സ്‌നേഹവീട് Part 13 | Malayalam Novel

10112 Views

സ്‌നേഹവീട് malayalam novel Part 13

കാറിന്റെ സ്റ്റീരിയോയിൽ നിന്നും മുഹമ്മദ് റാഫിയുടെ.. ‘ബഹരോൻ…പൂൾ…ബർസാഹോ… മെരാ…മഹബൂബ്.. ആയാഹെ….’ എന്ന ഇമ്പമേറിയ ഗാനവും കേട്ടുകൊണ്ട്  എയർപൊട്ടിലോട്ടു കാർ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നതിനിടയിലാണ് കണ്ണൻ ബാക്കിലിരിക്കുന്നവരെ ശ്രദ്ധിച്ചത്.. അപ്പുവും  കാർത്തുവും ഓരോ നാട്ടു വർത്തമാനവും പറഞ്ഞു ചിരിച്ചും കളിച്ചും ഇരിക്കുന്നുണ്ട്. പക്ഷെ അച്ചു. ഒരു മൗനിയായി ,വിഷാദം  നിറഞ്ഞ മുഖത്താലെ കാറിന്റെ വിൻഡോയിലൂടെ പുറം കാഴ്ചകളിലേക്ക് നോക്കി താടയ്ക്ക് കൈ കൊടുത്തു ഇരിക്കുന്നു. അതു കണ്ട കണ്ണൻ തലയൊന്നു ചെരിച്ചു  അച്ചൂനെ തോണ്ടി കൊണ്ട്  ചോദിച്ചു..

“എന്ത് പറ്റി അച്ചൂ, മുഖത്തൊരു വിഷമം. വീട്ടിൽ നിന്നും പോരുമ്പോഴുള്ള ഉഷാറൊന്നും ഇപ്പൊ ഇല്ലല്ലോ…”അതു കേട്ട അച്ചു മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് പറഞ്ഞു…
“ഏയ്.. ഒന്നുല്ല കണ്ണേട്ടാ.. അതു കണ്ണേട്ടന് വെറുതെ തോന്നിയതാ…”
“ഏയ് അല്ല.. എനിക്ക് വെറുതെ തോന്നിയതല്ല. എന്തോ ഉണ്ട്. അപ്പൂ ഒന്നു ചോദിച്ചു നോക്കിയേടി, എന്താ നിന്റെ കൂട്ടുകാരിക്ക് പറ്റിയതെന്ന്…?” അതു കേട്ട അപ്പു അച്ചുവിനെ രണ്ട് കൈ കൊണ്ടും ചേർത്ത് പിടിച്ചു നെറ്റി അവളുടെ കവിളിൽ മുട്ടിച്ചു കൊണ്ട് ചോദിച്ചു…
“എന്ത് പറ്റിയടാ.. ഇത്ര വിഷമിക്കാൻ.. ഹും…. പറ എന്താ പറ്റിയത്…?” അതു കേട്ട അച്ചു കണ്ണൊക്കെ നിറച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഒന്നുല്ലടി.. ഞാൻ എന്റെ അച്ഛനെയും അമ്മയെയും കുറിച്ചു ഓർത്തു പോയി. അവരുടെ കൂടെയുള്ള എന്റെ കുട്ടിക്കാലവും, അന്ന് അവരോട് കൂടെ ഒന്നിച്ചു കഴിഞ്ഞതും. പിന്നീട് അവർ പിരിഞ്ഞതും. പിന്നെ അവർ രണ്ടാളും എന്നിൽ നിന്നും അകന്നകന്നു പോയതും, വർഷങ്ങൾക്ക് ശേഷം ഇപ്പൊ അമ്മയെ കാണാൻ പോകുന്നതും, അച്ഛൻ വരുന്നതും എല്ലാം.. ഓർത്തപ്പോൾ..” അതു പറഞ്ഞു പൂർത്തിയാക്കും മുന്നേ നിറഞ്ഞു നിന്നിരുന്ന കണ്ണുകളിലെ കണ്ണുനീർ തുള്ളികൾ അച്ചുവിന്റെ കവിളിൽ തട്ടി അടർന്ന് താഴേക്ക് വീഴുന്നുണ്ടാരുന്നു… അതു കണ്ട കണ്ണൻ സ്റ്റീരിയോ ഓഫ് ചെയ്തു, കാർ റോഡിന്റെ ഓരം ചേർത്തു നിർത്തി.. കാർത്തു അച്ചുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
“അതൊക്കെ കഴിഞ്ഞ കാര്യമല്ലേ അച്ചൂ.. എന്തിനാ അതൊക്കെ ഓർത്തു വെറുതെ വിഷമിക്കുന്നെ… നിന്റെ ആഗ്രഹം പോലെ നിന്റെ അമ്മയും അച്ഛനും വരുന്നില്ലേ നിന്റെ വിവാഹം നടത്തി തരാൻ. അപ്പൊ സന്തോഷിക്കല്ലേ വേണ്ടത്…?” അതു കേട്ട കണ്ണൻ പറഞ്ഞു..
“അതേ.. കാർത്തു പറഞ്ഞതാണ് ശരി. എന്തിനാണ് വെറുതെ കഴിഞ്ഞു പോയ ഓരോന്ന് ആലോചിച്ചു വരാൻ പോകുന്ന വലിയ സന്തോഷം കളയുന്നത്. അച്ചൂ.. എനിക്ക് തോന്നുന്ന ഒരു കാര്യം പറയട്ടെ. നമ്മുടെ വിവാഹത്തോടെ ചിലപ്പോൾ നിനക്ക് നിന്റെ അച്ഛനെയും അമ്മയെയും തിരിച്ചു കിട്ടും എന്ന് എന്റെ മനസ്സ് പറയുന്നു. അതിനു സാക്ഷിയാകുന്ന ഒരു മുഹൂർത്തം കൂടിയാവും ചിലപ്പോൾ നമ്മുടെ വിവാഹം…” അതു കേട്ടതും അച്ചുവിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു. കണ്ണന്റെ ആ വാക്കുകൾ അച്ചുവിന്റെ മനസ്സിൽ അമ്മയും അച്ഛനും ഒന്നിക്കും എന്നുള്ള പ്രതീക്ഷ വളർത്തി. അവൾ മനസ്സിൽ മനമുരുകി പ്രാർത്ഥിച്ചു, കണ്ണേട്ടന്റെ നാക്ക് പൊന്നാവട്ടെ എന്നു.. അവളുടെ മുഖത്ത് നിന്നും വിഷമത്തിന്റെ നിഴൽ മാറുന്നത് കണ്ട കണ്ണൻ തുടർന്നു.. “.. എടൊ.. ഇനി താൻ ചെയ്യേണ്ടത് എന്താന്നറിയോ. തന്റെ അച്ഛനും അമ്മയും വന്നു കഴിഞ്ഞാൽ ഇനിയുള്ള ദിവസം നീ അവരെ രണ്ടാളേയും സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കണം. നിന്റെ സ്നേഹത്തിനു മുന്നിൽ അവർ ഇത്രയും കാലം കൊണ്ട് നടന്ന ദേഷ്യവും പകയുമെല്ലാം അവർക്ക് നിന്നെ നഷ്ടപെടാനുള്ള ഒരു കാരണമായിരുന്നു എന്ന് അവർ മനസ്സിലാക്കണം. നിന്റെ സ്നേഹം നിഷേധിച്ചു ഇനി നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ നീ അവരെ എത്തിക്കണം. ഇത്രയും കാലം അവർ പിരിഞ്ഞിരുന്നിട്ടു അവർ എന്തു നേടിയെന്നും, നീയെന്ന മകൾ അവർക്ക് രണ്ടാൾക്കും ആരായിരുന്നു എന്നും അവർ മനസ്സിലാക്കണം… നിന്റെ അച്ഛനും അമ്മയും ഒന്നിക്കാൻ സാധ്യതയുണ്ട് എന്ന് ഞാൻ പറയാൻ ചില കാരണങ്ങൾ ഉണ്ട്. ഇത്രയും കാലം നിന്റെ അച്ഛനും അമ്മയും പിരിഞ്ഞിരുന്നിട്ടും, അവർ രണ്ടാളും വേറെ ഒരു വിവാഹത്തെ പറ്റി ഇത് വരെ ചിന്തിച്ചിട്ടില്ല. അതിനർത്ഥം എന്താ, അവർ രണ്ടാളും ഇപ്പോഴും അകന്നു നിന്നു സ്നേഹിക്കുന്നുണ്ട്.. പറ്റിപോയ തെറ്റുകൾ പരസ്പരം ഏറ്റു പറഞ്ഞു അവർക്ക് ഒന്നിക്കണമെന്നും മോളായ നിന്നെ സ്നേഹിച്ചു ഇനിയുള്ള കാലം ജീവിക്കണം എന്നൊക്കെ അവർക്കുണ്ടാകും.. പക്ഷെ അത് പറയാൻ അവർക്ക് പറ്റുന്നുണ്ടാവില്ല… അവർക്ക് പറ്റാത്തത് നിന്നെ കൊണ്ട് പറ്റും. നിനക്കെ അവരെ ഇനി ഒന്നിപ്പിക്കാൻ പറ്റൂ.. നിന്റെ കൂടെ ഞങ്ങളൊക്കെയുണ്ട്. താൻ ധൈര്യമായിട്ടിരിക്കു..” കണ്ണന്റെ വാക്കുകൾ കേട്ട അച്ചുവിന് പ്രതീക്ഷ വർദ്ധിച്ചു. ആ വാക്കുകൾ അവൾക്ക് ഒരുപാട് ആശ്വാസം നൽകി. അച്ഛനും അമ്മയും ഒന്നിക്കുന്ന ആ മുഹൂർത്തം അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന പോലെ അവൾക്ക് തോന്നി.. അപ്പോഴാണ് അപ്പു അച്ചുവിനോട് പറഞ്ഞത്…
“ഞങ്ങളൊക്കെയില്ലേടാ.. നിന്റെ കൂടെ.. എല്ലാം മംഗളമായി കലാശിക്കും. ഇപ്പൊ എന്റെ മനസ്സും പറയുന്നു. നിന്റെ അച്ഛനെയും അമ്മയെയും നിനക്ക് തിരിച്ചു കിട്ടുമെന്ന് “. അതും കൂടി കേട്ടതോടെ അവൾക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. അവൾ നിറഞ്ഞ കണ്ണുകളാലെ ചിരിച്ചു.. അതുകണ്ട കണ്ണൻ പറഞ്ഞു..
“എന്നാ പോകാം.. ഇപ്പൊ തന്നെ സമയം പന്ത്രണ്ടായി.. ഇനിയും വൈകിയാലെ നിന്റെ അമ്മ നമ്മളെ കാണാഞ്ഞു ചിലപ്പോൾ വന്ന ഫ്ളൈറ്റിൽ തന്നെ തിരിച്ചുപോവും. അങ്ങനെ പോയാലെ ഇപ്പൊ നമ്മൾ ഇട്ട പ്ലാനെല്ലാം വെറുതെയാവും “. അതു കേട്ടതും അപ്പുവും കാർത്തുവും അച്ചുവും ചിരിച്ചു. കണ്ണൻ സ്റ്റീരിയോ ഓണ് ചെയ്തു മുഹമ്മദ് റാഫിയെ കൊണ്ട് വീണ്ടും പാടിച്ചു. കാർ മുന്നോട്ടെടുത്തു.
അപ്പോഴാണ് അപ്പു സ്റ്റീരിയോയിൽ നിന്നും കേട്ടു കൊണ്ടിരിക്കുന്ന പാട്ട് ശ്രദ്ധിച്ചു കൊണ്ട് ബാക്കിൽ നിന്നും കണ്ണനോട് പറഞ്ഞത്..
“ഏട്ടാ.. വേറെ പാട്ടൊന്നും ഇല്ലേ… ഈ 60 വർഷം പഴക്കമുള്ള പാട്ടെ  കിട്ടിയൊള്ളൂ.. ഏട്ടന് വെക്കാൻ. മലയാള പാട്ടൊന്നും ഇല്ലേ ലേറ്റസ്റ്റ്..?”
“ഊം.. എന്താ ഈ പാട്ടിനു കുഴപ്പം, നല്ല പാട്ടല്ലേ ഇത്.. നിനക്കെന്താ ഹിന്ദി സോങ്‌സ് ഇഷ്ട്ടമല്ലേ.. ?”
“ഹിന്ദി സോങ് ഒക്കെ ഇഷ്ട്ടമാണ്.. ഇത് പോലത്തെ പഴഞ്ചൻ പാട്ട് ഇഷ്ടമല്ല.. ലേറ്റസ്റ്റ് ഹിന്ദി സോങ്സ് ഒക്കെ… “
“എടീ.. ഇത്.. ഇന്ത്യൻ ചരിത്രത്തിലെ അജയ്യ ചക്രവർത്തിയായ പൗരുഷം തുളുമ്പുന്ന ശബ്ദ ലാവണ്യത്തിന് ഉടമയായ, നിസ്സംഗ സുന്ദര നാദബ്രഹ്മം, മുഹമ്മദ് റാഫിയുടെ പോപ്പുലർ മെലഡി സോങ്ങാണ്, അറിയോ. നിനക്കെന്ത് മുഹമ്മദ് റാഫി, അല്ലെ… ?”
“എനിക്കറിയാം ഇശലിന്റെയും ഗസലിന്റെയും സുൽത്താനായ മുഹമ്മദ് റാഫിയെ. ഇനി അതും പറഞ്ഞു എന്നെ കളിയാക്കണ്ട. ഏട്ടന് പറ്റുമെങ്കിൽ ആ പാട്ടൊന്ന് മാറ്റ്.. ഇത് കേട്ടിട്ട് എനിക്ക് ഉറക്കം വരുന്നു… ” അതു കേട്ട കണ്ണൻ പറഞ്ഞു..
“ഹാവൂ.. സമാധാനം.. ഇത് കേട്ടിട്ടെങ്കിലും നീയൊന്നു ഉറങ്ങുമല്ലോ.. പെട്ടെന്ന് ഉറങ്ങിക്കോ.. വേണങ്കിൽ ശബ്ദം ഒന്നു കൂട്ടിവെക്കാം.. നീ ഒന്നു ഉറങ്ങി കിട്ടിയാൽ എയർപോർട്ടു എത്തുന്നവരെ നിന്റെ ശല്യം ഉണ്ടാവില്ലല്ലോ…” അത് കേട്ടതും അപ്പുവിന് ശുണ്ഠി  കയറി. അവൾ മുന്നിലേക്ക് വലിഞ്ഞു കയറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു
“ഏട്ടൻ മാറ്റണ്ട ഞാൻ തന്നെ മാറ്റിക്കോളാം” . അവൾ സ്റ്റീരിയോയിലേക്ക് ഏന്തി വലിഞ്ഞു പാട്ട് മാറ്റാൻ ശ്രമിച്ചതും കണ്ണൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് തോൽവി സമ്മതിച്ചു കൊണ്ട് പറഞ്ഞു…
“വേണ്ട. വേണ്ട. അവിടെ ഇരുന്നാൽ മതി. ഞാൻ തന്നെ മാറ്റി തരാം..”
“എന്നാൽ വേഗം മാറ്റ്.. അല്ലെങ്കിൽ ഞാൻ ഇപ്പൊ അവിടെ വന്നു മാറ്റും…” അതു കേട്ട കണ്ണൻ ഇവളോട് ഗുസ്തി പിടിച്ചാൽ വിജയിക്കില്ല എന്ന് മനസ്സിലാക്കി. പാട്ട് മാറ്റി മലയാളം സോങ്ങായ ഒപ്പം സിനിമയിലെ മിനുങ്ങും മിന്നാ മിനുങ്ങേ.. എന്ന സോങ് വെച്ചു കൊടുത്തു… പാട്ട് മാറിയതും അപ്പുവിന് സമാധാനമായി. കണ്ണന്റെയും അപ്പുവിന്റെയും മൽപിടുത്തം കണ്ടു ചിരിച്ചു കൊണ്ടിരിക്കുന്ന കാർത്തു കണ്ണനോട് ചോദിച്ചു..
“കണ്ണേട്ടാ എയർപൊട്ടിലേക്ക് ഇനിയും ഒരു പാട് ദൂരമുണ്ടോ… ?”
“ഇല്ല എത്താറായി…ഒരു അഞ്ചു കിലോമീറ്റർ..” കണ്ണൻ കാറിന്റെ മോണിറ്ററിൽ സെറ്റ് ചെയ്ത ഗൂഗിൾ മാപ്പിൽ നോക്കി പറഞ്ഞു…
കണ്ണൻ ഹൈവേയിൽ നിന്നും നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ട് എന്ന് എഴുതിയ കവാടത്തിലോട്ട് കാർ തിരിച്ചു മുന്നോട്ടെടുത്തു… ആഗമനം. എന്നെഴുതിയ സ്ഥലത്ത് കാർ നിർത്തികൊണ്ടു കണ്ണൻ ബാക്കിലേക്ക് തിരിഞ്ഞു കാർത്തൂനോട് പറഞ്ഞു…
“കാർത്തൂ.. ഇവരെയും കൊണ്ട് മുന്നിൽ പോയി നിന്നോ.. ദുബായ് ഫ്‌ളൈറ്റ് ലാന്റ് ചെയ്തിരിക്കുന്നു എന്നു തോന്നുന്നു…. അച്ചൂ അമ്മ ദുബായ് വഴിയല്ലേ വരുന്നത്.. “
“അതേ..”
“എന്നാ മൂന്നാളും അമ്മ വരുന്നതും നോക്കി മുന്നിൽ തന്നെ നിന്നോ.. ഞാൻ കാർ പാർക്ക് ചെയ്ത് ദാ വരുന്നു..” കണ്ണൻ അവരെ അവിടെ ഇറക്കി കാർ പാർക്ക് ചെയ്യാൻ പോയി. കണ്ണൻ കാർ പാർക്ക് ചെയ്തു വന്നു.. ഒരു പാട് ഫ്‌ളൈറ്റുകൾ ഇറങ്ങുന്ന സമയമായത് കൊണ്ട് ആഗമനത്തിന്റെ അവിടെ നല്ല തിരക്കായിരുന്നു.. കണ്ണൻ ലാന്റ് ചെയ്തതും, ഇനി ചെയ്യാനുമുള്ള ഫ്‌ളൈറ്റുകളുടെ നമ്പറും പേരും എല്ലാം എഴുതികാണിക്കുന്ന സ്ക്രീനിലോട്ടു നോക്കി. ദുബായ് ഫ്‌ളൈറ്റ് ലാന്റ് ചെയ്തോയെന്ന്. ഫ്‌ളൈറ്റ് ലാന്റ് ചെയ്തു പത്തു മിനുട്ട് കഴിഞ്ഞിരിക്കുന്നു.. കണ്ണൻ പോക്കറ്റിൽ നിന്നും ഫോണ് എടുത്ത് അപ്പുവിനെ വിളിച്ചു…
“അപ്പൂ.. നിങ്ങൾ എവിടായാ നിൽക്കുന്നത്.. ഞങ്ങൾ മുന്നിലുണ്ട്. അപ്പു ബാക്കിലേക്ക് തിരിഞ്ഞു കണ്ണൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി കൈ പൊക്കി കാണിച്ചു.. അപ്പുവിനെ കണ്ടതും കണ്ണൻ ഫോണ് ഓഫ് ചെയ്തു പോക്കറ്റിലിട്ടു. അവരുടെ അടുത്തേക്ക് നടന്നു.. കണ്ണനെ കണ്ടതും അച്ചു അമ്മയെ കാണാനുള്ള ആവേശത്തിൽ വെപ്രാളത്തോടെ ചോദിച്ചു…
“കണ്ണേട്ടാ അമ്മ ഇറങ്ങി കാണുമോ…?”
“ഇറങ്ങിയിട്ട് പത്തു പതിനഞ്ചു മിനുട്ടായി..”
“എന്നിട്ട് എന്താ അമ്മയെ കാണാത്തെ.. ഒരുപാട് ആളുകൾ പോയി..” അച്ചുവിന്റെ അമ്മയെ കാണാനുള്ള ആവേശം കണ്ട കണ്ണൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
“താനൊന്നു ക്ഷമിക്കടോ.. ഫ്‌ളൈറ്റ് ഇപ്പൊ ലാന്റ് ചെയ്തിട്ടല്ലേ ഉള്ളൂ. ചെക്ക് ഔട്ട് എല്ലാം കഴിഞ്ഞു ലഗേജ് ഒക്കെ കിട്ടിയിട്ട് വേണ്ടേ വരാൻ. അമ്മ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്..” അതു കേട്ടതും അവൾക്ക് സമാധാനമായി..
ദുബായ് ഫ്ളൈറ്റിൽ നിന്നും ഇറങ്ങിയ ആളുകൾ ഓരോന്നായി പുറത്തു വന്നു കൊണ്ടിരുന്നു.. അച്ചു കണ്ണിമവെട്ടാതെ അകത്തേക്ക് തന്നെ നോക്കി നിന്നു കൂടെ മറ്റുള്ളവരും.. ഏർപോർട്ടിന്റ അകത്തു നിന്നും ലഗേജ് വെച്ച ട്രോളിയും തള്ളി കൊണ്ട് വരുന്ന അമ്മയെ കണ്ടതും അച്ചുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവൾ അപ്പുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് നിറകണ്ണുകളോടെ അമ്മയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു…
“അപ്പൂ.. അതാ എന്റെ അമ്മ…”അതു കേട്ട എല്ലാവരും. എവിടെ എന്നും ചോദിച്ചു കൊണ്ട്  ആവേശത്തോടെ അകത്തോട്ട് നോക്കി.. എല്ലാവരും അച്ചുവിന്റെ അമ്മയെ കണ്ടു.. അച്ചു അമ്മയെ കണ്ട സന്തോഷത്തിലും ആവേശത്തിലും നിറകണ്ണുകളോടെ പരിസരം മറന്നു എയർപോർട്ടിന്റ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു… അമ്മേ.. എന്ന്… മകളുടെ ആ വിളി ആ അമ്മയുടെ കാതിൽ അസ്ത്രം കണക്കെ തുളഞ്ഞു കയറി. അച്ചുവിനെ കണ്ടതും ആ അമ്മയുടെ മാതൃഹൃദയം  പിടക്കാൻ തുടങ്ങി.. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ രേവതി ലഗേജ് നിറച്ച ട്രോളി സ്പീഡിൽ തള്ളി കൊണ്ട് പുറത്തോട്ട് വന്നു ബാരിക്കേഡ് വെച്ചതിനപ്പുറം നിൽക്കുന്ന അച്ചുവിനെ.. അമ്മേടെ പൊന്നു മോളേ എന്നും വിളിച്ചു കെട്ടി പിടിച്ചു. മുഖത്ത് ഉമ്മ വെച്ചു കൊണ്ട് ആ ശിരസ്സ് മാറോട് അണച്ചു പിടിച്ചു… അമ്മ അവളെ കെട്ടി പിടിച്ചതും അച്ചു സന്തോഷം കൊണ്ട് കരഞ്ഞു പോയി. അവൾ അമ്മയുടെ  മാറിൽ ഒരു കുഞ്ഞിനെ പോലെ പറ്റി ചേർന്നു നിന്നു… അതു കണ്ട കണ്ണന്റെയും അപ്പുവിന്റെയും കാർത്തൂന്റെയും കണ്ണെല്ലാം നിറഞ്ഞു തുളുമ്പി… അച്ചു അമ്മയുടെ മാറിൽ നിന്നും തല ഉയർത്തി കണ്ണു തുടച്ചു കൊണ്ട് കണ്ണനെ നോക്കിക്കൊണ്ട് പറഞ്ഞു…
“അമ്മാ.. ഇതാണ്.. കണ്ണേട്ടൻ…” അതു കേട്ടപ്പോഴാണ് രേവതി. കണ്ണനെയും അപ്പുവിനെയും കാർത്തികയെയും എല്ലാം ശ്രദ്ധിച്ചത്… മകളെ വിവാഹം കഴിക്കാൻ പോകുന്ന കണ്ണനെ കണ്ടതും. അവരുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു…
“അയ്യോ ഞാൻ ശ്രദ്ധിച്ചില്ല കേട്ടോ. ഒരുപാട് കാലത്തിന് ശേഷം ഇവളെ കണ്ടപ്പോൾ നിങ്ങൾ എല്ലാം കൂടെ ഉള്ള കാര്യം ഞാൻ മറന്നു പോയി. ഞാൻ പുറത്തേക്ക് വരാം..” അതും പറഞ്ഞു രേവതി ട്രോളി തള്ളി കൊണ്ട് പുറത്തു വന്നു… കണ്ണനും അപ്പുവും കാർത്തികയും എല്ലാം സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട് രേവതിയുടെ കാൽ തൊട്ട് വന്ദിച്ചു.. രേവതി കണ്ണന്റെ കവിളിൽ തൊട്ടു കൊണ്ട് ചോദിച്ചു…
“മോന് സുഖാണോ..?” അതു കേട്ട കണ്ണൻ പുഞ്ചിരിച്ചു കൊണ്ട്. ഊം.. എന്ന് പറഞ്ഞു തലയാട്ടി.. പിന്നെ അപ്പുവിനെയും കാർത്തികയെയും നോക്കി കൊണ്ട് ചോദിച്ചു. ഇവരൊക്കെ ആരൊക്കെയാ എന്ന്… അതു കേട്ട അച്ചു അപ്പുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…
“ഇതാണമ്മാ… എന്റെ അപ്പു.. കണ്ണേട്ടന്റെ പെങ്ങൾ.. ഇത് അവിടത്തെ അച്ഛൻ പെങ്ങളുടെ മരുമകൾ കാർത്തുവേച്ചി…”അതു കേട്ട രേവതി അവരുടെ രണ്ടാളുടെയും കൈ പിടിച്ചു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…
“എനിക്ക് അറിയാത്തത് കൊണ്ട് ചോദിച്ചതാണ് കേട്ടോ “. പിന്നെ അപ്പുവിന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു…
“മോളെ എനിക്കറിയാം.. ഞാൻ ഇവൾക്ക് വല്ലപ്പോഴും വിളിക്കുമ്പോഴെല്ലാം മോളേ പറ്റി ഇവൾ  പറയും. സന്തോഷായി അമ്മക്ക്..”അപ്പോഴാണ് കണ്ണൻ പറഞ്ഞത്..
“അമ്മാ ഞാൻ കാറെടുത്തു വരാം ഇവിടെ നിന്നോളൂ എല്ലാവരും..” കണ്ണൻ രേവതിയെ അമ്മാ എന്ന് വിളിച്ചതും അവരുടെ മനസ്സു നിറഞ്ഞു. അവർ പുഞ്ചിരിച്ചു കൊണ്ട് ശരി എന്ന് പറഞ്ഞു…
കണ്ണൻ പാർക്കിങ് ഏരിയയിൽ നിന്നും ബെൻസ് എടുത്തു അവർ നിക്കുന്നിടത്തു നിർത്തി. കാറിന്റെ ഡിക്കി തുറന്നു ലഗേജ് അതിൽ കയറ്റി. രേവതി ബാക്കിലെ ഡോർ തുറന്നു കയറാൻ നിന്നതും അപ്പു പറഞ്ഞു…
“അമ്മ മുന്നിൽ കയറിക്കോ ഞങ്ങൾ ബാക്കിലിരുന്നോളാം..”
“വേണ്ട മോളേ.. മോള് മുന്നിൽ കയറിക്കോ.. ഞാൻ എന്റെ മോളുടെ കൂടെ ഇവിടെ. ഇരുന്നോളാം”. അതു കേട്ട അപ്പു മുന്നിൽ കയറി എല്ലാവരും കയറിയതും കണ്ണൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുക്കാൻ നിന്നപ്പോഴാണ് കണ്ണന്റെ ഫോണ് ശബ്ദിച്ചത്.. ലൈനിൽ അവന്റെ സുഹൃത്ത് ഫോട്ടോഗ്രാഫർ ശരത്ത് ആയിരുന്നു. അവനെയാണ് കണ്ണൻ വിവാഹത്തിന് ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും എല്ലാം ഏല്പിച്ചിരുന്നത്..
“എന്താ ശരത്ത്…?”
“കണ്ണാ.. വീട്ടിൽ വിവാഹത്തിന് പന്തൽ ഇട്ടു തുടങ്ങിയോ..?”
“ഇല്ല. അവർ ഇന്ന് പന്തൽ പണിക്കുള്ള സാധനങ്ങൾ ഒക്കെ കൊണ്ട് വന്നു ഇറക്കും എന്നു പറഞ്ഞു വിളിച്ചിരുന്നു. നാളയേ. പന്തൽ ഇട്ട് തുടങ്ങൂ… എന്താ കാര്യം…..?”
“എടാ എനിക്ക്  വിവാഹത്തിന്റെ വീഡിയോക്ക് വേണ്ടി, വീടും നടുമുറ്റവും കുളവും സർപ്പക്കാവും എല്ലാം  ഒന്നു മൊത്തം ഷൂട്ട് ചെയ്യണമായിരുന്നു. പിന്നെ നിന്റെയും അശ്വതിയുടെയും കുറച്ചു വീഡിയോസും ഇപ്പൊ എടുക്കണമായിരുന്നു. നിന്റേത് ഒന്നു രണ്ട് സീനേ ഒള്ളൂ.. അശ്വതിയുടെ കുറച്ചു സീൻ ഇപ്പൊ ഷൂട്ട് ചെയ്യാനുണ്ട്.. പന്തൽ ഇട്ടു കഴിഞ്ഞാൽ വീട് മൊത്തം ഷൂട്ട് ചെയ്യാൻ പറ്റില്ല… “
“എന്നാ നീ ക്യാമറയെല്ലാം എടുത്തു വീട്ടിലോട്ട് പോര്..”
“എന്നാ ഞാൻ ഇപ്പൊ തന്നെ വരാം നീ അവിടെ ഉണ്ടാവില്ലേ..?”
“ഇല്ല ഞാൻ ഇപ്പൊ വീട്ടിലല്ല.. എയർപോർട്ടിലാണ്.. അശ്വതിയുടെ അമ്മയെ കൂട്ടാൻ വന്നതാണ്.. ഒരു ഒന്നര മണിക്കൂറിനുള്ളിൽ എത്തും…”
“എന്നാ ഞാൻ ഒരു രണ്ടു മണിക്കൂറിനുള്ളിൽ വീട്ടിലോട്ട് വരാം “.
“ശരിടാ…” കണ്ണൻ ഫോണ് വെച്ചതും അപ്പു ചോദിച്ചു…
“ആരാ ഏട്ടാ.. വിളിച്ചത്…?”
“അതു എന്റെ ഫ്രണ്ടാ.. ശരത്ത്. അവനെയാണ് വിവാഹത്തിന്റെ വീഡിയോ ഷൂട്ടും ഫോട്ടോയും എല്ലാം ഏൽപ്പിച്ചത്. അവന് ഇന്ന് വീടും എന്റെയും അച്ചൂന്റെയും കുറച്ചു വിഷ്വൽസും എടുക്കാനുണ്ടെന്ന്…” അതു കേട്ട അച്ചുവിന് ആകെ നാണം വന്നു. അവൾ ഒളികണ്ണാലെ കണ്ണനെ നോക്കി…അപ്പോഴാണ്.. കണ്ണന്റെ ഫോണ് വീണ്ടും ശബ്‌ദിച്ചത്.. അമ്മയായിരുന്നു…
“കണ്ണാ.. അച്ചുമോളുടെ അമ്മ ഇറങ്ങിയോ..?”
“ആ ഇറങ്ങി ഞങ്ങൾ വീട്ടിലോട്ട് വന്നോണ്ടിരിക്ക്യാ.. എന്താമ്മാ.. ?”
“ഒന്നൂല്ല. അതറിയാൻ വിളിച്ചതാ “.
“അമ്മാ.. പന്തൽ പണി തുടങ്ങിയിട്ടില്ലല്ലോ..?’
“ഇല്ല അവർ സാധനങ്ങളെല്ലാം ഇറക്കിവെച്ചു പോയി നാളെ തുടങ്ങാംന്നും പറഞ്ഞു… “
“അച്ഛനും അമ്മാവനും എവിടെ..?”
“അച്ഛനും ദിവാകരനും. ഉമ്മറത്തിരുന്ന്  അരവിന്ദാക്ഷൻ നായരോട് സദ്യയുടെ കാര്യവും മറ്റും സംസാരിക്കുന്നുണ്ട്… അനികുട്ടൻ എന്തോ ആവശ്യത്തിനു പുറത്തു പോയിരിക്ക്യ “. അപ്പോഴാണ് ഉമ്മറത്ത് നിന്നും ശിവരാമൻ നായർ. ലക്ഷ്മീ എന്ന് നീട്ടി വിളിച്ചത്.. അതു കേട്ട ലക്ഷ്മിയമ്മ പറഞ്ഞു…
“കണ്ണാ അച്ഛൻ വിളിക്കുന്നുണ്ട്. ഞാൻ വെക്കാണേ…”
“ശരിയമ്മ…” ലക്ഷ്മിയമ്മ ഫോണ് വെച്ചു കൊണ്ട് ശിവരാമൻ നായരുടെ അടുത്തേക്ക് ചെന്നു…
“എന്തായി ലക്ഷ്മി.. അവര് അച്ചുമോളുടെ അമ്മയെയും കൊണ്ട് പൊന്നോ അവിടന്ന്…?”
“ആ പോന്നു…” അതു കേട്ട ശിവരാമൻ നായർ അരവിന്ദാക്ഷൻ നായരോട് തുടർന്നു..
“അരവിന്ദാക്ഷാ.. അപ്പൊ സദ്യയുടെ കാര്യം എല്ലാം തന്നെ ഏല്പിച്ചിരിക്കുണു. എനിക്ക് ഒറ്റ നിർബദ്ധമേയൊള്ളൂ. മാലതിയുടെ വിവാഹത്തിന് സദ്യയൊരുക്കിയ പോലെ ഇതും കേമായിരിക്കണം. ഒന്നിനും ഒരു കുറവും ഉണ്ടാവരുത്…” അതു കേട്ട അരവിന്ദാക്ഷൻ നായര് ഒരു ചിരിയോടെ പറഞ്ഞു…
“അതു പിന്നെ എന്നോട് പ്രത്യേകിച്ചു പറയണോ ശിവേട്ടാ… ഈ തറവാട്ടിലെ വിവാഹത്തിന്, തറവാടിയായ നാലു കൂട്ടം പായസത്തോട് കൂടിയ ഒരു കെങ്കേമ സദ്യ തന്നെ ഞാൻ ഒരുക്കില്ല്യേ.. ശിവേട്ടൻ അതിനെ പറ്റി ഒട്ടും പേടിക്കണ്ട. അതൊക്കെ എനിക്ക് വിട്ടേക്കൂ…”
“അതു കേട്ടാ മതി എനിക്ക്… പിന്നെ തലേ ദിവസം അയനത്തിനും ഒരു ചെറിയ സദ്യയും, ചായ സൽക്കാരവും ഒരുക്കണം “.
“അതിനെന്താ… ഒരുക്കാം.. അയനത്തിന് നമുക്ക് ഇഡഡ്ലിയും വടയും ദോശയും സാമ്പാറും ചമ്മന്തിയും ചട്നിയും, പിന്നെ പരിപ്പ് പായസത്തോട് കൂടിയ ഒരു ചെറിയ സദ്യയും ഒരുക്കാം.. പിന്നെ ലഘു  പലഹാരങ്ങൾ കൊണ്ട് ഒരു ചായസൽക്കാരവും. എന്താ അതു പോരേ…?”
“ആ അതു മതി… എന്താ ദിവാകരാ, ലക്ഷ്മീ ,മാലതീ, അതു പോരേ…?” അവർ അത് മതീ എന്നു പറഞ്ഞു…
“സദ്യക്ക് കലവറയിലേക്കുള്ള പാത്രങ്ങളും മറ്റും എല്ലാം അരവിന്ദാക്ഷൻ തന്നെ കൊണ്ട് വരില്ലേ…?”
“കലവറയിലേക്കുള്ള പാത്രങ്ങളും മറ്റുമെല്ലാം ഞാൻ കൊണ്ട് വന്നോളാം…. സദ്യ വിളമ്പാനുള്ള ഇലയുടെയും പാലിന്റെയും തൈരിന്റെയും മാത്രം കാര്യം നിങ്ങൾ നോക്കിയാൽ മതി. പാല് എത്ര ലിറ്റർ വേണമെന്നും ഇല എത്ര വേണമെന്നും എന്നുള്ളതിന്റെ ലിസ്റ്റ് ഞാൻ നാളെത്തന്നെ തരാം.. പിന്നെ സദ്യക്കുള്ള പലചരക്ക് സാധനങ്ങളും പച്ചക്കറിയുമെല്ലാം നമുക്ക് തലേ ദിവസം രാവിലെ ഒരുമിച്ചു പോയി എടുക്കാം എന്താ..?”
“ആ അതു മതി.. എല്ലാം താൻ തീരുമാനിച്ചാൽ മതി. എന്താ എപ്പോഴാ വേണ്ടാച്ചാ ഇങ്ങ് പറഞ്ഞാൽ മതി..”
“ശിവേട്ടാ ഞാൻ പറഞ്ഞില്ലേ. സദ്യയുടെ കാര്യമെല്ലാം എനിക്ക് വിട്ട് തന്നെക്കൂ.. ഇത് എന്റെയും കൂടി തറവാടല്ലേ..?” അതും പറഞ്ഞു എണീറ്റ്‌ കൊണ്ട് പറഞ്ഞു… “എന്നാ ഞാനിറങ്ങാ, വീട്ടിൽ ചെറിയ മകളും മരുമകനും വന്നിട്ടുണ്ട്… “
“എന്നാ അങ്ങനെയാവട്ടെ…” അരവിന്ദാക്ഷൻ നായർ പോയി കഴിഞ്ഞതും, മാലതി ശിവരാമൻ നായരോട് പറഞ്ഞു…
“ഏട്ടാ.. നാളെ സ്വർണ്ണവും ഡ്രസ്സും എല്ലാം എടുക്കാൻ പോകുന്ന കാര്യം അച്ചുമോളുടെ അച്ഛനെ ഒന്നു അറിയിക്കേണ്ട…?”
“അറിയിക്കണം.. അച്ചുമോളുടെ അമ്മയും കൂടി വന്നോട്ടെ.. പിന്നെ ലക്ഷ്മീ ആഭരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കേണ്ടേ… ഏതൊക്കെ ആഭരണങ്ങളാണ് വേണ്ടത്.. ഒരനൂറ്റമ്പതോളം പവനെങ്കിലും വേണം. ഒന്നിനും ഒരു കുറവും വരുത്തണ്ട..”
“അതു ഒരു വിധമമുള്ള ആഭരണങ്ങൾ ഒക്കെ വേണം… കാശു മാല, മാങ്ങാ മാല, പാലക്ക്യാ മാല, മുല്ലമൊട്ടു മാല, കഴുത്തില, ചെറു താലി, അവിൽ മാല, കണ്ഠസാരം, കുഴിമിന്നി, കുമ്പിൾ മാല, പതക്കം, ലക്ഷ്മി മാല, പൂത്താലി, ഗജമാല, ഭരതനാട്യം ജിമിക്കി, തട്ടു ജിമിക്കി, തോട, ഒടിയാണം, നേടിച്ചുട്ടി, അരപട്ട, പാലക്ക്യാ വള, പൗവ്രിക വള, പാലക്ക്യ മാങ്ങാ വള, ഭാഗ്യ ലക്ഷ്മി വള, പവിത്ര കെട്ട് മോതിരം….
“ഏടത്തീ. പിന്നെയും വേണം.. മണ്ഡപത്തിൽ കണ്ണനും അച്ചൂനും അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു കൊടുക്കാൻ മോതിരവും മാലകളും വേണം,  ചേച്ചിക്ക് അച്ചൂന്റെ കഴുത്തിൽ ഇട്ട് കൊടുക്കാൻ ഒരു മാല വേണം. അപ്പൂന് ,അച്ചൂന് ഇട്ട് കൊടുക്കാൻ മോതിരം വേണം.. പിന്നെ കണ്ണന് ഇറങ്ങുമ്പോൾ കയ്യിൽ കെട്ടാൻ കൈ ചെയിൻ..” അപ്പോഴാണ് ശിവരാമൻ നായര് പറഞ്ഞത്..
“ലക്ഷ്മിക്ക് അച്ചു മോൾക്ക്‌   കൊടുക്കാനുള്ള മാല ഇവിടെ ഉണ്ടല്ലോ.. പൂർവികരായി കൈ മാറി വന്ന പരമ്പരാഗതമായ നാഗപട താലി. അതാണല്ലോ ലക്ഷ്മി അച്ചു മോൾക്ക്‌ ഇട്ട് കൊടുക്കേണ്ടത് “.
“അതു ഞാൻ മറന്നു.. അപ്പൊ അതു വേണ്ട ബാക്കിയെല്ലാം വേണം…”
“പിന്നെ നിനക്കും കാർത്തൂനും, കണ്ണനും അച്ചു മോൾക്കും ഇട്ടു കൊടുക്കാൻ മോതിരങ്ങൾ വാങ്ങേണ്ടേ. അതെന്താ മറന്നു പോയോ നിയ്യ്‌.. ?” അതിനുള്ള ഉത്തരം ദിവാകരനാണ് പറഞ്ഞത്..
“അതു ഞാൻ വാങ്ങിക്കോളാം… അത് ഇതിൽ ഉൾപ്പെടുത്തണ്ട… “
“ശരി. അങ്ങനെയാവട്ടെ.. ഇനി ഡ്രസ്സ്. എന്തൊക്കെയാ വേണ്ടത്..  ?”അതു കേട്ട ലക്ഷ്മിയമ്മയും മാലതിയും പറഞ്ഞു…
“അച്ചൂന് തലേന്ന് രാത്രി ചുറ്റാൻ ഒരു സാരി വേണം.. പിന്നെ താലികെട്ടിനു ഒരു പട്ടു സാരി വേണം. സദ്യക്ക് ചുറ്റാൻ സെറ്റ് സാരി വേണം.  മണ്ഡപത്തിൽ വെച്ചു  കൊടുക്കാൻ പുടവ വേണം.. പിന്നെ കണ്ണന് ഡ്രസ്സ് വേണം.. പിന്നെ ബാക്കിയുള്ള എല്ലാവർക്കും ഡ്രസ്സ് വാങ്ങണം…” അതെല്ലാം കേട്ട് കഴിഞ്ഞതും ശിവരാമൻ നായർ പറഞ്ഞു…
“നിങ്ങൾ എല്ലാവരും കൂടി അച്ചുമോളുടെ അമ്മ വന്നതിനു ശേഷം അവരോടും കൂടി ആലോചിച്ചു എല്ലാത്തിന്റെയും ഒരു ലിസ്റ്റ് തയ്യാറാക്കി കൊള്ളൂ.. എന്തു കാര്യവും അവരോട് കൂടെ ആലോചിച്ചു  മാത്രമേ ചെയ്യാവൂ..” അപ്പോഴാണ് പടിപ്പുര കടന്നു കണ്ണൻ ഹോണടിച്ചു കാറും കൊണ്ട് എയർപോർട്ടിൽ നിന്നും വന്നത്..
“ലക്ഷ്മീ അവർ വന്നു.. മാലതി മുറ്റത്തേക്ക് ചെല്ലാ.. “അതു കേട്ടതും മാലതിയും ലക്ഷ്മിയമ്മയും മുറ്റത്തേക്ക് കാറിന്റെ അടുത്തേക്ക് ഒരു പുഞ്ചിരിയോടെ ചെന്നു. ശിവരാമൻ നായരും ദിവാകരനും ഉമ്മറത്ത് തന്നെ നിന്നു…..
കാറിൽ നിന്നും ഇറങ്ങിയ രേവതിയെ ലക്ഷ്മിയമ്മ പുഞ്ചിരിയോടെ സ്വീകരിച്ചു. അച്ചു രേവതിക്ക് ഓരോരുത്തരെ പരിചയപെടുത്തി കൊടുത്തു..
“അമ്മാ… ഇതാണ് കണ്ണേട്ടന്റെ അമ്മ. അല്ല എന്റെയും കൂടി അമ്മ “. അവൾ പുഞ്ചിരിയോടെ ലക്ഷ്മിയമ്മയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. ലക്ഷ്മിയമ്മ അവളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.
“അമ്മേടെ മോള് പരിചയപെടുത്തുകയൊന്നും വേണ്ട അതൊക്കെ രേവതിക്ക് മനസ്സിലാകും. വരൂ അകത്തോട്ട് പോകാം “. ലക്ഷ്മിയമ്മ സ്നേഹത്തോടെ പുഞ്ചിരിച്ചു കൊണ്ട് രേവതിയുടെ കയ്യിൽ പിടിച്ചു പറഞ്ഞു.. രേവതി വീടും പത്തായ പുരയും അര്ജുനെയും മൊത്തം ഒന്നു നോക്കി. അവർക്ക് ഒരു അത്ഭുതമാണ് തോന്നിയത്. കാരണം അവർ ഒട്ടും പ്രതീക്ഷിച്ചില്ല്യ ഇത്രയും വലിയ വീട് ആണെന്ന്…
ലക്ഷ്മിയമ്മയും മാലതിയും കൂടി രേവതിയേയും കൊണ്ട് ശിവരാമൻ നായരുടെ അടുത്തേക്ക് ചെന്നു. അച്ചു ശിവരാമൻ നായരെ കയ്യിൽ പിടിച്ചു പുഞ്ചിരിച്ചു കൊണ്ട് രേവതിയോട് പറഞ്ഞു..
“അമ്മാ.. ഇതാണ് അച്ഛൻ.. അതു അമ്മാവൻ…” രേവതി പുഞ്ചിരിച്ചു കൊണ്ട് ശിവരാമൻ നായരോട് കൈ കൂപ്പി നമസ്ക്കാരം പറഞ്ഞു…
“യാത്രയൊക്കെ സുഖായിരുന്നോ…?” ശിവരാമൻ നായർ സൗമ്യതയോടെ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു..
“സുഖായിരുന്നു….” രേവതി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. അതു കേട്ട ശിവരാമൻ നായർ അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…
“രേവതീ.. ഇവൾ എനിക്ക് മരുമോള് അല്ല കേട്ടോ. മോളാണ്..” അതു കേട്ടതും അച്ചുവിന്റെ കണ്ണു സന്തോഷം കൊണ്ട് നിറഞ്ഞു അവൾ ഒന്നും കൂടി ശിവരാമൻ നായരോട് ചേർന്നു നിന്നു… രേവതിക്ക് മനസ്സിലായി. അച്ചു അവിടെയുള്ള എല്ലാവർക്കും എത്ര പ്രിയപ്പെട്ടതാണെന്നും അവൾക്കു അവർ എത്ര പ്രിയപ്പെട്ടതാണെന്നും. അവരെല്ലാവരും അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നും.. അപ്പോഴാണ് മുറ്റത്തു നിന്നും കണ്ണൻ ലക്ഷ്മിയമ്മയോട് വിളിച്ചു ചോദിച്ചത്…
“അമ്മാ അനികുട്ടൻ എവിടെ ?”.
“അവൻ വന്നിട്ടില്ല.. “
അതു കേട്ട കണ്ണൻ അച്ചുവിനെയും അപ്പുവിനെയും നോക്കി കൊണ്ട് പറഞ്ഞു… “അച്ചൂ.. അപ്പൂ… രണ്ടാളും ഇങ്ങോട്ട് വന്നേ..” കണ്ണൻ കാറിന്റെ ഡിക്കി തുറന്നു കൊണ്ട് പറഞ്ഞു… അതു കേട്ട അച്ചുവും അപ്പുവും കണ്ണന്റെ അടുത്തോട്ട് ചെന്നു… കണ്ണൻ ഡിക്കിയിൽ നിന്നും ലഗേജ് ഇറക്കി വെച്ചു കൊണ്ട് പറഞ്ഞു..
“രണ്ടാളും കൂടി ഇതൊക്കെ അകത്തു കൊണ്ട് പോയി വെച്ചേ…” അതു കേട്ട അപ്പു താഴെ ഇരിക്കുന്ന വലിയ പെട്ടികളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…
“ഇതൊക്കെയോ  ? എന്നെകൊണ്ടൊന്നും വയ്യ ഇതൊക്കെ ചുമക്കാൻ.. ഭയങ്കര വെയിറ്റായിരിക്കും ഇതിനൊക്കെ. എന്തു വലിയ പെട്ടികളാ ഓരോന്നും.  “. അതു കേട്ട കണ്ണൻ പറഞ്ഞു…
“ആ വലിയ പെട്ടിയൊന്നും നിങ്ങൾ എടുക്കണ്ട .അതു ഞാൻ എടുത്തോളാം. ആ രണ്ട് ചെറിയ പെട്ടി എടുത്താൽ മതി നിങ്ങൾ”   അതും പറഞ്ഞു കണ്ണൻ ഒരു ചെറിയ പെട്ടിയെടുത്തു അപ്പുവിന്റെ തലയിൽ വെച്ചു കൊടുത്തു.. അവൾ അതും കൊണ്ട് അകത്തേക്ക് പോയതും കണ്ണൻ ഒരു വലിയ പെട്ടി താങ്ങി കൊണ്ട് അച്ചുവിനോട് പറഞ്ഞു…
“ഇതിനെന്താടി ഇത്ര വെയിറ്റ്.. നിന്റെ അമ്മ മരുമോനായ എനിക്ക് വല്ല കരിങ്കല്ലുമാണോ ഇതിൽ ഇട്ടു കൊണ്ട് വന്നത്… ?”
അതു കേട്ട അച്ചുവിന് ചിരിവന്നു.. അവൾ പറഞ്ഞു…
“ആ അറിയില്ല.. എന്തായാലും കണ്ണേട്ടന് അമ്മ കാര്യമായിട്ട് എന്തോ കൊണ്ട് വന്നിട്ടുണ്ട്..” അതു കേട്ട കണ്ണൻ ചുറ്റു ഭാഗവും ഒന്നു നോക്കി കൊണ്ട് പതിഞ്ഞ സ്വരത്തിൽ അച്ചുവിനോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു…
“എനിക്കൊന്നും വേണ്ടേ.. നിന്നെ മാത്രം മതി.. നിന്നിലും വലുതായിട്ടു എനിക്ക് ഒന്നുമില്ല ഈ ഭൂമിയിൽ ..” അതു കേട്ടതും അച്ചുവിന്റെ മുഖം മന്ദഹാസം കൊണ്ട് നിറഞ്ഞു. അവൾ ഒരു നാണത്തോടെ കണ്ണനെ നോക്കി പുഞ്ചിരിച്ചു.അപ്പോഴാണ് ഒരു കാർ പടിപ്പുര കടന്നു അങ്ങോട്ട് വന്നത്…
#തുടരും..
Read complete സ്‌നേഹവീട് Malayalam online novel here
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply