Skip to content

പേടിത്തൊണ്ടൻ അപ്പു കാടിന്റെ വീരനായതെങ്ങനെ?

മുത്തശ്ശി തുറന്ന പത്തുലോകങ്ങൾ 🌳✨ മലയാളം നോവൽ

മുത്തശ്ശി തുറന്ന പത്തുലോകങ്ങൾ 🌳✨ – Ayana prejosh

Children, Children’s Day 2026 · 10 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – മുത്തശ്ശി തുറന്ന പത്തുലോകങ്ങൾ 🌳✨

ഒരു തീവ്രമായ നിമിഷം! ഉള്ളിലെ ഭയം മാറ്റിവെച്ച് അപ്പു ആനക്കുട്ടി ആരുടെ ജീവനാണ് രക്ഷിച്ചത്?


മധ്യവേനലവധിയുടെ ചൂടിൽ ഗ്രാമം അയഞ്ഞുനിൽക്കുകയായിരുന്നു.

വലിയ കൊട്ടാരസദൃശമായ തറവാടൊന്നുമല്ല അത്; പഴക്കം ചെന്ന ഓടുമേഞ്ഞ, തണൽ വിരിച്ചു നിൽക്കുന്ന ഒരു സാധാരണ വീട്.

 പക്ഷേ, ആ വീടിനു ചുറ്റും കണ്ണെത്താദൂരത്തോളം പച്ചപ്പുനിറഞ്ഞ പറമ്പായിരുന്നു.

 തെങ്ങുകളും ജാതിമരങ്ങളും നേന്ത്രവാഴത്തോപ്പുകളും കുരുമുളകുകൊടികളും തഴച്ചുവളരുന്ന, മണ്ണിന്റെ മണം ശ്വസിക്കുന്ന ഒരു കുഞ്ഞു കാർഷികലോകം.

അതിലത്രയും ജീവശ്വാസം പകരുന്നത് ശങ്കരൻ മുത്തശ്ശന്റെ അധ്വാനമായിരുന്നു.

ഉച്ചകഴിഞ്ഞതോടെ ശങ്കരൻ മുത്തശ്ശൻ പറമ്പിലെ പണി നിർത്തി, കിണറ്റുകരയിൽ ചെന്ന് കാലും മുഖവും കഴുകി ഉമ്മറത്തേക്ക് കയറിവന്നു.

വെളുത്ത ബനിയനും മുണ്ടുമെടുത്ത്, കയ്യിലെ പഴകിയ ഘടികാരത്തിൽ സമയം നോക്കി.

 അഞ്ചുമണിയാകാൻ ഇനി ഏതാനും മിനിറ്റുകൾ മാത്രം.

“ദേവകീ… അവരുടെ വണ്ടി ഇതുവരെ വില്ലേജ് ഓഫിസിന്റെ കവല കഴിഞ്ഞില്ലേ ആവോ? ഡ്രൈവർ ഗോപാലനോട് നാലുമണിക്കെങ്കിലും അവിടെയെത്താൻ ഞാൻ പറഞ്ഞതാണല്ലോ,”

 ശങ്കരൻ മുത്തശ്ശൻ സ്വതവേയുള്ള അക്ഷമയോടെ ഉമ്മറത്തുനിന്ന് വിളിച്ചുചോദിച്ചു.

അകത്തെ പുകയുന്ന അടുക്കളയിൽനിന്ന് ദേവകി മുത്തശ്ശി സാരിത്തമ്പ് കൊണ്ട് മുഖത്തെ വിയർപ്പുതുള്ളികൾ തുടച്ചുകൊണ്ട് ഇറങ്ങിവന്നു.

അവരുടെ കയ്യിൽ നെയ്യും ചക്കവരട്ടിയതും ചേർന്ന മാന്ത്രികമണം തങ്ങിനിൽപ്പുണ്ടായിരുന്നു.

“നിങ്ങൾക്കിത്ര ക്ഷമ ഇല്ലെങ്കിൽ ആ ജംഗ്ഷനിലേക്ക് ഇറങ്ങി നിൽക്ക് ശങ്കരേട്ടാ… നഗരത്തിൽനിന്ന് കാറുവരാൻ കുറച്ചു സമയമെടുക്കും. അവർ വരും, അതിനുമുമ്പ് എനിക്ക് കുഞ്ഞുങ്ങൾക്കുള്ള പലഹാരങ്ങൾ ഉണ്ടാക്കി തീർക്കണം.” ദേവകി മുത്തശ്ശി സ്നേഹത്തോടെ ശാസിച്ചു.

അടുക്കളയിൽ മുത്തശ്ശിയെ സഹായിക്കാൻ വർഷങ്ങളായി കൂടെയുള്ള കാർത്ത്യായനിയമ്മയും, പറമ്പിലെ കാര്യങ്ങൾ നോക്കുന്ന വേലായുധനും സജീവമായിരുന്നു.

 അടുപ്പിൽ പുകയുന്ന വിറകിന്റെ വെളിച്ചത്തിൽ ചീനച്ചട്ടിയിലെ തിളയ്ക്കുന്ന വെളിച്ചെണ്ണയിലേക്ക് ദേവകി മുത്തശ്ശി ഓരോന്നായി കോരി ഒഴിക്കുകയാണ്.

മൂന്ന് കൊച്ചുമക്കൾക്കും മൂന്ന് ഇഷ്ടങ്ങളാണ്:
മൂത്തവൻ കണ്ണന് ചക്ക വറുത്തതും നല്ല നാടൻ ഉണ്ണിയപ്പവുമാണ് പ്രിയം.

 രണ്ടാമത്തെയാൾ, കുറുമ്പിയായ തുമ്പിക്ക് മധുരം നിറച്ച ചൂടു കൊഴുക്കട്ടയും ഏലക്കാമണക്കുന്ന അരിയുണ്ടയുമാണ് വേണ്ടത്.

ഇനി അഞ്ചുവയസ്സുക്കാരി ഇളയവൾ തമ്പുരു; അവൾക്ക് വാഴയിലയിൽ വാട്ടിയുണ്ടാക്കിയ ഇലയടയും നെയ്യപ്പവും വേണം.

 മൂന്നുപേരുടെയും ഇഷ്ടങ്ങൾ കൃത്യമായി അറിഞ്ഞുതന്നെയാണ് ദേവകി മുത്തശ്ശിയും കാർത്ത്യായനിയമ്മയും രാവിലെയേ അടുക്കളയിൽ പണി തുടങ്ങിയത്.

“കാർത്ത്യായനീ, ആ അടയുടെ പാത്രം അടച്ചുവെച്ചോ? തമ്പുരുമോൾ വന്നാലുടൻ അടുക്കളയിലേക്കാവും ആദ്യം ഓടിയെത്തുക,” ദേവകി മുത്തശ്ശി ഓർമ്മിപ്പിച്ചു.

“എല്ലാം ഞാൻ ഭദ്രമായി വെച്ചിട്ടുണ്ട് അമ്മേ.. കണ്ണൻ മോന് കുടിക്കാൻ ആട്ടിൻപാലും തുമ്പിമോൾക്ക് കുടിക്കാൻ നല്ല ഇളനീരും വേലായുധൻ പറമ്പിൽനിന്ന് ചെത്തിക്കൊണ്ടുവന്നിട്ടുണ്ട്,”

 കാർത്ത്യായനിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

പൂമുഖത്ത് ചാരുകസേരയിൽ അക്ഷമയോടെ ശങ്കരൻ മുത്തശ്ശൻ കയ്യിലെ വടി നിലത്തടിച്ച് വഴിക്കണ്ണുമായി നോക്കിയിരുന്നു.

പറമ്പിലെ വാഴത്തോപ്പുകളിലൂടെ വീശിയടിച്ച തണുത്ത കാറ്റിൽ ജാതിപ്പൂക്കളുടെ മണമുണ്ടായിരുന്നു.

തൊടിയിലെ പശുവീട്ടിൽനിന്ന് മണിമുഴക്കം കേൾക്കാം.

സന്ധ്യയുടെ ചുവപ്പുരാശി ഇലഞ്ഞിമരച്ചോട്ടിൽ നിഴൽ വീഴ്ത്തിത്തുടങ്ങി.

പത്തു ദിവസത്തെ അവധിക്കാലം!

ടിവിയും മൊബൈൽ ഫോണുകളും നിറയുന്ന നഗരത്തിന്റെ അടഞ്ഞ മുറികളിൽനിന്ന്, ഈ വലിയ പറമ്പിലേക്കും മണ്ണിലേക്കും ഓടിയെത്തുന്ന കൊച്ചുമക്കളെ ഓർക്കുമ്പോൾ ആ വൃദ്ധദമ്പതികളുടെ മനസ്സിൽ ആയിരം നിലാവെളിച്ചം തെളിഞ്ഞു.

അവരോടൊപ്പം തറവാട്ടു മുറ്റത്ത് കളിക്കണം, കുളത്തിൽ നീന്താൻ പഠിപ്പിക്കണം, പറമ്പിലെ പഴങ്ങൾ പറിച്ചു കൊടുക്കണം…

 അതിനേക്കാളേറെ, സന്ധ്യാദീപം കത്തിച്ചുവെച്ച് ദേവകി പറയുന്ന കഥകൾ കേൾക്കാൻ അവർ ചുറ്റും കൂടിയിരിക്കുന്ന ആ മാന്ത്രികനിമിഷത്തിനായി അവർ കാത്തിരുന്നു.

പെട്ടെന്നാണ് ദൂരെ ചെമ്മൺ പാതയിൽനിന്ന് ഒരു കാറിന്റെ ഹോൺ ശബ്ദം കേട്ടത്.

 വേലായുധൻ പറമ്പിന്റെ അതിരിലെ ഗേറ്റ് തുറക്കാനായി ഓടി.

“ദേവകീ… ദേ വന്നൂട്ടോ!” ശങ്കരൻ മുത്തശ്ശൻ വടിയുമൂന്നി പെട്ടെന്ന് എഴുന്നേറ്റു.

 അടുക്കളയിൽനിന്ന് കൈ കഴുകി ദേവകി മുത്തശ്ശിയും പൂമുഖത്തേക്ക് ഓടിയെത്തി.

പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് ആ വെളുത്ത കാർ മുറ്റത്തേക്ക് വന്നുനിന്നു.

 വാതിൽ തുറന്ന് “മുത്തശ്ശീ… മുത്തശ്ശാ ഞങ്ങൾ എത്തിയേ…” എന്ന ആഹ്ലാദവിളിയോടെ കണ്ണനും തുമ്പിയും തമ്പുരുവും ഉമ്മറത്തേക്ക് ഓടിക്കയറിവന്നു.

ദേവകി മുത്തശ്ശിയുടെയും ശങ്കരൻ മുത്തശ്ശന്റെയും കണ്ണുകളിൽ ആനന്ദക്കണ്ണീർ തുളുമ്പിയ ആ നിമിഷം, ആ വീടിന്റെ കാത്തിരിപ്പിന് വിരാമമായി.

ആ പത്തു നാളുകളുടെ മനോഹരമായ കഥക്കാലത്തിന് അവിടെ തിരിതെളിഞ്ഞു…

കാറിന്റെ വാതിലുകൾ പാതിതുറന്നപ്പോഴേക്കും ആ തറവാട്ടുമുറ്റത്തിന്റെ ശാന്തത തകർത്തെറിഞ്ഞുകൊണ്ട് കുഞ്ഞുശബ്ദങ്ങൾ വായുവിൽ അലയടിച്ചു.

 ആദ്യം പുറത്തേക്ക് ചാടിയത് കുറുമ്പിയായ തുമ്പിയാണ്..

ഉമ്മറത്തുനിൽക്കുന്ന മുത്തശ്ശിയെ കണ്ടതും കൈയിലെ ചെറിയ ബാഗ് മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് അവൾ ഓടിച്ചെന്ന് ദേവകി മുത്തശ്ശിയുടെ അരക്കെട്ടിൽ കെട്ടിപ്പിടിച്ചു.

 പിന്നാലെ വന്ന അഞ്ചുവയസ്സുകാരി തമ്പുരു ആകട്ടെ, “എന്റെ മുത്തശ്ശി!” എന്ന് ഉറക്കെ വിളിച്ച് മുത്തശ്ശിയുടെ സാരിത്തമ്പിൽ പിടിമുറുക്കി ഉമ്മറത്തേക്ക് വലിഞ്ഞുകയറി.

 മൂത്തവൻ കണ്ണൻ നേരെ ശങ്കരൻ മുത്തശ്ശന്റെ അടുത്തേക്കാണ് ഓടിയത്.

 മുത്തശ്ശന്റെ തോളിൽ തൂങ്ങി, ആ ചാരുകസേരയുടെ വശത്തേക്ക് പറ്റിപ്പിടിച്ചുനിന്നുകൊണ്ട് അവൻ ചോദിച്ചു,

 “മുത്തശ്ശന്റെ താടി വളർന്നല്ലോ ? കുളത്തിൽ വെള്ളമുണ്ടോ? നാളെ രാവിലെ തന്നെ എന്നെ നീന്തൽ പഠിപ്പിക്കണം കേട്ടോ!”

വണ്ടിയിൽ നിന്ന് ഇറങ്ങിയ മക്കളും ലഗേജുകൾ ഓരോന്നായി പുറത്തെടുക്കാൻ തുടങ്ങിയപ്പോഴേക്കും, മുറ്റത്തും ഉമ്മറത്തും സന്തോഷത്തിന്റെ വലിയൊരു കോലാഹലം തന്നെയുണ്ടായി.

വേലായുധൻ പെട്ടികൾ ഒന്നൊന്നായി അകത്തേക്ക് കയറ്റിവെച്ചു.

 “മെല്ലെ പടി കയറടാ കുറുമ്പന്മാരെ…” എന്ന് അച്ഛൻ വിളിച്ച് ശാസിക്കുന്നുണ്ടായിരുന്നെങ്കിലും, ആരും അത് കേൾക്കുന്ന മട്ടിലായിരുന്നില്ല.

ഉമ്മറത്തെ കിണ്ടിയിലെ തണുത്ത വെള്ളമൊഴിച്ച് കാലും മുഖവും കഴുകിയതും മൂന്നുപേരും ഉമ്മറത്തെ തിണ്ണയിലേക്ക് ഇരച്ചുകയറി.

മേശപ്പുറത്ത് അപ്പോഴേക്കും അത്ഭുതങ്ങളുടെ രുചിലോകം തുറക്കപ്പെട്ടിരുന്നു.

വാഴയിലയുടെ ചൂടിൽ വാടിയ ഇലയടയുടെ മണവും, ചീനച്ചട്ടിയിൽ നിന്ന് മൂത്തു കോരിയ നെയ്യപ്പത്തിന്റെയും ഉണ്ണിയപ്പത്തിന്റെയും മധുരഗന്ധവും തറവാട്ടിലാകെ പടർന്നു.

 തമ്പുരു പാത്രത്തിലേക്ക് കൈനീട്ടിയപ്പോൾ, “മുൻപ് കൈ കഴുകടി കുറുമ്പി!” എന്ന് പറഞ്ഞ് കണ്ണൻ തമാശയായി തട്ടിമാറ്റി.

“ആദ്യം ഈ ഇളനീർ കുടിക്ക് എന്റെ കുട്ടികളേ…” എന്ന് പറഞ്ഞ് വേലായുധൻ ചെത്തിക്കൊണ്ടുവന്ന ഇളനീരുമായി ശങ്കരൻ മുത്തശ്ശൻ അവരിലേക്ക് നീങ്ങി.

പക്ഷേ, തുമ്പിയുടെ കണ്ണുകൾ ഓടിയെത്തിയത് തട്ടത്തിൽ വെച്ച ചൂടു കൊഴുക്കട്ടയിലേക്കും ഏലക്കാമണക്കുന്ന അരിയുണ്ടയിലേക്കുമായിരുന്നു.

 തമ്പുരു വാട്ടിയ ഇലയടയുടെ വാഴയില ഓരോന്നായി പൊളിച്ച് മുത്തശ്ശിയുടെ കയ്യിൽ നിന്ന് വായ്‌ക്കകം നിറച്ച് വാങ്ങിത്തിന്നു.

 കണ്ണനാകട്ടെ, നല്ല മൊരിഞ്ഞ ചക്ക വറുത്തതും നാടൻ ഉണ്ണിയപ്പവും വായ നിറയെക്കഴിച്ച്, ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് തറവാട്ടിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

വേലായുധൻ ചെത്തിക്കൊണ്ടുവന്ന ഇളനീരിന്റെ മധുരവും കുടിച്ച്, വറുത്ത ചക്കച്ചളികൾ വായിലിട്ട് കൊറിക്കുന്നതിനിടയിൽ നഗരത്തിലെ അടച്ചുപൂട്ടിയ മുറികളുടെ ഓർമ്മകൾ പോലുമില്ലാതെ ആ കുരുന്നുകൾ ഗ്രാമത്തിന്റെ മണ്ണിലേക്ക് അലിഞ്ഞുചേരുകയായിരുന്നു.

ആ കുരുന്നുകൾ തോളുരുമ്മിയിരുന്ന് നഗരത്തിലെ വിശേഷങ്ങളും അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ച് പറയാൻ തുടങ്ങിയതോടെ, ആ പഴയ വീട് അത്രയും നാൾ കാത്തുവെച്ച നിശബ്ദതയത്രയും ആ ചിരിയിൽ നിറഞ്ഞു.

നാട്ടുവിശേഷങ്ങളും കളിക്കാര്യങ്ങളും പറഞ്ഞ് സന്ധ്യ മങ്ങിത്തുടങ്ങിയപ്പോൾ ദേവകി മുത്തശ്ശി എഴുന്നേറ്റു.

 ഉമ്മറത്തെ നിലവിളക്കിൽ തിരി തെളിയിച്ച്, തുളസിത്തറയിൽ സന്ധ്യാദീപം വെച്ചു.

 നാമജപത്തിന്റെ ശാന്തത വീടിനു ചുറ്റും പരന്നതോടെ, വയറുനിറയെ പലഹാരങ്ങളും കഴിച്ച് വികൃതികളൊക്കെ മാറ്റി വെച്ച് കൊച്ചുമക്കൾ മൂന്നുപേരും ഉമ്മറത്തു വിരിച്ച പുൽപായയിലേക്ക് വന്നിരുന്നു.

ഇനി ആ വീട് കാത്തിരുന്ന ആ മാന്ത്രികനിമിഷമാണ്.

നിലവിളക്കിന്റെ മഞ്ഞവെളിച്ചത്തിൽ, ശങ്കരൻ മുത്തശ്ശൻ ചാരുകസേരയിലിരുന്ന് പുഞ്ചിരിയോടെ നോക്കിനിൽക്കെ, ദേവകി മുത്തശ്ശിക്കു ചുറ്റും കണ്ണനും തുമ്പിയും തമ്പുരുവും കാതുകൂർപ്പിച്ചിരുന്നു.

കണ്ണുകളിൽ വിസ്മയം നിറച്ച്, കവിളിൽ കൈവെച്ച്, മുത്തശ്ശിയുടെ ചുണ്ടിൽ നിന്ന് അടർന്നുവീഴുന്ന ആ പഴയ രാജകുമാരന്മാരുടെയും മാന്ത്രികക്കടലുകളുടെയും കഥകളുടെ മായാലോകത്തേക്ക് ഊളിയിടാൻ ആ കുരുന്നുകൾ ഒടുവിൽ തികഞ്ഞ ഗൗരവത്തോടെ തയാറായിക്കഴിഞ്ഞിരുന്നു.

 ശങ്കരൻ മുത്തശ്ശൻ തഞ്ചത്തിൽ ചാരുകസേരയിലിരുന്ന് കൊച്ചുമക്കളുടെ അടങ്ങാത്ത ആവേശം കണ്ടു പുഞ്ചിരിയോടെ വെറ്റില മുറുക്കി.

​തുമ്പി മുത്തശ്ശിയുടെ സാരിത്തുമ്പിൽ പിടിമുറുക്കി,

“മുത്തശ്ശീ… ആ മന്ത്രവാദിയുടെയും കടൽക്കരയിലെ രാജകുമാരിയുടെയും കഥ ഇന്നലെ പറഞ്ഞത് വേണ്ട കേട്ടോ പുതിയ ഒരു കഥ പറയണേ …” എന്ന് ശാഠ്യം പിടിച്ചു.

 തംമ്പുരു മുത്തശ്ശിയുടെ മടിയിൽ തലവെച്ച് കിടന്നു. കണ്ണൻ ആകാംക്ഷയോടെ കണ്ണുകൾ വിടർത്തിപ്പിടിച്ച് മുന്നിലിരുന്നു.

​തന്റെ മുന്നിൽ വിടർന്ന പഞ്ഞിപ്പോലുള്ള ആ മൂന്ന് കുഞ്ഞുമുഖങ്ങളിലേക്ക് നോക്കി ദേവകി മുത്തശ്ശി സനേഹത്തോടെ മന്ദഹസിച്ചു.

 അഗർബത്തിയുടെ സുഗന്ധവും നിലവിളക്കിന്റെ തിരിനാളവും പശ്ചാത്തലമൊരുക്കിയ ആ പകലന്തിയിൽ, മുത്തശ്ശിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ആദ്യത്തെ കഥയുടെ തിരി തെളിഞ്ഞു.

 നഗരത്തിന്റെ യാന്ത്രികതയിൽ നിന്ന് അകന്ന്, ഐതിഹ്യങ്ങളുടെയും പച്ചപ്പിന്റെയും മാന്ത്രികലോകത്തേക്ക് ആ കുരുന്നുകൾ പതുക്കെ ഊർന്നിറങ്ങാൻ തുടങ്ങി.

​”എന്നാൽ കേട്ടോളൂ എന്റെ കുട്ടികളേ…”

 നിലവിളക്കിന്റെ മഞ്ഞവെളിച്ചത്തിലേക്ക് നോക്കി മുത്തശ്ശി പറഞ്ഞു തുടങ്ങി.

ദേവകി മുത്തശ്ശി തന്റെ മടിയിൽ തലവെച്ചു കിടക്കുന്ന തമ്പുരുവിന്റെ തലമുടിയിലൂടെ മെല്ലെ വിരലോടിച്ചു.

 ഉമ്മറത്തെ നിലവിളക്കിന്റെ നാളം നേരിയ കാറ്റിൽ ആടിയുലഞ്ഞു.

​”പത്തു ദിവസത്തെ അവധിയല്ലേ എന്റെ കുട്ടികൾക്ക് ഉള്ളത്? എന്നാപ്പിന്നെ ഈ പത്തു ദിവസവും മുത്തശ്ശി നിങ്ങൾക്ക് പത്തു കാടുകളും പത്തു ലോകങ്ങളും കാട്ടിത്തരാം. കേൾക്കാൻ തയ്യാറാണോ?”

​”തയ്യാറാണ് മുത്തശ്ശീ!” മൂന്നുപേരും ഒരേ സ്വരത്തിൽ വിളിച്ചു പറഞ്ഞു.

​”എന്നാൽ കഥയിലേക്ക് കടക്കുന്നതിനു മുൻപ് മുത്തശ്ശിയൊരു കടങ്കഥ ചോദിക്കട്ടെ. ഉത്തരം പറയുന്ന ആൾക്ക് നാളെ വേലായുധൻ നല്ല ഒന്നാന്തരം തേനൂറുന്ന പഴുത്ത മാങ്ങ പറിച്ചു തരും!” മുത്തശ്ശി കണ്ണുചിമ്മി.

​”മരത്തിന്റെ മുകളിലിരിക്കും, രാജാവല്ല…

പച്ചക്കുപ്പായമിടും, തയ്യൽക്കാരനല്ല…
ചുവന്ന മൂക്കുണ്ട്, മുളകുമല്ല…
ആരാണത്?”

​”തത്ത! മുത്തശ്ശീ, അത് തത്തയാണ്!” തുമ്പി ചാടിയെഴുന്നേറ്റ് സന്തോഷത്തോടെ ഉത്തരം പറഞ്ഞു.

​”ആഹാ, എന്റെ തുമ്പിമോൾ മിടുക്കി!” മുത്തശ്ശി അവളുടെ കവിളിൽ തട്ടി.

 “എന്നാൽ കേട്ടോളൂ, നമ്മുടെ ആദ്യത്തെ കഥ…”

​പച്ചമരതകക്കാടും പാവം ആനക്കുട്ടിയും

​ദേവകി മുത്തശ്ശി തമ്പുരുവിന്റെ കുഞ്ഞു തലമുടിയിലൂടെ കൈവിരലോടിച്ച്, നിലവിളക്കിന്റെ തിരിനാളത്തിലേക്ക് നോക്കി ശബ്ദം പതുക്കെ താഴ്ത്തി.

“എങ്കിൽ കേട്ടോളൂ എന്റെ കൊച്ചുകുറുമ്പന്മാരേ, പച്ചമരതകക്കാടിന്റെയും നമ്മുടെ സ്വന്തം പേടിത്തൊണ്ടൻ അപ്പു ആനക്കുട്ടിയുടെയും വലിയ കഥ!”

മുത്തശ്ശി ഈണത്തിൽ പാടിത്തുടങ്ങി:

“പച്ചപ്പട്ടുടുത്തൊരു കാടുണ്ടേ…

മരതകം പൂത്തൊരു കാടുണ്ടേ…
അവിടെയുണ്ടല്ലോ  അപ്പു…
കുഞ്ഞു കുഞ്ഞു  ആനക്കുട്ടി!”

“ആ കാട്ടിൽ വണ്ണമുള്ള വയറും, നിലത്തു മുട്ടുന്ന കുഞ്ഞു തുമ്പിക്കൈയും, വിശറിപോലുള്ള രണ്ട് വലിയ ചെവികളുമുള്ള ഒരു കുട്ടിയാന ഉണ്ടായിരുന്നു—’അപ്പു’.

 പക്ഷേ, അവൻ ആളൊരു പാവമായിരുന്നു കേട്ടോ.
 ചെവി ഇത്രയും വലുതാണെങ്കിലും ഉള്ളിലോ ഒരു കുഞ്ഞു ഉറുമ്പിന്റെ പേടിയായിരുന്നു അവന്!”

കണ്ണൻ കൈ ഉയർത്തി സംശയം ചോദിച്ചു,

 “അതെങ്ങനെയാ മുത്തശ്ശീ? വലിയ ആനകൾക്കൊക്കെ നല്ല ധൈര്യമല്ലേ ഉണ്ടാവാറ്? കഴിഞ്ഞ കൊല്ലം അമ്പലത്തിലെ ഉൽസവത്തിന് വലിയ കൊമ്പനാന നിൽക്കുന്നത് ഞാൻ കണ്ടതാണല്ലോ!”

“അതാടാ കണ്ണാ!” മുത്തശ്ശി കണ്ണന്റെ മൂക്കിൽ തൊട്ടു.

 “ശരീരത്തിന്റെ വലുപ്പത്തിലല്ല കാര്യം, മനസ്സിന്റെ ധൈര്യത്തിലാണ് കാര്യം! നമ്മുടെ അപ്പുവിന് ഒരില വീഴുന്ന ശബ്ദം കേട്ടാൽ പോലും പേടിയാ. കട പടാ… എന്ന് കാറ്റടിച്ചാൽ അപ്പു —
‘അയ്യോ! മല ഇടിഞ്ഞു വീഴുന്നേ…’
എന്നും പറഞ്ഞ് അടുത്തുള്ള വലിയ പാറയുടെ പിന്നിൽ പോയി ഒളിക്കും!”

അതു കേട്ട് കൊച്ചുമക്കൾ മൂന്നുപേരും പൊട്ടിച്ചിരിച്ചു.

മുത്തശ്ശി ഭാവങ്ങൾ മാറ്റി കാട്ടിലെ മൃഗങ്ങളെപ്പോലെ സംസാരിക്കാൻ തുടങ്ങി:

“ഒരു ദിവസം മരക്കൊമ്പിലിരുന്ന് അണ്ണാൻ ‘ചിമ്പു’ വാലാട്ടി ചോദിച്ചു,

 ‘എടോ അപ്പൂ, നീ ഇത്ര വലിയ ശരീരവും വെച്ച് എന്താടാ ഇങ്ങനെ പേടിക്കുന്നത്? ഒരു കുഞ്ഞു ഉറുമ്പ് അടുത്തു വന്നാൽ പോലും നീ നിലവിളിക്കുമല്ലോ!’

അപ്പു തലതാഴ്ത്തി വിതുമ്പി,

 ‘എനിക്ക് പേടിയായിട്ടല്ലേ ചിമ്പൂ… എന്ത് ശബ്ദം കേട്ടാലും എന്റെ നെഞ്ച് പട പടാ എന്ന് ഇടിക്കും!’

അപ്പോൾ മരത്തിൽ വന്നിരുന്ന തത്തമ്മ ‘പാത്തു’ കളിയാക്കി പാടി:

“പേടിത്തൊണ്ടൻ അപ്പു…

കാട്ടിലെ കുഞ്ഞി അപ്പു…
ഇല വീണാൽ ഓടും അപ്പു…
കുറുമ്പിന്റെ രാജാവപ്പു!”

മൃഗങ്ങളൊക്കെ ചിരിച്ചു. അപ്പു പാവം, കരഞ്ഞുകൊണ്ട് അരുവിയിലേക്ക് നടന്നു.”

പെട്ടെന്ന് തമ്പുരു മുത്തശ്ശിയുടെ സാരിത്തമ്പിൽ പിടിമുറുക്കി,

 “അയ്യോ… അപ്പു പാവം മുത്തശ്ശീ! അവർ അവനെ കളിയാക്കാൻ പാടില്ലായിരുന്നു.”

“അതെ മോളെ,” മുത്തശ്ശി തമ്പുരെയെ ചേർത്തുപിടിച്ചു.

 “പക്ഷേ, കഥ മാറുന്നത് അന്നേ ദിവസം ഉച്ചയ്ക്കാണ്!
വേനൽച്ചൂടിൽ കാടൊകെ പുകഞ്ഞു നിൽക്കുകയായിരുന്നു.
പെട്ടെന്നാണ് കാട്ടിലെ ഉണക്കമരങ്ങൾ തമ്മിലുരസി വലിയൊരു ശബ്ദത്തോടെ തീയുയർന്നത്!
ചാറ ചാറ… എന്ന് തീപ്പൊരികൾ വായുവിൽ പടർന്നു.
പുക കാടൊട്ടുക്കും നിറഞ്ഞു.

മൃഗങ്ങളൊക്കെ ജീവനും കൊണ്ട് ഭയന്നോടാൻ തുടങ്ങി.

കുരങ്ങൻ ‘കോര’ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചാടി അലറി:

 ‘ഓടിക്കോ… കാട്ടിൽ തീപിടിച്ചേ!

 അരുവിയുടെ കരയിലേക്ക് ഓടോ!’

മാൻകൂട്ടങ്ങളും പന്നികളും ആനകളും അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. അപ്പുവും പേടിച്ച് ചെവി രണ്ടും പുറകോട്ടു വെച്ച് ഓടാൻ തുടങ്ങിയതായിരുന്നു…”

തുമ്പി ഉത്കണ്ഠയോടെ ചോദിച്ചു,

 “അപ്പു ആനയും ഓടിപ്പോയോ മുത്തശ്ശീ?”

“അവിടെയാണ് അത്ഭുതം സംഭവിച്ചത്!” മുത്തശ്ശി ശബ്ദം കൂട്ടി.

“അപ്പു ഓടുന്നതിനിടയിൽ, ഒരു വലിയ ഇലഞ്ഞിമരത്തിന്റെ മുകളിൽ നിന്ന് നെഞ്ചുപൊട്ടുന്ന ഒരു കരച്ചിൽ കേട്ടു!

 തത്തമ്മ പാത്തുവായിരുന്നു അത്!

അവൾ നിലവിളിച്ചു:

 ‘എന്റെ കുഞ്ഞിനെ രക്ഷിക്കണേ!

 എന്റെ  പക്ഷിമകൾ കൂട്ടിനകത്തുണ്ട്!

 അവളുടെ ചിറക് മുറിഞ്ഞു കിടക്കുകയാ… അവൾക്ക് പറക്കാൻ വയ്യേ…
എന്റെ കുഞ്ഞ് കരിഞ്ഞുപോകുമേ…!’

തീ ആ മരത്തിന്റെ അടിവാരത്തേക്ക് പടരുകയായിരുന്നു.

മറ്റ് വലിയ മൃഗങ്ങളൊക്കെ സ്വന്തം ജീവൻ രക്ഷിക്കാൻ അരുവിയുടെ അടുത്തേക്ക് ഓടിമറഞ്ഞു.
ആരും മുകളിലേക്ക് നോക്കിയില്ല.”

കണ്ണൻ ആകാംക്ഷയോടെ എഴുന്നേറ്റിരുന്നു,

 “എന്നിട്ട്? എന്നിട്ട് അപ്പു എന്തുചെയ്തു മുത്തശ്ശീ? ശങ്കരൻ മുത്തശ്ശൻ പറമ്പിൽ വെള്ളമൊഴിക്കുന്ന പോലെ അപ്പു വെള്ളം കോരിയോ?”

“കേട്ടോളൂ!” മുത്തശ്ശി കൈകൾ വീശി കാണിച്ചു.

 “അപ്പു ആനക്കുട്ടി ഓടുന്നത് നിർത്തി.
അവൻ മുകളിലേക്ക് നോക്കി.
ചെറിയ തത്തക്കുഞ്ഞിന്റെ കരച്ചിൽ അവന്റെ കുഞ്ഞുഹൃദയത്തിൽ തട്ടി.
ആ നിമിഷം…
അവന്റെ ഉള്ളിലെ പേടിയെല്ലാം എങ്ങോട്ടോ ഓടിപ്പോയി!
തന്റെ പേടിയെക്കാൾ വലുതാണ് ഒരു കുഞ്ഞിന്റെ ജീവൻ എന്ന് അവന് മനസ്സിലായി. അവൻ ഉള്ളിലെ സർവ്വ ശക്തിയുമെടുത്ത് ഒറ്റ വിളി വിളിച്ചു—ബ്രൂഹ്…!

എന്നിട്ട്  അവൻ നേരെ അരുവിക്കരയിലേക്ക് പാഞ്ഞു!”

മുത്തശ്ശി താളത്തിൽ പാടി:

“വലിയ തുമ്പിക്കൈ നീട്ടി അപ്പു…
അരുവിയിലെ വെള്ളം കോരിയെടുത്തു…
വലിയ മലപോലെ പാഞ്ഞുവന്നു…
തീയുള്ള കാട്ടിലേക്ക് ഓടിയെത്തി
!”

“അപ്പു തന്റെ തുമ്പിക്കൈ മുകളിലേക്ക് ഉയർത്തി ഫൂ…!
 എന്ന് ആ കത്തിപ്പിടിക്കുന്ന ഇലഞ്ഞിമരത്തിലേക്ക് വെള്ളം ചീറ്റി!

 ഒരിക്കലല്ല…
അവൻ ഓടിച്ചെന്ന് വീണ്ടും വെള്ളം കോരി തീയുള്ളിടത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു!

 സപ സപ…
എന്ന് പുക ഉയർന്നു. ഒടുവിൽ… ആ തീ പൂർണ്ണമായും അണഞ്ഞു!”

കൊച്ചുമക്കൾ മൂന്നുപേരും

“ആഹാ!” എന്ന് സന്തോഷത്തോടെ കൈയടിച്ചു.

“മരക്കൂട്ടിൽ നിന്ന് കുഞ്ഞു പക്ഷി സുരക്ഷിതയായി പുറത്തുവന്നു.
 തത്തമ്മ പാത്തു പറന്നുവന്ന് അപ്പുവിന്റെ വലിയ തുമ്പിക്കൈയിൽ കെട്ടിപ്പിടിച്ച് കണ്ണീരോടെ പറഞ്ഞു:

‘അപ്പൂ… എന്നോട് ക്ഷമിക്കണം!

നിന്നെ പേടിത്തൊണ്ടൻ എന്ന് വിളിച്ചതിന്.
 കാട്ടിലെ ഏറ്റവും വലിയ ധീരൻ നീയാണ്!’

ഓടിപ്പോയ മൃഗങ്ങളൊക്കെ നാണത്തോടെ തിരികെ വന്നു.

കുരങ്ങൻ കോരയും അണ്ണാൻ ചിമ്പുവും തുള്ളിച്ചാടി പാട്ടുപാടി:

“വീരനാണേ അപ്പു വീരനാണേ…
കാടിന്റെ കാവൽക്കാരനാണേ…
പേടിയെ ജയിച്ച വലിയ വീരൻ…
നമ്മുടെ കുഞ്ഞി അപ്പു ആന
!”

കഥ നിർത്തി ദേവകി മുത്തശ്ശി കൊച്ചുമക്കളുടെ മുഖത്തേക്ക് നോക്കി.

തമ്പുരു മുത്തശ്ശിയുടെ മടിയിലിരുന്ന് നിവർന്നിരുന്നു,

“മുത്തശ്ശീ, ഇനി രാത്രി അകത്ത് കറന്റ് പോയാലും ഞാൻ പേടിക്കില്ല! ഞാൻ അപ്പു ആനക്കുട്ടിയെപ്പോലെ ധൈര്യം കാണിക്കും.”

ഉമ്മറത്തെ ചാരുകസേരയിലിരുന്ന് വെറ്റില മുറുക്കുകയായിരുന്ന ശങ്കരൻ മുത്തശ്ശൻ അപ്പോൾ തഞ്ചത്തിൽ പറഞ്ഞു,

“കേട്ടല്ലോടാ കണ്ണാ… മുത്തശ്ശി പറഞ്ഞത് കേട്ടോ?
ധൈര്യം എന്ന് പറയുന്നത് വെറുതെ ആളാവാൻ കാണിക്കുന്നതല്ല, ആവശ്യസമയത്ത് മറ്റുള്ളവരെ സഹായിക്കാൻ ഉള്ളിൽ നിന്ന് വരുന്നതാണ് യഥാർത്ഥ ധൈര്യം!”

“അതെ!” കുട്ടികൾ മൂന്നുപേരും ഒരേസ്വരം തലയാട്ടി.

പുറത്ത് പെയ്തിറങ്ങിയ തണുത്ത കാറ്റിൽ ജാതിപ്പൂക്കളുടെ മണമുണ്ടായിരുന്നു.

അപ്പു ആനക്കുട്ടിയുടെ ധീരതയുടെ ഓർമ്മയിൽ, ആ വൃദ്ധദമ്പതിമാരുടെ വാത്സല്യത്തിന് കീഴിൽ, ആ കൊച്ചുമക്കൾ തങ്ങളുടെ അവധിക്കാലത്തിന്റെ ആദ്യ രാത്രിയിലേക്ക് ആഴത്തിൽ അലിഞ്ഞുചേർന്നു.

നാളത്തെ കഥ കേൾക്കാൻ തയ്യാറായിക്കോളു ട്ടോ കൂട്ടുക്കാരെ.. 

മുത്തശ്ശി നിങ്ങളോട് ഒരു കടംകഥ ചോദിക്കട്ടെ..

കണ്ണുണ്ട്, കാഴ്ചയില്ല…
തലയിൽ ജടയുണ്ട്, സന്യാസിയല്ല…
 ഉള്ളിൽ തെളിനീരുണ്ട്, പുഴയുമല്ല!
 ആരാണത്?”
 

ഇതിന്റെ ഉത്തരം കൂട്ടുക്കാർക്ക് അറിയാമോ എന്ന് നോക്കട്ടെ കമന്റിൽ പറയണേ.. 


📖 കഥ തുടരാം

“മുത്തശ്ശി തുറന്ന പത്തുലോകങ്ങൾ 🌳✨”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ Ayana prejosh-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!