” എന്ത് ധൈര്യത്തിലാടാ നായെ ഇങ്ങോട്ട് കേറി വന്നേ.. ???”
ഒരലർച്ചയോടെ യാണ് ഇന്ദ്രൻ അതും ചോദിച്ചു കൊണ്ട് ഊന്നു വടിയുടെ സഹായത്തോടെ മാധവന് നേരെ ഇരച്ചു വന്നു അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു.
ഗായത്രി ആവുന്ന വിധത്തിലെല്ലാം ഇന്ദ്രന്റെ കൈ മാറ്റാൻ നോക്കിയെങ്കിലും സാധിച്ചില്ല.. ഇന്ദ്രന്റെ ഒരു ആഞ്ഞു തള്ളലിൽ നിലത്തേക്ക് വീഴുകയും ചെയ്തു…
” നീയെന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ ഇന്ദ്രാ… പക്ഷെ.. അവളെ തൊടരുത്.. ”
“ഓഹോ സ്വന്തം പെണ്ണിനെ തൊട്ടപ്പോൾ നിനക്ക് നൊന്തല്ലേ…അപ്പൊ നീ പിച്ചി ചീന്തിയ എന്റെ അനിയത്തിയുടെ ജീവിതമോ…. അതോർത്ത് ഇത്രയും നാളും നിന്നെ കൊല്ലാൻ മാത്രം വേണ്ടി ജീവിച്ചവനാണ് ഞാൻ… നാളെ ഒരു ദിവസത്തിനായി ഇന്ദ്രൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി… അന്നേ തീർക്കേണ്ടതായിരുന്നു നിന്നെ അതിന് മുന്നേ ഒരു വണ്ടി ആക്‌സിഡന്റ് ഉണ്ടാക്കി നീയും നിന്റെ അച്ഛനും കൂടി എന്റെ ഒരുകാലും കൈയും അങ്ങെടുത്തു… പക്ഷെ അന്ന് ജീവനോടെ തിരികെ എത്തിയപ്പോഴേ ഇന്ദ്രൻ തീരുമാനിച്ചതാണ്… നിന്റെ ജീവൻ ഈ കൈകൊണ്ട് തന്നെ ഇല്ലാതാക്കുമെന്ന്… ”
ഇന്ദ്രൻ ഇതൊക്കെ പറയുമ്പോഴും അയാളുടെ ഒരു കൈ മാധവിന്റെ ഷർട്ടിന്റെ കോളറിലായാരിന്നു… പകയാർന്ന കണ്ണുകളോടെ ഇന്ദ്രൻ മാധവിനെ തന്നെ നോക്കി ഇതെല്ലാം പറയുമ്പോഴും… അവന്റെ നോട്ടം മൊത്തം മഹാദേവനിൽ ആയിരുന്നു.. എല്ലാം കണ്ട് സുഖിച്ചു പുച്ഛിച്ചു ചിരിക്കുകയാണ് അയാൾ..
” നീ വിചാരിക്കുന്ന പോലെയല്ല ഇന്ദ്രാ….കാര്യങ്ങൾ.ഞാനല്ല അന്ന് നിന്നെ ആക്‌സിഡന്റ് ആക്കിയത്… ദാ ആ നിൽക്കുന്ന വൃത്തികെട്ടവൻ ആണ്.. ”
മാധവ് അതും പറഞ്ഞ് മഹാദേവന്റെ നേരെ കൈ ചൂണ്ടിയതോടെ… അയാൾ ഒരു സാധു മനുഷ്യനെ പോലെ ഒന്നും അറിയാത്തതുപോലെ അഭിനയിക്കാൻ തുടങ്ങി..
” എന്റെ കുഞ്ഞിനെ എന്റെ മുന്നിലിട്ട് നശിപ്പിച്ചിട്ടും നിന്നെ ഇത്രയും നാളും ഒന്നും ചെയ്യാതെ വെറുതെ വിട്ടത്.. എന്റെ മോൻ പറഞ്ഞിട്ട് മാത്രമാണ്… എന്ത് നോക്കി നിൽകേണ് മോനെ ഇന്ദ്രാ… വെട്ടി കൊല്ല് ഇവനെ നമ്മളെ വിദ്യയുടെ ജീവിതം തന്നെ ഇല്ലാതാക്കിയവൻ ആണിവൻ… എന്റെ പദ്മിനി അവള് ഈ വീട് വിട്ട് പോവാൻ കാരണവും ഇവനും ഇവന്റെ കുടുംബവും ആണ്.. വെറുതെ വിടരുത് ഇവനെയും ഇവന്റെ കുടുംബത്തെയും… നമ്മുടെ കുടുംബം മൊത്തം നശിപ്പിച്ച ഇവന്റെ വിത്താണ് ദാ ഇവളുടെ വയറ്റിലുള്ളത് പോലും അതിനെ പോലും വെറുതെ വിടരുത്.. ”
മഹാദേവൻ അത് പറഞ്ഞു തീരുന്നതിനു മുന്നേ ഇന്ദ്രന്റെയും മഹാദേവന്റെയും ഗുണ്ടകൾ ഗായത്രിയെയും മാധവിനെയും ബലമായി പിടിച്ചു വെച്ചു…
കുതറി മാറാൻ ശ്രെമിക്കുന്ന ഗായത്രിയുടെ അടുത്തേക്ക് ഇന്ദ്രൻ പതുക്കെ നടന്നു ചെന്നു…
“ഇവന്റെ കർമ്മങ്ങളുടെ ഫലം നീ അനുഭവിക്കാതിരിക്കാനാണ് നിന്നോട് നേരത്തെ തന്നെ ഇതിൽ നിന്നെല്ലാം മാറിപോയ്ക്കോളാൻ പറഞ്ഞത് …. പക്ഷെ ഇവൻ വിരിച്ച സ്നേഹത്തിന്റെ കപട വലയിൽ നീയും വീണു… ഇപ്പൊ ദാ നിന്റെ വയറ്റിൽ വളരുന്ന ഇവന്റെ ചോരയുണ്ടല്ലോ അതാണ് നിന്റെ ഈ അവസ്ഥക്കും കാരണം… “!
ഇന്ദ്രന്റെ കൈകൾ ഗായത്രിയുടെ നേരെ അടുക്കും തോറും മാധവ് കൂടുതൽ ഉച്ചത്തിൽ അവനോട് സത്യങ്ങൾ വിളിച്ചു കൂവി…
” ഇന്ദ്രാ നീ കരുതുന്നത് പോലെ വിദ്യയെ ഞാനല്ല അന്ന് ഉപദ്രവിച്ചത്.. നിന്റെ അച്ഛനെന്ന് പറഞ്ഞു നടക്കുന്ന ഈ ദുഷ്ടൻ ആണ്… പദ്മിനി അപ്പച്ചി ഈ വീട് വിട്ടു പോയതിനു പിന്നിലും ഇയാളുടെ കൈ തന്നെയാണ്.. എല്ലാ സത്യങ്ങളും അപ്പച്ചിക്ക് അറിയാമായിരുന്നു… ”
“നിർത്തെടാ .. നിന്റെ ഈ നുണ പറച്ചിൽ ഇതെല്ലാം വിശ്വസിക്കാൻ ഞാൻ പൊട്ടാനൊന്നും അല്ല… ”
അതും പറഞ്ഞ് വീണ്ടും ഇന്ദ്രൻ ഗായത്രിക്ക് നേരെ ചെന്നു..
” എന്നോടെന്തെങ്കിലും പക നിനക്കുണ്ടെങ്കിൽ അത് നീയെന്നോടാണ് തീർക്കേണ്ടത് അല്ലാതെ എന്റെ ഭാര്യയോടല്ല.”.
” ഇവളെ തൊട്ടപ്പോൾ നിനക്ക് നോവുന്നുണ്ടല്ലേ… അന്ന് എന്റെ ചേച്ചിയെ നീ പിച്ചി ചീന്തുന്നത് മുന്നിൽ കണ്ടവളാണ് ഞാൻ.. ഇന്ന് നിന്റെ മുന്നിൽ വെച്ച് ഇവളില്ലാതെ ആവുമ്പോൾ ഞാനഭുവിച്ച വേദന നീയറിയണം… ”
വീണയാണ് അത് പറഞ്ഞത്… പക്ഷെ പറഞ്ഞു തീരും മുന്നേ മറ്റൊരു ശബ്ദം അവിടെ ഉയർന്നു വന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്..
“ഒന്ന് നിർത്തുന്നുണ്ടോ നീ വീണേ..!!!”
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ വീണയുടെ ചുണ്ടുകൾ അവളറിയാതെ തന്നെ ആ പേര് ഉച്ചരിച്ചു…
“വിദ്യയേച്ചി…. ”
കുട്ടികളെ പോലെ പിച്ചും പേയും പറഞ്ഞു തലക്ക് സുഖമില്ലാത്തവളെ പോലെ പെരുമാറിയിരുന്ന ആ പഴയ വിദ്യയെ അല്ല അവിടെ അവരാരും കണ്ടത്…. അത്രയും കാലം താൻ കെട്ടിയാടിയ ഒരു മുഖംമൂടി ഊരി കളഞ്ഞു കൊണ്ട് പഴയ വിദ്യയാണ് അവിടെ നിന്നിരുന്നത് ..
“മോളെ…. “ഗായത്രിക്ക് നേരെ നീണ്ടു നിന്ന തന്റെ കൈകൾ പിൻവലിച്ചുകൊണ്ട് ഇന്ദ്രൻ അയാളുടെ അനിയത്തിയുടെ അടുത്തേക്ക് ചെന്നു..
“മോളെ… “!””
“എന്നോട് ക്ഷമിക്ക് ഏട്ടാ…കെട്ടിയാടേണ്ടി വന്നു എനിക്ക് ഇങ്ങനെയൊരു വേഷം… നിങ്ങളുടെ എല്ലാവരുടെയും സുരക്ഷക്ക് വേണ്ടി… ”
“നീയെന്തൊക്കെയാ ഈ പറയുന്നേ മോളെ ഒന്നും മനസിലാവുന്നില്ല എനിക്ക് …. “?
വിദ്യയെ ഇറുകെ പുണർന്നു കൊണ്ട് ഇന്ദ്രൻ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നേരെ ചെന്നു നിന്നത് മാധവിലോട്ടാണ്…
ഇന്ദ്രനിൽ നിന്ന് അടർന്നു മാറി അവള് പതിയെ മാധവിന്റെ അരികിലോട്ട് ചെന്നു..
“എല്ലാരുടെയും മുന്നിലൊരു കുറ്റവാളിയെ പോലെ ഒരുപാട് അനുഭവിച്ചു അല്ലെ…? എനിക്ക് വേണ്ടി മാധു നീ … ”
മാധവിനെ നോക്കി വിദ്യ അത് പറയുമ്പോൾ ചുറ്റും നടക്കുന്നത് എന്തെന്ന് പോലും തിരിച്ചറിയാതെ നോക്കി നിൽക്കുകയാണ് ഇന്ദ്രനും വീണയും…
” എല്ലാം ഈ ഒരു ദിവസത്തിനു വേണ്ടിയല്ലെടീ… ഇനി മതി ഭ്രാന്തിയെ പോലെ അഭിനയിച്ചത്… എല്ലാം എല്ലാവരും അറിയാൻ സമയമായി വിദ്യേ…നീ പറയണ്ട ഞാൻ തന്നെ പറയാംഎല്ലാം എല്ലാരോടും ..”
“ഇന്ദ്രാ… നീ കരുതുന്ന പോലെ അന്ന് അമ്പലക്കടവിൽ വെച്ച് ഞാനല്ല.. വിദ്യയെ .. നീയൊന്നും അറിയാത്ത ചില കാര്യങ്ങൾ ഉണ്ടായിരുന്നു… അതിലൊന്നാണ് നിന്റെ അനിയത്തി ഈ വീട്ടിൽ ജീവിച്ചിരുന്നത് ഈ വൃത്തികെട്ടവനെ പേടിച്ചു മാത്രമാണ്.. മഹാദേവനെ ചൂണ്ടി കാണിച്ച് മാധവ് അത് പറയുമ്പോൾ ഇന്ദ്രനും വീണയും ഒരുമിച്ച് ഞെട്ടിയിരുന്നു..
അന്ന് ലയയെ പൂജയിൽ കാണാതെ അന്വേഷിച്ച് ചെന്ന ഞാൻ കണ്ടത് ഈ വൃത്തികെട്ടവന്റെ കയ്യിൽ കിടന്ന് പിടയുന്ന എന്റെ വിദ്യയെ ആണ് .. തൊട്ടപ്പുറം മാറി കിടക്കുന്ന എന്റെ ലയ മോളെ പിന്നെയാണ് ഞാൻ കണ്ടത്… ഒരു പിഞ്ചു കുഞ്ഞാണെന്ന് പോലും മാനിക്കാതെ ഈ ചെറ്റ എന്റെ അനിയത്തിയേയും അവന്റെ കാമം തീർക്കാനായി ..”
മാധവ് അത് പറഞ്ഞതും വീണയും ഇന്ദ്രനും ഒരേ സമയം ഞെട്ടി… ലയ..
” എന്നെ കിട്ടാത്ത അരിശത്തിലാണ് ഇയാൾ അന്ന് ലയ യെ ഉപദ്രവിച്ചത്… അമ്പലപ്പടവിലേക്ക് പോയ ലയമോളെ കാണാതായപ്പോഴാണ് ഞാൻ അവളെ അന്വേഷിച്ച് അങ്ങോട്ട് ചെന്നത് എനിക്ക് പകരം ഈ ദുഷ്ടന്റെ കയ്യിൽ എന്റെ കുഞ്ഞ് കിടന്നു പിടയുന്നത് കണ്ടപ്പോൾ ഓടി ചെന്നതാണ് ഞാൻ…. ഭാരമുള്ള എന്തോ ഒന്ന് കൊണ്ട് തലക്ക് അടിയേറ്റു പിന്നെ ഒന്നും ഓർമയുണ്ടായില്ല… കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു… എല്ലാം നഷ്ടമായെന്ന് ബോധ്യമായി… മാധു നെ നിങ്ങളെല്ലാവരും കൂടി തെറ്റിധരിച്ചു എന്ന് മനസിലാക്കിയപ്പോഴേ എല്ലാം പറയാമെന്നു കരുതിയതാണ് …. പക്ഷെ അപ്പോഴേക്കും അമ്മയെ കാണാതായി… അമ്മക്ക് എല്ലാ സത്യവും അറിയാവുന്നത് കൊണ്ട് ഇയാൾ തന്നെയാണ് അമ്മയെ അപകടപ്പെടുത്തിയതെന്ന് എനിക്ക് മനസിലായി…. അതാണ് പിന്നെ ഈ ഭ്രാന്തിയെ പോലെ അഭിനയിച്ച് ആരോടും ഒന്നും പറയാതെ ഇത്രയും നാൾ ജീവിച്ചത്.. ”
എല്ലാം പറഞ്ഞു തീർന്നതും ഇരയെ കിട്ടിയ വേട്ട പട്ടിയെ പോലെ വിദ്യ മഹാദേവനെ തന്നെ നോക്കി പകയോടെ..
“വിദ്യയെ നോക്കുന്ന ഡോക്ടർ വർമ്മയിലൂടെ ഞാൻ വിദ്യയുമായി കോൺടാക്ട് ചെയ്തിരുന്നു പദ്മിനി അപ്പച്ചിയെ ഇയാൾ കൊന്നോ അതോ ജീവനോടെ എവിടെയെങ്കിലും പൂട്ടിയിട്ടുണ്ടോ എന്നറിഞ്ഞിട്ട് മാത്രം എല്ലാ സത്യങ്ങളും എല്ലാവരും അറിഞ്ഞാൽ മതിയെന്ന് വിദ്യയും ഞാനും തീരുമാനിച്ചിരുന്നു… അപ്പച്ചിയെ കർണ്ണാടകയിൽ ഉള്ള ഒരു മാനസിക ആശുപത്രിയിൽ അടച്ചിട്ടിരിക്കുകയാണ് ഇയാൾ… ”
മാധവ് ബാക്കി പറഞ്ഞു തീർക്കും മുന്നേ മഹാദേവന്റെ അഭിനയമായിരുന്നു പിന്നീട് അവിടെ നടന്നത് ….
” മോനെ ഇന്ദ്രാ നീയിതൊന്നും വിശ്വസിക്കരുത്.. തലക്ക് സുഖമില്ലാത്ത നമ്മുടെ വിദ്യ മോളെ എന്തോ ചെയ്ത് മയക്കിയാണ് അവൻ അവളെ കൊണ്ടിതൊക്കെ പറയിപ്പിക്കുന്നത്.. അച്ഛനെ വിശ്വസിക്കണം മോനെ… കണ്ടോ അന്നിവനെ തടയാൻ ചെന്നപ്പോൾ ഇവൻ വെട്ടിയ പാടല്ലേ ഇപ്പോഴും ഈ കണ്ണിന്റെ മുകളിൽ കാണുന്നത്. നീ മറന്നോ അതൊക്കെ അച്ഛന് അന്ന് നഷ്ട്ടപെട്ടതല്ലേ ഈ കണ്ണിന്റെ കാഴ്ച…” മഹാദേവൻ കള്ളകണ്ണീരോടെ അത് പറയുമ്പോൾ ആരോ അയാളെ പിന്നിൽ നിന്ന് വലിച്ച് മുഖം അടച്ച് ഒന്നുകൊടുത്തതും ഒരുമിച്ചായിരുന്നു…
” നിങ്ങള്ടെ ചോരയിൽ പിറന്നതിൽ ഇന്നെനിക്ക് അറപ്പു തോന്നുകയാ .. അറിയാമായിരുന്നു രണ്ടച്ഛന്റെ മക്കളാണ് ഞാനും ഇന്ദ്രേട്ടനും വിദ്യയേച്ചിയുമൊക്കെ പക്ഷെ ഒരിക്കലും അങ്ങനെയല്ല ഞങ്ങൾ ജീവിച്ചിരുന്നത് … എന്റെ വല്യേച്ചിയെ നിങ്ങളാണ് ഈ ഗതിയിലാക്കിയതെന്ന് അറിഞ്ഞിരുന്നെങ്കിൽ സ്വന്തം അച്ഛനാണെന്ന് പോലും നോക്കാതെ തീർത്തേനെ ഞാൻ നിങ്ങളെ.. ”
വീണയുടെ അടിയിൽ അവള് പറയുന്ന എല്ലാം കേട്ട് ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു മഹാദേവൻ…
“മോനെ ഇന്ദ്രാ… “എന്ന് അയാൾ ഒരിക്കൽ കൂടി വിളിച്ചതും…
ഇന്ദ്രന്റെ കയ്യിലുണ്ടായ ഊന്നു വടിയാണ് അയാൾക്ക് മറുപടി നൽകിയത്…
” എന്റെ പെങ്ങളെ നീ… നായെ… വിടില്ല …. നിന്നെ ഞാൻ…. സ്വന്തം അച്ഛനായി തന്നെയല്ലെടോ ഞാനും അവളും തന്നെ കണ്ടിരുന്നത് എന്നിട്ടും താനെന്റെ അനിയത്തിമാരെ… ”
ഇരുകൈകളും കൂട്ടി പിടിച്ച് മഹാദേവനെ ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കിയ ഇന്ദ്രനെ മാധവും വീണയും കൂടി പിടിച്ചു മാറ്റി.. അപ്പോഴേക്കും മാധവ് വിളിച്ചു വരുത്തിയ പോലീസ്കാർ മഹാദേവനെ കൊണ്ടു പോവാൻ വന്നിരുന്നു…
വിദ്യയെ അടിമുടി ഒന്ന് നോക്കി എല്ലാരേയും നോക്കി ഒരു പുച്ഛിച ചിരി ചിരിച്ചു അയാൾ പോലീസുകാർക്കൊപ്പം വണ്ടിയിലേക്ക് കേറി…
പോലീസ് ജീപ്പ് പടി കടന്ന് കഴിഞ്ഞതും എല്ലാം നഷ്ടപെട്ട ഒരുവനെ പോലെ ഇന്ദ്രൻ മാധവിന്റെ കാലിൽ വീണ് കരഞ്ഞു… ഇന്ദ്രൻ പിടിച്ചെഴുന്നേല്പിച്ച് പരസ്പരം കെട്ടി പിടിക്കുമ്പോൾ പഴയ ആ സൗഹൃദം വീണ്ടും വിടരുകയായിരുന്നു..
അയാളെ അങ്ങനെ വെറുതെ പോലീസുകാർക്ക് വിട്ടു കൊടുക്കേണ്ടായിരുന്നു മാധവേട്ടാ. ഗായത്രി മാധവിനെ നോക്കി അത് പറയുമ്പോൾ ഇന്ദ്രനും അത് ശെരിയാണെന്ന് പറഞ്ഞു…
‘ തത്കാലം പദ്മിനി അപ്പച്ചി സുരക്ഷിതയായി എത്തുന്നത് വരെ നമ്മുക്ക് അവനെ ജയിലിൽ പാർപ്പിക്കാം.. അത് കഴിഞ്ഞാൽ അവനെ അവിടെ വെച്ചു തന്നെ തീർക്കാനുള്ള എല്ലാ കാര്യവും ഞാൻ ചെയ്തിട്ടുണ്ട് ഇന്ദ്രാ .. . ”
മാധവ് അത് പറയുമ്പോൾ മനസ്സിൽ എല്ലാം തീരുമാനിച്ചുറപ്പിച്ചാണ് അവൻ അങ്ങനെ ചെയ്തതെന്ന് ഗായത്രിക്കും മനസിലായി..
############
അഞ്ചു വർഷങ്ങൾക്കു ശേഷമുള്ള ഒരു കല്യാണ വീട്…
ലയയെ ഒരുക്കുന്ന തിരക്കിലാണ് ഗായത്രി…
” ആ മോളെ ഗായൂ… നീയിവിടെ നിൽക്കെന്നോ… അവളെ ആ ബ്യൂട്ടീഷ്യൻ ഒരുക്കികോളും നീ താഴേക്ക് ചെല്ല്… അവിടെ ദാ എല്ലാരും മോളെ അന്വേഷിക്കുന്നുണ്ട്… ”
രാഗിണിയമ്മയാണ്….
” അയ്യോ ഗായു പെണ്ണേ പോവല്ലേ…. നീ ഭംഗി ഉണ്ടെന്ന് പറഞ്ഞാലേ എനിക്കൊരു സമാധാനം ഉണ്ടാവുള്ളു…. അമ്മ അപ്പുറത്തേക്ക് പൊക്കോ ഗായു കുറച്ചു കഴിഞ്ഞ് വന്നോളും… ”
ലയയെ നോക്കി തലക്കിട്ടു ഒരു കിഴുക്കും കൊടുത്തു അമ്മ അവിടെ നിന്നു പോയി…
” അതെന്താ അത്രക്ക് ഇഷ്ടമാണോ ചേട്ടത്തിയെ… ??”
ലയയുടെ തലയിൽ മുല്ലപ്പൂ വെക്കുന്നതിനിടയിൽ ഗായത്രിയെയും ലയ യെയും നോക്കി ബ്യൂട്ടീഷ്യൻ അത് ചോദിച്ചതും…
ഒരു പൊട്ടിച്ചിരിയോടെ ഗായത്രി അതിനുള്ള മറുപടി പറഞ്ഞു…
” അതൊന്നുമല്ല ചേച്ചി… കുറച്ചു കൂടി കഴിഞ്ഞാൽ ഈ മരപ്പട്ടി കെട്ടാൻ പോവുന്നതേ എന്റെ ആങ്ങളയെ ആണ്.. അതിന്റെ സുഖിപ്പിക്കൽ ആണ് ഇപ്പോഴേ നടക്കുന്നത് …. മ്മ്.. മ്മ്.. നടക്കട്ടെ… നടക്കട്ടെ… സുഖിക്കുന്നുണ്ട്… ”
ഒരുങ്ങി കൊണ്ടിരിക്കുന്ന ലയയെ കളിയാക്കി കൊണ്ട് മുറിയിൽ നിന്ന് താഴേക്കിറങ്ങി വന്നവരെയൊക്കെ സ്വീകരിക്കാൻ നിന്നു ഗായത്രി…. മാധവ് എവിടെ മോളെ എന്നുള്ള അച്ഛന്റെ ചോദ്യം കേട്ടപ്പോഴാണ് മുറിയിലേക്ക് പാഞ്ഞോടി ചെന്നത്. . ചെന്നപ്പോൾ കണ്ട കാഴ്ച കണ്ട് അതുവരെയുണ്ടായിരുന്ന ചിരിയെല്ലാം മാഞ്ഞു ….
മുറിയിൽ സുഖിച്ചു കിടന്നുറങ്ങുന്ന അച്ഛനെയും മക്കളെയും കണ്ടപ്പോൾ ഒറ്റ കുത്ത് കൊടുക്കാനാണ് തോന്നിയത്… അതും ഒരേ ഒരു പെങ്ങളുടെ കല്യാണദിവസം തന്നെ….
എന്നാൽ ആ കിടപ്പു കണ്ടപ്പോൾ ഗായത്രിക്ക് ഉള്ളിലൊരു ചിരിയാണ് വന്നത്…
ഒരാൾ മാധവേട്ടന്റെ നെഞ്ചിലും മറ്റേ രണ്ടുപേരും അപ്പുറവുമിപ്പുറവും കെട്ടി പിടിച്ചുമാണ് കിടപ്പ്… സമയമില്ലാത്തതിനാൽ അധികനേരം നോക്കിനിന്നില്ല പിന്നെ ഒന്നും നോക്കിയില്ല നാലിനെയും കുത്തി പൊക്കി എഴുന്നേൽപ്പിച്ചു…
മണ്ഡപത്തിന് മുന്നിൽ തന്നെ അച്ഛന്മാരും അമ്മമാരും നിൽപ്പുണ്ട്… അവരുടെ കൂടെ പദ്മിനി അപ്പച്ചിയും ഇന്ദ്രേട്ടനും ഉണ്ട്. വീണയും വിദ്യയും എത്തിയിട്ടില്ല… ഒരാഴ്ച കൂടി കഴിഞ്ഞാൽ അവരുടെ വീട്ടിലും കല്യാണമാണ്… വീണയുടെ… കൂടെ പഠിച്ച പയ്യൻ തന്നെയാണ്.. പയ്യനെയും കുടുംബത്തെയും എല്ലാവർക്കും ഇഷ്ട്ടപെട്ടു… അതുകൊണ്ട് തന്നെ കല്യാണത്തിന് ആർക്കും എതിർപ്പൊന്നുമില്ല… വീണയും വിദ്യയും റിസെപ്ഷൻ വരുമെന്ന് അപ്പച്ചി പറയുന്നുണ്ടായി… വിദ്യയേച്ചി ഇപ്പൊ പഴയതു പോലെയല്ല.. വീടിനടുത്ത് തന്നെ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. സ്വന്തം കാലിൽ നിന്നിട്ട് ഒരു കല്യാണത്തെ കുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞിട്ടുണ്ട്… അങ്ങനെ എല്ലാം നല്ല ഭംഗിയായി പോവുന്നു……
മുല്ലപ്പൂ മാലകൾ കൊണ്ട് അലങ്കരിച്ചു കൊണ്ടിരിക്കുന്ന മണ്ഡപത്തിലേക്ക് രാഹുലിന്റെ അടുത്തായി ഇരിക്കുമ്പോൾ നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു ലയയുടെ മുഖം… ചുവന്ന പട്ടു സാരിയിൽ അവള് അതീവ സുന്ദരി ആയിരുന്നു അതേ കളർ ഷർട്ടും കസവു മുണ്ടുമായിരുന്നു രാഹുൽ രണ്ടുപേരും അടിപൊളി മാച്ച് …
പക്ഷെ കല്യാണത്തിന് വന്ന എല്ലാവരുടെയും ശ്രദ്ധ മറ്റു നാലുപേരിൽ ആയിരുന്നു… ഒരുപോലെ ഡ്രസ്സിട്ട് നിൽക്കുന്ന മാധവും ഗായത്രിയും അവരുടെ മൂന്നു മാലാഖ കുഞ്ഞുങ്ങളും..
“നിള, നില, നിശ , ”
അന്ന് മോളായിരിക്കും എന്ന് മാധവ് ഉറപ്പിച്ചു പരട്ടുമ്പോഴും ഒരിക്കലും ദൈവം ഒരേ സമയം മൂന്നു സുന്ദരി കുട്ടികളെ ഒരുമിച്ച് തങ്ങൾക്കു തരുമെന്ന്…
കെട്ടുകഴിഞ്ഞ് മുണ്ടും മടക്കി കുത്തി ലയ യുടെ കയ്യും പിടിച്ച് മാധവിന്റെയും ഗായത്രിയുടെയും അരികിലോട്ട് നടന്നു ചെന്ന് അനുഗ്രഹിക്കണം അളിയാ… എന്ന് പറയുമ്പോൾ…
മാധവും ഗായത്രിയും അവരെ നോക്കി ഒരുമിച്ചു ചിരിച്ചു…
” ഇതുപോലെ ഒറ്റയടിക്ക് നാലോ അഞ്ചോ ഉണ്ടാവാൻ അനുഗ്രഹിച്ചാൽ മതിയോ…?” തൊട്ടടുത്ത് നിന്ന് കളിക്കുന്ന മൂവർ സംഘത്തെ ചൂണ്ടി കാണിച്ച് മാധവ് അത് പറഞ്ഞതും .. രാഹുൽ അയ്യോ വേണ്ടാ എന്ന് പറഞ്ഞതും കുട്ടിപ്പട്ടാളം രാഹുലിന്റെ അടുത്തൊട്ട് ഓടി വന്നു..
” അച്ഛാ …. ഇന്ന് വാവ എവിടെയാ കിടക്കുന്നതെന്ന് അറിയോ… ?”
നിള മാധവിനെ നോക്കി കൊഞ്ചി കൊണ്ടത് പറഞ്ഞതും അറിയില്ല എന്നഭാവത്തിൽ മാധവ് തലയാട്ടി…
ഇന്ന് രാഹുൽ മാമ്മന്റെ ഒപ്പമാണ് വാവ കിടക്കാൻ പോവുന്നത്….
‘ എന്നാ ഞാനും മാമ്മന്റെ ഒപ്പം കിടക്കും… നിളക്കൊപ്പം നിലയും അത് പറഞ്ഞു… ഒപ്പം നിശയും…
എല്ലാം കേട്ട് അളിയാ എന്റെ ആദ്യ രാത്രി എന്നും വിളിച്ച് തലയിൽ കൈ വെച്ച് നിൽക്കുന്ന രാഹുലിനെ കണ്ടപ്പോൾ എല്ലാവർക്കും ചിരി നിർത്താൻ പറ്റിയില്ല…
ഗായത്രി യെ നോക്കി ആദ്യ രാത്രിക്കൊന്നും ഇപ്പൊ പ്രസക്തമില്ല അളിയാ എന്ന് ഒരു കള്ള പുഞ്ചിരിയോടെ മാധവ് ആരും കേൾക്കാതെ ഗായത്രിയുടെ ചെവിയിൽ പറയുമ്പോൾ.. ഗായത്രി മാധവിന്റെ കയ്യിൽ ഒരു നുള്ള് കൊടുത്തു..
അച്ഛനും അമ്മയും കാണിച്ചു കൂട്ടുന്ന കാര്യങ്ങളെല്ലാം നമ്മുടെ കുട്ടി പട്ടാളം അവിടെ നിന്ന് നോക്കി രണ്ടുപേരെയും നോക്കി തലയാട്ടുന്നത് അപ്പോഴാണ് ഗായത്രി കണ്ടത് ..
മൂന്നു പേരെയും ഒരുമിച്ച്വാരിയെടുക്കുമ്പോൾ മാധവും ഗായത്രിയും അവരുടെ ആ കൊച്ചു
സ്വർഗ്ഗത്തിന്റെ വാതിൽ പതിയെ അടക്കുകയാണ്… ഒരു ദുഷ്ട ശക്തികളും അവരുടെ ആ സന്തോഷത്തിൽ കൈ കടത്താതിരിക്കാനായി….
അവസാനിച്ചു..
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super story.polichu
അടിപൊളി……… 👏👏👏👏👏👏👏👏👏👏👏 ഒത്തിരി ഇഷ്ടപ്പെട്ടു……… ഇനിയും അടുത്ത കഥക്കായി കാത്തിരിക്കുന്നു………. സുഹൃത്തേ………