മരണങ്ങളുടെ തുരുത്ത് Part 13

  • by

6005 Views

മരണങ്ങളുടെ തുരുത്ത് Malayalam Novel

വള്ളത്തിന്റെ മുന്നിലെ പടിയിൽ ഇരുന്ന് അനസ് ആണ് വള്ളം തുഴയുന്നത്. അനീഷ് നടുവിലും പ്രതാപ് ഏറ്റവും പുറകിലും ആണ് ഇരുന്നത്. പ്രതാപിന്റെ കയ്യിലും ഉണ്ട് പങ്കായം. പ്രതാപും ഇടക്കിടെ വള്ളം തുഴയുന്നുണ്ട്.

“അല്ല സാറേ, ഈ യാത്രയുടെ ഉദ്ദേശം സർ പറഞ്ഞില്ലല്ലോ ? “

“അനീഷേ, നമ്മുടെ കയ്യിൽ ആ കൊലപാതകങ്ങൾ തെളിയിക്കാൻ പറ്റിയ തെളിവുകൾ ഒന്നും തന്നെ ഇപ്പോൾ ഇല്ല. എല്ലാ മരണങ്ങളും നടന്നിരിക്കുന്നത് രാത്രി പത്ത് മണിക്ക് ശേഷം ആണ്. അത്കൊണ്ട് പത്ത് മണിക്ക് ശേഷം ഇതിലൂടെ കറങ്ങിയാൽ ചിലപ്പോൾ നമുക്ക് എന്തെങ്കിലും തെളിവുകൾ കിട്ടിയാലോ എന്നൊരു ചിന്ത. അങ്ങിനെ ഇറങ്ങിയതാണ്. തനിക്ക് പേടിയുണ്ടോ ?”

“എന്തിന് പേടി ? പേടി ഒന്നും ഇല്ല. എന്താണ് നമ്മുടെ ഉദ്ദേശം എന്നറിയാൻ വേണ്ടി ചോദിച്ചു എന്നു മാത്രം”

“അനസേ, നമുക്ക് എവിടെയെങ്കിലും വള്ളം അടുപ്പിക്കാം. ഇപ്പോൾ ഒൻപത് മണി കഴിഞ്ഞല്ലേ ഉള്ളു. നമുക്ക് കുറച്ചു കൂടെ കഴിഞ്ഞ് ഇറങ്ങാം”

“ശരി സർ”

അനസ് അടുത്ത് കണ്ട ഒരു കടവിൽ വള്ളം അടുപ്പിച്ചു. വളളത്തിൽ നിന്നൊരു കയർ എടുത്ത് അവിടെ ഉണ്ടായിരുന്ന തടിയിൽ കെട്ടി ഇട്ടു. അവർ ആ കടവിലേക്ക് കയറി നിന്നു.

പത്ത് മണി കഴിഞ്ഞപ്പോൾ അവർ മൂന്ന് പേരും വീണ്ടും യാത്ര തുടങ്ങി. കുറച്ചു ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ അകലെയായി പുഴയിൽ ഒരു വെട്ടം കണ്ടു.

“അനസേ, വള്ളം ആ വെളിച്ചത്തിന് അടുത്തേക്ക് അടുപ്പിക്ക്”

വള്ളം അടുത്തപ്പോഴാണ് മനസ്സിലായത് അവർ അഞ്ച് പേര് പുഴയിൽ നിന്ന് എന്തോ വാരി അവരുടെ വള്ളത്തിൽ ഇടുകയാണ്.

“ഞങ്ങൾ പോലീസുകാരാണ്. ഞാൻ ഇൻസ്‌പെക്ടർ പ്രതാപ്. എന്താടാ പണി. മണൽ വാരൽ ആണോടാ ?”

“ഇല്ല സാറേ, ഞങ്ങൾ കക്ക വാരുകയാണ്. മണൽ വരാൻ ഒന്നും ആരും സമ്മതിക്കുന്നില്ല സാറേ”

“എടാ, നിങ്ങൾ എല്ലാ ദിവസവും ഇവിടെ കക്ക വരാൻ വാരലുണ്ടോ ?”

“ഉവ്വ സാറേ, മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ ഈ ഭാഗങ്ങളിൽ കക്ക വാരാൻ വരലുണ്ട്. എന്നും സ്ഥിരമായി ഒരു സ്ഥലത്ത് അല്ല എന്ന് മാത്രം. ഈ പരിസരങ്ങളിൽ ഉണ്ടാകും. എന്തേ സാറേ ?”

“എപ്പോഴാടാ നിങ്ങൾ കക്ക വാരാൻ തുടങ്ങുന്നത് ?”

“ഒരു ഒമ്പതര ഒക്കെ ആകുമ്പോൾ തുടങ്ങും. രാത്രി ഒരു പന്ത്രണ്ട് വരെയൊക്കെ ഉണ്ടാകും”

“എടാ, രാത്രികളിൽ നിങ്ങൾ ഇത് വഴി സ്ഥിരമായി വല്ല ബോട്ടോ വള്ളമോ അങ്ങിനെ എന്തെങ്കിലും പോകുന്നത് കാണാറുണ്ടോ ?”

“ഇല്ല സാറേ. ഇടക്ക് വല്ല ബോട്ടുകളും പോകുന്നത് കാണാറുണ്ട്. അതും സ്ഥിരമായിട്ട് ഒന്നും ഇല്ല.”

“ഉറപ്പല്ലേടാ, നിങ്ങൾ കാണാറില്ല എന്നത്”

“അതേ സാറേ. പിന്നെ ഇടക്ക് മുകളിൽ നീല കൊടി വെച്ച ഒരു വെള്ള ബോട്ട് അപ്പുറത്തെ കടവിൽ കാണാറുണ്ട് രാത്രി സമയങ്ങളിൽ. ചില ദിവസങ്ങളിൽ ഞങ്ങൾ വന്ന ശേഷം ആണ് അത് വരാറുള്ളത്. ചിലപ്പോ നേരത്തെ വന്ന് അവിടെ കിടക്കുന്നുണ്ടാകും”

“ഇന്ന് അതവിടെ ഉണ്ടോ ?”

“ഇന്ന് വന്നിട്ടില്ല സാറേ. ഇപ്പോൾ രണ്ട് മൂന്ന് ദിവസമായി അതിനെ കണ്ടിട്ട്”

അവർ സംസാരിച്ചു കൊണ്ടിരിക്കെ ഒരു വെളുത്ത ബോട്ട് അവരെ കടന്ന് പോയി.

“സാറേ ആ ബോട്ടാണ് അത്. സർ അല്പം കഴിഞ്ഞ് ചെന്നാൽ സാറിന് കാണാം. അപ്പുറത്തെ കുട്ടായി സുനിലിന്റെ കടവിൽ അത് കെട്ടി ഇട്ടിട്ടുണ്ടാകും”

“അവർ എന്തിനാടോ ഇടക്കിടെ ഇവിടെ വരുന്നത് ?”

“അറിയില്ല സാറേ, ഞാൻ ഇടക്ക് ചോദിച്ചപ്പോൾ കുട്ടായി പറഞ്ഞത് അദ്ദേഹത്തിന്റെ കൂട്ടുകാർ ആണ്. ഇടക്ക് കുട്ടായിയെ കാണാൻ വേണ്ടി വരുന്നതാണെന്നാണ്”

“ശരിയെടോ”

“അനസേ, നമുക്ക് ആ ബോട്ട് നോക്കാം”

അനസും പ്രതാപും അനീഷും വള്ളം വീണ്ടും തുഴഞ്ഞു. വള്ളം കുറച്ച് കൂടി മുന്നോട്ട് പോയി കഴിഞ്ഞപ്പോൾ പുഴയുടെ സൈഡിലെ കടവിൽ ബോട്ട് കെട്ടിയിട്ടിരിക്കുന്നത് അവർ കണ്ടു. അല്പം കൂടി മുന്നോട്ട് നീങ്ങി പുഴയുടെ സൈഡിലെ ചെറിയ കാടിന്റെ മറവിൽ ബോട്ടിൽ ഉള്ളവർക്ക് അവരെ കാണാൻ കഴിയാത്ത രീതിയിൽ വള്ളം നിർത്തി.

“സർ, എന്താ നമ്മുടെ പ്ലാൻ ?”

“അനസേ, നമുക്ക് ഇവിടെ നിന്ന് ആ ബോട്ടിനെ നിരീക്ഷിക്കാം. എന്താണ് അവരുടെ പ്ലാൻ എന്നോ, അവർ എത്ര പേരുണ്ടെന്നോ നമുക്ക് അറിയില്ല. തത്കാലം നമുക്ക് അവരെ ഇവിടെ ഇരുന്ന് നിരീക്ഷിക്കുകയെ മാർഗമുള്ളു”

“ഓക്കെ സർ”

വള്ളത്തിൽ ഇരുന്ന് അവർ മൂന്ന് പേരും ബോട്ടിനെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഒന്നു രണ്ട് മണിക്കൂറുകൾക്ക് ശേഷം കരയിൽ നിന്നും ആറ് ആളുകൾ ബോട്ടിലേക്ക് തിരികെ വന്ന് അവർ ബോട്ട് ഓടിച്ചു പോയി.

“സർ, അവർ പോയി. ഇനി എന്താ നമ്മൾ ചെയ്യേണ്ടത് ?”

“കുറച്ചു സമയം കൂടി നമുക്ക് നോക്കാം അനീഷ്. ഇനിയും ആരെങ്കിലും അവിടെ ഉണ്ടോ എന്ന്. എന്നിട്ട് നമുക്ക് അവർ ഇറങ്ങിയ കടവിൽ ഇറങ്ങി പരിശോധിക്കാം”

“ശരി സർ”

കുറച്ചു സമയം കൂടി കാത്തിരുന്ന ശേഷം അവർ മൂന്ന് പേരും കൂടി ബോട്ട് നിർത്തിയിരുന്ന കടവിൽ വള്ളം നിർത്തി അവിടെ ഇറങ്ങി. കരയിലേക്ക് കയറിയ അവർ അതിന്റെ ചുറ്റുവട്ടങ്ങൾ നിരീക്ഷിച്ചു. ഏകദേശം ഒരേക്കർ പറമ്പിലായി ആകെ ഒരു വീട് മാത്രമേ ഉള്ളു. ആ വീട് ആണെങ്കിൽ ജെട്ടിയിൽ നിന്നും കുറച്ചകലെയായി ആണ് ഉള്ളത്. ആ വീട്ടിലെ ഒരു മുറിയിൽ വെളിച്ചം ഉണ്ട്. ആ വെളിച്ചത്തിൽ അകത്ത് രണ്ട് നിഴലുകൾ നീങ്ങുന്നുണ്ട്. മൂവരും അവരുടെ ചുറ്റുപാടും ഒന്നു കൂടി നോക്കിയ ശേഷം പതുക്കെ വെളിച്ചമുള്ള റൂമിന്റെ അടുത്തേക്ക് നടന്നു. ശബ്ദം ഉണ്ടാക്കാതെ വീടിന്റെ കുറച്ചു ദൂരെയായി എത്തിയ ശേഷം അനീഷിനെയും അനസിനെയും അവിടെ നിർത്തിയ ശേഷം പ്രതാപ് മാത്രം വെളിച്ചം കണ്ട മുറിയുടെ അടുത്തേക്ക് നീങ്ങി. അപ്പോഴും അകത്ത് സംസാരം തുടരുന്നുണ്ടായിരുന്നു. അല്പം തുറന്നു കിടന്നിരുന്ന ജനാലയുടെ അടുത്ത് നിന്ന് പ്രതാപ് അവരുടെ സംസാരം ശ്രദ്ധിച്ചു. രണ്ട് സ്ത്രീകൾ ആണ് പരസ്പരം സംസാരിക്കുന്നത്. പ്രതാപ് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് അവരുടെ സംഭാഷണം റെക്കോര്ഡ് ചെയ്യാൻ ആരംഭിച്ചു…

“അവസാന മരണം നടന്നിട്ട് ഇപ്പോൾ എത്ര ദിവസമായി. ആ ജോണിക്കുട്ടിയുടെ മരണം നടന്ന ശേഷം പിന്നെ ഒന്നും നടന്നിട്ടില്ല. ആ മരണം നടന്ന് രണ്ട് ദിവസം കഴിഞ്ഞ ശേഷം ഉണ്ടാക്കിയ വിഷം ആണ് ഇപ്പോഴും കയ്യിലുള്ളത്”

“എല്ലാവരും ശരിക്കും പേടിച്ചിട്ടുണ്ട്. അതാണ് ഇപ്പോൾ ആരും പുറത്ത് ഇറങ്ങാത്തത്.”

“പക്ഷെ വെറുതെ പിടിച്ചത് കൊണ്ട് കാര്യമില്ല. നമ്മൾ പ്ലാൻ ചെയ്തത് പോലെ ഒന്നും നടക്കുന്നില്ല”

“മാത്രമല്ല, ആ പോലീസുകാരൻ അതിന്റെ പിറകെ തന്നെയുണ്ടെന്നാണ് തോന്നുന്നത്. ഞാൻ അന്ന് പറഞ്ഞതല്ലേ ആ സമയത്ത് ആളെ പിടിക്കരുതെന്ന്. എട്ട് മണിക്കൂറിനുള്ളിൽ ആണ് പോസ്റ്റുമോർട്ടം നടന്നിരുന്നതെങ്കിൽ നമ്മുടെ എല്ലാം പദ്ധതിയും പൊളിയുമായിരുന്നു”

“എട്ട് മണിക്കൂറിനുള്ളിൽ ആയിരിക്കില്ല ആ പോസ്റ്റ്മോർട്ടം നടന്നിരിക്കുന്നത്. എട്ട് മണിക്കൂറിനുള്ളിൽ ആയിരുന്നു പോസ്റ്റ്മോർട്ടം നടന്നിരുന്നതെങ്കിൽ ആ മരണം കൊലപാതകം ആണെന്ന് തെളിയുമായിരുന്നു. അങ്ങിനെ തെളിഞ്ഞിരുന്നെങ്കിൽ പത്രത്തിലും ടീവിയിലും എല്ലാം വാർത്ത വരുമായിരുന്നു. ഇതിപ്പോൾ ആ കൊലപാതകം തെളിയാത്തത് കൊണ്ട് അതും, അതിന് മുൻപുള്ള എല്ലാം സാധാരണ മരണം എന്നു തന്നെ കരുതിയിട്ടുണ്ടാകും പോലീസ്”

“അതേ, എന്തോ ഭാഗ്യം കൊണ്ടാണ് ആ മരണം തെളിയാതിരുന്നത്. അല്ലെങ്കിൽ നമ്മൾ എല്ലാവരും ഇപ്പോൾ കുടുങ്ങിയേനെ”

“നാളെ ഫൈസലും ആളുകളും വരുമോ ?”

“അവരോട് നാളെ കൂടി വരാൻ പറഞ്ഞിട്ടുണ്ട്. നാളെയും ഒന്നും നടന്നില്ലെങ്കിൽ വേറെ വഴി നോക്കണം. അല്ലെങ്കിൽ നമ്മുടെ പദ്ധതികൾ എല്ലാം പൊളിയും. പദ്ധതി നടന്നില്ലെങ്കിൽ നമ്മൾ ആയിരിക്കും സമാധാനം പറയേണ്ടി വരിക”

“അത് നമുക്ക് നാളെ നോക്കാം. രാവിലെ സാറിനെ കാണാൻ പോകേണ്ടതാണ്. സാറിനെ കണ്ടിട്ട് നമുക്ക് കാര്യങ്ങൾ പറഞ്ഞ ശേഷം വേറെ എന്തെങ്കിലും വഴി കൂടി ശ്രമിക്കാം”

“വേറെ എന്ത് വഴി”

“അത് നമുക്ക് നാളെ സാറിനെ കണ്ട ശേഷം തീരുമാനിക്കാം. സമയം കുറെ ആയി. ഇപ്പോൾ നമുക്ക് കിടക്കാം. ബാക്കി നമുക്ക് നാളെ തീരുമാനിക്കാം”

ആ മുറിയിലെ ലൈറ്റ് ഓഫാക്കി അവർ കിടന്നു എന്നുറപ്പായ ശേഷം പ്രതാപ് അവിടെ നിന്ന് തിരികെ അനീഷിന്റെയും അനസിന്റെയും അടുത്തേക്ക് ചെന്നു.

“എന്തായി സർ പോയിട്ട് ? എന്തെങ്കിലും ഉപകാരം ഉണ്ടായിരുന്നോ നമ്മൾ കഷ്ടപെട്ടതിന്”

“വേഗം വാ അനീഷ്, ഇവിടെ അധിക സമയം നിൽക്കുന്നത് നല്ലതല്ല. നമുക്ക് വള്ളത്തിൽ കയറിയ ശേഷം സംസാരിക്കാം”

അവർ മൂന്ന് പേരും വള്ളത്തിൽ കയറി തിരികെ യാത്ര തിരിച്ചു. വള്ളം കുറച്ചു ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ പ്രതാപ് സംസാരിക്കാൻ തുടങ്ങി.

“ആ വീടിന് അകത്ത് ഉണ്ടായിരുന്നത് രണ്ട് സ്ത്രീകൾ ആയിരുന്നു. അവരുടെ സംസാരത്തിൽ നിന്ന് എനിക്ക് തോന്നിയത് നമ്മൾ കരുതിയത് എല്ലാം കറക്റ്റ് ആണ്. നടന്നത് എല്ലാം കൊലപാതകങ്ങൾ ആണ്. ജോണികുട്ടിയുടെ കൊലപാതകം നമ്മൾ കണ്ടെത്തിയത് അവർ അറിഞ്ഞിട്ടില്ല. അതിന് ശേഷം അവർക്ക് ആരെയും ഇരയായി കിട്ടിയിട്ടില്ല. ഇവിടെ നിന്ന് പോയവർ ഏതോ ഒരു ഫൈസലും സംഘവും ആണ്. അവർ നാളെയും വരും. നാളെ രാവിലെ എസ്പിയെ കണ്ട് സംസാരിച്ച് കൂടുതൽ ഫോഴ്‌സുമായി നാളെ രാത്രി നമുക്ക് ഒന്ന് കൂടി വരേണ്ടി വരും. അവരെ അറസ്റ്റ് ചെയ്യാൻ”

“അല്ല സർ, ആ സ്ത്രീകളെ നമുക്ക് ഇപ്പോൾ അറസ്റ്റ് ചെയ്യാൻ കഴിയില്ലേ ?”

“അത് ബുദ്ധിമുട്ടാണ് അനീഷ്. ഒന്ന്, ഇപ്പോൾ നമ്മുടെ കൂടെ വനിത പോലീസ് ഇല്ല. രണ്ട്, ഇപ്പോൾ അവരെ അറസ്റ്റ് ചെയ്താൽ ഫൈസലും സംഘവും കൂടെ ഇവരുടെ ഒരു സർ ഉണ്ട്, അയാളും രക്ഷപ്പെടാനുള്ള സാധ്യത കൂടുതൽ ആണ്. നാളെ രാവിലെ ഇവർ അയാളെ കാണാനായി പോകുന്നുണ്ട്. നാളെ രാവിലെ സജീവിനെ വിളിച്ച് ഇവരെ തിരിച്ചറിയാനുള്ള വഴി നോക്കാൻ പറയണം”

“അല്ല സർ, ഇവർ എന്തിനാണ് ഈ കൊലപാതകങ്ങൾ ചെയ്തതെന്ന് എന്തെങ്കിലും ഊഹം കിട്ടിയോ ?”

“ഇല്ല, അതിനെ കുറിച്ചൊന്നും അവർ സംസാരിച്ചില്ല. ഇത് വരെ നടത്തിയ കൊലപാതകങ്ങൾ കൊണ്ട് അവർ ഉദ്ദേശിച്ച ഫലം കിട്ടിയിട്ടില്ല”

“അതെങ്ങിനെ സാറിന് മനസ്സിലായി ?”

“അവർ പറയുന്നത് കേട്ടതാണ്. നാളെ മുതൽ പുതിയ എന്തെങ്കിലും പദ്ധതി പ്ലാൻ ചെയ്യണം എന്ന്”

“നിങ്ങൾ രണ്ടാളും, നാളെ രാവിലെ ഏഴ് മണിയാകുമ്പോൾ വീട്ടിലേക്ക് വരണം. നാളെ രാവിലെ എനിക്ക് എസ്പി ഓഫിസിൽ പോകണം. നിങ്ങളെ രണ്ട് പേരെയും ഞാൻ കുറച്ച് കാര്യങ്ങൾ ഏല്പിക്കാം. അത് കൃത്യമായി ചെയ്താൽ മറ്റന്നാൾ രാവിലെ നമുക്ക് പുഴയക്കര ഗ്രാമത്തിലെ കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാൻ കഴിയും എന്നാണ് എന്റെ പ്രതീക്ഷ”

“ശരി സർ”

“അല്ലെടോ, അനസേ, നമ്മൾ ഇപ്പോൾ എങ്ങിനെ തിരികെ പോകും”

“അത് സർ, നമുക്ക് ഷിജിലിന്റെ വീട്ടിൽ കിടന്ന ശേഷം നാളെ അഞ്ചര മണിയുടെ ആദ്യ ബോട്ടിന് പോകാം”

“അവന് അതൊരു ബുദ്ധിമുട്ടാകുമോ ?”

“ഏയ്‌ ഇല്ല സർ. അവൻ അവിടെ ഒറ്റക്കല്ലേ. അത് കൊണ്ട് അതൊരു ബുദ്ധിമുട്ട് ആകില്ല. ഞാൻ വേണമെങ്കിൽ വിളിച്ച് സംസാരിക്കാം”

“വേണ്ട, എന്തായാലും വള്ളം കെട്ടാൻ അവിടെ വരെ പോകണ്ടേ, അതിന് ശേഷം നമുക്ക് അവന്റെ വീട്ടിൽ ചെന്ന് വിളിക്കാം. അല്ലെങ്കിൽ ഇപ്പോഴേ അവന്റെ ഉറക്കം കളയേണ്ട”

“ശരി സർ”

“ഒന്ന് ആഞ്ഞ് തുഴഞ്ഞോ, അധികം വൈകാതെ നമുക്ക് വള്ളം കൊടുക്കാം”

വള്ളം ഷിജിലിന്റെ വീടിന് പുറകിൽ കെട്ടിയ ശേഷം അവർ ഷിജിലിനെ വിളിച്ചുണർത്തി അവിടെ കിടന്നുറങ്ങി. അതിനിടയിൽ അവർ മൂന്ന് പേരും അവരുടെ വീടുകളിൽ വിളിച്ച് രാവിലെ മാത്രേ എത്തുകയുള്ളൂ എന്നറിയിച്ചു. വെളുപ്പിന് അഞ്ചരമണിയുടെ ആദ്യ ബോട്ടിൽ അവർ തിരികെ യാത്രയായി. ബോട്ട് ജെട്ടിയിൽ ഇറങ്ങിയ അവർ വീണ്ടും ഏഴ് മണിക്ക് പ്രതാപിന്റെ വീട്ടിൽ കൂടിച്ചേരാം എന്ന ധാരണയിൽ പിരിഞ്ഞു.

വീട്ടിലെത്തിയ പ്രതാപ് കയ്യിലുള്ള താക്കോൽ എടുത്ത് വത് തുറന്ന് അകത്ത് കയറിയ ശേഷം ഫോൺ എടുത്ത് സജീവിനെ വിളിച്ചു.

“എടോ, താൻ എഴുന്നേറ്റോ ?”

“ഉവ്വ് സർ”

“ഞാൻ ഒരു കാര്യം അറിയാനാണ് തന്നെ ഇത്ര നേരത്തെ വിളിച്ചത്”

“എന്താണ് സർ ?”

“എടോ, ബോട്ട് ജെട്ടി കഴിഞ്ഞ് വലത്തോട്ട് പോകുമ്പോൾ മൂന്നാമത്തെ കടവിന്റെ നേരെയുള്ള വീട്ടിൽ താമസിക്കുന്നത് ആരാണെന്ന് തനിക്ക് അറിയാമോ ?”

“അത് സർ…. ആ നേരത്തെ നമ്മുടെ ഗോപാലൻ ചേട്ടനും കുടുംബവും താമസിച്ചിരുന്ന വീട് ആണത്. അദ്ദേഹത്തിന്റെ മകൾ അപ്പുവിന്റെ വിവാഹം നടക്കാതെ ആയപ്പോൾ അദ്ദേഹം ആ വീട് വിറ്റ് ടൗണിലേക്ക് താമസം മാറി. അത് വാങ്ങിയത് കുട്ടായി സുനിൽ ആണ് സാറേ, ഞാനായിരുന്നു അതിന്റെ ബ്രോക്കർ. എന്താ സാറേ കാര്യം ?”

“ഒന്നുമില്ലെടോ, ഇപ്പോൾ അവിടെ ആരാണ് താമസിക്കുന്നത് എന്നറിയാമോ ?”

“അതറിയില്ല സർ. ഞാൻ വേണമെങ്കിൽ അന്വേഷിക്കാം”

“താൻ എനിക്ക് ഒരുപകാരം ചെയ്യണം”

“എന്താണ് സർ ?”

“അവിടെയുള്ളവർ ആരാണെങ്കിലും അവർ ഇന്ന് രാവിലെ ടൗണിലേക്ക് വരുന്നുണ്ട്. താൻ അവർ ആരാണെന്ന് കണ്ടു പിടിച്ച്, അവർ വരുന്ന ബോട്ടിൽ ടൗണിലേക്ക് വരണം. താൻ ബോട്ട് കയറുമ്പോൾ അനസിനെ വിളിച്ചാൽ അനസ് ജെട്ടിയിൽ വന്ന് നിൽക്കും. താൻ അവരെ അനസിന് കാണിച്ച് കൊടുക്കണം. ചെയ്യാൻ പറ്റുമോ ?”

“അതിനെന്താ സർ. ഇതൊരു ചെറിയ കാര്യം അല്ലെ. അല്ല സർ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് സർ പറഞ്ഞില്ല”

“അതൊക്കെ ഇനി നമ്മൾ നേരിൽ കാണുമ്പോൾ പറയാം”

“ശരി സർ. എല്ലാം കഴിഞ്ഞിട്ട് ഞാൻ സാറിനെ വിളിക്കാം “.

സജീവുമായുള്ള സംസാരം അവസാനിപ്പിച്ച് പ്രതാപ് നേരിൽ കാണുവാനുള്ള അനുവാദത്തിനായി
എസ്പിയെ വിളിച്ചു.

“സർ പ്രതാപാണ്”

“എന്താടോ രാവിലെ തന്നെ ?”

“സർ എനിക്ക് സാറിനെ അത്യാവശ്യമായി നേരിൽ കാണണം”

“എന്താടോ, എന്താണെങ്കിലും താൻ ഫോണിൽ പറഞ്ഞോ”

“അത് വേണ്ട സർ. നേരിൽ പറയാം. കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്. അതാണ് ഞാൻ സാറിനെ ഇത്ര രാവിലെ വിളിച്ചത്”

“എങ്കിൽ താൻ വീട്ടിലേക്ക് പോര്. ഞാൻ ഇവിടെ ഉണ്ടാകും”

“അത് വേണ്ട സർ. രാവിലെ എനിക്ക് കുറച്ച് അത്യാവശ്യ പരിപാടികൾ ഉണ്ട്. അത് കഴിഞ്ഞേ എനിക്ക് വരാൻ കഴിയു. സർ എപ്പോഴാണ് ഓഫിസിൽ എത്തുക ?”

“ഒൻപത് മണി ആകുമ്പോൾ ഞാൻ ഓഫിസിൽ ഉണ്ടാകും. താൻ അപ്പോൾ അങ്ങോട്ട് വന്നോളൂ. നമുക്ക് ഓഫിസിൽ ഇരുന്ന് സംസാരിക്കാം”

“ഓക്കെ സർ. താങ്ക്യൂ”

ഫോൺ വിളികൾ എല്ലാം കഴിഞ്ഞ പ്രതാപ്

“എടി സിസിലിയെ”

“നിങ്ങൾ ഇന്നലെ എവിടാർന്നു മനുഷ്യ. ഞാൻ ഇവിടെ ഒറ്റക്കാണെന്ന് അറിയില്ലേ ?”

“ഞാൻ ഇന്നലെ രാത്രി എന്റെ രണ്ടാം ഭാര്യയുടെ വീട്ടിൽ പോയതാണ്. രാത്രി തിരികെ വരാം എന്ന് കരുതിയാണ് പോയത്. പക്ഷെ വരാൻ കഴിഞ്ഞില്ല. അതല്ലേ ഞാൻ നിന്നെ വിളിച്ച് പറഞ്ഞത്”

“ഇച്ചായ തമാശക്ക് പോലും ഇങ്ങനൊന്നും പറയല്ലേട്ടോ. എനിക്ക് സങ്കടം ആകും. ഞാൻ ഇവിടെ ഒറ്റക്ക് ആയ വിഷമം കൊണ്ടല്ലേ ചോദിച്ചത് “

“എടി പോത്തെ, ഞാൻ പറഞ്ഞില്ലേ പുതിയൊരു കേസിന്റെ പിറകെ ആണെന്ന്. അതിന് വേണ്ടി പോയതാണ്. തിരികെ വരാൻ വണ്ടി കിട്ടിയില്ല. പിന്നെ സി ഐ പ്രതാപിന്റെ വീട്ടിൽ കേറാനും മാത്രം ധൈര്യമുള്ള ഒരു കള്ളനും ഇവിടെ ഇപ്പോഴില്ല. ഇനി ഉണ്ടാവുകയാണെങ്കിൽ അപ്പോൾ നമുക്ക് നോക്കാം”

“ഇച്ചായൻ എപ്പോഴാണ് എത്തിയത് ? വന്നിട്ട് എന്തേ വിളിക്കാതിരുന്നെ ?”

“ഞാനൊരു അരമണിക്കൂർ ആയിട്ടുണ്ടാകും എത്തിയിട്ട്. നീ ഉറങ്ങുകയാണ് എന്നറിയാവുന്നത് കൊണ്ട് നിന്നെ വിളിച്ചില്ല. കയ്യിൽ ഉണ്ടായിരുന്ന താക്കോൽ എടുത്ത് വാതിൽ തുറന്ന് അകത്ത് കയറി. കുറച്ച് ഫോൺ കോളുകൾ ചെയ്യാൻ ഉണ്ടായിരുന്നു. അത് ചെയ്ത ശേഷം ആണ് നിന്നെ വിളിക്കുന്നത്. എടി ഭാര്യേ, ഞാൻ ബാത്റൂമിൽ കയറി ഫ്രഷ് ആകുമ്പോഴേക്കും നീ ചായ റെഡി ആക്കാൻ നോക്ക്”

“ശരി ഇച്ചായ”

പ്രതാപ് ബ്രഷും, കുളിക്കാനുള്ള തോർത്തും എടുത്ത് ബാത്‌റൂമിൽ കയറി കുളിച്ചു വന്നപ്പോഴേക്കും സിസിലി പ്രതാപിനുള്ള ചായ റെഡിയാക്കി റൂമിൽ വെച്ചിരുന്നു.

“സിസിലി, പ്രാതലിന് എന്താണ് ഉള്ളത് ?”

“എന്തേ ചേട്ടാ കാര്യം. കടല വെള്ളത്തിൽ ഇട്ടിട്ടുണ്ട്. പുട്ട് ഉണ്ടാക്കി കടലക്കറിയും ഉണ്ടാക്കാം”

“എടി അനീഷും അനസും കഴിക്കാൻ ഉണ്ടാകും. അവർ ഇപ്പോൾ ഇങ്ങ് എത്തും. നീ പ്രാതൽ ഉണ്ടാക്കുമ്പോൾ അവർക്ക് കൂടി ഉള്ളത് കൂട്ടി ഉണ്ടാക്കിക്കോ”

പ്രതാപ് പറഞ്ഞത് സമ്മതിച്ച സിസിലി അകത്തേക്ക് പോയി. പ്രതാപ് അന്നത്തെ പത്രം വായിച്ച് ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഡോർ ബെൽ അടിക്കുന്നത് കേട്ടത്. വാതിൽ തുറന്ന് നോക്കിയപ്പോൾ അനസും അനീഷും വന്നതായിരുന്നു.

അവരെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പ്രതാപ് കസേരയിൽ ഇരുന്നു.

“അനസ്, ഞാൻ സജീവിനെ വിളിച്ചിരുന്നു. ആ വീട്ടിൽ ഉള്ളവരെ കുറിച്ച് അന്വേഷിക്കാൻ അയാളെ ഏല്പിച്ചിട്ടുണ്ട്. അവർ ബോട്ട് കയറുമ്പോൾ സജീവ് അനസിനെ വിളിക്കും. അനസ് ആ സമയത്ത് നേരെ ബോട്ട് ജെട്ടിയിൽ ചെന്നാൽ സജീവ് അവരെ കാണിച്ച് തരും. അതിന് ശേഷം അനസ് ചെയ്യേണ്ടത് അവരെ പിന്തുടരണം. അവർ എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ കാര്യങ്ങൾ അവർ അറിയാതെ വാച്ച് ചെയ്യണം. യാതൊരു കാരണവശാലും അവർക്ക് സംശയത്തിന് ഇട കൊടുക്കരുത്”

“ഓക്കെ സർ”

“അനീഷ്, താൻ എന്റെ ഒപ്പം വരണം. നമുക്ക് എസ്പിയെ കണ്ട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ഇന്ന് രാത്രിയിലെ ഓപ്പറേഷൻ വേണ്ട കാര്യങ്ങൾ, ഫോഴ്സിനെ എല്ലാം എസ്പിയോട് സംസാരിച്ച്, അദ്ദേഹത്തെ ബോധ്യപ്പെടുത്തി അനുവാദം വാങ്ങേണ്ടതാണ്. രാവിലെ ഒൻപത് മണിയോടെ നമുക്ക് എസ്പി ഓഫിസിൽ വെച്ച് കാണാൻ അദ്ദേഹം നമുക്ക് അനുവാദം തന്നിട്ടുണ്ട്. നിങ്ങൾക്കുള്ള പ്രാതൽ ഇവിടെ റെഡി ആക്കിയിട്ടുണ്ട്. അത് കഴിച്ചു കഴിഞ്ഞാൽ നമുക്ക് ഇറങ്ങാം. എസ്പി ഓഫിസിൽ പോകുന്നതിന് മുൻപ് നമുക്ക് ആ കുട്ടായി സുനിലിന്റെ വീട് ഒന്ന് കണ്ടു വെക്കാം”

“ശരി സർ”

പ്രതാപ് സിസിലിയെ വിളിച്ച് ഭക്ഷണം എടുത്ത് വെക്കാൻ പറഞ്ഞു.

“ഭക്ഷണം എടുത്ത് വെക്കുമ്പോഴേക്കും ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം. നിങ്ങൾ ഇവിടെ ഇരിക്ക്. അപ്പോഴേക്കും അനസ്, സജീവിനെ വിളിച്ച് കുട്ടായിയുടെ അഡ്രസ്സ് ഒന്ന് ചോദിച്ചേക്ക്. അഡ്രസ്സ് നമുക്ക് തന്നത് വേറെ ആരും അറിയേണ്ട എന്നും പറഞ്ഞേക്ക്”

റൂമിൽ കയറി ഡ്രസ്സ് മാറി വന്ന പ്രതാപ്, അനസിന്റെ കയ്യിൽ നിന്നും കുട്ടായിയുടെ അഡ്രസ്സ് വാങ്ങിയ ശേഷം അവർക്കൊപ്പം സിസിലി എടുത്ത് വെച്ച നല്ല ആവി പറക്കുന്ന പുട്ടും ചൂട് കടലക്കറിയും കഴിച്ച ശേഷം നേരത്തെ തീരുമാനിച്ചത് പോലെ വീട്ടിൽ നിന്നും ഇറങ്ങി. വീട്ടിൽ നിന്നും ഇറങ്ങിയ അനസ് നേരെ ടൗണിലേക്കും പ്രതാപും അനീഷും കുട്ടായിയുടെ വീട് അന്വേഷിച്ചും യാത്രയായി.

ഏകദേശം 8 മണിയോടെ പ്രതാപും അനീഷും സജീവ് കൊടുത്ത അഡ്രസ്സിലുള്ള കുട്ടായിയുടെ വീട് കണ്ടെത്തി. പുറമെ നിന്നാണ് അവർ വീട് കണ്ടതെങ്കിലും കുട്ടായിയുടെ സാമ്പത്തിക അവസ്‌ഥ അവർക്ക് മനസിലായി.

കുട്ടായിയുടെ വീട്, വെറുമൊരു വീട് എന്ന് പറയാൻ കഴിയില്ല മറിച്ച് അതൊരു കൊട്ടാരം ആണ്. മുറ്റം നിറയെ വിദേശ പൂക്കൾ പിടിപ്പിച്ചിരിക്കുന്ന വലിയൊരു പൂന്തോട്ടം. വീടിന്റെ പോർച്ചിൽ വിലയേറിയ കാർ. അങ്ങിനെ കണ്ടാൽ തന്നെ അറിയാം കുട്ടായി ഒരു കോടീശ്വരൻ ആണെന്ന്. പുറമെ നിന്ന് എല്ലാം മനസിലാക്കിയ പ്രതാപും അനീഷും നേരെ എസ്പി ഓഫീസിലേക്ക് യാത്രയായി.

എസ്പി ഓഫിസിൽ എത്തിയ അവർ ‘ ‘മനു മാത്യു, സൂപ്രണ്ടന്റ് ഓഫ് പോലീസ്’ എന്നെഴുതിയ റൂമിന്റെ ഡോറിൽ തട്ടി അനുവാദം ചോദിച്ചു.

“യെസ് കമീൻ”

ഉള്ളിൽ നിന്നും അനുവാദം കിട്ടിയപ്പോൾ അവർ അകത്തേക്ക് കയറി. അകത്തേക്ക് കയറിയ അനീഷും പ്രതാപും എസ്പിയെ സല്യൂട്ട് അടിച്ചു.

“ഇരിക്ക് രണ്ടാളും”

“താങ്ക്യൂ സർ” എന്ന് പറഞ്ഞ് രണ്ടാളും കസേരയിൽ ഇരുന്നു.

“എന്താടോ, കാണണം എന്ന് പറഞ്ഞത് ?”

കേസന്വേഷണം തുടങ്ങിയത് മുതൽ ഇന്നലെ രാത്രി നടന്നത് വരെയുള്ള കാര്യങ്ങൾ വിശദമായി പ്രതാപ് എസ്പിയെ അറിയിച്ചു.

“അവർ ആരാണെന്നോ, അവരുടെ ഉദ്ദേശം എന്താണെന്നോ, എന്തെങ്കിലും സൂചനയുണ്ടോ പ്രതാപ് ?”

“ഇല്ല സർ. അതിനെ കുറിച്ചൊന്നും യാതൊരു ഊഹവും ഇല്ല”

“എന്താണ് പ്രതാപിന്റെ പ്ലാൻ ?”

“സർ എനിക്ക് ഇന്ന് രാത്രി 10 പൊലീസുകാരെയും അനീഷിനെയും എനിക്ക് വിട്ട് തരണം. അതിൽ രണ്ടോ മൂന്നോ വനിതാ പോലീസുകാരും വേണം. കൂടെ രണ്ട് പോലീസ് ബോട്ടും. എല്ലാ പോലീസുകാരോടും രാത്രി ഒമ്പത് മണിക്ക് ശേഷം ടൗണിലെ സ്റ്റേഷനിൽ എത്തിയാൽ മതിയെന്ന് പറയണം. ബോട്ടുകൾ പത്ത് മണിക്ക് ശേഷം ജെട്ടിയിൽ എത്തിച്ചാൽ മതി. എന്താണ് പ്ലാൻ എന്നോ എവിടെയാണ് ഓപ്പറേഷൻ എന്നോ നമ്മൾ മൂന്ന് പേരല്ലാതെ വേറെ ആരും അറിയരുത്. കാരണം നമ്മുടെ പ്ലാൻ എങ്ങനെയെങ്കിലും അവർ അറിഞ്ഞാൽ അവർ രക്ഷപ്പെടാനുള്ള സാധ്യത കൂടുതൽ ആണ്. പിന്നെ നമ്മൾ ഇത് വരെ കഷ്ടപ്പെട്ടത് മുഴുവൻ വെറുതെയാകും”

“ഓക്കെ പ്രതാപ്. താങ്കൾ ആവശ്യപ്പെട്ട എല്ലാം താങ്കൾ പറഞ്ഞ സ്ഥലത്ത് കൃത്യമായി ഉണ്ടാകും. വിഷ് യൂ ഓൾ ദി ബെസ്റ്റ്”

“താങ്ക്യൂ സർ”

കസേരയിൽ നിന്ന് എഴുന്നേറ്റ പ്രതാപും അനീഷും എസ്പിയെ സല്യൂട്ട് ചെയ്‌ത ശേഷം എസ്പി ഓഫിസിൽ നിന്നും പുറത്തിറങ്ങി.

എസ്പി ഓഫിസിൽ നിന്ന് പുറത്തിറങ്ങിയ പ്രതാപിന്റെ ഫോണിലേക്ക് സജീവിന്റെ കോൾ എത്തി.

“സർ, അവരെ കുറിച്ച് ഞാൻ അന്വേഷിച്ചു”

“പറയു സജീവ്”

“ഞാൻ സാറിനോട് നേരത്തെ പറഞ്ഞത് പോലെ ആ വീട് കുട്ടായി സുനിൽ വാങ്ങിയതാണ്. ഇപ്പോൾ അവിടെ താമസിക്കുന്നത് രണ്ട് സ്ത്രീകൾ ആണ്. ഒരു ഐഷ, ഒരു ഫെമിന. അവരുമായി കുട്ടായിക്കുള്ള ബന്ധം എന്താണെന്ന് അറിയില്ല. ഞാൻ ചോദിച്ചപ്പോൾ അവർ അവിടെ വാടകക്ക് തമാസിക്കുന്നു എന്നാണ് അവർ പറഞ്ഞത്. ആ വീടിന് അടുത്തെങ്ങും മറ്റ് വീടുകൾ ഒന്നും ഇല്ലാത്തത് കൊണ്ട് ആർക്കും അവരെ പറ്റി ഒന്നും അറിയില്ല. ഞാൻ മെമ്പർ എന്ന ലേബലിൽ അവരോട് നേരിട്ട് ചോദിച്ചാണ് ഇത്രയും മനസ്സിലാക്കിയത്”

“താങ്ക്യൂ സജീവ്. അവർ അവിടെ നിന്ന് ഇറങ്ങുന്നത് കണ്ടാൽ ഉടനെ അനസിനെ വിളിച്ച് പറയണം. സജീവിന്റെ വിളിയും കാത്ത് അനസ് ടൗണിൽ ഉണ്ട്”

“ഞാൻ ജെട്ടിയിൽ തന്നെ ഉണ്ട് സർ. അധികം വൈകാതെ അവർ വാരാൻ സാധ്യത ഉണ്ട് സർ. ഞാൻ അവരുടെ വീട്ടിൽ ചെന്നപ്പോൾ അവർ എവിടെയോ പോകാൻ റെഡി ആകുകയായിരുന്നു. അവരെ കണ്ടാൽ ഞാൻ അനസ് സാറിനെ വിളിച്ച് പറഞ്ഞോളാം. വേറൊന്നും ഇല്ലാലോ, എങ്കിൽ വെച്ചോട്ടെ സർ.”

“എടോ, വൈകീട്ട് ചിലപ്പോൾ തന്റെ ഒരു സഹായം എനിക്ക് വേണ്ടി വരും. അങ്ങിനെ വന്നാൽ ഞാൻ തന്നെ വിളിക്കാം”

“എന്തായാലും സർ വിളിക്ക്. എന്നെ കൊണ്ട് കഴിയുന്ന പോലെ ഞാൻ സാറിനെ സഹായിക്കും”

“ഓക്കെടോ”

ഫോൺ കട്ടാക്കിയ പ്രതാപ് അനീഷിനോട് കാര്യങ്ങൾ പറഞ്ഞ ശേഷം വണ്ടി എടുത്ത് യാത്രയായി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഫോണിൽ മെസേജ് വന്ന ശബ്ദം കേട്ടപ്പോൾ വണ്ടി ഒതുക്കി ഫോൺ എടുത്ത് നോക്കി. അനസിന്റെ മെസേജ് ആണ് വന്നിരിക്കുന്നത്. തുറന്ന് നോക്കിയപ്പോൾ “ഐഷ ആൻഡ് ഫെമിന വിൽ ബീ റീച്ച് ഇൻ ബോട്ട് ജെട്ടി അറ്റ് ടെൻ തേർട്ടി” (ഐഷയും ഫെമിനയും പത്തര മണിക്ക് ബോട്ട് ജെട്ടിയിൽ എത്തും)….

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply