മരണങ്ങളുടെ തുരുത്ത് Part 6

  • by

5207 Views

മരണങ്ങളുടെ തുരുത്ത് Malayalam Novel

CI പ്രതാപ് മെഡിക്കൽ കോളേജിലെ പാർക്കിങ് ഏരിയയിൽ ബുള്ളറ്റ് പാർക്ക് ചെയ്തു റിസപ്‌ഷനിലോട്ട് ചെന്നു…

“അയാം CI പ്രതാപ്. എനിക്ക് ഇവിടത്തെ ഫോറൻസിക്ക് സർജൻ Dr. രഞ്ജിത്തിനെ ഒന്നു കാണണമായിരുന്നു. ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു…”

“Ok വൺ മിനിട്ട് സാർ..” റിസപ്‌ഷനിസ്റ്റ് ഡോ.. രഞ്ജിത്തിന്റെ ക്യാബിനിലോട്ട് കോൾ ചെയ്തു…

“രഞ്ജിത്ത് സാർ അദ്ദേഹത്തിന്റെ ക്യാബിനിൽ ഉണ്ട്. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ..”

“Ok താങ്ക്സ്..” പ്രതാപ് രഞ്ജിത്തിന്റെ ക്യാബിനിലോട്ട് ചെന്നു. രഞ്ജിത്തിനെ കണ്ടതും പ്രതാപിന് ഒരു ഞെട്ടലും അത്ഭുതവും ആണുണ്ടായത്. കാരണം അവർ രണ്ടാളും പഴയ കോളേജ് ക്‌ളാസ്മേറ്റ്‌സ് ആയിരുന്നു..

“ഹലോ രഞ്ജിത്ത്, താനായിരുന്നോ ഇവിടത്തെ ഫോറൻസിക്ക് സർജൻ ? “

“കള്ള തിരുമാലി താനായിരുന്നോ ഇപ്പൊ എനിക്ക് വിളിച്ച CI പ്രതാപ്..” രഞ്ജിത്ത് പ്രതാപിനെ കെട്ടിപ്പിടിച്ച് കൊണ്ട് ചോദിച്ചു. കോളേജിൽ നിന്നും പിരിഞ്ഞതിനു ശേഷം ഇപ്പോഴാണ് അവർ രണ്ടാളും കണ്ടു മുട്ടിയത്… രഞ്ജിത് പ്രതാപിന്റെ തോളിൽ പിടിച്ചു കൊണ്ട് തുടർന്നു..

“എത്ര നാളായാടാ നമ്മൾ കണ്ടിട്ട്. ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല. ഇനി നിന്നെ കണ്ടു മുട്ടാൻ പറ്റുമെന്ന്. നീ പോലീസിൽ ആണെന്ന് ഞാൻ അറിഞ്ഞിരുന്നു. നമ്മുടെ പഴയ കുരുട്ട് സതീശൻ പറഞ്ഞിട്ട്. അവനിപ്പോൾ MLA അബൂബക്കറിന്റെ PA ആണല്ലോ. അവൻ ഇടക്ക് എന്നെ വിളിക്കാറുണ്ട്. അവനോട് ഞാൻ നിന്റെ നമ്പർ ചോദിച്ചപ്പോൾ അവൻ ഒരു നമ്പറും തന്നു. പക്ഷെ ആ സിം ഡിസ്ക്കണക്റ്റ് ആയിരുന്നു…”

“അത് എന്റെ പഴയ നമ്പറാണ്. അത് ഇപ്പോൾ ഉപയോഗിക്കുന്നില്ല. കട്ട് ചെയ്തു. സതീശനുമായും ഇപ്പൊ കോണ്ടാക്റ്റ് ഇല്ല. ഉണ്ടായിരുന്നു, ഒരു നാല് വർഷം മുന്നേ വരെ. പാലക്കാട് ഞാൻ si ആയി ഇരിക്കുന്ന സമയം വരെ. പിന്നെ സ്ഥലം മാറ്റവും പ്രമോഷനുമായി പലയിടത്തോട്ടും പോയപ്പോൾ അവനോടുള്ള കൊണ്ടാക്റ്റും വിട്ടുപോയി. പക്ഷെ അവൻ MLA യുടെ PA ആണെന്നുള്ള കാര്യം താനിപ്പോൾ പറയുമ്പോഴാണ് ഞാൻ അറിയുന്നത്. പിന്നെ എന്തുണ്ട് വിശേഷം? ഭാര്യയും കുഞ്ഞുങ്ങളും ഒക്കെ സുഖമായിരിക്കുന്നോ…?”

“സുഖം… നിന്റെയോ. നിന്റെ ആ പഴയ സിസിലി തന്നെ അല്ലെ തന്റെ ഭാര്യ..?”

“അതേ.. അതേ…”

“അല്ലെടാ, ക്രിസ്ത്യാനിയായ അവളുടെ അപ്പൻ നിനക്കവളെ കെട്ടിച്ച് തന്നോ. എനിക്ക് വിശ്വസിക്കാൻ വയ്യ”

“ഇല്ലെടാ, കുറെയൊക്കെ നോക്കി. രക്ഷയുണ്ടായിരുന്നില്ല. അവസാനം രജിസ്റ്റർ വിവാഹം ചെയ്തു. ഇപ്പോൾ പ്രശ്നം ഒന്നുമില്ല. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോകലും വരലും ഉണ്ട്. എന്റെ വീട്ടിൽ നേരത്തെയും പ്രശ്നം ഉണ്ടായിരുന്നില്ലലോ? “

“ആഹാ, വെരി ഗുഡ്. എന്നിട്ട് സുഖമായിരിക്കുന്നോ.. സിസിലിയും കുട്ടികളും…”

“സുഖമായിരിക്കുന്നു. സിസ്‌ലിയും ഞാനും. കുട്ടികൾ ഇല്ല…”

“സോറി എനിക്കറിയില്ലായിരുന്നു.. പക്ഷെ എന്റെ കാര്യം നേരെ തിരിച്ചാണ്.. എനിക്ക് കുട്ടികളെ ഉള്ളൂ. വിവാഹം കഴിഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 4 കുഞ്ഞുങ്ങൾ..” അതു കേട്ടതും പ്രതാപ് വാ പൊളിച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു..

“ങ്ങേ.. എന്ത് .. രണ്ട് വർഷത്തിനുള്ളിൽ നാല് കുഞ്ഞുങ്ങളോ. ഇതെന്താടാ അവൾ ആറ് മാസം കൂടുമ്പോഴാണോ പ്രസവിക്കുന്നത്..?”

“അല്ലടാ.. രണ്ട് പ്രസവത്തിലും ഇരട്ടകൾ ആയിരുന്നു. ആദ്യത്തേതിൽ രണ്ട് ആണും രണ്ടാമത്തേതിൽ രണ്ട് പെണ്ണും. ഈശ്വരൻ രണ്ട് പ്രസവത്തിൽ തന്നെ നാലെണ്ണം തന്നെപ്പോൾ. പിന്നെ ഞാൻ അവളുടെ പ്രസവം അങ്ങ് നിർത്തി. ഇനിയും അവൾ ഇതു പോലെ രണ്ട് പ്രസവം കൂടി അങ്ങു പെറ്റാൽ ഞാൻ തെണ്ടേണ്ടി വരും…”

“ഏതായാലും നീ തന്നെ ഇവിടത്തെ സർജനായത് നന്നായി. നിന്നോടാവുമ്പോ. എനിക്ക് സ്വാതന്ത്ര്യത്തോടെ സംസാരിക്കാലോ “. അപ്പോഴാണ് ഒരു നേഴ്‌സ് അങ്ങോട്ട് വന്നു ഒരു ഫയൽ രഞ്ജിത്തിന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞത്…

“സാർ, ഇത് സാർ നേരത്തെ ലാബിൽ ടെസ്റ്റ് ചെയ്യാൻ കൊടുത്തതിന്റെ റിസൾട്ടാണ്..” രഞ്ജിത്ത് അതു വാങ്ങി ഫയൽ മൊത്തം ഒന്നു കണ്ണോടിച്ചു കൊണ്ട് പ്രതാപിനോട് പറഞ്ഞു…

“നീ വാ.. നമുക്ക് എന്റെ വിസിറ്റേഴ്‌സ് റൂമിലോട്ട് ഇരിക്കാം അവിടെ ഇരുന്നു സംസാരിക്കാം “. രഞ്ജിത്ത് പ്രതാപിനെയും കൊണ്ട് വിസിറ്റേഴ്‌സ് റൂമിലോട്ട് പോയി..

“പറ, എന്താണ് നിനക്ക് കുടിക്കാൻ വേണ്ടത്. കൂൾഡ്രിങ്‌സ്, കോഫി..?”

“കോഫി..”

“Ok..” രഞ്ജിത് ഫ്ലാസ്ക്കിൽ നിന്നും വെള്ളമെടുത്ത് രണ്ട് കോഫിയുണ്ടാക്കി ഒന്നു പ്രതാപിനും കൊടുത്ത്, മറ്റേ കോഫിയിൽ നിന്നും ഒരു സിപ്പെടുത്തു ഗ്ലാസ് താഴെ വെച്ചു. പോക്കറ്റിൽ നിന്ന് സിഗരറ്റ് പേക്കറ്റ് എടുത്ത് പ്രതാപിന്റെ നേരെ നീട്ടി…

“സിഗരറ്റ്….”

“No താങ്ക്സ്..”

“അതെന്താ നീ വലിക്കാറില്ലേ.. പണ്ടൊക്കെ നല്ല വലിയായിരുന്നല്ലോ..?”

“അത് പണ്ട്. ഇപ്പൊ ഇല്ല..”

“പക്ഷെ ഞാൻ നേരെ തിരിച്ചാണ്, എല്ലാത്തിലും. എനിക്ക് ദിവസം രണ്ട് പാക്കറ്റ് സിഗരറ്റ് വേണം. പിന്നെ ആഴ്ചയിൽ മൂന്ന് വട്ടം ഒരു മൂന്ന് പെഗ് വെച്ചു മറ്റവനും. ഇതൊന്നും ഇല്ലാതെ ഈ പണിയിൽ തുടരാൻ പറ്റില്ല….”

“ടാ, നീ ഞാൻ വിട്ട ആ ബോഡി പോസ്റ്റ്മോർട്ടം ചെയ്തോ..?”

“അതു കഴിഞ്ഞു. അതു കഴിഞ്ഞു ക്യാബിനിൽ എത്തിയപ്പോഴാണ് റിസപ്‌ഷനിൽ നിന്നും വിളിച്ചത്, താൻ എത്തിയിട്ടുണ്ട് എന്നും പറഞ്ഞ് “.

“താൻ വിശദമായി പരിശോധിച്ചില്ലേ…?”

“പരിശോധിച്ചു. തന്റെ സംശയത്തിൽ കഴമ്പില്ലാതെ ഇല്ല. ഇത് ഒരു മർഡർ ആണോ എന്ന് സംശയം ഉണ്ട്..”

“അങ്ങനെ സംശയിക്കാൻ കാരണം? “. പ്രതാപ് നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..

“അതായത് ജോണിക്കുട്ടി മരിച്ചിരിക്കുന്നത് ഹൃദയ സ്തംഭനം മൂലം തന്നെയാണ്. പക്ഷെ ആ ഹൃദയ സ്തംഭനം ആരോ ഉണ്ടാക്കിയതാണ്…”

“ഉണ്ടാക്കിയതോ.. മനസ്സിലായില്ല…” പ്രതാപ് ഒരു ഞെട്ടലോടെ രഞ്ജിത്തിനോട് ചോദിച്ചു..

“അതേ…സാധാരണ ഇതു പോലത്തെ കേസുകളിൽ ഹൃദയസ്തംഭനം ആണ് കാരണം എന്ന് കണ്ട് കഴിഞ്ഞാൽ ഞങ്ങൾ സർജന്മാർ പിന്നെ അതിൽ വല്ലാതെ തപ്പാനൊന്നും പോവില്ല. ഓട്ടോപ്സി റിപ്പോർട്ടിൽ മരണ കാരണം ഹൃദയസ്തംഭനം എന്ന് എഴുതി സൈൻ ചെയ്തു അങ്ങ് വിടും. പിന്നെ sp യും താനും റിക്വസ്റ്റ് ചെയ്തു, വിശദമായി പരിശോധിക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ നോക്കിയത്. അങ്ങനെ വിശദമായി പരിശോധിച്ചപ്പോഴാണ് ഒരു സംഭവം കണ്ടത്. മരിച്ച ജോണികുട്ടിയുടെ പിറകു വശത്ത് നട്ടെല്ലിനോട് ചേർന്ന് ഒരു ചെറിയ മുറിവും തടിപ്പും ഉണ്ട്. സൂചികൊണ്ട് കുത്തിയത് പോലെ ഒരു പാട്. അതു കണ്ട ഞാൻ ആ ഭാഗത്തെ ഒരു സാമ്പിൾ എടുത്ത് ഇവിടത്തെ ലാബിൽ പരിശോധിച്ചു. ആ ലാബ് റിപ്പോർട്ടാണ് നേരത്തെ നേഴ്‌സ് കൊണ്ട് തന്നത്. ലാബ് റിപ്പോർട്ടിൽ പറയുന്നത് കാൽസ്യം ഗ്ലൂക്കോണേറ്റ് അടങ്ങിയ ഒന്നിലധികം കെമിക്കലുള്ള ഒരു മിക്‌സിഡ്‌ മെഡിസിൻ ടെസ്റ്റിന് അയച്ച ആ സാമ്പിളിൽ ഉണ്ടായിരുന്നു എന്നാണ്.. ഇതിൽ കാൽസ്യം ഗ്ലുക്കോണേറ്റ്‌ മാത്രമേ റിപ്പോർട്ടിൽ കാണുകയൊള്ളൂ, മറ്റു മെഡിസിൻസ് ഏതാണെന്ന് അറിയാൻ സാധിക്കില്ല.. കാൽസ്യം ഗ്ലുക്കോണേറ്റ്‌ കൊണ്ടും ഒരാളെ കൊല്ലാൻ സാധിക്കും. പക്ഷെ ആള് പെട്ടന്ന് മരിക്കില്ല രണ്ട് മൂന്ന് മണിക്കൂർ പിടിക്കും മരിക്കാൻ. ഇത് പെട്ടന്ന് മരണം സംഭവിക്കാൻ വേണ്ടിയാണ് വേറെയും കെമിക്കലുകൾ ചേർത്തിരിക്കുന്നത് “.

“താൻ തെളിച്ചു പറയ്”

“എടോ. ഇതൊരു മർഡർ എന്നതിൽ യാതൊരു സംശയവും വേണ്ട. ഞാൻ നേരത്തെ പറഞ്ഞില്ലേ, കാത്സ്യം ഗ്ലുക്കോണേറ്റ് മാത്രം കുത്തിവെച്ചാൽ ആൾ മരിക്കുന്നതിന് ഒരുപാട് സമയം എടുക്കും. പക്ഷെ അതിൽ ചില കെമിക്കലുകൾ മിക്സ് ചെയ്താൽ മരണപ്പെടാനുള്ള ഇടവേള കുറയും. ഈ ഇൻജക്ഷൻ എടുത്താൽ ആദ്യ കുറച്ചു സമയത്തേക്ക് ആളൊരു അർദ്ധ ബോധാവസ്ഥയിൽ ആയിരിക്കും. അത് കഴിഞ്ഞാൽ ശരീരം തളർന്ന് ആൾ നിലത്തേക്ക് വീഴും. അധികം വൈകാതെ തന്നെ ഹൃദയം സ്തംഭിച്ച് ആ വ്യക്തി മരണപ്പെടും. ഇത്രയും ആണ് എനിക്കറിയാവുന്ന കാര്യങ്ങൾ”.

“നീ പറഞ്ഞത് ശരിയാണ്. കാരണം ജോണിക്കുട്ടിയുടെ ബോഡി കിടന്നിരുന്ന സ്ഥലത്തു നിന്നു കുറച്ചു മാറി ഒരു സൂചി ഫിറ്റ് ചെയ്ത സിറിഞ്ച് കിട്ടിയിരുന്നു. സൂചിയുടെ തുമ്പ് കുറച്ചു വളഞ്ഞിരുന്നു. സിറിഞ്ചിനുള്ളിൽ മഞ്ഞ നിറത്തിലുള്ള കുറച്ചു മെഡിസിനും ഉണ്ടായിരുന്നു “.

“എന്നിട്ട് അതെവിടെ.. അത് എന്താ കൊണ്ടു വരാതിരുന്നത്..?”

“അത് ഞാൻ അതിൽ വല്ല ഫിംഗർ പ്രിന്റും ഉണ്ടോ എന്നറിയാനും, ആ മെഡിസിൻ എന്താണ് എന്നറിയാനും, ടെസ്റ്റിന് ഫോറൻസിക്കിലോട്ട് അയച്ചിരിക്കാണ് “.

“Ok.. അപ്പൊ എന്റെ സംശയം ശരിയാണ്. ജോണിക്കുട്ടിയെ മരുന്ന് കുത്തിവച്ചു ഹൃദയ സ്തംഭനം ഉണ്ടാക്കി തന്നെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. സൂചിയുടെ തുമ്പ് വളഞ്ഞത്, കുത്തി വെക്കുമ്പോൾ നടന്ന മൽപിടുത്തത്തിൽ ആയിരിക്കും. കാരണം ജോണിക്കുട്ടിയെ പോലെ ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ പെട്ടെന്ന് ഒന്നും ഒരു ഇന്ജെകഷൻ എളുപ്പത്തിൽ എടുക്കാൻ കഴിയില്ല. പിന്നെ കാൽസ്യം ഗ്ലുക്കോണേറ്റിന്റെ നിറം മഞ്ഞയല്ല. അതിൽ ഞാൻ നേരത്തെ പറഞ്ഞത് പോലെ വേറെയും കെമിക്കലുകൾ ചേർത്തത് കൊണ്ടായിരിക്കും ആ നിറം വന്നത്.
ഇത് മിക്സ് ചെയ്യാൻ അനാട്ടമി പഠിച്ച ഒരു ഡോക്ടർക്കെ സാധിക്കൂ. അതും ഫോറൻസിക്കുമായി ബന്ധമുള്ള ഒരു ഡോക്ടർക്ക്. അങ്ങനെ ഒരാൾ ഇതിൽ പ്രവർത്തിച്ചാൽ മാത്രമേ ആ മെഡിസിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ പറ്റൂ… സാധാരണ ഇങ്ങനത്തെ മരുന്നുകൾ കുത്തിവെച്ചാൽ ആള് മരിച്ചു ഏഴോ എട്ടോ മണിക്കൂർ കഴിഞ്ഞാൽ അതിന്റെ അംശം ശരീരത്തിൽ കാണാൻ സാധിക്കില്ല. ഇവിടെ ജോണിക്കുട്ടി മരിച്ചിട്ട് അഞ്ചോ ആറോ മണിക്കൂർ മാത്രമേ ആയിട്ടുള്ളൂ. അങ്ങനെ നോക്കുമ്പോൾ ജോണിക്കുട്ടി മരിച്ചത് പുലർച്ചെ നാലിനും അഞ്ചിനും ഇടക്കായിരിക്കും. ഇവിടെ ജോണികുട്ടിയുടെ മരണം കഴിഞ്ഞു 8 മണിക്കൂറിനു മുന്നേ പോസ്റ്റ്മോർട്ടം നടത്തി മുറിവുള്ള ഭാഗത്തെ സാമ്പിൾ പെട്ടന്ന് ടെസ്റ്റ് ചെയ്തത് കൊണ്ടാണ് നമുക്ക് ഇത് കണ്ടെത്താൻ സാധിച്ചത്. ജോണിക്കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഞാൻ ടെസ്റ്റിന് ഡൽഹിയിലെ ലാബിലോട്ട് വിശദമായി പരിശോധിക്കാൻ അയക്കുന്നുണ്ട്. ആ റിപ്പോർട്ടിലും, സിറിഞ്ചിനുള്ളിലെ മെഡിസിന്റെ റിപ്പോർട്ടിലും, ഞാൻ പറഞ്ഞ കാൽസ്യം ഗ്ലുക്കോണേറ്റ്‌ അടങ്ങിയ മെഡിസിൻ കാരണങ്ങൾ കൊണ്ട് തന്നെയാണ് ജോണിക്കുട്ടി മരിച്ചെതെങ്കിൽ, ഉറപ്പിച്ചോ… ഇതൊരു പ്ലാൻഡ് മർഡർ ആണെന്ന്.. പക്ഷെ ഡൽഹിയിലെ റിസൾട്ട് കിട്ടാൻ കുറച്ചു ദിവസം പിടിക്കും. അത് വരെ കാത്തിരിക്കണം..” അതെല്ലാം കേട്ടു കഴിഞ്ഞതും പ്രതാപ് ചോദിച്ചു…

“ഇങ്ങനെ ഉള്ള മെഡിസിനെല്ലാം ആരോഗ്യ വകുപ്പ് ബാൻ ചെയ്തതല്ലേ . പിന്നെ എങ്ങനെ ഇത് വിപണിയിൽ വരുന്നു…?”

“അതൊന്നും നോക്കിയിട്ട് കാര്യമില്ല. നമ്മുടെ സർക്കാരല്ലേ ബാൻ ചെയ്തത്. എത്ര ബാൻ ചെയ്താലും. ഇതു പോലത്തെ മരുന്നുകൾ ആവശ്യക്കാർക്ക് കിട്ടും. കാരണം ബാൻ ചെയ്തവന്മാർ തന്നെ രഹസ്യമായി ഇത് വിപണിയിൽ ഇറക്കും. ഇത് വഴി കോടികളാണ് അവന്മാരുടെ കയ്യിൽ വന്ന് ചേരുന്നത്… പിന്നെ ഇതെല്ലാം കുത്തിവച്ചു വല്ലവനും ചത്ത് കേസും കുഴിമാടും ആകുമ്പോൾ, ഇവന്മാർ തന്നെ അതിനെതിരെ അന്വേഷണത്തിന് ഉത്തരവിടും. എന്നിട്ട് വല്ല തുമ്പും കിട്ടോ ഇല്ല. കാരണം ഇവന്മാർ തന്നെ ഇതിന് പിന്നിൽ. നിനക്കാറിയാഞ്ഞിട്ടാ. ലേബല് പോലും ഇല്ലാത്ത സൈഡിഫക്റ്റുള്ള എത്ര മെഡിസിൻ വിപണിയിൽ ഓടുന്നുണ്ട് എന്നറിയോ. ആ മെഡിസിൻ മുഴുവൻ 130 കോടി ജനങ്ങളുള്ള നമ്മുടെ മഹത്തായ ഭാരതത്തിലെ ഓരോ ഹോസ്പിറ്റൽ വഴി പല ബ്രാന്റഡ് മെഡിസിന്റെ ലേബലിൽ ഓരോ രോഗിയും കഴിക്കുന്നുണ്ട്. ആ വഴിയിൽ കോടികളാണ് ഇവന്മാർ ഓരോ ദിവസം സമ്പാദിക്കുന്നത്. അതു കൊണ്ട് തന്നെ മനുഷ്യമാരുടെ ദീർഘായുസ്സ് കുറഞ്ഞു കുറഞ്ഞു ഇപ്പൊ അമ്പതിൽ എത്തിയില്ലെ. അതൊന്നും നോക്കിയിട്ട് കാര്യമില്ല. ആ വിഷയം വിടാം. അത് നമ്മുടെ കയ്യിൽ ഒതുങ്ങില്ല..”

“ശരിയാണ്. നിരോധിക്കുന്നതും വിപണിയിൽ ഇറക്കുന്നതും. ഒരാളാകുമ്പോ അതിന്റെ പിന്നാലെ ഓടിയിട്ട് ഒരു കാര്യവും ഇല്ല.. ഒക്കെ ഡാ താങ്ക്സ് എന്നെ ഇത്രയും സഹായിച്ചതിനു..”

“ഒന്നു പോടാ. ഞാൻ എന്റെ ഡ്യുട്ടിയാണ് ചെയ്തത്.. അതൊക്കെ പോട്ടെ. ഇത് എന്താണ് കേസ്. നിന്റെ കയ്യിൽ എങ്ങനെ ഈ കേസ്സ് വന്നു….?”

“അതൊന്നും പറയണ്ട.. ഇതൊരു കീറാമുട്ടി കേസാണ്. ഇപ്പൊ ഈ ജോണിക്കുട്ടി അടക്കം പതിനേഴാളാണ് ഇതു പോലെ മരിച്ചത്. അതിൽ ജോണിക്കുട്ടിയുടേത് അടക്കം 15 എണ്ണത്തിന്റെയും ബോഡി പോസ്റ്റ് മോർട്ടം ചെയ്തിട്ടും ഉണ്ട്. എല്ലാത്തിന്റെയും റിപ്പോർട്ട് ഹൃദയസ്തംഭനം. ഇതിൽ15 മത്തെ ഈ കേസിൽ മാത്രമാണ് ഇപ്പൊ ഒരു ചെറിയ തുമ്പ് കിട്ടിയത്….”

“താൻ ഒന്നു തെളിച്ചു പറ. നിന്റെ പോലീസ് തലയുടെ അത്ര ബുദ്ധി ഇല്ലെങ്കിലും. കുറച്ചൊക്കെ ആൾ താമസം ഈ തലയിലും ഉണ്ട്. ചിലപ്പോൾ എല്ലാം കേട്ട് കഴിയുമ്പോൾ എനിക്ക് തന്നെ സഹായിക്കാൻ പറ്റിയാലോ….?” അതു കേട്ട പ്രതാപ് പുഴയക്കര ഗ്രാമത്തിൽ നടന്ന എല്ലാ മരണങ്ങളെ കുറിച്ചും പ്രതാപിന്റെ കയ്യിൽ ഈ കേസിന്റെ അന്വേഷണം എത്തിയതിനെ കുറിച്ചും രഞ്ജിത്തിനോട് പറഞ്ഞു.

“നീ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ഇതിന്റെ പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടെന്നാണ് എന്റെ സംശയം. നീ ഈ കേസ് ഒന്നു മുതൽ ഒന്നും കൂടി ഒന്നു വായിക്ക് അപ്പോൾ നിനക്ക് മനസ്സിലാകും. കാരണം ഇതിൽ മരണപ്പെട്ട ജോണിക്കുട്ടിയുടെ ഒഴികെ പോസ്റ്റുമാർട്ടം നടത്തിയ ബാക്കി പതിനാല് പേരുടെയും പോസ്റ്റുമാർട്ടം 8 മണിക്കൂറിനു ശേഷമാണ് നടത്തിയിട്ടുണ്ടാവുക. അതു കൊണ്ടാണ് മരണം സ്വഭാവികമരണമായത്. അല്ലെങ്കിൽ ആക്കിയത്. അതിൽ ചിലപ്പോൾ മുന്നേ ഈ കേസ് അന്വേഷിച്ച si ക്കും. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർക്കും, വിളിച്ചു പറഞ്ഞ മെംബർക്കും എല്ലാം പങ്കുണ്ടാകും. ഇനി ചിലപ്പോൾ നമ്മൾ ആരും പ്രതീക്ഷിക്കാത്ത ഒരാൾ ആകാനും സാധ്യത ഉണ്ട്. പിന്നെ ഇതിനു പിന്നിൽ നമ്മൾ അറിയാത്ത പല വലിയ കരങ്ങളും പ്രവർത്തിച്ചിട്ടുമുണ്ടാകും. ജോണികുട്ടിയെ കൊല്ലാൻ അവർ കണ്ടത്തിയ സമയം ശരിയായില്ല. അതാണ് അവർക്ക് തിരിച്ചടിയായത്. അതാണ് ഇപ്പൊ മരണ കാരണം ഏകദേശം പിടി കിട്ടിയത്.. “

“അതേ ജോണികുട്ടിയെ അവർ മർഡർ ചെയ്ത സമയം ശരിയായില്ല. അതു തന്നെയാണ് . എനിക്ക് അവർക്കെതിരെ നീങ്ങാനുള്ള ആയുധവും.. “

“അല്ലെടാ, ജോണിക്കുട്ടിയുടെ മരണം കൊലപാതകമാണെന്ന് നിനക്ക് സംശയം തോന്നിയെങ്കിൽ ഡോഗ് സ്ക്വാഡിനെ കൊണ്ട് നോക്കിക്കാമായിരുന്നില്ലേ”

“കാര്യമില്ലെടോ, സ്നിപ്പർ ഡോഗ് വന്നാലും കടവ് വരെ മാത്രമേ പോകാൻ കഴിയൂ. കാരണം അവിടെയുള്ള ഒരാൾക്ക് ഇത്രയധികം കൊലപാതകങ്ങൾ നടത്താൻ കഴിയില്ല. പുറത്ത് നിന്ന് വരുന്ന ഒരാൾക്ക് മാത്രേ ഇത്രയധികം കൊലപാതകങ്ങൾ നടത്താൻ കഴിയു. പിന്നെ സഹായികൾ ഉണ്ടായിരുന്നിരിക്കാം. അവർ ഇതിൽ നേരിട്ട് ഇടപെടാനുള്ള സാധ്യതയും കുറവാണ്. കാരണം എവിടെയെങ്കിലും ഒരു പാളിച്ച പറ്റിയാൽ അവൻ പെട്ടെന്ന് തന്നെ കുടുങ്ങും.”

“ok ഞാൻ എന്റെ ഒരു സംശയം പറഞ്ഞു എന്നെ ഉള്ളു. എനിക്ക് ഒരു സൂയിസൈഡ് കേസ് പോസ്റ്റ് മോർട്ടം ചെയ്യാനുണ്ട്. നമുക്ക് പിന്നൊരു ദിവസം മീറ്റ് ചെയ്യാം. അല്ലങ്കിൽ നീ ഒരു കാര്യം ചെയ്യ് സിസിലിയെയും കൂട്ടി ഒരു ദിവസം വീട്ടിലോട്ട് വാ ഒരു ദിവസം നമുക്കെല്ലാവർക്കും അവിടെ കൂടാം..”

“ആയിക്കോട്ടെ വന്നു കളഞ്ഞേക്കാം. നമ്മുടെ നാട്ടിൽ ആത്മഹത്യ ഇപ്പോൾ ഒരുപാട് കൂടിയിട്ടുണ്ട് അല്ലെ രഞ്ജിത്ത്..

“അതേ… നിസാരകാര്യങ്ങൾക്ക് വേണ്ടിയാണ് പലരും ആത്‍മഹത്യ ചെയ്യുന്നത്. ഇപ്പൊ ഞാൻ പോസ്റ്റ് മോർട്ടം ചെയ്യാൻ പോകുന്ന കേസ് പ്രേമനൈരാശ്യമാണ്. 21 വയസ്സുള്ള പയ്യൻ. പ്രേമനൈരാശ്യം കാരണം ചെറുക്കൻ ഒരു കയറും എടുത്തോണ്ട് പോയി വീടിന്റെ വിട്ടത്തിൽ കെട്ടി അങ്ങ് തൂങ്ങി. അവൻ മരിച്ചത് കൊണ്ട് ആർക്ക് പോയി. അവന്റെ വീട്ടുകാർക്കും അവനും പോയി. പ്രേമിച്ച പെണ്ണ് കുറച്ചു കഴിയുമ്പോൾ വേറെ ഒരുത്തനെയും കെട്ടി നല്ല അന്തസായി ജീവിക്കും”

“ശരിയാണ് പൊട്ടിപോയ പ്രണയത്തിന്റെ പേരിൽ തൂങ്ങിയ ഇവനെ പോലത്തവന്മാർ ശരിക്കും മണ്ടന്മാർ തന്നെയാണ്. അല്ല അവനെ പറഞ്ഞിട്ടും കാര്യമില്ല. പെണ്ണ് നല്ല മുട്ടൻ തേപ്പാകും തേച്ചിട്ടുണ്ടാവുക”.

“അത് മാത്രമല്ല ആത്‍മഹത്യ പെരുകാനുള്ള കാരണം. ഇപ്പോഴത്തെ തലമുറയിൽ ഉള്ളവർക്ക് ഒന്നിനെയും നേരിടാനുള്ള മാനസിക വളർച്ചയില്ല എന്നുള്ളതാണ് ഒരു കാരണം. ചെറുപ്പം മുതലേ ആവശ്യമുള്ളത് എല്ലാം കണ്മുന്നിൽ എത്തിച്ചാണ് നമ്മൾ കുട്ടികളെ വളർത്തുന്നത്. NO എന്നത് അല്ലെങ്കിൽ തോൽവി എന്നത് അവർ അറിയുന്നില്ല. കുറച്ചു വലുതായി കഴിയുമ്പോൾ ആഗ്രഹിച്ച ഏതെങ്കിലും കാര്യങ്ങൾ കിട്ടാതെ വരുമ്പോൾ അവർ മൂകരാകുന്നു. അല്ലെങ്കിൽ ജീവിതത്തിലെ ഏതെങ്കിലും സന്ദർഭത്തിൽ പരാജിതനായി എന്ന തോന്നൽ വരുമ്പോൾ അവർക്ക് മുന്നോട്ട് പോകാനുള്ള ശക്തി നഷ്ടപ്പെടുന്നു. അങ്ങിനെയുള്ള സന്ദർഭങ്ങളിൽ അവർ ആത്മഹത്യയെ അഭയം പ്രാപിക്കുന്നു. കുട്ടികളെ ചെറുപ്പം മുതലേ വാശികളും എല്ലാ അവശ്യങ്ങളും നടത്തി കൊടുത്ത് ശീലിപ്പിക്കരുത്. എങ്കിലേ അവർ എല്ലാത്തിനെയും നേരിടാൻ പഠിക്കുകയുള്ളൂ. Ok ടാ എനിക്ക് സമയമായി ഞാൻ മോർച്ചറിയിലോട്ടു ചെല്ലട്ടെ..”

“OK രഞ്ജിത്ത്, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം. ബൈ…”

രഞ്ജിത്തിനോട് യാത്ര പറഞ്ഞിറങ്ങിയ പ്രതാപ് SP യെ വിളിച്ച് ജോണികുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിൽ നിന്നും കിട്ടിയ തെളിവുകളും സംശയങ്ങളും എല്ലാം SP യെ ധരിപ്പിച്ചു പിന്നെ ഒന്നും കൂടി പറഞ്ഞു..

“ഈ കേസിലെ ഇതു വരെ നമുക്ക് കിട്ടിയ ഒരു തെളിവും പുറത്തു ലീക്കാവരുത്. ജോണി കുട്ടി മരിച്ചത് ഹൃദയസ്തംഭനം കൊണ്ടാണെന്ന് മാത്രമേ എല്ലാവരും അറിയാവൂ.. അല്ല എന്നുള്ളത് ഞാനും സാറും ഡോക്ടർക്കും മാത്രമേ അറിയാവൂ. ഇനി ഡൽഹിയിലെ റിപ്പോർട്ടും സിറിഞ്ചിന്റെ ഫോറന്സിക്ക് റിപ്പോർട്ടും നമുക്ക് അനുകൂലമാണെങ്കിൽ ഉറപ്പിക്കാം സാർ, ഇതു വരെ തുരുത്തിൽ നടന്നത് മുഴുവൻ മർഡർ ആണെന്ന് “.

“Ok പ്രതാപ്. കേസിന്റെ മുന്നോട്ടുള്ള നീക്കത്തിനും കൊലയാളിയെ കണ്ടത്താനും കേസിന്റെ എല്ലാ കാര്യവും രഹസ്യമായി വെക്കുന്നത് നല്ലതാണ്. യൂ കാൻ പ്രൊസീഡ്…’

“താങ്ക്യൂ സാർ ..”

അന്ന് വൈകുന്നേരം ജോണിക്കുട്ടിയുടെ ഒഴികെ മറ്റു എല്ലാ മരണങ്ങളുടെയും പോസ്റ്റ് മോർട്ടം റിപ്പോർട്സും, കേസ് ഫയൽസും പ്രതാപ് അനസിനെ വിട്ട് SP യുടെ കയ്യിൽ നിന്നും എടുപ്പിച്ചു. അനസിനോട് പോലും അതു എന്തിനാണെന്നും പറഞ്ഞില്ല. പ്രതാപ് എല്ലാ ഫയൽസും വിശദമായി നോക്കി എല്ലാ കേസും ഒരു പോലെ. പോസ്റ്റ്മോർട്ടം റിപ്പോർട്ടും എല്ലാം ഒരു പോലെ മരണ കാരണം ഹൃദയസ്തംഭനം എന്നു മാത്രം. മരണം നടന്ന സമയം എല്ലാത്തിലും രാത്രി 10 നും 11 നും ഇടയിൽ. മരിച്ചു 12 മണിക്കൂറിനു ശേഷം പോസ്റ്റുമോർട്ടം നടത്തിയത് എന്നും…

ഫോറൻസിക് പരിശോധനക്ക് അയച്ച സിറിഞ്ചിന്റെ റിസൾട്ട് വരാൻ രണ്ട് ദിവസം എടുത്തു. റിസൾട്ടിൽ പ്രതാപിന്റെ സംശയം ഉറപ്പിക്കുന്നത് തന്നെയായിരുന്നു. പ്രതാപിന്റെയും രഞ്ജിത്തിന്റെയും സംശയം പോലെതന്നെ ജോണിക്കുട്ടിയുടെ ശരീരത്തിൽ കണ്ട കെമിക്കലുകളുടെ അംശം അതിലും ഉണ്ടായിരുന്നു. പക്ഷെ സിറിഞ്ച്ൽ വിരലടയാളം ഉണ്ടായിരുന്നില്ല. അങ്ങനെ നോക്കുമ്പോൾ കൊലയാളി കയ്യിൽ ഗ്ലൗസ് ധരിച്ചിട്ടുണ്ടാവനം. റിസൾട്ട് കണ്ടതോടെ പ്രതാപ് ഉറപ്പിച്ചു. തുരുത്തിൽ നടന്നിട്ടുള്ള എല്ലാ മരണങ്ങളും കൊലപാതകങ്ങളാണ്…

പക്ഷെ ആര്…?

എന്തിന്….?

ആർക്കാണ് ഇത്രയും അവിടെ ഇത്ര അധികം കൊലപാതകം നടത്തിയാലുള്ള ഗുണം…..?

ആർക്കൊക്കെ ഇതിൽ പങ്കുണ്ട്…..?

ആരെയൊക്കെ സംശയിക്കാം……?

പ്രതാപിന്റെ മനസ്സിലൂടെ സംശയിക്കപ്പെടേണ്ട ഒരുപാട് ആളുകളുടെ മുഖ ചിത്രങ്ങൾ മിന്നി മറഞ്ഞു…

തുടരും

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply