മരണങ്ങളുടെ തുരുത്ത് Part 7

  • by

6315 Views

മരണങ്ങളുടെ തുരുത്ത് Malayalam Novel

കേസന്വേഷണത്തിൽ 4 ചോദ്യങ്ങൾക്ക് ആണ് ഉത്തരം കാണേണ്ടത്.

1. ആര്?
2. എന്തിന്?
3. എങ്ങനെ?
4. എപ്പോൾ?

പ്രതാപ് ഷെൽഫിൽ നിന്ന് ഒരു പേപ്പർ എടുത്ത് ഈ ചോദ്യങ്ങൾ എല്ലാം അതിലേക്ക് എഴുതി. അതിൽ അവസാനത്തെ രണ്ട് ചോദ്യങ്ങൾക്ക് നേരെ ടിക്ക് മാർക്ക് ഇട്ടു. എന്നിട്ട് അതിന് താഴെയായി പേപ്പറിന്റെ രണ്ട് വശങ്ങളിലായി ആദ്യത്തെ രണ്ട് ചോദ്യങ്ങൾ എഴുതി. ഇനി ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൂടി കിട്ടിയാൽ കേസന്വേഷണം പൂർത്തിയാകും.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ എവിടെ നിന്ന് തുടങ്ങും എന്ന കണ്ഫ്യൂഷനിൽ പ്രതാപ് ഇരുന്നിരുന്ന കസേരയിലേക്ക് ചാഞ്ഞു കിടന്ന് ചിന്തിച്ചു.

ഇത്രയധികം മരണങ്ങൾ നടന്നിട്ടും ആരും ഇതിനെ കുറിച്ച് അന്വേഷിക്കാതിരുന്നതിന്റെ കാരണം എന്തായിരിക്കും.

“അനീഷ് പറഞ്ഞത് മരണം നടന്ന സ്ഥലങ്ങളിൽ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല എന്നാണ്. അത് പോലെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ റിപ്പോർട്ടും സ്വാഭാവിക മരണം എന്നായിരുന്നല്ലോ. ഇനി ഈ കൊലപാതകങ്ങൾ നടത്തിയവർ ഇവരെ വിലക്ക് വാങ്ങിച്ച് ചെയ്യിച്ചത് ആയിരിക്കുമോ”. അങ്ങിനെ ഒരു ചിന്ത മനസ്സിൽ വന്നതോടെ നേരത്തെ എഴുതികൊണ്ടിരുന്ന പേപ്പർ എടുത്ത് ആര് എന്നതിന്റെ താഴെയായി പ്രതാപിന് സംശയം ഉള്ളവരുടെ പേരുകൾ എഴുതി.

SI അനീഷ്
മെമ്പർ സജീവ്.
ആദ്യം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ.

ആദ്യം അനീഷിനെ കുറിച്ച് അന്വേഷിക്കാം എന്ന് തീരുമാനിച്ചു.

അതിനായി SP യെ വിളിച്ച് അനീഷിനെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കറതീർന്ന ആളാണ് ഇൻസ്‌പെക്ടർ അനീഷ്. ആർക്കും പരാതി ഇല്ലാത്ത എഫിഷ്യൻറ് ആയ ഉദ്യോഗസ്ഥൻ. അദ്ദേഹത്തിൽ നിന്ന് ഇങ്ങിനെയൊരു പിഴവ് വരാൻ സാധ്യത വളരെ കുറവാണ്.

SP യുടെ സംസാരത്തോടെ അനീഷിനെ പ്രതാപിന്റെ ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതിന് മുൻപായി അനീഷിനെ കണ്ട്, നേരത്തെ പറഞ്ഞതിലും കൂടുതൽ എന്തെങ്കിലും അറിയാൻ കഴിയോ എന്നന്വേഷിക്കണം. അദ്ദേഹത്തിന് കൂടുതൽ ഒന്നും പറയാൻ ഇല്ലെങ്കിൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെ കണ്ട് സംസാരിക്കണം. അദ്ദേഹത്തിൽ നിന്നും കുറച്ചു കൂടെ വിവരങ്ങൾ കിട്ടുമോ എന്ന് നോക്കണം.

മനസ്സിൽ ഇതൊക്കെ വിചാരിച്ച് പ്രതാപ് വീട്ടിൽ നിന്ന് ഇറങ്ങി.

പോകുന്ന വഴിയിൽ മെമ്പർ സജീവിനെ വിളിച്ച് വൈകീട്ട് കാണണം എന്നാവശ്യപ്പെട്ടു. അനസിനോടും വിളിച്ച് വൈകീട്ട് കാണുന്ന കാര്യം പറഞ്ഞു. രണ്ട് പേരോടും വൈകീട്ട് വീട്ടിലേക്ക് വരാൻ പറഞ്ഞു.

അവിടുന്ന് നേരെ സ്റ്റേഷനിൽ ചെന്നപ്പോൾ, പുറത്തേക്ക് ഇറങ്ങാനായി ജീപ്പിൽ കയറിയ അനീഷ്, പ്രതാപ് സ്റ്റേഷന്റെ ഗേറ്റ് കടന്ന് വരുന്നത് കണ്ടപ്പോൾ ,ജീപ്പിൽ നിന്ന് ഇറങ്ങി നിന്നു. കൂടെ ജീപ്പിന്റെ ഡ്രൈവറും. പോലീസുകാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിൽ ബൈക്ക് വെച്ച്, പ്രതാപ് അനീഷിന്റെ അടുത്തേക്ക് ചെന്നു. അടുത്തേക്ക് വന്ന പ്രതാപിനെ കണ്ട് അനീഷും ഡ്രൈവറും സല്യൂട്ട് ചെയ്തു.

തിരിച്ച് വിഷ് ചെയ്ത് കൊണ്ട് പ്രതാപ് ചോദിച്ചു

“എങ്ങോട്ടാണ് അനീഷേ യാത്ര ?”

“ക്വാട്ടേഴ്സിലേക്ക് പോകാനായി ഇറങ്ങിയതാണ്. എന്ത് പറ്റി സർ ?”

“എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. കുറച്ചു കഴിഞ്ഞ് പോയാൽ മതിയോ”

“മതി സർ”

“എങ്കിൽ വാടോ, നമുക്ക് തന്റെ റൂമിൽ ഇരിക്കാം”

ജീപ്പ് തിരികെ ഷെഡിൽ ഇടാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകി കൊണ്ട് അനീഷും പ്രതാപും സ്റ്റേഷനിലേക്ക് കയറി.

സ്റ്റേഷനിലേക്ക് കയറി വരുന്ന ഇരുവരെയും കണ്ട പാറാവുകാരൻ സല്യൂട്ട് ചെയ്തു.

തിരിച്ച് വിഷ് ചെയ്തു കൊണ്ട് രണ്ടാളും സ്റ്റേഷന്റെ അകത്തേക്ക് കയറി.

അനീഷിന്റെ റൂമിൽ കയറിയ പ്രതാപ്, അനീഷിന്റെ കസേരയിൽ ഇരുന്ന് കൊണ്ട് സംസാരിക്കാൻ ആരംഭിച്ചു.

“എടോ, പുഴയക്കര ഗ്രാമത്തിലെ മരണങ്ങളെ സംബന്ധിച്ച് കുറച്ച് കാര്യങ്ങൾ എനിക്ക് അറിയാൻ ഉണ്ട് .”

“എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ അന്ന് തന്നെ സാറിനോട് പറഞ്ഞതല്ലേ ?”

“അതല്ലേടോ. വേറെയും ചില കാര്യങ്ങൾ അറിയാൻ ഉണ്ട് “.

“ചോദിക്കു സർ. അറിയാവുന്ന എല്ലാം ഞാൻ പറഞ്ഞു തരാം .”

“മുൻപ് മരണങ്ങൾ നടന്ന സ്ഥലങ്ങളിൽ പോലീസുകാർക്ക് അന്വേഷണത്തിനായി സംശയിക്കാൻ ഉള്ളതായി ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഉറപ്പാണോ ?”

“അതേ സർ, ആദ്യ രണ്ട് മരണങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. മൃതശരീരങ്ങളിൽ പാടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മൃതശരീരം കിടന്നതിന്റെ ചുറ്റുവട്ടങ്ങളിലും പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ റിപ്പോർട്ട് മരണങ്ങൾ ഹൃദയസ്തംഭനം മൂലം എന്നാണ്. അത് കൊണ്ടും കൂടിയാണ് എല്ലാ മരണങ്ങളും സ്വാഭാവിക മരണങ്ങൾ എന്നു റിപ്പോർട്ട് കൊടുത്തത്. എന്ത് പറ്റി സർ, മരണങ്ങളിൽ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ?”

“യെസ് അനീഷ്. അവസാനം നടന്ന മരണത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അതൊരു അസ്വാഭാവിക മരണം എന്നാണ്”

“Oh my god, എനിക്ക് അബദ്ധം പറ്റിയോ സർ”

“എന്നു വേണം കരുതാൻ. ഒന്നുകിൽ അനീഷ് ശ്രദ്ധിക്കാതെ പോയ ഏതെങ്കിലും തെളിവുകൾ ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കിൽ ഇത് ചെയ്തവർ തെളിവ് ഒന്നും അവശേഷിപ്പിക്കാതെ പോയതും ആകാം. എന്തായാലും ഇനി എല്ലാം ഒന്നിൽ നിന്നും തുടങ്ങണം”

“സർ, എന്റെ അശ്രദ്ധ അല്ല. ഞാൻ മരണം നടന്ന പരിസരങ്ങൾ വിശദമായി പരിശോധിച്ചതാണ്. അവിടെ സംശയാസ്പദമായ ഒന്നും തന്നെ കിട്ടിയിരുന്നില്ല”

“ഉറപ്പല്ലേടോ, ഒന്നും കിട്ടിയില്ല എന്നത്. ഇനി എന്റെ അന്വേഷണത്തിൽ താൻ ഫ്രോഡ് കളിച്ചു എന്ന് ഞാൻ അറിഞ്ഞാൽ അതോടെ തന്റെ പോലീസ് പണി തീരും. അത് താൻ മറക്കേണ്ട”

വെറുതെ അനീഷിന്റെ മനസ്സറിയാൻ ആയിട്ടാണ് പ്രതാപ് അങ്ങനെ പറഞ്ഞത്. അങ്ങനെ പറഞ്ഞ ശേഷം, അയാളുടെ മുഖഭാവം മാറുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് അനീഷിനെ തന്നെ നോക്കി ഇരുന്നു.

SP യുടെ അഭിപ്രായത്തെ ശരി വെക്കുന്ന രീതിയിൽ മുഖഭാവത്തിൽ യാതൊരു മാറ്റവും വരുത്താതെ, മുഖത്ത് ഒരു പുഞ്ചിരി വരുത്തി കൊണ്ട്, അനീഷ് പ്രതാപിന്റെ ചോദ്യത്തിന് മറുപടി നൽകി.

“സർ, അങ്ങ് തിരുവതാംകൂർ രാജവംശവുമായി അമ്മ വഴി തരക്കേടില്ലാത്ത ബന്ധമുള്ള, അച്ഛനും കാരണവന്മാരും കൂടി ഉണ്ടാക്കിയ സ്വത്ത് നോക്കി നടത്തിയാൽ തന്നെ അത്യാവശ്യം നന്നായി ജീവിക്കാൻ ഉള്ള കാശ് കിട്ടുമായിരുന്നിട്ടും , ഞാൻ ഈ ജോലിക്ക് വന്നത് പോലീസ് ജോലിയോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രം ആണ്. കള്ളന്റെയും കൊലപാതകിയുടെയും നക്കാപ്പിച്ച കൊണ്ട് ജീവിക്കേണ്ട ഗതികേട് ഈ അനീഷ് നമ്പ്യാർക്ക് ഇല്ല സർ. മാത്രമല്ല, അങ്ങനെയുള്ള പണം കൊണ്ട് എന്റെ മക്കളെ വളർത്തിയാൽ ,നാളെ അവർ എന്തെങ്കിലും തെറ്റ് കാണിച്ചാൽ എനിക്ക് അവരോട് ഒന്നും ചോദിക്കാൻ കഴിയില്ല. കാരണം അച്ഛൻ കൈക്കൂലി മേടിച്ച പൈസ കൊണ്ടല്ലേ ഞങ്ങളെ വളർത്തിയത് എന്നവർ തിരികെ ചോദിച്ചാൽ ,എനിക്ക് പറയാൻ മറുപടി ഉണ്ടാകില്ല സർ. ഇനിയിപ്പോൾ ആരുടെയെങ്കിലും ചെറ്റത്തരത്തിന് കുട പിടിക്കാത്തത്തിന്റെ പേരിൽ ഈ തൊപ്പി അങ്ങ് പോയാൽ പോകട്ടെ എന്നു വെക്കും. സർവീസിൽ ഉള്ള അത്രയും കാലം മോശപ്പേര് കേൾപ്പിക്കാതെ ഇരിക്കും സർ .”

“എടോ, ഞാൻ ഇങ്ങോട്ട് വരുന്നതിന് മുന്നേ തന്നെ കുറിച്ച് ഡിപ്പാർട്മെന്റിൽ അന്വേഷിച്ചിരുന്നു. എല്ലാവർക്കും തന്നെ കുറിച്ച് നല്ലതേ പറയാനുള്ളു. ദ മോസ്റ്റ് ഇന്റലിജെന്റ് ആൻഡ് എഫിഷ്യൻറ് പോലീസ് ഓഫീസർ. കീപ് ഇറ്റ് അപ്പ്. പിന്നെ ഇപ്പോൾ ഞാൻ പറഞ്ഞത്, അത് ഞാൻ തന്നെ ഒന്ന് ടെസ്റ്റ് ചെയ്തതാടോ. കേട്ടത് ശരിയാണോ എന്ന്. യൂ ആർ പാസ്ഡ്”

“താങ്ക്യൂ സർ”

“OK അനീഷ്, ഞാൻ ഇറങ്ങട്ടെ, ഒരു കാര്യം കൂടി, പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ ആരായിരുന്നു ?”

“ഡോക്ടർ അൻസിൽ. ഗവണ്മെന്റ് ഹോസ്പിറ്റലിലെ പോലീസ് സർജൻ ആണ്”

“ആളെങ്ങിനെയാണ്”

“എന്റെ അറിവിൽ നല്ല മനുഷ്യൻ ആണ്”

“എന്തായാലും ഞാൻ അയാളെ ഒന്ന് കണ്ട് സംസാരിക്കണം എന്ന് കരുതുന്നു. ഡോക്ടറിൽ നിന്ന് കുറച്ചു കാര്യങ്ങൾ കൂടി അറിയാൻ ഉണ്ട്. എങ്കിൽ ഞാൻ ഇറങ്ങട്ടെ അനീഷേ”

“സർ ചായ പറയാം. അത് കുടിച്ചിട്ട് ഇറങ്ങാം”

“വേണ്ടടോ, ഞാൻ ഇറങ്ങട്ടെ”

അനീഷിനോട് യാത്ര പറഞ്ഞ് പ്രതാപ് നേരെ Dr. അൻസിലിനെ കാണാൻ യാത്രയായി.

ജനറൽ ഹോസ്പിറ്റലിലെ ക്യാഷ്വാലിറ്റിയിൽ എത്തിയ പ്രതാപ് ഡ്യൂട്ടിയിൽ ഉള്ള ഡോക്ടർക്ക് തന്റെ ID കാർഡ് കാണിച്ചു.

ഇരുന്നിരുന്ന സീറ്റിൽ നിന്ന് എഴുന്നേറ്റ് ഷേക്ക് ഹാൻഡ് കൊടുത്ത ശേഷം മുന്നിലെ കസേര കാണിച്ച് പ്രതാപിനെ അതിലേക്ക് ഇരിക്കാൻ ക്ഷണിച്ചു.

“എന്താ സർ പ്രത്യേകിച്ച് ?”

“എന്താ ഡോക്ടറുടെ പേര് ?”

“പ്രവീണ് എന്നാണ് സർ. എന്താ സർ ?”

“ഡോക്ടർ പ്രവീണ്, എനിക്ക് ഫോറൻസിക്ക് സർജൻ ഡോക്ടർ അൻസിലിനെ ഒന്ന് കാണണം. ഇവിടെ റിസപ്ഷൻ സൗകര്യം ഇല്ലാത്തത് കൊണ്ടാണ് ഞാൻ കാഷ്വാലിറ്റിയിലേക്ക് നേരിട്ട് വന്നത്. ക്ഷമിക്കണം .”

“ഇറ്റ്‌സ് OK സർ. ഡോക്ടർ എവിടെയാണ് ഉള്ളതെന്ന് ഞാൻ നോക്കിയിട്ട് ഇപ്പോൾ പറയാം സർ .”

അതും പറഞ്ഞ് പ്രവീണ് ഇന്റർകോമിലൂടെ ആരെയോ വിളിച്ചു. ബെല്ലടിച്ചിട്ടും ആരും ഫോൺ എടുക്കാത്തത് കൊണ്ട് ഫോൺ കട്ടാക്കിയ ശേഷം പ്രതാപിനോടായി പറഞ്ഞു.

“ഡോക്ടർ റൂമിലില്ല സർ .”

വാച്ചിൽ സമയം നോക്കിയ ഡോക്ടർ പ്രതാപിനെ നോക്കി “സമയം 1.30 കഴിഞ്ഞത് കൊണ്ട് ഡോക്ടർ മിക്കവാറും വിശ്രമത്തിനായി വീട്ടിൽ പോയിട്ടുണ്ടാകും”.

“എനിക്ക് ഡോക്ടറുടെ നമ്പർ ഒന്ന് തരാമോ ?”

“1 മിനിറ്റ് സർ”

ഒരു പേപ്പറിൽ ഡോക്ടറുടെ നമ്പർ എഴുതിയത് വാങ്ങിച്ച് പ്രവീണിന് ഒരു താങ്ക്സും പറഞ്ഞ് പ്രതാപ് അവിടെ നിന്ന് ഇറങ്ങി. ബൈക്ക് വെച്ചിരിക്കുന്നതിന്റെ അടുത്ത് വന്ന്, പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് പ്രവീണ് നൽകിയ നമ്പറിലേക്ക് വിളിച്ചു. അപ്പുറത്ത് ഫോൺ എടുത്തപ്പോൾ പ്രതാപ് സംസാരിക്കാൻ തുടങ്ങി.

“ഡോക്ടർ അൻസിൽ”

“അതേ, ആരാണ് ?”

“ഞാൻ ഇൻസ്‌പെക്ടർ പ്രതാപ്. പുഴയക്കര ഗ്രാമത്തിലെ മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്നത് ഞാനാണ്. ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ ഡോക്ടർ പോയി എന്നറിഞ്ഞു. അവിടെ നിന്നും നമ്പർ വാങ്ങിയാണ് ഞാൻ വിളിക്കുന്നത് “.

“ഞാൻ പത്രത്തിൽ വായിച്ചിരുന്നു. അവിടുത്തെ മരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ പുതിയ ഇൻസ്‌പെക്ടർ ചാര്ജെടുത്ത വിവരം. എന്താ സർ പ്രത്യേകിച്ച് ?”

“എനിക്ക് ഡോക്ടറെ ഒന്ന് കാണണം. അവിടെ നടന്ന മരണങ്ങൾ ആദ്യം പോസ്റ്റുമോർട്ടം ചെയ്തത് ഡോക്ടർ ആയിരുന്നില്ലേ. എനിക്ക് അതിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ ഡോക്ടറിൽ നിന്ന് അറിയാൻ ഉണ്ട്. എപ്പോഴാ ഡോക്ടറെ ഒന്ന് കാണാൻ കഴിയുക …”

“ഇപ്പോൾ ഞാൻ പുറത്താണ്. മൂന്ന് മണി കഴിയുമ്പോൾ ഞാൻ വീട്ടിൽ എത്തും.അല്ലെങ്കിൽ വൈകീട്ട് 4 മണിക്ക് ശേഷം ഞാൻ ഹോസ്പിറ്റലിൽ ഉണ്ടാകും. താങ്കളുടെ സൗകര്യം പോലെ എങ്ങോട്ട് വന്നാലും നമുക്ക് സംസാരിക്കാം .”

“ഞാൻ വീട്ടിലേക്ക് വരാം ഡോക്ടർ. എവിടെയാണ് ഡോക്ടറുടെ വീട് ?”

“ഹോസ്പിറ്റലിന്റെ അടുത്ത് നിന്ന് ബൈപാസിലേക്ക് വരുന്ന റോഡിൽ ഒരു ബ്ലോക്ക് ഓഫീസ് ഉണ്ട്. കണ്ടിട്ടുണ്ടോ ?”

“യെസ് ഡോക്ടർ”

“ആ ഓഫീസ് എത്തുന്നതിന് മുൻപ് ഇടത്തോട്ട് ഒരു റോഡ് ഉണ്ട്. ആ റോഡിൽ വരുമ്പോൾ ഇടത് വശത്ത് ഒരു പള്ളിയുണ്ട്. ആ പള്ളിയുടെ തൊട്ട് മുൻപ് ഉള്ള വീടാണ് .”

“ശരി ഡോക്ടർ. ഒരു മണിക്കൂർ കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വരാം.”

“OK ഇൻസ്‌പെക്ടർ”

“താങ്ക്യൂ ഡോക്ടർ”

ഡോക്ടറുമായുള്ള സംഭാഷണം അവസാനിപ്പിച്ച് ഫോൺ പോക്കറ്റിൽ ഇട്ട ശേഷം വാച്ചിൽ നോക്കിയ പ്രതാപ് ആലോചിച്ചു. സമയം 1.45. ഇനി ഒന്നേകാൽ മണിക്കൂർ സമയം ഉണ്ട്. എന്താ ചെയ്യുക.

വീട്ടിൽ പോയാൽ സിസിലിയയുടെ കൈകൊണ്ട് ഉണ്ടാക്കിയ നല്ല കുത്തരിച്ചോറും മീൻകറിയും കഴിക്കാം. എന്തായാലും ഒരു മണിക്കൂറിന് മുകളിൽ സമയം ഉണ്ട്. വീട്ടിൽ പോയി ഭക്ഷണം കഴിക്കാം എന്ന ചിന്തയിൽ പ്രതാപ് വണ്ടി നേരെ വീട്ടിലേക്ക് വിട്ടു.

വീട്ടിൽ എത്തിയ പ്രതാപ് ബൈക്ക് പോർച്ചിൽ വെച്ച് അകത്തേക്ക് കയറി. അപ്പോഴേക്കും പതിവില്ലാതെ അച്ചായന്റെ ബൈക്കിന്റെ ശബ്ദം കേട്ട് സിസിലി വീടിന് പുറത്തേക്ക് വന്നു.

“എന്ത് പറ്റി ഇച്ചായ പതിവില്ലാതെ ഈ സമയത്ത് ?”

“ഒന്നുമില്ലെടി, ഒരാളെ കാണാൻ പോയതാണ്. അയാൾ 3 മണി കഴിഞ്ഞേ ഉണ്ടാകു. അപ്പോൾ പിന്നെ ഊണ് നിന്റെ കൈകൊണ്ട് ആകട്ടെ എന്നു കരുതി.”

“എന്ത് പണിയാണ് ഇച്ചായ കാണിച്ചത് ?. ഒന്ന് വിളിച്ചു പറഞ്ഞിട്ട് വരാമായിരുന്നില്ലേ ?”

“എന്തെടി, നിന്റെ കാമുകന്മാർ ആരെങ്കിലും അകത്തുണ്ടോടി ?”

മുഖത്ത് കൃത്രിമ ഗൗരവം വരുത്തി കൊണ്ട് പ്രതാപ് ചോദിച്ചു.

“ദേ ഇച്ചായ, തരവഴി പറയരുത്. ഉള്ള ഒന്നിനെ തന്നെ സഹിക്കാൻ പറ്റുന്നില്ല. എന്നിട്ടാണ് ഇനി ഒരെണ്ണം കൂടി”

“പിന്നെന്തിനാടി ഞാൻ എന്റെ വീട്ടിലേക്ക് വരുന്നതിന് മുന്നേ വിളിച്ചു പറയുന്നത് ?”

“എടോ മനുഷ്യ, സാധാരണ നിങ്ങൾ ഉച്ചക്ക് കഴിക്കാൻ ഉണ്ടാകാറില്ലലോ. ഞാനും ആ നാണിയമ്മയും മാത്രമല്ലേ ഉണ്ടാകാറുള്ളത്. ഇന്ന് നാണിയമ്മയുടെ ആരോ മരിച്ചത് കൊണ്ട് അവർ നേരത്തെ പോയി. ഞാൻ മാത്രം ഉള്ളത് കൊണ്ട് കറി ഒന്നും ഉണ്ടാക്കിയില്ല. ഇന്നലെ രാത്രി ഉണ്ടാക്കിയ കറിയുടെ ബാക്കി ഉള്ളു. പിന്നെ മീൻ വറുക്കാൻ മസാല തേച്ചത് ഫ്രിഡ്ജിൽ ഉണ്ട്. ഇരുന്നാൽ അത് പൊരിച്ചു തരാം. വിളിച്ചു പറഞ്ഞാൽ ഞാൻ അത് പൊരിച്ചു വെച്ചേനെ എന്നോർത്ത് പറഞ്ഞതാണ്. അല്ലാതെ നിങ്ങൾ വരുന്നത് കൊണ്ട് എന്റെ കാമുകന്മാരെ പറഞ്ഞയക്കാൻ അല്ല .”

സിസിലിയുടെ കണ്ണുകൾ നിറച്ച് കൊണ്ട് പറഞ്ഞു.

“അയ്യോട, അപ്പോഴേക്കും ഇച്ചായന്റെ പെണ്ണ് കരഞ്ഞോ. ഞാൻ വെറുതെ പറഞ്ഞതല്ലേ. ഇന്നലത്തെ മീൻകറി ഉണ്ടെങ്കിൽ പിന്നെന്തിനാടി വേറെ കറി. നീ മീനൊന്നും വറുക്കണ്ട. ചോറും ആ മീൻകറിയും കുറച്ച് അച്ചാറും എടുത്ത് വെക്ക്. പിന്നെ ഞാൻ ഈ വേഷം മാറി വരുമ്പോഴേക്കും നീ രണ്ട് പപ്പടോം വറുത്തോ. പിന്നെ അധികം സമയം ഒന്നും ഇല്ല. ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് വേണം ബെഡ്റൂമിൽ നമുക്ക് ഒന്ന് സ്നേഹിക്കാൻ. അത് കൊണ്ട് ഇച്ചായന്റെ പെണ്ണ് വേഗം ചെന്ന് ഭക്ഷണം എടുത്ത് വെക്ക് .”

“ഭക്ഷണം ഞാൻ എടുത്ത് വെക്കാം. സ്നേഹിക്കൽ രാത്രി മതി. ഞാൻ കുളിച്ചിട്ടില്ല .”

“അത് മതി. അതാണ് നല്ലത്. ഇനിയും സംസാരിച്ചു നിന്നാൽ നേരം വൈകും. നീ ചെല്ല് .”

സിസിലി ഭക്ഷണം എടുത്ത് വെക്കാൻ അടുക്കളയിലേക്കും, പ്രതാപ് വസ്ത്രം മാറാൻ റൂമിലേക്കും പോയി.

ഭക്ഷണവും അല്പനേരത്തെ വിശ്രമവും കഴിഞ്ഞ് പ്രതാപ് ഡോക്ടർ പറഞ്ഞു തന്ന അഡ്രസ്സിലേക്ക് ഡോക്ടറെ കാണാൻ പുറപ്പെട്ടു. അദ്ദേഹത്തോട് ചോദിക്കേണ്ട ചോദ്യങ്ങൾക്ക് മനസ്സിൽ ഒരു രൂപം കൊടുത്താണ് പ്രതാപ് യാത്ര തുടങ്ങിയത്.

ഈ കൊലപാതക പരമ്പരയിൽ ഡോക്ടർ അൻസിലിന് പങ്ക് ഉണ്ടോ എന്നറിയാൻ പ്രിയ വായനക്കാർ കാത്തിരിക്കുമെന്ന വിശ്വാസത്തോടെ….

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply