ഉമ്മ കണ്ടെത്തിയ നിധി 2

9957 Views

malayalam novel

രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല .. എങ്ങനെ വരാനാ നാളത്തെ കാര്യം ഓർത്ത് ഉള്ളിലാകെ ടെൻഷൻ ആണ് .. ശരിക്കും പെൺകുട്ടികളേക്കാൾ ടെൻഷൻ ആണെന്ന് തോന്നുന്നു ആൺകുട്ടികൾക്ക് .. സിനിമയിലൊക്കെ പെൺകുട്ടികളുടെ ഭാഗം മാത്രല്ലെ കാണിക്കാറുള്ളൂ .. ജീവിതത്തിൽ സംഭവിക്കുമ്പോ അല്ലെ മനസ്സിലാവുന്നത് പെണ്ണ്കാണൽ ഇത്രയും ടെൻഷനുള്ള പരിപാടിയാണെന്ന് ..

നാളെ നടക്കാൻ പോകുന്ന ഓരോ കാര്യവും ഓർത്ത് അങ്ങനെ കിടന്നു .. കഥകളിലൊക്കെ വായ്ക്കുന്ന പോലെ അവളുടെ വീട്ടിൽ ചെല്ലുന്നതും ചായക്കപ്പുമായി അവൾ മന്ദം മന്ദം നടന്നുവരുന്നതും , നമ്മളെ നോക്കി നാണത്തോടെ ചിരിക്കുന്നതും , ചായ കുടിക്കുന്നതും അവളോട് സംസാരിക്കാൻ വേണ്ടി റൂമിലേക്ക് പോകുന്നതും പോകുമ്പോ‌ നാണത്തോടെ അവൾ ജനലരികിൽ നിന്ന് പുറത്തേക്ക് നോക്കുന്നതും പേര് ചോദിക്കുന്നതും ഇഷ്ടായോന്ന് ചോദിക്കുന്നതും .. ഉഫ്ഫ്ഫ്ഫ് ശരീരം ആകെ കോരിത്തരിക്കുന്ന പോലെ .. അതൊക്കെ ആലോചിച്ച് എപ്പോളാ ഉറങ്ങിപ്പോയതെന്ന് നമ്മളറിഞ്ഞില്ല ..

” ടാ അച്ചൂ .. എഴുന്നേൽക്ക് .. ഇന്നെങ്കിലും ഒന്ന് നേരത്തേ എഴുന്നേറ്റൂടെ നിനക്ക് ..‌ ഒരു ബോധവും ഇല്ലാതെ കിടന്ന് ഉറങ്ങാ ചെക്കൻ “

” ഇന്ന് ഞായറാഴ്ച അല്ലെ ഉമ്മാ .. ന്തിനാ നേരത്തേ വിളിക്കുന്നത് .. “

” ഹേ ന്തിനാന്നോ .. ഇന്നല്ലെടാ ആ പെണ്ണിനെ കാണാൻ പോകേണ്ടത് .. കുറേ ദൂരല്ലെ .. രാവിലേ ഇറങ്ങണമെന്ന് ഞാനിന്നലേ പറഞ്ഞതല്ലേ .. സുഹൈദിപ്പൊ എത്തും .. “

” ഓഹ് .. അങ്ങനെ ഒന്നിണ്ടല്ലെ .. ഞാൻ മറന്നു .. ഒരു‌ മണിക്കൂർ ദൂരം അല്ലെ ഉള്ളൂ .. ഒരു ഒൻപത് മണി ആകുമ്പോ ഇറങ്ങിയാൽ പോരേ ..”

” ആഹ് മതി .. ഇപ്പൊ സമയം എത്ര ആയെന്ന് നോക്ക് .. ന്നിട്ട് കിടന്നോ “

” അള്ളോഹ് .. സമയം എട്ട് കഴിഞ്ഞല്ലൊ .. കുറച്ചൂടെ നേരത്തേ വിളിക്കലല്ലെ ഉമ്മീ “

” ഞാനല്ല പെണ്ണ് കാണാൻ പോകുന്നത് .. നീയാണ് .. വേണമെങ്കിൽ‌ എഴുന്നേറ്റ് പോയി റെഡിയാക് .. “

അതും പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് പോയി .. സുഹൈദ് ഒൻപത് മണി ആകുമ്പോ എത്താമെന്നാണ് പറഞ്ഞത് അവൻ വരുമ്പോഴേക്ക് റെഡിയാകണം ..‌ ഞാൻ ബ്രഷും തോർത്തും എടുത്ത് ബാത്രൂമിലേക്ക് പോകാൻ ഇരിക്കുമ്പോളാ അത് കണ്ടത് .. നമ്മളെ പുന്നാര പെങ്ങൾ കണ്ണാടിക്ക് മുമ്പിൽ നിന്ന് മുഖത്ത് ചിത്രം വരച്ച് കളിക്കാ .. എന്നെക്കാളും ധൃതി അവൾക്കാണ് .. നേരത്തേ എണീറ്റ് കുളിച്ച് റെഡിയായിരിക്കാ പെണ്ണ് .. നമ്മടെ കുളി കഴിഞ്ഞിട്ടും ഓളെ കണ്ണാടിക്ക് മുമ്പിലുള്ള കലാവിരുന്ന് ഇതുവരെ കഴിഞ്ഞില്ല .. ശരിക്കും അവളെ കാണാൻ ഇങ്ങോട്ടാണോ ആൾക്കാർ വരുന്നതെന്ന് വരെ തോന്നിപ്പോയി ..

” ടീ .. കഴിഞ്ഞില്ലെ നിന്റെ ചിത്രം വര .. സമയം‌ ഒരുപാടായല്ലൊ തുടങ്ങിയിട്ട് .. “

” എന്റെ ഇക്കൂ .. ഇപ്പൊ തുടങ്ങിയല്ലെ ഉള്ളൂ ‌. ഇങ്ങൾ റെഡിയാകുമ്പോളേക്ക് തീർത്തോളാം ..”

” തീർത്താൽ നിനക്ക്‌ കൊള്ളാം ‌. അവൻ വന്നാ‌ ഞാൻ അങ്ങ് പോകും .. പിന്നെ കാത്തുനിന്നില്ലാന്ന് പറയാൻ പാടില്ല .. “

അതുകേട്ട അവൾ പണി സ്പീഡ് ആക്കാൻ തുടങ്ങിയിരുന്നു .. ഞാൻ വേഗം റൂമിൽ കയറി ഡ്രെസ്സ് മാറി വന്നു .. കണ്ണാടിക്ക് മുന്നിൽ വെച്ച് മുടി ചീകുമ്പോഴാണ് ഉമ്മ പൗഡറും കൊണ്ട് വരുന്നത് കണ്ടത് ..

” ഇതാർക്കാ ഉമ്മാ പൗഡറൊക്കെ .. “

” നിനക്കല്ലാണ്ട് വേറെ ആർക്ക് ..നല്ല വെളൂവെളുത്ത പെണ്ണാ അവൾ .. അവൾക്ക് ഇഷ്ടാകണമെങ്കിൽ കുറച്ച് മൊഞ്ചനായിട്ട് പോകണം .. “

” ഇങ്ങൾ പോയേ ഉമ്മാ .. എന്റെ ഈ മൊഞ്ച് കണ്ടിട്ട് ഇഷ്ടപ്പെടുന്ന പെണ്ണിനെ മതിയെനിക്ക് .. ഇതിനപ്പുറം കുത്തിവരക്കാനൊന്നും ഞാനില്ല .. “

” ടാ .. പറയുന്നത് കേൾക്ക് അവൾക്ക് മാത്രം ഇഷ്ടായാ പോരാ .. അവളുടെ ഒരു ഇക്ക ഉണ്ട് ‌. അവനിക്കും കൂടെ ഇഷ്ടായാ മാത്രെ ഇത് നടക്കൂ .. “

” ഓഹോ .. അങ്ങനെയൊക്കെയുണ്ടൊ .. അതിനി ഇതുപോലെ ചെയ്യണമെന്ന് ആരാ പറഞ്ഞേ “

” ആഹ് അതൊക്കെയുണ്ട് .. ഇതിനു മുമ്പ് അവൾക്ക് വന്ന ആലോചന വേണ്ടാന്ന് വെച്ചത് അവൾടെ ഇക്കയ്ക്ക് ഇഷ്ടാവാത്തോണ്ടാ .. അവനാണെങ്കിൽ കുറച്ച് മോഡലും ആണ് .. “

” ആഹ .. ഫ്രീക്കൻ അളിയനൊക്കെ ഉണ്ടല്ലെ .. വേറെ ആരാ ഉള്ളത് അവൾക്ക് “

” പിന്നെ ഒരു ചെറിയ അനിയത്തിയും .. ഏഴാം ക്ലാസ്സിലാണെന്ന് തോന്നുന്നു .. “

എന്റെ അനുവാദം ചോദിക്കാതെ എന്റെ മുഖത്ത് പൗഡറും ഇട്ടുകൊണ്ടായിരുന്നു ഉമ്മ മറുപടി പറഞ്ഞത് ..

സുഹൈദ് പുറത്തെത്തി എന്ന് വിളിച്ചു പറഞ്ഞതിൽ പിന്നെയാ വീട്ടിന്ന് ഇറങ്ങിയത് .. അങ്ങനെ ഞാനും പെങ്ങളും എളേപ്പായും പിന്നെ‌ സുഹൈയും കൂടെ എന്റെ ആദ്യത്തെ പെണ്ണു കാണാൻ വേണ്ടി പുറപ്പെട്ടു ..

ഒരു മണിക്കൂർ ദൂരമുണ്ട് അവൾടെ വീട്ടിലേക്ക് .. ആ ഒരു മണിക്കൂർ കാറിൽ വെച്ച് നമ്മളവളെ കിനാവ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു .. വീടെത്തി എന്ന എളേപ്പാന്റെ വിളി കേട്ടപ്പോഴാണ് ബോധത്തിലേക്ക് വന്നത് ..

ഒരു കുഞ്ഞുവീട് .. അതും വാടകയ്ക്കാണ് .. സ്വന്തമായി വീടെടുക്കുന്നതേ ഉള്ളൂ ..എനിക്ക് പിന്നെ അതൊന്നും അറിയണ്ട ആവശ്യം ഇല്ല .. പെണ്ണിനെ‌ ഇഷ്ടായാ മതി .. വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പൊ തന്നെ കണ്ടത് നമ്മടെ ഫേവറേറ്റ് ബുള്ളെറ്റ് ആണ് .. അപ്പൊ അളിയൻ ചെക്കൻ നമ്മളെ മൈന്റുള്ളവൻ തന്നെ എന്ന് പിടികിട്ടി ..

വീടിന്റെ പുറത്ത് പെണ്ണിന്റെ ഉപ്പയും കാർണോറും നമ്മളെ‌ സ്വീകരിക്കാൻ നിൽക്കുന്നത് കണ്ടു .. ഉള്ളിൽ ഇത്തിരി ടെൻഷൻ ഉണ്ടായിരുന്നു അകത്തേക്ക് കയറുമ്പോൾ .. അവരോട് സലാം പറഞ്ഞ് ഞാനും സുഹൈയും എളേപ്പയും അവിടെ കസേരയിൽ‌ ഇരുന്നു .. പെങ്ങൾ നേരെ അകത്തേക്ക് പോയിരുന്നു ..

അവരോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്കാണ് ജ്യൂസുമായി അളിയൻ ചെക്കൻ വന്നത് ..‌നമ്മൾ‌ വിചാരിച്ച പോലെ തന്നെ മൊഞ്ചൻ ആണ് .. ഇതൊക്കെ പെണ്ണിന്റെ കയ്യിൽ കൊടുത്തയച്ചാ പോരായിരുന്നോ .. നാണത്തോടെ വന്ന് ചായ തരുന്ന പെണ്ണിനെയാ കിനാവ് കണ്ടത് .. അത് പോയിക്കിട്ടി .. എനി അടുത്തത് നോക്കാം ..

കുറേ സംസാരിച്ചതിനു ശേഷമാണ് അവർക്ക് ബോധം വന്നത് ഇവർ പെണ്ണ് കാണാനാണ് വന്നതെന്ന് .. ഇത്രേം സമയമായിട്ടും എനിക്ക് അവളെ കാണിച്ചുതന്നില്ല .. ന്റെ ക്ഷമയുടെ നെല്ലിപ്പലക പൊട്ടുന്നായപ്പൊ ആരോ പറഞ്ഞു എനി പെണ്ണിനെ വിളിക്കാമെന്ന് .. അപ്പൊഴാ ആശ്വാസമായത് .. അത് കേട്ട അവൾടെ ഉപ്പ അകത്തേക്ക് പോകുന്നത് കണ്ടു ..

” അകത്തേക്ക് വന്നോളൂ .. “

ഉപ്പയാണ് .. അകത്ത് വെച്ച് കാണാനായിരിക്കും .. ഞാൻ മെല്ലെ എണീറ്റ് തെല്ല് നാണത്തോടെ അകത്തേക്ക് പോയി .. അവിടെ ഹാളിൽ ഒരു മൂലക്ക് ഞാനവളെ കണ്ടു .. പടച്ചോൻ എനിക്കായി കാത്തുവെച്ച എന്റെ നിധിയെ .. ഒറ്റ നോട്ടത്തിൽ തന്നെ പെണ്ണിനെ എനിക്കിഷ്ടായി .. ഉമ്മ പറഞ്ഞത് പോലെ തന്നെ നല്ല ഓമനത്തമുള്ള മുഖം .. എന്നെക്കാളും ഉയരം കൂടുതലാണോന്ന് ഒരു സംശയം ഉണ്ട് .. അത് പോകുന്നതിനു മുന്നേ തീർക്കണം ..
അവളെ കൂടാതെ അവൾടെ ഉമ്മയും അനിയത്തിയും ഉപ്പയും അവിടെ തന്നെ ഉണ്ട് .. കൂടെ എന്റെ പെങ്ങളും .. എനിക്കണേൽ അടുത്ത സ്റ്റെപ്പിലേക്ക് പോകാൻ ധൃതിയായി .. ഒന്നും‌ വിചാരിക്കരുത് .. അവളോട് തനിച്ചൊന്ന് സംസാരിക്കാനാണ് ..

” എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ‌ ആയിക്കോളൂ .. “

ഉപ്പ അതും പറഞ്ഞ് പോകുമെന്നാണ് ഞാൻ വിചാരിച്ചത് .. അവിടെ നമ്മളെ രണ്ടാമത്തെ‌ കിനാവും ഇല്ലാതാകുന്നതാണ് കണ്ടത് .. എല്ലാവരുടെയും മുന്നിൽ വെച്ച് ഹാളിൽ നിന്നാണ് സംസാരിക്കാൻ അവസരം തന്നത് ..‌ എനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ .. അങ്ങനെ ആണെങ്കിൽ അങ്ങനെ ‌..‌ അവരുടെ മുന്നിൽവെച്ച് തന്നെ ഞാൻ സംസാരിക്കാൻ തുടങ്ങി ..

” ന്താ പേര് “

” ഫറീന “

ഐവ ..ഉമ്മ പറഞ്ഞ പോലെ വെറൈറ്റി പേരാണല്ലൊ ..

” എവിടെയാ പഠിക്കുന്നത് “

” കണ്ണൂർ ചിന്മയ “

ഓഹ് ‌‌ .. അതും അറിഞ്ഞു .. എനിയെന്താ ചോദിക്കാ പടച്ചോനേ .. എല്ലാവരും നമ്മളെ തന്നെ നോക്കുകയാണ് .. ഞാൻ മെല്ലെ പെങ്ങളെ ഒന്നു‌ നോക്കി ‌‌ ..അവൾ അവിടെ നിന്ന് എന്നെ നോക്കി ചിരിക്കാണ് പിശാച് ‌…

” എന്ത് പഠിക്കുന്നു .. “

” ബി എസ്‌ സീ മാത്ത്സ് ഫസ്റ്റ് ഇയർ”

ന്റള്ളോഹ് .. മാത്ത്സാ .. ബുജി ആണല്ലെ .. എനിക്ക് തീരെ ഇഷ്ടുല്ലാത്ത സബ് ..‌ പിന്നെയൊന്നും ചോദിക്കാൻ കിട്ടുന്നില്ല ..

” ഇങ്ങോട്ട് ഒന്നും ചോദിക്കാനില്ലെ “

” ഇല്ല “

അവളെ കണ്ടാൽ അറിയാം എന്നെക്കാളും പേടിയുണ്ട് അവൾക്കെന്ന് .. പാവം ഞാൻ ചോദിക്കുന്നതിനൊക്കെ‌ മറുപടി പറഞ്ഞ് ഉമ്മാടെ അടുത്തേക്ക് പോയി .. ഞാൻ പിന്നെ അവിടെ നിന്നില്ല .. പുറത്തേക്ക് നടക്കുമ്പോഴാണ് അവൾടെ ഉപ്പ ചോദിച്ചത് പെണ്ണിനെ ഇഷ്ടായോന്ന് ..

” പെണ്ണിനെയൊക്കെ ഇഷ്ടായി ‌… ഹൈറ്റ് ഒന്ന് നോക്കിയാ കൊള്ളാമെന്നുണ്ട് ‌ .. “

” അതിനെന്താ .. അകത്തേക്ക് വാ .. ഞാനവളെ വിളിക്കാം “

വീണ്ടും അവർടെ പിന്നാലെ അകത്തേക്ക് പോയി .. അവളേം വിളിച്ചുകൊണ്ടാണ് ആ ഉപ്പ തിരികെ വന്നത് .. അവർ തന്നെ അവളെ എന്റടുത്ത് നിർത്തി നോക്കി .. ഭാഗ്യം എന്നെക്കാളും ഇത്തിരി കുറവാണ് .. അപ്പൊ എല്ലാം ഓകെ ആയി ..

” എല്ലാം ഓക്കെ ആയില്ലെ .. എനിയെങ്ങനാ കാര്യൊക്കെ .. “

പുറത്തെത്തിയപ്പോൾ എളേപ്പയാണ് ചോദിച്ചത് ..

” അത് പിന്നെ .. എനിക്ക് ഓക്കെയാണ് .. അവൾടെ ഇഷ്ടം കൂടി അറിയണ്ടേ .. സംസാരിക്കുന്നതിനിടയ്ക്ക് അത് ചോദിക്കാൻ വിട്ടുപോയി .. “

പിന്നീട് അവൾടെ ഉപ്പയാണ് വന്ന് പറഞ്ഞത് അവൾക്കും ഇഷ്ടായെന്ന് .. അത് കേട്ടപ്പൊ പടച്ചോനി സ്തുദി പറഞ്ഞു .. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു .. പിറ്റേ ദിവസം തന്നെ നിശ്ചയം കഴിഞ്ഞു .. മൂത്തമ്മ രണ്ട് ദിവസം കഴിഞ്ഞ് പോകുന്നത് കൊണ്ടാണ് പിറ്റേന്ന് തന്നെ നിശ്ചയം ആക്കിയത് .. നിശ്ചയം കഴിഞ്ഞെങ്കിലും ഞങ്ങൾ തമ്മിൽ വിളിയോ ചാറ്റോ ഒന്നും‌ ഉണ്ടായില്ല .. നിക്കാഹ് കഴിയാതെ അത് പാടില്ലാന്ന് രണ്ട് വീട്ടുകാർക്കും നിർബന്ധമായിരുന്നു ..

പിന്നീടൊരു‌ ദിവസം അവളെ‌ കാണാൻ പൂതി ആയത്കൊണ്ട് വൈകിട്ട് കോളേജ് വിടുന്ന സമയം ചങ്കിന്റെ ബുള്ളെറ്റും എടുത്ത് അവിടേക്ക് വിട്ടു .. ഒന്നര മണിക്കൂർ യാത്ര ഉണ്ട് അവളുടെ കോളേജിലേക്ക് .. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് ക്ലാസ്സ് കഴിഞ്ഞിട്ട് അഞ്ച് മിനുട്ട് കഴിഞ്ഞിരിക്കുന്നെന്ന് .. എന്നാലും കാണുമെന്ന പ്രതീക്ഷയോടെ പുറത്ത് കാത്തുനിന്നു .. അപ്പൊഴാണ് നമ്മളെ പെണ്ണ് കൂട്ടുകാരിയോടൊത്ത് നടന്നു വരുന്നത് കണ്ടത് .. ഇത്രയും ദൂരം വന്നത് വെറുതേ ആയില്ല .. പെട്ടെന്ന് എന്നെ കണ്ടപ്പൊ ശരിക്കും അവളൊന്ന് നെട്ടിയെന്ന് എനിക്ക് മനസ്സിലായിരുന്നു ‌… പ്രതീക്ഷിക്കാതെ കണ്ടത് കൊണ്ടായിരിക്കാം ഒന്നും മിണ്ടാതെ ജസ്റ്റ് ഒരു പുഞ്ചിരി മാത്രം നൽകിക്കൊണ്ട് അവൾ‌ ബസ് സ്റ്റോപ്പിലേക്ക് പോയി .. എനിക്ക് അത് മതിയായിരുന്നു ‌.‌.

കുറച്ച് ദിവസങ്ങൾക്ക് ശേഷം പിന്നെം കാണാനുള്ള ആഗ്രഹം കാരണം ഫ്രണ്ടിനേം കൂട്ടിയിട്ടാണ് പോയത് .. അന്ന് പക്ഷേ പുഞ്ചിരിയിൽ ഒതുക്കാൻ ഞാൻ സമ്മതിച്ചില്ല .. അവളെ കണ്ടപ്പൊ തന്നെ എന്റടുത്തേക്ക് വിളിച്ചു ..

” ഫറീ .. ഒന്നവിടെ നിന്നെ “

പാവം ഉള്ളിൽ പേടിയുണ്ടെന്ന് തോന്നുന്നു .. ഫ്രണ്ടിന്റെ കയ്യിൽ മുറുകെ പിടിച്ചാണ് അവളവിടെ നിന്നത് .. ആ മുഖഭാവം കണ്ടപ്പൊ കൂടുതൽ സമയം നിർത്തിക്കണ്ടാന്ന് വിചാരിച്ചു ..

” തിരക്കുണ്ടെങ്കിൽ പോയ്ക്കോളൂ.. വെറുതേ കാണണമെന്ന് കരുതി വന്നതാണ് .. “

അവൾ പോകില്ലാന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത് .. നമ്മളെ പ്രതീക്ഷകളൊക്കെ കാറ്റിൽ പറത്തി അത് കേൾക്കേണ്ട താമസം തന്നെ ഓൾ ഫ്രണ്ടിനേം കൂട്ടി ബസ് സ്റ്റോപ്പിലേക്ക് ഓടിയിരുന്നു .. അവിടുന്ന് പിന്നെ കുറേ സമയം കഴിഞ്ഞിട്ടാണ് അവൾ ബസ്സ് കയറിപോയത് ‌‌.. അതുവരെ ഫ്രണ്ട്സിനോട് ഓരോന്ന് പറഞ്ഞ് ചിരിക്കുന്നത് കണ്ടു .. ഇടയ്ക്ക് നമ്മളെയും നോക്കുന്നുണ്ട് .. ഇത്രയും സമയം ഉണ്ടെങ്കിൽ ഒരുമിച്ചിരുന്ന് വല്ലതും കഴിച്ച് പോകായിരുന്നില്ലേ ഓൾക്ക് .. ഇനി അഥവാ ഓൾക്ക് നമ്മളെ ഇഷ്ടായിക്കാണില്ലെ ..

ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ചങ്ങായ്നെ ഓർമ്മ വന്നത് .. ഓൻ ഇതൊക്കെ കണ്ട് ചിരിക്കാൻ തുടങ്ങിയിട്ട് സമയം കുറേ ആയെന്ന് അപ്പൊഴാ മനസ്സിലായത് .. കള്ള ഹിമാറ് ഇനി‌ നാട്ടിൽ പോയി പാട്ടാക്കും .. ബർഗറും ഷെയ്ക്കും ഒക്കെ വാങ്ങിക്കൊടുത്ത് ഓനെ വശീകരിക്കാൻ നോക്കിയെങ്കിലും ആ സമയത്തേക്ക് മാത്രേ അവൻ അടങ്ങിയുള്ളൂ .. നാട്ടിലെത്തിയപ്പൊ ഓന്റെ തനി സ്വഭാവം പുറത്തുവന്നു .. ഓരോ ദിവസവും ഓരോ ആളോട് പറഞ്ഞ് ചിരിക്കാൻ തുടങ്ങി ….

നിശ്ചയം കഴിഞ്ഞ് നിക്കാഹ് നീട്ടിക്കൊണ്ടുപോകുന്നതിൽ
രണ്ട് വീട്ടുകാർക്കും താല്പര്യം ഇല്ലാത്തതിനാൽ പെട്ടെന്നു തന്നെ നിക്കാഹിനുള്ള ഏർപ്പാട് തുടങ്ങിയിരുന്നു .. അവളുടെ വീട്ട്കാർ ആദ്യം വന്ന് നിക്കാഹിനുള്ള തിയ്യതിയൊക്കെ‌ കുറിച്ച് പോയി ‌… നിശ്ചയം കഴിഞ്ഞ് ഒരു മാസം തികയുന്ന ദിവസമാണ് എന്റെ നിക്കാഹ് വെച്ചത് .. പിന്നീട് അതിനുള്ള ഓട്ടം പാച്ചിലിലായിരുന്നു .. മഹർ വാങ്ങാനും ഡ്രെസ്സെടുക്കാനും കുടുംബക്കാരെ അറിയിക്കാനും എല്ലാത്തിനും‌ നമ്മൾ‌ തന്നെ എത്തേണ്ടി വന്നു ..

അങ്ങനെ ഞാൻ ആഗ്രഹിച്ച ആ ദിവസം വന്നെത്തി .. എന്റെ നിക്കാഹ് .. എല്ലാത്തിനും കൂടെ ഫ്രണ്ട്സ് ഉണ്ടായത് കൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും അറിഞ്ഞില്ല .. രാവിലെ വീട്ടിന്ന് എല്ലാവരുടെയും പൊരുത്തവും വാങ്ങി ഇറങ്ങി .. പിന്നെ നേരെ പോയത് ഉപ്പാടെ ഖബറിങ്കൽ ആയിരുന്നു .. അവിടുന്ന് ദുആയും കഴിഞ്ഞിട്ടാണ് പെണ്ണിന്റെ വീട്ടിലേക്ക് പോയത് ..

അവിടെ എത്തിയപ്പൊ തൊട്ട് പിന്നെം പേടി പോലെയൊക്കെ‌ തോന്നാൻ തുടങ്ങി ..എന്താന്ന് അറിയില്ല .. ഒരുപാട് ആൾക്കാരെയൊക്കെ കണ്ടിട്ടായിരിക്കും ..‌ കാണുന്നവർ കാണുന്നവർ വന്ന് നമ്മളെ കയ്യും പിടിച്ച് സലാമും പറഞ്ഞ് കെട്ടിപ്പിടിക്കുന്നു .. അറിയുന്ന ആൾക്കാർ ഇതാണ് പുതിയാപ്ല എന്ന് പറഞ്ഞ് പരിജയപ്പെടുത്തിക്കൊടുക്കുന്നു .. അവസാനം ഉസ്താദ്മാരും വന്നു .. അവളുടെ ഉപ്പയെ എന്റെ എതിർവശം ഇരുത്തി രണ്ടുപേരുടേയും കൈകൾ കൂട്ടിപ്പിടിച്ച് നിക്കാഹിനി ചൊല്ലേണ്ടതെല്ലാം ചൊല്ലിത്തന്നു .. അത് ഏറ്റുപറഞ്ഞ് അവസാനം ദുആയും ചെയ്ത് അവിടുന്ന് ഞങ്ങൾ മടങ്ങി ..

അങ്ങനെ ആ പുണ്യമായ കർമ്മം അവിടെ കഴിഞ്ഞു .. ഇനിമുതൽ ഫറീന എന്റെ സ്വന്തം .. നിക്കാഹിന്റെ അന്ന് ഫോൺ കൊടുത്തപ്പൊ സിം കൊടുക്കാൻ വിട്ടു പോയിരുന്നു ‌.. തിരക്കിനിടയ്ക്ക് മറന്നതാണ് .. അതുകൊണ്ട് അന്ന് വിളിക്കാൻ പറ്റിയില്ല ..

” അച്ചൂ .. നീ അവളെ വിളിച്ചോ .. “

രാത്രി വീട്ടിലേക്ക് കയറുമ്പോൾ ഉമ്മ ചോദിച്ചതാണ് ..

” ഇല്ലുമ്മാ .. സിം കൊടുക്കാൻ വിട്ടുപോയി .. എനി നാളെ വിളിക്കാം .. “

” നല്ല ആളാ നീ .. നിനക്ക് അറിയില്ലെ ഫോൺ കൊടുക്കുമ്പോ സിം വേണമെന്ന് .. സാരമില്ല .. ഓളെ‌ ഉമ്മാടെ നമ്പർ തരാം .. അതിലേക്ക് വിളിച്ചോ “

” അതൊന്നും വേണ്ടുമ്മാ .. നാളെ വിളിച്ചോളാം .. “

ഞാൻ പറഞ്ഞത് കേൾക്കാതെ ഉമ്മാടെ ഫോണിൽ നിന്ന് തന്നെ അവരെ വിളിച്ച് എനിക്ക് ഫോൺ തന്നു ..

” ഹെല്ലൊ .. അസ്സലാമു അലൈകും .. സുഗല്ലെ “

” ആഹ് ..വ അലൈകുമുസ്സലാം .. ഇതാരു അഫ്സലാ .. ഞാൻ ഫറീനയ്ക്ക് കൊടുക്കാട്ടോ .. “

എന്റെ ശബ്ദം കേട്ടപ്പൊ തന്നെ ഓളെ ഉമ്മ ഫോണും എടുത്ത് ഓളട്ത്തേക്ക് പോയി ..

” ഹെല്ലൊ ഇക്കാ .. ഞാനാ ഫറീന .. “

” ആഹ് .. ന്തൊക്കെയുണ്ട് ..‌സുഗല്ലെ .. “

” അൽഹംദുലില്ലാഹ് .. ഇക്കാക്കോ .. അവിടെ എല്ലാവർക്കും സുഗല്ലെ .. “

ഇവൾ ഇങ്ങനെയൊക്കെ സംസാരിക്കോ .. നിക്കാഹിനു മുമ്പേ കണ്ടപ്പൊ ഒരക്ഷരം മിണ്ടാത്ത ആളാണ് .. ഇപ്പൊ ഒരുപാട് നാളത്തെ പരിജയം ഉള്ളത് പോലെയാ സംസാരം .. അന്ന് കുറച്ച് സംസാരിച്ച് ഞാൻ വേഗം ഉമ്മാക്ക് ഫോൺ കൊടുത്തു .. സിം‌ കാർഡ് നാളെ അവളുടെ ഉപ്പ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട് .. അത് കിട്ടിയാൽ കോൾ ചെയ്യാമെന്ന് പറഞ്ഞിട്ടാണ് അന്നത്തെ സംസാരം നിർത്തിയത് ..

പിറ്റേന്ന് വൈകിട്ടാണ് അറിയാത്ത നമ്പറിൽ നിന്നും വാട്ട്സപ്പിൽ ഒരു മെസ്സേജ് വന്നത് .. ഇക്കൂ എന്നുള്ള വിളി കണ്ടപ്പൊ തന്നെ മനസ്സിലായി നമ്മളെ പെണ്ണാണെന്ന് .. അന്ന് രണ്ടുപേരുടേയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും മെസ്സേജിൽ കൂടി ഞങ്ങൾ പങ്കുവെച്ചു .. പിന്നെ രാത്രിയിലാണ് കോൾ ചെയ്തത് .. കുറേ നേരം സംസാരിച്ചു ..
അവസാനം നാളെ എവിടേക്കാണ് കറങ്ങാൻ പോകേണ്ടതെന്ന് ചോദിച്ചപ്പൊ ഇക്കാടെ ഇഷ്ടം എന്ന് പറഞ്ഞു .. അങ്ങനെ പിറ്റേ ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്തിട്ടാണ് അന്ന് ഫോൺ വെച്ചത് ..

തുടരും ….

Read complete ഉമ്മ കണ്ടെത്തിയ നിധി Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply