പെട്ടന്നാണ് എനിക്ക് ദേഷ്യം വന്നത് “എന്റെ ഗൗരി നീയൊന്നു നിർത്തുന്നുണ്ടോ എനിക്ക് തോന്നുന്നില്ല അയാള് വരുമെന്ന്… അതും ഞാൻ വിളിച്ചാൽ ”
അതെന്താടി നീ അങ്ങനെ പറഞ്ഞെ എന്ന് ചോദിച്ച ഗൗരിയോട് ഞാൻ മൂന്നുമാസം മുൻപ് ഉണ്ടായ ആ സംഭവം വിവരിച്ചു..
മാധവിനെ ഞാൻ അവസാനമായി കണ്ട ആ നശിച്ച ദിവസം!
കഴിഞ്ഞ ക്രിസ്മസ് അവധിക്ക് പത്തു ദിവസം കോളേജ് അടച്ചിരുന്നപ്പോഴാണ് അച്ഛൻ പെങ്ങൾടെ മോൻ രാഹുലേട്ടൻ രണ്ടു മൂന്നു ദിവസം നിൽക്കാനായി വീട്ടിലോട്ട് വന്നത്.. പാർട്ടിക്ക് വേണ്ടി അടിയുണ്ടാക്കിയപ്പോൾ നാട്ടിൽ നിൽക്കാൻ പറ്റാത്ത ഒരവസ്ഥയിൽ അമ്മായി നടത്തിയ ഒരു നാടുകടത്തലായിരുന്നു ഒരുതരത്തിൽ അത്.. എന്തായാലും വീട്ടിൽ ഒറ്റക്കിരുന്നു ബോറടിച്ചിരുന്ന എനിക്ക് ഒരു മഴകോൾ തന്നെയായിരുന്നു രാഹുലേട്ടൻ..
മിക്ക ദിവസവും ഞാനും രാഹുലേട്ടനും നാട് തെണ്ടി നടന്നു.. ഇതിനിടയിൽ ഒരു ദിവസം എന്റെ കൂട്ടുകാരി അമ്മാളു പുതിയ സ്കൂട്ടി വാങ്ങിയപ്പോൾ എന്നെ കാണിക്കാനയി വീട്ടിലോട്ട് വന്നു.. എന്റെ വീടിനടുത്ത് തന്നെയായിരുന്നു അമ്മാളുന്റേം വീട്.. കോളേജിൽ ഞങ്ങളൊരുമിച്ചായിരുന്നു പൊയ്ക്കൊണ്ടിരുന്നത്…
ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ രണ്ടു മാസം കോളേജ് പൂട്ടിയ വേനൽ അവധിക്കു അച്ഛന്റെ കൈയും കാലും പിടിച്ച് ഞാനും പോയിരുന്നു ഡ്രൈവിംഗ് പഠിക്കാൻ ..
രണ്ടു മാസം കൊണ്ട് വീടിനടുത്തുള്ള മിക്ക റോഡിലെയും മണ്ണിന്റെ രുചിയും.. ഭൂമി വന്ദനവും മുറ തെറ്റാതെ നടത്തി… അവസാനം ക്ഷമയോടെ എച് ഉം എട്ടും എടുത്ത്.. എനിക്കും കിട്ടി ലൈസെൻസ്..
പക്ഷെ ഡ്രൈവിംഗ് പഠിക്കാൻ പോയപ്പോൾ തന്നെ അച്ഛൻ പറഞ്ഞിരുന്നു വണ്ടി വാങ്ങി തരുമെന്ന് വിചാരിച്ചു എന്റെ കൊച്ചു ലൈസെൻസ് എടുത്തു വെക്കണ്ടാന്ന് ..
ആണ് ആയും പെണ്ണ് ആയും ഒന്നേ ഒള്ളു എന്നും പറഞ്ഞ് അമ്മയും കോല് അറുത്തു മുറിച്ചിട്ടു ..
സ്കൂളിൽ പഠിക്കുന്ന സമയത്തെല്ലാം ഫ്രണ്ട്സ് പറയാറുണ്ട്.. നീ ഒറ്റ മോളല്ലേ.. നിന്റെ ഭാഗ്യം ന്നൊക്കെ നമ്മുക്കെ അറിയൂ ഒന്നേ ഒള്ളൂവെങ്കിലും ഒലക്കക്ക് അടിച്ചു വളർത്തുന്നവരാന്നു നമ്മുടെ കുടുംബക്കാരെന്ന്…
അങ്ങനെ അമ്മാളു വിനെ വണ്ടിയുമായി കണ്ടപ്പോൾ ഒരു കൊല്ലത്തിനു ശേഷം എന്റെയുള്ളിലെ ഡ്രൈവർ വീണ്ടും ഒന്ന് സടകുടഞ്ഞെഴുന്നേറ്റു..
രാഹുലെട്ടനെയും കൂട്ട് പിടിച്ച്.. അച്ഛനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിച് പിറ്റേ ദിവസം ഞാനും ഏട്ടനും കൂടി അമ്മാളു വിന്റെ പുതിയ വണ്ടിയും വാങ്ങി ചുറ്റാൻ പോവാൻ തീരുമാനിച്ചു..
പുറകിൽ ഏട്ടൻ ഉണ്ടെന്ന ധൈര്യത്തിലാണ് ഞാൻ വണ്ടിയോടിച്ചത്…
ആദ്യമൊക്കെ കുറച്ചു പേടി തോന്നിയെങ്കിലും പിന്നെ അത് മാറി..
വീട് കഴിഞ്ഞുള്ള അമ്പലകുളത്തിന് വഴിയിൽ വെച്ച് രാഹുൽ ഏട്ടന് ഫോൺ വന്നതും പുള്ളി ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി.. വളവിൽ വെച്ച് ഒരു ഇന്നോവ കാർ ഹോണ് അടിക്കാതെ വളവ് തിരിഞ്ഞു ഓപ്പോസിറ് വന്നത് മാത്രമേ ഞാൻ കണ്ടുള്ളു.. അപ്പോഴേക്കും കണ്ണ് രണ്ടും ഞാൻ ഇറുക്കി അടച്ചു..
തെറിച്ചു വീണത് ഒരു മണ്ണ് തിട്ടയിലേക്ക് ആണെന്ന് കണ്ണ് തുറന്നപ്പോൾ ആണ് മനസിലായത്.. കയ്യിൽ കിടന്ന കുപ്പിവള പൊട്ടി കുത്തികേറി കൈ ആകെ മുറിഞ്ഞു ചോര വന്നിരുന്നു.. പേടിച്ചിട്ടാണോന്ന് അറിയില്ല കുറച്ചു നേരത്തേക്ക് ചുറ്റും എന്താ സംഭവിക്കുന്നത് പോലും എനിക്ക് മനസിലായില്ല… എന്തായാലും രണ്ടു മൂന്നു ചെറുപ്പക്കാർ ആയിരുന്നു ആ വണ്ടിക്കകത്തുണ്ടായിരുന്നത്… നിലത്തു വീണു കിടക്കുന്നത് കാരണം അതിൽ രണ്ടുപേരുടെ മുഖം മാത്രമേ ഞാൻ കണ്ടുള്ളു.. വണ്ടിയോടിച്ച ആളുമായി ഏട്ടൻ നല്ല കയർത്ത് സംസാരിക്കുന്നത് കാരണം മുഖം കാണാൻ പറ്റിയില്ല…
പിന്നെ രാഹുൽ ഏട്ടന്റെ ചീത്ത വിളിക്കണ ഒച്ച കേട്ടപ്പോൾ ആണ് സ്ഥലം കാലം ബോധം വന്നത്.. കുപ്പി വള പൊട്ടിയ സങ്കടം ആന്നോ അതോ ഇനി ഇത് അറിഞ്ഞാൽ അച്ഛൻ ഈ ജന്മം എന്നെ കൊണ്ട് വണ്ടി തൊടിപ്പിക്കില്ല എന്നാലോചിചാണോ ഞാൻ അവിടെ കിടന്നു കരയാൻ തുടങ്ങി…
അതുവരെ വണ്ടിക്കാരുമായി തല്ല് പിടിച്ചിരുന്ന രാഹുൽ ഏട്ടൻ പോലും എന്റെ കരച്ചില് കണ്ടു ഞെട്ടി… അമ്പലത്തിന്റെ ആൽമരചുവട്ടിൽ ഇരുന്നിരുന്ന സ്ഥലത്തെ കുറച്ച് വായിനോക്കി ചേട്ടന്മാരും കൂടി അവിടേക്ക് വന്നപ്പോൾ സംഭവം ഒന്ന് കൊഴുത്തു..
അപ്പോഴും കൈയിൽ നിന്ന് ചോര വന്നുകൊണ്ടിരുന്നു..ആരൊക്കെയോ എന്നോട് ഹോസ്പിറ്റലിൽ പോവാമെന്നും പോലീസിനെ വിളിക്കാനൊക്കെ പറയുന്നുണ്ട് സംഭവത്തിന്റെ പോക്ക് അത്ര ശെരിയല്ലെന്ന് കണ്ട് രാഹുലേട്ടൻ തന്നെ സോറി പറഞ്ഞാൽ മതിയെന്ന് പറഞ്ഞു പ്രശ്നം സോൾവ് ആക്കാൻ നോക്കി .. തെറ്റ് രണ്ട് ഭാഗത്തുമുണ്ടെങ്കിലും സമ്മതിച്ചു കൊടുക്കാൻ ഞങ്ങൾ തയ്യാറായില്ല ..
അപ്പോഴാണ് രാഹുലെട്ടനെ മറികടന്നു മുന്നിലോട്ട് വന്ന ആളെ ഞാൻ കണ്ടത്.. എന്റെ കിളി മൊത്തം പറന്നുപോയി.. ലെയയുടെ ഏട്ടൻ മാധവ് ആയിരുന്നു അത്.. എന്റെ അടുത്ത് വന്ന് നിന്ന് സോറി തെറ്റ് ഞങ്ങളുടെ ഭാഗത്താണ് ഞാൻ ഹോൺ അടിച്ചില്ല… കുട്ടിക്ക് വിരോധമില്ലെങ്കിൽ നമ്മുക്ക് ഹോസ്പിറ്റലിൽ പോവാമെന്നൊക്കെ പറഞ്ഞു..
” അതൊന്നും വേണ്ട വണ്ടിക്ക് കുറച്ചു കേടു പറ്റിയിട്ടുണ്ട് അത് നന്നാക്കാനുള്ള പൈസ മാത്രം മതി..”രാഹുലേട്ടൻ ആണത് പറഞ്ഞത്..
” ഓരോത്തൻമാര് കേറി വന്നോളും രാവിലെ തന്നെ മനുഷ്യന് പണിയുണ്ടാക്കാൻ.. നാട് ചുറ്റാനെന്നും പറഞ്ഞ്.. “നാട്ടുകാരനായ ഒരു ചേട്ടൻ ആണ് അത് പറഞ്ഞത്.. മാധവിനെയും കൂടെയുള്ള ചെറുപ്പക്കാരെയും ആണ് ഉദ്ദേശിച്ചത്…
രാഹുലേട്ടന്റെ കൈയ്യിൽ പൈസ കൊടുക്കുന്നതിനിടയിൽ ഇടയ്ക്കിടെ മാധവ് എന്നെ നോക്കുന്നുണ്ടായിരുന്നു..
പൈസ വാങ്ങി ഏട്ടൻ വണ്ടി പൊക്കി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ മാധവ് എന്റെ അടുത്ത് വന്ന് ഈ ഹോൺ എന്ന് പറയുന്നത് ഒരാൾ മാത്രം അടിച്ചാൽ പോരാ.. രണ്ടു കൂട്ടർക്കും അടിക്കാനുള്ളതാണ്.. ഇപ്പൊ നീ രക്ഷപെട്ടു.. എന്നെങ്കിലും നിന്നെ എന്റെ കൈയ്യിൽ ഒറ്റക്ക് കിട്ടും.. അപ്പൊ കാണിച്ചു താരമെടി.. എന്നു പറഞ്ഞു…
കുറച്ചു നേരത്തെ നല്ല രീതിയിൽ എന്നോട് സോറി വന്നു പറഞ്ഞ ആൾ ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നത് കേട്ട് ഞാൻ വായും പൊളിച്ചു അവിടെ തന്നെ നിന്നു..
” കുഞ്ഞോളെ നീയെന്തും നോക്കി നില്ക്കാ വാ പോവാം… ”
രാഹുലേട്ടൻ വിളിക്കുന്നത് കേട്ട് മാധവ് നിൽക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കാതെ ഞാൻ അവിടെ നിന്നും പോന്നു..
കൈക്ക് വേദനയുണ്ടോന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് നുണയും പറഞ്ഞ് ഞാൻ ഏട്ടന്റെയൊപ്പം വീട്ടിലോട്ട് പോന്നു .
പോവുമ്പോൾ ഏട്ടൻ ആണ് വണ്ടി ഓടിച്ചത്..
അവരുടെ വണ്ടിയിൽ ബിയർ കുപ്പി യൊക്കെ ഉണ്ടായിരുന്നുന്ന് ഏട്ടൻ പറയുന്നുണ്ടായിരുന്നു.. പോലീസിനെ വിളിച്ചാൽ കുടിച്ച് വണ്ടിയോടിച്ചതിനും കൂടി കേസ് ആവുമെന്ന് പേടിച്ചിട്ടാ അവന്മാര് സോറിയും പറഞ്ഞ് പൈസയും തന്ന് തടി തപ്പിയത്.. പോരാത്തതിന് കൂടെ ഉള്ളത് യുവ നടനും… വാർത്ത പരക്കാൻ അധിക സമയം ഒന്നും വേണ്ടാ… എന്നെ വീട്ടിലാക്കി ഏട്ടൻ വണ്ടി നന്നാക്കാൻ പോയി വീഴ്ചയിൽ വണ്ടിയുടെ മിറർ ഒന്ന് പൊട്ടിയിട്ടുണ്ട്.. വേറെ പ്രശ്നം ഒന്നുമില്ല.. പക്ഷെ പൈസ കുറച്ച് കൂടുതലാണ് വാങ്ങിയത്..
അമ്മ കാണാതെ അകത്തു കേറി ഡ്രെസ്സെല്ലാം മാറി ഒരു ഫുൾ കൈ ചുരിദാർ എടുത്തിട്ടു അത് കാരണം കൈ മുറിഞ്ഞത് അമ്മ അന്നത്തെ ദിവസം കണ്ടില്ല..
പക്ഷെ പിറ്റേന്ന് കൈ നീര് വന്ന് വീർത്തപ്പോൾ എല്ലാം പറയേണ്ടി വന്നു.. അങ്ങനെ വീണ്ടും എന്റെ ലൈസെൻസ് കട്ടപ്പുറത്ത് കേറി..
##############
എല്ലാം കേട്ടു കഴിഞ്ഞിട്ടും ഫോണിന്റെ അപ്പുറത്ത് നിന്ന് ഗൗരിയുടെ ശബ്ദം ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല…
” എടീ മരംകൊത്തി മോറി.. ഞാൻ ഇത്രയും പറഞ്ഞിട്ടും നീയെന്താ ഒന്നും മിണ്ടാത്തെ..”
” ഞാൻ ഇനി എന്തു പറയാനാണ് ഗായു.. നിനക്ക് വേറെ ആരുടെ വണ്ടിയുമായി കൂട്ടിയിടിക്കാൻ കിട്ടിയില്ലേ പെണ്ണേ..
കോളേജ് യൂണിയനിലെ ആകെയുള്ള പെണ്ണല്ലേ ഒന്ന് പേരെടുക്കാമെന്ന് കരുതിയാണ് ഈ യൂണിയൻ ഉദ്ഘാടനത്തിന് ഗസ്റ്റിനെ ഞാൻ തന്നെ കൊണ്ടു വരാമെന്നു പറഞ്ഞത്.. അതും യുവത്വത്തിന്റെ രോമാഞ്ചമായ മാധവിനെ തന്നെ.. ഇതിപ്പോ ആകെ നാണക്കേടാവും… പാർട്ടിയെ ട്രോള്ളാൻ മാത്രമായി കുറെ എണ്ണം നോക്കിയിരിപ്പുണ്ട് അവന്മാർക്കൊക്കെ ഇതൊരു ചാകരയാണിപ്പോ…”
” എടീ അതിന് മാധവാണ് ഉദഘാടനത്തിന് വരുന്നതെന്ന് നീ ആരോടെങ്കിലും പറഞ്ഞോ.. ?”
” ഞാൻ ആരോടും പറഞ്ഞില്ല.. പക്ഷെ കോളേജ് മുഴുവൻ ഇപ്പൊ അങ്ങനെയൊരു കരകമ്പി പരന്നിട്ടുണ്ട് … പോരാത്തതിന് അവന്മാര് ഫ്ലക്സ് അടിക്കാൻ കൊടുത്തെന്നും കേട്ടു..
എന്തായാലും ഞാൻ അവന്മാരോട് വിളിച്ച് അതൊക്കെ ക്യാൻസൽ ചെയ്യാൻ പറയാം.. ശരി ഡീ.. ബായ്… നാളെ കാണാം.. ”
” സോറി ഗൗരി ഞാൻ കാരണം അല്ലെ ഇതൊക്കെ… ”
” ഒന്ന് പോയെടി പെണ്ണേ.. ഇതെന്താ മാധവ് അയാൾ മാത്രമേ സെലിബ്രിറ്റി ആയുള്ളൂ ഈ നാട്ടിൽ .. നമുക്ക് വേറെ ആരെയെങ്കിലും നോക്കാം. .. നീ ഇനിയിത് ആലോചിച്ച് ടെൻഷൻ ആവണ്ട.. പോയി കിടന്നു ഉറങ്ങാൻ നോക്ക്.. ”
ഗൗരി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും മനസ്സിനൊരു വിഷമം ഞാൻ കാരണം നാളെ കോളേജിൽ അവൾ തല കുഞ്ഞിക്കേണ്ടി വരുമല്ലോന്ന് ആലോചിച്ച്..
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി എന്നെ ഒന്ന് തൊട്ട് നോക്കിയില്ല…
പിറ്റേ ദിവസം കോളേജിൽ പോയില്ല.. വയ്യന്നും പറഞ്ഞ് വീട്ടിൽ തന്നെയിരുന്നു.. ഫോൺ സ്വിച്ച് ഓഫും ചെയ്തു വെച്ചു.. വീട്ടിലിരുന്നു ബോറടിക്കുമെന്ന് തോന്നിയതുകൊണ്ട് മുത്തച്ഛന്റെ കൂടെ പെൻഷൻ പേപ്പേഴ്സ് ശരിയാക്കാൻ മുനിസിപ്പാലിറ്റി വരെ പോയി… രാവിലെ പത്തു മണിക്ക് പോയ ഞങ്ങൾ തിരികെ എത്തിയത് വൈകുന്നേരം ഏഴുമണിക്കാണ്.അങ്ങോട്ടും ഇങ്ങോട്ടും നടന്ന് മനുഷ്യന്റെ മുതുകോടിഞ്ഞു.. അവിടെ ചെല്ലുമ്പോൾ മറ്റേ സാറിനെ കാണാൻ പറയുന്നു.. ആ സാർ വേറൊരു സാറിനെ കാണാൻ പറയുന്നു. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയത് മാത്രം മിച്ചം.. അടുത്താഴ്ച ചെല്ലാൻ പറയുന്നത് കേൾക്കാനാണ് ഇത്രയും ഓടിയതെന്ന് മാത്രം.. വീട്ടിലെത്തി അങ്ങനെ തന്നെ കുളിച് കിടന്നുറങ്ങി.. അത്രക്കും ക്ഷീണം ഉണ്ടായിരുന്നു. ഫോൺ തുറന്നു നോക്കിയപ്പോൾ ഗൗരിടെ തടക്കം പത്തു മുപ്പത് കാൾസ് വന്നു കിടപ്പുണ്ട് എല്ലാം ക്ലാസ്സിലുള്ളവരുടെയും യൂണിയനിലെ പിള്ളേരുടേതും ആയിരുന്നു.. എന്തായാലും ആരെയും തിരിച്ച് വിളിക്കാൻ നിന്നില്ല.. നാളെ കോളേജിൽ ചെന്ന് നേരിട്ട് കാണാമെന്നു കരുതി.. ഇതിനിടയിൽ ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പിൽ മാധവ് ആണ് യൂണിയൻ ഉദഘാടനത്തിന് വരുന്നതെന്ന് പറഞ്ഞ് പിള്ളേര് നല്ല ചർച്ചയും… ദൈവമേ ഗൗരി ഇവരോടൊന്നും സത്യം പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു.. മിക്കവാറും യൂണിയൻ ഉദഘാടനത്തിന്റെ അന്ന് തന്നെ യൂണിയന്റെ അവസാനവുമായിരിക്കും..
രാവിലെ തന്നെ കുളിച്ചു റെഡി ആയി കോളേജിലോട്ട് പോയി.. ഗേറ്റ് കടന്നു ചെന്നതും എന്റെ അടുത്തേക്ക് പാഞ്ഞു വരുന്ന ചെയർമാൻ അരവിന്ദേട്ടനെയാണ് കണ്ടത്.. എന്ത് പറയണമെന്നറിയാതെ കണ്ണും മിഴിച്ച് നിന്ന എന്റെ കൈ പിടിച്ചു കുലുക്കി.. താങ്ക്സ് ഗായത്രി… എന്നൊക്കെ പറയുന്നുണ്ടായിരുന്നു അരവിന്ദേട്ടൻ ..
ഇതെന്തിനാപ്പാ എന്നോട് താങ്ക്‌സൊക്കെ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ഗൗരി വന്ന് ഇന്നലെ മാധവിന്റെ പേർസണൽമാനേജർ വിളിച്ച് പ്രോഗ്രാമിന് മാധവ് എത്തുമെന്നും പറഞ്ഞ് പ്രോഗ്രാമിന്റെ ഡീറ്റെയിൽസ് വാങ്ങിയത് പറഞ്ഞത്…
അപ്പൊ ലയ തന്ന വാക്ക് പാലിച്ചു.. അല്ലെങ്കിലും പണ്ടേ ലയയ്ക്ക് അവൾടെ ഏട്ടനെ കുറിച്ച് പറയുമ്പോ നൂറു നാവാണ്..അവളെന്തു പറഞ്ഞാലും നടത്തി കൊടുക്കുന്ന അവൾടെ പുന്നാര ഏട്ടൻ…
ഇനിയിപ്പോ നമ്മളോട് പഴയ ദേഷ്യമൊന്നും കാണില്ലെന്ന് മനസ്സിൽ കരുതിയപ്പോഴാണ് ഗൗരി പറഞ്ഞ അടുത്ത കാര്യം കേട്ട് ഞാൻ ഞെട്ടിയത്..
മാധവ് ഇവിടെ വരുമ്പോൾ കോളേജിൽ പുള്ളിയെ സത്കരിക്കാനും പുള്ളിക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കാനും സെലിബ്രിറ്റി കമ്മിറ്റി വേണം.. ഞാനാണത്രെ അതിന്റെ മെയിൽ കോർഡിനേറ്റർ… പോരാഞ്ഞിട്ട് മാധവിന്റെ ആ പേർസണൽ മാനേജർക്ക് അരവിന്ദേട്ടൻ എന്റെ ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്..
എല്ലാതും കൂടി കേട്ടപ്പോൾ കെസ്ആർടിസി യുടെ ആനവണ്ടിക്ക് തല വെക്കാൻ പോവുന്ന ഒരു ഫീലിങ്ങായിരുന്നു എനിക്ക്…
ക്ലാസ്സിൽ ചെന്ന് വെരുക് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ ഫോൺ ബെല്ലടിച്ചു.. എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ… ട്രൂകോളറിൽ മാധവ് എന്നും എഴുതി കാണിച്ചതും എന്റെ കൈയും കാലും വിറക്കാൻ തുടങ്ങി..
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





