Skip to content

ഗായത്രി – 3

kathakal in malayalam

ക്ലാസ്സിൽ ചെന്ന് വെരുക് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ ഫോൺ ബെല്ലടിച്ചു.. എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ… ട്രൂകോളറിൽ മാധവ് എന്നും എഴുതി കാണിച്ചതും എന്റെ കൈയും കാലും വിറക്കാൻ തുടങ്ങി..

എന്തുംവരട്ടെ എന്ന് കരുതി അവസാനത്തെ റിങ്ങിൽ ഫോണെടുത്തു…

“ഹലോ ആരാ… ?”

“ഇത് സിനിമ നടൻ മാധവ് സാറിന്റെ പേർസണൽ സെക്രട്ടറി ആണ്… ഇത് കേരള വർമ്മ കോളേജിലെ ഗായത്രി കൃഷ്ണൻ ആണോ… ?”

അപ്പുറത്ത് നിന്ന് ഒരു പെണ്ണിന്റെ ശബ്ദമാണ് കേട്ടത്… അതോടെ പോയ ധൈര്യമൊക്കെ തിരിച്ചു വന്നു..

” അതേ ഞാൻ ഗായത്രി ആണ്.. ”

” എന്റെ പേര് അലീന… ഗായത്രി ഞാൻ വിളിച്ചത് മാധവ് സാർ അവിടെ എത്തുന്നതിനു മുൻപ് എനിക്ക് നിങ്ങളുടെ കറക്റ്റ് പ്രോഗ്രാം ഷീറ്റ് ഒന്ന് കിട്ടണം… ”

” തരാം.. ഈ നമ്പറിലോട്ട് വാട്സ്ആപ്പ് ചെയ്താൽ പോരെ.. അലീന.. ”

” ആ അതുമതി… പിന്നെ സാറിന്റെ പ്രോഗ്രാംസ് അനുസരിച്ച് നിങ്ങള് ചിലപ്പോ ടൈമിൽ കുറച്ച് അഡ്ജസ്റ്മെന്റ് വരുത്തേണ്ടി വരും.. ”

” മ്മ് ഓക്കേ..
എന്നാലും.. അദ്ദേഹം എപ്പോൾ ഇവിടെ എത്തുമെന്ന് നിങ്ങൾക്കൊന്ന് ഊഹിച്ചു പറയാൻ പറ്റുമോ.. ?”

” അതിപ്പോ പറയാൻ പറ്റില്ല.. കാരണം അതേ ദിവസം തന്നെ സാറിന് വേറെ രണ്ടു ഫങ്ക്ഷൻ കൂടി പങ്കെടുക്കണം… ഞാൻ എന്തായാലും തലേ ദിവസം തന്നെ നിങ്ങളെ സമയം വിളിച്ചറിയിക്കാം.. ”

” ഓ താങ്ക്സ് അലീന “..

“പിന്നെ ഞാനിപ്പോൾ വിളിച്ചത് സാറിന്റെ താമസം ഭക്ഷണ കാര്യങ്ങൾ അതിനെ കുറിച്ചൊക്കെ പറയാനാണ്.. ”

പിന്നീട് അവരു പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടപ്പോൾ എനിക്ക് തല ചുറ്റുന്ന പോലെയാണ് തോന്നിയത്..

ഫോൺ കട്ട്‌ ചെയ്തിട്ടും ആ നിൽപ്പ് ഒരു അരമണിക്കൂർ അതുപോലെ തന്നെ നിന്നു വെളിവ് വന്നപ്പോൾ നേരെ ഓടിയത് ഗൗരിയുടെ അടുത്തൊട്ടാണ് യൂണിയൻ
ഡേയുടെ അന്നേക്കുള്ള ഡാൻസ് പ്രാക്ടീസ് നടക്കുന്നിടത്ത് നിന്ന് അവളെയും വിളിച്ചു പുറത്തേക്കോടി..

‘ എന്റെ പൊന്നു ഗൗരി ഉദ്ഘാടനത്തിന് അയാളെ തന്നെ കൊണ്ടുവരണോ നമുക്ക് വേറെ ആരെങ്കിലെയും നോക്കിയാൽ പോരെ.. ”

” നീയെന്താടി ഇപ്പൊ ഇങ്ങനെ പറയുന്നേ മാധവ് സാർ വരാമെന്നു പറഞ്ഞല്ലോ പിന്നെ എന്താ പ്രശ്നം.. ”

” അതുതന്നെയാണ് പ്രശ്നം.. ഇപ്പൊ തന്നെ അയാളുടെ പേർസണൽ സെക്രട്ടറി അണെന്നും പറഞ്ഞ് ഒരു പെണ്ണ് വിളിച്ചിരുന്നു.. ”

” ഉവ്വ്.. അരവിന്ദേട്ടൻ ആണ് അവർക്ക് നിന്റെ നമ്പർ കൊടുത്തത്.. നീയാണല്ലോ സെലിബ്രിറ്റി കമ്മിറ്റി യുടെ മെയിൻ കോർഡിനേറ്റർ… അതാ അവരു നിന്നെ തന്നെ വിളിച്ചേ.. ”

” എടി പുല്ലേ ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്… അതെങ്ങനെയാ അതിന് മുന്നേ തോക്കിൽ കേറി വെടിവെക്കാൻ നില്കും … ഇതൊക്കെ എനിക്കും അറിയാം.. പക്ഷെ അവരു വിളിച്ചത് മാധവ് സാറിന്റെ ഭക്ഷണം.. താമസം ഇതൊക്കെ പറയാനാണ്.. ബാംഗ്ലൂരിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് പുള്ളി ഇങ്ങോട്ട് വരുന്നത്… നമ്മുടെ പ്രോഗ്രാമിന്റെ അന്ന് രാവിലെയാണ് എറണാകുളത്ത് എത്തുക… അന്ന് രാവിലെ മുതൽ പുള്ളിയുടെ ഭക്ഷണവും താമസവുമെല്ലാം കോളേജ് യൂണിയൻ വകയായിരിക്കണം… ”

” നീ വാ നമ്മുക്ക് ചെയർമാനുമായി സംസാരിക്കാം.. ”
അതും പറഞ്ഞ് ഗൗരിയും എന്നെയും കൂട്ടി അരവിന്ദേട്ടന്റെ അടുത്തേക്ക് ഓടി…

കോളേജ് ഓഡിറ്റോറിയം അലങ്കരിക്കുന്ന പണിയിലായിരുന്നു അരവിന്ദേട്ടൻ… സംഭവമെല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുന്ന അരവിന്ദേട്ടനെ കണ്ടപ്പോൾ തോന്നി… എല്ലാം ഇവിടെ അവസാനിച്ചെന്ന്..

പക്ഷെ എന്നെയും ഗൗരിയേയും ഞെട്ടിച്ചു കൊണ്ട് അതൊക്കെ ശെരിയാക്കാം എന്നും പറഞ്ഞ് അരവിന്ദേട്ടൻ ഗൗരിയോട് പൊക്കോളാനും.. എന്നോട് അവിടെ നിൽക്കാനും പറഞ്ഞു… ഓഡിറ്റോറിയത്തിലെ ബാക്കി പണിയെല്ലാം ജിജോയെ ഏൽപ്പിച്ച്.. പുറത്ത് വന്ന് ആരോടെക്കൊയോ ഫോണിൽ സംസാരിച്ചു.. കുറച്ച് കഴിഞ്ഞ് എന്റെ അടുത്തൊട്ട് വന്നു..

” ഗായത്രി.. മാധവ് വരുന്ന അന്നത്തെ താമസം എറണാകുളത്ത് തന്നെയുള്ള എന്റെയൊരു ഫ്രണ്ടിന്റെ അങ്കിൾന്റെ ഹോട്ടലിൽ ഏർപ്പെടുത്തിയിട്ടുണ്ട്… ”

” അല്ല.. അരവിന്ദേട്ടാ.. ഫൈവ് സ്റ്റാർ ഹോട്ടൽ തന്നെ ആയിരിക്കണമെന്ന് അവര് പ്രത്യേകം പറഞ്ഞു.. ”

” താൻ പേടിക്കണ്ട.. ഫൈവ് സ്റ്റാർ ഹോട്ടൽ തന്നെയാ.. പിന്നെ അന്ന് രാവിലെയുള്ള ഭക്ഷണം അവിടെ നിന്ന് കഴിക്കാം… അതെന്താണ് വേണ്ടതെന്നു താൻ അവരോട് ചോദിച്ച് എന്നോട് പറഞ്ഞാൽ മതി.. ഞാൻ വിളിച്ചു പറഞ്ഞോളാം… ”

പിന്നെയുള്ള കാര്യമെല്ലാം ഇവിടെ വന്നിട്ടല്ലേ.. അത് നമുക്കൊരുമിച്ച് ശെരിയാക്കാം.. ”

അരവിന്ദേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ തന്നെ പാതി ജീവൻ തിരിച്ചു കിട്ടി.. പിന്നീടുള്ള ഓരോ മിനിറ്റും നടൻ മാധവിന് കഴിക്കാൻ പച്ചക്കറി അടങ്ങിയ സദ്യ ഒരുക്കലും.. കുടിക്കാൻ ഇളനീര് പറിക്കാൻ തെങ്ങിൽ കേറാൻ ആളെയും തപ്പി നടക്കലുമൊക്കെ ആയിരുന്നു എന്റെ പണി…

ഇതിനിടയിൽ ക്ലാസ്സൊക്കെ ഒരുപാട് മിസ്സ്‌ ആയി… ഇടക്കിടക്ക് പ്രിൻസിപ്പാൾ ഒന്നിനും ഒരുകുറവും വരരുതെന്ന് വന്ന് ഓർമിപ്പിച്ചു…

അങ്ങനെ യൂണിയൻ ഡേ വന്നു… മാധവ് എയർപോർട്ടിൽ എത്തിയതും അവിടെ നിന്ന് ഹോട്ടലിലോട്ട് ചെന്നതുമെല്ലാം അപ്പപ്പോളായി പുള്ളിടെ സെക്രട്ടറി വഴി ഞാനറിഞ്ഞു… ഓരോ മിനുട്ട് കഴിയും തോറും എന്റെ ഹൃദയം പട പടാന്നു ഇടിക്കാൻ തുടങ്ങി…ആനയും ചെണ്ട മേളവും താലപ്പൊലിയും വെടിക്കെട്ടുമെല്ലാം ഉണ്ട് താരത്തിനെ വരവേൽക്കാൻ..

പിന്നെ വരുന്നത് യുവത്വത്തിന്റെ തന്നെ രോമാഞ്ചം ആയ ഹീറോ ആയതിനാൽ കോളേജിലെ തരുണിമണി കളെല്ലാം മുടിഞ്ഞ ഗ്ലാമറിലാണ് കോളേജിലോട്ട് എത്തിയിട്ടുള്ളത്..
ഞാനും ഉടുത്തു ഒരു സാരി… കുന്തം അതിപ്പോ വേണ്ടാന്ന് തോന്നുന്നു.. ഈ സാധനം ഉടുത്ത് മനുഷ്യന് മര്യാദക്ക് നടക്കാൻ പോലും പറ്റുന്നില്ല.. ഒരുപത്തിരുപത്തഞ്ച് സേഫ്റ്റി പിന് കുത്തി കേറ്റിയെങ്കിലും ഇടയ്ക്കിടെ സാരി അഴിഞ്ഞു പോവുമോന്നൊരു സംശയം..

ക്ലാസ്സിലെ എല്ലാ പെൺപിള്ളേരും യൂണിയൻ ഡേക്ക്‌ സാരി ഉടുക്കണമെന്നുള്ളത് ആ ഗൗരി പിശാചിന്റെ തീരുമാനമായിരുന്നു …

സമയം പത്തരയോട് അടുത്തപ്പോൾ തന്നെ മാധവിന്റ കാർ കോളേജ് ഗേറ്റ് കടന്നെത്തി… മുന്നിൽ തന്നെ പ്രിൻസിയും ടീച്ചേഴ്സും യൂണിയൻ അംഗങ്ങളും വിദ്യാര്ഥികളുമെല്ലാം
മാലേം പൂച്ചെണ്ടുമായി നിൽപ്പുണ്ട്.. മാധവിന്റെ പരിചയക്കാരി എന്നും പറഞ്ഞ് അരവിന്ദേട്ടനും ജിജോയും കൂടി എന്നെയും പിടിച്ച് മുന്നിൽ നിർത്തി… ദയനീയമായി ഞാൻ ഗൗരിയെ ഒന്ന് നോക്കിയെങ്കിലും ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും അവളെന്നോട് കാണിച്ചില്ല… ദുഷ്ട്ട..

ഗേറ്റിന്റെ അവിടെ ഞാലി പടക്കം പൊട്ടിയപ്പോൾ തന്നെ മനസിലായി അവതാരം എത്തിയെന്ന്.. പക്ഷെ ഓരോ പടക്കവും പൊട്ടിയത് എന്റെ നെഞ്ചിലാന്നെന്ന് മാത്രം..

കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് ബ്ലാക്ക് ഡ്രെസ്സിട്ടുരുന്ന രണ്ട് മസിലൻമാരാണ് കണ്ടാലേ അറിയാം.. സുരക്ഷ ജീവനക്കാർ ആണെന്ന്… പിന്നെ ഒരു പെണ്ണും വെളുത്ത് മെലിഞ്ഞ് മോഡൽ പോലെയുള്ള ഒരു സാധനം… കണ്ടാൽ ദാരിദ്ര്യം പിടിച്ച ഏതോ കുടുംബത്തിലെ ആണെന്നെ പറയൂ… ആ അഞ്ചടി രണ്ടിഞ്ച് ശരീരം മുഴുവൻ ഒരു മേക്കപ്പ് കൊട്ടാരം തന്നെയായിരുന്നു… അലീനയായിരിക്കും…

ആ പെണ്ണിനെ നോക്കിനിൽക്കുന്നതിനിടയിലാണ് അവളെ മറികടന്ന് നമ്മുടെ നടൻ വന്നത്..പെൺപിള്ളേരെ പറയാതിരിക്കാൻ പറ്റില്ല മുടിഞ്ഞ ഗ്ളാമറും ആയി വന്നിരിക്കുകയാണ് ബ്ലൂ കളർ ഷർട്ടും ജീൻസും കൂളിംഗ് ഗ്ലാസ്സുമാണ് വേഷം.. ചിതൽ പുറ്റുപോലെ താടിയും വളർത്തിയിട്ടുണ്ട്…എന്നെ കണ്ടതും ഏറ്റവും അടുത്തറിയാവുന്ന ഒരാളെ പോലെ വന്ന് ഗായൂ എന്ന് വിളിച്ചുകൊണ്ട് മാധവ് എന്നെ ചേർത്തു പിടിച്ചു.. കൂടി നിന്ന പിള്ളേരും ടീച്ചേഴ്സും ഗൗരിയുമെല്ലാം എന്നെ വായും പൊളിച്ചു നോക്കി നിന്നു… ഇവളിത്ര വലിയ പുള്ളിയാണോ എന്ന ഭാവത്തിൽ… ഇതെല്ലാം അഭിനയമാണെന്ന് എനിക്കു മാത്രമേ അറിയൂ..

പ്രിൻസിപ്പലും അരവിന്ദേട്ടനും ഗൗരിയും കൂടി മാധവിനെ ഓഡിറ്റോറിയത്തിലോട്ട് കൂട്ടി കൊണ്ടുപോയി എല്ലാരും പോയി കഴിഞ്ഞതിനു ശേഷമാണ് ഞാൻ അവിടേക്ക് പോയത്…

ഭക്ഷണ കാര്യങ്ങളെല്ലാം ഞാൻ ഗൗരിയെ ഏൽപ്പിച്ച് ഞാൻ ഒരു മൂലയിൽ മാറി നിന്നു.. ഇടയ്ക്കിടെ മാധവ് എന്നെ നോക്കി ചിരിക്കുകയും കൈ പൊക്കി കാണിക്കുകയുമൊക്കെ ചെയ്തു എത്രയൊക്കെ ഒഴിഞ്ഞു മാറിയാലും വരാനുള്ള എട്ടിന്റെ പണി എന്റെ കൂടെ തന്നെ യുണ്ടെന്ന് ഞാനുണ്ടോ അറിയുന്നു..

എല്ലാ പരിപാടിയും പോലെ ഒരു സ്വാഗത പ്രസംഗവും അധ്യക്ഷ പ്രസംഗവും കഴിഞ്ഞാണ് മാധവ് സംസാരിച്ചത്.. കുട്ടിക്കാലത്തെ ഓർമ്മകളും കോളേജ് ജീവിതവും കുടുംബവുമെല്ലാം സംസാരത്തിൽ വന്നു… തേൻ കണ്ട തേനീച്ച കൂട്ടത്തെ പോലെ പെണ്പിള്ളേരെല്ലാം അയാൾടെ വായിലെ ചള്ളിക്ക് വെറുതെ ഇരുന്നു ചിരിച്ചു തിമിർത്തു… അന്നേരമെല്ലാം ഈ പണ്ടാരം എങ്ങനെയെങ്കിലും കോളേജിൽ നിന്ന് ഒന്ന് പോയികിട്ടുവാനാണ് ഞാൻ അവിടെ നിന്ന് പ്രാർത്ഥിച്ചിരുന്നത്..

ഇതിനിടയിൽ ഓഡിയന്സിന്റെ ഇടയിൽ നിന്ന് പെണ്പിള്ളേരെല്ലാം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി..

സ്ഥിരം ക്‌ളീഷേ ചോദ്യങ്ങൾ…

ഇഷ്ട്ടപെട്ട നടൻ, നടി. ആരാണ് റോൾ മോഡൽ അങ്ങനെയൊക്കെ..

പിന്നെ സാറിന് പ്രണയമുണ്ടോ.. ?തേപ്പ് കിട്ടിയിട്ടുണ്ടോ… ?അനുഭവങ്ങൾ അങ്ങനെയൊക്കെ..

എല്ലാം കഴിഞ്ഞെന്നു കരുതി ഇരിക്കുമ്പോഴാണ് യൂണിയനിലെ പിള്ളേരെല്ലാം കൂടി ഉണ്ടാക്കിയ മാധവിന്റെ ഒരു വീഡിയോ ഓഡിറ്റോറിയത്തിൽ സ്‌ക്രീനിൽ കാണിച്ചത്… ചെറുപ്പം തൊട്ടുള്ള പിക്സ് ആയിരുന്നു അതിൽ കൂടുതലും.. ഗൗരി കൈയും കാലും പിടിച്ച് പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് ലയേടെ വീട്ടിൽ പോയി പഴയ ആൽബത്തിൽ നിന്ന് മാധവിന്റെ അമ്മയോട് ചോദിച്ച് ഫോട്ടോസെല്ലാം എടുത്തത്…

അങ്ങനെ എല്ലാവരും വിഡിയോയിൽ ശ്രദ്ധിച്ചിരിക്കുമ്പോഴാണ്…

സ്റ്റോപ്പ്‌ ഇറ്റ്…. എന്നാരോ പെട്ടന്ന് ഷൗട്ട് ചെയ്തത് ഞാൻ നോക്കിയപ്പോൾ വേറാരും ആയിരുന്നില്ല… മാധവ്….

ഇത്രയും സമയം വളരെ സൗമ്യനായി എല്ലാവരോടും സംസാരിച്ചു നിന്നിരുന്ന ആൾ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ ഓഡിറ്റോറിയം മുഴുവൻ പെട്ടന്ന് സൈലന്റ് ആയി.. ഒന്നും മിണ്ടാതെ ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങി പോവുന്ന മാധവിനെയാണ് പിന്നെ ഞാൻ കണ്ടത്.. പിന്നാലെ അരവിന്ദേട്ടനും ഗൗരിയുമെല്ലാം സോറി പറഞ്ഞു ചെന്നെങ്കിലും അവരെയൊന്നും തിരിഞ്ഞുപോലും നോക്കാതെ മാധവ് അവിടെ നിന്ന് ഇറങ്ങി പോയി…

അതിനുമാത്രം എന്താണ് സംഭവിച്ചത്… സ്‌ക്രീനിൽ മാധവിന്റെ ചെറുപ്പത്തിലെയുള്ള ഒരു ചിത്രമാണ് കാണിച്ചത് ഏതോ ഒരു ബന്ധുവിന്റെ കയ്യിൽ ഡ്രെസ്സൊന്നും ഇടാതെ നിൽക്കുന്ന മാധവ്.. ഒരു തമാശക്ക് വേണ്ടിയാണ് ഞാൻ ആ ചിത്രം എടുത്തത്.. വിഡിയോയിൽ അത് ചേർക്കുന്നതിന് മുൻപ് ഞാൻ ഗൗരിയോട് പറഞ്ഞിരുന്നു അത് വേണ്ടാ എന്ന്.. പക്ഷെ ആ പൊട്ടി കേട്ടില്ല… ഇത് കാണുമ്പോൾ മാധവ് ഉറപ്പായും പൊട്ടി ചിരിക്കുമെന്ന് പറഞ്ഞാണ് ഗൗരി അത് കൂടി ചേർത്തത്…

അടിപൊളി… പൊട്ടി ചിരിച്ചില്ല… പകരം പൊട്ടി തെറിച്ചു… അത്രയും നേരം ഓളം വെച്ചിരുന്ന പെൺപിള്ളേരെല്ലാം അതോടെ ഗൗരിയെ കുറ്റം പറയാൻ തുടങ്ങി. അവളാണെങ്കിലോ കരഞ്ഞ് കരഞ്ഞ് പകുതിയായി..

എന്തായാലും പ്രിൻസിപ്പാളും ടീച്ചേഴ്സും കൂടി സോറി യൊക്കെ പറഞ്ഞ് മാധവിനെ സമാധാനപരമായി കോളേജ് വിസിറ്റേഴ്സ് മുറിയിൽ ഇരുത്തി.. വീഡിയോ ഉണ്ടാക്കിയതിന് ഗൗരി മാധവിനോട് സോറി പറയുകയും ചെയ്തു..

ഗൗരിക്ക് ആ ഫോട്ടോസെല്ലാം എവിടെ നിന്ന് കിട്ടിയെന്നുള്ള മാധവിന്റെ ചോദ്യത്തിന് ആ ദുഷ്ട എന്നെ ചൂണ്ടി കാണിച്ചു…

അത്രയും നേരം കലിപ്പായിരുന്ന ചെക്കൻ… അത് കണ്ടതോടെ.. മുഖത്ത് ഒരു കൃത്തിമ ചിരി വരുത്തി എന്നെ തന്നെ നോക്കി നിന്നു…

(തുടരും )

 

ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.8/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!