Skip to content

സ്‌നേഹവീട് part 7 | Malayalam novel

read malayalam novel
അച്ഛനും അമ്മയും കണ്ണന് വേണ്ടി കണ്ടു വെച്ചിരിക്കുന്ന കുട്ടി അച്ചുവാണെന്നു കേട്ട കണ്ണൻ ഒന്നും മിണ്ടാതെ കണ്ണും മിഴിച്ചു നിൽക്കുന്നത് കണ്ട് ശിവരാമൻ നായർ ചോദിച്ചു…
“നീ എന്താ ഒന്നും മിണ്ടാത്തത്. നിനക്കിഷ്ടമല്ലേ അച്ചുവിനെ…?”
“അത് അച്ഛാ ഞാൻ ഇപ്പൊ എന്താ പറയാ. അച്ചുവിനെയാണ് അച്ഛനും അമ്മയും എനിക്ക് വേണ്ടി കണ്ട് വെച്ചിരിക്കുന്നത് എന്ന് അച്ഛൻ പറഞ്ഞപ്പോൾ എനിക്ക് പെട്ടന്നത് ഉൾക്കൊള്ളാൻ പറ്റിയില്ല. ഈ നിമിഷം വരെ എനിക്ക് അച്ചു നമ്മുടെ അപ്പുവിനെ പോലെ ആയിരുന്നു. ഇനി അത് മാറ്റി ചിന്തിക്കണമെന്നോർക്കുമ്പോൾ എന്തോ എനിക്ക്. അച്ഛാ എനിക്ക് ഒരു രണ്ട് ദിവസത്തെ സമയം അച്ഛൻ തരണം. അത് എന്തിനാണെന്ന് അച്ഛൻ എന്നോട് ചോദിക്കരുത്. അച്ഛൻ അതു ചോദിച്ചാൽ അതെന്തിനാണെന്നു എനിക്കും അറിയില്ല. ഇത്രയും കാലം എന്റെ മനസ്സിൽ ആതിരയുടെ ഓർമകളായിരുന്നു. അതൊക്കെ ഞാൻ ഒന്ന് മറന്നു വരികയായിരുന്നു. ഇപ്പൊ അച്ഛൻ എന്റെ വിവാഹക്കാര്യം പറഞ്ഞപ്പോൾ. അതെല്ലാം വീണ്ടും എന്റെ മനസ്സിലോട്ട് കടന്നു വന്നു. എനിക്കറിയാം അവൾ ഒരിക്കലും തിരിച്ചു വരില്ല എന്ന്. ഞാൻ അച്ഛന്റെയും അമ്മയുടെയും വാക്ക് ധിക്കരിക്കല്ല. എനിക്ക് എല്ലാത്തിനെക്കാളും വലുത് നിങ്ങളാണ്. ഞാൻ ഒരിക്കലും നിങ്ങളെ ആരെയും വിഷമിപ്പിക്കില്ല. നിങ്ങളുടെ എല്ലാവരുടെയും ആഗ്രഹം പോലെ ഞാൻ അച്ചുവിനെ തന്നെ വിവാഹം കഴിക്കാം. പക്ഷെ എനിക്ക് കുറച്ചു സമയം കൂടി നിങ്ങൾ തരണം. അച്ഛനെന്റെ മാനസികാവസ്ഥ മനസ്സിലാക്കണം…”
മകന്റെ നിസഹായവസ്ഥയും വിഷമവും കണ്ട ശിവരാമൻ നായർക്ക് അവനോട് സഹതാപം തോന്നി. അദ്ദേഹം അവന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
“മോനേ നിന്റെ വിഷമം അച്ഛന് മനസ്സിലാകും. നീ ഇങ്ങനെ വിവാഹവും കഴിക്കാതെ മരിച്ചു പോയ ഒരു പെണ്കുട്ടിയുടെ ഓര്മയുമായി നടക്കുമ്പോൾ നിന്നെക്കാളും കൂടുതൽ വേദനിക്കുന്നത് ഞങ്ങളുടെ മനസ്സാണ്. ശരി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് പറഞ്ഞാൽ മതി. നിനക്ക് വിവാഹത്തിന് സമ്മതമായ സ്ഥിതിക്ക് എനിക്കെന്നാ അച്ചുവിന്റെ അച്ഛനോടും അമ്മയോടും ഈ കാര്യങ്ങൾ ഇന്ന് തന്നെ അവതരിപ്പിക്കാല്ലോ അല്ലെ…?”
“അത് ഇപ്പൊ തന്നെ വേണ്ടച്ചാ.. നാളെ അമ്പലത്തിലെ ഉത്സവമല്ലേ അതു കഴിഞ്ഞിട്ട് സാവധാനം. സംസാരിക്കാം അപ്പോഴത്തിനു എന്റെ ഈ മൂഡ്‌ ഒന്നു മാറുകയും ചെയ്യും….'”
“എന്നാ അങ്ങനെ ആയിക്കൊട്ടെ. നിനക്ക് അച്ചുവിനോട് ഇഷ്ട്ടക്കുറവൊന്നും ഇല്ലല്ലോ. അല്ലെ. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം മാത്രം നോക്കിയാൽ പോരാ. നിനക്കാണ് ആദ്യം ഇഷ്ടപ്പെടേണ്ടത്. നിങ്ങളാണ് ഒരുമിച്ചു ജീവിക്കേണ്ടത് അതിന് ആദ്യം നിങ്ങൾ മനസ്സ് കൊണ്ട് ഒരുമിക്കണം. അതാണ് വേണ്ടത് “.
“എനിക്ക് ഇഷ്ട്ട കുറവൊന്നുമില്ല. പക്ഷെ പെട്ടന്ന് അച്ഛൻ അവളെയാണ് എനിക്ക് ആലോചിച്ച പെണ്ണന്ന് പറഞ്ഞപ്പോൾ എനിക്കെന്തോ പെട്ടന്ന് അവളെ അങ്ങു ഉൾക്കൊള്ളാൻ പറ്റുന്നില്ല…”
“അത്രെയെ ഒള്ളോ..അതു സാരമില്ല രണ്ടു ദിവസം നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നവരാണ് എന്ന രീതിയിൽ സംസാരിച്ചു നടന്നു മനസ്സിനെ അങ്ങു പറഞ്ഞു പഠിപ്പിച്ചാൽ മതി. അപ്പൊ ആ ചിന്ത മാറും. കാലത്തിന് മായിക്കാൻ പറ്റാത്ത മുറിവൊന്നും ഇല്ലടാ ഈ ഭൂമിയിൽ. നീ ആദ്യം അച്ചു മോളോട് മനസ്സു തുറന്നു ഒന്നു സംസാരിക്ക്. അപ്പൊ നിന്റെ മനസ്സിൽ കെട്ടി കിടക്കുന്ന മനപ്രയാസമെല്ലാം മാറും. അച്ചു നല്ല കുട്ടിയാടാ. നിനക്ക് നന്നായി ചേരും. ജന്മം നൽകിയവരിൽ നിന്ന് ഒരിറ്റ് സ്നേഹം കിട്ടാതെ സ്നേഹം കൊതിച്ചു, ഒരിറ്റ് സ്നേഹത്തിനും വേണ്ടി നമ്മുടെ അടുത്തേക്ക് ഓടിവന്ന കുഞ്ഞാണവൾ. നീ ആ കുട്ടിക്ക് ഒരു ജീവിതം കൊടുത്താൽ. നീ ഈ ജന്മത്തിൽ ചെയ്യുന്ന ഏറ്റവും വലിയ പുണ്യമായിരിക്കും അത്. അത്രക്കും പാവം കുട്ടിയാണവൾ. കളങ്കമില്ലാത്ത മനസ്സാണ് ആ കുഞ്ഞിന്റേത്. ഈ ചുരുങ്ങിയ ദിവസം കൊണ്ട് ഞാനും നിന്റെ അമ്മയും അതിന്റെ മനസ്സ് അത്രക്കും മനസ്സിലാക്കിയിട്ടുണ്ട്. അച്ചുവിനെ പോലെ സ്നേഹമുള്ള വേറെ ഒരു കുട്ടിയെ നമുക്കിനി ഒരിക്കലും കിട്ടില്ല. എല്ലാ അർത്ഥത്തിലും നമ്മുടെ കുടുംബത്തിന് ചേർന്ന കുഞ്ഞാണവൾ. കണ്ണാ.. നമ്മുടെ ജീവിതം കൊണ്ട് വേറെ ഒരാളുടെ കണ്ണീരൊപ്പി അവർക്കൊരു തണലായി കൂടെ നിൽക്കുമ്പോഴാണ്. നമ്മുടെ ജീവിതത്തിന് ഒരു അർത്ഥമുണ്ടാകൂ, മനസ്സിലായോ…?”
അച്ഛന്റെ ആ വാക്കുകൾ കണ്ണന്റെ മനസ്സിൽ ആഴത്തിൽ പതിക്കുകയായിരുന്നു. അച്ഛന്റെ വാക്കുകളിൽ കൂടി തന്നെ കണ്ണന്റെ മനസ്സിൽ ആതിരയുടെ സ്ഥാനത്ത് അച്ചുവിന്റെ മുഖം പതിയെ പതിഞ്ഞു തുടങ്ങിയിരുന്നു. അച്ഛൻ പറഞ്ഞത് ശരിയാണ്. നമ്മുടെ ജീവിതം കൊണ്ട് മറ്റൊരാളുടെ കണ്ണീരൊപ്പി അവർക്കൊരു തണലായി നീക്കുമ്പോൾ തന്നെയാണ് നമ്മുടെ ജീവിതത്തിനു ഒരു അർത്ഥമുണ്ടാകൂ.. കണ്ണൻ പതിയെ അച്ചുവിനെ ഉൾക്കൊള്ളാൻ അവന്റെ മനസ്സിനെ പാകപ്പെടുത്താൻ തുടങ്ങി. ശിവരാമൻ നായർ തുടർന്ന്…
“അച്ഛന് സന്തോഷായി മോനെ. മനസ്സ് നിറഞ്ഞു… നീ വിവാഹത്തിന് സമ്മതിച്ചു എന്ന് നിന്റെ അമ്മ അറിയുമ്പോൾ അവൾക്ക് എന്ത് മാത്രം സന്തോഷാവുമെന്നറിയോ. അത്രക്കും വഴിപാടും പൂജയും പ്രാർത്ഥനയുമായി നടന്നിട്ടുണ്ടവൾ, നീ ഒന്നു സമ്മതിക്കാൻ വേണ്ടി. ഈ സന്തോഷ വാർത്ത കേൾക്കാൻ വേണ്ടി നമ്മുടെ വരവും കാത്ത് ഇപ്പൊ അമ്മയും അപ്പുവും അച്ചുവും ഉമ്മറത്ത് കാത്തു നിൽക്കുന്നുണ്ടാവും…” ശിവരാമൻ നായർ മനസ്സു നിറഞ്ഞ സന്തോഷത്താലെ ചിരിച്ചു കൊണ്ട് പറഞ്ഞു.. അച്ഛന്റെ സന്തോഷം കണ്ട കണ്ണന്റെ മനസ്സും നിറഞ്ഞു. കാരണം അവൻ അത്രക്കും അച്ഛനെ സ്നേഹിക്കുന്നുണ്ടായിരുന്നു. അവന്റെ ജീവിതത്തിൽ അച്ഛന്റെയും അമ്മയുടെയും അപ്പുവിന്റെയും സന്തോഷമായിരുന്നു അവന് ഏറ്റവും വലുത്……………
മുറ്റത്തു നിന്നും കാറിന്റെ ഹോണടി ശബ്ദം കേട്ടതും ലക്ഷ്മിയമ്മയും അപ്പുവും അച്ചുവും ഉമ്മറത്തേക്ക് ഓടിവന്നു. കണ്ണൻ എന്തായിരിക്കും ശിവരാമൻ നായരോട് പറഞ്ഞത് എന്നറിയാൻ വേണ്ടി. ശിവരാമൻ നായരും കണ്ണനും കാറിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് നടന്നു വരുന്നത് കണ്ട അച്ചു, ഉമ്മറത്ത് നിന്നും പതിയെ അകത്തേക്ക് നടന്നു, പടിഞ്ഞാറ്റിനി കോലായിടെ വാതിലിന് പിറകിൽ നിന്നു ഉമ്മറത്തേക്ക് നോക്കി . അവളുടെ മനസ്സ് പിടക്കുന്നുണ്ടായിരുന്നു. എന്തായിരിക്കും കണ്ണേട്ടൻ അച്ഛനോട് പറഞ്ഞിട്ടുണ്ടാവുക എന്നാലോചിച്ചു. അവൾ മനമുരുകി പ്രാർത്ഥിച്ചു കണ്ണേട്ടന് അവളെ വിവാഹം കഴിക്കാൻ സമ്മതമാണ് എന്ന വാർത്ത കേൾക്കാൻ വേണ്ടി. കാരണം കുറച്ചു മണിക്കൂറുകൾ കൊണ്ട് അവൾ അത്രക്കും കണ്ണനെ സ്നേഹിച്ചിരുന്നു… ഉമ്മറത്തേക്ക് കയറി വന്ന ശിവരാമൻ നായർ അച്ചുവിനും അപ്പുവിനും വാങ്ങിയ ജിലേബി അപ്പുവിന്റെ കയ്യിൽ കൊടുത്തു. ജുബ്ബയൂരി ലക്ഷ്മിയമ്മയുടെ കയ്യിൽ കൊടുത്തു ചാരുകസേരയിൽ ഇരുന്നു കൊണ്ട് അപ്പുവിനോട് പറഞ്ഞു…
“മോളേ അച്ഛന്റെ ആ വിശറി ഒന്നിങ്ങെടുത്തെ…” അപ്പു വിശറിയെടുത്തു അച്ഛന് കൊടുത്തു… ഇനി മോള് പോയി അച്ഛന് കുടിക്കാൻ കുറച്ചു വെള്ളമെടുത്തോണ്ടുവാ… അപ്പു അച്ഛന് കുടിക്കാൻ വെള്ളമെടുക്കാൻ അടുക്കളയിലോട്ടു പോയി..
കണ്ണൻ വീട്ടിലോട്ട് വിളക്കിലൊഴിക്കാൻ വാങ്ങിയ എണ്ണയും തിരിയും അമ്മയുടെ കയ്യിൽ കൊടുത്തു ഒന്നും മിണ്ടാതെ ഉമ്മറത്ത് നിന്നും പടിഞ്ഞാറ്റിനി കോലായിലോട്ടു കടന്നതും വാതിലിന് പിറകിൽ നിന്നിരുന്ന അച്ചുവിനെ അവൻ കണ്ടു. അച്ചു ഒരിക്കലും പ്രതീക്ഷിച്ചതല്ല കണ്ണൻ നേരെ അങ്ങോട്ട് വരുമെന്ന്. കണ്ണൻ അവൾക്ക് ഒരു വിളറിയ പുഞ്ചിരിയും സമ്മാനിച്ചു നേരെ അവന്റെ റൂമിലോട്ട് നടന്നു. കണ്ണൻ അവളോട് ഒന്നും മിണ്ടാതെ പോകുന്നത് കണ്ട അവൾക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപ്പോഴാണ് അമ്മ ഉമ്മറത്ത് നിന്നും അച്ഛനോട് ചോദിക്കുന്നത് അച്ചു കേട്ടത്…
“എന്താ കണ്ണൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയത്. നിങ്ങൾ അവനോട് സംസാരിച്ചില്ലേ…?” അപ്പു അപ്പോഴേക്കും അച്ഛന് കുടിക്കാനുള്ള വെള്ളവുമായി വന്നു. ശിവരാമൻ നായർ അപ്പുവിന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു കൊണ്ട് പറഞ്ഞു…
“സംസാരിച്ചു…”
“എന്നിട്ട് അവൻ എന്തു പറഞ്ഞു? . അവൻ വിവാഹത്തിന് സമ്മതിച്ചോ?” . ലക്ഷ്മിയമ്മ വേവലാതിയോടെ മുഖത്തെ വിയർപ്പുകണങ്ങൾ സാരി തുമ്പ് കൊണ്ട് തുടച്ചു ആകാംക്ഷയോടെ ചോദിച്ചു…
“സമ്മതിച്ചു…”അതു കേട്ട ലക്ഷ്മിയമ്മ ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് ഈശ്വരന്മാർക്ക് നന്ദി പറഞ്ഞു. ഏട്ടൻ ഏട്ടൻ വിവാഹത്തിന് സമ്മതിച്ചൂന്നു കേട്ടതും അപ്പുവിന്റെ സന്തോഷത്തിന് അതിരില്ലായിന്നു. അവൾ സന്തോഷം കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.
കണ്ണേട്ടൻ വിവാഹത്തിന് സമ്മതമാണ് എന്ന് അച്ഛനോട് പറഞ്ഞു എന്ന് അച്ഛൻ അമ്മയോട് പറയുന്നത്, പടിഞ്ഞാറ്റിനി കോലായിടെ വാതിലിന് പിറകിൽ നിന്ന അച്ചു കേട്ടതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി. അവൾ പൂജാമുറിക്കു നേരെ തിരിഞ്ഞു നിന്നു കൈ കൂപ്പി ദൈവങ്ങളോട് മനമുരുകി നന്ദി അറിയിച്ചു. അവളുടെ കണ്ണുകളിലെ സന്തോഷം കൊണ്ടുള്ള ജലപ്രവാഹം നിൽക്കുന്നില്ലായിരുന്നു. അത്രക്കും അവൾ കണ്ണനെ സ്നേഹിക്കുന്നുണ്ടായിരുന്നു. പക്ഷെ കണ്ണൻ അവളോട് ഒന്നും മിണ്ടാതെ അകത്തോട്ട് പോയതിന്റെ നീറ്റൽ അപ്പോഴും അവളുടെ നെഞ്ചിലുണ്ടായിരുന്നു… അമ്മ വീണ്ടും അച്ഛനോട് ചോദിച്ചു…
“വിവാഹത്തിന് അവന് സമ്മതമായിട്ടും എന്താ അവന്റെ മുഖത്ത് ഒരു തെളിച്ചമില്ലാത്തത്. അച്ചുവിനെ അവന് ഇഷ്ടപെട്ടില്ലേ…?”
“അച്ചുമോളെ വിവാഹം കഴിക്കുന്നതിൽ അവന് സമ്മതക്കുറവൊന്നും ഇല്ല്യ. അത് അവൻ എന്നോട് പറയുകയും ചെയ്തു. ഞാൻ പെട്ടെന്ന് അച്ചുമോളെയാണ് അവനു വേണ്ടി ആലോചിച്ചതെന്ന് പറഞ്ഞപ്പോൾ അവനത് പെട്ടന്ന് ഉൾക്കൊള്ളാൻ പറ്റിയില്ല. അവന്റെ മനസ്സിൽ നിന്നും ആ മരിച്ച കുട്ടിയുടെ ഓർമകൾ പൂര്ണമായിട്ടും പോയിട്ടില്ല്യ. അത് കൊണ്ടാണ്. അല്ലാതെ വിവാഹത്തിന് അവന് സമ്മതക്കുറവൊന്നും ഇല്ല്യ…”
“ഹാവൂ സമാധാനമായി. ഞാൻ പേടിച്ചിരിക്കായിരുന്നു അവൻ എന്തു പറയും എന്നാലോചിച്ച്… ഇത്രയും സമയത്തിനുള്ളിൽ ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല്യ. എന്നാ നമുക്ക് ഇപ്പൊ തന്നെ അച്ചുവിന്റെ അച്ഛനെയും അമ്മയെയും വിളിച്ചു സംസാരിച്ചാലോ….?”
“വരട്ടെ.. രണ്ട് ദിവസം കഴിഞ്ഞിട്ട് സംസാരിക്കാം. എന്തായാലും വിവാഹത്തിന് അവന് സമ്മതമാണെന്നു അവൻ പറഞ്ഞല്ലോ. അച്ചുവിനും സമ്മതമാണ്. ഇത്രയും ദിവസം മക്കള് തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നവരാണെന്നുള്ള രീതിയിൽ അല്ലല്ലോ അവർ രണ്ടാളും ഇടപഴകിയത്. രണ്ട് ദിവസം അവർ രണ്ടാളും വിവാഹം കഴിക്കാനുള്ളർ എന്ന രീതിയിൽ സംസാരിച്ചു നടക്കട്ടെ അപ്പൊ അവന്റെ മനസ്സിലെ ആ ഓർമകളും അങ്ങു മാഞ്ഞോളും…”
“ശരിയാണ്. അവർ രണ്ടാളും മനസ്സ് തുറന്നൊന്നു സംസാരിക്കട്ടെ….” അച്ചുവിനെ അവിടെയൊന്നും കാണാഞ്ഞപ്പോൾ ശിവരാമൻ നായർ അപ്പുവിനോട് ചോദിച്ചു..
“അപ്പൂ… അച്ചു എവിടെ.. ? “
“അവൾ അകത്തുണ്ട് നാണം കൊണ്ടായിരിക്കും ഇങ്ങോട്ട് വരാത്തത്. വിവാഹപെണ്ണല്ലേ അവൾ. ഞാൻ വിളിച്ചോണ്ട് വരാം..” അപ്പു ആവേശത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു..
“എന്തിനാ നാണിക്കുന്നെ. നീ അവളെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നേ. മോളേ അച്ചൂ ഇങ്ങോട്ട് വന്നേ..” ശിവരാമൻ നായർ അകത്തേക്ക് നോക്കി വിളിച്ചു. “അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ വിളിച്ചോണ്ട് വരാം എന്റെ മോളെ “. ശിവരാമൻ നായർ ചാരുകസേരയിൽ നിന്നും എണീറ്റ്‌ പടിഞ്ഞാറ്റിനി കോലായിലോട്ടു കടന്നതും, അവിടെ നിൽക്കുന്ന അച്ചുവിനെ കണ്ട ശിവരാമൻ നായർ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…
“മോള് ഇവിടെ നിൽക്കായിരുന്നോ. മോളിപ്പോ ഇവിടത്തെ കുട്ടിയാണ്. നീയിപ്പോ ഞങ്ങളുടെ കണ്ണന്റെ പെണ്ണാണ്. സന്തോഷായില്ലേ മോൾക്ക്‌ ? “. അതു കേട്ട അവൾ ശിവരാമൻ നായരുടെ നെഞ്ചിൽ അമർന്നു നിന്നു സന്തോഷ കണ്ണീർ പൊലിച്ചു. ശിവരാമൻ നായർ ആ കണ്ണുകൾ തുടച്ചു , അവളേയും ചേർത്തു പിടിച്ചു ഉമ്മറത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു. “ഇനി എന്റെ മോൾക്ക്‌ ഒരിക്കലും കരയേണ്ടി വരില്ലട്ടൊ. ഇനി എല്ലാം അച്ഛൻ നോക്കിക്കൊള്ളാം. ലക്ഷ്മീ നീ കണ്ണനെ കുറിച്ചു എല്ലാം പറഞ്ഞില്ലേ മോളോട്. കണ്ണന് ഒരു കുട്ടിയെ ഇഷ്ടമായിരുന്നതും ആ കുട്ടി മരിച്ചതും എല്ലാം…”
“അതൊക്കെ നേരത്തെ തന്നെ ഇവൾ അവളോട് പറഞ്ഞിരുന്നു. അതൊക്കെ മനസ്സിലാക്കിയിട്ടു തന്നെയാണ് അവൾ വിവാഹത്തിന് സമ്മതിച്ചത്..”
“നന്നായി. എല്ലാം വിവാഹത്തിന് മുന്നേ തന്നെ മനസ്സിലാക്കണം. എന്നാലേ നമുക്ക് കളങ്കമില്ലാത്ത ഒരു മനസ്സു കൊണ്ട് മറ്റുള്ളവരെ സ്നേഹിക്കാനും ഉൾക്കൊള്ളാനും പറ്റുകയുള്ളൂ. മോള് ഒന്നു കൊണ്ടും വിഷമിക്കണ്ടട്ടൊ. അമ്പലത്തിലെ ഉത്സവം ഒന്ന് കഴിയട്ടെ. അച്ഛൻ വിളിച്ചു സംസാരിച്ചോളാം മോളുടെ അച്ഛനോടും അമ്മയോടും. അവരുടെയും കൂടി സമ്മതം അറിഞ്ഞാൽ അടുത്ത മുഹൂർത്തത്തിൽ നിങ്ങളുടെ വിവാഹമാണ് “. അതു കേട്ട അച്ചുവിന്റെ മുഖത്ത് ഒരു നാണവും മന്ദഹാസവും നിറഞ്ഞു… അപ്പോഴാണ് അതിനിടയിൽ കയറി കൊണ്ട്. അപ്പു ചോദിച്ചത്….
“അപ്പൊ ഞങ്ങളുടെ പഠിപ്പും എക്‌സാമും ഒക്കെയോ…?”
“അതു വിവാഹം കഴിഞ്ഞാലും പഠിക്കാല്ലോ. അല്ലെ മോളേ..?” അതു കേട്ട അച്ചു നാണത്തോടെ ചിരിച്ചു കൊണ്ട് അമ്മയെയും അപ്പുവിനെയും നോക്കി…
“എന്റെ മോളിങ്ങു വന്നേ..” ലക്ഷ്മിയമ്മ അച്ചുവിനെ അടുത്തേക്ക് വിളിച്ചു. അവൾ അടുത്തേക്ക് വന്നതും ലക്ഷ്മിയമ്മ കയ്യിലെ ഒരു വളയൂരി അവളുടെ കയ്യിൽ ഇട്ട് കൊടുത്തു, അവളുടെ നെറുകയിൽ ചുംബിച്ചു. അമ്മയുടെ സ്നേഹ ചുംബനമേറ്റത്തും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
“ഇനി നീ എന്റെ കണ്ണന്റെ പെണ്ണാണ്. എന്റെ മരുമകളും മകളും ആണ് “. അതും കൂടി കേട്ടതും നിറഞ്ഞു നിന്നിരുന്ന അവളുടെ കണ്ണുകൾ തൂവിയൊലിച്ചു. അമ്മ ആ കണ്ണുകൾ തുടച്ചു കൊണ്ട് നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…
“മതി കരഞ്ഞത് അമ്മേടെ മോള്. ഇനിയൊന്നു ചിരിച്ചേ, ചിരിക്കാൻ. ഇനി കരഞ്ഞാലെ നല്ല അടി കിട്ടും എന്റടുത്തൂന്ന്.. ങ്ങാ…” ലക്ഷ്മിയമ്മ അച്ചുവിന്റെ താടക്ക് പിടിച്ചു പൊക്കിക്കൊണ്ട് പറഞ്ഞു. അച്ചു നിറഞ്ഞ കണ്ണുകളോടെ ലക്ഷ്മിയമ്മയുടെ മാറിൽ ചാരിനിന്നു ചിരിച്ചു കൊണ്ട് അച്ഛനെയും അപ്പുവിനെയും നോക്കി. അതു കണ്ട അവർക്കും ചിരിവന്നു. അപ്പു ചിരിച്ചു കൊണ്ട് അമ്മയെയും അച്ചുവിനെയും കെട്ടി പിടിച്ചു.. അപ്പു അച്ചുവിനെ അമ്മയുടെ ദേഹത്ത് നിന്നും അടർത്തി മാറ്റി, അവളുടെ നേരെ തിരിച്ചു നിർത്തി കൊണ്ട് കുറച്ചു ഗൗരവത്തിൽ പറഞ്ഞു…
“അതേ നാത്തൂനെ ഇതിനെല്ലാം എനിക്ക് ചിലവ് വേണം. നിനക്ക് എന്റെ ഏട്ടനെ കിട്ടാൻ കാരണം ഞാനാ. ഇങ്ങോട്ട് വരുന്നില്ലാന്നു പറഞ്ഞിരുന്ന നിന്നെ ഞാനാണ് ഇങ്ങോട്ട് വലിച്ചു കൊണ്ട് വന്നേ. നിനക്ക് ഞാൻ ഒരു ലോക്കൽ ആളെയൊന്നും അല്ല ഒപ്പിച്ചു തന്നെ. ഒരു IAS കാരനെയാ. അതും ഈ നാടിന് വരാൻ പോകുന്ന ഒരു സബ്കളക്ടറെ.. അതു കൊണ്ട് കുറച്ചു വലിയ ചിലവ് തന്നെ വേണം. കേട്ടല്ലോ..” അതു കേട്ട അച്ഛൻ പറഞ്ഞു…
“കൊടുത്തേക്കു മോളേ അല്ലെങ്കിൽ അവൾ തന്നെ ഈ വിവാഹം മുടക്കും. അത്രക്കും ഭയങ്കരിയാണവൾ…”
“ആഹാ… ഞാൻ ഭയങ്കരിയാണല്ലേ. അച്ഛനും തരണം ചിലവ്. കണ്ണേട്ടന് നല്ല തുമ്പ പൂവ് പോലത്തെ ഇവളെ കൊണ്ടു തന്നതിന്. ഇവളെ ഞാൻ ഇവിടെ കൊണ്ടു വന്നിരുന്നില്ലെങ്കിലെ കണ്ണേട്ടൻ ഇപ്പോഴും വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു…”
“ആയിക്കോട്ടെ തരാം. നിനക്കിപ്പോ എന്താ വേണ്ടത്…?%
“അത്ര വലുതായിട്ടൊന്നും വേണ്ട ഒരു വജ്രത്തിന്റെ മോതിരം. അതു മതി..”
“എടീ ഭയങ്കരീ നീ ആള് കൊള്ളാമല്ലോ. നീ എന്നോടും വില പേശി തുടങ്ങിയോ. ആ സാരല്ല്യാ. മോതിരം എങ്കിൽ മോതിരം. രണ്ടാൾക്കും മേടിച്ചു. തരാം…”
അതു കേട്ടതും അപ്പു തുള്ളി ചാടികൊണ്ട്, ഏയ്.. എന്നും പറഞ്ഞു അച്ചുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. “നാത്തൂൻ വാ, ഇനി നീ എനിക്ക് വാങ്ങി തരേണ്ട ലിസ്റ്റ് തരാം”. അതും പറഞ്ഞു അപ്പു അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് നടന്നു..
“ഹാവൂ ഒരു കടൽ നീന്തികടന്ന ആശ്വാസമാണ് ഇപ്പോൾ മനസ്സിന്. ഇത്രയും കാലം അവൻ വിവാഹത്തിന് സമ്മതിക്കാത്തതിന്റെ നീറ്റലും കൊണ്ട് നടക്കായിരുന്നു ഈ നെഞ്ചില്. ഇപ്പൊ ആ വിഷമം അങ്ങു മാറി…”
“അതേ. എനിക്കും എന്തോ മനസ്സിന് വല്ലാത്ത ആശ്വാസം. മനസ്സിന്റെ പകുതി ഭാരം കുറഞ്ഞ പോലെ. ഇനി വിവാഹവും കൂടി ഒന്നു കഴിഞ്ഞു കിട്ടണം..”
“ലക്ഷ്മീ നീ കണ്ണനെ ഇങ്ങു വിളിച്ചേ. എനിക്കിനി അമ്പലത്തിന്റെ അടുത്തോട്ട് പോകാനൊന്നും വയ്യ. ഭയങ്കര ക്ഷീണം.. അവനോട് അമ്പലത്തിന്റെ അവിടോട്ടെല്ലാം ഒന്നു പോയി അവിടത്തെ കാര്യങ്ങൾ എന്തായിന്നു നോക്കാൻ പറ “.
“ശരി ഞാൻ പറഞ്ഞോളാം. എനിക്ക് അവനോട് കുറച്ചു സംസാരിക്കാനുണ്ട്, ഞാൻ അവന്റെ അടുത്തോട്ടൊന്നു ചെല്ലട്ടെ..” അപ്പോഴാണ് മുറ്റത്തേക്ക് പടിപ്പുര കടന്നു ഒരു കാറ് വരുന്നത് കണ്ടത്…
“മാലതിയല്ലേ ആ വരുന്നത് ? ” ( ശിവരാമൻ നായരുടെ പെങ്ങൾ ) “ഞാൻ ഇപ്പൊ അവളെ കുറിച്ചു ഓർത്തതെയുള്ളൂ “. ശിവരാമൻ നായർ കാറിലേക്ക് നോക്കി പറഞ്ഞു..
കാറിൽ നിന്നും മാലതിയും അനിലും അനിലിന്റെ ഭാര്യ കാർത്തികയും ഇറങ്ങുന്നത് കണ്ട ലക്ഷ്മിയമ്മ അവരെ ആനയിക്കാൻ കാറിന്റെ അടുത്തേക്ക് ചെന്നു…
“എന്താ… ദിവാകരൻ വന്നില്ലേ..?” ലക്ഷ്മിയമ്മ പുഞ്ചിരിച്ചു കൊണ്ട് മാലതിയുടെ കയ്യിൽ പിടിച്ചു ചോദിച്ചു.
“ഇല്ല ഏടത്തി… വന്നില്ല. ദിവാകരേട്ടൻ ഡൽഹിയിൽ പോയിരിക്കാണ്. എന്തോ കമ്പനിയുടെ ആവശ്യത്തിനായി..” അപ്പോഴേക്കും അനിലും കാർത്തികയും പുഞ്ചിരിച്ചു കൊണ്ട് ലക്ഷ്മിയമ്മയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങിച്ചു.. ലക്ഷ്മിയമ്മ അവരുടെ നെറുകയിൽ തൊട്ടു കൊണ്ട് ചോദിച്ചു..
“സുഖല്ലേ മക്കളെ രണ്ടാൾക്കും? . നിങ്ങൾ രണ്ടാളും ഇങ്ങോട്ടുള്ള വഴി പാടെ മറന്നോ…?”
“മറന്നിട്ടൊന്നും അല്ല അമ്മായി.. ഓരോരോ തിരക്ക് കാരണം വരാൻ പറ്റാഞ്ഞിട്ടാണ്..” അനിൽ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…
“എല്ലാവർക്കും തിരക്കാണ്. എന്നാലും വല്ലപ്പോഴും ഒന്നു വരാം. ഇത് ഇപ്പൊ തറവാട്ടമ്പലത്തിലെ ഉത്സവമായത് കൊണ്ട് നിങ്ങൾക്ക് വന്നേ പറ്റൂ എന്നായത് കൊണ്ട് വന്നു അല്ലെ..? ആകെ ഒരമ്മായിയും അമ്മാവനും അല്ലടാ ഉള്ളൂ…”
“ഓ ഇനി എപ്പോഴും വന്നേക്കാമെ… ഡീ കാർത്തൂ നീ എപ്പോഴും എന്നെ ഒന്നോർമിപ്പിക്കണം എനിക്ക് ഒരു അമ്മാവനും അമ്മായിയും ഉള്ളൂയെന്ന് “. അനിൽ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഓ ഓര്മിപ്പിച്ചാൽ അപ്പൊ ഓടിവരും അനിലേട്ടൻ. ഇതെന്നെ ഞാനും അമ്മയും രാവിലെ തൊട്ട് വട്ടം പിടിച്ചത് കൊണ്ടാണ് ഇപ്പോഴേങ്കിലും ഒന്നു വന്നത്. ഹും..” അതു കേട്ട മാലതിയും ലക്ഷ്മിയമ്മയും ചിരിച്ചു…
ഉമ്മറത്തേക്ക് വന്ന മാലതി ഏട്ടാന്നും വിളിച്ചു സ്നേഹത്തോടെ ശിവരാമൻ നായരെ കെട്ടി പിടിച്ചു. ശിവരാമൻ നായർ നിറഞ്ഞ മനസ്സോടെ പെങ്ങളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അപ്പോഴേക്കും അനിലും കാർത്തികയും ശിവരാമൻ നായരുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു. ശിവരാമൻ നായർ അവരെ പിടിച്ചെഴുന്നേല്പിച്ചു മാലതിയോട് ചോദിച്ചു…
“ഞാൻ ഇപ്പൊ നിന്നെ കുറിച്ചു ഓർത്തതെ ഉള്ളൂ. നിന്നെ എന്താ കാണാത്തതെന്നാലോചിച്ചു . എന്താ ദിവാകരൻ വരാഞ്ഞത്. നാളത്തെ ഉത്സവത്തിന് അവനും ഉണ്ടാകേണ്ടതല്ലേ? “.
“ഞാൻ പറഞ്ഞതാണ്. വരണം എന്ന്. വന്നില്ലെങ്കിൽ ഏട്ടൻ എന്നോടാണ് ദേഷ്യ പെടാന്നൊക്കെ. അപ്പൊ വരാന്ന് സമ്മതിച്ചതും ആണ് . അപ്പോഴാണ്. പെട്ടന്ന് കമ്പനിയുടെ ഒരു ആവശ്യത്തിനു ഡൽഹിയിൽ പോകേണ്ടി വന്നത്…” മാലതി ക്ഷമാപണം നടത്തുന്ന പോലെ പരിഭാവത്തോടെ പറഞ്ഞു…
“ആ ശരി, ശരി. എന്തായാലും അവനും വേണ്ടതായിരുന്നു. നമ്മൾ കുടുംബക്കാരെല്ലാം നാളത്തെ ഉത്സവത്തിൽ പങ്കെടുക്കേണ്ടതാണ്. പണ്ടൊക്കെ ഉത്സവത്തിന് കുടുംബക്കാരു തന്നെ ഒരു പടയുണ്ടായിരുന്നു.. പോയി പോയി ഇപ്പൊ ഇവിടെയുള്ളോരും നീയും മക്കളും മാത്രമായി. എന്റെ കാലം കഴിയുന്നവരെയെങ്കിലും എല്ലാവരും വരണം…” അതു കേട്ട മാലതിക്ക് വിഷമായി കാരണം അച്ഛൻ മരിച്ചതിനു ശേഷം മാലതിയുടെ അച്ഛനും ഏട്ടനും എല്ലാം ശിവരാമൻ നായരായിരുന്നു…
അപ്പോഴാണ് അങ്ങോട്ട് അപ്പുവും അച്ചുവും വന്നത്. മാലതിയെ കണ്ടതും അപ്പു ഓടി വന്നു മാലതിയെ കെട്ടി പിടിച്ചു..
“അമ്മായി എന്താ ഇത്ര വൈകിയത്? . ഞാൻ എത്ര നേരമായി കാത്തിരിക്കുന്നതറിയോ…?”
“ഇവനെയൊന്നു തിരക്ക് ഒഴിഞ്ഞു കിട്ടണ്ടേ അപ്പൂ. കാറോടിക്കാൻ എനിക്ക് അറിയില്ലല്ലോ “. അതു കേട്ട അപ്പു അനിലിനെ നോക്കി ശുണ്ഠിയോടെ പറഞ്ഞു…
“അനിലേട്ടന് ഇന്നെങ്കിലും ഒന്നു ലീവെടുത്തൂടെ. ആണായിട്ടും പെണ്ണായിട്ടും അമ്മായിക്ക് അനിലേട്ടൻ മാത്രമല്ലേ ഉള്ളൂ. എപ്പോഴും ജോലി ജോലി എന്ന ഒറ്റ വിചാരമേ ഉള്ളൂ “.
“ഒന്നു പോടി നിനക്ക് എന്റെ അടുത്തൂന്ന് കിട്ടുമെ. അവളുടെ ഒരു ഉപദേശം. ഇനി രണ്ട് ദിവസം നിന്നെ സഹിക്കണല്ലോ. ദൈവമേ..” അനിൽ അവളെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞു.
“കാർത്തിക ചേച്ചിയെ പറ്റാഞ്ഞിട്ടാ.. ശിവൻ നമ്മുടെ അർജ്ജുനെ കൂച്ചു വിലങ്ങിട്ടു പിടിക്കുന്ന പോലെ പിടിക്കണം അനിലേട്ടനെ.. ഹും..” അതു കേട്ട എല്ലാവരും ചിരിച്ചു…
“എന്റെ പൊന്നൂ ഞാൻ തോറ്റു. നിന്നോട് തർക്കിച്ചാലെ ജയിക്കില്ല്യ. അല്ലാ കണ്ണേട്ടൻ എവിടെ. പുറത്തു പോയതാണോ…?”
“അല്ല. അവൻ അവന്റെ മുറിയിലുണ്ട്. നിങ്ങൾ വന്നത് അറിഞ്ഞിട്ടില്ലായിരിക്കും “.
അപ്പോഴാണ് അവരുടെ ചിരിയും സംസാരവും എല്ലാം കണ്ടു കൊണ്ട് പുഞ്ചിരിച്ചു നിൽക്കുന്ന അച്ചുവിനെ മാലതി കണ്ടത്. അച്ചുവിനെ നോക്കി കൊണ്ട് മാലതി ലക്ഷ്മിയമ്മയോട് ചോദിച്ചു..
“ഏതാ ഏടത്തി ആ കുട്ടി..? “അതിനുള്ള ഉത്തരം ശിവരാമൻ നായരാണ് പറഞ്ഞത്.. ശിവരാമൻ നായർ അച്ചുവിനെ അടുത്തേക്ക് വിളിച്ചു ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു…
“ഇത് അശ്വതി. അച്ചൂന്ന് വിളിക്കും നമ്മുടെ കണ്ണൻ കെട്ടാൻ പോകുന്ന കുട്ടിയാണ്…” അതു കേട്ട മാലതിക്കും അനിലിനും കാർത്തികക്കും ഒന്നും മനസ്സിലായില്ല. മാലതി ഏട്ടനോട് ചോദിച്ചു…
“എനിക്കൊന്നും മനസ്സിലായില്ല. കണ്ണൻ കെട്ടാൻ പോകുന്ന കുട്ടിയോ. അതിന് കണ്ണൻ വിവാഹത്തിന് സമ്മതിച്ചോ.. ഒന്നു തെളിച്ചു പറയേട്ടാ…”
“പറയാം.. അതേ കണ്ണൻ കെട്ടാൻ പോകുന്ന കുട്ടിയാണിവൾ. അവൻ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു….” ശിവരാമൻ നായർ എല്ലാം അവരോടു പറഞ്ഞു. അതു കേട്ട അവർക്കെല്ലാം സന്തോഷായി.. മാലതി അച്ചുവിന്റെ അടുത്തേക്ക് ചെന്നു അവളുടെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു..
“സന്തോഷായി. ഞങ്ങളുടെ കണ്ണന് മോള് നന്നായി ചേരും. സുഖാണോ മോൾക്ക്‌ ? . മോൾക്ക്‌ ഞങ്ങളെ എല്ലാം അറിയോ…?”
“അറിയാം നിങ്ങളെ എല്ലാം കുറിച്ചു അപ്പു എന്നോട് എപ്പോഴും പറയും. നിങ്ങളെ എല്ലാവരുടെയും ഫോട്ടോയും ഞാൻ കണ്ടിട്ടുണ്ട്. അപ്പുവിന്റെ മൊബൈലിൽ “.
“ആഹാ. സന്തോഷം . ഏട്ടാ എല്ലാം കൊണ്ടും ഇന്ന് ഒരു നല്ല ദിവസമണല്ലോ. കണ്ണൻ വിവാഹത്തിന് സമ്മതിച്ചു. പെണ്ണിനേയും കണ്ടു. നാളെ അമ്പലത്തിൽ ഉത്സവം അങ്ങിനെ എല്ലാം കൊണ്ടും…”
“അതേ അതേ. ഇന്ന് എല്ലാം കൊണ്ടും നല്ല ദിവസമാണ്…” അനിലും കാർത്തികയും അച്ചുവിനോട് കുശാലന്വേഷണങ്ങൾ നടത്തി . അവർക്കും അവളെ നന്നായി ബോധിച്ചു. അവൾക്കു തിരിച്ചും.
“വാ മാലതി അകത്തോട്ട് പോകാം..” ലക്ഷ്മിയമ്മ മാലതിയുടെ കയ്യിൽ പിടിച്ചു പറഞ്ഞു………..
കണ്ണൻ അവന്റെ റൂമിൽ കട്ടിലിൽ ചാരി ഇരുന്നു ഇന്ന് രാവിലെ മുതൽ നടന്നു കൊണ്ടിരിക്കുന്ന ഓരോ കാര്യത്തെ പറ്റിയും ചിന്തിക്കുകയായിരുന്നു. മാലതി അമ്മായിയും അനിലും കാർത്തികയും വന്നതൊന്നും അവൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അപ്പോഴാണ് അങ്ങോട്ട് ലക്ഷ്മിയമ്മയും മാലതിയും അനിലും വന്നത്. അവരെ കണ്ട അവൻ എഴുന്നേറ്റു മാലതിയുടെ കയ്യിൽ പിടിച്ചു പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…
“അമ്മായി എപ്പോ വന്നു, ഇപ്പോ വന്നൊള്ളൂ? . ഞാൻ നിങ്ങളെ കാണാതായപ്പോൾ അങ്ങോട്ട് വിളിക്കണമെന്ന് വിചാരിച്ചിരിക്കായിരുന്നു…”
“കുറച്ചു നേരമായി വന്നിട്ട്. നിന്നെ താഴത്തോട്ട് കാണാഞ്ഞിട്ടാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്.. “
“അനിലെ സുഖാണോടാ..? നിന്നെ ഇപ്പൊ തീരെ ഈ വഴിക്ക് കാണാതായി. ജോലി കിട്ടിയതിന് ശേഷം തീരെ വരാതായി…”
“സമയം കിട്ടണ്ടേ കണ്ണേട്ടാ. ആകെ ആഴ്ചയിൽ ഒരു ദിവസമാണ് ലീവുള്ളത്. അന്ന് അച്ഛൻ ഒരു നൂറു പണി തരും പിന്നെ എവിടെ ഇവിടേക്ക് വരാൻ സമയം. വന്നില്ലെങ്കിലും എന്താ ആഴ്ചയിൽ രണ്ടു വട്ടം ഞാൻ ഏട്ടനെ വിളിക്കാറുണ്ടല്ലോ..”
“ആ അതും ശരിയാണ്. ജോലി ഒഴിഞ്ഞു ഒരു സമയം വേണ്ടേ.. എങ്ങനെ പോകുന്നു നിന്റെ ജോലിയൊക്കെ…?”
“സുഖായിട്ട് പോകുന്നു. ഇന്ന് ഇവിടെ വന്നപ്പോഴാണ് ഞങ്ങൾ ഒരു കാര്യം അറിഞ്ഞത്. ഏട്ടൻ വിവാഹത്തിന് സമ്മതിച്ചു എന്ന്. സന്തോഷായി..”അതു കേട്ട കണ്ണൻ എല്ലാവരെയും നോക്കി നിന്നു.
“നന്നായി കണ്ണാ.. ഇപ്പോഴെങ്കിലും നീ സമ്മതിച്ചല്ലോ. ഞങ്ങൾക്കെല്ലാവർക്കും. എന്ത് സന്തോഷായെന്നറിയോ. ഏട്ടനും എടത്തിയും എല്ലാം പറഞ്ഞു. കുട്ടിയെയും കണ്ടു. നല്ല കുട്ടി. എന്തൊരു ബഹുമാനവും സ്നേഹവുമാണെന്നറിയോ ആ കുട്ടിക്ക് നമ്മളോടൊക്കെ. കാണാനോ നല്ല തുമ്പപ്പൂ പോലെയും. ആ മുഖത്തൂന്ന് കണ്ണെടുക്കാൻ തോന്നില്ല്യ. നിനക്ക് നന്നായി ചേരും..” മാലതി കണ്ണന്റെ നെറുകയിൽ തലോടി പറഞ്ഞു… ലക്ഷ്മിയമ്മ കണ്ണനെ കയ്യിൽ പിടിച്ചു കട്ടിലിൽ ഇരുത്തി അവന്റെ അടുത്തിരുന്നു. അവന്റെ കൈകളിൽ തലോടി കൊണ്ട് പറഞ്ഞു…
“ഞാൻ നിന്റടുത്തേക്ക് വരാനിരിക്കുമ്പോഴാണ്. ഇവര് വന്നത്. നല്ല കുട്ടിയാണടാ അച്ചു. അമ്മേടെ മോൻ പഴയെതെല്ലാം മറക്കണം. നീ ഇങ്ങനെ നടക്കുന്നത് കാണുമ്പോൾ എന്റെ ഉള്ളാണ് പിടയുന്നത്. അതു നിനക്ക് മനസ്സിലാവില്ല. പെറ്റ വയറിനെ അതിന്റെ വേദനയറിയൂ. നിന്റെ മനസ്സൊന്നു മാറാൻ ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല. അമ്മക്കറിയാം നിന്റെ വിഷമം. അതെല്ലാം അമ്മേടെ മോൻ മറക്കണം. ഞങ്ങൾക്കും ഇല്ലേ ആഗ്രഹങ്ങൾ. നിനക്കൊരു ജീവിതമായി കാണാനും നിന്റെ കുഞ്ഞുങ്ങളെ കളിപ്പിക്കാനും മുത്തശ്ശനും മുത്തശ്ശിയും ആകാനൊക്കെ..?”
അമ്മയുടെ ഉള്ളു പിടഞ്ഞുള്ള വാക്കുകളും കണ്ണു നിറഞ്ഞതും കണ്ടപ്പോൾ കണ്ണന് അതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവർ അത്രക്കും ആഗ്രഹിക്കുന്നുണ്ട് ഞാൻ ഒരു വിവാഹം കഴിച്ചു കാണുവാൻ. കണ്ണൻ മനസ്സിൽ ചിന്തിച്ചു. അവൻ അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു..
“ഞാൻ സമ്മതിച്ചല്ലോ അമ്മാ വിവാഹത്തിന് പിന്നെന്താ….?”
“സമ്മതിച്ചു ശരിയാണ്. പക്ഷെ നീ ഇങ്ങനെ ഒറ്റ കൊമ്പിലെ കളിയെ പോലെ ഇരിക്കുന്നത് കാണുമ്പോൾ എനിക്കെന്തോ പേടി തോന്നുന്നു…”
“അതൊക്കെ അമ്മക്ക് വെറുതെ തോന്നുന്നതാണ്.. എനിക്ക് ഇഷ്ട്ടമാണ് അച്ചുവിനെ. പിന്നെ എനിക്ക് എന്താ അതിൽ സന്തോഷം ഇല്ലാത്തത് എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ. അത് എന്തു കൊണ്ടാണെന്നും നിങ്ങൾക്കറിയാല്ലോ. അതൊക്കെ ഞാൻ മറക്കാൻ ശ്രമിക്കാണ്. ഞാൻ ഇനി അതൊന്നും ഓർക്കില്ല. പോരെ.. ഞാൻ ഇനി അച്ചുവിനെ പറ്റി മാത്രമേ ചിന്തിക്കൂ..” മതിയോ കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
“മതി, അതു മതി അമ്മക്ക്. മനസ്സു നിറഞ്ഞു. നീ ഒന്നു ചിരിച്ചല്ലോ. നീയും അച്ഛനും വന്നപ്പോൾ, നീ ഒന്നും മിണ്ടാതെ ഇങ്ങോട്ട് പൊന്നപ്പോൾ എനിക്ക് എന്ത് മാത്രം വേദനിച്ചെന്നറിയോ. അച്ചുവിന് എന്തു മാത്രം വേദനിച്ചിട്ടുണ്ടാകും. എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്ത പോലെ നടക്കുന്ന കുട്ടിയാണവൾ. അതിന്റെ വേദന അതു ആരോട് പറയും. അമ്മേടെ മോൻ അവളോടൊന്നു സംസാരിക്കണം കേട്ടോ “.
“സംസാരിക്കാം. പോരെ. ഇപ്പൊ സന്തോഷായോ എന്റമ്മക്ക്‌. എനിക്ക് എന്റെ അമ്മയുടെ സന്തോഷല്ലേ വലുത്..”
“സന്തോഷായി ഒരുപാട്…” ലക്ഷ്മിയമ്മ കണ്ണന്റെ കവിളിൽ ഉമ്മവെച്ചു കൊണ്ട് പറഞ്ഞു..
“അമ്മായിക്കോ…?”
“എനിക്കും സന്തോഷായി.. നീ വിവാഹത്തിന് സമ്മതിച്ചൂ എന്നറിഞ്ഞപ്പോൾ തന്നെ മനസ്സ് നിറഞ്ഞിരുന്നു. ഇപ്പൊ അത് ഇരട്ടിയായി..”
“നിനക്കോടാ..?” കണ്ണൻ അനിലിനോട് ചോദിച്ചു…
“സന്തോഷായെന്നോ… ഞാനാണ് ഏറ്റവും സന്തോഷിക്കുന്നത്. കാരണം പണ്ടേ.. എനിക്ക് ഒരു പേരുദോഷം ഉണ്ട് ഞാൻ കണ്ണേട്ടനെ ഓവർ ടെക്ക് ചെയ്തു കാർത്തികയെ പ്രേമിച്ചു കെട്ടി എന്ന്. ഇനി ആരും അതു പറയില്ലല്ലോ…”
“ഓ നിന്റെ പ്രോബ്ലം അതാണ്… അല്ലാതെ എന്റെ വിവാഹം നടന്നു കാണുന്നതിൽ അല്ല നിന്റെ സന്തോഷം.. അല്ലെങ്കിലും നീ ചെയ്തത് പൊക്കിരിതരം അല്ലെ. എന്നെ ഓവർ ടെക്ക് ചെയ്യാൻ പാടുണ്ടോ നീ.. അതും നിന്നെക്കാളും 5 വയസ്സോളം മൂപ്പുള്ള, മൂക്കിൽ പല്ല് വന്ന് ഇരിക്കുന്ന എന്നെ, അല്ലേമ്മേ..? “കണ്ണന്റെ ചിരിയോടെ ഉള്ള വാക്കുകൾ കേട്ട അനിലും അമ്മയും അമ്മായിയും ചിരിച്ചു.. അപ്പോഴാണ് താഴത്ത് നിന്നും അച്ഛൻ കണ്ണനെ വിളിച്ചത്. കണ്ണൻ എല്ലാവരെയും കൂട്ടി താഴത്തോട്ട് ചെന്നു… കണ്ണനും അനിലും ശിവരാമൻ നായരുടെ അടുത്തേക്ക് ചെന്നു…
“എന്താ അച്ഛാ വിളിച്ചത്? ” കണ്ണൻ ശിവരാമൻ നായരോട് ചോദിച്ചു..
“ആ.. കണ്ണാ നീയും അനിക്കുട്ടനും കൂടി അമ്പലത്തിലോട്ട് ഒന്നു ചെല്ലു. അവിടെ അന്നദാനത്തിന്റെ അവിടത്തെ പന്തലിന്റെയും സ്റ്റേജിന്റെയും പണിയൊക്കെ എന്തായെന്നു നോക്ക്. പിന്നെ അവിടെ ഒക്കെ കുരുത്തോല കെട്ടണം, ശ്രീ കോവിലിന്റെ ചുറ്റും അമ്പലത്തിന്റെ കവാടത്തിന്റെ അടുത്തുമെല്ലാം. നിങ്ങളെല്ലാവരും കൂടി അതും അങ്ങു ചെയ്തേക്കു. നിന്റെ മറ്റു കൂട്ടുകാരെയും കൂടിക്കോ. കുരുത്തോല പാടത്ത് തോടിന്റെ അരുകിലത്തെ തെങ്ങിൽ നിന്നും വെട്ടിക്കോ, ആ രാമനോട് പറഞ്ഞാൽ മതി “.
“ശരിയച്ചാ…” കണ്ണൻ അനിലിനോട് ചോദിച്ചു.
“നീ. വല്ലതും കഴിച്ചോ? “.
“ഇല്ല. എനിക്കൊന്നും വേണ്ട. വിശപ്പില്ല. വീട്ടിൽ നിന്നും വരുമ്പോൾ നന്നായിട്ട് തട്ടി കേറ്റിയിട്ടാണ് വന്നത്. ഞാൻ ഈ പാന്റ് മാറ്റിയിട്ട് ഒരു മുണ്ട് ഉടുത്തോണ്ട് ഇപ്പൊ വരാം.. “
“എന്നാ പെട്ടന്ന് മാറ്റിയിട്ട് വാ. പിടിപ്പത് പണിയുള്ളതാണ് അമ്പലത്തില്. നീ ഡ്രസ്സ് മാറ്റി വരുമ്പോഴേക്കും ഞാൻ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കട്ടെ…” കണ്ണൻ പടിഞ്ഞാറ്റിനി കോലായിൽ നിന്നും അടുക്കളളയിലോട്ട് നോക്കി ‘അമ്മാ ഒരു ഗ്ലാസ് വെള്ളം’ എന്ന് വിളിച്ചു പറഞ്ഞു. അതു കേട്ട അമ്മ മണ്കലത്തിൽ നിന്നും ഒരു ഗ്ലാസ് വെള്ളം കോരിയെടുത്തു അച്ചുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു, അതു കണ്ണന് കൊണ്ട് പോയി കൊടുക്കാൻ. അച്ചു വെള്ളം വാങ്ങി ഒരു നാണത്തോടെ കണ്ണന്റെ അടുത്തേക്ക് നടന്നു. പുറം തിരിഞ്ഞു നിൽക്കുന്ന കണ്ണന്റെ പുറകിൽ നിന്നും അച്ചു ഒരു വെപ്രാളത്തോടെ പുഞ്ചിരിച്ചു കൊണ്ട് വിളിച്ചു…
“കണ്ണേട്ടാ…”
#തുടരും..
#ഫൈസൽ_കണിയാരി.. ktpm.✍️
4.2/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!