സ്‌നേഹവീട് part 14 | Malayalam novel

9058 Views

Malayalam online novel

കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു വരുന്ന ശരത്തിനെ കണ്ടതും കണ്ണൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…

“നീ ഇത്ര പെട്ടെന്ന് വന്നോ. ഞങ്ങൾ ഇപ്പൊ എത്തിയെ ഉള്ളൂ…”
“അതു മനസ്സിലായി..” ശരത്ത് നിലത്തിരിക്കുന്ന ലഗേജിലേക്ക് നോക്കി കൊണ്ട് പറഞ്ഞു… പിന്നെ അച്ചുവിനെ നോക്കി ഒരു പുഞ്ചിരിയോടെ കണ്ണനോട് ചോദിച്ചു..
“ഡാ.. ഇതാണോ നീ കെട്ടാൻ പോകുന്ന ആള്. അശ്വതി…”  അതു കേട്ട കണ്ണൻ ഒരു പാൽ പുഞ്ചിരിയോടെ അച്ചുവിനെ നോക്കി  അതേ എന്നു പറഞ്ഞു…
“നീ പെണ്ണേ കെട്ടുന്നില്ല എന്നും പറഞ്ഞു നടന്നു നടന്നു. അവസാനം നിന്റെ തീരുമാനം മാറ്റിയപ്പോൾ നിനക്ക് കിട്ടിയത് ലക്ഷ്മീ ദേവിയെ പോലത്തെ ഒരു പെണ്ണിനെ ആണല്ലോടാ… ” അതു കേട്ടതും അച്ചുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു… അവൾ ഒരു ചെറു ചിരിയാലെ കണ്ണനെ നോക്കി വന്നയാളെ മനസ്സിലാവാതെ ആരാണെന്നുള്ള ചോദ്യവുമായി. അതു കണ്ട കണ്ണൻ ശരത്തിന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
“ആ.. നിനക്ക് ഞാൻ ഇവനെ പരിചയ പെടുത്തിയില്ലല്ലോ… ഇവനാണ് ശരത്ത്.  എന്റെ ബെസ്റ്റ് ഫ്രണ്ട്. കോളേജിൽ ഞങ്ങൾ ഒന്നിച്ചാണ് പഠിച്ചത്.. ഇപ്പൊ ടൗണിലെ ഏറ്റവും വലിയ സ്റ്റുഡിയോയായ സിനി സ്റ്റുഡിയോയുടെ ഉടമ.. ഇവനെയാണ് വിവാഹത്തിന്റെ വീഡിയോ വർക്ക് ഏല്പിച്ചിരിക്കുന്നത്. പിന്നെ. ഇവനാളൊരു ഫ്രീലാന്റ്സ് ഫോട്ടോ ഗ്രാഫറും കൂടിയാണ്. ഒരുപാട് പുരസ്‌ക്കാരങ്ങളെല്ലാം വാങ്ങിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് കോളേജ് ക്യാമ്പസിലെ റോമിയോ  ആയിരുന്നു ഇവൻ…” അത് കേട്ട ശരത്ത് ഒരു ചിരിയോടെ പറഞ്ഞു…
“ഒന്ന് പോടാ അവിടന്ന്.. ഡാ.. നീ എന്റെ മാനം അശ്വതിയുടെ മുന്നിൽ പൊളിച്ചടുക്കല്ലേ…” അപ്പോഴാണ് ശിവരാമൻ നായർ വന്നയാളെ മനസ്സിലാവാതെ കണ്ണനോട് ഉമ്മറത്ത് നിന്നും വിളിച്ചു ചോദിച്ചത്…
“കണ്ണാ… ആരാ അത്. ഇങ്ങോട്ട് വരാൻ പറയൂ…. എന്തിനാ മുറ്റത്ത് നിൽക്കുന്നത്..?”  അതു കേട്ട കണ്ണൻ ശരത്തിനെയും കൊണ്ട് ഉമ്മറത്തേക്ക് ചെന്നു. ശരത് പുഞ്ചിരിച്ചു കൊണ്ട് ദിവാകരന് കൈ കൊടുത്തു, ശിവരാമൻ നായരുടെ കാൽ തൊട്ട് വന്ദിച്ചു. ശിവരാമൻ നായർ നിറഞ്ഞ മനസ്സാലെ തലയിൽ തൊട്ട് അനുഗ്രഹിച്ചു.. അപ്പോഴാണ് കണ്ണൻ പറഞ്ഞത്……
“അച്ഛാ.. ഇത് എന്റെ സുഹൃത്താണ്.. ശരത്ത്.. ഫോട്ടോഗ്രാഫറാണ്. ഞങ്ങൾ ഒന്നിച്ചാണ് കോളേജിൽ പഠിച്ചത്. ഇവനെയാണ് വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും എല്ലാം ഏല്പിച്ചിരിക്കുന്നത് “.
“ആണോ.. മോൻ മുന്നേ ഇവിടെ വന്നിട്ടുണ്ടോ.. എവിടെയോ കണ്ടപോലെ..?”
“ഉവ്വ് വന്നിട്ടുണ്ട്.. ഒന്നു രണ്ട് വട്ടം ഇപ്പോഴല്ല.. കോളേജിൽ പഠിക്കുന്ന കാലത്ത്.. “
“ആ അങ്ങനെ പറയൂ.. അതാണ് ഒരു മുഖപരിചയം.. കണ്ടിട്ട് വർഷങ്ങളായത് കൊണ്ട് എനിക്ക് പെട്ടന്നങ്ങ്  മനസ്സിലായില്ല്യ.. വയസ്സായില്ലേ… അങ്ങോട്ടിരിക്ക്യാ “. ശിവരാമൻ നായർ മുന്നിലെ കസേര ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. പിന്നെ കണ്ണനോട് പറഞ്ഞു.. “കണ്ണാ. അമ്മയോട് ശരത്തിനു കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറയാ…” അതു കേട്ട കണ്ണൻ ശിവരാമൻ നായരോട് പറഞ്ഞു..
“അച്ഛാ.. ഇവന് വിവാഹത്തിന്റെ വീഡിയോയ്ക്ക് നമ്മുടെ വീടും എന്റെയും അച്ചൂന്റെയും കുറച്ചു വീഡിയോസും എടുക്കണമെന്ന്, അതിനാ അവൻ വന്നത്…”
“അതിനെന്താ എടുത്തോട്ടെ..” അതു കേട്ട ശരത്ത് കണ്ണനോട് പറഞ്ഞു…
“എന്നാ നമുക്ക് ലൈറ്റ് പോകുന്നതിനു മുൻപ് എടുത്താലോ.. ചെറിയ ഒരു മഴക്കോളും ഉണ്ട്. മഴ പെയ്യുന്നതിന് മുന്നേ പുറത്തെ സീനെല്ലാം അങ്ങെടുക്കാം..”
“അതൊക്കെ എടുക്കാം.. ആദ്യം നമുക്ക് ചായ കുടിക്കാം വാ..” കണ്ണൻ ശരത്തിനെയും കൊണ്ട് അകത്തേക്ക് പോയി. അവിടെയുള്ള എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു. ചായ സൽക്കാരമെല്ലാം കഴിഞ്ഞതും ശരത്ത് കണ്ണനെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങി.. കാറിൽ നിന്നും ക്യാമറയെല്ലാം എടുത്തു പടിപ്പുരയുടെ അടുത്തേക്ക് നടന്നു… പടിപ്പുരയിൽ ക്യാമറ സെറ്റ് ചെയ്തു ആ വലിയ വീടും പത്തായ പുരയും തുമ്പിക്കൈയ്യും വീശി തലയെടുപ്പോടെ നിൽക്കുന്ന അര്ജുനെയും മൊത്തം ഷൂട്ട് ചെയ്തു. പിന്നെ ഹെലിക്കോം ക്യാമറ ഓണ് ചെയ്തു വീടിന്റെ മുകളിലേക്ക് പറത്തി വിട്ടു. ക്യാമറ മുകളിലേക്ക് പൊങ്ങുന്തോറും ചിറക്കൽ തറവാടെന്ന ആ നാലുകെട്ടിന്റെയും നടുമുറ്റത്തിന്റെയും  ഭംഗി ആകാശ കാഴ്ചയിൽ കണ്ണനും ശരത്തും ലാപ്ടോപ്പിൽ കാണുന്നുണ്ടായിരുന്നു. നാലു ഭാഗവും ഓട് മേഞ്ഞ ആ നാലുകെട്ടും  നടുമുറ്റവും നടുമുട്ടത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തുളസി തറയും ആകാശ കാഴ്ചയിൽ കാണാൻ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ച തന്നെയായിരുന്നു … വീടു മൊത്തം ഷൂട്ട് ചെയ്തു കഴിഞ്ഞതും ശരത്ത് കണ്ണനോട് പറഞ്ഞു…
“കണ്ണാ ,ഇനി നിന്റെയും അശ്വതിയുടെയും കുറച്ചു റൊമാന്റിക്  സീൻ ആണ് ഷൂട്ട് ചെയ്യാനുള്ളത് വാ അകത്തോട്ട് പോകാം…” അതു കേട്ട കണ്ണൻ ഒരു ചമ്മലോടെ ചോദിച്ചു…
“അളിയാ അതൊക്കെ വേണോ..? എനിക്കെന്തോ എന്തോ  പോലെ. അച്ചൂന്റെ അമ്മയും എല്ലാം ഉണ്ട് അവരുടെ ഒക്കെ മുന്നിൽ വെച്ചു… “
“അവരുടെ മുന്നിൽ വെച്ചു എടുത്താൽ എന്താ കുഴപ്പം..? ഒരു കുഴപ്പവും ഇല്ല… നിന്നോട് ഞാൻ അവളെ ഇപ്പൊ താലികെട്ടാനൊന്നും പറഞ്ഞില്ലല്ലോ.. എടാ അങ്ങനെ ചമ്മാൻ മാത്രം ഉള്ള സീനൊന്നും ഇല്ല. നിങ്ങൾ തമ്മിലുള്ള രണ്ട് മൂന്ന് കോമ്പിനേഷൻ സീനേ ഇപ്പൊ എടുക്കുന്നൊള്ളൂ.. ഒക്കെ ഞാൻ പറഞ്ഞു തരാം. ഞാൻ പറയുന്ന പോലെ നീ അങ്ങ്  ചെയ്താൽ മതി…” അതും പറഞ്ഞു ശരത്ത് കണ്ണനെയും കൂട്ടി പടിഞ്ഞാറ്റിനി കോലായിലോട്ടു നടന്നു..എന്നിട്ട് അശ്വതിയെ വിളിക്കാൻ പറഞ്ഞു… കണ്ണൻ അശ്വതിയെ വിളിച്ചോണ്ട് വന്നു. കൂടെ മറ്റുള്ള എല്ലാവരും ഉണ്ടായിരുന്നു. അശ്വതി എയർപോർട്ടിൽ നിന്നും വന്നതിന് ശേഷം വേഷം മാറിയിട്ടുണ്ടായിരുന്നില്ല. ദാവണിയും പാവാടയും ഉടുത്തു നിൽക്കുന്ന അച്ചുവിനെ നോക്കി ശരത്ത് പറഞ്ഞു ആ വേഷം മതിയെന്ന്.. പിന്നെ കണ്ണനോടും അശ്വതിയോടും പറഞ്ഞു…
“എന്നാ എടുക്കാം നിങ്ങൾ റെഡിയല്ലേ…” അതു കേട്ട അശ്വതി കണ്ണനെയും മറ്റുള്ളവരെയും ഒരു നാണത്തോടെ നോക്കി.. അതു കണ്ട ശരത്ത് പറഞ്ഞു…
“അതേ അശ്വതി, താൻ ഇങ്ങനെ നാണിക്കുകയൊന്നും വേണ്ട. ഞാൻ പറയുന്ന പോലെ ഒക്കെ അങ്ങ്  ചെയ്താൽ മതി… ഓക്കെ…” പടിഞ്ഞാറ്റിനി കോലായിടെ ഒരു മൂലയിൽ ക്യാമറ സെറ്റ് ചെയ്തു, ശരത്ത് ബാക്കിയുള്ളവരെ എല്ലാം ഫ്രെയിമിൽ നിന്നും മാറ്റി കണ്ണനെയും അച്ചുവിനെയും പടിഞ്ഞാറ്റിനി കോലായിടെ രണ്ടു തൂണുകൾക്കിടയിൽ നിർത്തി. എന്നിട്ട് ചുമ്മാ അവരോട് രണ്ടാളോടും പെണ്ണ് കാണാൻ വരുമ്പോൾ സംസാരിക്കുന്ന പോലെ സംസാരിക്കാൻ പറഞ്ഞു. അച്ചുവിനോട് മുഖത്ത് കുറച്ചു നാണം വരുന്ന രീതിയിൽ നിൽക്കാൻ പറഞ്ഞു.. ശരത്ത് പറഞ്ഞ പോലെയെല്ലാം കണ്ണനും അച്ചുവും ചെയ്തു. ശരത്ത് അതെല്ലാം ക്യാമറയിൽ ഒപ്പിയെടുത്തു.. അപ്പോഴാണ്. മാനത്ത് ഉരുണ്ടു കൂടിയിരുന്ന കാർമേഘം മഴയായി ആ നാലു കെട്ടിലേക്ക് പെയ്തിറങ്ങിയത്. മഴവെള്ളം നാലു ഭാഗത്തെയും ഓടുകളിലൂടെയും  പാത്തികളിലൂടെയും മഴനൂലുകളായി നടുമുറ്റത്തേക്ക് പതിക്കുന്നത് കണ്ട ശരത്ത് ആവേശത്തോടെ പറഞ്ഞു…
“ഞാൻ ഇപ്പൊ ആലോചിച്ചിട്ടെ ഉള്ളൂ.. ഈ സീനിൽ ഒരു മഴയും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്. ദൈവം അത് ഇത്ര പെട്ടെന്ന് സാധിച്ചു തരും എന്നു വിചാരിച്ചില്ല..” അതു കേട്ട കണ്ണൻ ചോദിച്ചു..
“ഇനി മഴയത്തും ഷൂട്ടുണ്ടോ.. എനിക്കൊന്നും വയ്യ മഴയത്ത് ഇറങ്ങി നിക്കാൻ…”
“നീ മഴയത്തോട്ട് ഇറങ്ങോന്നും വേണ്ട നീ വടക്കിനി കോലായിലെ വിട്ടത്തിലും പിടിച്ചു തൂണും ചാരി നിന്നു നടുമുറ്റത്തു മഴയിൽ കളിക്കുന്ന അച്ചുവിനെ ഒരു ചിരിയോടെ നോക്കി നിന്നാൽ മതി…” അതു കേട്ട അപ്പു  കിലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു..
“അതായത് കാമുകിയെ അവളറിയാതെ വിട്ടു നിന്നു നോക്കുന്ന കാമുകൻ.. അതല്ലേ…?”
“ആ അതു തന്നെ..” ശരത്ത് അപ്പുവിന്റെ വാക്ക് ശരി വച്ച പോലെ പറഞ്ഞു… പിന്നെ അച്ചുവിനോട് പറഞ്ഞു..
“അശ്വതി നടുമുറ്റത്തു നിന്റെ രണ്ടു മൂന്ന് സീൻ എടുക്കാനുണ്ട് അതു ഈ മഴയിൽ എടുക്കുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ്.. അതു അങ്ങെടുക്കാം…”
“നീ ആദ്യം ആ സീൻ ഒക്കെ ഞങ്ങൾക്കൊന്നു പറഞ്ഞു താ… “
“ഈ സീനിൽ നിങ്ങൾ രണ്ടാളും മാത്രമല്ല ഉള്ളത് ഇതിൽ ഈ വീട്ടിലെ എല്ലാവരും പെടും.. അതായത്… മഴ പെയ്യുന്നത് കണ്ട അശ്വതി ആവേശത്തോടെ അപ്പുവിനെയും കൂട്ടി പടിഞ്ഞാറ്റിനികോലായിൽ നിന്നും നടുമുറ്റത്തേക്ക് എത്തി നോക്കി, ഇറയത്തു നിന്നും നൂലുകളായി ഉറ്റി വീഴുന്ന മഴ തുള്ളികളെ കൈ കൊണ്ട് ഒരു നറു പുഞ്ചിരിയോടെ കിലുങ്ങി ചിരിച്ചു കൊണ്ട്  തട്ടി കളിക്കളിച്ചു അപ്പുവിന്റെ മുഖത്തേക്ക് തെറുപ്പിക്കുന്നു.. പിന്നെ അശ്വതി നടു മുറ്റത്തു ആർത്തുലച്ചു പെയ്തു കൊണ്ടിരിക്കുന്ന മഴയത്തേക്കിറങ്ങി തുളസി തറയുടെ അവിടെ നിന്നു കൈ രണ്ടും വിടർത്തി പിടിച്ചു മുഖം മാനത്തെക്കുയർത്തിപിടിച്ചു രണ്ട് ചാട്ടവും ചാടി ദാവണി പാവാട കുറച്ചു പൊക്കി കാൽ കൊണ്ട് മഴവെള്ളം തട്ടി തെറുപ്പിച്ചു മഴയത്ത് വട്ടം ചുറ്റുന്നു.. ഇതെല്ലാം നീ ഒരു റൊമാന്റിക്ക് മൂഡോടെ തെക്കിനി കോലായിലെ തൂണിൽ ചാരിനിന്നു  നോക്കുന്നത് കണ്ട അശ്വതി ഒരു നാണത്തോടെ മുഖം പൊത്തി പിടിക്കുന്നു. പിന്നെ അവൾ ഒരു കൈ കുറച്ചു നിവർത്തി  ഒരു ഇടം കണ്ണാലെ മന്താര ചിരിയോടെ നിന്നെ നോക്കുന്നു. അതു കണ്ട നീ അവൾക്ക് ഒരു കണ്ണടച്ചു പിടിച്ചു ഒരു നറു പുഞ്ചിരി സമ്മാനിക്കുന്നു. അതു കണ്ട അവൾ ഒരു നാണം നിറഞ്ഞ മുഖത്താലെ ഇറയത്തു നിൽക്കുന്ന അപ്പുവിന്റെ അടുത്തേക്ക് ഓടി അവളേയും പിടിച്ചു വലിച്ചു മഴയത്തേക്ക് ഇറങ്ങി രണ്ടാളും മഴയത്ത് കൈ കോർത്തു പിടിച്ചു വട്ടം ചുറ്റുന്നു. ഇതെല്ലാം കണ്ടു കൊണ്ടു അച്ഛനും അമ്മയും മറ്റുള്ളവരും നിറഞ്ഞ മനസ്സോടെ ഒരു പുഞ്ചിരിയോടെ നോക്കി നിൽക്കുന്നു…”
ശരത്ത് ഹെലികോം ക്യാമറ ഓണ് ചെയ്തു വീണ്ടും വീടിന്റെ മുകളിലേക്ക് പറത്തി വിട്ടു പിന്നെ ഇറയത്തു സ്റ്റാന്റ് ക്യാമറയും സെറ്റ് ചെയ്തു. കണ്ണനെ തെക്കിനി കോലായിടെ അവിടെ നിർത്തി മറ്റുള്ളവരെ എല്ലാം പടിഞ്ഞാറ്റിനി കോലായിലും നിർത്തി.. പിന്നെ അശ്വതിയെയും അപ്പുവിനെയും റെഡിയാക്കി നിർത്തി. എല്ലാവരും നോക്കി നിൽക്കുന്നത് കണ്ട അച്ചുവിന് അപ്പൊ തന്നെ നാണം വന്നിരുന്നു. പക്ഷെ അപ്പുവിന് ഒരു നാണവും ഉണ്ടായിരുന്നില്ല. അവൾ ഒരു കൂസലും ഇല്ലാതെ നിന്നു ഒരു അനിയത്തികുട്ടിയായി… ശരത്ത് ആക്ഷൻ എന്നു പറഞ്ഞതും ശരത്ത് പറഞ്ഞ പോലെ എല്ലാം അശ്വതിയും അപ്പുവും കണ്ണനും ഫ്രെയിമിൽ അഭിനയിച്ചു ഫലിപ്പിച്ചു. അതെല്ലാം ശരത് വീടിന്റെ മുകളിൽ പറന്നു ഉയർന്നു നിൽക്കുന്ന ഹെലികോം ക്യാമറ കൊണ്ടും താഴത്ത് സെറ്റ് ചെയ്ത ക്യാമറകൊണ്ടും ഒപ്പിയെടുത്തു. ഷൂട്ട് ചെയ്തു കഴിഞ്ഞതും മഴയും പോയി. ആ മഴ അവർക്കും വേണ്ടി മാത്രം പെയ്ത പോലെ തോന്നി എല്ലാവർക്കും.. പിന്നെയും എടുത്തു രണ്ട് മൂന്ന് സീനുകൾ അച്ചുവും കണ്ണനും കൂടിയുള്ളത്. കണ്ണൻ അര്ജ്ജുന്റെ തുമ്പി കയ്യിൽ പിടിച്ചു കൊണ്ട് അവന് പഴം കൊടുക്കുന്നതും ,അതു കണ്ട് അങ്ങോട്ട് ഒരു പുഞ്ചിരിയോടെ വന്ന അശ്വതിയെ കണ്ണൻ പിടിച്ചു വലിച്ചു അർജ്ജുന്റെ തുമ്പി കയ്യിൽ ചാരി നിർത്തി അവന്റെ കൊമ്പുകളിൽ പിടിച്ചു അവളെ ഒരു വശ്യ ചിരിയോടെ നോക്കുന്നതും ,അതു കണ്ട അച്ചുവിന്റെ കണ്ണുകൾ പ്രണയം കൊണ്ട് കൂമ്പി അടയുന്നതും. പിന്നെ കണ്ണന്റെ കൈ തട്ടി മാറ്റി രണ്ട് കൈ കൊണ്ടും നിലം മുട്ടി കിടക്കുന്ന ദാവണി പാവാട കുറച്ചു പൊക്കി പിടിച്ചു പാദസര കിലുക്കത്തോടെ കണ്ണനെയും പിന്തിരിഞ്ഞു നോക്കി ഒരു നറു ചിരിയോടെ വീട്ടിലോട്ട് ഓടി കയറുന്നതും ഒക്കെ.. പിന്നെ കുളക്കടവിലെ ചെങ്കൽ പടികെട്ടുകളിൽ അവർ രണ്ടാളും വെള്ളത്തിലേക്ക് കാലും ഇട്ട് നീലകളറിലുള്ള വെള്ളത്തിൽ ഓളങ്ങൾ പരത്തി കിന്നാരം പറഞ്ഞു ഇരിക്കുന്നതും ,കണ്ണന്റെ മുഖത്തേക്ക് അച്ചു കുളത്തിലെ വെള്ളം കൈ കുമ്പിളിൽ കോരിയെടുത്തു തെറുപ്പിച്ചു കിലുങ്ങി ചിരിച്ചു കൊണ്ട് കുളക്കടവിന്റെ പടികെട്ടുകൾ ഓടി കയറി വീട്ടിലേക്ക് ഓടുന്നതും കണ്ണൻ അവളുടെ പിന്നാലെ കൈ നീട്ടി പിടിച്ചു ഒരു ചിരിയോടെ അവളെ പിടിക്കാൻ  ഓടുന്നതും എല്ലാം.. അതെല്ലാം ഷൂട്ട് ചെയ്തു കഴിഞ്ഞപോഴേക്കും സന്ധ്യാദീപം കൊളുത്തേണ്ട സമയം ആയി…..
“കണ്ണാ അച്ഛൻ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്ന ഒരു സീൻ എടുക്കണമായിരുന്നു. അച്ഛൻ സമ്മതിക്കോ… ?”
“അതു നടക്കും എന്നു തോന്നുന്നില്ല… പിന്നെ കണ്ണൻ പറഞ്ഞു… ആ അതിനു ഒരു വഴിയുണ്ട്. അച്ചു ഇപ്പോൾ സന്ധ്യാ ദീപവുമായി ഉമ്മറത്തെ തുറസി തറയിലും മറ്റും വിളക്ക് വെക്കാൻ വരും അപ്പൊ അച്ഛനും അമ്മാവനും എല്ലാം ഉമ്മറത്തുണ്ടാവും അപ്പൊ എടുത്താൽ മതി… “
“ഗുഡ് ഐഡിയ.. അതു കലക്കും.. അച്ചു ദീപം കൊളുത്തുന്ന ആ സീനും എടുക്കാം.. അതും കൂടി ആകുമ്പോൾ സൂപ്പറാകും… ആ ഒരു സീനും കൂടി കഴിഞ്ഞാൽ ബാക്കിയെല്ലാം വിവാഹത്തിന്റെ തലേന്നും അന്നും എടുക്കാനുള്ളതാണ്… “
അടുക്കള കോലായിൽ ലക്ഷ്മിയമ്മയും മാലതിയും അപ്പുവും കാർത്തികയും അച്ചുവും രേവതിയോട് അമേരിക്കയിലെ ഓരോ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഇരിക്കുമ്പോഴാണ്  ലക്ഷ്മിയമ്മ അച്ചുവിനോട് പറഞ്ഞത്…
“മോളേ.. കാലും മുഖവും കഴുകി വാ.. സന്ധ്യാ ദീപം കൊളുത്താം…” അതു കേട്ട രേവതി ഒരു സംശയത്തോടെ ചോദിച്ചു…
“ചേച്ചി.. വിവാഹം കഴിയുന്നതിനു മുമ്പേ മോള് സന്ധ്യാ ദീപം കൊളുത്തുന്നത് ശരിയാണോ…? “അതു കേട്ട ലക്ഷ്മിയമ്മ ഒരു പുഞ്ചിരിയോടെ അച്ചുവിന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു…
“അതിലൊന്നും ഒരു തെറ്റും ഇല്ല്യ രേവതി.. ഇവളിപ്പോ ഇവിടത്തെ കുട്ടിയല്ലേ.. കണ്ണൻ ഇവളുടെ കഴുത്തിൽ താലികെട്ടിയിട്ടില്ലാന്നേ ഉള്ളൂ.. ഇവളെ കണ്ടത് മുതൽ ഇവിടെയുള്ള എല്ലാവരും ഇവളെ ഈ വീട്ടിലെ മരുമോളായി സ്വീകരിച്ചതാണ്. പിന്നെ ഇവൾ എനിക്ക് മരുമോള് മാത്രമല്ല മകളും കൂടിയാണ്.. നാലഞ്ചു ദിവസമായി ഇവൾ തന്നെയാണ് ഈ വീട്ടിൽ വിളക്ക് വെക്കുന്നത്…”അതു കേട്ടതും രേവതിക്ക് മനസ്സു നിറഞ്ഞു. ആ വലിയ മനസ്സിനെ രേവതി ശിരസ്സാ നമിച്ചു….
ലക്ഷ്മിയമ്മ പൂജാമുറിയിൽ നിന്നും കത്തിച്ചു കൊടുത്ത നിലവിളക്കുമായി അച്ചു നടുറ്റത്തെ തുളസി തറയിൽ ദീപം കൊളുത്തി.  പിന്നെ കത്തിച്ചു പിടിച്ച അഞ്ചു തിരിയിട്ട നിലവിളക്കുമായി ഉമ്മറത്തേക്ക് വന്നതും ശിവരാമൻ നായരും ദിവാകരനും കണ്ണനും ദീപത്തെ തൊഴുതു. ശരത്ത് ദൂരെ നിന്ന് ദീപത്തെ നോക്കി തൊഴുതു കൊണ്ടു അതെല്ലാം ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. അഞ്ചു തിരിയിട്ട നിലവിളക്കുമായി ഉമ്മറ പടികൾ ഇറങ്ങി തുളസി തറയിലോട്ടു വരുന്ന അച്ചുവിന്റെ മുഖം ദീപ ശോഭയിൽ പ്രകാശിച്ചു നിന്നു.. അതു ശരത്തിന്റെ ക്യാമറകണ്ണുകളിലൂടെ ഒപ്പിയെടുക്കുന്നുണ്ടായിയിരുന്നു.. തുറസി തറയിൽ ദീപം കൊളുത്തിയതും അച്ചുവും അപ്പുവും വിളക്കുമായി സർപ്പക്കാവിലോട്ടു വിളക്ക് വെക്കാൻ പോയി….
ശരത്ത് ക്യാമറയെല്ലാം ബാഗിലാക്കി കാറിന്റെ ഡിക്കിയിൽ വച്ചു പോകാൻ നിൽക്കുമ്പോഴാണ് പുറത്തു പോയ അനിൽ  കാറും കൊണ്ട് അങ്ങോട്ട് വന്നത്… കണ്ണൻ അനിലിനെ ശരത്തിന് അനിയനാണെന്നു പറഞ്ഞു പരിചയപെടുത്തി. ശരത്ത് വിവാഹത്തിന്റെ തലേ ദിവസം വരാന്നും പറഞ്ഞു പോയി…
“നീ എന്താ ഇത്ര വൈകിയത്.. പോയിട്ട് കുറേ നേരമായതാണല്ലോ. എവിടെയായിരുന്നു ഇത്രയും നേരം…?”
“ഞാൻ എന്റെ ഒരു സുഹൃത്തിനെ കാണാൻ പോയതായിരുന്നു.. തിരിച്ചു വരുന്ന വഴി കാറിനൊരു സ്റ്റർട്ടിങ് ട്രബിൾ. അപ്പൊ അതൊന്നു വർക്ക് ഷോപ്പിൽ കാണിച്ചു അതാ ഇത്ര വൈകിയത്……”
രാത്രി.. എല്ലാവരും ഭക്ഷണം എല്ലാം കഴിഞ്ഞതും പതിവ് പോലെ ഉമ്മറത്ത് വിവാഹത്തിന്റെ ഓരോ കാര്യവും പറഞ്ഞു കൂടിയിരുന്നു.. അപ്പോഴാണ് ദിവാകരൻ പറഞ്ഞത്…
“ഏട്ടാ താലികെട്ട് എവിടെ വച്ചാണ്.. ഇവിടെ മണ്ഡപം ഒരുക്കിയിട്ടാണോ അതോ അമ്പത്തിൽ വെച്ചോ… ?”
“താലി കെട്ട് അമ്പലത്തിൽ വെച്ചു. ബാക്കിയെല്ലാ കർമവും ഇവിടെ മണ്ഡപത്തിൽ വെച്ചു.. ഈ തറവാട്ടിലെ ഇതു വരെയുള്ള എല്ലാ വിവാഹവും നമ്മൾ നടത്തിയിട്ടുള്ളത് ഭഗവതിയുടെ മുന്നിൽ വെച്ചാണ്.. ഈ തലമുറയും അതു പിന്തുടരണം. അതിനു മാത്രം ഒരു മാറ്റം ഉണ്ടാവാൻ പാടില്ല്യ…”
“പിന്നെ ഒരു സംശയം. പെണ്ണിന്റെ ആങ്ങള ചെറുക്കൻ വരനെ കാലുകഴുകി സ്വീകരിച്ചാണ് മണ്ഡപത്തിലേക്ക് ആനയിക്കേണ്ടത്. അച്ചൂന് സഹോദരൻ ഇല്ലാത്ത സ്ഥിതിക്ക്. ആ സ്ഥാനത്തുള്ള വേറെ ആരെങ്കിലും അതു ചെയ്യാറാണ് പതിവ്. ഇവിടെ ഇതു രണ്ടും ഇല്ല്യ. അപ്പൊ ആ ചടങ്ങു ആര് ചെയ്യും…?” അതു കേട്ടതും അച്ചുവിനും രേവതിക്കും വിഷമായി. അവർ വിഷമത്തോടെ എല്ലാവരെയും നോക്കി. അതു കണ്ട ശിവരാമൻ നായർ പറഞ്ഞു…
“അതിലെന്താ ഇത്ര ചിന്തിക്കാനുള്ളത് ?  അതു അനികുട്ടൻ ചെയ്തോളും… കുറച്ചു നേരത്തേക്ക് അനികുട്ടൻ അച്ചുമോളുടെ ആങ്ങള ആയാൽ മതി.. ജന്മം കൊണ്ട് മാത്രമല്ല ഒരാൾക്ക് സഹോദരനാകാൻ പറ്റാ. കർമം കൊണ്ടും പറ്റും. എന്താ അനികുട്ടാ നിനക്ക് ചെയ്തൂടെ ?”  ശിവരാമൻ നായർ അനിലിനോട് ചോദിച്ചു…
“അതിനെന്താ അമ്മാവാ ചെയ്യാല്ലോ… എനിക്കാ കാര്യത്തിൽ സന്തോഷമേ ഉള്ളൂ. എനിക്ക് ഒരു അനിയത്തി എന്തായാലും ഇല്ല. ഇത് ഇപ്പൊ എനിക്ക് ഒരു അനിയത്തിയെ കിട്ടുകയല്ലേ. കണ്ണേട്ടന്റെ കാലു ഞാൻ തന്നെ കഴുകി കൊള്ളാം..” പിന്നെ അച്ചൂനെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.. “അച്ചൂ നീ ഇപ്പൊ എന്റെ അനിയത്തിയാണ് കേട്ടോ. കണ്ണേട്ടൻ അളിയനും.. എന്റെ ഈശ്വരാ എത്ര പെട്ടെന്നാണ് ഒരു അനിയത്തിയെയും അളിയനേയും കിട്ടിയത്…” അതു കേട്ടതും എല്ലാവർക്കും സന്തോഷായി.. അപ്പോഴാണ് അപ്പു മാലതിയുടെ മാറോട് ചേർന്നു നിന്നു പറഞ്ഞത്…
“ഇതിലെ ഏറ്റവും വലിയ ഭാഗ്യവതി എന്റെ അമ്മായിയാണ്… ചെറുക്കനെ താലമെടുത്തു സ്വീകരിക്കേണ്ടതും പെണ്ണിനെ താലമെടുത്തു മണ്ഡപത്തിലോട്ടു ആനയിക്കേണ്ടതും അമ്മായിമാരാ.. ഇവിടെ ആകെപ്പാടെ രണ്ടിനും കൂടി ഒരമ്മായിയെ  ഉള്ളൂ. അങ്ങനെ നോക്കുമ്പോൾ അനിലേട്ടനെക്കാളും ഭാഗ്യവതി അമ്മായിയല്ലേ…?”  അതു കേട്ടതും എല്ലാവരും ചിരിച്ചു. മാലതി അപ്പുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു…
“അതു രണ്ടും ഞാൻ ചെയ്തോളാം. നിങ്ങളാരും അതിനെ പറ്റി ചിന്തിച്ചു വിഷമിക്കണ്ട..” അതു കേട്ട ശിവരാമൻ നായർ പറഞ്ഞു..
“ഇവിടെ നിങ്ങളാരും നാട്ടാചാരം ഒന്നും നോക്കണ്ട. ഇവിടെ വരന്റെ ആളുകൾ വധുവിന്റെ ആളുകൾ എന്ന ഒരു വേർത്തിരിവും വേണ്ട. രണ്ടും നമ്മുടെ മക്കളാണ് അതുകൊണ്ട് എല്ലാ ആചാരങ്ങളും നമ്മളെല്ലാവരും കൂടി അങ്ങു ചെയ്യാ, അത്രതന്നെ..” അപ്പോഴാണ് അനിൽ പറഞ്ഞത്….
“അമ്മാവാ. പെണ്ണിന്റെ ആങ്ങള അളിയനെ കാലു കഴുകി സ്വീകരിക്കുമ്പോൾ അളിയൻ പെണ്ണിന്റെ ആങ്ങളക്ക് ഒരു മോതിരം കൊടുക്കുന്ന ഒരു ചടങ്ങില്ലേ…?”
“ഉണ്ട്.. എന്താ നിനക്ക് മോതിരം വേണ്ടേ?”  .
“അയ്യോ വേണം. അതു വേണമെന്നാണ് ഞാൻ പറഞ്ഞോണ്ട് വന്നത്. ഇനി ഞാനായത് കൊണ്ട് ആ ചടങ്ങ് എടുത്തു കളയണ്ടാന്ന് പറയാൻ വന്നതാണ്.. കണ്ണേട്ടാ. മോതിരം കുറച്ചു കനത്തിലുള്ളത് തന്നെ വാങ്ങിച്ചോളൂ ട്ടൊ..?” അതു കേട്ട കണ്ണൻ പറഞ്ഞു…
“ആ ഞാനൊന്ന് ആലോചിക്കട്ടെ നിനക്ക് മോതിരം തരണയോ വേണ്ടയോ എന്ന്…” അതു കേട്ട അപ്പു പറഞ്ഞു…
“ആ അതൊന്നും പറ്റില്ല. അനിലേട്ടന് മോതിരം കൊടുത്തേ പറ്റൂ.. അനിലേട്ടാ വാങ്ങിച്ചോണം ഇപ്പോഴേ കിട്ടൂ പിന്നെ കിട്ടില്ല. എന്നിട്ട് അത് എനിക്ക് തന്നാൽ മതി..” അതു കേട്ട എല്ലാവരും ചിരിച്ചു.. അപ്പോഴാണ്.. ശിവരാമൻ നായർ എല്ലാം കേട്ടു കൊണ്ട് മിണ്ടാതെ നിൽക്കുന്ന അച്ചുവിന്റെ അമ്മയോട് പറഞ്ഞത്
“രേവതീ.. നാളെയാണ് നമ്മൾ സ്വർണ്ണവും ഡ്രസ്സും എല്ലാം എടുക്കാൻ പോകുന്നത്. ഞാൻ ശേഖരനെ വിളിച്ചു പറഞ്ഞിരുന്നു. നിങ്ങൾ വന്നതിനു ശേഷം എല്ലാം നിങ്ങളോട് കൂടെ ആലോചിച്ചു ചെയ്യാൻ പറഞ്ഞു. അദ്ദേഹം വിവാഹത്തിന്റെ രണ്ട് ദിവസം മുന്നേ എത്താന്നും പറഞ്ഞു..” അതു കേട്ട രേവതി പറഞ്ഞു…
“അറിയാം.. എല്ലാം ചേച്ചി പറഞ്ഞു. അദ്ദേഹം എന്നെ വിളിച്ചിരുന്നു. പിന്നെ ഞാൻ കുറച്ചു സ്വർണ്ണം കൊണ്ടു വന്നിട്ടുണ്ട്.. പിന്നെ എനിക്ക് ഒരു ആഗ്രഹം കൂടിയുണ്ട്.. തെറ്റാണെങ്കിൽ പൊറുക്കണം…” അതു കേട്ട എല്ലാവരും അവരുടെ മുഖത്തേക്ക് നോക്കി…
“എന്താ പറഞ്ഞോളൂ…”  രേവതി, അച്ചുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…
“ഇവൾക്കും വേണ്ടി ഇന്നേവരെ ഞങ്ങൾ രണ്ടാളും ഒന്നും ചെയ്തിട്ടില്ല. അവളുടെ പേരിൽ മാസാ മാസം കുറച്ചു പണം ബാങ്കിൽ ഇടുകയല്ലാതെ. എന്റെ മോളുടെ ഒരു ആഗ്രഹവും ഞാൻ ഇത് വരെ ചോദിച്ചറിഞ്ഞു ചെയ്തിട്ടില്ല. ആഗ്രഹമുണ്ടായിരുന്നു എനിക്ക് എന്റെ മോളേ അടുത്തു നിർത്തി അവളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കണം എന്ന്. പക്ഷെ അതൊന്നും എന്നെക്കൊണ്ട് സാധിച്ചില്ല. മകളുടെ വിവാഹത്തിന് വന്ന ഒരു ക്ഷണിക്കപെട്ട ഒരു അതിഥി മാത്രമാണ് ഞാനിപ്പോൾ. എന്നെക്കാളും അവകാശം ഒരു പക്ഷെ നിങ്ങൾക്കുണ്ടാകും ഇവളുടെ മേൽ. അതു എനിക്ക് മനസ്സിലായി. നിങ്ങൾ ഇവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടന്നും ,ഇവൾ എത്ര മാത്രം നിങ്ങളെ സ്നേഹിക്കുന്നുണ്ടന്നും. വിതച്ചതല്ലേ നമുക്ക് കൊയ്യാൻ പറ്റൂ.. എന്നാലും ഇവൾക്ക് ജന്മം നൽകിയ ഒരു അവകാശം എനിക്ക് ഉള്ളത് കൊണ്ട് പറയാണ്. ഇവൾക്ക് വേണ്ട ആഭരണങ്ങളും മറ്റും ഞങ്ങൾ മേടിച്ചു കൊള്ളാം എന്റെ ഒരു ആശയാണ്….” അതു കേട്ട ശിവരാമൻ നായർ പറഞ്ഞു…
“രേവതീ. നിങ്ങൾ അങ്ങനെ ഒന്നും ചിന്തിക്കേണ്ട. ഇവിടെ നിങ്ങള് ഞങ്ങള് എന്നൊന്നും ഇല്യാ.. അച്ചു ഞങ്ങളുടെയും മോളാണ്.. അപ്പൊ അവളുടെ വിവാഹം നമ്മുടെ എല്ലാം സ്വപ്നമാണ്.. നിങ്ങൾ കൊണ്ട് വന്ന സ്വർണ്ണം അവൾക്കു കൊടുത്തോളൂ.. ബാക്കി എല്ലാ കാര്യവും ഞാൻ നോക്കി കൊള്ളാം.  ഇവിടെ സ്വര്ണമോ പണമോ ഒന്നും അല്ല വലുത് ,സ്നേഹമാണ് അതു നിങ്ങൾ ആവോളം അവൾക്ക് കൊടുക്കുക. ഇപ്പോൾ നിങ്ങൾ അവൾക്കു കൊടുക്കേണ്ടത് സ്വർണ്ണവും പണവും ഒന്നും അല്ല അതു ആവശ്യത്തിൽ അധികം ഇവിടെയുണ്ട്..  നിങ്ങൾ അവളെ സന്തോഷത്തോടെ ഇങ്ങോട്ട് തന്നാൽ മതി അതിനപ്പുറം ഒന്നും നിങ്ങൾ അവൾക്ക് കൊടുക്കേണ്ട “. അതു കേട്ട രേവതിക്ക് മനസ്സിലായി ഈ തറവാട്ടിൽ. പണത്തിനെക്കാളും മൂല്യം സ്നേഹത്തിനാണെന്നു.
“ഒരു പാട് സന്തോഷായി. ഞങ്ങൾ ഞങ്ങളുടെ മകൾക്ക് ചെയ്യേണ്ട എല്ലാ കാര്യവും ഒരു കുറവും വരുത്താതെ ചെയ്യുന്നതിൽ തീർത്താൽ  തീരാത്ത കടപ്പാടുണ്ട് “. അതു പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു… അതു കണ്ട എല്ലാവർക്കും വിഷമായി. ലക്ഷ്മിയമ്മ രേവതിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
“എന്തിനാ.. ഓരോന്ന് ആലോചിച്ചു വിഷമിക്കുന്നത്. അച്ചു ഞങ്ങൾക്ക് മകളാണ്. ഞങ്ങൾ ഞങ്ങളുടെ മകൾക്ക് ചെയ്യുന്നതെ ചെയ്യുന്നുള്ളൂ…” അതു കേട്ട ശിവരാമൻ നായർ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു രേവതിയുടെ അടുത്തേക്ക് ചെന്നു അച്ചുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..
“രേവതീ… ഞങ്ങൾക്ക് എല്ലാവർക്കും നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അറിയാം. ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന മനോവിഷമം എന്താണെന്നും എനിക്കറിയാം. ഇവളെ കണ്ട അന്ന് മുതൽ ഞാനും ലക്ഷ്മിയും ഇവളെ ഞങ്ങളുടെ കണ്ണന്റെ പെണ്ണായി മനസ്സാലെ സ്വീകരിച്ചതാണ്. ഇവൾ ഞങ്ങൾക്ക് വരാൻ പോകുന്ന മരുമോള് മാത്രമല്ല മകളും കൂടിയാണ്. അതു പോലെ തന്നെ രേവതിയും ഇപ്പോൾ, നീ എനിക്ക് എന്റെ മാലതിയെ പോലെയാണ്‌ . ആ ഒരു അവകാശവും അധികാരവും ഞാൻ ഇപ്പോൾ ഇങ്ങെടുക്കാണ്, നിന്റെ ഏട്ടന്റെ സ്ഥാനത്തു നിന്നു ഞാൻ പറയാണെന്നു കൂട്ടിക്കോളൂ. വിവാഹം നടത്താൻ നിങ്ങൾക്ക് വീടില്ലാന്ന് വച്ചോ കുടുംബമില്ലാന്നു വെച്ചോ നീയും ശേഖരനും വിഷമിക്കൊന്നും വേണ്ട. ഈ വീട് ഇപ്പോൾ നിങ്ങളുടേതും കൂടിയാണ്. അതു കൊണ്ട് നമ്മൾ എല്ലാവരും കൂടി നിറഞ്ഞ മനസ്സാലെ സന്തോഷത്തോടെ നമ്മുടെ മക്കളുടെ ഈ വിവാഹം സന്തോഷത്തോടെ  ഒരുമിച്ചു നിന്നു അങ്ങു നടത്തും. എന്താ….?”  അതു കേട്ടതും രേവതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അവർ നിറഞ്ഞ മനസ്സാലെ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി കൊണ്ട് പറഞ്ഞു…
“എന്റെ മോള് ഭാഗ്യവതിയാണ്… ഞങ്ങൾ കാരണത്താൽ ഒരു പാട് അനുഭവിച്ചു കരഞ്ഞിട്ടുണ്ട് എന്റെ മോള്.. ഞങ്ങളുടെ മോളേ സ്വീകരിക്കാൻ കാണിച്ച നിങ്ങളുടെ ഈ മനസ്സിനെ ഞാൻ ശിരസ്സാ നമിക്കുന്നു…” അതു കണ്ട ശിവരാമൻ നായർ പറഞ്ഞു..
“ഏയ്.. എന്താ ഇത്.. അങ്ങനെ ഒന്നും പറയരുത്. ഞാൻ അവളുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഓരോന്ന് ചെയ്യുന്നു എന്ന് മാത്രം. ഇപ്പോഴും ഇവളുടെ എല്ലാ കാര്യവും തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്ക് തന്നെയാണ്. ഇത്രയും കാലം നിങ്ങൾക്ക് ഇവൾക്ക് കൊടുക്കാൻ പറ്റാത്ത സ്നേഹം ഇനി ഇവിടന്നങ്ങോട്ട് കൊടുക്കുക. അത്രതന്നെ..” അതും പറഞ്ഞു ശിവരാമൻ നായർ ചാരു കസേരയിൽ പോയിരുന്നു…..
“അച്ഛാ നാളെ പന്തലിടാൻ കാർത്തികേയനും കൂട്ടരും വരുമ്പോൾ ഇവിടെ ആരെങ്കിലും വേണ്ടേ. എല്ലാവരും രാവിലെ സ്വർണ്ണം എടുക്കാൻ പൊവ്വല്ലേ… അതു കേട്ട ദിവാകരൻ പറഞ്ഞു…
“ഞാൻ വരുന്നില്ല നാളെ. സ്വർണ്ണം എടുക്കാനും മറ്റുള്ളതിനും. ഞാൻ നോക്കിക്കൊള്ളാം എല്ലാം…. അതു കേട്ട ശിവരാമൻ നായർ പറഞ്ഞു….
“അതു വേണ്ട. ഞാൻ ഇവിടെ നിന്നോളാം. നീ ഇവരുടെ കൂടെ പൊക്കോ.. എനിക്ക് വയ്യ  അത്രയും നേരം അവിടെയെല്ലാം നിൽക്കാൻ… നീയുണ്ടല്ലോ ഇപ്പൊ എല്ലാത്തിനും… പിന്നെ ലക്ഷ്മിയായോട് പറഞ്ഞു… “ലക്ഷ്മീ.. നാളെ സ്വർണ്ണവും ഡ്രസ്സും എല്ലാം എത്ര എടുക്കണം ആർക്കൊക്കെ എടുക്കണം എന്നുള്ളതിന്റെ ഒരു ലിസ്റ്റ് എല്ലാവരും കൂടി തയ്യാറാക്കി കൊള്ളൂ… പിന്നെ അച്ചുമോളുടെ അച്ഛന് ഡ്രസ്സ് എടുക്കേണ്ട കാര്യം മറക്കരുത്.. അതു പോലെ, കണ്ണാ… ജോലിക്കാർക്ക് എല്ലാവർക്കും ഡ്രസ്സ് എടുക്കണം അതും മറക്കരുത്..
“ശരിയച്ചാ…….
“എന്നാ എല്ലാവരും പോയി കിടന്നോളൂ. രാവിലെ പണിയെല്ലാം തീർത്തു പോവ്വാനുള്ളതല്ലേ. ലക്ഷ്മീ കുടിക്കാൻ കുറച്ചു വെള്ളം ഇങ്ങോട്ടെടുക്കാ. മഴ പെയ്തത് കൊണ്ടാണെന്ന് തോന്നുന്നു വല്ലാത്ത ഉഷ്ണം. ഭൂമി ശരിക്കും നനഞ്ഞിട്ടില്ല്യ……….
“എല്ലാവരും കിടക്കാൻ പോകാൻ നിൽക്കുമ്പോഴാണ്. അച്ചു ലക്ഷ്മിയമ്മയോട് സ്വരം താഴ്ത്തി ചോദിച്ചത്…
“അമ്മാ.. ഞാൻ ഇന്ന് അമ്മയുടെ കൂടെ കിടന്നോട്ടെ..
“അതിനെന്താ ഇത്ര ചോദിക്കാൻ. മോളുടെ അമ്മയല്ലേ… നീ ഇന്ന് ശരിക്കും അമ്മയുടെ കൂടെ തന്നെയാണ് കിടക്കേണ്ടത്. നീ ചോദിച്ചില്ലങ്കിലും ഞാൻ അവിടെയെ നിന്നെ ഇന്ന് കിടത്തൂ. ഒരു പാട് കാലത്തിന് ശേഷമല്ലേ മോള് അമ്മയുടെ കൂടെ കിടക്കുന്നത്. അപ്പൊ മോളോട് അമ്മക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ടാകും. മോൾക്ക്‌ തിരിച്ചും…… അതു കേട്ടതും അച്ചുവിന് സന്തോഷായി… അവൾ രേവതിയുടെ കൂടെ കിടക്കാൻ റൂമിലോട്ട് പോയി…
രേവതി അച്ചുവിനെ കെട്ടിപിടിച്ചു കിടന്നു. അവൾ ആ അമ്മയുടെ കാരവലയത്തിൽ ഒരു കുഞ്ഞു കിടക്കും പോലെ കിടന്നു.. അപ്പോഴാണ് രേവതി അച്ചുവിന്റെ കയ്യിൽ ലക്ഷ്മിയമ്മ ഇട്ട വള കണ്ടത് രേവതി വളയിൽ പിടിച്ചു കൊണ്ട് ചോദിച്ചു…
“ഇത് എവിടന്നാ.. മോള് വാങ്ങിയതാണോ…
“അല്ല.. ഇവിടത്തെ അമ്മയിട്ടതാണ്. അമ്മയും അച്ഛനും വിവാഹത്തിന് സമ്മതിച്ച അന്ന്… അതു കേട്ട രേവതി അച്ചുവിന്റെ മുടിയിഴകൾ മാടി ഒതുക്കി കൊണ്ട് പറഞ്ഞു…
“മോള് ഭാഗ്യവതിയാണ്. ഇത്രയും സ്നേഹമുള്ള ഒരു കുടുംബം ഞാൻ വേറെ കണ്ടിട്ടില്ല. വലിയ മനസ്സാണ് ഇവിടെ ഉള്ള എല്ലാവർക്കും. അമ്മ ഒട്ടും പ്രദീക്ഷിച്ചതല്ല. ഇവർ ഇത്രയും വലിയ തറവാട്ടുകാരാണെന്നു…”
“ഇവിടെയുള്ള എല്ലാവരും വളരെ സ്നേഹമുള്ളവരാണ് അമ്മേ.. ഇവിടത്തെ അമ്മക്കും അച്ഛനും ഞാൻ മോളെ പോലെയാണ്..എന്തൊരു സ്നേഹമാണ് എല്ലാവർക്കും എന്നോടന്നറിയോ..”
“അത് അമ്മക്ക് മനസ്സിലായി..
“അമ്മ ഇനി തിരിച്ചു പോകുന്നുണ്ടോ. അമ്മക്കിനി ഇവിടെ നിന്നുകൂടെ. ഞാൻ എത്ര ആഗ്രഹിക്കുന്നുണ്ട് എന്നറിയോ അച്ഛന്റെയും അമ്മയുടെയും കൂടെ കഴിയാൻ.. അതു പറഞ്ഞു തീർന്നപ്പോഴേക്കും അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..
“ഇല്ല അമ്മ ഇനി പോകുന്നില്ല. അവിടെയുള്ള എല്ലാം അവസാനിപ്പിച്ചാണ് അമ്മ വന്നത്. ഇനിയുള്ള കാലം എനിക്ക് നിന്നെ സ്നേഹിച്ചു ഇവിടെ എവിടെയെങ്കിലും കഴിയണം. ഇത്രയും കാലം നിന്നെ വേദനിപ്പിച്ചതിനെല്ലാം എനിക്ക് പ്രായക്ഷിതം ചെയ്യണം. അതു കേട്ടതും അച്ചുവിന്റെ സന്തോഷത്തിന് അതിരില്ലാതെയായി അവൾ അമ്മയുടെ നെറ്റിയിലും കവിളിലും എല്ലാം ഉമ്മവെച്ചു…
പിന്നെ കുറച്ചു നേരത്തെ മൗനത്തിനു ശേഷം രേവതി ചോദിച്ചു.. “മോളുടെ അച്ഛൻ വിളിക്കുമ്പോൾ എന്നെ കുറിച്ചു സംസാരിക്കാറുണ്ടോ…?.. അതു ചോദിക്കുമ്പോൾ ആ കണ്ണുകൾ കുറച്ചു നിറഞ്ഞിരുന്നു… അതു കണ്ട അച്ചു പറഞ്ഞു..
“ചോദിക്കാറുണ്ട്.. വിവാഹം ഉറപ്പിച്ചതിനു ശേഷം അച്ഛൻ ഇപ്പൊ എല്ലാ ദിവസവും എന്നെ വിളിക്കാറുണ്ട്.. പിന്നെ നിറഞ്ഞ കണ്ണോടെ തേങ്ങി കൊണ്ട് പറഞ്ഞു…
“എന്തിനാ അമ്മ നിങ്ങൾ പിരിഞ്ഞത്. എനിക്ക് ആരും ഇല്ലാതെ ആക്കിയത്. ഇനിയെങ്കിലും അച്ഛനും അമ്മക്കും ഒരുമിച്ചു ജീവിച്ചൂടെ എനിക്ക് വേണ്ടി… അതു കേട്ടതും രേവതി നിറഞ്ഞ കണ്ണോടെ കാണ്ഡം ഇടറി കൊണ്ട് അവളെ കെട്ടി പിടിക്കുക മാത്രമാണ് ചെയ്തത്. അതിൽ നിന്നും അച്ചുവിന് മനസ്സിലായി അമ്മ ഇപ്പോഴും അച്ഛനെ സ്നേഹിക്കുന്നുണ്ട് എന്ന്. അതിനുള്ള തെളിവ് അച്ഛൻ കെട്ടിയ താലിയായി  അമ്മയുടെ കഴുത്തിൽ കിടക്കുന്നുണ്ടായിരുന്നു…………………..
വിവാഹത്തിന് സ്വർണ്ണവും ഡ്രസ്സും എല്ലാം എടുത്തു ചിറക്കൽ തറവാടിന്റെ മുറ്റത്ത് പന്തലൊരുങ്ങി. മുറ്റത്തു കാതിർമണ്ഡപത്തിന്റെ പണി നടക്കുന്നു. വിവാഹത്തെ വരവേൽക്കാൻ അവിടെയുള്ള എല്ലാവരുടെയും മനസ്സൊരുങ്ങി.. കണ്ണനും അനികുട്ടനും ഓരോ കാര്യങ്ങൾക്ക് വേണ്ടി ഓടി നടക്കുന്നു. രേവതി ഇപ്പോൾ എല്ലാ അർത്ഥത്തിലും ചിറക്കൽ തറവാട്ടിലെ ഒരു അംഗമായി… ഇനി വിവാഹത്തിന് രണ്ട് നാളുകൾ മാത്രം.. വിവാഹത്തിന്റെ തലേന്നിന്റെ തലേ ദിവസം രാവിലെ കണ്ണനും അച്ചുവും ഏർപോർട്ടിലേക്ക് അച്ചുവിന്റെ അച്ഛനെ കൂട്ടാൻ പോയി..
#തുടരും…
Read complete സ്‌നേഹവീട് Malayalam online novel here
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply