേനെ…. പക്ഷേ നിനക്ക് വാശി… എന്നിട്ടെന്തു നേടി?.. പിരിയാമെന്ന് നീ പറഞ്ഞതോടെ അവൾക്ക് ജീവിതം മടുത്തു…”

ക്ഷോഭവും സങ്കടവും കൊണ്ട് ശ്വേതയുടെ വാക്കുകൾ  മുറിയുന്നുണ്ടായിരുന്നു… ബാഗ് തുറന്ന് വാട്ടർബോട്ടിലെടുത്ത് കുറച്ചു കുടിച്ച ശേഷം അവൾ  അവനെ  നോക്കി.

“അവളുടെ പ്രശ്നം എന്താണെന്ന് അറിയണോടാ  നിനക്ക്?.. എന്നാൽ കേട്ടോ… പത്താം വയസ്സിൽ  ഒരുത്തന്റെ കാമഭ്രാന്തിന് ഇരയാകേണ്ടി വന്നവളാ  അച്ചു… “

കിഷോറിന്റെ ശരീരം അടിമുടി വിറച്ചു…

“എന്താ നീ  പറഞ്ഞത്?”

“സത്യം… അന്ന് അനുഭവിച്ച പീഡനത്തിന്റെ ഓർമ്മകൾ ഇടയ്ക്ക് അവളെ  വേട്ടയാടുന്നുണ്ട്… ആ കാരണം കൊണ്ട് തന്നെ  ബെഡ്‌റൂമിൽ നിന്നെ തൃപ്തിപ്പെടുത്താൻ പറ്റില്ല എന്ന തോന്നൽ  അവളുടെ മനസ്സിൽ ഉണ്ട്… എല്ലാം തുറന്നു പറയാൻ  അമ്മയില്ല, ചേച്ചിയില്ല… നല്ല കൂട്ടുകാരി ഇല്ല…. അച്ഛൻ നിർബന്ധിച്ചില്ല എങ്കിൽ അവളൊരിക്കലും വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു…. എന്നോട് സംസാരിച്ച ശേഷം  ഇതൊക്കെ നിന്നെ അറിയിക്കാമെന്നായിരുന്നു അവളുടെ  ചിന്ത… പക്ഷേ പെട്ടെന്ന്, നീ  അടുത്തിടപഴകാൻ ശ്രമിച്ചപ്പോൾ പണ്ട് അയാൾ  ചെയ്തതെല്ലാം  അവളുടെ മുന്നിൽ തെളിഞ്ഞു…. എന്തു പറഞ്ഞു നിന്നെ തടയും എന്നാലോചിച്ചപ്പോൾ  ശ്രീകലയുടെ പേര് എടുത്തിട്ടു…അല്ലാതെ നീ കരുതുന്നത് പോലെ….”

ശ്വേത കരഞ്ഞു… തല  ചുറ്റുന്നത് പോലെ തോന്നിയപ്പോൾ കിഷോർ  നിലത്തേക്കിരുന്നു..

“ലൈംഗികത എന്താണെന്ന് പോലും അറിയാത്ത പ്രായത്തിൽ ഒരു മൃഗം ചെയ്ത ക്രൂരത കാരണം  ഇന്നവൾ  ഭ്രാന്തിന്റെ വക്കിലാ… എല്ലാം മറക്കാൻ ശ്രമിക്കുമ്പോഴും ദുസ്വപ്നം പോലെ പതിനഞ്ചു വർഷങ്ങൾക്ക് ശേഷവും  ആ സംഭവം അവളെ അലട്ടുകയാണ്… ഞാൻ പിഴച്ചവളാ  ചേച്ചീ… കിഷോറേട്ടനെ പോലൊരാളെ ഞാൻ അർഹിക്കുന്നില്ല എന്ന് പറഞ്ഞു  പൊട്ടിക്കരഞ്ഞ അവളോടൊപ്പമാണോ , അതോ  കാര്യമറിയാൻ ശ്രമിക്കാതെ അവളെ ഉപേക്ഷിക്കാൻ ശ്രമിക്കുന്ന നിന്റെ കൂടെയാണോ  ഞാൻ നിൽക്കേണ്ടത്?”

എങ്ങലടിച്ചു കൊണ്ട് ശ്വേത ചോദിച്ചു… . അവൻ  തറയിലേക്ക്  മലർന്നു കിടന്നു… മനസ്സിൽ  നിറയെ അർച്ചനയുടെ  മുഖം തെളിഞ്ഞപ്പോൾ ഹൃദയം പിളരുന്നത് പോലെ അവന് അനുഭവപ്പെട്ടു…..

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!