Skip to content

സ്‌നേഹവീട് part 8 | Malayalam novel

read malayalam novel
അച്ചുവിന്റെ സ്നേഹമേറിയ കണ്ണേട്ടാ എന്നുള്ള വിളി കേട്ടതും കണ്ണൻ പിറകിലേക്ക് തിരിഞ്ഞു. അച്ചുവിനെ കണ്ട കണ്ണൻ പുഞ്ചിരി കൊണ്ട് അവളുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിക്കുന്നതിനിടയിൽ കണ്ണൻ അച്ചുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് ഇന്നലെ വരെ ഇല്ലാതിരുന്ന ഒരു പേടിയും നിരാശയും വിഷമവും എല്ലാം നിറഞ്ഞു നിന്നിരുന്നു. കണ്ണന് അവളോട് സഹതാപം തോന്നി. അവളുടെ മുഖത്തെ ഈ വിഷമത്തിന് അവനാണല്ലോ കാരണക്കാരൻ എന്നു ചിന്തിച്ചപ്പോൾ അവനു വിഷമം തോന്നി. കണ്ണൻ ഗ്ലാസ്സ് തിരികെ കൊടുത്തു കൊണ്ട് ചോദിച്ചു….
“അമ്മയെവിടെ…?”
“അടുക്കളയിൽ ഉണ്ട്..” എന്നും പറഞ്ഞു അവൾ തിരിഞ്ഞു നടക്കാൻ നിന്നതും കണ്ണൻ വിളിച്ചു…
“അച്ചൂ..” കണ്ണന്റെ അച്ചൂന്നുള്ള വിളി കേട്ടതും അവൾ ആകാംഷയോടെ തിരിഞ്ഞു. അവളുടെ കണ്ണുകൾ അവനിൽ നിന്നും എന്തൊക്കെയോ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
“ഞാൻ ഒരു പാട് വിഷമിപ്പിച്ചു അല്ലെ ?”.
“ഏയ്…കണ്ണേട്ടൻ എന്നെ വിഷമിപ്പിക്കേ എന്തിന് ? എപ്പോ…?”അവൾ വിളറി വെളുത്ത മുഖത്തോടെ പറഞ്ഞു കൊണ്ട് കണ്ണനെ നോക്കി…
“വിഷമിപ്പിച്ചു. അതു നിന്റെ മുഖത്തു നിന്നും എനിക്ക് വായിച്ചെടുക്കാൻ പറ്റുന്നുണ്ട്. .. എല്ലാം ശരിയാവും. നമ്മുടെ വിവാഹം തീരുമാനിച്ചത് മുതൽ, നിന്റെ നേരെയുള്ള എന്റെ മൗനം നിന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട് എന്ന് എനിക്കറിയാം. അതിന് ചില കാരണങ്ങൾ ഉണ്ട് അച്ചൂ. ഞാൻ നീ അറിയാത്ത ഒരു വിഷമം ഈ നെഞ്ചിൽ കൊണ്ടു നടക്കുന്നുണ്ട്. അല്ലാതെ നിന്നെ എനിക്ക് ഇഷ്ടമാവാഞ്ഞിട്ടൊന്നും അല്ല. വിഷമിക്കണ്ടട്ടൊ എല്ലാം ശരിയാവും. സാവധാനം എല്ലാം ശരിയായിക്കൊള്ളും “. കണ്ണന്റെ വായിൽ നിന്നും അതു കേട്ടതും അവളുടെ മുഖത്ത് കെട്ടിനിന്നിരുന്ന വിഷമത്തിന്റെ നിഴൽ മാറി. ആ കണ്ണുകൾ ചെറുതായി നിറഞ്ഞു തിളങ്ങി .അവൾ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് കണ്ണനെ നോക്കി. അവളുടെ മനസ്സ് നിറഞ്ഞുള്ള ചിരി കണ്ണന്റെ മനസ്സിന്റെ വേദന കുറക്കുന്ന പോലെ അവന് തോന്നി.. അപ്പോഴേക്കും അനിൽ മുണ്ട് മാറ്റി അങ്ങോട്ട് വന്നു. കണ്ണൻ അവനെയും കൂട്ടി അമ്പലത്തിൽ പോയി വരാം എന്ന് അച്ചുവിനോട് പറഞ്ഞു ഉമ്മറത്തേക്ക് നടന്നു. അവളും ഉമ്മറം വരെ കൂടെ ചെന്നു. ഉമ്മറത്തിരുന്നിരുന്ന ശിവരാമൻ നായർ കണ്ണനോട് പറഞ്ഞു..
“കണ്ണാ.. അമ്പലത്തിൽ നിന്നും വന്നിട്ട് നാളെ എഴുന്നള്ളത്തിന് അർജ്ജുനെ ഒരുക്കാനുള്ള ചമയങ്ങളെല്ലാം ഒന്നു നോക്കണം. അതെല്ലാം എവിടെയാ വച്ചിരിക്കുന്നത്. ഇവിടെയാണോ അതോ അമ്പലത്തിലെ ഓഫീസിലോ..?”
“ചമയങ്ങളെല്ലാം ഇവിടെയുണ്ട്. തിടമ്പ് അമ്പലത്തിലും ഉണ്ട്…”
“അതൊക്കെ ഒന്നു നോക്കണം എന്തെങ്കിലും കുറവുണ്ടങ്കിൽ വാങ്ങണം “.
“ഇല്ലാ, ഒന്നും കുറവില്ല ഞാൻ നോക്കിയിരുന്നു. ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം, അരമണി, കാൽമണി, പള്ള മണി,. കഴുത്തിലെ കുടമണി, മുത്തുക്കുട ,വർണ്ണക്കുട, ഉണ്ട മാല, അങ്ങനെ എല്ലാം ഉണ്ട് “.
“എന്നാ ശിവനോട് നാളെ രാവിലെ അർജ്ജുനെ ഒന്നു കുളിപ്പിക്കാൻ പറയണം… രാവിലെ അവനെ കണ്ടപ്പോൾ ഞാൻ പറയാൻ വിട്ടു പോയി…”
“ഞാൻ പറഞ്ഞിരുന്നു. ശിവൻ രാവിലെ കുളിപ്പിച്ചോളാമെന്നു പറഞ്ഞിട്ടുണ്ട് “.
“സമാധാനം. ഇനി ഉത്സവം ഒന്നു കഴിഞ്ഞു കിട്ടണം. എന്നാലേ ഒരു സമാധാനം ഉണ്ടാവോള്ളൂ. എന്നാ നിങ്ങൾ പൊക്കോളൂ. പറഞ്ഞ കാര്യമൊന്നും മറക്കണ്ട. വരുമ്പോ തിടമ്പ് ഇങ്ങോട്ട് എടുത്തോളൂ…”
“ശരിയച്ചാ…” കണ്ണനും അനിലും പോകുന്ന വഴിക്ക് തന്നെ അരുണിനെയും കൂടെ കൂട്ടി. രാമട്ടനെ വിളിച്ചു പാടത്തെ തെങ്ങിൽ നിന്നും കുരുത്തോലകൾ വെട്ടി ഓരോ ഇതളും നാലാക്കി ചീന്തി , അവർ മൂന്നാളും അമ്പലത്തിന്റെയും ശ്രീ കോവിലിന്റെയും ചുറ്റും അലങ്കരിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ അച്ചുവുമായി അവന്റെ വിവാഹം തീരുമാനിച്ച കാര്യം കണ്ണൻ അരുണിനോട് പറഞ്ഞു. അരുൺ സന്തോഷത്തോടെ പറഞ്ഞു..
“നീ ഇപ്പോഴെങ്കിലും നിന്റെ തീരുമാനം മാറ്റിയല്ലോ സന്തോഷം. അച്ചു നല്ല കുട്ടിയാടാ കാണാനും നല്ല രസമുണ്ട്. നിനക്ക് നന്നായി ചേരും. നിന്റെ അമ്മ പാവം, നീ ഒരു വിവാഹം കഴിച്ചു കാണാൻ എത്ര ആഗ്രഹിക്കുന്നണ്ടന്നറിയോ. എന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ടന്നറിയോ നിന്നെ ഒന്നു പറഞ്ഞു മനസ്സിലാക്കാൻ. അതൊക്കെ ഞാൻ നിന്നോട് പറയാഞ്ഞത് നിനക്ക് വിഷമാകും എന്നു വിചാരിച്ചാണ്. റഹ്മാൻ അറിഞ്ഞോ ഈ കാര്യം.”
“ഇല്ല പറഞ്ഞിട്ടില്ല. ഇപ്പൊ കുറച്ചു മുന്നേയല്ലേ ഇതൊക്കെ സംഭവിച്ചത്. അവൻ നാളെ രാവിലെ വീട്ടിലോട്ട് വരൊല്ലോ അപ്പൊ പറയാം…” അതു കേട്ട അരുൺ ഒരു നെടുവീർപ്പിട്ടുകൊണ്ടു നിരാശയോടെ പറഞ്ഞു…
“ഹാ.. അങ്ങനെ നിന്റെ വിവാഹ കാര്യത്തിലും ഒരു തീരുമാനമായി. ഇനി നമ്മുടെ ഇടയിൽ ഞാൻ മാത്രമുണ്ട് ഒരു തീരുമാനവുമാവാതെ നിൽക്കുന്നത്. നിന്നെയൊക്കെ വിവാഹക്കാര്യം പറഞ്ഞു ശല്ല്യപ്പെടുത്താൻ ആളുണ്ട്. എന്നെ ആരും ശല്ല്യപ്പെടുത്താനും ഇല്ല. അച്ഛൻ എന്റെ വിവാഹ കാര്യം ഇന്ന് പറയും നാളെ പറയും എന്നു വിചാരിച്ചു എത്ര നാളായി ഞാൻ നടക്കാൻ തുടങ്ങിയിട്ട്. പക്ഷെ അച്ഛൻ പറയുന്ന ലക്ഷണം ഇല്ല. ഇനി ഞാൻ തന്നെ മുന്നിട്ട് ഇറങ്ങേണ്ടി വരുമെന്നാണ് തോന്നുന്നത്…” അരുണിന്റെ നിരാശയോടെ ഉള്ള പരാതി കേട്ട അനിലിനും കണ്ണനും ചിരി വന്നു…
കുരുത്തോല എല്ലാം കെട്ടി കഴിഞ്ഞതിനു ശേഷം കണ്ണനും അനിലും അരുണും കാത്തികേയനും ടീമും പന്തൽ പണിയും മറ്റും എടുക്കുന്ന ഭാഗത്തേക്ക് നടന്നു..
കാർത്തികേയനും ടീമും അന്നദാനത്തിന്റെ പന്തലിന്റെ പണിയും. കഥകളിയുടെ സ്റ്റേജിന്റെ പണിയും ചെയ്യുന്നുണ്ടായിരുന്നു. പിന്നെ അമ്പലത്തിന്റെ ചുറ്റും ലൈറ്റും., വർണ്ണ ബൾബും സെറ്റ് ചെയ്യുന്നുണ്ടായിരുന്നു. നാളെ ഉത്സവമായത് കൊണ്ട് ഇന്ന് തന്നെ അവിടെ മുഴുവൻ മിഠായി കച്ചവടക്കാരും ,മാലയും വളയും കളികോപ്പുകളും വിൽക്കുന്ന കച്ചവടക്കാരും അവർക്ക് കച്ചവടം ചെയ്യാനുള്ള കൂടാരം കെട്ടുന്നുണ്ടായിരുന്നു. ഇന്ന് തന്നെ അവിടെ ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു. കണ്ണൻ അമ്പലത്തിലെ ഓഫീസിൽ നിന്നും ഭഗവതിയുടെ തിടമ്പെടുത്തു ഒരു പട്ടിൽ പൊതിഞ്ഞു കയ്യിൽ പിടിച്ചു അനിലിനെയും കൂട്ടി വീട്ടിലോട്ട് തിരിച്ചു……
വൈകീട്ട് സന്ധ്യാ ദീപം കൊളുത്താൻ സമയമായതും. ലക്ഷ്മിയമ്മ സ്നേഹത്തോടെ പുഞ്ചിരിച്ചു കൊണ്ട് അച്ചുവിനോടു പറഞ്ഞു….
“അച്ചൂ.. മോളേ കാലും മുഖവും കഴുകിയിട്ട് വാ. ഇന്ന് നീയാണ് ഉമ്മറത്തും തുളസി തറയിലും വിളക്ക് വെക്കുന്നത്. വിളക്ക് വെച്ചതിന് ശേഷം നീയും അപ്പുവും കൂടി ഉമ്മറത്തിരുന്നു നാമം ജപിക്കുകയും വേണം…”
“അയ്യോ അമ്മേ ഞാൻ.. എനിക്ക് ദീപം കൊളുത്തുമ്പോഴുള്ള ജപങ്ങളൊന്നും അറിയില്ല്യ . അന്ന് അപ്പു പറഞ്ഞപ്പോൾ തുളസി തറയിൽ ഞാൻ കൊളുത്തിന്നെ ഉള്ളൂ…”
“അതൊക്കെ അമ്മ പഠിപ്പിച്ചു തരാം. മോള് പോയി കയ്യും കാലും മുഖവും കഴുകിയിട്ട് വാ ,ചെരുപ്പ് ധരിക്കരുത്. ദീപം കൊളുത്തുമ്പോൾ ചെരുപ്പ് ധരിക്കാൻ പാടില്ല്യ. നഗ്ന പാതങ്ങളോടെ വേണം ദീപം കൊളുത്താൻ. അപ്പൂ നീയും ചെല്ലു..”
“അതു നന്നായി ഏടത്തി. വിവാഹം കഴിഞ്ഞാൽ ഇനി ഇതൊക്കെ ഇവള് തന്നെയല്ലേ ചെയ്യേണ്ടത്. എല്ലാം മുന്നേ പഠിച്ചിരിക്കുന്നത് നല്ലതാണ്. ചെല്ലു മോളേ ഇങ്ങനെ തന്നെയാണ് ഓരോന്ന് പഠിക്കുന്നത്. സന്ധ്യാ ദീപം വെക്കാൻ ഒരു പെണ്കുട്ടിക്ക് അവസരം കിട്ടുകാ എന്ന് പറയുന്നത് ഒരു മഹത്തായ കാര്യമാണ്. ത്രിമൂർത്തികൾ ചേർന്ന ലക്ഷ്മീ ദേവിയാണ് നിലവിളക്ക്. അതു കൊണ്ട് ഒരു തിരി നീ തെളിയിച്ചാൽ ആ ഐശ്വര്യവും കടാക്ഷവും എന്നും നിന്റെ കൂടെയുണ്ടാകും. നിനക്ക് അറിയാത്തത് ഏടത്തി പറഞ്ഞു തരും . അപ്പൂ…. അച്ചൂനെയും കൂട്ടി മുഖവും കാലും കഴുകി പൂജാ മുറിയുടെ അടുത്തോട്ട് ചെല്ലൂ പെട്ടന്ന്. സന്ധ്യാ ദീപം കൊളുത്തേണ്ട ഗോതൂളി മുഹൂർത്തം ഇപ്പൊ തുടങ്ങും…”
“വാ നാത്തൂനെ.. അമ്മ ഇപ്പോ തന്നെ തന്നെ ഓരോന്ന് പഠിപ്പിക്കുകയല്ലേ ?”. അപ്പു അച്ചുവിനോട് ഒരു ചിരിയോടെ പറഞ്ഞു.. അച്ചുവും അപ്പുവും കാലും കയ്യും മുഖവും മെല്ലാം കഴുകി ശുദ്ധിയാക്കി പൂജാമുറിക്കു നേരെ നടന്നു.
സൂര്യാസ്തമയത്തിന്റെ മുമ്പുള്ള സന്ധ്യാ ദീപം കൊളുത്തേണ്ട ഗോതൂളി മുഹൂർത്തമായതും ലക്ഷ്മിയമ്മ പൂജാമുറിയിൽ കയറി ദൈവങ്ങൾക്ക് മുന്നിൽ പീഠത്തിൽ വെച്ചിട്ടുള്ള പാദങ്ങളിൽ ബ്രഹ്മാവും, മധ്യേനെ വിഷ്ണുവും, മുകളിൽ ശിവനുമെന്ന ത്രിമൂർത്തി ചൈതന്യമുള്ള ലക്ഷ്മീ ദേവി സങ്കല്പമായ നിലവിളക്കിൽ എള്ളണ്ണ ഒഴിച്ചു, രണ്ട് ജ്വാല വരും വീതം നാല് ദിക്കിലേക്കും തിരിയിട്ട് അഞ്ചാമത്തെ തിരി വടക്ക് കിഴക്ക് ജ്വാല വരുന്ന രീതിയിലും തിരിയിട്ട്, ഒന്നാമത്തെ തിരി മഹാവർത്തിക്കും, രണ്ടാമത്തെ തിരി ധനവർത്തിക്കും, മൂന്നാമത്തെ തിരി ദാരിദ്രത്തെ അകറ്റാനും, നാലാമത്തെ തിരി ആലസ്സ്യത്തിനും, അഞ്ചാമത്തെ തിരി ,സർവ്വ ഐശ്വര്യത്തിനുവേണ്ടിയും. പിന്നെ സന്ധ്യാ ദീപം കൊളുത്തുമ്പോഴുള്ള, പ്രാർത്ഥനയായ.. ദീപം ജ്യോതി പരബ്രഹ്മ…….. ദീപം ജ്യോതി സ്ഥപോവനം……. ദീപേന സാദ്ധ്യതേ സർവ്വം സന്ധ്യാ ദീപം നമോ നമഃ…… ശിവം ഭവതു കല്യാണം ആയുർരാരോഗ്യ വർദ്ധനം…… മമ ദുഃഖ വിനാശായ സന്ധ്യാ ദീപം നമോ നമഃ…..
എന്നു നാമം ജപിച്ചു കിഴക്കു നിന്നും പ്രദക്ഷിണ സമാനം തിരി കൊളുത്തി അവസാനം അഞ്ചാമത്തെ തിരിയും കൊളുത്തി കൈ മുന്നോട്ട് എടുക്കാതെ പിറകോട്ട് വലിച്ചു കൊള്ളി കളഞ്ഞു….ദീപം കൊളുത്തി തീർന്നതും. കിണ്ടിയിൽ ജലം നിറച്ചു പുഷ്പങ്ങളിട്ട് ഗംഗാ സങ്കല്പത്തിൽ കിണ്ടിയുടെ വാൽ കിഴക്കോട്ടാക്കി നിലവിളക്കിന്റെ അടുത്തു വെച്ചു കൈ കൂപ്പി പ്രാർത്ഥിച്ചു. പിന്നെ ഉമ്മറത്ത് വെക്കാനുള്ള നിലവിളക്കിൽ അഞ്ചു തിരിയിട്ട് എള്ളണ്ണ ഒഴിച്ചു. തിരി കത്തിച്ചു ദീപം ദീപം ദീപം എന്ന് മൂന്ന് വട്ടം ഉരുവിട്ട് വിളക്ക് പിടിച്ചു പൂജാമുറിക്കു പുറത്തിറങ്ങി. ഇതെല്ലാം കണ്ടു കൊണ്ട് ഭക്തിയോടെ നിൽക്കുന്ന അച്ചുവിന്റെ കയ്യിൽ നിലവിളക്ക് കൊടുത്തു. തുളസി തറയിൽ സന്ധ്യാ ദീപം കൊളുത്തുമ്പോഴുള്ള ജപവും പറഞ്ഞു കൊടുത്തു. അമ്മ ആദ്യമായി അവളുടെ കയ്യിൽ നിലവിളക്ക് കൊടുത്തതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു നിലവിളക്കിലേ തിരി നാളത്തിൽ വെട്ടി തിളങ്ങി. അച്ചു, അഞ്ചു തിരിയിൽ കത്തി ജ്വലിച്ചു നിൽക്കുന്ന നിലവിളക്കുമായി ദീപം എന്നും ഉരുവിട്ടു ലക്ഷ്മീ ദേവിയെ മനസ്സിൽ പ്രാർത്ഥിച്ചു നഗ്നപാദയായി നടുമുറ്റത്തേക്കുള്ള പടികെട്ടുകൾ ഇറങ്ങി. അമ്മ പറഞ്ഞു കൊടുത്ത ജപം ചൊല്ലി കൊണ്ട് നടുമുറ്റത്തെ തുളസി തറയിൽ ആദ്യ ദീപം തെളിയിച്ചു..
ഉമ്മറത്തേക്ക് കത്തിച്ചു പിടിച്ച നിലവിലക്കുമായി ദീപം ദീപം എന്നുരുവിട്ടു വരുന്ന അച്ചുവിനെ ശിവരാമൻ നായർ കണ്ടതും. അദ്ദേഹത്തിന്റെ മനസ്സ് നിറഞ്ഞു. ശിവരാമൻ നായർ ചാരു കസേരയിൽ നിന്നും എഴുന്നേറ്റ് ദീപത്തെ തൊഴുതു. അച്ഛന് ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു, അച്ചു കത്തിച്ചു പിടിച്ച നിലവിളക്കുമായി മുറ്റത്തേക്കിറങ്ങി തൊഴുത്തിന്റെ ഭാഗത്തോട്ടും, അർജ്ജുൻ നിൽക്കുന്ന ആനകൊട്ടിലിന്റെ ഭാഗത്തോട്ടും, പത്തായപുരയുടെ ഭാഗത്തോട്ടും ദീപം കാണിച്ചു. മുറ്റത്തെ തുളസി തറയിലും ദീപം കൊളുത്തി. അപ്പോഴാണ് പടിപ്പുര കടന്നു കണ്ണനും അനിലും അങ്ങോട്ട് വന്നത്. കണ്ണനും അനിലും സന്ധ്യാ ദീപം കണ്ടതും മുണ്ടിന്റെ താളം മടക്കഴിച്ചു ദീപത്തെ തൊഴുതു. അഞ്ചു തിരിയിട്ടു കത്തിച്ച നിലവിളക്കിലേ തീ ജ്വലയുടെ പ്രകാശത്തിൽ അച്ചുവിന്റെ മുഖത്തിന് നല്ല ചൈതന്യം ഉള്ള പോലെ കണ്ണന് തോന്നി. അവൻ കണ്ണിമ വെട്ടാതെ അച്ചുവിനെ നോക്കി നിന്നു. കണ്ണൻ അവളെ തന്നെ ഒരു നറുപുഞ്ചിരിയോടെ നോക്കി നിൽക്കുന്നത് കണ്ട അവളുടെ മനസ്സ് നിറഞ്ഞു. അവൾ അവന് ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. ആ പുഞ്ചിരിയിൽ കയ്യിൽ പിടിച്ചിരിക്കുന്ന നിലവിളക്കിന്റെ പ്രകാശത്തിൽ അവളുടെ മുഖം വെട്ടി തിളങ്ങി പ്രകാശപൂരിതമായി.
അപ്പു അമ്മയുടെ കയ്യിൽ നിന്നും സർപ്പക്കാവിലെ കൽവിളക്കിൽ ഒഴിച്ചു കത്തിക്കാനുള്ള എണ്ണയും തിരിയും വാങ്ങി ,കയ്യിൽ കത്തിച്ചു പിടിച്ചു നിലവിളക്കുമായി നിൽക്കുന്ന അച്ചുവിനെയും കൂട്ടി സർപ്പക്കാവിലോട്ടു വിളക്ക് വെക്കാൻ നടന്നു നീങ്ങി. അച്ചുവും അപ്പുവും നിലവിളക്കുമായി സർപ്പ കാവിലോട്ടു പോകുന്നതും നോക്കി ഉമ്മറത്ത് ,അച്ഛനും അമ്മയും മാലതിയും കാർത്തികയും കണ്ണനും അനിലും നിറഞ്ഞ മനസ്സാലെ നിൽക്കുന്നുണ്ടായിരുന്നു.
നാഗപ്രതിഷ്ഠകൾക്കു മുന്നിലെ കൽ വിളക്കിൽ അപ്പു എണ്ണയൊഴിച്ചു തിരിയിട്ടതും അച്ചു ആ തിരികളിൽ ദീപം തെളിയിച്ചു. പിന്നെ രണ്ടാളും കത്തി ജ്വലിച്ചു നിൽക്കുന്ന നാഗ ചൈതന്യത്തെ തൊഴുതു വണങ്ങി, അവിടെ നിന്നും മടങ്ങി നിലവിളക്ക് വീടിന്റെ ഉമ്മറത്തേ എന്നും സന്ധ്യാ ദീപം വെക്കുന്ന പീഠത്തിൽ വെച്ചു. അമ്മ ഉമ്മറത്ത് വിരിച്ച കമ്പളത്തിൽ ഇരുന്ന് അച്ചുവും അപ്പുവും ഗോതൂളി മുഹൂർത്തം കഴിയുന്നവരെ സന്ധ്യ നാമം ജപിച്ചു……..
രാത്രി എല്ലാവരും ഓരോ നാട്ടു വർത്തമാനവും വീട്ടുകാര്യവും പറഞ്ഞു ഉമ്മറത്ത് വട്ടമിട്ടിരുന്നു. ശിവരാമൻ നായർ ചാരു കസേരയിലും. ലക്ഷ്മിയമ്മയും മാലതിയും തിണ്ണയിലും. മാലതിയുടെ മടിയിൽ തലവെച്ചു കിടന്നു കൊണ്ട് അപ്പുവും. അനിലും കാർത്തികയും അച്ചുവും തിണ്ണയിൽ ചാരിയും ഇരിക്കുന്നുണ്ടായിരുന്നു. കണ്ണൻ മാത്രം ആ വട്ടമേശ സമ്മേളനത്തിൽ ഉണ്ടായിരുന്നില്ല. കണ്ണൻ അവർക്കിടയിൽ ഇല്ലാത്തത് കൊണ്ട്, അച്ചുവിന് വല്ലാത്ത സങ്കടം തോന്നി അതിന് കാരണം അവളാണെന്നു അവൾക്കു തോന്നി.. കണ്ണനെ അതിനിടയിൽ കാണാത്തത് കൊണ്ട് ശിവരാമൻ നായർ ചോദിച്ചു…
“ലക്ഷ്മീ കണ്ണനെവിടെ ?”
“അവൻ അവന്റെ മുറിയിൽ ഉണ്ടാകും..”
“മോളേ അച്ചൂ, നീ പോയി കണ്ണനെ വിളിച്ചോണ്ട് വാ. ഇങ്ങനെ എല്ലാവരെയും ഒരുമിച്ചു ഇനി ഒരു ദിവസം കിട്ടണെങ്കിൽ ഇനി എത്ര നാൾ കാത്തിരിക്കണം ? . ഇതൊക്കെ അല്ലെ ജീവിതത്തിലെ ഒരു രസം. ചെല്ലുമോളേ അവനെ വിളിച്ചോണ്ട് വാ….” അച്ചു കണ്ണനെ വിളിക്കാൻ അവന്റെ റൂമിലോട്ട് പോയി.. അച്ചു പോവുന്നതും നോക്കി ലക്ഷ്മിയമ്മ പറഞ്ഞു…
“പാവം കുട്ടി. കണ്ണൻ ഇതിനിടയിൽ ഇല്ലാത്തത് കൊണ്ട് അതിന്റെ മുഖത്ത് ഒരു തെളിച്ചമില്ല….”
അച്ചു ഗോവണി കയറി കണ്ണന്റെ റൂമിലോട്ട് ചെന്നപ്പോൾ കണ്ണൻ അവിടെ ഉണ്ടായിരുന്നില്ല. കണ്ണനെ അവിടെ കാണാത്തത് കൊണ്ട് അച്ചു കണ്ണനെയും തിരഞ്ഞു മട്ടുപ്പാവിലോട്ടു നടന്നു. മട്ടുപ്പാവിൽ എത്തിയതും അവൾ കണ്ടു കണ്ണനെ. മട്ടുപ്പാവിലെ തിണ്ണയിലെ ചാരുപടിയിൽ വിദൂരതയിലേക്ക് കണ്ണും നട്ട് എല്ലാവരുടെയും ഇടയിൽ നിന്നും മാറി ഒറ്റ കൊമ്പിലെ കിളിയെ പോലെ ഇരിക്കുന്ന അവളുടെ കണ്ണേട്ടനെ കണ്ടതും അച്ചുവിന് വല്ലാത്ത വിഷമം തോന്നി…
“കണ്ണേട്ടാ….” അച്ചുവിന്റെ കണ്ണേട്ടാ എന്നുള്ള വിളി കേട്ടതും കണ്ണൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നപോലെ തിരിഞ്ഞു നോക്കി…
“കണ്ണേട്ടൻ എന്താ ഇവിടെ ഒറ്റക്കിരിക്കുന്നത് ?. എല്ലാവരും താഴത്ത് കണ്ണേട്ടനെ അന്വേഷിക്കുന്നു..”
“ഏയ് വെറുതെ. ഇവിടെ ഇരുന്നാൽ നല്ല കാറ്റ് കിട്ടും. പിന്നെ നിലാവെളിച്ചതിൽ വയലിന്റെ ഭംഗിയും കാണാം.. നീ എന്താ അച്ചൂ ഉമ്മറത്തെ വട്ടമേശ സമ്മേളനത്തിൽ കൂടിയില്ലേ…?”
“അതൊന്നും അല്ല .എനിക്കറിയാം എല്ലാം. രാവിലെ നമ്മുടെ വിവാഹം തീരുമാനിച്ചപ്പോൾ മുതൽ ഞാൻ കാണുന്നതാണ്. കണ്ണേട്ടന്റെ മുഖത്തുള്ള ഈ വിഷമം. ആരോടും അധികം മിണ്ടാട്ടമില്ല ,ചിരിയില്ല, കളിയില്ല. കണ്ണേട്ടൻ ഒറ്റ ദിവസം കൊണ്ട് ഞങ്ങളിൽ നിന്നും ഒരുപാട് അകന്നപോലെ…” അതു പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു…
“അതൊക്കെ നിങ്ങൾക്ക് വെറുതെ തോന്നുന്നതാണ്. ഞാൻ നേരത്തെ പറഞ്ഞില്ലേ നിന്നോട്. എനിക്ക് നീ അറിയാത്ത ഒരു വിഷമം ഉണ്ടെന്ന്. അതൊക്കെ ആലോജിച്ചപ്പോ, കുറച്ചു നേരം തനിച്ചിരിക്കണം എന്നു തോന്നി. അതാ ഞാൻ താഴത്തോട്ട് വരാഞ്ഞത്. അല്ലാതെ നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല”. കണ്ണൻ മുഖത്തു ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു…
“ഞാൻ ഒരു കാര്യം കണ്ണേട്ടനോട് ചോദിച്ചോട്ടെ…?”
“എന്താ… ചോദിച്ചോളൂ…?”
“കണ്ണേട്ടന് ഈ വിവാഹത്തിന് സമ്മതമല്ലേ… സമ്മതമല്ലെങ്കിൽ പറഞ്ഞോളൂ.. എനിക്ക് വിഷമാകും എന്നു വിചാരിച്ചാണ് കണ്ണേട്ടൻ പറയാതിരിക്കുന്നത് എന്നു വെച്ചാൽ വിഷമിക്കണ്ട. എനിക്ക് ഒരു വിഷമവും ആവില്ല്യ. ധൈര്യമായി പറഞ്ഞോളൂ. എനിക്ക് ഇതൊക്കെ ശീലമാണ്…. ചെറുപ്പം മുതലേ ആരും സ്നേഹിക്കാനും ലാളിക്കാനും ഇല്ലാത്തത് കൊണ്ട് സ്നേഹം എന്താണെന്നും അതു അനുഭവിച്ചറിയാനും എനിക്ക് പറ്റിയിട്ടില്ല. ഇവിടെ വന്നതിനു ശേഷമാണ് ഞാൻ അതൊക്കെ തിരിച്ചറിഞ്ഞത്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും വാത്സല്യവും എല്ലാം എനിക്ക് കിട്ടിയപ്പോഴാണ് എനിക്കു സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ആരൊക്കെയോ ഉണ്ട് എന്ന ഒരു തോന്നലുണ്ടായത്. അച്ഛനും അമ്മയും ഉണ്ടായിട്ടും, ഇന്നേ വരെ അച്ഛന്റെയും അമ്മയുടെയും സ്നേഹം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല്യ. എന്നെ സ്നേഹിക്കാനും ലാളിക്കാനും അവർക്ക് സമയമില്ലായിരുന്നു. ഞാൻ എന്നും അവർക്കൊരു ബാധ്യതയായിരുന്നു. അച്ഛന്റെയും അമ്മയുടെയും സ്നേഹവും വാത്സല്യവും കരുതലും എന്താണെന്ന് അറിയാത്ത എനിക്ക് അതു ആവോളം തന്നത് കണ്ണേട്ടന്റെ അച്ഛനും അമ്മയുമാണ്. എന്നെ ഒരു മകളെ പോലെ സ്നേഹിച്ചു, ലാളിച്ചു ,സംരക്ഷിച്ചു ,ആ മാറോട് അണച്ചു പിടിച്ചു. കൂടപ്പിറപ്പുകൾ ഇല്ലാത്ത എനിക്ക് എന്റെ അപ്പുവിനെ കിട്ടി .അവളിലൂടെ ഒരുപാട് സ്നേഹം എനിക്ക് കിട്ടി. ഈ നാടും ,വീടും എന്നെ ഒരുപാട് സ്നേഹിച്ചു. ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞാൻ ആർഹിക്കുന്നതിലും അപ്പുറമാണ് എനിക്ക് ഇവിടെ നിന്നും കിട്ടിയത്, ഇപ്പോഴും കിട്ടികൊണ്ടിരിക്കുന്നത്. അച്ഛനും അമ്മയും കണ്ണേട്ടനെക്കൊണ്ടു എന്നെ വിവാഹം കഴിപ്പിക്കട്ടെ എന്നു ചോദിച്ചപ്പോൾ. എനിക്ക് അവരുടെ ആ ആഗ്രഹം നിരസിക്കാൻ തോന്നിയില്ല്യ. കാരണം ഞാൻ ഇവിടെ വന്നപ്പോൾ മുതൽ കണ്ണേട്ടന്റെ സ്നേഹവും മറ്റും കണ്ടപ്പോൾ ഞാനും അറിയാതെ കണ്ണേട്ടനെ മോഹിച്ചു പോയിരുന്നു. സ്നേഹം കിട്ടാത്ത എനിക്ക് എല്ലാവരും അതു വാരി കോരി തന്നപ്പോൾ എനിക്കും നിങ്ങളിലൊരാളാവാൻ തോന്നി. സ്നേഹിക്കാൻ മാത്രം അറിയാവുന്ന കണ്ണേട്ടൻ മരണം വരെ എന്റെ കൂടെ ഉണ്ടാകും എന്ന തോന്നല് എനിക്കുണ്ടായപ്പോൾ എന്റെ ആഗ്രഹങ്ങൾക്കും സന്തോഷത്തിനും അതിരില്ലാതെയായി. വിവാഹം, കുടുംബം, കുട്ടികൾ ഇതൊന്നും ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്നു മനസ്സിൽ ഉറപ്പിച്ചു നടന്നിരുന്ന എനിക്ക്, അതെല്ലാം കണ്ണേട്ടന്റെ രൂപത്തിൽ ഒരു സുപ്രഭാതത്തിൽ എന്റെ മുന്നിൽ വന്നു ചേർന്നപ്പോൾ ഞാൻ അറിയാതെ മോഹിച്ചു പോയതാണ് കണ്ണേട്ടനെ. കൈ വന്നു ചേർന്ന സൗഭാഗ്യം വിട്ട് കളയാൻ തോന്നിയില്ല എനിക്ക്. കണ്ണേട്ടൻ ഉള്ളിൽ കൊണ്ടു നടക്കുന്ന ആ വിഷമം എനിക്കറിയാം. കണ്ണേട്ടന് എത്ര പ്രിയപ്പെട്ടതായിരുന്നു ആതിര എന്നും എനിക്കറിയാം. അതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ കണ്ണേട്ടനെ സ്നേഹിച്ചതും, വിവാഹത്തിന് സമ്മതിച്ചതും. എന്റെ വിവാഹ കാര്യത്തിൽ എനിക്ക് വേണ്ടി സംസാരിക്കാൻ വേറെ ആരും എനിക്കില്ല. ഉള്ളവർക്ക് അതിന് സമയവും ഇല്ല. എന്റെ ജന്മം തന്നെ ഒരു ശപിക്കപ്പെട്ട ജന്മമാണ്. എന്റെ ജന്മം എന്നും മറ്റുള്ളവർക്ക് ബാധ്യതയായിട്ടെ ഉള്ളൂ… കണ്ണേട്ടൻ വിഷമിക്കണ്ട ഞാൻ പറഞ്ഞോളാം അച്ഛനോട് എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലാന്ന്. കണ്ണേട്ടന്റെ മനസ്സ് വേദനിച്ചു കൊണ്ടുള്ള ഒന്നും എനിക്ക് വേണ്ട. ഞാൻ കാരണം കണ്ണേട്ടന്റെ മനസ്സ് വിഷമിച്ചിട്ടുണ്ടെങ്കിൽ മാപ്പ്. ആ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അതിനും മാപ്പ്…” അതു പറഞ്ഞു തീർന്നപ്പോഴേക്കും അച്ചുവിന്റെ രണ്ട് കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു ആ ഖണ്ഡം ഇടറിയിരുന്നു. കാരണം അവൾ അത്രക്കും കണ്ണനെ സ്നേഹിക്കുന്നുണ്ടായിരുന്നു.. അവളുടെ നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ കണ്ട കണ്ണന് അവളോട് സഹതാപം തോന്നി. ആരും സ്നേഹിക്കാൻ ഇല്ലാത്ത അവളുടെ വിഷമം കണ്ടപ്പോൾ കണ്ണന്റേയും ഉള്ളു നീറി .അവന്റെ കണ്ണുകളും നിറഞ്ഞു. കണ്ണൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ തോളിൽ പിടിച്ചു ആ കവിളിലോട്ട് തൂവി ഒലിച്ച കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു…
“എനിക്കറിയാം അച്ചൂ നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്. അതു എനിക്ക് മനസ്സിലാവുന്നും ഉണ്ട്. വേറെ ഒരു പെണ്കുട്ടിയുടെ ഓർമകളുമായി നടന്നിരുന്ന എനിക്ക് നിന്നെ പെട്ടന്ന് ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല എന്നുള്ളത് സത്യമായിരുന്നു. ഇപ്പൊ അതൊക്കെ അറിഞ്ഞിട്ടു തന്നെയാണ് നീ എന്നെ സ്നേഹിച്ചത് എന്നറിഞ്ഞപ്പോൾ, എനിക്ക് മനസ്സിലായി മരിച്ചു പോയ ആതിരക്ക് പകരം നിൽക്കാൻ നിനക്കെ പറ്റുകയുള്ളൂ എന്ന്. ഇപ്പോഴാണ് എനിക്ക് നിന്നെ ശരിക്കും മനസ്സിലായത്. ഇനി ഒരിക്കലും നിന്നെ ഞാൻ വിഷമിപ്പിക്കില്ല. ഇനിയും നിന്നെ മനസ്സിലാക്കാതെ ഞാൻ പോയാൽ അതു എന്നും എനിക്ക് ഒരു നഷ്ടമായിരിക്കും. എന്റെ അച്ഛനും അമ്മയും പറഞ്ഞത് ശരിയാണ്. എന്നെ മനസ്സിലാക്കാൻ നിനക്കെ പറ്റൂ. എന്നെ നീ മനസ്സിലാക്കിയ പോലെ ചിലപ്പോൾ വേറെ ആരും മനസ്സിലാക്കിയിട്ടുണ്ടാവില്ല. അതു കൊണ്ട് തന്നെ എനിക്ക് വേണം നിന്നെ. ഇനിയും നിന്റെ കണ്ണുകൾ നിറയാൻ ഞാനൊരു കാരണമായാൽ. നിന്റെ സ്നേഹം തിരിച്ചറിയാതെ ഞാൻ പോയാൽ. ഈശ്വരമ്മാര് പോലും എന്നോട് പൊറുക്കില്ല. ഈ നിമിഷം മുതൽ ഇനി എന്റെ മനസ്സിൽ നീ മാത്രമേ ഉണ്ടാകുകയുള്ളൂ. ഈശ്വരനാണ് സത്യം…” അതു പറയുമ്പോൾ കണ്ണന്റെ സ്വരം ഇടറിയിരുന്നു. കണ്ണേട്ടന്റെ ഹൃദയത്തിൽ നിന്നും വന്ന ആ വാക്കുകൾ കേട്ടതും അച്ചുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി.. അവൾ സന്തോഷം കൊണ്ട് ആ കൈകളിൽ മുറുകെ പിടിച്ചു. അവൾക്ക് സന്തോഷിക്കണോ കരയണോ എന്നറിയാതെയായി…
“ഇപ്പൊ നിന്റെ വിഷമമെല്ലാം മാറിയോ. സന്തോഷായോ..?” അവൾ കവിളിലെ കണ്ണീർ തുടച്ചു കൊണ്ട് , ഊം എന്ന് മൂളി…. “എന്നാ നമുക്ക് ഉമ്മറത്തേക്ക് പോയാലോ ? പിന്നെ ഇവിടെ നടന്ന ഈ കാര്യംമൊന്നും വേറെ ആരും അറിയണ്ട. അറിഞ്ഞാൽ അത് അവർക്കെല്ലാം വിഷമാകും…”
“ഞാൻ എന്റെ കഥകളെല്ലാം പറഞ്ഞു കണ്ണേട്ടനെ വിഷമിപ്പിച്ചു അല്ലെ ? സോറി…” അതു കേട്ട കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
“സോറിയോ…? എന്തിന്..? അതിന് നീ തെറ്റൊന്നും ചെയ്തില്ലല്ലോ. ഞാൻ പോലും അറിയാതെ നീ എന്നെ ഒരു പാട് സ്നേഹിച്ചു. അതു മുഴുവൻ നീ എന്നോട് തുറന്നു പറഞ്ഞു. അതു നീ പറഞ്ഞത് കൊണ്ടല്ലേ എനിക്ക് മനസ്സിലായത്, എന്റെ അച്ചു എന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്. സത്യത്തിൽ ഞാനാണ് ഇപ്പോൾ ഭാഗ്യവാൻ നിന്നെ പോലെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ എനിക്ക് കിട്ടാൻ പോകുന്നതിൽ…. കണ്ണന്റെ നാവിൽ നിന്നും അതു കേട്ടതും അച്ചുവിന് ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു….
“അല്ല കണ്ണേട്ട… ഞാനാ ഭാഗ്യവതി. സ്നേഹിക്കാൻ മാത്രം അറിയാവുന്ന കണ്ണേട്ടനെ എനിക്ക് കിട്ടാൻ പോകുന്നതിൽ, കണ്ണേട്ടനിലൂടെ. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു അച്ഛനെ എനിക്ക് കിട്ടിയതിൽ. സ്വന്തം അമ്മയെ പോലെ എന്നെ മാറോട് അണച്ചു പിടിച്ചു സ്നേഹിക്കുന്ന ഒരു അമ്മയെ കിട്ടിയതിൽ. കണ്ടു മുട്ടിയ കാലം മുതൽ ഒരു കൂടപിറപ്പായി കൂടെ നിന്നു സ്നേഹിച്ച എന്റെ അപ്പുവിനെ എനിക്ക് കിട്ടിയതിൽ. പിന്നെ ഈ വീട്, നാട്, അർജ്ജുനൻ, അങ്ങനെ ഒരുപാട്… അങ്ങനെ നോക്കുമ്പോൾ ഞാനല്ലേ ഭാഗ്യവതി. ഇതിനൊക്കെ ഈശ്വരമ്മാരോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല… അച്ചുവിന്റെ മനസ്സു നിറഞ്ഞുള്ള കടപ്പാടോടെയുള്ള സംസാരം കേട്ടതും കണ്ണന്റെ മനസ്സും നിറഞ്ഞു….
“എല്ലാം ശുഭമായ സ്ഥിതിക് നമുക്ക് ഉമ്മറത്തോട്ട് പോകാം അല്ലേ. വാ… അവിടെ വട്ടമേശ സമ്മേളനം എന്തായാവോ എന്തോ…?” കണ്ണൻ അച്ചുവിനെയും കൂട്ടി ഗോവണിയിറങ്ങി ഉമ്മറത്തോട്ട് നടന്നു…കണ്ണൻ ഉമ്മറത്തോട്ട് വന്നതും അച്ഛൻ ചോദിച്ചു
“എവിടായിരുന്നാടാ നീ, എല്ലാവരും ഇവിടെ കൂടിയിരിക്കുമ്പോൾ നീ നിന്റെ റൂമിൽ പോയിരിക്ക്യ. നിന്നെ ഇങ്ങോട്ട് കാണാഞ്ഞത് കൊണ്ടാണ് അച്ചുവിനെ ഞാൻ അങ്ങോട്ട് പറഞ്ഞു വിട്ടത്…”
“ഞാൻ ഇങ്ങോട്ട് വരാനിരിക്കായിരുന്നു അപ്പോഴാണ് അച്ചു അങ്ങോട്ട് വന്നത്…. തലതാഴ്ത്തികൊണ്ട് പറഞ്ഞു… അച്ഛൻ കണ്ണനെ ശാസിക്കുന്നത് കണ്ട അപ്പു മാലതിയുടെ മടിയിൽ കിടന്നു കയ്യിലെ നഖം കടിച്ചു കൊണ്ട് കുസൃതിയോടെ പറഞ്ഞു…
“എന്താ അച്ഛാ ഇത്, ഏട്ടൻ ചിലപ്പോൾ ഗന്ധർവ്വനെ പോലെ അച്ചുവിനെയും സ്വപ്നം കണ്ടിരുന്നതായിരിക്കും. കണ്ടില്ലേ ഏട്ടന് നാണം വന്നത്.. അല്ലേട്ടാ…?” അപ്പുവിന്റെ കളിയാക്കൽ കേട്ട എല്ലാവരും ചിരിച്ചു.. ആ കളിയാക്കൽ അച്ചുവിനും കണ്ണനും ഒരു ചമ്മൽ ആണ് ഉണ്ടാക്കിയത്. കണ്ണൻ അച്ചുവിനെ തുറിച്ചു നോക്കി കൊണ്ട് കണ്ണുരുത്തി. അപ്പു നഖം കടിക്കുന്നത് കണ്ട മാലതി അവളുടെ കൈക്ക് തല്ലി കൊണ്ട് പറഞ്ഞു…
“എന്താ അപ്പൂ ഇത് ? നീ ആ നഖം മുഴുവൻ തിന്നുകയാ.. നഖം വയറ്റിൽ പോയാലെ വിഷം ആണ്. അതറിയില്ലേ നിനക്ക്..?”
“പിന്നെ എത്ര ആളുകളാണ് നഖം കടിച്ചിട്ട് മരിച്ചത്. ഒന്നു പോ അമ്മായി. ഞാൻ എന്റെ നഖമല്ലേ കടിച്ചത്. അമ്മായിടെ വിരലിലെ നഖം ഒന്നും അല്ലല്ലോ.. ഹും ?”
“അവൾ തിന്നോട്ടെയമ്മേ അവൾക്ക് വിശന്നിട്ടായിരിക്കും. അല്ലേ അപ്പൂ.. അതു മുഴുവൻ തിന്നു കഴിഞ്ഞിട്ടും വിശപ്പ് മാറിയിട്ടില്ലെങ്കിൽ പറഞ്ഞാൽ മതി ,ഞാൻ എന്റെ കയ്യിലെ നഖവും നിനക്ക് തരാം. അതും കൂടി നീ കടിച്ചു വൃത്തിയാക്കി തന്നാൽ എനിക്ക് പിന്നെ നഖം വേട്ടണ്ടല്ലോ…” അനിൽ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു. അനിലിന്റെ കളിയാക്കൽ കേട്ട അപ്പു ഒഴിച്ചു ബാക്കി എല്ലാവരും ചിരിച്ചെങ്കിലും, അപ്പു മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു…
“ഇങ്ങോട്ട് വാ അനിലേട്ടൻ ആ വിരലും കൊണ്ട് എന്റെ മൂന്നിലോട്ട്, ഞാൻ ആ വിരൽ മുഴുവൻ കടിച്ചു മുറിക്കും. ഹാ….”
വാതിൽ പടിയിൽ ചാരി നിൽക്കുന്ന അച്ചുവിനെ ലക്ഷ്മിയമ്മ അടുത്തേക്ക് വിളിച്ചു അടുത്തിരുത്തി ചേർത്തു പിടിച്ചിരുന്നു. ‘അമ്മ അവളെ ചേർത്തു പിടിച്ചതും അവൾ ആ മാറോട് പറ്റി ചേർന്നു കിടന്നു. അപ്പോഴാണ് മാലതി ശിവരാമൻ നായരോട് പറഞ്ഞത്…
“ഏട്ടാ ,കണ്ണന്റെയും അച്ചുവിന്റെയും വിവാഹത്തിന്റെ കൂടെ നമുക്ക് ഇവളുടെയും വിവാഹം അങ്ങു നോക്കിയാലോ. ഇവൾക്കും വിവാഹപ്രായം ഒക്കെ ആയല്ലോ… ” അതു കേട്ട അപ്പു മാലതിയുടെ മടിയിൽ നിന്നും എണീറ്റു പറഞ്ഞു…
“എനിക്കിപ്പോ വിവാഹമൊന്നും വേണ്ട. ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ കഴിഞ്ഞോളാം…”
“അതെന്താ നിനക്ക് വിവാഹവും കുടുംബവും കുട്ടികളും ഒന്നും വേണ്ടേ? എന്നും ഞങ്ങൾ ഉണ്ടാകുമെന്നാ നിന്റെ വിചാരം…?”
“അമ്മായിക്കെന്താ എന്നെ ഇവിടന്നു പറഞ്ഞയക്കാൻ ഇത്ര തിടുക്കം. എനിക്കിനിയും ഒരുപാട് പഠിക്കാനുണ്ട് അതൊക്കെ കഴിഞ്ഞതിനു ശേഷം ഞാൻ തന്നെ പറയാം നിങ്ങളോടെല്ലാവരോടും എന്റെ വിവാഹം നടത്താൻ. അല്ലാതെ വല്ല ചെറുക്കനും എന്നെ ഇവിടെ കാണാൻ വന്നാൽ ഓടിക്കും ഞാനവനെ. ഹാ..” അവളുടെ കുസൃതിയോടെയുള്ള മറുപടി കേട്ട അമ്മയും അച്ഛനും ബാക്കിയുള്ള എല്ലാവരും ചിരിച്ചു. മാലതി അവളുടെ കവിളിൽ തോണ്ടി കൊണ്ട് പറഞ്ഞു…
“നിന്റെ വിവാഹം എപ്പോ നടത്തണം എന്ന് തീരുമാനിക്കുന്നത് നീയല്ല. അതിന് ഇവിടെ ഞങ്ങളൊക്കെ ഉണ്ട്.. മിണ്ടാതെ അവിടെ ഇരുന്നോണം.. ഏട്ടാ.. ദിവാകരേട്ടന്റെ കൂടെ ജോലിചെയ്യുന്ന ഒരാൾക്ക് ഒരു മകനുണ്ട്. കാണാൻ നല്ല പയ്യനാണ് .അവർക്ക് നമ്മളുമായി ഒരു ബന്ധത്തിന് ആഗ്രഹമുണ്ട്. പയ്യൻ അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. നല്ല ശമ്പളവും ഉണ്ട്. കുടുംബത്തിനും നല്ല ആസ്ഥിയുണ്ട്. നല്ല തറവാട്ടേരും ആണ്. എന്തു കൊണ്ടും നമുക്ക് യോജിച്ച ബന്ധമാണ്. നമുക്കൊന്ന് ആലോചിച്ചാലോ ?”.
“അതൊന്നും ഇപ്പോ വേണ്ടടി. കുറച്ചു കഴിയട്ടെ. ആദ്യം കണ്ണന്റെ കഴിയട്ടെ അതിനു ശേഷം നമുക്ക് അവളുടെ കാര്യം ചിന്തിക്കാം. പിന്നെ അമേരിക്കൻ ബന്ധമൊന്നും നമുക്ക് ശരിയാവില്ല. നമ്മളൊക്കെ സാധാരണക്കാരല്ലേ അപ്പൊ അങ്ങനത്തെ ഒരു ബന്ധം മതി നമുക്ക്. അതും ഇപ്പൊ വേണ്ട. അവൾ കുറച്ചു കാലം കൂടി ഇവിടെ ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കട്ടെ. എന്റെ മോളേ ഇപ്പൊ തന്നെ പറഞ്ഞു വിട്ടാൽ ഈ വീട് ഉറങ്ങി പോകും. അവളുടെ കളിയും ചിരിയും കുസൃതിയും ഇല്ലെങ്കിൽ പിന്നെ ഇവിടെ ഒരു രസവും ഉണ്ടാവില്ല…” അച്ഛന്റെ സ്നേഹമുള്ള വാക്കുകൾ കേട്ടതും അപ്പുവിന്റെ മനസ്സ് നിറഞ്ഞു. അവൾ ഒരു വിജയിയെ പോലെ മാലതിയോട് പറഞ്ഞു…
“ഇപ്പൊ ഞാൻ പറഞ്ഞത് എന്തായിയമ്മായി. ഞാൻ പറഞ്ഞില്ലേ എന്റെ അച്ഛന് എന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ലാന്നു. അതാണ് എന്റെ അച്ഛൻ…”
“ലക്ഷ്മീ നാളെ രാവിലെ രമണിയോട് പത്തായ പുര മൊത്തം ഒന്നു തൂത്തു വാരി തുടച്ചു ശുദ്ധമാക്കാൻ പറയണം. തെയ്യക്കാർക്കും പഞ്ചവാദ്യക്കാർക്കും ഒരുങ്ങാൻ അവിടെയാണ് തീരുമാനിച്ചിട്ടുള്ളത്. പിന്നെ കണ്ണാ.. നീയും അനിലും നാളെ എല്ലാ കാര്യവും ഒന്നു നോക്കിക്കോണം. ഒന്നിനും ഒരു കുറവും വരാൻ പാടില്ല്യ. എന്റെ കാലം കഴിഞ്ഞാൽ ഇതൊക്കെ കൊണ്ട് നടക്കേണ്ടത് നിങ്ങളാണ്…”
“അച്ഛൻ നാളത്തെ കാര്യത്തെ പറ്റി ഒട്ടും ഭയപ്പെടേണ്ട എല്ലാം ഞങ്ങൾ നോക്കി കൊള്ളാം “.
“ലക്ഷ്മി.. മാലതി… എന്നാ ഊണ് വിളമ്പാ… നാളെ നേരത്തെ എണീക്കാനുള്ളതല്ലേ എല്ലാവർക്കും… ഉത്സവം കഴിഞ്ഞിട്ട് വേണം അച്ചുവിന്റെ അച്ഛനെയും അമ്മയെയും വിളിച്ചു കുട്ടികളുടെ വിവാഹക്കാര്യം സംസാരിക്കാൻ. മാലതിയുടെ വിവാഹത്തിന് ശേഷം ഈ തലമുറയിലെ ആദ്യത്തെ വിവാഹമാണ്. അതു നാടറിഞ്ഞു വേണം കഴിക്കാൻ..” അതു കേട്ടതും എല്ലാവർക്കും സന്തോഷായി. അച്ചു ഒരു നാണത്തോടെ ഉമ്മറവാതിലിൽ ചാരി നിൽക്കുന്ന കണ്ണനെ നോക്കി… ആ നോട്ടം കണ്ണന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു..
#തുടരും..
#ഫൈസൽ_കണിയാരിktpm.✍️
3.1/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!