Skip to content

സ്‌നേഹവീട് part 11 | Malayalam novel

മറുതലക്കൽ നിന്നും മറുപടിയൊന്നും കിട്ടാതായപ്പോൾ ശിവരാമൻ നായർ ശബ്ദം താഴ്ത്തി അച്ചുവിനോട് ചോദിച്ചു.
“മോളേ അച്ഛന്റെ പേരെന്താന്നാ പറഞ്ഞേ..?”
“ശേഖരൻ…” അതു കേട്ടതും ശിവരാമൻ നായർ ഫോണ് ചെവിയോട്  അടുപ്പിച്ചു പിടിച്ചു ചോദിച്ചു…
“അല്ലാ.. ശേഖരൻ ഒന്നും പറഞ്ഞില്ല…” അതു കേട്ടതും മറുതലക്കൽ നിന്നും പറഞ്ഞു…
“ഞങ്ങളുടെ ഫാമിലി പ്രോബ്ലംസൊക്കെ മോള് പറഞ്ഞു നിങ്ങൾക്ക് എല്ലാവർക്കും അറിയാല്ലോ. അതു കൊണ്ട് തന്നെ അതിനെ പറ്റി കൂടുതൽ ഒന്നും ഞാൻ പറയണ്ടല്ലോ… എന്റെ മോളുടെ ഇതു വരെ ഉള്ള കാര്യങ്ങൾ ഒന്നും അറിയാത്ത, അല്ലെങ്കിൽ അന്വേഷിക്കാത്ത ഒരച്ഛനാണ് ഞാൻ. അവൾക്ക് ജന്മം കൊടുത്തു എന്നല്ലാതെ, അവളുടെ ഒരു കാര്യവും ഞാൻ ഇത് വരെ അന്വേഷിച്ചിട്ടില്ല. ഒരച്ഛനെന്ന നിലയിൽ ഞാൻ തികച്ചും ഒരു പരാജിതനാണ്. ഞാനും അവളുടെ അമ്മയും എന്നും അവളെ വേദനിപ്പിച്ചിട്ടെ ഉള്ളൂ.. ഞങ്ങൾ എപ്പോഴും ഞങ്ങളുടെ വിജയവും മറ്റും മാത്രമേ ചിന്തിച്ചിട്ടൊള്ളൂ.. അതിനിടയിൽ അതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും വിഷമിക്കുന്ന ഒരു മോൾ ഞങ്ങൾക്ക് ഉണ്ട് എന്ന് ഞങ്ങൾക്ക് രണ്ടാൾക്കും മനസ്സിലാക്കിയില്ല. എന്നിട്ടും അവൾ ഞങ്ങളെ ഒരുപാട് സ്നേഹിച്ചു.. അവളുടെ അമ്മയും ഞാനും ബന്ധം പിരിയുമ്പോൾ. അതെല്ലാം കണ്ടു പകച്ചു നിൽക്കുന്ന ഞങ്ങളുടെ മകളെ പറ്റി ഞങ്ങൾ ചിന്തിച്ചില്ല. അവിടെയും ഞങ്ങൾക്ക് ഞങ്ങളുടെ വിജയം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ബന്ധം പിരിയുമ്പോൾ ഞങ്ങൾ അവൾക്ക് ഒരു അനുവാദം കൊടുത്തിരുന്നു, ഇഷ്ടമുള്ള ആളെ അവൾക്ക് ജീവിതത്തിലേക്ക് കൂട്ടാം എന്ന്. അവൾ ഇവിടന്നു അങ്ങോട്ട് പൊന്നതിനു ശേഷം ഒന്നോ രണ്ടോ വട്ടം അവളെ ഒന്നു വിളിക്കുകയല്ലാതെ, അവളെ ഒന്നു കാണണം, എന്റെ മോൾ സുഖമായി ഇരിക്കുന്നോ ,എന്നൊന്നും ഞാൻ അന്വേഷിച്ചില്ല.  ഒരു പാട് കാലത്തിന് ശേഷം ഇന്ന് മോള് എന്നെ വിളിച്ചപ്പോൾ, അവൾ എന്നെ അച്ഛാ എന്ന് വിളിച്ചപ്പോൾ, എന്റെ മനസ്സൊന്നു വിങ്ങി. അവളുടെ കുഞ്ഞിലെ ഓര്മകളെല്ലാം എന്റെ മനസ്സിലോട്ട് ഓടി വന്നു. അവൾക്ക് അന്ന് അങ്ങനെ ഒരു അനുവാദം കൊടുത്തിട്ടുണ്ടെങ്കിലും, അവൾ അതിനു അനുവാദം ചോദിക്കാനാണ് വിളിച്ചത് എന്നു താങ്കൾ പറഞ്ഞപ്പോൾ,എനിക്കെന്തോ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി… അവളുടെ അച്ഛനെന്ന നിലയിൽ അവളുടെ വിവാഹത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ എനിക്ക് ഒരു അവകാശവുമില്ലാന്നു  നന്നായി അറിയാം. അവൾക്ക് വേണമെങ്കിൽ ഈ കാര്യമൊന്നും എന്നെ അറിയിക്കേണ്ട ആവശ്യമില്ല. എന്നിട്ടും എന്റെ മോൾ അവളോട് ഞാൻ ചെയ്ത ക്രൂരതകൾ എല്ലാം മറന്നു , എന്റെ അനുവാദം ചോദിക്കാൻ എന്നെ വിളിച്ചു. സത്യത്തി ഞാൻ അവളുടെ മുന്നിൽ പറ്റെ ചെറുതാകുകയാണ് ചെയ്തത്.. നിങ്ങൾ നേരത്തെ പറഞ്ഞില്ലേ ശിവരാമൻ നായരെ… നിങ്ങൾക്ക് എന്റെ മോള് മകളെ പോലെ ആണെന്ന്. അതു നിങ്ങൾ പറയുമ്പോൾ തന്നെ എനിക്ക് മനസ്സിലായി നിങ്ങളെല്ലാവരും അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്. തിരിച്ചു അവൾ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും… സത്യത്തിൽ നിങ്ങളുടെ അത്രയും അവകാശം അവളുടെ മേൽ ഇപ്പോൾ എനിക്ക് ഇല്ലാന്ന് തന്നെ പറയാം.. സ്നേഹം കൊടുത്താലല്ലേ തിരിച്ചു കിട്ടൂ.. ഞാൻ അതു അവൾക്ക് കൊടുത്തില്ല.. എന്തു ചെയ്യാം എല്ലാം അങ്ങനെ സംഭവിച്ചു പോയി. കഴിഞ്ഞു പോയ കാര്യത്തെ പറ്റി ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ലല്ലോ. എനിക്ക് പൂർണ്ണ സമ്മതമാണ് ശിവരാമൻ നായരെ… നിങ്ങളുടെ മകനുമായുള്ള  അവളുടെ ഈ വിവാഹത്തിന്…”
അച്ചുവിന്റെ അച്ഛന് സമ്മതമാണ് എന്നു കേട്ടതും ശിവരാമൻ നായരുടെ മനസ്സ് നിറഞ്ഞു. ശിവരാമൻ നായരുടെ മുഖം വിടരുന്നത് കണ്ടതും എല്ലാവരും ആ മുഖത്തോട്ട് ആകാംഷയോടെ നോക്കി. അച്ചുവിന്റെ അച്ഛന് വിവാഹത്തിന് സമ്മതമാണെന്നു ശിവരാമൻ നായർ  അറിയിച്ചതും എല്ലാവർക്കും സന്തോഷമായി. അച്ചു സന്തോഷം കൊണ്ട് അപ്പുവിനെ കെട്ടി പിടിച്ചു… മറുതലക്കൽ വീണ്ടും ഫോണ് സംഭാഷണം തുടർന്നു…
“എനിക്ക് നിങ്ങളെ ആരെയും അറിയില്ല. നിങ്ങളുടെ ഫാമിലി ബാക്ക്ഗ്രൗണ്ടും അറിയില്ല. ചോദിക്കാൻ അവകാശമില്ലാന്നറിയാം എന്നാലും മകളെ കൈ പിടിച്ചു കൊടുക്കുന്ന കുടുംബത്തെ പറ്റി അറിയാൻ ഒരു ആശ. മോനെന്തു ചെയ്യുന്നു…?”
“അവൻ IAS കഴിഞ്ഞു നിൽക്കുന്നു. അടുത്തു തന്നെ കേരളത്തിലെ ഏതെങ്കിലും ഒരു ജില്ലയിൽ സബ് കളക്ടർ ആയി ജോയിൻ ചെയ്യും. നിങ്ങൾ പേടിക്കണ്ടാ. നിങ്ങൾ നിങ്ങളുടെ മകളെ ഏറ്റവും സുരക്ഷിതമായ കൈ കൈകളിൽ തന്നെയാണ് ഏൽപ്പിക്കുന്നത്.. പിന്നെ ഞങ്ങൾ ചിറക്കൽ തറവാട്ടുകാർ കുടുംബ മഹിമയിലും ഒട്ടും പിന്നിലല്ല. എന്തു കൊണ്ടും നിങ്ങൾക്ക് യോജിച്ച ബന്ധം തന്നെയാണ് ഞങ്ങൾ. നിങ്ങൾക്ക് വേണമെങ്കിൽ അന്വേഷിക്കാം…” അതു കേട്ടതും അദ്ദേഹത്തിന്റെ മനസ്സു നിറഞ്ഞു.
“ഏയ് അതിന്റെ ഒന്നും ആവശ്യമില്ല. ഞാൻ അറിയാനുള്ള ഒരു ആഗ്രഹം കൊണ്ട് ചോദിച്ചൂന്നെ ഉള്ളൂ…”
“എന്നാ എനിക്ക് കാര്യങ്ങൾ മുന്നോട്ട് നീക്കാല്ലോ അല്ലേ…?”
“നീക്കാം എനിക്ക് പൂർണ്ണ സമ്മതം.. പിന്നെ മോളുടെ അമ്മയെ വിവരം അറിയിച്ചോ….?”
“ഇല്ല, ആദ്യം നിങ്ങളെ അറിയിച്ചതിനു ശേഷം അറിയിക്കാം എന്നു കരുതി… പറ്റുമെങ്കിൽ നിങ്ങൾ തന്നെ അറിയിക്കുക. സമ്മതം വാങ്ങുക. എന്നിട്ട് കഴിഞ്ഞു പോയതെല്ലാം മറന്നു , വാശിയും വൈരാഗ്യവും എല്ലാം മാറ്റി വെച്ചു സന്തോഷത്തോടെ വന്നു. രണ്ടാളും അവളെ അനുഗ്രഹിച്ചു ഞങ്ങളുടെ കയ്യിൽ ഏൽപ്പിക്കുക. നിങ്ങൾ എല്ലാം മറന്നു അവളുടെ കൂടെ നിൽക്കേണ്ട സമയമാണ് ഇത്… വിവാഹത്തിന്റെ ഒരുക്കങ്ങളെ പറ്റിയൊന്നും നിങ്ങൾ വേവലാതി പെടേണ്ട. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം “.
“അറിയാം.. ഞാൻ വിളിച്ചോളാം.. എന്നിട്ട് ഞാൻ നിങ്ങളെ വിളിക്കാം… മോളോട് അവളുടെ അമ്മയുടെ നമ്പർ ഒന്നു തരാൻ പറയൂ.. എന്റെ അടുത്ത് അവളുടെ അമ്മയുടെ നമ്പറില്ല….” ശിവരാമൻ നായർ ഫോണ് അച്ചുവിന്റെ കയ്യിൽ കൊടുത്തു, അമ്മയുടെ നമ്പർ പറഞ്ഞു കൊടുക്കാൻ പറഞ്ഞു. അവൾ നമ്പർ പറഞ്ഞു കൊടുത്തതും ശിവരാമൻ നായർ ഫോണ് തിരിച്ചു മേടിച്ചു ശേഖരനോട് പറഞ്ഞു…
“ശരി. ഇപ്പൊ തന്നെ വിളിക്കണം. എന്നിട്ട് ഇപ്പൊ തന്നെ ഒരു മറുപടിയും തരണം…” ശരി എന്നും പറഞ്ഞു മറുതലക്കൽ ഫോണ് കട്ട് ചെയ്തതും  ശിവരാമൻ നായർ ഈശ്വരനോട് നന്ദി പറഞ്ഞു.പിന്നെ  അച്ചുവിനെ അടുത്തേക്ക് വിളിച്ചു ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..
“മോൾക്ക്‌ സന്തോഷായില്ലേ. നിന്റെ അച്ഛന് പൂർണ്ണ സമ്മതമാണ് ഈ വിവാഹത്തിന്. അച്ഛന് മോളോട് സ്നേഹമൊക്കെയുണ്ട്. അദ്ദേഹം ചെയ്ത തെറ്റുകൾ അദ്ദേഹത്തിന് മനസ്സിലായി. ഇത്രയും കാലം നിന്നോട് ചെയ്ത ക്രൂരത ആലോചിച്ചു അദ്ദേഹം പശ്ചാത്തപിക്കുന്നുണ്ട്.  അത് ആ സംസാരത്തിൽ നിന്നു തന്നെ  മനസ്സിലാക്കാം.അദ്ദേഹം  എന്നോട് ഒരു ഏറ്റു പറച്ചിൽ തന്നെ നടത്തി “. അതു കേട്ടതും അച്ചുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വീണ്ടും നിറഞ്ഞു… അപ്പോഴാണ് അച്ചുവിന്റെ അച്ഛന്റെ ഫോണ് വീണ്ടും വന്നത്…
“ശിവരാമൻ നായർ. ഞങ്ങൾക്ക് പൂർണ്ണ സമ്മതം. നിങ്ങൾ തന്നെ നല്ല ഒരു ദിവസം കണ്ട് മുഹൂർത്തം കുറിച്ചോളൂ.. എന്നിട്ട് ആ വിവരം ഞങ്ങളെ ഒന്നു അറിയിച്ചാൽ മതി. വിവാഹത്തിന്റെ ദിവസം അടുപ്പിച്ചു ഞങ്ങൾ തന്നെ വന്നു ഞങ്ങളുടെ മകളെ നിങ്ങളുടെ മകന്റെ കൈകളിൽ ഏല്പിക്കാം. പിന്നെ ഞങ്ങൾക്ക് നാട്ടിൽ വീടൊന്നും ഇല്ല. ഉള്ള ബന്ധുക്കാർ ആരും ഞങ്ങളുമായി ഇപ്പൊ ബന്ധവും ഇല്ല. അതു കൊണ്ട്… “
“അതൊക്കെ എനിക്കറിയാം ശേഖരാ. നിങ്ങൾ വിവാഹം അടുപ്പിച്ചു നേരത്തെ ഇങ്ങു എത്തിയാൽ മതി. നിങ്ങൾക്ക് വീടില്ലാത്ത വിഷമം ഒന്നും വേണ്ട. ഈ വീട് നിങ്ങളുടെയും കൂടി വീടാണ്. വിവാഹം നമുക്ക് ഇവിടെ വെച്ചു തന്നെ നടത്താം. നാട്ടാചാരം ഒന്നും നോക്കണ്ട. കഴിയുന്നതും കുറച്ചു നേരത്തെ തന്നെ വരണം. രണ്ടാളും.. അതും ഒരുമിച്ചു..”
“ഒരുമിച്ചു  ഒരു വരവുണ്ടാവില്ല. എന്തായാലും വിവാഹത്തിന് ഞങ്ങളുടെ മകളുടെ ഇടവും വലവും ഞങ്ങൾ ഉണ്ടാവും…..”
“ശരി നിങ്ങളുടെ ഇഷ്ട്ടം. അപ്പൊ ഞാൻ ഏറ്റവും അടുത്ത ഒരു ദിവസം കണ്ടു മുഹൂർത്തം കുറിച്ചതിനു ശേഷം നിങ്ങളെ അറിയിക്കാം..”
“ശരി… എന്നാ അങ്ങനെ ആവട്ടെ. പിന്നെ എനിക്ക് നിങ്ങളുടെ മകന്റെ ഫോട്ടോ ഒന്നു കാണണമെന്ന് ഒരു ആഗ്രഹം. പറ്റുമെങ്കിൽ എന്റെ മോളുടെയും നിങ്ങളുടെ മകന്റെയും ഒരുമിച്ചുള്ള ഒരു ഫോട്ടോ എനിക്കൊന്ന്  അയക്കാൻ പറയണം മോളോട്..”
“അതിനെന്താ ഇപ്പൊ അയക്കാം… എന്നാ എല്ലാം പറഞ്ഞ പോലെ…” അതും പറഞ്ഞു ഫോണ് സംഭാഷണം അവസാനിച്ചപ്പോഴാണ് ,അച്ചുവിന്റെ ഫോണ് അകത്തു നിന്നു ബെല്ല് അടിക്കുന്നത് കേട്ടത്… അച്ചു ചെന്നു ഫോണ് എടുത്തു നോക്കിയപ്പോൾ അവളുടെ അമ്മയായിരുന്നു. അവൾ ആവേശത്തോടെ ഫോണ് ഓണ് ചെയ്തു വികാരഭരിതയായി അമ്മയോട് സംസാരിച്ചു.
“അമ്മാ… അമ്മക്ക് സുഖാണോ…?”
“സുഖം.. മോൾക്ക്‌ സുഖല്ലേ.. നിന്റെ അച്ഛൻ എന്നെ വിളിച്ചിരുന്നു. അദ്ദേഹം എല്ലാം പറഞ്ഞു. അമ്മക്ക് സന്തോഷായി..” അതു പറയുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു… “ഞങ്ങൾ രണ്ടാളും നിന്നോട് ചെയ്ത ക്രൂരതക്ക് ദൈവം ഇപ്പോൾ ഞങ്ങളെ ശിക്ഷിച്ചു കൊണ്ടിരിക്കാണ്. സ്വന്തം മകളുടെ വിവാഹം ഒരു വിരുന്നുകാരെ പോലെ നോക്കി കാണുക. അതാണ് ദൈവം ഞങ്ങൾക്ക് തന്ന ഇപ്പോഴത്തെ ശിക്ഷ.. ഞാൻ വരാം മോളേ നേരത്തെ തന്നെ വരാം…” അമ്മയുടെ ആ ഏറ്റുപറച്ചിൽ അച്ചുവിന്റെ അതു വരെ അവരുടെ  നേരെയുള്ള മനോഭാവം മാറ്റി… അവളുടെ മനസ്സ് നിറഞ്ഞു.. അവൾ ഇടറുന്ന സ്വരത്തോടെ ചോദിച്ചു…
“അമ്മക്ക് എന്നോട് ദേഷ്യം ഉണ്ടോ ?”
“എന്തിന്. അതിന് മോള് തെറ്റൊന്നും ചെയ്തില്ലല്ലോ. നിന്നോട് ഞങ്ങൾ അല്ലേ. തെറ്റ് ചെയ്തത്. അമ്മക്ക് സന്തോഷമേ ഉള്ളൂ. എന്റെ മോള് സന്തോഷമായി ജീവിച്ചാൽ മാത്രം മതി അമ്മക്ക്. എന്റെ മോളുടെ ജീവിതം അമ്മയുടെ ജീവിതം പോലെ ആകരുതെ എന്ന ഒറ്റ പ്രാർത്ഥനയെ ഉള്ളൂ…”
“ഇല്ലാമ്മാ.. ആ വിശ്വാസം എനിക്കുണ്ട്. ഇവിടുത്തെ അമ്മക്കും അച്ഛനും ഞാൻ മോളെപോലെയാണ്… എനിക്ക് ഇപ്പൊ ഒറ്റ ആഗ്രഹമേ ഉള്ളൂ. എന്റെ വിവാഹത്തിന് എന്റെ അമ്മയും അച്ഛനും എന്റെ കൂടെ വേണം…”
“തീർച്ചയായും ഉണ്ടാകും “. അതു പറയുമ്പോൾ ആ സ്വരം ഇടറിയിരുന്നു…
“അമ്മാ ഞാൻ ഫോണ് ഇവിടത്തെ അച്ഛന് കൊടുക്കാം…?”
“ശരി…” അച്ചു ഫോണ് ശിവരാമൻ നായർക്ക് കൊണ്ടു പോയി കൊടുത്തു. അമ്മയാണെന്നു പറഞ്ഞു. ശിവരാമൻ നായർ എല്ലാം സംസാരിച്ചു. തിയ്യതിയും സമയവും നിശ്ചയിച്ചു വിളിക്കാം എന്നു പറഞ്ഞു ഫോണ് വെച്ചു…..
എല്ലാം ശുഭമായായി കലാശിച്ചതും. എല്ലാവരും ദൈവത്തോട് നന്ദി പറഞ്ഞു. എല്ലാവരുടെയും സന്തോഷത്തിന് അതിരില്ലാതെയായി….
“ലക്ഷ്മീ മാലതി. നമുക്ക് നാളെത്തന്നെ സുമാനന്ത പണിക്കരെ വിളിച്ചു സമയവും മുഹൂർത്തവും അങ്ങു കുറിച്ചാലോ  ?ഇനി എന്തിനാ താമസിക്കുന്നെ mനാളെ ഞായറാഴ്ച മംഗള കർമങ്ങൾക്ക് തീരുമാനം എടുക്കാൻ പറ്റിയ നല്ല ദിവസവും കൂടിയാണല്ലോ..?”
“അതേ അതു തന്നെയാ നല്ലത്. നാളെ തന്നെ ആ ചടങ്ങ് അങ്ങു കഴിക്കാം…” അപ്പോഴാണ് മാലതി പറഞ്ഞത്…
“ഏട്ടാ ദിവാകരേട്ടനോട് ഒന്നു വിളിച്ചു പറയണ്ടേ…?”
“വിളിക്കാം… കണ്ണാ ദിവാകനെ ഒന്നു വിളിച്ചേ… “കണ്ണൻ ദിവാകരമ്മാവന്റെ നമ്പർ ഡയൽ ചെയ്തു അച്ഛന്റെ കയ്യിൽ ഫോണ് കൊടുത്തു. മറു തലക്കൽ ഫോണ് എടുത്തതും ശിവരാമൻ നായർ കാര്യങ്ങളെല്ലാം ദിവാകരനെ ധരിപ്പിച്ചു ഫോണ് വെച്ചു….
“കണ്ണാ നീ ഇപ്പൊ തന്നെ ചെന്നു സുമാനന്ദൻ പണിക്കരെ കണ്ട് കാര്യങ്ങളെല്ലാം ധരിപ്പിച്ചു, നാളെ രാവിലെ കവടിയും പലകയും എടുത്തു ഇത്രേടം വരെ ഒന്നു വരാൻ പറ…”
“ഫോണ് വിളിച്ചു പറഞ്ഞാൽ പോരെ? അദ്ദേഹത്തിന്റെ നമ്പർ ഇവിടെ ഉണ്ടല്ലോ…?”
“ഏയ്.. ഫോണ് വിളിച്ചാൽ ശരിയാവില്ല. മംഗളകർമങ്ങൾക്ക് ഓരോ ചിട്ടയും വട്ടവും ഉണ്ട്. പോയി തന്നെ പറയണം…”
“എന്നാ ഞാൻ കുറച്ചു കഴിഞ്ഞു പോയി പറഞ്ഞോളാം. ഇപ്പൊ അദ്ദേഹം തിരക്കിലാകും..”
“മതി എപ്പോ പോയാലും വേണ്ടില്ല്യാ, ഇന്ന് തന്നെ പോയി പറയണം എന്ന് മാത്രം.. പിന്നേ നിങ്ങളുടെ രണ്ടാളുടെയും ഒരുമിച്ചു നിന്നുള്ള ഒരു ഫോട്ടോ അച്ചുവിന്റെ അച്ഛനും അമ്മയ്ക്കും വേണമെന്ന് പറഞ്ഞിരുന്നു. അതൊന്നു ഇപ്പൊ തന്നെ അയച്ചു കൊടുത്തേക്കു. എന്തോ മൊബൈലിൽ ഒരു ഇത് ഉണ്ടല്ലോ, ഫോട്ടോ ഒക്കെ അയച്ചാൽ പെട്ടന്ന് കിട്ടുന്ന, വാസാപ്പോ കീസാപ്പോ. അങ്ങനെ എന്തോ. അതിൽ അയച്ചു കൊടുത്താൽ മതി…” അതു കേട്ടപ്പോൾ അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു…
“അയ്യോ അച്ഛാ… വാസാപ്പല്ല. വാഡ്സാപ്..” അതു കേട്ടതും  ശിവരാമൻ നായരടക്കം എല്ലാവരും ചിരിച്ചു. പിന്നെ ശിവരാമൻ നായർ അപ്പുവിനോട് പറഞ്ഞു…
“ആ അതു തന്നെ. അതിൽ വിട്ടാൽ മതി. അച്ഛൻ പഴേ ആളല്ലേ മോളേ. നിങ്ങളുടെ ഇപ്പോഴത്തെ ഫോട്ടോ പിടുത്തം ഒന്നും അച്ഛന് അറിയില്ലല്ലോ. അച്ഛന്റെ കുട്ടിക്കാലത്ത് ഇതൊന്നും ഇല്ലല്ലോ. മോളേ അപ്പൂ എന്നാ നീ തന്നെ നിന്റെ ചേട്ടനെയും അച്ചുവിനെയും ചേർത്തു നിർത്തി ഒരു ഫോട്ടോ എടുത്തേക്ക് “.
“ആ ഞാനെടുക്കാം..” അപ്പു ആവേശത്തോടെ പറഞ്ഞു. എന്നിട്ട് കണ്ണന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ക്യാമറ ഓണ് ചെയ്തു. കണ്ണനോട് പറഞ്ഞു…
“ഏട്ടാ, അച്ചുവിന്റെ അടുത്തോട്ട് ചേർന്നു നിന്നേ ഫോട്ടോ എടുക്കട്ടേ”. അതു കേട്ടതും കണ്ണനും അച്ചുവും ഒരു ചമ്മലോടെ എല്ലാവരെയും നോക്കി… അതു കണ്ട അപ്പു അവരെ കളിയാക്കി കൊണ്ട് പറഞ്ഞു…
“ഹോ.. രണ്ടിന്റെയും നാണം കണ്ടില്ലേ. അതേ നിങ്ങളോട് രണ്ടാളോടും താലികെട്ടിനു ചേർന്ന് നിൽക്കാനല്ലല്ലോ പറഞ്ഞത് ഇത്ര നാണിക്കാൻ.. ഹും.. ..” അതും പറഞ്ഞു അപ്പു കണ്ണനെ പിടിച്ചു അച്ചുവിനോട് ചേർത്തു നിർത്തി ഫോട്ടോയെടുത്തു. അച്ചു അപ്പൊ തന്നെ അത് അവളുടെ അച്ഛനും അമ്മക്കും അയച്ചു കൊടുത്തു.. അപ്പോഴാണ് തൊടിയിൽ പണിക്ക് നിൽക്കുന്ന രാമൻ അങ്ങോട്ട് ഒരു ചക്കയും ചുമന്നു കൊണ്ട് വന്നത്. രാമൻ ചക്ക ഉമ്മറത്ത് വെച്ചതും ശിവരാമൻ നായർ ചോദിച്ചു…
“രാമാ.. ഇത് എവിടന്നാ വടക്കേ പറമ്പിലെ വേലിക്കരികിലത്തെ പ്ലാവിലെയാണോ… ?”
“അല്ല ശിവേട്ടാ… ഇത് എന്റെ വീട്ടിലെ അടുക്കള പ്ലാവിൽ ഉണ്ടായതാണ്. കന്നി ചക്കയാണ്. തേൻ വരിക്കയാ…” ശിവരാമൻ നായർ ചക്കയിൽ പിടിച്ചു ഞെക്കി കൊണ്ട് പറഞ്ഞു…
“പഴുത്തതാണല്ലോ. നല്ല മണം.. “
“അതേ.. പ്ലാവിൽ ഇരുന്നു മൂപ്പെത്തി പഴുത്തതാണ്. നല്ല മധുരം കാണും…”
“അതേ… പ്ലാവിൽ ഇരുന്നു പഴുത്തതാണെങ്കിൽ നല്ല മധുരം കാണും. അനികുട്ടാ ഇത് അകത്തോട്ട് എടുത്തോളൂ..”അതു കേട്ടതും അനിൽ ചക്ക എടുത്തു അടുക്കള കോലായിലോട്ടു നടന്നു. കൂടെ അച്ചുവും അപ്പുവും കാർത്തികയും കണ്ണനും തേൻവരിക്ക ചക്കയുടെ മണവും പിടിച്ചു വെള്ളമിറക്കി പുറകേയും …
“രാമാ.. വടക്കേ പറമ്പിലെ പ്ലാവിലെ മുകളിലത്തെ കൊമ്പിൽ നിൽക്കുന്ന നാല് ചക്കയുണ്ട്. നല്ല മൂപ്പായതാണ്. നാളെ അതൊന്നു പറിക്കണം. അല്ലെങ്കിൽ കിളി കൊത്തി കേടാകും. പിന്നെ അത് നിലത്ത് വീണു ആകെ വൃത്തികേടാകുകയും ചെയ്യും.. എന്തിനാ വെറുതെ നാശാക്കുന്നത്. ഇന്ന് വിശ്വസിച്ചു തിന്നാവുന്ന ഏക പഴവർഗ്ഗമാണ് ചക്ക. ഒരു വളവും ഒന്നും ഇടാതെ ശുദ്ധമായി ഉണ്ടാകുന്ന സാധനം… “
“ആയിക്കോട്ടെ.. നാളെ പണി കഴിയുമ്പോൾ പറിച്ചോണ്ട് വരാം…”
“മുഴുവനും ഇങ്ങോട്ട് കൊണ്ട് വരണ്ട. ഇവിടേക്ക് ഒന്നു മാത്രം മതി. ബാക്കി നിങ്ങൾ എല്ലാവരും എടുത്തോളൂ..”
“ശരി ശിവേട്ടാ.. എന്നാ ഞാനങ്ങു ചെല്ലട്ടെ.. ചെന്നിട്ട് വേണം പശൂനെ കുളിപ്പിക്കാൻ..” രാമൻ പോയതും ശിവരാമൻ നായർ ലക്ഷ്മിയമ്മയോട് പറഞ്ഞു…
“ലക്ഷ്മീ ,ചക്ക വെട്ടി ഒരു നാലു ചുള ഇങ്ങോട്ട് പറിച്ചു കൊണ്ടു താ… തേൻ വരിക്ക തിന്നിട്ട് കുറച്ചു നാളായി…”
“ഇപ്പൊ കൊണ്ടു വരാം..” ലക്ഷ്മിയും മാലതിയും അടുക്കള കോലായിൽ എത്തിയപ്പോൾ എല്ലാവരും ചക്കക്ക് ചുറ്റും വട്ടം കൂടി നിൽക്കായിരുന്നു.
“ഇത് വരെ മുറിച്ചില്ലേ. അനികുട്ടാ നോക്കി നിൽക്കാതെ മുറിക്കെടാ..” അതു കേട്ടതും അനിൽ കാർത്തികയോട് പറഞ്ഞു…
“കാർത്തൂ. മടവാൾ എടുത്തോണ്ട് വന്നേ…” കാർത്തിക അകത്തു നിന്നും മടവാൾ എടുത്തു കൊണ്ട് വന്നു അനിലിന്റെ കയ്യിൽ കൊടുത്തു…
അനിൽ ചക്ക ഒരു ചാക്ക് നിലത്ത് വിരിച്ചു  അതിന്റെ മുകളിൽ വെച്ചു. മടവാൾ കൊണ്ട് ചക്കയുടെ മധ്യം  നോക്കി വെട്ടി മുറിച്ചതും തേൻ വരിക്കയുടെ തേനൂറും മണം എല്ലാവരുടെയും മൂക്കിലേക്കു അടിച്ചു. കയറി. രണ്ടായി പിളർന്ന ചക്കയുടെ ഉള്ളിൽ നിന്നും മുളഞ്ഞിൻ   ചാക്കിലേക്ക് വീഴുന്നുണ്ടായിരുന്നു. അതു കണ്ട മാലതി ചകരി തുമ്പ് കൊണ്ട് മുളഞ്ഞിൻ  വട്ടം ചുറ്റിയെടുത്തു.. എന്നിട്ട് കാർത്തികയോട് പറഞ്ഞു..
“കാർത്തൂ അകത്ത് നിന്നും ഒരു പാത്രം ഇങ്ങെടുത്തേ.. ആദ്യം നാല് ചുള പറിച്ചു ഏട്ടന് കൊടുക്കട്ടെ…” കാർത്തിക അകത്തു നിന്നും പാത്രം കൊണ്ടു വന്നതും മാലതി കുറച്ചു ചുള പറിച്ചു അതിൽ ഇട്ടു അച്ചുവിന്റെ കയ്യിൽ കൊടുത്തു.
“മോളേ. ഇത് അച്ഛന് കൊണ്ട് പോയി കൊടുക്കൂ..” അച്ചു അതു അച്ഛന് കൊണ്ട് പോയി കൊടുത്തു… തിരിച്ചു വന്നു.. മാലതി ചക്ക മുറിച്ചു ഓരോരോ പീസാക്കി. ഓരോരുത്തരുടെ കയ്യിൽ കൊടുത്തു സ്വയം ചുള പറിച്ചു തിന്നാൻ പറഞ്ഞു.. എല്ലാവരും  തേനൂറും മധുരമുള്ള തേൻ വരിക്ക ചക്ക അടുക്കള കോലായിൽ വട്ടമിട്ട് ഇരുന്നു ആസ്വദിച്ചു തിന്നുന്നതിൽ ഇടയിൽ ബാക്കിയുള്ള ചക്കയിൽ നോക്കി കൊണ്ട് അപ്പു ആവേശത്തോടെ പറഞ്ഞു…
“ബാക്കിയുള്ള ചക്ക കൊണ്ട് നമുക്ക് നല്ല ചക്ക ഹൽവ ഉണ്ടാക്കിയാലോ അമ്മാ…… ?”അതു കേട്ടതും അനിൽ ചക്ക വായയിൽ ഇട്ട് ചവച്ചു കൊണ്ട് അപ്പുവിനെ കുറുമ്പ് പിടിപ്പിക്കാൻ കളിയാക്കി കൊണ്ട് പറഞ്ഞു…
“അയ്യോ വേണ്ടായേ… നീ കഴിഞ്ഞ പ്രാവശ്യം  ഞാൻ ഇവിടെ വന്നപ്പോൾ ഉണ്ടാക്കിയ പോലത്തെ ചക്ക ഹലുവയല്ലേ. അത് വേണ്ട.. അന്ന് ആ ഹലുവ കഴിച്ചിട്ട് രണ്ട് ദിവസം ഞാൻ ബാത്റൂമിൽ തന്നെയായിരുന്നു കിടപ്പ്…” അതു കേട്ടതും എല്ലാവരും ചിരിച്ചു കൊണ്ട് അപ്പുവിനെ നോക്കി. എല്ലാവരുടെയും ചിരി കണ്ട അവൾ, മുഖം വീർപ്പിച്ചു കൊണ്ട് ദേഷ്യത്തോടെ അനിലിനോട് പറഞ്ഞു..
“അന്ന് ഇവരെല്ലാവരും തിന്നതാണല്ലോ. അവരുടെ ആരുടെയും വയറിന് കുഴപ്പം ഒന്നും പറ്റിയില്ലല്ലോ. പിന്നെ എങ്ങനെ അനിലേട്ടന്റെ വയറു മാത്രം ചീത്തയായെ..?”
“പറ്റിയിരുന്നു. നിന്നോട് പറയാതിരുന്നതാ.. അവളുടെ ഒരു ചക്ക ഹലുവ. എവിടെങ്കിലും ഒരു ചക്ക കണ്ടാൽ മതി അപ്പൊ പെണ്ണിന് ഹലുവ ഉണ്ടാക്കണം. ഈ ചക്കയിൽ എങ്ങാനും നീ ഹലുവ ഉണ്ടാക്കണം എന്നു പറഞ്ഞു തൊട്ടാലുണ്ടല്ലോ. നിന്റെ വിരല് ഞാൻ വെട്ടും. അവൾ വീണ്ടും വന്നിരിക്കാ ഹലുവയും കൊണ്ട് മനുഷ്യനെ ബാത്റൂമിൽ കിടത്താൻ…” അതു കേട്ടതും അപ്പുവിന്റെ മുഖം ഒന്നും കൂടി വീർത്തു. അവൾ അനിലിനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു…
“ഞാനുണ്ടാക്കും. എന്നിട്ട് എല്ലാവരെയും കൊണ്ട് തീറ്റിക്കുകയും ചെയ്യും. അനിലേട്ടന് മാത്രം തരില്ല. എല്ലാവരും തിന്നുമ്പോൾ വെള്ളമിറക്കി കൊതി പിടിപ്പിപ്പിക്കാൻ അങ്ങോട്ട് വന്നാലുണ്ടല്ലോ…”
“എന്റെ പൊന്നേ ഞാനില്ലേ. എനിക്ക് നിന്റെ ഹലുവയും വേണ്ട. ഒന്നും വേണ്ട. അതു തന്നിട്ട് എനിക്ക് ഇനിയും ബാത്‌റൂമിൽ സ്ഥിര താമസം ആക്കാൻ വയ്യ. അച്ചൂ ഇവൾ അലുവാന്ന് പറഞ്ഞു ഓരോന്ന് ഉണ്ടാക്കി തരും. അതൊന്നും തിന്നേക്കല്ലേ.. അവസാനം നിനക്ക് വിവാഹത്തിന് മണ്ഡപത്തിൽ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയാകും…”അതും കൂടി കേട്ടതോടെ എല്ലാവരുടേയും ചിരിക്ക് ശക്തി കൂടി.. അപ്പു ചിണുങ്ങി കൊണ്ട് ചക്കയുടെ ഒരു ചുള കൊണ്ട് അനിലിനെ എറിഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി… വൈകിട്ട് കണ്ണൻ സുമാനന്ത പണിക്കരെ പോയി കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. പണിക്കർ രാവിലെ നാളെ രാവിലെ വീട്ടിലോട്ട് വരാന്നും പറഞ്ഞു..
പിറ്റേ ദിവസം രാവിലെ കവടിയും പലകയും കയ്യിൽ പിടിച്ചു, കാലൻ കുടയും ചൂടി, പടിപ്പുര കടന്നു വരുന്ന സുമാനന്ത പണിക്കരെ ഉമ്മറത്തിരിക്കുന്ന  ശിരാമൻ നായർ കണ്ടതും ,വീടിന്റെ അകത്തേക്ക് നോക്കി ലക്ഷ്മിയമ്മയോട് വിളിച്ചു പറഞ്ഞു…
“ലക്ഷ്മീ.. പണിക്കര് വരുന്നുണ്ട്. ഒരു പായയും പണിക്കർക്ക് കുടിക്കാൻ കുറച്ചു സംഭാരവും ഇങ്ങ്  എടുത്തൊളു….” പണിക്കർ കവടിയും  പലകയും മറ്റും തിണ്ണയിൽ വെച്ചു കുട ചുരുക്കി കൊണ്ട് പറഞ്ഞു..
“നമസ്ക്കാരം ശിവരാമൻനായരെ നമസ്ക്കാരം…”
“നമസ്ക്കാരം. വരൂ… കയറിയിരിക്കൂ “. ശിവരാമൻ നായർ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. പണിക്കർ കാലൻ കുട വട്ടത്തിൽ തൂക്കി കൊണ്ട് ചെരുപ്പഴിച്ചു. തിണ്ണയിൽ വെച്ച കിണ്ടിയിൽ വെള്ളം ഊറ്റി  കാൽ കഴുകി കൊണ്ട് ശിവരാമൻ നായരോട് സ്നേഹപൂർവ്വം ചിരിച്ചു കൊണ്ട് പറഞ്ഞു…
“എന്താ ഉഷ്ണം ??? ഇന്ന് രാവിലെ തന്നെ വെയിലിന് കുറച്ചു ചൂട് കൂടുതലാണ്.. ബസ്സിറങ്ങി ഇവിടം വരെ നടന്നപ്പോഴേക്കും ആകെ ക്ഷീണിച്ചു..” പണിക്കർ തോളിലെ തൂവാല കൊണ്ട് മുഖവും കയ്യും തുടച്ചു തിണ്ണയിൽ ഇരുന്നു കൊണ്ട് പറഞ്ഞു..
“ഞാൻ ഇത്ര നേരത്തെ വരുമെന്ന് പ്രതീക്ഷിച്ചില്ല്യ. ഇറങ്ങുന്നതിനു മുമ്പ് ഒന്നു വിളിക്യായിരുന്നെങ്കിൽ ഞാൻ കണ്ണനെ വണ്ടിയും കൊണ്ട് പറഞ്ഞു വിടില്ലായിരുന്നോ… ?”
“ഏയ് അതിന്റെ ഒന്നും ആവശ്യമില്ല. പിന്നെ നേരത്തെ വന്നത്. മംഗളകാര്യങ്ങൾക്കൊക്കെ തിയ്യതിയും സമയവും നോക്കാൻ ഉചിത സമയം രാവിലയാ നല്ലത്. അതാ നേരത്തെ ഇങ്ങു പോന്നത്…” അപ്പോഴേക്കും അകത്തു നിന്നു ലക്ഷ്മിയമ്മയും മാലതിയും പണിക്കർക്ക് കുടിക്കാൻ സംഭാരവും കൊണ്ട് അങ്ങോട്ട് വന്നു. ലക്ഷ്മിയമ്മ സംഭാരം പണിക്കരുടെ കയ്യിൽ കൊടുത്തു കൊണ്ട് പുഞ്ചിരിച്ചു. മാലതിയെ കണ്ട സുമാനന്ത പണിക്കർ ചോദിച്ചു…
“ആ മാലതിയും ഉണ്ടായിരുന്നോ ഇവിടെ ? തറവാട്ടമ്പത്തിലെ ഉത്സവത്തിന് വന്നതായിരിക്കും അല്ലെ..?” അതു കേട്ട മാലതി പുഞ്ചിരിച്ചു കൊണ്ട്, അതേ.. അതേ… എന്ന് പറഞ്ഞു…. കുറച്ചു നേരം അവർ നാട്ടുവർത്തമാനം എല്ലാം പറഞ്ഞതിന് ശേഷം പണിക്കർ പറഞ്ഞു…
“എന്നാ എല്ലാവരെയും ഇങ്ങു വിളിച്ചോളൂ.. തിയ്യതിയും മുഹൂർത്തവും നോക്കുന്ന ആ ചടങ്ങ് അങ്ങ്  തുടങ്ങാം… നിലത്ത് ഒരു പായ അങ്ങു വിരിച്ചോളൂ..” അതു കേട്ടതും മാലതി അകത്തു പോയി ഒരു പുൽപായ എടുത്തു എല്ലാവരെയും വിളിച്ചു കൊണ്ട് വന്നു പായ ഉമ്മറത്ത് വിരിച്ചു… പണിക്കർ പായയിൽ ചമ്രം പതിഞ്ഞിരുന്നു, സഞ്ചിയിൽ നിന്നും കവടിയും പലകയും  എടുത്തു മുന്നിൽ വെച്ചു, കിഴിയിൽ കെട്ടിയ കവടി  അതിൽ ചൊരിഞ്ഞു. ശിവരാമൻ നായരോട് പറഞ്ഞു…
“എന്നാ കുട്ടികളുടെ രണ്ടാളുടെയും ജാതകം ഇങ്ങു എടുത്തോളൂ… ” അതു കേട്ട ശിവരാമൻ നായർ പറഞ്ഞു…
“കണ്ണന് മാത്രമേ ജാതകം ഉള്ളൂ… പെണ്കുട്ടിക്ക് ഇല്ല്യ…” കണ്ണന്റെ ജാതകം പണിക്കരുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു…
“അതു സാരല്ല്യാ. പെണ്കുട്ടിയുടെ നാളും  പേരും മതി ജനിച്ച തിയ്യതിയും മതി.. നാള് വെച്ചു ഗണിക്കാം.. പൊരുത്തത്തിൽ ഏറ്റവും വലിയ പൊരുത്തം മനപ്പൊരുത്തമാണ്. അതില്ലെങ്കിൽ പത്തിൽ പത്തു പൊരുത്തം ഉണ്ടായിട്ടും കാര്യല്ല്യ.. ഇതാണോ കുട്ടി..?” പണിക്കർ അച്ചുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ശിവരാമൻ നായരോട് ചോദിച്ചു…
“അതേ.. ഇവൾ തന്നെയാ കുട്ടി “. ശിവരാമൻ നായർ അച്ചുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. പണിക്കർ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു അവൾ തിരിച്ചും..
പണിക്കർ കണ്ണന്റെ ജാതകം നോക്കി. ശിവരാമൻ നായരോട് ചോദിച്ചു..
“പെണ്കുട്ടിയുടെ നാളും തിയ്യതിയും പേരും പറഞ്ഞോളൂ…”
“നാള്.. തിരുവാതിര.. പേര്.. അശ്വതി…” അത് കേട്ടതും പണിക്കർ പുഞ്ചിച്ചു കൊണ്ട് പറഞ്ഞു..
“ഇത് നോക്കാനൊന്നും ഇല്ല്യ.. അവിട്ടവും തിരുവാതിരയും  ചേരുന്ന നാളുകളാണ്.. എന്നാലും ഒന്നു നോക്കാം…” അതു കേട്ടതും എല്ലാവർക്കും സന്തോഷായി. ഏറ്റവും കൂടുതൽ സന്തോഷായത് കണ്ണനും അച്ചുവിനും ആയിരുന്നു അവർ പരസ്പരം ഒന്നു നോക്കി.
പണിക്കർ കവടി  ഉള്ളം കൈ കൊണ്ട് പലകയിൽ ഇട്ട് ഗണിച്ചു ജപിക്കുന്നതും നോക്കി ,എല്ലാവരും പലകയിലേക്കും പണിക്കരുടെ മുഖത്തേക്കും നോക്കി നിന്നു. അവസാനം പണിക്കർ പറഞ്ഞു…
“ജാതകങ്ങൾ നന്നായി ചേരും. പത്തിൽ ആറ് പൊരുത്തവും ഉണ്ട്.. അതു കേട്ടതും എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു… പിന്നെ മേടമാസമായ ഈ മാസം 27 ന് തിങ്കളാഴ്ച നല്ല ഒരു മുഹൂർത്തമുണ്ട്. രാവിലെ പത്തിനും പതിനൊന്നിനും ഇടക്ക്.. ആ ദിവസം വിവാഹം വെക്കണോ… അതോ അടുത്ത മാസം നോക്കണോ… ?” പണിക്കർ എല്ലാവരോടും കൂടി ചോദിച്ചു… അതു കേട്ട ശിവരാമൻ നായർ ചോദിച്ചു..
“ഈ മാസം ഇരുപത്തി ഏഴു എന്നു പറയുമ്പോൾ ഇനി 24 ദിവസം കൂടി ഉണ്ട്.. അല്ലെ.. ആ അതു മതി ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ… എന്താ മക്കളെ ആ ദിവസം ഉറപ്പിക്കല്ലേ ?”. ശിവരാമൻ നായർ കണ്ണനോടും അച്ചുവിനോടും ചോദിച്ചു…
“എല്ലാം അച്ഛൻ തീരുമാനിച്ചോളൂ…” കണ്ണൻ അച്ചുവിനെ നോക്കി കൊണ്ട് അച്ഛനോട് പറഞ്ഞു… അതു കേട്ടതും ശിവരാമൻ നായർ ലക്ഷ്മിയമ്മയോടും മാലതിയോടും ചോദിച്ചു…
“എന്നാ ആ ദിവസം ഉറപ്പിക്കാം അല്ലെ… ഒരുക്കത്തിനെല്ലാം സമയം ഉണ്ടല്ലോ….” അത് കേട്ടതും ലക്ഷ്മിയമ്മയും മാലതിയും ആ ദിവസം തന്നെ മതി എന്നു പറഞ്ഞു…. അതു കേട്ടതും പണിക്കർ പറഞ്ഞു….
“അപ്പൊ ആ തിയ്യതി ഉറപ്പിക്കാം അല്ലെ…”
“ആ ഉറപ്പിച്ചോളൂ… അതു മതി…” അതു കേട്ടതും പണിക്കർ ദിവസവും മുഹൂർത്തവും കുറിച്ചു ശിവരാമൻ നായരുടെ കയ്യിൽ കൊടുത്തു. ശിവരാമൻ നായർ അതു രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. പണിക്കർക്ക് ദക്ഷിണ കൊടുത്തു…
“എന്നാൽ ഞാനങ്ങു ഇറങ്ങാ.. എനിക്ക് കുറച്ചു തിരക്കുണ്ട്…” അതു കേട്ടതും ശിവരാമൻ നായർ അനിലിനോട് പറഞ്ഞു….
“നടന്ന് പോകണ്ട വെയിലിന് നല്ല ചൂടാ.. അനികുട്ടാ പണിക്കരെ കാറെടുത്തു ഒന്നങ്ങോട്ട് ആക്കി കൊടുക്കൂ..”
“ശരിയമ്മാവാ…” പണിക്കർ എല്ലാവരോടും യാത്ര പറഞ്ഞു പോയതും.. ശിവരാമൻ നായർ ആവേശത്തോടെ ചിരിച്ചു കൊണ്ട് എല്ലാവരോടും പറഞ്ഞു…
“ഈശ്വരോ… രക്ഷ. അങ്ങനെ ആ ചടങ്ങും അങ്ങു കഴിഞ്ഞു. ഇനി അടുത്തത് വിവാഹം.. അപ്പൊ ഇന്ന് മുതൽ എല്ലാവരും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ… ഇനി അധികം ദിവസം ഇല്ല്യാ.. ആകെ 24 ദിവസമേ ഉള്ളൂ. ലക്ഷ്മീ ഇപ്പൊ തന്നെ ഈ വിവരം അച്ചുവിന്റെ അച്ഛനെയും അമ്മയെയും അറിയിക്കണം..” അതു കേട്ടതും എല്ലാവരും പുഞ്ചിരിച്ചു കൊണ്ട് കണ്ണനെയും അച്ചുവിനെയും നോക്കി. അച്ചു നാണം കൊണ്ട് തലതാഴ്ത്തി ഒളി കണ്ണോടെ കണ്ണനെ നോക്കി .അവൻ അപ്പോൾ അച്ചുവിനെ തന്നെ നോക്കി നിൽക്കായിരുന്നു, നിറഞ്ഞ മനസ്സോടെ…. അപ്പോഴാണ് അപ്പു പറഞ്ഞത്….
“അപ്പൊ ഇന്നേക്ക് ഇരുപത്തി നാലാം ദിവസം കണ്ണേട്ടന്റെയും അച്ചുവിന്റെയും വിവാഹം… ഹേയ്……..”അപ്പു തുള്ളി ചാടി കൊണ്ട് പറഞ്ഞു… അതു കണ്ട എല്ലാവരും നിറഞ്ഞ മനസ്സാലെ പുഞ്ചിരിച്ചു……..
#തുടരും..
#ഫൈസൽ_കണിയാരിktpm✍️
4.7/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!