സ്‌നേഹവീട് part 6 | Malayalam novel

10023 Views

read malayalam novel
രാവിലെ കുളിരുള്ള കാറ്റ് ജനാലയിലൂടെ അകത്തേക്ക് തഴുകിയെത്തിയപ്പോഴാണ് അച്ചു ഉറക്കമുണർന്നത്. പുറത്തേക്ക് നോക്കിയപ്പോൾ നല്ല കോരിച്ചൊരിയുന്ന മഴ. മഴയോടൊപ്പം അമ്പലത്തിലെ പാട്ടും കേൾക്കുന്നുണ്ടായിരുന്നു. അച്ചു ചാടി എണീറ്റു അപ്പുവിനെ കുലുക്കി വിളിച്ചു. അപ്പു ഒന്നു മൂളുകയല്ലാതെ എണീറ്റില്ല. അവൾ പുലർക്കാലത്തെ കുളിരും കൊണ്ട് കാൽ രണ്ടും മടക്കി ഒന്നും കൂടി പുതപ്പിനടിയിലേക്ക് ചൂളി. അച്ചു നോക്കിയപ്പോൾ ചുമരിൽ തൂക്കിയ ഘടികാരത്തിൽ സമയം 6: 30 ആയിട്ടുണ്ടായിരുന്നൊള്ളൂ. അച്ചു മുറിവിട്ടു പുറത്തിറങ്ങി പടിഞ്ഞാറ്റിനി കോലായിൽ നിന്നു നടുമുറ്റത്തോട്ട് നോക്കി. നാലുകെട്ടിലെ നാലു ഭാഗത്തെയും ഓട്ടിൻ പുറങ്ങളിൽ നിന്നും മഴവെള്ളം നടുമുറ്റത്തേക്ക് മഴനൂലുകളായി വീഴുന്നുണ്ടായിരുന്നു. നടുമുറ്റത്തെ തുളസി തറയിൽ വെള്ളം നിറഞ്ഞിരുന്നു. അന്തിതിരി കൊളുത്തുന്ന തുളസി തറയുടെ ഭാഗത്തു മഴവെള്ളം വീണു കരിയും
എണ്ണയും നടുമുറ്റത്തു മഴവെള്ളത്തിൽ പടർന്നിരുന്നു. മഴ നനഞ്ഞു തണുത്തു വിറച്ചു തളിർത്തു നിൽക്കുന്ന തുളസി കതിർ മഴയെ പ്രണയിച്ചു സുഗന്ധം പരത്തി നിൽക്കുന്നുണ്ടായിരുന്നു. ആ നാലു കെട്ടിന്റെ നടു മുറ്റത്തു മാനത്തു നിന്നും പെയ്തിറങ്ങുന്ന മഴ നൂലുകളെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെ ആയിരുന്നു.. അച്ചു നടുമുറ്റത്ത് പെയ്യുന്ന മഴ നോക്കി ആസ്വദിച്ചു പടിഞ്ഞാറ്റിനി കോലായിടെ തൂണിൽ ചാരി നിന്നു. പിന്നെ അവൾ ഗോവണി കയറി മട്ടുപ്പാവിലോട്ട് പോയി. അവൾ തിണ്ണയിൽ കാൽ രണ്ടും കയറ്റി വെച്ചു വിദൂരതയിലേക്ക് കണ്ണും നട്ട് ഇരുന്നു. അവിടെ നിന്നും നോക്കുമ്പോൾ മഴ തഴുകി ഉണർത്തി കൊണ്ടിരിക്കുന്ന ആ ഗ്രാമത്തിന് ഒന്നുകൂടി ഭംഗി വർധിച്ച പോലെ അവൾക്ക് തോന്നി. കണ്ണെത്താ ദൂരം വരെ വിശാലമായി പച്ചപിടിച്ച ഹരിത ഭംഗിയുള്ള വയലിൽ ആർത്തിരമ്പി പെയ്തു കൊണ്ടിരിക്കുന്ന മഴയെ ഇടക്ക് കാറ്റു വന്നു തലോടി കൊണ്ടിരുന്നു. കാറ്റിന്റെ തലോടലിനനുസരിച്ചു മഴനൂലുകൾ ആടിക്കളിക്കുന്നുണ്ടായിരുന്നു. അതു കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. മുറ്റത്തു മാനം മുട്ടേ വളർന്നു പന്തലിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ചില്ലകൾക്കിടയിലൂടെ കാർമേഘങ്ങൾക്കിടയിൽ നിന്നും പുറത്തോട്ട് വരുന്ന സൂര്യന്റെ വെളിച്ചത്തിൽ പല വർണ്ണങ്ങളിൽ ഉള്ള മഴവില്ലും കാണുന്നുണ്ടായിരുന്നു. പല വർണ്ണങ്ങളിൽ പുലർക്കാലത്തു അണിഞ്ഞൊരുങ്ങി നിൽക്കുന്ന മഴവില്ല് കാണാൻ ഒരു പ്രത്യേക രസം തന്നെ ആയിരുന്നു. അതെല്ലാം കണ്ടു മതിയാവോളം ആസ്വദിച്ചു താടക്ക് കയ്യും കൊടുത്തു പുലരിയിലെ കുളിരേറ്റ് ഇരിക്കുമ്പോഴാണ്. അർജ്ജുൻ ഷെഡിൽ നിന്നും അവളെ നോക്കി ചിഹ്നം വിളിച്ചത്. അച്ചു ഞെട്ടി മുറ്റത്തേക്ക് നോക്കി. അവൻ പനം പട്ട തുമ്പിക്കൈയ്യിൽ ചുരുട്ടിയെടുത്തു തിന്നു കൊണ്ട് മഴയെ ആസ്വദിക്കുകയായിരുന്നു. മഴ നനഞ്ഞ മുറ്റത്തെ നല്ല പച്ച മണ്ണിന്റെ മണം പരിമളം പോലെ അച്ചുവിന്റെ നാസികയിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു……..
ലക്ഷ്മിയമ്മ ശിവരാമൻ നായർക്കുള്ള ചായയുമായി ഉമ്മറത്തേക്ക് വന്നപ്പോൾ കണ്ണൻ തൊഴുത്തിൽ നിന്നും അമ്മിണിയെ പാല് കറന്നു കുടയും പിടിച്ചു ഉമ്മറത്തേക്ക് വന്നു. പാൽക്കുടം അമ്മയുടെ കയ്യിൽ കൊടുത്തു കുട മടക്കി ഇറയത്തു തൂക്കി തുണിയുടെ മടക്കഴിച്ചു തുമ്പ് കൊണ്ട് കയ്യും മുഖവും തുടച്ചു കൊണ്ട് അമ്മയോട് പറഞ്ഞു….
“ഇന്ന് പാല് കുറച്ചേയൊള്ളൂ. കിങ്ങിണി ഇന്നലെ കെട്ടഴിഞ്ഞു പാല് കുടിച്ചിരുന്നു. ഇപ്പോഴത്തേക്കെ കാണൂ..”
“അത് സാരല്ല്യാ. ഇപ്പോഴത്തേക്ക് ഉണ്ടല്ലോ അതു മതി”. ലക്ഷ്മിയമ്മ കുടത്തിനുള്ളിലേക്ക് നോക്കി പറഞ്ഞു…അപ്പോഴാണ് അച്ഛൻ പറഞ്ഞത്…
“കണ്ണാ നമുക്കൊന്ന് പുറത്തു പോണം. അമ്പലത്തിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്. ഉത്സവത്തിനുള്ള എണ്ണയും തിരിയും മറ്റുമെല്ലാം. തിരുമേനിയും, വടക്കേലെ സുധാകരനും ലിസ്റ്റും കൊണ്ട് ടൗണിലോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്… നീ പെട്ടന്ന് കുളിച്ചിറങ്ങ്‌…”
“ശരിയഛാ…”
കണ്ണൻ അകത്തു പോയി തോർത്തും സോപ്പുമായി വന്നു. ഇറയത്തു നിന്നും കാലൻ കുട എടുത്ത് നിവർത്തി, മുറ്റത്തേക്ക് ഇറങ്ങി കുളത്തിലോട്ടു നടന്നു….
കണ്ണൻ കുളത്തിലോട്ടു പോകുന്നത് അച്ചു മട്ടുപ്പാവിന്റെ മുകളിൽ ഇരുന്നു കാണുന്നുണ്ടായിരുന്നു. രാവിലെ കണ്ണനെ കണ്ടതും അവളുടെ മുഖം ഒന്നു തിളങ്ങി…
“മേടത്തിലെ ഇടമഴയാണ്.. കുറച്ചു നേരം പെയ്യും. തൊടി മൊത്തം പുതില് കിട്ടിയിരുന്നെങ്കിൽ ഒന്ന് കിളപ്പിക്കാമായിരുന്നു…” ശിവരാമൻ തൊടിയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
“ഊം.. രാവിലെ തുടങ്ങിയ മഴയാണ്. പത്തായ പുരയുടെ നാല് ഓട് പൊട്ടിയിട്ടുണ്ടായിരുന്നു. അതൊന്ന് മാറ്റണം. ഇപ്പൊ അകത്ത് മുഴുവൻ വെള്ളം നിറഞ്ഞിട്ടുണ്ടാവും “. ലക്ഷ്മിയമ്മ ശിവരാമൻ നായരോട് പറഞ്ഞു…
“ഊം.. മാറ്റാം ഉത്സവം കഴിയട്ടെ.. പത്തായ പുരയുടെ മാത്രമല്ല, വീടിന്റെ മട്ടുപ്പാവിലെ രണ്ട് മൂലോടും പാത്തിയും പൊട്ടിയിട്ടുണ്ട് അതും മാറ്റണം. മക്കള് എണീറ്റില്ലേ ലക്ഷ്മീ ? “.
“ഇല്ല വിളിക്കട്ടെ. മഴയല്ലേ രണ്ടും മൂടിപിടിച്ചു നല്ല ഉറക്കമായിരിക്കും…”
“നീ ആ കുട്ടിയോട് സംസാരിച്ചോ…?”
“ഇല്ല. ഇന്ന് സംസാരിക്കണം. നിങ്ങൾ കണ്ണനെയും കൂട്ടി പുറത്തു പോവല്ലേ ? നിങ്ങൾ അവനോടൊന്നു സംസാരിക്കൂ… കുഞ്ഞുങ്ങൾ ഉത്സവം കഴിഞ്ഞാൽ പിറ്റേന്ന് പോകും..”
“ആ സംസാരിക്കാം. അവൻ സമ്മതിക്കോ..?”
“സമ്മതിക്കും. നിങ്ങൾ സംസാരിച്ചാൽ അവൻ സമ്മതിക്കും..”
“ആ സംസാരിച്ചു നോക്കാം..”
“ഞാൻ കുട്ടികളെ വിളിച്ചുണർത്തി അടുക്കളായിലോട്ടു ചെല്ലട്ടെ. രമണി ഇന്ന് വരില്ല “.
“ങ്ങേ, അതെന്താ..?”
“വിഷുവൊക്കെ കഴിഞ്ഞതല്ലേ, അതിന് അതിന്റെ വീട്ടിലോട്ടൊക്കെ പോവണ്ടേ..?” അതും പറഞ്ഞു ലക്ഷ്മിയമ്മ അകത്തോട്ട് പോയി. പാൽക്കുടം അടുക്കളയുടെ തിണ്ണയിൽ വെച്ചു അപ്പുവിനെയും അച്ചുവിനെയും വിളിക്കാൻ പോയി.. മുറിയിൽ അപ്പു ഒറ്റക്ക് കിടക്കുന്നത് കണ്ട ലക്ഷ്മിയമ്മ. അച്ചുവിനെ തിരക്കി വീടിന്റെ അടിഭാഗം എല്ലാം നടന്നു. അവിടെ ഒന്നും കാണാത്തത് കൊണ്ട് ‘അച്ചൂ’എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഗോവണി കയറി മട്ടുപ്പാവിൽ ചെന്നതും, അച്ചു താടക്കും കൈ കൊടുത്തു പുറത്തേക്കും നോക്കി ഇരിക്കുകയായിരുന്നു… അമ്മയുടെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു അമ്മയെ നോക്കി.
“ഹ. മോള് ഇവിടെ ഇരിക്കുകയായിരുന്നോ. ഞാൻ അടി മൊത്തം തിരക്കി നടക്കുകയായിരുന്നു. നിന്നെ…?”
“ഇവിടെ ഇരുന്ന് മഴ കാണാൻ നല്ല രസാ അല്ലേ അമ്മേ.. നോക്കിയേ എന്തൊരു ഭംഗിയാണെന്ന്…. “അവൾ വിദൂരതയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു. അമ്മ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി. അവളുടെ അഴിഞ്ഞു കിടക്കുന്ന മുടി കൈ വിരൽ കൊണ്ട് കോതി ഒതുക്കി കൊണ്ട് പറഞ്ഞു…
“മുടി നേരാവണ്ണം നോക്കാഞ്ഞിട്ടു മുഴുവൻ കെട്ട് വീണിരിക്കുണു. മറ്റവളും ഇങ്ങനെ തന്നെയാ മുടി തീരെ ശ്രദ്ധിക്കില്ല്യ “.
“അമ്മാ എനിക്ക് ഇവിടന്നു പോകാൻ തോന്നുന്നില്ല. എനിക്ക് വല്ലാണ്ടെ ഇഷ്ട്ടപ്പെട്ടു ഇവിടെ. രണ്ട് ദിവസം കഴിഞ്ഞു ഇവിടെനിന്നും പോകണം എന്ന് ആലോചിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു…” അവൾ സങ്കടത്തോടെ ലക്ഷ്മിയമ്മയെ നോക്കി പറഞ്ഞു…
“പോവേണ്ട ഇവിടെ നിന്നോ.. മോള് വാ നമുക്ക് അടുക്കളയിലോട്ടു പോകാം. ദോശ ചുടാനുണ്ട് ഇന്ന് രമണി വരില്ല്യ. അച്ഛനും കണ്ണനും പുറത്തു പോകാനുണ്ട്. അതിനു മുന്നേ അവർക്ക് കഴിക്കാൻ വല്ലതും കൊടുക്കണം…” ലക്ഷ്മിയമ്മ അച്ചുവിനെയും കൂട്ടി അടുക്കളയിലോട്ടു പോകുന്ന വഴി. അപ്പുവിനെ കുലുക്കി വിളിച്ചു….
“അപ്പൂ എഴുന്നേൽക്ക്. നേരം ഒരുപാടായി “.
“‘അമ്മ പൊക്കോ, ഞാൻ വന്നോളാം. നല്ല കുളിര് ഞാൻ കുറച്ചും കൂടി കിടക്കട്ടെ “. അവൾ ഉറക്കത്തിൽ നിന്നും പാതി കണ്ണു തുറന്നു പറഞ്ഞു വീണ്ടും ഉറക്കം തുടങ്ങി.
“പെട്ടന്ന് എണീറ്റ്‌ വാട്ടൊ. ഞാൻ അടുക്കളയിലോട്ടു പോകാ…” അവൾ ഊം എന്ന് ചെറുതായി മൂളി. നീളം കൂടിയ തെക്കിനിയിലൂടെ അടുക്കളയിലോട്ടു നടന്നു നീങ്ങുമ്പോഴാണ്. അച്ചു ഒരു മുറി താഴിട്ടു പൂട്ടിയിരിക്കുന്നത് കണ്ടത്.
“അമ്മാ ഈ മുറി എന്തിനാ പൂട്ടിയിട്ടിരിക്കുന്നത് ? “.
“അത് തേവാര പുരയാണ് മോളേ…?”
“തേവാര പുരയോ ? അങ്ങനെ പറഞ്ഞാലെന്താ? “. അവൾ സംശയത്തോടെ ആ മുറിയുടെ വാതിലിലൊട്ടും അമ്മയുടെ മുഖത്തോട്ടും നോക്കി ചോദിച്ചു
“തേവാര പുര എന്ന് പറഞ്ഞാൽ. പൂജയും ഹോമവുമെല്ലാം നടക്കുന്ന സ്ഥലം. പൂജാ മുറി പോലെ പരിശുദ്ധമായ സ്ഥലം. വർഷത്തിൽ ഒരു വട്ടം ഇവിടെ പൂജയും ഹോമവുമെല്ലാം ഉണ്ടാകും… അതു കൊണ്ടാണ് അതു പൂട്ടിയിട്ടിരിക്കണേ…” അമ്മ പറഞ്ഞത് കേട്ടപ്പോൾ അവൾ ഒരു ഭക്തിയോടെ വീണ്ടും ആ വാതിലിലോട്ടു നോക്കി.
അച്ചു ബ്രഷ് ചെയ്തു വന്നപ്പോഴേക്കും. അമ്മ പ്രാതലിനുള്ള ഒരുക്കം തുടങ്ങിയിരുന്നു. ദോശ ചുടുന്നതിനു ഉള്ളിൽ തന്നെ അമ്മ അവൾക്ക് ചായ കൊടുത്തു. ഇതിനിടയിൽ കണ്ണൻ കുളി കഴിഞ്ഞു. ഡ്രസ്സ് മാറി അടുക്കളയിലോട്ടു വന്നു.
“അമ്മാ ചായ താ..”
“ആ നീ കുളിച്ചൊരുങ്ങി വന്നോ… അച്ചൂ മോളേ, ആ ചായയും ദോശയും ചട്ണിയും കണ്ണേട്ടന് എടുത്തു കൊടുത്തെ….” കണ്ണേട്ടന് ചായ കൊടുക്കാൻ അമ്മ പറഞ്ഞതും, അവൾ ആവേശത്തോടെ ചായയും ദോശയും തിണ്ണയുടെ മേലെ നിരത്തി വെച്ചു . കണ്ണൻ പ്രാതൽ കഴിക്കുന്നതിനു ഇടയിൽ ചോദിച്ചു…
“എന്താ അച്ചൂ തന്റെ കൂട്ടുകാരി എണീറ്റില്ലേ… അതോ ഇപ്പോഴും മൂടി പിടിച്ചു കിടക്കാണോ…?”
“ഇല്ല എണീറ്റില്ല്യ. ഞാൻ രാവിലെ മഴ കണ്ടപ്പോൾ തന്നെ എണീറ്റു പോന്നു “. അവൾ ഒരു ദോശയും കൂടി കണ്ണന്റെ പ്ളേറ്റിൽ ഇട്ടു കൊടുത്തു ചട്ണി ഒഴിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു…
“മതി… മതി.. ഇനി ഇടല്ലേ.. നീയെന്താ എന്നെ തീറ്റിച്ചു കൊല്ലാനാണോ പരിപാടി. ഞാൻ ഇത്രേയൊന്നും കഴിക്കില്ല്യ..”
“അതൊന്നും പറയണ്ട കണ്ണേട്ടൻ. കണ്ണേട്ടന്റെ ബോഡി കണ്ടാൽ അറിയില്ലേ. ഇതും ഇതിനപ്പുറവും കഴിക്കും എന്ന്. അങ്ങു കഴിക്കു കണ്ണേട്ടാ…” അച്ചു സ്നേഹത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു. അതു കേട്ട കണ്ണനും അമ്മയും ചിരിച്ചു. അപ്പോഴാണ് ഉറക്കമെണീറ്റു പാറി പറന്ന മുടിയുമായി കോട്ടുവായും ഇട്ടു കൊണ്ട് അപ്പു അങ്ങോട്ട് വന്നത്… അപ്പുവിനെ കണ്ട കണ്ണൻ കളിയാക്കി കൊണ്ട് പറഞ്ഞു….
“ഓ.. പള്ളിയുറക്കം കഴിഞ്ഞു. തമ്പുരാട്ടി എഴുന്നള്ളിയോ.. അമ്മാ തമ്പുരാട്ടിക്ക് ഒരു ചായ അങ്ങു കൊടുക്കാ പെട്ടന്ന്….” അതു കേട്ട അപ്പുവിന് ശുണ്ഠി കയറി…
“അമ്മാ.. ദേ നോക്കിയേ ഏട്ടൻ രാവിലെ തന്നെ എന്നെ..” അവൾ ചിണുങ്ങി കൊണ്ട് നിലത്ത് രണ്ട് ചവിട്ടും ചവിട്ടി മുടിയിലെല്ലാം മാന്തി കൊണ്ട് പറഞ്ഞു…
“ഓ തുടങ്ങിയോ രാവിലെത്തന്നെ രണ്ടും കൂടി. കണ്ണാ നിന്റെ ചായ കുടി കഴിഞ്ഞില്ലേ. എണീറ്റ്‌ പോകാൻ നോക്ക് തല്ല് കൂടാതെ “. ലക്ഷ്മിയമ്മ കണ്ണനെ ശാസിച്ചു കൊണ്ട് പറഞ്ഞു…
കണ്ണൻ ചായ കുടി മതിയാക്കി കൈ കഴുകി വന്നു അമ്മയുടെ സാരിതുമ്പിൽ കയ്യും ചിരിയും തുടച്ചു കൊണ്ട് അപ്പുവിനോട് വീണ്ടും പറഞ്ഞു.
“അമ്മാ തമ്പുരാട്ടി പള്ളിയുറക്കം കഴിഞ്ഞു വിശന്നാവും വന്നിരിക്കുന്നത്. ചായയുടെ കൂടെ രണ്ട് ദോശയും കൂടി കൊടുത്തോളൂ…”
അതു കേട്ട അപ്പുവിന് ഒന്നും കൂടി ദേഷ്യം ഇരച്ചു കയറി അവൾ വീണ്ടും ചിണുങ്ങി കൊണ്ട്…
“അമ്മാ… ഇഹ്. ഇഹ്..” എന്നും പറഞ്ഞു. വീണ്ടും ചിണുങ്ങി.. അതു കണ്ട അമ്മ കണ്ണനോട് പറഞ്ഞു…
“കണ്ണാ നിന്നോട് പോകാനാ പറഞ്ഞത്. വെറുതെ ആ പെണ്ണിനെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറഞ്ഞു കൊണ്ട് ഇവിടെ നിന്നോളും. പെണ്ണാണെങ്കിലോ എന്തെങ്കിലും ഒന്നു കേട്ടാൽ മതി അപ്പൊ തുടങ്ങും ചിണുങ്ങാൻ…” അതു കേട്ട കണ്ണൻ കൈ രണ്ടും മലർത്തി കൊണ്ട് പറഞ്ഞു.
“നമ്മളൊന്നും പറയുന്നില്ലേ. അമ്മാ അച്ഛൻ ചായ കുടിച്ചോ..?”.
“ആ കുടിച്ചു. അച്ഛൻ ഉമ്മറത്ത് ഇരിക്കുന്നുണ്ട് നിന്നെയും കാത്തു കൊണ്ട്…”
“എന്നാ ഞങ്ങൾ പോയിട്ട് വരാം.. ഇവിടേക്ക് വല്ലതും വാങ്ങണോ…?”
“ഇവിടേക്ക് ഒന്നും വേണ്ട. അല്ല വേണം വിളക്കിൽ ഒഴിക്കാൻ എണ്ണ കഴിയാറായി കുറച്ചു എണ്ണയും തിരിയും വാങ്ങിച്ചോ.. “
“വേറെ വല്ലതും വേണോ.. ഇനി വന്നതിന് ശേഷം അതു വേണമായിരുന്നു ഇതു വേണമായിരുന്നു എന്നൊന്നും പറയരുത്…”
“അതു മതി… വേറെ ഒന്നും വേണ്ട.. പിന്നെ കണ്ണൻ അപ്പുവിന്റെ താടക്ക് പിടിച്ചു കുലുക്കി കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…
“ഏട്ടന്റെ കാന്താരിക്കും അച്ചുവിനും വല്ലതും വേണോ വേണങ്കിൽ പറയടി മേടിച്ചോണ്ട് വരാം…” കണ്ണന്റെ ആ സ്നേഹത്തിന്റെ മുന്നിൽ അവളുടെ വീർത്തു നിന്നിരുന്ന മുഖം അയഞ്ഞു അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“ഞങ്ങൾക്ക് ജിലേബി വേണം കൊണ്ടു വരോ…?”
“പിന്നെന്താ കൊണ്ടു വരാം.. അമ്മാ ഞങ്ങൾ പോയിട്ട് വരാം “. അതും പറഞ്ഞു കണ്ണൻ അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് നടന്നതും, അമ്മ അവന്റെ പിന്നാലെ പോയി വടക്കിനിയിൽ പിടിച്ചു നിർത്തികൊണ്ടു സ്നേഹത്തോടെ കയ്യിൽ തടവികൊണ്ടു പറഞ്ഞു…
“മോനേ അച്ഛൻ ഇന്ന് നിന്നോട് ഒരു കാര്യം പറയും മോൻ അതിന് സമ്മതിക്കണം കേട്ടോ…?”
“എന്ത് കാര്യം? “. അവൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു.
“അതൊക്കെ അച്ഛൻ പറയും. ഞങ്ങളുടെ ഒരുപാട് കാലത്തെ ആഗ്രഹമാണ്. മോൻ അതു ഞങ്ങൾക്ക് നടത്തി തരണം. അതു കാണാനുള്ള ഭാഗ്യം അതു മോൻ ഞങ്ങൾക്ക് സാധിച്ചു തരണം…” അതു പറയുമ്പോൾ ലക്ഷ്മിയമ്മയുടെ തൊണ്ട ഇടറിയിരുന്നു. ആ കണ്ണുകളിൽ നനവ് പടർന്നിരുന്നു…
“‘അമ്മ എന്തിനാ കരയുന്നേ..? അമ്മേടെയും അച്ഛന്റെയും ഏതാഗ്രഹവും ഞാൻ സാധിച്ചു തരില്ല്യേ. പിന്നെ ഞാനെന്തിനാ മോനാന്നും പറഞ്ഞു നടക്കുന്നെ? “
“അതു കേട്ടാൽ മതി അമ്മക്ക്. പൊക്കോ ബാക്കിയെല്ലാം അച്ഛൻ പറയും…”
കണ്ണൻ ഒന്നും മനസ്സിലാവാതെ അമ്മയെയും തിരിഞ്ഞു നോക്കി കൊണ്ട് ഉമ്മറത്തേക്ക് നടന്നു. മഴക്ക് കുറച്ചു ശമനം ഉണ്ടായിരുന്നു. ശിവരാമൻ നായർ അർജ്ജുന്റെ അടുത്തു അവന്റെ തുമ്പിക്കൈയ്യിലും തലോടി നിൽക്കുന്നുണ്ടായിരുന്നു. കണ്ണൻ ഷെഡിൽ നിന്നും കാർ ഇറക്കി തിരിച്ചിട്ടു. അപ്പോഴേക്കും അങ്ങോട്ട് അപ്പുവും അച്ചുവും വന്നു. അച്ഛൻ കാറിൽ കയറുന്നതിനു മുന്നേ. ലക്ഷ്മിയമ്മയോട് പറഞ്ഞു…
“ലക്ഷ്മീ അമ്പത്തിൽ അന്നദാനത്തിന്റെ അവിടെ പന്തലിടാനും ഉത്സവത്തിന്റെ അന്ന് രാത്രി കഥകളിക്കുള്ള സ്റ്റേജ് കെട്ടാനും ഏൽപിച്ച കാർത്തികേയൻ ഇങ്ങോട്ട് വരും. അവനോട് പറയണം. ഞാൻ ഉച്ചയാവുമ്പോത്തിന് തിരിച്ചു വരുമെന്ന്. അവനോട് ഉച്ചക്ക് അമ്പത്തിന്റെ അങ്ങോട്ട് വരാൻ എന്ന് ഞാൻ പറഞ്ഞൂന്നും പറ. പിന്നെ കലാ മണ്ഡലം കുട്ടി കൃഷ്ണനാചാര്യർ വിളിക്കാണെങ്കിൽ എന്നെ ഒന്ന് വിളിച്ചു പറയണം. വീട്ടിലെ നമ്പറാണ് കൊടുത്തിരിക്കുന്നത്….”
“ആ പറയാം..” ലക്ഷ്മിയമ്മ ഉമ്മറത്ത് നിന്നും വിളിച്ചു പറഞ്ഞു…
“എന്നാ ഞങ്ങൾ പോയിട്ട് വരാം. മക്കളെ, അച്ഛന്റെ മക്കൾക്ക് വല്ലതും വാങ്ങണോ. ശിവരാമൻ നായർ അപ്പുവിനോടും അച്ചുവിനോടും ചോദിച്ചു..
“ആ വാങ്ങണം.. ജിലേബി.. ഏട്ടനോട് പറഞ്ഞിട്ടുണ്ട്…” അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് എന്നാ ശരി എന്നും പറഞ്ഞു കാറിൽ കയറി പോയി. അവർ പോകുന്നതും നോക്കി അമ്മയും അച്ചുവും അപ്പുവും ഉമ്മറത്ത് നിന്നു…..
“അമ്പലത്തിൽ ഉത്സവത്തിന്റെ അന്ന് കഥകളിയുണ്ടോ..” അച്ചു ആകാംഷയോടെ അപ്പുവിനോട് ചോദിച്ചു…
“ആ ഉണ്ട്.. ഈ അച്ഛന് ഈ കഥകളിക്ക് പകരം വേറെ വല്ല പ്രോഗ്രാമും എൽപ്പിച്ചൂടെ. ഇത് ഭാക്കിയുള്ളവർക്ക് ഒന്നും മനസ്സിലാവുമില്ല്യാ. കഥകളി അച്ഛനെ പോലത്തെ ആളുകൾക്കെ മനസ്സിലാവൂ. ഞങ്ങളെ പോലത്തെ കുട്ടികൾക്ക് വല്ലതും മനസ്സിലാവോ. ഹും..”.. അതിനുള്ള ഉത്തരം ലക്ഷ്മിയമ്മയാണ് പറഞ്ഞത്…
“കഥകളി എന്നാൽ എന്താണെന്നാ നിന്റെ വിചാരം. ?.. നിർത്തം, നിർത്ഥ്യം, നാട്ട്യം, എന്നിവയുടെ സമഞ്ചയ സമ്മേളനമാണ് കഥകളി, അറിയോ. ചുട്ടികുത്ത് എന്ന ദീർഘമായ പ്രക്രിയയിലൂടെയാണ് ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. മനസ്സിലായോ. പച്ച, കത്തി, കരി, താടി, മിനുക്ക്, എന്നിവ അടങ്ങിയ ഒരു നിർത്ത സംഗീത നാടമാണ് കഥകളി, കരുണ, രൗദ്രം, വീരം, ഭയാനകം, ഭീബൽസം, അത്ഭുതം, ശാന്തം, എന്നീ നവരസങ്ങളുടെ അഭിനയ അരങ്ങാണ് കഥകളി… പണ്ട് ഈ തറവാട്ടിൽ കൂട്ടു കുടുംബായിരിക്കുന്ന കാലത്ത് എത്രയോ വട്ടം കഥകളി നടന്നിട്ടുണ്ടന്നറിയോ. അന്നൊക്കെ എന്തു രസമായിരുന്നു അത് കാണാനന്നറിറിയോ….. അമ്മക്ക് കഥകളിയോടുള്ള അഭിനിവേശം കണ്ട അച്ചു അമ്മയെ ഒരു അത്ഭുതത്തോടെ മിഴിച്ചു നോക്കി. അവളും അമ്മയുടെ വാക്കുകളിലൂടെ. കേരളത്തിന്റെ കലയായ കൊട്ടാരക്കര തമ്പുരാൻ ആവിഷ്‌കരിച്ച രാമാനാട്ടം എന്ന കാലാരൂപമായ കഥകളിയെ ഇഷ്ടപ്പെടുകയായിരുന്നു…
അച്ചുവിനെയും അപ്പുവിന്റെയും കുളിയും തേവാരവും എല്ലാം കഴിഞ്ഞു അമ്മയോടൊപ്പം അടുക്കള കോലായിൽ ഇരിക്കുമ്പോഴാണ്, അമ്മ അച്ചുവിനെ അടുത്തേക്ക് വിളിച്ചു അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചത്…
“‘അമ്മ മോളോട് ഒരു കാര്യം പറയട്ടെ…”
“എന്താമ്മാ..?” അവൾ ഒന്നും മനസ്സിലാവാതെ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…
“വേറെ ഒന്നുംല്ല്യാ.. ഒരു വിവാഹക്കാര്യമാണ് “. അമ്മ പുഞ്ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു…
“ആരുടെ വിവാഹം…? “
“വേറെ ആരുടെയും അല്ല നിന്റെ. ഞങ്ങൾക്ക് മോളേ ഭയങ്കര ഇഷ്ട്ടാണ്. ഞങ്ങൾ മോളേ കണ്ണന് വേണ്ടി ആലോചിക്കട്ടെ…”
അതു കേട്ടതും അവൾക്ക് ഒരു ഞെട്ടലാണ് ഉണ്ടായത്. അവൾ അമ്മയെ ഒരു അന്താളിപ്പോടെ നോക്കി. അപ്പുവിന് ഏകദേശം കാര്യം പിടി കിട്ടിയിരുന്നു. അവൾ മൗനം പാലിച്ചു രണ്ടാളെയും നോക്കി നിന്നു…അമ്മ തുടർന്നു…
“.. മോള് കണ്ണന് നന്നായി ചേരും. എന്റെയും അച്ഛന്റെയും ആഗ്രഹമാണ് ഇത്. കണ്ണനോട് ചോദിച്ചിട്ടില്ല്യ. അച്ഛൻ ഇന്ന് അവനോട് സംസാരിക്കും. മോൾക്കിഷ്ടമാണോ ഞങ്ങടെ കണ്ണനെ. മോളുടെ ഇഷ്ട്ടം അറിഞ്ഞിട്ടു വേണം അച്ഛന് വിളിച്ചു പറയാൻ. ഞാൻ പൊന്നു പോലെ നോക്കിക്കോളാം മോളേ. ഇനി മോൾക്ക്‌ ഇഷ്ടമല്ലെങ്കിലും തുറന്നു പറഞ്ഞോളൂ. അത്‌ പറഞ്ഞു എന്ന് വെച്ചു മോളോടുള്ള ഞങ്ങളുടെ സ്നേഹത്തിനു ഒരു കുറവും ഉണ്ടാവില്ല്യ…”
അമ്മയുടെ ആ വാക്കുകൾക്ക് മുന്നിൽ അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ ആഗ്രഹിച്ച ഒരു ജീവിതമാണ് ഇപ്പൊ അമ്മയായിട്ട് മുന്നിൽ തുറന്നു വെച്ചിരിക്കുന്നത്. അതും മനസ്സറിഞ്ഞു അനുഗ്രഹിച്ചു കൊണ്ട്. കണ്ണേട്ടനെ ഇഷ്ട്ടമാണ് വിവാഹത്തിന് സമ്മതമാണ് എന്നു പറയണമെന്നുണ്ടവൾക്ക്. പക്ഷെ അവൾക്കത് പറയാൻ എവിടക്കെയോ ഒരു തടസ്സം ഉണ്ടായിരുന്നു. അവൾ നിറ കണ്ണുകളോടെ അമ്മയെ നോക്കി പറഞ്ഞു…
“അമ്മാ.. ഞാൻ എന്താ പറയാ, എനിക്കറിയില്ല എന്താ പറയേണ്ടതെന്ന്. എന്റെ വിവാഹക്കാര്യത്തെ പറ്റി സംസാരിക്കാൻ എനിക്കാരും ഇല്യാ.. എനിക്ക് നിങ്ങളെ എല്ലാവരെയും വലിയ ഇഷ്ട്ടമാണ്. കണ്ണേട്ടനെയും ഇഷ്ട്ടമാണ്. എന്റെ ജീവിതത്തിൽ എന്നെ ഇത്രയും വേറെ ആരും സ്നേഹിച്ചിട്ടില്ല. എനിക്ക് ഇത്രയും കാലം കിട്ടാതിരുന്ന സ്നേഹവും വാത്സല്യവുമാണ് കുറച്ചു ദിവസങ്ങളായി ഇവിടെ നിന്നും കിട്ടി കൊണ്ടിരിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം എനിക്ക് വേണ്ടാന്ന് വെക്കാനും പറ്റില്ല്യ. പക്ഷെ എനിക്ക് ഒരു തീരുമാനത്തിൽ എത്താൻ പറ്റുന്നില്ല. എന്റെ അച്ഛൻ, അമ്മ അതൊക്കെ ആലോചിക്കുമ്പോൾ എനിക്ക്….. “. അതു പറഞ്ഞു മുഴുമിപ്പിക്കാൻ അവളുടെ ഇടറിയ തൊണ്ടയും നിറഞ്ഞു നിൽക്കുന്ന കണ്ണുകളും സമ്മതിച്ചില്ല്യ.. അതു കണ്ട ലക്ഷ്മിയമ്മയുടെയും അപ്പുവിന്റെയും കണ്ണുകൾ നിറഞ്ഞു. ലക്ഷ്മിയമ്മ അച്ചുവിന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു…
“അച്ഛനും അമ്മയുമൊക്കെ അവിടെ നിൽക്കട്ടെ. അവരൊക്കെ മോൾക്ക്‌ ആദ്യം തന്നെ വിവാഹത്തിനുള്ള സമ്മതം തന്നതല്ലേ. അതൊക്കെ ഇവിടത്തെ അച്ഛൻ സംസാരിച്ചോളും. മോൾക്ക്‌ ഇഷ്ടമാണോ ഈ വിവാഹത്തിന്…” അതു കേട്ട അവൾ നിറകണ്ണുകളോടെ അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. അതു കണ്ട അമ്മ പുഞ്ചിരിച്ചു കൊണ്ട് അവളെ മാറോട് അണച്ചു പിടിച്ചു. അവളുടെ നെറുകയിൽ ചുണ്ടമർത്തി കൊണ്ട് പറഞ്ഞു…
“എനിക്കറിയാം മോൾക്ക്‌ കണ്ണനെ ഇഷ്ടമാണെന്ന്. ഞാൻ ഒരു അമ്മയാണ് മക്കളുടെ ഓരോ അനക്കവും അമ്മക്ക് അറിയാൻ സാധിക്കും. അതാണ് അമ്മ. മോളുടെ അച്ഛന്റെയും അമ്മയുടെയും സമ്മതം ആലോചിച്ചു മോള് പേടിക്കണ്ട. അതൊക്കെ ഇവിടത്തെ അച്ഛൻ നോക്കി കൊള്ളും. ഇനി അവന്റെയും കൂടി അഭിപ്രായം ഒന്നു അറിഞ്ഞാൽ മതി. മോളോട് ഇവൾ പറഞ്ഞോന്നറിയില്ല അവൻ ഒരു മൂന്നു വർഷം മുന്നേ ഒരു കുട്ടിയുമായി….” അതു പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അപ്പു ഇടയി കയറി പറഞ്ഞു…
“അതൊക്കെ ഞാൻ നേരത്തെ ഇവളോട് പറഞ്ഞിരുന്നു.. ഇവൾക്ക് ഏട്ടനെ ഇഷ്ടമാണമ്മേ. ഇവൾ ഇവിടെ വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. എട്ടനുമായുള്ള ഇവളുടെ മട്ടും ഭാവവും സംസാരവുമെല്ലാം അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്തായാലും സന്തോഷായി എനിക്കും… അയ്യോ എന്നാലും നിന്നെ തന്നെ കിട്ടിയില്ലേ എനിക്ക് എട്ടത്തിയമ്മയായി..” അതു കേട്ട അച്ചു ഒരു നാണത്തോടെ ചിരിച്ചു നിറഞ്ഞ കണ്ണുകളോടെ അമ്മയോട് ചോദിച്ചു..
“കണ്ണേട്ടന് എന്നെ ഇഷ്ടമാവുമോ അമ്മേ? കണ്ണേട്ടൻ സ്നേഹിച്ച ആ മരിച്ച കുട്ടിയുടെ സ്ഥാനത്ത് എന്നെ കണ്ണേട്ടന് കാണാൻ കഴിയുമോ ? എനിക്കും വേണ്ടി ചോദിക്കാൻ വേറെ ആരും ഇല്ല “. അതു പറയുമ്പോൾ അവളുടെ കണ്ണു മുഴുവൻ നിറഞ്ഞു തൂവിയിരുന്നു.
“മോള് കരയണ്ട, മോൾക്ക്‌ വേണ്ടി സംസാരിക്കാനും എല്ലാത്തിനും ഞാനും അച്ഛനും ഉണ്ട്. നീ ഞങ്ങളുടെ മോളാണ് “. അതും പറഞ്ഞു അമ്മ അവളെ ആ മാറോട് അണച്ചു പിടിച്ചു. അപ്പോഴും ലക്ഷ്മിയമ്മയുടെ മനസ്സിൽ ഒരു തീ ഉണ്ടായിരുന്നു. കണ്ണൻ വിവാഹത്തിന് സമ്മതിക്കുമോ എന്നാലോചിച്ചു കൊണ്ട്.
ലക്ഷ്മിയമ്മ അകത്തേക്ക് പോയി ഫോണെടുത്തു കണ്ണന്റെ മൊബൈലിലേക്ക് വിളിച്ചു . അച്ഛന് ഫോണ് കൊടുക്കാൻ പറഞ്ഞു… ലക്ഷ്മിയമ്മ അച്ചുവിന് വിവാഹത്തിന് സമ്മതമാണെന്നുള്ള ശുഭ വാർത്ത അദ്ദേഹത്തെ അറിയിച്ചു. അതു കേട്ട ശിവരാമൻ നായർക്ക് സന്തോഷായി.
അമ്പലത്തിലേക്കുള്ള സാധനങ്ങൾ എല്ലാം എടുത്തു ഒരു വണ്ടിയിൽ കയറ്റി തിരുമേനിയെയും സുധാകരനെയും ആ വണ്ടിയിൽ തന്നെ പറഞ്ഞയച്ചു. ശിവരാമൻ നായരും കണ്ണനും തിരിച്ചു യാത്രയായി. വീട് എത്തുന്നതിന് മുന്നേ പാടത്തിന്റെ നടുവിലൂടെയുള്ള റോട്ടിലൂടെ കണ്ണൻ കാർ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ശിവരാമൻ നായർ കണ്ണനോട് കാർ ഒന്നു നിർത്താൻ പറഞ്ഞതും, അവനോട് കുറച്ചു സംസാരിക്കാൻ ഉണ്ട് എന്നു പറഞ്ഞതും …
കണ്ണൻ റോഡിന്റെ അരികു ചേർത്ത് കാർ നിർത്തി. ശിവരാമൻ നായർ കാറിൽ നിന്നും ഇറങ്ങി, ഒപ്പം കണ്ണനും ഇറങ്ങി. അച്ഛൻ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാഞ്ഞിട്ടു അവന് ഒരു ആവലാതി ഉണ്ടായിരുന്നു…
“കണ്ണാ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം “.
“എന്താഛാ .. രാവിലെ അമ്മയും പറഞ്ഞു അച്ഛൻ എന്നോട് ഒരു കാര്യം പറയും അതിന് ഞാൻ സമ്മതിക്കണം എന്ന്…”
“വേറെ ഒന്നും അല്ല, നിന്റെ വിവാഹക്കാര്യമാണ് ” അതു കേട്ടതും കണ്ണൻ ഒരു ഞെട്ടലോടെ അച്ഛനെ നോക്കി. അതു കണ്ട ശിവരാമൻ നായർ സ്നേഹത്തോടെ അവന്റെ തോളിൽ രണ്ടു കയ്യും വെച്ചു കൊണ്ട് തുടർന്നു….
“മോനേ..അച്ഛനും അമ്മയ്ക്കും വയസ്സായി മരിക്കുന്നതിന് മുന്നേ ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രമാണ് നിന്റെയും അപ്പുവിന്റെയും വിവാഹം എന്നത്. ഞങ്ങൾ മരിക്കുന്നതിന് മുന്നേ അതു ഞങ്ങൾക്ക് കാണണം എന്ന് ആഗ്രഹമുണ്ട്. നിങ്ങൾ എന്ത് ആഗ്രഹം ഞങ്ങളോട് പറഞ്ഞിട്ടുണ്ടോ അതെല്ലാം അച്ഛനും അമ്മയും സാധിച്ചു തന്നിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ട് അതിനുള്ള പ്രാപ്തിയും ഈശ്വരൻ നമുക്ക് തന്നിരുന്നു. ഇന്ന് ഈ നേരം വരെ ഞങ്ങൾ രണ്ടാളും നിങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചിട്ടുള്ളത്. അച്ഛനറിയാം നിനക്ക് ആ കുട്ടിയെ അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ല്യ എന്ന്. പക്ഷെ നീ അതു മറക്കണം. മറന്നേ പറ്റൂ. എന്നിട്ട് നീ അച്ഛനും അമ്മയും പറയുന്ന വിവാഹത്തിന് സമ്മതിക്കണം. ഞങ്ങൾ നിനക്ക് വേണ്ടി ഒരു കുട്ടിയെ കണ്ടു വെച്ചിട്ടുണ്ട്. നിനക്കും അറിയാം ആ കുട്ടിയെ, നല്ല കുട്ടിയാണവൾ. മോൻ അവളെ വിവാഹം കഴിക്കണം ഇതാണ് എനിക്ക് നിന്നോട് പറയാനുള്ളത് “.
അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ എന്തു മറുപടി കൊടുക്കണം എന്നറിയാതെ കണ്ണൻ നിന്നു വിയർക്കാൻ തുടങ്ങി. അവൻ പ്രാണനെ പോലെ സ്നേഹിച്ചിരുന്ന ആതിരയുടെ ഓർമകൾ അവന്റെ മനസ്സിലേക്ക് ഓടി വന്നു. എല്ലാം മറന്നു വരികയായിരുന്നു അവൻ അച്ഛൻ ഇപ്പോൾ അവന്റെ വിവാഹ കാര്യം പറഞ്ഞതും. വീണ്ടും ആതിരയുടെ ചിരിക്കുന്ന മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. മരിക്കുന്നതിന് മുന്നേ അവളും ഇതു തന്നെയാണ് അവനോട് ആവശ്യപ്പെട്ടത്, അവളെ മറന്നു വേറെ ഒരു വിവാഹം കഴിക്കണം എന്ന്. അതേ ആവശ്യം തന്നെയാണ് ഇപ്പൊ അച്ഛനും പറയുന്നത്. മറക്കാം എല്ലാം മറക്കാം എന്നിട്ട് അച്ഛനും അമ്മയും പറയുന്നപോലെ വിവാഹം കഴിക്കാം…. കണ്ണൻ മനസ്സിൽ പറഞ്ഞു.. കണ്ണൻ അച്ഛനോട് പറഞ്ഞു…
“അച്ഛാ എനിക്കറിയാം എന്റെ വിവാഹത്തെപ്പറ്റി ഓർത്ത് നിങ്ങൾ ഒരു പാട് വിഷമിക്കുന്നുണ്ടെന്ന്. ഇനിയും ഞാൻ നിങ്ങളെ വിഷമിപ്പിച്ചാൽ ഈശ്വരൻ എന്നോട് പൊറുക്കില്ല. അച്ഛൻ പറയൂ ആരെയാണ് അച്ഛനും അമ്മയും എനിക്കും വേണ്ടി കണ്ടു വെച്ചിരിക്കുന്നത്…? ” അതു കേട്ടതും ശിവരാമൻ നായർക്ക് സന്തോഷായി…
“നിനക്കറിയാം ആ കുട്ടിയെ നല്ല കുട്ടിയാണ്. നിന്നെ ഞാൻ ഒരിക്കലും നിർബന്ധിക്കില്ല. നിനക്ക് പൂർണ സമ്മതമാണെങ്കിൽ മാത്രം ഇഷ്ടമാണെന്നു പറഞ്ഞാൽ മതി…”
“ശരി. അച്ഛൻ പറയൂ ഞാൻ അറിയുന്ന ആ കുട്ടി ആരാണെന്ന്….”
“വേറെ ആരും അല്ല. നമ്മുടെ അച്ചുവിനെയാണ് ഞാനും അമ്മയും നിനക്കും വേണ്ടി കണ്ടു വെച്ചിരിക്കുന്നത്. അച്ചുവിന് നിന്നെ ഇഷ്ട്ടമാണ്. അമ്മ അതു പറയാനാണ്. നേരത്തെ വിളിച്ചത്….”
അതു കേട്ടതും കണ്ണന് ഒരു ഞെട്ടലാണ് ഉണ്ടായത്. ആതിരയുടെ സ്ഥാനത്ത് അച്ചു……
#തുടരും…
#ഫൈസൽ_കണിയാരിktpm✍️
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply