മരണങ്ങളുടെ തുരുത്ത് Part 11

  • by

4999 Views

മരണങ്ങളുടെ തുരുത്ത് Malayalam Novel

വിളിച്ചയാളോട് ഒരു മണിക്കൂർ പറഞ്ഞെങ്കിലും അതിന് മുന്നേ ആൾ പ്രതാപിന്റെ വീട്ടിലെത്തി.

വീട്ടിലെത്തിയ അനസിനെ ഡോർ തുറന്ന് അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പ്രതാപ് കസേരയിൽ ഇരുന്നു.

“ഇരിക്കടോ”

“സർ, അത്യാവശ്യമായിട്ട് വരാൻ പറഞ്ഞത് എന്താണ് സർ”

“അത് ഞാൻ പറയാം. താൻ ഇരിക്ക് ആദ്യം”

പ്രതാപിന്റെ എതിർവശത്ത് ഇരുന്ന് കൊണ്ട് അനസ് പ്രതാപിന് പറയാനുള്ളത് എന്താണെന്ന് അറിയാനുള്ള ആകാംഷയോടെ പ്രതാപിന്റെ മുഖത്തേക്ക് നോക്കി.

“ഞാൻ വിളിക്കുമ്പോൾ താൻ എവിടെയായിരുന്നു”

“അത് സർ, ഫാമിലിയുമായി ഒരു പർച്ചേസ് ഉണ്ടായിരുന്നു. വരുന്ന ആഴ്ച്ച അച്ഛന്റെ ചേട്ടന്റെ മകളുടെ വിവാഹം ആണ്. അതിന് വേണ്ടി കുറച്ച് ഡ്രസ്സ് എടുക്കാനും പിന്നെ അവൾക്ക് ഒരു വിവാഹ സമ്മാനം വാങ്ങിക്കാനും ഉണ്ടായിരുന്നു”

“ഞാൻ വിളിച്ചത് ബുദ്ധിമുട്ടായോ തനിക്ക്”

“ഇല്ല സർ, സാറിന് എന്നോട് അത്യാവശ്യമായി എന്തോ സംസാരിക്കാൻ ഉണ്ടെന്ന് തോന്നി. അതാണ് ഞാൻ വേഗം വന്നത്”

“എന്നിട്ട് പർച്ചേസ് കഴിഞ്ഞോ”

“കഴിഞ്ഞു, അവരെ ഞാൻ ഒരു ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് പറഞ്ഞു വിട്ടു”

“ഞാൻ തന്നോട് വരാൻ പറഞ്ഞത്, എന്താണെന്ന് വെച്ചാൽ ഈ കേസിൽ താൻ അറിയാത്ത കുറച്ച് കാര്യങ്ങൾ ഉണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ ഇതിന്റെ പിറകെ തന്നെ ആയിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ അതിൽ സ്റ്റക്ക് ആണ്. ഇനി മുന്നോട്ട് നമുക്ക് ഒരുമിച്ച് തന്നെ പോകണം. അതിനാണ് ഞാൻ തന്നെ വിളിപ്പിച്ചത്”

“സാറിനെ ഞാൻ ആദ്യം കണ്ടപ്പോൾ തന്നെ പറഞ്ഞിരുന്നില്ലേ, അവിടെ നടക്കുന്ന മരണങ്ങളുടെ പിറകിലെ സത്യങ്ങൾ കണ്ടെത്താൻ ഞാൻ സാറിന്റെ കൂടെ ഉണ്ടാകുമെന്ന്. സാറിന് എന്നെ ധൈര്യമായി വിശ്വസിക്കാം. സാറിന്റെ ഒപ്പം എന്തിനും ഞാൻ ഉണ്ടാകും”

“എടോ, ജോണികുട്ടിയുടെ മരണം ഹൃദയസ്തംഭനം മൂലം തന്നെയാണ്. പക്ഷേ അത് സ്വാഭാവികമായി ഉണ്ടായ ഒരു ഹൃദയസ്തംഭനം അല്ല. മറിച്ച് ചില കെമിക്കലുകൾ കുത്തിവെച്ച് ഉണ്ടാക്കിയ ഹൃദയസ്തംഭനം ആണ്. അത് കൊണ്ട് ഇത് വരെ അവിടെ നടന്നിട്ടുള്ള എല്ലാ മരണങ്ങളും ഇതേപോലെയുള്ള കൊലപാതകം ആണെന്നാണ് എന്റെ നിഗമനം”

തുടർന്ന് പ്രതാപ് ഡോക്ടർ രഞ്ജിത്ത് പറഞ്ഞ കാര്യങ്ങൾ അനസിനോട് വിശദീകരിച്ചു.

“സർ, ഇത്രയും കൊലപാതകങ്ങൾ ആരാണ് സർ ചെയ്തത് ?. എന്തിന് വേണ്ടിയാണ് ?”

“ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആണ് നമ്മൾ കണ്ടെത്തേണ്ടത്. അത് കൂടി കണ്ടെത്തിയാൽ ഈ കേസ് നമ്മൾ വിജയിക്കും”

“പക്ഷെ എങ്ങിനെയാണ് സർ നമ്മൾ അതിലേക്ക് എത്തുക”

“അതിനാണ് എനിക്ക് തന്റെ സഹായം വേണ്ടത്”

“തീർച്ചയായും ഞാൻ ഉണ്ടാകും സാറിന്റെ കൂടെ”

“താൻ ഇപ്പോൾ എന്നോട് ചോദിച്ച ചോദ്യങ്ങൾ ഞാൻ സ്വയം ചോദിച്ചിരുന്നു. അതിൽ ആര് എന്നതിന്റെ ഉത്തരം കണ്ടെത്തിയാൽ എന്തിന് എന്നത് നമുക്ക് കണ്ടെത്താൻ വലിയ വിഷമം ഉണ്ടാകില്ല എന്ന് തോന്നി. അങ്ങിനെ എന്റെ സംശയത്തിന്റെ നിഴലിൽ ഉള്ള കുറച്ചു പേരെ വെച്ച് ഞാൻ ഒരു ലിസ്റ്റ് ഉണ്ടാക്കി. എസ്‌ ഐ അനീഷ്, അവിടെ നടന്ന മരണങ്ങൾ ആദ്യം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ അൻസിൽ, പിന്നെ മെമ്പർ സജീവ്. ഇതിൽ ആദ്യത്തെ രണ്ട് പേരും ഈ കേസിൽ ഉൾപ്പെട്ടിട്ടില്ല എന്നാണ് എന്റെ അന്വേഷണത്തിൽ എനിക്ക് ബോധ്യപ്പെട്ട കാര്യം. ഇനിയുള്ളത് മെമ്പർ സജീവ് ആണ്. അതിനാണ് എനിക്ക് തന്റെ സഹായം വേണ്ടത്”

“പറയു സർ, ഞാൻ എന്താണ് ചെയ്യേണ്ടത്”

“ആദ്യം നമുക്ക് ആ ഗ്രാമത്തെ കുറിച്ച് കുറച്ചു കൂടി കാര്യങ്ങൾ അറിയാനുണ്ട്. കൂട്ടത്തിൽ മെമ്പർ സജീവിനെ കുറിച്ചും. ആരോട് അന്വേഷിച്ചാൽ ആണ് ഇത് രണ്ടും വിശദമായി അറിയാൻ കഴിയുക”

“സർ, അവിടെ എന്റെ പരിചയത്തിൽ ഒരാൾ ഉണ്ട്. ആളിച്ചിരി കോഴി സ്വഭാവം ആണെങ്കിലും എല്ലാവരും ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാൾ ആണ്. ഷിജിൽ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ, എന്റെ അച്ഛന്റെ ചെറുപ്പകാലത്താണ് അവിടെ ആളുകൾ കുടിയേറി പാർത്തതെന്ന്. ആ കൂട്ടത്തിൽ ആദ്യം അവിടെ വന്ന ആളാണ് അദ്ദേഹത്തിന്റെ അച്ഛൻ. അദ്ദേഹത്തോട് ചോദിച്ചാൽ നമുക്ക് കുറച്ചു കൂടെ കാര്യങ്ങൾ അറിയാൻ കഴിയും. അവിടെയുള്ള ഒരു പൊതുസമ്മതൻ ആണ് അദ്ദേഹം”

“അനസിന് നേരിട്ട് അറിയാവുന്ന ആൾ ആണോ അദ്ദേഹം”

“അതേ സർ. എനിക്ക് നേരിട്ട് അറിയാവുന്ന ആൾ ആണ്”

“ഓക്കേ, വെരി ഗുഡ്, എങ്കിൽ നമുക്ക് എപ്പോഴാണ് ആളെ കാണാൻ കഴിയുക. അനസ് വിളിച്ച് ഒന്ന് സംസാരിച്ചിട്ട് സമയം പറയ്”

“ഞാൻ ഇപ്പോൾ തന്നെ വിളിച്ച് സംസാരിക്കാം”

“ഓക്കേ, എനിക്ക് കാണാൻ ആണെന്ന് പറയണ്ട. അനസിന് കാണാൻ ആണെന്ന് പറഞ്ഞാൽ മതി”

അനസ് ഫോൺ എടുത്ത് ഷിജിലിനെ വിളിച്ചു.

“ഹലോ, ഷിജിലെ ഞാനാണ് അനസ്”

“……

” ഏത് അനസെന്നോ, നിനക്ക് എത്ര അനസിനെ അറിയാം”

“……

“ആ അത് തന്നെ, പൊലീസിലെ അനസ്”

“…….

“ഇവിടുണ്ട് അളിയാ. തിരക്കാണ്. അതാണ് കാണാൻ കഴിയാത്തത്”

“…….

“നല്ല വിശേഷം അളിയാ, എന്താണ് നിന്റെ വിശേഷം”

“……

“ആ, അവരൊക്കെ സുഖമായി ഇരിക്കുന്നു. നിന്റെ വീട്ടിൽ എല്ലാവർക്കും സുഖമല്ലേ”

“……

“ആഹാ, അപ്പോ ചിലവ് എന്നാണ്”

“……

“ഓക്കേടാ, മതി. പിന്നെ ഞാൻ വിളിച്ചത് എനിക്ക് നിന്നെ അത്യാവശ്യമായി ഒന്നു കാണണം. എപ്പോഴാണ് നീ ഫ്രീ ആകുന്നത്”

“……

“കാര്യമൊക്കെ നേരിൽ കാണുമ്പോൾ പറയാം. നീ എപ്പോഴാണ് ഫ്രീ ആകുന്നതെന്ന് പറയ്”

“…..

“ശരി നാളെ രാവിലെ പത്ത് മണി. ഞാൻ രാവിലെ അങ്ങോട്ട് വരാം. നീ വീട്ടിൽ ഉണ്ടാകില്ലേ”

ഇതും പറഞ്ഞ് അനസ് പ്രതാപിനെ നോക്കി. അങ്ങോട്ട് പോകാമല്ലേ എന്ന അർത്ഥത്തിൽ. പ്രതാപ് കയ്യുടെ തള്ളവിരൽ പൊക്കി ഓക്കേ പറഞ്ഞു.

“…..

“ഓക്കേ മച്ചു, നാളെ രാവിലെ ഞാൻ വീട്ടിലേക്ക് വരാം. ഇവിടുന്ന് ഞാൻ ഒൻപതരയുടെ ബോട്ടിൽ വരാം. അപ്പോ പത്ത് മണിക്ക് മുൻപായി എനിക്ക് എത്താമല്ലോ”

“….

“ശരിയെടാ, ബൈ”

ഫോൺ കട്ടാക്കിയ ശേഷം അനസ് പ്രതാപിനെ നോക്കി “സർ രാവിലെ ഒൻപതരയുടെ ബോട്ടിൽ നമുക്ക് പോകാം. അപ്പോൾ പത്ത് മണിക്ക് മുൻപായി നമുക്ക് അവിടെ എത്താം”

“ഓക്കേടോ. രാവിലെ പോകാം. ഞാൻ കാരണം തനിക്ക് ഒരു ട്രീറ്റ് റെഡി ആയല്ലേ. എന്താണ് സംഭവം ?”

“വേറൊന്നും ഇല്ല. അവന്റെ ഭാര്യ കഴിഞ്ഞ ആഴ്ച്ച പ്രസവിച്ചു. പെണ്കുട്ടി. ഞാൻ അവിടെ ആയിരുന്നെങ്കിൽ ഞങ്ങൾ തകർത്തേനെ. അവിടെ നിന്ന് പോന്നതോടെ ചെറുപ്പകാലത്തെ കൂട്ടുകാർ പലരും മിസ്സായി. ചിലരൊക്കെയായി ഇപ്പോഴും ഫോണിലൂടെയുള്ള കോണ്ടാക്റ്റ് ഉണ്ടെങ്കിലും പലരെയും കണ്ടിട്ട് നാളുകളായി”

“അതല്ലെങ്കിലും അങ്ങിനെയാടോ. നമ്മുടെ കുഞ്ഞിലേ ഉള്ള കൂട്ടുകാർ, അവരെ നമ്മൾ എത്ര വലുതായാലും നമുക്ക് മറക്കാൻ കഴിയില്ല. എന്റെ നാട്ടിലെ പഴയ കൂട്ടുകാരുമായി ഞാൻ ഇപ്പോഴും കോണ്ടാക്റ്റ് ഉണ്ട്. ഒരു ചാൻസ് കിട്ടിയാൽ ഉടനെ കെട്ട്യോളെയും കൂട്ടി നാട്ടിൽ പോകും. രണ്ട് ദിവസം എങ്കിൽ രണ്ട് ദിവസം. അവിടെ പോയി വൈകുന്നേരങ്ങളിൽ അമ്പലത്തിന്റെ ആൽത്തറയിൽ സൊറ പറയുന്ന രസമൊന്നും നഗരത്തിലെ എത്ര വിലകൂടിയ ഏത് ക്ലബ്ബിൽ പോയി ഇരുന്ന് കള്ളും കുടിച്ച് ചീട്ട് കളിച്ചിരുന്നാലും കിട്ടില്ല”

“ശരിയാണ് സർ. ഞാൻ ഇപ്പോൾ ഡ്യൂട്ടി കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ സമയം ഉണ്ടെങ്കിൽ വീടിന്റെ അടുത്തുള്ള ഒരു വായനശാലയിൽ പോയിരുന്ന് അവരോടൊപ്പം എന്തെങ്കിലും കളിക്കും. അതിനിടയിൽ നാട്ടിലെ സകല കാര്യങ്ങളും സംസാരിക്കുകയും ചെയ്യും. അത് കൊണ്ട് ഉണ്ടായ ഒരു ഗുണം എന്താണെന്ന് വെച്ചാൽ എന്റെ വീട്ടുകാരെ എല്ലാവരെയും ആ ക്ലബ്ബിൽ ഉള്ളവർക്ക് അറിയാം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നേ, അച്ഛൻ വീട്ടിലേക്ക് പോകുന്ന വഴി ഷുഗർ കുറഞ്ഞ് വഴിയിൽ തളർന്ന് വീണു. ആ വായനശാലയിൽ സ്ഥിരം വരുന്ന രണ്ട് പേര് അത് കണ്ടു. എന്റെ അച്ഛനാണെന്ന് മനസിലായതോടെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ എത്തിച്ച് എല്ലാം നോർമൽ ആയ ശേഷം ആണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. എന്നെയും അച്ഛനെയും അവർക്ക് അറിയാവുന്നത് കൊണ്ടാണ് അവർ അങ്ങിനെ ചെയ്തത്. ഇല്ലെങ്കിൽ ആരും തിരിഞ്ഞ് പോലും നോക്കില്ല”

“ഇത്തരം കൂട്ടായ്മകൾ കൊണ്ട് അങ്ങിനെയൊരു ഗുണം കൂടി ഉണ്ട്. പരസ്പരം ആളുകളെ സഹായിക്കാൻ കഴിയും”

“അതേ സർ”

“പിന്നെ എനിക്ക് തന്നോട് മറ്റൊരു കാര്യം കൂടി പറയാനുണ്ട്.

“എന്താണ് സർ”

“വേറൊന്നും അല്ല, നാളെ രാത്രിയിലേക്ക് നമുക്കൊരു വള്ളം സംഘടിപ്പിക്കാൻ കഴിയോ”

“എന്തിനാണ് സർ വള്ളം”

“ഞാൻ നേരത്തെ പറഞ്ഞില്ലേ. കേസന്വേഷണം സത്യത്തിൽ ഇപ്പോൾ ഇരുട്ടിൽ ആണ്. കയ്യിൽ ആകെ ഉള്ളത് ഒരു പോസ്റ്റുമോർട്ടം റിപ്പോർട്ടും ഒരു ഫോറൻസിക് റിപ്പോർട്ടും മാത്രം ആണ്. അത് മാത്രം വെച്ച് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നാളെ കഴിഞ്ഞ് ഗ്രാമത്തിന്റെ ചുറ്റിലും ഉള്ള പുഴയിൽ ഒരു അന്വേഷണം നടത്താൻ ആണ് വള്ളം. ഒരു ചെറിയ വള്ളം മതി. നമുക്ക് രണ്ടാൾക്കും മാത്രം പോകാൻ കഴിയുന്നത്. അനസ് വള്ളം തുഴയില്ലേ”

“ഉവ്വ് സർ. ഞാൻ വള്ളം തുഴയും”

“അപ്പോൾ നമ്മൾ രണ്ടാളും മാത്രം മതി. മൂന്നാമതൊരാൾ നമ്മുടെ ഈ നീക്കത്തെ കുറിച്ച് അറിയരുത്”

“ഇല്ല സർ. പിന്നെ സർ, എന്റെ ഒരു നിഗമനം ആണ്. അവിടെയുള്ള എല്ലാവരും ആധാർ കാർഡ് എടുത്തിട്ടുള്ളവർ ആയിരിക്കില്ലേ. ആധാർ കാർഡിൽ എല്ലാവരുടെയും വിരലടയാളം ഉണ്ടാകുമല്ലോ. അത് വഴി നമുക്ക് ഒന്ന് ശ്രമിച്ചാലോ”

“അങ്ങനെ നോക്കാൻ കഴിയില്ല. അതിന് ഒരുപാട് ഫോർമാലിറ്റികൾ ഉണ്ട്. മാത്രമല്ല, കൊലയാളി ആ ഗ്രാമത്തിന് പുറത്ത് ഉള്ള ആളാണെങ്കിൽ നമ്മൾ ബുദ്ധിമുട്ടുന്നത് വെറുതെയാവുകയും ചെയ്യും. അതല്ലാതെ എന്തെങ്കിലും വഴി നോക്കണം. ഈ ഒരു കാര്യം ആരും അറിയാതെ വേണം നമ്മൾ അന്വേഷിക്കാൻ. അവിടെ നടന്നത് കൊലപാതകം ആണെന്ന് അറിഞ്ഞാൽ കൊലയാളി രക്ഷപെടാൻ സാധ്യത കൂടുതൽ ആണ്. നമുക്ക് കാത്തിരിക്കാം. എന്തെങ്കിലും ഒരു വഴി നമുക്ക് മുന്നിൽ തുറക്കാതിരിക്കില്ല. അനസ്, ഞാൻ പറഞ്ഞ കാര്യം നടത്താൻ നോക്കു”

“ശരി സർ. നാളെ രാവിലെ ഷിജിലിനെ കാണാൻ പോകുമ്പോഴേക്കും ഞാൻ വള്ളത്തിന്റെ കാര്യം റെഡി ആകുമോ എന്ന് നോക്കട്ടെ. എങ്കിൽ ഞാൻ പൊക്കോട്ടെ സർ”

“Ok അനസ്. നാളെ രാവിലെ ഒൻപത് മണി ആകുമ്പോൾ ഞാൻ ബോട്ട് ജെട്ടിയിൽ ഉണ്ടാകാം. അനസ് നേരെ അങ്ങോട്ടല്ലേ വരിക”

“അതേ സർ, ഞാൻ നേരെ ജെട്ടിയിലേക്ക് വരാം”

പ്രതാപിനെ സല്യൂട്ട് അടിച്ച ശേഷം പുറത്തേക്ക് പോകാൻ ഇറങ്ങിയ അനസിനെ പ്രതാപ് തിരികെ വിളിച്ചു.

“അനസ്, ഒരു കാര്യം കൂടി. നാളെ മുതൽ നമ്മൾ തുറന്ന ഒരു അന്വേഷണം ആണ് നടത്താൻ പോകുന്നത്. ജനങ്ങളിൽ പലർക്കും ഞാൻ ആരാണെന്നോ, എന്താണെന്നോ അറിയില്ല. അത് കൊണ്ട് തന്നെ പൊതുസ്ഥലത്ത് വെച്ച് താൻ എന്നെ സല്യൂട്ട് അടിക്കരുത്. തന്റെ ബഹുമാനം ഉള്ളിൽ മതി”

“ശരി സർ” അതും പറഞ്ഞ് അനസ് പുറത്തേക്ക് പോയി.

പിറ്റേന്ന് രാവിലെ ഒൻപത് മണി ആയപ്പോൾ പ്രതാപ് ജെട്ടിയിൽ എത്തി. ഒൻപത് മണി കഴിഞ്ഞ് പത്ത് മിനിറ്റ് ആയിട്ടും അനസിനെ കാണാതിരുന്നത് കൊണ്ട് പ്രതാപ് അനസിനെ വിളിച്ചു.

“എവിടെയാടോ”

“മം, വേഗം വാ”

“ഓക്കേ”

“കൃത്യനിഷ്ഠയില്ലാത്ത ഇവനെയൊക്കെ ആരാണാവോ സർവീസിൽ എടുത്തത്” സ്വയം പറഞ്ഞ് കൊണ്ട് പ്രതാപ് ഫോൺ പോക്കറ്റിൽ ഇട്ടു.

ജെട്ടിയിൽ ബോട്ട് എത്തുന്നതിന് 5 മിനിറ്റ് മുൻപാണ് അനസ് ജെട്ടിയിൽ എത്തിയത്.

“എവിടെ ആയിരുന്നു അനസ്, ഇത്ര സമയം”

“സോറി സർ. ഇങ്ങോട്ട് വരുന്ന വഴി ഷിജിൽ വിളിച്ചിരുന്നു, ഞാൻ ചെല്ലുന്നില്ലെങ്കിൽ അവന് വേറെ പ്രോഗ്രാം ഉണ്ടെന്ന് പറയാൻ. പിന്നെ വരുന്ന വഴി ഞാൻ സർ പറഞ്ഞ വള്ളത്തിന്റെ കാര്യം കൂടി തിരക്കാൻ പോയിരുന്നു. ആളെ കണ്ട് തിരിച്ച് വരുമ്പോൾ ഒരു ആക്‌സിഡന്റ് കാരണം റോഡ് മുഴുവൻ ബ്ലോക്ക് ആയിരുന്നു. എല്ലാം കൂടിയാണ് സർ ലേറ്റ് ആയത്”

“എന്നിട്ട് എന്തായി വള്ളത്തിന്റെ കാര്യം. റെഡി ആയോ”

“ഇല്ല സർ, ഞാൻ പോയ ആളുടെ അടുത്ത് ഉള്ളത് വലിയ വള്ളം ആണ്. ഒരാൾക്കൊന്നും അത് തുഴയാൻ കഴിയില്ല”

“ഇനി എന്താടോ ചെയ്യ”

“ഷിജിലിനെ കണ്ട് കഴിഞ്ഞാൽ നമുക്ക് വള്ളം റെഡി ആക്കാം സർ”

“വല്ലതും നടക്കുമോടോ”

“എല്ലാം റെഡി ആക്കാം സർ. സാറേ ദേ ബോട്ട് വരുന്നുണ്ട്, വാ നമുക്ക് അങ്ങോട്ട് നിൽക്കാം”

ഗ്രാമത്തിലെ കടവിൽ ബോട്ട് ഇറങ്ങിയ അവർ ഷിജിലിനെ വിളിച്ചു. ഷിജിൽ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞത് പ്രകാരം ഷിജിലിന്റെ വീട്ടിലേക്ക് നടന്നു. പോകുന്ന വഴിയിൽ പലരും അനസിനോട് കുശലം ചോദിക്കുന്നുണ്ടായിരുന്നു.

ഏകദേശം 10 മിനിറ്റിന്റെ നടപ്പിനൊടുവിൽ അവർ ഷിജിലിന്റെ വീട്ടിൽ എത്തി. ഡോർ ബെല്ലടിച്ചപ്പോൾ ഷിജിൽ വന്ന് വാതിൽ തുറന്നു.

“കേറി വാ അളിയാ. എത്ര നാളായെടാ കണ്ടിട്ട്. നീ വല്യ പോലീസുകാരൻ ഒക്കെ ആയപ്പോൾ ഞങ്ങളെ പോലുള്ള പാവങ്ങളെ മറന്നു അല്ലെ”

“പോടാ, നിനക്ക് അറിയാലോ, ജോലിയുടെ തിരക്ക്. എന്നും ഓരോ പ്രശ്നങ്ങൾ ആണ്. നീ ടൗണിലേക്ക് വരുമ്പോൾ നിനക്ക് എന്നെ വിളിക്കാലോ. ഞാൻ അവിടെ ഉണ്ടാകില്ലേ”

“ഞാൻ അങ്ങിനെ ടൗണിലേക്ക് വരാറില്ല ഇപ്പോ. വന്നാൽ തന്നെ പെട്ടെന്ന് പോരും. സമയം കയ്യിൽ പിടിച്ചാണ് അവിടെ വരിക. കാര്യം നടത്തുക. അടുത്ത ബോട്ടിന് തിരികെ പോരുക. അതാണ് ഇപ്പോഴത്തെ പരിപാടി. അറിയാലോ, അധികം വൈകിയാൽ വീട്ടുകാർ പേടിക്കും. അല്ലെടാ ഇതാരാണ് നിന്റെ കൂടെ വന്നിരിക്കുന്നത്”

“എടാ, ഇത് പ്രതാപ് സർ. ഇവിടുത്തെ മരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ വന്ന സി ഐ ആണ്. സർ, ഇതാണ് ഞാൻ പറഞ്ഞ ഷിജിൽ”

അവർ രണ്ട് പേരും പരസ്പരം കൈ കൊടുത്തു.

“ഞാൻ നിന്നെ കാണണം എന്ന് പറഞ്ഞത് സത്യത്തിൽ എനിക്ക് കാണാൻ അല്ല. സാറിന് കുറച്ച് നിന്നോട് കുറച്ച് കാര്യങ്ങൾ ചോദിച്ച് അറിയാൻ വേണ്ടിയാണ്”

“എന്താണ് സർ അറിയേണ്ടത്”

“ഷിജിലെ, എനിക്ക് ഈ ഗ്രാമത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ അറിയാൻ ഉണ്ട്. അത് ഞാൻ ചോദിക്കാം. അതിന് മുമ്പ് നമുക്ക് അകത്തിരുന്ന് സംസാരിച്ചാലോ”

“തീർച്ചയായും സർ. എന്റെ റൂമിൽ ഇരിക്കാം”

അവർ മൂന്ന് പേരും വീടിന്റെ അകത്തേക്ക് കയറി. അകത്തേക്ക് കയറിയ ശേഷം പ്രതാപ് പിന്നിൽ വരുന്ന അനസിന്റെ അടുത്തേക്ക് നീങ്ങി നിന്ന് ശേഷം അനസിന്റെ ചെവിയിൽ പറഞ്ഞു.

“എടോ ആരോ നമ്മളെ ഫോളോ ചെയ്യുന്നുണ്ട്. അവൻ ഷിജിലിന്റെ വീടിന് പുറത്ത് ഗേറ്റിന്റെ അടുത്തായി നിൽക്കുന്നുണ്ട്. നമ്മൾ പുറത്ത് ഇരുന്ന് സംസാരിച്ചപ്പോൾ അവൻ ഒന്ന് രണ്ട് വട്ടം ഗേറ്റിലൂടെ ഇങ്ങോട്ട് നോക്കുന്നുണ്ടായിരുന്നു. അതാണ് ഞാൻ അകത്തേക്ക് കയറി ഇരിക്കാം എന്ന് പറഞ്ഞത്. ഇവിടുന്ന് നേരെ ഇറങ്ങി ചെല്ലാതെ അവനെ പിടിക്കാൻ വേറെ വഴി വല്ലതും ഉണ്ടോ. ഷിജിൽ അറിയരുത്. ചിലപ്പോൾ അവൻ ഷിജിലിന്റെ ആളാണെങ്കിലോ”

“ആരാണ് സർ അത്. സാറിന് ഉറപ്പാണോ ആ ആൾ നമ്മെ തന്നെയാണ് ശ്രദ്ധിക്കുന്നതെന്ന്”

“അതേടോ, ഞാൻ കണ്ടതാണ്. അവൻ അവിടെ നിന്ന് ഒളിഞ്ഞ് നമ്മെ നോക്കുന്നത്”

“എങ്കിൽ നമുക്ക് വീടിന്റെ പിറകുവശത്തൂടെ ഇറങ്ങി, രണ്ട് സൈഡിലൂടെ ചെന്ന് അവനെ പിടിക്കാം”

“ഓക്കെ. താൻ ഷിജിലിനോട് നമ്മൾ ഇപ്പോൾ വരാം എന്ന് പറയ്. എന്നിട്ട് താൻ മുന്നിൽ നടക്ക്. എനിക്ക് ഈ വീടിന്റെ വഴികൾ ഒന്നും അറിയില്ല”

“ശരി സർ”

“ഷിജിലെ, എടാ, ഞങ്ങൾ ഇപ്പോൾ വരാം”

“അല്ലെടാ സാറിന് എന്തോ അറിയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്, നിങ്ങൾ പോവുകയാണോ”

“അല്ലെടാ, ഞങ്ങൾ ഇവിടെ വന്ന ശേഷം രണ്ട് മൂന്ന് തവണയായി ഒരാൾ നിന്റെ ഗേറ്റിന്റെ സൈഡിൽ നിന്ന് ഇങ്ങോട്ട് ഒളിഞ്ഞു നോക്കുന്നു. അതാരാണ് എന്നറിയാൻ ആണ്. ആളെ നോക്കിയിട്ട് ഇപ്പോൾ വരാം”

എല്ലാം പറഞ്ഞ ശേഷം ആണ് അനസ് പ്രതാപിന്റെ മുഖത്തേക്ക് നോക്കിയത്. “തന്നോടല്ലേ പറഞ്ഞത്, ഇത് അവനോട് പറയല്ലേ എന്ന്” ഈ ഭാവം ആയിരുന്നു പ്രതാപിന്റെ മുഖത്ത്. ഷിജിൽ എന്തോ പിടിക്കപ്പെട്ട ഭാവത്തിൽ പുറത്തെ ഗേറ്റിലേക്ക് നോക്കി. ഗേറ്റിലേക്ക്‌ നോക്കിയ മൂന്ന് പേരും കണ്ടു, ശരീര ഭാഗങ്ങൾ മതിലിന്റെ മറവിൽ വെച്ച് ഗേറ്റിനരികിൽ മുഖം മാത്രം കാണിച്ച്, വീട്ടിലേക്ക് തന്നെ നോക്കി നിൽക്കുന്ന ഒരാളെ…..

എല്ലാവരും ഈ രചനക്ക് നല്ല വാക്കുകൾ മാത്രമാണ് നൽകുന്നത്. ഈ കുഞ്ഞു രചനയുടെ പോരായ്മകൾ ആണ് എനിക്ക് ശെരിക്കും അറിയേണ്ടത്. അത് നിങ്ങൾ ആണ് പറയേണ്ടത്. പോരായ്മകൾ നിങ്ങൾ വായനക്കാർ പറയുമെന്ന വിശ്വാസത്തോടെ….

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply