5 മണിക്ക് മുന്നേ എഴുന്നള്ളത്തു അവസാനിച്ചതും ലക്ഷ്മിയമ്മ മാലതിയെയും കാർത്തികയെയും അപ്പുവിനെയും അച്ചുവിനെയും കൂട്ടി ദീപാരാധന തൊഴുതു പുറത്തിറങ്ങി ആൽത്തറയിൽ പോയിരുന്നു… കണ്ണൻ മേളക്കാർക്കും വാദ്യക്കാർക്കും മറ്റു കളിക്കാർക്കും പണം കൊടുത്തു സെറ്റിൽ ചെയ്തു പറഞ്ഞു വിട്ടു….
നടന്നു ക്ഷീണിച്ചത് കൊണ്ട് അപ്പു മാലതിയുടെ മടിയിൽ തലവെച്ചു കിടന്നു. കാർത്തികയും നന്നായി ക്ഷീണിച്ചിരുന്നു.. അച്ചു ലക്ഷ്മിയമ്മയുടെ തോളിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു. ലക്ഷ്മിയമ്മ അച്ചുവിന്റെ തലയിൽ തലോടികൊണ്ട് ചോദിച്ചു….
“മോള് ക്ഷീണിച്ചോ. മുഖമൊക്കെ ആകെ വാടി…”
“കുറച്ചു. അതൊന്നും സാരല്ല്യാ. ഇതൊക്കെ ഒരു അനുഗ്രഹമല്ലേമ്മേ. സത്യത്തിൽ ഇപ്പൊ സങ്കടം തോന്നുന്നു, എഴുന്നള്ളത്ത് അവസാനിക്കണ്ടായിരുന്നുന്ന് തോന്നുന്നു . എന്തു രസമായിരുന്നു ഇതു വരെ…”
“അതാണോ.. ഉത്സവം ഇനിയും ഉണ്ടാവല്ലോ. ഇപ്പോ നീ ഇവിടത്തെ കുട്ടിയല്ലേ. ഇനി എല്ലാ വർഷവും കാണാല്ലോ…”
“അതേ.. ഇനി നിനക്ക് എല്ലാ വർഷവും കാണാല്ലോ “. മാലതി ലക്ഷ്മിയമ്മയുടെ വാക്ക് ശരി വച്ചപോലെ പറഞ്ഞു…
“കണ്ണനോ. അനി കുട്ടനോ ഇങ്ങോട്ട് വരാണെങ്കിൽ ഒരു ഓട്ടോ വിളിച്ചു വീട്ടിൽ പോയി വിളക്ക് വെച്ചു കഥകളി തുടങ്ങുന്നതിനു മുന്നേ തിരിച്ചു വരാർന്നു. നടന്നു അവിടെ എത്തുമ്പോഴാതിനു ഗോതൂളി മുഹൂർത്തം തെറ്റും. അപ്പൂ… നീ.. അനികുട്ടനോ കണ്ണനോ അവിടെ എവിടെങ്കിലും ഉണ്ടോന്ന് നോക്കിയേ..?”
“എനിക്ക് വയ്യ. നടന്നു നടന്നു എന്റെ കാലു കഴച്ചു.. ഏട്ടനും അനിലേട്ടനും ഇങ്ങോട്ട് വന്നോളും. അവർക്കറിയുന്നതല്ലേ വീട്ടിൽ വിളക്ക് വെക്കാനുള്ള കാര്യമൊക്കെ..” അപ്പു മാലതിയുടെ മടിയിൽ ഒന്നും കൂടി അമർന്നു കിടന്നു കൊണ്ടു പറഞ്ഞു… അപ്പൊ മാലതി അപ്പുവിനെ പിടിച്ചെഴുന്നേപിച്ചു കൊണ്ട് പറഞ്ഞു…
“ചെല്ലപ്പൂ… സന്ധ്യാ ദീപം കൊളുത്തേണ്ട സമയം ഇപ്പൊ തെറ്റും. സന്ധ്യാ ദീപം ഒരു ദിവസം പോലും മുടങ്ങാൻ പാടില്ല്യ. മുടങ്ങിയാൽ അതു വീടിനും വീട്ടിൽ താമസിക്കുന്നവർക്കും ദോഷമാ. ലക്ഷ്മീ ദേവി പടിയിറങ്ങി പോകും”.
“ഈ അമ്മായി… അതിന് കണ്ണേട്ടനും അനിലേട്ടനും എവിടെയാണ് നിൽക്കുന്നതെന്നറിയേണ്ടേ..?”
“അവർ ക്ഷേത്ര ഓഫീസിൽ കാണും ചെല്ലൂ… അച്ചൂനെയും കൂട്ടിക്കോ…”
“എന്നാ വാ അച്ചൂ..” അവർ രണ്ടാളും ആൽത്തറയിൽ നിന്നും ഇറങ്ങി ക്ഷേത്ര ഓഫീസിലോട്ടു പോകാൻ നിന്നതും. കണ്ണനും അനിലും അങ്ങോട്ട്, അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. അവരെ കണ്ട ലക്ഷ്മിയമ്മ പറഞ്ഞു…
“ഞാൻ നിങ്ങളെ കാണാഞ്ഞിട്ടു ഇവരെ അങ്ങോട്ട് പറഞ്ഞു വിടായിരുന്നു “. അതു കേട്ട കണ്ണൻ പറഞ്ഞു..
“എന്തിന് എനിക്കറിയാവുന്നതല്ലേ. എല്ലാവർഷവും ഇങ്ങനെ തന്നെ അല്ലെ. അനികുട്ടാ നീ ഇവരെയും കൂട്ടി വീട്ടിൽ പോയി വിളക്ക് വെച്ചു വാ. ഞാനില്ല, എനിക്ക് ഓഫീസിൽ കുറച്ചു ജോലിയുണ്ട്…”
“ശരി. ഞാൻ പോയി ഒരു ഓട്ടോ വിളിച്ചു വരാം…”
“എന്തിന്, ഓട്ടോയൊന്നും വേണ്ട. കാറ് ഞാൻ റഹ്‌മാനേ വിട്ട് എടുപ്പിച്ചിട്ടുണ്ട്. ഇന്നാ കീ.. കാറ് ഓഫീസിന്റെ അപ്പുറം ഉണ്ട്…” കണ്ണൻ കീ അനിലിന്റെ കയ്യിൽ കൊടുത്ത് പറഞ്ഞു.
“അച്ഛനെവിടെ. അച്ഛൻ പൊരുന്നുണ്ടാവ്വോ..?”
“അച്ഛൻ ഓഫീസിലുണ്ട്. അച്ഛൻ ഇല്ലാന്ന് പറഞ്ഞു. നിങ്ങൾ പോയിട്ട് പോരൂ..”
“എന്നാ വാ അനികുട്ടാ. സന്ധ്യാ ദീപം കൊളുത്തേണ്ട മുഹൂർത്തം ഇപ്പൊ തെറ്റും…” അപ്പോഴാണ് അച്ചു അപ്പുവിന്റെ ചെവിട്ടിൽ സ്വകാര്യം പറയുന്നത് കണ്ണൻ കണ്ടത്..
“ഏയ്, എന്താ അവിടെ ഒരു രഹസ്യം പറച്ചില്. ഞങ്ങൾ കേൾക്കാൻ പാടില്ലാത്ത വല്ലതും ആണോ…?” അതു കേട്ട അച്ചു ഒരു പരിങ്ങലോടെ പറഞ്ഞു..
“ഏയ് അങ്ങനെ ഒന്നും ഇല്ല…” അപ്പോഴാണ് അപ്പു പറഞ്ഞത്…
“അമ്മാ.. ഞാനും അച്ചുവും വരുന്നില്ല… നിങ്ങൾ പോയിട്ട് വരൂ.. ഞങ്ങൾ ഇവിടെ നിന്നോളാം. ഏട്ടനും അച്ഛനും ഉണ്ടല്ലോ ഇവിടെ…”
“അപ്പൊ നിങ്ങൾക്ക് രണ്ടാൾക്കും കുളിച്ചു ഡ്രസ്സൊന്നും മാറേണ്ടേ…?”
“വേണ്ട . ഞങ്ങളുടെ ഡ്രസ്സ് മുഷിഞ്ഞിട്ടില്ല…”
“എന്നാ ഇവിടെ നിന്നോ രണ്ടാളും. ഞങ്ങൾ പെട്ടെന്ന് വരാം. വെറുതെ അങ്ങോട്ടും നടക്കരുത്. ഒരു സ്ഥലത്ത് ഒതുങ്ങി നിന്നോണം.. കണ്ണാ നോക്കിക്കോണം..”
“അതൊക്കെ ഞാൻ നോക്കിക്കോളാം നിങ്ങള് പൊക്കോളൂ…” അവരെല്ലാം വീട്ടിലോട്ട് പോയതും കണ്ണൻ അച്ചുവിനെയും അപ്പുവിനെയും കൂട്ടി ഓഫീസിന്റെ അടുത്തോട്ട് നടന്നു…
“ഏട്ടാ.. ഞങ്ങൾക്ക് വിശക്കണ്. എന്തെങ്കിലും വാങ്ങിച്ചുതാ…” അപ്പു വയറ്റത്തു ഉഴിഞ്ഞു കൊണ്ട് കണ്ണന്റെ കയ്യിൽ പിടിച്ചു തൂങ്ങികൊണ്ടു പറഞ്ഞു…
“അവരുടെ കൂടെ വീട്ടിൽ പോകുവായിരുന്നെങ്കിൽ കഴിച്ചു വരാർന്നല്ലോ രണ്ടാൾക്കും. ഇനിയിപ്പോ ഇവിടെ ഊട്ടു പുരയിൽ നിന്നും കഴിക്കാം. ഇപ്പൊ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും എല്ലാം കാണും.. എനിക്കും വിശക്കുന്നുണ്ട്. ഉച്ചക്ക് ഊണ് കഴിച്ചതിന് ശേഷം ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല്യ…”
“ഇഡ്ഡലിയും സാമ്പാറൊന്നും എനിക്ക് വേണ്ട. നമുക്ക് കൃഷ്ണേട്ടന്റെ ഹോട്ടലിൽ നിന്ന് മസാല ദോശ കഴിക്കാം…”
“അപ്പൊ അതായിരുന്നോ അച്ചു നിന്റെ ചെവിട്ടിൽ ഞങ്ങളാരും കേൾക്കാതെ പറഞ്ഞ രഹസ്യം. ആണോ അച്ചൂ ? അച്ചൂന് ഇത്ര ഇഷ്ടമാണോ മസാല ദോശ….?”
“ഏയ്. എനിക്കങ്ങനെയൊന്നും ഇല്ല….” അച്ചു ഒരു പരിങ്ങലോടെ അപ്പുവിനെയും കണ്ണനെയും നോക്കി പറഞ്ഞു… അപ്പോഴാണ് അപ്പു പറഞ്ഞത്…
“അവൾ പറഞ്ഞത് അതൊന്നും അല്ല അതു വേറെ കാര്യമാണ്. ഏട്ടനറിയാം അത് “.
“എനിക്കറിയാവുന്ന കാര്യമോ.. അതെന്തു കാര്യം..?” കണ്ണൻ രണ്ടാളെയും നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു…
“അത് ഇവൾ പറയാ.. ഇവൾക്ക് ഏട്ടന്റെ കൂടെ നിന്ന് ഭഗവതിയുടെ മുന്നിൽ ഒന്നു പ്രാർത്ഥിക്കണം എന്ന്…”
“ഓ അതായിരുന്നോ.. അതു പ്രാർത്ഥിക്കാം. ആദ്യം നമുക്ക് വല്ലതും കഴിക്കാം.. നിങ്ങൾക്ക് രണ്ടാൾക്കും ഇത്ര ഇഷ്ടമാണോ മസാല ദോശ…?”
“പിന്നേ.. എന്നെക്കാളും ഇഷ്ട്ടം ഇവൾക്കാണ്. ഞങ്ങൾ ഹോസ്റ്റൽ കാന്റിനിൽ നിന്നും ഇടക്കൊക്കെ കഴിക്കാറുണ്ട്…”
“എന്നാ വാ.. കൃഷ്ണേട്ടന്റെ ഹോട്ടലിലോട്ട് പോകാം….” അപ്പോഴാണ് അരുണ് അതു വഴി വന്നത്…
“നീ എവിടേക്കാ ഇവരെയും കൊണ്ട് പോണേ…?”
“കൃഷ്ണേട്ടന്റെ ഹോട്ടലിലോട്ട്. ഇവർക്ക് മസാല ദോശ വേണമത്രെ..”
“ഊട്ട് പുരയിൽ നല്ല ഇഡ്ഡലിയും വടയും ഉള്ളപ്പോഴോ..?”
“അതൊന്നും ഇവർക്ക് വേണ്ടത്രേ. നീ വല്ലതും കഴിച്ചോ. ഇല്ലെങ്കിൽ വാടാ.. നമുക്ക് വല്ലതും കഴിക്കാം…”
“എനിക്കൊന്നും വേണ്ട ഞാൻ ഇപ്പൊ ഊട്ട് പുരയിൽ നിന്നും കഴിച്ചേയോള്ളൂ. നിങ്ങൾ പോയി കഴിച്ചു വാ…”
“എന്നാ നീ ഒരു കാര്യം ചെയ്യ്, ശിവൻ അർജ്ജുന്റെ ചമയങ്ങൾ എല്ലാം അഴിക്കുന്നുണ്ട്. അങ്ങോട്ടൊന്നു ചെല്ലൂ.. പിന്നെ ചമയങ്ങളെല്ലാം ഇവിടെ ഓഫീസിൽ വെച്ചാൽ മതി. പിന്നെ സാവധാനം വീട്ടിലോട്ട് കൊണ്ടു പോകാം.. ഓഫീസിൽ ഒരു കുല പഴം ഇരിക്കുന്നുണ്ട് പോകുമ്പോ അതും എടുത്തോ അര്ജ്ജുന് കൊടുക്കാൻ…”
“ശരിടാ….. നിങ്ങൾ കഴിച്ചു വാ…”
കൃഷ്ണേട്ടന്റെ കടയിൽ നിന്നും മസാല ദോശ കഴിച്ചു പുറത്തിറങ്ങിയതും. അപ്പു പറഞ്ഞു…
“ഏട്ടാ നിങ്ങൾ രണ്ടാളും എന്നാ പ്രാർത്ഥിച്ചു വാ. ഞാൻ ഓഫീസിന്റെ അടുത്തു നിൽക്കാം…
“അപ്പൊ നീ വരുന്നില്ലേ…?”
“ഇല്ല നിങ്ങൾ പോയി വാ “. അപ്പൊ അച്ചു അപ്പുവിനോട് പറഞ്ഞു…
“നീയും വാടി. നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം..”
“വേണ്ടടാ.. നിങ്ങൾ ഒരുമിച്ചു നിന്ന് പ്രാർത്ഥിക്ക്. അതിനിടയിൽ ഞാൻ വേണ്ട..”
കണ്ണൻ അച്ചുവിനെയും കൂട്ടി ദേവിയുടെ മുന്നിൽ നിന്നു മനസ്സു തുറന്നു പ്രാർത്ഥിച്ചു . കണ്ണൻ ഇടക്ക് നോക്കുമ്പോൾ അച്ചു കണ്ണടച്ചു കൂപ്പ് കയ്യോടെ നിൽക്കുകയായിരുന്നു. അടച്ചു പിടിച്ച അവളുടെ കൺ പോളകൾക്കിടയിലൂടെ കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അവൾ അവൾക്ക് കിട്ടിയ സൗഭാഗ്യത്തിനു ഭഗവതിയോട് നന്ദി പറയുകയായിരുന്നു…
പ്രാർത്ഥന കഴിഞ്ഞു കണ്ണൻ അച്ചുവിനെയും കൂട്ടി പുറത്തിറങ്ങി. കണ്ണൻ അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…
“ഭഗവതിയുടെ മുന്നിൽ മനസ്സു തുറന്നു അല്ലെ ?. തുറന്നു.. അതു കണ്ണുകളിൽ കാണുന്നുണ്ട്…” അതു കേട്ടതും അവൾ നനവാർന്ന കണ്ണുകളോടെ കണ്ണനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് .. അതേ എന്നു പറഞ്ഞു…
“എന്നാ ആ കണ്ണു തുടക്ക്… പിന്നെ ഇനി നിന്റെ ഈ കണ്ണുകൾ നിറയാൻ പാടില്ല മനസ്സിലായോ..? ഇനി നിനക്ക് എന്തു വിഷമം ഉണ്ടങ്കിലും എന്നോട് പറയാം. കാരണം ഇപ്പോൾ നീ എന്റേതാണ്..” അതു കേട്ടതും അവൾക്ക് സന്തോഷം കൊണ്ട് മനസ്സു നിറഞ്ഞു… അവൾ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു…
“ഇല്ല കണ്ണേട്ടാ ഇനി ഞാൻ കരയില്ല. ഇത്രയും കാലം ഞാൻ വിചാരിച്ചിരുന്നത്. ഈ ലോകത്തെ ഏറ്റവും ഭാഗ്യം കെട്ട പെണ്കുട്ടി ഞാനായിരുന്നു എന്നായിരുന്നു. പലപ്പോഴും ഈ ജീവിതം അവസാനിപ്പിച്ചാലോ എന്നു പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്. ഒന്നു രണ്ട് വട്ടം ഞാൻ അതിനു ശ്രമിക്കാൻ തുനിഞ്ഞതുമാണ്. അപ്പോഴൊക്കെ എന്തോ ഒരു ശക്തി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. ഇപ്പോ എനിക്ക് മനസ്സിലായി എന്തിനായിരുന്നു എന്നെ ദൈവം മരണത്തിന്റെ മുന്നിൽ നിന്നും പിന്തിരിപ്പിച്ചത് എന്ന്. ഇപ്പോ ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്ത പെണ്കുട്ടി ഞാനാണെന്നു തോന്നുകയാ എനിക്ക്. എനിക്ക് നഷ്ട്ടപെട്ടതെല്ലാം ഓരോന്നായി എനിക്ക് തിരിച്ചു കിട്ടി കൊണ്ടിരിക്കാണ്.. ഇതിനു ഞാൻ ആരോടു ഒക്കെയാ നന്ദി പറയാ. എന്റെ അപ്പുവിനോടൊ. എല്ലാം മനസ്സിലാക്കി എന്നെ സ്വീകരിക്കാൻ മനസ്സു കാണിച്ച എന്റെ കണ്ണേട്ടനോടോ. അതോ എന്നെ സ്വന്തം മോളേ പോലെ കണ്ടു സ്നേഹിച്ചു താലോലിക്കുന്ന അച്ഛനോടും അമ്മയോടോ, അതോ എല്ലാത്തിനും എന്റെ കൂടെ നിന്ന ഈശ്വരന്മാരോടോ.. എന്റെ ഈ ജന്മം മുഴുവൻ ഞാൻ എല്ലാവരോടും കടപെട്ടിരിക്കും. ഒന്ന് എനിക്കറിയാം എന്റെ ഈ സൗഭാഗ്യത്തിനെല്ലാം കാരണം എന്റെ അപ്പുവാണ്. ഒരു പക്ഷെ അവൾ എന്റെ കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ…” അതു പറഞ്ഞു മുഴുമിപ്പിക്കാൻ അച്ചുവിന് കഴിഞ്ഞില്ല…
“ഏയ് എന്താ അച്ചൂ ഇത്… താൻ ഇത്ര പാവമായല്ലോ. എനിക്ക് കരയില്ലാന്നു വാക്ക് തന്നിട്ട് വീണ്ടും കരയുന്നോ. കണ്ണു തുടച്ചേ…” അച്ചു കണ്ണു തുടച്ചു കൊണ്ട് കണ്ണനെ നോക്കി….
“എടൊ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ദൈവം ഓരോന്ന് എഴുതി വെച്ചിട്ടുണ്ട്. അതൊക്കെ അതു പോലെ സംഭവിക്കൂ മനസ്സിലായോ. അതിനു മറ്റുള്ളവർ ഒരു നിമിത്തം ആകുന്നു എന്നു മാത്രം. താൻ എന്റെ കാര്യം ഒന്നു നോക്കിയേ.. ഞാൻ എത്രമാത്രം സ്നേഹിച്ചതാണ് ആതിരയെ. ഞങ്ങളുടെ ഇഷ്ട്ടം എല്ലാവരും അംഗീകരിച്ചതും ആണ്.. ആർക്കും ഒരു എതിർ അഭിപ്രായം പോലും ഉണ്ടായിരുന്നില്ല.. എന്നിട്ട് എനിക്ക് അവളെ കിട്ടിയോ ?. ഇല്ല. ദൈവം അവൾക്ക് കാത്തു വെച്ചത് മരണമാണ്. എനിക്ക് അവളുടെ ഓര്മകളുമായുള്ള വേദനയും. ദൈവം ഈ ജന്മത്തിൽ എനിക്ക് നിന്നെയാണ് കാത്തു വെച്ചത്. അതിന് അപ്പു ഒരു നിമിത്തമായന്ന് മാത്രം.. നമ്മൾ ഒന്നു മാത്രം ചെയ്യുക നമ്മുടെ മനസ്സും ശരീരവും എപ്പോഴും ദൈവത്തിൽ അർപ്പിക്കുക. നമ്മുടെ കണ്ണീരൊപ്പാൻ അതിനെക്കാളും വേറെ ഒരു ശക്തി ഈ ലോകത്ത് ഇല്ല..”
കണ്ണൻ അച്ചുവിനെയും കൊണ്ട് ഓഫീസിന്റെ മുന്നിൽ എത്തിയതും, ഓഫീസിന്റെ അകത്തോട്ട് നോക്കി കൊണ്ട് അപ്പുവിനോട് ചോദിച്ചു.
“അച്ഛനെവിടെ പോയി ഇവിടെ ഉണ്ടായിരുന്നല്ലോ…?”
“അറിയില്ല. ഞാൻ നോക്കിയപ്പോൾ ഇവിടെ ഉണ്ടായിരുന്നില്ല…” കണ്ണൻ ഓഫീസിൽ കയറി കണക്ക് നോക്കി കൊണ്ടിരിക്കുന്ന സുധാകരനോട് ചോദിച്ചു…
“അച്ഛനെവിടെപോയി സുധാകരേട്ടാ..?”
“അച്ഛൻ കഥകളിക്ക് കൃഷ്ണൻ കുട്ടി ആശാൻ വേഷം കെട്ടുന്നിടത്തോട്ട് പോയി അവിടത്തെ കാര്യങ്ങൾ എന്തായെന്നു നോക്കാൻ…” അതു കേട്ടതും അച്ചു ആവേശത്തോടെ അപ്പുവിനോട് പറഞ്ഞു…
“വാടി നമുക്കും അങ്ങോട്ട് പോവാം. ഞാൻ ഇത് വരെ കഥകളിക്ക് ചുട്ടി കുത്തുന്നത് കണ്ടിട്ടില്ല..”
“ഏട്ടാ നമുക്ക് അങ്ങോട്ട് പോയാലോ. അച്ചുവിന് ചുട്ടികുത്തു കാണണം എന്ന്..”
“എന്നാ വാ അങ്ങോട്ടു പോകാം..” കണ്ണൻ അവരെയും കൂട്ടി കഥകളിക്ക് വേഷം മാറുന്ന സ്റ്റേജിന്റെ പിറകിലുള്ള ഷെഡിൽ ചെന്നതും, ശിവരാമൻ നായർ അവിടെ കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ കിട്ടി ആചാര്യനും ശിഷ്യന്മാരും കഥകളിക്കു വേണ്ടി ചുട്ടി കുത്തുന്നതും നോക്കി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അപ്പുവും അച്ചുവും അച്ഛനെ കണ്ടതും അച്ഛന്റെ അടുത്തു പോയി നിന്നു. ശിവരാമൻ നായർ രണ്ടാളെയും ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു..
“മക്കള് വല്ലതും കഴിച്ചോ…?”
“കഴിച്ചു. ഏട്ടൻ മസാല ദോശ വാങ്ങി തന്നു…” അപ്പു പറഞ്ഞു..
അച്ചു കഥകളിയുടെ ചുട്ടി കുത്ത് ആവേശത്തോടെ നോക്കി നിൽക്കുന്നത് കണ്ട കണ്ണൻ ചോദിച്ചു…
“അച്ചു മുന്നേ കഥകളി കണ്ടിട്ടുണ്ടോ…?”
“ഇല്ല. ഒരുപാട് കേട്ടിട്ടുണ്ട് ഈ മഹത്തായ കലയെ കുറിച്ച്. അന്നൊക്കെ കുറേ ആഗ്രഹിച്ചിട്ടുണ്ട് ഒന്നു കാണാൻ. കഥകളിയിലെ ചുട്ടി കുത്ത് വളരെ പ്രയാസമേറിയതാണ്. അല്ലെ കണ്ണേട്ടാ…?”
“പ്രയാസമേറിയതാണോന്നോ… ചുട്ടി കുത്ത് എന്ന ദീർഘമായ പ്രക്രിയയിലൂടെയാണ് ഓരോ കഥാപാത്രത്തേയും സൃഷ്ടിക്കുന്നത്. ഏറ്റവും ദീർഘമേറിയതും, പ്രയാസമേറിയതും ആണ് കഥകളിയിലെ ചുട്ടി കുത്ത്. മനയോല എന്ന ധാതു ദ്രവ്യം കൊണ്ട് മുഖത്തു ചായം പൂശി, ചുണ്ടപ്പൂവിട്ടു കണ്ണു ചുവപ്പിച്ചു, ഉടുത്തു കെട്ട് എന്ന പ്രയാസമേറിയ വസ്ത്രാലങ്കാരത്തിലൂടെയാണ് ഓരോ കഥാപാത്രവും അമാനുഷികത കൈ വരിക്കുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നത്. പച്ച സൽക്കഥാപാത്രങ്ങളേയും (സാത്വികം), കത്തി രാജസ കഥാപാത്രങ്ങളേയും (രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും) ആണ്. കരിവേഷം രാക്ഷസിമാർക്കാണ്. ചുവന്ന താടി താമസ(വളരെ ക്രൂരന്മാരായ) സ്വഭാവമുള്ള രാക്ഷസർ മുതലായവരും, കറുത്ത താടി കാട്ടാളർ മുതലായവരുമാണ്.കലിയുടെ വേഷം കറുത്ത താടിയാണ്. ഹനുമാന് വെള്ളത്താടിയാണ് വേഷം. സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്. ഇത്തരത്തിൽ വേഷമണിയിക്കുന്നതിനെയാണ് ചുട്ടികുത്ത് എന്നു പറയുന്നത്. കഥകളിയിലെ പ്രയാസമേറിയ ചുട്ടി കുത്ത്, വേൾഡ് റെക്കോർഡ്സിൽ തന്നെ ഇടം പിടിച്ചിട്ടുണ്ട് അറിയോ… വിദേശനാടുകളിൽ നമ്മുടെ കേരളത്തെ അറിയപ്പെടുന്നത് തന്നെ കഥകളിയുടെ നാട് എന്നാണ്…..”കണ്ണന് കഥകളിയിൽ ഉള്ള അറിവും അതിനോടുള്ള അഭിനിവേശവും വിവരണവും കേട്ടതും അച്ചു ഒരു അത്ഭുതത്തോടെ കണ്ണനെ നോക്കി നിന്നു… അച്ചു അത്ഭുതത്തോടെയും ബഹുമാനത്തോടെയും ആ മഹാ കലയെ നോക്കി കണ്ടു നിന്നു മനസ്സു കൊണ്ട് നമിച്ചു…
കഥകളി തുടങ്ങാറായതും വീട്ടിൽ പോയ ലക്ഷ്മിയമ്മയും കൂട്ടരും തിരിച്ചു വന്നു. കഥകളി ആയതു കൊണ്ട് ചെറുപ്പക്കാർ ആരും അധികം ഉണ്ടായിരുന്നില്ല. എന്നാലും കാണികൾ ഒരുപാട് ഉണ്ടായിരുന്നു. ശിവരാമൻ നായരും കണ്ണനും അനിലും ആ നാട്ടിലെ കുറേ മുതിർന്നവരും സ്റ്റേജിന്റെ മുൻപന്തിയിൽ തന്നെ ഇരുന്നു. ലക്ഷ്മിയമ്മയും മാലതിയും അച്ചുവും അപ്പുവും കാർത്തികയും ,പെണ്ണുങ്ങൾ ഇരിക്കുന്ന ഭാഗത്തിന്റെ മുന്പന്തിയിലും ഇരുന്നു. സ്റ്റേജിന്റെ ചുറ്റുഭാഗത്തെ വെളിച്ചം കെട്ടതും ഒരു കീർത്തനത്തോടെ കഥകളി അരങ്ങിലെ തിരശീല ഉയർന്നു. രണ്ട് വലിയ ആട്ട വിളക്കിലെ നാലു തിരികളിൽ രണ്ടു തിരി നളന്റെ നേരെയും രണ്ട് തിരി പ്രേക്ഷകരുടെ നേരെയും കത്തിച്ചു. ആട്ട വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കഥകളി പാട്ടുകാരായ ഒന്നാം പാട്ടുകാരൻ പൊന്നാനിയുടെയും രണ്ടാം പാട്ടുകാരൻ ശിങ്കിടിയുടെയും, കഥകളി പദങ്ങൾ കോർത്തിണക്കിയ പാട്ടുകൾക്കാനുസരിച്ചു കൃഷ്ണൻ കുട്ടി ആചാര്യൻ എന്ന നളനും കൂട്ടരും, ഹസ്ത ലക്ഷണ ദീപിക എന്ന ഗ്രന്ഥത്തിലെ ഇരുപത്തിനാലു അടിസ്ഥാന മുദ്രകളാലും രസ നൃത്തങ്ങളാലും അരങ്ങിൽ കാണികളെ രസിപ്പിച്ചു കൊണ്ടിരുന്നു…….
പിറ്റേ ദിവസം രാവിലെ.. പ്രാതലെല്ലാം കഴിഞ്ഞു ശിവരാമൻ നായരും ലക്ഷ്മിയമ്മയും മാലതിയും ഉമ്മറത്ത് ഇരിക്കുമ്പോൾ, രമണി മുറ്റമടിക്കുന്നതു നോക്കിക്കൊണ്ട് ലക്ഷ്മിയമ്മ പറഞ്ഞു.
“ഉത്സവം കഴിഞ്ഞപ്പോഴേക്കും മുറ്റം മുഴുവൻ ഉത്സവപറമ്പു പോലെയായി. കണ്ടില്ലേ കിടക്കുന്നത്..?”
“ശരിയാ ചപ്പും ചവറും നിറഞ്ഞു ആകെ വൃത്തികേടായി…” മാലതി ലക്ഷ്മിയമ്മയുടെ വാക്ക് ശരി വെച്ച പോലെ പറഞ്ഞു… പിന്നെ മാലതി ശിവരാമൻ നായരോട് പറഞ്ഞു…
“ഏട്ടാ.. ഞാനും അനികുട്ടനും അങ്ങു പോയാലോന്നാലോചിക്കാ, വീട് പൂട്ടിയിട്ട് വന്നതല്ലേ. പോരാത്തതിന് ദിവാകേരട്ടൻ മറ്റന്നാൾ വരുകയും ചെയ്യും…”
“പോകാൻ വരട്ടെ കണ്ണന്റെയും അച്ചുവിന്റെയും കാര്യത്തിൽ ഒരു തീരുമാനം ആയതിനു ശേഷം പോകാം. ഞാൻ ദിവാകരന് വിളിച്ചോളാം. ലക്ഷ്മീ, അച്ചുമോളും കണ്ണനും അനിലും കാർത്തികയും അപ്പുവുമൊക്കെ എവിടെ..?”
“എല്ലാവരും അകത്തു വട്ടം കൂടി ഇരിപ്പുണ്ട്. എന്താ…?”
“എല്ലാവരെയും ഒന്നു ഇങ്ങോട്ട് വിളിക്കൂ.. നമുക്ക് ഇപ്പൊ തന്നെ അച്ചുമോളുടെ അച്ഛനെയും അമ്മയെയും വിളിച്ചു കുട്ടികളുടെ കുട്ടികളുടെ വിവാഹക്കാര്യത്തെ പറ്റി സംസാരിക്കാം. ഇനി എന്തിനാ വെച്ചു താമസിപ്പിക്കുന്നത്…?”
“ഞാൻ വിളിക്കാം….” ലക്ഷ്മിയമ്മ അകത്തു പോയി എല്ലാവരെയും കൂട്ടി വന്നു. അച്ചുവിനെയും കണ്ണനെയും ശിവരാമൻ നായർ അടുത്തേക്ക് വിളിച്ചു എന്നിട്ട് പറഞ്ഞു….
“കണ്ണാ ,നമുക്കെന്നാ അച്ചുവിന്റെ അച്ഛനെയും അമ്മയെയും വിളിച്ചു കാര്യങ്ങളെല്ലാം സംസാരിച്ചാലോ. നിങ്ങൾക്ക് രണ്ടാൾക്കും എതിർ അഭിപ്രായം ഒന്നും ഇല്ലല്ലോ….?” കണ്ണനും അച്ചുവും പരസ്പരം ഒന്നു നോക്കി കൊണ്ട് പറഞ്ഞു.
“ഞങ്ങൾക്ക് എതിർ അഭിപ്രായം ഒന്നും ഇല്ല ഞങ്ങൾക്ക് പൂർണ്ണ സമ്മതമാണ്….” അതു കേട്ടതും എല്ലാവരുടെയും മനസ്സു നിറഞ്ഞു…
“എന്നാ മോളേ അച്ചൂ. നമുക്ക് അച്ഛനെയും അമ്മയെയും വിളിക്കാം അല്ലെ…?” അവൾ വിളിക്കാം എന്നു പറഞ്ഞതും… ശിവരാമൻ നായർ കണ്ണനോട് പറഞ്ഞു..
“കണ്ണാ ആ ഫോണ് ഇങ്ങു താ…..” കണ്ണൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു അച്ഛന് കൊടുത്തു. ശവരാമൻ നായർ ഫോണ് അച്ചുവിന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു…
“വിളിക്ക് മോളേ അച്ഛനെ.. ആദ്യം അച്ഛനോട് സംസാരിക്കാം എന്നിട്ട് അമ്മയോട് സംസാരിക്കാം…” അച്ചു മൊബൈൽ വാങ്ങി അച്ഛന്റെ നമ്പർ ഡയൽ ചെയ്തു മറുപുറത്തു കോൾ റിങ് ചെയ്തതും അച്ചു ഫോണ് ശിവരാമൻ നായരുടെ നേരെ നീട്ടി..
“ആദ്യം മോള് അച്ഛനോട് സുഖവിവരങ്ങളെല്ലാം സംസാരിക്കൂ.. എന്നിട്ട് അച്ഛൻ എല്ലാ കാര്യവും അവരോട് സംസാരിക്കാം…”
മറുപുറത്തു കോൾ എടുത്തതും സ്വന്തം അച്ഛന്റെ ശബ്ദം ഒരുപാട് കാലത്തിനു ശേഷം കേട്ടതും അച്ചുവിന്റെ കണ്ണെല്ലാം നിറഞ്ഞു… അവൾ വിറയാർന്ന ശബ്ദത്തോടെ വിളിച്ചു…
“അച്ഛാ…. ” സ്വന്തം മകളുടെ ശബ്ദം ഒരുപാട് കാലത്തിനു ശേഷം കേട്ടതും ആ അച്ഛന്റെ ശബ്ദവും മനസ്സും ഒന്നു വേദനിച്ചു.
“മോളേ…. മോൾക്ക് സുഖാണോ…?” അച്ഛൻ അവളെ മോളേന്നു വിളിച്ചതും അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ തുള്ളികൾ സന്തോഷം കൊണ്ട് താഴോട്ട് അടർന്ന് വീണു. കാരണം ആ വിളി കേൾക്കാൻ അവൾ ഒരുപാട് കാലം കാതോർത്തു നിന്നിട്ടുണ്ട്. അതു കൊണ്ടു നിന്നിരുന്ന ശിവരാമൻ നായരുടെയും മറ്റുള്ളവരുടെയും കണ്ണുകളെല്ലാം നിറഞ്ഞു…
“സുഖം. അച്ഛന് സുഖല്ലേ…?” അവൾ തൂവിയോലിച്ച കണ്ണുകൾ പുറം കൈ കൊണ്ട് തുടച്ചു കൊണ്ട് ചോദിച്ചു..
“സുഖം, മോളിപ്പോ എവിടെയാണ്? ഹോസ്റ്റലിൽ ആണോ…?”
“അല്ല. ഞാൻ എന്റെ കൂട്ടുകാരി അപ്പുവിന്റെ വീട്ടിലാണ്….” അതു കേട്ടതും അപ്പുറത്ത് നിന്നും കുറച്ചു നേരത്തെ മൗനത്തിനു ശേഷം. ചോദിച്ചു..
“മോളുടെ അമ്മ വിളിക്കാറില്ലേ…?” അതു കേട്ടതും അവൾ കുറച്ചു മൗനത്തിനു ശേഷം ഉള്ളിലെ വിഷമം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു…
“ഉണ്ട്.. കുറച്ചു ദിവസം മുന്നേ വിളിച്ചിരുന്നു…. അച്ഛാ എനിക്ക് അച്ഛനോട് ഒരു കാര്യം സംസാരിക്കാനുണ്ട്..”
“എന്താ മോളേ.. പറ എന്താ മോൾക്ക് എന്നോട് പറയാനുള്ളത്…?”
“അത്.. അത്… എനിക്ക്.. അച്ഛാ ഞാൻ… ഞാൻ എന്റെ കൂട്ടുകാരി അപ്പുവിന്റെ അച്ഛന്റെ കയ്യിൽ ഫോണ് കൊടുക്കാം….”അതും പറഞ്ഞു അച്ചു ഫോണ് ശിവരാമൻ നായരുടെ കയ്യിൽ ഫോണ് കൊടുത്തു…
“ഹലോ.. ഞാൻ അപ്പുവിന്റെ അച്ഛനാണ് ശിവരാമൻ നായർ…”
“ആ മോള് പറഞ്ഞു… മോൾക്കെന്തോ ഒരു കാര്യം എന്നോട് പറയാനുണ്ടന്ന് പറഞ്ഞു…”
“അതേ പറയാനുണ്ട്. മോള് പറഞ്ഞു നിങ്ങളുടെ എല്ലാ കാര്യവും പ്രശ്നവും എല്ലാം ഞങ്ങൾക്കറിയാം. അച്ചു എനിക്ക് എന്റെ സ്വന്തം മോളെ പോലെയാണ്. അതു കൊണ്ട് തന്നെ ആ അവകാശം വെച്ചു ഞങ്ങൾ മോളുടെ പൂർണ്ണ സമ്മതത്തോടെ മോളുടെ ചില കാര്യത്തിൽ ഒരു തീരുമാനം എടുത്തു. ആ തീരുമാനം ആദ്യം നിങ്ങളാണ് അറിയേണ്ടത്. ആ കാര്യം നിങ്ങളെ അറിയിക്കാനാണ് മോളെ കൊണ്ട് നിങ്ങളെ വിളിപ്പിച്ചത്…”
“എന്താ ശിവരാമൻ നായർ പറയാനുള്ളത് ?. എന്താണ് എന്റെ മോൾക്ക് എന്നോട് പറയാനുള്ളത്….?”
“വേറെ ഒന്നും അല്ല. മോളുടെ വിവാഹക്കാര്യമാണ് സംസാരിക്കാനുള്ളത്. ഞങ്ങൾക്ക് മോളേ ഒരു പാട് ഇഷ്ടമായി. ഞങ്ങളുടെ മകൻ കണ്ണനെ കൊണ്ട് മോളേ വിവാഹം കഴിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്. കുട്ടികൾക്ക് രണ്ടാൾക്കും ഇഷ്ട്ടമാണ്. ആ ഇഷ്ട്ടം ഇനി അച്ചൂന്റെ അച്ഛനും അമ്മയുമായ നിങ്ങൾക്ക് സമ്മതമാണോന്നു അറിയാനും സമ്മതം ചോദിക്കാനുമാണ്. വിളിച്ചത്… ”
മകളുടെ വിവാഹക്കാര്യം കേട്ടതും മറുതലക്കൽ നിന്നും മറുപടിയൊന്നും കുറച്ചു സമയത്തോട്ട് കിട്ടിയില്ല. കുറച്ചു സമയത്തേക്ക് അവരുടെ ഫോണ് സംഭാഷണത്തിന്റെ ഇടയിൽ മൗനം സ്ഥാനം പിടിച്ചു. എല്ലാവരും അച്ചുവിന്റെ അച്ഛന്റെ മറുപടിക്കായി ആകാംഷയോടെ കാത്തു നിന്നു. അച്ചു സർവ്വ ദൈവങ്ങളെയും വിളിച്ചു മനസ്സിൽ പ്രാർത്ഥിച്ചു. അച്ഛന് വിവാഹത്തിന് സമ്മതമായിരിക്കണേ എന്ന്………….
#തുടരും..
#ഫൈസൽ_കണിയാരിktpm✍️
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission