സൂര്യഗായത്രി 1

12640 Views

sooryaghayathri malayalam novel

ഇളം പച്ചപുല്ലു വിരിച്ച പാടം അതിൽ സ്വർണ്ണവർണത്തിൽ വിളഞ്ഞു കിടക്കുന്ന നെൽക്കതിരുകൾ . പാടത്തിനു ചുറ്റിനും ഉള്ള മരങ്ങളിൽ നിന്നും തത്തകൾ വന്ന് കതിരിൽ ഇരിക്കും എന്നിട്ടു കൂട്ടത്തോടെ പറന്നു പൊങ്ങുമ്പോൾ അവയുടെ കോക്കിൽ നെൽക്കതിരുകൾ ഉണ്ടാവാറുണ്ട് ..

ഈ കാഴ്ച തന്റെ ഡിജിറ്റൽ ക്യാമറയിൽ പകർത്താനായി കഴിഞ്ഞ 4 ദിവസം ആയി ശ്രമിക്കുവാണ് അവൾ സൂര്യ എന്ന സൂര്യഗായത്രി .

“ചക്കി …. താഴേക്ക് വരുന്നുണ്ടോ നീയ്യ്….മരത്തിന്മേല് ആണോ പെങ്കുട്ട്യോള് ഇരിക്കാ..”

“അച്ചോ , എന്റെച്ചമ്മേ ശബ്ദം ഉണ്ടാക്കല്ലേ ….”അച്ഛമ്മ എളിയിൽ കൈകുത്തി മോളിലോട്ടു നോക്കി നിന്നു.

” ശോ , അച്ചമ്മ കാരണം ആ തത്തകള് പറന്നു പോയിട്ടോ ..”
അവൾ മുഖം വീർപ്പിച്ചു നോക്കി .

“ദേ ചക്കി , സുധി എങ്ങാനും കണ്ടാൽ നിന്നെ അവൻ ശരിയാക്കും കേട്ടോ …”

“ഏട്ടൻ വന്നോ ദാ ഇപ്പൊ ഇറങ്ങി വരാം ..”

“ഡീ…ചക്കി ….”

“യ്യോ…സുധിയേട്ടൻ…”

അവൾ മരത്തിന്റെ മുകളിൽ പമ്മി ഇരുന്നു സുധി കാണാതെ , എന്നിട്ടു അച്ഛമ്മയോടു കണ്ണ് കാണിച്ചു മിണ്ടല്ലെന്നു .

“അച്ചമ്മേ ചക്കിയെ കണ്ടോ ?”

“ഇല്ലല്ലോ മോനെ എന്തേ നീ അവളെ അന്വേഷിച്ചു നടക്കുന്നെ “.

“അന്വേഷിക്കാതെ പറ്റുമോ കണ്ണ് തെറ്റിയാൽ പാടത്തും പറമ്പിലും പുഴയിലും ഒക്കെ ഇറങ്ങി നടക്കും . കെട്ടിച്ചു വിടാൻ പ്രായം ആയ പെണ്ണാ ഇപ്പോഴും കുഞ്ഞാണെന്നാ എല്ലാർടേം വിചാരം .”

അച്ചമ്മ സുധി കാണാതെ ഇടയ്ക്കിടെ ഏറുകണ്ണിട്ടു ചക്കിയെ നോക്കുന്നുണ്ട് .

“ഞാൻ എന്തായാലും ഒന്ന് നോക്കിട്ടു വരട്ടെ അച്ചമ്മ അവളെ കാണുവാണെങ്കിൽ ഞാൻ അന്വേഷിച്ചുന്നു പറയു കേട്ടോ ..”

“പറയാം മോനെ …”

സുധി തിരിഞ്ഞു നടന്നതും

പ്‌…ഡും… ഒരു ശബ്ദം കേട്ടു അവൻ തിരിഞ്ഞു നോക്കിയപ്പോൾ നടുവിന് കയ്യും കൊടുത്തു താഴെ കിടക്കുന്ന ചക്കിയെ ആണ് കണ്ടത് .

“ഡീ…നീ മരംക്കേറ്റോം തുടങ്ങിയോ…”

കൂടുതൽ ഡയ്‌ലോഗ് അടിക്കാതെ പിടിച്ചു എണീപ്പിക്കഡാ ഏട്ടാ …

അവൻചുറ്റും നോക്കി കയ്യിൽ കിട്ടിയ കമ്പെടുത്തു അവളെ അടിക്കാൻ ആയി വന്നു .അവൾ ചാടി പിടഞ്ഞു എണീറ്റ് ഓടാൻ തുടങ്ങി .

“ഡീ….നിക്കവിടെ ..”

അവൾ ഓടി അച്ചമ്മേടെ പുറകിൽ ഒളിച്ചു ..

“അച്ചമ്മേ മാറിക്കോ ഇടയിൽ കേറല്ലേ, സുധി വിളിച്ചു പറഞ്ഞു ….”
“അമ്മെ ഈ ഏട്ടൻ എന്നെ കൊല്ലാൻ വരുന്നേ ഓടി വായോ അവൾ വിളിച്ചുക്കൂവി കൊണ്ട് വീട്ടിലേക്കു ഓടി .”

“ഡി ചക്കപോത്തേ നിക്കവിടെ …”

“നീ പോടാ മരമാക്രി ഏട്ടാ ….”

അവൾടെ ശബ്ദം കേട്ട് അമ്മ ഓടി ഇറങ്ങി വന്നു .

അവൾ അമ്മേടെ പുറകിൽ ചെന്ന് നിന്നു .

“രാവിലെ തന്നെ തുടങ്ങിയോ രണ്ടാളും കൂടി ,
ഡാ സുധി നീ ഒരു കോളേജ് ലെക്ചറ്റെർ അല്ലെ നിനക്ക് നാണമില്ലേ ഇപ്പോഴും ഈ പെണ്ണിന്റെ പുറകെ കിടന്നു ഓടാൻ ” .

“അമ്മക്ക് അറിയുവോ ഇവളാ മാവിന്റെ മോളിൽ കയറി ഇരിക്കുവാരുന്നു . ഇങ്ങനെ പോയാൽ അധികം താമസിക്കാതെ മോള്‌ മതില് ചാടും .”

“ഡാ സുധീപേ … എന്റെ കുഞ്ഞിനെ കുറിച്ച് വേണ്ടാധീനം പറഞ്ഞാലുണ്ടല്ലോ അത് കേട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ അച്ഛൻ .”

അവൾ ഓടി അച്ഛന്റെ അടുത്ത് എത്തി അച്ഛൻ അവളെ ചേർത്ത് പിടിച്ചു .

“എന്താടാ പ്രശ്നം നീ മരത്തിൽ കയറിയോ ??”
അവൾ അച്ഛനെ നോക്കി തലയാട്ടി കാണിച്ചു .
“ഇന്ന് എന്താരുന്നു ഉദ്ദേശം കാക്കേടെ മുട്ട വിരിഞ്ഞൊന്നു നോക്കാൻ ആരുന്നോ അതോ മാമ്പഴം പറിക്കാനോ ?”

“അത് അച്ഛേ പാടത്തു ഉള്ള തത്തേടെ ഫോട്ടോ എടുക്കാൻ കേറിയതാ..”

“നിങ്ങൾ എല്ലാവരും കൂടിയാ ഇവളെ വഷളകുന്നതു ഞാൻ ഒന്നും പറയുന്നില്ല അവൻ ദേഷ്യപ്പെട്ടു അകത്തേക്ക് കയറാൻ തുടങ്ങി ….”

“മോനെ…നീ ഒന്ന് നിന്നെ , അവൾ നിന്റെ കുഞ്ഞി പെങ്ങൾ അല്ലെ നമ്മൾ അല്ലാതെ വേറെ ആരാ അവളെ സ്നേഹിക്കാൻ ഉള്ളത് കൂടി വന്നാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അവളെ ആരെയെങ്കിലും പിടിച്ചുഏൽപ്പിക്കണം അത് വരെയേ ഈ കുട്ടികളികൾ ഉണ്ടാവുള്ളു അവൾ പാറി പറന്നു നടക്കട്ടെ ..”

അവൻ അച്ഛനെ നോക്കി അച്ഛൻ അവനെ നോക്കി ഒന്ന് ചിരിച്ചു
“കവിതേ …. “അച്ഛൻ വിളിച്ചപ്പോൾ ‘അമ്മ ഓടി വന്നു .
“എന്താ കൃഷ്ണേട്ടാ …”

“നാളെ പുലർച്ചെ പോകാം കേട്ടോ ,നീ മക്കളോടു കൂടി പറഞ്ഞേക്ക് ”

“എന്താ കൃഷ്ണാ നാളെ പോവാണോ നീയ് ”

“പോകണം അച്ഛാ നാളെ ഒരു മീറ്റിംഗ് ഉണ്ട് അതിനു കൂടിയേ പറ്റുള്ളൂ .”

“ഓഹ് …പിന്നെ ഒരു മീറ്റിംഗ് , ആകെ കുറച്ചു ദിവസമേ എനിക്ക് എന്റെ കുട്ട്യോളെ ഒന്ന് കണ്ണ് നിറച്ചു കാണാൻ പറ്റുള്ളൂ അതിനും കൂടി സമ്മതിക്കില്ലച്ഛാ എന്താ ചെയ്യാ ”

“അച്ഛൻ ഇങ്ങനെ ഒന്നും പറയരുതേ അച്ഛന് അറിയില്ലേ ഞാൻ അവിടുത്തെ സീനിയർ അക്കൗണ്ടന്റ് ആണെന്ന് അതുകൊണ്ടു അങ്ങനെ എപ്പോഴും മാറി നിൽക്കാൻ പറ്റാത്തത് കൊണ്ടല്ലെ അവിടെ തന്നെ വീട് വെച്ച് താമസം ആക്കിയത് . ഞാൻ എത്ര കാലം ആയി അച്ഛനോടും അമ്മയോടും പറയുവാ ഞങ്ങളുടെ കൂടെ വന്നു നില്ക്കാൻ അതെങ്ങനെയാ വരില്ലല്ലോ രണ്ടാളും.”

അച്ചാച്ചൻ ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി ഇരുന്നു .

“മോനെ അച്ഛൻ വിഷമം കൊണ്ട് പറഞ്ഞതല്ലേ നീ അത് കാര്യമാക്കേണ്ട , നിനക്കുള്ളതല്ലേ ഇവിടെ ഉള്ളത് എല്ലാം പിന്നെ നീ എന്തിനാ അവിടെ കിടന്നു കഷ്ടപ്പെടുന്നത് എന്നുള്ള ചിന്തയാ അച്ഛന് , ഈ അമ്മക്ക് ആഗ്രഹം ഉണ്ട് എന്റെ മക്കളുടെ കൂടെ വന്നു നില്ക്കാൻ പക്ഷെ അച്ഛൻ ഈ വീടും തൊടിയും പൈക്കളെയും ഒക്കെ വിട്ടു വരാൻ കൂട്ടാക്കാത്തത് കൊണ്ടല്ലേ .”

“എനിക്കറിയാം അമ്മെ അതല്ലേ മാസത്തിൽ രണ്ടു തവണ എങ്കിലും ഞങ്ങൾ ഓടി വരുന്നത് ഇപ്പൊ പോകാതെ പറ്റുമോ എനിക്ക് .”

“സാരല്യ ‘അമ്മ അച്ഛനോട് പറഞ്ഞോളാം നീ അത് കാര്യാക്കണ്ട കേട്ടോ .”

~~~~~~~~~~~~~~~~

പുലർച്ചെ തന്നെ എല്ലാവരും പോകാൻ തയ്യാറായി ഇറങ്ങി .സുധീപ് വന്നു കാർ എടുത്തു .

എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങിയിട്ടും സൂര്യയെ മാത്രം എങ്ങും കണ്ടില്ല

“ചക്കി….”

അച്ഛൻ ഉറക്കെ വിളിച്ചു എന്നിട്ടു റുപടി ഒന്നും ഉണ്ടായില്ല .

അച്ഛാ ഞാൻ പോയി നോക്കാം സുധി കാറിന്റെ ഡോർ തുറന്നു ഇറങ്ങാൻ തുടങ്ങിയപ്പോൾ അച്ചമ്മ അവനെ തടഞ്ഞു ,
“എന്താ കുട്ടി വീണ്ടും തിരിച്ചു ഇറങ്ങുവാ നീ അവിടെ ഇരിക്ക് ഞാൻ പോയി നോക്കാം ”
അച്ചമ്മ അന്വേഷിച്ചു ചെന്നപ്പോൾ സൂര്യ വീടിന്റെ പുറകിൽ നിൽക്കുന്നുണ്ട് .
“അച്ചമ്മേടെ ചക്കി മോള് ഇവിടെ വന്നു നിൽക്കാ പോകണില്ലെ നീയ്യ്‌…”

അവൾഓടി വന്നു അച്ഛമ്മേനെ കെട്ടി പിടിച്ചു

“അച്ചമ്മേ നിക്ക് പോകാൻ മനസ്സു വരുന്നില്ല നിങ്ങളുടെ വരാമോ ഞങ്ങൾടെ കൂടെ ”

“അയ്യേ പോകാൻ നേരം കരയാൻ പാടുണ്ടോ ചെറിയ കുട്ടി അല്ലല്ലോ നീ ,അച്ചമ്മേടെ മോള് നല്ല കുട്ടിയായിട്ടു പോയിട്ട് വായോ ഇനി ഒരിക്കൽ വരാം ഞങ്ങൾ ”

അവൾ അച്ഛമ്മേനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടു വന്നു കാറിൽ കയറി.

“കൃഷ്ണേട്ടാ , അച്ഛനും അമ്മയ്ക്കും നല്ല വിഷമം ഉണ്ട് നമുക്ക് ഇവിടെ നിന്ന മതിയാരുന്നു”

“കവിതേ, നീ കൂടി എന്നെ കുറ്റപ്പെടുത്തുവാണോ”

” അയ്യോ അങ്ങനെ അല്ല ഞാൻ അവരുടെ വിഷമം കണ്ടു പറഞ്ഞതാ ഏട്ടാ …”

“നീ വിഷമിക്കാതെ അധികം താമസിക്കാതെ നമുക്ക് ഇങ്ങോട്ടു തന്നെ തിരിച്ചു വരാം .”
(തുടരും)

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply