ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് ചെന്നപ്പോൾ .. ദാ. നേരെ മുന്നിൽ തന്നെ എന്റെ അച്ഛൻ വന്നു നിൽക്കുന്നു..
പെട്ടന്ന് അച്ഛനെ കണ്ടപ്പോൾ സന്തോഷം തോന്നിയത് കൊണ്ട്.. ഞാൻ അച്ഛനെ കണ്ടപാടെ ഓടി ചെന്ന് കെട്ടിപ്പിടിച്ചു..
മാധവേട്ടനും പ്രകാശച്ഛനും കൂടി ഹാളിൽ ഇരുന്ന് അച്ഛനോട് സംസാരിക്കുകയാണ്.. അച്ഛനോട് സംസാരിക്കുന്നതിനിടയിൽ മാധവേട്ടൻ എന്നെയും ഒളികണ്ണിട്ട് നോക്കുന്നുണ്ട് .
എല്ലാരോടും ചിരിച്ചു സംസാരിക്കുന്നതിനിടയിൽ മാധവേട്ടന്റെ മനസ്സിൽ ഇപ്പൊ എന്താ ചിന്തിച്ചു കൂട്ടുന്നെന്ന് എനിക്ക് മാത്രമേ അറിയൂ..
പെട്ടന്ന് അതൊക്കെ ഓർത്ത് ചിരി വന്നപ്പോൾ ഞാൻ ഏട്ടനെ നോക്കി ചിരിച്ചു.. എന്റെ ചിരിയുടെ അർത്ഥം മനസിലായിട്ടാവണം പുള്ളി എന്നെ നോക്കി നിന്നെ ഞാൻ കാണിച്ചു തരാമെടി എന്ന മട്ടിൽ എന്നെ നോക്കി ഒന്ന് തല കുലുക്കി..
കുറച്ചു കഴിഞ്ഞ് അച്ഛനോട് ഇപ്പൊ വരാമെന്നു പറഞ്ഞ് മുകളിൽ റൂമിലേക്ക് പോയി… പിന്നെ കാണാതായപ്പോൾ ഞാനും ചെന്ന് മുറിയിലോട്ട്.. അകത്തേക്ക് കേറി ചെന്നതും ആരോ വാതിൽ അടച്ചതും ഒപ്പം എന്റെ പുറകിലൂടെ വന്നു പിടിച്ചതും ഒരുമ്മിച്ചായിരുന്നു…
” എടി ഗായു പെണ്ണെ… നിന്റെ അച്ഛൻ ഇപ്പൊ വന്നിരിക്കുന്നത് എന്തിനാണെന്ന് അറിയോ…. ?”
” അറിയില്ല… !!”
” ആ എന്നാൽ എന്റെ ഒരു അനുമാനം വെച്ച് ഞാൻ പറയാം അത് നിന്നെ വീട്ടിലോട്ട് വിളിച്ചു കൊണ്ടു പോവാൻ ആണ്.. കല്യാണം കഴിഞ്ഞിട്ട് ഇതുവരെ അങ്ങോട്ട് പോയിട്ടില്ലല്ലോ… അപ്പൊ വിരുന്നിനു കൊണ്ടു പോവാൻ വിളിക്കാൻ വന്നതാണ്..
ആട്ടെ അച്ഛൻ വിളിച്ചാൽ നീ അച്ഛന്റെ കൂടെ പോവുമോ… വീട്ടിലോട്ട്… ”
” പോവണ്ടേ… ?”
‘പോവണ്ട… രണ്ടു മൂന്നു ദിവസം കഴിഞ്ഞ് നമ്മുക്കൊരുമിച്ച് പോവാം… പ്ലീസ്.. ഇന്ന് നീ പോവണ്ട… ”
മാധവ് അത് പറഞ്ഞു തീരും മുന്നേ താഴെ നിന്ന് അച്ഛൻ അവരെ വിളിച്ചു..
” മോളെ ഗായൂ അച്ഛൻ മോളെ വീട്ടിലോട്ട് കൊണ്ടുപോവാൻ വിളിക്കാൻ വന്നതാണ്.. പണ്ട് മുതലേ അങ്ങനെ കുറച്ചു ചടങ്ങുകളൊക്കെയുണ്ട് കല്യാണം കഴിഞ്ഞാൽ പെൺകുട്ടിയെ വീട്ടിലോട്ട് വിളിച്ചു കൊണ്ടു പോയി ഒരാഴ്ച നിർത്തലൊക്കെ … പിന്നെ മോൾക്ക് അപകടം പറ്റിയത് കാരണമാണ് ഇത് ഇത്ര നീണ്ടു പോയത് …
മോള് പോയി കൊണ്ടു പോവാനുള്ള ഡ്രെസ്സ് എടുത്ത് വെക്ക്.. ഒരാഴ്ച കഴിഞ്ഞ് ഇങ്ങോട്ട് പറഞ്ഞയച്ചോണം.. ചന്ദ്രാ മോളെ… ”
ഒരു ചെറിയ പുഞ്ചിരിയോടെയും കള്ള ദേഷ്യത്തോടെയും അച്ഛനെ നോക്കി പ്രകാശച്ചൻ അത് പറയുമ്പോൾ ഞാൻ അച്ഛനെ തന്നെ നോക്കി നിന്നു..
എല്ലാ ദിവസവും രാത്രി എന്നും അച്ഛനെന്നെ വിളിച്ചതിന് ശേഷം മാത്രമേ എന്നും ഞാൻ ഉറങ്ങാറ് ഉള്ളു… വേണമെങ്കിൽ അച്ഛനും പണ്ടത്തെ പോലെ എന്നെ കാണാതെ ഉറക്കം വരുന്നുണ്ടാവൂല്ല..
അന്ന് കല്യാണം കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ ഞാൻ കണ്ടിരുന്നു എല്ലാരും കരഞ്ഞുകൊണ്ട് സന്തോഷത്തോടെ എന്നെ യാത്രയാക്കുമ്പോൾ അത് കാണാൻ നിൽക്കാതെ തിരിഞ്ഞു നടക്കുന്ന അച്ഛനെ..
പ്രതീക്ഷയോടെ എന്നെ കൂട്ടികൊണ്ട് പോവാൻ വന്ന അച്ഛനോട് ഞാൻ എന്ത് നുണ പറഞ്ഞാണ് വരില്ലെന്ന് പറയുക…
അപ്പുറം മാറി നിന്ന് മാധവേട്ടൻ എന്നോട് അച്ഛനോട് വരില്ലെന്ന് പറയാൻ തല കൊണ്ട് കാണിക്കുന്നുണ്ട്…
ഒന്നും മിണ്ടാൻ പറ്റുന്നില്ല… ഒരു ഭാഗത്ത് മാധവേട്ടന്റെ സ്നേഹം.. പാവം മനസ്സ് കൊണ്ടൊരുപാട് ആഗ്രഹിക്കുന്നുണ്ട് ഞാനിവിടെ തന്നെ നിൽക്കാൻ. മറ്റൊരു ഭാഗത്ത് അച്ഛൻ ഒരുപാട് നാളുകൾക്ക് ശേഷം എന്നെ വീട്ടിലോട്ട് കൂട്ടി കൊണ്ട് പോവാൻ വന്നിരിക്കുന്നു. അവിടെ അമ്മയും മുത്തച്ചനും എന്നെയും പ്രതീക്ഷിച്ചു ഇരുപ്പുണ്ടാവും എനിക്ക് ഇഷ്ട്ടപെട്ട പലഹാരങ്ങളും കറികളുമായി…
ഒന്നും മിണ്ടാതെ മുറിയിൽ ചെന്ന് ബാഗും കൊണ്ട് താഴേക്ക് ചെന്നു.. എല്ലാരോടും യാത്ര പറഞ്ഞു പ്രകാശച്ചനും രാഗിണിയമ്മക്കും ഞാൻ വീട്ടിലോട്ടു പോവുന്നതിൽ നല്ല വിഷമമുണ്ട്…
വേഗം തന്നെ തിരിച്ചു വരണം.. എന്റെ മോള്.. എന്ന് അമ്മ എന്റെ മൂർദ്ധവിൽ കൈ വെച്ചു കൊണ്ട് പറഞ്ഞപ്പോൾ എന്തോ എനിക്കും നല്ല വിഷമം തോന്നി അച്ഛനോടും ലയയോടും യാത്ര പറഞ്ഞ് മാധവേട്ടനെ ഒന്ന് തിരിഞ്ഞു നോക്കി …
എന്റെ മുഖത്തോട്ട് നോക്കുന്നില്ല… പകരം ഡ്രൈവറെ നോക്കി എന്നെയും അച്ഛനെയും വീട്ടിലോട്ട് കൊണ്ട് ചെന്നാക്കാൻ പറഞ്ഞു.
വണ്ടിയിൽ കയറുമ്പോഴും ആ ഒരു നോട്ടത്തിനായി ഞാൻ ഏട്ടനെ തന്നെ നോക്കി…പക്ഷെ ആരോടോ ഫോണിൽ സംസാരിക്കുന്നതാണ് കണ്ടത്.. വണ്ടി ഗേറ്റ് കടന്നു പോകുന്നത് വരെ ഞാൻ അങ്ങനെ നോക്കിയിരുന്നെങ്കിലും മാധവേട്ടൻ നോക്കിയില്ല…
വീടിന്റെ പടിക്കൽ തന്നെ എന്നെയും കാത്ത് മുത്തച്ഛനും അമ്മയും നിൽപ്പുണ്ട്..
കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മുത്തച്ഛൻ വന്ന് എന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി… പതിയെ ചുളിവ് വീണ വിറയാർന്ന കൈകൾ കൊണ്ട് എന്റെ മുഖത്ത് തലോടി…
ഒന്നും പറഞ്ഞില്ലെങ്കിലും ആ സ്പര്ശനം തന്നെ എത്രത്തോളം വാത്സല്യമാണ് എനിക്ക് നൽകുന്നതെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല..
മാറി നിൽക്കുന്ന അമ്മയുടെ അരികിൽ ചെന്ന് അമ്മയെ വാരി പുണരുമ്പോൾ അടുക്കളയിലെ പഴയ ഉള്ളി ത്തിയലിന്റെ മണമായിരുന്നു അമ്മക്ക്..
” ബാക്കി വർത്താനം പറച്ചിലൊക്കെ അകത്തോട്ടു കേറിയിട്ട്… നീയിങ്ങനെ നോക്കി നിൽക്കാതെ കുട്ടിക്ക് എന്തെങ്കിലും കുടിക്കാനെടുത്ത് കൊടുക്ക് രേണുകേ.. ”
മുത്തച്ഛനാണ് ….
പിന്നെ വൈകുന്നേരം വരെ എന്നെ തീറ്റിക്കലും കുടിപ്പിക്കലും തന്നെയായിരുന്നു അമ്മയും മുത്തച്ചനും കൂടി അച്ഛനിതൊക്കെ കണ്ട് എന്നെ നോക്കിയിരുന്നു ചിരിക്കലും.. ശെരിയാണ് അച്ഛനും അമ്മയും മുത്തച്ഛനും കൂടെയുള്ളപ്പോൾ താൻ ആ പഴയ കുഞ്ഞോൾ ആയി മാറുകയാണ്..
ഇടക്ക് മാധവേട്ടന്റെ ഫോണിലോട്ട് വിളിച്ചെങ്കിലും ബെൽ അടിക്കുന്നുണ്ടെങ്കിലും എടുക്കുന്നുണ്ടായിരുന്നില്ല.. പിന്നെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടായി..
എന്നോട് ദേഷ്യം കാണും അത്രക്ക് കെഞ്ചിയാണ് ഏട്ടൻ എന്നോട് ഇന്ന് വീട്ടിൽ പോവണ്ട.. പിന്നെ ഒരിക്കൽ നമുക്കൊരുമിച്ച് പോവാം എന്ന് പറഞ്ഞത്… പക്ഷെ അച്ഛന്റെ മുഖം കണ്ടപ്പോൾ താനതൊക്കെ മറന്നു..
വൈകുന്നേരം ഭക്ഷണം കഴിക്കുന്നതിനു മുന്നേ വീട്ടിൽ നിന്ന് രാഗിണിയമ്മ വിളിച്ചിരുന്നു.. വീട്ടിലെ വിശേഷങ്ങളും അമ്മയോടും സംസാരിച്ചു… ഇടയിൽ മാധവേട്ടനെ കുറിച്ച് അമ്മയോട് ചോദിക്കാനായി നാവ് പൊന്തിയതാണ് പിന്നെ വേണ്ടെന്ന് വെച്ചു.. ഇനി ഞാനും ഏട്ടനും തമ്മിലുള്ള വഴക്ക് അമ്മയും കൂടി അറിഞ്ഞ് ആകെ കുഴപ്പമാകും..
അതുകൊണ്ട് പിന്നെ ചോദിക്കണ്ടാന്ന് വെച്ചു..
കിടക്കാനായി മുറിയിലേക്ക് ചെന്നപ്പോഴും ഫോണിലേക്ക് വീണ്ടും വിളിച്ചു നോക്കി ബിസി യാണ്.. ഒരു സമാധാനത്തിനു വേണ്ടി ലയയെ വിളിച്ചു നോക്കി.. ഓരോന്നൊക്കെ ചോദിച്ച് അവസാനം ഏട്ടനെ കുറിച്ച് ചോദിച്ചു.. ‘ പുറത്തേക്ക് പോയിട്ട് വന്നിട്ടില്ല എന്ന് പറഞ്ഞു.’ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു..
ഫോൺ തിരികെ വെച്ച് മുറിയിലെ ജനൽ തുറന്ന് പുറത്തേക്ക് നോക്കി നിന്നു.. നല്ല മഴ വരാനുള്ള സാധ്യത യുണ്ട് .. നല്ല കാറ്റ് വീശുന്നുണ്ട്… കുറച്ചു നേരം കണ്ണടച്ച് പിടിച് മുഖം പുറത്തേക്കാക്കി ജനലിനോട് ചേർന്നു നിന്നു.. നല്ല തണുപ്പുള്ള കാറ്റ് മുഖത്തോട്ട് തട്ടി മുടിയെല്ലാം പാറി പറക്കുന്നു..ഇടക്ക് ഓരോ ചെറിയ മഴതുള്ളി മുഖത്തേക്ക് വീണു..
അരികിൽ ചേർത്ത് നിർത്തി ആ മുടികളെ വഴഞ്ഞു മാറ്റാൻ മാധവേട്ടൻ കൂടെ യുണ്ടായിരുന്നെങ്കിൽ എന്ന് മനസ്സ് ആഗ്രഹിച്ചു ആ സമയത്ത് ..
കുറച്ചു നേരം കൂടി കണ്ണടച്ച് അവിടെ തന്നെ നിന്നു.. പെട്ടന്ന് പതിയെ ആരുടെയോ കൈ എന്റെ അരകെട്ടിലൂടെ വരിഞ്ഞു മുറുകി എന്നെ ചേർത്തു പിടിച്ചു.. ആ ചൂരും ചൂടും എനിക്ക് പരിചിതമായതിനാൽ ആളാരാണെന്ന് തിരിഞ്ഞു നോക്കാതെ മനസിലായി…
മാധവേട്ടൻ….
” ഈ നല്ല കോരിചൊരിഞ്ഞ് മഴ പെയ്യാൻ പോകുന്ന നേരത്ത് നീയെന്നെ ഒറ്റക്കാക്കി പോന്നല്ലോടി പെണ്ണേ… ??”
” അത് ഏട്ടാ.. അച്ഛൻ വന്ന് വിളിച്ചപ്പോ… അച്ഛയെ സങ്കടപ്പെടുത്തണ്ടെന്ന് കരുതിയിട്ടാ.. ”
” ഓ അപ്പൊ എനിക്ക് സങ്കടം വന്നാൽ നിനക്കൊരു പ്രശ്നവുമില്ല അല്ലെ..മ്മ് മ്… എന്നാ ശരി ഞാൻ പോവട്ടെ.. ”
മാധവ് അതും പറഞ്ഞ് ഗായത്രിയിൽ നിന്ന് അടർന്നു മാറി തിരിഞ്ഞു നടന്നതും…
ഗായു ഓടി ചെന്ന് അവനെ പിന്നിൽ നിന്ന് പിടിച്ചു നിർത്തി…
” എന്നെ ഇങ്ങനെ ധർമ്മ സങ്കടത്തിലാക്കലെ മാധവേട്ടാ… വീട്ടിൽ നിന്ന് പോന്നപ്പോൾ തൊട്ട് ഞാൻ ഫോണിൽ വിളിക്കുകയാ… കാണാതെ നിൽക്കാൻ വയ്യ ഇങ്ങോട്ട് വരാൻ പറയാൻ… അതെങ്ങനെയാ ഫോൺ എടുക്കണ്ടേ.. കല്യാണം കഴിഞ്ഞ നാൾ മുതൽ ഓരോരോ പ്രശ്നങ്ങൾ ആണ്.. വീണ, അമ്മു, അമ്മായി,ആശുപത്രി വാസം… ഓരോന്നായി അവസാനിപ്പിച്ച് മനസ്സ് കൊണ്ട് ഒരുമിച്ചുള്ള ഒരു ജീവിതം സ്വപ്നം കണ്ട് തുടങ്ങിയപ്പോൾ.. ദാ പുതിയ പ്രശ്നങ്ങൾ ഏട്ടൻ തന്നെ ഉണ്ടാക്കല്ലേ.. ”
ഗായത്രി അത് പറഞ്ഞതും മാധവ് ഒരു കള്ള ചിരിയോടെ അവളെ തന്നെ നോക്കി നിന്നു..
“എന്താ.. !?”
“അല്ലെ അപ്പൊ എന്റെ കെട്ട്യോള് ഞാൻ മനസ്സിൽ കണ്ടത് മാനത്ത് കണ്ടല്ലോ.. ഇത് നിന്റെ നാവിൽ നിന്നൊന്ന് കേൾക്കാനായിട്ട് ഞാൻ എത്ര നാളായി കാത്തിരിക്കുന്നു.. ”
മാധവ് അത് പറഞ്ഞു നിർത്തിയതും ഗായത്രി അവളുടെ തല മാധവിന്റെ നെഞ്ചിൽ ചായ്ച്ചു..
” ആഹാ നല്ല കാറ്റും മഴയും പറ്റിയ ദിവസം തന്നെ നിനക്ക് ഇങ്ങോട്ട് പോരാൻ തോന്നിയല്ലോ എന്റെ ഗായൂ.. ”
എന്തെന്നുള്ള അർത്ഥത്തിൽ ഗായത്രി മാധവിനെ തന്നെ നോക്കി നിന്നു..
” അത് ഈ വാതിലടച്ച്.. ലൈറ്റ് ഓഫ് ചെയ്തിട്ട് ഞാൻ നിനക്ക് രഹസ്യമായി പറഞ്ഞു തരാം.. ”
മാധവ് ലൈറ്റ് ഓഫ് ചെയ്ത് ഗായത്രിയെ രണ്ടു കൈ കൊണ്ടും കോരിയെടുത്ത് കട്ടിലിലേക്ക് കിടത്തി.. അവൽക്കരികിലായി ചേർന്നു കിടന്നു..
തുറന്നു കിടക്കുന്ന ജനലിലൂടെ ആർത്തു പെയ്യുന്ന മഴയും കാറ്റും അവരുടെ പ്രണയ സല്ലാപങ്ങൾക്ക് സാക്ഷിയായി..
പിന്നീട് ഓരോ ദിവസങ്ങളും നിമിഷങ്ങളും അവരുടെ പ്രണയത്തിന്റേത് മാത്രമായിരുന്നു.. നഷ്ട്ടപെട്ടുപോയ ഓരോ നിമിഷങ്ങളിലെയും സ്നേഹം കൂടെയുള്ളപ്പോഴെല്ലാം വാരികോരി നൽകി അവർ മത്സരിച്ചു..
ഷൂട്ടിങ്ങുകളെല്ലാം കഴിഞ്ഞ് എത്ര പാതിരാത്രിയായാലും വീട്ടിലേക്ക് വരുന്ന മാധവിനെ നോക്കി അമ്മയും അച്ഛനും ലയയും കളിയാക്കാൻ തുടങ്ങി..
” ദേ.. മാധവേട്ടാ.. എപ്പോഴും ഇങ്ങനെ എന്റെ കൂടെ തന്നെ.. പിന്നാലെ ഇങ്ങനെ നടക്കല്ലേ.. അച്ഛനും അമ്മയുമൊക്കെ എന്ത് പറയും… ”
” അവരെന്തു പറഞ്ഞാലും എനിക്കൊരു കുഴപ്പവുമില്ല… ഞാനെന്റെ പെണ്ണിന്റെ പുറകിലൂടെയാണ് നടക്കുന്നത്.. അല്ലാതെ കണ്ണിൽ കണ്ടവളുമാരുടെ പുറകെയല്ല.. ”
മാധവ് അതും പറഞ്ഞ് ഗായത്രിയെ വലിച്ചു പിടിച്ചതും അവൾ മാധവിനെ ആഞ്ഞു തള്ളി മലർന്നടിച്ചു വീണ മാധവിനെ നോക്കി കൊഞ്ഞനം കുത്തി മുറിയിൽ നിന്ന് പുറത്തോട്ട് ഓടി..
” നിന്നെ ഞാൻ രാത്രി എടുത്തോളാം.. കേട്ടോടീ… !”
അടുക്കളയിൽ രാഗിണിയമ്മ പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് ഗായത്രി അങ്ങോട്ട് കേറി ചെന്നത്..
“മോളെ നാളെ പാലട വാങ്ങിക്കാൻ അമ്മയെ ഓര്മിപ്പിക്കണം കേട്ടോ.. ”
ഗായത്രിയെ കണ്ടപ്പോഴാണ് രാഗിണി അത് പറഞ്ഞത്.
” എന്താ അമ്മേ നാളെ പ്രത്യേകത.. ?”
അമ്മക്കരികിൽ ചേർന്നു നിന്നു കൊണ്ടാണ് ഗായത്രി അത് ചോദിച്ചത്..
“നാളെ കഴിഞ്ഞാൽ മാധു ന്റെ പിറന്നാൾ ആണ്.. ഒരുപാട് കാലങ്ങളായി അവൻ പിറന്നാൾ ആഘോഷിക്കാറില്ല.. പഴയതൊക്കെ ഓർത്തു കൊണ്ട്… പക്ഷെ ഇത്തവണ ഇത് മക്കളുടെ കല്യാണം കഴിഞ്ഞ് ആദ്യത്തെ പിറന്നാൾ അല്ലെ.. മോള് അവനെയും കൊണ്ട് നമ്മുടെ കുടുംബ ക്ഷേത്രത്തിൽ ഒന്ന് പോവണം.. ഒരുപാട് കാലമായി അവനങ്ങോട്ടേക്കൊക്കെ പോയിട്ട്..പാലടയും മോള് തന്നെ ഉണ്ടാക്കിയാൽ മതി അവന് പാലടന്ന് വെച്ചാൽ ജീവനാണ്… ”
അമ്മ പറയുന്ന പകുതിയും ഗായത്രിക്ക് കേൾക്കാൻ പറ്റുന്നുണ്ടായില്ല.. മനസ്സിൽ ആ നേരത്ത് വീണ പറഞ്ഞ വാക്കുകൾ ആയിരുന്നു.. ആറുമാസം കൂടിയുള്ളു തന്റെ കഴുത്തിലെ ഈ താലിചരടിനെന്നല്ലേ അന്നവൾ പറഞ്ഞത്.. അതിന് ശേഷം അവളൊരിക്കലും തന്നെ വിളിച്ചിട്ടില്ല.. പലപ്പോഴായി അതോർമ്മ വരുമ്പോഴെല്ലാം എല്ലാം അവസാനിപ്പിക്കാൻ സമയമായി ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് മാധവ് തന്നെ സമാധാനപ്പെടുത്തുമായിരുന്നു.. പക്ഷെ നാളെ കൂടി കഴിഞ്ഞാൽ ഇന്ദ്രനും വീണയും മഹാദേവനും കൂടി ചേർന്ന് മാധവിന്റെ ആയുസ്സ് ന് കൊടുത്ത സമയം തീരും… ഇതുവരെ പദ്മിനി അപ്പച്ചിയെ കണ്ടു പിടിക്കാൻ പറ്റിയിട്ടില്ല.. പിന്നെ എങ്ങനെ എല്ലാ സത്യങ്ങളും എല്ലാരേയും അറിയിക്കും.
ഓരോന്നാലോചിക്കും തോറും കണ്ണിൽ ഇരുട്ട് കയറി… അടുക്കളയിൽ നിന്ന് മാധവിന്റെ അടുത്തോട്ടേക്ക് നടക്കും തോറും കാൽ കുഴഞ്ഞു പോകുന്നത് പോലെ തോന്നി ഗായത്രിക്ക് .
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission