അമ്പാടിക്കണ്ണനെ കാണാൻ ഗുരുവായൂരിലോട്ട് പോകാൻ ലക്ഷ്മിയമ്മ സെറ്റ് സാരിയും ഉടുത്ത് ജീരക വെള്ളം നിറച്ച രണ്ട് കുപ്പിയും കയ്യിലെടുത്തു കൊണ്ട് ഉമ്മറത്തേക്ക് വന്നു. അപ്പുവും അച്ചുവും അണിഞ്ഞൊരുങ്ങി ഉമ്മറത്തും, കണ്ണൻ ഡ്രസ്സെല്ലാം മാറ്റി അച്ഛനോട് എന്തൊക്കെയോ സംസാരിച്ചു കാറിന്റെ അടുത്തും നിൽക്കുന്നുണ്ടായിരുന്നു. അപ്പുവും അച്ചുവും ദാവണിയും, കണ്ണൻ മുണ്ടും ഷർട്ടുമായിരുന്നു ഉടുത്തിരുന്നത്. അമ്മയാണ് അവനോട് മുണ്ടും ഷർട്ടും ഉടുത്താൽ മതിയെന്ന് പറഞ്ഞത്. ഉമ്മറത്ത് തന്നെ നിൽക്കുന്ന അമ്മയെ കണ്ട കണ്ണൻ വിളിച്ചു പറഞ്ഞു.
“ഒന്ന് പെട്ടന്നിറങ്ങമ്മ, സമയം വൈകുന്നു. ഇപ്പൊ പോയാൽ ശീവേലി തൊഴാം…”
“ആ കഴിഞ്ഞു… പോകാം”.എന്നും പറഞ്ഞു കാറിന്റെ അടുത്ത് എത്തിയതും അമ്മ അച്ഛനോട് പറഞ്ഞു..
“എന്നാ ഞങ്ങൾ പോയിട്ട് വരാം. ഊണ് തീൻ മേശമേൽ വെച്ചിട്ടുണ്ട് പിന്നെ ഉച്ചക്ക് കഴിക്കാനുള്ള മരുന്നും…”
“ശരി ഞാൻ കഴിച്ചോളാം, എന്നാ നിങ്ങള് പോയിട്ട് വരൂ.. പിന്നെ കണ്ണാ… അപ്പൂനെയും അച്ചൂനെയും ഒന്ന് തുലാഭാരം തൂക്കിയേക്കു പിന്നെ രണ്ടാളുടെ പേരിലും ഓരോ പുഷ്പാഞ്ജലിയും കഴിച്ചേക്ക്. തുലാഭാരം സാക്ഷാൽ അമ്പാടിക്കണ്ണന് ഇഷ്ടമുള്ള വെണ്ണ കൊണ്ട് തന്നെ ആയിക്കോട്ടെ. എന്റെ മക്കളെ തട്ടു കേടുകളെല്ലാം അങ്ങ് പോട്ടെ…” അച്ഛന്റെ ആ വാക്കുകൾ കേട്ടതും അച്ചുവിന്റെ മനസ്സും കണ്ണും നിറഞ്ഞു. അവളെയും തുലാഭാരം തൂക്കുന്നു അമ്പാടി കണ്ണന്റെ തിരുസന്നിധിയിൽ വെച്ച്, അതും വെണ്ണ കൊണ്ട്. അവൾ അച്ഛനും വേണ്ടി ഹൃദയം നിറഞ്ഞു മനസ്സിൽ പ്രാർത്ഥിച്ചു. ആ അച്ഛന് ദീർഘായുസ് കൊടുക്കാൻ…
“ശരിയച്ഛാ. തൂക്കിയേക്കാം.. എന്നാ ഞങ്ങൾ പോയിട്ട് വരാം..” അച്ചുവും അച്ഛനോട് യാത്ര പറഞ്ഞു. അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് പോയിട്ട് വരാൻ പറഞ്ഞു…കണ്ണനും അപ്പുവും മുന്നിലും, അമ്മയും അച്ചുവും പിന്നിലുമായി അവർ യാത്ര തുടങ്ങി…
അവരുടെ യാത്ര വീട്ടിൽ നിന്നും പാടത്തിന്റെ നടുവിലൂടെയുള്ള റോട്ടിലേക്ക് കടന്നതും അച്ചു കാറിന്റെ ഡോറിനടുത്തേക്ക് നീങ്ങിയിരുന്നു ആ നാടിന്റെ മനോഹാരിത ആവോളം ആസ്വദിച്ചു. കാറിൽനിന്നും നോക്കുമ്പോൾ വിളഞ്ഞു കണ്ണെത്താ ദൂരം വരെ നീണ്ടു കിടക്കുന്ന നെൽപ്പാടങ്ങൾ കാണാൻ നല്ല ഭംഗി തോന്നി അവൾക്ക്. കാറ്റിനനുസരിച്ചു വിളഞ്ഞു നിൽക്കുന്ന നെൽ കതിരുകൾ ഉളഞ്ഞാടുമ്പോൾ കടലിലെ തിരമാലകളെ പോലെ തോന്നി അച്ചുവിന്. മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്ന കാറിന്റെ വേഗതക്കനുസരിച്ചു പിന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്ന ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ അനുസരണയില്ലാതെ പിന്നോട്ട് പാറി കളിച്ചു കൊണ്ടിരുന്നു.. അവരുടെ യാത്ര ഹസനിക്കയുടെ കടയുടെ മുന്നിൽ എത്തിയതും അമ്മ കണ്ണനോട് കാറൊന്ന് നിർത്താൻ പറഞ്ഞു. കടയിലിരിക്കുന്ന ഹസ്സനിക്ക അവരെ കണ്ടതും കാറിന്റെ അടുത്തേക്ക് വന്നു.അമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഹസ്സനിക്കാ.. മറ്റന്നാളാണ് വിഷു. കുട്ടികളെല്ലാവരേയും കൂട്ടി വീട്ടിലോട്ട് വരണം കേട്ടോ…”
“അള്ളാ.. പിന്നെ ഞമ്മള് വരാണ്ടിരിക്കോ. ഓര്മവെച്ച കാലം മുതൽ അവിടെത്തന്നെ അല്ലെ ഞങ്ങളുടെ വിഷുവും ഓണവുമൊക്കെ.. നിങ്ങൾ വിളിച്ചില്ലങ്കിലും ഞമ്മള് അവിടെത്തും…”
“സന്തോഷം. അറിയാം വരുമെന്ന് എന്നാലും ഒന്ന് ക്ഷണിച്ചു എന്ന് മാത്രം…”
“എല്ലാവരും വരും പോരെ. പിന്നെ എവിടേക്കാ ഇപ്പൊ യാത്ര…?”
“ഗുരുവായൂർ അമ്പലത്തിലോട്ട് തൊഴാൻ…”
അപ്പോഴാണ് ഭരണിയിൽ ഇരിക്കുന്ന കടല മുട്ടായി അപ്പുന്റെ ശ്രദ്ധയിൽ പെട്ടത്. അവൾ കൊതിയോടെ അതിലേക്ക് നോക്കി വെള്ളമിറക്കി കൊണ്ട് ആവേശത്തോടെ പറഞ്ഞു. “ഹസ്സനിക്കാ എനിക്ക് കടലാമിട്ടായി വേണം “. ഹസനിക്ക ഭരണിയിൽ നിന്നും കുറച്ചു കടല മിഠായി വാരി പേപ്പറിൽ പൊതിഞ്ഞു. അവളുടെ കയ്യിൽ കൊടുത്തതും കണ്ണൻ പൈസ എടുത്തു ഹസാനിക്കക്ക് നേരെ നീട്ടി…
“അതവിടെ വെച്ചോളിൻ. എന്റെ അപ്പൂന് കൊടുക്കുന്ന ഒന്നിനും എനിക്ക് പൈസ വേണ്ട. ഇവൾ നിങ്ങളെ മാത്രം മോളല്ല എന്റെയും മോളാണ്. എന്നാ ഇനി താമസിക്കണ്ട പോയ്‌ക്കോളിൻ…”
അവർ സന്തോഷത്തോടെ ഹസനിക്കയോട് യാത്ര പറഞ്ഞു. വീണ്ടും യാത്ര തുടങ്ങി. അപ്പു കുറച്ചു കടല മിഠായി എടുത്തു ബാക്കി അച്ചുവിനും അമ്മക്കും കൊടുത്തു. ഒന്ന് ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്ന കണ്ണന്റെ വായിലും വെച്ചു കൊടുത്തു. കടല മിഠായി വായയിൽ ഇട്ട് ചവച്ചു കൊണ്ട് അപ്പു പറഞ്ഞു.” അല്ലെങ്കിലും ഈ കടല മിട്ടായിക്ക് ഒരു പ്രത്യേക ടേസ്റ്റാണ്. എത്ര തിന്നാലും മതി വരില്ല “. അതു കേട്ട കണ്ണൻ പറഞ്ഞു. “എനിക്ക് ഒന്നും കൂടി താടി ” . അവൾ അവന്റെ വായിൽ ഒന്നും കൂടി വെച്ചു കൊടുത്തു കൊണ്ട് പറഞ്ഞു. “ഇനി ചോദിക്കണ്ട തരില്ല. ഇനി ആകെ ഒന്നേ ഉള്ളൂ അതെനിക്ക് വേണം” . അതു കേട്ട അമ്മയും അച്ചുവും ചിരിച്ചു. അച്ചു തിന്നതിന്റെ ബാക്കി അവളുടെ കയ്യിലുള്ള ഒരു കടല മിഠായി കണ്ണന് കൊടുത്തു. അതു വാങ്ങി വായിലിട്ട് കൊണ്ട് കണ്ണൻ അപ്പുവിനോട് പറഞ്ഞു…
“കണ്ടോടി…. ഇതാണ് സ്നേഹം. നീ എന്തൊരു പിശുക്കിയാടി പോരാത്തതിന് കൊതിച്ചിയും”.. അത് അപ്പുവിനെ ചൊടിപ്പിച്ചെങ്കിലും ആ വാക്കുകൾ അച്ചുവിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. അവളുടെ മുഖത്ത് ഒരു മന്ദഹാസം മിന്നിമറഞ്ഞു. അവളുടെ മനസ്സ് അവള് പോലും അറിയാതെ കണ്ണനോട് അടുക്കുകയായിരുന്നു. കണ്ണന്റെ കളിയാക്കൽ കേട്ട അപ്പു മുഖം വീർപ്പിച്ചു കൊണ്ട് കണ്ണനോട് പറഞ്ഞു.
“എന്റെ കയ്യിൽ നിന്ന് രണ്ടണ്ണം വാങ്ങി വിഴുങ്ങിയതും പോരാ, ഇപ്പൊ ഞാൻ കൊതിച്ചിയും പിശുക്കിയും. അവൾ സ്നേഹമുള്ളവളും അല്ലെ.. ഇനി നോക്കിക്കോ എന്റെ കയ്യിൽ നിന്നും ഒന്നും കിട്ടില്ല ഏട്ടന്.. ഹും..”
“ആ.. ഇതു തന്നെ ഞാൻ പറഞ്ഞത് നീ പിശുക്കിയാണെന്ന്. ഇപ്പൊ എല്ലാരും കേട്ടല്ലോ…” കണ്ണൻ അവളെ ശുണ്ഠി പിടിപ്പിക്കാൻ വീണ്ടും പറഞ്ഞു. അതു കേട്ട അവളുടെ മുഖം ഒന്നും കൂടി വീർത്തു . അതു കണ്ട മറ്റെല്ലാവരും ചിരിച്ചു. . അവരുടെ യാത്ര തുടരുന്നതിന് ഇടയിൽ അമ്മ പറഞ്ഞു….
“കണ്ണാ ഞാൻ നിന്റെ പേരിൽ ഗുരുവായൂര് വെച്ചു നടത്താൻ ഒരു വഴിപാട് നേർന്നിരുന്നു. അത് ഇന്ന് നടത്തണം…”
“എന്ത് വഴിപാടാമ്മേ, അമ്മ എന്റെ പേരിൽ നേർന്നത്.. എന്നിട്ട് എന്നോട് ഇത് വരെ അമ്മ അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ…”
“അതു ഞാൻ മറന്നതാ നിനക്ക് IAS സെലക്ഷൻ കിട്ടാൻ വേണ്ടിയും, നിന്റെ ആയുർ ആരോഗ്യ സൗഖ്യത്തിനും വേണ്ടി നേർന്നതാണ്…”
“ആണോ. എന്നാ ഇന്ന് തന്നെ അതും നടത്താം. ഇനി അതിന് ഒരു വരവ് വരണ്ടല്ലോ…”
“അതേ ഇന്ന് തന്നെ നടത്താം. നിനക്ക് സമ്മതമാണല്ലോ അല്ലെ? “
“പിന്നെ സമ്മതമല്ലാണ്ട് ഇതിനൊക്കെ എന്തിനാ അമ്മാ സമ്മതം ചോദിക്കണത്. എന്റെ അമ്മ എന്റെ നല്ലതിന് വേണ്ടി മാത്രമല്ലേ വഴിപാട് കഴിക്കൂ. എനിക്ക് പരിപൂർണ്ണ സമ്മതം.. അമ്മ പറ, എന്ത് വഴിപാടാണ് അമ്മ എന്റെ പേരിൽ നേർന്നത് പറ കേക്കട്ടെ…” കണ്ണൻ നിറഞ്ഞ മനസ്സാലെ പുഞ്ചിരിച്ചു കൊണ്ട് മിററിൽ കൂടി പുറകിലിരിക്കുന്ന അമ്മയെ നോക്കി ചോദിച്ചു..
“ഒന്നുംല്ല്യാ.. ഒരു നാൽപത്തൊന്ന് ശയന പ്രദക്ഷിണം മാത്രം “. അതു കേട്ടതും കണ്ണന്റെ കണ്ണ് രണ്ടും തള്ളിപോയി. അതു വരെ ചിരിച്ചു കൊണ്ടിരിന്നിരുന്ന കണ്ണൻ ചിരി മാറ്റി, വണ്ടി റോഡിന്റെ ഓരം ചേർത്ത് കാറ് ചവിട്ടി നിർത്തികൊണ്ടു പുറകിലേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു…
“എന്തോന്ന് ശയന പ്രദക്ഷിണമോ.. അതും നാല്പത്തൊന്നെണ്ണം, എന്നെക്കൊണ്ടൊന്നും പറ്റില്ല അവിടെ കിടന്നുരുളാൻ. അമ്മക്ക് എന്റെ പേരിൽ കഴിക്കാൻ വേറെ ഒരു വഴിപാടും കിട്ടിയില്ലേ. നിലത്ത് കിടന്ന് ഉരുളുന്ന ഈ വഴിപാട് മാത്രമേ കിട്ടിയൊള്ളൂ. ശയന പ്രദക്ഷിണം ചെയ്യുന്ന വഴിയിലേ പരവതാനി അല്ല വിരിച്ചിരിക്കുന്നത്, കരിങ്കല്ലാണ്. അവിടെ കിടന്നുരുണ്ടാലെ പിന്നെ ദേഹത്തിന്റെ ഷെയ്പ്പ് തന്നെ മാറും. അതും കുറച്ചൊന്നും അല്ല ദൂരം, ഒരു റൗണ്ട് അടിച്ചു വരുമ്പോത്തിന് തന്നെ എന്റെ കാറ്റ് പോകും. ഹും..” അതു കേട്ട അപ്പുവും അച്ചുവും വാ പൊത്തി ചിരിച്ചു. അതും കൂടി കണ്ടപ്പോൾ കണ്ണന് ദേഷ്യം ഇരച്ചു കയറി. അവൻ അവരുടെ മൂന്നാളുടെ നേരെയും ദേഷ്യത്തോടെ നോക്കി. അപ്പൊ അമ്മ ശാന്തമായി വാത്സല്യത്തോടെ കണ്ണന്റെ കയ്യിൽ പിടിച്ചു പറഞ്ഞു…
“അമ്മേടെ മോൻ സമ്മതിച്ചതാ വഴിപാട് നടത്താമെന്ന്. ഇനി തിരുത്തി പറഞ്ഞാൽ ദൈവശാപം കിട്ടും. നിന്റെ നല്ലതിന് വേണ്ടിയല്ലേ അമ്മ നേർന്നത്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ ശയന പ്രദക്ഷിണം ചെയ്യാൻ ഒരു അവസരം കിട്ടുകാന്ന് പറഞ്ഞാൽ അത്ര പുണ്യം വേറൊന്നില്ല…” അമ്മയുടെ വസത്സല്യമേറിയ വാക്കുകൾ കേട്ട കണ്ണൻ ദേഷ്യമടക്കി വെച്ചു ശാന്തനായി, അമ്പത്തിന്റെ ചുറ്റും ശയന പ്രദക്ഷിണം ചെയ്യുന്ന വഴിയിലെ കരിങ്കല്ല് പാകിയ പാതയെ ഓർത്ത് വിഷമിച്ചു, നിസഹായവസ്ഥയോടെ അമ്മയുടെ കയ്യിൽ പിടിച്ചു ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.
“അതു വേണ്ടമ്മാ. എനിക്ക് വയ്യ അവിടെ കിടന്നുരുളാൻ. നാല്പത്തൊന്നു വട്ടം ഉരുണ്ട് വരുമ്പോത്തിന് ഞാൻ തട്ടാന്റെ കയ്യിൽ പണയം വെക്കാൻ കൊണ്ടു പോയ മോതിരം പോലെ. തേഞ്ഞു ഇല്ലാണ്ടാകും…”
“അതൊന്നും ഇല്ലടാ. എന്റെ മോൻ ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ചു പതുക്കെ ഉരുണ്ടാൽ മതി. ഇവര് രണ്ടാളും നിന്റെ കൂടെയുണ്ടാകും. വളവിൽ നിന്ന് തിരിച്ചു തരാനും മറ്റിനും…”
“ഇതിനായിരുന്നല്ലേ അമ്മ എന്നോട് മുണ്ടെടുക്കാൻ പറഞ്ഞത്. അതിന്റെ പിന്നിൽ ഇങ്ങനെ ചതി ഒളിഞ്ഞിരിക്കുന്നത് ഞാനറിഞ്ഞില്ല. അവിടെ വേറെ എന്തെല്ലാം വഴിപാട് കിടക്കണ് അതൊന്നും നേരാതെ ഇത് മാത്രം നേർന്നിരിക്കുന്നു. ഇവർക്ക് രണ്ടാൾക്കും തുലാസിൽ കയറി സുഖായിട്ട് ചമ്രം പടിഞ്ഞിരുന്നു തുലാഭാരം. എനിക്ക് കിടന്നുരുളലും. നിങ്ങളെല്ലാവരും ഒന്നോർത്തോണം ഈ നാടിന് വരാൻ പോകുന്ന ഒരു സബ് കളക്റ്ററെ ആണ് നിങ്ങൾ നിലത്തിട്ടുരുട്ടുന്നത്. അതു മറക്കണ്ട…” അതു കേട്ടതും അപ്പുവിന് അവനോട് നേരത്തേതിന്റെ പകരം വീട്ടാൻ കിട്ടിയ അവസരമായി കണക്കാക്കി അവൾ ഇടയിൽ കയറി പറഞ്ഞു…
“അങ്ങ് സമ്മതിക്കേട്ടാ. ഏട്ടന്റെ നല്ലതിന് വേണ്ടി അമ്മ നേർന്നതല്ലേ. ഏട്ടൻ പേടിക്കണ്ട ഞാനും അച്ചുവും ഏട്ടനെ നല്ല സ്പീഡിൽ ഉരുട്ടി തരാം. നാല്പത്തൊന്നെണ്ണം അല്ലെ ഉള്ളൂ. അത് കുറച്ചു കുറഞ്ഞു പോയെന്നാ എന്റെ ഒരു സംശയം ഒരു നൂറ്റിഒന്നെങ്കിലും വേണമായിരുന്നു…” അതു കേട്ട കണ്ണന് ദേഷ്യം വന്നു. അവൻ അവളുടെ നേരെ കയർത്തു കൊണ്ട് പറഞ്ഞു.
“മിണ്ടാതിരിയടി.. ഇനി നീ മിണ്ടിയാൽ വണ്ടി നിന്നും ഞാനെടുത്തു പുറത്തെറിയും. നീ എന്നെ ഉരുട്ടണ്ട എനിക്കറിയാം ഉരുളാൻ…” അവരുടെ അടികൂടല് കണ്ട അമ്മ ഇടയിൽ കയറി പറഞ്ഞു…
“തുടങ്ങിയോ രണ്ടും കൂടി അടികൂടാൻ. എനിക്ക് വയ്യ. രണ്ടും പോത്ത് പോലെ വളർന്നു. എന്നിട്ട് വഴിയിൽ കിടന്ന് അടി കൂടുകയാ. കണ്ണാ നീ വണ്ടിയെടുത്തെ. ഇല്ലെങ്കിൽ ശീവേലി തെറ്റും… വഴിപാട് നടത്തിയെ പറ്റൂ. നിനക്കൊന്നും പറ്റില്ല “.
“ഹാ.. ഇനി ഉരുണ്ടല്ലേ പറ്റൂ.. അമ്മ നേർന്നില്ലേ.. ഉരുണ്ടേക്കാം.. ഉരുണ്ട് ഉരുണ്ട് ബാക്കി വല്ലതും ഉണ്ടായാൽ മതിയായിരുന്നു…” കണ്ണൻ ഒരു നെടുവീർപ്പിട്ടു പറഞ്ഞു കൊണ്ട് കാറ് മുന്നോട്ടെടുത്തു…
ഗുരുവായൂർ എത്തിയതും അമ്പലത്തിൽ നിന്നുള്ള ഭജനയും പാട്ടും എല്ലാം സ്പീക്കറിലൂടെ കേൾക്കാമായിരുന്നു. അവിടെ എത്തിയപ്പോൾ തന്നെ അച്ചുവിന്റെ മനസ്സിന് ഒരു പ്രത്യേക ശാന്തി ലഭിച്ച പോലെ തോന്നി. അവളുടെ എല്ലാ സങ്കടവും അലിഞ്ഞു പോകുന്ന പോലെ അവൾക്കു തോന്നി. അവിടെയെല്ലാം ഒരു ഭക്തി തളം കെട്ടിയെപോലെ തോന്നിയവൾക്ക്. അമ്പലത്തിന്റെ അടുത്തൊന്നും വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ടായിരുന്നില്ല. അതു കൊണ്ട് കുറച്ചു ദൂരെയാണ് പാർക്ക് ചെയ്തത്. എല്ലാവരും കാറിൽ നിന്നും ഇറങ്ങിയതും അമ്മ പറഞ്ഞു…
“കണ്ണാ അമ്പലത്തിലേക്ക് കുറച്ചു ദൂരം നടക്കാനില്ലേ…?”
“ഉണ്ട്.. നമുക്കൊരു ഓട്ടോ വിളിച്ചു പോകാം നടക്കേണ്ട. അമ്മക്ക് വയ്യാത്തതാണ്…” കണ്ണൻ ഒരു ഓട്ടോ വിളിച്ചു. അമ്മയാണ് ആദ്യം കയറിയത് പിന്നെ അപ്പുവും പിന്നെ അച്ചുവും. കണ്ണൻ അച്ചുവിന്റെ എടുത്തു ഇരുന്നതും അച്ചു ഒരു നാണത്തോടെ കണ്ണനെ നോക്കി. കണ്ണനറിയാതെ അവൾ ഇടം കണ്ണാലെ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്പലത്തിന്റെ മുന്നിൽ എത്തിയതും ഭക്തരെ കൊണ്ട് അമ്പാടി കണ്ണന്റെ തിരുസന്നിധി നിറഞ്ഞിരുന്നു. ഓട്ടോയിൽ നിന്നും ഇറങ്ങിയതും അവിടെ മുഴുവൻ ചന്ദനതിരിയുടെയും സാംബ്രാണി തിരിയുടെയും ചൈതന്യം നിറഞ്ഞ മണം മാത്രമായി. അമ്പലത്തിലേക്കുള്ള വഴിയുടെ രണ്ട് സൈഡിലുമുള്ള പൂജാ കടകളിലും പല രീതിയിലുള്ള മനസ്സിന് ഇമ്പമേറുന്ന ഭക്തി ഗാനങ്ങൾ പാടികൊണ്ടിരിക്കുന്നു. അവിടെ മൊത്തത്തിൽ ഗുരുവായൂരപ്പന്റെ ചൈതന്ന്യം മാത്രം…
“കണ്ണാ നല്ല തിരക്കാണല്ലോ. ശീവേലി കഴിഞ്ഞോ ആവോ. സമയം എത്രയായി..?” കണ്ണൻ വാച്ചിൽ നോക്കിയപ്പോൾ ശീവേലി കഴിയാൻ ഇനിയും പതിനഞ്ചു മിനുട്ടും കൂടി ഉണ്ടായിരുന്നു. അവൻ ഷർട്ടും ബനിയനും അഴിച്ചു തോളിലിട്ടു അമ്മയുടെ കയ്യും പിടിച്ചു ആളുകൾക്കിടയിലൂടെ നടന്നു നീങ്ങി. പിന്നിൽ അച്ചുവും അപ്പുവും ഉണ്ടായിരുന്നു. ശ്രീകോവിലിന്റെ മുന്നിലേക്ക് നടന്നു നീങ്ങുമ്പോൾ അച്ചുവിന്റെ മനസ്സിൽ മുഴുവൻ അമ്പാടി കണ്ണനായിരുന്നു. അമ്പാടി കണ്ണനെ ഒരു നോക്ക് കാണുവാൻ അവളുടെ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു. ഭക്തരുടെ ഇടയിൽ കൂടി കണ്ണൻ അമ്മയെയും അച്ചുവിനെയും അപ്പുവിനെയും കൊണ്ട് ഞെരങ്ങി നീങ്ങി മുന്നോട്ടെത്തി. ശ്രീ കോവിലിന്റെ ഉള്ളിൽ തിരുമേനി പൂജയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. അമ്പാടി കണ്ണനെ കണ്ടതും എല്ലാവരും ഭഗവാനെ ധ്യാനിച്ചു കൂപ്പ് കൈകളോടെ നിന്നു. അച്ചു കണ്ണന്റെ പിന്നിൽ ആയിരുന്നു അവൾക്ക് ശരിക്ക് കാണാൻ പറ്റാത്തത് കൊണ്ട് കണ്ണൻ അവളുടെ കൈ പിടിച്ചു അവന്റെ മുന്നിൽ നിർത്തി. കണ്ണൻ അമ്പാടി കണ്ണന്റെ മുന്നിൽ വെച്ചു അവളുടെ കയ്യിൽ പിടിച്ചതും അവളുടെ മനസ്സ് ഒന്നും കൂടി കണ്ണനിലോട്ട് അടുക്കുകയായിരുന്നു. അവൾ ഒരു മന്ദഹാസത്തോടെ കണ്ണനെയും സാക്ഷാൽ കണ്ണനെയും മാറി മാറി നോക്കി. സാക്ഷാൽ അമ്പാടി കണ്ണനെ മുന്നിൽ കണ്ട അച്ചുവിന്റെ രണ്ട് കണ്ണും നിറഞ്ഞു തുളുമ്പി. അവൾ അവളുടെ സങ്കടങ്ങളുടെ കെട്ട് അമ്പാടി കണ്ണന്റെ മുന്നിൽ അഴിച്ചു വെച്ചു കൊണ്ട് മനമുരുകി പ്രാർത്ഥിച്ചു. ഒരിക്കലും കാണാൻ പറ്റില്ല എന്ന് വിചാരിച്ച ഒരു ആഗ്രഹമാണ് ഇപ്പോൾ അവൾക്ക് സാധിച്ചത്. അതു നടത്തി കൊടുത്ത ശിവരാമൻനായർക്കും കുടുംബത്തിനും നല്ലത് വരുത്താൻ വേണ്ടിയും അവൾ പ്രാർത്ഥിച്ചു…തിരുമേനിയുടെ കയ്യിൽ നിന്നും ഗുരുവായൂരപ്പന്റെ പ്രസാദം കിട്ടിയതും അമ്മ എല്ലാവർക്കും കൊടുത്തു. അച്ചുവിനെയും അപ്പുവിന്റെയും കണ്ണനെയും നെറ്റിയിൽ ചന്ദനം തൊട്ട് കൊടുക്കുകയും ചെയ്തു.. തൊഴുതു പുറത്തിറങ്ങിയതും കണ്ണൻ പറഞ്ഞു…
“അമ്മാ ഞാൻ ഇവർക്ക് രണ്ടാൾക്കുമുള്ള പുഷ്പാഞ്ജലിക്കുള്ള കാശടച്ചു ചീട്ട് അവിടെ കൊടുത്തിട്ട് ഇപ്പൊ വരാം. അമ്മക്കും കഴിച്ചേക്കാം ഒരു പുഷ്പാഞ്ജലി.
“എനിക്കിപ്പോ കഴിക്കണ്ടടാ….”
“ങ്ങാ.. അതു പറ്റില്ല.. ഞങ്ങളുടെ അമ്മ ആയുരാരോഗ്യ സൗഖ്യത്തോടെ ഇരുന്നാൽ മാത്രമേ ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയെ കിട്ടൂ…”അതു കേട്ട അമ്മയുടെ മനസ്സും കണ്ണും നിറഞ്ഞു..
“എന്നാ നീ അച്ഛന്റെ പേരിൽ ഒരു ഭാഗ്യസൂക്തം കൂടി കഴിച്ചേക്ക്…”
“അപ്പൊ. മൂന്ന് പുഷ്പാഞ്ജലി . ഒരു ഭാഗ്യസൂക്തം അല്ലെ…?”
“അപ്പൊ.. തുലാഭാരത്തിനുള്ള കാഷ് അടക്കേണ്ടെടാ..?”
“അത്.. ഇവരെ തുലാഭാരം തൂക്കിയതിന് ശേഷമല്ലേ അടക്കാൻ പറ്റൂ. രണ്ടാൾക്കും എത്ര കിലോ വെണ്ണ വരൂന്ന് അറിയില്ലല്ലോ. അച്ചൂനെ കണ്ടിട്ട് ഒരു 45 കിലോ വെണ്ണ മതിയാവും. ഇവൾക്ക് ഒരു 50, 55. വേണ്ടി വരുന്ന തോന്നുന്നത്..” അതു കേട്ട അച്ചു ചിരി ഒതുക്കി പിടിക്കുന്നത് കണ്ട അപ്പു മുഖം വീർപ്പിച്ചു ചിണുങ്ങി കൊണ്ട് പറഞ്ഞു…
“ഇത് കണ്ടോ മ്മേ ഏട്ടൻ കളിയാക്കുന്നത്. എനിക്ക് അച്ചൂനേക്കാളും വെയ്റ്റ് കൂടുതലാണെന്ന് പറഞ്ഞു…”
“തുടങ്ങിയോ രണ്ടും കൂടി പിന്നെയും. ഗുരുവായൂരപ്പന്റെ മുന്നിലെങ്കിലും ഒന്ന് അടങ്ങി നിന്നൂടെ നിങ്ങൾക്ക്…”.. അമ്മേടെ ശാസനം കേട്ട കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
“അതിന്. ഞാനിപ്പെന്താ പറഞ്ഞത്? നിനക്ക് 55 കിലോ തൂക്കം ഉണ്ടന്ന് പറഞ്ഞതോ കുറ്റം. എന്നാ ഞാൻ വെയ്റ്റ് ഒന്നു കുറച്ചേക്കാം നിനക്കൊരു 30 ആക്കാം എന്താ പോരെ…? ” അതു കേട്ട അവൾക്ക് ഒന്നും കൂടി ദേഷ്യം ഇരച്ചു കയറി. അവൾ ചിണുങ്ങി കൊണ്ട് നിലത്ത് രണ്ട് ചവിട്ട് ചവിട്ടി വിളിച്ചു…
“അമ്മേ.. ഇഹും ഇഹും..” അതു കേട്ട ദേഷ്യത്തിടെ അമ്മ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
“ഒന്ന് കിണുങ്ങാതിരിക്ക് പെണ്ണേ… കണ്ണാ നീ പോയി വഴിപാടിനുള്ള പണമടച്ചിട്ട് വാ പെട്ടന്ന്. ഇവരുടെ വഴിപാടെല്ലാം കഴിഞ്ഞിട്ട് വേണം നിനക്ക് 41 വട്ടം ശയന പ്രദക്ഷിണം വെക്കാൻ…” അതു കേട്ടപ്പോൾ കണ്ണൻ വിഷമത്തോടെ പറഞ്ഞു…
“അമ്മാ ഈ 41 എന്നുള്ളത്. കുറച്ചു. ഒരു 21 ആക്കിക്കൂടെ…?”
“അതു പറ്റില്ല. നേർന്ന അത്രയും പ്രദക്ഷിണം വെച്ചാലെ കർമം പൂർത്തിയാകൂ…” അതു കേട്ടപ്പോൾ കണ്ണന്റെ മുഖം ഒന്ന് വാടി. അതു കണ്ട അപ്പുവിന് ചിരിവന്നു. കൂടെ അച്ചുവിനും.. കണ്ണൻ അവരെ എല്ലാവരെയും ഒരു നെടുവീർപ്പിട്ടു നോക്കിക്കൊണ്ട് പറഞ്ഞു…
“ഹാ.. നാൽപ്പത്തൊന്നെങ്കിൽ നാൽപ്പത്തൊന്നു. ഉരുണ്ടേക്കാം.. ഞാൻ പോയി പണം അടച്ചു വരാം … അച്ചൂ അച്ചുവിന്റെ നാള് ഏതാണ്..?” അച്ചു പറഞ്ഞു..
“തിരുവാതിര…”
“തിരുവാതിര.. നല്ല നാള്.. ബാക്കിയുള്ളവരുടെ എല്ലാം എനിക്കറിയാം. ഞാൻ കാശടച്ചിട്ടു വരാം..”
കണ്ണൻ ചീട്ടെടുക്കാൻ കൗണ്ടറിന് മുന്നിൽ എത്തിയതും ഒരു നീണ്ട നിരതന്നെ ഉണ്ടായിരുന്നു അവിടെ.. കണ്ണൻ കാശടച്ചു തിരിച്ചു വന്നു…
“അടച്ചോടാ..?”
“ആ അടച്ചു.. നല്ല തിരക്കായിരുന്നു. വരൂ തുലാഭാരം തൂക്കുന്നോടത്തേക്ക് പോകാം.. അച്ചൂ അപ്പൂ രണ്ടാളും മനമുരുകി നല്ലോണം പ്രാർത്ഥിച്ചോണം കേട്ടോ..?” അവർ രണ്ടാളും ശരി എന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അതു കേട്ട അമ്മ അച്ചുവിന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു..
“മോളുടെ എല്ലാ വിഷമങ്ങളും മാറും. നീ ഇപ്പൊ ഗുരുവായൂരപ്പന്റെ മുന്നിലാ നിൽക്കുന്നെ. മോള് മനമുരുകി പ്രാർത്ഥിച്ചു എന്ത് ആഗ്രഹവും ചോദിച്ചാലും അതു ഗുരുവായൂരപ്പൻ സാധിച്ചു തരും. മനസ്സിലായോ. തുലാഭാരം തൂക്കുമ്പോൾ രണ്ടാളും മനസ്സ് ദൈവത്തിൽ അർപ്പിച്ച് ഇരിക്കണം കേട്ടല്ലോ. അപ്പൂ നിന്നോടും കൂടിയാണ് പറയുന്നത് “. അമ്മ അപ്പുവിനോട് പറഞ്ഞു.. അമ്മയുടെ വാത്സല്യമേറിയ വാക്കുകൾ അച്ചുവിന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നുണ്ടായിരുന്നു. അവൾ മനസ്സിൽ പറഞ്ഞു. അടുത്ത ജന്മത്തിലെങ്കിലും ഈ അമ്മയുടെ മകളായി ജനിക്കണേ എന്ന്. അവൾ നിറഞ്ഞ മനസ്സാലെ ശരി എന്ന് പറഞ്ഞു…
ആദ്യം തുലാഭാരം തൂക്കിയത് അച്ചുവിനെയായിരുന്നു തുലാത്തിന്റെ ഒരു തട്ടിൽ അവൾ ചമ്രം പടിഞ്ഞു കണ്ണടച്ചു കൂപ്പ് കയ്യോടെ ഇരുന്നു. മറ്റേ തട്ടിൽ വെണ്ണയും കയറ്റി വച്ചു. അവൾക്ക് 45 കിലോ തൂക്കം വന്നു. പിന്നെ അപ്പുവിനെ തൂക്കി. അവൾക്ക് 50 കിലോ വന്നു…ഇതെല്ലാം കണ്ട് കൊണ്ട് അമ്മയും കണ്ണനും നിൽക്കുന്നുണ്ടായിരുന്നു. തുലാഭാരം കഴിഞ്ഞതും അമ്മ പറഞ്ഞു. കണ്ണനോട് കുളത്തിൽ പോയി മുങ്ങിവരാൻ. കണ്ണൻ കുളത്തിൽ പോയി മുങ്ങി ഈറനോടെ വന്നു. ശയന പ്രദക്ഷിണം നടത്തുന്ന കൽപാതയിൽ നിന്ന് തൊഴുത് പ്രാർത്ഥിച്ചു. അവിടെ വേറെയും കുറെ ഭക്തർ പ്രദക്ഷിണം വെക്കുന്നുണ്ടായിരുന്നു. കൈ രണ്ടും തലക്ക് മുകളിൽ കൂപ്പ് കയ്യോടെ അമ്പലത്തിനു മുഖമാക്കി കിടന്നു പ്രദക്ഷിണം തുടങ്ങി. കണ്ണന് വഴിയൊരുക്കി കൊണ്ട് അപ്പുവും അച്ചുവും കൂടെ ഉണ്ടായിരുന്നു. വളവുകൾ എത്തുമ്പോൾ അവർ രണ്ടാളും കണ്ണനെ തിരിച്ചു കൊടുക്കും. 41 വട്ടം പ്രദക്ഷിണം വച്ചു കഴിഞ്ഞതും തൊഴുതു എഴുന്നേറ്റപ്പോഴേക്കും കണ്ണൻ ആകെ ക്ഷീണിച്ചിരുന്നു. അമ്മ അവന്റെ ദേഹത്തെ വിയർപ്പെല്ലാം തുടച്ചു കൊടുത്തു. അമ്മ കയ്യിൽ കരുതിയിരുന്ന ജീരക വെള്ളം കണ്ണന് കൊടുത്തു. വെള്ളം കുടിച്ചു കഴിഞ്ഞതും. പുറത്തു പോയി ഒരു മുണ്ട് വാങ്ങി വീണ്ടും കുളത്തിൽ പോയി കുളിച്ചു ഡ്രസ്സ് മാറ്റി വന്നു. അമ്പലത്തിന്റെ ഒരു സൈഡിൽ അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു. അമ്മ വാത്സല്യത്തോടെ അവന്റെ നെറുകയിൽ തലോടി കൊണ്ടിരുന്നു. അപ്പോഴാണ് അപ്പു പറഞ്ഞത്…
“ഏട്ടാ നമുക്ക് ആനക്കൊട്ടിലോട്ട് പോയി ഒന്ന് കറങ്ങി വരാം” . അതു കേട്ട കണ്ണൻ പറഞ്ഞു…
“ഞാനില്ല. എനിക്ക് വയ്യ. നീയും അച്ചുവും പോയിട്ട് വാ. ഞാനും അമ്മയും ഇവിടെയിരിക്കാം “. അവൻ അമ്മയുടെ തലയിൽ തലവച്ചു കിടന്ന് കൊണ്ട് പറഞ്ഞു..
“എന്നാ.. ശരി ഞങ്ങൾ പോയിട്ട് വരാം..” അവർ പോകാൻ തിരിഞ്ഞതും കണ്ണൻ പറഞ്ഞു…
“അച്ചൂ ആനകളുടെ അടുത്തോട്ടൊന്നും പോകരുത്. അവിടെ നിക്കുന്ന ആനകളൊന്നും നമ്മുടെ അർജ്ജുനെ പോലെ പാവമാവില്ല. വിട്ട് നിന്ന് കണ്ടാൽ മതി. പിന്നെ അവിടെ അധികം കറങ്ങി തിരിയരുത് പെട്ടന്ന് വരണം രണ്ടാളും. ഇനി തൃശൂര്ന്നു ഡ്രസ്സെല്ലാം എടുത്ത് സന്ധ്യയാവുന്നതിനു മുന്നേ വീട്ടിൽ എത്തിയിട്ട് വേണം വിളക്ക് വെക്കാൻ മനസ്സിലായോ..?”
“ശരിയേട്ടാ…”
അവർ ആനക്കൊട്ടിലിൽ എത്തിയതും, അവിടെ നിൽക്കുന്ന ആനകളെ കണ്ട് അച്ചു അന്തം വിട്ട്, വാ പൊളിച്ചു കൊണ്ട് അപ്പുവിനോട് ചോദിച്ചു…
“അപ്പൂ ഇവിടെ എത്ര ആന ഉണ്ടാവൂടി..?”
“ഒരു നൂറിന്റെ അടുത്ത് കാണും എന്താ..?” അതു കേട്ട അച്ചു നെഞ്ചത്ത് കൈ വെച്ചു കൊണ്ട് ചോദിച്ചു…
“നൂറെണ്ണമോ എന്റെ ഈശ്വരാ. ഗുരുവായൂരപ്പന് ഇത്രക്ക് ഇഷ്ടമാണോ.. ആനകളെ…?”
“പിന്നല്ലാതെ അങ്ങേരാരാ കക്ഷി? “
അവർ ആനക്കൊട്ടിലിൽ നിരന്നു തലയെടുപ്പോടെ നിൽക്കുന്ന ഗജവീരന്മാർക്കിടയിലൂടെ, അവരുടെ കുസൃതികൾ എല്ലാം കണ്ട് ആസ്വദിച്ചു നടന്നു. ഇടക്ക് ചെറിയ കുട്ടി കുറുമ്പൻന്മാരും ഉണ്ടായിരുന്നു അവിടെ.നടന്ന് നീങ്ങുന്നതിനു ഇടയിൽ അച്ചു ചോദിച്ചു….
“കണ്ണേട്ടൻ എന്താടി വിവാഹം കഴിക്കാത്തെ പ്രായം ഒരുപാടായില്ലേ…?” ആ ചോദ്യം കേട്ടതും അപ്പു നടത്തം നിർത്തി അവളെ ഒന്നു ചുഴിഞ്ഞു. നോക്കി. ചിരിച്ചു കൊണ്ട് ചോദിച്ചു..
