മരണങ്ങളുടെ തുരുത്ത് Part 14

  • by

5678 Views

മരണങ്ങളുടെ തുരുത്ത് Malayalam Novel

പ്രതാപ് വാച്ചിൽ സമയം നോക്കി. പത്തേകാൽ. ഇനിയും പതിനഞ്ച് മിനിറ്റ് കൂടി ബാക്കിയുണ്ട് അവർ എത്താൻ. പ്രതാപ് ഫോൺ എടുത്ത് അനസിനെ വിളിച്ചു.

“അനസേ, യാതൊരു കാരണവശാലും അവർ അനസിന്റെ കണ്ണിൽ നിന്നും മിസ്സാകരുത്. അവർ ആരെയൊക്കെ കാണുന്നു, എവിടെയൊക്കെ പോകുന്നു എന്നത് കൃത്യമായി എന്നെ അറിയിക്കണം”

“ഓക്കെ സർ. സർ ബോട്ട് വരുന്നുണ്ട്. വിവരങ്ങൾ ഞാൻ സാറിന് മെസേജിലൂടെ അറിയിക്കാം. ഞാൻ ഫോൺ വെക്കുകയാണ്”

“അനീഷേ, അവർ ടൗണിൽ എത്തിയിട്ടുണ്ട്. അനസ് അവരെ പിന്തുടരുന്നുണ്ട്. ഇതിന്റെ പിന്നിൽ ആരൊക്കെയാണ് ഉള്ളതെന്ന് ഇന്ന് രാത്രിയോടെ നമുക്ക് അറിയാൻ കഴിയും”

സമയം കടന്നു പോയി കൊണ്ടിരുന്നു. ഐഷയുടെയും ഫെമിനയുടെയും ഓരോ നീക്കങ്ങളും അനസ് അതാത് സമയങ്ങളിൽ പ്രതാപിനെ അറിയിച്ചു കൊണ്ടിരുന്നു. അതിനിടയിൽ വന്ന ഒരു മെസേജിൽ ഒരു വണ്ടിയുടെ നമ്പർ ഉണ്ടായിരുന്നു. KL. 47 F. 3448. ബ്ലാക്ക് ഇന്നോവ ഈ വണ്ടി ആരുടെ പേരിലാണ് എന്നറിയണം എന്ന് കൂടി മെസേജിൽ ഉണ്ടായിരുന്നു.

പ്രതാപ് ഉടനെ അനീഷിനോട് പറഞ്ഞ് ആ വണ്ടിയുടെ നമ്പർ എടുപ്പിച്ചു. വണ്ടിയുടെ ഓണറുടെ അഡ്രസ്സ് കണ്ട പ്രതാപും അനീഷും ആകെ ഞെട്ടി ഇരുന്നു. “ഇയാളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ. വിശ്വസിക്കാൻ കഴിയുന്നില്ല. എന്തായാലും അനസ് വരട്ടെ. എന്നിട്ട് ബാക്കി അറിയാം”

വൈകുന്നേരം 4 മണി കഴിഞ്ഞപ്പോൾ അനസ് പ്രതാപിന്റെ വീട്ടിൽ എത്തി. അനസിനെ കാത്തിരിക്കുകയായിരുന്ന പ്രതാപിനെയും അനീഷിനെയും സല്യൂട്ട് ചെയ്ത ശേഷം അവരുടെ മുന്നിലുള്ള ചെയറിൽ അനസ് ഇരുന്നു.

“അനസ്, എന്തായി പോയ കാര്യങ്ങൾ ?”

“സർ, അവർ പത്തര മണിയുടെ ബോട്ടിൽ ആണ് ജെട്ടിയിൽ വന്നിറങ്ങിയത്. ആ ബോട്ടിൽ തന്നെ മെമ്പർ സജീവും ഉണ്ടായിരുന്നു. സജീവ് അവരെ എനിക്ക് കാണിച്ചു തന്നതിന് ശേഷം തിരിച്ചുള്ള ബോട്ടിൽ തുരുത്തിലേക്ക് തന്നെ തിരികെ പോയി. അവിടുന്ന് ഞാൻ അവരെ പിന്തുടർന്നു. അവർ ജെട്ടിയിൽ നിന്നും അവരെ കാത്ത് ജെട്ടിയിൽ കിടന്നിരുന്ന ഒരു ടാക്സി കാറിലാണ് യാത്ര തുടങ്ങിയത്. ഞാൻ എന്റെ ബൈക്കിൽ അവരെ പിന്തുടർന്നു. അവർ നേരെ പോയത് ടൗണിലെ മജ്ലിസ് റെസ്റ്റോറന്റിലേക്ക് ആണ്. അവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം നേരെ കുട്ടായിയുടെ വീട്ടിലേക്ക് പോയി. അവിടെ നിന്ന് അവർ പുറത്തേക്ക് ഇറങ്ങിയത് 2 മണി കഴിഞ്ഞ ശേഷം ആണ്. അവർ അവിടെ എത്തി 10 മിനിറ്റ് കഴിഞ്ഞ് അവിടേക്ക് വന്ന കാറിന്റെ നമ്പർ ആണ് ഞാൻ സാറിന് അയച്ചിരുന്നത്. ആ കാറിൽ അവിടെ വന്നയാൾ അവിടെ നിന്ന് ഇറങ്ങിയതിന് അഞ്ച് മിനിറ്റിന് ശേഷം ആണ് ഇവർ രണ്ടാളും ഇറങ്ങിയത്. ഇവർ തിരികെ വരുന്നത് വരെ അവർ പോയ കാർ അവരെയും കാത്ത് അവിടെ തന്നെ കിടന്നിരുന്നു. ആ കാറിൽ വന്നവരും ,ഇവർ രണ്ട് പേരും, പിന്നെ കുട്ടായിയുടെ വീട്ടിൽ ഉണ്ടായിരുന്നവരും, അവർ തമ്മിൽ എന്തൊക്കെയോ ചർച്ചകൾ നടന്നിട്ടുണ്ട്. അവരാണ് ഈ കൊലപാതകങ്ങളുടെ പിന്നിലെന്നാണ് എന്റെ ഒരു നിഗമനം”

“അനസ് രണ്ടാമത്തെ കാറിൽ വന്നയാളെ കണ്ടിരുന്നോ ?”

“ആളുടെ മുഖം കാണാൻ കഴിഞ്ഞില്ല സർ. പക്ഷെ ആ ശരീരം ഞാൻ എവിടെയോ കണ്ടത് പോലെ നല്ല പരിചയം ഉണ്ട്”

“അനസിന് വളരെ നന്നായി അറിയുന്ന ഒരാൾ ആണ് ഇതിന്റെ പിറകിൽ ഉള്ളത്” അതും പറഞ്ഞ് അനസ് അയച്ചു കൊടുത്ത വണ്ടിയുടെ അഡ്രസ്സ് പ്രതാപ് അനസിനെ കാണിച്ചു കൊടുത്തു.

“അതേ സർ. ഇവൻ തന്നെയാണ്. ഞാൻ ഒരുപാട് തവണ ഇവനെ കണ്ടിട്ടുണ്ട്. അതാണ് എനിക്ക് ആ ശരീരം കണ്ടപ്പോൾ നല്ല പരിചയം തോന്നിയത്. പക്ഷെ ഇവനാണ് ഇതിന് പിന്നിലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല”

“ചിലപ്പോഴൊക്കെ അമിതമായ ആത്മവിശ്വാസവും മനുഷ്യരെ ചതിക്കുഴിയിൽ വീഴ്ത്തും. അതാണ് ഇവിടെ സംഭവിച്ചത്. പിടിക്കപ്പെടില്ല എന്ന വിശ്വാസത്തിലാണ് അയാൾ ഇതിന് വേണ്ടി ഇറങ്ങി പുറപ്പെട്ടത്. പക്ഷെ അയാളുടെ അമിതമായ ആത്മവിശ്വാസം തന്നെ അയാളെ കുഴിയിൽ ചാടിച്ചു എന്നതാണ് സത്യം”.

“അതേ സർ”

“താൻ ബാക്കി പറയ്”

“അവിടെ നിന്ന് ഇറങ്ങിയ അവർ നേരെ ടൗണിലെ തുണിക്കടയിൽ കയറി കുറെ വസ്ത്രങ്ങൾ വാങ്ങിയ ശേഷം മൂന്നരയുടെ ബോട്ടിൽ തിരികെ തുരുത്തിലേക്ക് പോയി. അവർ കയറിയ ബോട്ട് ,ജെട്ടിയിൽ നിന്ന് പുറപ്പെട്ട ശേഷം ആണ് ഞാൻ അവിടെ നിന്ന് തിരിച്ചത്”

“വെരി ഗുഡ് അനസ്. ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം ഷൂട്ട് ചെയ്തിട്ടില്ലേ”

“ഉവ്വ് സർ. എല്ലാം എന്റെ ക്യാമറയിൽ ഷൂട്ട് ചെയ്തിട്ടുണ്ട്”

“അവർ ഇപ്പോൾ അവിടെ എത്തിയിട്ടുണ്ടാകുമോ ?”

“അര മണിക്കൂർ ആയില്ലേ സർ അവർ പോയിട്ട്. ഇപ്പോൾ അവർ അവിടെ എത്തിയിട്ടുണ്ടാകും”

“ഞാൻ സജീവിനെ വിളിച്ച് അവരെ നിരീക്ഷിക്കാൻ ഏൽപ്പിക്കട്ടെ. അവർ അവിടെ നിന്ന് ഇറങ്ങിയാൽ അപ്പോൾ തന്നെ എന്നെ വിളിക്കാൻ ഏർപ്പാട് ചെയ്യണം”

പ്രതാപ് ഫോണിൽ സജീവിനോട് അവരെ നിരീക്ഷിക്കാനും ആ വീട്ടിലേക്ക് ആരെങ്കിലും വരികയോ പോവുകയോ ചെയ്താൽ ഉടനെ അറിയിക്കാനും ഏൽപ്പിച്ചു. സജീവുമായുള്ള സംഭാഷണം അവസാനിപ്പിച്ച ശേഷം പ്രതാപ് അനീഷിനോടും അനസിനോടുമായി പറഞ്ഞു,

“ഇപ്പോൾ നമ്മൾ പിരിയുന്നു. രാത്രി എട്ട് മണിക്ക് നമ്മൾ സ്റ്റേഷനിൽ വെച്ച് വീണ്ടും കാണുന്നു. എന്റെ നിർദ്ദേശപ്രകാരം ആണ് ഇന്നത്തെ ഓപ്പറേഷൻ എന്നത് അവിടെ വരുന്നവരിൽ ആരും അറിയരുത്. അവരിൽ കൊലയാളികളുടെ ചാരന്മാർ ഉണ്ടെങ്കിൽ അവർ രക്ഷപെടാനുള്ള സാധ്യത കൂടുതൽ ആണ്. പിന്നെ ഇപ്പോൾ മുതൽ നമ്മൾ വീണ്ടും കാണുന്നത് വരെ നമ്മൾ മൂന്ന് പേരും എപ്പോഴും ഫോണിൽ ഉണ്ടായിരിക്കണം. ടൗണിൽ നിന്ന് പുറത്തേക്ക് പോകരുത്. വിളിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ നമുക്ക് മീറ്റ് ചെയ്യാൻ കഴിയുന്ന ദൂരത്ത് നമ്മൾ ഉണ്ടാവുകയും വേണം. ഓക്കെ അല്ലെ”

“തീർച്ചയായും സർ” രണ്ട് പേരും ഒരേ സ്വരത്തിൽ പറഞ്ഞു.

“അപ്പോൾ ഇന്ന് രാത്രിയോടെ നമ്മൾ പുഴയക്കര ഗ്രാമത്തിലെ കൊലയാളികളെ നമ്മൾ പിടികൂടി നിയമത്തിന് മുന്നിൽ എത്തിക്കുന്നു. എങ്കിൽ നിങ്ങൾ പൊക്കോളൂ”

ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ അനീഷും അനസും പ്രതാപിനെ സല്യൂട്ട് ചെയ്‌ത ശേഷം പുറത്തേക്ക് നടന്നു.

പ്രതാപ് ഉടനെ എസ്പിയെ ഫോൺ വിളിച്ച് ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം ധരിപ്പിച്ചു. കുട്ടായി സുനിലിന്റെ വീട്ടിൽ വന്ന വണ്ടിയെ കുറിച്ചും അതിൽ അവിടെ വന്ന ആളെ കുറിച്ചും എല്ലാം വിശദമായി സംസാരിച്ചു. ആ ആളെ ഈ കൊലപാതകങ്ങളുമായി ബന്ധപ്പെടുത്താനുള്ള തെളിവുകൾ ലഭിച്ചാൽ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള അനുവാദത്തിനായി ഡി ജി പി യോട് സംസാരിക്കാനും, ഡി ജി പി മുഖേന മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും പെർമിഷൻ വാങ്ങിക്കാനും അദ്ദേഹം എസ്പിയോട് അഭ്യർഥിച്ചു.

പ്രതാപ് പറഞ്ഞ കാര്യങ്ങളെ കൂട്ടിയിണക്കി കൊണ്ട് ഡി ജി പി യുമായി സംസാരിക്കാമെന്നത് എസ്പി സമ്മതിച്ചു. ഇന്ന് രാത്രിയിലെ ഓപ്പറേഷനുള്ള എല്ലാ ഒരുക്കങ്ങളെ കുറിച്ചും ഒരിക്കൽ കൂടെ അവർ തമ്മിൽ സംസാരിച്ച് ഉറപ്പാക്കിയ ശേഷം ആ ഫോൺ വിളി അവസാനിപ്പിച്ചു.

അതിന് ശേഷം പ്രതാപ് സജീവിനെ വിളിച്ചും

“സജീവ്, താൻ എനിക്ക് ഒരുപകാരം കൂടി ചെയ്യണം. രാത്രി ഞാൻ നമ്മൾ നേരത്തെ സംസാരിച്ച വീടിന്റെ കടവിൽ നീല കൊടി വെച്ച ഒരു വെളുത്ത ബോട്ട് എത്തിയാൽ എന്നെ അറിയിക്കാൻ ഏർപ്പാട് ചെയ്യണം. എന്താ അതിന് ചെയ്യാൻ കഴിയുക ?”

“അത് സാറേ, നമ്മുടെ പിള്ളേർ രാത്രി പുഴയിൽ കക്ക വാരാൻ വേണ്ടി പോകുന്നവരുടെ കൂട്ടത്തിൽ ഉണ്ട്. അവരോട് ഇന്ന് ആ ഭാഗത്ത് കക്ക വാരാൻ പറയാം. അപ്പോൾ ബോട്ട് വന്നാൽ അറിയാൻ കഴിയും. അവരോട് എന്നെ വിളിച്ച് പറയാൻ പറയാം. അവർ എന്നെ വിളിച്ചാൽ ഞാൻ സാറിനെ വിളിക്കാം”

“അത് ഓക്കെ, അങ്ങിനെ മതി. പിന്നെ എട്ടരയുടെ ബോട്ടിൽ താൻ ടൗണിലേക്ക് വരണം. തന്നെ കൊണ്ട് ഒരു ആവശ്യം ഉണ്ട് എനിക്ക്”

“ശരി സർ, സർ ആദ്യം പറഞ്ഞ കാര്യം സെറ്റാക്കിയ ശേഷം എട്ടരയുടെ ബോട്ടിന് ഞാൻ ടൗണിലേക്ക് വരാം”

സജീവുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ച പ്രതാപ് അകത്തെ റൂമിൽ കയറി തന്റെ സർവീസ് റിവോൾവർ എടുത്ത് ഫുൾ ലോഡാക്കി വെച്ചു…

കുളിച്ച് ഫ്രഷായ പ്രതാപ് ജീൻസും ടീഷർട്ടും എടുത്തണിഞ്ഞ ശേഷം ലോഡ് ചെയ്ത റിവോൾവർ പിറകിൽ ജീൻസിന്റെ ഉള്ളിലേക്ക് കയറ്റി വെച്ചു. പുറത്തിറങ്ങി സിസിലിയെ വിളിച്ച് വരാൻ വൈകുമെന്നും കാത്തിരിക്കാതെ ഭക്ഷണം കഴിച്ച് കിടക്കാനും ഏൽപ്പിച്ചു കൊണ്ട് വീട്ടിൽ നിന്നും പുറത്തിറങ്ങി. കൃത്യം 8 മണിക്ക് പ്രതാപ് സ്റ്റേഷനിൽ എത്തിയപ്പോൾ അനീഷും അനസും അവിടെ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.

“എന്താടോ അനീഷേ, രണ്ട് സ്ത്രീകൾ തന്റെ മുറിയിൽ ?”

“അത് സാറേ മാല മോഷണം ആണ്. വൈകീട്ട് ടൗണിൽ നിന്ന് പിടിച്ചതാണ്. ഷൊര്ണൂര്ക്കാരി ഒരു ജൈനിയും, നിലമ്പൂർകാരി ലച്ചുവും”

“പേരൊക്കെ സൂപ്പർ പേരുകൾ ആണല്ലോ ?”

“പേരൊക്കെ സൂപ്പർ ആണ്. പക്ഷെ കയ്യിലിരിപ്പ് ആണ് മോശം”

“എന്നിട്ട് ചോദ്യം ചെയ്ത് കഴിഞ്ഞോ ? തൊണ്ടി കിട്ടിയോ ?”

“സ്റ്റേഷനിലെ മരിയ എന്ന പൊലീസുകാരി ചോദ്യം ചെയ്യുന്നുണ്ട്. തൊണ്ടി കിട്ടിയില്ല. വിഴുങ്ങിയെന്നാണ് തോന്നുന്നത്. ചോദ്യം ചെയ്തു കഴിഞ്ഞാൽ എക്സറേ എടുത്ത് നോക്കണം. ഓരോ പണികൾ വരുന്ന വഴികൾ”

“മരിയ എങ്ങിനെയാ ചോദ്യം ചെയ്യാനൊക്കെ അറിയോ ?”

“പുള്ളി പുലിയാണ് സാറേ. പുറത്തേക്ക് അടയാളം ഇല്ലാതെ ഇടിച്ച് കാര്യം നടത്താൻ മിടുക്കിയാണ് .”

“താൻ ഫ്രീ ആണോ, രാത്രിയിലെ കാര്യങ്ങൾ നമുക്ക് ഒന്ന് ഡിസ്കസ് ചെയ്യാൻ ഉണ്ടായിരുന്നു.”

“ഒറ്റ മിനിറ്റ് സാറേ”

“മരിയ നീ നോക്കിക്കോളുല്ലേ ? എനിക്ക് സി ഐ സാറുമായി കുറച്ച് കാര്യങ്ങൾ ഉണ്ട് “.

“സർ ധൈര്യമായി പോയിട്ട് വാ. സർ വരുമ്പോഴേക്കും ഇവളുമാരെ കൊണ്ട് ഞാൻ എല്ലാം പറയിച്ചോളാം”..

“സാറേ, പുള്ളി നോക്കിക്കോളും. നമുക്ക് പോയി സംസാരിക്കാം”

“എങ്കിൽ നിങ്ങൾ രണ്ടാളും വാടോ, നമുക്ക് മുകളിലെ റൂമിൽ ഇരുന്ന് സംസാരിക്കാം”

മുകളിലെ റൂമിൽ കയറിയ മൂന്ന് പേരും ഇന്നത്തെ ബാക്കി പ്ലാനുകളെ കുറിച്ച് ചർച്ച ആരംഭിച്ചു.

“നമുക്ക് രണ്ട് ഗ്യാങ് ആയി തിരിഞ്ഞ ശേഷം ഇന്നത്തെ ഓപ്പറേഷൻ പ്ലാൻ ചെയ്യാം. ഒന്നിന്റെ ലീഡർ അനീഷും മറ്റേ ഗ്യാങ് ഞാനും ലീഡ് ചെയ്യാം. അനീഷും 5 പോലീസുകാരും സജീവ് വന്ന ശേഷം സജീവിന്റെ കൂടെ ആ വീടിന്റെ മറു വശത്ത് കൂടി ആ പറമ്പിൽ കയറി വീടിന് ചുറ്റുപാടുമായി നിൽക്കണം. ഞാനും അനസും ബാക്കി പോലീസുകാരും കടവിൽ ഇറങ്ങി ഇപ്പുറം വഴി വീടിന്റെ അടുത്തേക്ക് എത്താം. എന്റെ സിഗ്നൽ കിട്ടിയാൽ ഒരേ സമയം ആ വീട് എല്ലാവരും കൂടി വളയണം. പരമാവധി ബഹളങ്ങൾ ഒന്നും ഇല്ലാതെ തന്നെ അവരെ നമുക്ക് അറസ്റ്റ് ചെയ്യാൻ കഴിയണം. അറസ്റ്റ് ചെയ്യുമ്പോൾ അവരുടെ കയ്യിലുള്ള കെമിക്കൽ കൂടി എടുക്കാൻ മറക്കരുത്. അതാണ് നമുക്കുള്ള ഏറ്റവും വലിയ തെളിവ്. പിന്നൊരു കാര്യം, അവരുടെ കയ്യിലുള്ള കെമിക്കൽ യാതൊരു കാരണവശാലും നമ്മുടെ ആരുടെയും ശരീരത്തിൽ കടക്കാതെ എല്ലാവരും ശ്രദ്ധിക്കാൻ പറയണം. എല്ലാവരോടും അവരുടെ സർവീസ് റിവോൾവർ കയ്യിൽ കരുതാൻ പറയുക. അത്രക്ക് അത്യാവശ്യം വന്നാൽ മാത്രം റിവോൾവർ ഉപയോഗിക്കാൻ പാടുള്ളൂ. അതും കാൽമുട്ടിന് താഴെ മാത്രം വെടി വെക്കുക. യാതൊരു പ്രകോപനങ്ങളും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല. പിന്നെ മറ്റൊരു കാര്യം. അനീഷിന്റെ ഫോൺ കയ്യിൽ എടുക്കണം. എന്റെ നിർദ്ദേശങ്ങൾ മെസേജ് ആയിട്ടായിരിക്കും നിങ്ങൾക്ക് വരിക. ഫോൺ റിങ്ങ് സൈലന്റ് ആക്കിയ ശേഷം വൈബ്രേഷൻ മോഡ് ഓണാക്കി ഇടുക. അപ്പോൾ മെസേജ് വന്നാൽ നിങ്ങൾക്ക് അറിയാൻ കഴിയും. എല്ലാം ഓക്കെ അല്ലെ”

“ഷുവർ സർ”

“എസ്ക്യൂസമീ സർ”

വാതിലിന്റെ അടുത്ത് നിന്ന് ശബ്ദം കേട്ട് അവർ തിരിഞ്ഞ് നോക്കി.

അകത്തേക്ക് കയറി വന്ന മരിയ അനീഷിനെ സല്യൂട്ട് ചെയ്തു.

“എന്തേ മരിയ. അവളുമാർ കുറ്റം സമ്മതിച്ചോ ?”

“ഉവ്വ് സർ. മാല ലച്ചു എന്നവൾ വിഴുങ്ങിയിരിക്കുകയാണ്. അതവർ സമ്മതിച്ചു”

“ഇനിയിപ്പോൾ എക്‌സ്‌റേ എടുക്കാൻ പോകണമല്ലേ. ഒരു കാര്യം ചെയ്യ്. ആ എ എസ് ഐ ഇല്ലേ അവിടെ. അയാളുടെ കൂടെ പോയി താലൂക്ക് ആശുപത്രിയിൽ നിന്ന് എക്സ്റേ എടുക്ക്. അവളെ മാത്രം കൊണ്ട് പോയാൽ മതി. വിലങ്ങ് ഇട്ട് സൂക്ഷിച്ചു കൊണ്ടു പോകണം. വേറെ ഒരു കൊണ്സ്റ്റബിളിനെ കൂടി വിളിച്ചോ. ബാക്കി നമുക്ക് എക്സ്റേ കിട്ടി കഴിഞ്ഞിട്ട് തീരുമാനിക്കാം”

“ശരി സർ” സല്യൂട്ട് അടിച്ച ശേഷം മരിയ പുറത്തേക്ക് പോയി. അതിന് ശേഷം അവർ വീണ്ടും ചർച്ച ആരംഭിച്ചു.

“പിന്നെ ഇവിടെ നിന്ന് ഇറങ്ങി ജെട്ടിയിലേക്ക് പോകാൻ നമുക്ക് രണ്ട് സിവിൽ വാഹനങ്ങൾ വേണം, ഡ്രൈവർ ഇല്ലാതെ. അനസ് അതൊന്ന് റെഡി ആക്കണം, അനീഷ് അതേ പോലെ പൊലീസുകാരോട് യൂണിഫോം ഒഴിവാക്കാനും പറയണം. ഒരു ഓപ്പറേഷൻ നടക്കുന്ന വിവരം പുറത്തുള്ളവർ അറിയേണ്ട. അതേ പോലെ സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉള്ളവരും നമ്മുടെ നീക്കങ്ങളെ കുറിച്ച് അറിയരുത്”

“ഓക്കെ സർ.പിന്നെ നമ്മൾ എപ്പോഴാണ് പുറപ്പെടുന്നത് ?”

“അനൂപും കൂട്ടരും അവിടെ എത്തി കഴിഞ്ഞാൽ വിവരം എന്നെ അറിയിക്കാൻ സജീവിനെ ഏല്പിച്ചിട്ടുണ്ട്. അത് അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് ഇവിടെ നിന്നും ഇറങ്ങാം. എട്ടര മണിയുടെ ബോട്ടിൽ സജീവ് ഇവിടെ എത്തും. അത് കഴിഞ്ഞാൽ സജീവിനെ നമ്മുക്ക് കൂടെ കൂട്ടാം. പൊലീസുകാരോട് ഇപ്പോൾ നമുക്ക് താഴേക്ക് പോകാം. പൊലീസുകാർ താഴെ എത്തിയിട്ടുണ്ടാകും ചിലപ്പോൾ”

ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവർ താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി. പെട്ടെന്ന് എന്തോ ഓർത്തത് പോലെ തിരിഞ്ഞ് നിന്ന് അവരോട് പറഞ്ഞു

“ഒരു കാര്യം കൂടി, വരുന്ന പൊലീസുകാരെ നിങ്ങൾ അനീഷിന്റെ മുറിയിൽ കയറ്റി അവരുടെ വീട്ടുകാരെ വിളിച്ച് പറഞ്ഞ ശേഷം അവരുടെ മൊബൈൽ ഫോണുകൾ വാങ്ങി വെക്കണം. നമ്മുടെ ലക്ഷ്യം ഒരു കാരണവശാലും ലീക്ക് ആകാൻ ഉള്ള ചാൻസ് കൊടുക്കരുത്. ബീ കെയർ ഫുൾ”

“ഓക്കെ സർ”

താഴെയെത്തിയ അനീഷ് വന്നിരിക്കുന്ന പൊലീസുകാരെയെല്ലാം വിളിച്ച് റൂമിൽ കയറ്റി പ്രതാപ് പറഞ്ഞത് പോലെ എല്ലാവരെ കൊണ്ടും വീട്ടിലേക്ക് വിളിപ്പിച്ച ശേഷം അവരുടെ മൊബൈൽ ഫോണുകൾ വാങ്ങി ലോക്കറിൽ വെച്ച് പൂട്ടി. മുകളിലെ ഡ്രസിങ്ങ് റൂമിൽ കയറിയ എല്ലാവരും സിവിൽ ഡ്രസ്സ് എടുത്തണിഞ്ഞു.

ഒൻപത് മണി കഴിഞ്ഞപ്പോൾ ജെട്ടിയിലിറങ്ങിയ സജീവ് പ്രതാപിനെ വിളിച്ചു.

“സർ ഞാൻ ജെട്ടിയിൽ എത്തിയിട്ടുണ്ട്. ഞാൻ എന്താ ചെയ്യേണ്ടത് ?”

“ഓക്കെ സജീവ്, താൻ അവിടെ തന്നെ വെയ്റ്റ് ചെയ്തോ. ഞാൻ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ സജീവിനെ വിളിക്കാം. ബോട്ടിന്റെ കാര്യം പറഞ്ഞ് അവർ വിളിച്ചിരുന്നോ ?”

“ഇത് വരെ അവർ എത്തിയിട്ടില്ല സർ. സാറിനെ ഞാൻ വിളിക്കുന്നതിന്‌ മുന്നേ അവരെ വിളിച്ചിരുന്നു. സർ ഒരു മിനിറ്റ്”

അല്പ നേരത്തെ നിശ്ശബ്ദദക്ക് ശേഷം “സർ, ബോട്ട് എത്തിയെന്ന് തോന്നുന്നു. അവർ വിളിക്കുന്നുണ്ട്. അവരോട് സംസാരിച്ചതിന് ശേഷം ഞാൻ സാറിനെ തിരിച്ചു വിളിക്കാം”

“ഓക്കേ സജീവ്”

ഫോൺ കാട്ടാക്കിയ ശേഷം പ്രതാപ് അനീഷിന്റെ റൂമിൽ കയറി,

“അനീഷേ”

“സർ” എന്ന് വിളിച്ചു കൊണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ അനീഷ് പ്രതാപിനെ നോക്കി

“പോകാനുള്ള ബോട്ട് എവിടെയാണ് ?”

“പോലീസ് ബോട്ടുകൾ ഇടുന്ന ജെട്ടിയിൽ അവർ കെട്ടിയിട്ടുണ്ട് സർ”

“അതെവിടെയാടോ ?”

“യാത്രാ ബോട്ടുകൾ പോകുന്ന ജെട്ടി എത്തുന്നതിന് കുറച്ച് മുൻപാണ്”

“ഡ്രൈവർമാരോ ?”

“അവരും ഇവിടെയുണ്ട് സർ”

“ഓക്കെ, എല്ലാവരോടും റെഡിയാകാൻ പറഞ്ഞോളൂ” പറഞ്ഞു കഴിയലും പ്രതാപിന്റെ ഫോണിലേക്ക് സജീവിന്റെ കോൾ എത്തി.

“ഓക്കെ സജീവ്. താൻ അവിടെ തന്നെ നിന്നോ. ഞങ്ങൾ ദാ ഇറങ്ങി. ബാക്കിയെല്ലാം ഞാൻ അവിടെ വന്നിട്ട് പറയാം.”

“”അനീഷ്, ബോട്ട് അവിടെ എത്തി. ഗേറ്റ് റെഡി ഫാസ്റ്റ്. യൂ വിൽ സ്റ്റാർട്ട് ഫ്രം ഹിയർ വിതിൻ ഫൈവ് മിനിറ്റ്‌സ് (പെട്ടെന്ന് റെഡിയാകു, 5 മിനിറ്റിനുള്ളിൽ നിങ്ങൾ ഇവിടെ നിന്നും സ്റ്റാർട്ട് ചെയ്യണം). അനീഷ്, ഞാൻ പറഞ്ഞത് എല്ലാം ഓര്മയുണ്ടല്ലോ. നമ്മൾ ഡിസ്കസ് ചെയ്തത് എല്ലാം അവരെ അറിയിച്ച ശേഷം പെട്ടെന്ന് റെഡി ആകണം. ഞാൻ എസ്പിയെ വിളിച്ച ശേഷം ജെട്ടിയിൽ സജീവിന്റെ അടുത്തേക്ക് പോകും. നിങ്ങൾ നേരെ നമ്മുടെ ബോട്ട് കിടക്കുന്ന സ്ഥലത്തേക്ക് വന്നാൽ മതി. ഞാൻ സജീവിനെയും കൂട്ടി അങ്ങോട്ട് വന്നേക്കാം” അനീഷിനോട് എല്ലാം പറഞ്ഞ് ഏൽപ്പിച്ച ശേഷം പ്രതാപ് പുറത്തേക്ക് ഇറങ്ങി.

പുറത്തിറങ്ങിയ പ്രതാപ് എസ്പിയെ വിളിച്ച് ഇതേ വരെയുള്ള എല്ലാ കാര്യങ്ങളും ഓപ്പറേഷന്റെ പ്ലാനും അറിയിച്ചു. തുടർന്ന് സജീവിനെ വിളിച്ചു സജീവ് നിൽക്കുന്ന സ്ഥലം കൃത്യമായി മനസിലാക്കിയ ശേഷം അങ്ങോട്ട് പുറപ്പെട്ടു.

വെയ്റ്റ് ചെയ്തിരുന്ന സ്ഥലത്ത് നിന്ന് സജീവിനെയും കയറ്റി പ്രതാപിന്റെ ബുള്ളറ്റ് പോലീസ് ബോട്ടുകൾ പാർക്ക് ചെയ്തിരുന്ന ജെട്ടിയെ ലക്ഷ്യമാക്കി പുറപ്പെട്ടു. ജെട്ടിയിൽ എത്തിയ പ്രതാപ് സജീവിനോട് അവരുടെ എല്ലാ പ്ലാനുകളും പറഞ്ഞു. സജീവും അനീഷും സംഘവും ചെയ്യേണ്ട കാര്യങ്ങളും എല്ലാം പറഞ്ഞേൽപിച്ച് കഴിഞ്ഞപ്പോഴേക്കും പ്രതാപിന്റെ ഫോണിലേക്ക് അനീഷിന്റെ മെസേജ് എത്തി.

“സർ, വീ ആർ റെഡി, കാൻ വീ സ്റ്റാർട്ട് ?”

“യെസ്, വീ ആർ വെയ്റ്റിംഗ് നിയർ പോലീസ് ബോട്ട്. കം ഫാസ്റ്റ്”

ഓപ്പറേഷനെ കുറിച്ച് പ്രതാപ് പറഞ്ഞതെല്ലാം അനീഷ് പൊലീസുകാരെ അറിയിച്ച ശേഷം അവരെല്ലാം പുറത്തേക്ക് ഇറങ്ങി.

“എല്ലാവരും ജീപ്പിൽ കയറുക” അനീഷ് വിളിച്ചു പറഞ്ഞു.

അഞ്ച് പോലീസുകാരേയും അനസിനെയും വഹിച്ച് കൊണ്ട് ഒരു ബോലോറയും ,അനീഷിനെയും ബാക്കി 5 പൊലീസുകരെയും വഹിച്ചു കൊണ്ട് ഒരു ഇന്നോവയും, ആ പോലീസ് സ്റ്റേഷൻ മുറ്റത്ത് നിന്ന് പൊടി പറത്തി കൊണ്ട് ഗേറ്റ് കടന്ന് പുറത്തേക്ക് പോയി.

പോലീസ് ബോട്ടിന് അടുത്ത് രണ്ട് സംഘങ്ങളെയും കാത്ത് പ്രതാപും സജീവും നിൽക്കുന്നുണ്ടായിരുന്നു.

“എല്ലാവർക്കും എല്ലാ കാര്യങ്ങളും അനീഷ് പറഞ്ഞു തന്നത് മനസ്സിലായി എന്നു കരുതുന്നു”

“യെസ് സർ”

“ഓക്കെ. വീ ആർ സ്റ്റാർറ്റിങ് ഔർ ജേർണി. എല്ലാവരും ബോട്ടിലേക്ക് കയറുക”

ഒരു ബോട്ടിൽ അനീഷും, അനസും അഞ്ച് പോലീസുകാരും മറ്റേ ബോട്ടിൽ അനീഷും സജീവും ബാക്കി അഞ്ച് പോലീസുകാരും കയറി. അനീഷും സംഘവും കയറിയ ബോട്ട് ആദ്യം തന്നെ ജെട്ടിയിൽ നിന്ന് പുറപ്പെട്ടു. അവർ പുറപ്പെട്ട് അഞ്ച് മിനിറ്റിന് ശേഷം ആണ് പ്രതാപും സംഘവും കയറിയ ബോട്ട് പുറപ്പെട്ടത്. ബോട്ട് ജെട്ടിയിൽ നിന്ന് പുറപ്പെട്ട ശേഷം ജെട്ടിയിൽ മറഞ്ഞു നിന്ന ഒരാൾ വെളിച്ചത്തിലേക്ക് വന്നു. ജെട്ടിയിൽ നിന്നും ബോട്ട് നീങ്ങി അല്പം കഴിഞ്ഞപ്പോൾ പ്രതാപിന്റെ ഫോണിലേക്ക് അനീഷിന്റെ മെസേജ് വന്നു.

മെസേജ് വായിച്ച പ്രതാപ് “ഷിറ്റ്” എന്ന് പറഞ്ഞു കൊണ്ട് ബോട്ടിന്റെ സൈഡിൽ കൈ ചുരുട്ടി ഇടിച്ചു…

“സർ, ജെട്ടിയിൽ കെട്ടിയിട്ടിരുന്ന അവരുടെ ബോട്ട് ഇപ്പോൾ സ്റ്റാർട്ട് ചെയ്തിരിക്കുന്നു”….

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply