സ്‌നേഹവീട് part 19

13077 Views

Malayalam online novel

താലി കെട്ട് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്നും തിരിച്ച വരനേയും വധുവിനെയും കതിർമണ്ഡപത്തിലോട്ട് ആനയിക്കാൻ രേവതിയും മാലതിയും കാർത്തികയും സുമതിയും കുടുംബത്തിലെ മറ്റു മൂന്ന് സ്ത്രീകളും അഷ്ടമംഗല്ല്യം ഒരുക്കിയ താലവുമായി പടിപ്പുരക്കൽ ഒരുങ്ങി നിന്നു. അനിൽ അച്ചുവിന്റെ സഹോദരന്റെ സ്ഥാനത്ത് നിന്ന് കണ്ണന്റെ കാലു കഴുകി കൈ പിടിച്ചു കതിർമണ്ഡപത്തിലോട്ട് ആനയിക്കാൻ വാൽ കിണ്ടിയിൽ വെള്ളവും ,നിലത്തു പലകയുമായി അവരുടെ കൂടെയുണ്ടായിരുന്നു. താലികെട്ട് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്നും വരുന്ന വരനേയും വധുവിനെയും കാണാൻ സ്ത്രീകളും കുട്ടികളും പുരുഷൻമാരും പടിപ്പുരയിലും പന്തലിലുമായി തടിച്ചു കൂടിയിരുന്നു.. ചുമന്ന പരവതാനി വിരിച്ചലങ്കരിച്ച കതിർമണ്ഡപത്തിൽ കീഴ്പ്പയ്യൂർ മാനവേദൻ നമ്പൂതിരി കർമങ്ങൾ തുടങ്ങി. അഞ്ചു തിരിയിട്ടു ജ്വാല തെളിയിച്ച അഞ്ചു നിലവിളക്കുകളുടെ പ്രകാശ ശോഭയിൽ പൂക്കുല കുത്തിയ നിറപറയും, വാൽക്കണ്ണാടിയുമടങ്ങിയ അഷ്ടമംഗല്യവും, കൃഷ്ണ രാധാ വിഗ്രഹവും ദൈവീക ചൈതന്യത്തിൽ തിളങ്ങി നിന്നു..

ഇതേ സമയം കലവറയിൽ അരവിന്ദാക്ഷൻ നായർ, ആറു രസങ്ങൾ ചേർന്ന 24 കൂട്ടടങ്ങിയ ,4 പ്രഥമനോട് കൂടിയ സദ്യ വിളമ്പാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. പന്തിയിൽ മേൽ നോട്ടം വഹിക്കാൻ ഹസനിക്കയും നാട്ടിലെ പ്രമാണിമാരും ചെറുപ്പക്കാരും തയ്യാറായി നിന്നിരുന്നു.. വാർപ്പുകളിലും അണ്ടാവുകളിലും, തുമ്പപ്പൂ ചോറും, സാമ്പാറും, പരിപ്പും, മൊരു കറിയും ഇഞ്ചി കറിയും, വാഴയില വാട്ടി മൂടി വെച്ചിരുന്നു… വറവുകളായ, മുളക് കൊണ്ടാട്ടവും, കായവറവും, ശർക്കര വരട്ടിയും, തയ്യാറാക്കി വെച്ചിരുന്നു.. കൂട്ടുകളും, തൊട്ടുകറിളുമായ, അവിയലും, തോരനും, പച്ചടിയും, കിച്ചടിയും, ഓലനും, കാളനും, എരിശ്ശേരിയും, പുളിശ്ശേരിയും, സ്റ്റൂവും, നാരങ്ങാ അച്ചാറും, മാങ്ങാ അച്ചാറും, പുളിഞ്ചിയും, നെയ്യും, രസം, മോരുമടങ്ങിയ എല്ലാ വിഭവങ്ങളും വാഴയില വാട്ടി മൂടി വെച്ചിരുന്നു.. പ്രഥമനായ.. പാലട പ്രഥമനും, പരിപ്പ് പ്രഥമനും, ഗോതമ്പ് പ്രഥമനും, പഴം പ്രഥമനും, ഉരുളികളിൽ തയ്യാറാക്കി വാഴയിലയിട്ട് മൂടിയിരുന്നു.. ചെറിയ പപ്പടവും വലിയ പപ്പടവും കൊട്ടകകളിൽ കുന്നു കൂട്ടി വെച്ചിരുന്നു. പൂവൻ പഴം, കുല കണക്കിന് കലവറയുടെ മൂലയിൽ കുത്തി വെച്ചിരുന്നു… പതിമുഖം ഇട്ട് തിളപ്പിച്ച കുടി വെള്ളം വട്ട ചെമ്പുകളിൽ നിറച്ചു വെച്ചിരുന്നു..

കണ്ണനും അച്ചുവും അപ്പുവും റഹ്‌മാനും ബെൻസിലും ,ശിവരാമൻ നായരും ലക്ഷ്മിയമ്മയും ശേഖരനും ദിവാകരനും അരുണും ഔഡിയിലുമാണ് അമ്പലത്തിൽ നിന്നും പുറപ്പെട്ടത്. അനിൽ നേരത്തെ വീട്ടിലോട്ട് പോയത് കൊണ്ട് അരുണായിരുന്നു ഔഡി ഓടിച്ചിരുന്നത്. ബെൻസ് റഹ്‌മാനും. കണ്ണനും അച്ചുവും പിന്നിലും അപ്പു മുന്നിലുമായാണ് ഇരുന്നിരുന്നത്…..

മാറിൽ പറ്റി ചേർന്നു കിടക്കുന്ന, തുമ്പിൽ ബ്രഹ്മാവും, മദ്ധ്യത്തിൽ വിഷ്ണുവും, മൂലത്തിൽ മഹേശ്വരിയും സ്ഥിതി ചെയ്യുന്ന മഞ്ഞ ചരടിൽ കോർത്തിണക്കിയ ആലില താലി കയ്യിലെടുത്തു മുത്തമിട്ടു കൊണ്ട്, കാറിന്റെ പിൻസീറ്റിൽ തന്റെ മാറോട് ചേർന്നിരിക്കുന്ന അച്ചുവിനെ ഇടം കൈ കൊണ്ട് കണ്ണൻ ചേർത്തു പിടിച്ചു . തന്നെ ചേർത്തു പിടിച്ച വത്സല്യത്തോടെയും കരുതലോടെയുമുള്ള അവന്റെ ആ കരവലയത്തിന് ദൈവത്തിന്റെ കൈകളുടെ ശക്തിയുണ്ടന്നു അവൾക്കു മനസ്സിലായി, കുഞ്ഞ് അമ്മയുടെ മാറോട് ചേർന്നു കിടക്കുന്ന പോലെ അവൾ ആ കാരങ്ങൾക്കുള്ളിൽ കിടന്നു നിറഞ്ഞ മനസ്സോടെ അവനെ നോക്കി..

പടിപ്പുരയിൽ വരനേയും വധുവിനെയും ആശീർവദിച്ചു ആനയിക്കാൻ അരിയും പൂവും താലവുമേന്തി നിൽക്കുന്നവരുടെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് വരനും വധുവും കയറിയ കാർ മറ്റു വാഹനങ്ങളുടെ അകമ്പടിയോടെ ചിറക്കൽ തറവാടിന്റെ മുമ്പിലെത്തി..

കാറിൽ നിന്നും ഇറങ്ങിയ കണ്ണനെയും അച്ചുവിനെയും ആനയിച്ചു കൊണ്ട് അപ്പുവും ലക്ഷ്മിയമ്മയും നാട്ടുകാരും കുടുംബക്കാരും അരിയും പൂവും അഷ്ടമംഗല്യവുമായി നിൽക്കുന്നവരുടെ മുന്നിലേക്ക് ചെന്നു.. രേവതി ,കണ്ണനെ ആരതിയുഴിഞ്ഞു നെറ്റിയിൽ ചന്ദന പൊട്ട് തൊട്ട് അരിയും പൂവുമെറിഞ്ഞു സ്വീകരിച്ചതും, അനിൽ നിലത്ത് വച്ച പലകയിൽ കണ്ണനെ കയറ്റി നിർത്തി കിണ്ടിയിൽ നിന്നും വെള്ളം പകർന്നു ആ പാദങ്ങൾ കഴുകി.. വരനെ കാല് കഴുകി സ്വീകരിച്ച വധുവിന്റെ സഹോദരന്റെ സ്ഥാനത്ത് നിൽക്കുന്ന അനിലിന് വരൻ നിറഞ്ഞ മനസ്സോടെ കൊടുക്കാനുള്ള മോതിരം ലക്ഷ്മിയമ്മ കണ്ണന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു..

“കണ്ണാ ഇത് അനികുട്ടന് ഇട്ട് കൊടുക്കാ..”
കണ്ണൻ മോതിരം വാങ്ങി അനിലിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മോതിരം അവന്റെ വിരലിലിട്ട് കൊടുത്തു.

“എന്നാ ഇനി കുട്ടികളെ മണ്ഡപത്തിലോട്ടു കൂട്ടിക്കോളൂ. മാലതീ, നിലവിളക്ക് അച്ചുമോളുടെ കയ്യിൽ കൊടുക്കാ” . ശിവരാമൻനായർ പറഞ്ഞു. മാലതി നിലവിളക്ക് അച്ചുവിന്റെ കയ്യിൽ കൊടുത്തതും പക്കമേളത്തിന്റെയും നാദസ്വരത്തിന്റെയും താലത്തിന്റേയും അകമ്പടിയോടെ കണ്ണനെയും അച്ചുവിനെയും എല്ലാവരും കൂടി കതിർമണ്ഡപത്തിലോട്ട് ആനയിച്ചു..

വരനും വധുവും കതിർമണ്ഡപത്തിലോട്ട് നീളത്തിൽ വിരിച്ച പരവതാനിയിലൂടെ നാദസ്വരത്തിന്റെയും താലത്തിന്റേയും നിലവിളക്കിന്റേയും അകമ്പടിയോടെ നടന്നു വരുന്നത് ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം നോക്കി നിന്നു… വരനും വധുവും കതിർമണ്ഡപത്തിന് മുന്നിൽ എത്തിയതും, അനിൽ കണ്ണന്റെ കൈ പിടിച്ചു മണ്ഡപത്തിൽ കയറ്റി. കണ്ണൻ കൂടി നിൽക്കുന്ന എല്ലാവർക്കും കൂപ്പ് കയ്യോടെ നമസ്ക്കാരം പറഞ്ഞു.. മണ്ഡപത്തിൽ വലത് വശത്തായി ഇരുന്നു.. അച്ചു കയ്യിൽ വിളക്കുമേന്തി താലത്തിന്റ അകമ്പടിയോടെ മണ്ഡപം വലം വെച്ചു. മണ്ഡപത്തിൽ കയറി വിളക്ക് കൃഷ്ണ രാധാ വിഗ്രഹത്തിന് മുന്നിൽ വെച്ചു, എല്ലാവർക്കും കൂപ്പ് കയ്യോടെ നമസ്ക്കാരം പറഞ്ഞു, കണ്ണന്റെ വലതു വശത്തായി ഇരുന്നു. ലക്ഷ്മിയമ്മയും അപ്പുവും രേവതിയും മാലതിയും കാർത്തികയും സുമതിയും മറ്റു കുടുംബാംഗങ്ങളും നാട്ടുകാരുമെല്ലാം അവർക്ക് ചുറ്റും തടിച്ചു കൂടിനിന്നു… ശരത്ത് മണ്ഡപത്തിനഭിമുഖമായി ക്യാമറ സ്റ്റാന്റിൽ സെറ്റ് ചെയ്തു കണ്ണനെയും അച്ചുവിനെയും ഫോക്കസ് ചെയ്തു വച്ചു.. കീഴപ്പയ്യൂർ മാനവേദൻ നമ്പൂതിരി. ശിവരാമൻ നായരെ അടുത്തോട്ട് വിളിച്ചു പറഞ്ഞു…

“അതേ കുട്ടികൾക്ക് പരസ്പരം അണിയാനുള്ള ചെയ്‌നും മോതിരങ്ങളും ഇങ്ങോട്ടെടുത്തോളൂ. എന്നിട്ട് അതു കുട്ടികളുടെ കയ്യിൽ കൊടുക്കാ..”

“ലക്ഷ്മീ.. രേവതീ.. ആ മാലകളും മോതിരങ്ങളും എടുത്തു കുട്ടികളുടെ കയ്യിൽ കൊടുക്കാ..” ശിവരാമൻ നായർ പറഞ്ഞു. ലക്ഷ്മിയമ്മയും രേവതിയും, കണ്ണനും അച്ചുവിനും അങ്ങോട്ടുമിങ്ങോട്ടും അണിയാനുള്ള സ്വർണ്ണ മാലകൾ ആമാട പെട്ടിയിൽ നിന്നും എടുത്തു..

“ആദ്യം വധു വരന്റെ കഴുത്തിൽ മാല ഇട്ട് കൊടുക്കുക. പിന്നെ വരൻ വധുവിന്റെ കഴുത്തിൽ ഇട്ട് കൊടുക്കുക. തിരുമേനി പറഞ്ഞു..” ലക്ഷ്മിയമ്മയും രേവതിയും മാലകളെടുത്തു അച്ചുവിന്റെയും കണ്ണന്റെയും കയ്യിൽ കൊടുത്തു…

അച്ചു കണ്ണന്റെ കഴുത്തിൽ ചെയിൻ അണിയിച്ചു. കണ്ണൻ തിരിച്ചു അവളുടെ കഴുത്തിലും ചെയിൻ അണിയിച്ചു….

“ഇനി ആദ്യം വധു വരന്റെ കയ്യിൽ മോതിരം അണിയിച്ചോളൂ.. പിന്നെ വധു വരന്റെ കയ്യിലും..” കണ്ണൻ അച്ചുവിന് മോതിരം അണിയിക്കാൻ വലതു കൈ നീട്ടി കൊടുത്തു. അച്ചു കണ്ണനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മോതിരം വിരലിൽ അണിയിച്ചു. കണ്ണൻ തിരിച്ചു അവളുടെ വിരലിലും മോതിരം അണിയിച്ചു..

“ഇനി വരന്റെ അമ്മ വധുവിനെ മാല അണിയിച്ചോളൂ..” ലക്ഷ്മിയമ്മ ആമാട പെട്ടിയിൽ നിന്നും തലമുറകളായി കൈ മാറി വന്ന നാഗപട താലി എടുത്തു അച്ചുവിന്റെ കഴുത്തിൽ കെട്ടി കൊടുത്തു അവളുടെ കവിളിൽ ഉമ്മ കൊടുത്തു പറഞ്ഞു..

“ഇത്രയും കാലം ഈ മാലയുടെ അവകാശി ഞാനായിരുന്നു. ഇനി ഇതിന്റെ അവകാശി മോളാണ്. ഇനി ഇത് മോള് മറ്റൊരാൾക്ക് കൈമാറണമെങ്കിൽ നിങ്ങൾക്ക് ഒരു ആണ്കുഞ്ഞു ജനിച്ചു അവന്റെ വിവാഹം നടക്കണം. അതുവരെ ഈ മാല മോൾക്ക്‌ സ്വന്തം…”

“ഇനി ആർക്കെങ്കിലും വരനും വധുവിനും സ്വർണ്ണാഭരണങ്ങൾ അണിയാനുണ്ടെങ്കിൽ അണിയാം….” അപ്പുവും കാർത്തുവും മാലതിയും കണ്ണനും അച്ചുവിനും മോതിരങ്ങൾ അണിയിച്ചു. അടുത്ത ചടങ്ങ് പൂമാല അണിയിക്കലായിരുന്നു. തിരുമേനി അച്ചുവിന്റെ കയ്യിൽ മണ്ഡപത്തിൽ ഒരുക്കി വെച്ച പൂമാല എടുത്തു കൊടുത്തു പറഞ്ഞു…

“കുട്ടി വരന്റെ കഴുത്തിൽ മാല അണിയിച്ചോളൂ…” അച്ചു കണ്ണനെ നോക്കി പുഞ്ചിരിച്ചു അവന്റ കഴുത്തിൽ മാലയണിയിച്ചു.. അടുത്ത മാല കണ്ണന്റെ കയ്യിൽ കൊടുത്തു അച്ചുവിന്റെ കഴുത്തിലണിയിക്കാൻ പറഞ്ഞു.കണ്ണൻ അച്ചുവിന്റെ കഴുത്തിൽ മാല അണിയിച്ചു കൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു..

“ഇനി അടുത്തത് പുടമുറിയാണ്. വരന്റെ അച്ഛൻ ഇങ്ങോട്ട് വരാ.. എന്നിട്ട് താലത്തിലിരിക്കുന്ന ഈ പുടവയെടുത്തു മകന്റെ കയ്യിലോട്ട് കൊടുക്കാ..” ശിവരാമൻ നായർ പുടവയെടുത്തു കണ്ണന്റെ കയ്യിൽ കൊടുത്തതും തിരുമേനി പറഞ്ഞു..

“വധു എഴുന്നേറ്റു നിന്നു പുടവ ഏറ്റുവാങ്ങി വരന്റെ കാൽ തൊട്ടു നമസ്‌ക്കരിച്ചോളൂ..”

അച്ചു എഴുന്നേറ്റു കണ്ണന് അഭിമുഖമായി നിന്നതും കണ്ണൻ പുടവ അച്ചുവിന്റെ നേരെ നീട്ടി. അച്ചു പുടവ ഏറ്റുവാങ്ങി കണ്ണന്റെ കാല് തൊട്ടു നമസ്ക്കരിച്ചു…

“ഇനി കന്യാദാനം കഴിച്ചു കൊടുക്കലാണ്. പെണ്കുട്ടിയുടെ അച്ഛൻ ഇങ്ങോട്ട് വന്നോളൂ.. എന്നിട്ട് ഒരു വെറ്റില കൂട്ടി മരുമകന്റെ കയ്യിലോട്ട് മകളുടെ കയ്യങ്ങു കൂട്ടി പിടിച്ചു കൊടുക്കാ…” കണ്ണനും അച്ചുവും എഴുന്നേറ്റു മുഖാമുഖമായി നിന്നു , അച്ചുവിന്റെ ഇടം കയ്യിൽ കണ്ണൻ കൊടുത്ത പുടവയുമുണ്ടായിരുന്നു. ശേഖരൻ താലത്തിൽ നിന്നും ഒരു തളിർ വെറ്റിലയെടുത്തു കണ്ണന്റെ വലതു കയ്യിലെ ഉള്ളം കയ്യിൽ വെച്ചു അച്ചുവിന്റെ വലതു കയ്യെടുത്തു അതിനു മുകളിൽ വെച്ചു കൂട്ടി പിടിച്ചു പ്രാർത്ഥിച്ചു… തിരുമേനി കണ്ണനും അച്ചുവിനും പ്രതിജ്ഞ ചൊല്ലി കൊടുത്തു. അവർ രണ്ടാളും അതു ഏറ്റു ചൊല്ലി കഴിഞ്ഞതും. തിരുമേനി പറഞ്ഞു..

“വരൻ വധുവിന്റെ കയ്യും പിടിച്ചു മണ്ഡപത്തിന്റെ ഇടതു വശം ചേർന്നു മൂന്ന് വട്ടം വലം വച്ചോളൂ.. കണ്ണൻ അച്ചുവിന്റെ കയ്യും പിടിച്ചു അഷ്ടമംഗല്ല്യം ഒരുക്കിയ കതിർമണ്ഡപത്തിന് ചുറ്റും മൂന്ന് വട്ടം വലം വെച്ചു കഴിഞ്ഞതും. ചടങ്ങുകൾ തീർന്നു.. ചടങ്ങുകൾ തീർന്നതും സ്ത്രീകളും കുട്ടികളും വധൂവരന്മാരെ പൊതിഞ്ഞു നിന്നു.. ശരത്ത് കണ്ണനെയും അച്ചുവിനെയും കുടുംബാഗങ്ങളുടെ കൂടെ നിർത്തി ഫോട്ടോ പിടുത്തം തുടങ്ങി… ഈ സമയം പന്തിയിൽ സദ്യ പൊടിപൊടിക്കുന്നുണ്ടായിരുന്നു. മേൽനോട്ടം വഹിച്ചു ഹസ്സനിക്കായും ദിവാകരനും ശേഖരനും റഹ്‌മാനും അരുണും ശിവനും അനിലും വിപിനും നാട്ടുകാരും ഉണ്ടായിരുന്നു. പന്തിയിൽ ആകെപ്പാടെ ഒരു ബഹളമായിരുന്നു…ശിവരാമൻ നായർ പന്തിയിലോട്ടു വന്നു മേൽനോട്ടം വഹിച്ചു കൊണ്ടിരിക്കുന്ന ഹസനിക്കയോട് ചോദിച്ചു..

“ഹസ്സാ.. ഇവിടെ എന്തായി ഒന്നിനും ഒരു കുറവും വന്നിട്ടില്ലല്ലോ അല്ലേ…?”

“ഏയ് . എന്ത് കുറവ് വരാൻ.. മൂന്ന് ട്രിപ്പ് കഴിഞ്ഞു. ഇനിയും മൂന്ന് ട്രിപ്പിനുള്ള ആളുണ്ട്.. ആളുകൾ നമ്മൾ കണക്ക് കൂട്ടിയതിലും ഒരു ഇരട്ടി കൂടുതലുണ്ട്..”

“ഊം.. സാധനം തികയില്ല്യേ…?”

“പിന്നെ തികയാണ്ട്. ഇനി നാലു ട്രിപ്പിനുള്ള ഭക്ഷണം ബാക്കിയുണ്ട്.. താൻ അതിനെ കുറിച്ചൊന്നും ബേജാറാവണ്ട . താൻ മുന്നിലേക്ക് പൊക്കോ ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കാൻ ഞങ്ങളുണ്ട്..”

“അഥവാ തികയാതെ വരുകയാണെങ്കിൽ അപ്പൊ തന്നെ അരവിന്താക്ഷനോട് അരിയിടാൻ പറയണം ട്ടൊ.. ഒരു കാരണവശാലും ഒരു കുഞ്ഞു പോലും ഈ തറവാട്ടിൽ നിന്നും ഭക്ഷണം കിട്ടാതെ പോകാൻ പാടില്ല്യ..”

“അതിന്റെ ഒന്നും ആവശ്യം വരില്ലടോ.. സാധനം ഇഷ്ടം പോലെയുണ്ട്……….”

മുന്നൂറോളം ആളുകൾക്ക് ഒറ്റയിരുപ്പിൽ ഇരുന്നുണ്ണുവാനുള്ള സൗകര്യമാണ് പന്തിയിലൊരുക്കിയിരുന്നത്. ചിറക്കൽ തറവാട്ടുകാരും കുടുംബക്കാരും നാട്ടുകാരെ ക്ഷണിച്ചിരുത്തി നാലു കൂട്ടം പായസം വിളമ്പി സദ്യയൂട്ടി. നാട്ടുകാരെല്ലാവരും വയറും മനസ്സും നിറച്ചു സദ്യ കഴിച്ചെഴുന്നേറ്റു..

വിപിൻ പന്തിയിൽ നിന്നും ഉമ്മറത്തേക്ക് വന്നപ്പോഴാണ് അപ്പു അച്ചുവിനെയും കൊണ്ട് അതു വഴി വന്നത്.

“വിപിൻ ചേട്ടാ ഭക്ഷണം കഴിച്ചോ..?” അപ്പു വിപിനോട് ചോദിച്ചു..

“ഇല്ല്യാ.. പന്തിയിൽ നല്ല തിരക്കാണ് കുറച്ചു കഴിയട്ടെ.. അല്ല നീ വിവാഹപെണ്ണിനെയും കൊണ്ട് എങ്ങോട്ട് പോകുന്നു..?”

“ഞങ്ങൾ അർജ്ജുന്റെ അടുത്തേക്ക് ഫോട്ടോ എടുക്കാൻ. വിപിൻ ചേട്ടൻ പോരുന്നോ..?”

“ആ ഞാനുംണ്ട്. ഇവിടെ ആനയുണ്ട് എന്നു കേട്ടിട്ടുണ്ടെന്നല്ലാതെ ഇതു വരെ ആ കരിവീര കേസരിയെ ഒന്നു കാണാൻ പറ്റിയിട്ടില്ല്യ..”

“എന്നാ വരൂ അവന്റെ അടുത്തോട്ട് പോകാം…” വിപിൻ അവരുടെ കൂടെ അർജ്ജുന്റെ അടുത്തോട്ട് പോയി..

അരുൺ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നർക്ക് പന്തിയിൽ സാമ്പാർ ഒഴിച്ചു കൊടുക്കുമ്പോഴാണ് കണ്ണൻ അവന്റെ അടുത്തേക്ക് വന്നത്…

“നീ എന്തിനാ ഇങ്ങോട്ട് വന്നേ.. ഇവിടെ ഞങ്ങളുണ്ട്. നീ ഇതിലൊന്നും കയറി തലയിട്ടു ഡ്രസ്സ് ചീത്തയാക്കണ്ട..നിങ്ങളുടെ ഫോട്ടോ പിടുത്തവും വീഡിയോ പിടുത്തവുമെല്ലാം കഴിഞ്ഞോ…?”

“എവിടെ കഴിയുന്നു ഇനിയുമുണ്ട് ഒരുപാട്. ശരത്ത് ഞങ്ങളെ രണ്ടാളെയും കൊണ്ട് നടന്നു നിർത്തി ഫോട്ടോസും വീഡിയോസും എടുക്കുകയല്ലേ.. എനിക്കാണെങ്കിൽ വിശന്നിട്ടും വയ്യ..”

“ഈ ട്രിപ്പും കൂടി കഴിഞ്ഞാൽ നീയും അച്ചുവും മറ്റുള്ളവരും ഇരുന്നോ..” അപ്പോഴാണ് ശരത്ത് അവർക്കിടയിലോട്ടു ക്യാമറയും തൂക്കി വന്നത്..

“കണ്ണാ വാ അർജ്ജുന്റെ അടുത്തോട്ട് പോകാം അച്ചുവും അപ്പുവും അവന്റെ അടുത്തോട്ട് പോയിട്ടുണ്ട്…”

“എന്തിന്. അവരെന്തിനാ അവന്റെ അടുത്തോട്ട് പോയത്..?”

“ഫോട്ടോയെടുക്കാൻ അല്ലാതെന്തിനാ. വാ പോകാം..”

“എടാ അതു പിന്നെ എടുത്താൽ പോരേ. ഇപ്പൊ തന്നെ എടുക്കണോ..?”

“ആ.. ഇപ്പൊ തന്നെ എടുക്കണം. പിന്നെ എടുക്കാനുള്ളത് ഇനി വേറെ തന്നെ ഉണ്ട് .നീ ഇങ്ങോട്ട് വന്നേ.. ” ശരത്ത് അരുണിന്റെ തോളിലെ തോർത്തെടുത്തു കയ്യിൽ പിടിച്ചു..

“ഇതെന്തിനാ തോർത്ത്..

“ഇത് കൊണ്ട് ഒരു ചെറിയ ആവശ്യമുണ്ട് വാ….” ശരത്ത് കണ്ണനെയും കൊണ്ട് അര്ജ്ജുന്റെ അടുത്തേക്ക് ചെന്നു. അപ്പുവും അച്ചുവും വിപിനും അവിടെയുണ്ടായിരുന്നു. അർജ്ജുനെ രാവിലെ തന്നെ ശിവൻ കുറിയെല്ലാം വരച്ചു സുന്ദരനാക്കി നിർത്തിയിരുന്നു. വിവാഹത്തിന് വന്ന ആളുകളും കുട്ടികളുമെല്ലാം അവനു ചുറ്റും കൂടിയിരുന്നു. ശിവൻ അവന്റെ അടുത്തു തന്നെ ഉണ്ടായിരുന്നു.

“വിപിൻകുട്ടാ.. നീ ഭക്ഷണം കഴിച്ചോ..?” കണ്ണൻ വിപിനോട് ചോദിച്ചു..

“ഇല്ലേട്ടാ. കുറച്ചു കഴിയട്ടെ. നമുക്കെല്ലാവർക്കും ഒരുമിച്ചിരിക്കാം..”

“ശിവാ… അര്ജ്ജുന് ഭക്ഷണം കൊടുത്തോ…?”

“പിന്നെ കൊടുക്കാണ്ട്. പ്രഥമൻ കൂട്ടി ഒരുഗ്രൻ സദ്യതന്നെ കൊടുത്തു ഞാനവന്. കണ്ടില്ലേ സദ്യ കഴിച്ച ഒരഹങ്കാരമില്ലേ അവന്റെ മുഖത്ത്..”

“അവൻ അഹങ്കരിക്കട്ടെടാ. അവൻ സാക്ഷാൽ ചിറക്കൽ അര്ജുനല്ലേ. അല്ലേ അര്ജുനാ..”കണ്ണൻ അവന്റെ തുമ്പികയ്യിൽ മുഖം ചേർത്തു വെച്ചു പറഞ്ഞു..

“ആഹ ഹാ… ഇവനെ പോലത്തെ ഒരു ഗജവീരൻ ഇവിടെയുള്ളപ്പോൾ എന്തിനാ വെറുതെ നമ്മൾ ഷൂട്ട് ചെയ്യാൻ വേറെ സീനറി തേടി പോണേ.. നീ അച്ചൂനെയും കൊണ്ട് അവന്റെ തുമ്പി കയ്യിൽ ഒന്നു ചാരി നിന്നേ” . ശരത്ത് കണ്ണനോട് പറഞ്ഞു..

“ഡീ എനിക്ക് നാണം വരുന്നു. നീയും വാ ..” അച്ചു അപ്പുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..

“ഞാനെന്തിന് വരുന്നു. ഇന്ന് ഇവിടെ നടന്നത് എന്റെ വിവാഹമല്ലേ നിങ്ങളുടെയാ.. നീ എന്തിനാ നാണിക്കുന്നത് നീ ഏട്ടന്റെ കൂടെയല്ലേ നിൽക്കുന്നത്..?”

“അതൊക്കെ ശരിയാണ് എന്നാലും…”

“ഒരു എന്നാലുമില്ല നീ ചെല്ലു..” അപ്പു അവളെ കണ്ണന്റെ മുമ്പിലോട്ട് ഉന്തിവിട്ടു..

ശരത്ത് അച്ചുവിനെ അർജ്ജുന്റെ തുമ്പികയ്യിൽ ചാരി നിർത്തി ,കണ്ണനെ അവളുടെ മുഖത്തോട് മുഖമാക്കി നെഞ്ചോട് ചേർത്തു നിർത്തി എന്നിട്ട് അവളുടെ നെറ്റിയിൽ ഉമ്മ കൊടുക്കാൻ പറഞ്ഞു. കണ്ണൻ അച്ചുവിന്റെ നെറ്റിയിൽ ചുണ്ടമർത്തിയതും ആ കണ്ണുകൾ കൂമ്പിയടഞ്ഞു. അവളുടെ നാസികയിലെ നേർത്ത ശ്വാസം കണ്ണന്റെ സിരകളിലെ രക്തയോട്ടം കൂട്ടുന്നുണ്ടായിരുന്നു. അതെല്ലാം ശരത്ത് ക്യാമറ കണ്ണിൽ പകർത്തുന്നുണ്ടായിരുന്നു..

“ഇന്നാ ഈ തോർത്ത് തലയിൽ വരിഞ്ഞു ചുറ്റി ഈ കൂളിംഗ് ഗ്ലാസ്സും വച്ചു അച്ചൂനെയും കൊണ്ട് അവന്റെ പുറത്ത് കയറിക്കോ..” ശരത്ത് കൊടുത്ത തോർത്ത് വാങ്ങി കണ്ണൻ തലയിൽ വരിഞ്ഞു ചുറ്റി ഗ്ളാസ് എടുത്തു മുഖത്തു വച്ചു ഒരു റൊമാന്റിക്ക് ചിരിയോടെ തല ചെരിച്ചു അച്ചുവിനെ നോക്കി അര്ജുന്റെ കഴുത്തിൽ ചാരിവച്ച തോട്ടി മാറ്റി അവനോട് പറഞ്ഞു…

“അര്ജുനാ ഒന്നു ഇരുന്നേടാ.. ഞങ്ങളൊന്നു കയറട്ടെ..”

അർജുൻ ഇരുന്നതും കണ്ണൻ ആദ്യം കയറി അച്ചുവിനെ കൈ പിടിച്ചു കയറ്റി അവന്റെ മുമ്പിലിരുത്തി.. അർജുനൻ എഴുന്നേറ്റതും തൊട്ട് തൊടാതെ ഇരിക്കുന്ന കണ്ണനോടും അച്ചുവിനോടും താഴെനിന്നു ശരത്ത് വിളിച്ചു പറഞ്ഞു..

“എടാ അവളിപ്പോൾ നിന്റെ ഭാര്യയാണ്. അല്ലാതെ കാമുകിയല്ല. നീയവളെ നിന്റെ നെഞ്ചോടൊന്നു ചേർത്തിരുത്ത്. എന്നിട്ട് രണ്ടാളുമൊന്നു റൊമാന്റിക്കാവ്…”

“ഈ റൊമാൻസൊക്കെ മതി നീയൊന്നു പെട്ടന്നെടുത്തെ. ആനപ്പുറത്ത് ഇരിക്കുമ്പോഴേ ഈ റോമൻസൊക്കെ കാണൂ…”

“അതു പോര നീ അവളെയൊന്നു ചേർത്ത് പിടിച്ചേ. അപ്പൊ രണ്ടാൾക്കും താനേ റൊമാൻസ് വന്നോളും..” കണ്ണൻ അച്ചുവിനോട് ശബ്ദം താഴ്ത്തി ചോദിച്ചു.. “അച്ചൂ നിനക്ക് പേടിയാവുന്നുണ്ടോ..?”

“ഇല്ല എന്റെ കൂടെ കണ്ണേട്ടനില്ലേ. എന്റെ കൂടെ കണ്ണേട്ടന് ഉള്ളോടത്തോളം കാലം ഈശ്വരനെ അല്ലാതെ വേറെ ഒന്നിനെയും ഞാൻ പേടിക്കില്ല്യാ..”

“എന്നാ ഒന്നുകൂടി ചേർന്നിരുന്നോ.. പറഞ്ഞ പോലെ നമ്മളെന്തിനാ ഇനി നാണിക്കുന്നത്. ഒന്നു റൊമാന്റിക്കായേക്കാം,ല്ലേ.. ?” കണ്ണൻ അച്ചുവിന്റെ ഇടുപ്പിലൂടെ കൈ ചുറ്റി അവന്റെ മാറോടടുപ്പിച്ചു. ജിമിക്കിയിട്ട കാതോട് ചുണ്ടടുപ്പിച്ചു. കണ്ണന്റെ നറു ശ്വാസം കാതിലും മുഖത്തും തട്ടിയതും അവളുടെ രോമങ്ങൾ വികാരഭരിതമായി എഴുന്നേറ്റു നിന്നു. ചുറ്റി വരിഞ്ഞു പിടിച്ച അവന്റെ കൈകൾക്ക് കാന്തിക ശക്തിയുള്ള പോലെ അവൾക്ക് തോന്നി. അവൾ തല ചെരിച്ചു അവന്റെ കവിളോട് കവിൾ ചേർത്തു വെച്ചു പറഞ്ഞു..

“ഞാൻ എത്ര കൊതിച്ചിട്ടുണ്ടന്നറിയോ കണ്ണേട്ടന്റെ കൂടെ ഇവന്റെ പുറത്ത് ഇങ്ങനെയൊന്നിരിക്കാൻ. ഈ നെഞ്ചിൽ ഇതു പോലെ ഒന്നു ചേർന്നിരുന്നു സവാരി നടത്താൻ..”

“എന്നാ നമുക്കൊരു ചെറിയ സവാരി നടത്തിയാലോ.. അവൾ.. ഊം.. ” എന്ന് മൂളി. കണ്ണൻ അര്ജുനനോട് ഒന്നു നടക്കാൻ പറഞ്ഞു. അവൻ നടയമരങ്ങൾ അമർത്തി പതിയെ ചുവട് വെച്ചതും അച്ചു ഒന്നുകൂടി അവന്റെ നെഞ്ചോട് ചേർന്നിരുന്നു. ശരത്ത് അതെല്ലാം ക്യാമറയിൽ വിഷ്വലായി പകർത്തി…

കണ്ണനും അച്ചുവും ആനപുറത്തിരുന്നു റൊമാറ്റിക്ക് മൂഡോടെ സവാരി നടത്തുന്നതു നോക്കി വിപിൻ അപ്പുവിനോട് സ്വരം പതുക്കി പറഞ്ഞു..

“അതേ എനിക്കൊരാഗ്രഹം..”

“ഊം എന്താ വിപിനേട്ടന് അർജ്ജുന്റെ പുറത്തു കയറണോ…?”

“ഊം.. പക്ഷെ എന്റെ കൂടെ ഒരാളും കൂടി വേണം..”

“അതെന്താ ഒറ്റക്കിരിക്കാൻ പേടിയുണ്ടോ. അങ്ങനെങ്കിൽ ശിവനോടും കൂടെ കയറാൻ പറയാം..”

“അതു വേണ്ട.. പാപ്പാൻ എന്റെ കൂടെയിരുന്നാൽ എനിക്ക് റൊമാൻസ് വരില്ല. അതിന് വേറെ ഒരാളിരിക്കണം..” അതു കേട്ടതും അവൾ ഉമിനീർ ഇറക്കി കൊണ്ട് വരണ്ട ചുണ്ടിൽ നാവു കൊണ്ട് തടവി തല ചെരിച്ചു ചെറു പുഞ്ചിരിയോടെ അവനെ നോക്കി ആകാംഷയോടെ ചോദിച്ചു

“അതാരാ വിപിൻ ചേട്ടാ ആ വേറൊരാൾ. ചേട്ടന്റെ ലൗവ്വറാണോ?”

“അതൊക്കെയുണ്ട്. ലൗവ്വറാണോ എന്ന് ചോദിച്ചാൽ അല്ല. ഞാൻ ട്രൈ ചെയ്യുന്നുണ്ട് ലൗവറാക്കാനും, ജീവിതത്തിലോട്ടു കൂട്ടാനും…” അതു കേട്ടതും അപ്പുവിന്റെ മാന്പേടകണ്ണുകൾ ഒന്നു പിടച്ചു..

“ചേട്ടന്റെ ഈ ഇഷ്ട്ടം ആ കുട്ടിയോട് പറഞ്ഞിട്ടുണ്ടോ..?”

“ആ ഒന്നു രണ്ട് വട്ടം പറഞ്ഞും പറയാതെയും എന്റെ ഇഷ്ട്ടം ഞാൻ അറിയിച്ചിട്ടുണ്ട്. അത് അവൾക്ക് മനസ്സിലായിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. എന്തായാലും ഞാൻ അവളെ സ്വന്തമാക്കും” . ആ വാക്കുകൾക്ക് മുന്നിൽ അപ്പുവിന്റെ മുഖം പ്രണയം കൊണ്ട് പൂത്തുലഞ്ഞു… അപ്പോഴാണ് ശരത്ത് കണ്ണനോട് പറഞ്ഞത്…

“മതി ഇറങ്ങി പോര് രണ്ടാളും. ഇനി അവിടെയിരുന്നു സുഖിക്കേണ്ട..” അതു കേട്ടതും ഫ്ലോ പോയത് കണ്ണന്റെയും അച്ചുവിന്റെയുമല്ല. മറിച്ചു പ്രണയം തളിർത്തു തുടങ്ങിയ അപ്പുവിന്റെയും വിപിന്റെയുമായിരുന്നു……….

“ലക്ഷ്മീ.. രേവതീ… കണ്ണനേയും അച്ചുമോളേയും കൂട്ടി ഊണ് കഴിക്കാൻ പന്തിയിലോട്ടു ചെല്ലാ. അച്ചുമോളെവിടെ ? അവളെ സെറ്റ് സാരിയെല്ലാം ഉടുപ്പിച്ചോ “. ശിവരാമൻ നായർ രേവതിയോടും ലക്ഷ്മിയമ്മയോടും ചോദിച്ചു..

“പത്തായപുരയിലോട്ട് കാർത്തുവും അപ്പുവും അവളെയും കൊണ്ട് പോയിട്ടുണ്ട് സെറ്റ് സാരി ഉടുപ്പിക്കാൻ ” . രേവതി പറഞ്ഞു..

കാർത്തുവും അപ്പുവും അച്ചുവിനെ പത്തായപുരയിൽ വെച്ചു ഊണു കഴിക്കുമ്പോൾ ഉടുക്കാനുള്ള സെറ്റ് സാരിയെല്ലാം ഉടുപ്പിച്ചു പന്തിയിലോട്ട് കൊണ്ടു വന്നു.. കണ്ണനും മറ്റുള്ളവരുമെല്ലാം അവിടെയുണ്ടായിരുന്നു…

കണ്ണനും അച്ചുവും ഊണു കഴിക്കാൻ ഇരുന്നു. അച്ചുവിനും അവരുടെ ഇടം വലമായി അപ്പുവിനും കാർത്തുവും വിപിനും അനിലും ഇരുന്നു. അമ്മമാരും അമ്മായിമാരും അവർക്ക് നാക്കിലയുടെ തുമ്പത്ത്, വറവും തൊട്ടുകറിയും കൂട്ട് കറിയും വിളമ്പി, പപ്പടവും അച്ചാറും പഴവും വെച്ചു. ലക്ഷ്മിയമ്മ ഇലയിലോട്ട് തുമ്പപ്പൂ ചോറു വിളമ്പിയതും രേവതി സാമ്പാറ് ഒഴിച്ചു കൊടുത്തു. അവർ തൊട്ടു കറികളും കൂട്ട് കറികളും അച്ചാറും സ്റ്റൂവും കൂട്ടി സദ്യ കഴിക്കാൻ തുടങ്ങി.

“അമ്മായി കുറച്ചു രസം. അപ്പു കൈ കുമ്പിള് കുത്തി കാണിച്ചു കൊണ്ട് പറഞ്ഞു..
മാലതി അവളുടെ കയ്യിലോട്ട് രസം പകർന്നു കൊടുത്തു. ഇതിനിടയി അവളുടെ പപ്പടം എടുത്തു അനിൽ തിന്നു..

“അമ്മേ.. ഇത് നോക്കിയേ അനിലേട്ടൻ എന്റെ പപ്പടം എടുത്തു തിന്നു.. “

“അയ്യോ.. ഞാനൊന്നും എടുത്തില്ലമ്മായി നീ തന്നെ തിന്നു കാണും.. “

“ഊം.. ഞാൻ കണ്ടതാ ഏട്ടനെടുത്തത്. അമ്മാ എനിക്ക് ഒരു പപ്പടം താ..” ലക്ഷ്മിയമ്മ അപ്പുവിന് ഒരു പപ്പടം കൊടുത്തു.. ഊണ് കഴിച്ചു കഴിയാറായതും ശിവരാമൻ നായരും ശേഖരനും അവരുടെ ഇടയിലേക്ക് വന്നു. അച്ഛന്മാരെ കണ്ടതും ഊണു കഴിക്കുന്നവർ ബഹുമാനം കാണിച്ചു എഴുന്നേൽക്കാൻ നിന്നതും ശിവരാമൻ നായർ പറഞ്ഞു…

“ഇരിക്ക് മക്കളേ.. ഊണ് കഴിച്ചോണ്ടിരിക്കുമ്പോൾ രാജാവ് വന്നാലും എഴുന്നേൽക്കാൻ പാടില്ല്യാ, അതാണ് പ്രമാണം. മാലതീ കുട്ടികൾക്ക് പ്രഥമൻ കൊടുത്തില്ല്യേ…?”

“പ്രഥമൻ ഞങ്ങള് കൊടുത്തോളാം” . റഹ്‌മാനും അരുണും പിന്നിൽ നിന്നും പ്രഥമനുകൾ നിറച്ച പാത്രങ്ങളുമായി വന്നു പറഞ്ഞു.. “സദ്യയെല്ലാം നിങ്ങളെല്ലാവരും കൂടി വിളമ്പിയില്ലേ. അപ്പൊ ഇത് ഇനി ഞങ്ങൾ വിളമ്പിക്കോളാം..”

“ഓ ആയിക്കോട്ടെ..”ലക്ഷ്മിയമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“ആ.. ആർക്കൊക്കെ ഏതൊക്കെ പ്രഥമനാണ് വേണ്ടത്. പാലട പ്രഥമൻ പരിപ്പ് പ്രഥമൻ ഗോതമ്പ് പ്രഥമൻ പഴം പ്രഥമൻ എല്ലാം റെഡിയാണ്..”

“എനിക്ക് എല്ലാം വേണം ഇങ്ങോട്ടൊഴിച്ചോളൂ..” അപ്പു ഇലയുടെ മധ്യം ചൂണ്ടിക്കാട്ടി വെള്ളമിറക്കി കൊണ്ട് പറഞ്ഞു.. അരുണും റഹ്‌മാനും അവളുടെ ഇലയിലോട്ട് പ്രഥമനുകൾ വിളമ്പി.. പിന്നെ മറ്റുള്ളവർക്കും വിളമ്പി. എല്ലാവരും പ്രഥമനും കൂട്ടി വയറു നിറച്ചു ഏമ്പക്കവും വിട്ടെഴുന്നേറ്റു…….

തിരുമേനി കുറിച്ചു കൊടുത്ത ഗൃഹപ്രവേശനത്തിന്റെ മുഹൂർത്തം ആയതും. അപ്പുവും കാർത്തുവും കൂടി അച്ചുവിനെയും കൊണ്ട് പത്തായപുരയിലോട്ട് പോയി കണ്ണൻ കൊടുത്ത പുടവ ഉടുപ്പിച്ചു, കണ്ണനെയും കൂട്ടി ഉമ്മറത്തെ പടിക്കെട്ടിൽ നിന്നു.

ലക്ഷ്മിയമ്മ അപ്പുവിനെയും കൂട്ടി പൂജാമുറിയിൽ നിന്നും അഞ്ചു തിരിയിട്ടു കത്തിച്ച നിലവിളക്കും, ആരതി ഉഴിഞ്ഞു കയറ്റാൻ താലത്തിൽ പൂവും ഉണങ്ങലരിയും ചന്ദനവും കുങ്കുമവും കത്തിച്ച കർപ്പൂരവുമായി ഉമ്മറത്തേക്ക് വന്നു. ലക്ഷ്മിയമ്മ കണ്ണനെയും അച്ചുവിനെയും ആരതിയുഴിഞ്ഞു നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു. അപ്പുവിന്റെ കയ്യിൽ നിന്നും നിലവിളക്കു വാങ്ങി അച്ചുവിന്റെ കയ്യിൽ കൊടുത്തു, വലതു കാൽ വെപ്പിച്ചു കൈ പിടിച്ചു അകത്തു കയറ്റി. അച്ചു നിലവിളക്കുമായി അമ്മമാരുടെയും കുടുംബാംഗങ്ങളുടെയും കൂടെ പൂജാമുറിയിലേക്ക് നടന്നു. അച്ചു നിലവിളക്കു പജാമുറിയിലെ ദൈവങ്ങൾക്ക് മുന്നിലെ പീഠത്തിൽ വെച്ചു പ്രാർത്ഥിച്ചു പുറത്തിറങ്ങി. തുടർന്ന് പടിഞ്ഞാറ്റിനി കോലായിൽ കണ്ണനെയും അച്ചുവിനെയും ഇരുത്തി. ലക്ഷ്മിയമ്മയും രേവതിയും മാലതിയും കാർത്തികയും അപ്പുവും സുമതിയും കദളിപഴവും പാലും ചേർത്തു മധുരം കൊടുത്തു…

അഞ്ചു മണി ആയപ്പോഴേക്കും വിവാഹത്തിന്റെ ആരവങ്ങളെല്ലാം കെട്ടടങ്ങി ക്ഷണം സ്വീകരിച്ചു വന്ന അതിഥികളും ബന്ധുക്കാരുമെല്ലാം പോയി. ചിറക്കൽ വീട്ടുകാരും ചുരുക്കം കുറച്ചു അയൽവാസികളും ബാക്കിയായി.. കലവറയിൽ ശാന്തയും രാധയും അണ്ടാവും വാർപ്പുകളും പാത്രങ്ങളുമെല്ലാം തേച്ചു കഴുകി വൃത്തിയാക്കി ഒരു മൂലയിൽ ഒതുക്കിവച്ചു..

അരവിന്ദാക്ഷനും കൂട്ടരും പോകാൻ നിന്നതും, ശിവരാമൻ നായരും ലക്ഷ്മിയമ്മയും കണ്ണനും അനിലും അവരുടെ അടുത്തേക്ക് വന്നു. കണ്ണന്റെയും അനിലിന്റെയും കയ്യിൽ മൂന്നാലു കവറുകളും ഉണ്ടായിരുന്നു. ശിവരാമൻ നായർ പണം നിറച്ച ഒരു പൊതി അദ്ദേഹത്തിന്റെ നേരെ നീട്ടി നിറഞ്ഞ മനസ്സോടെ പറഞ്ഞു..

“പറഞ്ഞതിലും കൂടുതലുണ്ട്. ഇതൊരു കൂലിയായിട്ട് കൂട്ടണ്ട. ഞങ്ങളുടെ ഒരു സന്തോഷമായി കൂട്ടിയാൽ മതി..” അരവിന്ദാക്ഷൻ നിറഞ്ഞമനസ്സോടെ അതു ഏറ്റുവാങ്ങി..

“സന്തോഷം മനസ്സു നിറഞ്ഞു ശിവേട്ടാ….”

“ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാം നല്ല ഭംഗിയായി അവസാനിച്ചു. സദ്യ നല്ല കെങ്കേമമായിരുന്നിട്ടോ..”

“അതു പിന്നെ അങ്ങനെ തന്നെ ആവില്ലേ. ഇവിടത്തെ ഒരു കാര്യത്തിന് ഞാൻ എന്തെങ്കിലും കുറവ് വരുത്തോ.. ഇത് എന്റെയും കൂടി തറവാടല്ലേ ശിവേട്ടാ…”

“കണ്ണാ അനികുട്ടാ ആ കവറുകളെല്ലാം അങ്ങോട്ടുകൊടുക്കാ…”കണ്ണനും അനിലും കവറുകളെല്ലാം അവർക്ക് കൊടുത്തു..

“എന്താ ഇത്..?” അരവിന്ദാക്ഷൻ ചോദിച്ചു…

“അതു നിങ്ങൾക്കുള്ള കുറച്ചു ഡ്രെസ്സുകളാണ്. നിങ്ങളുടെ മനസ്സ് നിറഞ്ഞാലെ ഞങ്ങളുടെ മനസ്സ് നിറയൂ…”

“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.. പാത്രങ്ങളെല്ലാം അവിടെ കൂട്ടിവെച്ചിട്ടുണ്ട്. നാളെ ഇവരാരെങ്കിലും വണ്ടിയും കൊണ്ട് വന്നെടുത്തോളും..”

“ഓ ആയിക്കോട്ടെ നിങ്ങളുടെ സൗകര്യം പോലെ വന്നെടുത്തോളൂ…………………”

കണ്ണനും അച്ചുവും കാർത്തികയും അനിലും അപ്പുവും പടിഞ്ഞാറ്റിനി കോലായിൽ വട്ടം കൂടിയിരുന്നു. അച്ചു ഡ്രസ് മാറ്റിയിരുന്നില്ല. അവർ വിവാഹത്തിന്റെ ഓരോ കാര്യവും പറഞ്ഞു വാചാലരായി ഇരിക്കുമ്പോഴാണ് ലക്ഷ്മിയമ്മ അങ്ങോട്ട് വന്നത്..

“മോളേ അച്ചൂ… കാലും മുഖവും കഴുകിയിട്ട് വാ സന്ധ്യാ ദീപം വെക്കാം. ഇനിയുള്ള എല്ലാ ദിവസവും എന്റെ കുട്ടിയായിരിക്കണം ഈ വീട്ടിൽ വിളക്ക് വെക്കേണ്ടത്…”

അച്ചു കാലും മുഖവും കഴുകി വന്നു. ലക്ഷ്മിയമ്മ പൂജാമുറിയിൽ കയറി നിലവിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു, വിളക്കുമായി പുറത്തോട്ട് വന്നു അച്ചുവിന്റെ നേരെ നീട്ടി. അച്ചുവും മറ്റുള്ളവരും ദീപത്തെ തൊഴുതു. അച്ചു നിലവിളക്ക് ഏറ്റു വാങ്ങി ദീപം ദീപം എന്നുരുവിട്ടു കൊണ്ട് നഗ്നപാദത്തോടെ നടന്നു നീങ്ങി നടുമുറ്റത്തെ തുളസി തറയിൽ തിരി കൊളുത്തി. പിന്നെ അവിടെ നിന്നും ഉമ്മറത്തേക്ക് നിലവിളക്കുമായി നടന്നു. ദീപം കണ്ടതും ഉമ്മറത്തിരിന്നിരുന്ന ശിവരാമൻ നായരും ശേഖരനും ദിവാകരനും അനിലും കണ്ണനും എഴുന്നേറ്റ് നിന്നു ദീപത്തെ തൊഴുതു.. അച്ചു മുറ്റത്തേക്കിറങ്ങി. തുളസി തറയിൽ ദീപം തെളിയിച്ചു. തൊഴുത്തിലൊട്ടും ആന കൊട്ടിലൊട്ടും ദീപം കാണിച്ചു അപ്പുവിനെയും കൂട്ടി സർപ്പക്കാവിലോട്ടു വിളക്ക് വെക്കാൻ നടന്നു നീങ്ങി……

രാത്രി എല്ലാവരും സന്തോഷത്തോടെ ഭക്ഷണമെല്ലാം കഴിച്ചു. ഇന്നത്തെ രാത്രി ഒരുപാട് കാലത്തെ അവരുടെ ആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിന്റെ രാത്രിയായിരുന്നു.. അത്താഴം കഴിഞ്ഞതും എല്ലാവരും കൂടി പടിഞ്ഞാറ്റിനി കോലായിൽ അൽപസമയം ചിരിയും കളിയുമായിരുന്നു. അപ്പോഴെല്ലാം അച്ചുവിന്റെയും കണ്ണന്റെയും മനസ്സിൽ അവരുടെ മധുവിധുവിന്റെ മധുരിക്കുന്ന സ്വപ്നങ്ങളായിരുന്നു…

പടിഞ്ഞാറ്റിനി കോലായിലെ വട്ടമേശ സമ്മേളനം കഴിഞ്ഞതും. കണ്ണൻ നേരത്തെ തന്നെ ആദ്യരാത്രിക്കൊരുക്കിയലങ്കരിച്ച അവരുടെ റൂമിലോട്ട് പോയി. റൂമെല്ലാം മുല്ലപ്പൂ കൊണ്ട് അലങ്കരിച്ചിരുന്നു. മേശക്ക് മുകളിൽ സ്വർണ്ണ തളികയിൽ പഴവർഗങ്ങൾ നിറച്ചു വെച്ചിരുന്നു.കണ്ണൻ മുല്ലപ്പൂ വിതറിയ വെള്ള പട്ടു പരവതാനി വിരിച്ച പൂമെത്തയിൽ വാതിൽ പടിയിലോട്ട് കണ്ണും നട്ടു അച്ചുവിന്റെ വരവും കാത്തിരുന്നു…..

ലക്ഷ്മിയമ്മ അച്ചുവിന്റെ കയ്യിൽ കാച്ചി കുറുക്കിയ ഒരു ഗ്ലാസ്സ് പശുവിൻ പാൽ കൊടുത്തു അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു…

“ഇന്ന് മുതൽ എന്റെ മക്കള് ഒരുമിച്ചൊരു ജീവിതം തുടങ്ങാണ്. ഇനി അവിടന്നങ്ങോട്ട് അവന്റെ കാര്യങ്ങളെല്ലാം മോളാണ് നോക്കേണ്ടത്. ദൈവം എന്റെ മക്കളെ അനുഗ്രഹിക്കട്ടെ..” ആ വാക്കുകൾ കേട്ടതും സന്തോഷം കൊണ്ട് അച്ചുവിന്റെ കണ്ണുകൾ ചെറുതായി ഒന്നു നിറഞ്ഞു. രേവതി മകളുടെ ജീവിതത്തിൽ എല്ലാ അനുഗ്രവും ഉണ്ടാവണേ എന്നു പ്രാർത്ഥിച്ചു കൊണ്ട് അവളുടെ കവിളിൽ സ്നേഹ ചുംബനം നൽകി.

“മക്കളെ അച്ചുമോളെ റൂമിലോട്ട് ആക്കി കൊടുക്ക് “. ലക്ഷ്മിയമ്മ കാർത്തികയോടും അപ്പുവിനോടും പറഞ്ഞു.

കാർത്തികയും അപ്പുവും അച്ചുവിനെ ആനയിച്ചു അവർക്കൊരുക്കിയ റൂമിന്റെ മുമ്പിലോട്ടു ചെന്നു…അപ്പുവും കാർത്തുവും അച്ചുവിന്റെ കവിളിൽ ഓരോ ഉമ്മ കൊടുത്തു മണിയറയിലോട്ടു തള്ളി വിട്ടു പുറത്തു നിന്നും വാതിൽ വലിച്ചടച്ചു..

കണ്ണൻ കട്ടിലിൽ നിന്നും എഴുന്നേറ്റു വാതിലിന്റെ കുറ്റിയിട്ടു. നാണത്തോടെ കയ്യിൽ പാലുമായി നിൽക്കുന്ന അച്ചുവിന്റെ അടുത്തേക്ക് ചെന്നു, പാലുവാങ്ങി മേശപുറത്തു വെച്ചു അവളുടെ മുഖം കൈ കുമ്പിളിൽ കോരിയെടുത്തു സിന്ദൂരം ചാർത്തിയ സീമന്ദരേഖയിൽ ചുംബിച്ചു പറഞ്ഞു..

“ഈ രാത്രി നമ്മുടെ രാത്രിയാണ്. ഈ സ്നേഹവീട് നമുക്കൊരുക്കി തന്ന സന്തോഷത്തിന്റെ രാത്രി……

#അവസാനിച്ചു..

Read complete സ്‌നേഹവീട് Malayalam online novel here

#NB
(ഈ കഥ ഇവിടെ പൂർണ്ണമാകുകയാണ്. ഇനി എനിക്കറിയേണ്ടത് ഈ കഥയെ കുറിച്ചും എന്റെ എഴുത്തിനെ കുറിച്ചുമുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായമാണ്. അതു നിങ്ങൾ പിശുക്ക് കാണിക്കാതെ താഴെ കമന്റ് ബോക്‌സിൽ കുറിച്ചിടുക, നന്ദി??

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “സ്‌നേഹവീട് part 19”

  1. സ്നേഹവീട് താങ്കളുടെ മനസ്സുപോലെസ്നേഹംനിറഞ്ഞതായിരുന്നു ഇനിയും നല്ലരചനകൾ താങ്കളുടെ തൂലികയിൽ നിന്നും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  2. തൂലികയിൽ തുടർകഥ തീരുന്നവരെ വായിച്ചത് നിങ്ങളുടെ കഥ ആണ് അതു എന്ത് കൊണ്ട് ആണെന്ന് നിങ്ങൾക് മനസ്സ് ആയി കാണും എന്ന് വിശ്വാസം
    നന്നായിട്ടുണ്ട്.. ഇനിയും എഴുതുക

  3. Athra bangi ayitane oro partum vivarikkunbathe .super santhosham kondum sankadam kondum kannu pakavattam niranju.,💞💞💖💖💖💖

Leave a Reply