ഏതോ ലോകത്തിൽ എത്തിയത് പോലെ മിഴിച്ചു നോക്കുകയാണ് അർച്ചന… മുകളിലും താഴെയുമായി നാല് മുറികളുള്ള മനോഹരമായ ഒരു വീടാണ് കൗസ്തുഭം… വധൂവരന്മാരെ ഇരുത്തി, തലയിൽ അരിയും പുഷ്പവും ഇട്ട് അനുഗ്രഹിക്കുന്ന ചടങ്ങ് കഴിഞ്ഞ് ഏതോ ഒരു പെണ്ണ് അവളെ മുകളിലെ മുറിയിൽ കൊണ്ട് വിട്ടതാണ്…. ഇതായിരിക്കും തന്റെ ബെഡ്‌റൂം എന്നവൾ ഊഹിച്ചു….എന്തു ചെയ്യണം എന്നറിയാതെ ബെഡിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി…താഴെ നിന്ന് ആളുകളുടെ ബഹളം കേൾക്കുന്നുണ്ട്..ഇടയ്ക്ക് ചിലർ പരിചയപ്പെടാൻ വന്നു… തളർന്ന മുഖം കണ്ടിട്ടാവണം അവർ പെട്ടെന്ന് തിരിച്ചു പോയി…
തലയ്ക്ക് ഒരു മരവിപ്പ് പോലെ അവൾക്ക് തോന്നി… കല്യാണം നിശ്ചയിച്ചതിനു ശേഷം മര്യാദയ്ക്ക് ഉറങ്ങിയിട്ടില്ല… ജനനിയെ പിരിയണം എന്നോർത്തിട്ടാണ്…ഇത്രയും നാളായി അവളെ നെഞ്ചോട് ചേർത്താണ് ഉറങ്ങിയിരുന്നത്…. ഇന്ന് മുതൽ അവൾ അടുത്തില്ല എന്നോർത്തപ്പോൾ അർച്ചനയുടെ ഹൃദയം വിങ്ങി… ആ വേദന കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയതും കൗസല്യ മുറിയിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു… അവൾ പെട്ടെന്ന് കണ്ണു തുടച്ചു.. പക്ഷേ അവരത് ശ്രദ്ധിച്ചു…
“എന്തുപറ്റി മോളേ?” വാത്സല്യത്തോടെ അവർ ചോദിച്ചു…
“ഒന്നുമില്ല..” അർച്ചന എഴുന്നേറ്റു നിന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…
കൗസല്യ വാതിൽ അടച്ച് അവളുടെ അടുത്ത് വന്ന് കൈ പിടിച്ചു കട്ടിലിൽ ഇരുത്തി.. അടുത്ത് അവരും ഇരുന്നു..
“അച്ഛനേം ആ കുഞ്ഞിനേം വിട്ടു വന്നതിലുള്ള സങ്കടമാണെന്ന് എനിക്കറിയാം… സാരമില്ല… പെണ്ണായി ജനിച്ച എല്ലാരുടേം വിധി ഇതു തന്നെയാ.. ഞാനും അനുഭവിച്ചതാണ്… കുറച്ചു ദിവസം കഴിഞ്ഞാൽ പൊരുത്തപ്പെടും… ഞങ്ങളാരും അന്യരല്ല.. ഇത് മോളുടെ വീടാ.. അത് എപ്പഴും ഓർമ വേണം… പോയി കുളിച്ച് ഡ്രസ്സ് മാറ്…ദേ, ഈ അലമാരയിൽ മോൾക്ക് ഉള്ളതെല്ലാമുണ്ട്.. എന്നിട്ട് താഴേക്ക് വാ.. വല്ലതും കഴിക്കാം…”
അവളുടെ തലയിൽ അരുമയായി ഒന്ന് തലോടിയിട്ട് കൗസല്യ പുറത്തേക്ക് പോയി… അർച്ചന എഴുന്നേറ്റു കബോർഡ് തുറന്നു.. സാരികൾ, നൈറ്റ് ഡ്രസുകൾ, ചുരീദാർ , തുടങ്ങി എല്ലാം ഭംഗിയായി അടുക്കി വച്ചിട്ടുണ്ട്… ഒരു കൗതുകത്തിന് അവൾ അടുത്ത കബോർഡ് തുറന്നു നോക്കി… കിഷോറിന്റെ ഡ്രെസ്സുകളാണ്…. അവന്റെ മുഖം മനസ്സിൽ ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ അവൾക്ക് ചിരി വന്നു… സ്വന്തം ഭർത്താവിന്റെ മുഖം ഓർമ്മ വരാത്ത ഭാര്യ… ഇതൊക്കെ ആരെങ്കിലും കേട്ടാൽ കളിയാക്കും … ഇന്നത്തെ കാലത്ത് വിവാഹ നിശ്ചയത്തിന് ശേഷം ആണും പെണ്ണും പരസ്പരം അറിയാൻ ശ്രമിക്കുക എന്നൊരു പതിവുണ്ട്… ഫോൺ വിളികൾ, ഒന്നിച്ചു പുറത്തു പോകുക, അങ്ങനെയൊക്കെ….. പക്ഷേ തന്റെ കാര്യത്തിൽ ഒന്നുമുണ്ടായിട്ടില്ല… എന്തിനേറെ പറയുന്നു, ഒരു വാക്കു സംസാരിച്ചിട്ട് പോലുമില്ല… കെട്ടാൻ പോകുന്നയാളുടെ ഫോട്ടോ വീട്ടിൽ ഉണ്ടായിട്ടും അതിൽ നോക്കാൻ തോന്നിയില്ല… കയ്പ്പേറിയ കുറേ ജീവിതാനുഭവങ്ങൾ മരവിപ്പിച്ച മനസുള്ള ഒരു പെണ്ണിന് ഇങ്ങനയൊക്കെയേ പറ്റൂ…
ടൗവ്വലും ഒരു ചുരീദാറും അണ്ടർ ഗാർമന്റ്സും എടുത്ത് അവൾ ബാത്‌റൂമിലേക്ക് നടന്നു… കുളിച്ച് ഡ്രസ്സ് മാറി അവൾ താഴേക്ക് പോയി… അവിടിരുന്ന് കുശലം പറയുകയായിരുന്ന പ്രജിത്ത് എഴുന്നേറ്റ് വെളുക്കെ ചിരിച്ചു…
“പരിചയപ്പെടാൻ സമയം കിട്ടിയില്ല… എന്റെ പേര് പ്രജിത്ത്.. കിഷോറിന്റെ ഫ്രണ്ടാ.. ഇവിടെ അടുത്ത് തന്നാ വീട്… ഇലക്ട്രീഷ്യനാണ്… പ്ലംബിങ്ങും ഉണ്ട്…ഈ വീട്ടിലെ ഒരാളെപ്പോലെ തന്നെ…”
“ആ ഒരു ദോഷമേ ഞങ്ങൾക്കുള്ളൂ…”
ബാലൻ നേർത്ത ചിരിയോടെ പറഞ്ഞു..
“ബാലേട്ടാ… നിങ്ങൾക്കും നിങ്ങളുടെ കെട്യോൾക്കും ഈയിടെയായി അഹങ്കാരം കൂടുന്നുണ്ട്… മോന്റെ കല്യാണം കഴിഞ്ഞതോടെ അത് ഇരട്ടിയായി… എന്തേലും ആവശ്യം വന്നാൽ മോനേ പ്രജീ എന്ന് ഒലിപ്പിച്ചോണ്ട് വിളിക്കുമല്ലോ?”
അവൻ മേശപ്പുറത്തു നിന്നും ഒരു വലിയ പ്ലാസ്റ്റിക്കിന്റെ കവറെടുത്തു…
“പെങ്ങളേ… ബാക്കി പിന്നെ.. ഇപ്പൊ കുറച്ചു പണിയുണ്ട്..”
അവൻ മുകളിലേക്ക് കയറിപ്പോയി..
“പാവമാ മോളേ… ഇവിടുത്തെ അംഗത്തെ പോലെ അല്ല, ഞങ്ങളുടെ മോൻ തന്നാ പ്രജിയും… അവന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ താമസിച്ചതിനേക്കാൾ കൂടുതൽ ഇവിടെയായിരുന്നു കുട്ടിക്കാലം തൊട്ട്…”
ബാലൻ പറഞ്ഞു.. അവൾ തലയാട്ടി…
“മോളിവിടെ ഇരിക്ക്..”
അയാൾ സോഫ തൊട്ട് കാണിച്ചു… അവൾ പതിയെ അവിടെ ഇരുന്നു… പിന്നെ ചുറ്റുമൊന്ന് നോക്കി… അടുക്കളയിൽ നിന്ന് സ്ത്രീകളുടെ സംസാരം കേൾക്കുന്നുണ്ട്… മുറ്റത്ത് കസേരകളും ടേബിളുകളും എല്ലാം അടുക്കി വയ്ക്കുന്ന ചെറുപ്പക്കാരുടെ ബഹളവും… രണ്ടു സ്ത്രീകൾ അങ്ങോട്ടേക്ക് വന്നു..
“ബാലാ.. ഞങ്ങളിറങ്ങുവാ…” അതിൽ പ്രായം കൂടിയ ഒരു സ്ത്രീ പറഞ്ഞു..
“നാളെ പോയാൽ പോരേ ചേച്ചീ?”
“ഏയ്… ചെന്നിട്ട് ഒരുപാട് ജോലിയുണ്ട്.. രണ്ടു ദിവസം നിന്നത് തന്നെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കേണ്ടല്ലോ എന്നോർത്താ… ആരോടും ആലോചിക്കാതെ നിന്റെ ഇഷ്ടപ്രകാരം മോന്റെ കല്യാണം തീരുമാനിച്ചു… അത് നടത്തുകയും ചെയ്തു .. സന്തോഷമായല്ലോ…”
അവർ ഒന്ന് അർച്ചനയെ നോക്കി… അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു…അവർ അടുത്ത് വന്ന് ടോപ്പിനുള്ളിൽ കിടന്ന താലി പുറത്തേക്ക് എടുത്തിട്ടു…
“സിന്ദൂരം എവിടെ കൊച്ചേ?”.. അവർ പരുഷമായ സ്വരത്തിൽ ചോദിച്ചു… അർച്ചന ഒന്ന് പരുങ്ങി.. കുളിക്കുമ്പോൾ പോയതാവും…
“ഒരുത്തന്റെ ഭാര്യയായി എന്നത് മറന്നോ? അതോ , ഇതൊന്നും വീട്ടുകാർ പറഞ്ഞു തന്നില്ലേ?.. “
അർച്ചനയ്ക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു….
“നട്ടപ്പാതിരയ്ക്ക് ആ കൊച്ച് സിന്ദൂരം വച്ചിട്ടുണ്ടോ എന്ന് നോക്കാൻ ആരും വരില്ല രമണിച്ചേച്ചീ…”
കൗസല്യ അങ്ങോട്ടേക്ക് വന്നുകൊണ്ട് പറഞ്ഞു..
“അവള് കിച്ചൂന്റെ ഭാര്യയാണെന്ന് ഇവിടെല്ലാർക്കും അറിയാം… ബോർഡ് എഴുതി വയ്ക്കേണ്ട ആവശ്യമൊന്നുമില്ല..ചേച്ചി ഇറങ്ങാൻ നോക്ക്.. പുറത്ത് നല്ല മഞ്ഞുണ്ട്..”
“നല്ലത് പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല.. എനിക്കിത് കിട്ടണം..”
അവർ ദേഷ്യത്തോടെ പുറത്തേക്ക് നടന്നു.. പിന്നാലെ മറ്റേ പെണ്ണും…
“മോള് ഇതൊന്നും കാര്യമാക്കണ്ട… ഇങ്ങേരുടെ വകയിലൊരു ചേച്ചിയാ…ഇങ്ങോട്ട് വല്ലപ്പോഴുമേ വരൂ… വന്നാൽ ആരുടെയെങ്കിലും മെക്കിട്ടു കേറും… ആദ്യമൊക്കെ ഞാൻ മിണ്ടാതിരിക്കും..പിന്നെ പ്രതികരിക്കാൻ തുടങ്ങി… എന്നെ പേടിയാ..”
കൗസല്യ അവളുടെ അടുത്ത് ഇരുന്നു…
“വിശക്കുന്നുണ്ടോ?”
“ഇല്ല..” അവൾ പെട്ടെന്ന് തന്നെ മറുപടി കൊടുത്തു..
“ബാലേട്ടാ.. വാടക സാധനങ്ങളൊക്കെ വണ്ടീൽ കേറ്റി… ഇത് ഇന്ന് തന്നെ കൊടുക്കണോ?.. നാളെ പോരേ?”
ഒരു ചെറുപ്പക്കാരൻ മുൻവശത്തെ വാതിലിനടുത്ത് വന്ന് ചോദിച്ചു..
“കൊടുക്കണം സുധീഷേ… ആ പുരുഷുവിന്റെ കടയിൽ നിന്നെടുത്തതാ… അവന് ഇത് നാളെ രാവിലെ വേറേതോ വീട്ടിലേക്കു എത്തിക്കേണം .. ഇപ്പൊ കല്യാണ സീസൺ അല്ലേ? അവന് നേരത്തെ കിട്ടിയ ഓർഡറാ അത്… ഇവിടെ പെട്ടെന്ന് തീരുമാനിച്ച കല്യാണമായിട്ടും എന്നോടുള്ള സ്നേഹത്തിന്റെ പേരിൽ അവൻ തന്നതാണ്…അതു കാരണം അവനൊരു ബുദ്ധിമുട്ട് വേണ്ട… നീ അവിടെ ഇറക്കിയേക്ക്… കാശ് നാളെ കൊടുത്തോളാം..”
“എന്നാൽ ഞങ്ങള് പോകുവാണേ..”
“അത്താഴം കഴിച്ചിട്ട് പോടാ..” കൗസല്യ പറഞ്ഞു..
“വേണ്ട ചേച്ചീ…” അവൻ മുറ്റത്തേക്ക് ഇറങ്ങി…അവർ കയറിയ വാഹനം ഗേറ്റ് കടന്നു പോയതോടെ കൗസല്യ വാതിലടച്ചു..
“കിച്ചു എവിടെ കൗസൂ?”
“അവൻ ആരെയോ കാണാനുണ്ടെന്ന് പറഞ്ഞു പോയതാ … ഇപ്പൊ വരും..”
ബാലൻ അർച്ചനയുടെ മുഖത്തേക്ക് നോക്കി…. അവൾ തലകുനിച്ച് ഇരിക്കുകയാണ്…
“മോളുടെ മനസ്സിൽ എന്താണെന്ന് ഞാൻ പറയട്ടെ?”
അവൾ മിണ്ടാതെ മുഖമുയർത്തി അയാളെ നോക്കി…
“ഈ സിനിമയിലെയും കഥകളിലെയും പോലെ, വല്യ പണക്കാരുടെ വീട്ടിലേക്ക് വിവാഹം കഴിഞ്ഞു വന്ന ഒരു പെൺകുട്ടി.. ഭർത്താവിന് അവളോട് തീരെ താല്പര്യം ഇല്ല.. വീട്ടുകാർ ഓരോന്ന് പറഞ്ഞു കുത്തി മുറിവേല്പിക്കുന്നു.. നാണം കെടുത്തുന്നു… അവൾ കരഞ്ഞു കൊണ്ടിരിക്കുന്നു… ഇങ്ങനൊക്കെ ആകുമോ എന്നൊരു ഭയമുണ്ട് അല്ലേ..?”
അർച്ചന അമ്പരന്നു… സത്യമാണ്.. തന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നതാണ് ഇദ്ദേഹം പറയുന്നത്..
“ഒരു തേങ്ങയുമല്ല…” ബാലൻ ഒന്ന് ചിരിച്ചു..
“നീ ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റ്, കിച്ചുവിന്റെ ഹോൾ സെയിൽ പച്ചക്കറിക്കട… പിന്നെ ഈ വീടും ഇതിരിക്കുന്ന ഇരുപത് സെന്റ് സ്ഥലവും . കിച്ചുവിന്റെ ബൈക്ക്, എന്റെ സ്കൂട്ടർ..കടയിലേക്ക് സാധനങ്ങൾ ഇറക്കാൻ വാങ്ങിയ പഴയ ടെമ്പോ വാൻ..ഇതാണ് ബാലൻ അംബാനിയുടെ മൊത്തം ആസ്തി… പോരാഞ്ഞിട്ട് നാലഞ്ച് ലക്ഷം കടവുമുണ്ട്….”
അവൾ അത്ഭുതത്തോടെ കേട്ടിരിക്കുകയാണ്…
“കുത്തുവാക്ക് പറയുന്ന അമ്മായിഅമ്മയെ വേണമെങ്കിൽ ഞാൻ വേറെ കെട്ടേണ്ടി വരും.. നീ കൗസുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കിക്കേ… ഇവൾ അത്തരക്കാരിയാണെന്ന് തോന്നുന്നുണ്ടോ?… ഇവളെക്കാൾ വലിയ നാക്കും നല്ല വിവരക്കേടും ഉണ്ടെന്നേ ഉള്ളൂ… തനി തങ്കമാ..”
“നിങ്ങൾ എന്നെ പുകഴ്ത്തുന്നതാണോ , അതോ കളിയാക്കുന്നതോ?”
“കണ്ടോ… അവളെ താങ്ങിയതാണെന്നതിൽ പോലും സംശയമാ… “
അർച്ചനയ്ക്ക് ചിരി വന്നു…
“ഞാൻ പറയുന്നത് ഇത്രേ ഉള്ളൂ… ഇപ്പോഴുള്ള ജീവിതത്തിലേക്ക് ഈ കുടുംബം എത്തിയത് ഒരുപാട് കഷ്ടപ്പാടിനും ദുരിതങ്ങൾക്കും ശേഷമാ…. പാരമ്പര്യമായി ഒന്നും കിട്ടിയിട്ടില്ല.. അതുകൊണ്ട് തന്നെ ഞങ്ങൾ എന്തോ വലിയ സംഭവമാണ് എന്ന ഒരു ചിന്തയും ഇവിടെ ആർക്കുമില്ല…. ഇത് മോളുടെ വീടാ… കിച്ചുവിന്റെ അല്ല, നിന്റെ അച്ഛനുമമ്മയുമാ ഞങ്ങൾ… എന്തും, ഏതു സമയത്തും ഞങ്ങളോട് തുറന്നു പറയാം… വളരെ പെട്ടെന്ന് എടുത്ത തീരുമാനമാ ഈ കല്യാണം.. അതുകൊണ്ട് പൊരുത്തപ്പെടാൻ നിനക്കും അവനും സമയം വേണ്ടി വരും…വേറെ ചിലത് കൂടി ഞാനും കൃഷ്ണനും പ്ലാൻ ചെയ്തിട്ടുണ്ട്.. വഴിയേ പറയാം…
അച്ഛന്റെ പേര് കേട്ടതും അവളുടെ മിഴികൾ നിറഞ്ഞു…. ബാലൻ അത് ശ്രദ്ധിച്ചു.. അയാൾ പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് അവൾക്ക് നീട്ടി…
“അച്ഛനോട് സംസാരിക്ക്…”
അവളത് വാങ്ങി… കൗസല്യ അവളെ അവരുടെ മുറിയിലേക്ക് കൊണ്ടുപോയി..
“സംസാരിച്ചു കഴിഞ്ഞിട്ട് അടുക്കളയിലേക്ക് വാ.. “
അവൾ തലയാട്ടി… പിന്നെ ബെഡിലിരുന്ന് അച്ഛന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ അച്ഛാ…”
“മോളേ… ഞാൻ നീ വിളിക്കുന്നത് കാത്തിരിക്കുകയായിരുന്നു..”
സ്നേഹവും പരിഭ്രമവും കലർന്ന സ്വരം…
“അച്ഛൻ അത്താഴം കഴിച്ചോ?”
“കഴിച്ചു… മോളോ?”
“ഇല്ല… കഴിക്കാൻ പോകുകയാ.. ജാനിമോൾ എവിടെ?”
“ഉറങ്ങി..”
“കരഞ്ഞോ?”
“ഇല്ലല്ലോ… “
അത് കള്ളമാണെന്ന് അർച്ചനയ്ക്ക് അറിയാമായിരുന്നു… ഒരു ദിവസം പോലും പിരിഞ്ഞിട്ടില്ലാത്ത താൻ പെട്ടെന്ന് അടുത്ത് ഇല്ലാതാവുമ്പോൾ സങ്കടപ്പെടാതിരിക്കാനുള്ള പക്വത ഒന്നും അവൾക് ഇല്ല.
“ജാനിയുടെ കാര്യമോർത്ത് നീ വിഷമിക്കണ്ട… രണ്ടു ദിവസം കഴിയുമ്പോ ഇതൊക്കെ മാറും… അച്ഛൻ പറഞ്ഞു തന്നതൊക്കെ ഓർമ്മയുണ്ടല്ലോ… ആരെ കൊണ്ടും മോശം പറയിക്കരുത്… ബാലനും കൗസല്യയും നല്ലവരാ…. അവര് പറയുന്നതെല്ലാം അനുസരിക്കണം… കിഷോറിനു ഇഷ്ടക്കേട് ഒന്നും വരാതെ നോക്കണം… ജീവിതകാലം മുഴുവൻ നീ താമസിക്കേണ്ടത് അവിടെയാ…”
അവളൊന്ന് മൂളി..
“എന്നാൽ മോള് പോയി അത്താഴം കഴിക്ക്.. ഞാനും ഒന്ന് കിടക്കട്ടെ.. വല്ലാത്ത ക്ഷീണം.. കുറച്ചു നാളായി ഓട്ടമായിരുന്നില്ലേ..”
കാൾ കട്ട് ചെയ്ത് അർച്ചന ഫോൺ ബാലന് കൊണ്ടു കൊടുത്തു.. എന്നിട്ട് അടുക്കളയിലേക്ക് ചെന്നു… മീൻ വറുത്തത് പാത്രത്തിൽ എടുത്ത് വയ്ക്കുകയാണ്… ചെറുതെങ്കിലും നല്ല വൃത്തിയും വെടിപ്പുമുള്ള അടുക്കള… എന്തു ജോലി ചെയ്യും എന്നറിയാതെ അവൾ കൗസല്യയെ നോക്കി..
“എന്താ മോളേ?”
“ഞാൻ… ഞാനെന്താ ചെയ്യണ്ടേ?” അവൾ നേർത്ത ശബ്ദത്തിൽ ചോദിച്ചു..
“കഞ്ഞി ഇഷ്ടമാണോ? “
“ഉം..”
“ആ കലത്തിൽ ചൂട് കഞ്ഞി ഇരിപ്പുണ്ട്.. രണ്ടു പ്ളേറ്റിലാക്കി ഡൈനിങ് ടേബിളിൽ കൊണ്ട് വയ്ക്ക്…”
അർച്ചന അനുസരിച്ചു… അവൾക്കു പിന്നാലെ ചെറുപയർ കറിയും, ചമ്മന്തിയും പപ്പടവുമായി കൗസല്യയും മേശയ്ക്ക് അടുത്ത് വന്നു…
“ഇരിക്ക്..”
അവൾ കസേരയിൽ ഇരുന്നു.. അടുത്ത് കൗസല്യയും…
“കഴിച്ചോ.. സാധാരണ രാത്രിയിൽ ചോറോ, ചപ്പാത്തിയോ ആണ് പതിവ്.. ഇന്ന് തീരെ വയ്യ..”
“അവരെ വിളിക്കണ്ടേ?”
“ആരെ?”
“അച്ഛനെ…” തെല്ലൊരു മടിയോടെ അവൾ പറഞ്ഞു…
കൗസല്യ ചിരിച്ചു…
“പുരുഷന്മാർ കഴിച്ചിട്ടേ സ്ത്രീകൾ കഴിക്കാൻ പാടുള്ളൂ എന്ന നിയമമൊന്നും ഈ വീട്ടിലില്ല… ബാലേട്ടന്റെ അത്താഴസമയം പത്തര മണിയാണ്…. കിച്ചു പിന്നെ തോന്നുന്നത് പോലെയാ… ഇവരെ കാത്തു നിൽക്കാനൊന്നും എന്നെ കിട്ടില്ല.. വിശക്കുമ്പോ കഴിക്കും.. പക്ഷേ രാവിലെ ചായ കുടി ഒന്നിച്ചാണ് കേട്ടോ..”
കുറച്ചു ചമ്മന്തി അവളുടെ കഞ്ഞിയിലേക്ക് അവർ കോരിയിട്ടു..
“ചിട്ടവട്ടങ്ങളൊന്നും ഇല്ലാത്ത ഒരു സാധാരണ കുടുംബമാ ഇത്… ഒരു കാര്യത്തിൽ എനിക്ക് സമാധാനമായി.. ഈ രണ്ടു ഭീകരന്മാരെ ഒതുക്കാൻ എനിക്ക് ഇപ്പൊ കൂട്ട് ആയല്ലോ..”
അവർ ചിരിയോടെ കഞ്ഞി കോരിക്കുടിച്ചു.. അപ്പോഴാണ് പ്രജിത്ത് അങ്ങോട്ട് വന്നത്.. നേരെ അടുക്കളയിൽ പോയി ഒരു പ്ളേറ്റിൽ കഞ്ഞിയുമെടുത്ത് അവൻ അവരുടെ അടുത്ത് വന്നിരുന്നു..
“നീയെന്താടാ മുകളിൽ ചെയ്യുന്നെ?”
“കുറച്ചു അലങ്കോലപ്പണി ഉണ്ടായിരുന്നു.. കഴിഞ്ഞു.. അവൻ വന്നില്ലേ?”
“ഇല്ല.. കടയിൽ ലോഡിന്റെ എന്തോ കാര്യമെന്ന് ഇപ്പൊ വിളിച്ചപ്പോൾ പറയുന്നുണ്ടായിരുന്നു… “
“കല്യാണദിവസം തന്നെ വേണമായിരുന്നോ?”
“ഞാനത് ചോദിച്ചതാടാ… എന്നോടുള്ള ദേഷ്യം തീർക്കാൻ അവിടെ ആരെയോ ചീത്ത പറയുന്നത് കേട്ടപ്പോൾ ഞാൻ ഫോൺ വച്ചു..”
കഞ്ഞികുടിച്ച് യാത്ര പറഞ്ഞ് പ്രജിത്ത് പോയി.. പാത്രങ്ങൾ കഴുകാനും അടുക്കള ക്ളീൻ ചെയ്യാനും അവൾ കൗസല്യയെ സഹായിച്ചു… അയൽക്കാരെ കുറിച്ചും ഇന്ന് വന്ന ബന്ധുക്കളെ കുറിച്ചുമെല്ലാം അവർ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു… ബാലനും കിഷോറിനുമുള്ള ഭക്ഷണം മേശപ്പുറത്ത് കൊണ്ടു വച്ച ശേഷം വർക്ക് ഏരിയയുടെ ഗ്രിൽസും വാതിലും അടച്ചു..
“ഇനി റൂമിലേക്ക് പൊയ്ക്കോ.. ഇന്നത്തെ പരിപാടി കഴിഞ്ഞു…. ആ ജഗ്ഗിൽ ജീരകവെള്ളം ഇരിപ്പുണ്ട്… അതൂടെ എടുത്തോ… കിച്ചുവിന് കിടക്കുന്നതിന്റെ അടുത്ത് വെള്ളം നിർബന്ധമാ..”
അവൾ ജഗ്ഗുമെടുത്ത് ഹാളിലെത്തി… ബാലൻ സോഫയിൽ ചാരിക്കിടന്ന് ഉറങ്ങുകയാണ്… സ്റ്റെപ്പ് കയറി മുകളിലെ റൂമിൽ കയറിയപ്പോൾ അവൾ അമ്പരന്നു… ബെഡിൽ നിറയെ മുല്ലപ്പൂക്കൾ വിതറിയിട്ടുണ്ട്.. റോസാപ്പൂവിതളുകൾ കൊണ്ട് ഒരു വലിയ ലൗ വരച്ചു വച്ചിട്ടുമുണ്ട്.. മുറിയിൽ അങ്ങിങ്ങായി പല നിറങ്ങളിലുള്ള തടിച്ച മെഴുകുതിരിക്കൾ പ്രകാശം ചൊരിയുന്നു…നല്ല സുഗന്ധമുള്ള പുകയും…. ഇതാണ് പ്രജിത്ത് പറഞ്ഞ ‘അലങ്കോലപ്പണി’ എന്ന് അവൾക്ക് മനസിലായി… പിന്നിലൊരു കാൽപെരുമാറ്റം കേട്ടപ്പോൾ അവൾ തിരിഞ്ഞു… കിഷോറായിരുന്നു അത്.. അവളുടെ ശരീരം ഒന്ന് വിറച്ചു.. തൊണ്ട വരളും പോലെ… തന്റെ ഭർത്താവ്…..
അവൻ ഒന്നും മിണ്ടാതെ മുറിയിൽ കയറി.. അവിടുത്തെ കാഴ്ചകണ്ടപ്പോൾ അവളിൽ ഉണ്ടായ അതേ ആശ്ചര്യഭാവം അവനും ഉണ്ടായി..
“ഇതാരാ ചെയ്തത്?” പരുഷമായ ശബ്ദത്തിൽ കിഷോർ ചോദിച്ചു…
“പ്രജിയേട്ടൻ…”
“ആര്?”
“പ്രജിയേട്ടൻ…” അവൾ ഒന്നുകൂടി പറഞ്ഞു.. കിഷോർ ഫോണെടുത്ത് പ്രജിത്തിനെ വിളിച്ചു.
“അളിയാ… എങ്ങനുണ്ട് എന്റെ ഡിസൈൻ?”
“സൂപ്പറായിട്ടുണ്ട്…. പാലും കുറച്ചു ഫ്രൂട്‌സും കൂടി ഉണ്ടായിരുന്നെങ്കിൽ കലക്കിയേനെ..”
“അയ്യോ… അത് ഞാൻ വിട്ട് പോയി… നീ അഞ്ച് മിനിറ്റ് കാത്തു നില്കുമെങ്കിൽ ഇപ്പൊ ശരിയാക്കാം..”
“എടാ കോപ്പേ…ഓവറായി സിനിമകൾ കണ്ട് വട്ട് പിടിച്ചതാ നിനക്ക്… രാത്രി തന്തയ്ക്ക് വിളി കേൾക്കണ്ട എങ്കിൽ വച്ചിട്ട് പോ..”
“അളിയാ വയ്ക്കല്ലേ… ഒന്ന് പറയാൻ മറന്നു ..”
“എന്താ?”
“ഹാപ്പി ഫസ്റ്റ് നൈറ്റ്..”
ഒരു തെറി മുഴുമിപ്പിക്കും മുൻപേ പ്രജിത്ത് ഫോൺ കട്ട് ചെയ്തു.. കിഷോർ ബെഡിന് അടുത്ത് ചെന്ന് ബെഡ്ഷീറ്റ് വലിച്ചെടുത്ത് കുടഞ്ഞു… പൂക്കൾ ഫ്ലോറിൽ ചിതറി… വീണ്ടും ഷീറ്റ് വിരിച്ച ശേഷം അവൻ ടവ്വൽ എടുത്ത് ബാത്‌റൂമിൽ കയറി… അർച്ചന അവിടെ തന്നെ നിന്നു…രണ്ടു കാലും വേദനിക്കുന്നുണ്ട്… രാവിലെ മുതൽ നിൽപ്പും നടത്തവും ആയിരുന്നല്ലോ… ബെഡിൽ ഇരിക്കാൻ അവൾക്ക് പേടി തോന്നി… ഇയാൾക്ക് അതിഷ്ടമായില്ലെങ്കിലോ.. അമ്മയുടെയും അച്ഛന്റെയും സ്വഭാവത്തിന്റെ നേരെ എതിരാണ് ഇയാളെന്ന് തോന്നുന്നു… ആദ്യത്തെ ദിവസം തന്നെ വഴക്കു കേൾക്കേണ്ടി വരുമോ ദൈവമേ… അവൾ കത്തിക്കൊണ്ടിരുന്ന മെഴുകുതിരികൾ എല്ലാം കെടുത്തി റൂമിലെ ലൈറ്റ് ഇട്ടു.. പിന്നെ ജനലിന്റെ പടിയിലേക്ക് ചാരി നിന്നു..
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കിഷോർ പുറത്തിറങ്ങി.. അരയിൽ ചുറ്റിയ ടവൽ മാത്രമാണ് വേഷം… അർദ്ധനഗ്നമായ ശരീരം കണ്ടപ്പോൾ അവൾ പെട്ടെന്ന് മുഖം തിരിച്ചു… അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഷോർട്സും ടീ ഷർട്ടും ധരിച്ച് കട്ടിലിൽ കയറികിടന്നു… അർച്ചന അതേ നിൽപ്പിലാണ്.. നല്ല ക്ഷീണമുണ്ട്… എവിടെങ്കിലും ഒന്ന് കിടന്നാൽ മതി …. ബെഡിൽ കിടന്നാൽ ഇയാൾ ചവിട്ടി താഴെയിടുമോ? എന്തൊരു മനുഷ്യനാ ഇത്?.. താലികെട്ടിയ പെണ്ണിനോട് എന്തെങ്കിലും മിണ്ടിക്കൂടെ…? ഭക്ഷണം കഴിച്ചോ എന്നെങ്കിലും ചോദിച്ചൂടെ? ഇനി അതുമല്ലെങ്കിൽ ഒരു ബെഡ്ഷീറ്റും തലയിണയും തന്ന് ‘ നിലത്ത് കിടക്കെടീ ‘ എന്ന് പറയാമല്ലോ..
അവൾക്ക് സങ്കടം വന്നു… റൂമിന് വെളിയിൽ ഒരു സെറ്റിയുണ്ട്… അവിടെ പോയി കിടന്നാലോ എന്ന് ആലോചിക്കുമ്പോഴേക്കും കിഷോർ തലയുയർത്തി അവളെ നോക്കി..
“തനിക്ക് ഉറങ്ങണ്ടേ?”
അവൾ തലയാട്ടി..
“ഇനി വന്നു കിടക്കാൻ മൈക്കിലൂടെ അനൗൺസ് ചെയ്യണോ?.. ഡോറടച്ച് ലൈറ്റും ഓഫാക്കി കിടന്നുറങ്ങാൻ നോക്ക്..”
അർച്ചന പെട്ടെന്ന് തന്നെ വാതിൽ അടച്ചു.. ലൈറ്റ് അണച്ച് കട്ടിലിന്റെ മറ്റേ വശത്ത് ഓരം ചേർന്നു കിടന്നു.. താഴെ നിന്നു ടീവിയുടെ ശബ്ദം അവ്യക്തമായി കേൾക്കാം,.. തന്റെ തൊട്ടടുത്ത് ഒരു പുരുഷൻ… അവളുടെ ഹൃദയം ദ്രുതഗതിയിൽ മിടിച്ചു….
“എനിക്കൊരു കാര്യം പറയാനുണ്ട്… “
കിഷോർ സംസാരിച്ചു തുടങ്ങി.. അവൾ അവന് നേരെ തിരിഞ്ഞു… വെളിച്ചം ഇല്ലാത്തതിനാൽ അവന്റെ മുഖഭാവം വ്യക്തമല്ല…
“എന്താ..?.”
“എനിക്കൊരു പ്രണയമുണ്ടായിരുന്നു.. ആറു വർഷത്തോളം… അവളെപ്പോലൊരു പെണ്ണിനെ കിട്ടാനുള്ള യോഗം എനിക്ക് ഇല്ലാതെ പോയി.. കുറേ നാൾ അതിന്റെ ഷോക്കിൽ ആയിരുന്നു…. എന്നെ മാറ്റിയെടുക്കാനാ വീട്ടുകാർ പെണ്ണ് കെട്ടിക്കാൻ ശ്രമിച്ചു തുടങ്ങിയത്… ആദ്യമൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും അവരെ വേദനിപ്പിച്ചു ശീലമില്ലാത്തത് കൊണ്ട് സമ്മതിച്ചു. അങ്ങനെയാ അച്ഛന്റെ പഴയ കൂട്ടുകാരന്റെ മകളായ നിന്നെ വിവാഹം കഴിച്ചത്… ചുരുക്കി പറഞ്ഞാൽ അവളെ മറക്കാനോ, അവളുടെ സ്ഥാനത്ത് വേറൊരു പെണ്ണിനെ കാണാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.. ഇനി കഴിയുമോ എന്നുകൂടി അറിയില്ല…”
അവനൊന്ന് നെടുവീർപ്പിട്ടു…
“വഞ്ചിച്ചു എന്ന് കരുതണ്ട.. നിന്റെ അച്ഛനോട് ഇതൊക്കെ പറഞ്ഞിരുന്നു.. എല്ലാം അറിഞ്ഞിട്ട് തന്നെയാ അങ്ങേര് സമ്മതിച്ചത്…”
അർച്ചനയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല… തന്നെ കെട്ടാൻ പോകുന്നവന് ഒരു നഷ്ടപ്രണയം ഉണ്ടായിരുന്നു എന്ന് അച്ഛൻ പറഞ്ഞതാണ് … പക്ഷേ അതിത്രത്തോളം ആഴത്തിൽ പതിഞ്ഞതാണെന്ന് അറിഞ്ഞിരുന്നില്ല…
“നീയും വീട്ടുകാർക്ക് വേണ്ടിയാണ് ഇതിനു സമ്മതിച്ചത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്… കാരണം എന്നോട് സംസാരിക്കണമെന്ന് പോലും നീ ആവശ്യപ്പെട്ടിട്ടില്ല… ഇന്ന് നിന്റെ മുഖത്തു ഒരു തരി സന്തോഷം ഉണ്ടായിരുന്നുമില്ല..”
മുറിയിൽ നിശബ്ദത…. കുറച്ചു സമയത്തിന് ശേഷം കിഷോർ അവളുടെ നേരെ തിരിഞ്ഞു കിടന്നു..
“ഒന്നും പറയാനില്ലേ?”
“ഇല്ല..”
“അതെന്താ..?”
“കിഷോറേട്ടൻ….. അങ്ങനെ വിളിക്കാലോ അല്ലേ?”.
“ഉം.. വിളിച്ചോ..”
“കിഷോറേട്ടൻ പറഞ്ഞതൊക്കെ സത്യമാണ്.. നിങ്ങൾ എന്നെ പറ്റിച്ചിട്ടില്ല.. ഞാൻ എല്ലാം അറിഞ്ഞു സമ്മതിച്ചത് തന്നാ… എന്റെ അച്ഛന് വേണ്ടി.. പിന്നെ ഞാനെന്തു പറയാനാ..? നിങ്ങൾ പറയുന്നത് എന്തായാലും ഞാൻ അനുസരിക്കും..”
പതിഞ്ഞതെങ്കിലും ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു…
“വളരെ സന്തോഷം… നിനക്ക് ഈ വീട്ടിൽ ഒരു കുറവും വരില്ല… എല്ലാം ഞാൻ നോക്കിക്കോളാം.. അതിനപ്പുറം ഒരു ബന്ധം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നും തരാൻ എനിക്ക് പറ്റില്ല “..
“വേണ്ട കിഷോറേട്ടാ…. ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല…”
അവളുടെ മറുപടി പെട്ടെന്നായിരുന്നു..പിന്നെ സംസാരമൊന്നും ഉണ്ടായില്ല… ഒരേ കട്ടിലിന്റെ രണ്ടു വശങ്ങളിൽ അവർ ചരിഞ്ഞു കിടന്നു… പുറത്തേക്കൊഴുകാൻ ശ്രമിച്ച കരച്ചിലിനെ അവൾ ശാസിച്ച് അടക്കി നിർത്തി..
“എന്തിന് കരയണം? കഴുത്തിൽ ഒരു താലി ഉണ്ട്… കൗസ്തുഭത്തിലെ ബാലന്റെ മകന്റെ ഭാര്യ എന്നൊരു അടയാളവും ഉണ്ട്,.. ഇതിൽ കൂടുതൽ എന്തെങ്കിലും ആഗ്രഹിച്ചിരുന്നു എങ്കിലല്ലേ വിഷമം തോന്നൂ..? ഇല്ല.. ഇയാൾ എങ്ങനെ പെരുമാറിയാലും തനിക്കൊരു ചുക്കുമില്ല… അവൾ മനസ്സിൽ പറഞ്ഞു … കരച്ചിൽ തൊണ്ടയിൽ വച്ച് അപ്രത്യക്ഷമായെങ്കിലും അനുവാദം കൂടാതെ കണ്ണുനീർ ഒഴുകികൊണ്ടിരുന്നു….ഇടതടവില്ലാതെ…
(തുടരും )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
കർണൻ സൂര്യപുത്രൻ Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission