ഉമ്മ കണ്ടെത്തിയ നിധി 4

6930 Views

malayalam novel

” ഇക്കൂ .. ഇങ്ങളെന്താ ഒന്നും മിണ്ടാത്തേ .. ചോദിച്ചത് ഇഷ്ടായില്ലെ “

” ഹേ .. ഹേയ് അങ്ങനെയൊന്നുല്ല .. ഞാൻ ഓരോന്ന് ആലോചിക്കുകയായിരുന്നു .. “

” ആഹ .. അപ്പൊ ആരോ ഉണ്ടായിരുന്നെന്ന് തോന്നുന്നല്ലൊ .. അവളെ ഓർത്തതായിരിക്കും അല്ലെ “

” ഫറീ .. നീ ഇത് ചോദിക്കാൻ കാരണം ന്താ .. എന്റെ മുഖത്തിൽ ഒരു നിരാശകാമുകനെ കാണുന്നുണ്ടോ നീ “

” അയ്യേ .. അതുകൊണ്ടൊന്നും അല്ല .. ഇക്കുനെ ഞാനെപ്പൊഴും സന്തോഷത്തോടയല്ലെ കണ്ടിട്ടുള്ളൂ .. എനി‌ മരിക്കുന്നത് വരെയും അങ്ങനെ കാണാനാ എന്റെ ആഗ്രഹവവും .. “

” പിന്നെന്താ പെട്ടെന്ന് ഇങ്ങനെ ചോദിച്ചത് “

” അതൊന്നൂല്ല ഇക്കൂ .. ഞാൻ എന്റെ ഫ്രണ്ട്സിനി നിക്കാഹിന്റെ പിക് അയച്ചു കൊടുത്തിരുന്നു .. അപ്പൊ ഇന്ന് ക്ലാസ്സിൽ നിന്ന് അവരിൽ ഒരാൾ എന്നോട് പറഞ്ഞതാ നിന്റെ ഇക്കാനെ കാണുമ്പോ ഇതിനുമുമ്പ് ഒന്നു പ്രണയിച്ചതാണെന്ന് തോന്നുന്നുണ്ടെന്ന് .. ന്നിട്ട് എന്നോട് ചോദിക്കാനും പറഞ്ഞു .. അങ്ങനെ ചോദിച്ചതാ ഞാൻ .. “

” ഓഹ് അങ്ങനെയാണോ .. ന്റെ പെണ്ണിനി ന്ത് തോന്നുന്നു .. എനിക്ക് ഇതിനുമുമ്പ് പ്രണയം ഉണ്ടായിരുന്നെന്നോ ഇല്ലെന്നോ ..‌”

” അങ്ങനെ ചോദിച്ചാൽ .. ആദ്യം എനിക്കൊന്നും തോന്നിയില്ല .. പക്ഷേ ഇപ്പൊ ചെറുതായിട്ടൊന്ന് തോന്നുന്നുണ്ട് .. ഒരു തേപ്പ് കിട്ടിയ ലക്ഷണമുള്ളത് പോലെ ‌… “

” ഹഹ .. അതെന്താ അങ്ങനെ .. സത്യം പറഞ്ഞാൽ എനിക്ക് പ്രണയം ഉണ്ടായിരുന്നു .. ഒന്നൊ രണ്ടോ വർഷം ഒന്നുമല്ല .. നീണ്ട ആറുവർഷത്തെ പ്രണയം .. കഴിഞ്ഞ മാസമാണ് അവൾടെ കല്ല്യാണം കഴിഞ്ഞത് .. “

” ആഹ .. കൊച്ചുകള്ളൻ .. ന്നിട്ടെന്താ ന്നോട് പറയാഞ്ഞേ .. ഇത്രയും‌ വലിയ പ്രണയം തകർന്നവനാണെന്ന് .. “

” ഇതൊക്കെ കല്ല്യാണം കഴിഞ്ഞ് പറയാൻ നിന്നതാ .. അന്ന് എന്തെങ്കിലൊക്കെ പറയാൻ വേണ്ടേ ‌… അല്ലാതെ നിന്നോട് മറച്ചുവെക്കാൻ ഞാൻ മനസ്സിൽ പോലും വിചാരിച്ചില്ല.. “

” അള്ളോഹ് .. അതിനിമാത്രം ഞാനൊന്നും പറഞ്ഞില്ലല്ലൊ .. എനിക്ക് പ്രശ്നം ഒന്നുല്ല ഇക്കൂ .. ആണാകുമ്പോ ചിലപ്പൊ പ്രണയിച്ചെന്നൊക്കെ വരും .. ഇനിമുതൽ ഇക്കാടെ മനസ്സിൽ ഞാൻ മാത്രം മതി “

” അത് നി പറയണോ ന്റെ പൊന്നൂസേ .. ഇനിമുതൽ‌ എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി .. ബേബീസ് ആകുന്നത് വരെ ഹിഹി .. “

” ആഹ .. നിക്കാഹല്ലെ കഴിഞ്ഞുള്ളൂ … ഇങ്ങളപ്പൊഴേക്കും ബേബീസ് വരെ എത്തിയല്ലെ .. ഏതായാലും ഇങ്ങടെ ലൊവ്സ്റ്റോറി പറ .. ഞാനും കൂടി കേൾക്കട്ടെ.. “

” ആഹ് .. പറയാം‌. അതിനുമുമ്പ് ന്റെ പെണ്ണിനി ഇങ്ങനെ വല്ലതും ഉണ്ടായിരുന്നോ .. അതുപറ ..”

” അള്ളോഹ് എനിക്കൊ.. ഹഹ … നല്ല കാര്യായി .. ഇക്ക തമാശ ആക്കിയതാണോ “

” ഹേയ് .. ഞാൻ കാര്യായിട്ട് ചോദിച്ചതാ ‌… കാണാൻ മൊഞ്ചുള്ള പെണ്ണാകുമ്പോ പ്രണയം ഇല്ലാതിരിക്കില്ലല്ലൊ ..‌”

” ഓഹ് അങ്ങനെ .. കുറേ പ്രൊപോസൽ വന്നിരുന്നു പത്തിലും പ്ലസ് വണ്ണിലും ഒക്കെ പഠിക്കുമ്പൊ .. പക്ഷെ എന്റുപ്പയും ഇക്കാക്കയും എന്നെ വളർത്തിയത്‌ അങ്ങനല്ല ..‌ദിവസവും രാത്രിയിൽ‌ ഉപ്പാടെ വക ഉപദേഷങ്ങൾ ഉണ്ടാവാറുണ്ട് ..‌ ഇക്കാക്കാടെ വക പേടിപ്പിക്കലും‌.. അതുകൊണ്ട് ഞാൻ അതിനൊന്നും നിന്നില്ല .. ആരുടെയെങ്കിലും ശല്ല്യം കൂടുമ്പോ ഞാനെന്റെ ഇക്കാക്കയോട് പോയി പറയും .. പിറ്റേന്ന് മുതൽ അതുണ്ടാവില്ല .. ഞാൻ ജീവിതത്തിൽ ഒരാളെ പ്രണയിക്കൂ എന്ന് വാശി ഉണ്ടായിരുന്നു .. ഒന്നുകിൽ പ്രണയിച്ച ചെക്കനെ കെട്ടണം‌.. അല്ലെങ്കിൽ കെട്ടിയ‌ ചെക്കനെ പ്രണയിക്കണം‌… ഇപ്പൊ ഇതാ എന്റിക്കയെ ഞാൻ പ്രണയിക്കുന്നു‌.. ജീവനുതുല്ല്യം .. “

” ഞാൻ ശരിക്കും ഭാഗ്യവാനാ ഫറീ .. ഒരു പ്രണയം പോലും ഇല്ലാത്ത പെണ്ണിനെയല്ലെ പടച്ചോൻ എനിക്കായി വിധിച്ചത് .. അവളുടെ ജീവിതത്തിലെ എല്ലാ സ്നേഹവും ഇനി മുതൽ എനിക്കല്ലെ .. എനിക്ക് മാത്രം‌.. “

” ആഹ് .. പറഞ്ഞ് പറഞ്ഞ് വിഷയം മാറ്റാൻ നിക്കണ്ടാട്ടോ .. ഇങ്ങടെ സ്റ്റോറി പറയ് ..‌”

” ഹഹ അതൊക്കെ പറയാം .. ഇപ്പൊ വീട്ടിലേക്ക് എത്താറായില്ലെ .. പിന്നെ പറഞ്ഞു തന്നാൽ പോരേ “

” പോര .. എനിക്കിപ്പൊ കേൾക്കണം .. ഇങ്ങൾ വീട്ടിലേക്ക് കുറച്ചൂടി വളഞ്ഞ് പോയാൽ മതി .. “

” .. ഒരു കാര്യം ചെയ്യാം .. എന്റെ പ്രണയം ഞാനൊരു സ്റ്റോറി ആക്കിവെച്ചിട്ടുണ്ട് .. വീട്ടിലെത്തിയാൽ ഞാൻ അയച്ചുതരാം .. അതല്ലെ നല്ലത് “

” സ്റ്റോറിയോ .. ഇങ്ങൾ സ്റ്റോറിയൊക്കെ എഴുതോ .. ഹൈവ .. ഒരു കഥാകൃത്തിനെ ആണല്ലെ എനിക്ക് കിട്ടിയത് ..‌”

” അങ്ങനെയൊന്നും പറയല്ലെ പെണ്ണേ .. ജീവിതാനുഭവം കഥ ആക്കിയെന്നെ ഉള്ളൂ .. അല്ലാതെ ഇയ്യ് വിചാരിക്കുന്ന പോലെ അത്രയൊന്നുല്ല .. “

” ആഹ് ആയിക്കോട്ടെ .. എന്നാലും എഴുതാറുണ്ടല്ലൊ അതുമതി ..‌ പിന്നെ സ്റ്റോറി ഇങ്ങളെന്തായാലും വീട്ടിൽ എത്തിയിട്ട് അയച്ചോണ്ടീ .. ബട്ട് എനിക്കിപ്പൊ ചുരുക്കി എങ്കിലും പറഞ്ഞു തരണം .. “

അവളുടെ നിർബന്ധത്തിനു വഴങ്ങി എന്റെ ആദ്യ പ്രണയം ഞാൻ അവളിലേക്ക് എത്തിക്കാൻ തുടങ്ങി .. ഓരോ ഭാഗവും വളരെ ശ്രദ്ധയോടെ അവൾ കേൾക്കുന്നുണ്ടായിരുന്നു .. ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് ചോദ്യവും വരുന്നുണ്ട് ..

വണ്ടി അവളുടെ വീടെത്താറാവുമ്പോഴേക്കും എന്റെ പ്രണയം ഞാൻ പറഞ്ഞുതീർന്നു ..

” എന്റിക്ക ഇത്രയൊക്കെ സഹിച്ചിരുന്നല്ലെ .. പാവം തന്നെ .. ഇനിമുതൽ ഇക്കാടെ കണ്ണ് നനയാൻ ഞാൻ സമ്മതിക്കില്ലാട്ടോ .. ഞാൻ ഉണ്ടാകും എന്നും എപ്പോഴും ഇക്കാടെ കൂടെ .. ഇക്കാക്ക് ഇപ്പൊ വിഷമം ഉണ്ടോ അവൾ പോയതിൽ “

” ഇല്ല പൊന്നൂ .. അന്ന് ഉണ്ടായിരുന്നു ‌‌ ഒരുപാട് .. ഇപ്പൊ ഇല്ല ‌… ഞങ്ങൾ ആഗ്രഹിച്ചത് പടച്ചോൻ നൽകിയില്ലെങ്കിലും അതിനേക്കാളും മികച്ചതായിരിക്കും ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടാകുക .. അങ്ങനെ ഒരാളാണ് ന്റെ പൊന്നൂസ് ‌‌ .. ഇപ്പൊ ഞാൻ സന്തോഷവാനാണ് .. “

അത് പറഞ്ഞ് തീരുമ്പോഴേക്കും അവൾടെ വീടെത്തിയിരുന്നു .. നാളെയും‌ വരണമെന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞത് .. തിരിച്ച് എന്റെ വീട്ടിലെത്തിയപ്പൊഴാണ് ഓർമ്മ വന്നത് നാളെ വൈകിട്ട് ഞങ്ങൾടെ തറവാട്ടിൽ കുടുംബ സംഗമം ഉണ്ടെന്ന് .. അപ്പൊ തന്നെ അവളെ വിളിച്ച് പറയുകയും ചെയ്തു .. അതവൾക്ക് വേദനയുള്ള കാര്യമായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു ‌. തുടർച്ചയായി മൂന്ന് ദിവസം പോയതല്ലെ .. ഒരു ദിവസം വിശ്രമിക്കാമെന്ന് പറഞ്ഞ് ഞാനവളെ സമാധാനപ്പെടുത്തി ..

പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയത് മുതൽ അവൾ ഫോൺ വിളിക്കാൻ തുടങ്ങിയിരുന്നു ‌… തറവാട്ടിൽ എല്ലാവരും എത്തി പരിപാടി തുടങ്ങിയതിനാൽ എനിക്ക് അറ്റെന്റ് ചെയ്യാൻ പറ്റിയില്ല .. രാത്രി‌ വീട്ടിലെത്തിയതിനി ശേഷമാണ് ഞാനവളെ കോൾ ചെയ്തത് ..

” ഇക്കാ .. ഇന്ന് ഞാൻ ശരിക്കും മിസ്സ് ചെയ്തു‌ കെട്ടോ .. ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഞാനിപ്പൊ .. “

” അള്ളാഹ് .. ഇപ്പൊഴേ ഇങ്ങനെ ആയാൽ ഞാൻ ഗൾഫിൽ പോകുമ്പോ ഇയ്യെന്താ പറയാ ന്റെ പൊന്നൂസേ .. “

” അതാ എനിക്ക് വിഷമം .. ഞാൻ എങ്ങനെ സഹിക്കും .. പ്രവാസി ഭാര്യമാരെയൊക്കെ സമ്മതിക്കണം ഇക്കാ .. അവരൊക്കെ ഇതെങ്ങനെ സഹിക്കുന്നു .. “

” അതിനുള്ള ക്ഷമ പടച്ചോൻ അവർക്ക് നൽകിയിട്ടുണ്ട് പെണ്ണേ .. നിനക്കും അത് നൽകും .. ബേജാറാവണ്ടാട്ടോ‌.. “

” ആഹ് .. പിന്നേ .. നാളെ രാവിലെ തന്നെ വരണംട്ടൊ .. ഞാൻ നാളെ‌ ക്ലാസ്സിനി പോകുന്നില്ല .. ഉമ്മയോട് ഞാൻ പറഞ്ഞു .. “

” ഹേ .. അതെന്താ പോകാത്തത് .. സുഖമില്ലെ നിനക്ക് “

” അതൊക്കെയുണ്ട് .. ഇനി അത്രയല്ലെ‌ ദിവസങ്ങളുള്ളൂ .. കുറച്ചൂടി സമയം എനിക്ക് ഇക്കാടെ കൂടെ ഇരിക്കണമെന്ന് തോന്നുന്നു .. അതുകൊണ്ട് നാളെ രാവിലേ വാ “

” ഹൈവ .. ഞാൻ റെഡി .. കുറേ നാളായി ന്റെ ഉമ്മാമ്മ ഇന്നെ കാണണെമെന്ന് പറയുന്നു .. നിക്കാഹിനും അവർ ഇന്നെ കണ്ടില്ലല്ലൊ.. നാളെ ഉച്ച ആകുമ്പോഴേക്കും അങ്ങോട്ടേക്ക് വിടാം .. അവിടെ വീട്ടിൽ ഉമ്മാമ്മ തനിച്ചാണ് .. അതുകൊണ്ട് ആരും ഒന്നും പറയില്ല ..”

” ആഹ് മതി .. രാത്രി വരെ അവിടെ നിക്കാനാണോ .. “

” ഹേയ് അല്ല .. അവിടുന്ന് വൈകിട്ട് വേറൊരു സ്ഥലത്തേക്ക് പോകും .. നീ എപ്പൊഴും പറയാറുള്ള പാലക്കായം തട്ട് ..‌ അവിടെ വൈകിട്ട് കിടു സീൻ ആണ് .. മഞ്ഞു വീഴുന്നത് കാണാൻ മീശപ്പുലിമലയിൽ തന്നെ പോകണമെന്നില്ല .. ഇവിടേം ഉണ്ട് .. “

” ഹൈവ ..ഞാൻ പോകാൻ കൊതിച്ച സ്ഥലമാണ് .. ഇക്കാക്ക പോയിട്ട് ഫോട്ടോസ് ഒക്കെ എടുത്ത് എന്നെ കൊതിപ്പിക്കാൻ കാണിക്കാറുണ്ട് .. കൂട്ടിയിട്ട് പോകാൻ പറഞ്ഞാൽ പോയി പണി നോക്ക് എന്ന് പറയും .. നാളെ ഫോട്ടൊസ് എടുത്ത് ഇക്കാക്കയ്ക്ക് കാണിച്ചുകൊടുക്കണം .. ഇങ്ങൾ കൊണ്ടോയില്ലെങ്കിലും ന്റെ കെട്ടിയൊൻ എന്നെ കൊണ്ടോകൂന്ന് പറഞ്ഞിട്ട് .. ഹിഹി .. “

അന്ന് ഒരുപാട് സംസാരിച്ചിട്ടാണ് ഫോൺ വെച്ചത് .. ഫോൺ വെച്ച് കിടക്കുമ്പോ ഞാൻ മനസ്സിൽ ഓർത്തു പോയി .. ഞാൻ ആഗ്രഹിച്ച പോലെയുള്ള ഒരു പെണ്ണിനെയാണ് പടച്ചോൻ എനിക്ക് നൽകിയതെന്ന് .. യാത്രയെ ഇഷ്ടപ്പെടുന്ന കുട്ടിക്കളി മാറാത്ത ഒരു പാവം തൊട്ടാവാടി പെണ്ണ് .. എന്നോട് പലരും ചോദിച്ചിരുന്നു എങ്ങനെയുള്ള പെണ്ണിനെയാണ് വേണ്ടതെന്ന് .. അവരോടൊക്കെ ഈ കാര്യങ്ങളാണ് ഞാൻ പറഞ്ഞത് .. എന്റെ ആഗ്രഹം മനസ്സിലാക്കിയെന്ന പോലെയാണ് ഫറീനയെ എന്റെ ബീവിയായി പടച്ചോൻ എനിക്ക് നൽകിയത് .. ഓരോന്ന് ഓർത്ത് ഉറങ്ങിപ്പോയത് അറിഞ്ഞില്ല ..

പിറ്റേന്ന് രാവിലെ തന്നെ വണ്ടിയുമെടുത്ത് ഞാൻ അവളുടെ വീട്ടിലേക്കിറങ്ങി .. ഞാൻ എത്തുമ്പോഴേക്കും പെണ്ണ് റെഡിയായി ഇരുന്നിരുന്നു ‌.. നിക്കാഹിനു പോകുമ്പോ ഞാൻ വാങ്ങിച്ചുകൊടുത്ത ഡ്രെസ്സാണ് അന്നവൾ ഇട്ടത് ..

പിന്നെ നേരെ ഉമ്മാമ്മാടെ വീട്ടിലേക്ക് വിട്ടു ..പോകുന്ന വഴിക്ക് കുറച്ച് സാധനങ്ങളും വാങ്ങിയാണ് പോയത് .. (അതിന്റെ കൂടെ ന്റെ പെണ്ണിനി ഒരു ചോക്ലേറ്റും വാങ്ങിയിരുന്നു .. മിനിയാന്നും വിളിച്ചപ്പൊ അവൾ പറയാ ആ ചോക്ലേറ്റിന്റെ വപ്പ് ഇപ്പൊഴും അവളുടെ ബാഗിലുണ്ടെന്ന് ..)

അവിടുന്ന് ഉമ്മാമ്മ ആക്കിവെച്ച ചോറും കഴിച്ച് കുറേ സംസാരിച്ച് വൈകിയിട്ടാണ് ഞങ്ങളിറങ്ങിയത് .. നേരെ പാലക്കായം തട്ടിലേക്ക് .. അവിടെ എത്തി മുകളിലേക്ക് കയറുമ്പോൾ അവൾടെ കൈ മുറുകെ പിടിച്ചാണ് ഞാൻ കയറിയത് .. അന്നാണ് ഞാനവളെ ഏറ്റവും കൂടുതൽ സന്തോഷവതിയായി കണ്ടത് .. തിരിച്ചു പോരുമ്പോ അവൾടെ സംസാരത്തിലാണ് എനിക്കത് മനസ്സിലായത് ..

അവൾ ആഗ്രഹിച്ച സ്ഥലത്ത് കൊണ്ടുപോയത് കൊണ്ടാണോന്ന് അറിയില്ല .. അപ്പൊ എനിക്ക് തോന്നിയത് ഇന്നലെ ഇവിടെയാണ് വരുന്നതെന്ന് പറയാതെ ഒരു സർപ്രൈസ് ആക്കിയിരുന്നുവെങ്കിൽ അവളെ ഇതിനേക്കാളും സന്തോഷവതിയായി കണ്ടേനെ എന്നാണ് ..

അന്ന് നേരം കുറേ വൈകിയിരുന്നു .. അവൾടെ ഉപ്പാടെ കോൾ വന്നുകൊണ്ടേയിരുന്നു .. പോകുന്ന വഴിക്ക് ഫുഡും കൂടെ കഴിച്ചിട്ടാണ് പോയത് ..

” ഇക്കാ .. ഇങ്ങൾ വീട്ടിലെത്തിയാൽ ആ സ്റ്റോറി അയക്കണേ .. “

അവൾടെ വീടെത്താറാവുമ്പോഴാണ് അവളത് പറഞ്ഞത് ..

” ഏത് സ്റ്റോറി ? “

” അയ്യോ .. ഇങ്ങളെ ലൊവ് സ്റ്റോറി .. ഇന്നലെ അയക്കാന്ന് പറഞ്ഞിട്ട് അയച്ചില്ലല്ലൊ “

” ഓഹ് അതാ .. ആയ്ക്കൊട്ടേ .. എത്തിയാൽ അയക്കാം .. “

അന്നും പതിവുപോലെ അവളെയും കാത്ത് ഉപ്പയും ഉമ്മയും പുറത്ത് നിൽക്കുന്നുണ്ടായിരുന്നു ..

” പുതിയാപ്ല പോവാണോ .. വന്ന് ഭക്ഷണം കഴിച്ചിട്ട് പോകാം .. “

” വേണ്ട ഉപ്പാ .. വരുന്ന വഴിക്ക് ഞങ്ങൾ കഴിച്ചിരുന്നു .. നേരം കുറേ വൈകിയില്ലെ .. പെട്ടെന്ന് പോകണം .. “

” ഓഹ് .. എന്നാ ആയ്ക്കൊട്ടെ .. അല്ല എപ്പൊളാ ഗൾഫിലേക്ക് പോകുന്നത് .. യാത്ര പറയുന്നില്ലെ .. “

“ആഹ് .. അത് പറയാതിരിക്കില്ലല്ലൊ .. നാളെ വന്ന് പറയാം .. എന്നാ ഞാൻ പോവാ ട്ടോ .. “

അവളും കൂടെ കേൾക്കാനാണ് ഞാൻ ഉച്ചത്തിൽ പറഞ്ഞത് .. തിരിച്ച് വീട്ടിലെത്തി ഫോൺ നോക്കുമ്പോ അവൾടെ രണ്ട് മൂന്ന് മിസ്സ് കോൾ ഉണ്ടായിരുന്നു .. സാധാരണ മെസ്സേജ് അയക്കാറാണ് പതിവ് .. ഇന്നെന്താ കോൾ ചെയ്തത് ..

സമയം കളയാതെ ഞാൻ അവളുടെ‌ നമ്പറിലേക്ക് ഡയൽ ചെയ്തു …

തുടരും …

Read complete ഉമ്മ കണ്ടെത്തിയ നിധി Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply