ഉമ്മ കണ്ടെത്തിയ നിധി 1

7979 Views

malayalam novel

അവസാനം എനിക്കും കിട്ടി ഒരു നിധിയെ ‌‌ … വിലമതിക്കാനാകാത്ത നിധി .. സ്വാലിഹായ ഭാര്യയെക്കാൾ വലിയൊരു നിധിയില്ല എന്ന നബിവചനം പോലെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന എന്റെ ഉമ്മ എനിക്കായി കണ്ടെത്തിയ എന്റെ പെണ്ണ് ഫറീന ..

പ്രവാസി മണ്ണിൽ നിന്നും നാട്ടിലേക്ക് പോകുന്നതിനി രണ്ട് മാസം മുന്നേ ഉമ്മ എനിക്ക് വാട്ട്സപ്പിൽ പെൺപടയുടെ ഫോട്ടോസ് അയക്കാൻ തുടങ്ങിയിരുന്നു ..

” ഉമ്മാ .. ഇങ്ങൾ ഇങ്ങനെ ഒരുപാട് ഫോട്ടോസ് അയച്ചിട്ടൊന്നും കാര്യുല്ല .. ഫോട്ടോ കണ്ടിട്ട് ഞാൻ ആരേം ഉറപ്പിക്കാനും പോകുന്നില്ല ‌‌.. എനി രണ്ട് മാസല്ലെ ഉള്ളൂ നാട്ടിലേക്ക് വരാൻ അപ്പൊ നേരിട്ട് കണ്ടാ പോരേ .. “

” ആഹ് അങ്ങനെ മതി .. എന്നാലും എന്റെ ഒരു സമാധാനത്തിനി നിനക്ക് ഇഷ്ടായ ഒരാളെ പറ ‌‌ .. പറഞ്ഞ് വെക്കാലോ നാട്ടിലേക്ക് വന്നിട്ട് കണ്ടിട്ട് ഉറപ്പിച്ചാൽ മതി “

” അതൊന്നും ശരിയാവില്ല ഉമ്മാ ‌. ഇപ്പൊ അങ്ങനെ കണ്ട് ഇഷ്ടായെന്ന് പറഞ്ഞ് പിന്നെ നേരിട്ട് കണ്ട് കൊള്ളൂലാന്ന് പറയുമ്പോ അവർക്ക് എത്ര വേദന ഉണ്ടാകും .. ചിലപ്പൊ ഫോട്ടോയിൽ കാണുന്ന അത്ര ഉണ്ടാവൂല നേരിട്ട് , ചിലപ്പൊ ഫോട്ടോയിൽ കാണുന്നതിനേക്കാളും മൊഞ്ചായിരിക്കും നേരിട്ട് കാണാൻ .. അതുകൊണ്ട് നാട്ടിൽ വരുന്നത് വരെ ഇങ്ങളൊന്ന് അടങ്ങ് .. “

” ഹാ .. എന്നാൽ അങ്ങനെ നടക്കട്ട് .. എനി ഞാൻ അയക്കുന്നില്ല പോരേ “

ഉമ്മാക്ക് ഞാൻ പറഞ്ഞത് അത്ര പിടിച്ചില്ലാന്ന് മനസ്സിലാക്കാൻ ഉമ്മാന്റെ ആ മറുപടി മാത്രം മതി .. ഉമ്മാനെ വേദനപ്പിക്കാനൊന്നും അല്ല ഞാനങ്ങനെ പറഞ്ഞത് .. എനിക്ക് അതിനോട് താത്പര്യം ഇല്ലാഞ്ഞിട്ടാണ് .. പെണ്ണ് കാണുന്നുണ്ടെങ്കിൽ ഒരൊറ്റ പ്രാവശ്യം മാത്രം .. അതിലന്നെ ഉറപ്പിക്കണം അതാ എന്റെ പോളിസി .. അല്ലാതെ ഒരുപാട് വീട്ടിൽ ചെന്ന് അവരുണ്ടാക്കി വെച്ച ചായയും പലഹാരവും കഴിച്ച് ഒരുപാട് പെണ്ണിനേം കണ്ട് അവസാനം എനിക്ക് പിടിച്ചില്ലാന്ന് പറയുമ്പോ അവർക്കുണ്ടാകുന്ന മാനസികാവസ്ഥ അത് ആലോചിക്കാൻ പോലും കഴിയുന്നില്ല ..

********************************

നാട്ടിലെത്തി കസിന്റെ കല്ല്യാണത്തിന്റെ തിരക്കൊക്കെ കഴിഞ്ഞിട്ടാണ് ഉമ്മ എനിക്ക് വേണ്ടി ഒരു പെണ്ണിനെ കണ്ടുവെച്ചത് ..

” ടാ അച്ചൂ … എനി വേറെ ആരെയും നോക്കണ്ടാ ആ കുട്ടിയെ തന്നെ അങ്ങ് ഉറപ്പിക്കാം .. നിനക്ക് കണ്ടാൽ ഇഷ്ടാവും “

അവളെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഉമ്മാക്ക് നൂറ് നാക്കാണ് .. ഇതുവരെ നോക്കിയതിൽ ഇത്രയും നല്ല ഓമനത്തമുള്ള മുഖം എവിടെയും കണ്ടില്ലാന്നും പറഞ്ഞ് എന്റെ പിന്നാലെ തന്നെ കൂടും .. ഉമ്മ പറഞ്ഞ് പറഞ്ഞ് എനിക്കും അവളെ കാണാൻ പൂതിയായി ..

” ഉമ്മാ ഇങ്ങൾ കണ്ടു ഇഷ്ടപ്പെട്ടു ശരി തന്നെ .. എനിക്ക് കണ്ടാൽ ഇഷ്ടപ്പെടുമെന്നും പറയുന്നു .. പക്ഷെ ഞങ്ങളെ ഇഷ്ടം മാത്രം നോക്കിയാൽ മതിയോ .. അവർക്ക് എന്നെയും ബോധിക്കണ്ടേ ..”

” അതിനി നിനക്കെന്താ ഒരു കുറവ് .. ജോലിയില്ലെ , പിന്നെ എന്റെ സൗന്ദര്യവും കൂടെ നിനക്ക് കിട്ടിയത്കൊണ്ട് ഏത് പെണ്ണും വീഴും “

” എന്തോന്ന് എന്തോന്ന് .. ചുളുവിൽ‌ ഗോളടിക്കാ അല്ലെ .. “

” ഉമ്മ പറഞ്ഞത് ശരി തന്നെയല്ലെ ഇക്കാ .. ഇങ്ങൾ നമ്മളെ മൊഞ്ചനല്ലെ .. എന്റെ ഫ്രണ്ട്സൊക്കെ പറയും‌ നിന്റെ ഇക്കാനെ കാണാൻ നല്ലയിണ്ടെന്ന് “

” ഓഹോ .. നീയും‌ തുടങ്ങിയോ‌.. എന്നാ പിന്നെ നിന്റെ ഫ്രണ്ട്സിൽ നിന്ന് തന്നെ ഒന്നിനെ തിരഞ്ഞെടുത്താ പോരേ ഇത്രയും നാൾ ഉമ്മാനെ ബുദ്ധിമുട്ടിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ .. “

” ആഹ ആ പൂതി മനസ്സിൽ വെച്ചാ മതി .. അവളുമാരൊക്കെ മൂന്ന് വർഷം കഴിയാണ്ട് കല്ല്യാണത്തിന്റെ അരികത്തുകൂടി പോകില്ല .. ഇക്ക അതുവരെ കാത്തുനിൽക്കുമെങ്കിൽ ഞാൻ ട്രൈ ചെയ്യാം “

” നീയൊന്ന് പോയേ ഷിഫാ .. എന്റെ മോനിക്ക് വേണ്ടി ഞാൻ തന്നെ നല്ല മൊഞ്ചത്തിക്കുട്ടിയെ കണ്ടുവെച്ചിട്ടുണ്ട് .. അവളെ ഇവനിക്ക് ഇഷ്ടാവും എന്ന് എനിക്കുറപ്പും ഉണ്ട് “

” ഉമ്മാ ഇങ്ങൾ കൊറേ നേരായല്ലൊ പറയാൻ തുടങ്ങിയിട്ട് ..അവൾടെ ഒരു ഫോട്ടോയും കിട്ടുന്നില്ല എന്നാ പിന്നെ പേരെങ്കിലും ഒന്നുപറഞ്ഞു തന്നൂടെ ..”

” നീയല്ലെ പറഞ്ഞത് ഫോട്ടോ കണ്ടിട്ടൊന്നും ഉറപ്പിക്കൂലാന്ന് .. അതുകൊണ്ട് മോനിപ്പം ഫോട്ടോ കാണേണ്ട .. നേരിട്ട് തന്നെ പോയി കണ്ടാൽ മതി .. പിന്നെ പേര് അത് ഞാനിതുവരെ കേൾക്കാത്ത പേരായതുകൊണ്ട് ഓർമ്മ കിട്ടുന്നില്ല .. നീ പോയാൽ അവളോട് നേരിട്ട് ചോദിച്ചോ അതല്ലെ നല്ലത് ..”

” എന്റള്ളോഹ് എനിക്കിട്ട് തന്നെ വെക്കാ അല്ലെ .. പേരറിഞ്ഞെങ്കിൽ ഫെയ്സ്ബുക്കിലെങ്കിലും ഒന്നു തപ്പി നോക്കാമായിരുന്നു .. “

“ഫെയ്സ്ബുക്കോ .. നല്ല കാര്യായി .. അത് പോയിട്ട് വാട്ട്സപ്പ് പോലും ഇല്ലാത്ത കുട്ടിയാ അവൾ .. “

” ഹേ ..വാട്ട്സപ്പും ഇല്ലെ .. ഈ കാലത്ത് ഇതൊക്കെ ഇല്ലാത്ത പെൺകുട്ടികളൊക്കെ ഉണ്ടോ .. എന്തായാലും ഫെയ്സ്ബുക്കും വാട്ട്സപ്പും ഇല്ലാത്ത പെണ്ണിനെ കിട്ടുമല്ലൊ അതുമതി .. ഹിഹി”

” അതേയ് ഇക്കാ .. ഇങ്ങൾ കെട്ടാൻ പോകുന്നോൾക്ക് മാത്രല്ല ഈ എനിക്കും ഇല്ല ഇങ്ങൾ പറഞ്ഞ രണ്ട് സാധനവും .. ഫോൺ ഉണ്ടായിട്ട് വേണ്ടേ അതുണ്ടാവാൻ”

” ആഹ പെണ്ണിന്റെ പൂതി .. പ്ലസ് വണ്ണിനി പഠിക്കുന്ന നിനക്കെന്തിനാ ഫോൺ .. അതൊക്കെ‌ സമയമാകുമ്പോൾ വാങ്ങിത്തന്നോളാം .. അതല്ല ഉമ്മാ ഇങ്ങൾ പറഞ്ഞ പെണ്ണ് ഏത് ക്ലാസ്സിലാ പഠിക്കുന്നത്”

” അതൊന്നും ഞാൻ ചോദിച്ചിട്ടില്ല .. എനിക്ക് അതൊന്നും അറിയണ്ട ആവശ്യവും ഇല്ല .. നിനക്ക് ആവശ്യമുണ്ടെങ്കിൽ പോയി കണ്ടാൽ ചോദിച്ചോളൂ ‌… “

” അതിനി ഇങ്ങളെന്തിനാ ഇങ്ങനെ ചൂടാകുന്നത് .. ഞാൻ ജസ്റ്റ് അറിയാൻ ചോദിച്ചതല്ലെ .. “

” അല്ല പിന്നെ .. കുറേ നേരായി സഹിക്കാൻ തുടങ്ങിയിട്ട് .. ഇതൊക്കെ ഇപ്പൊ ഞാൻ പറഞ്ഞാൽ പിന്നെ പെണ്ണ് കാണാൻ പോയാൽ നീയെന്താ അവളോട് സംസാരിക്കാ .. “

” ഹോ അത് ശരിയാ അല്ലെ .. ഞാനത്രക്ക് ആലോചിച്ചില്ല .. ഇങ്ങളൊരു സംഭവാട്ടോ .. എന്നാ പറ എപ്പൊളാ കാണാൻ പോകേണ്ടത് .. “

” ഓഹോ ഇപ്പൊ നിനക്കായി കാണാൻ തിടുക്കം അല്ലെ .. കാണാൻ ആയിട്ടില്ല അവളുടെ ഉപ്പ വന്ന് ഇവിടെ അന്വേഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട് .. അത് കഴിഞ്ഞിട്ട് അവർക്ക് ഓകെ ആയെങ്കിൽ മാത്രേ കാണാൻ സമ്മതിക്കൂ”

” ആഹ് അതാ ഞാൻ നേരത്തേ പറഞ്ഞത് .. എപ്പൊളാ വരാന്ന് പറഞ്ഞിട്ടുണ്ടോ എന്നിട്ട് വേണം നമ്മളെ കുറിച്ച് പൊക്കി പറയാൻ ആളെ റെഡിയാക്കാൻ .. “

” അതൊന്നും പറഞ്ഞിട്ടില്ല .. എപ്പൊ വേണമെങ്കിലും വരാം .. നീയിപ്പൊ ആളെ റെഡിയാക്കാനൊന്നും പോകണ്ട എന്നിട്ട് വേണം നല്ല ചെറുക്കനെ മോശാക്കി പറയാൻ .. “

” ആഹ് അതും ശരിയാ .. നമ്മളെ ചങ്ങായിന്റെ തന്നെ കുറേ മുടങ്ങിയിട്ടുണ്ട് .. പാവം ഇപ്പൊളും തപ്പി നടക്കാ ..‌”

അതും ഇതും പറഞ്ഞ് അന്നത്തെ ദിവസം പോയി .. പിറ്റേന്ന് ഉമ്മാന്റെ‌ തിടുക്കത്തോടെയുള്ള വിളി കേട്ടാണ് എഴുന്നേറ്റത് ..

” ന്താ ഉമ്മാ ഇങ്ങനെ വിളിക്കാൻ .. സമയം ഒൻപതല്ലെ ആയുള്ളൂ കുറച്ചൂടെ കിടക്കട്ടേ ..”

” എടാ മണ്ടാ അവർ വന്നിട്ടുണ്ട് ആ പെണ്ണിന്റെ ആൾക്കാർ ഒന്ന് വേഗം‌ എഴുന്നേറ്റ് വാ ..”

” അള്ളോഹ് ..ഇത്ര രാവിലെയോ.. അവരെന്തിനാ ഇങ്ങോട്ട് വന്നത് എന്നെ അന്വേഷിക്കാൻ നാട്ടുകാരുടെ അടുത്തേക്കല്ലെ പോകേണ്ടത് “

” അതൊന്നും‌ എനിക്കറിയില്ല .. നീ പെട്ടെന്ന് പോയി റെഡിയായിട്ട് വാ ..‌ഞാനവർക്ക് കുടിക്കാനെന്തെങ്കിലും‌ എടുക്കട്ടെ .. “

അതും പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് ഓടി .. ഞാൻ വേഗം ഒരു ടീഷർട്ടും ഇട്ട് റൂമിന്റെ വെളിയിലേക്ക് ഇറങ്ങി അവർ ഹാളിൽ‌ ഇരിക്കുന്നത് കാണുന്നുണ്ട് .. മെല്ലെ അവരുടെ ശ്രദ്ധയിൽ പെടാതെ ബാത്രൂമിലേക്ക് വെച്ചുപിടിച്ചു .. പെട്ടെന്ന് തന്നെ ബ്രഷും ചെയ്ത് മുഖവും കഴുകി മുടിക്ക് കുറച്ച് വെള്ളവും ആക്കി ഒന്നു ചീകി വെച്ചിട്ടാണ് അവരുടെ മുന്നിലേക്ക് ഞാൻ പോയത് .. രണ്ട് പേരാണ് വന്നത് ഒന്ന് ഉപ്പ എന്ന് തോന്നിക്കുന്ന ഒരു വയസ്സായ ആളും മറ്റേത് അമ്മാവൻ ആണെന്ന് തോന്നുന്നു കുറച്ച് പ്രായം കുറഞ്ഞ ആളാണ്..

” അസ്സലാമു അലൈകും “

ചെന്നപാടെ ഒരു സലാമും പറഞ്ഞ് അവരുടെ മുന്നിലായി‌ ഞാൻ നിന്നു .. ഉമ്മ‌ കൊടുത്ത വെള്ളവും‌ കുടിച്ചുകൊണ്ട് അവരുടെ ചോദ്യങ്ങൾ വരാൻ തുടങ്ങിയിരുന്നു‌.. അതിൽ ആദ്യം തന്നെ ചോദിച്ചത് കല്ല്യാണം കഴിഞ്ഞാലും അവളെ തുടർപഠനത്തിനി വിടില്ലെ എന്നാണ് .. അതിനി മറുപടി പറയാൻ അധികം താമസം ഉണ്ടായില്ല .. അവൾക്ക് പഠിക്കാനാണ് താത്പര്യം എങ്കിൽ വിടുമെന്ന് സന്തോഷത്തോടെ തന്നെ അറിയിച്ചു .. എനിക്കോ പഠിക്കാൻ കഴിഞ്ഞില്ല അവളെങ്കിലും പഠിക്കട്ടെ അതല്ലെ അതിന്റെ ഒരിത് ..

എല്ലാം ചോദിക്കുന്നത് അമ്മാവൻ എന്ന് തോന്നിക്കുന്ന ആളാണ് .. മറ്റേ ആൾ ഒന്നും മിണ്ടാതെ ഞാൻ പറയുന്നതും കേട്ടുനിന്നു .. ചോദിച്ച് അറിയാനുള്ളതൊക്കെ ചോദിച്ചിട്ട് അവർ ഇറങ്ങുമ്പോഴാണ് ഞാൻ അങ്ങോട്ട് ഒരു ചോദ്യം‌ വിട്ടത്..

” ഇങ്ങൾ പെണ്ണിന്റെ …. “

” ഞാൻ ഉപ്പയാണ് .. ഇത് എന്റെ സ്നേഹിതൻ ഖാദർ “

സത്യം പറഞ്ഞാ ഞാൻ നെട്ടിപ്പോയി ..‌ ഇത്രയും ചെറുപ്പക്കാരനായ ഉപ്പയോ .. അതും‌ നല്ല ചുറുചുറുക്കുള്ള മനുഷ്യൻ .. ഉപ്പ ഇങ്ങനെ ആണെങ്കിൽ‌ മകൾ എങ്ങനെ ആയിരിക്കും .. ഉമ്മ പറഞ്ഞതൊക്കെ സത്യമാണെന്ന് അപ്പൊ തന്നെ എനിക്ക് തോന്നിത്തുടങ്ങിയിരുന്നു ..

അവർ പോയതിനി ശേഷം എന്ത് കോലത്തിലാടാ നീ അവരുടെ മുന്നിലേക്ക് പോയതെന്നും പറഞ്ഞ് ഉമ്മാടെ കയ്യിൽ നിന്ന് കിട്ടാത്ത തെറികളില്ല .. എനിക്ക് പിന്നെ അതൊക്കെ ശീലമായത് കൊണ്ട് ഒന്നും കേൾക്കാതെ മൊബൈലിലേക്ക് ശ്രദ്ധ കൊടുത്തു .. പിന്നെയാണ് ഓർമ്മ വന്നത് അന്ന് വെള്ളിയാഴ്ച ആണെന്ന് .. പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി പള്ളിയിലേക്ക് വിട്ടു .. നിസ്ക്കാരവും കഴിഞ്ഞ് എല്ലാ വെള്ളിയാഴ്ചയും ഉള്ളത് പോലെ ഉപ്പാടെ ഖബറിങ്കൽ ചെന്ന് ദുആയും ചെയ്തിട്ടാണ് കവലയിലേക്ക് പോയത് ..

” ഹ്ം ഹ്ം .. നടക്കട്ട് നടക്കട്ട് .. “

നമ്മളെ ചങ്ങായി ആണ് .. ഇന്നെന്താ ഇവനി പറ്റിയത് .. എന്നെ നോക്കി ഒരുമാതിരി മറ്റേ ചിരി ചിരിക്കുന്നുണ്ട് ..

” ന്താടാ ഇങ്ങനെ നോക്കുന്നേ .. എന്ത് പറ്റി “

” നമ്മളൊന്നും അറിയില്ലന്നെന്നാ നിന്റെ വിചാരം അല്ലെ .. ഒക്കെ അറിഞ്ഞു മോനേ ..”

” എന്ത് അറിഞ്ഞെന്നാ ഹിമാറേ .. നീ‌ കാര്യം പറ “

” നിന്റെ ഭാവി അമ്മോച്ചൻ നമ്മളെ അട്ത്തേക്കാ വന്നത് നിന്നെ കുറിച്ച് അറിയാൻ “

എന്റെ പടച്ചോനേ .. ഇയാൾ നാട്ടിൽ മൊത്തം അന്വേഷിച്ചെന്നാ തോന്നുന്നത് .. ഇവന്റടുത്തായത് ഭാഗ്യം .. വല്ല കെളവന്മാരുടെ അടുത്താണെങ്കി അത് മുടങ്ങിപ്പോയേനേ ..

” എന്നിട്ട് നീ എന്ത് പറഞ്ഞു മുത്തേ “

” നേരത്തേ ഇങ്ങനെ അല്ലല്ലൊ വിളിച്ചത് .. ഹിമാറോ കിമാറോ അങ്ങനെ എന്തോ ഒന്നല്ലെ ..”

” ഹേയ് അത് നിനക്ക് തോന്നിയതാ .. നിന്നെ ഞാൻ അങ്ങനെ‌ വിളിക്കോ .. നീ പറ അവരെന്താ ചോദിച്ചത് “

” ആഹ് .. ഞാൻ പള്ളിയിലേക്ക് പോകുമ്പോ ആണ് അവരെ കണ്ടത് .. പള്ളിയിലേക്കുള്ള വഴി ചോദിച്ച് എന്റെ കൂടെ വന്നു .. അപ്പൊഴാണ് നിന്നെ അറിയോന്ന് ചോദിച്ചത് .. ഞാൻ അറിയാന്ന് പറഞ്ഞു ‌. “

” ആഹ് എന്നിട്ട് “

” എന്നിട്ടെന്താ .. ആളെങ്ങനാ നല്ല വീശ് വീശോന്ന് ചോദിച്ചു “

” അള്ളോഹ് .. ഞാനോ .. അവരെന്താ അങ്ങനെ ചോദിച്ചത് .. എന്നെ രാവിലെ കണ്ടതാണല്ലൊ “

” ആഹ് നിന്നെ കണ്ടത് കൊണ്ടായിരിക്കും അങ്ങനെ ചോദിച്ചത് .. ഹിഹി .. “

” തമാശ പറയാതെ ബാക്കി പറ .. നീയെന്ത് പറഞ്ഞു “

” ഞാനെന്ത് പറയാനാ .. നമ്മളെ ചങ്കായിപ്പോയില്ലെ .. സത്യല്ലെ പറയാൻ പറ്റൂ .. വീശ് പോയിട്ട് സിഗരറ്റിന്റെ പുക അടിച്ചാൽ വരെ ചെക്കന്റെ ബോധം പോകുമെന്ന് പറഞ്ഞു ..”

” ഓവെറാക്കി ചളമാക്കിയോ അപ്പുക്കുട്ടാ ..”

” ഓവെറാണോ എന്നാ പിന്നെ ഞാൻ മാറ്റിപ്പറയാം .. നല്ല കുടിയും അതുപോലെ വലിയും ഉള്ളവനാണെന്ന് പറയാം .. പോരേ “

” നീ ഇങ്ങനെ ചൂടാകല്ലീ .. ഞാനൊരു തമാശ പറഞ്ഞതല്ലെ .. ഏതായാലും ഉശാറാക്കി .. “

” അങ്ങനെ പറഞ്ഞ് നീ മുങ്ങാൻ നോക്കണ്ട .. ഇത് ഓക്കെ ആയാൽ ചിലവ് തരാതെ വിടില്ല പറഞ്ഞില്ലാന്ന് വേണ്ട ‌.‌. “

” എന്റെ പൊന്നോ .. ഓക്കെ ആകട്ടെ .. ബാക്കി അപ്പൊ “

ഈ കാര്യം തത്ക്കാലം വേറെ ആരോടും പറയണ്ടാന്ന് പറഞ്ഞ് ഞാൻ വീട്ടിലേക്ക് തിരിച്ചു .. അവൻ പറഞ്ഞതൊക്കെ ഉമ്മയോട് പറഞ്ഞു ‌.. വീശുന്ന കാര്യം പറഞ്ഞപ്പൊ തൊട്ട് ഉമ്മയും പെങ്ങളും കൂടി ചിരിക്കാൻ തുടങ്ങിയതാ .. ഉച്ചക്ക് ചോറ് കഴിക്കുമ്പോളും രാത്രിയിലെ ഫുഡ് കഴിക്കുമ്പോളും ഒക്കെ എന്നെ നോക്കി ചിരി ആയിരുന്നു .. ഒന്നും മൈന്റാക്കാതെ പോയി കിടന്നാലേ ഈ ചിരി നിക്കൂ ‌… ഞാൻ വേഗം പോയി കിടന്നു..

പിറ്റേന്ന് നേരം വെളുത്തപ്പൊ തൊട്ട് അനിയനും‌ ചിരിക്കാൻ തുടങ്ങി .. അവരെ പറഞ്ഞിട്ടും കാര്യമില്ല .. അത് കേട്ടപ്പൊ ആദ്യം എനിക്ക് തന്നെ ചിരി‌ വന്നതാണ് ..

അന്ന് വൈകിട്ടാണ് ഉമ്മ എന്നെ വിളിച്ച് പറഞ്ഞത് നാളെ അവരുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിരുന്നെന്നും പറഞ്ഞ് .. അപ്പൊ വന്നവർക്ക് എന്നെ ബോധ്യമായെന്ന് സാരം .. അപ്പൊ തന്നെ വീട്ടിലേക്ക് വിട്ടു ..

” ഉമ്മാ അപ്പൊ അവർക്ക് നമ്മളെ പിടിച്ചല്ലെ “

” ആഹ് അതുകൊണ്ടാണല്ലൊ നാളെ പെണ്ണ് കാണാൻ പോകാൻ പറഞ്ഞത് ‌. “

” ഉഫ് .. എന്നെ കൊണ്ട് വയ്യ ..‌ നാളെ എങ്ങനാ പോകാ “

” സുഹൈദില്ലെ .. ഓന്റെ കാറിൽ പോകാലോ”

” അതല്ല ന്റെ ഉമ്മച്ചീ .. ഞാൻ ആദ്യായിട്ട് പോകുന്നതല്ലെ .. അതിന്റെ ഒരിത് .. “

” ഓഹ് .. ഉമ്മാ .. ഇങ്ങക്ക് മനസ്സിലായില്ലെ കാക്കൂനി നാണമാണെന്നാ പറഞ്ഞുവരുന്നത് ‌. “

” പോടീ അവിടുന്ന് .. നാണമൊന്നുമല്ല .. ഒരിത് .. “

” ആഹ് .. ഇപ്പൊ മനസ്സിലായി .. അതിനന്ന്യാ മോനേ നാണമെന്ന് പറയുന്നത് .. നാളെ പോകുമ്പോ ഇവളേം കൂട്ടിക്കോ .. അപ്പൊ പകുതി നാണം കുറഞ്ഞ് കിട്ടും .. “

” അത് ശരിയാ അല്ലെ .. നീ വരുന്നോടീ “

” പിന്നില്ലാതെ .. എന്ത് ചോദ്യാ ഇത് .. എന്റെ ഇക്കാക്കാക്ക് പെണ്ണ് കാണാൻ ഞാനല്ലാതെ പിന്നാരാ വരാ .. “

അപ്പൊ നാളെയാണ് എന്റെ ലൈഫിലെ ആദ്യത്തെ പെണ്ണ് കാണൽ .. സിനിമയിലൊക്കെ കാണുന്നത് പോലെ ആയിരിക്കുമോ ‌… ആഹ് കണ്ടറിയാം ..

പടച്ചോനേ മിന്നിച്ചേക്കണേ …

ബാക്കി അടുത്ത ഭാഗത്തിൽ ..

തുടരും ….

Read complete ഉമ്മ കണ്ടെത്തിയ നിധി Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply