Skip to content

രക്തരക്ഷസ്സ് – ഭാഗം 23

രക്തരക്ഷസ്സ് Novel

ആദ്യം തന്നെ ഗ്രൂപ്പിലെ സഹോദരീ സഹോദരന്മാരോട്…ഓരോ എഴുത്തുകാരനും തന്റെ രചനകൾക്ക് കിട്ടുന്ന support നോക്കിയാണ് മുൻപോട്ടു പോകുന്നത്…
.Support കുറയുമ്പോൾ മാനസികമായി ഒരു മടുപ്പ് അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാകും..

ഞാനിപ്പോൾ അങ്ങനെ ഒരവസ്ഥയിലാണ്..രക്തരക്ഷസ്സ് തുടങ്ങിയപ്പോൾ ഉണ്ടായിരുന്നതിന്റെ പകുതി support പോലും ഇപ്പോൾ ലഭ്യമാകുന്നില്ല…ഇതേ അവസ്ഥ തുടരുകയാണ് എങ്കിൽ ഞാൻ ഈ നോവൽ ഇവിടെ ഉപേക്ഷിക്കുകയാണ്…

തുടർന്ന് വായിക്കുക…

വയർ വീർത്ത് വീർത്ത് ഒടുവിൽ ശ്വാസം തടസ്സപ്പെട്ട് ഞാൻ മരിക്കണം. നീ കൊള്ളാമല്ലോ ശ്രീപാർവ്വതീ.രുദ്രൻ മനസ്സിൽ പറഞ്ഞു.

വയർ പെരുക്കുന്നത് വർദ്ധിച്ചതോടെ അയാൾ സമീപത്തിരുന്ന ചെത്തിയ ഇളനീരും കോൽത്തിരിയും കൈയ്യിലെടുത്തുകൊണ്ട് മന്ത്രപ്പുരയ്ക്ക് പുറത്തിറങ്ങി.

ഇളനീർ താഴെവച്ച് ഉപാസനാമൂർത്തികളെ മനസ്സാ സ്മരിച്ചു കൊണ്ട് കൈയ്യിലിരുന്ന കോൽത്തിരിയിലേക്ക് സൂക്ഷിച്ചു നോക്കി.

അടുത്ത നിമിഷം അതിന്റെ തിരിയിൽ അഗ്നി ജ്വലിച്ചു.”ഓം ശത്രു ക്രിയാ ബന്ധനം സ്വാഹ”.

മന്ത്രം ചൊല്ലിക്കൊണ്ട് രുദ്രൻ കോൽത്തിരിയുടെ തണ്ട് ഇളനീരിലേക്ക് കുത്തിയിറക്കി.

കുത്ത് കൊണ്ടതും അതിൽ നിന്നും രക്തം വമിക്കാൻ തുടങ്ങി.പതിയെ രുദ്രന്റെ വയർ സാധാരണ നിലയിലായി.

തിരികെ മന്ത്രപ്പുരയിലേക്ക് കയറാൻ തുടങ്ങിയതും രുദ്രന്റെ ഇടംകണ്ണ് തുടിച്ചു.അയാളുടെ ചുണ്ടുകൾ വിറച്ചു.ദേവേട്ടൻ.

ഒരു നിമിഷം പോലും പാഴാക്കാതെ രുദ്രൻ കഴുത്തിൽ കിടന്ന രുദ്രാക്ഷ മാലയിൽ കൈ കോർത്ത് ഉപാസനാ മൂർത്തിയായ ചാത്തനെ സ്മരിച്ചു കൊണ്ട് ഹോമകുണ്ഡത്തിൽ നിന്നും ഒരു കനലെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു.

ജ്വലിച്ചുയർന്ന ആദിത്യനെപ്പോലെ ആ കനൽക്കട്ട അന്തരീക്ഷത്തിൽ ഉയർന്ന് നിന്നു.

ഇല്ലം കാക്കും തേവാര മൂർത്തേ. ചൊല്ല് കേട്ട് കൂടെ നിൽക്കും സഹോദരനെ രക്ഷസ്സിൻ പിടിയിൽ നിന്നും കാത്ത് കൊണ്ടു വാ.

മൂന്ന് നേരം നേദ്യം വയ്ക്കുന്ന രുദ്രന്റെ വാക്ക് കേൾക്കേണ്ട താമസം ആ കനൽ വായു വേഗത്തിൽ കിഴക്കോട്ട് കുതിച്ചു.

രുദ്ര ശങ്കരൻ തന്റെ പ്രയോഗത്തിൽ നിന്നും രക്ഷനേടിയെന്ന് മനസ്സിലാക്കിയ ശ്രീപാർവ്വതിയുടെ ഉള്ളിൽ അല്പം ഭയം പടർന്നു.

ചെമ്പകച്ചുവട്ടിൽ ദേവദത്തൻ നിക്ഷേപിച്ച പൂവും കുങ്കുമവും ചേർന്നൊരുക്കിയ അർദ്ധ ബന്ധനത്തിന്റെ ശക്തി തകർക്കാതെ തനിക്ക് അയാളെ ഒന്നും ചെയ്യാൻ കഴിയില്ല.

ദേവന്റെ ശ്രദ്ധ പിന്നിലേക്ക് തിരിച്ചാൽ മാത്രമേ ആ ബന്ധനം നീങ്ങൂ എന്ന് മനസ്സിലാക്കിയ ശ്രീപാർവ്വതി അയാളുടെ നേരെ കൈയ്യുയർത്തി.

കണ്ടത്തിലെ ജലത്തിൽ ആ കാഴ്ച്ച കണ്ട ദേവദത്തനെ അടിമുടി വിറയ്ക്കാൻ തുടങ്ങി.

രണ്ടും കൽപ്പിച്ച് തിരിഞ്ഞു നോക്കാൻ അയാളുടെ മനസ്സ് മന്ത്രിച്ചു.

ഒരു പക്ഷേ ഇതൊക്കെ എന്റെ തോന്നലാണെങ്കിലോ.തിരിഞ്ഞു നോക്കിയാലോ.

ദേവൻ ഒരിക്കൽ കൂടി പാടത്തിലെ വെള്ളത്തിലേക്ക് നോക്കി. ശ്രീപാർവ്വതിയുടെ കൈ കഴുത്തിന് നേരെ നീളുകയാണ്.

ഇല്ലാ,തിരിഞ്ഞു നോക്കുക തന്നെ, ദേവൻ തല തിരിക്കാൻ ശ്രമിച്ചതും അതി ശക്തമായ ഒരു പ്രഭ അയാൾക്ക്‌ മുൻപിൽ പ്രത്യക്ഷപ്പെട്ടു.

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ വലയം. ഒരു നിമിഷത്തേക്ക് ദേവദത്തന് ഒന്നും വ്യക്തമായില്ല.

കൈകൾ തലയ്ക്ക് മുകളിൽ പിടിച്ച് അയാൾ കണ്ണുകൾ വലിച്ചു തുറന്നു.

അടുത്ത നിമിഷം ആ പ്രകാശ വലയത്തിൽ നിന്നും ഒരു കുറുവടി മുൻപോട്ട് കുതിച്ചു.

ദേവന്റെ ശിരസ്സിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞെത്തിയ ആ ദണ്ഡ് ശ്രീപാർവ്വതിയുടെ തിരു നെറ്റിയിൽ ആഞ്ഞു പതിച്ചു.

അടുത്ത നിമിഷം മൂന്ന് വാര പിന്നിലോട്ട് അവൾ തെറിച്ചു വീണു.
പ്രതിയോഗി ആരെന്നറിയാതെ അവളവിടെ നിന്നും കുതിച്ചുയർന്നു.

വിശ്വ രൂപം കൈകൊണ്ട ആ രക്തരക്ഷസ്സ് അലറി വിളിച്ചു. കലിയടങ്ങാതെ മണ്ണിൽ ആഞ്ഞു ചവിട്ടി.പാടങ്ങൾ വിണ്ട് കീറി.

ആരാ നീ.എന്റെ മാർഗ്ഗം തടയാൻ മാത്രം എന്ത് ബന്ധമാണ് ഇവനും നിനക്കും.പറ.അവൾ പ്രകാശ വലയത്തെ നോക്കി അലറി.

അടുത്ത നിമിഷം ആ പ്രകാശ രശ്മികൾ നേർത്ത് വന്നു. അവിടമാകെ പുകമഞ്ഞ് നിറഞ്ഞു.

ഒളിച്ചിരുന്ന തിങ്കൾക്കല പതിയെ മേഘപാളികൾക്കിടയിൽ നിന്നും പുറത്തേക്ക് തല നീട്ടി.

പടർന്നൊഴുകിയ വെള്ളി വെളിച്ചത്തിന്റെ ശോഭയിൽ അവളാ കാഴ്ച്ച കണ്ട് ഞെട്ടി.

ചാത്തൻ,കാളകെട്ടി ഇല്ലത്തെ തേവാര മൂർത്തി.മൂകാംബികാ ദേവി കാളകെട്ടി മാന്ത്രികർക്ക് നൽകിയ വര പ്രസാദം.

ആയിരം ആദിത്യന്മാരുടെ സംഗമം പോലെ തിളക്കമാർന്ന ശരീരം.മുത്ത് പൊഴിയും ചിരി.

വലത് കരത്തിൽ തന്റെ തിരുനെറ്റിയിൽ പതിച്ച കുറുവടിയുമേന്തി സർവ്വാഭരണ വിഭൂഷിതനായി കരിവീട്ടി കാതലിന്റെ തെളിമയുള്ള മാടൻ പോത്തിന്റെ പുറത്ത് ആ ശിവ പുത്രൻ വിരാചിതനാവുന്നു.

ഇന്നോളം മഹാമാന്ത്രികന്മാർക്ക് മാത്രം വെളിവായിട്ടുള്ള ചാത്തന്റെ വിശ്വരൂപം കണ്ടതും ദേവദത്തന്റെ ബോധം മറഞ്ഞു.

കാളകെട്ടിയിലെ ചാത്തനെ നന്നായി അറിയുന്ന ശ്രീപാർവ്വതി ക്ഷണ നേരം കൊണ്ട് അവിടെ നിന്നും മറഞ്ഞു.

ദുർഗ്ഗാ പ്രീതി പൂർത്തിയായതും രുദ്ര ശങ്കരൻ അയച്ച സഹായികൾ പാടവരമ്പിൽ ബോധം നശിച്ച് കിടന്ന ദേവദത്തനെ താങ്ങിയെടുത്ത് മംഗലത്ത് എത്തിച്ചു.

അപ്പോഴേക്കും അയാൾക്ക്‌ ബോധം വീണിരുന്നു. നടന്നതൊക്കെയും ഒരു സ്വപ്‍നം പോലെ കാണാനാണ് അയാൾ ആഗ്രഹിച്ചത്.

വീണ്ടും പഴയത് പോലെ രുദ്രന്റെ വാക്കുകൾക്ക് ചെവിയോർത്ത് ആ നിഷ്കളങ്ക സഹായി അവിടെ നിലയുറപ്പിച്ചു.

ബ്രഹ്മയാമത്തിന്റെ ഉദയമറിയിച്ചു കൊണ്ടൊരു നിലാപക്ഷി ഉറക്കെ ചിലച്ചു.

രുദ്ര ശങ്കരന്റെ മുഖത്ത് ഗൗരവം നിറഞ്ഞു.ബ്രഹ്മയാമം ആരംഭിച്ചു കഴിഞ്ഞു.ഇനി ഭഗവതി സേവ.

ശ്രദ്ധിക്കുക ഭവതി സേവ പൂർത്തിയായാൽ ഉടനെ നാം ആവാഹന കർമ്മങ്ങൾക്ക് തുടക്കം കുറിക്കും.

അവൾ ഏത് വിധേനയും മേനോൻ അദ്ദേഹത്തിന്റെ അടുത്തെത്താൻ ശ്രമിക്കും.

പക്ഷേ ഈ മാന്ത്രികപ്പുരയിൽ കടക്കാൻ അവൾക്കാവില്ല.അത് കൊണ്ട് തന്നെ എന്തെങ്കിലും തന്ത്രം പ്രയോഗിച്ച് ലക്ഷ്യം നേടാൻ അവൾ ശ്രമിക്കും.

മേനോൻ അദ്ദേഹം,എന്തൊക്കെ സംഭവിക്കിച്ചാലും ഇവിടെ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കരുത്.

മേനോൻ എല്ലാം കേട്ട് അനുസരണയുള്ള കുട്ടിയെപ്പോലെ മന്ത്രപ്പുരയിൽ ഇരുന്നു.

താന്ത്രിക പ്രധാനമായ ഭഗവതി സേവയ്ക്ക് ഹോമകുണ്ഡത്തിന്റെ ആവശ്യമില്ല.

എന്നാൽ അതണഞ്ഞു പോകാതിരിക്കാൻ പ്ലാവിൻ വിറക് കൂട്ടി നെയ്യ് പകർന്ന് അഗ്നി കൂടുതൽ ജ്വലിപ്പിച്ചു നിർത്തി.

പദ്മമിട്ട് വിളക്ക് വച്ച് ദേവീ ചൈതന്യം ആവാഹിച്ചു. കുത്തരിയും കടും ശർക്കരക്കൂട്ടും ചേർത്ത് തയ്യാറാക്കിയ കടും പായസം പഞ്ചോപചാര പൂജ ചെയ്ത് നിവേദിച്ചു.

ശേഷം ദുർഗ്ഗാമന്ത്രം,ത്രിപുരസുന്ദരീ മന്ത്രം, ദേവീ സൂക്തം, ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായം എന്നിങ്ങനെയുള്ള മന്ത്രങ്ങളുപയോഗിച്ച് ദേവിയെ പൂജിക്കാൻ ആരംഭിച്ചു.

അരുണന്റെ കരവിരുതിൽ സൂര്യ ഭഗവാന്റെ തേര് കിഴക്ക് പ്രഭ പടർത്തി ഉയർന്നപ്പോഴേക്കും ഭഗവതി സേവ അന്തിമ ഘട്ടത്തിലേക്ക് എത്തിയിരുന്നു.

ലളിതാ സഹസ്രനാമം ജപിച്ച് അർച്ചന ചെയ്ത് രുദ്ര ശങ്കരൻ പൂജ അവസാനിപ്പിച്ചു.

ഓരോ പൂജ കഴിയുമ്പോഴും കൃഷ്ണ മേനോന്റെ ഉള്ളിൽ സന്തോഷം അലതല്ലുകയായിരുന്നു.

അതേ സമയം വള്ളക്കടത്ത് ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.

കമ്പക്കെട്ടിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത കൊല്ലൻ വേലായുധൻ കതിനക്കുറ്റിയുടെ തിരിക്ക് തീ കൊളുത്തി.

ഗ്രാമമൊട്ടുക്ക് വിറയ്ക്കുമാറുച്ചത്തിൽ ആചാര വെടി മുഴങ്ങി.

ഇടം തല മുറുക്കിയ അസുര വാദ്യം പതി താളത്തിൽ തുടങ്ങി രുദ്ര താളത്തിലെത്തി.

കൊമ്പും കുഴലും ശംഖനാദവുമായി ദേവിയുടെ പുനഃപ്രതിഷ്ഠാ കർമ്മങ്ങൾക്ക് തുടക്കമായി.

കതിനയുടെ ശബ്ദം പാടവരമ്പും കടന്ന് മംഗലത്ത് മുറ്റത്തുമെത്തി.
രുദ്ര ശങ്കരന്റെ നോട്ടത്തിൽ നിന്നും കാര്യമുൾക്കൊണ്ട പരികർമ്മികൾ ആവാഹനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

സുദർശ ചക്രം വരച്ച് ഹോമകുണ്ഡം അതിലേക്ക് മാറ്റി.നെയ്യും കർപ്പൂരവും അർപ്പിച്ച് അഗ്നി ജ്വലിപ്പിച്ചു.

പുറത്ത് നടക്കുന്നതൊക്കെ അഭിമന്യു റൂമിൽ നിന്ന് കാണുന്നുണ്ടായിയുന്നു.

പട്ടിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന സ്ത്രീ രൂപമെടുത്തത് പുണ്യാഹം തളിച്ച് ശുദ്ധി വരുത്തി പീഢത്തിൽ വച്ചുകൊണ്ട് രുദ്രൻ സഹ താന്ത്രികർക്ക് കണ്ണ് കൊണ്ട് ആജ്ഞ നൽകി.

ഏവരും സുദർശന ഹോമത്തിന് തയ്യാറായി.കൃഷ്ണ മേനോൻ കണ്ണടച്ച് അതി തീവ്രമായ പ്രാർത്ഥനയിലാണ്.

എള്ളും പൂവും നവധാന്യങ്ങളും മറ്റു പൂജാവിധി പ്രകാരമുള്ള വസ്തുക്കളും അഗ്നിയിലേക്ക് അർപ്പിച്ചു കൊണ്ട് രുദ്ര ശങ്കരൻ സുദർശന ഹോമത്തിന് തുടക്കം കുറിച്ചു.

”ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ പരായ പരം പുരുഷായ പരമാത്മനേ”

“പരകര്‍മ്മ മന്ത്ര യന്ത്രൌഷധാസ്ത്ര ശസ്ത്രാണി,സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ”

“ഓം നമോ ഭഗവതേ മഹാസുദര്‍ശനാ ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ ബ്രഹ്മണേ പരജ്യോതിഷേ ഹും ഫട്”

താന്ത്രികരുടെ കണ്ഠനാളത്തിൽ നിന്നുമുയർന്ന സുദർശന മന്ത്രം ശ്രീപാർവ്വതിയെ കൂടുതൽ അസ്വസ്ഥയാക്കി.

മേനോനെ കൊല്ലാതെ ഞാൻ പോവില്ല്യ.അവൾ രൗദ്ര ഭാവം പൂണ്ട് മംഗലത്തേക്ക് കടക്കാൻ ശ്രമിച്ചു.

പക്ഷേ പടിപ്പുര കടക്കാനുള്ള അവളുടെ ശ്രമം സാക്ഷാൽ പാലാഴിവാസന്റെ ശക്തിക്ക് മുൻപിൽ നിഷ്ഫലമായി.

പെട്ടെന്ന് മാനം കറുത്തിരുണ്ടു. കണ്ണഞ്ചും വേഗത്തിൽ മിന്നലും കതിന തോൽക്കും വിധം ഇടിയും ഭൂമിയിലേക്കിറങ്ങി വന്നു.

അതേ സമയം വള്ളക്കടത്ത് ക്ഷേത്രത്തിൽ ശങ്കര നാരായണ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ദേവിയുടെ പുനഃപ്രതിഷ്ഠ പുരോഗമിക്കുകയായിരുന്നു.

വാസുദേവ തന്ത്രി കൈപിടിച്ചു കൂട്ടിയ വിഗ്രഹം ശങ്കര നാരായണ തന്ത്രി പീഠത്തിലേക്ക് താഴ്ത്തി അഷ്ടബന്ധം കൊണ്ട് ഉറപ്പിച്ചു.

ശ്രീപാർവ്വതിക്ക് തന്റെ നശ്വര രൂപം നഷ്ടമാവുന്നത് പോലെ തോന്നി. സത്യത്തിൽ അത് തോന്നലല്ല സംഭവ്യമാവുകയാണ് എന്ന് അവൾക്ക് വ്യക്തമായി.

വർദ്ധിച്ചു വന്ന പകയോടെ അവൾ അലറി വിളിച്ചു.കണ്ണുകളിൽ നിന്നും അഗ്നി ചിതറി.

അടുത്ത നിമിഷം അതി ശക്തമായ കാറ്റ് അവിടെയാകെ വട്ടം കറങ്ങാൻ തുടങ്ങി.

ആവാഹനപ്പുരയെ അപ്പാടെ ഇളക്കി മറിക്കും വിധത്തിൽ വായു അലറി വിളിച്ചു.വിളക്കുകൾ തെറിച്ചു വീണു.

കാറ്റിന്റെ ശീൽക്കാരത്തിനും മീതെ ശ്രീപാർവ്വതിയുടെ അട്ടഹാസം മുഴങ്ങിക്കേൾക്കാൻ തുടങ്ങി.

മന്ത്രം ചൊല്ലുന്നത് നിർത്താതെ രുദ്ര ശങ്കരൻ ദേവദത്തനെ നോക്കി.

ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചതും ദേവൻ ഹോമകുണ്ഡത്തിനടുത്ത് വച്ചിരുന്ന തളികയിൽ നിന്നും ഒരു പിടി ഭസ്മമെടുത്ത് രുദ്രന്റെ കൈയ്യിലേക്ക് നൽകി.

രുദ്രൻ ഭസ്മം അഗ്നിക്ക് മുകളിൽ മൂന്ന് തവണ ഉഴിഞ്ഞെടുത്ത് പുറത്തേക്ക് ഊതി.

ഭസ്മം അന്തരീക്ഷത്തിൽ പടർന്നതോടെ കാറ്റ് ഗതി മാറി വീശാൻ തുടങ്ങി.

സുദർശ മന്ത്രം ആയിരമുരു പൂർത്തിയായതും രുദ്ര ശങ്കരൻ പീഢത്തിൽ നിന്നും എഴുന്നേറ്റു.

പരികർമ്മികൾ മന്ത്ര ജപം തുടർന്ന് കൊണ്ടിരുന്നു.അതി ശക്തമായ മന്ത്രം പതിനായിരത്തെട്ടു ഉരു ചൊല്ലി പൂർത്തിയാവുന്നതോടെ രക്ഷസ്സിനെ ആവാഹിക്കാൻ സാധിക്കും.

അതേ സമയം ക്ഷേത്രത്തിൽ സഹസ്ര കലശാഭിഷേകം ഭംഗിയായി നടക്കുന്നുണ്ടായിരുന്നു.

മന്ത്രോച്ചാരണങ്ങളോടെ ശങ്കര നാരായണ തന്ത്രി മുന്നൂറാം കലശം അഭിഷേകം ചെയ്തു.

തന്നെ ആരോ ആവാഹനക്കളത്തിലേക്ക് വലിച്ചടുപ്പിക്കും പോലെ തോന്നിയ ശ്രീപാർവ്വതി സർവ്വ ശക്തിയും ഉപയോഗിച്ച് പിന്നിലേക്ക് വലിയാൻ ശ്രമിച്ചു.

നിനക്ക് രക്ഷയില്ല ശ്രീപാർവ്വതീ.വരൂ മോക്ഷപദത്തിൽ ചേരൂ.മ്മ്,വരാൻ.

സമീപത്തെ ഉരുളിയിൽ നിറച്ച ജലത്തിലേക്ക് നോക്കി രുദ്ര ശങ്കരൻ ആജ്ഞ നൽകി.

“ഇല്ലാ,എന്റെ ലക്ഷ്യം പൂർത്തിയാവാതെ ഞാൻ പോവില്ല്യ.

മേനോന്റെ രക്തം കൊണ്ട് സ്വയം അഭിഷേകം നടത്തിയിട്ടേ ഞാൻ പോകൂ.

അത് നിന്റെ വ്യാമോഹമാണ്. അയാളെ കൊല്ലാൻ നിനക്ക് അവകാശമില്ല.

ഇനിയൊരു നിമിഷം പോലും ഈ ഭൂമിയിൽ തുടരാൻ അനുവാദവുമില്ല.

അധികം വൈകാതെ വള്ളക്കടത്തമ്മയുടെ സഹസ്ര കലശം പൂർത്തിയാവും അതോടെ നിന്റെ ശക്തി ക്ഷയിക്കും.

ശേഷം ശ്രീപത്മനാഭന്റെ സുദർശന ചക്രം നിന്നെ ഖണ്ഡിക്കും.അതിലും നല്ലത് സ്വമേധയാ എന്റെ മുൻപിലെ ആവാഹനക്കളത്തിൽ വരുന്നതാണ്.

ഇല്ലാ.ഒരിക്കലുമില്ലാ,അവൾ അലറി വിളിച്ചു.കണ്ണുകൾ നിറഞ്ഞ് രക്തമൊഴുകി.

ഈ അട്ടഹാസം കൊണ്ടൊന്നും കാര്യമില്ല.എത്രയും വേഗം പറയുന്നത് അനുസരിക്കുക.

രുദ്ര ശങ്കരൻ വീണ്ടും മന്ത്ര ജപത്തിലേക്ക് ശ്രദ്ധ തിരിച്ചു. ദേവദത്തൻ കണക്ക് കൂട്ടി.മന്ത്രം അയ്യായിരം കടന്നിരിക്കുന്നു.

ഇതിപ്പോ എത്രയായി,കലശക്കുടം കൈയ്യേൽക്കുമ്പോൾ ശങ്കര നാരായണ തന്ത്രി വാസുദേവ തന്ത്രിയെ നോക്കി.

എണ്ണൂറ് കടന്നു.ഇനിയിപ്പോ വേഗന്ന് ആവുമല്ലോ.അവളുടെ ശക്തി ക്ഷയിച്ച് തുടങ്ങിയെന്നാണ് ലക്ഷണം.
**********************************
ദേവേട്ടാ ഈ അരി മേനോൻ അദ്ദേഹത്തിന്റെ കൈയ്യിൽ കൊടുക്കൂ.

രുദ്രൻ ഒരുപിടി അരിയെടുത്ത് ദേവദത്തനെ ഏൽപ്പിച്ചു.അയാളത് മേനോന് കൈ മാറി.

മേനോൻ അദ്ദേഹം സുദർശന മന്ത്രം പതിനായിരം ഉരു പിന്നിട്ടിരിക്കുന്നു.

ഇനി കേവലം എട്ടുരു കൂടി.ആദ്യം ആ അരി മൂന്ന് തവണ തലയ്ക്കുഴിഞ്ഞ് തരൂ.

രുദ്ര ശങ്കരന്റെ വാക്കുകൾ മഞ്ഞു തുള്ളി പോലെയാണ് കൃഷ്ണ മേനോൻ കേട്ടത്.

ദേവദത്തൻ കൈ മാറിയ അരി നിറഞ്ഞ ചിരിയോടെ കൈയ്യേറ്റ അയാൾ മൂന്ന് തവണ തലയ്ക്കുഴിഞ്ഞ് നൽകി.

രുദ്ര ശങ്കരൻ അത് അഗ്നിയിലേക്ക് അർപ്പിച്ച് നെയ്യ് പകർന്നു. അപ്പോഴേക്കും സുദർശ മന്ത്രം പൂർണ്ണമായിരുന്നു.

ശ്രീപാർവ്വതിയുടെ ശരീരം ശക്തമായ താപത്താൽ ഉരുകിയൊലിക്കാൻ തുടങ്ങി.അവൾ ദയനീയമായി തേങ്ങിക്കരഞ്ഞു.

ശ്രീപാർവ്വതീ വരൂ,നിനക്ക് മോക്ഷപ്രാപ്തിക്ക് സമയമായി വരൂ. രുദ്ര ശങ്കരന്റെ ആജ്ഞ വിദൂരത്തിൽ നിന്നവൾ കേട്ടു.

സഹസ്രം,അവസാന കലശം ദേവിക്ക് അഭിഷേകം ചെയ്ത് ശങ്കര നാരായണ തന്ത്രി ഇരു കൈയ്യും കൂപ്പി.

തളികയിൽ നിന്നും പച്ചരിയും മഞ്ഞളും കൂട്ടിയ മിസൃതമെടുത്ത് രുദ്ര ശങ്കരൻ ആവാഹനത്തിലേക്ക് കടന്നു.

”ഓം ഏഹിയേഹി ശ്രീപാർവ്വതി നാമ സ്ത്രീ പ്രേതോ ആഗച്ഛ ആഗച്ഛ ആവാഹിതോ ഭവ.”

”ഓം ഏഹിയേഹി ശ്രീപാർവ്വതി നാമ സ്ത്രീ പ്രേതോ ആഗച്ഛ ആഗച്ഛ ആവാഹിതോ ഭവ.”

ഉച്ചസ്ഥായിയിലുള്ള ആവാഹനമന്ത്രം മംഗലത്ത് പടിപ്പുര കടന്ന് ശ്രീപാർവ്വതിയെ വലയം ചെയ്തു.

ശക്തി നഷ്ടപ്പെട്ട ആത്മാവ് ഒരു മഞ്ഞു പടലം പോലെ അന്തരീക്ഷത്തിലേക്ക് ഉയർന്നു.

രുദ്ര ശങ്കരൻ മന്ത്രച്ചാരണത്തിന്റെ ആക്കം കൂട്ടി.പരികർമ്മികൾ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് നെയ്യ് തർപ്പിച്ചു.

തുളസിയും ചന്ദനവും വെളുത്ത പുഷ്പങ്ങളും അർപ്പിച്ച് രുദ്ര ശങ്കരൻ സ്വർണ്ണ സ്ത്രീ രൂപത്തിൽ കൈയ്യമർത്തി ശ്രീപാർവ്വതിയെ ആവാഹിച്ചിരുത്താൻ ആരംഭിച്ചു.

കൂട്ട മണിയടിയുടെയും മന്ത്രോച്ചാരണങ്ങളുടെയും ശബ്ദം കൂടുതൽ കനപ്പെട്ടു.

ക്രമേണ ശ്രീപാർവ്വതി സ്വർണ്ണ രൂപത്തിലേക്ക് അലിഞ്ഞു ചേരാൻ തുടങ്ങി.

ആവാഹനകർമ്മം പൂർത്തീകരിച്ച് തർപ്പണത്തിലേക്ക് കടക്കുമ്പോൾ
വള്ളക്കടത്ത് ക്ഷേത്രത്തിൽ നിന്നും പഞ്ചാരിയുടെ ദ്രുത താളം ഉയർന്ന് തുടങ്ങി.

ശാന്തമായ പ്രകൃതിയിൽ തണുത്ത മന്ദമാരുതൻ ഒഴുകി നടന്നു.ഉയർന്ന് പൊങ്ങിയ ശംഖ നാദത്തിന്റെ അകമ്പടിയോടെ ബ്രഹ്മകലശ പൂജ കഴിഞ്ഞ് വള്ളക്കടത്ത് ഭഗവതിയുടെ ശ്രീകോവിൽ തുറക്കപ്പെട്ടു.

മേനോൻ അദ്ദേഹം ഇനി ഭയപ്പെടാനില്ല.കണ്ണ് തുറന്നോളൂ. രുദ്ര ശങ്കരൻ തോളിൽ തട്ടിയപ്പോഴാണ് മേനോൻ കണ്ണ് തുറന്നത്.

ഇതാ ഇത്രയും നാൾ താങ്കളെ ഭയപ്പെടുത്തിയ ശ്രീപാർവ്വതി,രുദ്രൻ സ്വർണ്ണ പ്രതിമയ്ക്ക് നേരെ കൈ ചൂണ്ടി.

നന്ദിയുണ്ട് ഒരുപാട്.കൃഷ്ണ മേനോൻ രുദ്ര ശങ്കരന്റെ കാൽ തൊട്ട് തൊഴുതു.

ഹേ,കാളകെട്ടി ഇല്ലക്കാർ വാക്ക് പാലിച്ചു.ഇതാ രക്ഷസ്സിനെ ബന്ധിച്ചിരിക്കുന്നു.

ഞങ്ങൾക്ക് അല്പം ക്രിയകൾ കൂടി ബാക്കിയുണ്ട് താങ്കൾ തറവാട്ടിലേക്ക് മടങ്ങിക്കോളൂ.

നിറഞ്ഞ മനസ്സോടെ കൃഷ്ണ മേനോൻ അവിടെ നിന്നും പുറത്ത് കടന്നു.

വീടിന്റെ പൂമുഖപ്പടിയിൽ കാൽ വച്ചപ്പോഴാണ് അയാൾ ആ കാഴ്ച്ച കാണുന്നത്.തൊടിയിലെ കുളപ്പടവിൽ ഒരു രൂപം തന്നെ നോക്കി നിൽക്കുന്നു.

മരക്കൂട്ടങ്ങൾ തീർത്ത ഇരുളിന്റെ പ്രഭാവത്തിൽ ആളിന്റെ മുഖം വ്യക്തമാവുന്നില്ല.

ആരാ അത്,മേനോൻ പതിയെ കുളക്കരലേക്ക് നടന്നു.പക്ഷേ അപ്പോഴേക്കും ആ രൂപം എവിടെയോ മറഞ്ഞിരുന്നു.

മണിക്കൂറുകളോളം പുകയും ചൂടും കൊണ്ടിരുന്നതിന്റെ ക്ഷീണം കാരണമുണ്ടായ തോന്നൽ മാത്രമാണ് അതെന്ന് മേനോന്റെ മനസ്സ് പറഞ്ഞു.

അയാൾ പതിയെ തിരിച്ചു നടക്കാൻ തുടങ്ങിയതും പിൻകഴുത്തിൽ ഒരു ലോഹക്കുഴലിന്റെ തണുപ്പ് തട്ടി.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.4/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!