“അതെന്താടി നിനക്ക് ഇപ്പൊ അങ്ങനെ ഒരു ചോദ്യം. അതു ചോദിക്കുമ്പോൾ എന്താ നിന്റെ മുഖത്തൊരു ശൃംഗാരം? ഞാനറിയാതെ നീ എന്റെ ഏട്ടനെ പ്രേമിച്ചു തുടങ്ങിയോ..? ” അപ്പു ചിരിച്ചു കൊണ്ട് ചോദിച്ചു. അതു കേട്ട അപ്പു കള്ളത്തരം പിടിക്കപ്പെട്ട പോലെ വിളറി വെളുത്ത മുഖം കൊണ്ട് പറഞ്ഞു….
“ഏയ് അങ്ങനെ ഒന്നും ഇല്ല… നിനക്ക് തോന്നുന്നതാ. ഒന്ന് പോടിയവിടന്നു. കണ്ണേട്ടനെ പോലത്തെ ഒരാളെ പ്രേമിക്കാനൊന്നും എനിക്കർഹതയില്ല. ഞാൻ ചോദിച്ചൂന്നു മാത്രം..”
“അർഹതയുടെ കാര്യം അവിടെ നിൽക്കട്ടെ. നിന്റെ ഈ ചോദ്യത്തിൽ എന്തോ ഉണ്ട് അതെനിക്കറിയാം. നിന്റെ അതേ പ്രായം തന്നെയാ എനിക്കും. നീ പ്രേമിച്ചോടി..” അത് കേട്ട അച്ചു അവളെ തല്ലി കൊണ്ട് ഒരു നാണത്തോടെ പറഞ്ഞു…
“ഒന്ന് പോടി അവിടന്ന്. തമാശ പറയാതെ. പറ എന്താ ഏട്ടൻ വിവാഹം കഴിക്കാത്തത്..?’
“അതോ .. അത് ഏട്ടൻ മൂന്നാല് വർഷം മുന്നേ ഞങ്ങളുടെ നാട്ടിലെ ഒരു കുട്ടിയുമായി സ്നേഹത്തിലായിരുന്നു. നമ്മുടെ അതേ ജാതി തന്നെ ആയിരുന്നു. പാവങ്ങളായിരുന്നു. ഏട്ടന്റെ ഇഷ്ട്ടം ഏട്ടൻ അച്ഛനോട് തുറന്നു പറഞ്ഞു. ഏട്ടന്റെ ഇഷ്ട്ടം അച്ഛൻ അംഗീകരിക്കുകയും ചെയ്തിരുന്നു. എനിക്കും അമ്മക്കും ഇഷ്ടമായിരുന്നു. ഞങ്ങള് മക്കടെ ഇഷ്ടത്തിന് ഒന്നിനും അച്ഛനും അമ്മയും ഇന്നേവരെ തടസ്സം നിന്നിട്ടില്ല. ഞങ്ങൾ ഒരിക്കലും അവർക്ക് ഇഷ്ടമില്ലാത്തത് ചെയ്യാറും ഇല്ല. ഞങ്ങൾ എന്തും അവരോട് തുറന്നു പറയും. അതു കൊണ്ട് തന്നെ ഞങ്ങളുടെ മുന്നിൽ ഒന്നിനും ഒരു മറയില്ലായിരുന്നു. ആയിടക്കാണ് ആ കുട്ടിക്ക് മഞ്ഞപ്പിത്തം പിടിപെട്ടത്. രോഗം മൂർച്ഛിച്ച് അത് ആ കുട്ടിയുടെ കരളിന് ബാധിച്ചു ആ കുട്ടി മരിക്കുകയും ചെയ്തു. ആ കുട്ടി മരിച്ചിട്ട് ഇപ്പൊ ഏകദേശം ഒരു മൂന്ന് വർഷം ആയിക്കാണും. അതിന് ശേഷം ഏട്ടൻ കുറച്ചു കാലം വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു. പിന്നീട് അച്ഛൻ ഏട്ടന്റെ വിവാഹക്കാര്യം പറയുമ്പോൾ ഏട്ടൻ കുറച്ചും കൂടി കഴിയട്ടെ എന്ന് പറഞ്ഞു കൊണ്ടിരുന്നു. എന്തായാലും ഇപ്പൊ അടുത്ത് ഏട്ടന്റെ വിവാഹം ഉണ്ടാകും. അമ്മ പറഞ്ഞു ഇനിയും ഏട്ടന്റെ വിവാഹം നീട്ടാൻ പറ്റില്ല എന്ന്. ഏട്ടന് ഒരു പാട് പ്രായമൊന്നുമില്ല 30 വയസ്സ് ആവുന്നതെ ഉള്ളൂ.. ഞാനും ഏട്ടനും 9 വയസ്സിന്റെ വിത്യാസം ഉണ്ട്.. നിനക്ക് വേണങ്കിൽ പ്രേമിച്ചോട്ടൊ.. നീ എന്റെ ഏട്ടത്തിയമ്മയായി വരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ”.. അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു…. “എന്തായാലും ഈ ആറേഴു ദിവസത്തിനുള്ളിൽ ഇവിടെ എന്തൊക്കെയോ നടക്കുന്ന ലക്ഷണം ഒക്കെ കാണുന്നുണ്ട്..”അതു കേട്ട അച്ചു ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…
“എന്ത് ലക്ഷണം ഒന്ന് പോടി..?”
എല്ലാം കേട്ട് കഴിഞ്ഞതും അച്ചുവിന് കണ്ണനോട് ഒരു സഹതാപവും ഒരു ഇഷ്ട്ടവും തോന്നി. സാക്ഷാൽ അമ്പാടി കണ്ണന്റെ മുറ്റത്ത് വെച്ച് കണ്ണൻ പതുക്കെ അവളുടെ മനസ്സിൽ ഇടം പിടിച്ചു തുടങ്ങി. ആനക്കൊട്ടിൽ കണ്ടു കറങ്ങി തിരിഞ്ഞു അപ്പുവും അച്ചുവും തിരിച്ചെത്തി.. കണ്ണൻ അപ്പോഴും അമ്മയുടെ മടിയിൽ മായങ്ങുകയായിരുന്നു. അവരെ കണ്ടതും കണ്ണൻ ചോദിച്ചു..
“ആനക്കളെ എല്ലാം കണ്ടോ രണ്ടാളും. എങ്ങനെ ഉണ്ട് അച്ചൂ ഗുരുവായൂരപ്പന്റെ വാസസ്ഥലം. ഇഷ്ട്ട പെട്ടോ തനിക്ക്..”.. അതു കേട്ട അച്ചു ഒരു പുഞ്ചിരിയോടെ പറഞ്ഞു…”
“മനസ്സ് നിറഞ്ഞു കണ്ണേട്ടാ… ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല എനിക്ക് ഇവിടെ വരാൻ പറ്റുമെന്നും ഗുരുവാരപ്പനെ കാണാൻ പറ്റുമെന്നും. എനിക്കും വേണ്ടി നിങ്ങളെല്ലാവരും കുറച്ചു ബുദ്ധിമുട്ടിയല്ലേ. അതു പറയുമ്പോൾ അവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞിരുന്നു അതു കണ്ട ‘അമ്മ അവളെ ചേർത്തു പിടിച്ചതും.. കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു..”
“ഞങ്ങളുടെ ബുദ്ധിമുട്ട് അവിടെ നിൽക്കട്ടെ. അച്ചു കാരണം ഞങ്ങൾക്കും ഒന്നും കൂടി ഗുരുവായൂർരപ്പനെ കാണാൻ കഴിഞ്ഞല്ലോ. അച്ചുവിന്റെ മനസ്സ് നിറഞ്ഞല്ലോ, അതു മതി. നിറഞ്ഞു. അതു നിന്റെ കണ്ണുകളിൽ കാണാനുണ്ട്.. എന്നാ നമുക്ക് ഊണ് കഴിച്ചു തിരിച്ചാലോ. പോകുന്ന വഴിക്ക് നമുക്ക് വടക്കു നാഥനെയും ഒന്നു കാണാം. തൃശൂര് ചെന്നിട്ട് വടക്കുനാഥന്റെ അടുത്ത് ചെന്നില്ലങ്കിൽ ചിലപ്പോൾ മൂപ്പര് പിണങ്ങിയാലോ. അല്ലേ മ്മേ..
“അതേ.. അമ്പാടി കണ്ണനെ കണ്ട സ്ഥിതിക്ക്. വടക്കുനാഥനെയും ഒന്നു കാണാം..”
കണ്ണൻ എല്ലാവരെയും കൂട്ടി വെജിറ്റേറിയൻ ഹോട്ടലായ അന്നപൂർണാ ഹോട്ടലിൽ കയറി സദ്യ കഴിച്ചു. അമ്പാടി കണ്ണനോട് യാത്ര പറഞ്ഞു. കാർ നേരെ ശക്തൻ തമ്പുരാന്റെ നാട്ടിലോട്ട് തിരിച്ചു.
തൃശൂർ. പഴയ ത്രിശിവ പേരൂർ. സാക്ഷാൽ കൈലാസനാഥന്റെ ക്ഷേത്രമായ നൂറ്റൊന്നു പ്രതിഷ്ഠയുള്ള വടക്കുനാഥന്റെ മണ്ണിലോട്ട് എത്തിയതും. കണ്ണൻ എല്ലാവരെയും കൂട്ടി വടക്കുനാഥനെ തൊഴുതിറങ്ങി. തൃശൂർ പൂരത്തിന് തിടമ്പെടുത്തു മുത്തുകുടയും ചൂടി കുടമാറ്റം നടത്തുന്ന വടക്കുനാഥന്റെ മണ്ണിൽ കുറച്ചു നേരം അവർ ചിലവഴിച്ചു. ലോക പ്രസിദ്ധമായ വടക്കുനാഥന്റെ മണ്ണിലെ പൂരം അച്ചു ടീവിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമായിരുന്നു. അവൾ അവിടെയെല്ലാം നടന്നു മതിയാവോളം ആസ്വദിച്ചു. അവിടെ നടക്കുമ്പോളും ഇരിക്കുമ്പോഴും ഒരു പോസിറ്റീവ് എനർജി ആയിരുന്നു അവൾക്ക് അനുഭവപ്പെട്ടത്.അവിടെ നിന്നും ഇറങ്ങി. കണ്ണൻ എല്ലാവരെയും കൊണ്ട് കല്യാൺ സിൽക്കിലോട്ട് വെച്ചു പിടിച്ചു..
കല്യാണ് സിൽക്കിന്റെ മുന്നിൽ കാർ പാർക്ക് ചെയ്തു. കണ്ണൻ എല്ലാവരെയും കൂട്ടി ഷോപ്പിന്റെ അകത്തു കടന്നുതും.. അപ്പു പറഞ്ഞു..
“ഏട്ടാ എനിക്കും അച്ചുവിനും വിഷുവിന് ചുറ്റാൻ സെറ്റ് സാരി മതി. നാല് കൂട്ട് വെച്ചു ചുരിതാരും. പിന്നെ അതിലേക്കുള്ള കോസ്മറ്റിക്‌സും..”
“ആ ശരി നിങ്ങൾക്ക് എന്താ വേണ്ടതെന്ന് വെച്ചാ എടുത്തോളൂ… അതു കേട്ടതും അവൾക്ക് സന്തോഷായി. പക്ഷെ അച്ചു പറഞ്ഞു അവൾക്ക് സാരി മാത്രം മതിയെന്ന്. അപ്പൊ അപ്പു പറഞ്ഞു. അതു നീയെല്ലാ തീരുമാനിക്കുന്നത് ഞങ്ങളാണ് മനസ്സിലായോ. നീ മിണ്ടാതെ നിന്നാൽ മതി എന്ന്…
കണ്ണൻ റിസപ്‌ഷനിൽ ചുരിദാറിന്റെയും സാരിയുടെയും സെലക്ഷൻ എവിടെയാണെന്ന് ചോദിച്ചു. അവർ രണ്ടാമത്തെ നിലയിലാണെന്ന് പറഞ്ഞു. അവർ ലിഫ്റ്റിൽ കയറി രണ്ടാമത്തെ നിലയിലേക്ക് പോയി. സെറ്റ് സാരിയും ചുരിദാറും സെലക്റ്റ് ചെയ്യാൻ തുടങ്ങി. കണ്ണൻ അമ്മയോട് പറഞ്ഞു.
“അമ്മാ നാണിയമ്മക്ക്ക്കുള്ള നേരിയതും മുണ്ടും എടുക്കാൻ മറക്കണ്ട. ഞാൻ താഴത്തോട്ട് പോയി ലിസ്റ്റിലുള്ള സാധനങ്ങൾ എടുക്കട്ടെ. പിന്നെ എല്ലാം ഒന്ന് പെട്ടന്നായികോട്ടെ. വിളക്ക് വെക്കുന്നതിനു മുന്നേ വീട്ടിലെത്തണം…
“ആ..ശരി. നീ ലിസ്റ്റിലുള്ള സാധനങ്ങൾ എടുത്തോ. ഞങ്ങൾ പെട്ടന്ന് ഇറങ്ങിക്കോളാം..”
കണ്ണൻ താഴത്ത് വന്നു 45 MCR മുണ്ടിനും 45 തോർത്തിനും ഓർഡർ കൊടുത്തു. പിന്നെ ഹാസനിക്കക്ക് ഒരു മുണ്ടും ഷർട്ട് പീസും എടുത്തു . പിന്നെ അച്ഛന് മുണ്ടും ജൂബയും ബനിയനും എടുത്തു. പിന്നെ അർജ്ജുനന്റെ കഴുത്തിൽ കെട്ടാൻ ഒരു ഡബിൾ മുണ്ട് പൊന്നാടയും എടുത്തു. അവനും കൂട്ടുകാർക്കും നാളെ എടുക്കാമെന്ന് വെച്ചു.. അപ്പോഴേക്കും അമ്മയും അപ്പുവും അച്ചുവും അവർക്കുള്ള ഡ്രസ്സെല്ലാം എടുത്തു താഴത്തെത്തി.. കണ്ണൻ ബില്ല് സെറ്റിൽ ചെയ്തു സാധനങ്ങളെല്ലാം വണ്ടിയിൽ കയറ്റി എല്ലാവരെയും കൂട്ടി വീട്ടിലോട്ട് യാത്ര തിരിച്ചു……
#തുടരും…
#ഫൈസൽ_കണിയാരി..ktpm..✍️
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission