മരണങ്ങളുടെ തുരുത്ത് Part 10

  • by

4681 Views

മരണങ്ങളുടെ തുരുത്ത് Malayalam Novel

പ്രതാപിന് എതിർവശത്തായി ഇരുന്ന് ആഗതനെ നോക്കി പ്രതാപ് സംസാരിക്കാൻ തുടങ്ങി…

“എന്താ സജീവ് പ്രത്യേകിച്ച് ….”

“അല്ല സർ, വൈകീട്ട് കാണണം എന്ന് പറഞ്ഞിരുന്നില്ലേ…..”

“ഓ, ഞാനത് മറന്നു. ഒരു മിനിറ്റ്”

പ്രതാപ് അകത്തേക്ക് നോക്കി,

“സിസിലി ഒരു ചായ എടുത്തോ. ഒരു ഗസ്റ്റ് ഉണ്ട്” സജീവിന് ചായ പറഞ്ഞതിന് ശേഷം

“സജീവ്, ഞാൻ പറഞ്ഞ കാര്യം എന്തായി ?”

“എന്താണ് സർ ?”

“എടോ, ഞാൻ തന്നോട് ആ ഗ്രാമത്തിൽ ഈയിടെയായി നടന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞിരുന്നില്ലേ…. അത് എന്തായി എന്നാണ് ഞാൻ ചോദിച്ചത്”

“അത് സർ, ഞാൻ മറന്നു അത്”

“നല്ലയാളാണ് താൻ. ഇങ്ങനെയാണോടോ ഒരു കാര്യം ഏൽപ്പിച്ചാൽ. തന്നെയൊക്കെ മെമ്പർ ആയി തിരഞ്ഞെടുത്തവരുടെയൊക്കെ യോഗം. എങ്ങിനെയാടോ താനൊക്കെ ജനങ്ങളെ സേവിക്കുന്നത് ?”

അതിനിടയിൽ ചായ കൊണ്ടുവന്ന സിസിലിക്ക് സജീവിനെ പരിചയപ്പെടുത്തുകയും ചെയ്തു പ്രതാപ്. ചായ കൊണ്ടുവന്ന സിസിലി പോയി കഴിഞ്ഞപ്പോൾ അവരുടെ സംഭാഷണം പുനരാരംഭിച്ചു.

“തന്നോടൊക്കെ ആരെങ്കിലും എന്തെങ്കിലും കാര്യം നടത്താൻ പറഞ്ഞാൽ അതിന്റെ പിറകെ നിന്നില്ലെങ്കിൽ താനൊക്കെ അത് മറന്നു എന്നും പറഞ്ഞ് കൈമലർത്തില്ലേ”

“സർ, അങ്ങനെയല്ല, ജോണികുട്ടിയുടെ ശവസംസ്‌കാരത്തിന്റെ പിറകെ ആയിരുന്നു. അവന് ബന്ധുക്കൾ ആരും ഇല്ലാത്തത് കൊണ്ട് ഞാനും പിന്നെ വേറെ ഒന്ന് രണ്ടാളുകളും കൂടിയാണ് എല്ലാം നോക്കിയത്. ഇന്നലെ വൈകീട്ടാണ് എല്ലാം കഴിഞ്ഞത്. രണ്ട് ദിവസം ഫുൾ മരണ വീട്ടിൽ ആയിരുന്നത് കൊണ്ട് പഞ്ചായത്തിൽ പോയിരുന്നില്ല. ഇന്ന് രാവിലെ പഞ്ചായത്തിൽ നിൽക്കുമ്പോഴാണ് സർ വിളിച്ചത്. അവിടുന്ന് നേരെ ഇങ്ങോട്ട് പോന്നു”

“എടോ, ഈ അടുത്ത കാലത്ത് അവിടെ നടന്ന പ്രധാന കാര്യങ്ങൾ , പ്രത്യേകിച്ച് കഴിഞ്ഞ രണ്ടോ, മൂന്നോ മാസത്തിനുള്ളിൽ നടന്നിരിക്കുന്ന സംഭവങ്ങൾ എനിക്കറിയണം. താൻ നേരിട്ട് അന്വേഷിച്ച് അത് എന്നോട് പറയണം. എത്ര ദിവസം വേണം തനിക്ക് അതിന്”

“ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഞാൻ പറയാം”

“OK, വെരിഗുഡ്. മൂന്ന് ദിവസം എന്നത് മാക്സിമം ആണ്. പരമാവധി അതിന് മുന്നേ കഴിയുമെങ്കിൽ നല്ലത്”

“ഞാൻ മാക്സിമം ശ്രമിക്കാം. എങ്കിൽ ഞാൻ ഇറങ്ങിക്കോട്ടെ സർ”

“താൻ വിട്ടോ. പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട”

“ഇല്ല സർ” എന്നും പറഞ്ഞ് സജീവ് പോകാനായി എഴുന്നേറ്റ് വാതിൽ വരെ ചെന്ന ശേഷം തിരിഞ്ഞ് നിന്ന്

“സാറേ, ജോണികുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയോ ?”

“ഉവ്വ്, എന്തേ ?”

“സർ അത് കൊലപാതകം ആണോ ?”

“താൻ എന്താ അങ്ങിനെ ചോദിച്ചേ ?”

“ഒന്നുമില്ല സർ. വെറുതെ അറിയാൻ വേണ്ടിയാണ്”

“അങ്ങനെ ഒന്നും ഇല്ല. ഹൃദയസ്തംഭനം തന്നെയാണ് മരണ കാരണം”

“ഇനിയും എത്ര പേരാണാവോ അവിടെ മരിക്കാൻ കിടക്കുന്നത്. എന്നാലും എന്തായിരിക്കും സർ ഇത്രയധികം ആളുകൾ അവിടെ ഹൃദയസ്തംഭനം മൂലം മരണപ്പെടാൻ കാരണം ?”

“അതല്ലേടോ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. നമുക്ക് കണ്ടുപിടിക്കാം. താൻ ധൈര്യമായി പോകാൻ നോക്ക്”

“ശരി സർ. ഞാൻ ഇറങ്ങട്ടെ”

സജീവ് യാത്ര പറഞ്ഞ് പോയ ശേഷം പ്രതാപ് ഡോർ അടച്ചശേഷം വീണ്ടും കസേരയിൽ വന്നിരുന്ന് ആലോചിച്ചു.

“എന്നാലും ജോണിക്കുട്ടി കൊല്ലപ്പെട്ടതാണെന്ന് സജീവിന് തോന്നാൻ എന്തായിരിക്കും കാരണം… അയാൾക്ക് ഇതിനെ കുറിച്ച് എന്തെങ്കിലും അറിവുണ്ടാകുമോ. ഇനി സജീവിന് ഈ കൊലപാതകത്തിൽ എന്തെങ്കിലും പങ്കുണ്ടോ. എന്തായാലും സജീവിനെ കുറിച്ച് വിശദമായി അന്വേഷിക്കണം. അതിനിനി ആരെയെങ്കിലും തപ്പി എടുക്കണം. ആ തുരുത്തിൽ ആണെങ്കിൽ എനിക്ക് പരിചയമുള്ള ആരും തന്നെയില്ല. നോക്കട്ടെ എന്തെങ്കിലും വഴി തെളിയാതിരിക്കില്ല.

ഓരോന്ന് ചിന്തിച്ചിരിക്കുന്നതിനിടയിലാണ് ആന്തരികാവയവങ്ങൾ ടെസ്റ്റിന് അയച്ചതിന്റെ റിസൾട്ട് വന്നോ എന്ന കാര്യം പ്രതാപ് ഓർത്തത്. അവനെ വിളിക്കുമ്പോൾ അൻസിലിന്റെ കാര്യം കൂടി ചോദിക്കുകയും ചെയ്യാം.

“ഹലോ”

“എടാ, രഞ്ജിത്തേ ഞാനാണ് പ്രതാപ്”

“ആ പറയെടാ. എന്തായി നിന്റെ കേസന്വേഷണം”

“ഒന്നും ആയില്ലെടാ. അതിന്റെ കാര്യത്തിനാണ് ഞാൻ നിന്നെ വിളിച്ചത്”

“എടാ, നീ വളച്ചു കെട്ടാതെ കാര്യം പറയ്”

“എടാ, ജനറൽ ഹോസ്പിറ്റലിലെ അൻസിലിനെ കുറിച്ച് എന്താണ് അഭിപ്രായം”

“പോലിസ് സർജൻ അല്ലെ. നല്ല മനുഷ്യൻ ആണ്. യാതൊരു പ്രലോഭനങ്ങൾക്കും വഴങ്ങാത്ത മനുഷ്യൻ. എന്തെടാ കാര്യം”

“ഇല്ലെടാ, ആദ്യത്തെ പോസ്റ്റുമോർട്ടങ്ങൾ എല്ലാം നടത്തിയത് അദ്ദേഹം ആയിരുന്നു. അതിലെ ചെറിയൊരു കണ്ഫ്യൂഷൻ.

“എടാ, നീ അതിൽ കണ്ഫ്യൂഷൻ വേണ്ട. കാരണം ഞാൻ അന്ന് പറഞ്ഞില്ലേ, മരണം നടന്ന് 8 മണിക്കൂർ കഴിഞ്ഞാൽ പിന്നെ ആ മരുന്നിന്റെ അംശം കിട്ടില്ല. സാധാരണ ഒരു ഹൃദയസ്തംഭനം അത്രയേ കാണുകയുള്ളൂ. നമുക്ക് അത് മനസിലായത് നേരത്തെ പോസ്റ്റുമോർട്ടം ചെയ്യാൻ കഴിഞ്ഞത് കൊണ്ടാണ്. അതിന്റെ പേരിൽ നീ അദ്ദേഹത്തെ സംശയിക്കേണ്ട കാര്യം ഇല്ല”

“അദ്ദേഹത്തെ ഞാൻ പൂർണമായും എന്റെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയാണ്. എടാ, രണ്ടാമത്തെ കാര്യം. ജോണികുട്ടിയുടെ ആന്തരികാവയവങ്ങൾ ടെസ്റ്റിന് അയച്ചതിന്റെ റിസൾട്ട് വന്നോടാ”

“എടാ, നിന്നോട് ഞാൻ പറഞ്ഞില്ലായിരുന്നോ, ഒരാഴ്ച പിടിക്കുമെന്ന്. നീ അതിന് തിടുക്കം കാണിക്കേണ്ട, റിസൾട്ട് വന്നാൽ ഞാൻ തന്നെ നിന്നെ വിളിച്ചു പറഞ്ഞ് കയ്യിൽ കൊണ്ടു വന്നു തന്നോളാം. പോരെ”

“OK താങ്ക്സ്ടാ. എനിക്കറിയാം അല്ലെങ്കിലും നീ സ്നേഹമുള്ളവൻ ആണെന്ന്”

“നീ വിട്ടേ. എനിക്ക് പണിയുണ്ട് മോനെ”

“നീ എവിടെയാ ഇപ്പോൾ”

“ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ നിക്കുന്നു. നീയോ”

“ഞാൻ വീട്ടിൽ ഉണ്ട്. നീ ഇറങ്ങുന്നുണ്ടോ”

“ഇല്ലെടാ, പോയിട്ട് പെണ്ണുമ്പിളയുമായി കുറച്ച് ഷോപ്പിംഗ് ഉണ്ട്. ഞാനും അവളും ഒരു ദിവസം അങ്ങോട്ട് ഇറങ്ങാം “

“എങ്കിൽ നീ വിട്ടോ. OK ടാ. ബൈ”

“ബൈ, സീയു സൂണ്”

ഈ മരണങ്ങളെ കുറിച്ച് എവിടെ നിന്ന് അന്വേഷിച്ച് തുടങ്ങണം എന്ന് ചിന്തിച്ചിട്ട് പ്രതാപിന് ഒരു പിടിത്തവും കിട്ടാതെ ഇരുന്നു.

“ആദ്യമായിട്ടാണ് ഇങ്ങനെയൊരു കേസ്. യാതൊരു തെളിവും ഇല്ലാതെ. ഒന്നും പിടികിട്ടാത്ത വല്ലാത്തൊരു മാനസികാവസ്ഥ. ആകെ കയ്യിൽ ഉള്ളത് ഒരു പോസ്റ്റുമോർട്ടം റിപ്പോർട്ടും സിറിഞ്ചിന്റെ ഫോറൻസിക് റിപ്പോർട്ടും. ഇത് മാത്രം വെച്ച് ഞാൻ എന്ത്‌ ചെയ്യാനാണ്. എല്ലാ കുറ്റകൃത്യങ്ങളിലും കുറ്റവാളി അറിയാതെ വിട്ട് പോകുന്ന ഒരു തെളിവ് ഉണ്ടാകും. അതാണ് ദൈവത്തിന്റെ തെളിവ് എന്നു പറയുന്നത്. പക്ഷെ ഇതിൽ അങ്ങിനെ ഒന്ന് ഇതേ വരെ കിട്ടിയിട്ടില്ല. അത് കണ്ടെത്തിയാൽ അന്വേഷണം ആരംഭിക്കാം. ആ ഒരു തെളിവ് അത് ഞാൻ കാണാത്തത് കൊണ്ടാണോ, അതോ കണ്ടിട്ടും മനസ്സിലാകാത്തതാണോ” ആകെ കണ്ഫ്യൂഷൻ ആയി പ്രതാപ് ആ കസേരയിൽ ചാരി കിടന്നു.

പ്രതാപ് തന്റെ മനസ്സിലൂടെ താൻ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ ചാർജ്ജ് എടുത്ത ശേഷമുള്ള ഓരോ കാര്യങ്ങളും ഓർത്തെടുത്തു. താൻ കണ്ട ഓരോ സീനുകളും, താൻ അന്വേഷിച്ച ഓരോ കാര്യങ്ങളും അതിനുള്ള മറുപടികളും, താൻ കണ്ട ഓരോ വ്യക്തികളും, അവരോടുള്ള തന്റെ ചോദ്യങ്ങൾ, അതിനുള്ള മറുപടികൾ, യാത്ര ചെയ്ത വഴികൾ, കണ്ട തെളിവുകൾ അങ്ങിനെ ഓരോ പൊട്ടും തരിയും എല്ലാം പ്രതാപ് ഓർത്തെടുക്കാൻ തുടങ്ങി. കുറെ സമയത്തെ ആലോചനക്ക് ശേഷം എന്തോ തെളിവ് കിട്ടിയത് പോലെ പ്രതാപിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു. കസേരയിൽ ഇരുന്ന് കുറച്ച് സമയം കൂടി ആലോചിച്ചു. എന്തോ ചിന്തിച്ച് ഉറപ്പിച്ചത് പോലെ ഫോൺ എടുത്ത് ആരെയോ വിളിക്കാൻ തുടങ്ങി.

“ഹലോ. എവിടെയാടോ താൻ ?”

“എം”

“എപ്പോൾ വരും ?”

“പറ്റില്ലടോ. മാക്സിമം ഒരു മണിക്കൂർ അതിനുള്ളിൽ താൻ ഇവിടെ എത്തണം”

“ഇല്ല, ഞാൻ എവിടെയും പോകില്ല, വീട്ടിൽ തന്നെ ഉണ്ടാകും. താൻ വന്നിട്ടെ ഞാൻ പോകുന്നുള്ളൂ”

“അതേ, അത്യാവശ്യം ഉണ്ട്. താൻ വന്നിട്ട് തന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഒരു മണിക്കൂറിനുള്ളിൽ താൻ ഇവിടെ എത്തണം”

“എന്താണെന്ന് പറഞ്ഞിട്ടും കാര്യമില്ല. ഒരു മണിക്കൂർ അതിനുള്ളിൽ താൻ ഇവിടെ ഉണ്ടാകണം. കേട്ടല്ലോ”

“Ok”

ഫോൺ കട്ടാക്കിയപ്പോഴാണ് ഫോണിൽ ബാറ്ററി ലോ എന്ന് കാണിച്ചത്. ഫോൺ ചാർജ്ജ് ചെയ്യാനായി പ്ലഗിൽ കുത്തിയിട്ട ശേഷം കസേരയിൽ വന്നിരുന്ന് പ്രതാപ് വീണ്ടും ആലോചിച്ചു.

“ഒരു മണിക്കൂർ സമയം ഉണ്ട്. വരുന്ന ആളോട് സംസാരിക്കാനുള്ള കാര്യങ്ങൾ അതിനുള്ളിൽ റെഡി ആക്കണം. എനിക്ക് തോന്നിയ കാര്യം വരുന്ന ആളോട് കൂടി ഡിസ്കസ് ചെയ്ത ശേഷം വേണം ഒരു തീരുമാനം എടുക്കാൻ. അത് വർക് ഔട്ട്‍ ആയാൽ കേസിന് ഒരു പിടിവള്ളി കിട്ടും. പിന്നെ അതിൽ കയറി പോയാൽ മതി”

എല്ലാം തീരുമാനിച്ച് ഉറപ്പിച്ച ശേഷം പ്രതാപ് താൻ വിളിച്ച ആളിനെയും കാത്തിരുന്നു…

ആരെയാണ് പ്രതാപ് വിളിച്ചതെന്നും പ്രതാപിന്റെ മനസ്സിൽ തോന്നിയ തെളിവ് എന്തെന്നും അറിയാൻ പ്രിയ വായനക്കാർ കാത്തിരിക്കുമെന്ന് കരുതട്ടെ…

എല്ലാവരും ഈ രചനക്ക് നല്ല വാക്കുകൾ മാത്രമാണ് നൽകുന്നത്. ഈ കുഞ്ഞു രചനയുടെ പോരായ്മകൾ ആണ് എനിക്ക് ശെരിക്കും അറിയേണ്ടത്. അത് നിങ്ങൾ ആണ് പറയേണ്ടത്. പോരായ്മകൾ നിങ്ങൾ വായനക്കാർ പറയുമെന്ന വിശ്വാസത്തോടെ….

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply