Skip to content

പ്രിയ സഖി – 8

priyasakhi

വേനൽ മഴ പെയ്തിറങ്ങുന്ന ഒരു രാത്രി…. ബാലനും കൗസല്യയും  ജാനിമോളും ഉറങ്ങിക്കഴിഞ്ഞിരുന്നു… ഒരിടം വരെ പോകാനുണ്ട്, വൈകുമെന്ന് കിഷോർ വിളിച്ചു പറഞ്ഞതിനാൽ  അവനെയും കാത്ത് റോഡിലേക്ക് നോക്കിയിരിക്കുകയായിരുന്നു അർച്ചന… എവിടെ എത്തി എന്ന് വിളിച്ചു ചോദിക്കാൻ  ഉള്ളം കൊതിച്ചെങ്കിലും ബൈക്ക് ഓടിക്കുന്നയാളുടെ ശ്രദ്ധ തെറ്റി അപകടം ഉണ്ടാകുമോ എന്ന പേടി കാരണം അവളത് വേണ്ടെന്ന് വച്ചു… അര മണിക്കൂർ കൂടി കഴിഞ്ഞിട്ടാണ്  അവൻ വന്നത്.. ഡ്രസ്സ്‌ എല്ലാം നനഞ്ഞിട്ടുണ്ട്…. ബൈക്ക് നിർത്തി അവൻ പെട്ടെന്ന് ഉമ്മറത്തേക്ക് കയറി..

“കോട്ട് എടുത്തൂടായിരുന്നോ?.. പെട്ടെന്ന് കുളിച്ച് ഇതൊക്കെ മാറ്റ്…”

“ആരെങ്കിലും പ്രതീക്ഷിച്ചോ  മഴപെയ്യുമെന്ന്… അവരൊക്കെ ഉറങ്ങിയോ അച്ചൂ?”

“ഉം…”

വാതിൽ അടച്ച് ലൈറ്റ് ഓഫ്‌ ചെയ്ത് രണ്ടുപേരും മുകളിലേക്ക് കയറി… അവൻ ബാത്‌റൂമിൽ പോയപ്പോൾ അർച്ചന അവന് ധരിക്കാനുള്ള ഡ്രസ്സ്‌ എടുത്ത് വച്ചു…. പിന്നെ ഫോൺ എടുത്ത് ശ്വേതയെ വിളിച്ചു..

“അച്ചൂ.. ഫുഡ് കഴിച്ചോ?”

“ങാ… ചേച്ചിയോ?”

“ഞാൻ കഴിച്ചോണ്ടിരിക്കുകയാ… എന്റെയൊരു ഫ്രണ്ട് ഉണ്ട് ശരവണൻ.. അവന്റെ കൂടെ  പുറത്ത് വന്നതാ.. “

“ഫ്രണ്ട് തന്നെയാണോ?”

“ചോദ്യം മനസ്സിലായി… എനിക്ക് ഫ്രണ്ട് മാത്രമാ… പക്ഷേ അവന് അങ്ങനല്ല എന്ന് തോന്നുന്നു… ഇതുവരെ പ്രൊപ്പോസ് ചെയ്തിട്ടില്ല കേട്ടോ… ഒന്ന് പറഞ്ഞു രണ്ടാമതത്തേതിന്  തെറി വിളിക്കുന്ന എന്റെ സ്വഭാവം ഭയന്നിട്ടാകും…”

“തുറന്ന് പറഞ്ഞാൽ  ചേച്ചി സ്വീകരിക്കുമോ?”

“ഏയ്‌… ഇനി അഥവാ  കല്യാണം കഴിക്കുന്നെങ്കിൽ മലയാളിയെ… വേറെ ആരെയും താല്പര്യമില്ല..അതവിടെ  നിൽക്കട്ടെ, നിന്റെ ബ്യൂട്ടീഷ്യൻ പഠനമൊക്കെ എങ്ങനെ പോകുന്നു?”

“നല്ല രസമുണ്ട്… എനിക്കൊത്തിരി ഇഷ്ടമായി…”

“പെട്ടെന്ന് പഠിച്ചെടുക്ക്… കിച്ചുവിന്റെ കടയുടെ ഓപ്പോസിറ്റ് ഒരു ഷോപ്പിംഗ് മാൾ ഇല്ലേ? അവിടെയൊരു ബ്യൂട്ടിപാർലർ തുടങ്ങാനുള്ള പ്ലാൻ അവനുണ്ട്… തത്കാലം രണ്ടു സ്റ്റാഫിനെ വയ്ക്കും… നീ റെഡി ആയാൽ  നിനക്കും അവിടെ നിൽക്കാലോ… തൊട്ടടുത്ത് തന്നെ  എന്റെ ഗിഫ്റ്റ് ഷോപ്പും തുടങ്ങും..”

“ഇതൊന്നും എന്നോട് പറഞ്ഞില്ലല്ലോ…കോഴ്സ് കഴിഞ്ഞ് എവിടേലും കുറച്ചു നാൾ ജോലിക്ക് കയറിയിട്ട് സ്വന്തമായി ഷോപ്പ് ഇടാമെന്ന് അന്ന് പറഞ്ഞതേയുള്ളൂ…. ഇതിപ്പോ എല്ലാം തീരുമാനിച്ചു, ഞാനൊന്നും അറിഞ്ഞില്ല..”

അർച്ചനയുടെ സ്വരത്തിൽ പരിഭവം കലർന്നു..

“സർപ്രൈസ് തരാനിരുന്നതാവും… എടീ  ഞാൻ വയ്ക്കുവാണേ… പാവം ശരവണൻ  ഇവിടിരുന്നു മുഷിയുന്നു… അവനോട് സംസാരിക്കട്ടെ.. എന്തായാലും ഈ ആഴ്ച ഞാനവിടെ എത്തും.. ബാക്കി നേരിൽ…”

അവൾ  ഫോൺ വച്ചു… അർച്ചനയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും  വന്നു… എല്ലാം പ്ലാൻ ചെയ്തു  വച്ചിട്ടും തന്നോടൊരു  വാക്ക് പോലും പറഞ്ഞില്ലല്ലോ…കൃത്യമായി എല്ലാം ശ്വേത ചേച്ചിയെയും പ്രജിയേട്ടനെയും അറിയിക്കുന്നുണ്ട്… ഫോൺ മേശപ്പുറത്ത് വച്ച് അവൾ കട്ടിലിൽ കയറിക്കിടന്നു… കുളി കഴിഞ്ഞ് പുറത്തിറങ്ങിയ  കിഷോർ അവളെ ഒന്ന് നോക്കി, പിന്നെ ഡ്രസ്സ്‌ മാറി  അടുത്ത് വന്നിരുന്നു…

“അച്ചൂ..”

അവൾ  എഴുന്നേറ്റ് മുടി വാരികെട്ടി..

“ഫുഡ് എടുത്ത് വയ്ക്കട്ടെ..?”

“വേണ്ട.. ഞാൻ കഴിച്ചിട്ടാ വന്നത്.. നീ കഴിച്ചോ?”

“ഉം…”

അവൾ  വീണ്ടും കിടന്നു… ലൈറ്റ് ഓഫ്‌ ചെയ്ത് അവൻ  അവളുടെ അരികിലേക്ക് ചേർന്നു കിടന്ന് വലംകൈ കൊണ്ട് ചുറ്റിപ്പിടിച്ചു… അവൾ അനങ്ങാതെ കിടന്നതേയുള്ളൂ..

“നീ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടല്ലോ?.”

“ശ്വേത ചേച്ചി ആയിരുന്നു..”

“അവളെന്താ പറയുന്നേ?”

“പ്രത്യേകിച്ച് ഒന്നുമില്ല.. നിങ്ങള് പുതിയ ബ്യൂട്ടിപാർലർ തുടങ്ങാൻ പോകുവാണ് എന്ന് പറഞ്ഞു… ഞാൻ അറിഞ്ഞിട്ടില്ലല്ലോ..”

കിഷോർ  പരമാവധി  അവളോട് ചേർന്നു കിടന്ന് ഒരു കാൽ കൂടി അവളുടെ  ദേഹത്തേക്ക് വച്ചു.. പിന്നെ മുഖം അവളുടെ  കാതിലേക്ക് അടുപ്പിച്ചു..

“എന്റെ കുശുമ്പി പാറൂ… അവിടെ ഒരു ഷോപ്പ് നോക്കി വച്ചു എന്നല്ലാതെ  വേറൊന്നും തീരുമാനമായില്ല… എല്ലാം റെഡി ആക്കി നിന്നെ സർപ്രൈസ് ആയി കൊണ്ടുപോകാനും , നിന്നെക്കൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിക്കാനുമായിരുന്നു എന്റെ പ്ലാൻ…. ആ തെണ്ടി എല്ലാം കുളമാക്കി അല്ലേ? നേരം പുലരട്ടെ…  എന്നിട്ട് ഞാനവളെ  വിളിക്കുന്നുണ്ട്…”

“വീണിടത്തു നിന്നും ഉരുളണ്ട…”

അവൾ അകന്നു മാറി കിടക്കാൻ ശ്രമിച്ചു.. പക്ഷേ കഴിഞ്ഞില്ല….

“അങ്ങോട്ട് നീങ്ങി കിടന്നേ,… എനിക്ക് ഉറങ്ങണം..”

“മനസില്ല… നീ പോയി കേസ് കൊടുക്ക്..”

അവൾ  കുതറി നോക്കി… ഫലമില്ലാതായപ്പോൾ തന്റെ  ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.. അവന്റെ വയറിൽ ഇക്കിളിയിട്ടു… അതോടെ അവൻ പുളഞ്ഞു കൊണ്ട് പിടി വിട്ടു… പിന്നെ പൂർവാധികം ശക്തിയോടെ  അവളുടെ രണ്ടു കയ്യും പിടിച്ചു വച്ചു… സ്ഥാനം തെറ്റി കിടന്ന  ടോപിന് കീഴെ  വയറിൽ  തന്റെ മുഖം കൊണ്ട് ഉരസി… താടി രോമങ്ങൾ കൊണ്ടപ്പോൾ അവൾക്കും ഇക്കിളിയായി…

“വേണ്ട… കിഷോറേട്ടാ..നിർത്ത്

…”  അവൾ ചിരിച്ചു കൊണ്ട് ശരീരം ഇളക്കി.. അവൻ  നിർത്തിയില്ല…

“എന്നോട് കളിക്കാറായോടീ നീ…” അവൻ മുഖം ഉരയ്ക്കുന്നത് തുടർന്നു… അവൾ തളർന്നു എന്ന് തോന്നിയപ്പോൾ  കിഷോർ  മുഖം നേരെ അവളുടെ  മുഖത്തോട് അടുപ്പിച്ചു…നേർത്ത വെളിച്ചത്തിൽ ആ കണ്ണുകളിലെ തിളക്കം അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു… പുറത്ത് മഴപെയ്യുന്ന  ശബ്ദം…

“അച്ചൂ…”

“ഉം..?”

“നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാ…”

അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.. നേർത്ത പുഞ്ചിരിയോടെ, അതിലുപരി  സ്നേഹത്തോടെ തന്നെ  നോക്കുന്ന പുരുഷൻ.. തന്റെ ഭർത്താവ്… അവളും മൃദുവായി ഒന്ന് ചിരിച്ചു..കവിളിലേക്ക് വീണു കിടന്ന അവളുടെ  മുടിയിഴകൾ പിന്നോട്ട് ഒതുക്കി വച്ച്  അവിടെ ചുംബിച്ചു…

സിരകളിലൂടെ  മിന്നൽപിണർ  തലച്ചോറിലേക്ക് കുതിച്ചു പായുന്നത് അവളറിഞ്ഞു… അടുത്ത ചുംബനം , കഴുത്തിലായിരുന്നു… കിഷോറിന്റെ ചുടുനിശ്വാസം അവിടെ തട്ടിയപ്പോൾ അവളൊന്ന് വിറച്ചു…..വയറിലൂടെ അവന്റെ  വിരലുകൾ  പതിയെ സഞ്ചരിക്കുന്നത് അവളറിഞ്ഞു…. കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് അവൾ അവനെ  ചേർത്ത് പിടിച്ചു…. പെട്ടെന്ന്…..

അവളുടെ മനസിലൊരു  നടുക്കം അനുഭവപ്പെട്ടു… ശരീരം മുഴുവൻ വിയർത്തു കുളിച്ചു… കിഷോറിനെ തള്ളി മാറ്റികൊണ്ട് അവൾ എഴുന്നേറ്റിരുന്നു…

“എന്തു പറ്റി അച്ചൂ?”  അവൻ അമ്പരപ്പോടെ ചോദിച്ചു..

“ഒന്നുമില്ല..”   അവൾ  കാൽമുട്ടുകളിൽ മുഖം പൂഴ്ത്തി ഇരുന്നു… കിഷോർ എഴുന്നേറ്റു ലൈറ്റ് ഇട്ടു.. പിന്നെ അവളുടെ അടുത്ത് ചെന്ന് തല  പിടിച്ചുയർത്തി…

“നീ കാര്യം പറ..”

“കിഷോറേട്ടൻ  ശ്രീകല ചേച്ചിയെ മറന്നോ?”

“നീയെന്തിനാ ഇപ്പോൾ അവളുടെ കാര്യം സംസാരിക്കുന്നെ?”

അവന്റെ മുഖമിരുണ്ടു….

“ചോദിച്ചതിന് ഉത്തരം പറ…?മറന്നോ?”

“നിനക്കെന്താടീ…? ”  അവൻ പതിയെ അർച്ചനയുടെ തോളിൽ കൈ  വച്ചു.. അവൾ അത് തട്ടി മാറ്റി..

“അന്ന്  കിഷോറേട്ടൻ എന്നോട് പറഞ്ഞിരുന്നു സ്നേഹം ആത്മാർത്ഥമാണെങ്കിൽ ഒരിക്കലും നശിക്കില്ലെന്ന്… അല്ലേ?”

“അതിന്..?”

“ആറു വർഷത്തെ  സ്നേഹം ആത്മാർത്ഥമായത് തന്നെയല്ലേ? അത്  ഇത്രയും പെട്ടെന്ന് മറക്കാൻ പറ്റുമോ?.. “

എന്തു പറയണമെന്നറിയാതെ അവൻ  അർച്ചനയെ തന്നെ നോക്കി ഇരുന്നു..

“എന്നെ തൊടുമ്പോഴും  ഉമ്മ

വയ്ക്കുമ്പോഴും പഴയ കാമുകിയെ ആണോ ഓർക്കുന്നെ? അവളുടെ മുഖം മനസ്സിൽ വച്ചു കൊണ്ടാണോ എന്റെ ശരീരം സ്വന്തമാക്കാൻ ഒരുങ്ങുന്നത്..?”

അതോടെ കിഷോറിന്റെ നിയന്ത്രണം വിട്ടു.. അവളെ അടിക്കാൻ കൈ ഓങ്ങിയതാണ്.. പക്ഷേ അവന് കഴിഞ്ഞില്ല…

“ഛീ… എന്തൊക്കെയാ നീ പറയുന്നതെന്ന്  വല്ല ബോധവുമുണ്ടോ? ശരിയാടീ.. അവളെ  ഞാൻ സ്നേഹിച്ചിരുന്നു.. ഒരുപാട്…. അത് കഴിഞ്ഞു… നീ  വന്നതിന് ശേഷം നിന്നോട് നീതി പുലർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്… ഓരോ നിമിഷവും  നിന്നെ ഓർത്ത്, നിനക്കും മോൾക്കും വേണ്ടി മാത്രമാ  ജീവിക്കുന്നതും…. ആ  എന്നോട് തന്നെ ഇത് പറയണം..”

കിഷോറിന്റെ കണ്ഠമിടറി.. അവൻ  എഴുന്നേറ്റു..

“നിന്നെ ഞാൻ ചതിച്ചിട്ടില്ല… പഴയ ബന്ധത്തിന്റെ  വേദന മാറിയ ശേഷം മാത്രമേ  നിന്നോട് അടുക്കൂ എന്ന് വാശി പിടിച്ചത്, എനിക്ക് വേണ്ടിയല്ല, ഇപ്പോൾ നീ  ചോദിച്ച ചോദ്യങ്ങൾ അന്ന് നിന്റെ മനസ്സിൽ തോന്നരുത് എന്ന് കരുതിയാണ്….. ഒരേ കട്ടിലിൽ കിടക്കുമ്പോഴും പരിധികൾ വിടാതെ നിന്നത് നിന്റെ മനസും ശരീരവും പൂർണമായും  ഒരുങ്ങിയ ശേഷം മാത്രം മതി എന്ന നിർബന്ധം എനിക്കുള്ളതിനാലായിരുന്നു.. ഇപ്പോൾ ആ സ്വാതന്ത്ര്യം എടുത്തത് പോലും നിന്റെ കണ്ണുകളിൽ പ്രണയം കണ്ടതിനാലാ… പക്ഷേ എനിക്ക് തെറ്റു പറ്റി…”

അർച്ചന ഒരു ശില പോലെ ഇരിക്കുകയാണ്..

“ആറു വർഷം പ്രണയിച്ചിട്ടും അവളുടെ വിരൽത്തുമ്പിൽ തൊട്ട് പോലും ഞാൻ ആശുദ്ധമാക്കിയിട്ടില്ല… കാമം മാത്രമല്ല പ്രണയം എന്ന തിരിച്ചറിവ് എനിക്കുണ്ട്.. ആ  എന്നെയാ നീയിപ്പോൾ അപമാനിച്ചത്… കുറച്ചു ദിവസങ്ങളെ ആയുള്ളൂ നമ്മൾ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട്… പക്ഷേ ഒരായുസിന്റെ മുഴുവൻ സ്നേഹം നിനക്ക് തന്ന ഞാനാ  വിഡ്ഢി….”

അവൻ  അലമാര  തുറന്ന് ഒരു ബെഡ്ഷീറ്റ്  എടുത്തു,.

“ഇനി നിന്റെ ദേഹത്ത് ഞാൻ അറിയാതെ പോലും തൊടില്ല… കാശ് കൊടുത്ത് ഒരു പെണ്ണിന്റെ കൂടെ കിടന്നാൽ പോലും, നീയുമായി ഒന്നും ഉണ്ടാകില്ല… അങ്ങനെ വല്ലതും സംഭവിച്ചാൽ  ഞാൻ മരിക്കും…”

വാതിൽ തുറന്ന് അവൻ ഒന്ന് തിരിഞ്ഞ് അവളെ  നോക്കി…

“ഒരപേക്ഷയുണ്ട്… ഇതൊന്നും താഴെ ഉറങ്ങുന്ന പാവങ്ങൾ അറിയരുത്… അവരുടെ മനസ്സ് വേദനിക്കും.. മകൻ   മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കെട്ടി സുഖമായി  ജീവിക്കുന്നത് കണ്ട് ആഹ്ലാദിക്കുന്ന അവരെ കരയിക്കരുത്… “

അവൻ പുറത്തിറങ്ങി വാതിൽ ചാരി അടുത്ത മുറിയിലേക്ക് നടന്നു…. കുറച്ചു നേരം കൂടി അതേ ഇരിപ്പ് തുടർന്ന ശേഷം അവൾ  ബെഡിലേക്ക് വീണു പൊട്ടിക്കരഞ്ഞു…

‘കിഷോറേട്ടാ… എന്നോട് ക്ഷമിക്കണേ… എനിക്ക് വേറെ വഴിയുണ്ടായില്ല… നെഞ്ചു പൊട്ടിക്കൊണ്ടാ ഓരോന്ന് പറഞ്ഞത്.. നിങ്ങളുടെ ഭാര്യയാവാൻ  അർഹത ഇല്ലാത്തവളാ  ഞാൻ.. മരിക്കാൻ വരെ തോന്നുകയാ.. പക്ഷേ അങ്ങനെ ചെയ്‌താൽ  ഈ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാകുമെന്ന് പേടിച്ചിട്ടാ…… എന്നെ വെറുത്തോ… ഉപേക്ഷിച്ചോ.. പക്ഷെ ശപിക്കരുത്… ‘

അവളുടെ ഹൃദയം തേങ്ങി…. പുറത്ത് ശക്തമായ കാറ്റ് വീശുന്നുണ്ട്…… മഴ ശമിച്ചിട്ടും   കണ്ണുനീർ പെയ്തു കൊണ്ടിരുന്നു

പിറ്റേന്ന് രാവിലെ അർച്ചന എഴുന്നേറ്റു കുളിച്ചയുടൻ  അടുത്ത മുറിയിൽ പോയി നോക്കി…. വാതിൽ അടച്ചിട്ടില്ല..അവിടെ ചരിഞ്ഞു കിടന്നുറങ്ങുന്ന കിഷോറിനെ കണ്ടപ്പോൾ അവൾക്ക് സങ്കടം സഹിച്ചില്ല… പൊട്ടിവന്ന കരച്ചിൽ കടിച്ചമർത്തി അവൾ  താഴേക്ക്  ഇറങ്ങി… ബാലൻ  സോഫയിൽ ഇരുന്ന് പത്രം വായിക്കുകയാണ്… അവളെ കണ്ടതും അയാളൊന്ന് ചിരിച്ചു..

“അവനിന്നലെ എപ്പോഴാ വന്നേ?”

“പതിനൊന്നു മണിയായി…”

അവൾ അടുക്കളയിലേക്ക് നടന്നു.. കൗസല്യ  ചായ ഉണ്ടാക്കുകയാണ്…

“ഇന്ന് ദോശ മതിയോ മോളേ?”

“അമ്മയുടെ ഇഷ്ടം..”  അവൾ  പുഞ്ചിരിച്ചു..

“നീ കരഞ്ഞോ?” അവളുടെ  ചുവന്ന കണ്ണുകളും  വീർത്ത കൺപോളകളും  നോക്കി സംശയത്തോടെ അവർ  ചോദിച്ചു..

“ഏയ്‌.. ഇല്ല..”

“കള്ളം പറയല്ലേ… എന്താ? അവൻ  വഴക്കിട്ടോ?”   കൗസല്യ  അവളെ  ചേർത്തു നിർത്തി..

“ഇല്ലമ്മേ…”

“പിന്നെന്തിനാ എന്റെ മോള് കരഞ്ഞേ?. അമ്മയോട് പറ .”

അതോടെ  അതു വരെ പിടിച്ചു നിർത്തിയതെല്ലാം വീണ്ടും അണമുറിഞ്ഞൊഴുകി തുടങ്ങി… അവരുടെ  തോളിൽ മുഖമമർത്തി അർച്ചന  കരഞ്ഞു.. ശബ്ദം കേട്ട് ബാലൻ അങ്ങോട്ട് വന്നെങ്കിലും മിണ്ടരുത് എന്ന് കൗസല്യ ആംഗ്യം കാണിച്ചപ്പോൾ അയാൾ  തിരിച്ചു പോയി… അവർ  അവളെ  ഡൈനിങ് ടേബിളിന് അടുത്തുള്ള ചെയറിൽ ഇരുത്തി..

“മോള് പറ … എന്താ കാര്യം..?” വാത്സല്യത്തോടെ അവർ  ചോദിച്ചു..

“എനിക്ക് അച്ഛനെ കാണാൻ കൊതിയാവുന്നു.”

“അയ്യേ… അതിനാണോ  ഈ  കരഞ്ഞത്? ഞാൻ പേടിച്ചു പോയി..”

“ഞാൻ രണ്ടു ദിവസം അവിടെ പോയി നിന്നോട്ടെ?”

“അതിനെന്താ…? പൊയ്ക്കോ… ഇന്നലെ ജാനിയും പറയുന്നുണ്ടായിരുന്നു അപ്പൂപ്പനെ കാണണമെന്ന്… നിനക്കവിടുന്ന് ബസ് ഉണ്ടാകുമോ ക്ലാസ്സിനു പോകാൻ?”..

“ഉണ്ട്…”

“എന്നാൽ പ്രശ്നമില്ല.. ജാനിയുടെ ടീച്ചറെ വിളിച്ച് ഞാൻ പറഞ്ഞോളാം  അവൾ രണ്ടു ദിവസം വരില്ലെന്ന്….സന്തോഷമായല്ലോ..? ഇനി കണ്ണൊക്കെ തുടച്ച്  ഒന്ന് ചിരിച്ചേ…”

അവൾ അനുസരിച്ചു..

“മേലിൽ ഇതുപോലത്തെ ചെറിയ കാര്യങ്ങൾക്ക് കരയരുത്… അവിടെ ഉള്ളത് നിന്റെ അച്ഛനാ.. കല്യാണം കഴിഞ്ഞെന്ന് കരുതി  ബന്ധം ഇല്ലാതാകുന്നില്ല.. ഇടയ്ക്ക് കാണാൻ പോകണം .. ഇവിടെ ആരും തടയില്ല… കിച്ചു എഴുന്നേറ്റോ?”

“ഇല്ല..”

“ശരി.. അവനോട് ഞാൻ പറഞ്ഞോളാം.. അച്ഛന്റെ കൂടെ  നീയും ജാനിയും ടൗണിലേക്ക് പൊയ്ക്കോ.. നിന്റെ ക്ലാസ് കഴിയും വരെ അവൾ സൂപ്പർമാർക്കറ്റിൽ ഇരുന്നോളും… അതിന് ശേഷം അച്ഛൻ തന്നെ നിങ്ങളെ ഏതേലും വണ്ടി പിടിച്ച് അങ്ങോട്ട് വിടും… പോരേ?”

അവൾ  തലയാട്ടി…

“ഫ്രിഡ്ജിൽ ദോശമാവ് ഇരിപ്പുണ്ട്… ഞാൻ ചമ്മന്തി അരയ്ക്കാം…വാ..”

അവർ എഴുന്നേറ്റു…

കിഷോർ റെഡി ആയി താഴെ  വന്നു. മുറ്റത്തു നിന്നു പല്ലു തേക്കുകയായിരുന്ന  ജനനിയെ കുറച്ചു നേരം കൊഞ്ചിച്ച് അവൻ   ഡൈനിങ് ഏരിയയിൽ വന്നിരുന്നു.. തന്റെ മുഖത്ത് ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല എന്ന് അർച്ചന ശ്രദ്ധിച്ചു.. സാരമില്ല… താൻ ഇത് അർഹിക്കുന്നു… അവന്റെ മുന്നിലെ പ്ളേറ്റിലേക്ക് ദോശ വച്ചു കൊണ്ട് അവൾ കൗസല്യയെ നോക്കി..

“കിച്ചൂ.. ” അവർ  വിളിച്ചു.

“ഇവൾക്ക് വീടുവരെ ഒന്ന് പോകണമെന്ന്… രണ്ടു ദിവസം അവിടെ നിൽക്കാൻ ഒരാഗ്രഹം.”

അവൻ ഒന്ന് മൂളി..

“ജാനിക്കും പോകണമെന്നാ…”

“അത് ശരിയാവില്ല.. അവളില്ലാതെ ഈ വീട് ഉറങ്ങിയത് പോലെ ആകും..”

“സാരമില്ലെടാ.. രണ്ടു ദിവസത്തെ കാര്യമല്ലേ…? കുഞ്ഞിനും ആശയുണ്ടാവില്ലേ അപ്പൂപ്പനെ കാണാൻ..?”

“എന്തെങ്കിലും ചെയ്യ്.. എല്ലാം തീരുമാനിച്ച ശേഷമല്ലേ  എന്നോട് പറയുന്നേ? ഇനി ഞാൻ വിട്ടില്ല എന്ന് വേണ്ട..”

അവൻ  എഴുന്നേറ്റു..

“നീയൊന്നും കഴിച്ചില്ലല്ലോ?”. ബാലൻ  ചോദിച്ചു.

“സമയമില്ല… കടയിൽ  ഇന്ന് രണ്ടു സ്റ്റാഫ് ലീവാണെന്ന് പറഞ്ഞിരുന്നു..”. അവൻ  എഴുന്നേറ്റു പുറത്തിറങ്ങി… പിന്നാലെ അർച്ചനയും… അവളെ ഗൗനിക്കാതെ  കിഷോർ  ജനനിയുടെ അടുത്തെത്തി കുഞ്ഞു കവിളിൽ ഉമ്മ

വച്ചു…

“രണ്ടു ദിവസം കഴിഞ്ഞയുടൻ  ഇങ്ങോട്ട് വരണേ .. അച്ഛന്  മോളെ കാണാതെ പറ്റില്ല..”

അവന്റെ സ്വരം വല്ലാതെ പതിഞ്ഞിരുന്നു.. ജനനി  തിരിച്ചും ഉമ്മ

കൊടുത്തു… കിഷോർ പേഴ്‌സ് തുറന്ന് കുറച്ച് നോട്ടുകൾ എടുത്ത് അവളുടെ കയ്യിൽ വച്ചു…

“ഇതെന്തിനാ അച്ഛാ?”

“അപ്പൂപ്പന് കൊടുത്തേക്ക്…”

അവൻ ബൈക്കിൽ കയറി…എന്നിട്ട് കുഞ്ഞിനെ നോക്കി..

“സൂക്ഷിച്ചു പോണേ.. അവിടെ എത്തിയ ഉടൻ അപ്പൂപ്പന്റെ ഫോണിൽ നിന്ന് എന്നെ വിളിക്കണം… സമയത്തു ആഹാരം കഴിക്കണം.. കുറുമ്പ് കാട്ടരുത്…”

“അച്ഛനും വന്നൂടെ?”  ജനനി  ചോദിച്ചു..

“അച്ഛന്റെ ആവശ്യം ആർക്കും ഇല്ല…അച്ഛൻ കാണിക്കുന്ന സ്നേഹത്തിനൊന്നും ഒരു വിലയുമില്ല..”

വേദന കലർന്ന സ്വരത്തിൽ അവൻ പറഞ്ഞ വാക്കുകൾ അർച്ചനയുടെ  നെഞ്ചിൽ കൂരമ്പുകൾ പോലെ തറച്ചു..ജനനി ഒന്നും മനസിലാക്കാതെ മിഴിച്ചു നിൽക്കുകയാണ്..കിഷോർ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..

“പറഞ്ഞത് ഓർമ്മയുണ്ടല്ലോ? രണ്ടു ദിവസം കഴിഞ്ഞു വന്നേക്കണം ..”

അവൾ  തലയാട്ടി…അവൻ ബൈക്ക് മുന്നോട്ടെടുക്കാൻ തുനിഞ്ഞപ്പോൾ ജനനി വിളിച്ചു..

“അച്ഛാ..”

അവൻ ബൈക്ക് നിർത്തി അവളെ നോക്കി.

“സ്പീഡിൽ പോകരുതേ…” .. ആ  വാക്കുകൾ എന്നും അർച്ചന അവനോട് പറയുന്നതാണ്…. മനസിലൊരു പിടച്ചിൽ അർച്ചനയ്ക്കും കിഷോറിനും അനുഭവപ്പെട്ടു… ഒന്ന് അവളെ നോക്കിയ ശേഷം അവന്റെ ബൈക്ക് ഗേറ്റ് കടന്ന് പുറത്തേക്ക് നീങ്ങി….

പത്തര മണിയോടെ  അവൾ പോകാനൊരുങ്ങി.. തന്റെയും  ജനനിയുടെയും  ഡ്രെസ്സുകൾ  അടങ്ങിയ  ബാഗുമെടുത്ത് അവൾ കൗസല്യയുടെ അടുത്തെത്തി…

“ഞാൻ പോട്ടെ…?”

“പോയിട്ട് വരാമെന്നു പറ  മോളെ…”  അവർ  അവളെ  ചേർത്തു പിടിച്ചു  മൂർദ്ധാവിൽ ഉമ്മ

വച്ചു…

“ഇന്ന് ചൊവ്വ,.. വെള്ളിയാഴ്ച ബാലേട്ടനോ, കിച്ചുവോ കൂട്ടാൻ വരും…”

അവരുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു..

“പെൺകുഞ്ഞ് ഇല്ലല്ലോ എന്ന സങ്കടം വർഷങ്ങളായി കൊണ്ടു നടന്നവരാ  ഞങ്ങൾ രണ്ടും… ദൈവമായിട്ടാ  നിന്നെ തന്നത് ….. രണ്ടു ദിവസം ഇവിടെ ഇല്ല എന്നോർക്കുമ്പോ തന്നെ  സഹിക്കാൻ പറ്റുന്നില്ല.. എന്നാലും, പോകണം… അച്ഛനെ കണ്ടിട്ട് വാ . “

അവർ   അർച്ചനയുടെ കൈയിലേക്ക് അഞ്ഞൂറിന്റെ ഏതാനും  നോട്ടുകൾ വച്ചു..

“ഇതൊന്നും വേണ്ടമ്മേ… എന്റെ കൈയിൽ ഉണ്ട്..”

“സാരമില്ല… ഞാൻ തരുന്നതല്ലേ… “

അവൾ  അവരെ കെട്ടിപ്പിടിച്ചു..

“ഇവള് ദുബായിക്കൊന്നും പോകുന്നതല്ല.. ഇങ്ങനെ കരഞ്ഞു നിലവിളിക്കാൻ..”

അങ്ങോട്ട് വന്ന  ബാലൻ കളിയാക്കി.. ജനനി  ഡ്രസ്സ്‌ ഒക്കെ മാറി  റെഡി ആയിക്കഴിഞ്ഞു… കൗസല്യ അവളെ  എടുത്ത് ഉമ്മ

വച്ചു..

“സുന്ദരിക്കുട്ടി ഇല്ലാതെ  മുത്തശ്ശിക്ക് ഉറങ്ങാൻ പറ്റുമോ എന്നറിയില്ല… പോയിട്ട് വേഗം വാ… അവിടെത്തിയാൽ ഉടനെ വിളിക്കണം..”

ബാലന്റെ  സ്കൂട്ടറിനു പുറകിൽ ഇരുന്ന് അർച്ചന ഒന്ന് തിരിഞ്ഞു നോക്കി… കൗസല്യ  നിറമിഴികളോടെ മുറ്റത്തു നിൽക്കുകയാണ്… താൻ വലതു കാൽ വച്ചു കയറിയ  വീട്… ഇനി ഇങ്ങോട്ട് വരുമോ എന്ന പ്രതീക്ഷയൊന്നും ഇല്ല… ആരോടും പറയാൻ പറ്റാതെ  വിങ്ങുന്ന ചിലത് മനസിലുണ്ട്… തന്റെ ഭർത്താവിനോട് പറയണമെന്നുണ്ടായിരുന്നു.. പക്ഷേ ധൈര്യം കിട്ടുന്നില്ല… അതിനാലാണ്  ശ്രീകലയുടെ  പേര് പറഞ്ഞു വഴക്കുണ്ടാക്കിയത്.. കുറച്ചു ദിവസം കഴിഞ്ഞ് ശ്വേതചേച്ചി വന്നാൽ  ഒരു പോംവഴി കാണുമെന്നു പ്രതീക്ഷിച്ചു… അതു വരെ പിണങ്ങിയാലും  ചിലപ്പോൾ എല്ലാം കിഷോറേട്ടൻ ഉൾകൊള്ളുമെന്നു കരുതി… പക്ഷേ, ആ  കണ്ണുകൾ  നിറഞ്ഞപ്പോൾ, ശബ്ദമിടറിയത് കണ്ടപ്പോൾ സഹിച്ചില്ല.. ആ  മുറിയിൽ താമസിക്കാൻ  താൻ  യോഗ്യത ഇല്ലാത്തവളാണെന്ന് ആരോ മന്ത്രിക്കുന്നത് പോലെ…. ഈ  തെറ്റിന് ദൈവം മാപ്പ് തരട്ടെ… പിന്നെ എന്നെങ്കിലും കിഷോറേട്ടനും…

കണ്ണുകൾ  തുടച്ചു  കൊണ്ട് അവൾ ബാലന്റെ  ചുമലിൽ അമർത്തി പിടിച്ചു…സ്കൂട്ടർ ടൗൺ ലക്ഷ്യമാക്കി ഓടി തുടങ്ങി….

(തുടരും )..

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!