Skip to content

രക്തരക്ഷസ്സ് – ഭാഗം 22

രക്തരക്ഷസ്സ് Novel

മേനോനും അവൾക്കുമിടയിൽ തടസ്സമായി എങ്ങ് നിന്നോ പാഞ്ഞെത്തിയ ഒരു ത്രിശൂലം തറഞ്ഞു നിന്നു.

ശ്രീപാർവ്വതിയുടെ കണ്ണുകൾ ചുരുങ്ങി.അവൾ പകയോടെ ചുറ്റും നോക്കി.പക്ഷേ പ്രതിയോഗിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

മരണം കാത്ത് കണ്ണടച്ച കൃഷ്ണ മേനോനും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല.

ആരോ തന്റെ രക്ഷകനായി വന്നിരിക്കുന്നു എന്നയാൾക്ക് ഉറപ്പായി.

ശ്രീപാർവ്വതി ത്രിശൂലം മറികടക്കാൻ ശ്രമിച്ചെങ്കിലും അദൃശ്യമായ ഒരു ശക്തി അവളെ തടഞ്ഞു.

“ഒരു ബലപരീക്ഷണം നടത്താൻ തയ്യാറാണ് എന്നുണ്ടെങ്കിൽ നിനക്ക് നിൽക്കാം”.

ഘന ഗാംഭീര്യമുള്ള ആ സ്വരത്തിന്റെ ഉടമയെ അവൾ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിഞ്ഞു.

മേനോന്റെ മുഖത്തും രക്ഷകനെ തിരിച്ചറിഞ്ഞതിന്റെ അമ്പരപ്പ് പ്രകടമായി.

ഇനി തനിക്കൊന്നും സംഭവിക്കില്ല എന്ന് വ്യക്തമായ മേനോൻ ശ്രീപാർവ്വതിയെ നോക്കി പുച്ഛിച്ചു ചിരിച്ചു.

എന്താടീ കൊല്ലുന്നില്ലെ?വാ വന്ന് കൊല്ലെടീ.ചത്ത് തുലഞ്ഞിട്ടും അവൾ വീണ്ടും വന്നേക്കുന്നു. പ്രതികാരം ചെയ്യും പോലും.ത്ഫൂ.

ശ്രീപാർവ്വതിയുടെ കണ്ണുകളിൽ നിന്നും രക്തം ധാരയായി ഒഴുകി. കടപ്പല്ലു ഞെരിച്ചു കൊണ്ടവൾ അയാളെ തുറിച്ചു നോക്കി.

യ്യോ,ന്റമ്മേ ഞാൻ പേടിച്ചു.
വീണ് കിട്ടിയ പുതുജീവനിൽ മേനോൻ അഹങ്കരിക്കുന്നത് കണ്ട് സിദ്ധവേദ പരമേശ്‌ ഉള്ളിൽ ചിരിച്ചു.

നീ രക്ഷപെട്ടു എന്ന് കരുതണ്ടാ.ഞാൻ വീണ്ടും വരും.വിടില്ല നിന്നെ.

ഏത് വലിയവൻ വന്നാലും വള്ളക്കടത്ത് ഭഗവതി നേരിട്ട് എഴുന്നെള്ളിയാലും ശരി നിന്റെ ജീവനെടുത്തിട്ടേ ഞാൻ പോകൂ.

മേനോൻ എല്ലാം കേട്ട് ഒരു ഭ്രാന്തനെപ്പോലെ ചിരിച്ചു കൊണ്ടിരുന്നു.

അവൾ പതിയെ സിദ്ധവേദ പരമേശിന്‌ നേരെ തിരിഞ്ഞു.

എന്തിനാണ് എന്റെ മാർഗ്ഗം മുടക്കുന്നത്.ഇവൻ തെറ്റ് ചെയ്തവനാണ്.എന്റെ ജീവിതം നശിപ്പിച്ചവൻ.

അവനെ കൊന്നിട്ട് ഞാൻ പൊയ്ക്കോളും.ഇനിയുമെന്റെ മാർഗ്ഗം തടയാൻ നോക്കരുത്. അങ്ങനെ വന്നാൽ എനിക്ക് നിന്നെയും കൊല്ലേണ്ടി വരും.

ആർക്കുമെന്നെ തടയാൻ സാധിക്കില്ല,ആർക്കും.അവൾ പൊട്ടിച്ചിരിച്ചു.

ഹേ.മതി നിന്റെ അട്ടഹാസം. നിന്റെയീ ഭീഷണിയൊന്നും എന്നോട് വേണ്ട.ദേഹം നശിച്ച ദേഹിക്ക് ഇഹത്തിൽ സ്ഥാനമില്ല.

ആരുടേയും ജീവനെടുക്കാൻ നിനക്ക് അവകാശമില്ല.മരണ സമയം അടുക്കുമ്പോൾ ആ കാശിനാഥൻ വിധിക്കും പോലെയേ ഏതൊരാളുടെയും ജീവൻ പോകൂ.

അയാൾ തെറ്റ് ചെയ്തു എന്നത് ശരി,പക്ഷേ ഇയാളെ കൊല്ലാൻ നിനക്കവകാശമില്ല.

അധികാരവും. പൊയ്ക്കോളൂ. ഇല്ലെങ്കിൽ ഭസ്മമാക്കിക്കളയും. മ്മ്മ് പോകാൻ.

ആ അഘോരിയുടെ ആജ്ഞാ സ്വരത്തിൽ കാട് പോലും നടുങ്ങി.

പ്രതികാരം പൂർത്തിയാക്കാൻ സാധിക്കാത്തതിന്റെ ഇച്ഛാഭംഗത്തോടെ അവൾ അവിടെ നിന്നും മറഞ്ഞു.

ശ്രീപാർവ്വതി പോയി എന്ന് ഉറപ്പായതും കൃഷ്ണ മേനോൻ സിദ്ധവേദ പരമേശിന്റെ കാൽക്കൽ വീണു.

അങ്ങ് കൃത്യ സമയത്ത് വന്നത് കൊണ്ട് ഞാൻ രക്ഷപെട്ടു. നന്ദിയുണ്ട് ഒരുപാട്.

മേനോന്റെ നന്ദി പ്രകടനങ്ങൾ ആ സന്യാസിവര്യനിൽ യാതൊരു വിധ മാറ്റവും സൃഷ്ടിച്ചില്ല.

തിരികെ തറവാട്ടിൽ പ്രവേശിക്കും വരെ ശ്രീപാർവ്വതിയിൽ നിന്നും രക്ഷ നേടാൻ ഒരു ഉപായം പറഞ്ഞു കൊടുത്ത് സിദ്ധവേദ പരമേശ്‌ തിരിച്ചു നടന്നു.

പാതിവഴിയെത്തിയതും അയാൾ തിരിഞ്ഞു നിന്നു.തന്നെ ആരോ പിന്തുടരുന്നു.

ചുറ്റുമൊന്ന് കണ്ണോടിച്ചെങ്കിലും പരിസരത്ത് ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.

വീണ്ടും മുൻപോട്ട് നടക്കാനാഞ്ഞതും മാർഗ്ഗ തടസ്സമായി ഒരു കരിമ്പൂച്ച പ്രത്യക്ഷപ്പെട്ടു.

ഹ ഹ,ശ്രീപാർവ്വതീ ഞാനിത് പ്രതീക്ഷിച്ചിരുന്നു.എന്തിനാണ് ഈ മായാ വേഷം നേരിൽ വാ.

പെട്ടന്ന് പൂച്ചയുടെ രൂപം വെടിഞ്ഞ് ശ്രീപാർവ്വതി അയാൾക്ക്‌ മുൻപിൽ പ്രത്യക്ഷയായി.

കാലുകൾ നിലത്ത് സ്പർശിക്കാതെ അന്തരീക്ഷത്തിൽ ഉയർന്ന് നിന്ന അവൾ അയാളെ തുറിച്ചു നോക്കി.

തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കാത്തതിന്റെ വിഷമവും അതിന് വിഘ്‌നം വരുത്തിയ തന്നോടുള്ള ദേഷ്യവും അവളുടെ മുഖത്തയാൾ തെളിഞ്ഞു കണ്ടു.

ന്റെ ലക്ഷ്യം തകർത്ത് ആ ദുഷ്ടനെ രക്ഷിച്ചിട്ട് എന്ത് നേടി.അവൾ പകയോടെ അയാൾക്ക്‌ നേരെ ചീറി.

ഞാൻ നിന്നോട് പറഞ്ഞുവല്ലോ. അയാളെ കൊല്ലാൻ നിനക്കവകാശമില്ല.

നീ മരിച്ചവളാണ്.രുദ്ര ശങ്കരൻ നിനക്ക് മോക്ഷം നൽകും.

വേണ്ടാ.നിങ്ങളുടെ സാരോപദേശം കേൾക്കാനല്ല ഞാൻ വന്നത്. ഇനിയുമെന്റെ ലക്ഷ്യം തടയാൻ നിൽക്കരുത്.

അവനെ കൊന്നിട്ട് ഞാൻ പൊയ്ക്കോളാം.അതല്ല എന്നെ ബലമായി ബന്ധിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ സർവ്വവും നശിപ്പിച്ചേ ഞാൻ പോകൂ.

അത്രയും പറഞ്ഞവസാനിപ്പിച്ചതും അവളൊരു കൊടുങ്കാറ്റ് പോലെ അവിടെ നിന്നും മറഞ്ഞു.
**********************************
ശ്രീകോവിലിൽ നിന്നും പഴയ വിഗ്രഹം ഇളക്കിയെടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ ശങ്കര നാരായണ തന്ത്രിയുടെ മുഖത്ത് സന്തോഷം അലതല്ലുകയായിരുന്നു.

അപ്പോഴേക്കും രുദ്ര ശങ്കരനും വസുദേവ ഭട്ടതിരിയും കൂടി കുളത്തിൽ നിന്നും ആദിപരാശക്തിയുടെ വിഗ്രഹം വീണ്ടെടുത്ത് താൽക്കാലികമായി നിർമ്മിച്ച കളത്തറയിൽ ഇരുത്തി.

അപ്പോ ഇന്ന് രാത്രിയോടെ ആവാഹനം ആരംഭിക്കാം ല്ല്യേ ഉണ്ണീ.

ശങ്കര നാരായണ തന്ത്രികൾ മുഖത്തെ വിയർപ്പ് തുടച്ച് കൊണ്ട് രുദ്രനെ നോക്കി.

അതായിരുന്നു ന്റെയും കണക്ക് കൂട്ടൽ,പക്ഷേ.രുദ്രന്റെ മുഖത്തെ ചിന്താഭാവം എല്ലാവരുടെയും നെറ്റി ചുളിച്ചു.

ന്താ പ്പോ ഒരു പക്ഷേ.ശങ്കര നാരായണ തന്ത്രികൾ മകനെ നോക്കി.

ഒരു തടസ്സമുണ്ട്.പുതുവിഗ്രഹം പ്രതിഷ്ഠ കഴിക്കണമെങ്കിൽ സമയം കുറിക്കണം.

അപ്പോഴാണ് എല്ലാവരും അതിനെക്കുറിച്ച് ഓർത്തത്. രാശിയിൽ തെളിയുന്ന സമയം ദിനങ്ങൾ നീണ്ട് പോയാൽ രക്ഷസ്സ് ശക്തി പ്രാപിക്കും.പിന്നെ ബന്ധിക്കുക പ്രയാസം.

ആശങ്കകൾക്ക് അറുതി വരുത്താൻ വാമദേവൻ തന്ത്രി രാശിപ്പലകയിലേക്ക് കവുടി നിരത്തി.

എല്ലാവരും അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു.

കൂട്ടിയും ഗുണിച്ചും മാറിമറിഞ്ഞ കവുടികൾ ഒടുവിൽ മേടത്തിൽ നിന്നു.

മേടം രാശിയാണ് കിട്ടിയത്. ഇതിപ്പോ മീനം ആയിട്ടല്ലേ ഉള്ളൂ.വാമദേവൻ തന്ത്രിയുടെ വാക്കുകളിൽ നിരാശ നിഴലിച്ചു.

ഇല്ല്യാ.കണക്ക് പ്രകാരം ഇന്ന് അർദ്ധ രാത്രിയോടെ രാശി മാറും.ആദിത്യൻ മീന രാശിയിൽ നിന്നും മേടത്തിലേക്ക് മാറും.

നാളെ മേടം ഒന്ന്.മേടത്തിലെ പ്രതിഷ്ഠ ഉത്തമമെങ്കിൽ സമയം കുറിക്കൂ.രുദ്രന്റെ വാക്കുകൾ എല്ലാവർക്കും പുതുജീവൻ നൽകി.

ദേവ ഗണിതാവായ സുബ്രഹ്മണ്യ സ്വാമിയെ മനസ്സാ സ്മരിച്ച് വാമദേവൻ തന്ത്രി സമയം നോക്കി. ഉദയത്തിന് ശേഷം അരമണിക്കൂർ വിട്ട് 6.20 മുതൽ 11.30 വരെ ഉത്തമം.

മതി,അത് മതി.അപ്പോൾ ഇന്ന് രാത്രിയോടെ പൂജകൾ ആരംഭിക്കാം.

നാളെ പ്രതിഷ്ഠ കഴിച്ച് സഹസ്ര കലശാഭിഷേകം കഴിയുമ്പോൾ ആവാഹനം പൂർത്തിയാവും.

ദേവേട്ടാ മംഗലത്തേക്ക് തിരിച്ചോളൂ.പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുക.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക അവൾ ഏത് വിധത്തിലും പൂജ മുടക്കാനും ആ മേനോനെ കൊല്ലാനും നോക്കും.കരുതൽ വേണം.

എല്ലാം ശ്രദ്ധയോടെ കേട്ട് മനസ്സിലാക്കിയ ദേവദത്തൻ ഏവരുടെയും അനുഗ്രഹം വാങ്ങി മംഗലത്തേക്ക് തിരിച്ചു.

ശ്രീപാർവ്വതിയിൽ നിന്നും രക്ഷനേടി തറവാട്ടിൽ എത്തിയതും മേനോൻ തന്റെ രക്ഷയെടുത്ത് ധരിച്ചു.

അയാൾക്ക് അപ്പോഴും ശ്വാസം നേരെ വീണിരുന്നില്ല. നടന്നതൊക്കെ ഒരു ദു:സ്വപ്‍നം പോലെ അയാളെ അലട്ടിക്കൊണ്ടിരുന്നു.

പനിയുടെ പ്രാരംഭ ലക്ഷണങ്ങളോടെ പൂമുഖത്തെ ചാരുകസേരയിൽ വിശ്രമിക്കുമ്പോഴാണ് പടിപ്പുര കടന്ന് ദേവദത്തൻ എത്തുന്നത്.

ദേവനെ കണ്ടതും മേനോന്റെ ഉള്ള് കിടുങ്ങി.ശ്രീപാർവ്വതി വീണ്ടും വന്നതാണോ എന്ന ഭയം അയാളെ ബാധിച്ചു.

പക്ഷേ ദേവദത്തനോടൊപ്പം കടന്ന് വന്ന വെളിച്ചപ്പാടിനേയും നാട്ടുകാരായ ചിലരെയും കണ്ടപ്പോഴാണ് മേനോന്റെ സംശയം മാറിയത്.

ആഗമനോദ്ദേശം അറിയിച്ചതിന് ശേഷം ദേവദത്തൻ വേണ്ട ഒരുക്കങ്ങൾ തുടങ്ങാൻ കൂടെ വന്നവർക്ക് നിർദ്ദേശങ്ങൾ നൽകി.

ആവാഹനക്കളം തീർത്ത് ചാണകമടിച്ചു.പച്ചോല വെട്ടി പന്തലൊരുക്കി.

ഒരീച്ച പോലും കടക്കാത്ത രീതിയിൽ ആവാഹനക്കളം ചുറ്റും ബന്ധിച്ചു.

ഹോമകുണ്ഡവും വിളക്കുകളും ഒരുക്കി.എല്ലാം പൂർത്തിയായപ്പോഴേക്കും സൂര്യൻ പടിഞ്ഞാറ് ചായാൻ തുടങ്ങിയിരുന്നു.

പുറത്തെ ഒരുക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് അഭിമന്യു റൂമിൽത്തന്നെയിരുന്നു.

കാളകെട്ടിയിൽ നിന്നും മേനോന്റെ പൂർവ്വ കാലം അറിഞ്ഞതിന് ശേഷം അവൻ അയാളിൽ നിന്നും അല്പം അകലം പാലിച്ചു തുടങ്ങിയിരിക്കുന്നു.

ക്ഷേത്രത്തിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ഏവരും മടങ്ങി.

കാളകെട്ടിയിൽ എത്തിയ പാടെ ശരീര ശുദ്ധിവരുത്തി രുദ്ര ശങ്കരൻ അറയിൽ പ്രവേശിച്ചു.

ദുർഗ്ഗാ ദേവിക്ക് മുൻപിൽ പത്മമിട്ട് വിളക്ക് തെളിച്ചു.അമ്മേ മഹാമായേ അടിയനെ ഇടം വലം കാക്കണേ.

ചെയ്യും കർമ്മവും ചൊല്ലും മന്ത്രവും നാവ് പിഴയോ കൈപ്പിഴയോ കൂടാതെ പൂർത്തീകരിക്കാൻ അനുഗ്രഹിക്കണേ.

” ഓം ദുർഗ്ഗായെ നമഃ
ഓം ശക്തിസ്വരൂപിണീ നമഃ
ഓം ചാമുണ്ഡേ നമഃ
ഓം പരബ്രഹ്മ സ്വരൂപിണീ നമഃ ”

രുദ്രൻ ദേവിയുടെ കാൽക്കൽ തൊട്ട് തൊഴുതു കൊണ്ട് സ്വർണ്ണത്തിൽ തീർത്ത സ്ത്രീ രൂപം ഒരു ചെറിയ പട്ടിൽ പൊതിഞ്ഞ് കൈയ്യിലെടുത്തു.

സമീപ ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെയും സഹായികളെയും കൂട്ടി രുദ്ര ശങ്കരൻ മംഗലത്തേക്ക് തിരിച്ചു.

വള്ളക്കടത്തേക്കുള്ള പാതയിലൂടെ കടിഞ്ഞാണിളകിയ കുതിരയെപ്പോലെ രണ്ട് കാറുകൾ അതി വേഗം കുതിച്ചു.

മുൻപിലെ വണ്ടിയിൽ രുദ്ര ശങ്കരനും പരികർമ്മികളായ മേൽശാന്തിമാരുമായിരുന്നു.

തന്റെ ഉപാസന മൂർത്തിയായ ആദിപരാശക്തിയെ ധ്യാനിച്ചു കൊണ്ട് രുദ്ര ശങ്കരൻ കണ്ണടച്ചിരുന്നു.

വണ്ടികൾ വള്ളക്കടത്ത് എന്ന കൂറ്റൻ കമാനം കടന്നതും ശാന്തമായിരുന്ന പ്രകൃതിയുടെ ഭാവം മാറി.

മന്ദഗതിയിൽ വീശിത്തുടങ്ങിയ കാറ്റ് അതിവേഗമൊരു കൊടുങ്കാറ്റായി. കാറും കോളും നിറഞ്ഞ ആകാശം കരിങ്കാളിയെപ്പോലെ തോന്നിപ്പിച്ചു.

ഇടിയും മിന്നലും മത്സര ബുദ്ധിയോടെ താഴേക്ക് ആർത്തിറങ്ങി. പരികർമ്മികൾ ഭയപ്പാടോടെ രുദ്രനെ നോക്കി.

ഇരുട്ട് പരന്ന് തുടങ്ങിയ ചെമ്മൺ പാതയിലൂടെ വണ്ടി പായിക്കാൻ ഡ്രൈവർമാർ നന്നേ ക്ലേശിച്ചു.

എല്ലാവരിലും ഭയം താണ്ഡവമാടിയപ്പോൾ രുദ്രൻ മാത്രം ശാന്തനായിരുന്നു.അയാൾ കണ്ണ് തുറക്കുകയോ ധ്യാനം നിർത്തുകയോ ചെയ്തില്ല.

വണ്ടികൾ വള്ളക്കടത്ത് ക്ഷേത്രം പിന്നിട്ടതും വഴിയരികിൽ നിന്ന അരയാൽ ആരോ എടുത്തെറിഞ്ഞ പോലെ ചുവടേ പിഴുത് താഴേക്ക് വന്നു.

എല്ലാവരിൽ നിന്നും ഒരാർത്ത നാദമുയർന്നതും രുദ്ര ശങ്കരൻ കണ്ണ് തുറന്നു.

“ഓം ഹ്രീം കാലഭൈരവ
സ്തംഭന സ്തംഭന സർവ്വ ശത്രു ക്രിയാ സ്തംഭന സ്വാഹ”

സ്തംഭന മന്ത്രം ചൊല്ലിക്കൊണ്ട് രുദ്ര ശങ്കരൻ കൈയ്യിലിരുന്ന രുദ്രാക്ഷ മാല പുറത്തേക്ക് വലിച്ചെറിഞ്ഞു.

ഇരു വണ്ടികളെയും തകർത്ത് തരിപ്പണമാക്കാൻ കുതിച്ചു വന്ന കൂറ്റൻ അരയാൽ അന്തരീക്ഷത്തിൽ സ്തംഭിച്ചു നിന്ന ശേഷം ഉഗ്ര ശബ്ദത്തോടെ പൊട്ടിച്ചിതറി.

രുദ്രന്റെ മുഖത്ത് ചെറു ചിരി വിടർന്നു.ആരും ഭയക്കേണ്ടാ. ഇതൊക്കെ അവളുടെ ഓരോ കുസൃതികൾ മാത്രം.അയാൾ അനുയായികളെ ആശ്വസിപ്പിച്ചു.

മ്മ് വണ്ടിയെടുക്കൂ.രുദ്രന്റെ ആജ്ഞ ലഭിച്ചതും ഡ്രൈവർ ഗിയർ മാറ്റി,എടുത്തെറിഞ്ഞത് പോലെ കാർ മുൻപോട്ട് കുതിച്ചു.

പുറത്ത് മഴ ആർത്തലയ്ക്കുകയാണ്.
ഗണപതി ഹോമം,ദുർഗ്ഗാ പ്രീതി, ഭഗവതി സേവ എന്നിവയാണ് ആദ്യം.ആ സമയത്തിനുള്ളിൽ നിങ്ങൾ മറ്റ് ചില കാര്യങ്ങൾ ചെയ്യണം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക അവൾ ഏത് വിധത്തിലും ഹോമം മുടക്കാൻ ശ്രമിക്കും ജാഗ്രത വേണം.

അഭിമന്യു,ലക്ഷ്മി,അമ്മാളു ഈ മൂന്ന് പേരിലും നല്ല ശ്രദ്ധ ചെലുത്തുക. മന്ത്രക്കളത്തിൽ മേനോൻ മാത്രം മതി.

രുദ്രൻ അനുയായികൾക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരു കുലുക്കത്തോടെ വണ്ടി നിന്നു.

മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരിക്കുന്നു.രുദ്ര ശങ്കരൻ ഗ്ലാസ് താഴ്ത്തി,മംഗലത്ത് എന്ന പേര് അയാളുടെ കണ്ണിലുടക്കി.

അമ്മേ കാത്ത് കൊള്ളണേ. അയാൾ അൽപ സമയം കണ്ണടച്ച് പ്രാർത്ഥിച്ചു.പരികർമ്മികൾ പുറത്തേക്ക് ഇറങ്ങി.

പിന്നിലെ കാറിൽ നിന്നും സഹായികളും ഇറങ്ങിക്കഴിഞ്ഞു.

ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷമാണ് രുദ്ര ശങ്കരൻ ഡോർ തുറന്ന് പുറത്തേക്ക് കാൽ നീട്ടിയത്.

അയാളുടെ കാൽ മണ്ണിൽ തൊട്ടതും ശാന്തമായ കാറ്റ് വീണ്ടും ആഞ്ഞടിക്കാൻ തുടങ്ങി.

ഭൂമി വിണ്ടു കീറി.അവിടെ നിന്നും രക്തം തിളച്ച് മറിഞ്ഞു.തനിക്ക് മുൻപിൽ മംഗലത്ത് തറവാട് വട്ടം ചുറ്റുന്നത് പോലെ തോന്നി രുദ്രന്.

കൈയ്യിൽ കരുതിയിരുന്ന വെള്ളി കെട്ടിയ ചൂരൽ അയാൾ മണ്ണിലേക്ക് കുത്തിയിറക്കി. നിമിഷങ്ങൾക്കുള്ളിൽ എല്ലാം പൂർവ്വസ്ഥിതിയിലായി.

പകച്ച് നിൽക്കുന്ന പരികർമ്മികളെയും സഹായികളെയും നോക്കി അയാൾ കണ്ണിറുക്കി.

ശ്രീപാർവ്വതീ ഈ സ്വീകരണം എനിക്കൊരുപാട് ഇഷ്ട്ടമായിരിക്കുന്നു.ഇത്തരം വിനോദങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് പടിപ്പുര തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചു.

കൃഷ്ണ മേനോൻ ആവാഹനപ്പുരയിൽ തന്നെയുണ്ടായിരുന്നു.

അയാൾക്കുണ്ടായ അനുഭവങ്ങൾ വള്ളിപുള്ളി വിടാതെ ദേവദത്തൻ രുദ്രനെ ധരിപ്പിച്ചു.

പരീക്ഷങ്ങൾ ഇനിയുമുണ്ടാകും. പ്രതികാരദാഹിയായ ആത്മാവ് ലക്ഷ്യം പൂർത്തീകരിക്കാൻ ഏത് മാർഗ്ഗവും സ്വീകരിക്കും.

മേനോന്റെ ഭയം വർദ്ധിച്ചു കൊണ്ടിരുന്നു.അയാൾ രുദ്രന്റെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞു.

ഹേ.മേനോൻ അദ്ദേഹം ന്താ ഇത്. ഞാൻ കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം.

കാളകെട്ടിയിലെ മാന്ത്രികർ വാക് പിഴ കാണിക്കില്ല.നിങ്ങളെ അവളുടെ കൈയ്യിൽ നിന്നും ഞാൻ രക്ഷിച്ചിരിക്കും.

രുദ്ര ശങ്കരൻ ദേവദത്തനെ കണ്ണ് കാണിച്ചു.അയാൾ കൃഷ്ണ മേനോനെ ആശ്വസിപ്പിച്ച് മാറ്റി നിർത്തി.

നമുക്ക് സമയം പരിമിതമാണ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങുക.

നിമിഷങ്ങൾക്കുള്ളിൽ ഏവരും പൂജയ്ക്ക് തയ്യാറെടുത്തു. ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിച്ചു.

വായുവിൽ കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധമുയർന്നു.

ആദ്യം ഗണപതി ഹോമം.രുദ്രന്റെ ഗാംഭീര്യ സ്വരമുയർന്നു.നാല് വശത്തും നിരത്തിയ ആവണിപ്പലകകളിൽ ആസനസ്ഥരായ ശാന്തിക്കാർ ഗണപതി ഹോമത്തിന് തുടക്കം കുറിച്ചു.

അതേ സമയം മറ്റൊരു ശരീരത്തിലും കടക്കാൻ സാധിക്കാതെ ശ്രീപാർവ്വതി മംഗലത്ത് തറവാടിന് പുറത്ത് കൂടി അലഞ്ഞു.

കൃഷ്ണ മേനോനെ കൊല്ലാൻ സാധിക്കാതെ മടങ്ങാൻ അവൾ ഒരുക്കമായിരുന്നില്ല.

അകത്ത് നടക്കുന്ന ഹോമത്തിന്റെ മന്ത്ര ധ്വനികൾ അവൾക്ക് അസഹ്യമായിത്തുടങ്ങി.

യാതൊരു വിധ തടസ്സങ്ങളും കൂടാതെ ഗണപതി ഹോമം പൂർത്തിയായി.

കൃഷ്ണ മേനോന്റെ മനസ്സിലെ ഭയം പതിയെ നീങ്ങിത്തുടങ്ങി.

രുദ്ര ശങ്കരൻ ദേവദത്തനെ അടുത്ത് വിളിച്ച് ചെവിയിൽ എന്തോ മന്ത്രിച്ചു. അയാൾ ശ്രദ്ധയോടെ എല്ലാം കേട്ട് മനസ്സിലാക്കി.

നെയ്യ് മുക്കിയ പന്തത്തിലേക്ക് ഹോമകുണ്ഡത്തിലെ അഗ്നി പകർന്ന് രുദ്രൻ അയാൾക്ക്‌ കൈമാറി.കൂടെ ഒരു പിടി അരളിപ്പൂവും കുങ്കുമവും.

എല്ലാം ഭക്ത്യാദര പൂർവ്വം കൈയ്യേറ്റ ദേവദത്തൻ ഹോമകുണ്ഡത്തിന് മൂന്ന് വലം വച്ച് നേരെ കിഴക്കോട്ട് നടന്നു.

സമയം അല്പം പോലും നഷ്ട്ടപ്പെടുത്താതെ ദുർഗ്ഗാ പ്രീതിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

ചുവന്ന പുഷ്പം കൈയ്യിലെടുത്ത് രുദ്ര ശങ്കരൻ ദുർഗ്ഗാ ദേവിയെ ധ്യാനിച്ച് മന്ത്രം ചൊല്ലി.

” ഓം ദുർഗ്ഗായ നമഃ
ഓം സിംഹവാഹിനീ നമഃ
ഓം മഹിഷാസുര മർദ്ധിനീ നമഃ “.

പുഷ്പം അഗ്നിയിലേക്ക് അർപ്പിച്ചതും എവിടെ നിന്നോ ഒരു പെൺ കുട്ടിയുടെ കരച്ചിൽ ഉയർന്നു.

ആരുടേയും മനസ്സിൽ സഹതാപം സൃഷ്ടിക്കും പോലെ ഒരു തേങ്ങൽ. ഒരു നിമിഷം തന്റെ പരികാർമ്മികൻമാരുടെ ശ്രദ്ധ തെറ്റുന്നത് രുദ്രനറിഞ്ഞു.

ഹേ.ശ്രദ്ധ മാറരുത്.ഞാൻ പറഞ്ഞിരുന്നുവല്ലോ ഇതെല്ലാം അവളുടെ മായയാണ്.

കണ്ണ് തുറക്കരുത്.മന്ത്രത്തിൽ മാത്രം ശ്രദ്ധിക്കുക.ചുറ്റും നോക്കരുത്.രുദ്ര ശങ്കരൻ ശബ്ദം കടുപ്പിച്ചു.

ഓം ശത്രു സംഹാരകേ നമഃ അയാൾ ഒരുപിടി പുഷ്പവും എള്ളും കുങ്കുമവും കൂടി അഗ്നിയിലേക്ക് അർപ്പിച്ചു.

പൊടുന്നനെ കുഞ്ഞിന്റെ കരച്ചിൽ നേർത്ത് നേർത്ത് ഇല്ലാതായി.
പക്ഷേ അടുത്ത ഉരു മന്ത്രം ചൊല്ലാൻ തുടങ്ങുമ്പോഴേക്കും രുദ്ര ശങ്കരന് ശബ്ദം കിട്ടിയില്ല.

നാവ് കുഴയും പോലെ,ശരീത്തിൽ വല്ലാത്ത ഭാരം അനുഭവപ്പെടുന്നു. അയാൾ അവിശ്വസനീയതയോടെ തല താഴ്ത്തി.

ഉദരം ക്രമാതീതമായി വീർത്ത് തുടങ്ങിയിരുന്നു.പുറത്ത് ശ്രീപാർവ്വതി പൊട്ടിച്ചിരിക്കുന്നത് രുദ്രൻ മനക്കണ്ണിൽ കണ്ടു.

അതേ സമയം ദേവദത്തൻ ശ്രീപാർവ്വതിയെ ആദ്യം ബന്ധിച്ചിരുന്ന ചെമ്പകത്തിന്റെ ചുവട്ടിൽ എത്തിയിരുന്നു.

എങ്ങും കനത്ത നിശബ്ദത. കറുത്തിരുണ്ട മാനത്ത് ചന്ദ്രിക ഒളികണ്ണിട്ട് നോക്കുന്നു.മങ്ങിയ നിലാവ് പതിക്കുന്നുണ്ട്.

ദേവദത്തൻ ദേവിയെ സ്മരിച്ചു കൊണ്ട് ചെമ്പകത്തിന് ഒരു വലം വച്ചു,ശേഷം കൈയ്യിൽ കരുതിയിരുന്ന അരളിയും കുങ്കുമവും അതിന്റെ ചുവട്ടിൽ നിക്ഷേപിച്ച് ഒരിക്കൽ കൂടി വലം വച്ചു.

പെട്ടെന്നു ഇരുണ്ട് നിന്ന മാനത്ത് നിന്നും കൂരിരുട്ടിലെ നിശബ്ദതയുടെ കോട്ടച്ചുവരുകളെ തകർത്തുകൊണ്ട് മേഘങ്ങൾ ഗർജ്ജിച്ചു.

കുറുനരികൾ കൂട്ടമായി ഓരിയിട്ടു മരങ്ങളുടെ കൂറ്റൻ ശിഖരങ്ങൾ ഒടിഞ്ഞു വീണു.

ഇര തേടിയിറങ്ങിയ പുളവനും ചേരയും പോലും തലയുയർത്തി ചീറ്റി.

പ്രകൃതിയുടെ കലി തുള്ളനിടിയിലെവിടെ നിന്നോ ഒരു പെണ്ണിന്റെ തേങ്ങലുയർന്നു.

ദേവദത്തൻ പിന്തിരിഞ്ഞു നോക്കാതെ വേഗത്തിൽ നടന്നു.
പിന്നിൽ എന്തൊക്കെയോ അപശബ്ദങ്ങൾ ഉയരുന്നത് അയാളറിഞ്ഞു.

മംഗലത്തേക്കുള്ള പാടവരമ്പിൽ കയറിയതും തന്നെ ആരോ പിന്തുടരുന്നത് പോലെ ദേവന് തോന്നി.

അയാൾ നടപ്പിന്റെ വേഗത കുറച്ചു. തിരിഞ്ഞു നോക്കാൻ മനസ്സ് വെമ്പിയെങ്കിലും സ്വയം നിയന്ത്രിച്ചു.

രുദ്ര ശങ്കരന്റെ വാക്കുകൾ ചെവിയിൽ നിറഞ്ഞു നിൽക്കുന്നു.

എന്തൊക്കെ സംഭവിച്ചാലും പിന്തിരിഞ്ഞു നോക്കരുത്.അവൾ പല മായയും കാണിക്കും ഭയക്കരുത്. ദേവി തുണയുണ്ട്.

ഇല്ലാ പിന്തിരിഞ്ഞു നോക്കില്ല. എനിക്കൊന്നും സംഭവിക്കില്ല. ദേവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് മുൻപോട്ട് നീങ്ങി.

പക്ഷേ പിടിച്ചു നിർത്തിയ പോലെ അയാളുടെ കാലുകൾ നിശ്ചലമായി. കണ്ണുകൾ ചുരുങ്ങി.ചെന്നിയിലൂടെ വിയർപ്പ് ഒഴുകിയിറങ്ങി.

മങ്ങിയ ചന്ദ്ര പ്രഭയിൽ അടുത്ത കണ്ടത്തിലെ(കൊയ്ത്ത് കഴിഞ്ഞ പാടം)തെളി നീരിൽ ദേവനാ കാഴ്ച്ച കണ്ടു.

അഴിച്ചിട്ട മുടിയും നീണ്ട് കൂർത്ത നഖങ്ങളും തന്നെക്കാൾ ഉയരവുമുള്ള ഒരു രൂപം തന്റെ പിന്നിൽ നിൽക്കുന്നു.അതേ ഇതവൾ തന്നെ ശ്രീപാർവ്വതിയെന്ന രക്തരക്ഷസ്സ്.

തനിക്ക് ചുറ്റും ചെമ്പകത്തിന്റെ മാദക ഗന്ധം പരക്കുന്നത് അവനറിഞ്ഞു.

നാസികയെ കുത്തിത്തുളച്ച് കയറിയ ചെമ്പകപ്പൂ സുഗന്ധം ക്രമേണ രക്തത്തിന്റെ രൂക്ഷ ഗന്ധമായി മാറി.

ആ രൂപം തന്റെയരികിലേക്ക് അടുക്കുന്നത് ദേവനറിഞ്ഞു. മുൻപോട്ട് ഓടണമെന്നുണ്ട് പക്ഷേ സാധിക്കുന്നില്ല കാലുകൾ ചലിക്കുന്നില്ല.ശരീരം തളരുന്നു.

ഒരു വിളിപ്പാടകലെ വള്ളക്കടത്ത് ക്ഷേത്രം ഇരുട്ടിൽ മുങ്ങി നിൽക്കുന്നു.

നാളെ പുലർച്ചെ നടക്കുന്ന പുനഃപ്രതിഷ്ഠ തൊഴാൻ എനിക്ക് സാധിക്കില്ലേ ദേവീ.

ന്നെ കൈവിടല്ലേ അമ്മേ. രക്ഷിക്കണേ.അയാൾ മനമുരുകി പ്രാർത്ഥിച്ചു.

ഇല്ലാ അവൾ കൂടുതൽ അടുത്തെത്തിക്കഴിഞ്ഞു.ഇനി രക്ഷയില്ല.

എല്ലാം ഇന്നിവിടെ അവസാനിക്കുന്നു.തന്റെ ജീവിതം ഇവിടെ തീരുകയാണ്.

ഓർമ്മ വച്ച കാലം മുതൽ തന്നെ കൂടെ നിർത്തിയ ശങ്കര നാരായണ തന്ത്രി,ഉണ്ണിത്തമ്പുരാൻ,കാളകെട്ടി ഇല്ലം എല്ലാം തനിക്ക് നഷ്ടമാവുന്നു.ദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “രക്തരക്ഷസ്സ് – ഭാഗം 22”

  1. നല്ല അവതരണം ഒരു ഹൊറർ മൂവി കണ്ട feel
    പിന്നെ
    ഇതിലെ മന്ത്രങ്ങൾ എല്ലാം ഉള്ളത് തന്നെ യാണോ?
    ഇനിയും ഇത്തരം രചനകൾ പ്രതീക്ഷിക്കുന്നു

Leave a Reply

Don`t copy text!