മരണങ്ങളുടെ തുരുത്ത് Part 17

5961 Views

മരണങ്ങളുടെ തുരുത്ത് Malayalam Novel

“അനീഷേ, അനസിനെ വിളിക്ക്. നമുക്ക് നാളത്തെ കാര്യങ്ങൾ കുറച്ചു പ്ലാൻ ചെയ്യാൻ ഉണ്ട്”

അനീഷ് അനസിനെ വിളിക്കാൻ പോയി.

തിരികെ വന്ന അനസും അനീഷും പ്രതാപും കൂടി നാളെക്കുള്ള അവസാന വട്ട ചർച്ചയിൽ മുഴുകി.

“നാളെ രാവിലെ 8 മണിക്ക് നമുക്ക് കുട്ടായിയെ അറസ്റ്റ് ചെയ്യാൻ പോകണം. രാവിലെ ആറ് മണിയോടെ രണ്ടോ മൂന്നോ പൊലീസുകരെയും കൂട്ടി അനസ് കുട്ടായിയുടെ വീട് നിരീക്ഷിക്കാൻ പോകണം. ഞാനും അനീഷും എത്തുന്നതിന് മുൻപ് കുട്ടായി വീട്ടിൽ നിന്ന് ഇറങ്ങിയാൽ അപ്പോൾ തന്നെ എന്നെ ഇൻഫോം ചെയ്യണം. കൂടെ എങ്ങോട്ടാണ് അയാൾ പോകുന്നതെന്ന് ഫോളോ ചെയ്യുകയും വേണം. എന്തെങ്കിലും സംശയം ഉണ്ടോ രണ്ടാൾക്കും ?”

“അല്ല സർ, നമ്മൾ എത്തുന്നതിന് മുൻപ് അയാൾ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലോ ?”

“അങ്ങിനെ ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം. അനീഷ് ഒരു കാര്യം ചെയ്യ്. താൻ തിരികെ വീട്ടിലേക്ക് പോകുന്ന വഴിയുടെ കുറച്ച് നീങ്ങി അല്ലെ കുട്ടായിയുടെ വീട്. താൻ ഇവിടുന്ന് തിരികെ പോകുമ്പോൾ അവിടെ അയാളുടെ കാർ ഉണ്ടോ എന്നൊന്ന് നോക്കിക്കോ. നമ്മൾ അയാളെ സംശയിക്കുന്നുണ്ടെന്ന് തോന്നിയാൽ വീട്ടിൽ നിന്ന് രക്ഷപെടാൻ അയാൾ സ്വന്തം കാർ ആയിരിക്കും മിക്കവാറും ഉപയോഗിക്കുക. ടാക്സി ഉപയോഗിച്ചാൽ കണ്ട് പിടിക്കാൻ എളുപ്പമാണെന്ന് അയാൾക്ക് അറിയാൻ കഴിയും. അത് കൊണ്ട് സ്വന്തം വണ്ടി ഉപയോഗിച്ചായിരിക്കും അയാൾ വീട്ടിൽ നിന്നും പോയിട്ടുണ്ടാകുക. കാർ അവിടെ ഉണ്ടെങ്കിൽ അയാൾ അവിടെ ഉണ്ടെന്ന് നമുക്ക് ഉറപ്പിക്കാം. ഇനി കാർ അവിടെ ഇല്ലെങ്കിൽ സൈബർ സെല്ലിൽ കൊടുത്ത് ആ നമ്പർ ട്രെയ്സ് ചെയ്യാൻ പറയാം. അയാൾ അവിടെ ഇല്ല എന്നറിഞ്ഞാൽ ഇന്ന് രാത്രി തന്നെ ഒരു മനുഷ്യ കുഞ്ഞ് അറിയാതെ നമുക്ക് അയാളെ പൊക്കാം. എന്നിട്ട് നാളെ രാവിലെ കസ്റ്റഡിയിൽ എടുത്തതായി കാണിക്കാം “.

“അല്ല സർ അയാളുടെ വണ്ടി ഏതാണെന്ന് എങ്ങിനെ അറിയാൻ കഴിയും ?”

“അത്…. ഒന്നുകിൽ അന്ന് അനസ് എടുത്ത വീഡിയോയിൽ ഉണ്ടാകും. അല്ലെങ്കിൽ നമ്മുടെ കസ്റ്റഡിയിൽ ഉള്ളവരോട് ചോദിച്ചാൽ അറിയാൻ കഴിയും”

“ശരി സർ അങ്ങിനെ ചെയ്യാം”

“അനീഷ് അയാളുടെ വീട്ടിൽ നോക്കിയിട്ട് എന്നെ വിളിക്ക്. ഞാൻ വീട്ടിൽ ഉണ്ടാകും. അനസ് നാളെ രാവിലെ ഞാൻ ചെയ്യാൻ പറഞ്ഞ കാര്യം മറക്കരുത് “

“ഇല്ല സർ”

“അനീഷ്”

“ഞാൻ നോക്കിയിട്ട് സാറിനെ വിളിക്കാം”

“എടോ കോണ്സ്റ്റബിൾമാരോട് അവളുമാരെ നോക്കാൻ പറയണേ. പിന്നെ അവളുമാരോട് കുട്ടായിയുടെ വണ്ടി ഏതാണെന്ന് കൂടി അന്വേഷിക്കാൻ മറക്കേണ്ട”

“”ശരി സർ”

“എന്നിട്ട് നിങ്ങളും വീട്ടിലേക്ക് പൊക്കോ. ഞാൻ ഇറങ്ങട്ടെ”

“ശരി സർ” രണ്ട് പേരും പ്രതാപിനെ സല്യൂട്ട് ചെയ്തു. തിരിച്ച് സല്യൂട്ട് ചെയ്തതിന് ശേഷം പ്രതാപ് അവിടെ നിന്ന് ഇറങ്ങി.

വീട്ടിൽ എത്തി അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും അനീഷിന്റെ കോൾ പ്രതാപിനെ തേടി എത്തി.

“സർ കിടന്നോ ?”

“ഇല്ലെടോ, ഫ്രഷായതേ ഉള്ളു. എന്താ, താൻ കാര്യം പറഞ്ഞോ “

“സർ ഞാൻ കുട്ടായിയുടെ വീടിന്റെ അടുത്ത് പോയിരുന്നു”

“എന്നിട്ട് അയാളുടെ വണ്ടി അവിടെ ഉണ്ടോ ?”

“അയാളുടെ വണ്ടി അവിടെ തന്നെ ഉണ്ട് സർ”

“ഓക്കെ, വെരി ഗുഡ്. നമുക്ക് നാളെ അയാളെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം. താൻ പോയി കിടന്നോ. രാവിലെ ഏഴ് മണി ആകുമ്പോൾ ഞാൻ സ്റ്റേഷനിൽ എത്താം. താൻ എത്തില്ലേ അപ്പോഴേക്കും ?”

“ഞാൻ എത്താം സർ”

“ഓക്കെ, ഗുഡ് നെറ്റ്”

“ഗുഡ് നെറ്റ് സർ”

പ്രതാപ് മുൻപ് അന്വേഷണത്തിന്റെ ഓരോ ഭാഗങ്ങളും റിപ്പോർട്ടുകളും വെച്ചിരുന്ന ഫയൽ എടുത്ത് അതിൽ നേരത്തെ ആര്, എങ്ങിനെ, എന്തിന്, എപ്പോൾ എന്ന് എഴുതിയിരുന്ന പേപ്പർ എടുത്ത് ,അതിൽ ആര് എന്നതിന്റെ താഴെയായി ഫൈസൽ കുറ്റിപ്പുറം, സുനിൽ കുട്ടായി, ഫെമിന, ഐഷ, അനൂപ് എന്നീ പേരുകൾ എഴുതി ചേർത്തു. അതിന് ശേഷം എന്തിന് എന്നതിന്റെ ചുറ്റും ഒരു വട്ടം വരച്ചതിന് ശേഷം “ഇതിന്റെ ഉത്തരം ഞാൻ നാളെ കണ്ടെത്തിയിരിക്കും” എന്ന് മനസ്സിൽ പറഞ്ഞ ശേഷം ഫയൽ തിരികെ എടുത്ത് ഷെൽഫിൽ വെച്ചു ഉറങ്ങാൻ കിടന്നു.

രാവിലെ ആറ് മണിയോടെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് പ്രതാപ് എഴുന്നേൽക്കുന്നത്. ഫോൺ എടുത്ത് നോക്കിയപ്പോൾ അനസാണ് വിളിക്കുന്നത്.

“ഹലോ, എന്താ അനസേ ?”

“സാറേ, ഒരു പ്രശ്നം ഉണ്ട്”

“എന്ത് പറ്റിയെടോ ?”

“സർ, സുനിലിന്റെ കാർ വീട്ടിൽ ഇല്ല”

“എന്ത്, ഇന്നലെ രാത്രി അനീഷ് വരുന്ന വഴി അവിടെ നോക്കി ഉണ്ടെന്ന് പറഞ്ഞതാണല്ലോ”

“പക്ഷെ ഇപ്പോൾ ഇവിടെ ഇല്ല സർ”

“ബുൾ ഷിറ്റ്, ആരോ നമ്മുടെ കൂട്ടത്തിൽ നിന്ന് പണിയുന്നുണ്ടല്ലോ. താൻ അയാളുടെ വീട്ടിൽ അന്വേഷിച്ചോ ?”

“ഇല്ല സർ. ഞങ്ങൾ ഇവിടെ വന്നപ്പോൾ കാർ ഇല്ല. ഞാൻ നേരെ സാറിനെ വിളിക്കുകയാണ് ചെയ്തത്”

“താൻ ഒരു കാര്യം ചെയ്യ്. വീട്ടിൽ അയാളെ അന്വേഷിക്ക്. പത്ത് മിനിറ്റിനുള്ളിൽ ഞാൻ അവിടെ എത്താം”

“ശരി സർ”

കോൾ കട്ടാക്കിയ പ്രതാപ് ഉടനെ അനീഷിനെ വിളിച്ചു.

“സർ”

“എടോ ആ പുന്നാര മോൻ പണി തന്നു”

“ആരാണ് സർ. എന്ത് പറ്റി ?”

“ആ സുനിലിന്റെ കാർ അയാളുടെ വീട്ടിൽ ഇല്ലെന്ന് പറഞ്ഞ് അനസ് ഇപ്പോൾ വിളിച്ചിരുന്നു. താൻ പെട്ടെന്ന് റെഡിയായി വേഗം ഇറങ്ങ്”

“പത്ത് മിനിറ്റ് സർ. ഞാൻ ഇറങ്ങാം”

“താൻ നേരെ സുനിലിന്റെ വീട്ടിലേക്ക് വാ. ഞാൻ അവിടെ ഉണ്ടാകും. വീട്ടുകാരെ പിടിച്ച് ഒന്ന് കുടഞ്ഞാൽ സത്യം പറയും. താൻ പോരുമ്പോൾ സ്റ്റേഷനിൽ നിന്ന് രണ്ട് വനിതാ കോണ്സ്റ്റബിളിനെ കൂടെ കൂട്ടിക്കോ”

“ശരി സർ”

“എടോ ഇന്നലെ നമ്മുടെ കസ്റ്റഡിയിൽ ഉള്ളവരുടെ കയ്യിൽ നിന്നും അയാളുടെ മൊബൈൽ നമ്പർ വാങ്ങിയിരുന്നില്ലേ. താൻ അതൊന്ന് എനിക്ക് മെസേജ് അയക്ക്. പെട്ടെന്ന്”

“ഇപ്പോൾ അയക്കാം സർ”

ഫോൺ കട്ടാക്കിയ ശേഷം പ്രതാപ് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി കൊണ്ടിരുന്നപ്പോൾ ഫോൺ വീണ്ടും ബെല്ലടിച്ചു. എടുത്ത് നോക്കിയപ്പോൾ അനസ് ആണ്.

“എന്തായെടോ, അവർ എന്താ പറയുന്നത് ?”

“അവർ പറയുന്നത്, ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് ഇവിടെ നിന്ന് പോയി എന്നാണ് .”

“രാത്രി ഒരു മണിക്ക് അയാളുടെ കാർ അവിടെ ഉണ്ടായിരുന്നല്ലോ. പിന്നെങ്ങനെയാണ് അയാൾ പന്ത്രണ്ട് മണിക്ക് പോകുന്നത്. താൻ അവിടെ വെയ്റ്റ് ചെയ്യ്. ഞാനും അനീഷും ഉടനെ അങ്ങോട്ട് വരാം”

“ശരി സർ”

കോൾ കട്ടാക്കിയ പ്രതാപ് ഫോൺ എടുത്ത് വാട്സാപ്പ് തുറന്ന് അതിൽ അനീഷിന്റെ മെസേജ് ഉണ്ടോ എന്ന് നോക്കി. അതിൽ വന്നിരിക്കുന്ന മൊബൈൽ നമ്പർ എടുത്ത് സൈബർ സെല്ലിലെ അഷ്‌റഫിനെ വിളിച്ച് ആ നമ്പർ കൊടുത്ത് അർജന്റായി അതിന്റെ ലൊക്കേഷൻ ട്രയ്സ് ചെയ്യാൻ പറഞ്ഞു.

ഡ്രസ്സ് മാറി ഇറങ്ങിയപ്പോഴേക്കും പ്രതാപിന് വീണ്ടും അനസിന്റെ കോൾ വന്നു.

“സർ”

“ഞാൻ ഇറങ്ങി അനസ്. ഇപ്പോൾ എത്താം”

“അതല്ല സർ. സുനിലിന്റെ വീടിന്റെ എതിർവശത്തുള്ള വീട്ടിൽ സി സി ടി വി ക്യാമറ ഉണ്ട് സർ. അതിൽ നോക്കിയാൽ അയാൾ എപ്പോഴാണ് പുറത്തേക്ക് പോയതെന്ന് അറിയാൻ കഴിയില്ലേ എന്നൊരു സംശയം”

“എങ്കിൽ അവരുടെ വീട്ടിൽ കയറി അത് പരിശോധിക്കു”

“അല്ല സർ, സാറോ, അല്ലെങ്കിൽ അനീഷ് സാറോ കൂടി വന്നാൽ നന്നായിരുന്നു. ഞാൻ യൂണിഫോമിൽ അല്ല സർ”

“ഓക്കെ. ഞാൻ അനീഷിനോട് അങ്ങോട്ട് വരാൻ പറയാം”

“ഓക്കെ സർ”

അനസിന്റെ ഫോൺ കട്ടാക്കിയ പ്രതാപ് അനീഷിനെ വിളിച്ചു.

“സർ ഞാൻ ഇപ്പോൾ എത്തും”

“താൻ എവിടെ എത്തി ?”

“സുനിലിന്റെ വീടിന് അര കിലോമീറ്റർ അടുത്ത് ഉണ്ട്. എന്താ സർ ?”

“എടോ, അയാൾ അവിടെ നിന്ന് ഇന്നലെ രാത്രി പോയി എന്നാണ് വീട്ടുകാർ അനസിനോട് പറഞ്ഞത്. ഇന്നലെ അയാളുടെ കാർ വീട്ടിൽ ഉണ്ടായിരുന്നു എന്നുറപ്പല്ലേ”

“അതേ സർ. ഞാൻ ആ വണ്ടി അവിടെ കണ്ട ശേഷം ആണ് ഞാൻ സാറിനെ വിളിച്ചത്”

“എടോ, അയാളുടെ വീടിന് എതിർവശത്തെ വീട്ടിൽ സി സി ടി വി ക്യാമറ ഉണ്ട്. അതിൽ നോക്കിയാൽ അയാൾ പുറത്തേക്ക് പോയ സമയം അറിയാൻ കഴിയും. താൻ പെട്ടെന്ന് ചെന്ന് അനസിന്റെ കൂടെ അതൊന്ന് നോക്കിയിട്ട് വിളിക്ക്”

“ശരി സർ. അല്ല സർ അയാളുടെ നമ്പർ ട്രെയ്സ് ചെയ്യാൻ പറ്റിയോ ?”

“ഞാൻ അത് സൈബറിൽ കൊടുത്തിട്ടുണ്ട്. താൻ അവിടെ ചെന്ന് നോക്കുമ്പോഴേക്കും ഞാൻ സൈബറിലെ അഷ്‌റഫിനെ വിളിച്ച് അതിന്റെ സ്റ്റാറ്റസ് നോക്കട്ടെ”

“ശരി സർ”

പ്രതാപ് ഉടനെ അഷ്‌റഫിനെ വിളിച്ചു.

“സർ”

“എടോ, ആ നമ്പർ നോക്കിയോ ?”

“ഇല്ല സർ, ഞാൻ ഇപ്പോൾ നോക്കാം”

“താനൊക്കെ എന്ത് ഉണ്ടാക്കാൻ ആണ് അവിടെ ഇരിക്കുന്നത്. തന്നോട് ഞാൻ പറഞ്ഞതല്ലേ അർജൻറ് ആണ് പെട്ടെന്ന് നോക്കണം എന്ന്. പിന്നെ എന്താടോ നോക്കാതിരുന്നത് ?”

“സോറി സർ. ഞാൻ ഇപ്പോൾ നോക്കി സാറിനെ വിളിക്കാം”

“രണ്ട് മിനിറ്റിനുള്ളിൽ എനിക്ക് അത് കിട്ടണം. അല്ലെങ്കിൽ താൻ ഇനി ആ സീറ്റിൽ ഉണ്ടാകില്ല. കേട്ടല്ലോ”

“സർ കോൾ കട്ട് ചെയ്തോളു. ഞാൻ ഇപ്പോൾ സാറിന് ആ നമ്പറിന്റെ ലൊക്കേഷൻ വാട്സാപ്പ് ചെയ്യാം”

“ഓക്കെ”

ഫോൺ കട്ടാക്കി അൽപ സമയത്തിനുള്ളിൽ അഷ്‌റഫിന്റെ കോൾ പ്രതാപിനെ തേടിയെത്തി.

“എന്താടോ. താൻ അയച്ചോ ?”

“സർ, ഇന്നലെ രാത്രി പത്ത് മണി മുതൽ ആ നമ്പർ സ്വിച്ചോഫ് ആണ്. ആ നമ്പർ ലാസ്റ്റ് ഉണ്ടായിരുന്നത് സാറിന്റെ ടൗണിൽ തന്നെ ആയിരുന്നു. തേക്കുംമൂല ജംക്ഷന്റെ അടുത്ത്. ലൊക്കേഷൻ ഞാൻ സാറിന് വാട്സാപ്പ് ചെയ്തിട്ടുണ്ട്”

“എന്ത് ഇന്നലെ രാത്രി മുതൽ നമ്പർ സ്വിച്ചോഫ് ആണെന്നോ ?”

“അതേ സർ”

“ശരിയെടോ, ഞാൻ നോക്കട്ടെ. താങ്ക്സ്”

“ഓക്കെ സർ”

ഫോൺ കട്ടാക്കിയ ശേഷം വാട്സാപ്പ് തുറന്ന് അഷറഫ് അയച്ച ലൊക്കേഷൻ എടുത്ത് നോക്കി. “ബുൾഷിറ്റ്. ഇതിൽ അയാളുടെ വീടിന്റെ ലൊക്കേഷൻ തന്നെ ആണല്ലോ കാണിക്കുന്നത്. അപ്പോൾ അയാൾ ഇന്നലെ രാത്രി പത്ത് മണിക്ക് ഫോൺ ഓഫാക്കിയ ശേഷം പിന്നെ ഫോൺ ഓണാക്കിയിട്ടില്ല. പിന്നെ അയാൾ എങ്ങിനെ അറിഞ്ഞു അവർ കസ്റ്റഡിയിൽ ഉള്ള കാര്യം. ഇനിയിപ്പോൾ അയാൾക്ക് അവർ അറിയാത്ത വേറെ നമ്പർ ഉണ്ടാകുമോ. ഒന്നും പിടികിട്ടുന്നില്ലലോ” അനീഷിന്റെയും അനസിന്റെയും അടുത്തേക്ക് പോകാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തപ്പോഴേക്കും പ്രതാപിന്റെ ഫോൺ വീണ്ടും ബെല്ലടിച്ചു. വണ്ടി ഓഫാക്കിയ ശേഷം ഫോൺ എടുത്തപ്പോൾ അനീഷ് ആണ്.

“എന്തായെടോ ?”

“സർ അവന്റെ വണ്ടി വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ആകെ ഇരുപത് മിനിറ്റ് ആയിട്ടുള്ളു. അതായത് അനസ് ഇവിടെ എത്തുന്നതിന് അഞ്ച് മിനിറ്റ് മുൻപ്. വണ്ടി എം സി റോഡ് ഭാഗത്തേക്കാണ് പോയിരിക്കുന്നത്. അത് വഴി ബൈപാസ് കേറി റൈറ്റ് പോയാൽ തിരുവനന്തപുരം, ലെഫ്റ്റ് പോയാൽ പാലക്കാട്. എന്താ സർ ചെയ്യുക ?”

“എടോ ബൈപ്പാസ് ജംക്ഷനിൽ ക്യാമറ ഇല്ലേ ?”

“ഉണ്ട് സർ”

“അപ്പോ അതിൽ നോക്കിയാൽ അറിയില്ലേ ഏത് സൈഡിലേക്കാണ് പോയതെന്ന് ?”

“അറിയാൻ കഴിയും സർ”

“എടോ ഇത്ര സമയം കൊണ്ട് ബൈപ്പാസ് റോഡിലെ സിഗ്‌നലുകളും ഹൈവേയിലെ സിഗ്‌നലുകളും കടന്ന് അധികം ദൂരം പോകാൻ സാധ്യതയില്ല. താൻ ആ വണ്ടിയുടെ നമ്പർ എനിക്ക് മെസേജ് അയക്ക്. പെട്ടെന്ന്”

“ശരി സർ”

ഫോൺ കട്ടാക്കിയ ശേഷം മൊബൈലിൽ വന്ന നമ്പർ എടുത്ത് പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു.

“ഹലോ, കണ്ട്രോൾ റൂം. ഞാൻ സി ഐ പ്രതാപാണ്”

“സർ, എസ് ഐ സജിത്ത് ആണ്”

“എടോ, ഞാൻ ഒരു നമ്പർ പറയാം. നമ്മുടെ ബൈപ്പാസ് ജംക്ഷനിലെ ക്യാമറയിൽ ഈ വണ്ടി കഴിഞ്ഞ നാല്പത്തിയഞ്ച് മിനിറ്റിനുള്ളിൽ അത് വഴി പാസ് ചെയ്തിട്ടുണ്ടോ എന്നൊന്ന് നോക്ക്. അപ്പോഴേക്കും ഞാൻ അങ്ങോട്ട് വരാം”

“നമ്പർ പറയു സർ”

“KL 5 N 5113 വൈറ്റ് ബെൻസ്”

“ശരി സർ ഞാൻ നോക്കാം”

അതിന് ശേഷം അനീഷിനെ വിളിച്ചു.

“എടോ താൻ ആ വണ്ടി പോയ റൂട്ടിൽ പോയി ഒന്ന് തപ്പി നോക്ക്. ഞാൻ കണ്ട്രോൾ റൂമിൽ ചെന്ന് ക്യാമറ ചെക്ക് ചെയ്തിട്ട് വിളിക്കാം”

“ശരി സർ”

പ്രതാപ് വണ്ടി എടുത്ത് നേരെ കണ്ട്രോൾ റൂമിലേക്ക് ചെന്നു. ക്യാമറയിൽ ആ വണ്ടി നോക്കുന്ന സജിത്തിന്റെ അടുത്ത് ചെന്ന് സ്ക്രീനിൽ നോക്കി. പ്രതാപിനെ കണ്ട സജിത്ത് സീറ്റിൽ നിന്ന് എഴുന്നേറ്റ് സല്യൂട്ട് ചെയ്തു.

“എന്തായെടോ, നോക്കിയോ ?”

“സർ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ അത് വഴി ഒറ്റ ബെൻസ് കാറും പോയിട്ടില്ല”

“ഉറപ്പാണോടോ ?”

“അതേ സർ”

“ഞാൻ ഒന്നുകൂടെ ഉറപ്പിക്കാൻ രണ്ട് തവണ നോക്കി സർ”

“ആ കാർ പിന്നെ എവിടേക്ക് പോയി ?”

“ആരാണ് സർ ആ കാറിൽ ?”

“അതൊരു തിമിംഗലം ആണെടോ”

പ്രതാപ് ഫോൺ എടുത്ത് അനീഷിനെ വിളിച്ചു.

“എടോ, ഞാൻ കണ്ട്രോൾ റൂമിൽ ഉണ്ട്. ആ വണ്ടി ബൈപ്പാസ് ജംക്ഷൻ പാസ്സ് ചെയ്തിട്ടില്ല. തനിക്ക് ഉറപ്പല്ലേ അയാൾ ആ സൈഡിലേക്കാണ് പോയതെന്ന് ?”

“അതേ സർ. അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങിയ വണ്ടി വലത് വശത്തേക്ക് ആണ് പോയത്. ആ റോഡ് നേരെ ബൈപ്പാസ് റോഡിലേക്കാണ്. അതിനിടയിലെ ജംഗ്‌ഷനുകളിൽ നിന്ന് തിരിഞ്ഞാൽ എല്ലാം ടൗണിലേക്ക് ഉള്ള റോഡുകൾ ആണ്. അയാൾ ആ റോഡുകൾ വഴി പോകാൻ സാധ്യത കുറവാണ്”

“ശരിയെടോ, ഞാൻ ഒന്നു കൂടി നോക്കട്ടെ”

ഫോൺ കട്ടാക്കിയ പ്രതാപ് സജിത്തിന്റെ അടുത്തേക്ക് വീണ്ടും ചെന്നു

“എടോ, തേക്കുംമൂല ജംഗ്‌ഷനിൽ നിന്ന് ബൈപ്പാസ് റോഡ് വരെ എത്ര സിഗ്നലുകൾ ഉണ്ട് ?”

“ബൈപ്പാസ് ജംഗ്‌ഷനിലെ കൂടാതെ രണ്ടെണ്ണം. എന്താ സർ ?”

“ആ രണ്ട് സിഗ്നലുകളിലും ക്യാമറ ഉണ്ടോടോ ?”

“ഉണ്ട് സാറേ”

“എങ്കിൽ താൻ ആ ക്യാമറകളിൽ നോക്കിയേ, ഈ വണ്ടി ഉണ്ടോ എന്ന്”

“ഇപ്പോൾ നോക്കാം സർ. അഞ്ച് മിനിറ്റ്”

“വേഗം വേണം”

അല്പം കഴിഞ്ഞപ്പോൾ സജിത്ത് പ്രതാപിനെ വിളിച്ചു.

“സർ”

“എന്തായെടോ?”

“സർ ആദ്യം ഉള്ളത് മാങ്കൊമ്പ് ജംഗ്‌ഷനിലെ സിഗ്നലിലും രണ്ടാമത് ആശുപത്രി പടി എത്തുന്നതിന് മുൻപുള്ള ജംഗ്‌ഷനിലെ സിഗ്നലിലും. ഈ രണ്ട് സിഗ്നലിലും രാവിലെ 6 മണിക്ക് അഞ്ച് മിനിറ്റ് മുൻപ് ഈ കാർ പാസ്സ് ചെയ്തിട്ടുണ്ട്. ആശുപത്രി പടിക്ക് മുൻപുള്ള സിഗ്നലിൽ നിന്ന് വണ്ടി പോയിരിക്കുന്നത് ബൈപ്പാസ് റോഡിന്റെ സൈഡിലേക്കാണ്. പക്ഷെ അതിന് ശേഷം ബൈപ്പാസ് സിഗ്നലിൽ ഈ വണ്ടി എത്തിയിട്ടുമില്ല”

“പിന്നെ…?”

“അറിയില്ല സർ. ആശുപത്രി പടി കഴിഞ്ഞാൽ പിന്നെ ഈ റോഡിൽ നിന്നും ബൈറോഡുകൾ ഒന്നും ഇല്ല സർ”

അടുത്ത് കിടന്ന മേശയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട്

“വീട്ടിൽ നിന്നും ഇറങ്ങി ആശുപത്രിപ്പടി വരെ എത്തിയ ആ പുന്നാര മോൻ പിന്നെ എവിടേക്ക് പോയി. ആകാശത്തേക്കോ……”

പ്രതാപ് ഉടനെ ഫോൺ എടുത്ത് അനീഷിനെ വിളിച്ചു.

“എടോ, ആശുപത്രിപ്പടി എത്തുന്നതിന് തൊട്ട് മുൻപുള്ള ജംഗ്‌ഷനിലെ ക്യാമറയിൽ അയാളുടെ കാർ ഉണ്ട്. പക്ഷെ അത് കഴിഞ്ഞുള്ള ബൈപ്പാസ് ജംഗ്‌ഷനിലെ ക്യാമറയിൽ അയാളുടെ വണ്ടി ഇല്ല. ഇതിനിടക്ക് ബൈ റോഡുകൾ ഇല്ലെന്നാണ് കണ്ട്രോൾ റൂമിലെ സജിത്ത് പറയുന്നത് “

“ശരിയാണ് സർ. അതിനിടയിൽ ബൈ റോഡുകൾ ഇല്ല”

“പിന്നെ അയാൾ എങ്ങോട്ട് പോയെടോ. ആകാശത്തേക്കോ. അതോ അവിടുന്ന് അയാൾ പറന്നാണോ രക്ഷപ്പെട്ടത് ?”

“സർ…..” പിറകിൽ നിന്നും സജിത്തിന്റെ വിളി കേട്ട് പ്രതാപ് തിരിഞ്ഞു നോക്കി.

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മരണങ്ങളുടെ തുരുത്ത് Part 17”

Leave a Reply