അടിയുടെ ആഘാതത്തിൽ വീണ് പോയ അമ്മുവിനെ വാസന്തി ഓടി വന്ന് പിടിച്ചെഴുന്നേൽ പ്പിച്ചു.. ഞെട്ടിതരിച്ച് മാധവിനെ തന്നെ നോക്കുകയാണ് അമ്മു..
അമ്മുവിനെ പോലെ തന്നെ ഞെട്ടിയിരുപ്പാണ് ഗായത്രിയും…
മാധവേട്ടൻ അമ്മുവിനെ തല്ലി.. അതും വെറും തലല്ല… പടക്കം പൊട്ടുന്ന പോലെ ഒരു ഒന്നൊന്നര എണ്ണം.. തിരിഞ്ഞു ഇരിക്കുന്നത് കാരണം സംഭവം കാണാൻ പറ്റിയില്ലെങ്കിലും ശബ്ദം കേട്ട് അടിയുടെ ആഘാതം എത്രയാണെന്ന് തനിക്ക് മനസിലായി..
കാണുന്നതെല്ലാം സ്വപ്നമല്ലല്ലോ എന്ന് ഉറപ്പിക്കാനായി ഗായു പതിയെ തന്റെ കയ്യിൽ ഒന്ന് നുള്ളി നോക്കി..
ആ.. വേദനിക്കുന്നുണ്ട് അപ്പൊ സംഭവം റിയൽ തന്നെയാണ് .
അടി കൊണ്ട കവിളുമായി മാധവിനെ തന്നെ നോക്കിയിരുപ്പാന് അമ്മു..
ഇവൾക്ക് വേണ്ടി നീയെന്നെ തല്ലി അല്ലെ മാധവ്.. എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം..
” എവിടെ നിന്നോ വന്ന ഒരുത്തിക്ക് വേണ്ടി.. എന്റെ മോളെ നീ തല്ലി അല്ലേ… മാധു.. പ്രകാശേട്ടനും രാഗിണിയെടത്തിയും വരട്ടെ ഇങ്ങ്.. ഇന്നലെ കേറി വന്ന ഇവൾക്കാണോ.. അതോ എന്റെ മോളാണോ നിനക്ക് വലുതെന്നു എനിക്കറിയണം… ”
വാസന്തി അമ്മായി ഇതൊക്കെ നിന്ന് പറയുമ്പോഴും… മാധവേട്ടൻ അതൊന്നും കേൾക്കാത്ത ഭാവത്തിൽ എന്റെ അടുത്ത് വന്ന് ചായ വീണ കൈയിലോട്ടും എന്റെ മുഖത്തോട്ടും മാറിമാറി നോക്കുകയാണ് .
നഴ്സിനെ വിളിച്ച് പൊള്ളിയ ഭാഗത്ത് മരുന്ന് വെച്ച് ഊതി തരുമ്പോഴും ആ മുഖത്തിലെ വികാരമെന്തെന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചില്ല..
” വേദനിക്കുന്നുണ്ടോ ഗായൂ… ??!”
പൊള്ളിയ ഭാഗത്ത് ഊതി കൊണ്ടാണ് മാധവേട്ടൻ അതെന്നോട് ചോദിച്ചത്..
ഒന്നും മിണ്ടാതെ ഞാൻ മാധവേട്ടനെ തന്നെ നോക്കിയിരുന്നു.. ഇതൊന്നും ഇഷ്ടപ്പെടാതെ ഒരു ഭാഗത്ത് നിന്ന് അമ്മു ഞങ്ങളെ തന്നെ നോക്കി നിൽപ്പുണ്ടായി…
അപ്പോഴേക്കും വാസന്തി അമ്മായി വീട്ടിലോട്ട് വിളിച്ച് അച്ഛനോടും അമ്മയോടും ഹോസ്പിറ്റലിലോട്ട് വരാൻ പറഞ്ഞിട്ടുണ്ടായിരുന്നു..
” നീ പേടിക്കണ്ട മോളെ ഇതിന് ഇന്ന് തന്നെ ഒരു തീരുമാനം വേണം.. കാശു കൊടുത്തുണ്ടാക്കിയ ഒരു ബന്ധം മാത്രമാണ് ഇവളും മാധുവും തമ്മിൽ അത് ഇന്നത്തോടെ നമ്മുക്ക് അവസാനിപ്പിക്കാം…
അവരെല്ലാം ഇപ്പൊ തന്നെ ഇങ്ങെത്തും .. ഇനി കുറച്ചു സമയം കൂടിയേ ആ താലി ഇവളുടെ കഴുത്തിൽ കാണൂ.. ”
അമ്മായി ഇതൊക്കെ പറയുമ്പോൾ അമ്മു എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നുണ്ടായി ..
പെട്ടന്ന് എനിക്കോർമ്മ വന്നത് മാധവേട്ടൻന്റെ അച്ഛനെയും അമ്മയെയും കുറിച്ചാണ് … അമ്മു വിനെ അവർക്ക് നന്നായി അറിയാം.. ഒരിക്കലും മനഃപൂർവ മാണ് അമ്മു ഇങ്ങനെയൊക്കെ ചെയ്തതെന്ന് പറഞ്ഞാൽ അവർ വിശ്വസിക്കാൻ സാധ്യതയില്ല… രണ്ടുപേരും എന്തായാലും അവളെ തള്ളി പറയാനും പോണില്ല … സ്വന്തം ചോരയല്ലേ… അപ്പൊ പിന്നെ ഞാൻ…
എന്റെ ഈശ്വരന്മാരെ ഒരുപാട് കാലത്തിനു ശേഷം എല്ലാം കലങ്ങി തെളിഞ്ഞു എന്ന് കരുതിയതാണ് .. അപ്പൊ ദേ… വേറെ ഓരോരോ മാരണങ്ങൾ കേറി കുളം തോണ്ടുകയാണ് ജീവിതം ..
മനസ്സ് കൊണ്ട് ദൈവത്തെ വിളിച്ചുകൊണ്ടിരിക്കുന്ന നേരത്താണ് അമ്മയും അച്ഛനും വന്നത് ഒപ്പം ലയയും രാഹുലും ഉണ്ട്…
” എന്റെ രാഗിണിയെടത്തി… അമ്മുന്റെ മുഖം കണ്ടോ… മാധു തല്ലിയതാണ്… അതും ദേ ഇവൾക്ക് വേണ്ടി…എന്റെ മോള് പാവം അറിയാതെ കുറച്ച് ചായ ഇവള്ടെ മേത്തു വീണു.. അതിന് അവൾ കണ്ണോണ്ടും കലോണ്ടും ഗോഷ്ടി കാണിച് കള്ള കണ്ണീര് വരുത്തി മാധുനെ കൊണ്ട് അമ്മുനെ തല്ലിപ്പിചു .. ”
ദൈവമേ ഞാൻ പറഞ്ഞിട്ടാണോ മാധവേട്ടൻ അമ്മുവിനെ തല്ലിയത് ഇവരെന്തോക്കെ നുണയാ ഈ പറയുന്നേ…
അമ്മായി ഇതൊക്കെ പറയുമ്പോൾ അമ്മു അതേ അങ്ങനെ തന്നെയാ സംഭവിച്ചേ എന്ന മട്ടിൽ തലയാട്ടി കൊണ്ടേയിരുന്നു..
മാധവ് ഇതൊന്നും ശ്രദ്ധിക്കാതെ എന്റെ അടുത്ത് തന്നെയിരുപ്പുണ്ട്.. അതിനിടയിൽ ലയ എന്റെ അടുത്ത് വന്ന് ശെരിക്കും ഏട്ടൻ അമ്മുവിനെ തല്ലിയോ എന്ന് ചോദിച്ചു..
ഞാൻ ആം തല്ലി എന്ന് പറഞ്ഞതും എനിക്ക് കാണാൻ പറ്റിയില്ലല്ലോ എന്ന് പറഞ്ഞ് ആ കുരിപ്പ് റൂമിലിരുന്നിരുന്ന ഓറഞ്ച് എടുത്ത് പൊളിച്ചു തിന്നാൻ തുടങ്ങി. ഓരോ അല്ലിയെടുത്ത് രാഹുലിനും മാധവേട്ടനും കൊടുത്തു എനിക്ക് നേരെ നീട്ടിയതും ഞാൻ ദയനീയമായി അവളെയൊന്ന് നോക്കി .
” വേണ്ടങ്കിൽ അത് പറഞ്ഞാൽ പോരെ ഗായൂ.. നീയെന്തിനാ കരയാൻ പോണേ… ?”
അവളത് പറഞ്ഞതും മാധവും രാഹുലെട്ടനും എന്നെ നോക്കി ചിരിച്ചു.. ഇവിടെ ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ ഇവരൊക്കെ എങ്ങനെ ഇത്ര കൂളായി നിൽക്കുന്നു എന്റെ ഭഗവാനെ.
അതിനിടയിൽ വാസന്തി അമ്മായിയും അമ്മുവും കരഞ്ഞും പിഴിഞ്ഞും എന്തൊക്കെയൊക്കെയൊ പറയുന്നുണ്ടായി എന്റെ അമ്മായി അമ്മയോട്… ചിലതെല്ലാം ഉറക്കെയും ചിലത് രഹസ്യവുമായാണ്.. എന്തായാലും എല്ലാം എന്നെ ഇവിടെ നിന്ന് പുകച്ച് പുറത്തു ചാടിക്കാനുള്ളതാണ്..
മാധവും ലയയും രാഹുലേട്ടനും ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല..
എല്ലാം കേട്ട് കഴിഞ്ഞ് രാഗിണിയമ്മ അമ്മുവിന്റെ അടുത്തൊട്ട് ചെന്ന്…
‘ ശെരിക്കും മോള് അറിയാതെ കൈ തട്ടിയാണോ ഗായത്രിടെ ദേഹത്ത് ചായ വീണത് ‘ എന്ന് ചോദിച്ചു ..
” അതേ അമ്മായി . ഞാൻ ഗായത്രി ക്ക് വയ്യാത്തത് കാരണം സഹായിക്കാൻ ചെന്നതാണ് പെട്ടന്ന് അറിയാതെ കൈ തട്ടി ചായ കുറച്ചു തെറിച്ചു ഗായുന്റെ കയ്യിൽ വീണു… മനഃപൂർവമല്ല.. പിന്നെ ചായക്ക് അധികം ചൂട് ഒന്നും ഉണ്ടായില്ല.. ബാക്കിയെല്ലാം അവളുടെ അഭിനയമായിരുന്നു… “..
” ഇനി ഒന്നും നോക്കണ്ട പ്രകാശേട്ടാ… ഇന്നത്തോടെ തീർക്കാം ഈ നശിച്ചവളുമായുള്ള ബന്ധം. ഇവള്ടെ അച്ഛനെയോ അമ്മയെയൊ ആരെയാണെന്ന് വെച്ചാൽ ഏട്ടൻ ഇപ്പൊ തന്നെ ഏട്ടൻ വിളിച്ച് വരുത്തിക്കോ.. ഇങ്ങനെയൊരുത്തി നമ്മുടെ കുടുംബത്തിലെ അടുപ്പിക്കാൻ കൊള്ളൂല..”
വാസന്തി അമ്മായി ഇത് പറയുമ്പോൾ അച്ഛൻ ദേഷ്യത്തോടെ പുറത്തോട്ട് നോക്കി നിൽപ്പായിരുന്നു. എന്തോ അച്ഛന്റെ കണ്ണിലെ ദേഷ്യം കണ്ട് എനിക്ക് തന്നെ പേടി തോന്നി … ഇവിടെ മൂന്നു പേര് അപ്പോഴും ഞങ്ങള് ഈ നാട്ടുകാരല്ല എന്ന ഭാവത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ ക്ലബ് മാറിയതിനെ കുറിച്ചൊക്കെയായിരുന്നു സംസാരം.. കുറച്ചു വിഷം ഉണ്ടായിരുന്നെങ്കിൽ മൂന്നെണ്ണത്തിനും കലക്കി കൊടുക്കായിരുന്നു…. പണ്ടത്തെ ഒരു പഴ മൊഴിയാണ് മൂന്നെണ്ണത്തിന്റെയും മട്ടും ഭാവവും കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത്. അമ്മക്ക് പ്രാണവേദന നേരത്ത് മോൾക്ക് വീണ വായന…
അമ്മു ഇങ്ങനെ ഓരോന്ന് പറയുന്നതിന് ഇടയിൽ പെട്ടന്ന് രാഗിണിയമ്മ അവളുടെ അടുത്തൊട്ട് ചെന്ന് അവളുടെ ഇരു കൈകളും കൂട്ടി പിടിച്ചു കൊണ്ട് സ്നേഹത്തോടെ മോൾടെ എവിടെയാ മാധവ് തല്ലിയതെന്ന് ചോദിച്ചു..
അമ്മു തല്ലിയ കവിൾ ഭാഗം കാണിച്ചു കൊടുക്കുന്നുണ്ട്… മാധവേട്ടന്റെ അഞ്ചു വിരലും അവൾടെ മുഖത്ത് പതിഞ്ഞട്ടുണ്ട്.. അമ്മ അടിയേറ്റ ഭാഗം പതിയെ തലോടി കൊണ്ട്… തിരിച്ചു നിർത്തി അമ്മുവിന്റെ അടുത്ത കവിളിൽ അമ്മേടെ വക ഒന്നുകൂടെ കൊടുത്തതോടെ അവിടെയാകെ നിശബ്ദത പരന്നു..
വാസന്തി അമ്മായി ഇത്തവണ ഒന്ന് പേടിച്ചിട്ടുണ്ട്… നിന്ന നിൽപ്പിൽ എല്ലാവരെയും നോക്കുകയാണ്.. ലയയും മാധവും രാഹുലേട്ടനും ഇപ്പോ ഒന്നും മിണ്ടാതെ അമ്മുവിനെയും അമ്മായിയെയും മാറി മാറി നോക്കുകയാണ്..
മോൾടെ അമ്മ തരേണ്ട തല്ല് അമ്മായി തന്നതാണെന്ന് കൂട്ടിയാൽ മതി.. ഇനിയൊരിക്കലും നിന്റെ കൈ ഗായത്രിയുടെ നേരെ നീണ്ടാൽ.. ഇപ്പൊ തന്ന പോലെ വീണ്ടും കിട്ടും മോൾക്ക്… ഒന്നല്ല… ഒരു പത്തിരുപതെണം ഇതുപോലെ… കേട്ടോ..
നിങ്ങള് അമ്മയുടേം മോന്റേം തല്ല് വാങ്ങി ഒന്നും മിണ്ടാതെ നിൽക്കുമെന്ന് കരുതിയോ എങ്കിൽ നിനക്ക് തെറ്റി രാഗിണി… ഇതിനു പകരം ചോദിച്ചില്ലേങ്കിൽ എന്റെ പേര് വാസന്തി യെന്ന് ആയിരിക്കില്ല…
അതും പറഞ്ഞ് അമ്മായി അമ്മുവിന്റെ അടുത്തൊട്ട് ചെന്നു..
വെറുതെയൊന്നും കൊടുത്തതല്ല വാസന്തി ഞാനാ തല്ല്.. ഒരുപാട് നാളായി കൊടുക്കണമെന്ന് കരുതി വെച്ചതാണ്.. പിന്നെ വേണ്ടാ വേണ്ടാ എന്ന് വെച്ച് വിട്ടു കളഞ്ഞു … പക്ഷെ ഇന്നലെ ഇവളാണ് ഗായത്രി മോളെ സ്റ്റെയറിൽ നിന്ന് തള്ളിയിട്ടത് എന്ന് അറിഞ്ഞപ്പോൾ തൊട്ട് ഓങ്ങി വെച്ചതാണ് ഇത്.
അമ്മ അത് പറഞ്ഞതും ഞാൻ മാത്രം ഒന്ന് ഞെട്ടി… ആരോ പുറകിൽ നിന്ന് തള്ളിയിട്ടതാണ് എന്ന് എനിക്കും തോന്നിയിരുന്നു… പിന്നെ തോന്നലായിരിക്കും എന്ന് കരുതിയാണ് മാധവിനോട് പറയാതെ ഇരുന്നത് … എന്നാലും അമ്മു അവൾ എന്തിന് എന്നോട്..
ഓ.. ഇനി ഇവള് കാല് തെന്നി വീണതും കൂടി എന്റെ കുഞ്ഞിന്റെ തലയിൽ വെക്ക് …
വാസന്തി അമ്മായി അത് പറഞ്ഞു തീരും മുന്നേ മാധവേട്ടൻ ഇന്നലത്തെ പാർട്ടിക്കിടയിലെ സിസിട്ടിവി ദൃശ്യങ്ങൾ അമ്മായിയെ കാണിച്ചു… ഇതിലും വലിയ തെളിവൊന്നും വേണ്ടല്ലോ..
അമ്മു വിനെ പിടിച്ചു കൊണ്ട് പോവാൻ നോക്കിയപ്പോൾ.. അവൾ അമ്മായിടെ രണ്ടു കയ്യും തട്ടി തെറിപ്പിച്ച് എനിക്കരികിലോട്ട് നടന്നു വന്ന്… നീ ജയിച്ചെന്ന് കരുതി സന്തോഷിക്കണ്ട… മാധവ് എന്നും എന്റെ മാത്രം സ്വന്തമായിരിക്കും.. അങ്ങനെയാർക്കും വിട്ട് കൊടുക്കില്ല അമ്മു .. ആശിച്ചതൊക്കെ സ്വന്തമാക്കിയ ചരിത്രം മാത്രമേ അമ്മുവിനുള്ളു…
അവളത്ത് പറഞ്ഞു തീരും മുന്നേ മൂന്നാമത്തെത്ത് ഞാൻ തന്നെ കൊടുത്തു… ഒള്ള ആരോഗ്യം വെച്ച്… നിന്നെ തല്ലി കൈ വൃത്തികേട് ആക്കേണ്ട എന്ന് കരുതിയാണ് ഇത്രയും നേരം ഒന്നും ചെയ്യാതെ ഇരുന്നത്… പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളതാണ്.. ഒന്നിൽ പിഴച്ചാൽ മൂന്ന്… ദാ മൂന്നാമത്തെയും കിട്ടിയല്ലോ… ഇനിയെന്റെ പോന്നു മോള് പോയി ആ ചരിത്രം ഒന്ന് മാറ്റിയെഴുതിക്കോ. .
കേട്ടിട്ടില്ലേ ചിലർ വരുമ്പോൾ ചരിത്രം പോലും വഴി മാറുമെന്ന് …
ഞാനത് പറഞ്ഞു തീർന്നതും ലയ കൈകൊട്ടിയതും രാഹുലേട്ടൻ വിസിൽ അടിച്ചതും ഒരുമിച്ചായിരുന്നു…
” ആഹാ കിടുക്കി.. കലക്കി .. തിമിർത്തു… ”
” ദാ നിങ്ങൾക്ക് പോവാനുള്ള ടിക്കറ്റ്… പെട്ടിയും സാധനങ്ങളും എല്ലാം പുറത്ത് കാറിനകത്ത് ഇരുപ്പുണ്ട്…. ഈ പോക്ക് നേരെ എയർ പോർട്ടിലേക്ക് ആയിരിക്കണം..
ഇനി നിനക്ക് എന്ന് നീ നന്നായെന്ന് തോന്നുന്നുവോ അന്ന് ഞങ്ങളുടെ വീട്ടിലോട്ട് വരാം . അമ്മയ്ക്കും മോൾക്കും…
പിന്നെ അച്ഛനോട് എല്ലാ കാര്യങ്ങളും അമ്മാവൻ നേരത്തെ പറഞ്ഞിട്ടുണ്ട്… മക്കളെ തല്ലി വളർത്തണം അല്ലെങ്കി ഇതുപോലെയാവും….
” എന്നാ മോള് ചെല്ല്… ”
അച്ഛൻ അമ്മുവിനെ നോക്കി അത് പറഞ്ഞതും ഒന്നും മിണ്ടാതെ തല കുഞ്ഞിഞ്ഞു നിൽക്കുന്ന അവളെ കണ്ടപ്പോൾ എനിക്കെന്തോ വിഷമം തോന്നി..
പോവുന്നതിന് മുന്നേ അവളെന്നേയും മാധവേട്ടനെയും അല്പം നേരം നോക്കി നിന്നു…
” അമ്മു നിന്നെ ഞാനെന്നും എന്റെ ലയമോളെ സ്വന്തം കൂടപ്പിറപ്പായ എന്റെ അനിയത്തി കുട്ടിയെ പോലെ കണ്ടിട്ടേയുള്ളൂ.. എപ്പോ നിനക്കൊരു ഏട്ടന്റെ സ്ഥാനം എനിക്ക് തരാൻ പറ്റുന്നുവോ അന്നേ നീയിനി എന്നെ കാണാൻ വരാൻ പാടുള്ളു..”
മാധവേട്ടൻ അത് പറഞ്ഞു കൊണ്ട് അമ്മുവിന്റെ മുന്നിൽ തന്നെ വെച്ച് എന്നെ ചേർത്തു പിടിച്ചു.
” പിന്നെ ഇവൾക്ക് പകരം വേറൊരു പെണ്ണിനും മാധവിന്റെ ജീവിതത്തിൽ സ്ഥാനമില്ല… ”
#################
ആശുപത്രിയിൽ നിന്നു തിരികെ വീട്ടിലോട്ടു വരുമ്പോൾ അച്ഛനും അമ്മക്കുമൊപ്പമാണ് ഞാൻ പോന്നത് ..
കഴിഞ്ഞതൊക്കെ ഓർത്ത് മോള് ഇനി വിഷമിക്കരുത് എന്ന് അമ്മയും അച്ഛനും ഇടയ്ക്കിടെ എന്നോട് പറയുന്നുണ്ടായി..
ഒരുപാട് നാളുകൾക്ക് ശേഷം നഷ്ട്ടപെട്ട പലതും തിരിച്ചു കിട്ടുന്നത് പോലെ..
എന്തിനും ഏതിനും ഇടവും വലവും അച്ഛനും അമ്മയും ലയയും മാധവും ഉണ്ടായിരുന്നു.
പക്ഷെ ഇടക്കെല്ലാം ഒരു ദുസ്വപ്നം പോലെ വീണ പറഞ്ഞ ആ ആറുമാസ കണക്ക് എന്റെ മനസിലോട്ട് വന്നു കൊണ്ടേയിരുന്നു..
റസ്റ്റ് പറഞ്ഞത് കൊണ്ട് മാധവ് എന്നെകൊണ്ട് ഒന്ന് അനങ്ങാൻ പോലും സമ്മതിച്ചില്ല… ഏത് നേരവും കൂടെയുണ്ടായിരുന്നു… ഡേറ്റ് കൊടുത്തു വെച്ചിരുന്ന പല പുതിയ വർക്ക്‌സ് ന്റെയും ഷൂട്ടിങ്ങ് മാറ്റി വെച്ചു..
മൂന്നാഴ്ച്ച കഴിഞ്ഞപ്പോഴേക്കും തലയിലെ മുറിവെല്ലാം ഉണങ്ങി .. എന്നേക്കാൾ ധൃതി മാധവിനായിരുന്നു മുറിവ് ഉണങ്ങാൻ… അത് വേറൊന്നുമല്ല ആദ്യരാത്രിയും രണ്ടാം രാത്രിയുമെല്ലാം ഫ്ലോപ്പ് ആയതിൽ പിന്നെ പുള്ളി രണ്ടും കൽപ്പിച്ച് ഇറങ്ങി തിരിച്ചിരിക്കേണ്…
എന്തായാലും ഇത്തവണ എന്നെ തടയാൻ ആർക്കുമാവില്ല എന്ന ഭാവത്തിലാണ് ഹോസ്പിറ്റലിൽ നിന്ന് സ്റ്റിച്ചെല്ലാം എടുത്ത് പുറത്തിറങ്ങിയതിന് ശേഷം..
ഇത്രയും ദിവസം എനിക്കൊപ്പം രാത്രി അമ്മയാണ് കിടന്നിരുന്നിരുന്നത്.. രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ എന്നും പറഞ്ഞ്… ഇന്നത്തോടെ അതെന്തായാലും ഉണ്ടാവുല്ലല്ലോ എന്നുള്ള സന്തോഷമാണ് ആ മുഖം നിറയെ .. ഓർത്തപ്പോൾ എനിക്കും ചെറിയ ചിരിയും നാണവുമൊക്കെ വന്നു …
പക്ഷെ വീട്ടിൽ ചെന്നപ്പോൾ ദേ കിടക്കുന്നു എല്ലാ പ്ലാനും താറുമാറായി…
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission