Skip to content

രക്തരക്ഷസ്സ് – ഭാഗം 24

രക്തരക്ഷസ്സ് Novel

മേനോന്റെ ഉള്ളിൽ ഒരു ഞെട്ടലുണ്ടായി.അയാൾ പതിയെ പിന്നോട്ട് തല തിരിച്ചു.

ഇരുട്ടിൽ ആളിന്റെ മുഖം വ്യക്തമല്ല.ആരാ.മേനോന്റെ ഒച്ച വിറച്ചു.

പ്രതിയോഗി അൽപ്പം കൂടി മുൻപോട്ട് കടന്ന് നിന്നു. ഇലച്ചാർത്തുകളെ തഴുകിയിറങ്ങിയ മങ്ങിയ ചന്ദ്ര പ്രഭയിൽ ആ മുഖം കണ്ട കൃഷ്ണ മേനോൻ നടുങ്ങി.

ഉണ്ണീ,അയാളുടെ തൊണ്ട വരണ്ടു.മേനോന് ശരീരം തളരുന്നത് പോലെ തോന്നിപ്പോയി.

മോനേ,നീ.ന്താ ഇത്.നിനക്കെന്താ പറ്റിയെ.മേനോന് കണ്മുൻപിൽ കണ്ടത് വിശ്വസിക്കാൻ സാധിച്ചില്ല.

അഭിയുടെ മുഖത്ത് ഇന്നേവരെയും കണ്ടിട്ടില്ലാത്ത രൗദ്ര ഭാവം. കണ്ണുകളിൽ അഗ്നി എരിയുന്നത് പോലെ.

നെഞ്ചിൽ എന്തോ കുത്തിക്കയറുന്ന വേദന.മേനോൻ തല താഴ്ത്തി നോക്കി.

ഇടത് നെഞ്ചിൽ കുത്തി നിർത്തിയിരിക്കുന്ന പിസ്റ്റലിന്റെ കുഴൽ.അഭിമന്യു അത് കൂടുതൽ കൂടുതൽ അമർത്തുകയാണ്.

സത്യത്തിൽ വേദന ശരീരത്തിലല്ല മനസ്സിനാണ് എന്ന് മേനോന് തോന്നി.

ന്താ,മേനോൻ വല്ല്യച്ഛാ തീരെ പ്രതീക്ഷിച്ചില്ല്യ ഇങ്ങനെ ഒരു രംഗം ല്ല്യേ.

ഇത് വിധിയാണ്.കാലമാണ് നിങ്ങളെ ഇങ്ങനെ എന്റെ മുൻപിൽ നിർത്തിയത്.അഭി തോക്ക് ഒന്ന് കൂടി മേനോന്റെ നെഞ്ചിലേക്ക് അമർത്തി.

ഉണ്ണീ,നിനക്കിത് ന്താ പറ്റിയെ.ന്താ കുട്ടിക്കളിയാ?അതും തോക്കൊക്കെ വച്ച്.ആ പോട്ടെ വാ വീട്ടിലേക്ക്.

മേനോൻ ആദ്യത്തെ അമ്പരപ്പിൽ നിന്നും മോചനമുൾക്കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി.

അടുത്ത നിമിഷം പുറകിൽ നിന്നും അഭിമന്യു അയാളെ ആഞ്ഞു തൊഴിച്ചു.അപ്രതീക്ഷിതമായ ആ പ്രഹരത്തിൽ മേനോൻ മുഖമടിച്ച് വീണു.

കാര്യങ്ങൾ പന്തിയല്ല എന്ന് വ്യക്തമായതും അയാൾ ചാടിയെഴുന്നേറ്റ് അഭിക്ക് നേരെ തിരിഞ്ഞു.

കഴുവേ$%&*#@മോനേ.നീ ആർക്ക് നേരെയാണ് കാലുയർത്തിയത് എന്ന് അറിയോ.

മുഖത്തിന് നേരെ വന്ന മേനോന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അഭിമന്യു മുഖം കോട്ടി ചിരിച്ചു.

അറിയാമെടോ.എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാനിങ്ങോട്ട് വണ്ടി കയറിയത്.

തന്നെ കൊന്ന് കുഴിച്ചു മൂടിയിട്ടേ ഞാൻ പോകൂ.മംഗലത്ത് കൃഷ്ണ മേനോനെ.

മേനോന്റെ മുഖം കനത്തു.അയാളുടെ മനസ്സ് മന്ത്രിച്ചു,അപകടം.ഉള്ളിൽ നുരഞ്ഞു പൊന്തിയ ഭയം പുറത്ത് കാട്ടാതെ മേനോൻ അഭിയെ തുറിച്ചു നോക്കി.

ഉണ്ണീ,നീ..നീയെന്തൊക്കെയാ ഈ പറയുന്നത്.എത്രയൊക്കെ ശ്രമിച്ചിട്ടും സ്വരത്തിൽ കയറിക്കൂടിയ പതർച്ച മറയ്ക്കാൻ മേനോനായില്ല.

ഉണ്ണിയോ,ഏത് ഉണ്ണി.ഞാൻ അഭിയാണ്,അഭിമന്യു.മംഗലത്ത് കൃഷ്ണ മേനോന്റെ മൂത്ത പുത്രൻ ആദിത്യ മേനോന്റെ മകൻ അഭിമന്യു ആദിത്യൻ.

കൃഷ്ണ മേനോന് തലയ്ക്കുള്ളിൽ ആയിരം കടന്നലുകൾ ഒന്നിച്ച് മൂളുന്നത് പോലെ തോന്നി.

ആദിത്യ മേനോന്റെ മകൻ അഭിമന്യു.ഒടുവിൽ താൻ ഭയന്നത് സംഭവിച്ചിരിക്കുന്നു.

അർജ്ജുന പുത്രനെപ്പോലെ അവൻ വന്നിരിക്കുന്നു,പകരം ചോദിക്കാൻ.

മേനോന്റെ കൈകാലുകൾ തളർന്നു.കണ്ണിൽ ഇരുട്ട് കയറി. ഒരാശ്രയത്തിനായി അയാൾ ചുറ്റും നോക്കി.ഇല്ലാ ആരുമില്ല.

അഭിയുടെ മുഖത്തെ കൊലച്ചിരി കണ്ടതും മേനോന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു.

മരണം തന്നെ നോക്കി പല്ലിളിക്കുന്ന പോലെയാണ് അയാൾക്ക്‌ തോന്നിയത്.

ശ്രീപാർവ്വതിയെ ആവാഹിച്ചപ്പോൾ രക്ഷപെട്ടു എന്ന് കരുതി ല്ല്യേ. ഇല്ലെടോ,ഏത് രക്ഷസ്സിന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ടാലും ന്റെ കൈയ്യിൽ നിന്നും താൻ രക്ഷപെടില്ല്യ.

ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ കൃഷ്ണ മേനോൻ വല്ല്യച്ഛ.

വർഷങ്ങൾക്ക് മുൻപ് ഇത് പോലെ ഒരു പകൽ സമയത്താണ് ന്റെ അച്ഛൻ,അതായത് മംഗലത്ത് ആദിത്യ മേനോൻ ഈ കുളത്തിൽ മരിച്ചു കിടന്നത്.

മരിച്ചതല്ല,നിങ്ങൾ ചവുട്ടി താഴ്ത്തി കൊന്നത്.അഭിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കവിളുകൾ കലി കൊണ്ട് വിറച്ചു.

താനിപ്പോ വിചാരിക്കുന്നുണ്ടാവും ഞാൻ എങ്ങനെ ഇളയച്ഛന്റെ മകനായി,ഇവിടെ എങ്ങനെ എത്തി. ന്റെ അച്ഛനെ താൻ കൊന്നത് എങ്ങനെ അറിഞ്ഞു എന്നൊക്കെ പറഞ്ഞു തരാം.

എല്ലാം വിശദമായി പറഞ്ഞു തരാം.അങ്ങോട്ട്‌ ഇരുന്നാട്ടെ. അഭിമന്യു അടുത്ത് കിടന്ന കല്ല് ചൂണ്ടിക്കാട്ടി.പക്ഷേ മേനോൻ അത് കൂട്ടാക്കിയില്ല.

അങ്ങോട്ട്‌ ഇരിക്കാൻ,അഭിയുടെ സ്വരം കടുത്തു.ഒടുവിൽ അവൻ അയാളെ ബലമായി പിടിച്ചിരുത്തി. എതിർ വശത്ത് നിന്ന വാക മരത്തിന്റെ തടിച്ച വേരിൽ അഭിയും ഇരുന്നു.

മേനോന്റെ കണ്ണുകൾ ചുറ്റും കറങ്ങി.അഭിയെ എങ്ങനെ കീഴ്പ്പെടുത്താം എന്ന ചിന്തയായിരുന്നു അയാളുടെയുള്ളിൽ.

എങ്ങനെ രക്ഷപെടാം എന്ന ചിന്തയാണ് ല്ല്യേ.ബുദ്ധിമോശം കാട്ടരുത്.അവിടുന്ന് അനങ്ങിയാൽ… മ്മ് അഭി തോക്ക് കൈയ്യിലിട്ട് കറക്കി.

മേനോന്റെ കണ്ണുകൾ പിടച്ചു. ഇവനെങ്ങനെ ന്റെ മനസ്സ് വായിച്ചു. സൂക്ഷിക്കണം രക്ഷസ്സിനെക്കാൾ അപകടകാരിയാണിവൻ.

അപ്പോ പറഞ്ഞു വന്നത്.ന്റെ അച്ഛനെ താൻ ഈ കുളത്തിലേക്ക് ചവുട്ടി താഴ്ത്തുമ്പോൾ ന്റെ അമ്മയുടെ വയറ്റിലാ ഞാൻ.

അച്ഛനെ കൊന്നതിന് ശേഷമാണ് നിങ്ങളറിയുന്നത് അമ്മ അച്ഛനിൽ നിന്നും ഗർഭം ധരിച്ച കാര്യം. അതോടെ അമ്മയെക്കൂടി ഇല്ലാതാക്കാൻ താൻ തീരുമാനിച്ചു.

അച്ഛൻ കൊല്ലപ്പെട്ടെന്നും അടുത്ത ലക്ഷ്യം താനാണെന്നും അറിഞ്ഞ അമ്മ ജീവനും കൊണ്ട് ഈ നാട്ടിൽ നിന്നും എങ്ങോട്ടെന്നില്ലാതെ ഓടുന്നു.

ആ ഓട്ടം നിന്നത് ഒരു ബസ് സ്റ്റാൻഡിന്റെ ഒഴിഞ്ഞ മൂലയിൽ. അന്തിയായാൽ പെണ്ണിന്റെ ചൂര് തേടിയിറങ്ങുന്ന മനുഷ്യനായ്ക്കൾ ന്റെ അമ്മയെ കടന്ന് പിടിക്കുന്നു.

നിർത്താതെയുള്ള ഓട്ടവും അലച്ചിലും കൊണ്ട് ക്ഷീണിച്ച ന്റെ അമ്മയ്ക്ക് അവരെ എതിർത്ത് നിൽക്കാൻ പറ്റാതെ വന്നപ്പോൾ ഒരാൾ രക്ഷകനായി വന്നു.ആ രക്ഷകന്റെ പേര് സുദേവ മേനോൻ,ന്റെ ഇളയച്ഛൻ.

കൃഷ്ണ മേനോന്റെ കണ്ണ് പുറത്തേക്ക് തള്ളി.ചെവിയിൽ ഈയം ഉരുകി വീണത് പോലെ അയാൾ തല കുടഞ്ഞു.

തന്റെ ഇളയ സന്താനത്തിന്റെ സംരക്ഷത്തിലാണ് അഭിമന്യു വളർന്നത് എന്ന സത്യം അയാൾക്ക്‌ ഉൾക്കൊള്ളാൻ സാധിച്ചില്ല.

വിശ്വാസം വരുന്നില്ല്യ ല്ലേ,പക്ഷേ ന്ത് ചെയ്യാം വിശ്വസിക്കണം.കാരണം അതാണ്‌ സത്യം.

താനും തന്റെ ആളുകളും ന്റെ അമ്മയെ തേടി നടന്നപ്പോൾ ഇളയച്ഛൻ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ അമ്മയെ രഹസ്യമായി പാർപ്പിച്ചു.

കൊൽക്കത്തയിൽ സ്ഥിരതാമസമായപ്പോൾ ഇളയച്ഛൻ അമ്മയെ അങ്ങോട്ട്‌ കൂട്ടി.

ഇളയച്ഛനും ഇളയമ്മയ്ക്കും ഒരിക്കലും മക്കളുണ്ടാവില്ല എന്ന് ശാസ്ത്രം വിധിയെഴുതിയപ്പോഴാണ് എന്റെ ജനനം.

ഒരു കുഞ്ഞിനെ താലോലിക്കാൻ ഉള്ള ഭാഗ്യം അവർ എന്നിലൂടെ നേടി.

ന്നെ അവരുടെ മകനെപ്പോലെ, അല്ല മകനായി തന്നെ വളർത്തി,പഠിപ്പിച്ചു.

ഓർമ്മ വച്ച കാലം തൊട്ടേ അവരാണ് ന്റെ അച്ഛനും അമ്മയും എന്ന് എന്നെ പറഞ്ഞു പഠിപ്പിച്ചു. പാവം ന്റെ അമ്മ എല്ലാം കേട്ട് മിണ്ടാതെ നിന്നു.

പക്ഷേ,എല്ലാം എക്കാലവും മറച്ച് വയ്ക്കാൻ സാധിക്കില്ല എന്നല്ലേ. വളരെ അവിചാരിതമായി എന്റെ ജനന സർട്ടിഫിക്കറ്റ് അമ്മയുടെ പഴയ തുണിസഞ്ചിയിൽ നിന്നും എനിക്ക് കിട്ടി.

അവിടെ നിന്നും മൂടിവയ്ക്കപ്പെട്ട ഒരു സത്യം എനിക്ക് മുൻപിൽ വെളിപ്പെടുകയായിരുന്നു.

ഞാൻ ആരാണ്,ന്റെ അച്ഛൻ ആരാണ്,അച്ഛൻ എങ്ങനെ മരിച്ചു. അങ്ങനെ എല്ലാം ഞാൻ അറിഞ്ഞു.

സത്യമെല്ലാം അറിഞ്ഞപ്പോൾ ന്റെ കണ്ണിൽ കണ്ണീരായിരുന്നില്ല തന്നോടുള്ള പകയുടെ കനലായിരുന്നു.

ന്റെ പതിമൂന്നാമത്തെ വയസ്സിൽ ക്യാൻസർ വന്ന് മരണത്തോട് മല്ലിടുമ്പോൾ അമ്മ എന്നോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ തന്റെ ജീവനെടുക്കാൻ തുനിയരുത്.

ഇനി അങ്ങനെയാണെങ്കിൽ തന്നെ
അതൊരിക്കലും ഇളയച്ഛനും ഇളയമ്മയും ജീവിച്ചിരിക്കെ ആവരുതെന്ന്.

ഇളയച്ഛനും ഇളയമ്മയ്ക്കും പ്രായമാവുമ്പോഴേക്കും താൻ മരിക്കും എന്ന് പാവം ന്റെ അമ്മ കണക്ക് കൂട്ടി.

അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ കാത്തിരുന്ന എന്റെ മുൻപിൽ വിധി വീണ്ടും കളം മാറി.

പാവം ഇളയച്ഛനും ഇളയമ്മയും അകാലത്തിൽ പൊലിഞ്ഞു.അന്ന് ഞാൻ മനസ്സിൽ കുറിച്ചു തന്റെ മരണം.

പക്ഷേ അതിങ്ങനെ കറങ്ങിത്തിരിഞ്ഞ് ന്റെ അച്ഛൻ കൊല്ലപ്പെട്ട അതേ ദിവസം വന്നെത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.

അപ്പോ കാര്യങ്ങൾ ഒക്കെ മനസ്സിലായല്ലോ മിസ്റ്റർ മംഗലത്ത് കൃഷ്ണ മേനോൻ.

അഭിമന്യു പല്ല് കടിച്ച് കൊണ്ട് പതിയെ എഴുന്നേറ്റതും കൃഷ്ണ മേനോൻ ഇരുന്നിടത്ത് നിന്ന് കൈ കുത്തി വായുവിൽ ഉയർന്ന് പൊങ്ങിയതും ഒരുമിച്ച്.

ആൾപ്പൊക്കത്തിൽ കുതിച്ചുയർന്ന മേനോന്റെ ഇടം കാൽ അഭിയുടെ കവിളിൽ ആഞ്ഞു പതിച്ചു.

കടത്തനാടൻ കളരി മുറയിലെ ഗരുഢ ദണ്ഡനം എന്ന പ്രഹര വിദ്യ.

കണ്ണ് ചിമ്മും വേഗത്തിൽ അങ്ങനൊരു ആക്രമണം അഭി പ്രതീക്ഷിച്ചിരുന്നില്ല.

അടി കൊണ്ട് ദൂരേക്ക് വീണ അഭിയുടെ കൈയ്യിൽ നിന്നും തോക്ക് തെറിച്ച് പോയി.

കണ്ണിൽ ഇരുട്ട് കയറിയത് പോലെ, ഒന്നും വ്യക്തമാവുന്നില്ല.അഭിമന്യു കവിളിൽ തൊട്ട് നോക്കി.

വലത് കവിൾ അടിയേറ്റ് ചതഞ്ഞ് വീങ്ങിയിരിക്കുന്നു.കണ്ണ് തുറക്കാൻ പറ്റുന്നില്ല.

മേനോൻ എവിടെ?,അവൻ വേദന കടിച്ചമർത്തി മെല്ലെ കണ്ണുകൾ വലിച്ച് തുറന്നു.

തലയ്ക്കുള്ളിൽ സൂചി കുത്തും പോലെ വേദന.വായിൽ ചോരയുടെ ചുവ അറിഞ്ഞതും അവൻ നീട്ടിത്തുപ്പി.

ഉമിനീർ കലർന്ന് കൊഴുത്ത രക്തം പുറത്തേക്ക് തെറിച്ചു,ഒപ്പം രണ്ട് പല്ലും.

രക്തമൊഴുകുന്ന തന്റെ മുഖത്തേക്ക് നോക്കി ആർത്ത് ചിരിക്കുന്ന കൃഷ്ണ മേനോനെ കണ്ടതും അഭി എഴുന്നേൽക്കാൻ ശ്രമിച്ചു.

അങ്ങാൻ കഴിയുന്നില്ല.തല ഉയരുന്നില്ല.ആരോ തന്നെ ബലമായി പിടിച്ചു വച്ചത് പോലെ.അവൻ പതിയെ തല ചെരിച്ച് നോക്കി.

കൃഷ്ണ മേനോൻ തന്റെ തടിച്ച കാൽ അഭിയുടെ തോളിൽ ഒന്ന് കൂടി അമർത്തി.

പിടയ്ക്കാതെടാ ചെക്കാ.തന്തയെ കൊന്നതിന് കണക്ക് ചോദിക്കാൻ വന്നേക്കുന്നു.മുലപ്പാലിന്റെ മണം മാറാത്ത %&%#@%&&മോൻ.ത്ഫൂ.

അഭി പല്ല് ഞെരിച്ച് കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചതും മേനോൻ കാലുയർത്തി ആഞ്ഞ് തൊഴിച്ചു.

നാഭിയിൽ ഒരു കല്ല് വന്നടിച്ചത് പോലെയാണ് അഭിക്ക് തോന്നിയത്.അവൻ ഒരു പുഴുവിനെപ്പോലെ നിലത്ത് കിടന്ന് പിടഞ്ഞു.

കൃഷ്ണ മേനോൻ അലറി ചിരിക്കുകയാണ്.പകരം വീട്ടും പോലും.അപ്പന്റെ ഗതി തന്നെ മകനും.

മേനോൻ പതിയെ അഭിയുടെ അരികിൽ മുട്ട് കുത്തിയിരുന്നു. അവന്റെ തലയിൽ തലോടി.

പാവം ന്റെ കുട്ടി. എന്തൊക്കെയായിരുന്നു, ആളറിയാതെ കൈ വച്ചു.

അഭി എന്തോ പറയാൻ ശ്രമിച്ചെങ്കിലും വായിൽ നിറഞ്ഞ രക്തം അവനെ അതിനനുവദിച്ചില്ല.

മേനോൻ അവന്റെ മുടിയിഴകളിൽ കോർത്ത് പിടിച്ച് മുകളിലേക്കുയർത്തി.

ഇപ്പോ മനസ്സിലായോ ഈ കൃഷ്ണ മേനോൻ ആരാണെന്ന്.പുത്രഹത്യാ പാപത്തിന്റെ പുറകെ മറ്റൊരു ശാപം കൂടി,ഹാ സാരമില്ല അത് ഞാൻ സഹിച്ചു.

പണ്ട് എന്റെ മകനെ ഇവിടെ താഴ്ത്തിയപ്പോൾ എനിക്ക് പറ്റിയ അബദ്ധം ഇന്നിങ്ങനെ നിന്റെ രൂപത്തിൽ വരുമെന്ന് ഞാൻ കരുതിയില്ല.

കുറച്ച് നാൾ നിന്റെ തള്ളയെ അന്വേഷിച്ചു എന്നത് സത്യം.പിന്നെ പോട്ടെ വച്ചു.

പണ്ട് പറ്റിയ തെറ്റ് ഇനിയും ആവർത്തിക്കാൻ പാടില്ല.

കൊല്ലാതെ വിട്ടാൽ പല്ലുകളിൽ വിഷം നിറച്ച് നീ വീണ്ടും വരുമെന്ന് എനിക്കറിയാം.അത് കൊണ്ട് ചത്ത് തുലയെടാ.

അയാൾ അലറിക്കൊണ്ട് അഭിയുടെ തല മണ്ണിലേക്ക് ആഞ്ഞിടിച്ചു.

അവൻ കൈകൾ കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അഭിയുടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം പുറത്തേക്ക് തെറിക്കാൻ തുടങ്ങി.

ആ ക്രൂരത കണ്ട് പ്രകൃതി പോലും നിശ്ചലമായിപ്പോയി.കൊക്കുരുമ്മി പ്രണയം പങ്ക് വച്ചു കൊണ്ടിരുന്ന മാടപ്രാവുകൾ കണ്ണുകൾ ഇറുക്കിയടച്ചു.

കൃഷ്ണ മേനോൻ പതിയെ കൈ അയച്ചു.തല്ലിക്കൂട്ടിയ നാളികേരത്തൊണ്ട് പോലെ അഭിയുടെ ശിരസ്സ് മണ്ണിൽ പുതഞ്ഞു കിടന്നു.

അച്ഛനെ കൊന്നവനോട് പകരം വീട്ടാൻ വന്ന ആ ധീര പുത്രന്റെ രക്തം വീണ് മണ്ണ് കുതിർന്നു.

മേനോൻ പതിയെ എഴുന്നേറ്റ് ചുറ്റും നോക്കി.അരുണന്റെ നേരിയ പ്രകാശം മാത്രമാണ് കുളക്കരയിൽ പതിക്കുന്നത്.

രുദ്ര ശങ്കരനും കൂട്ടരും ആവാഹനപ്പുരയിൽ തന്നെ.സമീപം മറ്റാരുമില്ല.

മേനോൻ പതിയെ തിരിഞ്ഞ് അഭിയെ കൈകളിൽ തൂക്കിയെടുത്ത് കുളത്തിന്റെ പടവുകളിറങ്ങി.

വർഷങ്ങൾക്ക് മുൻപ് മൂത്ത പുത്രനെ ചവുട്ടി താഴ്ത്തിയപ്പോളുണ്ടായിരുന്ന അതേ ഭാവമായിരുന്നു കൃഷ്ണ മേനോന്റെ മുഖത്ത്.

എതിർത്ത് നിൽക്കുന്നത് സ്വന്തമായാലും ബന്ധമായാലും തുടച്ച് നീക്കുന്ന ക്രൂരനായ ഒരു ഭരണാധികാരിയുടെ ഭാവം.

ഇരുളടഞ്ഞ ജലം കാളകൂടം പോലെ കെട്ടിക്കിടക്കുന്നു.പായൽ വിഴുങ്ങിയ കല്പടവുകളിൽ കാൽ വഴുതും എന്നുറപ്പായതും മേനോൻ രണ്ട് പടി മുകളിൽ നിന്ന് അഭിയെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു.

ചിതറി മാറിയ ജലത്തിന്റെ കൈകൾ അഭിമന്യുവിനെ ഇരുളടഞ്ഞ ആഴങ്ങളിലേക്ക് വലിച്ചെടുത്തു.

ചോര കലർന്ന ജലോപരിതലത്തിൽ അവസാന കുമിളയും വീർത്ത് പൊട്ടി.

കൃഷ്ണ മേനോന്റെ കണ്ണുകൾ തിളങ്ങി.കഴു#@$&&.അവന്റമ്മേടെ ഒരു പ്രതികാരം.

കുളത്തിന്റെ ഇരുളിമയിലേക്ക് മുങ്ങിത്താഴുമ്പോൾ അഭി ശ്വാസം ആഞ്ഞു വലിച്ചു.

മൂക്കിലും വായിലും വെള്ളം കയറിയതോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു.

മോനേ,ഉണ്ണീ,ഒരു നനുത്ത സ്വരം തന്റെ കാതുകളെ തഴുകുന്നത് പോലെ അവന് തോന്നി.

ആരോ വിളിക്കുന്നു. ആരാണത്?അമ്മ,അമ്മ വിളിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ അവന്റെ മനസ്സിൽ കുറേ മുഖങ്ങൾ മിന്നി മാഞ്ഞു.

കാൻസർ കാർന്ന് തിന്ന അമ്മ,മേനോൻ ചവുട്ടിയരച്ച ശ്രീപാർവ്വതിയുടെ കുടുംബം.ലക്ഷ്മി.

കൃഷ്ണ മേനോൻ ഇതേ കുളത്തിൽ ചവിട്ടി താഴ്ത്തിയ അച്ഛൻ.മേനോൻ,അയാളുടെ മുഖം ഓർമ്മ വന്നതും അഭിക്ക് പുതിയൊരു ഊർജ്ജം ലഭ്യമായത് പോലെ തോന്നി.

ആരോ മനസ്സിലിരുന്ന് പറയുന്നു. കൊല്ലണം,മേനോനെ കൊല്ലണം. മേലാസകലം ഇടിച്ചു പിഴിഞ്ഞ വേദന.

ശ്വാസം മുട്ടി പിടയുമ്പോഴും അഭിമന്യുവിന്റെ മനസ്സിൽ മേനോനെ കൊല്ലാനുള്ള ത്വര കൂടി വരികയായിരുന്നു.

ജലപ്പരപ്പിലെ നിറം മാറ്റം കണ്ടതും മേനോന്റെ മുഖം സന്തോഷം കൊണ്ട് വികസിച്ചു.

ഒരു ശത്രുവിനെക്കൂടി ഇല്ലാതാക്കിയതിന്റെ നിർവൃതിയിൽ അയാൾ അലറിച്ചിരിച്ചു.

മംഗലത്ത് കൃഷ്ണ മേനോനെ വെല്ല് വിളിക്കാൻ വന്നവർക്കൊന്നും ജീവനോടെ മടങ്ങേണ്ടി വന്നിട്ടില്ല.

അയാൾ ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ട് തിരിച്ചു നടക്കാൻ പടിയിലേക്ക് കാലെടുത്ത് വച്ചതും പിന്നിലെ ജലമൊന്നിളകി.

തിരിഞ്ഞു നോക്കാനുള്ള സമയം ലഭ്യമാവും മുൻപേ തന്റെ ശരീരത്തിലേക്ക് എന്തോ തുളച്ചു കയറുന്നത് അയാളറിഞ്ഞു.

മേനോന്റെയുള്ളിൽ നിന്നും എക്കിളെടുക്കും പോലൊരു ശബ്ദം മാത്രമേ പുറത്ത് വന്നുള്ളൂ.

അയാൾ അവിശ്വസനീയതയോടെ തല താഴ്ത്തി നോക്കി.ഇടത് നെഞ്ചിന് താഴെക്കൂടി മുൻപോട്ട് തള്ളി നിൽക്കുന്ന ഒരു ചുരികയുടെ തലപ്പ്.

അതിൽ നിന്നും ഇറ്റ് വീണ രക്തത്തുള്ളികൾ നിമിഷങ്ങൾക്കുള്ളിൽ ജലത്തിൽ ചുവപ്പ്‌ രാശി പടർത്തി.

വാരിയെല്ല് തകർത്ത് കൊണ്ട് പാഞ്ഞു കയറിയ ചുരിക പിന്നിലേക്ക് വലിക്കപ്പെടുന്നത് അയാളറിഞ്ഞു.

വേച്ച് പോയ കാലുകൾ ബദ്ധപ്പെട്ട് ഉറപ്പിച്ചു കൊണ്ട് കൃഷ്ണ മേനോൻ തിരിഞ്ഞു നോക്കി.

പിന്നിൽ ചോരയൊഴുകുന്ന മുഖവുമായി അഭിമന്യു.ചതഞ്ഞു തൂങ്ങിയ കണ്ണുകളിൽ അഗ്നി നിറച്ച് ചോരയിൽ മുങ്ങിയ ചുരികയുമേന്തി രണ ഭൂമിയിലെ യോദ്ധാവിനെപ്പോലെ അവൻ ചിരിക്കുന്നു.

ചത്തെന്ന് കരുതിയല്ലേ?വായിൽ നിറഞ്ഞ ചോരയും ജലവും കൃഷ്ണ മേനോന്റെ മുഖത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് അഭിമന്യു പല്ല് കടിച്ചു.

ഈ ചുരിക ഓർമ്മയുണ്ടോ?അഭി കൈയ്യിലിരുന്ന ചുരിക മേനോന്റെ നേരെ ഉയർത്തി.

ഒറ്റ കുത്തിൽ ശരീരത്തിനുള്ളിൽ ശക്തമായ മുറിവുകൾ സൃഷ്ടിക്കാൻ സാധിക്കുന്ന ചുരിക.മാൻ കൊമ്പിട്ട പിടിയിൽ പിച്ചള കൊളുത്ത് തൂങ്ങുന്നു.

ഇതെന്റെ അച്ഛന്റെ ചുരികയാ,അച്ഛൻ മരിക്കുന്ന അന്ന് രാവിലെ ന്റെ അമ്മയ്ക്ക് കൊടുത്ത ചുരിക.

ഇത് കൊണ്ട് തന്നെ തന്റെ ജീവനെടുക്കണം എന്ന് ന്റെ അച്ഛൻ കൊതിച്ചിട്ടുണ്ടാവും.

മേനോന് ഒന്നും മിണ്ടാൻ സാധിച്ചില്ല. മുഖത്ത് തെറിച്ച മിശൃതം അയാളുടെ കാഴ്ച്ച മറച്ചു.

കുത്ത് കൊണ്ടിടത്ത് കൈ അമർത്തി രക്തം പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ട് അയാൾ അഭിമന്യുവിന്റെ കഴുത്തിൽ പിടി മുറുക്കി.

ന്നെ കൊണ്ടിത് ചെയ്യിപ്പിച്ചതല്ലേ വല്ല്യച്ഛാ,അഭിമന്യു അയാളെ ചേർത്ത് പിടിച്ച് ഒരിക്കൽ കൂടി ആഞ്ഞ് കുത്തി.

മേനോന്റെ കണ്ണുകൾ മിഴിഞ്ഞു. വായിൽ നിന്നും രക്തം അഭിയുടെ മുഖത്തേക്ക് തെറിച്ചു.സർവ്വ ശക്തിയും സംഭരിച്ചുകൊണ്ട് മേനോൻ അലറിക്കരഞ്ഞു.

പക്ഷേ,വള്ളക്കടത്തമ്മയുടെ ശിവേലിയെഴുന്നെള്ളിപ്പിന്റെ തുടക്കമറിയിച്ച് ഉയർന്ന് പൊങ്ങിയ കതിനയുടെ കാതടപ്പിക്കുന്ന ശബ്ദം മേനോന്റെ രോധനത്തെ തട്ടിയെടുത്തു.

കണ്ണിൽ വീണ രക്തം വടിച്ച് മാറ്റിക്കൊണ്ട് അഭി കൈ അയച്ചതും അയാളുടെ ശരീരം അവന്റെ കൈകളിലൂടെ ഊർന്ന് കുളത്തിലേക്ക് വീണു.

രക്തവർണ്ണമണിഞ്ഞ ജലത്തിന്റെ ആഴങ്ങളിലേക്ക് മറയുമ്പോൾ ഉള്ളിലടങ്ങിയ ജീവന്റെ അവസാന തുടിപ്പിൽ അടഞ്ഞു തുടങ്ങുന്ന കണ്ണുകളിൽ മേനോൻ ആ കാഴ്ച്ച കണ്ടു.

വർഷങ്ങൾക്ക് മുൻപ് താൻ നിഷ്കരുണം മുക്കിക്കൊന്ന തന്റെ മൂത്ത മകൻ ആദിത്യ മേനോന്റെ മുഖം.

ഒരു കൈക്കുഞ്ഞിനെ എന്ന വണ്ണം അവൻ തന്നെ കൈ നീട്ടി വിളിക്കുന്നു.

ഭയം കൊണ്ട് വിറച്ച മേനോൻ വാ തുറന്നതും വെള്ളം ഇരച്ച് കയറി. പതിയെ അയാളുടെ കണ്ണുകൾ അടഞ്ഞു.

കുളത്തിലെ ജലം അഭിയുടെ കാലുകളെ തഴുകി തലോടിക്കൊണ്ടിരുന്നു.

അച്ഛൻ തന്നെ തഴുകുന്നത് പോലെയാണ് അവന് തോന്നിയത്. അച്ഛാ,എന്ന ഇടറിയ വിളിയോടെ അഭി കുളപ്പടവിൽ തളർന്നിരുന്നു.
**********************************
കിള്ളിമംഗലം കൊച്ചു കേശവന്റെ പുറത്ത് ശീവേലി എഴുന്നെള്ളുമ്പോൾ വള്ളക്കടത്ത് ഭഗവതിയുടെ മുഖത്ത് അസാധാരണമായ ഒരു തിളക്കമുണ്ടെന്ന് ശങ്കര നാരായണ തന്ത്രിക്ക് തോന്നി.

അദ്ദേഹം ഒരു നിമിഷം കണ്ണടച്ച് ആദിപരാശക്തിയെ ധ്യാനിച്ചു കൊണ്ട് അകക്കണ്ണ് മംഗലത്തേക്ക് തുറന്നു.

മംഗലത്ത് തറവാട്ടിലെ കുളവും കുളപ്പടവിൽ ചോര പുരണ്ട ചുരികയുമായി തല കുമ്പിട്ടിരിക്കുന്ന അഭിമന്യുവിന്റെ രൂപം തന്ത്രിയുടെ മനസ്സിൽ തെളിഞ്ഞു.

എന്താണ് ശങ്കരാ ഒരു ആലോചന. ഒടുവിൽ അത് സംഭവിച്ചു ല്ല്യേ. ആരാണ് രക്ഷസ്സോ അതോ ആ ചെക്കനോ.

വസുദേവ തന്ത്രിയുടെ ചോദ്യത്തിന് ഒരു ദീർഘ നിശ്വാസത്തോടെ അദ്ദേഹം മറുപടി പറഞ്ഞു.അവൻ അഭിമന്യു.

ഹ ഹ,എനിക്കറിയാമായിരുന്നു, ഇതിങ്ങനെ വരുമെന്ന്.അത് അയാളുടെ വിധിയാണെടോ.

അവന്റെ പേര് തന്നെ അങ്ങനെയല്ലേ?മറുപക്ഷത്ത് സ്വന്തം പിതാമഹനും ഗുരു പരമ്പരകളുമാണ് എന്നറിഞ്ഞിട്ടും ശത്രുവിനെ ശത്രുവായിക്കണ്ട് ആയുധമെടുത്ത അർജ്ജുന പുത്രന്റെ നാമമല്ലേ അവന്.

താൻ നോക്ക് അയാളുടെ മരണം അവന്റെ കൈകൊണ്ട് സംഭവിച്ചതിൽ അമ്മയ്ക്ക് പോലും സന്തോഷമാണ്.

ഇനിയുമെന്തിന് മനോവിഷമം. രക്ഷസ്സിന്റെ കൈയ്യിൽ നിന്നും രക്ഷിക്കാം എന്നേ നമ്മൾ പറഞ്ഞിട്ടുള്ളൂ.അത് ചെയ്തു. ബാക്കിയെല്ലാം അയാളുടെ കർമ്മ ഫലം.

വസുദേവ തന്ത്രിയുടെ വാക്കുകളിൽ കാര്യമുണ്ടെന്ന് ശങ്കര നാരായണ തന്ത്രിക്ക് തോന്നി.

മറ്റൊരു ചിന്തയിലേക്ക് മനസ്സിനെ നയിക്കാതെ അദ്ദേഹം മുൻപോട്ട് നടന്നു.
**********************************
തർപ്പണം കഴിച്ച് ആവാഹനപ്പുരയുടെ പുറത്തിറങ്ങിയ രുദ്ര ശങ്കരൻ ഹോമത്തിന്റെ അവസാന കർമ്മമായ ഗുരുതിക്ക് തയ്യാറെടുത്തു.

പുറത്ത് ചാണകമടിച്ച് നാക്കില വിരിച്ച് അതിൽ വച്ചിരുന്ന കുമ്പളങ്ങ മുറിച്ച് ഗുരുതി കഴിക്കുമ്പോൾ രുദ്രന്റെ മുഖത്ത് ചെറു ചിരി വിടർന്നു.

കർമ്മങ്ങൾ പൂർത്തിയായി,ഇനി മടങ്ങാം.ഒരുക്കങ്ങൾ നടത്തിക്കോളൂ.രുദ്ര ശങ്കരൻ പരികർമ്മികൾക്ക് നിർദേശം നൽകി.

ഉണ്ണിത്തിരുമേനി,മേനോൻ അദ്ദേഹത്തെ കണ്ടിട്ടല്ലേ പോകൂ. ദേവദത്തൻ സംശയമുന്നയിച്ചു.

ഇനിയതിന്റെ ആവശ്യമില്ല ദേവേട്ടാ,അയാൾ പോയി.അല്ല അയാളെ പറഞ്ഞു വിട്ടു.

ഞാനിപ്പോൾ വരാം മടക്കത്തിനുള്ള ഒരുക്കങ്ങൾ നടക്കട്ടെ.

രുദ്ര ശങ്കരൻ പറഞ്ഞതൊന്നും കാര്യമായി വ്യക്തമായില്ലെങ്കിലും കൃഷ്ണ മേനോന്റെ മരണം സംഭവിച്ചുവെന്ന് ദേവന് ഉറപ്പായി.

പുറത്തൊരു കൈ അമർന്നതും അഭിമന്യു ഞെട്ടി കണ്ണ് തുറന്നു. ചോര ഉണങ്ങിത്തുടങ്ങിയ ചുരിക വലിച്ചറിഞ്ഞ് അവൻ ചാടിയെഴുന്നേറ്റു.

തനിക്ക് മുൻപിൽ ചെറു ചിരിയോടെ നിൽക്കുന്ന രുദ്ര ശങ്കരനെ കണ്ടതും അണപൊട്ടിയ സങ്കടം കണ്ണ് നീരായി ഒഴുകിയിറങ്ങി.

ഞാൻ കൊന്നു.അയാളെ ഞാൻ കൊന്നു…ഈ കൈ കൊണ്ടാ കൊന്നത്…ഈ കൈ കൊണ്ടാ കൊന്നത്.ഒരു ഭ്രാന്തനെപ്പോലെ അഭിമന്യു പുലമ്പിക്കൊണ്ടിരുന്നു.

ഹേ,സാരല്ല്യ.ഇതാണ് അയാളുടെ വിധി.ബാക്കിയെല്ലാം അതിനൊരു കാരണമായി എന്ന് മാത്രം.

ബന്ധിക്കും മുൻപ് ശ്രീപാർവ്വതി മേനോനെ കൊന്നു.ഈ കുളത്തിൽ നിന്നും ഇനിയാ ശരീരം വീണ്ടെടുക്കുക പ്രയാസം.താൻ ഇന്ന് തന്നെ മടങ്ങിക്കോളൂ.

വേണ്ടാ,ഞാൻ പോലീസിൽ കീഴടങ്ങിക്കോളാം.തെറ്റ് തെറ്റ് തന്നെയാണ്,ഞാനാണ് അയാളെ കൊന്നത്.

അഭീ,തനിക്കറിയോ ഈ നാട്ടിലെ പോലീസും കോടതിയുമെല്ലാം ആ വള്ളക്കടത്ത് ഭഗവതിയാണ്.ആ ദേവി എന്നിലൂടെ തന്നോട് പറയുന്നു, മടങ്ങിക്കോളൂ.

തന്നെ മാത്രം സ്വപ്നം കണ്ട് തനിക്കൊപ്പം ജീവിക്കാൻ കൊതിക്കുന്ന ഒരു പെണ്ണ് ബാക്കിയാണ്.

ആരുമൊരാശ്രയമില്ലാത്ത അവൾക്ക് ഇനി താൻ മാത്രമേയുള്ളൂ അതോർമ്മ വേണം.മ്മ് പോകൂ.

രുദ്ര ശങ്കരന്റെ വാക്കുകളെ ധിക്കരിക്കാൻ അഭിക്കായില്ല. ഒരിക്കൽ കൂടി കുളത്തിലേക്ക് നോക്കിക്കൊണ്ട് അവൻ മംഗലത്തേക്ക് നടന്നു.

ഹലോ,മാഷേ എഴുന്നേറ്റേ. വള്ളക്കടത്തിന് അല്ലേ ടിക്കറ്റ്. സ്റ്റോപ്പെത്തി.

കണ്ടക്ടർ തോളിൽ തട്ടിയപ്പോഴാണ് അഭിമന്യു കണ്ണ് തുറന്നത്.മുഖം അമർത്തി തുടച്ചു കൊണ്ട് പോക്കറ്റിൽ നിന്നും കണ്ണട എടുത്ത് വച്ച് അയാൾ പുറത്തേക്ക് നോക്കി.

വള്ളക്കടത്ത് എന്നെഴുതിയ വലിയൊരു ബസ് ബെയിലാണ് വണ്ടി നിൽക്കുന്നത്.

മാഷേ,ഇറങ്ങുന്നില്ലേ.ഇത് ലാസ്റ്റ് സ്റ്റോപ്പാ.നിങ്ങൾ പറഞ്ഞ ക്ഷേത്രത്തിലേക്ക് ഇവിടുന്ന് ഓട്ടോ ആക്കേണ്ടി വരും.കണ്ടക്ടർ വീണ്ടും അയാളെ സമീപിച്ചു.

ഹാ,അഭിമന്യു അയാളെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി.ബർത്തിൽ ഇരുന്ന ബാഗ് വലിച്ചെടുത്ത് മുൻപോട്ട് നടന്നു.

മുൻപിലെ സീറ്റിൽ ഉറക്കത്തിലായിരുന്ന ലക്ഷ്മിയേയും ആറ് വയസ്സ്കാരി മകളേയും തട്ടി വിളിച്ച് പുറത്തിറങ്ങി.

നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം വള്ളക്കടത്ത് മണ്ണിൽ കാൽ കുത്തുമ്പോൾ അയാളുടെ കണ്ണുകളിൽ ചെറിയൊരു നനവ് പടർന്നിരുന്നു.

അടുത്ത് കണ്ട ഓട്ടോ സ്റ്റാന്റിൽ നിന്നും വള്ളക്കടത്ത് ക്ഷേത്രത്തിലേക്ക് ഓട്ടം വിളിക്കുമ്പോൾ അഭി ചുറ്റും നോക്കി.

ആകെ മാറിയിരിക്കുന്നു.പഴയ ഗ്രാമം നഗരത്തിന് വഴി മാറി.റോഡുകൾ വികസിച്ചു. വാഹനങ്ങളും കടകളും വർദ്ധിച്ചു.

എന്തൊക്കെയോ തിരക്കുകളുമായി എങ്ങോട്ടൊക്കെയോ പോകുന്ന ആളുകൾ.ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല.

കാലത്തിന്റേതായ മാറ്റങ്ങൾ തനിക്കും സംഭവിച്ചിരിക്കുന്നു. മുടിയിൽ നര കയറി.കാഴ്ച്ച മങ്ങിത്തുടങ്ങി.കണ്ണട വച്ചില്ലെങ്കിൽ ഒന്നും വ്യക്തമല്ല.

കൃഷ്ണ മേനോന്റെ കളരി പ്രയോഗത്തിൽ തളർച്ച ബാധിച്ച കൈക്ക് സ്വാധീനം ഇപ്പോഴും കുറവ്.

വീണ്ടും ചിന്തകളിലേക്ക് മനസ്സ് പാഞ്ഞപ്പോഴേക്കും ഓട്ടോ ക്ഷേത്രത്തിന്റെ ഗേറ്റിൽ എത്തിയിരുന്നു.

അഭിമന്യു പുറത്തേക്ക് നോക്കി. ക്ഷേത്രത്തിനും മാറ്റങ്ങൾ വന്നിരിക്കുന്നു.

സമീപം കുറെയേറെ കടകൾ വലിയ വലിയ കെട്ടിടങ്ങൾ, ക്ഷേത്രത്തിലേക്ക് കടക്കാൻ പടുകൂറ്റൻ കമാനം.

എത്രയായി,വണ്ടിയിൽ നിന്നിറങ്ങുമ്പോൾ അഭി ഡ്രൈവറെ നോക്കി.

ഒന്നും വേണ്ട.നരബാധിച്ച താടി ഉഴിഞ്ഞു കൊണ്ട് അയാൾ അഭിമന്യുവിനെ നോക്കി ചിരിച്ചു.

നിറഞ്ഞ ചിരിയോടെ തന്നോട് വാടക വേണ്ട എന്ന് പറഞ്ഞ ആ ഓട്ടോക്കാരനെ പണ്ടെവിടെയോ കണ്ട് മറന്നത് പോലെ അയാൾക്ക്‌ തോന്നി.

കണ്ണട ഒരിക്കൽ കൂടി ഉറപ്പിച്ച് വച്ചുകൊണ്ട് അഭി അയാളെ സൂക്ഷിച്ചു നോക്കി.

ഞാൻ എവിടെയോ,നമ്മൾ മുൻപ് പരിചയമുള്ളത് പോലെ ഒരു… അയാൾ പാതിയിൽ നിർത്തി.

താൻ മറന്നു.ല്ലേ,ഞാൻ ദേവൻ ആണെടോ.കാളകെട്ടി ഇല്ലത്തെ ദേവദത്തൻ…

അഭിമന്യുവിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് മിഴിഞ്ഞു. ദേവേട്ടൻ ആ ചുണ്ടുകൾ വിറച്ചു.

മ്മ്.അതേ.താൻ പോയെ പിന്നെ ഇവിടെ ഒരുപാട് മാറ്റങ്ങൾ വന്നു. കണ്ടില്ലേ പഴയ പാടങ്ങൾ നിന്നിടത്ത് കെട്ടിടങ്ങൾ, റോഡുകൾ.

അഭിമന്യു ചുറ്റും നോക്കി. ശരിയാണ് വള്ളക്കടത്ത് പാടം നിശ്ശേഷം മാഞ്ഞിരിക്കുന്നു.

അല്ല ദേവേട്ടൻ ന്താ ഓട്ടോ ഒക്കെ ആയിട്ട്.കാളകെട്ടിയിൽ അല്ലേ ഇപ്പോൾ.

ലക്ഷ്മിയുടെ പതിഞ്ഞ ശബ്ദത്തിലുള്ള ചോദ്യം കേട്ടതും ദേവദത്തന്റെ മുഖം മ്ലാനമായി.

ജീവിക്കണ്ടേ മോളേ.മക്കളുടെ പഠിപ്പ്,വീട്ടിലെ ചിലവ്,എന്റെയും സഹധർമ്മിണിയുടെയും എണ്ണയും കുഴമ്പും.എല്ലാം ഇവനെ ഓടിച്ച് കൈയ്യാക്കണം.

ശങ്കര നാരായണ തന്ത്രിയദ്ദേഹം മണ്മറഞ്ഞതോടെ ഉണ്ണിത്തിരുമേനി ആകെ വല്ലാതായി.

അതിൽ നിന്നും ഒരു മോചനം ആവട്ടെ കരുതി ഞങ്ങൾ എല്ലാവരും കൂടി ഒരു വേളി കഴിപ്പിച്ചു.

നീട്ടി ചുമച്ചു കൊണ്ട് ദേവൻ തുടർന്നു.ഇല്ലത്തമ്മ വന്നതോടെ പരിഷ്കാരങ്ങളും വന്നു.

ഇല്ലവുമായി ബന്ധങ്ങൾ ഇല്ലാത്തവർ അവിടെ നിൽക്കണ്ട എന്ന് ഉത്തരവ്.അതോടെ ഞാൻ പുറത്തായി.

അത് ഉണ്ണിത്തിരുമേനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.പക്ഷേ ഞാൻ പറഞ്ഞു സമാധാനിപ്പിച്ചു.

ഹാ,അല്ലെങ്കിലും ല്ലാം അങ്ങനെ തന്നെ ദേവേട്ടാ.ഒന്നും നമ്മൾ സ്വപ്നം കാണും പോലെ അല്ലല്ലോ.ആരും നമ്മൾ കാണും പോലെയുമല്ല.

അഭിമന്യു ഒരു ദീർഘ നിശ്വാസത്തോടെ അയാളുടെ തോളിൽ കൈ വച്ചു.

ആ,അതൊക്കെ പോട്ടെ,കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞിട്ട് കാര്യല്ല്യ. ഇതാരാ തന്റെ മോളാ.

ലക്ഷ്മിയുടെ സാരിത്തുമ്പിൽ തൂങ്ങി ഒളിച്ച് നിന്ന പെൺകുട്ടിയെ നോക്കി ദേവൻ ചിരിച്ചു.

അവളുടെ വെള്ളാരം കണ്ണുകളിൽ പുതിയൊരു ലോകത്ത് എത്തിയ തിളക്കമുണ്ടായിരുന്നു.

അതേ,ഒരാളെ ഒള്ളൂ.ഇനിയൊരു അങ്കത്തിന് ബാല്യമില്ലാ.ഹ ഹ. അഭിമന്യു പറഞ്ഞത് കേട്ട് ലക്ഷ്മിയുടെ മുഖം നാണം കൊണ്ട് ചുവന്നു.

മോൾക്ക്‌ മാമനെ മനസ്സിലായോ?ദേവൻ ആ സുന്ദരിക്കുട്ടിക്ക് നേരെ തിരിഞ്ഞു.ഞാനും മോൾടെ അച്ഛനും ഒക്കെ വല്ല്യ കൂട്ടുകാരായിരുന്നു.

ആട്ടെ ന്താ മോളൂന്റെ പേര്. അയാളുടെ ചോദ്യം കേട്ടതും അവൾ സംശയ ഭാവത്തിൽ ലക്ഷ്മിയെ നോക്കി.

മാമനോട് പേര് പറ മോളൂ. സാരിത്തുമ്പിൽ മുഖമൊളിപ്പിച്ച് നിന്ന മകളെ ലക്ഷ്മി മുൻപോട്ട് നീക്കി നിർത്തി.

ആലിലകളെ തഴുകിയെത്തിയ ഇളം കാറ്റിൽ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ മാടിയൊതുക്കി ചെറു ചിരിയോടെ അവൾ പറഞ്ഞു #ശ്രീപാർവ്വതി.

#അവസാനിച്ചു

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.6/5 - (46 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

10 thoughts on “രക്തരക്ഷസ്സ് – ഭാഗം 24”

  1. Respect akhilesh parameswaran ur writing style and stories are super all the very best …Actually lot of horror films are there in malayalam.some similar situation are we already seen at films. Am not criticizing just is said only. I hope u have lot of chance to become well known writter in malayalam language keep going …All the very best…”Some pressure make more productive” keep in mind all criticize are the tool to success

  2. Enjoyed reading, thank you so much and hopping more to come. Appreciated for the amount of effort had taken by the writer. Wonderful in every sense. Keep it up.

  3. nalla oru story , nj ith vayikumbol ellam ente manasil aa oro charteresum aa nadum a veedum sreeparvathyium abhimanyum ellarum niranju varanunu…emiyum ith pole ulla story ezuthanam

Leave a Reply

Don`t copy text!