അത് വരെ മൗനം പാലിച്ച സ്നേഹ അവസാന വാക്ക് പറഞ്ഞപ്പോൾ അമ്മമ്മയെ കൈ ഉയർത്തി തടഞ്ഞു,
” ഇനി അത് മാത്രം പറയരുത് എന്നോട്. അവരെന്റെ അമ്മയല്ല.. ഒരിക്കലും അവർക്കത്തിന് കഴിയില്ല.. പൂതനയാണവർ. എന്റെയും അമ്മയുടെയും ജീവിതത്തിൽ നാശം വിതയ്ക്കാൻ വന്ന പൂതന “
അവളിലെ അടങ്ങാത്ത രോഷം വാക്കുകളിൽ പ്രതിധ്വനിക്കുമ്പോൾ പെട്ടന്ന് ഒരു മറുപടി പറയാൻ കഴിയാതെ നിൽക്കുകയായിരുന്നു സരോജിനി.
” അമ്മമ്മ എന്നെ കഴിപ്പിക്കാൻ വേണ്ടി ങ്ങനെ കാത്തുകെട്ടി നിൽക്കണ്ട. എനിക്ക് ഒന്നും വേണ്ട. അമ്മമ്മ പൊക്കോ “
അതും പറഞ്ഞവൾ മറുപടിയ്ക്ക് കാത്തുനിൽക്കാതെ അവർക്ക് മുന്നിൽ വാതിൽ വലിച്ചടച്ചു.
മോളെയും കൂട്ടി വരുന്ന അമ്മയെയും പ്രതീക്ഷിച്ചു നോക്കിയിരുന്ന രമ അമ്മ ഒറ്റയ്ക്ക് വരുന്നത് കണ്ടപ്പോൾ വിഷമത്തോടെ മുഖത്തേക്ക് കൈ ചേർത്തുവെച്ച ഇരുന്നു.
” മോളെ, അവൾക്ക് തലവേദന ആണെന്ന്. അവൾ പിന്നെ കഴിച്ചോളും. ഇപ്പോൾ നീ കഴിക്ക്. “
തല താഴ്ത്തി ഇരിക്കുന്ന രമയുടെ കയ്യിലൊന്ന് മുറുക്കെ പിടിച്ചുകൊണ്ട് സരോജിനി പറയുമ്പോൾ രമ ഒന്ന് പുഞ്ചിരിയ്ക്കാൻ ശ്രമിച്ചു.
” അവൾക്കിപ്പോ തലവേദന ഞാൻ അല്ലെ അമ്മേ. ഇന്നലെ വരെ ആരൊക്കെയോ ആയിരുന്ന ഞാൻ ഇപ്പോൾ അവൾക്ക് പൂതനയല്ലേ. അവളുടെ ജീവിതത്തിലേക്ക് ഇടിച്ചുകേറി വന്നവൾ. അവൾ പറഞ്ഞത് അമ്മയും കേട്ടതല്ലേ. പക്ഷേ…. ഞാൻ…… “
വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ രമ പൊട്ടിക്കരയുമ്പോൾ സരോജിനി വിഷമത്തോടെ അവളുടെ മുടിയിലൂടെ തലോടി. രമയെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്ന് അവർക്കും അറിയുന്നില്ലായിയുന്നു.
മാറാരോഗിയായ തനിക്ക് മുന്നിൽ ഒരു പിഞ്ചുകുഞ്ഞിനെ പെറ്റിട്ട് സുകന്യ കണ്ണടയ്ക്കുമ്പോൾ മുന്നിൽ ഒരു കൈ താങ്ങിനായി രമയുടെ മുഖമേ ഉണ്ടായിരുന്നുള്ളൂ. അന്ന് സുകന്യയുടെ ആഗ്രഹംപ്പോലെയാണ് രമ ഈ വീട്ടിലേക്ക് വന്നതും. അന്ന് മുതൽ സ്വന്തം മകളെപ്പോലെ മാത്രം കണ്ട സ്നേഹയുടെ വാക്കുകൾ രമയെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാകും എന്ന് സരോജിനിയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ഒരു വാക്ക് കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയാത്തവണ്ണം ആ മനസ്സ് മുറിപ്പെട്ടിട്ടുണ്ട്. അത്രയേറെ വേദനിച്ചിട്ടുണ്ട്.
സരോജിനി അവളുടെ മുഖം പതിയെ പിടിച്ചുയർത്തി.
” മോളെ….. അവള് കുട്ടിയല്ലേ. കുട്ടികൾ എന്തേലും തെറ്റ് ചെയ്താൽ അവരെ ശിക്ഷിക്കാനും അതുപോലെ ചിലത് ക്ഷമിക്കാനും അമ്മമാർക്കല്ലേ കഴിയൂ. മകളൊരു തെറ്റ് ചെയ്തപ്പോൾ ഏതൊരമ്മയും ചെയ്യുന്നപ്പോലെ നീയും ചെയ്തുള്ളൂ. അത് നീ അവൾക്ക് അമ്മ ആയത് കൊണ്ടാണ്. പിന്നെ സ്നേഹമോള്ടെ പ്രതികരണം. ആരൊക്കെയോ പറഞ്ഞുകൊടുത്ത കൊള്ളരുതായ്മകൾ കേട്ട് പറയുന്നതാണ്. അവള് കുട്ടിയല്ലേ. കുടുംബക്കാർ തന്നെ ഓരോന്ന് പറഞ്ഞ്കൊടുക്കുമ്പോൾ വിശ്വസിച്ചുകാണും. അതിനു പറ്റിയ കുറെ എണ്ണം ഉണ്ടല്ലോ കുടുംബത്തിൽ. മോൾടെ പക്വതക്കുറവായി മാത്രം കണ്ടാ മതി നീ അത്. അമ്മയോളം സഹിക്കാനും ക്ഷമിക്കാനും അമ്മയ്ക്ക് മാത്രേ കഴിയൂ.. അതോണ്ട് ഇതൊക്കെ മനസ്സീന്ന് കളഞ്ഞു നീ വല്ലതും കഴിക്കാൻ നോക്ക്. സ്നേഹമോള് കുറച്ചു കഴിഞ്ഞ് കഴിച്ചോളും. കുട്യോൾടെ വാശിയല്ലേ, ഇച്ചിരി നേരം ണ്ടാകും. “
അമ്മയുടെ ആശ്വാസവാക്കുകൾ കേട്ട് രമ വെറുതെ ആ മുഖത്തേക്കൊന്ന് നോക്കി. സ്നേഹത്തോടെ മാത്രം നോക്കുന്ന ആ കണ്ണുകളിലേക്ക് അവൾ വിഷമത്തോടെ ഒന്ന് നോക്കി.
” സാരമില്ല അമ്മേ, എനിക്ക് മനസ്സിലാകും, ഒന്നല്ലെങ്കിൽ അവള്ടെ അമ്മയല്ലേ ഞാൻ, അവൾടെ മനസ്സിൽ വേലക്കാരിയാണെങ്കിലും. “
അതും പറഞ്ഞ് രമ എഴുന്നേൽക്കുമ്പോൾ കൂടെ സരോജിനിയും എഴുനേറ്റ് ” മോളെ കഴിക്കുന്നില്ലേ ” എന്ന് വിഷമത്തോടെ ചോദിക്കുമ്പോൾ അവൾ സ്നേഹത്തോടെ ഒന്ന് പുഞ്ചിരിച്ചു.
” വേണ്ടമ്മേ, എനിക്കും വിശപ്പില്ല. അവളിങ്ങനെ കഴിക്കാതെ കിടക്കുമ്പോൾ ഞാൻ എങ്ങനാ…. അമ്മ പറയാറില്ലേ, മക്കടെ വയറു വിശന്നാൽ അമ്മയുടെ നെഞ്ച് പിടയ്ക്കുമെന്ന്. ആ പിടപ്പ് ഇവടേം ണ്ടമ്മേ.. ഞാൻ അവള്ടെ അമ്മയല്ലേ “
രമ പുഞ്ചിരിക്കിടയിൽ ഒഴുകിയിറങ്ങിയ കണ്ണുനീർ വേഗം കയ്യാൽ തൂത്തു കൊണ്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ സരോജിനി ഹൃദയം നുറുങ്ങുന്ന വേദനയോടെ കസേരയിലേക്ക് ഇരുന്നു.
ഒരാളുടെ സ്നേഹവും മറ്റൊരാളുടെ വാശിയും അവിടം മരണവീടിന് തുല്യമാക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നനഞ്ഞ കണ്ണുകൾ തുടയ്ച്ചുക്കൊണ്ട് ആ അമ്മ ഭിത്തിയിലേക്ക് ഫോട്ടോയിലേക്ക് നോക്കി ഏറെ നേരം ഇരുന്നു.
സുകന്യയുടെ പുഞ്ചിരിയ്ക്ക് മാത്രം അപ്പൊ കുറച്ചു തിളക്കമുണ്ടായിരുന്നു.
—————————————————————
ആദ്യത്തെ വാശിയൊക്കെ വയറു വിശന്നപ്പോൾ സ്നേഹയിൽ മാറിയിരുന്നു. പിറ്റേ ദിവസം മുതൽ ഭക്ഷണത്തോടുള്ള വാശി അവൾ അവസാനിപ്പിച്ചെങ്കിലും രമയുടെ മുഖത്തേക്ക് ഒരിക്കൽപ്പോലും നോക്കിയില്ല അവൾ. അവളിൽ നിന്ന് മാറിനടക്കാൻ രമയും ശ്രമിക്കുന്നുണ്ടായിരുന്നു.
പരസ്പ്പരം മിണ്ടാതെയും പറയാതെയുമുള്ള രണ്ട് ദിവസങ്ങൾക്കപ്പുറം മൂന്നാംദിവസമാണ് സ്നേഹ സ്കൂളിലേക്ക് പോവാൻ തുടങ്ങിയത്. രാവിലത്തെ അവളുടെ ഒരുക്കങ്ങൾ കണ്ടപ്പോഴേ
സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഭക്ഷണമൊക്കെ രമ റെഡിയാക്കിയെങ്കിലും അതൊന്നും ശ്രദ്ധിക്കുകപ്പോലും ചെയ്യാതെ സ്നേഹ അമ്മമ്മയോട് മാത്രം യാത്ര പറഞ്ഞ് ബാഗുമെടുത്തു പുറത്തേക്ക് ഇറങ്ങി.
അവൾ പോകുന്നത് ജനലഴികളിലൂടെ നോക്കി നിന്ന രമ കണ്ണുകൾ തുടയ്ച്ചുക്കൊണ്ട് ഫോൺ എടുത്ത് സ്നേഹയുടെ ടീച്ചറുടെ നമ്പർ ഡയൽ ചെയ്തു.
വിഷമത്തോടെ ഉണ്ടായ കാര്യങ്ങൾ ടീച്ചറോട് പറയുന്നതിനോടൊപ്പം അവിടെ വരുമ്പോൾ അവളെ ശ്രദ്ധിക്കാൻ കൂടി പറഞ്ഞിട്ടാണ് രമ ഫോൺ കട്ട് ചെയ്തത്.
ഫോൺ മേശപ്പുറത്തു വെക്കുമ്പോഴും അവളിലെ ആധി ഒഴിഞ്ഞിരുന്നില്ല. സ്കൂളിൽ എത്തിയാൽ ടീച്ചർക്ക് അവളെ ശ്രദ്ധിക്കാൻ കഴിയുമായിരിക്കും, പക്ഷേ സ്കൂളിൽ അവൾ എത്തിയില്ലെങ്കിൽ…..
ഈ കഴിഞ്ഞ നാല് ദിവസം അങ്ങനെ ആയിരുന്നു എന്ന് കൂടി ഓർത്തപ്പോൾ രമയുടെ ചങ്കിടിപ്പ് വർദ്ധിച്ചു.
അവള് മനസ്സമാധാനം നഷ്ട്ടപെട്ടവളേപ്പോലെ കുറെ നേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ എന്തോ തീരുമാനിച്ചപ്പോൾ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു.
——————————————————
സ്കൂളിലേക്ക് എന്നും പറഞ്ഞിറങ്ങിയ സ്നേഹ പാതി വഴിയിൽ ബസ്സ് ഇറങ്ങുമ്പോൾ അവളെ കാത്ത് ഒരു ബൈക്ക് നിൽപ്പുണ്ടായിരുന്നു.
ബസ്സ് ഇറങ്ങി ആരെയും കൂസാതെ ആ ബൈക്കിനരികിലെത്തുമ്പോൾ അതിലിരുന്നിരുന്നവൻ അവൾക്ക് നേരേ മറ്റൊരു ഹെൽമറ്റ് നീട്ടി.
” അഭി, പോകാം “
അവനോടായി പറഞ്ഞുകൊണ്ട് സ്നേഹ വേഗം ഹെൽമറ്റ് തലയിൽ വെച്ച് ബൈക്കിലേക്ക് കയറി അഭിയോട് ചേർന്നിരിക്കുമ്പോൾ അവൻ പതിയെ ബൈക്ക് മുന്നോട്ട് എടുത്തു ഒഴിഞ്ഞിടങ്ങളിൽ പ്രണയത്തിന്റെ പൂന്തോപ്പിൽ ഫണം വിടർത്തിയാടുന്ന നാഗമാവാൻ.
കുറച്ചു കിലോമീറ്ററുകൾ മുന്നോട്ട് പോയപ്പോൾ രണ്ട് പേരും ഹെൽമറ്റ് തലയിൽ നിന്ന് ഊരിമാറ്റിയിരുന്നു.
” അല്ല അഭി, ഇതെങ്ങോട്ടാ. ആരേലും കണ്ടാൽ പിന്നെ അത് മതി, അല്ലെങ്കി തന്നെ വീട്ടിൽ ആകെ പ്രശ്നമായി ഈ കാര്യം അറിഞ്ഞിട്ട്. അവരോടുള്ള ദേഷ്യത്തിനാണ് ഇന്നും ഞാൻ വരാമെന്നു സമ്മതിച്ചത്പ്പോലും, പക്ഷേ ഇന്നെനിക്ക് തരാമെന്ന് പറഞ്ഞ സാധനം തരണം. അല്ലെങ്കി പിന്നെ ഞാൻ ഇനി വരില്ല കൂടെ. “
അവളുടെ പിണക്കം കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്.
” എന്റെ പെണ്ണെ, ഇത്ര നിസ്സാരമായ കാര്യത്തിന് ഇങ്ങനെ മുഖം വീർപ്പിക്കല്ലേ. നിന്നോട് പറഞ്ഞ വാക്ക് ഇന്ന് ഞാൻ പാലിച്ചിരിക്കും. അതിന് പറ്റിയ ഒരു സ്ഥലത്തേക്ക് ആണ് നമ്മൾ പോകുന്നത് “
അതും പറഞ്ഞവൻ സൈഡ് ഗ്ളാസ്സിലൂടെ സ്നേഹയെ ഒന്ന് ഇടംകണ്ണിട്ട് നോക്കുമ്പോൾ അവൾ അവനെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു.
പെട്ടന്ന് ഉൾബോധമുണ്ടായപ്പോലെ അവൾ അവനിൽ നിന്ന് അടർന്നുമാറി.
” പക്ഷേ അഭി, ഇത്ര ദൂരമൊക്കെ പോകുമ്പോൾ ഈ യൂണിഫോം ആളുകൾ ശ്രദ്ധിക്കില്ലേ. ആരേലും ഈ വേഷത്തിൽ കണ്ടാൽ.. ബാഗിൽ വേറെ ഡ്രെസ് ഉണ്ട്, പക്ഷേ അതെങ്ങനെ ഞാൻ….. “
അവളുടെ ചോദ്യം കേട്ടപ്പോൾ ഉള്ളാൾ ഒന്ന് ഊറിചിരിച്ചു. ചില അവസരങ്ങൾ വന്നുചേരുന്നതോർത്തുകൊണ്ട് അവൻ പറയുന്നുണ്ടായിരുന്നു ” അതിനൊക്കെ വഴിയുണ്ട് പെണ്ണെ ” എന്ന്.
ഏറെ നേരത്തെ യാത്ര അവസാനിച്ചത് കായലോരത്തെ ഒരൊഴിഞ്ഞ വീടിന്റെ മുന്നിൽ ആയിരുന്നു. അടുത്തൊന്നും വേറെ ഒരു വീട് പോലും കാണാതായപ്പോൾ പെട്ടന്നൊരു ഭയം സ്നേഹയെ പിടികൂടി.
” ഇതെന്താ അഭി നമ്മളിവിടെ. ഇവിടെ വേറെ ആരും ഇല്ലേ “
അവൾ ഉൾഭയത്തോടെ അവന് നോക്കുമ്പോൾ അവൻ ചിരിയോടെ കാളിങ്ബെൽ അമർത്തി.
കുറച്ചു നേരം കൂടി കാത്തുനിന്നപ്പോൾ ആ വീടിന്റെ വാതിൽ പതിയെ തുറന്ന് രണ്ട് പേർ പുറത്തേക്ക് ഇറങ്ങി. അവരെ കണ്ടപാടെ ഹസ്താനം ചെയ്തുകൊണ്ട് സ്നേഹയോടായി പറയുന്നുണ്ടായിരുന്നു
” ഇത് ഹർഷൻ ബ്രോ, ഇത് ബ്രോയുടെ പാതി കരൾ അഹാന ഹർഷൻ “
അവൾ പുഞ്ചിരിയോടെ രണ്ട് പേർക്കും നേരേ കൈ നീട്ടുമ്പോൾ കുറച്ചപ്പുറത്ത് അവരെ മാത്രം ശ്രദ്ധിച്ചുകൊണ്ട് ഒരു ബൈക്ക് നിൽപ്പുണ്ടായിരുന്നു.
അതിൽ രണ്ട് പേരും…….. !
(തുടരും )
ദേവൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ദേവൻ Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission