Skip to content

സ്‌നേഹവീട് | part 1

read malayalam novel

വിഷു പ്രമാണിച്ചു കോളേജ് മൂന്ന് ദിവസത്തേക്ക് അടച്ചപ്പോ തറവാട്ടമ്പലത്തിലെ ഉത്സവം ആയത് കൊണ്ട് അതിൽ കൂടി ഒരു നാലു ദിവസം കൂടുതൽ ലീവെടുത്ത് നാട്ടിലേക്ക് പോകാൻ ഹോസ്റ്റലിൽ ഡ്രസ്സുകൾ വാരിവലിച്ചു ബാഗിൽ കുത്തികയറ്റുന്ന സമയത്താണ്, അപ്പുവിന്റെ ( അപർണ) ഫോൺ  ശബ്‌ദിച്ചത്…

“മോളേ നീ പുറപ്പെട്ടോ…?”  അമ്മയാണ്.

“ഇല്ല അമ്മാ ഇപ്പൊ ഇറങ്ങും…

“ട്രെയിനിൽ അല്ലേ വരുന്നത്..? ”

“അതേ.. ഞാൻ 3 മണിക്ക് അവിടെയിറങ്ങും…”

“എന്നാ ഏട്ടൻ സ്റ്റേഷനിലുണ്ടാകും അവന്റെ കൂടെ പൊന്നാൽ മതിട്ടോ…”

“ശരിയമ്മ… ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം..” ഫോൺ  ഓഫ് ചെയ്ത് ടൗവലും എടുത്ത് ബാത്റൂമിലോട്ടു കുളിക്കാൻ പോകാൻ നിന്നപ്പോഴാണ് അവളുടെ റൂംമേറ്റും, ബെസ്റ്റ് ഫ്രണ്ടുമായ അച്ചു (അശ്വതി) ഒരു വിഷാദ മൂകത നിറഞ്ഞ മുഖത്തോടെ ജനലിലൂടെ പുറം കാഴ്ചകളും നോക്കി ബെഡിൽ ഇരിക്കുന്നത് കണ്ടത്. അപ്പു അവളുടെ തലയിൽ തലോടികൊണ്ട് ചോദിച്ചു..

“എന്താടാ ഒരു ആലോചന ?  നീ ആരെയാ ഈ ജനലിലൂടെ നോക്കി ഇത്ര വിഷമത്തോടെ അയവിറക്കുന്നത്…?”

“ആരെയും അല്ലടി… നീ നാട്ടിൽ പോകാന്ന് ആലോചിച്ചപ്പോൾ ഒരു വിഷമം.  കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചപ്പോൾ എല്ലാവരും സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും പോയി. ഞാൻ മാത്രം ഇവിടെ ഒറ്റക്ക്. ഇനി നീയില്ലാത്ത ഈ നാല് ചുമരിനുള്ളിൽ ഒരാഴ്ച കഴിച്ചു കൂട്ടണം എന്നാലോചിക്കുമ്പോ ഒരു വിഷമം….”

“ഞാൻ പറഞ്ഞതാണല്ലോ നിന്നോടും എന്റെ കൂടെ പോരാൻ. നീ തന്നെയല്ലേ വരുന്നില്ലാന്നു പറഞ്ഞേ… ഞാൻ വീണ്ടും ചോദിക്കാ,  നീ വരുന്നുണ്ടങ്കിൽ വാ.. ”

“നിനക്കൊക്കെ എന്തൊരു സുഖമാ. കോളേജ് അടക്കുമ്പോൾ ഓടിച്ചെല്ലാൻ ഒരു വീട്. സ്നേഹിക്കാൻ അമ്മ, അച്ഛൻ, ഒരു ഏട്ടൻ.. നിന്നെ മാത്രം സ്നേഹിക്കുന്ന ഒരു നാട്… മറിച്ച്. എനിക്കും ഉണ്ട് അച്ഛനും അമ്മയും. സ്നേഹിക്കാൻ അറിയാത്ത ഒരു അച്ഛനും അമ്മയും അതും ഡിവോഴ്സായി ബന്ധം വേർപിരിഞ്ഞു രണ്ട് കുടുംബമായി കഴിയുന്നവർ. മകളുടെ  കാര്യം നോക്കാനോ. ഒന്നു അടുത്തു ചേർത്തിരുത്തി ഒന്നു സ്നേഹിക്കാനോ താലോലിക്കാനോ സമയമില്ലാത്ത അച്ഛനും അമ്മയും…”

അതു കേട്ട അപ്പുവിന് അവളോട് സഹതാപം തോന്നി….

“പോട്ടെഡാ. സാരല്ല്യാ. നിനക്ക് ഞാനില്ലേ….?” അതു കേട്ട അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൾ അപ്പുവിനെ കെട്ടിപിടിച്ചു.അപ്പു അവളുടെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു…

“ഇനി നീ ഇവിടെ ഒറ്റക്ക് നിന്നാൽ ശരിയാവില്ല. ഇനി നിന്നെ ഒറ്റക്ക് ഇവിടെ വിട്ട് പോയാൽ എനിക്ക് ഒരു സമാധാനം കിട്ടില്ല.. വാ നമുക്ക് വീട്ടിലോട്ട് പോകാം…”

“ഞാനില്ല നീ പൊക്കോ…”

“ദേ.. നീ എന്നെ ദേഷ്യം പിടിപ്പിക്കാതെ പറയുന്നത് അനുസരിക്ക്. നീ പോയി കുളിച്ചു റെഡിയായെ. നിനക്ക് എന്റെ അച്ഛനെയും അമ്മയെയും ഏട്ടനെയും എല്ലാം കാണണ്ടേ ?  നിനക്ക് കിട്ടാതെ പോയ സ്നേഹം മുഴുവൻ ഒരാഴ്ച കൊണ്ട് അവിടന്ന് കിട്ടും. നമുക്ക് ഒരാഴ്ച എന്റെ വീട്ടിൽ. അല്ല നമ്മുടെ വീട്ടിൽ അടിച്ചു പൊളിക്കാം. ഈ വിഷു നമുക്കെല്ലാവർക്കും ഒന്നിച്ചു ആഘോഷിക്കാം. ഒരിക്കലും മറക്കാത്ത ഒരു വിഷുവാക്കി മാറ്റാം നമ്മുക്കിതിനെ. നീ എന്നോട് പറഞ്ഞിട്ടില്ലേ ഒരു വിഷുവിനെങ്കിലും നിനക്ക് ഗുരുവായൂരപ്പനെ കണി കണ്ടുണരണമെന്ന്. ആ ആഗ്രഹവും സാധിക്കും. പിന്നെ വിഷു കഴിഞ്ഞു നാലാം ദിവസം ഞങ്ങളുടെ തറവാട്ടമ്പത്തിലെ ഉത്സവമാണ്. അതും കാണാം നിനക്ക്. നീ ഇതു വരെ എന്റ നാടും വീടും ഒന്നും കണ്ടിട്ടില്ലല്ലോ. ഒരു വട്ടം വന്നാൽ പിന്നെ നീ ഒരിക്കലും മറക്കില്ല. പിന്നെ നിനക്ക് അവിടന്ന് പോരാൻ തോന്നില്ല.. സ്വർഗ്ഗമാണ് എന്റ നാടും വീടും…” അതു കേട്ട അച്ചുവിന്റെ മുഖം ഒന്നു തെളിഞ്ഞു. അവൾ വരാം എന്ന് സമ്മതിച്ചു.. അപ്പു അമ്മയെ വിളിച്ചു അച്ചുവും വരുന്നുണ്ട് എന്നറിയിച്ചു. അമ്മക്ക് സന്തോഷായി. അപ്പു പറഞ്ഞു അമ്മക്കും അച്ഛനും ഏട്ടനും  അച്ചുവിന്റെ എല്ലാ കാര്യവും അറിയാമായിരുന്നു…

അശ്വതിയുടെ പേരൻറ്‌സ് അമേരിക്കയിൽ സെറ്റിൽഡായിരുന്നു. അശ്വതിയുടെ ബാല്യകാലം മുഴുവൻ അവിടെയായിരുന്നു. സ്നേഹിച്ചു വിവാഹം കഴിച്ചവരാണ് അശ്വതിയുടെ അച്ഛനും അമ്മയും. ആ ഒറ്റ കാരണത്താൽ അവരുടെ രണ്ടാളുടെയും വീട്ടുകാർ അവരെ ഉപേക്ഷിച്ചിരുന്നു. രണ്ടാളും നല്ല വിദ്യാഭ്യാസം ഉള്ളവർ, ഉയർന്ന ജോലി ഉള്ളവർ. സ്വിസ് ബാങ്കിൽ അക്കൌണ്ട്  ഉള്ളവർ. തുടക്കത്തിൽ രണ്ടാളും വളരെ സ്നേഹത്തിൽ ആയിരുന്നു. അശ്വതി ജനിച്ചതിൽപ്പിന്നെ കുടുംബത്തിൽ ചെറിയ വഴക്ക് തുടങ്ങി.. എല്ലാം കുഞ്ഞിനെ ചൊല്ലിയായിരുന്നു.. കുഞ്ഞിനെ നോക്കാൻ ആളില്ലാത്തത് കൊണ്ട് അശ്വതിയുടെ അച്ഛൻ അശ്വതിയുടെ അമ്മയോട് ജോലി ഉപേക്ഷിക്കാൻ പറഞ്ഞു. അമ്മ അതിന് തയ്യാറായില്ല. അതിനെ ചൊല്ലി എന്നും വീട്ടിൽ വഴക്കും അടിയുമായി.. ഒരു മുറിയിൽ ഒരു കട്ടിലിൽ കിടന്നിരുന്ന അവർ പിന്നെ രണ്ടു മുറികളിലായി കിടപ്പ്.. പിന്നെ അവിടന്നും അകന്ന് രണ്ട് ഫ്‌ളാറ്റുകളിൽ ആയി. അശ്വതി അമ്മയുടെ കൂടെ ആ ഫ്ലാറ്റിൽ തനിച്ചായി. അച്ഛൻ അവളെ തിരിഞ്ഞു നോക്കാതായി. അത് അവളുടെ കുഞ്ഞു മനസ്സിനെ ഒരു പാട് വേദനിപ്പിക്കുന്നുണ്ടായിരുന്നു. രണ്ടാളും വാശി തീർത്തിരുന്നത് അവളിലൂടെ ആയിരുന്നു. ഓരോ ദിവസം മുന്നോട്ട് പോകുന്തോറും അവരുടെ അകൽച്ച കൂടി കൂടി വന്നു. അവർ പരസ്പരം സംസാരിക്കാതെയും കാണാതെയുമായി. കണ്ടാൽ തന്നെ അപരിചിതരെ പോലെ മുഖം തിരിച്ചു നടക്കും. അച്ഛനെ കാണുമ്പോൾ അശ്വതിക്ക് അച്ഛന്റെ അടുത്തോട്ട് ഓടിച്ചെല്ലണമെന്നുണ്ടായിരുന്നു. പക്ഷെ അമ്മയുടെ അച്ഛന്റെ നേരെയുള്ള പക അതിന് തടസ്സമായി. ഇനി അഥവാ ഓടിച്ചെന്നാൽ തന്നെ അച്ഛൻ അവളെ സ്നേഹത്തോടെ പൊക്കിയെടുത്തു ഉമ്മ വെക്കും എന്ന ഉറപ്പും ഉണ്ടായിരുന്നില്ല.. അവരുടെ പകയുടെയും വാശിയുടെയും ഇടയിൽ രണ്ടാളുടെയും സ്നേഹവും ലാളനയും ലഭിക്കാതെ  അശ്വതി വളർന്നു.  അവൾ ബാല്യത്തിൽ നിന്നും കൗമാരത്തിലോട്ട് കടന്നു. അവസാനം അവർ രണ്ടാളും വേർ പിരിയാൻ തീരുമാനിച്ചു. പിരിയുന്നതിന് മുമ്പേ അശ്വതിയുടെ കാര്യത്തിൽ  അവർ ഒരു തീരുമാനം എടുത്തു. അശ്വതിയെ അവർ നാട്ടിൽ ഹോസ്റ്റലിൽ. നിർത്തി പഠിപ്പിക്കാൻ തീരുമാനിച്ചു. അതിന് അവളുടെ പേരില് ഒരു വലിയ എമൗണ്ട് ഫിനാൻസ് ഡെപ്പോസിറ്റും രണ്ടാളും ബാങ്കിൽ നിക്ഷേപിച്ചു. പിന്നെ മാസാമാസം ഒരു തുക രണ്ടാളും അവളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാനും തീരുമാനിച്ചു. അച്ഛനും അമ്മയ്ക്കും നാട്ടിൽ വന്നു എപ്പോ വേണമെങ്കിലും അവളെ കാണാം. ഒരുമിച്ചല്ല ഒറ്റക്ക്. പിന്നെ അശ്വതിക്കു ഒരു കാര്യത്തിനുള്ള അനുവാദവും അവർ കൊടുത്തു. അവൾക്ക് ആരെ വേണമെങ്കിലും അവളുടെ ജീവിതത്തിലോട്ട് ലൈഫ് പാർട്ണറായി തിരഞ്ഞെടുക്കാം. അതിന് ഒരിക്കലും അവർ രണ്ടാളും ഒരു തടസ്സമാവില്ല. അവർ രണ്ടാളും ഒരുമിച്ചു വന്നു വിവാഹം നടത്തി കൊടുക്കാം എന്നും പറഞ്ഞു. ഇനി അവരെ ഒരുമിച്ചു ഒരു ദിവസം അശ്വതിക്ക് കാണണമെങ്കിൽ അതിന് അവൾ അവളുടെ വിവാഹം വരെ കാത്തിരിക്കണം. പഠിച്ചതും വളർന്നതും അമേരിക്കയിൽ ആണെങ്കിലും. അവൾ സ്നേഹിച്ചത് നമ്മുടെ മലയാള നാടിനെയാണ്. അതു കൊണ്ട് തന്നെ അവൾക്ക്  മലയാളം നല്ല വശമായിരുന്നു. നാട്ടിൽ എത്തിയതിനു ശേഷം കോളേജിൽ നിന്നും കിട്ടിയതാണ് അശ്വതിക്കു  അപർണയെ. അപർണയാണ് അശ്വതിക്ക് അച്ചൂ എന്ന് പേരിട്ടതും ആദ്യം വിളിച്ചതും. സ്നേഹത്തിൽ ചാലിച്ച ആ പേര് അശ്വതിക്ക് ഒരു പാട് ഇഷ്ടമായി. അവൾ അങ്ങനെ വിളിക്കുമ്പോൾ എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത പോലെ ജീവിക്കുന്ന അവൾക്ക് ആരൊക്കെയോ ഉണ്ട് എന്ന ഒരു തോന്നാലുണ്ടായിരുന്നു.
കോളേജിലും ഹോസ്റ്റലിലെ രണ്ടാളും ഒരേ ക്ളാസിലും ഒരേ മുറിയിലും. അച്ചുവിന്റെ കഥകൾ എല്ലാം അറിയുന്ന അപ്പുവിന് അവളെ ഭയങ്കര ഇഷ്ടമായിരുന്നു. അവർ രണ്ടാളും സഹോദരങ്ങളെ പോലെ ക്യാമ്പസിലും ഹോസ്റ്റലിലും കഴിഞ്ഞു കൂടി. എല്ലാ ഇടത്തു നിന്നും സ്നേഹം നിഷേധിക്കപ്പെട്ട അച്ചുവിന് ഇന്ന് ഏക ആശ്വാസം അപ്പുവാണ്. രണ്ടാളും കണ്ടു മുട്ടിയതിന് ശേഷം അധിക സമയം അവർ പിരിഞ്ഞിരുന്നിട്ടില്ല. വല്ലപ്പോഴും അപ്പു നാട്ടിൽ പോകുമ്പോൾ ഒന്നോ രണ്ടോ ദിവസം അല്ലാതെ……….

സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ പാടെ അപ്പു ഏട്ടനെ അവിടെയെല്ലാം തിരഞ്ഞു.  ഏട്ടനെ അവിടെ കാണാഞ്ഞത് കൊണ്ട് അപ്പു ഏട്ടന് ഫോണ് ചെയ്തു…

“ഏട്ടാ ഇത് എവിടെയാ നിൽക്കുന്നെ?   ഞങ്ങൾ ഇവിടെത്തി…”

“ഞങ്ങളോ. അതാരാടീ നീ കൂടാതെ വേറെയാള്‌….?”

“ഞാനും പിന്നെ എന്റെ കൂട്ടുകാരി അച്ചുവും. ഞാൻ പറഞ്ഞിട്ടില്ലേ ഏട്ടനോട് അച്ചുവിനെ പറ്റി. അശ്വതി…?”

“ആ ഇപ്പൊ മനസ്സിലായി. നിങ്ങൾ അവിടെത്തന്നെ നിന്നോ റഹ്മാൻ ഓട്ടോയും കൊണ്ട് ഇപ്പൊ അവിടെ വരും. നിങ്ങൾ അതിൽ വീട്ടിലോട്ട് പൊക്കോ. ഞാൻ വരാൻ കുറച്ചു വൈകും. ഞാൻ അര്ജുനെയും കൊണ്ട് ഒരിടം വരെ പോയിരിക്ക്യ. മോള് വീട്ടിൽ എത്തി കുറച്ചു കഴിയുമ്പോത്തിന് ഏട്ടൻ അവിടെയെത്തും “.

“ശരിയേട്ടാ…” അപ്പു ഫോണ് വെച്ചതും അച്ചു ചോദിച്ചു.

“എന്താ.. ഏട്ടൻ വരില്ലേ…?”

“ഇല്ല. ഏട്ടൻ അര്ജുനെയും കൊണ്ട് ഒരിടം വരെ പോയിരിക്യ… നമ്മളെ എടുക്കാൻ റഹ്‌മാനിക്ക ഇപ്പോൾ ഓട്ടോയും കൊണ്ട് വരും…”

“അതാരാ അർജുൻ… ?  അങ്ങനെ ഒരാളെ പറ്റി നീ എന്നോട് പറഞ്ഞിട്ടില്ലല്ലോ…?”

“ആ… ഇല്ല.. അർജ്ജുനനും ഞങ്ങളെ കുടുംബത്തിലെ ഒരു അംഗമാണ്… അതൊക്കെ നിനക്ക് വീട്ടിൽ ചെല്ലുമ്പോൾ കാണാം “.

കുറച്ചു സമയത്തിനുള്ളിൽ റഹ്മാൻ ഓട്ടോയും കൊണ്ട് വന്നു. റഹ്‌മാൻ അവരുടെ ബാഗെല്ലാം ഓട്ടോയിൽ എടുത്തു വെച്ചു ഓട്ടോ മുന്നോട്ടെടുത്തു. റഹ്മാൻ ഏട്ടന്റെ കൂട്ടുകാരനാണ്. റഹ്‌മാനും അപ്പുവിന് എട്ടനെപോലെയാണ്. കുഞ്ഞുന്നാളിൽ  കുറേ എടുത്തു നടന്നിട്ടുണ്ട് അപ്പുവിനെ…

“അപ്പൂസേ.. ആരാ ഇത് കൂട്ടുകാരിയാ.? ”

“അതേ ഇക്കാ.. ഇക്കാ ഞങ്ങൾക്ക്  ദാഹിക്കുന്നൂ.  ഞങ്ങൾക്ക്  ഉപ്പിട്ട നാരങ്ങാ വെള്ളം വേണം…”

“അതിനെന്താ. നമുക്ക് കുടിക്കാലോ. എന്താ നിന്റെ കൂട്ടുകാരി ഒന്നും മിണ്ടാത്തത് ? “റഹ്മാൻ ഓട്ടോ ഓടിക്കുന്നതിനുള്ളിൽ ചിരിച്ചു കൊണ്ട് മിററിൽ കൂടി നോക്കി ചോദിച്ചു.

“അതൊക്കെ അവൾ മിണ്ടും. കുറച്ചു കഴിയട്ടെ ഇപ്പൊ വന്നിറങ്ങിയിട്ടല്ലേ ഒള്ളൂ. ഇവൾ മിണ്ടിയാൽ പിന്നെ നിർത്താനാണ് പാട്. ഡീ, ഇതും എന്റെ ഒരു ചേട്ടനാണ്. റഹ്‌മാനിക്ക.  ചെറുപ്പത്തിൽ ഈ പുറത്തിരുത്തി എന്നെ കുറേ ആന കളിപ്പിച്ചിട്ടുണ്ട്. എന്റെ പിച്ചും കടിയും കുറേ വാങ്ങിയിട്ടുണ്ട്.. അല്ലെ ഇക്കാ.. ? ” അപ്പു സ്നേഹത്തോടെ റഹ്‌മാനോടും അച്ചുവിനോടും പറഞ്ഞു. അതു കേട്ട അച്ചു ചിരിച്ചു.

“എന്താ കൂട്ടുകാരിയുടെ പേര്? ” അതു കേട്ട അച്ചു പറഞ്ഞു…

“അശ്വതി… ഇവൾ എന്നെ അച്ചൂന്ന് വിളിക്കും..”

“എന്നാ ഇനി ഞാനും അങ്ങനെ വിളിക്കാം.. കുറച്ചു ദിവസം ഉണ്ടാകില്ലേ ഇവിടെ. വിഷുവും ഉത്സവവും  അടിച്ചു പൊളിക്കണ്ടേ നമുക്ക്…? ” അതിന് മറുപടി പറഞ്ഞത് അപ്പുവാണ്…

“പിന്നെ അടിച്ചു പൊളിക്കാണ്ട്. ഒരാഴ്ച ഉണ്ടാകും ഇവിടെ… അതു കഴിഞ്ഞു തിരിച്ചു പോകണം എന്ന് ആലോചിക്കുമ്പോഴാ ഒരു വിഷമം….”

സ്റ്റേഷനിൽ നിന്നും അപർണയുടെ വീടായ ചിറക്കൽ വീട്ടിലോട്ട് 6 കിലോമീറ്റർ ദൂരം ഉണ്ട്.. മൂന്നു കിലോമീറ്റർ കഴിഞ്ഞാൽ  പിന്നെ മെയിൻ റോഡിൽ നിന്നും പഞ്ചായത്ത് റോട്ടിലൂടെയാണ് വീട്ടിലോട്ടുള്ള യാത്ര. അപ്പുവിന്റെ അച്ഛൻ ചിറക്കൽ ശിവരാമൻ നായർ ആ നാട്ടിലെ വലിയ ജന്മിയും കൃഷിക്കാരനും ഭൂവുടമയുമാണ്. ആ നാട്ടിലെ ഒട്ടു മിക്ക സ്ഥലങ്ങളും അവരുടെയാണ്. നെല്ലും തെങ്ങും വാഴയും പച്ചക്കറിയും കപ്പയും ആണ് കൃഷി. അതും ഏക്കറ് കണക്കിൽ കണ്ണെത്താ ദൂരം വരെ.. എല്ലാ ദിവസവും പാടത്തും തൊടിയിലുമായി എപ്പോഴും പത്തു പതിനഞ്ചു ജോലിക്കാര് കാണും. ശിവരാമൻ നായരും കൂടും അവരുടെ കൂടെ, ഒരു പണിക്കാരനായും ഒരു സഹോദരനായും എപ്പോഴും.  പക്ഷെ അദ്ദേഹം എപ്പോഴും പറയാറ് അദ്ദേഹത്തിന്റെ  ഏറ്റവും വലിയ സ്വത്ത് എന്ന് പറയുന്നത് ഭാര്യയും രണ്ട് കുഞ്ഞുങ്ങളും നാട്ടുകാരും ആണെന്നാണ്… നാട്ടുകാര്ക്ക് ശിവരാമൻ നായർ എന്നു പറഞ്ഞാൽ ഭയങ്കര ബഹുമാനവും സ്നേഹവുമാണ്. നാട്ടുകാർക്ക് എപ്പോ വേണമെങ്കിലും എന്തു പ്രശ്നം ഉണ്ടായാലും ഏതു പാതിരാത്രിക്കും ആ നാലുകെട്ടിലോട്ട്  ഓടിച്ചെല്ലാം. അവരുടെ പ്രശ്നം പരിഹരിച്ചതിനു ശേഷമേ ആ വീട്ടിൽ ആരും പിന്നെ ജലപാനം കഴിക്കൂ… നാട്ടുകാരുടെ എന്തു പ്രശ്നത്തിലും അദ്ദേഹം ഇടപെടുകയും,  ജാതിയും മതവും നോക്കാതെ എല്ലാവരെയും ഒരുപോലെ കണ്ട് കയ്യഴിഞ്ഞു സഹായിക്കുകയും ചെയ്യും. ഒരു പണക്കാരനാണെന്ന അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരാൾ. എപ്പോഴും സാധാരണക്കാരുടെ ഇടയിൽ ആയിരിക്കും അദ്ദേഹം. നാട്ടുകാർ ചിറക്കൽ വീടിനെ വിളിക്കുന്നത് തന്നെ സ്നേഹ വീട് എന്നാണ്… മകനായ കണ്ണനും ( ഗോപൻ. അപ്പുവിൻറെ ചേട്ടൻ ). അച്ഛനെ പോലെ തന്നെയായിരുന്നു സ്നേഹ സമ്പന്നൻ. നല്ല വിദ്യാഭ്യാസം ഉള്ളവൻ. IAS സെലക്ഷൻ കിട്ടിയവൻ. ആ ജില്ലയിൽ തന്നെ സബ് കളക്ടറായി ജോലി നോക്കണം എന്നാണ് ആഗ്രഹം. അതിന് കാത്തിരിക്കുന്നു.  എപ്പോഴും അച്ഛന്റെ നിഴലായി നടക്കുന്നവൻ. അവന്റെ കൂട്ടുകാർ ഇപ്പോഴും ആ നാട്ടിലെ  അവന്റെ ബാല്യകാല കളിക്കൂട്ടുകാരാണ്. അതിലെ ഒരാളാണ് റഹ്മാൻ വേറെയും ഉണ്ട് നാലഞ്ച് കൂട്ടുകാർ…. അപ്പുവും കണ്ണനെ പോലെ തന്നെയാണ്, അവളെ എല്ലാവർക്കും വലിയ കാര്യമാണ്. അവൾ ശിവരാമൻ നായരുടെ മകളാണെങ്കിലും. നാട്ടുകാർ മൊത്തം പറയാറ് അവൾ അവരുടെ മൊത്തം മകളാണെന്നാ.അത്രക്കും ഇഷ്ട്ടമാണ് എല്ലാവർക്കും അവളെ. എല്ലാവരോടും കലപിലാന്ന്  സംസാരിക്കുന്ന ഒരു വായാടിക്കുട്ടി. പിന്നെ അമ്മ.. അതു പിന്നെ പറയണ്ടല്ലോ… നാട്ടുകാർ പറയുന്നത്  ആ വീടിന്റെ ഐശ്വര്യം എന്ന് പറയുന്നത് തന്നെ  ലക്ഷ്മിയമ്മയാണെന്നാണ്. പേരു പോലെതന്നെ ലക്ഷ്മീ ദേവിയെ പോലത്തെ ഒരമ്മ…………

ഓട്ടോ മെയിൻ റോട്ടിൽ നിന്നും പഞ്ചായത്ത് റോട്ടിലോട്ട് കടന്നു. റോഡിന്റെ ഇരു വശവും  കണ്ണെത്താ  ദൂരം വരെ വിളഞ്ഞു പച്ച പുതച്ചു കിടക്കുന്ന നെൽ പാടങ്ങളും തോടുകളും അരുവികളും, തോടിന്റെ അരികിൽ തലയുയർത്തി നിൽക്കുന്ന പനകളും തെങ്ങുകളും, പാടത്തിന്റെ ഒരു ഒരു വശത്ത് പന്തലിട്ട പോലെ വാഴകളും കപ്പ കൃഷിയും അതെല്ലാം ആ  ഗ്രാമത്തിന് ഭംഗി കൂട്ടുന്നു. നല്ല ഒന്നാന്തരം ഒരു നാട്ടുംപുറം….

റഹ്മാൻ ഓട്ടോ ഹസനിക്കയുടെ മിഠായിക്കടയുടെ അവിടെ ഒതുക്കി. ഓട്ടോ നിർത്തിയതും. ഹസനിക്കയെ കണ്ടതും അപ്പു ആവേശത്തോടെ ചാടിയിറങ്ങി , സ്നേഹത്തോടെ പുഞ്ചിരിച്ചു കൊണ്ട് ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു…

“ഹസ്സനിക്കാ ഞാൻ വന്നു…”

“അല്ലാ.. ആരിത്. അപ്പുമോളോ?   എന്റ മോളെത്തിയോ. മോള് കോളേജിന്ന് വരുന്ന വഴിയാണോ…? ”

“അതേ… ഇക്കാ എനിക്ക് ഉപ്പിട്ട നാരങ്ങാ വെള്ളം വേണം…”  അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു.

“അതിനെന്താ എന്റെ മോൾക്ക്‌ എന്താ വേണ്ടേ…. ഇവിടെയുള്ള എല്ലാം മോൾക്കുള്ളതല്ലേ.. ആരാ ഓട്ടോയിൽ വേറെ ഒരു കുട്ടി…?”

“എന്റെ കൂട്ടുകാരിയാണ്. അവൾക്കും വേണം”.

“രണ്ടാൾക്കും തരാം. ഇരിക്കിൻ…” ഹസാനിക്ക തോളിലിട്ട തൂവാലകൊണ്ടു കടയുടെ മുന്നിലെ ബെഞ്ചിലെ പൊടി തട്ടിക്കളഞ്ഞു കൊണ്ട് പറഞ്ഞു… “അച്ഛനുണ്ടായിരുന്നു ഇതു വരെ. ഇപ്പൊ ഇവിടന്നു പോയിട്ടൊള്ളൂ.. ചിലപ്പോൾ പാടത്തു കാണും.. പശൂനെയും  ക്ടാവിനെയും പാടത്ത് കെട്ടിയിരുന്നു, അതിനെ അഴിക്കണംന്നു പറഞ്ഞു “.

അപ്പു ഹസനിക്കയെയും അവിടെ ഉണ്ടായിരുന്ന രണ്ട് മൂന്ന് ആളുകളെയുമെല്ലാം അച്ചുവിന് പരിചയപെടുത്തി കൊടുത്തു. പിന്നെ വിളഞ്ഞു കിടക്കുന്ന പാടത്തോട്ട് വിരൽ ചൂണ്ടികൊണ്ടു പറഞ്ഞു. ഇതെല്ലാം അവരുടെ സ്ഥലമാണ് എന്ന്… ഹസനിക്ക കൊടുത്ത നാരങ്ങാവെള്ളം കുടിച്ചു കഴിഞ്ഞതും ഹസാനിക്ക അശ്വതിയോട് പറഞ്ഞു…

“കേട്ടോ മോളേ. അപ്പു മോള് വന്നാൽ ഈ നാട് മുഴുവൻ അറിയും. വരുന്ന വഴിക്ക് തന്നെ ഇവൾ നാട്ടിലെ എല്ലാത്തിനോടും സംസാരിച്ചു കൊണ്ടാ വരാ .. ഒരു വായാടിയാ ഇവൾ. എനിക്ക് എന്റെ മോളേ പോലെയാ ഇവൾ.. അല്ലെ മോളേ…?”

അതെല്ലാം കേൾക്കുമ്പോഴും കാണുമ്പോഴും  അശ്വതിക്ക് അത്ഭുതമാണ്  തോന്നിയത്. അപ്പു പറഞ്ഞത് എത്ര ശരിയാണ്. സ്വർഗം തന്നെയാണ് ഇവിടെ. എല്ലാവരുടെയും സ്നേഹത്തോടെയുള്ള പെരുമാറ്റത്തിൽ നിന്നും  അവളും ആ നാടിനെയും നാട്ടുകാരെയും ഇഷ്ടപ്പെടുകയായിരുന്നു. നാട്ടുകാർ ഇത്ര സ്നേഹ സമ്പന്നരാണെങ്കിൽ. അപ്പൊ അപ്പുവിന്റെ വീട്ടുകാർ ഇതിനും അപ്പുറമായിരിക്കും. ഇതല്ലാം അവളുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. അച്ചുവിന് ആ വീട്ടിൽ എത്താൻ തിടുക്കമായി. ഹസനിക്കയോട് പിന്നെ കാണാം എന്നും പറഞ്ഞു അവർ ഓട്ടോയിൽ കയറി വീണ്ടും മുന്നോട്ട് യാത്രയായി. പോകുന്ന വഴിക്കെല്ലാം ആ നാടിന്റെ ഗ്രാമീണ ഭംഗി അച്ചു ആസ്വദിക്കുകയായിരുന്നു. മൂകത നിറഞ്ഞ അവളുടെ മനസ്സ് ഉണരാൻ തുടങ്ങിയിരുന്നു. പോകുന്ന വഴിക്കെല്ലാം പച്ച പുതച്ചു കിടക്കുന്ന അപ്പുവിന്റെ നാടിനെപ്പറ്റി അച്ചുവിനോട് അവൾ വാ തോരാതെ വർണിച്ചു കൊണ്ടിരുന്നു.. വീട് എത്താൻ ഇനിയും കുറച്ചും കൂടി പോണം. അപ്പോഴാണ് പാടത്തു നിന്നു നന്ദിനി പശുവിനെയും ക്ടാവിനെയും അഴിച്ചു കൊണ്ട് വരമ്പത്തു കൂടെ നടന്നു വരുന്ന അച്ഛനെ അപ്പു കണ്ടത്. അച്ഛനെ കണ്ടതും അപ്പു റഹ്‌മാനോട് പറഞ്ഞു…

“ഇക്കാ വണ്ടി നിർത്ത്. ഞങ്ങൾ ഇവിടെ ഇറങ്ങിക്കോളാം. അച്ഛനവിടെ ഉണ്ട്. ഞങ്ങൾ അച്ഛന്റെ കൂടെ വീട്ടിലോട്ട് പൊക്കോളം ഇക്ക പൊക്കോ…” അതും പറഞ്ഞു അവർ ഓട്ടോയിൽ നിന്നും ബാഗെല്ലാം  എടുത്തു ഇറങ്ങി…

അച്ഛനെ കണ്ട സന്തോഷത്തിൽ അപ്പു അച്ചുവിനെയും കൂട്ടി പാടവരമ്പത്തുകൂടെ അച്ഛന്റെ അടുത്തേക്ക് ഓടിക്കൊണ്ട് ഉറക്കെ വിളിച്ചു… അച്ഛാ എന്ന്. ആ വിളി കേട്ടതും ശിവരാമാൻ നായർ മകളെ കണ്ട സന്തോഷത്തിൽ പശുവിന്റെ കയറും പിടിച്ചു വരമ്പത്ത് തന്നെ നിന്നു. അപ്പു ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു. ആ കവിളിൽ ഒരു മുത്തം കൊടുത്തു. അച്ഛൻ തിരിച്ചു അവളുടെ കവിളിലും സ്നേഹത്തോടെ അധരം അമർത്തിക്കൊണ്ട് പറഞ്ഞു…

“വിട് മോളേ. അച്ഛന്റെ ദേഹത്ത്  അപ്പിടി അഴുക്കും വിയർപ്പുമാണ്. മോളുടെ ഡ്രസ്സെല്ലാം മുഷിയും “.

അതു കേട്ടതും അപ്പു അച്ഛനെ ഒന്നും കൂടി വാരി പുണർന്നു. ആ നെഞ്ചിൽ തല ചായ്ച്ചു  കൊഞ്ചിക്കൊണ്ടു പറഞ്ഞു…

“എന്റെ അച്ഛൻ കൊണ്ട വെയിലിന്റെയും വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമല്ലേ അച്ഛാ ഞാൻ. ആ എന്റെ അച്ഛനെ കെട്ടി പിടിച്ചത് കൊണ്ട് ഒരിക്കലും എന്റെ ദേഹം ചീത്തയാവില്ല “.
ആ വാക്കുകൾ ശിവരാമൻ നായരുടെ കണ്ണുകൾ ചെറുതായി ഈറനണിയിച്ചു. പിന്നെ അദ്ദേഹം അവളെ ഒന്നും കൂടി ചേർത്തു പിടിച്ചു കൊണ്ട്, അവളെ മൊത്തം കണ്ണോടിച്ചു കൊണ്ട് ചോദിച്ചു…

“അച്ഛന്റെ മോള് ക്ഷീണിച്ചോ? ”

“ഇല്ലഛ.. അത് അച്ഛന് ഒരുപാട് ദിവസം എന്നെ കാണാതിരുന്നത് കൊണ്ട് തോന്നുന്നതാ.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…. അപ്പുവിന്റെയും അച്ഛന്റെയും സ്നേഹപ്രകടനം കണ്ട് കണ്ണും മനസ്സും നിറഞ്ഞു, ഒരത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്ന അച്ചുവിനെ അപ്പോഴാണ് ശിവരാമൻ നായർ കണ്ടത്…

“അതാരാ മോളേ ആ കുട്ടി?   കൂട്ടുകാരിയാ..

“അച്ഛനോട് ഞാൻ പറഞ്ഞിട്ടില്ലേ അച്ചുവിനെപ്പറ്റി, അവളാണ് ഇവൾ  “… അതു കേട്ട ശിവരാമൻ നായർ അച്ചുവിനെ നോക്കി ചോദിച്ചു….

“മോളെന്താ അവിടെ നിന്നു കളഞ്ഞത്, ഇങ്ങോട്ട് വാ “. അച്ഛൻ വാത്സല്യത്തോടെ അവളെ അടുത്തേക്ക് വിളിച്ചു. അതു കേട്ട അവൾ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. അച്ഛൻ അവളുടെ നെറുകയിൽ തലോടികൊണ്ട് സ്നേഹത്തോടെ ചോദിച്ചു….

“സുഖാണോ മോൾക്ക്‌.. മോളേപ്പറ്റി എല്ലാ വരവിലും ഇവൾ വാ തോരാതെ പറയും. അപ്പോഴെല്ലാം ഞാൻ ഇവളോട് പറയും ഒരു ദിവസം മോളേം കൂട്ടി വരാൻ. ഇപ്രാവശ്യം മോള് വന്നല്ലോ അച്ഛന് സന്തോഷായി “. അതും പറഞ്ഞു അദ്ദേഹം അവളെ ചേർത്തു പിടിച്ചു…. ആ കരങ്ങൾ അവളെ ചേർത്ത് പിടിച്ചതും അച്ചുവിന്റെ കണ്ണും മനസ്സും നിറച്ചു.  കാരണം അത് ആദ്യത്തെ അനുഭവമായിരുന്നു അവൾക്ക്. അവളെ ഇത്രത്തോളം സ്നേഹത്തോടെ അവളുടെ അച്ഛൻ പോലും ചേർത്തു പിടിച്ചിട്ടില്ല. അവൾ അദ്ദേഹത്തിന്റെ നെഞ്ചിൽ തല ചായിച്ചു കൊണ്ട് അവർ കാണാതെ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു ,  സുഖമാണന്ന്…

“എന്നാ മക്കള് വാ, നമുക്ക് വീട്ടിലോട്ട് പോകാം “… അതു കേട്ട അപ്പു ബാഗ് അച്ചുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് അച്ഛനോട് പറഞ്ഞു. അച്ഛാ നന്ദിനിയെ ഞാൻ പിടിച്ചോളാം എന്ന്…

“വേണ്ട അവൾ പഴയ പോലെയല്ല പ്രസവം കഴിഞ്ഞതിനു ശേഷം കുറച്ചു കുറുമ്പത്തിയാ. ചിലപ്പോൾ കുത്തും “. അതു കേട്ട അപ്പു പറഞ്ഞു…

“എന്റെ അച്ഛൻ കൂടെയുള്ളപ്പോഴോ. എന്നാൽ ഇവൾ വിവരമറിയും. ഹാ “.  അതും പറഞ്ഞു. അവൾ അച്ഛന്റെ കയ്യിൽ നിന്നും നന്ദിനിയുടെ കയർ വാങ്ങി വലിച്ചു കൊണ്ട് മുന്നിൽ നടന്നു. കൂടെ കിങ്ങിണി കിടാവും തുള്ളി ചാടി ഓടി. പിറകിൽ അച്ഛനും അച്ചുവും നടന്നു.

വീടിന്റെ പടിപ്പുര എത്തിയതും അച്ചു കണ്ടു പടിപ്പുരക്ക് മുകളിൽ വലിയ അക്ഷരത്തിൽ ചിറക്കൽ തറവാട് എന്നെഴുതിയത്.. പടിപ്പുര കടന്ന് മുറ്റത്തേക്ക് കടന്നതും ആ വലിയ നാലുകെട്ട് കണ്ട അച്ചു കണ്ണ് മിഴിച്ചു പോയി. അവൾ അത്ഭുതത്തോടെ ആ വീടും പരിസരവും മൊത്തം ഒന്ന് വീക്ഷിച്ചു. അവൾ ഇതു പോലത്തെ വീട് മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമയിൽ മാത്രമേ കണ്ടിട്ടൊള്ളു. അവൾ മനസ്സിൽ പറഞ്ഞു എന്തൊരു മനോഹരമാണ് ഈ വീട്. പടിപ്പുരതൊട്ട് മുറ്റം വരെ വലിയ നടപ്പാത . വലിയ വിശാലമായ  മുറ്റം.  മുറ്റത്തിന്റെ ഒരു സൈഡിൽ നാളികേരം കുന്ന് പോലെ കൂട്ടിയിട്ടിരിക്കുന്നു. മുറ്റത്ത് പൂത്തു വട വൃക്ഷം പോലെ നിൽക്കുന്ന മുവ്വാണ്ടൻ മാവ്. വീടിന്റെ ഉമ്മറപ്പടിക്കു മുമ്പിൽ സ്ഥിതി ചെയ്യുന്ന തുളസിത്തറ. അതിൽ കൃഷ്ണ തുളസി നിറഞ്ഞു പൂവിട്ടു നിൽക്കുന്നു. വീടിന്റെ വടക്ക് ഭാഗത്തു തൊഴുത്ത്. തൊഴുത്തിന്റെ കുറച്ചപ്പുറം ഷെഡിൽ കാർ നിർത്തിയിത്തിയിട്ടിരിക്കുന്നു. അതും ബെൻസ്. അതിന്റെ കുറച്ചപ്പുറം ഉയരത്തിൽ വേറെ ഒരു ഷെഡ്. കാലിയായി കിടക്കുന്നു അതിന്റെ മുന്നിൽ വലിയ തടി പോലെ ഒരു കുറ്റിയും. തെക്ക് ഭാഗത്തു പത്തായ പുര. അതും ഒരു വീട് പോലെ രണ്ടു നിലയിൽ തലയുയർത്തി നിൽക്കുന്നു. അതെല്ലാം ഒരത്ഭുതത്തോടെ അവൾ നോക്കി നിന്നു.. അവളുടെ അവിടെയുള്ള നിൽപ്പ് കണ്ട ശിവരാമൻ നായർ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

“എന്താ ഇവിടെ നിന്നു കളഞ്ഞത് ഇത് മോളുടെയും കൂടി വീടാ “..പിന്നെ അകത്തേക്ക് നോക്കി ഒറ്റ വിളിയാ അച്ഛൻ. ലക്ഷ്മീ എന്ന്. ആ വിളി കേട്ട അമ്മ അകത്തളത്തിൽ നിന്നും മുറ്റത്തേക്ക് വന്നു. അമ്മയെ കണ്ടതും അച്ഛൻ അച്ചുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…

“ഇതാരാ വന്നേന്നു നോക്കിയെ. നമ്മുടെ മോളും പിന്നെ അച്ചുവും “.. അതു കേട്ട അമ്മ അച്ചുവിനെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.. സുഖാണോ മോളേ എന്ന്… അമ്മയുടെ സ്നേഹം ഒട്ടും അനുഭവിക്കാത്ത അച്ചുവിന് അതും ആദ്യത്തെ അനുഭവമായിരുന്നു. ആ സ്നേഹത്തിനു മുന്നിലും അറിയാതെ അവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു.. അവൾ സ്നേഹത്തോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു സുഖമാണെന്നു… അപ്പോഴാണ് അമ്മ അപ്പുവിനെ അവിടെ എവിടേയും കാണാത്തത് കൊണ്ട് ചോദിച്ചത്. അപ്പു എവിടെ എന്ന്. അതു കേട്ട അച്ഛൻ പറഞ്ഞു . അവൾ പശൂനെയും കൊണ്ട് തൊഴുത്തിലോട്ടു പോയിട്ടുണ്ട് എന്ന്. അപ്പോഴേക്കും പശൂവിനെ തൊഴുത്തിൽ കെട്ടിയിട്ട് അപ്പു ഓടി അവിടേക്ക് വന്നു തുള്ളി ചാടികൊണ്ട് അമ്മയെ കെട്ടി പിടിച്ചു പറഞ്ഞു…

“അമ്മേ. അമ്മേടെ മോള് വന്നല്ലോ “… അതു കണ്ട അമ്മ കുതറി മാറികൊണ്ടു പരിഭവത്തോടെ പറഞ്ഞു..

“എന്നാലും നീ വീട്ടിലോട്ട് വന്നിട്ട് എന്നെ കാണാതെ നേരെ തൊഴുത്തിലോട്ടല്ലെ പോയത്. എനിക്ക് വിഷമായി ” …

“അച്ചോടാ അപ്പോഴേക്കും എന്റെ അമ്മക്കുട്ടി പിണങ്ങിയോ. പിണക്കം ഇപ്പൊ ഞാൻ മാറ്റിത്തരാം ” . അതും പറഞ്ഞു അവൾ അമ്മയുടെ കവിളത്ത് ഉമ്മ വെച്ചു പിന്നെ കവിളിൽ ഒരു കടിയും കൊടുത്തു….

“അയ്യോ എനിക്ക് വേദനിക്കുന്നു . ഡീ പെണ്ണേ നിന്നെ ഞാൻ “.. അതും പറഞ്ഞു അമ്മ സ്നേഹത്തോടെ അവളെ തല്ലാൻ കയ്യോങ്ങിയതും.. അവൾ ഒഴിഞ്ഞു മാറി കൊഞ്ഞനം കുത്തികൊണ്ട് അകത്തേക്കോടി. അതു കണ്ട അമ്മ ചിരിച്ചു കൊണ്ട്. പറഞ്ഞു… “ഇത്രയൊക്കെ വലുതായിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറിയിട്ടില്ല… ഇനി കുറച്ചു ദിവസം ഈ വീടും നാടും അവൾ ഉഴുതു മറിക്കും “. അതു കേട്ടതും അച്ഛനും അച്ചുവും ചിരിച്ചു…

“കണ്ണൻ അര്ജുനെയും കൊണ്ട് വന്നില്ലേടി…? ” അച്ഛൻ ചോദിച്ചു…

“ഇല്ല അവൻ വിളിച്ചിരുന്നു. ഇരുട്ടിയിട്ടെ എത്തൂ എന്ന് പറഞ്ഞു “.

“എന്നാ നീ മോളേയും കൂട്ടി അകത്തോട്ട് ചെല്ലു… ചെല്ലൂ മോളേ “.അച്ഛൻ അച്ചുവിനോട് പറഞ്ഞു…ലക്ഷ്മിയമ്മ അച്ചുവിനെയും കൂട്ടി അകത്തേക്ക് നടന്നു….

അകത്തളത്തിലെ വിശാലമായ ഇടനാഴിയിലോട്ടു കടന്നതും അച്ചു കണ്ടു. വിശാലമായ നടുമുറ്റത്തിന്റെ നടുവിൽ ഒരു തുളസി തറയും കൂടി. അവൾ ആ വലിയ വീടിന്റെ ഉള്ള് മുഴുവൻ ചുറ്റിനടന്നു കണ്ടു. രണ്ടാം നിലയിലെ മട്ടുപ്പാവിൽ നിന്നാൽ ആ നാടിന്റെ ഹരിത ഭംഗി കണ്ണെത്താ ദൂരം വരെ ആസ്വദിക്കാൻ പറ്റും. അവിടെ നിന്നു നോക്കുമ്പോൾ ആ ഗ്രാമത്തിന് ഭംഗി വർധിച്ച പോലെ അവൾക്ക് തോന്നി. ആ വീടിന്റെ ഉള്ളു മുഴുവൻ അച്ചുവിന് ഒരു പോസ്റ്റീവ് എനർജി ഫീൽ ചെയ്തു.

താഴത്ത് നിന്നും ലക്ഷ്‌മിയമ്മയുടെ വാത്സല്യത്തോടെയുള്ള,  അച്ചു മോളേ ഇങ്ങോട്ട് വാ അമ്മ കാപ്പിയെടുത്തു വെച്ചിട്ടുണ്ട് എന്ന വിളി കേട്ടപ്പോൾ അച്ചു ആവേശത്തോടെ മരപ്പലകയടിച്ച ഗോവണി പടികൾ ചാടിയിറങ്ങി താഴോട്ട് ചെന്നു.. വിശാലമായ കരിയും പുകയും മണക്കുന്ന അടുക്കള. അടുക്കളയോട് ചേർന്ന് നിൽക്കുന്ന സ്റ്റോർ റൂം, അതിൽ വലിയ ഒരു പത്തായം. മുകളിലായി തൂക്കിയിട്ടിരിക്കുന്ന ഉറികൾ. അതിൽ രണ്ടുമൂന്ന് ഭരണികളും ഉണ്ടായിരുന്നു. പിന്നെ മരപലക റാക്കിൽ വേറെയും രണ്ട് മൂന്ന് ഭരണികൾ. അതെല്ലാം അച്ചുവിന് കൗതുകമായി തോന്നി.. ഇതെല്ലാം അവൾ ആദ്യമായി കാണുകയായിരുന്നു.

അടുക്കള കോലായിടെ തിണ്ണയിൽ അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ അച്ചപ്പവും കുഴലപ്പവും മുറുക്കും കൂട്ടി അപ്പുവും അച്ചുവും ചായ കുടിച്ചു തീർന്നതും. അമ്മ അപ്പുവിന്റെ ഒരു ദാവണിയും പാവാടയും അച്ചുവിന്റെ കയ്യിൽ കൊടുത്തിട്ട് വാത്സല്യം നിറഞ്ഞ മുഖത്താലെ പറഞ്ഞു..

“മോളിതിട്ടൊ. അപ്പുവിന്റെയാണ്. കണ്ണൻ വന്നതിന് ശേഷം നമുക്ക് വേറെ ഡ്രസ്സ് വാങ്ങിക്കാം. സന്ധ്യയാവുന്നതിനു മുമ്പ് അമ്മേടെ മക്കള് കുളിച്ചിട്ടു വാ പെട്ടന്ന് “.അതു കേട്ടതും അച്ചു ചോദിച്ചു. ബാത്റൂം  എവിടയാ എന്ന്.. അതു കേട്ട അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു…

“ബാത്റൂമോ.. നമുക്ക് കുളത്തിൽ കുളിക്കാം. വിശാലമായ കുളത്തിലെ കണ്ണീര് പോലത്തെ വെള്ള മുള്ളപ്പോൾ എന്തിനാടി ഒരു ബാത്റൂം. ഇങ്ങുവാടി പെണ്ണേ “.
അതു കേട്ടപ്പോൾ അച്ചുവിന് ആവേശമായി. USA യിലെ സിമ്മിങ് പൂളിൽ കുളിച്ചിട്ടുണ്ടെങ്കിലും. അവളുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. പ്രകൃതിയുടെ വരാദാനമായി കുളത്തിലെ വെള്ളത്തിൽ ജല കന്യകയെ പോലെ നീന്തി കുളിക്കണം എന്നത്.  അപ്പു അടുക്കള കോലായിലെ മേപ്പടിയിൽ നിന്നും താളിയും കാച്ചെണ്ണയും വാസന സോപ്പും എടുത്ത് അച്ചുവിനെയും കൂട്ടി തറവാട്ട് കുളത്തിലോട്ടു കുളിക്കാൻ പോയി… വിശാലമായ കുളത്തിന്റെ പടിക്കെട്ടുകൾ അച്ചുവും അപ്പുവും ചാടിയിറങ്ങി… അച്ചു ആ പടിക്കെട്ടുകളിൽ നിന്ന് വിശാലമായി നിറഞ്ഞു നില്കുന്ന നീല കളറുള്ള വെള്ളത്തിലോട്ടു നോക്കി കൊണ്ട് കണ്ണു മിഴിച്ചു ആവേശത്തോടെ പറഞ്ഞു…

“എന്തൊരു ഭംഗിയാടി ഈ കുളത്തിന്. നീ പറഞ്ഞത് ശരിയാണപ്പൂ.. സ്വർഗം തന്നെയാണ് നിന്റെ വീടും നാടും” ..

കുളത്തിലെ നീരാട്ട് കഴിഞ്ഞു വന്നതും ലക്ഷ്മിയമ്മ രണ്ടാളുടെയും നെറുകയിൽ രാസനാദി പൊടി തിരുമ്മി കൊടുത്തു. അപ്പോഴെല്ലാം അച്ചുവിന് അവൾക്ക് കിട്ടാതെ പോയ അമ്മയുടെ സ്നേഹം അവിടെനിന്നും കിട്ടുകയായിരുന്നു.. സന്ധ്യ സമായമായതും അമ്മ പൂജാ മുറിയിൽ ദൈവങ്ങൾക്ക് മുന്നിൽ വിളക്ക് വെച്ചതിനു ശേഷം കത്തിച്ചു പിടിച്ച തൂക്ക് വിളക്ക് അപ്പുവിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു…

“അപ്പൂ.. തുളസിത്തറയിലും. സർപ്പക്കാവിലും വിളക്ക് വെച്ചേ പെട്ടന്ന് “…

അതു കേട്ടതും അച്ചു അപ്പുവിനോട് ചോദിച്ചു.

“സർപ്പക്കാവും ഉണ്ടോ ഇവിടെ.. എന്നിട്ട് നീ അതിനെ പറ്റി എന്നോട് ഒന്നും പറഞ്ഞില്ലല്ലോ? ”

“അതൊക്കെ ഉണ്ട് മോളേ.. നീ വാ. നീ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു “. അതും പറഞ്ഞു അമ്മ കത്തിച്ചു കൊടുത്ത തൂക്ക് വിളക്കും എണ്ണയും തിരിയും കയ്യിൽ പിടിച്ചു അവളെയും കൂട്ടി നടുമുറ്റത്തെ തുളസി തറയിൽ ദീപം കൊളുത്തി. ദീപം.. ദീപം.. എന്നുരുവിട്ടു കൊണ്ട് ഉമ്മറത്തെത്തിയതും ചാരുകസേരയിൽ കിടന്നിരുന്ന അച്ഛൻ എഴുന്നേറ്റ് നിന്ന് ദീപത്തെ തൊഴുതു. അപ്പു തുളസി തറയുടെ മുന്നിൽ എത്തിയതും വിളക്ക് അച്ചുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു.  “ഇന്ന് നീ കൊളുത്തിക്കൊ ഇവിടെ ദീപം.. നിന്റെ കൈകൊണ്ട് കൊളുത്തിയ ദീപം കൊണ്ട് നിറയട്ടെ ഈ വീടിന് ഇന്ന് ഐശ്വര്യം “. അതു കേട്ടതും അച്ചു അവളുടെ കയ്യിൽ നിന്നും തൂക്ക് വിളക്ക് വാങ്ങി ലക്ഷ്മീ ദേവിയെ മനസ്സിൽ ധ്യാനിച്ചു തുളസി തറയിൽ ദീപം കൊളുത്തി.. എന്തോ ആ ദീപം കൊളുത്തുമ്പോൾ അവളുടെ കണ്ണും മനസ്സും നിറഞ്ഞു…..കയ്യിൽ കത്തിച്ചു പിടിച്ച തൂക്ക് വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവർ സർപ്പക്കാവിലോട്ടു നടന്നു……………………

#തുടരും..

#ഫൈസൽ_കണിയാരി..

4.5/5 - (19 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!