സ്‌നേഹവീട് part 5 | Malayalam novel

10585 Views

read malayalam novel
വിഷു കണി കാണാൻ ഏറ്റവും ഉത്തമ സമയം രാവിലെ നാലര, നാലേ മുക്കാലിന്റെ ഉള്ളിലായത് കൊണ്ട് ലക്ഷ്മിയമ്മ നാലരക്ക് മുന്നേ തന്നെ എണീറ്റു. ശിവരാമൻ നായരെ ഉണർത്താതെ കാൽ തൊട്ട് വന്ദിച്ചു. അഴിഞ്ഞു കിടക്കുന്ന മുടി ചുറ്റി കെട്ടി മുറി വിട്ടിറങ്ങി, പൂജാമുറി ലക്ഷ്യം വെച്ചു നടന്നു. കൃത്യം നാലരയ്ക്ക് തന്നെ ഭഗവാനെ മനസ്സിൽ ധ്യാനിച്ചു പൂജാ മുറിയുടെ വാതിൽ തുറന്നു…
ദീപങ്ങൾക്കിടയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഉണ്ണി കണ്ണനെ കണ്ടതും ലക്ഷ്മിയമ്മയുടെ കണ്ണും മനസ്സും നിറഞ്ഞു.
വലതു കാൽ വെച്ചു പൂജാമുറിയിൽ കയറി വിളക്കിലെ ബാക്കി മൂന്ന് തിരിയും കത്തിച്ചു. കൈ കൂപ്പി. ഓം ക്ളീം കൃഷ്ണായ നമഹാ എന്ന് എട്ട് വട്ടം മനസ്സിൽ ജപിച്ചു പ്രാർത്ഥിച്ചു..
പിന്നെ ശിവരാമൻ നായരെ വിളിച്ചുണർത്തി കണ്ണുപൊത്തി കൊണ്ട് വന്നു പൂജാ മുറിയുടെ പുറത്തു നിർത്തി. കണ്ണു തുറക്കല്ലേ എന്നു പറഞ്ഞു കണ്ണനെയും അപ്പുവിനെയും അച്ചുവിനെയും വിളിച്ചുണർത്താൻ പോയി….
കണ്ണൻ നല്ല ഉറക്കമായിരുന്നു. അമ്മ കണ്ണനെ കുലുക്കി വിളിച്ചു….
“കണ്ണാ.. എണീക്ക്. കണി കാണാൻ സമയമായി.. കണ്ണ് തുറക്കല്ലേ..” ലക്ഷ്മിയമ്മ കണ്ണന്റെ കണ്ണും പൊത്തി ഇടനാഴിയിൽ നിർത്തി….
“കണ്ണാ ഇവിടെ നിൽക്കെ അമ്മ അച്ചൂനെയും അപ്പൂനെയും ഉണർത്തി കൊണ്ടു വരട്ടെ. കണ്ണ് തുറക്കല്ലേ…”
“ഇല്ല.. അമ്മ പോയി പെട്ടന്ന് വാ അല്ലെങ്കിൽ ഞാൻ ഈ തൂണേ ചാരി കിടന്നുറങ്ങും…”
“ഇപ്പൊ വരാടാ… അമ്മേടെ മോൻ കണ്ണ് തുറക്കാതെ ഇവിടെ നിന്നാൽ മതി… ഉറങ്ങല്ലേട്ടൊ…” ലക്ഷ്മിയമ്മ അപ്പുവും അച്ചുവും കിടക്കുന്ന റൂമിലോട്ട് പോയി…
അച്ചുവും അപ്പുവും കെട്ടി പിടിച്ചു.. നല്ല ഗാഢനിദ്രയിൽ ആയിരുന്നു. ലക്ഷ്മിയമ്മ രണ്ടാളെയും കുലുക്കി വിളിച്ചു. കൊണ്ട് പറഞ്ഞു…
“അപ്പൂ.. അച്ചൂ.. മക്കളെ എണീക്ക് അമ്മയാണ്. ഇന്ന് വിഷുവാണ്.. കണ്ണ് തുറക്കല്ലേ രണ്ടാളും. കണി കാണാനുള്ളതാണ്…” അവർ രണ്ടാളും കണ്ണു തുറക്കാതെ ഉറക്കച്ചടവോടെ എണീറ്റു..
“ഇത്ര പെട്ടെന്ന് നേരം വെളുത്തോ.. ഇപ്പൊ കിടന്ന പോലെ തോന്നുന്നു…” അപ്പു കോട്ടുവായിട്ടു കണ്ണു തുറക്കാതെ പറഞ്ഞു….
“ആ വെളുത്തു… എണീക്ക് രണ്ടാളും..” അമ്മ രണ്ടാളുടെയും കയ്യിൽ പിടിച്ചു പൊക്കി കൊണ്ട് പറഞ്ഞു..
“അമ്മാ കണ്ണു തുറക്കാതെ എങ്ങനെയാ പൂജാമുറി വരെ പോകാ? ഞങ്ങൾ എവിടെങ്കിലും തട്ടി തഞ്ഞു വീഴും..” അപ്പു ചിണുങ്ങി കൊണ്ട് പറഞ്ഞു…
“പിന്നെ.. കണ്ണു തുറന്നു കൊണ്ടാണോ കണി കാണാൻ പോവ്വാ… ഞാൻ അച്ചൂന്റെ കണ്ണു പൊത്തി പിടിച്ചു മുന്നിൽ നടന്നോളാം.. നീ എന്റെ തോളിൽ പിടിച്ചോ…”
ലക്ഷ്മിയമ്മ അച്ചുവിന്റെ കണ്ണു പൊത്തി പിടിച്ചു വഴി പറഞ്ഞു കൊടുത്തു മുന്നോട്ട് നടത്തി. അപ്പു അമ്മയുടെ തോളിൽ പിടിച്ചു നടന്നു. ഇടനാഴിയിൽ എത്തിയതും കണ്ണനോട് അപ്പുവിന്റ തോളിൽ പിടിച്ചു കൂടെ നടക്കാൻ പറഞ്ഞു….
“അമ്മാ, അച്ഛൻ കണികണ്ടോ..?” കണ്ണൻ കണ്ണടച്ചു അപ്പുവിന്റെ തോളിൽ പിടിച്ചു നടന്നുകൊണ്ടു ചോദിച്ചു..
“ഇല്ല കണ്ടില്ല അച്ഛനെ ഞാൻ കണി കാണിക്കാൻ പൂജാ മുറിയുടെ മുന്നിൽ നിർത്തിയിരിക്കുകയാണ് കണി കാണിച്ചിട്ടില്ല. നിങ്ങളെ എല്ലാവരെയും ഒന്നിച്ചു കാണിക്കാമെന്ന് വെച്ചു..?”
“അമ്മാ എത്താറായില്ലേ.. പൂജാമുറി.. ഇന്നെന്താ പൂജാമുറിയുടെ അടുത്തേക്ക് ഇത്ര ദൂരം..? “അപ്പു ചിണുങ്ങി കൊണ്ട് ചോദിച്ചു..
“എത്താറായി അപ്പൂ. ഒന്ന് അടങ്ങിയിരി. കണ്ണ് തുറക്കല്ലേ..”അമ്മ വീണ്ടും പറഞ്ഞു… അമ്മ അവരെ പൂജാമുറിക്കു മുന്നിൽ നിൽക്കുന്ന അച്ഛന്റെ ഒപ്പം നിർത്തി. നാലാളേയും പൂജാമുറിയിൽ കയറ്റി കിണ്ടിയിൽ നിന്നും ജലം എടുത്തു നാലാളുടെയും കണ്ണിൽ തൊട്ടു കൊടുത്തു, അവരുടെ കൂടെ പോയി നിന്നു. പിന്നെ എല്ലാവരോടും കണ്ണ് തുറക്കാൻ പറഞ്ഞു..
എല്ലാവരും കൂപ്പ് കയ്യോടെ കണ്ണ് തുറന്നതും, മുന്നിൽ നിലവിളക്കിൽ കത്തി കൊണ്ട് നിൽക്കുന്ന അഞ്ചു തിരിയുടെ പ്രകാശത്തിലും മറ്റു കണികൾക്കിടയിലും സ്വർണ നിറത്തിൽ പ്രകാശിച്ചു പ്രസാദിച്ചു ഓടക്കുഴലും പിടിച്ചു നിൽക്കുന്ന സാക്ഷാൽ അമ്പാടി കണ്ണനെ കണ്ടതും, എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് തിളങ്ങി. എല്ലാവരും ഉണ്ണി കണ്ണനെ കണ്ടതും മനസ്സിൽ എട്ട് വട്ടം ‘ ഓം കളീം കൃഷ്ണായ നമഹാ’ എന്ന മന്ത്രം ജപിച്ചു പ്രാർത്ഥിച്ചു… ജീവിതത്തിൽ ആദ്യമായി ഉണ്ണികണ്ണനെ കണികണ്ട അച്ചുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിലവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ നിറഞ്ഞു തിളങ്ങി.
വിഷു…
ഐശ്വര്യത്തിന്റെയും, സമ്പൽ സമൃദ്ധിയുടെയും പ്രതീകമാണ്.
രാവണ വധം കഴിഞ്ഞു വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിച്ച ദിവസമാണ് വിഷൂ എന്ന ഐതീഹ്യം പറയുന്നത്…
രാവണനെ ഭയന്ന് സൂര്യൻ ലങ്കക്ക് നേരെ ഉദിച്ചിരുന്നില്ലായെന്നും, രാവണ വധം കഴിഞ്ഞു പിറ്റേ ദിവസം മുതൽ സൂര്യൻ നേരെ കിഴക്കായി ലങ്കക്ക് മീതെ ഉദിക്കാൻ തുടങ്ങീ എന്നുമാണ് പുരാണം പറയുന്നത്..
സൂര്യൻ നേരെ കിഴക്ക് ഉദിക്കുന്ന ദിവസമാണ് വിഷു എന്ന് അറിയപ്പെടുന്നത്..
വിഷു രണ്ടണ്ണമുണ്ട്. ഒന്ന് മേട വിഷു, മറ്റേത് തുലാം വിഷു.. ഇതിൽ മേട വിഷുവിനാണ് പ്രാധാന്യം..
സൂര്യ സ്പുടം രാശിയിൽ പൂജ്യവും, ഭാഗത്തിൽ പൂജ്യവും, കലയിൽ പൂജ്യവുമായ സമയമാണ് വിഷു ആരംഭം എന്ന് പറയുന്നത്… അതായത് മേടം രാശിയിൽ സൂര്യൻ പ്രവേശിക്കുന്ന സമയമാണ് വിഷു.. അശ്വതി ഞാറ്റു വേലയുടെ തുടക്കവും, മേട വിഷു തുടക്കം മുതൽക്കാണ് എന്ന് സാരം….
°°°°°°°°°
ഉണ്ണി കണ്ണനെ കണി കണ്ടതും. എല്ലാവരും കുറച്ചു സമയം സാക്ഷാൽ ഉണ്ണി കണ്ണന്റെ മുന്നിൽ കൂപ്പ് കയ്യോടെ ഇരുന്ന് ‘ഓം കൃഷ്ണായ നമഹാ. ഓം വാസുദേവായ നമഹാ. ഓം മുകുന്തായ നമഹാ ‘എന്ന നാമ മന്ത്രങ്ങളും.. ‘ഹരേ രാമ. ഹരേ രാമാ. രാമ രാമ ഹരേ ഹരേ… ഹരേ കൃഷ്ണ. ഹരേ കൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ..’ മന്ത്രങ്ങളും ജപിച്ചു…
അടുത്ത ഊഴം വിഷു കൈനീട്ടം കൊടുക്കുന്നത് ആയത് കൊണ്ട് അച്ഛൻ എണീറ്റ്‌ പോയി കൈനീട്ടം കൊടുക്കാനുള്ള സ്വർണ നാണയങ്ങൾ എടുത്തു കൊണ്ട് വന്നു. സ്വർണ നാണയം ഒരു വെറ്റിലയിൽ പിടിച്ചു ഒരു കണി കൊന്നപ്പൂവും കൂട്ടി കിണ്ടിയിലെ ജലം തൊട്ടു, വിഷ്ണു ഭാഗവാനെയും, ലക്ഷ്മീ ദേവിയേയും, ദക്ഷിണാമൂർത്തിയേയും സ്മരിച്ചു. ദക്ഷിണ കൊടുക്കുന്ന എനിക്കും, ദക്ഷിണ സ്വീകരിക്കുന്ന ഇവർക്കും എല്ലാ വിധ സമ്പൽ സമൃദ്ധിയും ഉണ്ടാവണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ആദ്യം കൈ നീട്ടം ലക്ഷ്മിയമ്മക്ക് കൊടുത്തു. ലക്ഷ്മിയമ്മ കൈ നീട്ടം സ്വീകരിച്ചു ദക്ഷിണ സ്വീകരിച്ചു. എനിക്കും ദക്ഷിണ തന്ന ഇദ്ദേഹത്തിനും എല്ലാ വിധ സമ്പൽ സമൃദ്ധിയും ഉണ്ടാവട്ടെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ശിവരാമൻ നായരുടെ കാൽ തൊട്ട് വന്ദിച്ചു. ശിവരാമൻ നായർ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചു. . അടുത്ത ഊഴം കണ്ണനായിരുന്നു. കണ്ണൻ കൈനീട്ടം വാങ്ങി അച്ഛന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി. പിന്നെ അപ്പുവിന് അവളും കൈ നീട്ടം വാങ്ങി അച്ഛന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി. അടുത്തത് അച്ചുവിന് ആയിരുന്നു. അച്ചുവിന് കൈനീട്ടം കൊടുക്കുന്നതിനു മുന്നേ അമ്മ അവളുടെ നെറുകയിൽ തലോടി സ്നേഹത്തോടെ കൈ നീട്ടം സ്വീകരിക്കുമ്പോൾ എങ്ങനെ പ്രാർത്ഥിക്കണം എന്ന് പറഞ്ഞു കൊടുത്തു.
അച്ഛൻ അവൾക്ക് കൈനീട്ടം കൊടുത്തു അവൾ കൈ നീട്ടം സ്വീകരിച്ചു അച്ഛന്റെ കാൽ തൊട്ട് വന്ദിച്ചു, അച്ഛൻ അവളുടെ നെറുകയിൽ തലോടി അനുഗ്രഹിച്ചതും അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞു തുളുമ്പി. അതു കണ്ട അച്ഛൻ അവളുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു…
“എന്ത് പറ്റി മോളേ.. മോളേന്തിനാ കരയുന്നത്? ” അതു കേട്ട അവൾ കരഞ്ഞു കൊണ്ട് ചിരിച്ചു പറഞ്ഞു..
“എനിക്ക് എന്റെ ജീവിതത്തിൽ, ജനിച്ചു ഇത്രെയും വർഷത്തിനുള്ളിൽ ആദ്യമായി കിട്ടിയ കൈ നീട്ടമാണിത്. ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് കഴിഞ്ഞു പോയ വിഷു കാലങ്ങളിലെല്ലാം ഇതു പോലെ കൈ നീട്ടം വാങ്ങാൻ. ആരും തരാൻ ഇല്ലാത്തത് കൊണ്ട് ഒരു പാട് കരഞ്ഞിട്ടും ഉണ്ട്. ഇന്ന് ആദ്യമായി അച്ഛൻ എനിക്ക് കൈ നീട്ടം തന്നപ്പോൾ. സങ്കടവും സന്തോഷവുമെല്ലാം ഒരുമിച്ചു വന്നു. അതാ കരഞ്ഞത്. സന്തോഷായി എനിക്ക്. ഒരിക്കലും മറക്കില്ല ഞാനിത്. ഈ കൈ നീട്ടം. എന്റെ മരണം വരെ ഞാൻ സൂക്ഷിച്ചു വെക്കുമഛാ ….” അച്ചുവിന്റെ സങ്കടം കണ്ട എല്ലാവർക്കും വിഷമമായി. അച്ഛൻ അവളെ ചേർത്തു പിടിച്ചു നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു..
“അയ്യേ, ഇതിനാണോ മോള് കരഞ്ഞത്.. മോളുടെ ഒരു പാട് കാലത്തെ ആ ആഗ്രഹം ഇപ്പൊ സാധിച്ചില്ല്യേ. ഇനി ഇവിടന്നങ്ങോട്ടും സാധിക്കും. ഇത് അച്ഛന്റെ വാക്കുകളല്ല സാക്ഷാൽ ഉണ്ണി കണ്ണന്റെ വാക്കുകളാണ്. മോളിപ്പോ നിൽക്കുന്നത് ഉണ്ണി കണ്ണന്റെ മുമ്പിലാണ്. കണ്ടില്ലേ ഉണ്ണിക്കണ്ണൻ പ്രസാദിച്ചു കൊണ്ട് മോളെ നോക്കുന്നത്… മോളേ.. നമ്മുടെ ജീവിതത്തിൽ നല്ലതും ചീത്തയുമായ ഒരു പാട് പ്രതിസന്ധികൾ കടന്നു വരും. ഇന്നലെ വരെ മോൾക്ക്‌ ചീത്ത സമയ മായിരുന്നു. ഇന്ന് മുതൽ അതു മാറി. അതു കൊണ്ട് ഇനി അച്ഛന്റെ മോള് കരയരുത്ട്ടൊ.. പ്രത്യകിച്ചു ഇന്ന്.. ഇന്ന് കരയാനെ പാടില്ല്യ. ഇന്ന് സന്തോഷിക്കാനുള്ള ദിവസമാണ്. കാരണം ഇന്ന് വിഷുവാണ്… അതു കൊണ്ട് മോള് കണ്ണു തുടച്ചു, അപ്പുവിനെയും കൂട്ടി കുളിച്ച്. രണ്ടാളും പുതിയ ഡ്രസ്സെല്ലാം മാറ്റി അമ്മയെയും കൂട്ടി അമ്പത്തിൽ പോയി തൊഴുതിട്ടു വാ ..” അച്ഛന്റെ ആ സ്നേഹത്തിന്റെയും വാക്കുകൾക്കും മുന്നിൽ അവളുടെ വിഷമങ്ങളെല്ലാം അലിഞ്ഞു പോയി.. അവൾ അച്ഛന്റെ നെഞ്ചിൽ ചാരി നിന്നു, നിറഞ്ഞു നിൽക്കുന്ന കണ്ണുകളോടെ പുഞ്ചിരിച്ചു. അതു കണ്ടപ്പോൾ എല്ലാവർക്കും സന്തോഷായി. അമ്മ അച്ചുവിനെ ചേർത്തു പിടിച്ചു നെറുകയിൽ ചുണ്ടമർത്തി ചുംബിച്ചു. അപ്പുവിനെയും ചുംബിച്ചു. അവർ രണ്ടാളും അമ്മയെ കെട്ടിപിടിച്ചു..
“ലക്ഷ്മീ.. നീ കുളിച്ചു പെട്ടന്ന് എനിക്ക് ഒരു ചായ തന്നു. മക്കളെയും കൊണ്ട് അമ്പലത്തിൽ പോയി വാ. വന്നിട്ട് വേണ്ടേ സദ്യ ഒരുക്കാൻ.. രമണി നേരത്തെ വരോ. സദ്യ വട്ടത്തിന് വേറെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടോ നീയ്യ്‌. നിങ്ങൾ കൂട്ടിയാൽ കൂടോ. അമ്പതോളം ആൾക്ക് സദ്യ ഒരുക്കാനുള്ളതാണ്…”
“അതിനല്ലേ കണ്ണൻ. എല്ലാ വർഷവും വിഷുവിനും ഓണത്തിനുമെല്ലാം കണ്ണനും റഹ്‌മാനും അരുണും ഞങ്ങളും കൂടിയല്ലേ സദ്യ ഒരുക്കാറ്..?”
“ആ ശരിയാണല്ലോ ഞാൻ അതു വിട്ട് പോയി. കണ്ണാ എന്നാ പെട്ടന്ന് ആയിക്കോട്ടെ. എല്ലാം… “
“ശരിയഛാ .അച്ഛൻ പേടിക്കണ്ട.. ഉണ്ണാനാകുമ്പോഴത്തിനു എല്ലാം റെഡിയാവും. 7 മണിക്ക് തന്നെ റഹ്‌മാനും അരുണും വരും. പിന്നെ അമ്മയും രമണിയേച്ചിയും ഉണ്ടല്ലോ. ഇന്ന് കലവറയിൽ ഒരു ഉത്സവമായിരിക്കും… അമ്മാ നിങ്ങൾ മൂന്നാളും പെട്ടന്ന് അമ്പലത്തിൽ പോയി തൊഴുത് വാ …” അപ്പോഴാണ് അച്ചു കണ്ണനെ നോക്കി അമ്മയോട് ചോദിച്ചത്..
“കണ്ണേട്ടന് സദ്യയൊക്കെ ഉണ്ടാക്കാനാറിയോ…?” അതിനുള്ള ഉത്തരം. അപ്പുവാണ് പറഞ്ഞത്..
“പിന്നേ… ഏട്ടൻ IAS മാത്രമല്ല. നല്ല ഒരു പാചകക്കാരൻ കൂടിയാണ്.. കേട്ടിട്ടില്ല്യേ ദേഹണ്ണക്കാരൻ ചിറക്കൽ ഗോപൻ നായർ എന്ന്. ദേഹണ്ണത്തിൽ phd എടുത്ത് ഒരുപാട് അവാര്ഡുകളൊക്കെ വാങ്ങിയിട്ടുണ്ട്..” അച്ചു കണ്ണനെ കളിയാക്കി കൊണ്ട് പറഞ്ഞു… അതു കേട്ട എല്ലാവരും ചിരിച്ചു. അപ്പുവിന്റെ കളിയാക്കൽ കേട്ട കണ്ണൻ പറഞ്ഞു…
“കളിയാക്കാതെടി. 24 കൂട്ടുള്ള കേരളാ സദ്യ എന്ന് പറയുന്നതെ ആറ് രസങ്ങളുടെ ചേരുവയാണ്. അത് ദൈവം ചിലർക്ക് അറിഞ്ഞു നൽകുന്ന ഒരു അനുഗ്രഹമാണ്.. നീ ആദ്യം ഒരു കാപ്പി ഉണ്ടാക്കി പഠിച്ചിട്ട് വാ.. ഒരു കാപ്പി പോലും ഉണ്ടാക്കാൻ അറിയാത്ത അവൾ കളിയാക്കാൻ വന്നിരിക്കുന്നു…”
“എനിക്ക് കാപ്പിയൊക്കെ ഉണ്ടാക്കാനറിയാം. കാപ്പി മാത്രമല്ല ഞാൻ ചായയും ഉണ്ടാക്കും. ഹാ…” അവൾ അഹങ്കാരത്തോടെ കളിയാക്കികൊണ്ടു. അച്ചുവിന്റെ കയ്യിൽ പിടിച്ചു പറഞ്ഞു. അതു കേട്ട അമ്മയും അച്ഛനും അച്ചുവും വീണ്ടും ചിരിച്ചു. കണ്ണൻ പല്ല് കടിച്ചു കൊണ്ട് അച്ചുവിനെ തുറിച്ചു നോക്കുന്നത് കണ്ട അമ്മ. കണ്ണനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. ‘അപ്പൂ വേണ്ടട്ടോ.. എന്റെ മോനെ കളിയാക്കാൻ നീ ആയിട്ടില്ല..” അതു കേട്ട അപ്പു അച്ചുവിനോട് പറഞ്ഞു…. “വാടി നമുക്ക് കുളിച്ചിട്ടു അമ്പലത്തിൽ പോകാം ഇനി ഇവിടെ നിന്നാലെ ദേഹണ്ണക്കാരൻ ഈ പുലർക്കാലത്തു കത്തിയടിച്ചു കൊല്ലും..” അതും പറഞ്ഞു അവൾ അച്ചുവിനെയും വലിച്ചു അവിടന്ന് സ്ഥലം വിട്ടു….
അമ്മയും അപ്പുവും അച്ചുവും അമ്പലത്തിൽ പോകുന്നതിനു മുന്നേ തന്നെ കണ്ണൻ കുളിച്ചു ഡ്രസ്സ് മാറി അമ്പലത്തിൽ പോയി. ഖദറിന്റെ കുർത്തയും ചന്ദന കളറിൽ വീതിയേറിയ കസവ് കരയുള്ള മുണ്ടുമായിരുന്നു അവന്റെ വേഷം.. അമ്പത്തിൽ പോയി തൊഴുതു വീട്ടിലെത്തി ഉമ്മറത്തേക്ക് കയറുമ്പോഴാണ് അച്ചുവും അപ്പുവും ഉമ്മറത്തേക്ക് സെറ്റ് സാരിയെല്ലാം ചുറ്റി വന്നത്. അപ്പുവിനും അച്ചുവിനും സാരി നന്നായിട്ട് ചേരുന്നുണ്ടായിരുന്നു… കണ്ണൻ കുറച്ചു നേരം അവരെ തന്നെ നോക്കി നിന്നു.. അപ്പോഴാണ് അച്ചു തുള്ളി ചാടികൊണ്ട് ചോദിച്ചത്…
“കണ്ണേട്ടാ… ഞങ്ങൾക്ക് സാരി ചേരുന്നുണ്ടോ. സത്യം പറയണം…?”
“ഊം.. ഭേഷ്.. മുഖസ്തുതി പറയുകയല്ല. സാരി നന്നായി ചേരും രണ്ടാൾക്കും. ദാവണിയിൽ നിന്നും സാരിയിലോട്ടു മാറിയപ്പോൾ രണ്ടാൾക്കും ഒരു മെച്യുരുറ്റി ഒക്കെ തോന്നുന്നുണ്ട്.. സാരിയിൽ ഏറ്റവും കസറിയത് അച്ചുവാണ്. അച്ചുവിനെ ഇപ്പൊ കണ്ടാൽ ഒരു കോവിലകത്തു വളർന്ന കുട്ടിയെ പോലെ ഉണ്ട്…” അച്ചു ആരുടെ വായിൽ നിന്നാണോ അതു കേൾക്കാൻ ആഗ്രഹിച്ചത്, ആ ആൾ തന്നെ അത് പറഞ്ഞപ്പോൾ അവളുടെ നുണക്കുഴിയുള്ള മുഖം വെട്ടിതിളങ്ങി….
“അപ്പൊ ഞാനോ.. എന്നെ കണ്ടാൽ അങ്ങനെ തോന്നില്ലേ..? ” അപ്പു മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു..
“പിന്നെ നിന്നെയും കണ്ടാൽ തോന്നാതിരിക്കോ നീ എന്റെ പെങ്ങളല്ലേ എന്റെ കുറച്ചെങ്കിലും ഗുണം നിനക്ക് കിട്ടാതിരിക്കോ..?” കണ്ണൻ അച്ചുവിന്റെ നേരെ കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
“എന്റെ ചക്കര ഏട്ടൻ… അമ്മാ പെട്ടന്ന് വാ..”അപ്പു അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു…
“കണ്ണേട്ടനും ഈ വേഷം നന്നായി ചേരുന്നുണ്ട്. കണ്ണേട്ടനെ ഈ വേഷത്തിൽ കാണുമ്പോൾ ആറാം തമ്പുരാനിലെ ലാലേട്ടനെ പോലെയുണ്ട്..” അച്ചു കണ്ണനെ നോക്കി പറഞ്ഞു.. ആ വാക്കുകൾ കണ്ണന് ഒന്നു സുഖിച്ചു. കണ്ണൻ അപ്പുവിനോട് പറഞ്ഞു…
“കണ്ടോടി അച്ചു പറഞ്ഞത്, എന്നെ കണ്ടാൽ ലാലേട്ടനെ പോലെ ഉണ്ട് എന്ന് “.
“ആയിക്കോട്ടെ. എന്നാൽ ലാലേട്ടൻ ഈ മഞ്ജു വാര്യരെ അങ്ങു വിവാഹം കഴിച്ചോ. അപ്പൊ ക്ളൈമാക്‌സും ok യാകും…”
അപ്പുവിന്റെ ആ വാക്കുകൾ കണ്ണനെയും അച്ചുവിനെയും ഒന്ന് ഞെട്ടിച്ചു. കണ്ണൻ വിളറിയ മുഖത്താലെ അച്ചുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
“ഈ പെണ്ണിന്റെ നാക്കിന്‌ ഒരു ലൈസൻസും ഇല്ല. എവിടായാ എന്താ പറയേണ്ടന്നറിയില്ല..” അപ്പോഴാണ് ലക്ഷ്മിയമ്മ സാരിയെല്ലാം ചുറ്റി അങ്ങോട്ട് വന്നത്…
“നീ തൊഴുതു വന്നോ. കാപ്പി അടുക്കളയിലെ തിണ്ണയിൽ എടുത്തു വച്ചിട്ടുണ്ട് എടുത്തു കുടിച്ചോ. ഞങ്ങൾ അമ്പലത്തിൽ പോയി വരട്ടെ. ഇപ്പോ തന്നെ വൈകി…” ലക്ഷ്മിയമ്മ അച്ചുവിനെയും അപ്പുവിനെയും കൂട്ടി മുറ്റത്തേക്കിറങ്ങി നടന്നു. ഇടക്ക് അച്ചു ഒന്നു തിരിഞ്ഞു നോക്കി. അപ്പൊ കണ്ണൻ അവളെ തന്നെ നോക്കി നിക്കായിരുന്നു. അച്ചുവിന്റെ നോട്ടം കണ്ടതും കണ്ണൻ ശ്രദ്ധ മാറ്റി അകത്തേക്ക് കടന്നു പോയി…
അമ്മയും അച്ചുവും അപ്പുവും അമ്പലത്തിൽ പോയി വന്നപ്പോഴേക്കും, കണ്ണനും അരുണും റഹ്‌മാനും രമണിയും കൂടി അടുക്കളയിൽ സദ്യ വട്ടത്തിനുള്ള ഒരുക്കം തുടങ്ങിയിരുന്നു…
“ആ നിങ്ങൾ രണ്ടാളും വന്നോ? “. അമ്മ അരുണിനെയും റഹ്‌മാനേയും നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..
“പിന്നല്ലാതെ.. ഞങ്ങൾ നേരത്തെതന്നെ ഇങ്ങു പോന്നു. ഇത്രേം ആളുകൾക്ക് സദ്യ ഉണ്ടാക്കണ്ടേ..?” റഹ്മാൻ ഒരു തലകെട്ടൊക്കെ കെട്ടി പറഞ്ഞു…. അപ്പോഴാണ് അരുൺ ചോദിച്ചത്…
“കണ്ണാ. ഏകദേശം എത്ര ആളുണ്ടാകും ഊണിന്.. അതിനനുസരിച്ച് അരിയിടാനാ…?
“അമ്മാ ഒരു അമ്പത് ആളുണ്ടാവില്യേ..?” കണ്ണൻ അമ്മയെ നോക്കി ചോദിച്ചു…
“ആ അമ്പതുണ്ടാകും. എന്നാലും ഒരു അറുപത് ആൾക്കുള്ള അരിയിട്ടൊ മോനെ.. തികയാതെ വരരുത്…” അമ്മ അരുണിനോട് പറഞ്ഞു.
“ശരിയമ്മേ… അറുപതെങ്കിൽ അറുപത്…” അരുൺ അറുപതാൾക്കുള്ള അരി നാഴി കൊണ്ട് അളന്നെടുത്തു കഴുകാൻ കൊണ്ട് പോയി.. അപ്പോഴാണ് അപ്പുവും അച്ചുവും ആവേശത്തോടെ ഒരേ ശ്വാസത്തോടെ കണ്ണനോട് ചോദിച്ചത്…
“കണ്ണേട്ടാ ഞങ്ങളും കൂടട്ടെ നിങ്ങളുടെ കൂടെ സദ്യയുണ്ടാക്കാൻ…?”
“പിന്നെന്താ കൂടിക്കോളൂ.. ആർക്കും കൂടാം…”
അതു കേട്ടതും. അപ്പു ആവേശത്തോടെ സാരിയുടെ തുമ്പ് കയറ്റി കുത്തികൊണ്ട് ചോദിച്ചു…
“എന്നാ ഞങ്ങൾ എന്തൊക്കെയാ ചെയ്യേണ്ടത്. പറഞ്ഞു താ…”
“നിങ്ങൾ എന്താ ചെയ്യേണ്ടത് എന്ന് അല്ലെ.. അമ്മിണിയേടത്തി. ആ പൊട്ടിച്ച തേങ്ങ എവിടായാ വെച്ചിരിക്കുന്നത്..?”
“അടുക്കള കോലായിൽ ഉണ്ട് “. അമ്മിണി പറഞ്ഞു. കണ്ണൻ അതു പോയി എടുത്തു വന്നു. പൊട്ടിച്ച തേങ്ങ ഒരു ചെറിയ കൊട്ട നിറയെ ഉണ്ടായിരുന്നു. അത് അപ്പുവിന്റെ കയ്യിൽ കൊടുത്തു പറഞ്ഞു…
“നീ ഈ തേങ്ങയെല്ലാം ചിരക്…” അതു കേട്ടതും അവൾ തേങ്ങായിലേക്ക് മിഴിച്ചു നോക്കി കൊണ്ട് പറഞ്ഞു…
“ഇത്രയും തേങ്ങായോ.. ഇതു ചിരകി തീരുമ്പോഴേക്കും ഞാൻ ക്ഷീണിക്കും…”
“സാരല്ല്യാ. ഏട്ടൻ നല്ല കറിവേപ്പില ഇട്ട മോര് തരാം ക്ഷീണിക്കുമ്പോ. പെട്ടന്ന് ചിരക്… പിന്നെ ചിരകിയാൽ മാത്രം മതി. അതു മുഴുവൻ വാരി തിന്നരുത് “. അതു കേട്ടതും എല്ലാവരും ചിരിച്ചു… അപ്പു മുഖം വീർപ്പിച്ചു കൊണ്ട് ചിരകാൻ തുടങ്ങി…
“ഇനി അച്ചുവിന് പണി വേണം അല്ലെ… നിനക്കിപ്പോ എന്ത് പണിയാ തരാ…?” കണ്ണൻ മൂക്കത്ത് വിരൽ വെച്ചു ആലോചിച്ചു. അപ്പോഴതാ മുന്നിൽ ഇരിക്കുന്നു മുരിങ്ങാ കായയും, ചേനയും.. കണ്ണൻ അതെടുത്തു അച്ചുവിന്റെ മുന്നിൽ വെച്ചു കൊണ്ട് പറഞ്ഞു…
“നീ ആദ്യം ഈ മുരിങ്ങാ കായയുടെ തൊലിയും നാരും എല്ലാം കളഞ്ഞു ഒരു ചെറു വിരലിന്റെ വലിപ്പത്തിൽ മുറിക്ക്. പിന്നെ ചേന തൊലി ചെത്തി കളഞ്ഞു അതും ഒരു ചെറുവിരലിന്റെ നീളത്തിൽ മുറിക്ക്. ചേനയാണ്, കട്ട് ചെയ്യുമ്പോൾ ദേഹത്ത് മൊത്തം ആകരുത്. ആയാൽ പിന്നെ ചൊറിയാനേ നേരം കാണൂ. പിന്നെ ചേന ചെത്തുമ്പോൾ തൊലി മാത്രമേ പോകാവൂ. അല്ലാതെ മൊത്തം ചെത്തി കളയരുത്. അവിയലിനുള്ളതാണ് രണ്ടും “. അതു കേട്ടതും എല്ലാവരും ചിരിച്ചു. കണ്ണൻ രണ്ടും ഒരു സാമ്പിൾ കട്ട് ചെയ്തു കാണിച്ചു കൊടുത്തു.
അപ്പോഴാണ് തൊടിയിൽ പണിയെടുത്തിരുന്ന കോര ചേട്ടൻ അടുക്കളയിലേക്ക് വന്നത്.
“കണ്ണാ എന്തായി സദ്യ വട്ടമെല്ലാം. ഞാൻ കൂടണോ…?”
“വേണ്ടാ. ഇവിടെ ഞങ്ങള് തന്നെ ധാരാളം. ചേട്ടൻ ഒരു കാര്യം ചെയ്യൂ. തൊടിയിൽ പോയി ഊണ് കഴിക്കാനുള്ള നാക്കില വെട്ടി കൊണ്ട് വരൂ…”
“അതിനെന്താ ഇപ്പൊ കൊണ്ടു വരാല്ലോ.. എത്ര നാക്കില വേണം…?”
“ഒരു പത്ത് നൂറെണ്ണം ഉണ്ടായിക്കോട്ടെ. നമ്മുടെ വാഴത്തോട്ടമല്ലേ ഇങ്ങു വെട്ടിക്കോളൂ…” അതു കേട്ടതും കോര ചേട്ടൻ ഇല വെട്ടാൻ പോയി. കണ്ണൻ രമണി ചേച്ചിയോട് പറഞ്ഞു…
“രമണിയേച്ചി… മച്ചിന്റെ മുകളിൽ പാല് കാച്ചുന്നതും പപ്പടം കാച്ചുന്നതും പായസത്തിന്റെയും ഉരുളികൾ ഇരിക്കുന്നുണ്ട്, അതൊന്ന് ഇങ്ങോട്ടെടുത്തു കഴുകിക്കോളൂ…”
“ഇപ്പൊ കൊണ്ടു വരാം”. രമണി ഉരുളി എടുക്കാൻ പോയി.
“കണ്ണാ, ഉമ്മറത്ത് അമ്പലത്തിലെ തിരുമേനിയും ഹസനിക്കയും കുറച്ചാളുകളും വന്നിട്ടുണ്ട്. സംഭാരം എവിടെയാണ് വെച്ചിരിക്കുന്നെ…?”
“ആ തിണ്ണയിൽ മണ്കലത്തിൽ വെച്ചിട്ടുണ്ട് “.
അമ്മ സംഭാരം എടുക്കുന്നതിനിടയിൽ കണ്ണനോട് ചോദിച്ചു…
“കണ്ണാ ഏതൊക്കെ പായസമാണ് ഉണ്ടാക്കുന്നത്…?”
“പായസങ്ങൾ.. അടപ്രഥമൻ , കടല പായസം , പിന്നെ പാൽ പായസം…” അതെല്ലാം കേട്ട് അന്താളിച്ചു കൊണ്ട് അച്ചു കണ്ണനോട് ചോദിച്ചു..
“കണ്ണേട്ടാ സദ്യക്ക് എത്ര വിഭവം ഉണ്ടാക്കുന്നുണ്ട്….?” അതിനുള്ള ഉത്തരം കണ്ണനല്ല പറഞ്ഞത്, റഹ്മാനാണ്. റഹ്മാൻ തലേകെട്ട് അഴിച്ചു തോളിൽ ഇട്ട് വിരലുകൾ ഓരോന്നായി മടിക്കി നിവർത്തി എണ്ണി കൊണ്ട് പറഞ്ഞു….
“നല്ല നെല്ലു കുത്തരി ചോറ്, സാമ്പാർ, പരിപ്പ്, അവിയൽ, എലിശ്ശേരി, മാമ്പഴ പുളിശ്ശേരി, ഓലൻ, വെണ്ടക്ക കിച്ചടി, ബീറ്റ്‌റൂട്ട് പച്ചടി, കടച്ചക്ക മെഴുക്കു വരട്ടി, കാബേജ് തോരൻ, വലിയ പപ്പടം, ചെറിയ പപ്പടം, ഇഞ്ചിപുളി, മാങ്ങാ അച്ചാർ, കായ ഉപ്പേരി, ശർക്കര വരട്ടി, പഴം, മോര്, രസം, കടല പായസം, അടപ്രഥമൻ, പാൽപ്പായസം….” അതൊക്കെ കെട്ടപ്പോഴേക്കും വെള്ളമിറക്കി അച്ചുവിന്റെ വയറു നിറഞ്ഞ പോലെയായി…
ഉമ്മറത്ത് അപ്പോഴേക്കും ആളുകൾ എത്തി തുടങ്ങിയിരുന്നു. ശിവരാമൻ നായർ എല്ലാവരെയും സ്വീകരിച്ചു ഇരുത്തുന്നുണ്ടായിരുന്നു. അർജ്ജുനെ രാവിലെ തന്നെ ശിവരാമൻ നായർ കഴുത്തിൽ പൊന്നാടയെല്ലാം ചുറ്റി നെറ്റിയിലും ചെവിയിലും എല്ലാം കുറിയെല്ലാം വരച്ചു സുന്ദരനാക്കിയിരുന്നു. അവൻ അവിടെ നിന്നു ഉമ്മറത്തുള്ള എല്ലാവരെയും തലയെടുപ്പോടെ നോക്കുന്നുണ്ടായിരുന്നു. ഇടക്ക് ചിഹ്നം വിളിക്കുന്നും ഉണ്ടായിരുന്നു… ഹസ്സനിക്ക തിരുമേനിയോട് പറഞ്ഞു..
“കേട്ടോ തിരുമേനി. പണ്ട് ഞാനും ശിവനും കുട്ടിയായിരിക്കുമ്പോൾ ഈ തറവാട്ടിൽ ഓണത്തിനും വിഷുവിനും എല്ലാം എത്ര ആളുകളാണ് ഉണ്ടാകാന്നറിയോ, ഊണ് കഴിക്കാൻ? അന്ന് ഈ കോലായും അകത്തളവും ആളുകൾ കൊണ്ട് നിറയും. അന്നത്തെ വിഷുവും ഓണവും എല്ലാം ഞങ്ങൾക്ക് ഉത്സവമായിരുന്നു…”
“അതൊക്കെ പഴയ കാലമല്ലേ ഹസ്സാ. നമ്മുടെ കാലം കഴിയുന്നവരെ ഒക്കെ ഉണ്ടാകൂ ഇപ്പൊ ഈ കാണുന്ന സദ്യയും മറ്റും എല്ലാം. നമ്മുടെ കാലം കഴിഞ്ഞാൽ മക്കൾ എല്ലാം ഇതെല്ലാം കൊണ്ട് നടക്കും എന്ന് ആർക്കറിയാം..” ശിവരാമൻ നായർ ഒരു നെടുവീർപ്പോടെ പറഞ്ഞു..
“അതും ശരിയാണ്. കാലം മാറി കൊണ്ടിരിക്ക്യാണ്. അതിനനുസരിച്ചു പുതിയ തലമുറയും മാറി കൊണ്ടിരിക്കുന്നു. ഇതു പോലത്തെ കുറച്ചു തറവാടുകൾ മാത്രമുണ്ട് ഇപ്പോഴും പഴയ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് നടക്കുന്നത്. ബാക്കിയെല്ലാം മാറി കൊണ്ടിരിക്കാണ്….” നമ്പൂതിരി ശിവരാമൻ നായരുടെ വാക്ക് ശരി വെച്ച പോലെ പറഞ്ഞു…
അടുക്കളയിൽ അപ്പോഴും സദ്യ വേട്ടത്തിന്റെ ജോലി തകൃതിയിൽ നടക്കുകയായിരുന്നു. കണ്ണൻ ചോറ് വാർക്കുന്നു. അമ്മ നേന്ത്രക്കായ ചെറുതായി വെട്ടി ശർക്കരയിൽ പാവ് കാച്ചി ശർക്കര വരട്ടി ഉണ്ടാക്കുന്നു. രമണി പപ്പടം കാച്ചുന്ന ഹസ്സൻ സാമ്പാർ ഉണ്ടാക്കുന്നു. അച്ചുവും അപ്പുവും കയ്യാളായി എല്ലാവരുടെയും കൂടെ ഓടി നടക്കുന്നു. ഒരു ഉത്സവം തന്നെ ആയിരുന്നു അടുക്കളയിൽ. ഓരോ വിഭവം റെഡി ആയതും. ഓരോന്ന് ഓരോ പാത്രത്തിൽ ആക്കി തിണ്ണയിൽ വാഴയില മൂടി വരി വരിയായി വെച്ചു.
ഊണ് കാലം ആയതും ശിവരാമൻ നായർ അടുക്കളയിലോട്ടു വന്നു ചോദിച്ചു…
“എല്ലാം ആയില്ലേ.. ഊണിന് സമയമായി? “.
“റേഡിയായഛാ”. കണ്ണൻ തിണ്ണയിൽ തയ്യാറാക്കി നിരത്തി വെച്ച സദ്യ വട്ടത്തിലേക്കു നോക്കി പറഞ്ഞു…
“എന്നാൽ ഉമ്മറത്ത് ഊണ് കഴിക്കാൻ ഇരിക്കാനുള്ള പായ നിരത്താ പെട്ടന്ന്… എല്ലാം ഉമ്മറത്തോട്ട് എടുത്തോളൂ…” അതും പറഞ്ഞു ശിവരാമൻ നായർ ഉമ്മറത്തേക്ക് പോയി….
എല്ലാവരും ഓരോ സാധനങ്ങളായി ഉമ്മറത്ത് കൊണ്ട് വച്ചു. ഊണ് കഴിക്കാൻ ഉമ്മറത്ത് നീളത്തിൽ പായ വിരിച്ചു ഇലയിട്ടു. കണ്ണനും റഹ്‌മാനും അരുണും രമണിയും അച്ചുവും അപ്പുവും ഓരോ സാധനങ്ങൾ കയ്യിൽ പിടിച്ചു വരി വരിയായി നിന്നു. അച്ചുവിന്റെ കയ്യിൽ ശർക്കര വരട്ടിയും കായ വറുത്തതും കൊടുത്തു. അപ്പുവിന്റെ കയ്യിൽ അവിയലും ഓലനും കൊടുത്തു. ബാക്കിയെല്ലാവരും ഓരോന്ന് പിടിച്ചു. ആദ്യം ഇലയുടെ തുമ്പത്ത് കായ ഉപ്പേരിയും ശർക്കര വരട്ടിയും പഴവും വെച്ചു. പിന്നെ ഓരോരുത്തരായി പിന്നിൽ നിന്ന് ഓരോന്ന് ഇലയിൽ വെച്ചു, അവസാനം ചോറു വിളമ്പി. കണ്ണൻ അച്ഛനോട് എല്ലാം റെഡിയായി എന്ന് പറഞ്ഞു. ശിവരാമൻ നായർ എല്ലാവരെയും സ്നേഹത്തോടെ ഊണ് കഴിക്കാൻ ക്ഷണിച്ചു. എല്ലാവരും ഇരുന്നു. അപ്പുവിനെയും അച്ചുവിനെയും ശിവരാമൻ നായർ അദ്ദേഹത്തിന്റെ ഇടത്തും വലത്തും ഇരുത്തി. അമ്മയേയും രമണിയെയും കണ്ണൻ ഇരുത്തി. കണ്ണനും റഹ്‌മാനും അരുണും എല്ലാവർക്കും സാമ്പാറും പരിപ്പു കറിയും ഒഴിച്ചു കൊടുത്തു.
ശിവരാമൻ നായർ ഓരോ ഉരുള ആദ്യം ഉരുട്ടി അപ്പുവിന്റെയും അച്ചുവിനെയും വായയിൽ വെച്ചു കൊടുത്തു. അവർ നിറഞ്ഞ പുഞ്ചിരിയോടെ അതു മനസ്സു നിറഞ്ഞു കഴിച്ചു.. ഇതിനിടയിൽ കണ്ണൻ മൂന്ന് തരം പായസവും കുറച്ചു ചോറും കൂട്ടി വലിയ രണ്ട് ഉരുളകളാക്കി അർജ്ജുനും കൊടുത്തു. ഊണ് കഴിക്കൽ അവസാനമായതും. കണ്ണൻ എല്ലാവർക്കും ഇലയിൽ പായസങ്ങൾ വിളമ്പി . ആദ്യം പായസത്തിലെ രാജാവായ അട പ്രഥമൻ വിളമ്പി, പിന്നെ കടല പായസം, അവസാനം പാൽ പായസം… എല്ലാവരും ഊണ് കഴിച്ചു മനസ്സും വയറും ഒരുപോലെ നിറഞ്ഞു എഴുന്നേറ്റു .. അവസാനം എല്ലാവരും കൂടി കണ്ണനെയും റഹ്‌മാനേയും അരുണിനെയും ഊട്ടി… എല്ലാവരും സ്നേഹത്തോടെ സദ്യയെല്ലാം കഴിച്ചു പിരിഞ്ഞു. രാത്രി ഇന്നലെ പൊട്ടിച്ച പടക്കത്തിന്റെ ബാക്കി പടക്കവും മത്താപ്പൂവും ലൈറ്റും കൊണ്ട് , അച്ചുവും അപ്പുവും കണ്ണനും ആ നാലു കെട്ടിനെ പല വർണ്ണ പ്രഭകൾ കൊണ്ട് ഉത്സവപറമ്പുപോലെയാക്കി………….
#തുടരും..
#ഫൈസൽ_കണിയാരിktpm✍️
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply