Skip to content

പിടിക്കപ്പെട്ടു, ഇനി രക്ഷയില്ല!

ഒരു കള്ളന്റെ അരങ്ങേറ്റം മലയാളം നോവൽ

ഒരു കള്ളന്റെ അരങ്ങേറ്റം – ജയകൃഷ്ണൻ യു കെ

Suspense, Thriller, Drama · 56 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – ഒരു കള്ളന്റെ അരങ്ങേറ്റം – ഭാഗം 1

അവളുടെ റൂമിൽ അവളില്ല! കള്ളനെ തിരഞ്ഞ് നാട് മുഴുവൻ, ഇനി ആർക്കാണ് ആ തുണിപ്പൊതി കിട്ടുക?


” അവനീ മതിൽക്കെട്ട് കടന്നു പോയിട്ടുണ്ടാവില്ല.. കയ്യിൽ കിട്ടിയാൽ ചവിട്ടി ഓടിക്കണം അവന്റെ കാല്.. “

” കള്ളൻ തന്നെ.. ഉറപ്പാ.. “

” അതോ പെണ്ണിനെ ചാടിക്കാൻ വന്നതോ.. അങ്ങനെയൊരു ശ്രുതി കേട്ടിരുന്നു… “

കല്യാണവീട്ടിലെ ആളുകൾ തങ്ങളുടെ അഭിപ്രായങ്ങൾ രഹസ്യമായും പരസ്യമായും പറഞ്ഞു കൊണ്ടിരുന്നു.
ചുറ്റും ബഹളമാണ്. കള്ളനെ തിരഞ്ഞു കൊണ്ട് ടോർച്ചും തെളിച്ചുപായുന്ന എത്രയോ പേർ. ഒരു നിമിഷം ആരെങ്കിലും നീട്ടിയടിക്കുന്ന ടോർച്ച് വെളിച്ചത്തിന്റെ മുന്നിൽ പെട്ടാൽ അതായിരിക്കാം തന്റെ അവസാനം എന്ന് അനിരുദ്ധിനു തോന്നി. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. മാറോടണക്കിയ ഒരു വെള്ളനിറത്തിലുള്ള തുണിപ്പൊതി അനിരുദ്ധ്  ഇറുക്കിപിടിച്ചു. ഒരു സ്വർണാഭരണത്തിന്റെ ചെറിയ ഭാഗം അപ്പോൾ ആ തുണിക്ക് പുറത്തു കാണാമായിരുന്നു.

അതുവരെ പുറത്തെടുക്കാത്ത തന്റെ തോക്ക് ആദ്യമായി പുറത്തെടുത്തു ബാലകുമാർ എന്ന ബിസ്സിനസ്സുകാരൻ. അയാളുടെ മുന്നിൽ പെട്ടാൽ കള്ളന്റെ നെഞ്ചു തുളച്ച് വെടിയുണ്ട പാഞ്ഞു കയറുമെന്ന കാര്യം ഉറപ്പായിരുന്നു.

” നീ റൂമിൽ പോയി അവളവിടെയുണ്ടോ എന്ന് നോക്കെടീ.. “.

താൻ തോക്കെടുക്കുന്നതും നോക്കി അന്ധാളിച്ചു നിൽക്കുന്ന ഭാര്യ ഗീതയെ നോക്കിക്കൊണ്ട് അയാൾ ഉറക്കെ പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി അവർ തങ്ങളുടെ മകളുടെ റൂമിനു സമീപത്തേയ്ക്ക് ഓടി. റൂം തുറന്നു അകത്തു കയറിയ ഗീത ഞെട്ടലോടെ വസ്തുത തിരിച്ചറിഞ്ഞു. നിയ അവിടെ ഇല്ല.

” ബാലേട്ടാ.. അവള് റൂമിലില്ല…. “

കിതച്ചു കൊണ്ട് തിരികെയെത്തിയ ഗീത ഭർത്താവിനോട്‌ പറഞ്ഞു. ദേഷ്യവും നിരാശയും ബാലകുമാർ എന്ന ബി. കെ യെ ക്രൂരഭാവത്തിലേക്ക് എത്തിച്ചു. അയാൾ തോക്കുമായി മുകളിലെ നിലയിൽ നിന്ന് താഴെക്കിറങ്ങി. തോക്ക് ലോഡ് ചെയ്ത്, ട്രിഗറിൽ വിരൽ വച്ച് ആരെ കണ്ടാലും തിരയുതിർക്കും എന്ന മട്ടിൽ.

രാത്രി ഏറെ വൈകിയിരിക്കുന്നു. കുറച്ചു സമയം മാത്രമേ തനിക്കിനി ബാക്കിയുള്ളൂ. ഇത് തന്നെയായിരിക്കും തന്റെ അവസാനം. എത്ര നേരം ആരുടെയും കണ്ണിൽ പെടാതെ ഈ ചെടിയുടെ മറവിൽ ഒളിച്ചിരിക്കാൻ കഴിയും.അനിരുദ്ധ് മിടിപ്പിന്റെ വേഗത ഇരട്ടിയോളമെത്തിയ ഹൃദയത്തിന്റെ താളമൊപ്പിച്ചു ചിന്തിച്ചു കൊണ്ടിരുന്നു.

‘ കള്ളൻ ‘ എന്നും ‘ കള്ളൻ ‘ തന്നെയാണ്. ഒരു പേന കട്ടാലും ബാങ്ക് കൊള്ളയടിച്ചാലും അതല്ല, മോഷ്ടിക്കുന്നത് ഒരു നേരത്തെയെങ്കിലും വിശപ്പടക്കാനുള്ള ആഹാരമാണെങ്കിൽ കൂടി പേരും പദവിയും അലങ്കാരവും കള്ളൻ എന്നു തന്നെ. ഒരിക്കലും മായാത്ത ഒരു പേര്. ആ പേര് ഇന്നിതാ തനിക്ക് അർത്ഥവത്തായിരിക്കുന്നു. ” അനിരുദ്ധ് എന്ന കള്ളൻ.. “.  തന്റെ അരങ്ങേറ്റം പരാജയപ്പെട്ടിരിക്കുന്നു. പിടിക്കപ്പെട്ടു. ഇനി രക്ഷയില്ല. ചിന്തകൾ കൊടുമ്പിരി കൊള്ളവെ പൊടുന്നനെ അനിരുദ്ധിന്റെ മുഖത്തേയ്ക്ക് ഒരു ടോർച്ചിന്റെ പ്രകാശം വന്നു പതിച്ചു. ഭയപ്പാടോടെ, തന്റെ കയ്യിലുള്ള പൊതിയെ ഒന്നുകൂടി ഇറുക്കിപ്പിടിച്ച് കൊണ്ട് അവൻ കണ്ണുകൾ തുറന്നു. മുന്നിൽ മൊബൈൽഫോണിലെ ടോർച്ചും പിടിച്ചു കൊണ്ട് അവ്യെക്തമായ ഒരു സ്ത്രീരൂപം നിൽക്കുന്നത് പോലെ തോന്നി അനിരുദ്ധിന്.അയാളുടെ കയ്യും കാലും ശരീരവും ഒരുമിച്ചു വിയർത്തും വിറച്ചും കൊണ്ടിരുന്നു.

  
                   ***************

കള്ളന്റെ അരങ്ങേറ്റത്തിനും കുറച്ചു ദിവസങ്ങൾക്കു മുൻപ്…

രുദ്രപ്രിയയുടെ ഇന്നത്തെ ദിവസത്തിന് ചില പ്രത്യേകതകളുണ്ട്. ഒന്ന്, ഇന്ന് അവളുടെ ഇരുപത്തിയൊന്നാം പിറന്നാളാണ്.  മറ്റൊന്ന് ആദ്യമായി അവളെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്ന ദിവസം കൂടിയാണ് അത്.

” അച്ഛാ.. ഏട്ടാ.. എനിക്കിപ്പോ കല്യാണം വേണ്ട എന്നു പറയാൻ ഞാൻ അർഹയയല്ല… “

കുളി കഴിഞ്ഞ്, പുതിയ ചുരിദാർ ധരിച്ച്, പൊട്ടുകുത്തി പൌഡറിട്ട് രുദ്ര അച്ഛനോടും ഏട്ടനോടും സംസാരിക്കുകയാണ്.

” ശരിയാണ്… നീ ഇനി ഒന്നും പറയാൻ അർഹയല്ല… പ്ലസ് ടു തോറ്റു.. രണ്ടു കൊല്ലം പി എസ് സി ക്ക് പഠിച്ചു.. എവിടെ… കുറച്ചു നാൾ തയ്യൽ പഠിച്ചു.. സൂചിയിൽ നൂല് കോർക്കാൻ പോലും… “

വാക്കുകൾ മുഴുമിപ്പിക്കാതെ അനിരുദ്ധ് അനിയത്തിയെ നോക്കി പരിതപിച്ചു കൊണ്ട് മറുപടി പറഞ്ഞു. അവരുടെ അച്ഛൻ അനന്തനും മകനെ ശരിവയ്ക്കുകയാണ്.

” ഓക്കേ.. സമ്മതിച്ചു.. അതാണ് ഞാൻ പറഞ്ഞു വരുന്നത്… “

രുദ്ര തന്റെ വാക്കുകൾ തുടർന്നു.

” എന്താണെന്നു വച്ചാൽ.. എന്തായാലും എന്നെ കെട്ടിച്ചു വിടാൻ നിങ്ങളും കെട്ടാൻ ഞാനും തീരുമാനിച്ചു… ശരി.. നല്ല കാര്യം…  “

” ഇങ്ങനെ വലിച്ചു നീട്ടാതെ ഒറ്റയടിക്ക് പറയടീ … “

അടുക്കളയിൽ നിന്നും ഹാളിലെ ചർച്ച ശ്രദ്ധയിൽ പെട്ട രാധിക അങ്ങോട്ട് കടന്നു വന്നു കൊണ്ട് പറഞ്ഞു.

” ആ അമ്മേടെ കുറവുണ്ടായിരുന്നു.. വാ വാ.. ഇരിക്ക്… “

രുദ്ര അമ്മയെ ഹാളിലേക്ക് ആനയിച്ചിരുത്തി തന്റെ സംസാരം തുടർന്നു.

” ഒറ്റയടിക്ക് ആദ്യത്തെ ചെക്കനെ കൊണ്ട് തന്നെ എന്നെ കെട്ടിക്കരുത്.. ഒരു മൂന്നാല്, അല്ല.. ഒരു അഞ്ചാറ് പേരെങ്കിലും വേണം എനിക്ക് തിരഞ്ഞെടുക്കാൻ.. “

മൂവരും അതിശയത്തോടെ അവളെ നോക്കി.

” ഇത് സ്വയംവരമല്ല… “

അനിരുദ്ധ് പരിഹാസത്തോടെ പറഞ്ഞു.

” അതിന് ഇന്ന് വരുന്നവനെ കണ്ടാൽ തന്നെ ഇവള് സെറ്റ് ആയിക്കോളും.. അത്രയ്ക്ക് ഗ്ലാമറാ അവൻ… “

അനന്തൻ തന്റെ അഭിപ്രായം പറഞ്ഞു.

” ഉറപ്പാണോ..? “. രുദ്രയ്ക്ക് സംശയം.

” പിന്നല്ലേ.. ഒത്ത ഉയരവും പാകത്തിന് തടിയും… “

അനന്തൻ മകളെ കാണാൻ വരുന്നവനെ പറ്റി വർണിച്ചു തുടങ്ങി.

” താടി ഉണ്ടോ.. “. വീണ്ടും രുദ്രയുടെ ചോദ്യം.

” താടീം പൂടേം ഒക്കെ ഉണ്ടെടീ…”. അച്ഛൻ അല്പം ദേഷ്യം കാണിക്കുന്ന പോലെ തോന്നി രുദ്രയ്ക്ക്.

” ഏട്ടൻ കണ്ടിട്ടില്ലേ?..”

അടുത്ത ചോദ്യം ചോദിച്ചു കൊണ്ട് രുദ്ര അനിരുദ്ധിനെ നോക്കി.

” ഇല്ലടീ.. അന്ന് അച്ഛൻ മാത്രല്ലേ കണ്ടുള്ളൂ..  “. അനിരുദ്ധ് പറഞ്ഞു. അതിന് ബാക്കിയെന്നോണം അനന്തൻ തുടർന്നു,

” അന്നവൻ കാനഡയിൽ നിന്ന് വന്ന സമയം.. നമ്മടെ ബ്രോക്കർ പ്രദീപിനോട് ഞാൻ പറഞ്ഞു നിന്റെ കാര്യം.. പഠിക്കാൻ ഒരു കഴിവും ഇല്ലാത്ത ഒരുത്തി വെറുതെ ചെലവ് കൂട്ടുന്നുണ്ട്.. അവളെ ആരുടെയെങ്കിലും തലയ്ക്കു വെയ്ക്കണം എന്ന്… “

അച്ഛന്റെ കളിയാക്കൽ രുദ്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവൾ പുച്ഛത്തോടെ അച്ഛനെ നോക്കി. ഒരു ഇളിഭ്യച്ചിരി ചിരിച്ചു കൊണ്ട് അനന്തൻ തുടർന്നു.

” കേട്ട പാതി കേൾക്കാത്ത പാതി അയാൾ ആ ചെക്കന്റെ ഫോട്ടോ കാണിച്ചു തന്നു.. എന്നാപ്പിന്നെ ഇതൊന്നു നോക്കാൻ ഞാൻ അവനോട് പറഞ്ഞു.. ആരോട്..? “

ആ ചോദ്യത്തിന് ഉത്തരം കിട്ടാൻ വേണ്ടി അനന്തൻ മൂന്നു പേരെയും നോക്കി.

” ബ്രോക്കർ പ്രദീപിനോട്.. “

രാധികയാണ് മറുപടി പറഞ്ഞത്.

” ഗുഡ്. ” എന്നു പറഞ്ഞു കൊണ്ട് കുറച്ചു കൂടി ബാക്കിയുള്ള പഴയ കഥയുടെ ഭാഗം അനന്തൻ പറഞ്ഞു.

” ഞാനീ ആലോചന നോക്കാൻ പറഞ്ഞ സമയത്ത് അവൻ തിരിച്ചു കാനഡയിലേക്ക് തന്നെ പോയി… അവരുടെ വീട്ടിൽ പറഞ്ഞപ്പോ എന്നാ പിന്നെ ജാതകം തമ്മിൽ ഒന്ന് ചേരുമോ നോക്കാൻ ചെക്കന്റെ അച്ഛൻ.. ഇവളുടെ തലക്കുറീം കൊടുത്തു…  നോക്കിയപ്പൊ പത്തിൽ ഒൻപത് പൊരുത്തം.. “

” ആ ബാക്കി ഒരെണ്ണം എവിടെപ്പോയോ ആവോ ലെ.. “

അനിരുദ്ധ് ഇടയ്ക്ക് കയറിപ്പറഞ്ഞു.

” പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കിൽ പോയി അന്വേഷിക്ക്.. ഏട്ടാ”

രുദ്ര തന്റെ ഏട്ടനെ കളിയാക്കുന്ന പോലെ പറഞ്ഞു. അതിനു പ്രതികരണമെന്ന പോലെ രുദ്രയുടെ തലയിലേക്ക് ഒരു തട്ടു കൊടുത്തു ഏട്ടൻ.

” ആ.. അടി തുടങ്ങി രണ്ടും കൂടി… “

രാധിക താടിക്ക് കയ്യും കൊടുത്തിരുന്നു.

” അച്ഛൻ ബാക്കി പറ അച്ഛാ.. കേക്കട്ടെ.. അത് കഴിഞ്ഞിട്ട് തല്ലുകൂടാം “

അനന്തൻ തുടർന്നു.

” അടുത്ത തവണ അവൻ വരുമ്പോൾ പെണ്ണുകാണൽ ചടങ്ങ് നടത്താം എന്ന് അവർ പറഞ്ഞു.. നിന്റെ ഫോട്ടോ കണ്ടപ്പോ അവന്റെ വീട്ടുകാർക്ക് നല്ല പോലെ ഇഷ്ടമായി… “

” അത് അങ്ങനെയല്ലേ വരൂ… “

രുദ്ര സ്വയം അഭിമാനം പൂണ്ടു.

” ചെക്കന്റെ അച്ഛനും അമ്മയ്ക്കും കണ്ണു കാണില്ലേ… ” എന്നതായിരുന്നു അനിരുദ്ധിന്റെ ചോദ്യം. തന്റെ തലക്കിട്ടു തട്ടിയതിനു പ്രതികാരമായി ഏട്ടന്റെ തടിക്ക് കൊട്ടി അനിയത്തി.

” ഒരു വലിയ യുദ്ധത്തിന്റെ തുടക്കം.. എനിക്ക് വയ്യ ട്ടോ രണ്ടിനേം കൊണ്ട്… മൂത്ത മുതുക്കനായി ഒരുത്തൻ… അവളാണെങ്കിൽ ഒരു അശ്രീകരം.. “

തലയിൽ കൈവച്ചു കൊണ്ട് രാധിക എഴുന്നേറ്റു പോയി.

” ഇല്ലച്ഛാ.. ഇപ്പൊ ഇല്ല.. അച്ഛന്റെ മോള് ഡീസന്റ് ആണ്.. അവരൊന്നു വന്നു പോട്ടെ.. സീൻ ഞാൻ കാണിച്ചു തരാം… “

അവൾ തമാശ പോലെ ക്രൂരമായ ഒരു ഭാവം മുഖത്ത് വരുത്തിക്കൊണ്ട് അനിരുദ്ധിനെ നോക്കി. മുഷ്ടി ചുരുട്ടിക്കൊണ്ട് അനിരുദ്ധ് അനിയത്തിയെയും.

” നിങ്ങളായി നിങ്ങടെ പാടായി. ഞാൻ പോവാ… “

അനന്തനും അവിടെ നിന്ന് എഴുന്നേറ്റ് പോകാനൊരുങ്ങി.

” അല്ല.. അച്ഛൻ ബാക്കി പറഞ്ഞില്ല.. “

രുദ്ര അച്ഛനെ തടഞ്ഞു.

” ബാക്കി എന്താ.. ചെക്കൻ ഇന്നലെ നാട്ടിൽ വന്നു.. ഇന്ന് പെണ്ണുകാണൽ.. പെണ്ണിനും ചെക്കനും ഇഷ്ടപെട്ടാൽ പെട്ടെന്നു തന്നെ നിശ്ചയോം കല്യാണോം… “

എന്നും പറഞ്ഞ് അനന്തൻ പുറത്തേക്ക് പോയി. ഒരു നാണം മുഖത്ത് വന്നു രുദ്രയ്ക്ക്. അവൾ തന്റെ റൂമിലേയ്ക്ക് ഓടിച്ചെന്നു. കണ്ണാടിയിൽ തന്റെ സൗന്ദര്യം ആവർത്തിച്ചു നോക്കി അതാസ്വദിച്ചു. ശരിക്കും സത്യം തന്നെയായിരുന്നു അത്. മനോഹരമാണ് അവളുടെ ലാവണ്യം. ആരും ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെടുന്ന രൂപം. രുദ്രപ്രിയ. ‘ ഉറപ്പാണ്.. ആദ്യ കാഴ്ച്ചയിൽ തന്നെ അയാൾ എന്നെ ഇഷ്ടപ്പെടും.. പക്ഷേ അയാളെ ഞാൻ ഇഷ്ടപ്പെടണ്ടേ..’

അയാളിലും അങ്ങനെയൊരു കണ്ടമാത്രയിൽ ഇഷ്ടപ്പെടാൻ തക്ക ഒരു പ്രതേകത ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിച്ചു.

ഒരു കൊച്ചു ഗ്രാമം. പാലക്കാട്‌ ജില്ലയിലെ പാലപ്പുറം എന്ന ചെറിയ ഒരു ഗ്രാമം. സിനിമകളിലും നോവലുകളിലും ഗ്രാമഭംഗി വിളിച്ചോതുന്ന പുഴയും വയലും കുളങ്ങളും കൊയ്ത്തും മെതിയുമെല്ലാം ഉള്ള ഒരു ചെറിയ ഗ്രാമം. അതോടൊപ്പം മാറുന്ന ലോകത്തിന്റെ മാറ്റം ഉൾകൊള്ളാൻ തക്ക പ്രാപ്തിയും ഉണ്ടായിരുന്നു ആ ഗ്രാമത്തിന്. അനിരുദ്ധ്, ടൗണിൽ ഒരു മൊബൈൽ ഷോപ്പ് നടത്തുകയാണ്. അച്ഛൻ അനന്തൻ പഴയ യൂണിയൻകാരൻ. അല്ലെങ്കിൽ ചുമട്ടുതൊഴിലാളി. അമ്മ രാധിക വീട്ടമ്മ. ഒപ്പം അനിയത്തി രുദ്രപ്രിയയും. സന്തുഷ്ട കുടുംബം. സാധാരണക്കാരുടെ ചിന്താഗതി പോലെ വീട്ടിലെ പെൺകുട്ടിയുടെ വിവാഹം അവർക്കും ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു. അങ്ങനെയൊരു വിരഹത്തിന്റെ പ്രാരംഭഘട്ടത്തിലേക്കാണ് രുദ്രപ്രിയയും കുടുംബവും ഇനി കടന്നു വരുന്നത്. 

സമയം കടന്നു പോയി. പറഞ്ഞതു പോലെ ബ്രോക്കർ പ്രദീപ് കൃത്യസമയത്തു തന്നെ ചെറുക്കനും വീട്ടുകാരുമായി അവരുടെ വീട്ടുപടിക്കൽ വന്നെത്തി.

” ഇതാണ് വീട്… “

കാറിൽ നിന്നിറങ്ങാൻ തുടങ്ങുന്ന ചെറുക്കനോടും അയാളുടെ അച്ഛൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ് അവരുടെ കുട്ടികൾ, അമ്മായി തുടങ്ങി ഒരു ഇന്നോവയിൽ തിക്കിതിരക്കി വന്ന എല്ലാവരോടുമായി പറഞ്ഞു. അവരെ അകത്തേയ്ക് ആനയിക്കാനായി അനിയും അച്ഛനും അമ്മയും പുറത്തേക്കിറങ്ങി വന്നു.

” വാ വാ.. “

സന്ദീപിന് കൈകൊടുത്തു കൊണ്ട് അനന്തൻ അവരെയെല്ലാം അകത്തേയ്ക്ക് ക്ഷണിച്ചു. ഒരു പക്ഷേ തന്റെ ഭാവി അളിയനാകാൻ പോകുന്ന സന്ദീപിന് കൈ കൊടുക്കാൻ അനിരുദ്ധ് മറന്നില്ല.

” ഏട്ടൻ.. “. അനിരുദ്ധ് തന്നെ സ്വയം പരിചയപ്പെടുത്തി. അവർ അകത്തേയ്ക്ക് കയറി.

” ഇരിക്കൂ.. “. അനന്തൻ എല്ലാവരോടുമായി പറഞ്ഞു. അല്പനേരം വീട്ടു വിശേഷങ്ങളും നാട്ടിലെ കാര്യങ്ങളും പറഞ്ഞങ്ങനെ ഇരുന്നു അവർ എല്ലാവരും.

” എടീ.. വന്നു വന്നു.. “

കണ്ണാടിയുടെ മുന്നിൽ തന്റെ സൗന്ദര്യം ആസ്വദിച്ചു മതിവരാതെ  നിൽക്കുന്ന രുദ്രയോട് അമ്മ റൂമിന്റെ വാതിൽക്കൽ നിന്നും വിളിച്ചു പറഞ്ഞു.

” എടീ.. ചെക്കൻ വന്നു കേട്ടോ.. ഞാൻ കണ്ടിട്ട് തിരിച്ചു വിളിക്കാം… ആ ഫോട്ടോ കിട്ടിയാൽ  അയച്ചു തരാം.. “

ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ഷഹാനയോട്  അങ്ങനെ പറഞ്ഞു കൊണ്ട് രുദ്ര ഫോൺ കട്ട്‌ ചെയ്ത് ഹാളിൽ വന്നിരിക്കുന്നവരുടെ മുന്നിലേക്ക് ചെല്ലാൻ തയ്യാറായി.

” പഠിക്കാൻ അത്ര വല്ല്യ മിടുക്കിയൊന്നും അല്ല കേട്ടോ.. “

മകളെ പറ്റി എല്ലാവരോടുമായി അനന്തൻ പറഞ്ഞു. താൻ ഒരു തമാശ പറഞ്ഞിട്ടും ആരും എന്താ ചിരിക്കാത്തത് എന്ന് ഒരു നിമിഷം ചിന്തിച്ചു അയാൾ. 

” അവളെ വിളിക്ക്..”

തനിക്കു പുറകിൽ നിൽക്കുന്ന രാധികയെ നോക്കിക്കൊണ്ട്  അനന്തൻ കൂട്ടിചേർത്തു.

ചുണ്ടിൽ ഒട്ടിച്ചു വച്ച ഒരു പുഞ്ചിരിയോടെ തെല്ലും സങ്കോചവും നാണവും കാണിക്കാതെ രുദ്രപ്രിയ അങ്ങോട്ട് കടന്നു വന്നു. രുദ്ര തന്നെയാണ് സിനിമയിലും മറ്റും കാണുന്ന പോലെ ട്രേയിൽ ചായയുമായി വന്നത്. മേശമേൽ പലവിധ പലഹാരങ്ങളും നിരന്നു. സന്ദീപും രുദ്രയും പരസ്പരം നോക്കി പുഞ്ചിരിച്ചു. ആദ്യ കാഴ്ച്ചയിൽ തന്നെ ഇരുവർക്കും തമ്മിൽ തമ്മിൽ ഇഷ്ടമായെന്ന് അവരുടെ മുഖഭാവം തന്നെ പറയുന്നുണ്ടായിരുന്നു.

                     ********

” എന്താ ഒന്നും മിണ്ടാത്തത്.. “

വീടിന്റെ ടെറസ്സിന് മുകളിലാണ് സന്ദീപും രുദ്രയും സംസാരിക്കാൻ വേണ്ടി എത്തിയത്. രുദ്രയുടെ ചോദ്യം കേട്ട് സന്ദീപ് പുഞ്ചിരിച്ചു.

” ഏയ്.. താൻ പറ.. ആദ്യം എന്നെ ഇഷ്ടമായോ എന്ന് പറയൂ.. എന്നാലല്ലേ ബാക്കി മുന്നോട്ടു കൊണ്ടു പോകേണ്ട കാര്യമുള്ളൂ… “

ഒരു നിമിഷം രുദ്ര ചിന്തിച്ചു കൊണ്ട് മറുപടി പറഞ്ഞു.

” കാഴ്ച്ച കൊണ്ട് ഇഷ്ടമായി.. ഉൾകാഴ്ച കൊണ്ട് ഇഷ്ടമാവണ്ടേ.. “

” അതെങ്ങനെ കഴിയും..? “

സന്ദീപിന് സംശയം.

” അതിനു കല്യാണം കഴിഞ്ഞു ഒരുമിച്ചു ജീവിച്ചു തുടങ്ങിയാലല്ലേ കഴിയൂ… “

രുദ്ര പറഞ്ഞു.

” എന്നാൽ അങ്ങനെ തീരുമാനിച്ചാലോ… എനിക്കും കാഴ്ച്ച കൊണ്ട് ഇഷ്ടമായി തന്നെ.. താൻ പറഞ്ഞത് പോലെ ഉൾകാഴ്‌ചയാണോ എന്നറിയില്ല.. താൻ എനിക്ക് ബെസ്റ്റ് ആയിരിക്കും എന്നൊരു തോന്നൽ ഉണ്ട്… “

സന്ദീപ് പറഞ്ഞു നിർത്തി. അവർ തമ്മിൽ  പരസ്പരം അടുത്തു തുടങ്ങിയിരുന്നു. രൂപത്തിലും സ്വഭാവത്തിലുള്ള തങ്ങൾക്ക് ഇണങ്ങിയ പങ്കാളികളെയാണ് കിട്ടിയിരിക്കുന്നത് എന്ന് ഇരുവരും വിശ്വസിച്ചു. അല്പം നേരം കൂടി പരസ്പരം മനസിലാക്കി അവർ ഇരുവരും. ചില ചോദ്യങ്ങൾ, ചില ഉത്തരങ്ങൾ, അല്പം തമാശകൾ. അങ്ങനെയെയങ്ങനെ.

” അതേയ്.. ഒന്ന് പറഞ്ഞോട്ടെ…? “

സന്ദീപ് എന്തോ പറയാനായി രുദ്രയുടെ അനുവാദം ചോദിച്ചു.

” പറഞ്ഞോളൂ… “. രുദ്ര സമ്മതം നൽകി.

” ഐ ലവ് യു… “

ആദ്യമായൊന്നും അല്ല ഒരാൾ തന്നോട് ഈ വാക്കു പറയുന്നത്. പക്ഷേ ആദ്യമായാണ് ഒരാളോട് തനിക്ക് ആ വികാരം തോന്നുന്നത്.

” ഐ ലവ് യു ടൂ… “

രുദ്ര തിരിച്ചു പറഞ്ഞു. സന്ദീപ് തന്റെ കൈ അവൾക്കു നേരെ നീട്ടി. അവർ കൈ കോർത്തു നിന്നു.

” അവസാനം വരെ ഒരുമിച്ചു ഇതു പോലെ കൈ കോർത്തു കൂടെ വേണം എനിക്ക്.. “

സന്ദീപ് അവളെ ചേർത്തു പിടിച്ചു. അധികം വൈകാതെ യാത്ര പറഞ്ഞ് സന്ദീപും കുടുംബവും അവരുടെ വീട്ടിൽ നിന്നിറങ്ങി.

അങ്ങനെ ഒരു പുതിയ പ്രണയവും ഒരാഘോഷത്തിന്റെ തിരിയും അവിടെ തെളിഞ്ഞു. പക്ഷേ അതു മാത്രമായിരുന്നില്ല വരാനുണ്ടായിരുന്നത്. അതിനു മുന്നോടിയായി ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കാവുന്ന സ്ഥിരം ബുദ്ധിമുട്ടു കൂടി അനിരുദ്ധിനും കുടുംബത്തിനും നേരിടാനുണ്ടായിരുന്നു.

‘ സാമ്പത്തികം ‘

( തുടരും )


📖 കഥ തുടരാം

“ഒരു കള്ളന്റെ അരങ്ങേറ്റം”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ ജയകൃഷ്ണൻ യു കെ-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!