സർപ്പക്കാവിലോട്ടു കയ്യിൽ കത്തിച്ചു പിടച്ച തൂക്കു വിളക്കുമായി നടക്കുന്നതിനിടയിലാണ് അച്ചു അപ്പുവിനോട് ചോദിച്ചത്.
“അപ്പൂ അവിടെ പാമ്പുണ്ടാവ്വോ.. പാമ്പിനെ എനിക്ക് പേടിയാണ് “…
“അവിടെ പാമ്പൊന്നും ഇല്ലടി പെണ്ണേ, പിന്നെ വല്ലപ്പോഴും കുഞ്ഞീഷ്ണൻ എന്ന കുട്ടി കുറുമ്പൻ വരും . അവൻ പാവാണ്.. എന്നോട് നല്ല കൂട്ടാണ്.. അവന് ദീപം കിട്ടിയില്ലെങ്കിൽ അവൻ പിണങ്ങും..നിനക്ക് ഭാഗ്യം ഉണ്ടെങ്കിൽ ഇന്ന് കുഞ്ഞീഷ്ണനെ കാണാം “…
സർപ്പ കാവിൽ എത്തിയതും അച്ചു കണ്ടു. അരയാലിന് ചുറ്റും കെട്ടി പൊക്കിയ തറയിൽ രണ്ട് നാഗങ്ങളുടെ കൽ രൂപവും, രണ്ട് കൽ വിളക്കും. ആലിന്റെ ചുറ്റും ചുവപ്പ് പട്ട് തുണികൾ കെട്ടിയിരുന്നു. പിന്നെ മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഭസ്മവും പൂശിയിരുന്നു.. അവിടെ ഒരു പ്രത്യേക അറ്റ്മോസ്ഫിയർ അച്ചുവിന് അനുഭവപ്പെട്ടു. അവളുടെ ഉള്ളിൽ ഒരു ചെറിയ ഭയം നിഴലിച്ചു. അവൾ അപ്പുവിനോട് ചേർന്ന് നിന്നു. അപ്പു കയ്യിൽ പിടിച്ചിരുന്ന എണ്ണ കൽവിളക്കിൽ ഒഴിച്ചു തിരിയിട്ട് അതിൽ ദീപം കൊളുത്തി. പിന്നെ രണ്ടാളും കൈ തൊഴുതു പ്രാർത്തിച്ചു.. പക്ഷെ അവർക്ക് കുഞ്ഞീഷ്ണനെ കാണാൻ കഴിഞ്ഞില്ല.. അവൻ പിണക്കത്തിൽ ആണെന്ന് തോന്നുന്നു…
വീട്ടിലെത്തി അമ്മയോട് സൊറ പറഞ്ഞിരിക്കുമ്പോഴും. ഉമ്മറത്തിരുന്നു അച്ഛൻ രാമായണം വായിക്കുന്നത് കേൾക്കാമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മാനത്തു കാർമേഘങ്ങൾ ഇരുണ്ട് കയറി ശക്തമായ കാറ്റടിച്ചതും. രാമായണം വായന നിർത്തി അച്ഛൻ വിളിച്ചു പറഞ്ഞു ..”ലക്ഷ്മീ മഴക്കോളുണ്ട് കറണ്ട് ഇപ്പൊ പോകും, അതിന് മുന്നേ ചിമ്മിണി എല്ലാം കത്തിച്ചോളൂ എന്ന്”… പറഞ്ഞ പോലെ തന്നെ കറന്റ് പോയി. അമ്മ ചിമ്മിനി കത്തിച്ചു അപ്പുവിന്റെ കയ്യിൽ കൊടുത്തു പറഞ്ഞു. അതു ഉമ്മറത്ത് കൊണ്ട് പോയി വെക്കാൻ. അതു കേട്ട അച്ചു പറഞ്ഞു. അവള് കൊണ്ട് പോയി വെച്ചോളാം എന്ന്. അമ്മയുടെ കയ്യിൽ നിന്നും കത്തിച്ച ചിമ്മിണിയും വാങ്ങി അച്ചു ഉമ്മറത്തേക്കു നടന്നു. ഉമ്മറത്ത് അച്ഛൻ ഉണ്ടായിരുന്നില്ല… അവൾ വിളക്ക് തിണ്ണയിൽ വെച്ചതും വീശിയടിച്ച ഒരു ശീതക്കാറ്റ് വിളക്കിന്റെ നാളം കെടുത്തി വിളക്കണഞ്ഞതും അവിടെ മൊത്തം ഇരുട്ട് നിറഞ്ഞു. അച്ചുവിന് ഉള്ളിൽ ഭയം ഉരുണ്ടു കയറി. പെട്ടന്നാണ് മാനത്ത് വെള്ളി വെളിച്ചത്തിൽ മിന്നലും ഇടിയും വെട്ടിയത് മിന്നലിന്റെ അരണ്ട വെളിച്ചത്തിൽ മുറ്റത്ത് പർവതം പോലെ ഒരു ഇരുണ്ട രൂപം അവൾ കണ്ടു പിന്നെ കാതടപ്പിക്കുന്ന ഒരു ചിഹ്നം വിളിയും. അതു കണ്ട അവൾ ഭയന്ന് വിറച്ചു കൊണ്ട് ഒറ്റ നിലവിളിയാ…
“അമ്മേ…. എന്ന്….
ഉമ്മറത്ത് നിന്നും അച്ചുവിന്റെ നിലവിളി കേട്ട അമ്മയും അപ്പുവും അച്ഛനും ഓടി ഉമ്മറത്തേക്കു വന്നപ്പോൾ കണ്ടത് അച്ചു നിലത്ത് ബോധം കെട്ട് വീണ് കിടക്കുന്നതാണ്. അതു കണ്ട അമ്മ.. “അയ്യോ എന്തു പറ്റി എന്റെ കുട്ടിക്ക്..”എന്നും പറഞ്ഞു നിലവിളിച്ചു. അച്ഛൻ അപ്പുവിനോട് മുന്തയിൽ കുറച്ചു വെള്ളം കൊണ്ട് വരാൻ പറഞ്ഞു.. അപ്പോഴേക്കും പോയ കറണ്ട് തിരിച്ചു വന്നു..
മുഖത്തു വീണ വെള്ള തുള്ളികളിൽ ബോധം തെളിയുമ്പോൾ മയക്കത്തിന്റെ ഏകാന്തതയിൽ അവൾ കേൾക്കുന്നുണ്ടായിരുന്നു. അശ്വതി. കണ്ണ് തുറക്കൂ. കണ്ണ് തുറക്കൂ എന്ന ശബ്ദം. കണ്ണ് തുറന്നതും അവൾ ആദ്യം കണ്ടത്. സുന്ദരമായ ഒരു പുരുഷരൂപമായിരുന്നു. ആ രൂപം വീണ്ടും അവളുടെ കവിളിൽ കൊട്ടികൊണ്ട് വീണ്ടും വിളിച്ചു അശ്വതി എന്ന്. അവൾ അയാളെ നോക്കി ചോദിച്ചു ….
“ആരാ നിങ്ങള് ? ” …
“ഞാനോ.. ഞാൻ കണ്ണൻ “…
“കണ്ണനോ.. ഏത് കണ്ണൻ? “
“ഇത് കൊള്ളാം. ഇവിടത്തെ കണ്ണൻ. അപ്പുവിന്റെ ചേട്ടൻ. ഇപ്പൊ മനസ്സിലായോ..?”
അപ്പോഴാണ് അവൾക്ക് ആളെ മനസ്സിലായത്. പിന്നെ ഒന്നും കൂടി അവൾക്ക് മനസ്സിലായി, അവൾ ഇപ്പോൾ കിടക്കുന്നത് അയാളുടെ മടിയിൽ ആണെന്ന്.. അതു മനസ്സിലായ അവൾ അവിടെ നിന്നും എണീക്കാൻ ഒരു ശ്രമം നടത്തി. അതു മനസ്സിലായ കണ്ണൻ അവളെ പിടിച്ചെഴുന്നേല്പിച്ചു. അവൾ ഒരു ചമ്മലോടെ അയാളെ നോക്കി നിന്നു. അതു കണ്ട കണ്ണൻ ചോദിച്ചു…
” അല്ലാ താൻ എന്ത് കണ്ടാ പേടിച്ചേ…? ” അതു കേട്ടതും അവൾ ഭയന്ന് കൊണ്ട് മുറ്റത്തേക്ക് വിരൽ ചൂണ്ടി പറഞ്ഞു…
” ദേ.. അവിടെ വലിയ ഒരു കറുത്ത രൂപം… ആനയെ പോലെ “. അതു കേട്ട കണ്ണൻ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു..
“ആനയെ പോലെ അല്ല. ആന തന്നെയാ.. ദേ.. ആ മുറ്റത്തേക്ക് നോക്കിയേ. അവനവിടെ നില്പുണ്ട്…”
അതു കേട്ട അവൾ മുറ്റത്തേക്ക് നോക്കിയപ്പോൾ ശരിയായിരുന്നു അത് ആന തന്നെ ആയിരുന്നു. അവളുടെ നോട്ടം കണ്ട കുട്ടി കുറുമ്പൻ, തുമ്പിക്കൈയ്യൊന്നു വീശി മേലോട്ടുയർത്തി ഒന്നും കൂടി ചിഹ്നം വിളിച്ചു. അതു കേട്ട അച്ചു ഭയന്ന് ചെവിട് പൊത്തികൊണ്ട് അമ്മയോട് പറ്റി ചേർന്ന് നിന്നു… അതു കണ്ട കണ്ണൻ ഊറിച്ചിരിച്ചു കൊണ്ട് ചോദിച്ചു..
“അല്ല നീ ആനയെ മാത്രമേ കണ്ടോള്ളൂ. അതിന്റെ പുറത്തിരുന്ന എന്നെ കണ്ടില്ലേ…?”
അതു കേട്ട എല്ലാവരും ചിരിച്ചു… പിന്നെ അമ്മ അവളുടെ പേടിച്ചു വിറച്ച മുഖത്തെ വിയർപ്പ് തുള്ളികളെല്ലാം സാരി തുമ്പ് കൊണ്ട് തുടച്ചു കൊണ്ട് പറഞ്ഞു…
“അത് നമ്മടെ അര്ജുനല്ലേ. അവൻ പാവല്ലേ. മോള്. അവനെ കണ്ടാണോ പേടിച്ചത്…?” അപ്പോഴാണ് അവൾക്ക് അര്ജുൻ ആനയാണെന്നും, അവൾക്ക് പറ്റിയ അമളി മനസ്സിലായതും. അവൾ ഒരു ചമ്മലോടെ എല്ലാവരെയും നോക്കി. പിന്നെ അപ്പുവിനെ തുറിച്ചു നോക്കിക്കൊണ്ട് ശുണ്ഠി പിടിച്ച മുഖത്തോടെ പറഞ്ഞു….
“ഞാൻ ഇവളോട് ചോദിച്ചതാ അമ്മാ അര്ജ്ജുന് ആരാണെന്ന്. അപ്പോൾ ഇവൾ പറഞ്ഞു. കുടുംബത്തിലെ ഒരു അംഗമാണെന്നു. ആനയാണെന്ന് പറഞ്ഞില്ല. കള്ളി “… അതു കേട്ട അപ്പു പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു…
“ഞാൻ നിന്നെ ഒന്ന് പറ്റിക്കാൻ പറഞ്ഞതല്ലേ? അതിന് നീ ഇങ്ങനെ പേടിക്കുന്നും ബോധം കെടൂന്നും വിചാരിച്ചില്ല. എന്തായാലും കണ്ണേട്ടന്റെയും അർജ്ജുന്റെയും എൻഡ്രി നിന്നെ ഞെട്ടിച്ചല്ലോ…. സൂപ്പർ “… അപ്പു പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.. അതു കേട്ടതും അച്ചു അവളുടെ നേരെ തല്ലാനോടി. അതു കണ്ട അപ്പു അകത്തേക്കോടി. അച്ചു പിന്നാലെയും. അതു കണ്ട അച്ഛനും അമ്മയും കണ്ണനും പൊട്ടി ചിരിച്ചു….” പിന്നെ അച്ഛൻ കണ്ണനോട് ചോദിച്ചു.
“അല്ല ശിവനെവിടെ. ( പാപ്പാൻ) ഇവനെ നിന്റെ കയ്യിൽ തന്നിട്ട് അവനെവിടെ പോയി.
“കവല വരെ ഉണ്ടായിരുന്നു. പിന്നെ ഇരുട്ടിയപ്പോൾ. ഞാൻ അവനോട് വീട്ടിലോട്ട് പൊക്കോളാൻ പറഞ്ഞു ഇവനെയും കൊണ്ട് ഞാനിങ്ങു പോന്നു..
“എന്നാ നീ ഇവനെ തളച്ചിട്. പിന്നെ പട്ട കിട്ടില്ലേടാ. ഉത്സവം കഴിഞ്ഞാൽ ഇവന് സുഖ ചികിത്സ തുടങ്ങാനുള്ളതാണ് “.
“അതൊക്കെ കിട്ടിയച്ചാ. നാളെ ഉച്ചക്ക് രണ്ട് ലോഡ് വരും. ഷൊർണൂരിൽ നിന്ന്. അതു കഴിയുമ്പോത്തിന്. പിന്നെയും വിടാന്ന് പറഞ്ഞിട്ടുണ്ട്. കാഷ് കുറച്ചു ജാസ്തിയാണ്.”
“അത് കുഴപ്പല്ല്യ. അവൻ തിന്ന് കൊഴുക്കട്ടടാ.. നമ്മുടെ അര്ജുനല്ലേ. അപ്പൂനെ നമുക്ക് ദൈവം തന്ന അന്ന് തന്നെയാണ് ഇവനെയും നമുക്ക് കിട്ടിയത്. ഇവൻ ഇവിടെ എത്തിയത് മുതൽ നമുക്ക് ഐശ്വര്യം മാത്രമേ ഉണ്ടായിട്ടുള്ളൂ…”
“മഴ പെയ്യുന്നതിന് മുമ്പ് ഞാൻ അവനെ തളക്കട്ടെ “. അതും പറഞ്ഞു. കണ്ണൻ മുറ്റത്തേക്ക് ഇറങ്ങിയതും അപ്പുവും അച്ചുവും വീണ്ടും ഉമ്മറത്തെക്കു വന്നു.
“ഏട്ടാ ഞങ്ങളും ഉണ്ട്. അർജ്ജുനെ തളക്കാൻ “
“വേണ്ട വേണ്ട അവിടെ നിന്നാൽ മതി. അച്ചു പേടിക്കും “.
“അവൾക്ക് പേടിയൊന്നും ഇല്ല . അതൊക്കെ ഒറ്റ ബോധം കെടലിൽ പോയി “. അതു കേട്ട അച്ചു ഒരു ചമ്മലോടെ അപ്പുവിന്റെയും കണ്ണനെയും നോക്കി..
“ആ.. അങ്ങനെയെങ്കിൽ വാ.. ഇനി പേടിക്കാണെങ്കിൽ ഇവന്റെ വാലിൽ നിന്നും ഒരു രോമം പറിച്ചു സ്വർണത്തിൽ കെട്ടി ഒരു മോതിരം ഉണ്ടാക്കി തരാം ഞാൻ.. എന്താ അത് പോരെ? “. കണ്ണൻ അച്ചുവിനോട് പറഞ്ഞു. അതു കേട്ട അച്ചു ഒരു നാണത്തോടെ ചിരിച്ചു കൊണ്ട് അപ്പുവിന്റെ പിന്നിൽ ഒളിച്ചു..
“അത് കൊള്ളാം ഏട്ടാ. പേടി പോകാൻ ബെസ്റ്റാ.. “അതും പറഞ്ഞു അച്ചുവിനെയും കൊണ്ട് അപ്പു അർജ്ജുന്റെ അടുത്തേക്ക് നടന്നു. അച്ചു അപ്പോഴും അപ്പുവിന്റെ പിന്നിലായിരുന്നു. അപ്പു അവളുടെ പിന്നിൽ പേടിച്ചു നിൽക്കുന്ന അച്ചുവിനെ പിടിച്ചു വലിച്ചു അവളുടെ മുന്നിൽ നിർത്തി കൊണ്ട്, അർജ്ജുനന്റെ തുമ്പിക്കയ്യിൽ പിടിച്ചു ഉഴിഞ്ഞുകൊണ്ടു പറഞ്ഞു.
“എന്നാലും എന്റെ ഗണപതി ഭഗവാനെ. നീ എന്റെ അച്ചുവിനെ പേടിപ്പിച്ചല്ലോടാ. ഇനി പേടിപ്പിക്കരുത് ട്ടൊ. പാവല്ലേ ഇവള്. ഒരു സോറി പറഞ്ഞേക്ക് ഇവളോട്…”…അതു കേട്ട അര്ജ്ജുൻ കണ്ണനെ ഒന്നു നോക്കി. അതു കണ്ട കണ്ണൻ അവനോട് പറഞ്ഞു..
“സാരല്ല്യടാ. പറഞ്ഞേക്ക് ഒന്ന് തോറ്റു കൊടുത്തേക്ക്. നമ്മൾ ചിറക്കൽ വീട്ടുകാർക്ക് സ്നേഹിക്കുന്നവരുടെ മുന്നിൽ തോറ്റു കൊടുത്തല്ലേ ശീലം. സ്നേഹിക്കുന്നവരുടെ മുന്നിൽ തോറ്റു കൊടുക്കുമ്പോ വിജയിക്കുന്നത് നീയാണടാ. അതു കൊണ്ട് പറഞ്ഞേക്ക്..” അതു കേട്ട അര്ജ്ജുൻ അച്ചുവിന്റെ നേരെ തിരിഞ്ഞു നിന്ന്, തുമ്പി കൈ ഉയർത്തി മുന്നിലെ രണ്ട് കാലും പൊക്കി തൊഴുത് കൊണ്ട് ക്ഷമ ചോദിച്ചു.
അതു കണ്ട അച്ചുവിന് അവനോട് സഹതാപം തോന്നി. അവന്റെ സ്നേഹത്തിന്റെ മുന്നിൽ അവളുടെ കണ്ണും മനസും നിറഞ്ഞു..
“ഇപ്പൊ അച്ചുവിന്റെ പേടിയെല്ലാം മാറിയോ.. ഇത്രയേ ഉള്ളൂ ഇവൻ. കുറച്ചു വലുപ്പമുണ്ടൂന്നെ ഉള്ളൂ ഇവന് ആള് പാവാ. വാടാ അർജുനാ, ഇനി നിന്നെ തളച്ചിട്ടു വേണം എനിക്ക് കുളിക്കാൻ…” കണ്ണൻ ആ അവനെ കൊണ്ടു പോയി തളച്ചു. കൂടെ അച്ചുവും അപ്പുവും ഉണ്ടായിരുന്നു…
“കേട്ടോ അച്ചൂ. ഇവൾക്കും അപ്പൂനും ഏകദേശം ഒരേ പ്രായമാണ്. ഇവളെ പേരു ചൊല്ലി വിളിച്ച അന്നാണ് അച്ഛൻ ഇവന് അർജ്ജുൻ എന്ന് പേരിട്ടത്. ഇവൾ കുട്ടിയായി ഇരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ ഭയങ്കര മടിച്ചിയായിരുന്നു. അന്ന് അമ്മ ഇവന്റെ പുറത്തിരിത്തിയാണ് ഇവൾക്ക് ഭക്ഷണം കൊടുക്കാറ്. ഇവന്റെ പുറത്തിരിത്തിയാൽ ഇവൾ ഒടുക്കത്തെ തീറ്റിയാണ്…” അതുകേട്ട അച്ചു പൊട്ടിച്ചിരിച്ചു. അതു കണ്ട അപ്പുവിന് ദേഷ്യവും നാണവും വന്നു. അവൾ കണ്ണന്റെ നേരെ മുഖം വീർപ്പിച്ചു ചിണുങ്ങി കൊണ്ട് പറഞ്ഞു…
“ഏട്ടാ എന്നെ കളിയാക്കാതെ. ഇനി ഇവൾ കോളേജിൽ ചെന്നാൽ ഇതും പറഞ്ഞാകും എന്നെ കളിയാക്കുക..”
“ഞാൻ നിന്നെ കളിയാക്കിയതല്ല. നിനക്കൊരു വെയ്റ്റ് ആയിക്കോട്ടെ എന്ന് വിചാരിച്ചു പറഞ്ഞതാ…”
“എനിക്കങ്ങനെ ഇപ്പൊ വലിയ വെയിറ്റൊന്നും വേണ്ട… എനിക്ക് ഇപ്പൊ ഉള്ള വെയിറ്റ് തന്നെ താങ്ങാൻ വയ്യ..” അപ്പോഴാണ് അമ്മ ഉമ്മറത്ത് നിന്ന് ചോദിച്ചത്…
“എന്താടാ നിന്റെ പെങ്ങളുടെ മോന്ത കടന്നൽ കുത്തിയത് പോലെ ഇങ്ങനെ വീർത്തിരിക്കുന്നത്..?”
“അത് അമ്മാ ഞാൻ ഇവളുടെ കുട്ടിക്കാലത്ത് അര്ജുനുമായുള്ള ഇവളുടെ ചങ്ങാത്തം ഒന്ന് അച്ചുവിനോട് പറഞ്ഞു പോയി. അത് ഇവൾക്ക് നാണക്കേടായത്രെ..”
“ഓ അതാണോ.. വന്നപ്പോളേ തുടങ്ങിയോ രണ്ടും കൂടി അടി കൂടാൻ “. പിന്നെ അച്ചുവിനോട് പറഞ്ഞു. “രണ്ടും കൂടി എപ്പോ കണ്ടാലും അടിയാ മോളേ.. എന്നാ നല്ല സ്നേഹവുമാണ്. കുറച്ചു ദിവസം കാണാതിരുന്നാൽ അപ്പൊ തുടങ്ങും ഇവൻ ഇവളെന്നാ വരുന്നെ ഇവളെന്നാ വരുന്നേ എന്നു ചോദിക്കാൻ..”..അതുകേട്ട കണ്ണനും അപ്പുവും അച്ചുവും ചിരിച്ചുകൊണ്ട് ഉമ്മറത്തേക്കു കയറി.
“അമ്മേ എന്താ കഴിക്കാൻ ? ഇന്ന് നമുക്ക് ഗസ്റ്റുള്ളത് കൊണ്ട് അമ്മ സ്‌പെഷ്യൽ ഉണ്ടാക്കിയിട്ടുണ്ടാകല്ലോ…” കണ്ണൻ അച്ചുവിനെ നോക്കി പറഞ്ഞു…
“ഡാ.. നീ ആദ്യം കുളിച്ചിട്ടു വാ അപ്പോത്തിന് അമ്മ കഴിക്കാൻ എടുത്തു വെക്കാം. നീ വരാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങള്. സ്പെഷ്യൽ ഒന്നും ഇല്ല. അതൊക്കെ നാളെ ഉണ്ടാക്കാം ഇന്ന് എന്നും ഉള്ള പോലെയാ ഉള്ളൂ…”
“എന്നാ അങ്ങനെയാവട്ടെ. ഞാൻ കുളിച്ചിട്ടു വരാം “. അതും പറഞ്ഞു തോർത്തും സോപ്പും എടുത്തു കണ്ണൻ കുളിക്കാൻ കുളത്തിലേക്ക് പോയി, കുളിച്ചു വന്നു. പൂജാ മുറിയിൽ കത്തി കൊണ്ടിരിക്കുന്ന വിളക്കിന് മുന്നിൽ പ്രാർത്ഥിച്ചു കൊണ്ട് നേരെ ഊണ് മേശയ്ക്കു അടുത്തേക്ക് നടന്നു.
അമ്മയും അപ്പുവും അച്ചുവും കൂടി ഭക്ഷണമെല്ലാം ഊണ് മേശക്ക് മുകളിൽ നിരത്തി. ‘അമ്മ സ്‌പെഷ്യൽ ഒന്നുമില്ലാന്ന് പറഞ്ഞെങ്കിലും. ഒരു ചെറിയ സദ്യ തന്നെ ഉണ്ടായിരുന്നു. പിന്നെ അച്ഛനുള്ള ഗോതമ്പ് കഞ്ഞിയും. അമ്മ അച്ഛന്റെ കഞ്ഞി എടുത്തു പിഞ്ഞാണ പാത്രത്തിൽ ഒഴിച്ചു കൊടുത്തു. അച്ചു പാത്രത്തിൽ കൈകുത്തി ഇരിക്കുന്നത് കണ്ട അച്ഛൻ ചോദിച്ചു.
“അല്ല മോളെന്താ പത്രത്തിൽ കയ്യും കുത്തി ഇരിക്കുന്നത്. ഇവിടത്തെ ഭക്ഷണം ഒന്നും പിടിച്ചില്ലേ. അതോ ഇറച്ചിയും മീനും ഇല്ലാത്തത് കൊണ്ടാണോ. അതൊക്കെ നാളെ നമുക്ക് ശരിയാക്കാം..”
“ഏയ് അതൊന്നും അല്ല . എനിക്ക് ഒരു സ്പൂണ് വേണം. ഉമ്മറത്ത് വീണപ്പോ വിരലൊന്ന് മടങ്ങി ഇപ്പൊ ഭയങ്കര വേദന..”
അപ്പോഴാണ് എല്ലാവരും അവളുടെ വിരല് ശ്രദ്ധിച്ചത് വിരല് നീര് വന്നു തടിച്ചിരുന്നു. അമ്മ അവളുടെ വിരൽ പിടിച്ചു ഉഴിഞ്ഞു കൊണ്ട് പറഞ്ഞു..
“അയ്യോ എന്നിട്ട് മോളെന്താ ഇത് പറയാഞ്ഞത്. നല്ലോണം നീര് വന്ന് തടിച്ചല്ലോ. സാരല്ല്യാ. അമ്മ ഭക്ഷണം കഴിച്ചതിന് ശേഷം തൈലം ഇട്ട് ഉഴിഞ്ഞു. തരാം. സ്പൂണ് കൊണ്ടൊന്നും മോള് കഴിക്കണ്ട അമ്മ വാരി തരാം…”
“അതൊന്നും വേണ്ടമ്മേ.. ഞാൻ കഴിച്ചോളാം എനിക്കൊരു സ്പൂണ് കിട്ടിയാൽ മതി “.
“അതൊന്നും കുഴപ്പല്ല്യ. അമ്മ വാരിതരാം. ഈ ഇരിക്കുന്ന ഇവറ്റിങ്ങൾ രണ്ടിനും ഞാനിപ്പോഴും ചോറ് വരി കൊടുക്കാറുണ്ട്. ഇവരെ പോലതന്നെയാണ് എനിക്ക് നീയും…” അതും പറഞ്ഞു. മുന്നിലെ പാത്രം എടുത്തു ചോറു വാരി ഉരുളയാക്കി അവളുടെ വായിൽ വെച്ചു കൊടുത്തതും അച്ചുവിന്റെ കണ്ണു രണ്ടും നിറഞ്ഞു തുളുമ്പി. അതു കണ്ട അമ്മ ചോദിച്ചു..
“അയ്യോ എന്തിനാ മോള് കരയുന്നേ എന്ത് പറ്റി? “എല്ലാവരും ഭക്ഷണം കഴിപ്പ് നിർത്തി അവളെ നോക്കി. “എന്താ മോളേ എന്തു പറ്റി കൈ വേദനിക്കുന്നുണ്ടോ ? ” അമ്മ മറ്റേ കൈകൊണ്ട് അവളുടെ മുഖം തുടച്ചു കൊണ്ട് പറഞ്ഞു..
“ഇല്ല “.
“പിന്നെ എന്തിനാ കരഞ്ഞത്…? “
“അത് സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞതാ. ഒരു അമ്മയുടെ സ്നേഹം ഞാൻ ഇന്നേ വരെ അനുഭവിച്ചിട്ടില്ല. ഇപ്പൊ അമ്മയുടെ സ്നേഹം കണ്ടപ്പോൾ അമ്മയെനിക്ക് ചോറ് വാരി തന്നപ്പോൾ, ഞാൻ അതെല്ലാം ഓർത്തു പോയി. എത്ര പിടിച്ചു നിർത്തിയിട്ടും സങ്കടം നിർത്താൻ പറ്റിയില്ല. അതാണ് കരഞ്ഞത്. സോറി…” അതു കേട്ട എല്ലാവർക്കും സങ്കടമായി. പിന്നെ അമ്മ അവളുടെ നെറുകയിൽ തലോടി അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…
“അതിനാണോ മോള് കരഞ്ഞത്. സാരല്ല്യാ പോട്ടെ. മോൾക്ക് ഞങ്ങളൊക്കെ ഇല്ലേ. ഞാനും അമ്മയാണ്. ഞാൻ മോളുടെ അമ്മയാണെന്നു കരുതിക്കോ. എനിക്ക് ഇവരെ രണ്ടാളെയും പോലെ തന്നെയാണ് മോളും. ഭക്ഷണത്തിന്റെ മുന്നിലിരുന്ന് നമ്മൾ കരഞ്ഞാൽ. അത് ഭക്ഷണത്തിനെ നിന്ദിക്കുന്നതിനു തുല്ല്യമാണ്. അതു കൊണ്ട് ഇനി ഒരിക്കലും കരയരുത് ട്ടൊ “..
അവൾ ഊം എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് ചിരിച്ചു. അമ്മ വാരികൊടുത്ത ഓരോ ഉരുളയും അച്ചു ആവേശത്തോടെ കഴിച്ചു. ആ ഓരോ ഉരുളക്കും ഒരുപാട് മധുരമുള്ള പോലെ അവൾക്ക് തോന്നി. അമ്മമാരുടെ കൈകൊണ്ട് വാരിതരുന്ന ചോറിന് സ്നേഹത്തിന്റെ മധുരമാണ് എന്ന് അവൾ അവിടെ തിരിച്ചറിയുകയായിരുന്നു. അവളുടെ മനസ്സും വയറും ഒരു പോലെ നിറഞ്ഞു. അതു കണ്ട മറ്റുള്ളവരുടെയും കണ്ണും മനസ്സും നിറഞ്ഞു………..
രാവിലെ അഞ്ചുമണിക്ക് അമ്പലത്തിലെ പാട്ട് കേട്ടതും ലക്ഷ്മിയമ്മ എണീറ്റു. ശിവരാമൻ നായനാരുടെ കാൽ തൊട്ട് വന്ദിച്ചു. മുറിവിട്ടു പുറത്തിറങ്ങി. ഇടനാഴിയിലെയും ഉമ്മറത്തെയും അടുക്കളയിലെയും ലൈറ്റിട്ടു. ചായക്കുള്ള വെള്ളം അടുപ്പത്ത് വെച്ചു. അടുക്കള കോലായിൽ തൂക്കിയിട്ടിരിക്കുന്ന. പാള കൂമ്പയിൽ നിന്നും ഉമിക്കരിയെടുത്തു. കയ്യിൽ പിടിച്ചു മുറ്റത്തേക്കിറങ്ങി കുളിമുറിയിൽ കയറി പല്ലു തേച്ചു കുളിച്ചു , ഈറൻ മുടിയിൽ തോർത്തമുണ്ട് കെട്ടിക്കൊണ്ട് പുറത്തിറങ്ങി. പുലരി വെളിച്ചത്തിൽ ഉദിച്ചു വരുന്ന സൂര്യനെ നമസ്കരിച്ചു. തൊഴുത്തിന്റെ ഇറയത്തുള്ള കോഴിക്കൂട് തുറന്ന് കോഴികളെയെല്ലാം പുറത്താക്കി. അതുങ്ങൾക്ക് തീറ്റ ഇട്ടു കൊടുത്തു. തിരിച്ചു അടുക്കളയിൽ കയറി, തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിൽ ചായപ്പൊടിയിട്ട് ചായ റെഡിയാക്കി. പിന്നെ റൂമിൽ പോയി. സെറ്റ് സാരിയെല്ലാം ഉടുത്ത് തറവാട്ടമ്പത്തിൽ പോയി തൊഴുതു പ്രസാദവുമായി വന്നു. പ്രസാദം പൂജാമുറിയിൽ ഭഗവാന്റെ മുന്നിൽ വെച്ചു, പ്രാതലിനുള്ള തയ്യാർ തുടങ്ങി. അപ്പോഴേക്കും മുറ്റമടിക്കാനും അടുക്കള പണിക്കും വരുന്ന രമണിയും വന്നു…
“അല്ലാ അപ്പുമോളും കൂട്ടുകാരിയും വന്നൂന്നറിഞ്ഞു. എന്നിട്ടവിടെ. കണ്ടില്ലല്ലോ എണീറ്റില്ലേ ഇതു വരെ…?”
“ഇല്ല എണീറ്റില്ല. സമയം ആറല്ലേ ആയോള്ളൂ രമണീ…കുട്ടികൾക്ക് ഇവിടെ വരുമ്പോഴല്ലേ ഒന്നുറങ്ങാൻ പറ്റൂ. കുറച്ചു കഴിഞ്ഞു വിളിക്കാം. രമണി സാമ്പാറിനുള്ള കഷ്ണങ്ങൾ അരിഞ്ഞോളൂ. ഇഡലിക്കുള്ള മാവ് തിണ്ണയിൽ കലക്കി വെച്ചിട്ടുണ്ട് അതു കഴിഞ്ഞിട്ട് മുറ്റമടിച്ചാൽ മതി. ഞാനിതാ വരുന്നു. കുട്ടികളുടെ അച്ഛന് ഈ ചായ ഒന്ന് കൊടുക്കട്ടെ..”.. ലക്ഷമിയമ്മ കയ്യിൽ നിറച്ചു പിടിച്ച ചായ ഗ്ലാസിന്റെ പുറം സാരിതുമ്പു കൊണ്ട് തുടച്ചു കൊണ്ട് പറഞ്ഞു..
ലക്ഷ്മിയമ്മ ശിവരാമൻ നായർക്കുള്ള കട്ടൻ ചായയുമായി ഉമ്മറത്ത് വന്നപ്പോൾ അദ്ദേഹം പത്രവും വായിച്ചു ഇരിക്കുകയായിരുന്നു. ലക്ഷ്മിയമ്മ കൊടുത്ത ചായ കുടിച്ചു കൊണ്ട് പത്രത്തിൽ കണ്ണോടിച്ചു കൊണ്ട് ചോദിച്ചു…
“മക്കള് എണീറ്റില്ലേടി…”
“കണ്ണനെണീറ്റ് തൊഴുത്തിൽ പശൂനെ പാല് കറക്കാൻ പോയി. അപ്പുവും അച്ചുവും എണീറ്റിട്ടില്ല. പോയി വിളിക്കട്ടെ…”
“പിന്നെ ആ കുട്ടിക്ക് ചിലപ്പോ നമ്മുടെ ഭക്ഷണരീതിയൊന്നും പിടിക്കില്ല. ടൗണിൽ വളർന്ന കുഞ്ഞല്ലേ. അതിനറിയില്ലല്ലോ ഇവിടെ ഇറച്ചിയും മീനും ഒന്നും കൂട്ടില്ലാന്ന്. അതു കൊണ്ട് അതിന് വല്ല ഇറച്ചിയോ മീനോ വേണങ്കിൽ കണ്ണനോട് പറഞ്ഞു വാങ്ങിച്ചു കൊട്. പത്തായപുരയിൽ വെച്ചു കഴിച്ചാൽ മതി. ഇങ്ങോട്ട് കയറ്റണ്ട. അതു എന്തു കൊണ്ടാണെന്നും ആ കുഞ്ഞിന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. മനസ്സിലായോ “.
“അതിനങ്ങനെ ഒന്നും ഇല്ല. ഞാൻ ഇന്നലെ എല്ലാം ചോദിച്ചിരുന്നു. അതിന് ഏറ്റവും ഇഷ്ടം നമ്മുടെ നാടൻ ഭക്ഷണം ആണ്. അമേരിക്കയിൽ നിന്നും വന്നതിന് ശേഷം ഇറച്ചിയും മീനും കഴിക്കാറില്ലത്രേ. പിന്നെ നമ്മുടെ അപ്പുവിന്റെ കൂടെയല്ലേ വാസം…”
“ആണോ… എന്നാലും അതിന് വേറെ എന്തൊക്കെയാ ആഗ്രഹമെന്നു വെച്ചാ ചോദിച്ചു മനസ്സിലാക്കി ഉണ്ടാക്കി കൊടുക്ക്. പാവം കുട്ടി ഇന്നലെ അതിന്റെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് ആകെ വിഷമായി “
“ശരിയാ വല്ലാത്ത സങ്കടമായി എനിക്കും. നമ്മുടെ അപ്പൂനേക്കാളും പാവാണ് അത്. നമ്മുടെ കണ്ണന് ഇത് പോലത്തെ ഒരു കുട്ടിയെ കിട്ടിയാൽ മതിയായിരുന്നു..”
“അതിന് അവൻ വിവാഹത്തിന് ഒന്ന് സമ്മതിക്കണ്ടേ. അവൻ കുറച്ചും കൂടി കഴിയട്ടെ.. കുറച്ചും കൂടി കഴിയട്ടെ എന്നല്ലേ പറയുന്നത്…”
“അവൻ ഇപ്പോഴും മരിച്ച ആ മറ്റേ കുട്ടിയുടെ ഓർമകളുമായി നടക്കാണ്.. ആ കുട്ടി മരിച്ചിട്ട് ഇപ്പൊ മൂന്ന് വർഷം കഴിഞ്ഞു ഇനി ഇനിയും ഇങ്ങനെ അവന്റെ വിവാഹം നീട്ടാൻ പറ്റില്ല. നിങ്ങളൊന്ന് അവനോട് സംസാരിക്കണം. നിങ്ങള് പറഞ്ഞാൽ അവൻ അനുസരിക്കും. അങ്ങനെ എങ്കിൽ നമുക്ക് ഉടനെ തന്നെ അവന്റെ വിവാഹം നടത്താം…”
“ആ… സംസാരിക്കാം വിഷൂന്റെയും ഉത്സവത്തിന്റെയും ഈ തിരക്കൊക്കെ ഒന്ന് കഴിയട്ടെ എന്നിട്ട് സംസാരിക്കാം…”
“ഞാൻ കുട്ടികളെ വിളിച്ചുണർത്തി അടുക്കളയിലോട്ടു ചെല്ലട്ടെ. നേരം ഒരുപാടായി…”
ലക്ഷ്മിയമ്മ അപ്പുവിനെയും അച്ചുവിനെയും വിളിച്ചുണർത്താൻ റൂമിലോട്ട് ചെന്നപ്പോൾ രണ്ടാളും മൂടി പുതച്ചു നല്ല ഉറക്കമായിരുന്നു.
“അപ്പൂ.. അച്ചൂ… എണീക്ക് രണ്ടാളും. നേരം വെളുത്തു. മതി ഉറങ്ങിയത് “. ലക്ഷ്മിയമ്മ രണ്ടാളെയും കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു. അതു കേട്ട അച്ചു എണീറ്റ് അഴിഞ്ഞു വീണ മുടിയെല്ലാം ചുറ്റി കെട്ടി , ഒരു കോട്ടുവായും ഇട്ട് അപ്പു വിനെ നോക്കി. അപ്പു അപ്പോഴും മൂടി പിടിച്ചു ഉറങ്ങുകയായിരുന്നു. അമ്പലത്തിൽ നിന്നും അമ്മേ നാരായണാ ലക്ഷ്മീ നാരായണാ… എന്ന ഭക്തി ഗാനം കേട്ടതും നിറഞ്ഞ മനസോടെ ചോറ്റാനിക്കര അമ്മയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് അച്ചു ആവേശത്തോടെ ലക്ഷ്മിയമ്മയോട് ചോദിച്ചു…
“അമ്മാ എവിടന്നാ രാവിലെ ഈ ഭക്തി ഗാനം കേൾക്കുന്നത് ? “
“അത് അമ്പലത്തിൽ നിന്നാ രാവിലെ അഞ്ചു മണിക്ക് തുടങ്ങിയാൽ പിന്നെ ഏഴു മണിക്കെ നിർത്തൂ. ഞാൻ എന്നും അമ്പത്തിലെ ഈ പാട്ട് കേട്ടാ ഉണരാ….”
ഈ ഗ്രാമം മുഴുവൻ രാവിലെ ഉറക്കമുണരുന്നത് തന്നെ ദൈവത്തിൽ അർപ്പിച്ചാണ് എന്നു മനസ്സിലായ അച്ചുവിന് എന്തോ അവിടത്തെ പ്രതിഷ്ഠയോട് ഒരു പ്രത്യേക ഇഷ്ടവും ഭക്തിയും തോന്നി… അമ്മ അച്ചുവിന്റെ നീരുവന്ന കൈ വിരലിൽ പിടിച്ചു കൊണ്ട് ചോദിച്ചു,..”കൈക്കിപ്പോ വേദനയുണ്ടോ മോളേ..?
“ഇല്ല കുറവുണ്ട്. ‘അമ്മ ഇന്നലെ തൈലം ഇട്ട് ഉഴിഞ്ഞു തന്നപ്പോ തന്നെ എന്റെ എല്ലാ വേദനയും മാറിയിരുന്നു”.. അതു കേട്ട ലക്ഷിമിയമ്മ അവളുടെ നെറുകയിൽ തലോടി വാത്സല്യത്തോടെ പറഞ്ഞു.
“അതാണമ്മ.. മക്കൾക്ക് എന്ത് വേദന വന്നാലും അമ്മമാരുടെ കൈ കൊണ്ട് ഒന്ന് തലോടിയാൽ മതി. പെട്ടന്ന് മാറും. അമ്മേടെ സ്നേഹത്തിനക്കാളും ശക്തിയുള്ള മരുന്ന് വേറെയില്ല…”
അച്ചു എണീറ്റിട്ടും എണീക്കാതെ മൂടി പുതച്ചു കിടക്കുന്ന അപ്പുവിനെ കണ്ട അമ്മ അവളുടെ പുതപ്പ് വലിച്ചു പുറത്തിട്ടു പറഞ്ഞു…
” അപ്പൂ.. എണീക്കാൻ. സമയം എത്രയായെന്ന നിന്റെ വിചാരം. അച്ചു എണീറ്റു…”.അതു കേട്ട അവൾ രണ്ട് കൈ കൊണ്ടും തലയിൽ മാന്തി ചിണുങ്ങി കൊണ്ട് പറഞ്ഞു….
“ഒന്ന് പോ അമ്മേ.. ഞാനൊന്നുറങ്ങട്ടെ. ഇവിടെ വരുമ്പോഴാണ് ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ പറ്റുന്നത്. അമ്മ അതിനും സമ്മതിക്കില്ലെ. അമ്മ പൊക്കോ ഞാൻ വന്നോളാം…”
“അതു വേണ്ട.. ഞാൻ പോയാൽ നിനക്ക് വീണ്ടും ഇതിൽ ചുരുണ്ട് കൂടാനല്ലേ. അങ്ങനെ ഇപ്പൊ ഉറങ്ങേണ്ട. നീ ചെറിയ കുട്ടിയൊന്നും അല്ല… ദേ.. നോക്കിയേ അച്ചു എണീറ്റ്…”
“അവൾക്ക് ഉറക്കമില്ലാത്തത് എന്റെ കുറ്റമാണോ? “ഹോസ്റ്റലിൽ രാവിലെ വടി കൊണ്ട് കുത്തിയാലും എണീക്കാത്തവളാ.. ഇന്ന് രാവിലെ തന്നെ എണീറ്റിരിക്കുന്നത്. എന്റെ ഉറക്കവും കൂടി കളയാൻ…ഹും..”
“ആരെയും കുറ്റമല്ല. നീ ഇങ്ങ് എണീറ്റാൽ മതി. എന്നിട്ട് പല്ലൊക്കെ തേച്ചു ഒരു ചായയോക്കെ കുടിച്ച് രണ്ടാളും പോയി കുളിച്ചു വാ… അപ്പോ അമ്മ നല്ല ഇഡഡ്ലിയും സാമ്പാറും കൂട്ടി ചായ തരാം “. അതും പറഞ്ഞു. അമ്മ അവളെ പിടിച്ചെഴുന്നേല്പിച്ചു. അച്ചുവിനെയും അപ്പുവിനെയും കൂട്ടി അടുക്കള ഭാഗത്തേക്ക് നടന്നു.. ഇടനാഴികയിൽ നിന്ന് അമ്മ രണ്ടാൾക്കും ഓരോ ബ്രെഷ് കൊടുത്തു പറഞ്ഞു.. “പേസ്റ്റോ ഉമികരിയോ വേണമെങ്കിൽ അടുക്കള കോലായിടെ ഇറയത്തുണ്ട്. രണ്ടാളും ഏതാ ശീലംന്നു വെച്ചാ എടുത്തോ…”
അടുക്കളയിൽ എത്തി രമണിയെ കണ്ടതും അപ്പു ഓടിച്ചെന്ന് രാമണിയെ പിന്നിൽ നിന്നും കെട്ടി പിടിച്ചുകൊണ്ട് വിളിച്ചു..
“രമണിയേടത്തി. സുഖാണോ..?”
“ആ എണീറ്റ് വന്നോ… എന്തൊക്കെ അപ്പൂ നിന്റെ വിശേഷം? “
“എന്ത് വിശേഷം ചേച്ചി ? ഇങ്ങനെ പോകുന്നു. ഹോസ്റ്റൽ കോളേജ്, കോളേജ് ഹോസ്റ്റൽ, വല്ലപ്പോഴും വീട്. ഇതു തന്നെ വിശേഷം….”.. അപ്പോഴാണ് അച്ചുവിനെ രമണി കണ്ടത് രമണി പുഞ്ചിരിച്ചു കൊണ്ട് അച്ചുവിന്റെ കയ്യിൽ പിടിച്ചു ചോദിച്ചു…
എന്താ കുട്ടിയുടെ പേര് എന്ന്. അവൾ അശ്വതി എന്ന് പറഞ്ഞു…”
പുറത്തിറങ്ങി പല്ലു തേച്ചു കൊണ്ടിരിക്കുമ്പോൾ അപ്പു അമ്മയോട് ചോദിച്ചു.
“അമ്മാ എട്ടനുണർന്നില്ലേ…?”
“അവനൊക്കെ നേരത്തെ ഉണർന്നു പശൂനെ കറക്കാൻ വെണ്ണയും വെള്ളവും എടുത്തു തൊഴുത്തിലോട്ടു പോയി . അല്ലാതെ നിന്നെ പോലെ മൂട്ടില് വെയിലടിക്കും വരെ കിടന്നുറങ്ങില്ല…”…അതു കേട്ടതും അച്ചു ആവേശത്തോടെ പറഞ്ഞു.
“അപ്പൂ വാ നമുക്ക് തൊഴുത്തിലോട്ടു പോകാം. ഞാൻ ഇത് വരെ പശൂനെ കറക്കുന്നത് കണ്ടിട്ടില്ല “.
“എന്നാ വാ അങ്ങോട്ട് പോകാം. ഇനി നിനക്ക് ഇവിടെ വന്നിട്ട് പാല് കറക്കുന്നത് കാണിച്ചു തന്നില്ലാന്നു വേണ്ട………”
മൊന്തയിലെ വെള്ളം കൊണ്ട് അമ്മിണിയുടെ മുലയെല്ലാം കഴുകി വെണ്ണ കയ്യിലെടുത്തു മയപ്പെടുത്തി, മുലയിൽ പിടിച്ചതും അവളൊന്നു കുതറി മാറി. അതു കണ്ട കണ്ണൻ പറഞ്ഞു.
“അമ്മിണീ അടങ്ങി നിൽക്കാനാ പറഞ്ഞത്. ഇന്നെന്താ നിന്റെ മുലയിൽ ഞാനൊന്ന് തൊട്ടപ്പോ നിനക്കൊരിളക്കം. ങ്ങേ..
നല്ലകുട്ടിയായി നിന്നേ, ഞാനൊന്ന് കറക്കട്ടടീ..” അതു കേട്ട അവൾ പിന്നെ അനങ്ങാതെ നിന്നു. അപ്പോഴാണ് കിങ്ങിണി കിടാവ് അങ്ങോട്ട് നോക്കി ഒന്നമറിയത്. അതു കണ്ട കണ്ണൻ പറഞ്ഞു… “ഞാൻ മുഴുവനും കറന്നെടുക്കില്ല. നിനക്കുള്ളത് നിന്റെ അമ്മയുടെ മുലയിൽ തന്നെ കാണും. നീ കുടിച്ചതിന്റെ ബാക്കി കുടിച്ചാൽ മതി ഇവിടെയുള്ള എല്ലാവരും. നീ പിണങ്ങണ്ടട്ടൊ… “അതും പറഞ്ഞു കണ്ണൻ അമ്മിണിയുടെ മുലയിൽ പിടിച്ചു പിഴിഞ്ഞു. അവൾ നല്ല അനുസരണയുള്ള കുട്ടിയായി പാൽ ചുരത്തി കൊണ്ടിരുന്നു.അപ്പോഴാണ് അപ്പുവും അച്ചുവും അങ്ങോട്ട് വന്നത്… അപ്പു ഏട്ടനെ നോക്കി കുസൃതിയോടെ ചോദിച്ചു…
“ഏട്ടൻ പാല് കറക്കാണോ…?”
“അല്ലടി. ഞാൻ മസ്സാജ് ചെയ്യാ എന്താ… അവൾ കിന്നാരം പറയാൻ വന്നിരിക്കുന്നു “. അതു കേട്ട അച്ചു പൊട്ടി ചിരിച്ചു…അതു കണ്ട അപ്പുവിന് ദേഷ്യം വന്നു.
“നീയെന്തിനാ ചിരിക്കുന്നെ ഏട്ടന്റെ തമാശ കേട്ടിട്ടാണോ. ഹും… പിന്നെ അവൾ കണ്ണനോട് പറഞ്ഞു… ഓ ഞാനറിഞ്ഞില്ല ഏട്ടന്റെ മസാജിങ് ഇപ്പൊ തൊഴുത്തിലാണെന്നു. ആ ചെയ്തോ, നല്ലോണം മസാജ് ചെയ്താൽ അവൾ കൂടുതൽ പാല് തരും… ഹും..” അതും പറഞ്ഞു അപ്പു ചവിട്ടി തുള്ളി അകത്തേക്ക് പോയി. അച്ചു അവിടെത്തന്നെ നിന്നു.. അവൾ ആദ്യമായിട്ടു കാണുകയായിരുന്നു ഇതെല്ലാം. പാല് കറന്നു കഴിഞ്ഞു കിങ്ങിണിയുടെ കെട്ടഴിച്ചതും, അവൾ തുള്ളി ചാടി അമ്മിണിയുടെ അകിടിൽ തലയിട്ട് മുല വായിക്കുള്ളിലാക്കി ഉറുഞ്ചികുടിച്ചു. അമ്മിണി അവളുടെ പുറത്തെല്ലാം നക്കി കൊടുത്തു, അവൾക്ക് പാല് കൊടുത്തു. ഒരു അമ്മ കുഞ്ഞിന് പാല് കൊടുക്കുന്ന പോലെ… കണ്ണൻ അച്ചുവിന്റെ കയ്യിൽ പാല് നിറച്ച കുടം കൊടുത്തു കൊണ്ടു പറഞ്ഞു.
“അച്ചു ഇതെല്ലാം ആദ്യമായി കാണുകയാണോ..?”
“അതേ…”
“ഇന്നലെ നന്നായി പേടിച്ചു അല്ലെ? കൈക്കിപ്പോ എങ്ങനെയുണ്ട്. വേദന കുറവുണ്ടോ ? ഹോസ്പിറ്റലിൽ പോണോ…?”
“അയ്യോ വേണ്ട. വേദന കുറവുണ്ട്. അമ്മ ഇന്നലെ തൈലം ഇട്ട് ഉഴിഞ്ഞു തന്നപ്പോൾ തന്നെ വേദന കുറഞ്ഞു… കണ്ണേട്ടനാണോ എന്നും അമ്മിണിയെ കറക്കാറ് ? “
“അതേ…. അവൾ എന്നെ മാത്രമേ കറക്കാൻ അനുവദിക്കൂ. വേറെ ആരെയും അവൾ സമ്മതിക്കില്ല… അച്ചൂ, പാലും ഈ വെണ്ണയും അമ്മയുടെ അടുത്ത് കൊടുത്തേക്കു. ഞാൻ അർജ്ജുന്റെ അടുത്തോട്ട് പോട്ടെ അവന് പട്ട ഇട്ട് കൊടുത്തിട്ടില്ല “…
ചായ കുടി എല്ലാം കഴിഞ്ഞു. എല്ലാവരും ഉമ്മറത്ത് ഇരിക്കുമ്പോഴാണ് അപ്പു അച്ഛനോട് പറഞ്ഞത്….
“അച്ഛാ… അച്ചുവിന് ഇപ്രാവശ്യം വിഷുവിന് ഗുരുവായൂർ അമ്പത്തിൽ പോയി ഗുരുവായൂരപ്പനെ കണി കാണണം എന്ന് പറഞ്ഞു..”
“വിഷുവിന് പോവേണ്ട. അന്ന് പോയാൽ ഗുരുയൂരപ്പനെ ഒന്ന് കാണാൻ പോലും പറ്റില്ല അത്രക്ക്യും തിരക്കായിരിക്കും. ഒരു സൂചി കുത്താൻ ഇടം ഉണ്ടാവില്ല്യ അവിടെ. അതു കൊണ്ട് അന്ന് നമുക്കല്ലാവർക്കും ഇവിടെ കാണികാണാം. ഗുരുവായൂരപ്പൻ ഇവിടെയും ഉണ്ടല്ലോ. ‘അമ്മ ഇവിടെ കാണിയൊരുക്കും. നിങ്ങൾ എല്ലാവരും ഇന്ന് വേണാചാ ഗുരുവായൂർ പൊക്കോളൂ. എന്താ അതു പോരെ മോളേ.. അതു കേട്ട അച്ചു മനസ്സു നിറഞ്ഞ സന്തോഷത്തോടെ. മതി എന്നു പറഞ്ഞു…
“കണ്ണാ നീ ഇവരെ എല്ലാം ഗുരുവായൂർ എല്ലാം ഒന്നു കൊണ്ട് പോയിട്ട് വാ.. ഞാനില്ല, എനിക്ക് അമ്പലത്തിൽ കുറച്ചു പണിയുണ്ട്. ഇന്ന് അവിടത്തെ പൊട്ടിയ ഓടെല്ലാം മാറ്റാൻ ആള് വരുന്നുണ്ട്. ഉത്സവത്തിന് ഇനി അഞ്ചു ദിവസം കൂടിയേ ഉള്ളൂ. പോരാത്തതിന് ഷൊര്ണൂര്ന്ന് അര്ജുനനുള്ള പട്ട വരുന്നല്ലേ പറഞ്ഞത്. അപ്പൊ ഇവിടെ ഒരാള് വേണ്ടേ. പിന്നെ തിരിച്ചു വരുമ്പോ എല്ലാവർക്കും ഡ്രസ്സ് എല്ലാം വാങ്ങിച്ചോ.. വിഷു മറ്റന്നാളല്ലേ. ഇനി അതിന് വേറെ ഒരു പോക്ക് പോകണ്ടല്ലോ… പിന്നെ പണിക്കാർക്ക് എല്ലാം എല്ലാ വർഷത്തെയും പോലെ ഓരോ മുണ്ടും, ഓരോ തോർത്തും. പിന്നെ ഇവിടെ അടുക്കളപ്പണിക്ക് നിന്നിരുന്ന നാണിയമ്മക്ക് ഒരു നേരിയതും മുണ്ടും, അതും വാങ്ങണം. അതു മറക്കരുത് ഓർമയിൽ വെച്ചോണം. പാവം ഒരുപാട് കാലം ഇവിടെ കിടന്ന് കരിയും പുകയും കൊണ്ടതാ. അതു ലക്ഷ്മി തന്നെ അവിടെ പോയി കൊടുക്കണം. പിന്നെ ഹസനിക്കാക്കും റഹ്‌മാനും നിന്റെ മറ്റു കൂട്ടുകാർക്കും. വാങ്ങണം ഹസ്സന് മുണ്ടും,ഒരു ഷർട്ട് പീസും. നിന്റെ കൂട്ടുകാർക്ക് എന്താണെന്ന് വെച്ചാ നിങ്ങൾ ഒന്നിച്ചു പോയി വാങ്ങിച്ചോ. പിന്നെ അര്ജ്ജുനന്റെ കഴുത്തിൽ കേട്ടാൽ എല്ലാ വർഷത്തെയും പോലെ ഡബിൾ മുണ്ട് പൊന്നാട. അവനും വിഷു ഉള്ളതാണ്. മറക്കരുത്… പിന്നെ നിങ്ങൾക്കൊക്കെ എന്താ വേണ്ടതെന്ന് വെച്ചാ വാങ്ങിച്ചോളൂ… അച്ചു മോൾക്ക് ഒരു നാലഞ്ച് കൂട്ട് എടുത്തോ.. അവൾക്ക് വേറെ എന്താ വേണ്ടതെന്നാ വാങ്ങിച്ചു കൊടുക്ക് “.
“ശരിയച്ഛാ “.അതു കേട്ടതും അച്ചുവിന്റെ കണ്ണും മനസ്സും നിറഞ്ഞു. ജീവിതത്തിൽ ആദ്യമായിട്ടാണ് അവൾക്ക് ഒരു വിഷു കോടി കിട്ടുന്നത്. അവൾ അമ്മയോട് ചേർന്ന് നിന്നു. അമ്മ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു…
“മോൾക്ക് എന്ത് ആഗ്രഹം ഉണ്ടങ്കിലും പറഞ്ഞോട്ടൊ എല്ലാം നമുക്ക് നടത്താം”.
“കണ്ണാ.. ഒരു ലിസ്റ്റ് തയ്യാറാക്കിക്കോ. ഒരാളെയും വിട്ട് പോകരുത്… കഴിഞ്ഞ പ്രാവശ്യം തന്നെ നാലഞ്ച് ആളുകളെ വിട്ട് പോയിരുന്നു. ഇപ്രാവശ്യം അതുണ്ടാവരുത്. അവരുണ്ടെങ്കിലെ നമ്മളൊള്ളൂ. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ഈ നാട്ടുകാർ ഈ വീട്ടിലോട്ട് ഓടി വരുന്നത് ഈ വലിയ വീട് കണ്ടിട്ടല്ല. ഈ വീട്ടിൽ അവരെ സംരക്ഷിക്കാൻ ആളുണ്ട് എന്ന വിശ്വാസം കൊണ്ടാണ്. നമ്മൾ ഇത്രയും വളർന്നത് നമ്മുടെ മാത്രം കഴിവ് കൊണ്ടല്ല അതിൽ അവരുടെ വിയർപ്പും അധ്വാനവും കൂടി ഉള്ളത് കൊണ്ടാണ്. അതു നമ്മൾ മറക്കാൻ പാടില്ല. പിന്നെ തിരിച്ചു വരുമ്പോൾ ബാങ്കിൽ നിന്നും കുറച്ചു പൈസയും എടുക്കണം. വിഷുവിന് എല്ലാവർക്കും കൈ നീട്ടം കൊടുക്കാനുള്ളതാണ്. സദ്യക്കുള്ള സാധനങ്ങൾ എല്ലാം നാളെ നീയും റഹ്‌മാനും കൂടി അവന്റെ ഓട്ടോയിൽ പോയി എടുത്താൽ മതി.. എന്നാ എല്ലാവരും പെട്ടന്ന് പുറപ്പെട്ടോളൂ…”..അപ്പോഴാണ് അപ്പു ആവേശത്തോടെ തുള്ളി ചാടി കൊണ്ട് പറഞ്ഞത്…
“ഏട്ടാ എന്നാ നമുക്ക് ഗുരുവായൂർന്നു വരുന്ന വഴി തൃശ്ശൂർ വഴി വരാം നമുക്ക് കല്യാണ് സിൽക്കിന്ന് ഡ്രെസ്സെല്ലാം എടുക്കാം..
“ശരി കല്യാണ് സിൽക്കെങ്കിൽ കല്യാൺ സിൽക്ക്. എന്നാ എല്ലാവരും റെഡിയായിക്കോ. ഇപ്പൊ പുറപ്പെട്ടാൽ മാത്രമേ എല്ലാം കഴിഞ്ഞു ഇരുട്ടുന്നതിനു മുമ്പേ ഇവിടെ തിരിച്ചെത്താൻ പറ്റൂ…. #തുടരും
#ഫൈസൽ_കണിയാരി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission